യവനിക നീങ്ങുമ്പോൾ ഏറ്റവും പരിഷ്കൃതമട്ടിൽ സൂക്ഷിച്ചുപോരുന്ന ഒരു സ്വീകരണമുറിയാണു് കാണുന്നതു്. അതിസമ്പന്നമായ ഒരു കുടുംബത്തിൽ ഏതൊക്കെ വിലപിടിപ്പുള്ള ഉപകരണങ്ങളും അലങ്കാരങ്ങളും ഉണ്ടാവാമോ അതൊക്കെ ആ സ്വീകരണമുറിയിലുണ്ടു്. മുറിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള ഭിത്തികൾക്കു് നടുവിൽ ഭംഗിയാർന്ന തിരശ്ശീലകൊണ്ടു് മറച്ച ഓരോ വാതിലുണ്ടു്. ഇടത്തും വലത്തും രണ്ടു് കിടപ്പുമുറികളാണു്. പിന്നിലെ വാതിൽ കടന്നാൽ ഒരു ഇടനാഴിയിലെത്തും. വാതിൽമറ നീക്കിനോക്കിയാൽ ആ ഇടനാഴിയുടെ അവസാനം ഒരു വലിയ ഭിത്തി കാണാം. അവിടെ അടുക്കള, ഭക്ഷണമുറി, കലവറ, കുട്ടികൾക്കും, വേലക്കാർക്കും കിടക്കാനുള്ള മുറികൾ എന്നിങ്ങനെ വീട്ടിന്റെ ബാക്കി ഭാഗങ്ങളാണു്. സ്വീകരണമുറിയുടെ ഇടത്തും വലത്തുമുള്ള കിടപ്പുമുറികൾക്കു് മുൻപിൽ പ്രേക്ഷകർക്കഭിമുഖമായി ഓരോ വലിയ ജാലകമുണ്ടു്. അതിന്റെ കീഴെപ്പകുതി ഭംഗിയുള്ള തിരശ്ശീലകൊണ്ടു് മറച്ചിരിക്കുന്നു. മുകളിലെ പകുതി മലർക്കെ തുറന്നിട്ടതാണു്. അകത്തു് വെളിച്ചമോ ആൾപ്പെരുമാറ്റമോ ഉണ്ടെങ്കിൽ പ്രേക്ഷകർക്കു മനസ്സിലാക്കാൻ വിഷമമില്ല. ഇടത്തുഭാഗത്തെ— സ്റ്റേജിന്റെ ഇടത്തുഭാഗമാണു് സൂചിപ്പിക്കുന്നതു്— മുറിയിൽ ഇളംപച്ചയും വലത്തുഭാഗത്തെ മുറിയിൽ കടുംചുകപ്പുമുള്ള വെളിച്ചമാണു്; സ്വീകരണമുറിയിൽ മെർക്കുറി ട്യൂബിൽനിന്നുള്ള വെളിച്ചവും. രാജൻ സോഫയിലിരുന്നു് ഒരു കവിതാപുസ്തകം വായിക്കുകയാണു്. മൃദുവായ ശബ്ദത്തിൽ വായന പുറത്തു് കേൾക്കാം.വിസ്തൃതവിൺ നീലിമയാർന്നും
ചിത്രിതവല്ലികൾ ചൂഴ്‌ന്നും
ഉദരത്തിൽ പൊൻകിരണത്തി-
ന്നുമ്മപതിഞ്ഞൊരു കപ്പിൽ.
നന്ദിനിക്കുട്ടി പിറകിലെ വാതിലിന്റെ മറ പാതി നീക്കി തല മാത്രം പുറത്തിട്ടു് വായന ശ്രദ്ധിക്കുന്നു. രാജൻ വായിച്ചുകൊണ്ടേയിരിക്കുന്നു.
സ്വപ്നത്തിൻ സുന്ദരകലയാംനന്ദിനിക്കുട്ടി പതുക്കെപ്പതുക്കെ വന്നു് പിറകിൽനിന്നു് പാളിനോക്കുന്നു. രാജൻ വായന തുടരുകയാണു്.
സ്വച്ഛസ്ഫടികക്കപ്പിൽ
കളരുചിയാം കൗമാരത്തിൻ
കളിചിരിപതയും മദ്യം
സാഹസമദലാലസയൗവന
സാരം നുരയും മദ്യം…
നിഴൽചായും മധ്യവയസ്സിൻ
നിനവുകളൂറും മദ്യം
സ്മരണകളുടെ മദ്യം നുകരും
സ്വൈരം ഞാനിഹ…
- നന്ദിനി:
- (വിളിക്കുന്നു) രാജേട്ടാ…
രാജൻ ഞെട്ടുന്നു. ഒരു ചെറിയ ശബ്ദം കേട്ടാൽ ഞെട്ടുകയും അകാരണമായി പരിഭ്രമിക്കുകയും ചെയ്യുന്ന സ്വഭാവമാണു് രാജന്റേതു്. തനിക്കൊരിക്കലും സ്വപ്നം കാണാൻപോലും കഴിയാത്ത ഒരു സ്ഥലത്തു് കേവലം മറ്റൊരാളുടെ കാരുണ്യംകൊണ്ടുമാത്രം വന്നുപെട്ട രാജൻ എപ്പോഴും പേടിച്ചുകൊണ്ടാണു് ജീവിക്കുന്നതു്. അവിടെ എന്താണു് ശരി, എന്താണു് തെറ്റെന്നറിഞ്ഞുകൂടാ. അതുകൊണ്ടു് എന്തു് ചെയ്യുന്നതും അറച്ചുകൊണ്ടാണു്. നന്ദിനിയുടെ ശബ്ദം കേട്ടു് ഞെട്ടിയെങ്കിലും ഉടനെ മുഖത്തെ ഭാവഭേദം മറച്ചു് മന്ദഹസിക്കാൻ ശ്രമിച്ചുകൊണ്ടു് തലയുയർത്തി നോക്കുന്നു.
- നന്ദിനി:
- രാജേട്ടൻ പേടിച്ചുപോയോ?
- രാജൻ:
- എന്തിനു്.
- നന്ദിനി:
- പേടിപ്പിക്കണമെന്നുദ്ദേശിച്ചാണു് ഞാൻ മിണ്ടാതെ വന്നതു്. അതിരിക്കട്ടെ എന്താണീ പുസ്തകം?
- രാജൻ:
- പേരറിഞ്ഞിട്ടു് വലിയ പ്രയോജനമില്ല. കവിതയാണു്.
- നന്ദിനി:
- ഓ! പരിഹസിക്കണ്ടാ. കവിത വായിക്കാറില്ലെന്നേയുള്ളു. വായിച്ചാൽ മനസ്സിലാവാത്ത കുഴപ്പമില്ല.
- രാജൻ:
- ഭാഗ്യം.
- നന്ദിനി:
- പുസ്തകത്തിന്റെ പേരെന്താണു്?
- രാജൻ:
- പറയില്ല.
- നന്ദിനി:
- എന്നാൽ കവിയുടെ പേരു് പറയു?
- രാജൻ:
- കാളിദാസൻ.
- നന്ദിനി:
- അത്ര വേണ്ട. കാളിദാസൻ മലയാളകവിതയെഴുതീട്ടില്ലെന്നെനിക്കറിയാം.
- രാജൻ:
- എഴുതിയാൽ ഇതുപോലിരിക്കുമെന്നാണു് ഞാൻ പറഞ്ഞതു്.
- നന്ദിനി:
- അത്ര വലിയ കവിയാരാണു്? പേരു് കേൾക്കട്ടെ.
- രാജൻ:
- വൈലോപ്പിള്ളി!
- നന്ദിനി:
- ഇപ്പൊക്കാര്യം മനസ്സിലായി. വൈലോപ്പിള്ളിയെന്നു് പറഞ്ഞാൽ രാജേട്ടന്റെ കാര്യം കഴിഞ്ഞു. പിന്നെ കാളിദാസനും ഭവഭൂതിയുമൊക്കെ അദ്ദേഹത്തിന്റെ കവിതയിലാണു്.
- രാജൻ:
- ആസ്വാദനം രണ്ടുതരമുണ്ടു് നന്ദിനീ. ഒന്നു് കവിതയിൽക്കൂടി കവിയെ ആരാധിക്കുക. രണ്ടു് കവിയിൽക്കുടി കവിതയെ ആരാധിക്കുക. ആദ്യത്തേതാണു് ഞാൻ ചെയ്യുന്നതു്. വൈലോപ്പിള്ളി എന്ന കവിയെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കവിത ധാരാളം ഞാൻ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടു്. കവിതയിലൂടെ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി.
വൈലോപ്പിള്ളിക്കവിതയെപ്പറ്റി രാജൻ പറയുന്നതു് കേട്ടുകൊണ്ടു് പിറകിലെ വാതിലും കടന്നു് ഉണ്ണി വരുന്നു. രാജൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ അതിനു് മറുപടിയെന്ന നിലയിൽ ഉണ്ണി നന്ദിനിക്കുട്ടിയോടു് സംസാരിക്കാൻ തുടങ്ങുന്നു.
- ഉണ്ണി:
- എന്നാലോ നന്ദിന്യേടത്തീ ഞാനാരാധിക്കുന്നതു് ഈ രാജേട്ടനേയാണു്. വിദ്വാന്റെ കവിത കേട്ടിട്ടില്ലേ…
- നന്ദിനി:
- (അല്പം പരുങ്ങിക്കൊണ്ടു്) ഇല്ല.
- ഉണ്ണി:
- അന്നൊരുദിവസം നന്ദിന്യേടത്തീടെ പുസ്തകത്തിൽ നിന്നെനിയ്ക്കൊരു കവിത കിട്ടി. പ്രമാദം! ആദ്യത്തെ രണ്ടുവരി വായിച്ചപ്പോൾ എനിക്കു് കവിയെ പിടികിട്ടി (ആ രണ്ടുവരി ചൊല്ലുന്നു.)
രാവോ നീലനിലാവിൽ മഗ്നം
രാഗം പാടും കുയിലേയനു-
രാഗഗീതികളറിയാമേ?
- നന്ദിനി:
- ഇതു നല്ല കവിതയാണല്ലോ. രാജേട്ടന്റേതാണെന്നാരു് പറഞ്ഞു.
- ഉണ്ണി:
- ഓ! അതൊന്നും കണ്ടുപിടിക്കാൻ വിഷമമില്ല. നീലനിലാവും കുയിലും പുല്ലാങ്കുഴലുമുണ്ടെങ്കിൽ തീർച്ച, അതു് രാജേട്ടന്റെ കവിതയായിരിക്കും. (രാജന്റെ അടുത്തുചെന്നിരുന്നു്) ഇല്ലേ രാജേട്ടാ?
- നന്ദിനി:
- അങ്ങനെയാണെങ്കിൽ രാജേട്ടനു് പ്രിയപ്പെട്ട വാക്കുകൾ വേറെയുമുണ്ടു്. രാക്കിളി പ്രേമനികുഞ്ജം…
- ഉണ്ണി:
- അടുത്തുവരുന്ന വരികളിൽ അതൊക്കെയുണ്ടു്. കേൾക്കണോ?
- നന്ദിനി:
- വേണ്ട വേണ്ട. ഉണ്ണീടെ ശബ്ദം അതിമനോഹരമായതുകൊണ്ടു് കേട്ടിരിക്കാൻ പ്രയാസമാണു്.
- രാജൻ:
- കരച്ചിൽ വരും.
- ഉണ്ണി:
- ലയിച്ചു് ചൊല്ലുന്നതുകൊണ്ടാണു് കേൾക്കുന്നവർക്കു് കരച്ചിൽ വരുന്നതു്. വേറൊരു കാര്യം ചോദിക്കട്ടെ.
- നന്ദിനി:
- എന്താണു്?
- ഉണ്ണി:
- നിന്നോടല്ല, രാജേട്ടനോടു്. രാജേട്ടാ, ഈ പുല്ലാങ്കുഴലും നീലനിലാവും പ്രേമനികുഞ്ജവുമൊക്കെ ബുദ്ധിക്കു് നല്ലതാണോ?
- നന്ദിനി:
- ഞാൻ പറയാം. അതൊക്കെ ഹാർട്ടിനാണു് ഗുണം ചെയ്യുന്നതു്.
- രാമൻകുട്ടി:
- (ഒടുവിൽ പറഞ്ഞ ഭാഗം കേട്ടുകൊണ്ടു് വരുന്നു) ചതിച്ചോ ഭഗവാനേ… (അത്രയും പറഞ്ഞതു് പതുക്കെ. പിന്നെ കുറച്ചു് ഉച്ചത്തിൽ) ദാ, എല്ലാവരേയും അമ്മ വിളിക്കുന്നു, കാപ്പി കുടിക്കാൻ. വേഗം ചെല്ലാൻ പറഞ്ഞിരിക്കുന്നു. കാപ്പികുടി കഴിഞ്ഞു് എല്ലവരും കുളിച്ചു് അമ്പലത്തിൽ പോവാൻ തയ്യാറാവണമെന്നു്.
- നന്ദിനി:
- രാമൻകുട്ടീ, നീയെന്താ ചതിച്ചെന്നു് പറഞ്ഞതു്. ആരാ നിന്നെ ചതിച്ചതു്?
- രാമൻകുട്ടി:
- ഓ, അതു് വേറെ കാര്യം.
- ഉണ്ണി:
- പറയൂ, കേൾക്കട്ടെ. ആരാ നിന്നെ ചതിച്ചതു്? ഇവിടെ വെച്ചാണോ?
- രാമൻകുട്ടി:
- അല്ല.
- നന്ദിനി:
- പിന്നെ?
- രാമൻകുട്ടി:
- വേറെ സ്ഥലത്തുവെച്ചു്.
- നന്ദിനി:
- ആരാ ചതിച്ചതു്?
- രാമൻകുട്ടി:
- എന്നെ ചതിച്ചതു് ഹാർട്ടാണു്, ഹാർട്ട്! അതൊരു വലിയകഥ.
- നന്ദിനി:
- (വലിയ താത്പര്യത്തോടെ) ആ വലിയ കഥയൊന്നു് ചുരുക്കി പറഞ്ഞൂടെ?
- രാമൻകുട്ടി:
- (എഴുന്നേറ്റു്) അമ്മ വേഗം ചെല്ലാൻ പറഞ്ഞതു് കേട്ടില്ലേ. (അകത്തേക്കു പോകുന്നു.)
- ഉണ്ണി:
- ഇന്നു് രാമൻകുട്ടീടെ കഥ കേട്ടേ കാപ്പികൂടീള്ളൂ. പറയൂ രാമൻകുട്ടീ.
- രാമൻകുട്ടി:
- നേരമില്ല; എന്നാലും ചുരുക്കിപ്പറയാം. ഇവിടെ വരുന്നതിനു് മുൻപു് ഒരു പത്തിരുപതു് വീട്ടിൽ ഞാൻ ജോലിക്കു് നിന്നിട്ടുണ്ടു്.
- നന്ദിനി:
- ഇരുപതു് വീട്ടിലോ?
- ഉണ്ണി:
- അവിടെനിന്നൊക്കെ നീ ചാടിപ്പോന്നതാണോ?
- രാമൻകുട്ടി:
- അല്ലാ; ഹാർട്ടിന്റെ ചതികൊണ്ടു് പോന്നതാണു്.
- ഉണ്ണി:
- (ചിരിച്ചുകൊണ്ടു്) ഹാർട്ടിന്റെ ചതിയോ?
- രാമൻകുട്ടി:
- (പാരവശ്യം) അതേ.
- ഉണ്ണി:
- നിനക്കു് ഹാർട്ട് ഡിസീസ് ഉണ്ടോ?
- രാമൻകുട്ടി:
- എനിക്കില്ല. ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ ആർക്കെങ്കിലുമുണ്ടാവും.
- നന്ദിനി:
- തെളിച്ചു് പറയൂ രാമൻകുട്ടീ. മനസ്സിലാവുന്നില്ല.
- രാമൻകുട്ടി:
- എല്ലാ വീട്ടിലും കോളേജിൽ പോവുന്ന കുട്ട്യോളുണ്ടാവും.
- ഉണ്ണി:
- അതുകൊണ്ടു്?
- രാമൻകുട്ടി:
- ഹാർട്ടിന്റെ കുഴപ്പം അവിടെയാണു് തുടങ്ങുന്നതു്. ആദ്യം അതു് കൈലേസ് തുന്നലായിട്ടു് തുടങ്ങും. (ഈ ഭാഗം വിവരിക്കുമ്പോൾ ഒരു പെൺകുട്ടിയുടെ നാണവും അംഗചലനവും വരുത്താൻ രാമൻകുട്ടി ശ്രദ്ധിക്കണം.) പിന്നെ കത്തെഴുതലായി. എഴുതിക്കഴിഞ്ഞാൽ ആളെ തിരഞ്ഞുപിടിച്ചു് കൊടുക്കാനും പോസ്റ്റ്ചെയ്യാനുമൊക്കെ രാമൻകുട്ടി വേണം. തുടക്കത്തിലെല്ലാം രഹസ്യമായിരിക്കും. ഏറെ താമസിയാതെ കള്ളി വെളിച്ചത്താവും. പിന്നെ അന്വേഷണമായി, ചോദ്യം ചെയ്യലായി, പോലീസ്സിനെ വിളിക്കലായി കഴുത്തിൽ പിടിയായി ഇടിയായി… അധികം പറയുന്നതെന്തിനാ? രാമൻകുട്ടിക്കു് ജോലിപോവും. ഇപ്പൊ കുഴപ്പവും ചതിയും മനസ്സിലായില്ലേ? ഈശ്വരാധീനംകൊണ്ടു് ഇവിടെ ആ കുഴപ്പം തുടങ്ങീട്ടില്ല.
- നന്ദിനി:
- പേടിക്കണ്ട രാമൻകുട്ടീ, ഇവിടെ ആർക്കും ഹാർട്ടില്ല. അതുകൊണ്ടു് കുഴപ്പവുമില്ല.
അകത്തുനിന്നു് ചന്തുക്കുട്ടി മേസ്തിരിയുടെ വിളി കേൾക്കുന്നു. ഉണ്ണീ… ഉണ്ണീ… പിറകിലെ വാതിലിന്റെ മറ നീക്കി ചന്തുക്കുട്ടി മേസ്തിരി വരുന്നു. വാർദ്ധക്യംകൊണ്ടു് കഴുത്തിനു് മേല്പോട്ടു് കുറേശ്ശ വിറയുണ്ടു്. മുഷിഞ്ഞ ഒരു പരുക്കൻ മുണ്ടും, പഴക്കംകൊണ്ടു് നിറം മങ്ങിയ കാക്കിക്കുപ്പായവും മുഷിഞ്ഞ മറ്റൊരു മുണ്ടുകൊണ്ടു് തലയിൽ ഒരു കെട്ടും. ഇതാണു് വേഷം. ബ്രിട്ടീഷ് ആധിപത്യകാലത്തു് ആപ്പീസുശിപായിമാർ വെക്കുന്നമാതിരി മുൻപും പിൻപും അല്പം കൂർത്ത ഒരു തൊപ്പിയുടെ ആകൃതി ഏതാണ്ടു് സൂചിപ്പിക്കുന്ന മട്ടിലുള്ളതാണു് തലയിൽക്കെട്ടു്. മുമ്പോട്ടു വരുമ്പോഴൊക്കെ വിളിക്കുന്നുണ്ടു്. ഉണ്ണീ… ഉണ്ണീ…
- ഉണ്ണി:
- എന്താ മുത്തച്ഛാ? ഞാനിവിടെയുണ്ടു്.
- ചന്തുക്കുട്ടി:
- (അടുത്തേക്കു് വരുന്നു. രാമൻകുട്ടി ഒഴിഞ്ഞുമാറി അകത്തേക്കു് പോകാൻ തുടങ്ങുന്നതുകണ്ടു്) ആരാതു്? രാമൻകുട്ട്യോ? (രാമൻകുട്ടി നില്ക്കുന്നു) ഇവിടെ വാടാ. ഇവിടെ വാ. എവിട്യാ പോകുന്നതു്? എന്റെ അകത്തുചെന്നു് ചുരുട്ടു് കക്കണം, അല്ലേ? ഇന്നെത്ര ചുരുട്ടു് കട്ടു?
- രാമൻകുട്ടി:
- ഞാൻ കക്കാറില്ല.
- ചന്തുക്കുട്ടി:
- കട്ടാൽ നിന്റെ കൈ ഞാൻ തച്ചൊടിക്കും… (ഇരിക്കുന്നു. രാമൻകുട്ടി അകത്തേക്കു് പോകുന്നു) മോനേ ഉണ്ണീ, ഈ ചുരുട്ടു് കത്തിക്കാൻ പറ്റുന്നില്ല കൈവിറച്ചിട്ടു്.
കുപ്പായക്കീശയിൽനിന്നു് തീപ്പെട്ടിയെടുക്കാൻ തുടങ്ങുന്നു. പക്ഷേ, കൈവിറകൊണ്ടു് കഴിയുന്നില്ല. ഉണ്ണി ചെന്നു് തീപ്പെട്ടിയെടുക്കുന്നു. ചന്തുക്കുട്ടിമേസ്തിരി കൈയിലുള്ള ചുരുട്ടു് വായിൽ വെക്കാൻ വളരെ ക്ലേശിക്കുന്നു. വിറയ്ക്കുന്ന കൈ എങ്ങനെയായാലും ഉദ്ദിഷ്ടസ്ഥാനത്തെത്തില്ല… ചന്തുക്കുട്ടി മേസ്തിരി എന്തു് ചെയ്യുമ്പോഴും ഈ വിറ ഉടനീളമുണ്ടായിരിക്കണം. മുത്തച്ഛന്റെ വിഷമം മനസ്സിലാക്കിയ ഉണ്ണി ചുരുട്ടുവാങ്ങി വായിൽ വെച്ചുകൊടുത്തു് തീപ്പെട്ടി ഉരസി തീ പിടിപ്പിക്കുന്നു.
- നന്ദിനി:
- എന്തിനാ മുത്തച്ഛനിങ്ങനെ എപ്പഴും ചുരുട്ടു് വലിക്കുന്നതു്?
- ചന്തുക്കുട്ടി:
- (ചുരുട്ടു് നന്നായൊന്നു് വലിച്ചു് പുക വിട്ടുകൊണ്ടു്) അതോ മോളേ, ഈ ചുരുട്ടു് കഫത്തിന്റെ ബുദ്ധിമുട്ടിനു് നല്ലതാ.
- നന്ദിനി:
- (മൂക്കു് പിടിച്ചു്) ഓ! എന്തൊരു മണം. മുത്തച്ഛനു് വലിക്കാൻ സിഗററ്റ് കൊണ്ടുവന്നുതരാം. അച്ഛനെത്രയെങ്കിലും വാങ്ങിവെച്ചിട്ടുണ്ടിവിടെ.
- ചന്തുക്കുട്ടി:
- വേണ്ടാ… സിഗററ്റെന്തിനു് കൊള്ളും! ഈ ചുരുട്ടിന്റെ സ്വാദൊന്നു വേറത്തന്ന്യാ. മോളേ, നിനക്കു് കേൾക്കണോ; ഇക്കാണുന്ന സ്ഥിതിയൊന്നും പണ്ടുണ്ടായിരുന്നില്ല. ഈ വെണ്മാടം നില്ക്കുന്ന സ്ഥലത്തു് ഒരു ചെറ്റപ്പുരയായിരുന്നു. അന്നു് നിന്റെ ഈ മുത്തച്ഛൻ ഒരു റോഡ് മേസ്തിരിയായിരുന്നു.
- ഉണ്ണി:
- അതെന്താ മുത്തച്ഛാ റോഡുമേസ്തിരീന്നു് പറഞ്ഞാൽ?
- ചന്തുക്കുട്ടി:
- ഗവർമ്മെണ്ടുദ്യോഗം! (മുഖത്തു് ആദ്യം ഗൗരവം. പിന്നെ ദുഃഖം) പക്ഷേ, ശമ്പളം കൊറവാണെടാ… ചെലവു് കഴിയില്ല. അന്നൊക്കെ കലശലായിട്ടു് വിശക്കുമ്പം നിന്റെ മുത്തച്ഛൻ ഒരു ചുരുട്ടു് വലിക്കും. ഇതു് വിശപ്പിനു് നല്ലതാ… (ബുദ്ധിമുട്ടി വായിൽവെച്ചു് വലിക്കുന്നു. പുക കിട്ടുന്നില്ല) ഇത് കെട്ടുപോയെടാ.
ഉണ്ണി വീണ്ടും തീപ്പെട്ടി ഉരസുന്നു. ചന്തുക്കുട്ടിമേസ്തിരി ആർത്തിയോടെ പുകവലിക്കുന്നു. ചുമയ്ക്കുന്നു. പഴയ കാലത്തെക്കുറിച്ചു് പിന്നേയും ഓർക്കുന്നു. മുഖത്തു് ഗൗരവം നിഴലിക്കുന്നു. ശമ്പളം കുറവായാലും അന്നൊക്കെ ഗവർമ്മെണ്ട് ഉദ്യോഗസ്ഥനെ എല്ലാവർക്കും പേടിയാ. കൂലിക്കാർ ചന്തുക്കുട്ടിമേസ്തിരീന്നു് കേട്ടാൽ വിറയ്ക്കും.
- നന്ദിനി:
- മുത്തച്ഛൻ കൂലിക്കാരെ തല്ലാറുണ്ടായിരുന്നോ?
- ചന്തുക്കുട്ടി:
- വേണെങ്കിൽ തല്ലാം. എന്തിനു് തല്ലുന്നു? ഞാനൊന്നു നോക്കിയാൽ പോരെ?
പുറത്തു് കാറിന്റെ ഹോൺ. അതു് തുടരെത്തുടരെ കേൾക്കുന്നു. രാമൻകുട്ടി അകത്തുനിന്നു് വന്നു് രംഗമധ്യത്തിലൂടെ ഓടി പുറത്തേക്കു് പോകുന്നു. അല്പനിമിഷത്തിനുശേഷം പ്രഭാകരന്റെ കനത്ത ശബ്ദം പുറത്തുനിന്നു് കേൾക്കുന്നു. ‘എടാ ആ കെട്ടു് സൂക്ഷിച്ചെടുക്കണം. നെറ്റിപ്പട്ടമാണു്. മറ്റേതു് വെൺകൊറ്റക്കുടയും. എല്ലാം എടുത്തു് പുറത്തുവെക്കൂ. ഉടനെ കുളിച്ചു് നീ തന്നെ അതു് അമ്പലത്തിൽ എത്തിച്ചു് കൊടുക്കണം. അതിന്റെ മിന്നിയൊന്നും പോയ്പോവരുതു് കെട്ടോ! സൂക്ഷിച്ചു് കൊണ്ടുപോണം.’ പ്രഭാകരന്റെ ശബ്ദം അടുത്തടുത്തു് കേൾക്കാൻ തുടങ്ങുമ്പോൾ നന്ദിനി അകത്തേക്കു് പോകുന്നു. പ്രഭാകരൻ രംഗത്തേക്കു് കടന്നു വരുന്നു. കസവുമുണ്ടു്, ജൂബ, കഴുത്തിൽ സ്വർണമാല. ഇതാണു് വേഷം. മുഖത്തു് കലശലായ ഗൗരവം. നരച്ച കൂട്ടുപുരികം ആ ഗൗരവം ഒന്നിരട്ടിപ്പിക്കുന്നു. ഒട്ടും സുഖമല്ലാത്ത മട്ടിലാണു് ഉണ്ണിയേയും ചന്തുക്കുട്ടിമേസ്തിരിയേയും നോക്കുന്നതു്. നടന്നു് വലത്തുഭാഗത്തുള്ള മുറിയുടെ വാതിലിന്നടുത്തെത്തുന്നു. വാതിൽമറ നീക്കി അകത്തേക്കു് കടക്കാൻ ഭാവിച്ചു് തിരിഞ്ഞുനില്ക്കുന്നു.
- പ്രഭാകരൻ:
- ഉണ്ണിയെന്താ ഇവിടെ നില്ക്കുന്നതു്, കുളിച്ചില്ലേ?
- ഉണ്ണി:
- ഇല്ല.
- പ്രഭാകരൻ:
- കുളിച്ചു് അമ്പലത്തിൽ പോവാൻ തയ്യാറാവണമെന്നേല്പിച്ചതു് മറന്നോ? പോയി കുളിച്ചു് പുറപ്പെടൂ. എവിടെ നിന്റെ കഴുത്തിലെ ചെയിൻ?
- ഉണ്ണി:
- പെട്ടിയിലുണ്ടു്.
- പ്രഭാകരൻ:
- പെട്ടിയിൽ വെക്കാനാണോ അതുണ്ടാക്കിച്ചതു്. എടാ, ഊച്ചാളിവേഷത്തിലൊന്നും പോയാൽ പോരാ. പലരും വരുന്നതാണു്. അമ്പലത്തിന്റെ ഉടമയാണു് നീ. അതു നിന്നെക്കണ്ടാൽ മനസ്സിലാവണം. (തിരിച്ചുവരുന്നു. കൂടുതൽ ഗൗരവത്തിൽ) അച്ഛനോടു് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ വന്നിരുന്നു് ചുരുട്ടു് വലിക്കരുതെന്നു്. ആ കാർപ്പെറ്റിലത്രയും ചാരവും തീപ്പെട്ടിക്കോലുമിട്ടു് വൃത്തികേടാക്കി. (മേസ്തിരി ഒന്നും കേൾക്കാത്ത മട്ടിൽ ചുരുട്ടു് വലിക്കുന്നു. ഉണ്ണി പോയിട്ടില്ലെന്നു് മനസ്സിലാക്കി ശുണ്ഠിയോടെ) എന്തെടാ പോവാത്തതു്? അവിടെ മിഴിച്ചു് നില്ക്കാനാണോ പറഞ്ഞതു്? (ഉണ്ണി അകത്തേക്കു് പോവുന്നു. പിന്നെയും പ്രഭാകരൻ മേസ്തിരിയുടെ നേർക്ക് തിരിയുന്നു.) ഒന്നു പറഞ്ഞാലും അനുസരിക്കില്ലേ? ഈ പൊളിഞ്ഞ കാക്കിക്കുപ്പായവും മുഷിഞ്ഞ മുണ്ടും വലിച്ചെറിയാൻ എത്ര തവണ പറഞ്ഞു? ഈ വേഷത്തിലിവിടെയിരുന്നു് ചുരുട്ടു് വലിക്കുന്നതു് ആരെങ്കിലും വന്നു് കണ്ടാൽ എനിക്കാണു് കുറച്ചിൽ. ദുശ്ശാഠ്യമല്ലേ ഇതു്? ഞാൻ പഠയാം, ഈ മുറി ഞാൻ അടച്ചു് പൂട്ടിയിടും… മനസ്സിലായോ? (മേസ്തിരി ഒന്നും കേൾക്കാത്തതുപോലെ ചുരുട്ടുവലിച്ചു് പുകവിട്ടുകൊണ്ടിരിക്കുന്നു.) അച്ഛനായാലും മക്കളായാലും അനുസരണ കാണിച്ചുകൂടെ?
ധൃതിയിൽ മുറിയിലേക്കു് പോകുന്നു. ലൈറ്റിടുന്നു. കടുംചുകപ്പു് നിറം. പ്രഭാകരൻ അച്ഛനോടു് സംസാരിക്കുമ്പോൾ ഇടത്തുഭാഗത്തെ മുറിയിൽ ആരോ ധൃതിയിൽ അങ്ങട്ടുമിങ്ങട്ടും നടക്കുന്നതിന്റെ നിഴൽ ജാലകത്തിരശ്ശീലയിൽ വീണുകൊണ്ടിരിക്കണം. ഉണ്ണി പിൻവശത്തെ വാതിൽമറയുടെ അടുത്തു് നിന്നുകൊണ്ടു് അച്ഛന്റെ വാക്കുകൾ ശ്രദ്ധിക്കുകയായിരുന്നു. അച്ഛൻ അകന്നുപോയതു് മനസ്സിലാക്കി വീണ്ടും തിരിച്ചുവരുന്നു. മേസ്തിരിയുടെ അടുത്തുവന്നു് ചോദിക്കുന്നു.
- ഉണ്ണി:
- മുത്തച്ഛാ, മുത്തച്ഛനു് സങ്കടണ്ടോ?
- ചന്തുക്കുട്ടി:
- ഇല്ലാ, എന്തിനു് സങ്കടം? അവനല്ലേ ഇതൊക്കെ സമ്പാദിച്ചതു്. ഇത്തിരി പറഞ്ഞോട്ടെ, കേട്ടില്ലാന്നു് വെക്കണം.
- ഉണ്ണി:
- മുത്തച്ഛനെന്താ നല്ല കുപ്പായമിട്ടാലു്?
- ചന്തുക്കുട്ടി:
- അതു പറ്റില്ല; ഈ കാക്കിക്കുപ്പായം ഗവർമ്മെണ്ട് മുദ്രയാ. ഇതിലും നല്ല കുപ്പായണ്ടോ? മരിക്കുന്നതുവരെ ഞാനിതിടും. എനിയ്ക്കു് ചോറുതന്ന കുപ്പായാ ഇതു്… നീയെന്താ കുളിക്കാൻ പോവാത്തതു്? ഇവിടെ നില്ക്കുന്നതുകണ്ടാൽ അവനിനീം ശുണ്ഠിവരും.
- ഉണ്ണി:
- മുത്തച്ഛൻ വരുന്നില്ലേ?
- ചന്തുക്കുട്ടി:
- ഞാനീ ചുരുട്ടുവലിച്ചു് തീർത്തിട്ടു് വരാം.
- ഉണ്ണി:
- വേണ്ട മുത്തച്ഛാ, അകത്തിരുന്നു് വലിക്കാം. എണീക്കൂ… (ഉണ്ണി മുത്തച്ഛനേയുംകൊണ്ടു് അകത്തേക്കു് പതുക്കെപ്പതുക്കെ പോകുന്നു. അല്പനിമിഷങ്ങൾക്കുശേഷം പ്രഭാകരന്റെ മുറിയിൽനിന്നു് ഒരു പുസ്തകം ഊക്കോടെ വലിച്ചെറിഞ്ഞതു് രംഗത്തുവന്നു് വീഴുന്നു. പിറകെ ഉഗ്രശുണ്ഠിയോടെ പ്രഭാകരൻ വരുന്നു. ഇടതുവശത്തെ മുറിയിലുള്ള ആളെ ലക്ഷ്യംവെച്ചുകൊണ്ടാണു് സംസാരിക്കുന്നതു്.)
- പ്രഭാകരൻ:
- ഈ വീടൊരു പുസ്തകശാലയാക്കി മാറ്റാനുള്ള ഭാവമായിരിക്കും! (രംഗത്തു് വീണുകിടക്കുന്ന പുസ്തകമെടുത്തു് ഇടത്തുഭാഗത്തെ മുറിയുടെ വാതിലിന്നു് നേർക്കു് എറിയുന്നു.) എവിടെ നോക്കിയാലും പുസ്തകം. പുസ്തകം വായിച്ചു് ജീവിതം ക്രമപ്പെടുത്തുന്നവർ വങ്കന്മാരാണു്. അവർ പ്രായോഗികജീവിതത്തിൽ പൊളിഞ്ഞു് പാപ്പരായിപ്പോകും. (ദേഷ്യം സഹിക്കാതെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. ഇടത്തുവശത്തെ വാതിലിനടുത്തുചെന്നു് അല്പം കൂടി ഉച്ചത്തിൽ പറയുന്നു.) ഒരു ദിവസം ഈ പുസ്തകങ്ങളൊക്കെ ഞാനെടുത്തു് തീയിലെറിയും. (മുൻപോട്ടു് വരുന്നു, വരുമ്പോൾ പറയുന്നു.) കൊല്ലങ്ങളായി ഒരു പുസ്തകം ഞാനെന്റെ കൈകൊണ്ടു് തൊട്ടിട്ടു്. അതുകൊണ്ടു് എനിക്കെന്താണു് കുറവു്? പണമില്ലേ? പദവിയില്ലേ… ഈ രാജ്യത്തു് ആപത്തുണ്ടാക്കുന്നതു് മുഴുവൻ പുസ്തകവായനക്കാരാണു്. കഴമ്പില്ലാത്ത ആദർശങ്ങൾ പ്രസംഗിച്ചു് നാട്ടിനും വീട്ടിനും പൊറുതികേടുണ്ടാക്കുക.
ജാനകി ഒരു ട്രേയിൽ രണ്ടു് കപ്പ് കാപ്പിയുമായി വരുന്നു. അശ്രദ്ധമായ വേഷം. മുഖത്തു് വിഷാദവും വൈരാഗ്യവും സ്ഫുരിക്കുന്നു. പ്രഭാകരന്റെ മട്ടു് ഏറെക്കുറെ മനസ്സിലാക്കി അല്പം ശങ്കിച്ചുനില്ക്കുന്നു. പിന്നീടു് നേരെ വന്നു ട്രേ നീട്ടിക്കാണിക്കുന്നു. പ്രഭാകരൻ ജാനകിയുടെ കണ്ണുകളിലേക്കു് രൂക്ഷമായി നോക്കിക്കൊണ്ടു് കാപ്പി എടുക്കുന്നു. ആ കണ്ണുകളിലേക്കു നോക്കാനുള്ള കരുത്തു് ജാനകിക്കില്ല. മുഖമുയർത്താതെ പിൻതിരിഞ്ഞു് നടന്നു് ഇടത്തുഭാഗത്തെ മുറിയിലേക്കു് കടന്നു പോകുന്നു. പ്രഭാകരൻ ജാനകിയെത്തന്നെ നോക്കിനില്ക്കുന്നു. അല്പനിമിഷം കഴിഞ്ഞു് ഒഴിഞ്ഞ ട്രേയുമായി ജാനകി പുറത്തു കടക്കുന്നു. പഴയപടി മുഖമുയർത്താതെ അകത്തേക്കു പോകാൻ തുടങ്ങുന്നു.
- പ്രഭാകരൻ:
- (കനത്ത സ്വരത്തിൽ) ജാനു.
- ജാനകി:
- (നില്ക്കുന്നു, പതുക്കെ മുൻപോട്ടു് വരുന്നു. അപ്പഴും മുഖമുയർത്തുന്നില്ല.)
- പ്രഭാകരൻ:
- (ഒരു കൊലപ്പുള്ളിയെ വിസ്തരിക്കുംപോലെ) നീ പുസ്തകം വായിക്കാറുണ്ടോ?
- ജാനകി:
- (ചോദ്യം മനസ്സിലാവാതെ അമ്പരന്നു്) ഏ!
- പ്രഭാകരൻ:
- നീ പുസ്തകം വായിക്കാറുണ്ടോന്നു്?
- ജാനകി:
- എന്തു് പുസ്തകം?
- പ്രഭാകരൻ:
- എന്തായാലും വേണ്ടില്ല. പുസ്തകങ്ങളൊക്കെ ഒരുപോലെയാ. ചോദിച്ചതിനുത്തരം പറയൂ, വായിക്കാറുണ്ടോ?
- ജാനകി:
- (പതിഞ്ഞ സ്വരത്തിൽ) ഇടയ്ക്കു്.
- പ്രഭാകരൻ:
- ആഹാ! (അതു കേട്ടാൽ വല്ല കൂട്ടായ്മക്കവർച്ചയിലോ കൊലപാതകത്തിലോ പങ്കെടുത്തപോലെ തോന്നും.) എന്നിട്ടു് നിനക്കെന്തു് നേട്ടമുണ്ടായി?
- ജാനകി:
- (നിർവികാരമട്ടിൽ) എന്തെങ്കിലും നേടാനാണോ പുസ്തകം വായിക്കുന്നതു്?
- പ്രഭാകരൻ:
- ഭേഷ്! (ക്രൂരമായ ചിരി. മുഖത്തു് പ്രകാശം പരത്തുന്ന ചിരിയല്ല) അതുതന്നെ പറയൂ. പുസ്തകം വായിക്കുന്നതു് യാതൊന്നും നേടാനല്ല. അതൊരു സമയം കൊല്ലുന്ന ഏർപ്പാടാണു്. ഞാൻ വല്ലപ്പോഴും ഒരു പുസ്തകം തൊടുന്നതു് കണ്ടിട്ടുണ്ടോ?
- ജാനകി:
- ഇല്ല.
- പ്രഭാകരൻ:
- അതുകൊണ്ടു് എനിക്കു് വല്ല കോട്ടവുമുണ്ടോ? എന്റെ കൈയിൽ ധാരാളം പണമുണ്ടു്… മറ്റുള്ളവർ ആദർശം പ്രസംഗിച്ചു് ജീവിതം തുലച്ചപ്പോൾ ഞാൻ അദ്ധ്വാനിച്ചു് പണമുണ്ടാക്കി. ഈ ലോകത്തിലുള്ള എല്ലാ പുസ്തകങ്ങളും ഒരുമിച്ചുവാങ്ങി ചുട്ടുകളയാനുള്ള പണം. ആ പണംകൊണ്ടു് ഏതാദർശവാദിയേയും ഞാൻ വിലയ്ക്കു് വാങ്ങും. (ചായ ഒരു കവിൾ മോന്തുന്നു. ഭാര്യയെ സൂക്ഷിച്ചു് നോക്കുന്നു.) നീ അറിയേണ്ട ചില കാര്യങ്ങളുണ്ടു്. അവിടെയിരിക്കൂ… (ജാനു സോഫയുടെ ഒരറ്റത്തിരിക്കുന്നു. പ്രഭാകരനും ഇരിക്കുന്നു.)
- ജാനകി:
- പറയൂ.
- പ്രഭാകരൻ:
- പുസ്തകം വായിച്ചാൽ മനുഷ്യൻ നന്നാവുമെന്നു് എനിക്കഭിപ്രായമില്ല.
- ജാനകി:
- ചീത്തയാവുമെന്നും അഭിപ്രായപ്പെട്ടുകൂടാ.
- പ്രഭാകരൻ:
- സത്യം പറയൂ, നീ പുസ്തകംവായനക്കാരുടെ ഭാഗത്താണോ?
- ജാനകി:
- ഞാൻ ആരുടെ ഭാഗത്തുമല്ല.
- പ്രഭാകരൻ:
- മതി. ജീവിക്കാനാവശ്യമായ വിദ്യ നമുക്കു് വേണം. അല്ലാതെ ജീവിതം മുഴുവൻ പുസ്തകത്തിലൂടെ സഞ്ചരിക്കുവാൻ തുടങ്ങിയാൽ ഒരവസാനമില്ല. (ശബ്ദം പതുക്കെ താഴ്ത്തി) എന്റെ അച്ഛൻ ഒരു റോഡ് മേസ്തിരിയായിരുന്നു, പാവപ്പെട്ട ഒരു റോഡ് മേസ്തിരി. (മുഖം ബീഭത്സമാവുന്നു.)
- ജാനകി:
- അതുകൊണ്ടു്?
- പ്രഭാകരൻ:
- അച്ഛൻ പലരുടേയും അടിമയായിരുന്നു. ഇന്നും അച്ഛന്റെ ആ മനഃസ്ഥിതി മാറീട്ടില്ല. ഒരു പാവപ്പെട്ട റോഡ് മേസ്തിരിയുടെ മകൻ ഇന്നു് ഈ പട്ടണത്തിൽ മറ്റാരേക്കാളും പ്രമാണിയാണു്. അല്ലേ?
- ജാനകി:
- അതേ.
- പ്രഭാകരൻ:
- ഈ വലിയ മാളികവീടു്. ഒന്നുരണ്ടു് വിലപിടിപ്പുള്ള കാറുകൾ… ഏതു സദസ്സിലും ഒരു സീറ്റ്. ഇതു് ഞാൻ പുസ്തകം വായിച്ചുണ്ടാക്കിയതാണോ?
- ജാനകി:
- പുസ്തകം വായിച്ചാൽ മാത്രം ഇതൊന്നും ഉണ്ടാവില്ല.
- പ്രഭാകരൻ:
- എന്തിനു്? പുസ്തകം വായിച്ചുകൊണ്ടിരുന്നാൽ നിന്റെ ഭർത്താവാകാൻ എനിക്കു് കഴിയുമായിരുന്നോ? നിന്റെ കുടുംബത്തിൽ കേറി ഒരു റോഡുമേസ്തിരിയുടെ മകൻ പെണ്ണുചോദിക്കാൻ ധൈര്യപ്പെടുമോ? ഇല്ല. പക്ഷേ, അന്നു് എന്റെ പിന്നാലെ ആളുകൾ ഓടിക്കൂടുമായിരുന്നു. എന്തിനു്?… എന്തിനെന്നു് നിനക്കറിയാമോ?
- ജാനകി:
- ഞാനെങ്ങനെ അറിയും?
- പ്രഭാകരൻ:
- എന്നെ എങ്ങിനെയെങ്കിലും കുടുക്കാൻ.
- ജാനകി:
- കുടുക്കാനോ?
- പ്രഭാകരൻ:
- അതേ; കുടുക്കാൻ. പെണ്മക്കളുള്ള എല്ലാ അച്ഛന്മാരും ശ്രമിച്ചു. ഒടുവിൽ നിന്റെ അച്ഛൻ എന്നെ കുടുക്കി.
- ജാനകി:
- (അർത്ഥഗർഭമായി ചിരിക്കുന്നു.)
- പ്രഭാകരൻ:
- എന്താ ചിരിക്കുന്നതു്? ഞാൻ നിന്റെ അച്ഛനെ കുടുക്കിയെന്നാണോ?
- ജാനകി:
- രണ്ടായാലും ഫലം ഒന്നല്ലേ?
- പ്രഭാകരൻ:
- ഉം. (മൂളുന്നു) ഒരു വലിയ പുസ്തകക്കൂമ്പാരവുംകൊണ്ടു് ഞാൻ അവിടെ കേറിവന്നിരുന്നെങ്കിൽ… അച്ഛൻ ചവുട്ടി പുറത്താക്കുമായിരുന്നു. (ചായ മുഴുവൻ വലിച്ചു് കുടിക്കുന്നു) അപ്പോൾ മനുഷ്യന്നു് പദവിയും സ്ഥാനമാനങ്ങളും നിലയും വിലയുമൊക്കെ ഉണ്ടാക്കിത്തരുന്നതെന്താണു്? (അല്പനിമിഷത്തെ നിശ്ശബ്ദത. മുഖത്തു് അല്പമൊരു പൈശാചികത്വം) പണം! (ഭാര്യയെ വളരെ ക്രൂരമായി നോക്കുന്നു.)
- ജാനകി:
- (ആ നോട്ടത്തിന്നടിമപ്പെട്ടു് ചൂളുന്നു.)
- പ്രഭാകരൻ:
- പണംകൊണ്ടു് സാധിക്കാത്തതൊന്നുമില്ല. (എഴുന്നേല്ക്കുന്നു. പതുക്കെ നടക്കുന്നു. അകലത്തേക്കു് നോക്കിനില്ക്കുന്നു. തന്നത്താൻ പറയുന്നു.) മാന്യത വേണോ, ഏതു് പദവിയിലുള്ളവരും വന്നു് കൈ പിടിച്ചു് കുലുക്കണോ, കൊള്ളാവുന്ന ഭാര്യമാർ വേണോ?
- ജാനകി:
- (പെട്ടെന്നു്) അതൊഴിച്ചു് മറ്റൊക്കെ പറഞ്ഞോളു…
- പ്രഭാകരൻ:
- (പെട്ടെന്നു് തിരിയുന്നു. മുഖത്തു് പഴയ ക്രൂരത) എന്തു്?
- ജാനകി:
- (ആ ക്രൂരതയുമായി ഏറ്റുമുട്ടി ചൂളുന്നു.)
- പ്രഭാകരൻ:
- പണംകൊണ്ടു് ഭാര്യമാരെ കിട്ടില്ലെന്നാണോ നിന്റെ വിചാരം? (പതുക്കെ മുൻപോട്ടു് നീങ്ങുന്നു) ഈ പടിക്കലൂടെ ദിവസവും പെണ്ണുങ്ങളുടെ ഘോഷയാത്ര തന്നെ കാണിച്ചുതരാം.
- ജാനകി:
- അങ്ങിനെ ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കരുതു്.
- പ്രഭാകരൻ:
- (പിന്നെയും കണ്ണുകളിൽ പഴയ ക്രൂരത) നിന്റെ സമുദായമല്ലെ. ആക്ഷേപിക്കുന്നതിൽ എന്തു് തെറ്റു്?
- ജാനകി:
- (അല്പമൊന്നു് ചൂളുന്നു) ക്ഷോഭിക്കാനുള്ള തുടക്കമാണെങ്കിൽ ഞാനൊന്നും പറഞ്ഞില്ല. (എഴുന്നേറ്റ് ചായക്കപ്പെടുത്തു് മുൻപോട്ടു് നടക്കുന്നു.)
- പ്രഭാകരൻ:
- (കൃത്രിമച്ചിരി) ഇല്ല, നില്ക്കൂ, മുഴുവൻ പറയൂ.
- ജാനകി:
- (തിരിഞ്ഞുനിന്നു്) എനിക്കൊന്നും പറയാനില്ല.
- പ്രഭാകരൻ:
- (പിന്നെയും പൊള്ളച്ചിരി) പണം കൊടുത്താൽ ഭാര്യമാരെ കിട്ടില്ലെന്നല്ലേ നീ പറഞ്ഞതു്?
- ജാനകി:
- എന്നല്ല ഞാൻ പറഞ്ഞതു്.
- പ്രഭാകരൻ:
- പിന്നെ?
- ജാനകി:
- സ്ത്രീകളെ കിട്ടില്ലെന്നാണു്.
- പ്രഭാകരൻ:
- ഭാര്യ സ്ത്രീയല്ലേ?
- ജാനകി:
- എല്ലാ ഭാര്യയും സ്ത്രീയാകണമെന്നില്ല.
- പ്രഭാകരൻ:
- മനസ്സിലായില്ല.
- ജാനകി:
- ഭാര്യമാരിൽ പെണ്ണുങ്ങളും ഉണ്ടാകും.
- പ്രഭാകരൻ:
- പെണ്ണും സ്ത്രീയും ഒന്നല്ലേ?
- ജാനകി:
- അല്ല.
- പ്രഭാകരൻ:
- അപ്പോൾ നീ എതു് വകുപ്പിൽപ്പെട്ട ഭാര്യയാണു്? സ്ത്രീയോ, പെണ്ണോ?
- ജാനകി:
- ഇനിയും ഞാനാരാണെന്നു് മനസ്സിലായിട്ടില്ലേ?
- പ്രഭാകരൻ:
- ഇല്ല. അതുകൊണ്ടാണല്ലോ ചോദിക്കുന്നതു്.
- ജാനകി:
- ഇത്ര കാലവും മനസ്സിലായില്ലെങ്കിൽ ഇനി എന്തിനു് മനസ്സിലാവണം?
- പ്രഭാകരൻ:
- മരിക്കുന്നതിന്റെ ഒരു നിമിഷം മുൻപു് മനസ്സിലായാൽ അത്രയും നേട്ടം.
- ജാനകി:
- എന്തു് നേട്ടം?
- പ്രഭാകരൻ:
- തെറ്റിദ്ധാരണ കൂടാതെ മരിക്കാൻ കഴിയുന്നതു് ഒരു നേട്ടമാണു്. (ക്രമേണ ഭാവം മാറിവരുന്നു.) അതുകൊണ്ടു് പറയൂ; നീ ആരാണു്? (കണ്ണിൽ പഴയ ക്രൂരത)
- ജാനകി:
- (അല്പമൊന്നു് ചൂളുന്നു.)
- പ്രഭാകരൻ:
- നിന്റെ ഭർത്താവെന്നു് പറഞ്ഞു് ഞാനിങ്ങനെ ഞെളിഞ്ഞു് നടന്നാൽ പോരല്ലോ… കാര്യങ്ങൾ എനിക്കും മനസ്സിലാവണ്ടേ?
- ജാനകി:
- പലപ്പോഴും നിങ്ങളെന്നെ മറ്റുള്ളവർക്കു് പരിചയപ്പെടുത്തിക്കൊടുക്കാറുണ്ടല്ലോ.
- പ്രഭാകരൻ:
- അതു് നിന്റെ ഔദ്യോഗികസ്ഥാനം. എനിക്കു് നിന്റെ സത്യമായ രൂപം കാണണം.
ഇടതുവശത്തെ മുറിയിൽനിന്നു് രാഘവൻ പുറത്തുകടക്കുന്നു. ശാന്തമായ മുഖം. ലളിതമായ വേഷം. പ്രഭാകരനേക്കാൾ ഉയരം കുറയും. വായിച്ചുകൊണ്ടിരുന്ന പുസ്തകം കൈയിൽത്തന്നെയുണ്ടു്.
- രാഘവൻ:
- അവിടെയാണു് പണം പരാജയപ്പെടുന്നതു്.
- പ്രഭാകരൻ:
- (ഒട്ടും സുഖമല്ലാത്ത മട്ടിൽ തിരിഞ്ഞുനോക്കുന്നു.)
- രാഘവൻ:
- മനുഷ്യന്റെ സത്യമായ രൂപം കാണാൻ പണത്തിനു് കഴിഞ്ഞില്ല.
- പ്രഭാകരൻ:
- പുസ്തകത്തിനും കഴിയില്ല.
- രാഘവൻ:
- അക്ഷരശൂന്യന്റെ ന്യായമാണതു്.
- പ്രഭാകരൻ:
- (അലറുന്നു) രാഘവാ. (രാഘവന്റെ അടുത്തേക്കു് വരുന്നു.)
- രാഘവൻ:
- ഇവിടെ യുദ്ധം പണവും പുസ്തകവും തമ്മിലാണു്.
- പ്രഭാകരൻ:
- അതേ.
ജാനകി അകത്തേക്കു പോകുന്നു.
- രാഘവൻ:
- ഞാനും നിങ്ങളും തമ്മിലല്ല. വായിക്കാനറിഞ്ഞുകൂടാത്തവർ, വായിച്ചാൽ മനസ്സിലാവാത്തവർ പുസ്തകത്തെ പുച്ഛിക്കരുതു്. വായിക്കാനും, മനസ്സിലാക്കാനും ശ്രമിക്കുന്നവരെ അവജ്ഞയോടെ കാണരുതു്.
- പ്രഭാകരൻ:
- എന്റെ പണംകൊണ്ടാണു് നീ പുസ്തകം വാങ്ങിയതും വാങ്ങുന്നതും.
- രാഘവൻ:
- അതു് വായിച്ചാണു് ഞാൻ നിങ്ങളെ എതിർക്കുന്നതും.
- പ്രഭാകരൻ:
- ഇനിയതു് നടപ്പില്ല.
- രാഘവൻ:
- വേണ്ട. വായിച്ചേടത്തോളംകൊണ്ടുതന്നെ നിങ്ങളെ എതിർക്കാനുള്ള ശക്തി ഞാൻ നേടിക്കഴിഞ്ഞു.
- പ്രഭാകരൻ:
- ധീരൻ! (ശുണ്ഠിക്കു് പകരം പുച്ഛം) തല്ക്കാലം ഈ പ്രസംഗം അവസാനിപ്പിക്കാം. ഇന്നു് നീ പ്രസംഗിക്കേണ്ടതു് മറ്റൊരു സ്ഥലത്താണു്.
- രാഘവൻ:
- മനസ്സിലായില്ല.
- പ്രഭാകരൻ:
- ഇന്നു് നമ്മുടെ അമ്പലത്തിൽ ഉത്സവം തുടങ്ങുകയാണു്.
- രാഘവൻ:
- നമ്മുടേതെന്നു് വേണ്ട.
- പ്രഭാകരൻ:
- ഉത്സവത്തോടനുബന്ധിച്ചു് ഒരു സാംസ്കാരികസമ്മേളനമുണ്ടു്. അതിൽ നീയിന്നു് പ്രസംഗിക്കണം.
- രാഘവൻ:
- ഞാൻ പ്രസംഗിക്കണമെന്നാരു് തീരുമാനിച്ചു?
- പ്രഭാകരൻ:
- ഞാൻ.
- രാഘവൻ:
- ഞാനാ സാംസ്കാരിക സമ്മേളനത്തിൽ സംബന്ധിക്കാനുദ്ദേശിക്കുന്നില്ല. സംസ്കാര ദാരിദ്ര്യമുള്ളവർക്കു് പോകാം, പങ്കെടുക്കാം.
- പ്രഭാകരൻ:
- (ഉഗ്രസ്വരത്തിൽ) രാഘവാ, നീ സൂചിപ്പിക്കുന്നതു് എനിക്കു് സംസ്കാരിക ദാരിദ്ര്യമുണ്ടെന്നല്ലേ? (തള്ളിക്കയറിവരുന്ന കോപം നിയന്ത്രിക്കാൻ വിഷമിക്കുന്നു.) ധാരാളം പണം ചെലവഴിച്ചാണു് ഞാനിവിടെ ഒരമ്പലം പണിയിച്ചതു്. ഈ നാട്ടിലെ മറ്റേതെങ്കിലും പണക്കാരനു് അതു് തോന്നിയോ?
- രാഘവൻ:
- അമ്പലപ്പണിക്കു് പണം ചെലവഴിച്ചതു് സംസ്കാരത്തിന്റെ ലക്ഷണമെന്നാവും പറയുന്നതു്.
- പ്രഭാകരൻ:
- അങ്ങനെ ജനങ്ങൾക്കുവേണ്ടി നമ്മളുണ്ടാക്കിയ അമ്പലത്തിൽ ആദ്യത്തെ ഉത്സവം നടക്കുകയാണു്. നീയവിടെ പോണം. സാംസ്കാരികസമ്മേളനത്തിൽ പ്രസംഗിക്കണം.
- രാഘവൻ:
- സാധ്യമല്ല.
- പ്രഭാകരൻ:
- ജനങ്ങൾ തെറ്റിദ്ധരിക്കും.
- രാഘവൻ:
- ഇല്ല. അവരുടെ തെറ്റിദ്ധാരണ നീങ്ങും.
- പ്രഭാകരൻ:
- (കനത്ത സ്വരത്തിൽ) ഇതു് നിർബന്ധമാണു്. എന്റെ അനുജനെന്ന നിലയ്ക്കു് നീ പോണം. ജനങ്ങളുടെ മുൻപിലെങ്കിലും നാം യോജിച്ചുനില്ക്കണം.
- രാഘവൻ:
- വയ്യ… (അമ്പലത്തിൽനിന്നു് ദീപാരാധനയ്ക്കുള്ള നാഗസ്വരം പതുക്കെ ഉയരുന്നു. രാഘവനതു് അല്പനേരം ശ്രദ്ധിച്ചു് മിണ്ടാതെ നില്ക്കുന്നു. തുടരുന്നു.) ഈ അമ്പലം പണിയിച്ചതെന്തിനാണെന്നും അതിനു് ചെലവാക്കിയ പണം എങ്ങിനെ സമ്പാദിച്ചതാണെന്നും എനിക്കറിയാം. (അസ്വസ്ഥതയോടെ) ഇനിയങ്ങോട്ടുള്ള പാപകർമങ്ങൾക്കു് ഈശ്വരനെ കൂട്ടുപിടിക്കാമല്ലൊ. (ധൃതിയിൽ നടന്നു് മുറിയിലേക്കു് പോകുന്നു.)
- പ്രഭാകരൻ:
- (ഇടിവെട്ടിന്റെ ശബ്ദത്തിൽ വിളിക്കുന്നു.) രാഘവാ!
പ്രത്യുത്തരമില്ല. രാഘവന്റെ പിന്നാലെ ഓടിച്ചെല്ലുന്നു. പാതിവഴി എത്തിയപ്പോൾ എന്തോ ഓർത്തു് നില്ക്കുന്നു. പതുക്കെ തിരിച്ചുവരുന്നു. മുഖം കലശലായ കോപംകൊണ്ടു് ജ്വലിക്കുകയാണു്.
—യവനിക—