ഉത്സവത്തിന്റെ വാദ്യഘോഷം കേട്ടുകൊണ്ടാണു് യവനിക നീങ്ങുന്നതു്. സ്ഥലവും സജ്ജീകരണങ്ങളും പഴയതുതന്നെ. നന്ദിനിക്കുട്ടി സുഖമില്ലാത്ത മട്ടിൽ നെറ്റിയും താങ്ങി ഇരിക്കുന്നു. അല്പസമയത്തിനുശേഷം രാജൻ അകത്തു നിന്നു് കടന്നുവരുന്നു. നന്ദിനിക്കുട്ടിയുടെ ഇരിപ്പുകണ്ടു് ചോദിക്കുന്നു.
- രാജൻ:
- സുഖമില്ലേ?
- നന്ദിനി:
- ഇല്ല.
- രാജൻ:
- എന്താ സുഖക്കേടു്?
- നന്ദിനി:
- തലവേദന.
- രാജൻ:
- അതുകൊണ്ടാണോ അമ്പലത്തിൽ പോകാഞ്ഞതു്?
- നന്ദിനി:
- അമ്മയോടു് അങ്ങിനെയാ പറഞ്ഞതു്. പരീക്ഷയായതുകൊണ്ടു് രാജേട്ടൻ പോയില്ലല്ലോ? അപ്പോൾ എനിക്കും പോകേണ്ടെന്നു് തോന്നി.
- രാജൻ:
- അമ്മയോടൊരു നുണ പറയുകയും ചെയ്തു. ഇല്ലേ?
- നന്ദിനി:
- രാജേട്ടനുവേണ്ടി ഒന്നല്ല നൂറു് നുണ പറയാൻ ഞാൻ ഒരുക്കമാണു്. എന്താ രാജേട്ടനൊന്നും മിണ്ടാത്തതു്?
- രാജൻ:
- ഇത്രയും സ്വാതന്ത്ര്യത്തോടെ നന്ദിനിയുമായി സംസാരിക്കാൻ ഇതുവരെ എനിക്കവസരം കിട്ടീട്ടില്ല.
- നന്ദിനി:
- ഇതും സ്വാതന്ത്ര്യമായി കണക്കാക്കേണ്ട.
- രാജൻ:
- ഒരേ വീട്ടിൽ താമസിക്കുക; എന്നിട്ടു് രണ്ടപരിചിതരെപ്പോലെ കഴിച്ചുകൂട്ടുക. തൊട്ടുതൊട്ട മുറികളിലിരുന്നു് തടവുകാരെപ്പോലെ നെടുവീർപ്പിടുക. നന്ദിനീ, ഞാൻ നിത്യവൃത്തിക്കു് വകയില്ലാത്ത അലഞ്ഞുതിരിയേണ്ടൊരു ചെറുപ്പക്കാരനാണു്. നല്ല ഭക്ഷണവും പാർപ്പിടവും തന്നു് എന്നെ പോറ്റാൻ നിന്റെ അച്ഛനു് വലിയ ചുമതലയൊന്നുമില്ല. കോളേജ് വിദ്യാഭ്യാസം സ്വപ്നം കാണാൻപോലും എനിക്കർഹതയില്ല. എല്ലാം നിന്റെ അച്ഛന്റെ ദയ.
- നന്ദിനി:
- രാജേട്ടൻ അച്ഛന്റെ കുടുംബത്തിൽപ്പെട്ടതല്ലേ?
- രാജൻ:
- എന്റെ ഭാഗ്യത്തിനങ്ങനെ പറയുന്നു. എന്റെ അച്ഛനൊരു കുടുംബമുള്ളതായി ആരും അറിയില്ല. എന്റെ അമ്മകൂടി.
- നന്ദിനി:
- അതു് അമ്മ വെറുതെ പറഞ്ഞതാവും. അച്ഛൻതന്നെ പറഞ്ഞുകേട്ടിട്ടുണ്ടു് രാജേട്ടൻ അച്ഛന്റെ കുടുംബത്തിലേതാണെന്നു്. അതുകൊണ്ടാണു് വളർത്തുന്നതും പഠിപ്പിക്കുന്നതുമെന്നു്.
- രാജൻ:
- എന്നാലും നമ്മൾ തമ്മിലുള്ള ബന്ധം അച്ഛനനുവദിക്കില്ല.
- നന്ദിനി:
- അച്ഛനനുവദിച്ചാലും ഇല്ലെങ്കിലും രാജേട്ടനെ പിരിഞ്ഞു് എനിക്കു് ജീവിതമില്ല.
- രാജൻ:
- (ഞെട്ടുന്നു) നിന്നെപ്പോലൊരു പെൺകുട്ടിക്കു് അത്തരം സ്വപ്നങ്ങളുണ്ടാവുന്നതിൽ തെറ്റില്ല. പക്ഷേ…
- നന്ദിനി:
- പക്ഷേ?
- രാജൻ:
- പ്രായോഗികജീവിതത്തിൽ വന്നുചേരാനിടയുള്ള വിഷമങ്ങൾ നല്ലപോലെ ആലോചിക്കണം.
- നന്ദിനി:
- ഏതു് വിഷമങ്ങളും രാജേട്ടനുവേണ്ടി ഞാൻ സഹിക്കും.
- രാജൻ:
- ഒരു നാടകത്തിലെ നായികയ്ക്കു് യോജിച്ച വാക്കാണിതു്. കേൾക്കാൻ രസമുണ്ടു്. നന്ദിനീ, ഈ രാജേട്ടൻ നിന്നെ കണക്കില്ലാതെ സ്നേഹിക്കുന്നുണ്ടു്.
- നന്ദിനി:
- അതാണെനിക്കും വേണ്ടതു്.
- രാജൻ:
- സ്നേഹിക്കുന്നതു് നിനക്കു് വിഷമങ്ങളുണ്ടാക്കാനും നിന്നെ കരയിക്കാനും വേണ്ടിയല്ല. അത്തരം സ്നേഹമെനിക്കറിയില്ല.
- നന്ദിനി:
- അതെനിക്കാവശ്യവുമില്ല.
- രാജൻ:
- നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള സ്നേഹം നമുക്കന്യോന്യം വയ്യ. അതു് വിഷമങ്ങൾക്കും കരച്ചിലിനും മാത്രമേ വഴിവെക്കൂ. അതുകൊണ്ടു് ഞാൻ പറയുന്നതു് കേൾക്കൂ; എന്നിട്ടനുസരിക്കൂ.
- നന്ദിനി:
- വേണ്ട, (പരിഭവിച്ചു്) പറയാൻപോകുന്നതെന്തെന്നെനിക്കറിയാം. നീയെന്നെ മറക്കൂ, ഉപേക്ഷിക്കൂ എന്നൊക്കെയല്ലേ? എനിക്കതൊന്നും കേൾക്കേണ്ട.
- രാജൻ:
- നിന്റെ അച്ഛൻ നമ്മുടെ വേഴ്ച കലശലായെതിർക്കും. വിട്ടുവീഴ്ച എന്തെന്നു് അദ്ദേഹത്തിന്നറിയില്ല. ദയയോ, സഹതാപമോ അദ്ദേഹത്തിനില്ല. ക്രൂരമായി പെരുമാറും. നീ വിഷമിക്കും. എന്റെ ഭാവി അപകടത്തിലാവും. എല്ലാം തകരാറാവും.
- നന്ദിനി:
- എന്തൊക്കെ അപകടം വന്നാലും തകരാറുണ്ടായാലും…
- രാജൻ:
- ഈ രാജേട്ടനെ നീ മറക്കില്ലെന്നല്ലേ? പിന്നേയും നീ നാടകത്തിലെ നായികയാകുന്നു… നായികയുടെ പ്രതിജ്ഞയും കരച്ചിലും ആത്മത്യാഗവുമൊക്കെ വെറും അഭിനയമാണെന്നു് നീ മനസ്സിലാക്കണം. നിനക്കതു് സാധിക്കില്ല. നല്ലപോലെ പൊള്ളും; വേദനിക്കും.
- നന്ദിനി:
- പറഞ്ഞോളൂ. ഞാൻ രാജേട്ടനെ സ്നേഹിക്കരുതെന്നല്ലേ? കൊള്ളാം. (തൊണ്ടയിടറി) ഇത്ര ഞാൻ കരുതിയിരുന്നില്ല. എന്നെ മനസ്സിലാക്കാൻ രാജേട്ടനു് കഴിയില്ലെന്നു് തീർച്ച. വേണ്ട, രാജേട്ടൻ ഇഷ്ടംപോലെ ചെയ്തോളു. പാടില്ലെന്നു് പറഞ്ഞാലും ഞാൻ രാജേട്ടനെ സ്നേഹിക്കും. മരണംവരെ.
തെല്ലിട നിശ്ശബ്ദത. പ്രഭാകരൻ പുറത്തുനിന്നു് കടന്നുവരുന്നു. നന്ദിനിയുടേയും രാജന്റേയും നില്പു് കാണുന്നു. ശബ്ദമുണ്ടാക്കാതെ പിൻതിരിയുന്നു.
- രാജൻ:
- ഈശ്വരാ, ഇതെന്തു് പരീക്ഷണം! ഞാനെത്രമാത്രം ഹൃദയവേദന സഹിച്ചുകൊണ്ടാണു് ഈ തീരുമാനത്തിനു് നന്ദിനിയെ പ്രേരിപ്പിക്കുന്നതെന്നെങ്കിലും മനസ്സിലാക്കൂ.
- നന്ദിനി:
- അപ്പോൾ എനിക്കു് ഹൃദയവും വേദനയുമൊന്നുമില്ലേ? എന്റെ ഹൃദയം എനിക്കു് രാജേട്ടനെ കാണിച്ചുതരാൻ കഴിയാത്തതല്ലേ കുഴപ്പം.
രാമൻകുട്ടി ഒരു പൊതിയുമായി വരുന്നു.
- രാമൻകുട്ടി:
- അല്ലാ, കുഴപ്പമെന്തെന്നു് ഞാൻ പറയാം.
- രാജൻ:
- അല്ലാ, നീയിത്രവേഗം തിരിച്ചുപോന്നോ?
- രാമൻകുട്ടി:
- ആദ്യം ഇതു പറയട്ടെ. ഈ ഹൃദയംപോലെ കുഴപ്പംപിടിച്ചൊരു സാധനം ഓ! ഹൃദയമുണ്ടായാൽ പിന്നെ സകലതും പോയെന്നു്. വിശേഷിച്ചു് ചെറുപ്പകാലത്തു്.
- രാജൻ:
- നല്ല കണ്ടുപിടുത്തം.
- രാമൻകുട്ടി:
- അതേന്നു്, അവനവനാണു് കുഴപ്പമെങ്കിൽ തരക്കേടില്ല; ഈ ഹൃദയം എപ്പോഴും മറ്റുള്ളവർക്കാണു് കുഴപ്പം വലിച്ചുവെക്കുന്നതു്. രാജന്റെ ഹൃദയം നന്ദിനിക്കുട്ടിക്കു്, നന്ദിനിക്കുട്ടിയുടെ ഹൃദയം രാജന്നു്. എന്റെ ഹൃദയം മാളുക്കുട്ടിക്കു്, അങ്ങിനെ പോകും അതു്.
- രാജൻ:
- അപ്പോൾ ചോദിക്കട്ടെ ഏതാണീ മാളുക്കുട്ടി?
- രാമൻകുട്ടി:
- അതാണിനിയും കണ്ടുപിടിക്കാനിരിക്കുന്നതു്. പേരുമാത്രം കിട്ടി. ഹൃദയം ആ പേരിനങ്ങു് കൊടുക്കുകയും ചെയ്തു. കൈയിൽ വച്ചോണ്ടു് നടക്കാൻ പറ്റാത്തതാണല്ലോ ഈ ഹൃദയം. ഇനി അവളെ കണ്ടുപിടിക്കുണം. എവിടെയെങ്കിലും ഉണ്ടാവും.
- രാജൻ:
- (ചിരിച്ചുകൊണ്ടു്) പേരു് കിട്ടി ആളേ കിട്ടിയിട്ടില്ല; ഇല്ലേ?
- രാമൻകുട്ടി:
- ചിരിക്കാൻ വരട്ടെ. ഒരു വലിയ കുഴപ്പം നേരിട്ടിരിക്കുന്നു. നന്ദിനിക്കുട്ടിയെ അമ്പലത്തിൽ കാണാഞ്ഞിട്ടു് യജമാനൻ കോപിച്ചിരിക്കുന്നു.
- നന്ദിനി:
- അച്ഛനെവിടെ?
- രാമൻകുട്ടി:
- അമ്പലത്തിൽനിന്നു് നേരത്തേ പോന്നു.
രാജനും നന്ദിനിക്കുട്ടിയും പരിഭ്രമിക്കുന്നു. പരസ്പരം നോക്കുന്നു. അകത്തു് നിന്നു് ചന്തുക്കുട്ടിമേസ്തിരിയുടെ ശബ്ദം. ആരാ അവിടെ? ഏ! (അകത്തുനിന്നു് കടന്നുവരുന്നു.)
- രാമൻകുട്ടി:
- ഞാനാ രാമൻകുട്ടി.
നന്ദിനിയും രാജനും പോകുന്നു.
- ചന്തുക്കുട്ടി:
- നിയ്യ് അമ്പലത്തിൽ പോയില്ലേ?
- രാമൻകുട്ടി:
- പോയി. ഇതു് ചന്തേന്നു് വാങ്ങ്യേതാ (ഒരു പൊതി കൊടുക്കുന്നു).
- ചന്തുക്കുട്ടി:
- എന്താടോ അതു്? (വിറയ്ക്കുന്ന കൈ നീട്ടി വാങ്ങുന്നു.)
- രാമൻകുട്ടി:
- ജിലേബി.
- ചന്തുക്കുട്ടി:
- (സന്തോഷം) ഏ? ജിലേബിയോ? നന്നായെടോ വാങ്ങ്യേതു്. ജിലേബി തിന്നണംന്നു് ശ്ശികാലായി ഞാൻ വിചാരിക്കുന്നു.
കെട്ടഴിച്ചു് എടുക്കാനുള്ള വിഷമം മനസ്സിലാക്കി രാമൻകുട്ടിതന്നെ അതു് ചെയ്യുന്നു. ഒന്നെടുത്തു് വായിൽ വെച്ചുകൊടുക്കുന്നു.
- ചന്തുക്കുട്ടി:
- (ചവച്ചുകൊണ്ടു്) ആരേ കാശു കൊടുത്തതു്?
- രാമൻകുട്ടി:
- ഞാനാ.
- ചന്തുക്കുട്ടി:
- നീയ്യോ? അപ്പോ നീയൊരു സ്നേഹമുള്ളോനാ ഇല്ലേ? നിനക്കു് കേക്കണോ രാമൻകുട്ടീ, പണ്ടു് ഞാൻ മേസ്തിരിയായ കാലത്തു് ഈ കാക്കിക്കുപ്പായോം തലേക്കെട്ടും ഒക്കെ ആയിട്ടു് കാവിലെ പൂരത്തിനു് പോകും. ജിലേബി കണ്ടാൽ ഞാൻ വിടില്ല. അക്കാലത്തെ ജിലേബിടെ രസം ഒന്നു് വേറെത്തന്യാ. പൊട്ടിച്ചാൽ തേനൊലിക്കും. (തിന്നുന്നു) നിനക്കു് വേണ്ടേ രാമൻകുട്ടീ?
- രാമൻകുട്ടി:
- വേണ്ട.
- ചന്തുക്കുട്ടി:
- നീ തിന്നിട്ടുണ്ടാവും വയറുനിറച്ചും, ഇല്ലേ? എട കള്ളാ, അപ്പം അമ്പലത്തിൽ കച്ചോടൊക്കെണ്ടോ?
- രാമൻകുട്ടി:
- അയ്യോ! എന്താളാണു്. എന്തു് കച്ചോടാണു്! ഈ റാട്ടില്ലേ, ആളുകളു് കയറിയിരുന്നു് തിരിക്കുന്ന റാട്ട് അതുണ്ടു്. പിന്നെ കഴുത്തോണ്ടും കണ്ണോണ്ടും വെട്ടിക്കുന്ന തച്ചോളിക്കുങ്കീണ്ടു്. റാട്ടിന്നു് രണ്ടണ കൊടുക്കണം. കുങ്കിക്കു് ഒരണ. ഞാൻ കുങ്കീനെ കണ്ടു. (സന്തോഷംകൊണ്ടുള്ള ചിരി) കണ്ടാലു് ജീവനുള്ള ഒരു പെണ്ണു് തന്നെ. കഴുത്തു് വെട്ടിക്കും. ഇങ്ങനെ ഇങ്ങന്യാക്കും (ഉത്സവക്കഥ പറയുന്ന സ്ഥലത്തൊക്കെ അഭിനയം വേണം). ഞാനോളെ കവിളത്തൊരു നുള്ളു വെച്ചുകൊടുത്തു. ആ കളിപ്പിക്കുന്നാളു് എന്നെ ഒരുപാടു് ചീത്ത പറഞ്ഞു.
- ചന്തുക്കുട്ടി:
- നീയെന്തിനാ വേണ്ടാതനം ചെയ്യാൻ പോയതു്? ഏ? മുട്ടായിക്കച്ചോടം ഇല്ലേ?
- രാമൻകുട്ടി:
- എന്തൊക്യാ ഉള്ളതെന്നു് പറയാൻ സാധിക്കില്ല. അത്രക്കുണ്ടു്, പിന്നേയ് വേറൊരു രസം!
- ചന്തുക്കുട്ടി:
- എന്താടാ?
- രാമൻകുട്ടി:
- പ്രസംഗണ്ടു്.
- ചന്തുക്കുട്ടി:
- നീ കേട്ടോ?
- രാമൻകുട്ടി:
- ഞാൻ കേട്ടു.
- ചന്തുക്കുട്ടി:
- എന്തിനെപ്പറ്റിയാ പ്രസംഗം?
- രാമൻകുട്ടി:
- എന്തൊക്ക്യോ കയ്യോണ്ടും കാലോണ്ടും കാണിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ജനങ്ങളു് കൈയടിച്ചു; ഞാനും കൈയടിച്ചു. പ്രസംഗം കഴിഞ്ഞു് പിന്നെ ഞാൻ ആനക്കാരന്റെ അടുത്തുപോയി. നാളെ എന്നെ ആനപ്പുറത്തു് കയറ്റാന്നു് പറഞ്ഞിട്ടുണ്ടു്.
- ചന്തുക്കുട്ടി:
- അതാ നന്നായതു്? നിനക്കിപ്പം അതുകൊണ്ടെന്താ ഒരു ലാഭം?
- രാമൻകുട്ടി:
- ആനപ്പുറത്തു് കയറിയിട്ടു് എനിക്കു് നാടു് കാണണം.
- ചന്തുക്കുട്ടി:
- നീയെന്റെ ചുരുട്ടു് കട്ടോണ്ടു് പോവരുതു്, ആനപ്പുറത്തിരുന്നു് വലിക്കാൻ.
- രാമൻകുട്ടി:
- എനിക്കിപ്പത്തന്നെ പോവണം.
- ചന്തുക്കുട്ടി:
- എവിടേക്കു്?
- രാമൻകുട്ടി:
- അമ്പലത്തിലേക്കു്. അവിടെ ഇനി വെളിച്ചപ്പാടുണ്ടാവും. തല വെട്ടുന്നതു് കാണാൻ നല്ല രസാ.
- ചന്തുക്കുട്ടി:
- നല്ല കമ്പം! (ജിലേബി തിന്നുകൊണ്ട് അകത്തേക്ക് പുറപ്പെടുന്നു. പോകുമ്പോൾ) ഇനി നീ അമ്പലത്തിൽ പോയി വരുമ്പം ജിലേബി വേണ്ടാ, നല്ല വലിയ ചുരുട്ടുണ്ടാവും; അതു് വാങ്ങിക്കോ.
അകത്തേക്കു് പോകുന്നു. പുറത്തു് കാറിന്റെ ശബ്ദം. രാമൻകുട്ടി ഞെട്ടിതിരിഞ്ഞുനില്ക്കുന്നു. അല്പം കഴിഞ്ഞു് പ്രഭാകരനും ജാനകിയും വരുന്നു. അമ്പലത്തിൽ പോയ വേഷമാണു്. നെറ്റിയിൽ ചന്ദനമുണ്ടു്. ജാനകി അല്പം പരിഭ്രമിച്ച മട്ടാണു്. അകത്തേക്കു് പോകുന്നു.
- പ്രഭാകരൻ:
- എടാ രാമൻകുട്ടീ.
- രാമൻകുട്ടി:
- ഓ…
- പ്രഭാകരൻ:
- എവിടെടാ രാജൻ?
- രാമൻകുട്ടി:
- അകത്തുണ്ടു്.
- പ്രഭാകരൻ:
- നന്ദിനിയെ വിളിക്കൂ; രാജനേയും.
രാമൻകുട്ടി അകത്തേക്കു് പോകുന്നു. അല്പം കഴിഞ്ഞു് രാജൻ അകത്തുനിന്നു വരുന്നു.
- രാജൻ:
- എന്നെ വിളിച്ചോ?
- പ്രഭാകരൻ:
- (ഉത്തരം പറയാതെ ഉറക്കെ) നന്ദിനീ, നന്ദിനീ.
- നന്ദിനി:
- (അകത്തുനിന്നു്) ഓ! (ധൃതിയിൽ വരുന്നു.)
- പ്രഭാകരൻ:
- ഇങ്ങട്ടു് വന്നുനില്ക്കൂ. രാജനോടാണു് ഞാൻ ചോദിക്കുന്നതു്. നിന്റെ അച്ഛനാരാണെന്നു് നിനക്കറിയ്യോ?
- രാജൻ:
- എന്റെ അച്ഛനെ കണ്ട ഓർമ്മ എനിക്കില്ല, അതിന്നുമുമ്പേ അച്ഛൻ മരിച്ചു.
- പ്രഭാകരൻ:
- നിന്റെ ഓർമ്മയെപ്പറ്റി ഞാൻ ചോദിച്ചിട്ടില്ല. നിനക്കറിയ്യോ?
- രാജൻ:
- (പതുക്കെ) ഇല്ല.
- പ്രഭാകരൻ:
- ഞാൻ പറഞ്ഞുതരാം. ജീവിക്കാൻ നിവൃത്തിയില്ലാതെ കാവിയുടുത്തു് പിച്ചതെണ്ടലായിരുന്നു നിന്റെ അച്ഛന്റെ ജോലി. നിന്റെ വയറ്റിൽ പിച്ചച്ചോറാണുള്ളതു്. മനസ്സിലായോ? ഇന്നും അതുതന്നെ. പിന്നെ നിന്റെ അമ്മ. അവളിവിടെ ജോലിക്കാരിയായിരുന്നു. നിന്നെ ഗർഭം ധരിച്ചതും, പ്രസവിച്ചതും ഈ വീട്ടിൽവെച്ചാണു്. എന്റെ കുടുംബത്തിൽപ്പെട്ട സ്ത്രീയാണെന്നു് ആരോ പറഞ്ഞുകേട്ടതുകൊണ്ടു് ഞാനിവിടെ താമസിപ്പിച്ചു; അത്രതന്നെ. അല്ലാതെ ചുമതലയൊന്നുമുണ്ടായിട്ടല്ല. നിന്നെ ഞാനിവിടെ വളർത്തുന്നതും കോളേജിൽ പഠിപ്പിക്കുന്നതും എന്തിനാണെന്നറിയാമോ?
- രാജൻ:
- ഇല്ല.
- പ്രഭാകരൻ:
- തുറന്നുതന്നെ പറയാം. ഞാനെന്റെ കുടുംബത്തിലുള്ളവരെ സ്നേഹിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളോടെനിക്കു് സ്നേഹമുണ്ടെന്നും നാലാളറിയാൻ. അല്ലാതെ അദ്ധ്വാനിച്ചുണ്ടാക്കിയ കാശു് നശിപ്പിക്കാനല്ല. നീയതു് മനസ്സിലാക്കുമെന്നു് ഞാൻ വിചാരിച്ചു.
- രാജൻ:
- ഞാനൊരു തെറ്റും ചെയ്തിട്ടില്ല.
- പ്രഭാകരൻ:
- നീ തെറ്റേ ചെയ്തിട്ടുള്ളു; എന്നെ നശിപ്പിക്കാൻ; എന്റെ അന്തസ്സു് കെടുത്താൻ. എടാ നിനക്കു് നന്ദിനിയെ വിവാഹം കഴിക്കണമെന്നു് മോഹമുണ്ടോ?
നന്ദിനിയും രാജനും ഞെട്ടുന്നു
- രാജൻ:
- ഇല്ല.
- പ്രഭാകരൻ:
- കളവു് പറയരുതു്. മോഹമില്ലേ?
- രാജൻ:
- ഞാൻ സത്യമാണു് പറഞ്ഞതു്.
- പ്രഭാകരൻ:
- നന്ദിനീ.
- നന്ദിനി:
- അച്ഛാ.
- പ്രഭാകരൻ:
- സത്യം പറയണം.
- നന്ദിനി:
- പറയാം.
- പ്രഭാകരൻ:
- ഈ രാജൻ നിന്നോടെന്താ പറഞ്ഞതു്. അവനെ കല്യാണം കഴിക്കണമെന്നു് പറഞ്ഞോ?
- നന്ദിനി:
- ഇല്ല.
- പ്രഭാകരൻ:
- കളവു് പറയരുതു്.
- നന്ദിനി:
- ഞാനാണു് രാജേട്ടനോടു് പറഞ്ഞതു്.
- പ്രഭാകരൻ:
- എന്തു്?
- നന്ദിനി:
- ഞാൻ രാജേട്ടനെയല്ലാതെ മറ്റാരേയും കല്യാണം കഴിക്കില്ലെന്നു്.
- പ്രഭാകരൻ:
- (ക്രൂരമായി ചിരിച്ചു്) ഭേഷ്… പിന്നെ? അച്ഛനും അമ്മയും അനുമതി തന്നില്ലെങ്കിലും ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും കല്യാണം കഴിക്കുമെന്നു് ശപഥം ചെയ്തിട്ടില്ലേ? (നിശ്ശബ്ദത) എന്താ മിണ്ടാത്തതു്? ആരുമറിയാതെ വീടുവിട്ടോടിപ്പോവാൻ ശപഥം ചെയ്തിട്ടില്ലേ?
- നന്ദിനി:
- ഇല്ലച്ഛാ.
- പ്രഭാകരൻ:
- ഒരുമിച്ചു് ആത്മഹത്യ ചെയ്യാമെന്നു് ശപഥം ചെയ്തിട്ടില്ലേ? ഇല്ലേടാ!
- രാജൻ:
- ഞാനാരോടും ഒരു ശപഥവും ചെയ്തിട്ടില്ല.
- പ്രഭാകരൻ:
- അച്ഛനമ്മമാർ വിവാഹക്കാര്യത്തിൽ തടസ്സം നില്ക്കുന്നതു് നിങ്ങൾക്കൊരു രസമാണില്ലേ? സമരം ചെയ്തുതന്നെ അവകാശം സമ്പാദിക്കണം… (ഗൗരവം) നന്ദിനീ.
- നന്ദിനി:
- അച്ഛാ.
- പ്രഭാകരൻ:
- വരാനിരിക്കുന്ന കാര്യങ്ങളൊക്കെ വേണ്ടപോലെ ആലോചിച്ചാണോ നീ ശപഥം ചെയ്തതു്? നിന്റെ അമ്മ ഇക്കാര്യം സമ്മതിക്കുമെന്നു് നിനക്കു് വിശ്വാസമുണ്ടോ?
- നന്ദിനി:
- ഉണ്ടു്.
- പ്രഭാകരൻ:
- അച്ഛൻ!
- നന്ദിനി:
- അച്ഛനെന്നെ അനുഗ്രഹിക്കണം.
- പ്രഭാകരൻ:
- അതെന്റെ ചുമതല. ഞാൻ ചോദിച്ചതു് നിന്റെ വിശ്വാസത്തെപ്പറ്റിയാണു്.
- നന്ദിനി:
- അച്ഛാ, ഞാൻ അമ്മയേയോ അച്ഛനെയോ ധിക്കരിച്ചിട്ടില്ല ധിക്കരിക്കുകയുമില്ല. രാജേട്ടനെ…
- പ്രഭാകരൻ:
- എന്താ നിർത്തിയതു്? മുഴുവൻ പറയു.
- നന്ദിനി:
- അച്ഛന്റേയും അമ്മയുടേയും അനുഗ്രഹത്തോടുകൂടി രാജേട്ടനെ…
- പ്രഭാകരൻ:
- വീണ്ടും നിർത്തിയോ? മുഴുവനാക്കൂ?
- നന്ദിനി:
- (കുറേശ്ശ തേങ്ങുന്നു.)
- പ്രഭാകരൻ:
- മുഴുവൻ പറയൂ?
- നന്ദിനി:
- എനിക്കൊന്നും പറയാനില്ല. എന്നേയും രാജേട്ടനേയും അച്ഛൻ അനുഗ്രഹിക്കണം.
- പ്രഭാകരൻ:
- അനുഗ്രഹിക്കാൻ തീരുമാനിച്ചാണു് വിളിച്ചതു്. രാജനും എന്റെ അനുഗ്രഹം ആവശ്യമില്ലേ?
- രാജൻ:
- എനിക്കതിലൊന്നും പറയാനില്ല. ഞാനെന്റെ സ്ഥിതി മുഴുവൻ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടു്. പാടില്ലാത്ത കാര്യങ്ങൾ ഞാൻ ആഗ്രഹിക്കില്ല. അരുതാത്ത കാര്യം ഞാൻ ചെയ്യില്ല.
- പ്രഭാകരൻ:
- ബുദ്ധിശൂന്യൻ! നീ ഈ കാലത്തു് ജീവിക്കാൻ പറ്റിയവനല്ല. പാടില്ലാത്ത കാര്യങ്ങളേ ചെയ്യാവു. ഒരിക്കലും കിട്ടില്ലെന്നു് പൂർണ്ണവിശ്വാസമുള്ളതേ ആഗ്രഹിക്കാവൂ. ഇല്ലെങ്കിൽ സമരം ചെയ്യാനുള്ള സന്ദർഭം നഷ്ടപ്പെടും. അവകാശങ്ങളൊക്കെ സമരം ചെയ്തുതന്നെ വാങ്ങണം.
- രാജൻ:
- അവിടുത്തെ ഔദാര്യംകൊണ്ടു് ഞാനിവിടെ ജീവിക്കുന്നു. അല്ലാതെ അവകാശത്തിന്റെ പേരിൽ എനിക്കിവിടെ യാതൊന്നും നേടാനില്ല.
- പ്രഭാകരൻ:
- അപ്പോൾ നിനക്കെന്റെ അനുഗ്രഹം ആവശ്യമില്ലാ?
- രാജൻ:
- എന്നു് ഞാൻ പറയില്ല.
- പ്രഭാകരൻ:
- (ഉറക്കെ) രാമൻകുട്ടീ, എടാ രാമൻകുട്ടീ.
- രാമൻകുട്ടി:
- ഓ…
- പ്രഭാകരൻ:
- ഡ്രൈവറോടു് കാറ് ഒരുക്കിനിർത്താൻ പറ… രാജൻ, ഇനി കുറച്ചേ സമയമുള്ളു. ആലോചിക്കാനിടയില്ല. വേഗം പറയൂ. നിനക്കെന്റെ അനുഗ്രഹം ആവശ്യമുണ്ടോ?
- രാജൻ:
- (പതുക്കെ) ഉണ്ടു്.
- പ്രഭാകരൻ:
- ശരി അനുഗ്രഹിക്കാം. നിന്നേയും നന്ദിനിയേയും ഞാൻ അനുഗ്രഹിക്കാം. കാറ് തയ്യാറായിട്ടുണ്ടാവും. വേഗത്തിൽ പുറപ്പെട്ടോളൂ. നിന്റെതായിട്ടിവിടെ വല്ല സാധനങ്ങളുമുണ്ടെങ്കിൽ എല്ലാമെടുത്തോളൂ.
- രാജൻ:
- എന്റേതായിട്ടു് യാതൊന്നും ഈ ഭൂമിയിലില്ല.
- പ്രഭാകരൻ:
- വേദാന്തം പറച്ചിലവസാനിപ്പിച്ചു് നിന്റെ മുണ്ടോ ഷർട്ടോ ഉണ്ടെങ്കിൽ പൊതിഞ്ഞെടുത്തോളൂ. കാറ് പുറപ്പെട്ടിട്ടുണ്ടാവും. നിനക്കു് ഇഷ്ടമുള്ള സ്ഥലത്തു് നിന്നെ വിടാൻ ഏർപ്പാടു് ചെയ്തിട്ടുണ്ടു്. ഇനി ഒരിക്കലും ഈ പടി കയറരുതു്. ഇങ്ങിനെ ഒരു വീടുള്ളതും ഇവിടെ താമസിച്ചതും ഈ നിമിഷത്തിൽ മറന്നുകളയണം.
- നന്ദിനി:
- (ഇതുവരെ തേങ്ങുകയായിരുന്നു. ഇത്രയും കേട്ടപ്പോൾ സഹിക്കാൻ കഴിയാതെ വിങ്ങിക്കരഞ്ഞുകൊണ്ടു് പറയുന്നു.) അച്ഛാ ഞാനച്ഛന്റെ കാലു് പിടിക്കാം.
- പ്രഭാകരൻ:
- ഗുരുത്വമുള്ള മകൾ.
- നന്ദിനി:
- രാജേട്ടനെ പറഞ്ഞയക്കരുതച്ഛാ.
- പ്രഭാകരൻ:
- അവനെ അനുഗ്രഹിക്കണമെന്നു് നീ പറഞ്ഞില്ലേ. ഇതാണെന്റെ ഏറ്റവും വലിയ അനുഗ്രഹം.
- നന്ദിനി:
- അച്ഛാ എന്റെ അച്ഛാ, രാജേട്ടനെവിടെ പോകും? എങ്ങനെ ജീവിക്കും? കോളേജിലെങ്ങനെ തുടർന്നു് പഠിക്കും?
- പ്രഭാകരൻ:
- ഇതൊക്കെ പ്രേമം വരുന്നതിനു് മുൻപു് ആലോചിക്കേണ്ടതായിരുന്നു.
- നന്ദിനി:
- രാജേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലച്ഛാ.
- പ്രഭാകരൻ:
- വേണ്ട.
- നന്ദിനി:
- എല്ലാം എന്റെ തെറ്റാണു്.
- പ്രഭാകരൻ:
- അതിന്റെ ഫലം അവനനുഭവിക്കുന്നു.
- നന്ദിനി:
- പാടില്ലച്ഛാ, ഒരിക്കലും പാടില്ല.
- പ്രഭാകരൻ:
- അതു് തീരുമാനിക്കേണ്ടതു് ഞാനാണു്.
- നന്ദിനി:
- (പ്രഭാകരന്റെ കാലിൽ വീണു് കരഞ്ഞുകൊണ്ടു്) വേണ്ടച്ഛാ, വേണ്ട. രാജേട്ടനെവിടെ പോകും?
- പ്രഭാകരൻ:
- അവനോടു് ചോദിക്കൂ.
- നന്ദിനി:
- ഓ! എന്തൊരു മഹാപാപം.
- പ്രഭാകരൻ:
- (കൂടുതൽ ഗൗരവം കൊള്ളുന്നു.) ഉം! മാറിനില്ക്കൂ. (നന്ദിനിക്കുട്ടിയെ കാലുകൊണ്ടു് തള്ളിമാറ്റി അല്പം പിറകോട്ടു് നിന്നു് ഉഗ്രസ്വരത്തിൽ ചോദിക്കുന്നു.) രാജന്റെ ഭാവിയിൽ അത്രമാത്രം ഉത്കണ്ഠ നിനക്കുണ്ടോ?
- നന്ദിനി:
- (കണ്ണീരുകൊണ്ടു് നനഞ്ഞ മുഖമുയർത്തി അച്ഛനെ ദയനീയമായി നോക്കുന്നു.)
- പ്രഭാകരൻ:
- ഉണ്ടെങ്കിൽ പറയൂ, ഈ രാജനെ എന്നെന്നേക്കുമായി നീ ഉപേക്ഷിച്ചെന്നു്.
- നന്ദിനി:
- (ഞെട്ടുന്നു. എഴുന്നേറ്റു് പതുക്കെ അച്ഛനെ സമീപിക്കുന്നു. തേങ്ങിത്തേങ്ങി പറയുന്നു.) അച്ഛാ… എന്റെ അച്ഛാ…
- പ്രഭാകരൻ:
- നിനക്കതു് പറയാൻ വയ്യ. ശരി (രാജനോടു്) ഉം; പുറപ്പെട്ടോളൂ.
- രാജൻ:
- (ഒട്ടും കുലുങ്ങാതെ) ഞാൻ പുറപ്പെട്ടു കഴിഞ്ഞു.
- പ്രഭാകരൻ:
- പൊയ്ക്കൊളൂ! പുറത്തു് കാറൊരുക്കി നിർത്തീട്ടുണ്ടു്. (രാജൻ ഒട്ടും ശങ്കിക്കാതെ, ആരോടും വിട ചോദിക്കാതെ പുറത്തേക്കു് പോകുന്നു. പ്രഭാകരൻ കനപ്പിച്ച സ്വരത്തിൽ വിളിച്ചു് പറയുന്നു.) ഈ വീടും ഇവടത്തെ ആളുകളേയും എത്രവേഗം മറക്കുന്നോ അത്രയും നിനക്കു് നല്ലതു്.
നന്ദിനിക്കുട്ടി സോഫയിലേക്കു് ചാഞ്ഞുവീഴുന്നു. വിങ്ങിവിങ്ങിക്കരയുന്നു. പ്രഭാകരൻ യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സ്വന്തം മുറിയിലേക്കു് പോകുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ നന്ദിനിക്കുട്ടി സോഫയിലിരുന്നു് തേങ്ങുകയാണു്. അല്പനിമിഷങ്ങൾക്കുശേഷം രാഘവൻ തന്റെ മുറിയിൽനിന്നു് പുറത്തുവരുന്നു. പ്രകൃത്യാ ശാന്തശീലനായ ആ മനുഷ്യൻ വല്ലാതെ ക്ഷോഭിച്ച മട്ടുണ്ടു്. എന്താണു് പറയേണ്ടതെന്നോ എങ്ങനെയാണു് നന്ദിനിക്കുട്ടിയെ ആശ്വസിപ്പിക്കേണ്ടതെന്നോ അറിയാതെ വിഷമിച്ച മട്ടിൽ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. ഒടുവിൽ നന്ദിനിക്കുട്ടിയുടെ അടുത്തുചെന്നു് നില്ക്കുന്നു. പതുക്കെ വിളിക്കുന്നു.
- രാഘവൻ:
- മോളേ.
- നന്ദിനി:
- (രാഘവന്റെ ശബ്ദം ആ വീട്ടിൽ സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നതാണു്. ആ ശബ്ദം നന്ദിനിക്കുട്ടിയെ കൂടുതൽ വേദനിപ്പിക്കുന്നു. അവൾ മുഖമുയർത്തി നോക്കുന്നു. നിയന്ത്രണംവിട്ടു് പൊട്ടിക്കരഞ്ഞുകൊണ്ടു് രാഘവന്റെ കാലുകൾ കെട്ടിപ്പിടിക്കുന്നു.) ഇളയച്ഛാ!
- രാഘവൻ:
- (നന്ദിനിക്കുട്ടിയുടെ മൂർധാവിൽ തലോടിക്കൊണ്ടു്) കരയരുതു് മോളേ, കരയരുതു്. കരഞ്ഞതുകൊണ്ടു് ഇവിടെ ഒന്നും നേടാൻ കഴിയില്ല. വരൂ, നമുക്കകത്തേക്കു് പോകാം. (പിടിച്ചെഴുന്നേല്പിക്കുന്നു.) കാലപ്പഴക്കംകൊണ്ടു് ഏതു് വേദനയും ശമിക്കും. (താങ്ങിപ്പിടിച്ചു് പതുക്കെ കൊണ്ടു് പോകുന്നു.) ഇതു് നിന്റെ ആദ്യത്തെ പരാജയമാണു്. അതുകൊണ്ടാണു് കൂടുതൽ വേദനിക്കുന്നതു്.
പിറകിലെ വാതിലും കടന്നു് ജാനകി അഭിമുഖമായി വരുന്നു. അമ്മയും മകളും ഒരു നിമിഷം ഇമവെട്ടാതെ പരസ്പരം നോക്കിനില്ക്കുന്നു. അടുത്ത നിമിഷം നന്ദിനിക്കുട്ടി ജാനകിയുടെ മാറിലേക്കു് ചായുന്നു. ജാനകി അവളെ കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുന്നു. ജാനകിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ആ കാഴ്ച രാഘവനെ വികാരാധീനനാക്കുന്നു. ഒന്നും പറയാനാവാതെ കണ്ണുതുടച്ചു് തന്റെ മുറിയിലേക്കു് പോകുന്നു. പ്രഭാകരൻ ഒരു യാത്രയ്ക്കൊരുങ്ങിയ മട്ടിൽ പുറത്തുകടന്നു് വാതിലടച്ചു് കൊളുത്തിടുന്നു. മുൻപോട്ടു് തിരിയുമ്പോൾ ജാനകിയേയും നന്ദിനിക്കുട്ടിയേയും കാണുന്നു.
- പ്രഭാകരൻ:
- (ഉഗ്രസ്വരത്തിൽ) ജാനു, കൊല്ലങ്ങൾക്കുമുൻപു് ഇതുപോലെ ഒരു രംഗം നിന്റെ വീട്ടിലും നടന്നു. നീയതോർക്കുന്നില്ലേ? അന്നു് നീയും ഇതുപോലെ കണ്ണീരൊഴുക്കി. നിന്റെ അമ്മ നിന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. അതവിടെ അവസാനിച്ചില്ല; ആ പാരമ്പര്യം നിന്റെ മകൾ ഏറ്റെടുത്തു. ഫലം? നിന്നെപ്പോലെ അവളും കരയുന്നു. കരഞ്ഞോളു, അമ്മയും മകളും ഒപ്പമിരുന്നു് കരഞ്ഞോളു! നിങ്ങളുടെ കണ്ണീരിനെന്നെ പരാജയപ്പെടുത്താൻ കഴിയില്ല.
ജാനകി അറിയാതെ ഞെട്ടുന്നു. എങ്ങനെയെങ്കിലും ആസന്നമായ ഒരു സംഘട്ടനം ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ശ്രദ്ധ മകളുടെ നേർക്കു് തിരിക്കുന്നു.
- ജാനകി:
- മോളേ! പോരൂ, അകത്തേക്കു പോരൂ. (രണ്ടുപേരും പതുക്കെ മുൻപോട്ടു നടക്കുന്നു. പിറകിലെ വാതിലിന്നടുത്തെത്തിയപ്പോൾ പ്രഭാകരൻ വിളിക്കുന്നു.)
- പ്രഭാകരൻ:
- ജാനു… (ജാനകി തിരിഞ്ഞുനില്ക്കുന്നു. നന്ദിനിക്കൂട്ടി മുഖംപൊത്തി കരഞ്ഞുകൊണ്ടു് അകത്തേക്കോടുന്നു.) ഇവിടെ വരൂ. (ജാനകി മനസ്സില്ലാമനസ്സോടെ തിരിച്ചുവരുന്നു. പ്രഭാകരൻ രണ്ടടി മുന്നോട്ടു് ചെല്ലുന്നു. ആ കണ്ണുകളിൽ ക്രൂരത നിഴലിക്കുന്നു) പറയു, തുറന്നു പറയൂ!
- ജാനകി:
- (അവജ്ഞയോടെ) എന്തു് പറയാൻ?
- പ്രഭാകരൻ:
- നീയെന്നെ സ്നേഹിക്കുന്നുണ്ടോ?
- ജാനകി:
- സ്നേഹിക്കാൻ വേണ്ടിയല്ലേ വിവാഹം കഴിച്ചതു്?
- പ്രഭാകരൻ:
- രാഘവനല്ലാതെ മറ്റൊരു ഭർത്താവു് വേണ്ടെന്നു് നീയന്നു് ശഠിച്ചില്ലേ?
- ജാനകി:
- ആരു് പറഞ്ഞു?
- പ്രഭാകരൻ:
- സത്യമല്ലേ?
- ജാനകി:
- ആണോ?
- പ്രഭാകരൻ:
- അതേ.
- ജാനകി:
- എങ്കിൽ ആ സത്യം കേട്ടു് പിന്മാറാമായിരുന്നില്ലേ? രാഘവൻ നിങ്ങളുടെ അനുജനല്ലേ? പിന്നെന്തിനു് എന്നെ വിവാഹം കഴിക്കണമെന്നു് നിർബന്ധിച്ചു?
- പ്രഭാകരൻ:
- അന്തസ്സിനുവേണ്ടി. പ്രസിദ്ധിയുള്ള തറവാടാണു് നിന്റേതു്. അച്ഛൻ ലക്ഷപ്രഭുവാണു്.
- ജാനകി:
- ഇവിടെ വലിയൊരു കാറ് വാങ്ങിയതും അന്തസ്സിനുവേണ്ടിയല്ലേ? അതു് നിങ്ങളെ സ്നേഹിക്കുന്നുണ്ടോ? അതിനോടിങ്ങനെ ചോദിക്കാറുണ്ടോ?
- പ്രഭാകരൻ:
- (മുഖം പൈശാചികമാവുന്നു. ജാനകിയുടെ കണ്ണിലേക്കുറ്റുനോക്കിക്കൊണ്ടു് മുൻപോട്ടടുക്കുന്നു) പറ, എന്നെ സ്നേഹിക്കുന്നെന്നു് പറ. ഉം! വേഗം.
- ജാനകി:
- (മിണ്ടാതെ നില്ക്കുന്നു)
- പ്രഭാകരൻ:
- നീ പറയില്ലേ? ഇല്ലേ?… (കഴുത്തിൽ കേറി പിടിക്കുന്നു.) ഉം, വേഗം, വേഗം പറ. ഇല്ലെങ്കിൽ ഞാൻ കൊല്ലും.
- ജാനകി:
- കൊന്നോളൂ.
- പ്രഭാകരൻ:
- എന്നാലും പറയില്ലാ? (പല്ലുകടിക്കുന്നു) ഓ! ഭയങ്കര വഞ്ചന (കഴുത്തിലെ പിടി മുറുക്കുന്നു.) ഇക്കാലമത്രയും ഞാൻ കാത്തിരുന്നു… സ്നേഹിക്കുന്നെന്നു് നിന്റെ നാവുകൊണ്ടു് പറയണം… പറയില്ലേ? (പിടി മുറുക്കുന്നു. ജാനകി ഒട്ടും ഭാവഭേദമില്ലാതെ നില്ക്കുന്നു. കോപംകൊണ്ടു് അന്ധനായ പ്രഭാകരൻ കഴുത്തു് ഞെക്കി കൊന്നുകളയാനുള്ള ഒരുക്കമാണു്. ദീപാരാധന കഴിഞ്ഞ് അമ്പലത്തിൽ നിന്നു് മടങ്ങുന്ന രാമൻകുട്ടിയും ഉണ്ണിയും രംഗത്തേക്കു് വരാൻ തുടങ്ങുകയാണു്. രാമൻകുട്ടി ഉണ്ണിയോടു് വിളിച്ചു് പറയുന്ന ഭാഗം ഉറക്കെ കേൾക്കുന്നു.)
മാല ചതഞ്ഞുപോകും.’
രാമൻകുട്ടിയുടെ ശബ്ദം കേട്ടു് പ്രഭാകരൻ ജാനകിയുടെ കഴുത്തിലെ പിടിവിട്ടു് പിന്മാറുന്നു; ജാനകി ഒരു പ്രതിമപോലെ ചലനമില്ലാതങ്ങനെ നില്ക്കുന്നു. കുളിച്ചു് കുറിതൊട്ടു് മാലയും പ്രസാദവുമായി ഉണ്ണി മുൻപിലും രാമൻകുട്ടി പിറകിലുമായി രംഗത്തേക്കു് വരുന്നു. ഉണ്ണിയുടെ മുഖത്തു് നോക്കാൻ പ്രഭാകരനു് വിഷമം. അവിടെ നില്ക്കാൻ അതിലേറെ വിഷമം. തലയും താഴ്ത്തി മുറിയിലേക്കു പോകുന്നു. ഉണ്ണി നേരെ അമ്മയുടെ അടുത്തു ചെല്ലുന്നു. രാമൻകുട്ടി അകത്തേക്കു പോകുന്നു.
- ഉണ്ണി:
- ഇതാമ്മേ പ്രസാദം.
വെള്ളിത്താലത്തിലുള്ള പ്രസാദം അമ്മയുടെ നേർക്കു് നീട്ടുന്നു. ജാനകി അതിൽനിന്നു് ഒരു നുള്ള് പൂവെടുത്തു് മുടിക്കെട്ടിൽവെച്ചു്, വിരൽകൊണ്ടു് അല്പം ചന്ദനമെടുത്തു് നെറ്റിയിൽ തൊടുന്നു. കണ്ണിൽനിന്നു് വെള്ളം ധാരയായി ഒഴുകുന്നുണ്ടു്. ഉണ്ണി അതുകണ്ടമ്പരന്നു് ചോദിക്കുന്നു. എന്താണമ്മേ? അമ്മ കരയുന്നതെന്തിനാണു്? അതുവരെ അടക്കിനിർത്തിയ വേദന ഒന്നായി അണപൊട്ടുന്നു. തേങ്ങിക്കൊണ്ടു് ഉണ്ണിയെ മാറോടണയ്ക്കുന്നു. മൂർധാവിൽ മുഖമമർത്തി വിങ്ങുന്നു.
—യവനിക—