images/tkn-theeppori-cover.jpg
View of Auvers, an oil on canvas painting by Vincent van Gogh (1853–1890).
രംഗം 3
(മാർബിൾകൊണ്ടുള്ള താജ്മഹലിന്റെ ഒരു മാതൃകയും കൈയിൽ വെച്ചുകൊണ്ടു് ഉണ്ണി പിറകിലെ വാതിലും കടന്നു് വരുന്നു. നേരെ രാഘവന്റെ മുറിയുടെ മുൻപിൽച്ചെന്നു് വിളിക്കുന്നു.)
ഉണ്ണി:
ഇളയച്ഛാ, ഇളയച്ഛാ… (രാഘവൻ പുറത്തുവരുന്നു. ഉണ്ണി താജ്മഹൽ നീട്ടിപ്പിടിച്ചു്) ഇതു് കണ്ടോ ഇളയച്ഛാ?
രാഘവൻ:
ഇതെന്തിനെടുത്തുകൊണ്ടുവന്നു?
ഉണ്ണി:
പറയാം. ഇളയച്ഛൻ ഇരിക്കൂ. വിസ്തരിച്ചു് പറയാനുണ്ടു്. വലിയൊരു സംശയം.
രാഘവൻ:
താജ്മഹലിനെപ്പറ്റിയാണോ (സോഫയിലിരിക്കുന്നു; അടുത്തു് ഉണ്ണിയും.)
ഉണ്ണി:
അതേ, ഇളയച്ഛൻ താജ്മഹൽ കണ്ടിട്ടുണ്ടോ?
രാഘവൻ:
ഉണ്ടു്, സംശയം തീർന്നോ?
ഉണ്ണി:
ഇല്ല, പറയാം. ഇതു് ആരും ശ്രദ്ധിക്കാതെ മുകളിൽ ഒരു മൂലയിൽ കിടക്കുകയായിരുന്നു. ഞാനിന്നലെ എന്റെ മുറിയിൽ കൊണ്ടുവന്നു് വെച്ചു്. രാത്രി മാറാലയും പൊടിയുമെല്ലാം തട്ടി നനച്ചുതുടച്ചു് വൃത്തിയാക്കി. ഇപ്പോളിതു് കാണാൻ നല്ല ചന്തമില്ലേ ഇളയച്ഛാ?
രാഘവൻ:
ഉണ്ടു്.
ഉണ്ണി:
ജോലിയെല്ലാം കഴിഞ്ഞു് കിടക്കുമ്പോൾ വളരെ വൈകി. ഉറക്കം തീരെ വന്നില്ല. ഉറക്കം വരാഞ്ഞാലുള്ള വിഷമം ഇളയച്ഛനറിയില്ലേ?
രാഘവൻ:
ധാരാളം!
ഉണ്ണി:
വെറുതെ കിടക്കുകയല്ലേ, എന്തെങ്കിലും ആലോചിച്ചുകളയാമെന്നുവെച്ചു. ആഗ്രയെപ്പറ്റി, ദൽഹിയെപ്പറ്റി, മുഗൾ ചക്രവർത്തിമാരെപ്പറ്റി, സലിം രാജകുമാരനെപ്പറ്റി അനാർക്കലിയെപ്പറ്റിയെല്ലാം ഞാനാലോചിച്ചു. അങ്ങനെയങ്ങനെ മനസ്സു് ദൽഹിയിലെ രാജകൊട്ടാരങ്ങളിലെത്തി. ആഗ്രയിലെത്തി, അവിടെ അലഞ്ഞുതിരിയുമ്പോൾ ഒരു ഗദ്ഗദം.
രാഘവൻ:
എന്തു്?
ഉണ്ണി:
ഒരു സ്ത്രീ പതുക്കെപ്പതുക്കെ തേങ്ങുന്ന ശബ്ദം. ഞാനമ്പരന്നുപോയി!
രാഘവൻ:
അതെന്തിനു്? ഈ വീട്ടിൽ പലരും പലപ്പോഴും തേങ്ങാറുണ്ടല്ലോ.
ഉണ്ണി:
ഈ വീട്ടിലെ കാര്യമല്ല പറഞ്ഞതു്. ഞാൻ ദൽഹിയിലായിരുന്നല്ലോ. രാഘൻ: ഓ! എന്നിട്ടു്.
ഉണ്ണി:
തേങ്ങിക്കരയുന്ന ആ സ്ത്രീ വളരെ അടുത്തെത്തിയെന്നെനിക്കു് തോന്നി. ഞാൻ കണ്ണുമിഴിച്ചു് ചുറ്റും നോക്കി. എന്തൊരത്ഭുതം എന്റെ മുറിയിൽ നേർത്ത നിലാവു് പരന്നുനില്ക്കുന്നു. ഈ പ്രതിമ പതുക്കെപ്പതുക്കെ വലുതാവുന്നു. ഗോപുരങ്ങൾ നീലാകാശത്തിൽ മുട്ടുന്നു. ഒരു കൊച്ചോളംപോലുമില്ലാത്ത യമുന ഇതിനെ വലംവെച്ചൊഴുകുന്നു. അവിടെ മറ്റൊരു താജ്മഹൽ; ഇതിന്റെ പ്രതിബിംബം. തേങ്ങിക്കരച്ചിൽ അപ്പോഴും കേൾക്കാനുണ്ടു്. ഞാൻ മുൻപോട്ടു് നടന്നു… അതാ പരമസുന്ദരിയായ ഒരു സ്ത്രീ താജ്മഹലിന്റെ പടിക്കലിരുന്നു് കരയുന്നു! ആ സ്ത്രീ ആരാണിളയച്ഛാ?
ജാനകി ഒരു ബഡ്ഷീറ്റും പില്ലോ കവറുമായി പിറകിലെ വാതിലും കടന്നു് വന്നു് പ്രഭാകരന്റെ മുറിയിലേക്ക് പോകുന്നു.
രാഘവൻ:
എനിക്കറിയാൻ പാടില്ല.
ഉണ്ണി:
ഇളയച്ഛൻ ചരിത്രം പഠിച്ചിട്ടില്ലേ?
രാഘവൻ:
സ്വപ്നത്തിൽ കണ്ട കാര്യം ചരിത്രത്തിലന്വേഷിച്ചാൽ ഉത്തരം കിട്ടില്ല.
ഉണ്ണി:
എന്നാലും അതു് മറക്കാൻ കഴിയുന്നില്ല. പാവം!
ജാനകി പ്രഭാകരന്റെ മുറിയിൽനിന്നു് തിരിച്ചുവരുന്നു. രാഘവനേയും ഉണ്ണിയേയും ശ്രദ്ധിക്കാതെ കടന്നുപോകുന്നു.
ഉണ്ണി:
അമ്മേ, അമ്മ ഇവിടെ വരൂ.
ജാനകി:
(തിരിഞ്ഞുനില്ക്കുന്നു) എന്താ ഉണ്ണീ?
ഉണ്ണി:
ഇവിടെ ഒരഞ്ചുമിനിട്ടിരിയ്ക്കൂ അമ്മേ.
ജാനകി:
(തിരിച്ചുവരുന്നു) എന്താ കാര്യം?
ഉണ്ണി:
വലിയൊരു സംശയം.
ജാനകി:
ആർക്കു്?
രാഘവൻ:
എനിക്കല്ല.
ഉണ്ണി:
താജ്മഹലിന്റെ പടിക്കലിരുന്നു് ഒരു സ്ത്രീ കരയുന്നു.
ജാനകി:
കടംകഥയാണോ?
ഉണ്ണി:
അല്ലമ്മേ. അതിന്റെ കാരണമറിയണം.
രാഘവൻ:
ആ സ്ത്രീ വല്ല തെറ്റും ചെയ്തുകാണും.
ജാനകി:
അല്ലാ, ഏതോ പുരുഷൻ ചെയ്ത തെറ്റിനു് ആ സ്ത്രീയിരുന്നു് കരയുന്നതാവും.
രാഘവൻ:
സ്ത്രീ തെറ്റുചെയ്യാറില്ലേ?
ജാനകി:
പുരുഷന്റെ നിർബന്ധംകൊണ്ടു്.
രാഘവൻ:
ഇവിടെ മറിച്ചാണു് സംഭവം. ആ വിശ്വോത്തരസ്മാരകം ആർക്കുവേണ്ടി പണിയിച്ചുവോ ആ സ്ത്രീ അതർഹിക്കുന്നില്ല. ആയുഷ്കാലം മുഴുവൻ അവർ ഭർത്താവിനെ വഞ്ചിക്കുകയായിരുന്നു. (ജാനകി അറിയാതെ ഞെട്ടുന്നു.)
ഉണ്ണി:
മനസ്സിലാവുന്നില്ലിളയച്ഛാ. വിസ്തരിച്ചു് പറഞ്ഞുതരൂ… ചരിത്രത്തിലങ്ങനെയൊന്നുമില്ലല്ലോ. ഷാജഹാൻ ചക്രവർത്തി തന്റെ രാജ്ഞിയുടെ സ്മാരകമായിട്ടു് പണിയിച്ചതല്ലേ താജ്മഹൽ.
രാഘവൻ:
അതേ.
ഉണ്ണി:
പിന്നെ രാജ്ഞി ചക്രവർത്തിയെ വഞ്ചിച്ചെന്നു് പറഞ്ഞതെന്താ?
ജാനകി:
അസൂയ! ഒരു സ്ത്രീക്ക് അത്ര വലിയ സ്മാരകമുണ്ടാവാൻ പാടുണ്ടോ?
ഉണ്ണി:
ഇളയച്ഛൻ പറഞ്ഞ കഥ ചരിത്രത്തിലുള്ളതാണോ?
രാഘവൻ:
അല്ലാത്തതു് വിശ്വസിക്കില്ലേ?
ജാനകി:
ചരിത്രംതന്നെ മുഴുവൻ വിശ്വസിക്കാൻ പറ്റിയതല്ല.
ഉണ്ണി:
ആ കഥ വിസ്തരിച്ചൊന്നു് പറഞ്ഞുതരൂ.
രാഘവൻ:
വിസ്തരിക്കാനൊന്നുമില്ല. മുംതാസ് എന്ന സ്ത്രീയെ വിവാഹം കഴിക്കാൻ ഷാജഹാൻ ചക്രവർത്തി തീരുമാനിച്ചു. മുംതാസ് സ്നേഹിച്ചതു് മറ്റൊരാളെയാണു്. പക്ഷേ, പണവും പ്രതാപവും അധികാരവുമെല്ലാമുള്ള ചക്രവർത്തിക്കു് അവർ വഴങ്ങേണ്ടിവന്നു. വിവാഹത്തിനുശേഷം അനുസരണയുള്ളൊരു ഭാര്യയായി ജീവിച്ചു. പാവം! ആ സ്ത്രീ മരിച്ചപ്പോഴാണു് കുഴപ്പം തുടങ്ങിയതു്. രാജ്യത്തുള്ള മാർബിളൊക്കെ കൊണ്ടുവന്നു് ചക്രവർത്തി വലിയൊരു സ്മാരകം പണിയിച്ചു.
ഉണ്ണി:
അതുകൊണ്ടവർ ആ സ്മാരകത്തിലിരുന്നു് കരയണോ?
രാഘവൻ:
വേണം; തനിക്കർഹതയില്ലാത്ത ഒന്നു് തന്റെ പേരിൽ നിലനില്ക്കുന്നതു് കാണുമ്പോൾ ആ സ്ത്രീയുടെ ആത്മാവു് വേദനിച്ചു. ഉണ്ണി കണ്ടതു് മുംതാസിന്റെ ആത്മാവിരുന്നു് കരയുന്നതാണു്.
ജാനകി:
മരിച്ചവരെപ്പറ്റി എന്തപവാദമാണു് പറഞ്ഞുകൂടാത്തതു്?
രാഘവൻ:
ഇതപവാദമല്ല; ചരിത്രമാണു്.
ജാനകി:
എന്തായാലും സ്ത്രീകൾക്കപവാദം പറയുന്ന സമ്പ്രദായം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
രാഘവൻ:
സ്ത്രീകളതിനു് വഴിവെക്കാൻ ആരംഭിച്ചതും ഇന്നോ ഇന്നലെയോ അല്ല.
ജാനകി:
അതിന്റെ കാരണം മനസ്സിലാക്കീട്ടുണ്ടോ?
രാഘവൻ:
ഇല്ല.
ജാനകി:
ഇത്രയധികം പുസ്തകം വായിച്ചിട്ടും അതു് മനസ്സിലാക്കീട്ടില്ലേ?
രാഘവൻ:
ഞാൻ വായിച്ച പുസ്തകങ്ങളിലൊന്നും അതില്ലാഞ്ഞാൽ പോരേ?
ജാനകി:
എങ്ങിനെയുണ്ടാവും. ഇവിടെ പ്രചാരത്തിലിരിക്കുന്ന പുസ്തകങ്ങളധികവും പുരുഷന്മാരെഴുതിയതല്ലേ?
രാഘവൻ:
സ്ത്രീകളെന്തുകൊണ്ടെഴുതിയില്ല.
ജാനകി:
സ്ത്രീകൾക്കതിനു് സമയമുണ്ടോ, സൗകര്യമുണ്ടോ?
രാഘവൻ:
അപ്പറഞ്ഞതു് എനിക്കു് മനസ്സിലായില്ല.
ജാനകി:
മനസ്സിലാവില്ല. ‘ബർണാഡ്ഷാ’ ഒരു സ്ത്രീയാണെന്നു് വിചാരിക്കൂ.
ഉണ്ണി:
അയ്യോ, അതുവയ്യമ്മേ, മറ്റാരെ വേണമെങ്കിലും വിചാരിക്കാം…
രാഘവൻ:
വിചാരിച്ചു.
ജാനകി:
പതിനേഴാമത്തെ വയസ്സിൽ ഒരാൾക്കു് വിവാഹം കഴിച്ചുകൊടുക്കുന്നു.
രാഘവൻ:
ഉം.
ജാനകി:
ഭർത്താവു് മഹാ ശുണ്ഠിക്കാരനാണു്. സംശയാലുവാണു്. എന്തു് ചെയ്താലും കുറ്റം. എപ്പോഴും പരാതി; ഏതുനേരവും ശകാരം, പിന്നെ കൊല്ലത്തിൽ ഓരോ പ്രസവവും. ഇങ്ങനെയൊരു പരിതഃസ്ഥിതിയിൽ ബർണാഡ്ഷാ ചെന്നുപെട്ടാൽ അദ്ദേഹം എത്ര നാടകങ്ങളെഴുതുമായിരുന്നു?
രാഘവൻ:
ഒന്നെങ്കിലും എഴുതുമെന്നഭിപ്രായപ്പെടാൻ വയ്യ.
ജാനകി:
സ്ത്രീ പുരുഷനോടൊപ്പം പുസ്തകങ്ങളെഴുതാൻ തുടങ്ങാത്ത കാരണമതാണു്. സ്ത്രീ ഇന്നും ഈ രാജ്യത്തു് കേവലം ഒരു ഉപകരണംപോലെയല്ലെ? നിങ്ങൾ പുരുഷന്മാരുടെ പ്രസംഗത്തിനും പ്രവൃത്തിക്കും വല്ല പൊരുത്തവുമുണ്ടോ? മറ്റൊക്കെ പോട്ടെ, അതിപ്രധാനമായ വിവാഹകാര്യത്തിൽ ഇന്നും അവളുടെ അഭിപ്രായം തേടാറുണ്ടോ? (രാഘവനിൽനിന്നു് വല്ല ഉത്തരവും കിട്ടുമെന്നു് പ്രതീക്ഷിച്ചു് അല്പനേരം മിണ്ടാതെ നില്ക്കുന്നു.) എന്താ ഒന്നും പറയാത്തതു്? അവൾക്കു് യാതൊരു താല്പര്യവുമില്ലാത്ത കാര്യങ്ങൾക്കു് അവളെ പിടിച്ചു് വില്ക്കുകയല്ലേ? പണത്തിനു്, പ്രതാപത്തിനു്, ഉദ്യോഗത്തിനു് അങ്ങിനെ പലതിനും. വിറ്റുപോയ ഒരടിമ അപവാദമുണ്ടാക്കിയാൽ അവളെയെന്തിനു് പഴിക്കണം. വിലകൊടുത്തു് വാങ്ങിയവന്റെ പേരിൽ അവൾക്കു വല്ല ചുമതലയും ഉണ്ടാവുമോ?
രാഘവൻ:
(ഒരപരാധിയുടെ മട്ടിൽ) ഇല്ല.
ജാനകി:
വല്ല ചുമതലയും അവളിൽനിന്നു് പ്രതീക്ഷിക്കാമോ? അവളാണെങ്കിൽ കഴിയുന്നതും കീഴടങ്ങി, വേണ്ടത്ര സഹിച്ചു്, സ്നേഹിച്ചു് ജീവിക്കാൻ പാടുപെടുന്നു! ആ പാടുപെടലിനു് അവൾക്കു് കിട്ടുന്ന പ്രതിഫലമോ? അപവാദം? മരിച്ചു് മണ്ണടിഞ്ഞാലും ഒരു സ്ത്രീയെ നിങ്ങൾ വെറുതെ വിടില്ല. ചിതാഭസ്മംപോലും ചികഞ്ഞുനോക്കും. (അല്പം കൂടിപ്പോയ വികാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നു. തന്നത്താനെന്നവിധം) ഭർത്താവു് കാണപ്പെട്ട ദൈവമാണെന്നു് എഴുതിവെച്ച പുരുഷൻ ഒരു കാര്യം മറന്നു. വിലയ്ക്കുവാങ്ങി തൊഴുത്തിൽ കെട്ടിയ പശുവിനു് അതിന്റെ ഉടമസ്ഥൻ കാണപ്പെട്ട ദൈവമാണെന്നു് കൂട്ടിച്ചേർക്കാൻ?
അതു് പറഞ്ഞവസാനിച്ചതും അമ്പലത്തിൽനിന്നു് നാലുതവണ തുടരെത്തുടരെ കതിനവെടി മുഴങ്ങുന്നു. ആ ശബ്ദം അവസാനിക്കുമ്പോൾ അകത്തുനിന്നു് ചന്തുക്കുട്ടിമേസ്തിരി പരിഭ്രമിച്ച മട്ടിൽ വിളിക്കുന്നു. ഉണ്ണീ… ഉണ്ണീ…
ഉണ്ണി:
(ഉറക്കെ) എന്താ മുത്തച്ഛാ.
ജാനകി:
(രാഘവനോടു്) ക്ഷമിക്കണം. ഞാനെന്തൊക്കെയോ പറഞ്ഞുപോയി. (രാഘവൻ ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചിരിക്കയാണു്. ഉണ്ണിയുടെ നേർക്കു് തിരിഞ്ഞു്.) ഉണ്ണീ, ഇന്നു് അമ്പലത്തിലെ പള്ളിവേട്ടയാണു്. നേരത്തെ കുളിച്ചു് പുറപ്പെടാൻ തുടങ്ങിക്കോളൂ.
അകത്തേക്കു് പോകുന്നു. അകത്തുനിന്നു് ചന്തുക്കുട്ടിമേസ്തിരി ഉണ്ണിയെ വിളിച്ചു കൊണ്ടു് വരുന്നു. ഉണ്ണീ… ഉണ്ണീ…
ഉണ്ണി:
(എഴുന്നേറ്റു് അടുത്തേക്കു് ചെന്നു്) ഇതാ മുത്തച്ഛാ, ഞാനിവിടേണ്ടു്.
ചന്തുക്കുട്ടി:
(മുൻപോട്ടു് വരുമ്പോൾ) മുത്തച്ഛനു് ഒരു അമളിപറ്റി. കിടന്നു് ഒന്നു് മയങ്ങി. അപ്പളാ കതിനവെടി. ഞെട്ടിത്തെറിച്ചുപോയി കട്ടിലിമ്മേന്നു് വീഴാഞ്ഞതു് ഭാഗ്യം! (സോഫയിൽ വന്നിരിക്കുന്നു) എന്റെ കീശേലു് ചുരുട്ടും തീപ്പെട്ടീണ്ടു്. ഒന്നെടുത്തു് കൊളുത്തി വായിൽ വെച്ചുതരൂ.
തയ്യാറായി ഇരുന്നുകൊടുക്കുന്നു. ഉണ്ണി ചുരുട്ടെടുത്തു് കൊളുത്തി വായിൽ വെച്ചുകൊടുക്കുന്നു. ചന്തുക്കുട്ടിമേസ്തിരി കാലു് സോഫയിൽ കയറ്റിവെച്ച് ചാരിയിരുന്നു് ലയിച്ചു് പുകവലിക്കുന്നു. ഉണ്ണി അകത്തേക്കു് പോകുന്നു. മാർബിൾപ്രതിമ ടീപോയിൽവെച്ചു് മറക്കുന്നു. രാഘവൻ ഒന്നും അറിയുന്നില്ല. അപ്പോഴും ഗാഢമായ ആലോചനയിലാണു്. തെല്ലിട കഴിഞ്ഞു് ചന്തുക്കുട്ടിമേസ്തിരി ഉറക്കെയുറക്കെ സംസാരിക്കുന്നതു് കേട്ടാണു് രാഘവൻ സ്വപ്നലോകത്തിൽനിന്നുണരുന്നതു്.
ചന്തുക്കുട്ടി:
ബ്ഭൂ! കരാറുകാരന്റെ തട്ടിപ്പു്. പകൽക്കൊള്ളയല്ലേ; പകൽക്കൊള്ള! (എഴുന്നേല്ക്കുന്നു, അസ്വസ്ഥതയോടെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. മുഖത്തു് ഗൗരവം സ്ഫുരിക്കുന്നു.) ചന്തുക്കുട്ടിമേസ്തിരിയോടു് കളിവേണ്ട. (രാഘവൻ അന്തം വിട്ടു് നോക്കിയിരിക്കുന്നു. മേസ്തിരി തുടർന്നു് പറയുന്നു.) കക്കണോ? എന്റെ ഓഹരി അവിടെ വെക്കു്.
രാഘവൻ:
അച്ഛാ, അച്ഛാ!
ചന്തുക്കുട്ടി:
ഏ? (സ്വപ്നാടനക്കാരന്റെ മട്ടിൽ മുൻപോട്ടുവരുന്നു.)
രാഘവൻ:
അച്ഛനെന്താ പറഞ്ഞതു്?
ചന്തുക്കുട്ടി:
(അടുത്തുവന്നു് രഹസ്യം പറയുമ്പോലെ) അതോ, ആ കേളുക്കുട്ടിയില്ലേ?
രാഘവൻ:
ഏതു് കേളുക്കുട്ടി?
ചന്തുക്കുട്ടി:
കണ്ട്റാക്ടർ കേളുക്കുട്ടി.
രാഘവൻ:
അയാൾ മരിച്ചുപോയില്ലേ അച്ഛാ.
ചന്തുക്കുട്ടി:
ഉം! അവൻ വിചാരിച്ചാൽ എന്നെ തോല്പിക്കാൻ പറ്റില്ല. അവൻ റോഡിനു് കല്ലുനിരത്താൻ കരാറെടുത്തു. ഉപായപ്പണികൊണ്ടു് കാര്യം പറ്റിച്ചു. ഞാൻ വിട്ടില്ല. എന്റെ ഓഹരി അവിടെ വെക്കാൻ പറഞ്ഞു. ഇല്ലെങ്കിൽ കള്ളി വെളിച്ചത്താക്കും! ആ! അതുതന്നെ! (നാലുപുറവും പരിഭ്രമിച്ചു് നോക്കി ശബ്ദം താഴ്ത്തി പറയുന്നു.) ഗതിമുട്ടിയപ്പോൾ രണ്ടു് പച്ച നോട്ട് എന്റെ കൈയിൽ വെച്ചുതന്നു.
രാഘവൻ:
കൈക്കൂലി; ഇല്ലേ അച്ഛാ.
ചന്തുക്കുട്ടി:
പതുക്കെ പറ, വല്ലവരും കേട്ടാൽ കൈക്കു് ചങ്ങല വീഴും. (മുഖത്തു് സന്തോഷവും ഒട്ടൊരു വിജയഭാവവും.) കേളുക്കുട്ടിയുടെ കൈയിൽനിന്നു് അതു് വാങ്ങാൻ നല്ല പ്രയാസണ്ട് കെട്ടോ, (മുഖത്തു് വീണ്ടും വ്യസനം) കേളുക്കുട്ടി ഒരുപാടു് സമ്പാദിച്ചുകൂട്ടി; കട്ടിട്ടും പിടിച്ചുപറിച്ചിട്ടും തോല്പിച്ചിട്ടും. (അല്പനേരം മിണ്ടാതെ നടക്കുന്നു. തലയിൽക്കെട്ടു് നേരെയാക്കുന്നു. കാക്കിക്കുപ്പായത്തിന്റെ ഞുളിവുകൾ പോക്കി ഒന്നു് നിവർന്നുനില്ക്കുന്നു. മുഖത്തു് ഗൗരവവും സന്തോഷം നിഴലിക്കുന്നു.) പക്ഷേ; ഈയൊരവസ്ഥ കേളുക്കുട്ടിക്കുണ്ടായിരുന്നില്ല. (അല്പം നിവർന്നു് നെഞ്ഞ് മുൻപോട്ടുന്തിച്ചു് ഒരു യുവാവിന്റെ മട്ടിൽ നടക്കാൻ ശ്രമിച്ചുകൊണ്ടു് പറയുന്നു.) ഏതവസ്ഥ? ഒരു ഗവർമ്മെണ്ടുദ്യോഗസ്ഥന്റെ അവസ്ഥ… ഓവർസ്യാരെജമാനൻ വന്നാലും ഇഞ്ചിനിയറെജമാനൻ വന്നാലും വിളിക്കുന്നതു് ചന്തുക്കുട്ടിമേസ്തിരിയെ. വിവരങ്ങളന്വേഷിക്കുന്നതോ? അതും ഈ ചന്തുക്കുട്ടിമേസ്തിരിയോടു്… കേളുക്കുട്ടി തലയും ചൊറിഞ്ഞു് പിറകെ നടക്കും. തിരിഞ്ഞുനോക്കില്ല അവരാരും. (പഴയ പദവിയും പ്രഭാവവും ഓർത്തുകൊണ്ടു് അല്പനേരം നടക്കുന്നു. വീണ്ടും മുഖത്തു് വിഷാദം സ്ഫുരിക്കുന്നു.) കളിച്ചു് കളിച്ചു് ആ കേളുക്കുട്ടി ഒടുവിലെന്നെ ചതിച്ചു.
രാഘവൻ:
അതെങ്ങനെയച്ഛാ?
ചന്തുക്കുട്ടി:
അവന്റെ മകളല്ലേ ഇന്നിവിടെ ഭരിക്കുന്നതു്. ഞാനെന്നും ഈ ബന്ധത്തിനെതിരായിരുന്നു.
രാഘവൻ:
കാരണം?
ചന്തുക്കുട്ടി:
ഇക്കാണുന്ന സ്വത്തു് മുഴുവൻ അവളു് തട്ടിയെടുക്കും. (രാഘവന്റെ അടുത്തു് ചെന്നു് ശബ്ദം താഴ്ത്തി പറയുന്നു.) പിന്നേയ് നീ വേഗത്തിലൊരു കല്യാണം കഴിക്കണം. എന്നിട്ടു് നിന്റെ ഭാര്യയും അവളുംകൂടി മത്സരിക്കണം.
രാഘവൻ:
നല്ല ഉപദേശം.
ചന്തുക്കുട്ടി:
അല്ലാതെ ഈ സ്വത്തു് ഭാഗിക്കാൻ പറ്റില്ല.
രാഘവൻ:
ന്യായമായ വഴിക്കു് ഭാഗിച്ചുകൂടേ അച്ഛാ?
ചന്തുക്കുട്ടി:
സാധിക്കില്ലെടാ. ഈ കാണുന്ന സ്വത്തു് മുഴുവനും ഞാൻ സമ്പാദിച്ചതല്ല (വീണ്ടും ശബ്ദം താഴ്ത്തി) അക്കാര്യത്തിൽ പ്രഭാകരൻ സമർത്ഥനാ.
രാഘവൻ:
ഏതു് കാര്യത്തിൽ?
ചന്തുക്കുട്ടി:
പണം സമ്പാദിക്കുന്ന കാര്യത്തിൽ… ഓ… എന്തൊരു കൗശലമാണു്… കഴിഞ്ഞ യുദ്ധക്കാലത്തു്… (നാലുപുറവും പരിഭ്രമിച്ചു് നോക്കുന്നു.)
രാഘവൻ:
അച്ഛനെന്തിനാ പരിഭ്രമിക്കുന്നതു്?
ചന്തുക്കുട്ടി:
ഒന്നൂല്ല… യുദ്ധക്കാലത്തു്…
രാഘവൻ:
യുദ്ധക്കാലത്തു്?
ചന്തുക്കുട്ടി:
സിമന്റും… (പരിഭ്രമിക്കുന്നു) ഇരുമ്പും…
രാഘവൻ:
ഇതാണോ അച്ഛനിത്ര രഹസ്യമായി പറയുന്നതു്. ഇന്നാട്ടിൽ പരക്കെ അറിയുന്ന കാര്യമല്ലേ. പൊതുസ്ഥാപനങ്ങൾക്കുവേണ്ടി ഗവർമ്മെണ്ടിൽനിന്നനുവദിച്ച സിമന്റും ഇരുമ്പും കരിഞ്ചന്തയിൽ വിറ്റാണു് കാശുണ്ടാക്കിയതെന്നു് എല്ലാർക്കുമറിയാം.
ചന്തുക്കുട്ടി:
ഛീ! പതുക്കെ പറ.
രാഘവൻ:
എന്താണച്ഛാ ഉറക്കെ പറഞ്ഞാൽ?
ചന്തുക്കുട്ടി:
നമ്മൾക്കതു് ഉറക്കെ പറയാൻ പാടില്ല.
രാഘവൻ:
ചെയ്യാൻ പാടുണ്ടോ?
ചന്തുക്കുട്ടി:
നല്ല സമർത്ഥന്മാരല്ലാതെ ഇതൊന്നും ചെയ്യില്ല; കണ്ടുപിടിച്ചുപോവും.
രാഘവൻ:
കണ്ടുപിടിക്കാത്തമട്ടിൽ എന്തു് കളവും ചെയ്യാം, ഇല്ലേ അച്ഛാ? ഈ രാജ്യം നശിപ്പിക്കാൻ അച്ഛനും സഹായിച്ചിട്ടുണ്ടു്. രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ചെലവഴിക്കേണ്ട പണം കൃത്രിമം കാണിച്ചു് സ്വന്തം പെട്ടിയിൽ നിറയ്ക്കുക. (പുറത്തു് കാറിന്റെ ശബ്ദം)
ചന്തുക്കുട്ടി:
എന്റെ പെട്ടി നിറയ്ക്കാൻ ഞാൻ തന്നെ ശ്രമിക്കേണ്ടേ?
രാഘവൻ:
എന്തിനിങ്ങനെ പെട്ടി നിറയ്ക്കണം?
ചന്തുക്കുട്ടി:
എടാ നിറഞ്ഞ പെട്ടിയില്ലെങ്കിൽ ഒരാളും വിലവെക്കില്ല.
രാഘവൻ:
ഇന്നു് ഈ രാജ്യം ഇങ്ങിനെ കിടന്നു് വിഷമിക്കുന്നതെന്താണു്? അന്നു് നിങ്ങളെല്ലാരുംകൂടി മത്സരിച്ചു് നശിപ്പിച്ചതുകൊണ്ടല്ലേ?
ചന്തുക്കുട്ടി:
ആർക്കു് വേണടാ നിന്റെ രാജ്യം.
രാഘവൻ:
ഇന്നെല്ലാവർക്കും അതാണു് വേണ്ടതു്; രാജ്യം! രാജ്യത്തിന്റെ അഭിവൃദ്ധിയാണു് ഇന്നു് സകലരുടേയും ലക്ഷ്യം. രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിക്കാനും ജനങ്ങൾ ഇന്നു് മടിക്കില്ല. (ചന്തുക്കുട്ടിമേസ്തിരി ഒന്നും മിണ്ടാതെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.) അച്ഛാ, അച്ഛനിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല; രാജ്യത്തെ ചൂഷണം ചെയ്യുന്നൊരു ഗവർമ്മെണ്ടിന്റെ കീഴിലായിരുന്നു അച്ഛൻ. ഭരിക്കുന്നവർക്കു് അന്നു് രാജ്യത്തെപ്പറ്റി ശ്രദ്ധയുണ്ടായിരുന്നില്ല; ഇന്നാ നിലയൊക്കെപ്പോയി. എല്ലാവരും ചേർന്നു് രാജ്യശ്രേയസ്സിനുവേണ്ടി അദ്ധ്വാനിക്കുകയാണിപ്പോൾ. (ഒടുവിൽ പറഞ്ഞ ഭാഗം കേട്ടുകൊണ്ടു് പ്രഭാകരൻ വരുന്നു.)
പ്രഭാകരൻ:
നിന്നെപ്പോലുള്ള വങ്കന്മാർ മാത്രം. രാജ്യശ്രേയസ്സാണത്രേ! എടാ, കുടുംബകാര്യവും വീട്ടുകാര്യവും ശ്രദ്ധിക്കാത്തവർ എന്തിന്നുകൊള്ളും?
രാഘവൻ:
അതു് മാത്രം ശ്രദ്ധിച്ചു് എന്തു് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരില്ലേ; അവരേക്കാൾ ഭേദമാണു്.
പ്രഭാകരൻ:
(ശുണ്ഠി) രാഘവാ, നീ ആലോചിച്ചു് സംസാരിക്കണം… നിന്റെ പെരുമാറ്റം വളരെ ചീത്തയാവുന്നുണ്ടു്.
രാഘവൻ:
ഇതിലും നന്നായിട്ടു് പെരുമാറാൻ എനിക്കു് വയ്യ.
പ്രഭാകരൻ:
വയ്യെങ്കിൽ നീ വേറെ സ്ഥലമന്വേഷിക്കേണ്ടിവരും.
രാഘവൻ:
ഈ സ്ഥലം പറ്റില്ലെന്നു് തോന്നുമ്പോൾ അങ്ങനെ ചെയ്യാം.
പ്രഭാകരൻ:
എന്നാൽ അതിനുള്ള സമയമായി.
രാഘവൻ:
അച്ഛനുള്ളപ്പോൾ വേണോ?
പ്രഭാകരൻ:
അച്ഛനെ പിരിഞ്ഞിരിക്കാനുള്ള വിഷമമാണോ?
രാഘവൻ:
അല്ലെന്നു് പറയാൻ വയ്യ.
പ്രഭാകരൻ:
എന്നാൽ ഒരുമിച്ചു് അച്ഛനേയും വിളിച്ചോളൂ.
രാഘവൻ:
അങ്ങനെ അച്ഛനേയും വിളിച്ചു് കൈയുംവീശിയങ്ങു് പോയാൽ പോരല്ലോ?
പ്രഭാകരൻ:
പിന്നെ കൈനിറയെ വല്ലതും കൊണ്ടുപോണോ?
രാഘവൻ:
നിറയെ വേണ്ട.
പ്രഭാകരൻ:
എന്നാൽ സത്യമങ്ങു് പറഞ്ഞുതരാം.
രാഘവൻ:
കേൾക്കട്ടെ.
പ്രഭാകരൻ:
പോകുമ്പോൾ കൈയുംവീശിത്തന്നെ പോകേണ്ടിവരും. നിങ്ങളുടെ വക യാതൊന്നും ഇവിടെയില്ല.
രാഘവൻ:
അച്ഛന്റെ വകയുമില്ലേ?
പ്രഭാകരൻ:
അച്ഛന്റെ വകയോ? അച്ഛനോടുതന്നെ ചോദിക്കൂ. കഷ്ടിച്ചു് ജീവിക്കാൻതന്നെ അച്ഛനു് വരുമാനമുണ്ടായിരുന്നില്ല.
രാഘവൻ:
അതു സമ്മതിച്ചു. പക്ഷേ, അച്ഛൻ കൈക്കൂലി വാങ്ങിയിരുന്നു.
പ്രഭാകരൻ:
വാങ്ങിയിട്ടുണ്ടെങ്കിൽ അച്ഛന്റെ കൈയിൽ ഉണ്ടാവും.
രാഘവൻ:
അച്ഛന്റെ കൈയിലുള്ളതൊക്കെ ഇന്നു് നിങ്ങളുടെ കൈകളിലാണു്.
പ്രഭാകരൻ:
ഇതുവരെനിന്നു് പ്രസംഗിച്ചതു് ഈ വിശ്വാസംകൊണ്ടാണോ? ഇവിടെ അച്ഛനും നിനക്കുമൊന്നും ഒരവകാശവുമില്ല. (ചന്തുക്കുട്ടിമേസ്തിരി അർത്ഥം മനസ്സിലാവാതെ പരിഭ്രമിക്കുന്നു.) ഇവിടെ ആരുടെ സമ്പാദ്യവുമില്ല. ഈ കാണുന്നതത്രയും ഞാനുണ്ടാക്കിയതാണു്. എന്റെ സ്വന്തമാണു്.
രാഘവൻ:
(പെട്ടെന്നു് ഞെട്ടലോടെ) അച്ഛാ… അച്ഛാ!
ചന്തുക്കുട്ടി:
(അന്തംവിട്ടു് നോക്കുന്നു)
രാഘവൻ:
ഇവിടെ അച്ഛനൊന്നും സമ്പാദിച്ചിട്ടില്ലേ?
ചന്തുക്കുട്ടി ഒന്നും മിണ്ടാതെ നോക്കുന്നു.
പ്രഭാകരൻ:
ഇതുവരെ ഊണു് കഴിച്ചതിന്റെ പ്രതിഫലം തരണം.
രാഘവൻ:
(അച്ഛന്റെ അടുത്തുചെന്നു്) അച്ഛനെന്താ ഒന്നും മിണ്ടാത്തതു്?
ചന്തുക്കുട്ടി:
(മക്കൾ തമ്മിലുള്ള വഴക്കു് കണ്ടു് മനസ്സിന്റെ നില ആകെ പരുങ്ങലിലാവുന്നു. ഒരപരാധിയെപ്പോലെ പറയുന്നു.) കേളുക്കുട്ടി രണ്ടു് പച്ചനോട്ടു് തന്നതു് നേരാണു്.
രാഘവൻ:
അച്ഛനാകെപ്പാടെയുള്ള സമ്പാദ്യം അതാണോ?
ചന്തുക്കുട്ടി:
ഇതൊന്നും ഇങ്ങിനെ ഉറക്കെ പറയരുതു്.
പ്രഭാകരൻ:
(പൊട്ടിച്ചിരിക്കുന്നു) അച്ഛൻതന്നെ പറയട്ടെ കണക്കു്! എടാ, നീ മനസ്സിലാക്കിയിട്ടില്ല. ഈ അച്ഛൻ ഒരടിമയായിരുന്നു; എല്ലാവരുടെ മുൻപിലും പഞ്ചപുച്ഛമടക്കി നിന്ന ഒരടിമ. അറുപതു് വയസ്സിനു് ശേഷമാണു് ഈ അച്ഛനൊരു കാറിൽ കയറിയതു്. ഇന്നു് നിന്നേയും ഈ അച്ഛനേയും ജനങ്ങൾ ബഹുമാനിക്കുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ ശക്തികൊണ്ടല്ല. മനസ്സിലായോ… അവൻ നിന്നു് പ്രസംഗിക്കുന്നു… എടാ, ഇന്നുതന്നെ നിങ്ങളെ പഴയമട്ടിലുള്ള ഒരു മൺകുടിലിലേക്കു് പറഞ്ഞയയ്ക്കാൻ എനിക്കു് സാധിക്കും.
രാഘവൻ:
മൺകുടിലിൽ പാർക്കുന്നതു് അത്ര കുറച്ചിലൊന്നുമല്ല.
പ്രഭാകരൻ:
ഇന്നു് നിങ്ങൾക്കു് കുടിലുമില്ല. സൂക്ഷിച്ചു് പെരുമാറിക്കോളു… ഞാനൊന്നിനും മടിക്കില്ല… എന്നെ പഠിപ്പിക്കാൻ വന്നാൽ ഞാനും പഠിപ്പിക്കും… നിങ്ങളെ ഊട്ടിപ്പുലർത്താൻ എന്നിക്കു് വലിയ ചുമതലയൊന്നുമില്ല.
രാഘവൻ:
ചുമതലയുണ്ടെന്നു് കരുതിയാണു് ഇതുവരെ ഉണ്ടതു്.
പ്രഭാകരൻ:
ഇനിയാ വിശ്വാസം വേണ്ട.
രാഘവൻ:
ആ വിശ്വാസം തീർന്നാൽ ഉടനെ ഇവിടുത്തെ ഊണവസാനിപ്പിക്കാം.
പ്രഭാകരൻ:
(ചിരിക്കുന്നു.) ഓ വലിയ ധീരനാണല്ലോ… (പെട്ടെന്നു് പുറമേനിന്നു് കാറിന്റെ ഹോൺ. പ്രഭാകരൻ അല്പം മുൻപോട്ടു് നീങ്ങി അകത്തേക്കു് സൂക്ഷിച്ചുനോക്കുന്നു. ഒട്ടു് വിമ്മിഷ്ടത്തോടെ പറയുന്നു.) അല്പം ദയ വിചാരിക്കണം. അവകാശത്തെപ്പറ്റിയും അർഹതയെപ്പറ്റിയും സംസാരിക്കാൻ ഇത്തിരി കഴിഞ്ഞാലും സമയമുണ്ടാകും. ഒന്നകത്തേക്കു് പോകൂ! അച്ഛനേയും വിളിച്ചോളു.
രാഘവൻ:
ഇവിടെ നിന്നാലെന്താ കുഴപ്പം?
പ്രഭാകരൻ:
ആരോ വരുന്നുണ്ടു്. ഈ വേഷത്തിൽ അച്ഛനിവിടെ നിന്നാൽ അതിന്റെ കുറച്ചിൽ എനിക്കാണു്.
രാഘവൻ:
(സഹിക്കാത്ത മട്ടിൽ) ആഹാ! കുറച്ചിലാണോ? അച്ഛനുവേണ്ടി അല്പമതു് സഹിച്ചുകളയു. ഒരപകടവുമില്ല. (ധൃതിയിൽ സ്വന്തം മുറിയിലേക്കു് പോകുന്നു.)
പ്രഭാകരൻ:
(അച്ഛനെ സമീപിച്ചിട്ടു്) അച്ഛനെന്താ ഇവിടെ നില്ക്കുന്നതു്?
ചന്തുക്കുട്ടി:
(ഒന്നും മിണ്ടാതെ മുഖത്തു് നോക്കുന്നു.)
പ്രഭാകരൻ:
(പതുക്കെ മുൻപോട്ടുതള്ളി) അച്ഛനകത്തേക്കു് പോയ്ക്കോളു.
ചന്തുക്കുട്ടി:
(പെട്ടന്നു് ശാഠ്യംപിടിച്ച കുട്ടിയെപ്പോലെ സോഫയിലിരിക്കുന്നു. പ്രഭാകരൻ ധർമസങ്കടത്തിൽ പെടുന്നു. പരുങ്ങുന്നു. മുഖഭാവം മാറി അതിഥിയെ സ്വാഗതം ചെയ്യാനെന്ന മട്ടിൽ മുൻപോട്ടോടുന്നു. പാന്റും കോട്ടും ടൈയുമണിഞ്ഞു് കൈയിൽ വലിയ ഫയലുമായി ഒരു മനുഷ്യൻ കടന്നുവരുന്നു. വായിലെ പൈപ്പ് മാറ്റാതെയാണു് സംസാരം.)
പ്രഭാകരൻ:
നമസ്കാരം.
അതിഥി:
നമസ്കാരം. (മുൻപിലോട്ടു് വന്നു് കൈപിടിച്ചു് കുലുക്കുന്നു.)
പ്രഭാകരൻ:
(അച്ഛനെ മറഞ്ഞു് നടന്നുകൊണ്ടു്) വരൂ, വരൂ ഇവിടെ കടന്നിരിക്കാം; ഈ അകത്തു്.
അതിഥിയെ സ്വന്തം മുറിയിലേക്കു് കൊണ്ടുപോകുന്നു. മേസ്തിരി അതിഥിയുടെ ശ്രദ്ധയിൽ പെടാതെ കഴിക്കുന്നു. രണ്ടുപേരും പോകുന്നതു് ഇമവെട്ടാതെ നോക്കിയിരിക്കുന്നു. പിന്നീടു് എഴുന്നേല്ക്കുന്നു. അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. കീശയിൽ നിന്നും ചുരുട്ടെടുക്കുന്നു. മനസ്സിൽ വികാരം കൂടുതലായതുകൊണ്ടു് കൈക്കു് വിറ വർദ്ധിക്കുന്നു. രാഘവൻ തിരിച്ചുവരുന്നു. ചുരുട്ടുകൊളുത്താൻ അച്ഛനെ സഹായിക്കുന്നു. അകത്തു് പ്രഭാകരനും അതിഥിയും ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുന്നതു് ശ്രദ്ധിക്കുന്നു. തെല്ലിട കഴിഞ്ഞു് പറയുന്നു.
രാഘവൻ:
അച്ഛാ, അച്ഛൻ കൈക്കുലി വാങ്ങിയതും മേലുദ്യോഗസ്ഥന്മാരുടെ ചീത്ത കേട്ടതും എന്തിനായിരുന്നു? (മേസ്തിരി വേഗത്തിൽ ചുരുട്ടു് വലിക്കുന്നു.) മക്കളെ പോറ്റി വലുതാക്കാൻ അല്ലേ അച്ഛാ? വലുതാക്കലെന്നു് പറഞ്ഞാലോ ചെറിയ തോതിലൊന്നും പോരാ. പണക്കാരനാണെങ്കിൽ ലക്ഷപ്രഭു ഉദ്യോഗസ്ഥനാണെങ്കിൽ ഗവർണർ! അതിൽ കുറഞ്ഞു് ഒരച്ഛനും ആശിക്കില്ല. പക്ഷേ, പണമില്ലെങ്കിലും ഉദ്യോഗമില്ലെങ്കിലും മക്കൾ സ്വഭാവശുദ്ധിയുള്ളവരായിരിക്കണമെന്നു് കൊതിക്കുന്ന അച്ഛനമ്മമാരെത്രയുണ്ടു്? (കുറച്ചുകൂടെ അടുത്തുചെന്നു്) ആ രണ്ടു് പച്ചനോട്ട് അച്ഛനെന്തു് കാണിച്ചു?
ചന്തുക്കുട്ടി:
(പരിഭ്രമം നടിച്ചു്) അതു് കാണിക്കാൻ പറ്റില്ല… ഓവർസ്യാരെജമാൻ അറിഞ്ഞാൽ ഉദ്യോഗം കുളത്തിലിറങ്ങും.
രാഘവൻ:
(അച്ഛൻ പറയുന്നതു് കേൾക്കാത്തമട്ടിൽ) ഒരു മഴ പെയ്തപ്പോൾ നിരത്തു് മുഴുവനും ചളികെട്ടി. അതിൽക്കൂടി വണ്ടി വലിച്ച കാളകളുടെ കഴുത്തു് നുകത്തണ്ടുകൊണ്ടു് പൊട്ടി. വണ്ടിക്കാരൻ കാളകളെ ചാട്ടകൊണ്ടു് ആഞ്ഞാഞ്ഞു് തല്ലി. നിരത്തിന്റെ കൊള്ളരുതായ്മയെപ്പറ്റി ജനങ്ങൾ ബഹളം കൂട്ടി. അച്ഛൻ ഒന്നും അറിയാത്തപോലെ ചുരുട്ടും വലിച്ചു് കാലവർഷത്തെ കുറ്റപ്പെടുത്തി നടന്നു.
ചന്തുക്കുട്ടി:
(വളരെ ആത്മാർത്ഥമായും രഹസ്യമായും) കേളുക്കുട്ടി നാലു് നാഴിക നിരത്തിലിടാൻ ഒന്നരവണ്ടി ചരലാണു് കൊണ്ടുവന്നതു്. പുറത്തു് പറയാൻ പറ്റ്വോ? ഭാഗ്യത്തിന്നു് ആ കൊല്ലം എങ്ങുമില്ലാത്ത മഴ.
രാഘവൻ:
അതേ, അച്ഛാ. ആ മഴകൊണ്ടു് നിരത്തു് തകർന്നൊലിച്ചു. ആ പച്ചനോട്ടോ?
ചന്തുക്കുട്ടി:
മിണ്ടല്ലടാ, അതിന്റെ കഥ പുറത്തു് പറയാൻ നന്നോ.
രാഘവൻ:
കരാറുകാരന്റെ പെട്ടിയിൽ അങ്ങിനെ പത്തോപതിനഞ്ചോ പച്ചനോട്ടുകൾ വേറെയും കിടന്നിട്ടുണ്ടാവും.
ചന്തുക്കുട്ടി:
ആ കേളുക്കുട്ടി അതിനപ്പുറവും പറ്റിച്ചിട്ടുണ്ടാവും.
രാഘവൻ:
നിങ്ങളുടെ രണ്ടുപേരുടെ പെട്ടിയിൽ കിടന്ന നോട്ട് ആ മഴകൊണ്ടു് നനഞ്ഞില്ല. പക്ഷ, നിരത്തിൽക്കൂടെ വണ്ടിവലിച്ച കാളകളുടെ മുതുകത്തു് ചാട്ടവീണപ്പോൾ അവയുടെ കണ്ണുകൾ നനഞ്ഞു. പാവപ്പെട്ട ചുമട്ടുതൊഴിലാളി ഭാരവും ചുമന്നു് പോകുമ്പോൾ ചളിയിൽ കാലമർന്നു് വിഷമിച്ചു. വേദനകൊണ്ടു് അവന്റെ കണ്ണു് നനഞ്ഞു.
ചന്തുക്കുട്ടി:
മഴ പെയ്തപ്പോൾ വിഷമംതന്നെയായിരുന്നു ആ നിരത്തിലൂടെ നടക്കാൻ.
രാഘവൻ:
കാറ്റും മഴയും ഏല്ക്കാതെ, നനയാതെ പെട്ടിയിൽക്കിടന്ന ആ പച്ചനോട്ട് പെരുകിപ്പെരുകി ഇവിടെ മാളികയും കാറുമൊക്കെ വന്നു… പക്ഷേ, എല്ലാമായപ്പോൾ അച്ഛൻ ഈ വീട്ടിന്റെ സ്ഥിതിക്കു് പൊരുത്തപ്പെടാതെയായി. ഈ തറയിൽ പാവിയ വെണ്ണക്കല്ലിനു് ചേർന്നതല്ലാ അച്ഛന്റെ ഈ പരുക്കൻകാലുകൾ! ഒരു റോഡുമേസ്തിരിയുടെ പഴയ കോട്ട് ഇവിടത്തെ പട്ടുമറ തൂങ്ങുന്ന ജാലകങ്ങൾക്കു് പിന്നിൽ കാണാൻ പറ്റിയതല്ല; റേഡിയോ പാടുമ്പോൾ കഫംവരണ്ട തൊണ്ടയിൽനിന്നു് അച്ഛന്റെ ചുമ പുറത്തു് ചാടുന്നു. അതിവിടുത്തെ അന്തരീക്ഷത്തിന്നു് ചേർന്നതല്ല. (ചുരുട്ടു് വേഗം വേഗം വലിക്കുന്നു. പുക കിട്ടുന്നില്ല. തീപ്പെട്ടി തപ്പിയെടുത്തു് ഉരസാൻ ശ്രമിക്കുന്നു. കൈവിറ അധികമാകുന്നു. പഴയപോലെ രാഘവൻ അതു് കൊളുത്തിക്കൊടുക്കുന്നു. കിഴവൻ ആർത്തിയോടെ പുക വലിച്ചൂതുന്നു.) അച്ഛാ, എല്ലാം കുഴപ്പത്തിലാക്കിയതു് ആ പച്ചനോട്ടാണു്. അന്നത്തെ മഴയ്ക്കതു് നനഞ്ഞുപോയെങ്കിൽ അച്ഛനിന്നു് വിഷമിക്കേണ്ടിവരില്ലായിരുന്നു. ഇവിടെ ഇത്ര വലിയൊരു മാളികയും ഇക്കണ്ടസ്ഥിതിയുമൊന്നും വന്നുചേരില്ലായിരുന്നു. ഒരു മൺകുടിലിന്നു് ചേർന്ന അച്ഛനും മക്കളും ഇവിടെ സമാധാനത്തോടെ കഴിഞ്ഞുകൂടുമായിരുന്നു… പക്ഷേ, ആ പണത്തിന്റെ പാപം ആരംഭിച്ചതേയുള്ളു. ഉണക്കപ്പുല്ലിൽ വീണ തീപ്പൊരിപോലെ അതിനി എവിടെയൊക്കെ പടരുമെന്നോ എന്തൊക്കെ നശിപ്പിക്കുമെന്നോ പറയാൻ വയ്യ.
ചന്തുക്കുട്ടി:
(പരിഭ്രമിക്കുന്നു. കാര്യമായി ചോദിക്കുന്നു) തീപ്പൊരിയോ?
രാഘവൻ:
അതെ അച്ഛാ. ആ പച്ചനോട്ട് തീപ്പൊരിയായിരുന്നു. അതീ കുടുംബത്തിലേക്കു് അച്ഛൻ കൊണ്ടുവന്നു. അന്നതു് മയങ്ങിക്കിടന്നു. പുകയാനും കത്താനും തുടങ്ങുന്നതു് ഇപ്പോഴാണു്… എല്ലാം നശിപ്പിക്കും; വെണ്ണീറാക്കും… എന്തൊക്കെ ബാക്കിയാകുമെന്നു് പറയാൻ വയ്യ.
ചന്തുക്കുട്ടി:
(വളരെ പതുക്കെ) ഒക്കെ കേളുക്കുട്ടി പറ്റിച്ചതാ.
രാഘവൻ:
അവിടേയും കുഴപ്പം വരാതിരിക്കില്ല. അയാളുടെ മകൾ ഇവിടെ എന്തുമാത്രം വിഷമിച്ചാണു് കഴിഞ്ഞുകൂടുന്നതെന്നു് അച്ഛനറിയാമോ? അവിടേയുമുണ്ടു് അധർമം. പച്ചനോട്ടുകളുടെ രൂപത്തിൽ പെട്ടിയിലമർന്നുകിടക്കുന്നു. സന്ദർഭം വരുമ്പോൾ എല്ലാം ചുട്ടെരിക്കും.
അമ്പലത്തിൽ ശീവേലിയെഴുന്നള്ളിപ്പിന്റെ ശംഖനാദവും കൊട്ടും. പ്രഭാകരനും അതിഥിയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടു് വരുന്നു. ഒന്നും വ്യക്തമല്ല. അവർ രംഗത്തേക്കു് വരാൻ തുടങ്ങുമ്പോൾ രാഘവൻ തന്റെ മുറിയിലേക്ക് പിന്മാറുന്നു. പ്രഭാകരനാണു് മുറിയിൽനിന്നു് ആദ്യം പുറത്തുകടക്കുന്നതു്. അതിഥിയുടെ കാഴ്ചപ്പാടിൽനിന്നു് അച്ഛനെ ഒഴിവാക്കാൻ പ്രഭാകരൻ മനപൂർവം ശ്രമിക്കുന്നു. അതിഥി വാതിൽ കടന്നുനിന്നു് പ്രഭാകരനോടു് പറയുന്നു.
അതിഥി:
മി. പ്രഭാകരൻ, ഭാവി നമ്മുടെ കൈയിലാണു്. ബിസിനസ്സുകാരുടെ.
പ്രഭാകരൻ:
അതറിഞ്ഞുകൊണ്ടുതന്നെയാണു് ഞാനീ ലൈനിലേയ്ക്കു് വന്നതു്.
അതിഥി:
(കൈയിലെ ഫയൽ നോക്കീട്ടു്) പ്രോസ്പക്ടസ്സൊക്കെ ഞാൻ തന്നില്ലേ?
പ്രഭാകരൻ:
ഉവ്വു്, മേശപ്പുറത്തു് വെച്ചിട്ടുണ്ടു്.
അതിഥി:
സമയം കിട്ടുമ്പോൾ അതു് മുഴുവനായൊന്നു് വായിച്ചു് നോക്കൂ. ബുദ്ധിമുട്ടില്ലെങ്കിൽ മി. പ്രഭാകരൻ തന്നെ കമ്പനിയുടെ മാനേജിങ് ഡയറക്ടറാവണം. (മുൻപോട്ടു് നടക്കുന്നു. പ്രഭാകരൻ അച്ഛനെ അതിഥിയുടെ ദൃഷ്ടിയിൽനിന്നു് മറച്ചുകൊണ്ടാണു് നടക്കുന്നതു്) എന്താ വിരോധമുണ്ടോ?
പ്രഭാകരൻ:
വയ്യ, ധാരാളം ചുമതലകൾ ഇപ്പോൾത്തന്നെയുണ്ടു്. ഡയറക്ടറാവാം; അതുമതി.
അതിഥി:
പോരാഞ്ഞിട്ടല്ല. മാനേജിങ് ഡയറക്ടർ മി. പ്രഭാകരനെപ്പോലെ ‘ഷ്റൂഡാ’ (shrewd). (നടന്നു് രംഗമധ്യത്തിലെത്തുന്നു. തിരിഞ്ഞുനോക്കുന്നു. ചന്തുക്കുട്ടിമേസ്തിരിയെ കാണുന്നു. മുഖത്തു് ഭയങ്കരമായ പുച്ഛം)
അതിഥിയുടെ നോട്ടവും ഭാവവും കണ്ടു് ആകെ പരുങ്ങുന്നു. അതിഥി എന്തോ ചോദിക്കാൻ ഭാവമുണ്ടെന്നു് കരുതി വിഷയം മാറ്റാൻവേണ്ടി പറയുന്നു.
പ്രഭാകരൻ:
പിന്നെ, ഈ ബിസിനസ്സിന്ന്…
അതിഥി:
(അതിലൊന്നും ഒട്ടും താത്പര്യം കാണിക്കാതെ) എസ്ക്യുസ് മീ! ഒന്നു് ചോദിക്കട്ടെ പ്രഭാകരൻ.
പ്രഭാകരൻ:
(കലശലായി പരുങ്ങി) ഒന്നും ചോദിക്കരുതു്. എനിക്കു് മനസ്സിലായി. അതൊരു വലിയ ചുമതലയുടെ കഥയാണു്. പൂമുഖം ചൂലുകൊണ്ടല്ലേ അടിക്കുന്നതു്. (അതിഥിയെ കഴിയും വേഗം നടക്കാൻ പ്രേരിപ്പിച്ചുകൊണ്ടു്, ചുറ്റിലും നോക്കി കലശലായി പരുങ്ങി ശബ്ദം താഴ്ത്തി പറയുന്നു.) അച്ഛന്റെ കാലത്തുതന്നെ ഞങ്ങളുടെ ഒപ്പമുള്ള ഒരു സർവന്റാണു്. ഞങ്ങളെയൊക്കെ ചെറുപ്പത്തിൽ എടുത്തു് വളർത്തിയ മനുഷ്യൻ.
ചന്തുക്കുട്ടിമേസ്തിരി തുടക്കംമുതൽ അതിഥിയേയും പ്രഭാകരനേയും ശ്രദ്ധിക്കുന്നു. ഒടുവിൽ പറഞ്ഞ വാക്കുകൾ ശരിക്കും മനസ്സിലാവുന്നു; ഞെട്ടുന്നു; കൈ രണ്ടും വിറയ്ക്കാൻ തുടങ്ങുന്നു. ഈ സമയത്തു് രാഘവന്റെ മുറിയിലെ ജാലകമറയിൽ അകത്തൊരാൾ അങ്ങട്ടുമിങ്ങട്ടും നടക്കുന്നതിന്റെ നിഴൽ വീണുകൊണ്ടിരിക്കുന്നു.
അതിഥി:
(നിന്ന സ്ഥലത്തുനിന്നിളകാതെ) എന്നാലും ഇതനുവദിക്കരുതു്. എന്റെ ബംഗ്ലാവിൽ സർവന്റ്സിനു് വരാനും പോകാനും പ്രത്യേക ഗെയ്റ്റാണ്. (മുൻപോട്ടു് നടക്കുന്നു) ഇതിലൊന്നും സോഷ്യലിസം പാടില്ല മി. പ്രഭാകരൻ. നമ്മുടെ സ്റ്റാറ്റസിനു് തകരാറാണു്.
പുറത്തേക്കു് പോകുന്നു. ഒപ്പം പ്രഭാകരനും. അതിഥിയുടെ ചിരി അകുന്നകന്നു് പോകുന്നു. ഒടുവിൽ ഒരു കാർ പുറപ്പെടുന്നതിന്റെ ശബ്ദം. അല്പം കഴിഞ്ഞു് പ്രഭാകരൻ വരുന്നു. രംഗത്തുകടക്കാൻ ശങ്കിച്ചു് നില്ക്കുന്നു. അച്ഛന്റെ മുഖത്തു് നോക്കാതെ തലതാഴ്ത്തി ധൃതിയിൽ തന്റെ മുറിയിൽ കടന്നു് രക്ഷപ്പെടാൻ തുടങ്ങുന്നു. പക്ഷേ, രാഘവൻ തന്റെ മുറിയുടെ വാതില്ക്കൽ നിന്നുകൊണ്ടു് തൊടുത്തുവിട്ട ചോദ്യം കേട്ടു് പ്രഭാകരനു് നില്ക്കേണ്ടിവരുന്നു.
രാഘവൻ:
ചൂലുകൊണ്ടെവിടെയാണടിക്കേണ്ടതു്?
പ്രഭാകരൻ:
(മുഖം ബീഭത്സമാവുന്നു.) നിന്റെ മുഖത്തു്.
രാഘവൻ:
പണം മനുഷ്യനെ മൃഗമാക്കാറുണ്ടോ?
പ്രഭാകരൻ:
മൃഗത്തെ ദൈവമാക്കാറുണ്ടു്.
രാഘവൻ:
അത്തരമൊരു ദൈവത്തിന്റെ മുൻപിലാണു് ഞാൻ നില്ക്കുന്നതു്.
പ്രഭാകരൻ:
(അലറുംപോലെ) രാഘവാ.
രാഘവൻ:
ആ ദൈവത്തിന്നു് സ്വന്തം അച്ഛൻ സർവന്റാണു്. അതു പറയാൻ നിങ്ങൾക്കെങ്ങിനെ നാവനങ്ങി?
പ്രഭാകരൻ:
ഓ! ഒരു കൊലപാതകിയെ വിസ്തരിക്കുംപോലെയുണ്ടല്ലോ.
രാഘവൻ:
കൊലപാതകികൾക്കു് നിങ്ങളേക്കാൾ ആത്മാർത്ഥതയും ദയയുമുണ്ടാവും.
പ്രഭാകരൻ:
കൊലപാതകത്തിലല്ല, ആത്മാർത്ഥതയിലാണു് നിന്റെ നോട്ടം.
രാഘവൻ:
അതേ.
പ്രഭാകരൻ:
എന്നാൽ കേട്ടോളൂ, നിന്നെപ്പോലെ ഭീരുവും ദുർബലനുമായ ഒരു പുസ്തകപ്പുഴുവിനല്ലാതെ മറ്റാർക്കും ഈ നാട്ടിലതില്ല. കേൾക്കട്ടെ പറ; ഈ നാട്ടിൽ ഇന്നെത്രപേർക്കാത്മാർത്ഥതയുണ്ടു്?
രാഘവൻ:
മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിച്ചിട്ടില്ല.
പ്രഭാകരൻ:
ഇല്ലെങ്കിൽപ്പിന്നെ നീയെന്തിനിങ്ങനെ വിഷമിക്കണം?
രാഘവൻ:
വിഷമിക്കുന്നതു് ഞാനാണോ?
പ്രഭാകരൻ:
ഇപ്പോൾ വിഷമിക്കുന്നതും ഇനി വിഷമിക്കാൻ പോകുന്നതും നീയാണു്. അറിഞ്ഞുകൂടെങ്കിൽ കേട്ടോളൂ, ഞെക്കുമ്പൊൾ കത്തുന്ന ടോർച്ച് കണ്ടിട്ടില്ലേ; അതുപോലിരിക്കണം മനുഷ്യൻ. ഉള്ളിലെ കരിയും ഇരുട്ടും മൂടിവെച്ചു് ചിരിക്കുക. ആ ചിരിയിലൂടെ കാര്യം നേടുക. ഇവിടെ എല്ലാവരും അങ്ങിനെയാണു്.
രാഘവൻ:
നിങ്ങൾ ചിരിക്കുകയോ കരയുകയോ എന്തുവേണമെങ്കിലും ചെയ്യൂ. അല്പനിമിഷങ്ങൾക്കുമുൻപു് നിങ്ങൾ പറഞ്ഞ വാക്കുണ്ടല്ലോ. അതു് മനുഷ്യന്റെ വായിൽനിന്നു് വീഴേണ്ടതല്ല.
പ്രഭാകരൻ:
മനുഷ്യനല്ലാതെ മറ്റു ജീവികളൊന്നും സംസാരിക്കാറില്ല.
രാഘവൻ:
(വികാരാധീനനാകുന്നു) ചുരുങ്ങിയ ശമ്പളത്തിനു് ജോലി ചെയ്തു് കഷ്ടപ്പെട്ടു് ഒരു കുടുംബം പുലർത്തിയെടുത്ത അച്ഛനെ ഈ വീട്ടിലെ സർവന്റാണെന്നു് പറയുക എന്നിട്ടതു് ന്യായീകരിക്കാൻ ശ്രമിക്കുക. നിങ്ങളൊരു മനുഷ്യനല്ല. (ശീവേലിയെഴുന്നള്ളിപ്പിന്റെ വാദ്യം ഉയർന്നു് കേൾക്കുന്നു.)
പ്രഭാകരൻ:
നീയതു് പറയും.
രാഘവൻ:
ഞാൻ മാത്രമല്ല, ഇതു് കേൾക്കുന്നവരെല്ലാം പറയും.
പ്രഭാകരൻ:
ഇതാരും കേൾക്കാൻ പോകുന്നില്ല.
രാഘവൻ:
എല്ലാവരും ഇതു് കേൾക്കും. ഞാനിതു് എല്ലാവരോടും ഉച്ചത്തിൽ വിളിച്ചുപറയും.
പ്രഭാകരൻ:
(മുഖം പൈശാചികമാവുന്നു. രാഘവന്റെ അടുത്തേക്കു് വരുന്നു) എന്തു്?
രാഘവൻ:
നിങ്ങളുടെ ശരിയായ രൂപം ജനങ്ങൾ കാണട്ടെ.
പ്രഭാകരൻ:
അവരൊരിക്കലും കാണില്ല.
രാഘവൻ:
ഞാൻ കാണിച്ചുകൊടുക്കും.
പ്രഭാകരൻ:
(മുൻപോട്ടടുത്തു്) നിനക്കു് സാധ്യമല്ല.
രാഘവൻ:
സാധ്യമാണു്. അതെന്റെ ചുമതലകൂടിയാണു്.
പ്രഭാകരൻ:
രാഘവാ, എന്നെ തടയാൻ യാതൊരാൾക്കും അവകാശമില്ല… എന്റെ മുൻപിൽ വിലങ്ങടിച്ചു് നില്ക്കാൻ ഞാനാരേയും അനുവദിക്കില്ല. എനിക്കു് ദയ കുറവാണു്.
രാഘവൻ:
നിങ്ങളുടെ ദയ എനിക്കു് ആവശ്യമില്ല.
പ്രഭാകരൻ:
ഞാൻ പരമദുഷ്ടനാണു്.
രാഘവൻ:
വഞ്ചകനും നീചനുമാണു്. ഈ അധഃപതനം തടയാതെ കഴിയില്ല. ജനങ്ങൾ ഇതറിയണം.
പ്രഭാകരൻ:
അറിയില്ല.
രാഘവൻ:
അറിയും.
പ്രഭാകരൻ:
(രാഘവന്റെ പിടലിക്കു് ഊക്കിൽ അടിക്കുന്നു.) അതിനു് മുൻപു് നിന്നെ ഞാൻ കൊല്ലും.
രാഘവൻ ആകെ അമ്പരക്കുന്നു. തരിച്ചുനില്ക്കുന്നു. തല്ലു് ഒട്ടും പ്രതീക്ഷിച്ചതല്ല. നടാടെയാണു് തല്ലുന്നതു്. ആശയപരമായ സംഘട്ടനം പലപ്പോഴും നടന്നിട്ടുണ്ടു്. പക്ഷേ, ഇത്തരമൊരവസ്ഥയിലേക്കു് അതൊന്നും എത്തിച്ചേരാറില്ല. രാഘവന്റെ പ്രതികരണമെന്തെന്നു് ശ്രദ്ധിച്ചുകൊണ്ടു് പ്രഭാകരൻ തെല്ലിട നില്ക്കുന്നു. പിന്നെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. രാഘവനെ ഉദ്ദേശിച്ചുകൊണ്ടു് പറയുന്നു.
പ്രഭാകരൻ:
ഇവിടെ ജീവിക്കാൻ പറ്റിയതു് എന്നെപ്പോലുള്ളവരാണു്. ഞാൻ ജീവിക്കും; മനസ്സിലായോ? ആരൊക്കെ എതിർത്താലും ജീവിക്കും. അതുകൊണ്ടു് എന്റെ കാര്യത്തിലിടപെടാൻ വരരുതു്. വേണമെങ്കിൽ ഇവിടെനിന്നു് ഉണ്ടോളൂ. അതു് സൗജന്യമായി ഞാനേർപ്പാടുചെയ്യാം.
രാഘവൻ:
അച്ഛൻ മരിച്ചാൽ അതിഥികൾക്കു് പരിചയപ്പെടുത്താൻ ഒരു സർവന്റ് വേണമല്ലോ. അതിനായിരിക്കും ഊണു് സൗജന്യമായി തരാമെന്നു് പറഞ്ഞതു്… കൊള്ളാം. (ചന്തുക്കുട്ടിമേസ്തിരിയുടെ വിറ ഭയങ്കരമാവുന്നു. കഴിഞ്ഞ സംഭവങ്ങൾ അദ്ദേഹത്തെ തളർത്തിക്കളഞ്ഞു. ആരുടെ ശ്രദ്ധയിലും പെടാതെ എഴുന്നേറ്റു് അകത്തു് പോകാൻ തുടങ്ങുന്നു. പാതിവഴിചെന്നതും വീഴുന്നു. രാഘവൻ ‘കൊള്ളാം’ എന്ന വാക്കു് പറഞ്ഞവസാനിപ്പിച്ചപ്പോഴാണു് അച്ഛൻ വീഴുന്ന ശബ്ദം കേട്ടതു്. ഉടനെ പിൻതിരിഞ്ഞോടുന്നു. അടുത്തുചെന്നു് താങ്ങിപ്പിടിച്ചെഴുന്നേൽപിക്കുന്നു.) അച്ഛാ… അച്ഛാ.
ചന്തുക്കുട്ടിമേസ്തിരിക്കു് സംസാരിക്കാൻ വയ്യ. താങ്ങിപ്പിടിച്ചു് അകത്തേക്കു് കൊണ്ടുപോകുന്നു. പ്രഭാകരൻ സ്വന്തം മുറിയിലേക്കു് പോകുന്നു.

—യവനിക—

Colophon

Title: Tīppori (ml: തീപ്പൊരി).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, തീപ്പൊരി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: View of Auvers, an oil on canvas painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.