മൂന്നാംരംഗത്തിലെ സംഭവം കഴിഞ്ഞു് രണ്ടു് മണിക്കൂറിനുശേഷം രാത്രി ഒമ്പതു് മണി. പ്രഭാകരന്റെ മുറിയിൽ വെളിച്ചമില്ല. ചന്തുക്കുട്ടിമേസ്തിരി തപ്പിത്തടഞ്ഞു് വരുന്നു. സോഫയിലിരിക്കുന്നു. വളരെ അസ്വസ്ഥനാണു്. അല്പം കഴിഞ്ഞു് ജാനു വരുന്നു.
- ജാനകി:
- അച്ഛാ, അച്ഛൻ ഊണുകഴിച്ചില്ലല്ലോ.
- ചന്തുക്കുട്ടി:
- ആരാതു്: ഏ?
- ജാനകി:
- ഞാനാച്ഛാ, ജാനു… അച്ഛൻ എഴുന്നേല്ക്കൂ…
- ചന്തുക്കുട്ടി:
- നിനക്കെന്താ വേണ്ടതു്? വയ്യാണ്ടൊരു സ്ഥലത്തു് ഇരിക്കാനും സമ്മതിക്കില്ലേ?
- ജാനകി:
- അച്ഛനു് എഴുന്നേറ്റു് വരാൻ വയ്യെങ്കിൽ ചോറു് ഇങ്ങോട്ടു് കൊണ്ടുവരാം.
- ചന്തുക്കുട്ടി:
- വേണ്ട. രാമൻകുട്ടിയെ ഞാൻ ചുരുട്ടു് വാങ്ങാൻ പറഞ്ഞയച്ചിട്ടുണ്ടു്. അവൻ വന്നോ?
- ജാനകി:
- ഇല്ല.
- ചന്തുക്കുട്ടി:
- എനിക്കു് ചുരുട്ടു് വലിക്കാഞ്ഞിട്ടു് വലിയ വിഷമം. എവിടെക്കെങ്ക്ലും പോയാൽ അവൻ വരില്ല. ഇപ്പം സമയം എന്തായി?
- ജാനകി:
- ഒമ്പതുമണി കഴിഞ്ഞു.
- ചന്തുക്കുട്ടി:
- ആരും അമ്പലത്തിൽ പോകുന്നില്ലേ?
- ജാനകി:
- അച്ഛന്റെ ഊണു് കഴിഞ്ഞിട്ടുവേണം പോവാൻ.
- ചന്തുക്കുട്ടി:
- എനിക്കു് ഊണു് വേണ്ടാ.
- ജാനകി:
- ഇത്തിരി കഴിച്ചോളൂ അച്ഛാ! കൊണ്ടുവരട്ടെ?
- ചന്തുക്കുട്ടി:
- നിങ്ങളൊക്കെ ഉണ്ട്വോ?
- ജാനകി:
- ഇല്ല, അച്ഛന്റെ ഊണു് കഴിഞ്ഞിട്ടുവേണം.
- ചന്തുക്കുട്ടി:
- (തൊണ്ടയിടറി) പ്രഭാകരൻ ഊണു് കഴിച്ചോ?
- ജാനകി:
- കഴിച്ചു.
- ചന്തുക്കുട്ടി:
- രാഘവനോ?
- ജാനകി:
- വേണ്ടെന്നു് പറഞ്ഞു.
- ചന്തുക്കുട്ടി:
- ഉം! വിശപ്പില്ലായിരിക്കും! വിശപ്പില്ലാഞ്ഞാൽ ഊണുകഴിക്കാൻ പറ്റില്ലല്ലൊ. കുട്ടികൾക്കു് ഊണു് കൊടുത്തോ?
- ജാനകി:
- ഉണ്ണി മുത്തച്ഛനെ കാത്തിരിക്ക്യാണു്.
- ചന്തുക്കുട്ടി:
- അവനോടു പറയൂ മുത്തച്ഛനെ കാക്കണ്ടാന്നു്. കൈ വിറയ്ക്കുമ്പം അവൻ മുത്തച്ഛനെ സഹായിയ്ക്കും. ഇനി മുത്തച്ഛനെ കാക്കണ്ടാന്നു് പറയൂ. നന്ദിനി ഊണു് കഴിച്ചോ?
- ജാനകി:
- അവളിതുവരെ എഴുന്നേറ്റിട്ടില്ല. ഒരേ കിടപ്പു്.
- ചന്തുക്കുട്ടി:
- (നെടുവീർപ്പു്) ഇപ്പഴും കരയുന്നുണ്ടോ അവളു്? നീയവളെ എങ്ങിനേയെങ്കിലും വിളിച്ചു് ഊണുകഴിപ്പിക്കണം.
- ജാനകി:
- അച്ഛനു്, ഊണു് വേണ്ടെങ്കിൽ പാലു് കൊണ്ടുവരാം.
- ചന്തുക്കുട്ടി:
- അതൊക്കെ പിന്നീടാവാം. നീ ചെന്നു് ഉണ്ണിയോടു് ഊണു് കഴിക്കാൻ പറ. നന്ദിനിയേയും വിളിച്ചോ; ചെല്ലു്… (നിശ്ശബ്ദത. ജാനകി അകത്തേക്കു് പോകുന്നു. ചന്തുക്കുട്ടിമേസ്തിരി അല്പാല്പം അസ്വസ്ഥനാവുന്നു.) ആവൂ! വയ്യ… എന്തൊരു് ചൂടു്… കൃഷ്ണാ… ഭഗവാനേ… വയ്യ… ഒരിത്തിരീം വയ്യ! സഹിക്കാൻ വയ്യ!
അച്ഛന്റെ ശബ്ദം കേട്ടു് രാഘവൻ തന്റെ മുറിയിൽനിന്നു് പുറത്തുവരുന്നു. പതുക്കെ വിളിക്കുന്നു.
- രാഘവൻ:
- അച്ഛാ, അച്ഛാ…
- ചന്തുക്കുട്ടി:
- (വയ്യാത്തമട്ടിൽ) എന്താ?
- രാഘവൻ:
- അച്ഛനെവിട്യാ വേദനിക്കുന്നതു്?
- ചന്തുക്കുട്ടി:
- (രാഘവന്റെ മുഖത്തു് സൂക്ഷിച്ചുനോക്കി) യുദ്ധം കഴിഞ്ഞോ?
- രാഘവൻ:
- ഇല്ലച്ഛാ, തുടക്കമാണു്; യുദ്ധത്തിന്റെ തുടക്കം.
- ചന്തുക്കുട്ടി:
- നന്നായി! വളരെ നന്നായി!
- രാഘവൻ:
- എവിട്യാച്ഛാ വേദന? ഞാനുഴിഞ്ഞുതരാം.
- ചന്തുക്കുട്ടി:
- എന്റെ വേദന ഉഴിഞ്ഞാൽ മാറില്ല.
- രാഘവൻ:
- അച്ഛനെന്തിനാ എഴുന്നേറ്റുവന്നതു്? അകത്തുചെന്നു് കിടക്കരുതോ?
- ചന്തുക്കുട്ടി:
- കിടക്കണം. ഒരിടത്തു് സ്വസ്ഥായിട്ടു് കിടക്കണന്നാ അച്ഛന്റെ വിചാരം.
- രാഘവൻ:
- ഒമ്പതുമണി കഴിഞ്ഞു.
- ചന്തുക്കുട്ടി:
- ഇവിടെ എല്ലാവരും അമ്പലത്തിൽ പോയോ?
- രാഘവൻ:
- എന്താ? അച്ഛനു് അമ്പലത്തിൽ പോണോ?
- ചന്തുക്കുട്ടി:
- ഉം! എനിക്കു് പോകണം; നിങ്ങളെല്ലാവരും പോയിട്ടു്.
- രാഘവൻ:
- തനിച്ചോ?
- ചന്തുക്കുട്ടി:
- അതേ! എനിക്കു് തനിച്ചു് പോണം. നീ പോകുന്നില്ലേ?
- രാഘവൻ:
- അച്ഛാ, എന്റെ ഈശ്വരവിശ്വാസം ഒരു പ്രദർശനവസ്തുവല്ല. അമ്പലത്തിൽ പോകുമ്പോൾ മാത്രം ഈശ്വരനെ വിചാരിക്കുന്ന പതിവും എനിക്കില്ല. ഈശ്വരൻ എപ്പോഴും എന്റെ ഹൃദയത്തിലുണ്ടു്. എന്റെ ഹൃദയമാണമ്പലം.
- ചന്തുക്കുട്ടി:
- (രാഘവൻ പറയുമ്പോൾ മുത്തച്ഛനതു് ശ്രദ്ധിക്കാതെ ഞെരുങ്ങുകയും മൂളുകയും അസ്വസ്ഥമായി വിവിധ ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യുന്നു.) അയ്യോ… ആവൂ… വയ്യാ! ഒരിത്തിരിയും വയ്യ…
- രാഘവൻ:
- എന്താണച്ഛാ! എവിടെയാണു് വേദന. ഞാനുഴിഞ്ഞു് തരട്ടെ!
- ചന്തുക്കുട്ടി:
- രാഘവാ, ഞാൻ പറഞ്ഞില്ലേ ഉഴിഞ്ഞാൽ മാറുന്ന വേദനയല്ലെന്നു്. ആവൂ! അമ്മെ… രാഘവാ.
- രാഘവൻ:
- അച്ഛാ.
- ചന്തുക്കുട്ടി:
- നീയെന്നോടു് സത്യം പറ!
- രാഘവൻ:
- ഞാനൊരിക്കലും അച്ഛനോടു് അസത്യം പറഞ്ഞിട്ടില്ല.
- ചന്തുക്കുട്ടി:
- ആ തീപ്പൊരി ആളിപ്പിടിക്ക്യോ രാഘവാ?
- രാഘവൻ:
- അതു് ആളിപ്പിടിക്കാൻ തുടങ്ങി അച്ഛാ.
- ചന്തുക്കുട്ടി:
- ഈശ്വരാ!
- രാഘവൻ:
- ജനങ്ങളെ ദ്രോഹിച്ചവരാരും ഈ നാട്ടിൽ രക്ഷപ്പെട്ടിട്ടില്ല… പണത്തിനുവേണ്ടി രാജ്യത്തെ വഞ്ചിക്കുന്നവർ ഒരു ദിവസം അകപ്പെടും.
- ചന്തുക്കുട്ടി:
- എടാ, നീ പ്രഭാകരനെ വെറുക്കരുതു്.
- രാഘവൻ:
- എനിക്കു് വെറുപ്പില്ല വേദനയാണു്. അധഃപതിക്കുന്ന മനുഷ്യരെ വെറുത്തിട്ടു് കാര്യമുണ്ടോ? അച്ഛാ?
- ചന്തുക്കുട്ടി:
- നീയവന്റെ കുറ്റങ്ങളൊന്നും ഇങ്ങനെ ഉറക്കെ വിളിച്ചുപറയരുതു്; കേട്ടോ. നിന്റെ ഏട്ടനല്ലേ.
- രാഘവൻ:
- അച്ഛാ, ഞങ്ങൾക്കു് ഒരിക്കലും യോജിക്കാൻ കഴിയില്ല.
- ചന്തുക്കുട്ടി:
- അവൻ സമർത്ഥനാണു്.
- രാഘവൻ:
- നീചകൃത്യം ചെയ്യാൻ!
- ചന്തുക്കുട്ടി:
- നിനക്കു് അച്ഛനെ ഇഷ്ടമല്ലെ; അല്ലേ രാഘവാ.
- രാഘവൻ:
- ഇതെന്തു് ചോദ്യം? അച്ഛനെയല്ലാതെ ഞാനാരെ ഇഷ്ടപ്പെടാൻ?
- ചന്തുക്കുട്ടി:
- എങ്കിൽ നീ ഈ അച്ഛനോടു് പറയു, ഒരിക്കലും നിന്റെ ഏട്ടനോടു് നീ ശത്രുത കാണിക്കില്ലെന്നു്! പറയൂ രാഘവാ. നിന്റെ ഏട്ടനെതിരായിട്ടു് നീയൊന്നും ചെയ്യില്ലെന്നു്.
- രാഘവൻ:
- അച്ഛാ, ഏട്ടനെ ഞാൻ എതിർക്കുന്നതു് ശത്രുതകൊണ്ടല്ല. ഈ രാജ്യത്തെ വഞ്ചിക്കുന്നതു്, ജനങ്ങളെ വഞ്ചിക്കുന്നതു് കണ്ടുകൊണ്ടു് എനിക്കു് മിണ്ടാതിരിക്കാൻ വയ്യ. ആ വഞ്ചന വർദ്ധിച്ചു് വർദ്ധിച്ചു് അങ്ങേയറ്റമെത്തി. ഏട്ടനാരോടും സ്നേഹമില്ല, അടുപ്പമില്ല.
- ചന്തുക്കുട്ടി:
- നിനക്കതൊന്നും കണ്ടു് മിണ്ടാതിരിക്കാൻ വയ്യെങ്കിൽ ഇവിടംവിട്ടു് പോയ്ക്കോളൂ.
- രാഘവൻ:
- (ഞെട്ടുന്നു, അമ്പരക്കുന്നു.) ഞാനിവിടംവിട്ടു് പോകാനോ? എങ്ങോട്ടച്ഛാ?
- ചന്തുക്കുട്ടി:
- (കലശലായ അസ്വാസ്ഥ്യം) നീയിവിടെ നിന്നാൽ തമ്മിൽ തല്ലി ഈ കുടുംബം നശിക്കും.
- രാഘവൻ:
- അതേ അച്ഛാ, ആത്മാർഥതയും സത്യസന്ധതയും പാടില്ലെന്നു് ഏട്ടൻതന്നെ എന്നോടു് പലതവണ പറഞ്ഞിട്ടുണ്ടു്. ഈ കുടുംബത്തെ ഏതെങ്കിലും വിധത്തിൽ രക്ഷിക്കണമെന്നാണെന്റെ മോഹം.
- ചന്തുക്കുട്ടി:
- വേണ്ട, നീ രക്ഷിക്കേണ്ടാ. കല്യാണം കഴിച്ചിട്ടില്ലല്ലോ നീ, നിനക്കു് മക്കളും ഭാര്യയുമില്ല. (തൊണ്ടയിടറുന്നു.) ഒരു തടി മാത്രം… എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലിചെയ്തു് ജീവിച്ചോ.
- രാഘവൻ:
- അച്ഛന്റെ ഹൃദയം ഇത്ര വിശാലമാണോ. അല്പം മുൻപു് അന്തസ്സിന്നുവേണ്ടി ഏട്ടൻ അച്ഛനെ നിന്ദിച്ചു.
- ചന്തുക്കുട്ടി:
- (കലശലായ അസ്വാസ്ഥ്യം) ആവൂ, ഈശ്വരാ; ചുരുട്ടു് കൊണ്ടുവന്നില്ലല്ലോ ഇനിയും.
- രാഘവൻ:
- ആ എട്ടന്നുവേണ്ടി, ആ ഏട്ടന്റെ സുഖത്തിന്നുവേണ്ടി അച്ഛൻ കിടന്നു് വിഷമിക്കുന്നു. എന്തൊരു പുത്രസ്നേഹമാണച്ഛാ ഇതു്.
- ചന്തുക്കുട്ടി:
- (കണ്ണുനീർ തുടയ്ക്കുന്നു.) എടാ, ഞാൻ കഷ്ടപ്പെട്ടു് വളർത്തിക്കൊണ്ടുവന്ന കുടുംബമാണിതു്. ഇതു് തകരുന്നതു് കാണാൻ എനിക്കു് വയ്യ. പരലോകത്തിലും എനിക്കു് ഗതിയുണ്ടാവില്ല; അതുകൊണ്ടു് നീയെന്നോടു് സത്യം ചെയ്യൂ. നിന്റെ ഏട്ടനെതിരായി നീയൊന്നും പറയില്ല, ചെയ്യില്ലെന്നു്.
- രാഘവൻ:
- (തൊണ്ടയിടറിക്കൊണ്ടു്) അച്ഛാ, അച്ഛനുവേണ്ടി ഞാനെന്റെ ചുമതല മറക്കാം. ഈ അക്രമങ്ങൾ മുഴുവനും കണ്ണടച്ചു് സഹിച്ചുകൊള്ളാം.
- ചന്തുക്കുട്ടി:
- അങ്ങനെ പറഞ്ഞാൽ പോര, സത്യം ചെയ്യണം.
- രാഘവൻ:
- അച്ഛന്റെ കാലുതൊട്ടു് ഞാൻ സത്യംചെയ്താം. (അടുത്തിരിക്കുന്നു) അച്ഛന്റെ ഹിതത്തിനെതിരായി ഞാനൊന്നും പറയില്ല, ചെയ്യില്ല.
- ചന്തുക്കുട്ടി:
- (വിറയ്ക്കുന്ന കൈകൊണ്ടു് കണ്ണു് തുടയ്ക്കുന്നു. രാഘവൻ ആ കൈ പിടിച്ചു് അതിൽ തന്റെ മുഖമമർത്തുന്നു. രണ്ടുപേരും ആ ഇരിപ്പിലുള്ള സുഖം പൂർണമായനുഭവിക്കുന്നു. ചന്തുക്കുട്ടിമേസ്തിരി നിറഞ്ഞ കണ്ണുകളോടെ പറയുന്നു.) മതി മോനേ, മതി; എന്റെ വേദനകൾ മുഴുവനും മാറി. ഇനി സ്വസ്ഥമായിട്ടു് കിടന്നുറങ്ങിക്കോളാം. (രാഘവൻ മുഖമുയർത്തുന്നു. അച്ഛന്റെ കണ്ണീരു് തുടച്ചുമാറ്റുന്നു. മേസ്തിരി തികച്ചും സ്വസ്ഥനായ മട്ടിൽ പറയുന്നു.) ആ രാമൻകുട്ടി ഇനീം വന്നില്ലല്ലോ. അമ്പലത്തിൽ ചെന്നു് നില്ക്കുന്നുണ്ടാവും. ചുരുട്ടു് ഇനീം കൊണ്ടുവന്നില്ല. ഒന്നു് ചെന്നു് നോക്കൂ. രാഘവാ, (രാഘവൻ പതുക്കെ എഴുന്നേറ്റു് പുറത്തേക്കു് പോകുന്നു. ചന്തുക്കുട്ടിമേസ്തിരി വീണ്ടും അസ്വസ്ഥനാവുന്നു.) ആവൂ! വയ്യ… തീരെ വയ്യ… ഇതെന്തൊരു വേദന! സഹിക്കാൻ വിഷമം! (വിളിക്കുന്നു.) രാമൻകുട്ടീ, രാമൻകുട്ടീ…
പുറത്തുനിന്നു് രാമൻകുട്ടി വിളികേൾക്കുന്നു; അല്പം കഴിഞ്ഞു് രംഗത്തേക്കു് വരുന്നു.
- ചന്തുക്കുട്ടി:
- എടാ, എത്ര നേരായി നീ പോയിട്ടു്, ചുരുട്ടു് കിട്ട്യോ?
- രാമൻകുട്ടി:
- കിട്ടി.
- ചന്തുക്കുട്ടി:
- വേഗത്തിലിങ്ങട്ടു് കൊണ്ടുവാ. ഒരു ചുരുട്ടു് വലിക്കാഞ്ഞിട്ടുള്ള വിഷമം. (രാമൻകുട്ടി ചുരുട്ടു് കൊടുക്കുന്നു. വിറയ്ക്കുന്ന കൈകൊണ്ടു് വാങ്ങുന്നു. കൈ കൂടുതൽ വിറയ്ക്കുന്നു.) ഇതൊന്നു കത്തിച്ചുതാ. (രാമൻകുട്ടി ചുരുട്ടു് കൊളുത്തി മേസ്തിരിയുടെ വായിൽ വെച്ചുകൊടുക്കുന്നു. മേസ്തിരി ആർത്തിയോടെ വലിക്കുന്നു. ആ മുഖത്തു് അല്പമൊരു് സംതൃപ്തി. ആരോടെന്നില്ലാതെ പറയുന്നു.) അസ്സലു് ചുരുട്ടു്.
- രാമൻകുട്ടി:
- നല്ല മണം.
- ചന്തുക്കുട്ടി:
- നേരാ നീ പറഞ്ഞതു്; അസ്സലു് മണം. നല്ല ചുരുട്ടു് അങ്ങനെയാ രാമൻകുട്ട്യേ. (ചുരുട്ടിന്റെ നന്മയിൽ രസിച്ചു് അല്പനേരം മിണ്ടാതിരിക്കുന്നു.) നിനക്കെന്നോടു്? ദേഷ്യണ്ടെടോ?
- രാമൻകുട്ടി:
- യജമാനനോടു് എനിക്കെന്തിനു് ദേഷ്യം?
- ചന്തുക്കുട്ടി:
- ഞാൻ നിന്നെ ഇടയ്ക്കൊക്കെ ശകാരിക്കാറില്ലേ?
- രാമൻകുട്ടി:
- അതെനിക്കൊരു് സുഖാണു്.
- ചന്തുക്കുട്ടി:
- മിടുക്കൻ, പിന്നെയ്, ഞാനിന്നു് രാത്രി അധികം ചുരുട്ടൊന്നും വലിക്കില്ല; ഒന്നോ, രണ്ടോ; നിങ്ങളൊക്കെ അമ്പലത്തിൽ പോകുന്നില്ലേ?
- രാമൻകുട്ടി:
- ഞാനിപ്പം പോകും. വെടിക്കെട്ടുണ്ടു്.
- ചന്തുക്കുട്ടി:
- ഉണ്ടോ, നന്നായി! നീ രാവിലെ വന്നു് ബാക്കിയുള്ള ചുരുട്ടൊക്കെ എടുത്തോളു. കേട്ടോ?
- രാമൻകുട്ടി:
- അതെന്താ?
- ചന്തുക്കുട്ടി:
- ഞാൻ നാളെ മുതൽ ചുരുട്ടു് വലിക്കില്ല. നീ ഇങ്ങട്ട് അടുത്തുവാ. എടോ, എനിക്കൊരു തലേക്കെട്ടു് വേണം. നീ കണ്ടിട്ടില്ലേ ഞാൻ കെട്ടുന്നതു്.
- രാമൻകുട്ടി:
- കണ്ടിട്ടുണ്ടു്.
- ചന്തുക്കുട്ടി:
- അതുപോലൊരു കെട്ടു്. കൈ വിറച്ചിട്ടു് കെട്ടാൻ വയ്യ. നീ കെട്ടിത്തരണം. (രാമൻകുട്ടി കസേരയിലുള്ള രണ്ടാംമുണ്ടെടുത്തു് കെട്ടിക്കാൻ തുടങ്ങുന്നു. മേസ്തിരി അനങ്ങാതെ ഇരുന്നുകൊടുക്കുന്നു. കെട്ടിക്കഴിഞ്ഞപ്പോൾ മേസ്തിരി തപ്പിനോക്കുന്നു. മുഖത്ത് സംതൃപ്തി.) ഇപ്പം എന്നെക്കണ്ടാൽ ഒരു ഗവർമ്മേണ്ട് ഉദ്യോഗസ്ഥനാണെന്നു് തോന്നില്ലേ രാമൻകുട്ടി?
- രാമൻകുട്ടി:
- തോന്നും.
- ചന്തുക്കുട്ടി:
- (എഴുന്നേല്ക്കുന്നു, നടക്കാൻ ശ്രമിക്കുന്നു. കഴിയുന്നില്ല.) രാമൻകുട്ട്യേ, നീയെന്നെ ഒന്നു് പിടിക്കൂ. നടക്കാൻ വിഷമം. (രാമൻകുട്ടി പിടിക്കുന്നു. രണ്ടുപേരുംകൂടി അകത്തേക്കു് നടക്കുന്നു.) എനിക്കു് സുഖമായിട്ടൊന്നുറങ്ങണം! കൃഷ്ണാ, ഭഗവാനേ!
ഈ രംഗത്തിന്റെ പശ്ചാത്തലത്തിലുടനീളം അമ്പലത്തിലെ ബഹളവും വാദ്യഘോഷവും കേട്ടുകൊണ്ടിരിക്കണം.
—യവനിക—