images/Little_Red_Riding_Hood_1881.jpg
Little Red Riding Hood and the Wolf in the forest, a painting by Carl Larsson (1853–1919).
മൃഗത്ത്ർ മക്ക്[1]
അഖിൽ എസ്. മുരളീധരൻ

(Cynophobia comes from the Greek words that mean ‘dog’ (cyno) and ‘fear’ (phobia). A person who has cynophobia experiences a fear of dogs that’s both irrational and persistent. It’s more than just feeling uncomfortable with barking or being around dogs.)

ഒന്നു്

“ചുമ്മാ പറയുന്നതല്ല നീ നോക്കു്”

അടക്കാ മരങ്ങളുടെ ഇടയിലൂടെ നേർത്തു പോകുന്ന പക്ഷികൾ, പിന്നാലെ നായ്ക്കളുടെ കുര. പറങ്കി മാവുകളുടെ സർപ്പ രൂപികളായ ശാഖകൾക്കു് മുകളിൽ വിചിത്ര പ്രാണികൾ. ആടിയും ചാടിയും ചോരയും നീരുമീറ്റി മറ്റൊരു പ്രപഞ്ചമുണ്ടാകുന്നു. അവൻ തലകുനിച്ചിരുന്നു. റേഡിയോയിൽ എം. എസ്. ബാബുരാജ് പാടുന്നു.

കിണറ്റിൽ തൊട്ടി വീഴുന്ന ശബ്ദം.

ബാങ്കു് വിളി കേട്ടപ്പോൾ നായ്ക്കൾ പൊന്തകളിൽ നിന്നും പുറത്തുവന്നു വീണ്ടും നിലവിളിച്ചു.

ഇന്ത്യൻ റേഡിയോ നിലയങ്ങളെ മറികടന്നു് രാത്രികാലങ്ങളിൽ വിദൂര നഗരങ്ങളിലെ പാട്ടുകൾ കേൾക്കുമ്പോഴും നായകൾ ഇങ്ങനെ ആവർത്തിച്ചു. ഇടക്കു് റേഡിയോ നിശബ്ദമായി. തോടുകൾ പറമ്പുകളിലേക്കു് വേരുകളുണ്ടാക്കി. പെരുച്ചാഴികൾ വീടുകൾക്കു് ചുറ്റും ഓടി നടന്നു.

“നിന്നെ അവ കണ്ടെത്തും”

സസ്യങ്ങളുടെ ഇടയിൽ നിന്നും ഷഡ്പദങ്ങൾ സൂചന നൽകി. നായകൾ ജലത്തിലൂടെ നീന്തി വന്നു. നിശാശലഭങ്ങൾ അവയുടെ മൂക്കിനു ചുറ്റും പറന്നു. നിലത്തു് കുനിഞ്ഞു കിടന്നു. പക്ഷേ, അവ അടുത്തെത്തി.

രണ്ടു്

വാഴകൾക്കിടയിൽ നനഞ്ഞ മണ്ണിലൂടെ ഓടി. തെന്നി ചാലിൽ വീണു പൂന്തിയിട്ടും കാലും വലിച്ചു് ഓടി. ഓരു് നിറഞ്ഞ മഞ്ഞ വെള്ളത്തിൽ അടിയിൽ ചെളിയിൽ പാദം പതിഞ്ഞു കിടന്നു. അതിനുള്ളിലേക്കു് ആർത്തിയോടെ തോട്ടു മീനുകൾ പാഞ്ഞു വന്നു. അതൊരു പാഞ്ഞു പറിച്ചുള്ള ഓട്ടമായിരുന്നു. ഓട്ടം അവസാനിച്ചതു് കുളത്തിലായിരുന്നു. നീണ്ട മുടിപ്പായലിന്റെ പച്ച അവനെ വിഴുങ്ങി.

പിന്നാലെ വന്ന നായ കുളക്കരയിൽ നിന്നു് മണം പിടിച്ചു. തവളകൾ ജലത്തിൽ പൊന്തിവന്നു് സാമാധാനത്തോടെ കണ്ണുകൾ തുറന്നു കിടന്നു. അങ്ങനെ ഒരു മരണം സംഭവിച്ചു. തീർത്തും നിശ്ചലമായി മാറിയ ജലത്തിലേക്കു് നായകൾ എത്തി നോക്കി കുറച്ചുനേരം അങ്ങനെ നിന്നശേഷം അവ തിരികെ നടന്നു. പാതിരാത്രി കഴിഞ്ഞ നേരത്തു് നാലാം ദിവസവും സ്വപ്നം കണ്ടു് പേടിച്ചു. പിറ്റേന്നു് പനി പിടിച്ചു. അന്നു് ആടലോടകം ചതച്ചു് കഷായം വച്ചു കുടിച്ചു.

കുരുമുളകു് വള്ളികൾക്കിടയിൽ പക്ഷികൾ വരുന്നതും പോകുന്നതും നോക്കിയിരുന്നു. മരിച്ചവർ പക്ഷികളായി മാറിയിട്ടുണ്ടാകും.

പോലീസ് വണ്ടികൾ വരുന്നതും പോകുന്നതും കാണാം. കുടിയിറങ്ങാൻ തയ്യാറാണെന്നു് സർക്കാരിനു് എഴുതിക്കൊടുത്തു് കാത്തിരിക്കുകയാണു്. പതിയെ കടുവകൾ ഇറങ്ങാൻ തുടങ്ങും അന്നേരം മരിച്ചവർ നായ്ക്കളോടു് പകവീട്ടും! കപ്പ വളർന്ന പറമ്പുകളിൽ നായ്ക്കൾ കൂട്ടം കൂടി നടന്നു.

images/akhil-mrigath-2.jpg
മൂന്നു്

മരിക്കുന്നതിനു് തൊട്ടു മുൻപു് മനുഷ്യന്റെ കണ്ണുകൾ മുകളിലേക്കു് കയറാൻ ശ്രമിച്ചു കൊണ്ടിരിക്കും. അവരുടെ ശബ്ദം നേർത്തു വരും. നിരവധിപേർ വിവിധ കാരണങ്ങൾ കൊണ്ടു് മരിച്ചു പോയതിനുശേഷം ഓരോ രാത്രികളിലും ഉറങ്ങുന്നതിനു് തൊട്ടുമുൻപു് അവരെ ഓരോരുത്തരുടെയും സ്വഭാവത്തെ ഞാൻ ഓർത്തു നോക്കി.

ചില വഴികൾ പോലും മരിച്ചവർ ഉണ്ടായിരുന്നു എന്നതുകൊണ്ടു് മാത്രം നിലനിന്നിരുന്നവയായിരുന്നു. അവർ പോയപ്പോൾ തിരികെ അവിടെ സസ്യങ്ങൾ വളർന്നു. ജീവികൾ വന്നു.

അവൻ മരിച്ചതിനു മുന്നേ കുറേ ഓടിയിട്ടുണ്ടാവണം; പെട്ടന്നു് വെള്ളത്തിൽ ചാടിയപ്പോൾ ശ്വാസം മേൽപ്പോട്ടു വലിച്ചിരിക്കണം; വെള്ളം ഉള്ളിലേക്കു് കയറി നിഷ്പ്രയാസം മരിച്ചിരിക്കണം.

അതൊരു അനുമാനമാണു്. നായകൾ പതിയിരിക്കുന്ന നിഗൂഢമായ വഴികൾ അവസാനിക്കുന്നതു് കുളത്തിലാണു്.

ജലവും നായ്ക്കളുമായി ഒരു രഹസ്യം നിലനിൽക്കും പോലെ. കുളത്തിലേക്കു് ചാഞ്ഞു കിടക്കുന്ന പറങ്കിമാവിലേക്കു് കയറി രക്ഷപെടാൻ ശ്രമിച്ചാലും നായ്ക്കൾ വിടില്ല.

മൃഗങ്ങൾ ഇങ്ങനെ കൊലപാതകങ്ങൾ ചെയ്യുന്നതിനു് ആസൂത്രണം ചെയ്യുന്ന തോട്ടങ്ങളിലേക്കു് ഇപ്പോൾ ആരും പോകാറില്ല.

നായ്ക്കൾ പെരുകുകയും അവരുടെ രാജ്യം ഉണ്ടാവുകയും മനുഷ്യർ ഇവിടം വിട്ടു പോകുകയും ചെയ്യുന്നു.

ഒരു നായ നിന്നു് മോങ്ങി. ഇരുട്ടിൽ പണ്ടായിരുന്നെങ്കിൽ ഭയം തോന്നുമായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല.

പക്ഷേ, ആ രാത്രി ഉറങ്ങിയില്ല. മേശക്കുള്ളിൽ കിടന്ന ബസ്സ് ടിക്കറ്റുകളിൽ ചില അക്കങ്ങളിൽ മാർക്ക് ചെയ്തു് കൂട്ടിനോക്കി സമയം കളയുന്ന ഒരു കളി കണ്ടെത്തിയിരുന്നു. ഈ സംഖ്യകളിൽ ഒന്നിനെ പലതുമായും കൂട്ടിയും കിഴിച്ചും നോക്കി പ്രപഞ്ചത്തിൽ നിന്നും വേറിട്ട ഒന്നായി അതു മാറിയിട്ടുണ്ടു്. ഇന്ത്യയിൽ മിതോഷ്ണ മേഖലയിൽ പ്രാണികളും സസ്യങ്ങളും രാത്രികളിൽ പോലും സജീവമായി പ്രവർത്തിക്കുന്ന ഒരു ഭൂമിശാസ്ത്ര മേഖലയിൽ ഇങ്ങനെ ചില നിഗൂഢതകൾ നിലനിൽക്കുന്നു.

നാലു്

മങ്ങിക്കത്തുന്ന സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിന്റെ മഞ്ഞ നിറത്തിൽ ഈയലുകൾ പാറി വന്നു ചിറകു് കൊഴിക്കുന്നു. ഈ ഈയലുകൾ ചിതലുകളായി മാറുന്നതും കോളനികൾ ഉണ്ടാകുന്നതും അതു് ചിലപ്പോൾ മനുഷ്യന്റെ ഭൂതകാലങ്ങളെപ്പോലും വിസ്മൃതമാക്കുന്നതും യാഥാർത്ഥ്യമാണു്.

പോലീസ് ജീപ്പിന്റെ ഒച്ച കേട്ടതു കൊണ്ടാണോ എന്തോ രണ്ടുമൂന്നു പട്ടികൾ തോട്ടത്തിലൂടെ ഓടി. നിറം പിടിച്ച ചേമ്പുകൾ കണ്ടപ്പോൾ അവ അതിന്മേൽ തിടുക്കത്തിൽ മൂത്രമൊഴിച്ചു പിന്നെയും ഓടി.

ഉച്ചനേരമായിരുന്നു അതു്. ഇടവഴിയിലൂടെ തോട്ടത്തിലേക്കു് കയറിയ പോലീസുകാരനു് റബ്ബറിന്റെ ഇടയിലെ പാറയുടെ കീഴിൽ വിരിച്ചിട്ട പുള്ളിക്കൈയിലിയേ കിട്ടിയുള്ളൂ. അവർ മൂന്നു പേരുണ്ടായിരുന്നു അതിൽ ആനന്ദ് രാജെന്ന വയസ്സൻ പോലീസുകാരൻ നിലത്തു് മുട്ടുകുത്തിയിരുന്നു് കൈലി മണത്തു. ദൂരെ മുന്നേ ഓടിയ പട്ടികൾ ഓരിയിടൽ തുടർന്നു. മറ്റു രണ്ടുപേർ ആനന്ദ് രാജ് എഴുന്നേറ്റപ്പോൾ അയാളുടെ പിന്നാലെ നടന്നു.

images/akhil-mrigath-1.jpg

ഞാനീ ആനന്ദ് രാജിനെ അറിയും ഒരു നായയെപ്പോലെ മിടുക്കനായ കരുത്തൻ. മണം പിടിക്കുന്നവൻ.

അഞ്ചു്

നായ വീടിനുപിന്നിൽ ചുരുണ്ടുകൂടി. കുഴിയാനകളുടെ കുഴികളിൽ ഉറുമ്പുകൾ ചിതറി വീഴുന്നതു് അതുനോക്കിയിരുന്നു. ചിലതു് വേരുകളുടെ ഇടയിൽ തണുപ്പു് പറ്റാൻ ചേർന്നു കിടന്നു. മനുഷ്യർ ഒഴിഞ്ഞു പോയ വീടുകളിൽ പുതിയ കോളനികൾ വന്നു.

പ്രേം നസീർ ‘റസ്റ്റ് ഹൌസ്’ എന്ന സിനിമയിൽ ഇരുട്ടിലൂടെ നടക്കുന്നു. നിഗൂഢമായ എന്തോ ഒരനുഭവം പോലെ! നായകൾ ടെലിവിഷനിലേക്കു് നോക്കിക്കിടക്കുന്നു.

“നാശം വീണ്ടും കിട്ടണില്ല”

പൊരിച്ചിൽ മാത്രം.

പഴയൊരു അലൂമിനിയം പാത്രത്തിന്റെ അടപ്പു് നീണ്ട കമ്പിയിൽ ആണികൊണ്ടു തുരന്നു് തോട്ടയിൽ ഉറപ്പിച്ചു് പിന്നിൽ കേബിൾ വയറും കൊടുത്തു് ഉയർത്തി വയറിന്റെ മറ്റേ അറ്റം ടെലിവിഷന്റെ പിന്നിലെ പ്ലഗ്ഗിലും കൊടുത്തപ്പോൾ സമാധാനമായി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആ പഴയ ടെലിവിഷൻ ഓണാക്കിയതും തേനിച്ചകൾ മൂളും പോലെ മൂളിക്കൊണ്ടു് സ്ക്രീനിൽ ചിത്രങ്ങൾ തെളിയാൻ തുടങ്ങി. വളഞ്ഞും പുളഞ്ഞും ശരീരം പല രൂപത്തിലായി.

ഇരമ്പലും പൊട്ടലും ചീറ്റലും കൂടി വന്നപ്പോൾ മുകളിൽ നിന്ന ഒരുത്തൻ തോട്ട അനക്കിക്കൊടുത്തു.

“ആ മതി മതി… കുറച്ചുകൂടി”

ഇപ്പോൾ പാട്ടു കേൾക്കാൻ തുടങ്ങിയിട്ടുണ്ടു്.

“നിർത്തു് അങ്ങനെ മതി”

പഴയ ടിവിയുടെ ഉള്ളിൽ പ്രകാശം നിറഞ്ഞു.

ചിത്രം പതുക്കെ തെളിഞ്ഞു.

ശാന്തമായ അനുഭവം.

ഒരു നദിയിലൂടെ ബോട്ട് സഞ്ചരിക്കുന്നു.

ആറു്

ഇത്തരം ഒരവസ്ഥയിൽ നീ എന്തു ചെയ്യും?

ഹ്രസ്വമായ ഒരുത്തരം പ്രതീക്ഷിച്ചുകൊണ്ടു് അരമിനിട്ടുനേരം ചാറ്റ് ബോക്സിൽ നോക്കിയിരുന്ന എനിക്കു് പെട്ടന്നു് ഇമ ചിമ്മിക്കാൻ തോന്നി.

ഇപ്പോൾ കഴിഞ്ഞ നാലഞ്ചു വർഷമായി കണ്ണുകൾ ഇങ്ങനെ ഇമ ചിമ്മാൻ മറക്കുന്നു. എനിക്കതിന്റെ മെഡിക്കൽ ടേം അറിയാത്തതുകൊണ്ടല്ല. പക്ഷേ, മറന്നു പോയിരിക്കുന്നു. ഒരു വാക്കിൽ തൂങ്ങി അങ്ങനെ സർഫ് ചെയ്തു പോകുന്ന പോക്കിൽ ഒന്നുകൂടി ചാറ്റ് ബോക്സിൽ നോക്കി. മറുവശം ഓഫ് ലൈനിൽ പോയി.

മുറിയിൽ തന്നെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ആദ്യമൊക്കെ അധികം ചിന്തിച്ചു കൂട്ടുമെങ്കിലും പിന്നീടു് അതുണ്ടായില്ല.

ആനന്ദ് രാജ് നായ്ക്കളുടെ പിന്നാലെ നടക്കുന്നതു് ഓർത്തു.

ഏഴു്

“പുള്ളി മുണ്ടക്കയത്തു് പണ്ടൊരു കേസ് തെളിയിച്ചതാണു്.”

“സാറിനു് അറിയില്ലേ?”

അതിനു് മറുഭാഗത്തുനിന്നും മറുപടി ഒന്നും കിട്ടിയില്ല.

എന്നാൽ സ്റ്റേഷനിൽ വീണ്ടും ഫോൺ വന്നുകൊണ്ടിരുന്നു.

കോൺസ്റ്റബിൾ ആനന്ദ് രാജ് നിലത്തു് നോക്കിയിരുന്നു.

ഉറുമ്പുകൾ എന്തിനെയോ ചുമക്കുന്നു. ചുവരിലൂടെ അതങ്ങനെ കയറി മറയുന്നു. അതെന്താണു് അയാൾ ഓർക്കാൻ ശ്രമിച്ചു നോക്കി ഉറുമ്പുകൾക്കു് പ്രിയപ്പെട്ട ഒന്നു് അതു മധുരമോ എരിവോ പുളിയോ? അയാളുടെ ചുണ്ടിൽ ചെറിയ ചിരി വന്നു.

മേൽമ്മേശ പതിയെ തലോടി വീണ്ടും ഉറുമ്പുകളെ തന്നെ നോക്കിയിരുന്നു.

“താനിതെന്താ ഇങ്ങനെ തുറിച്ചു നോക്കുന്നതു്?”

“ഒന്നുമില്ല സർ.”

ഉദാസീനമായ ആ മറുപടി കേട്ടിട്ടെന്ന വണ്ണം എസ്. ഐ. അയാളുടെ പുറത്തു തട്ടി.

രണ്ടായിരത്തി പതിനെട്ടിലെ ജൂൺ അവസാനമായിരുന്നു അതു്. മഴ പൊന്തി വന്നു പെയ്യുന്ന പോലെ.

എട്ടു്

കോന്നിയിൽ നല്ല മഴ പെയ്തിരുന്നു. മുണ്ടക്കയത്തിനു സമാനമായ അന്തരീക്ഷം. സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിനു് കട്ടി കൂടും.

വാരാന്തയിൽ വന്നിരുന്നു. ചെറിയൊരു മഴ പൊന്തകളിൽ പെയ്തു തുടങ്ങി. ഒരു സിഗരറ്റ് കത്തിച്ചു് അങ്ങനെ തന്നെയിരുന്നു. അന്നു് രാത്രി നായ്ക്കൾ കുളത്തിനു് ചുറ്റും നിന്നു് മോങ്ങി. ആരും അങ്ങോട്ട് പോയില്ല. പോലീസ് ജീപ്പ് തിരിച്ചു പോകുന്നതുമാത്രം കണ്ടു. കുന്നുകളുടെ മുകളിലൂടെ പോലീസ് വണ്ടിക്കു് പിന്നാലെ നായ്ക്കൾ ഓടുന്നു. ആകാശം നിറയെ നക്ഷത്രങ്ങൾ.

എപ്പോഴോ വണ്ടി നിന്നു. ആനന്ദ് രാജ് പുറത്തിറങ്ങി നായ്ക്കൾ അയാളെ ചുറ്റി. ചിലതു് നക്കിത്തോർത്തി. അവ നിർത്താതെ മോങ്ങിക്കൊണ്ടിരുന്നു.

ഒൻപതു്

അയാൾ കിടക്കുകയാണു്. വാഴത്തോപ്പിനു് മുകളിൽ നിലാവു്. കാലുകളിൽ അട്ടകളുടെ തൊട്ടുനോക്കൽ. സമാന്തരമായി ഒഴുകുന്ന തോട്ടിൽ ജലം പതുക്കെ പൊങ്ങി. കുളത്തിൽ നിന്നും ഒരു കൈവഴി അയാളുടെ ഉടലിനെ തൊട്ടു.

മൂങ്ങകളുടെ തീർത്ഥാടനം നടക്കുന്ന തൊടിയിൽ നായ്ക്കൾ അയാൾക്കൊപ്പം ചുരുണ്ടുകൂടി.

കുളത്തിൽ നിന്നും ജീവികൾ പുറത്തേക്കു് ചാടി. ആത്മാക്കളല്ല വെറും ജീവികൾ. മീൻ പിടിക്കുന്ന നായ കുളത്തിലേക്കു് നോക്കിക്കിടന്നു.

നീണ്ട മണിയൊച്ചയുടെ അവസാനം ഒരു സൈക്കിൾ മൈതാനത്തിലൂടെ പോകുന്നതാണു്.

പെട്ടിയും പേഴ്സും എടുത്തു് മുറി പൂട്ടി അയാൾ ജീപ്പിലേക്കു് കയറി.

പത്തു്

“പതിനഞ്ചു ലക്ഷം കിട്ടിയാൽ ഞങ്ങൾ എറങ്ങും. കലക്ടർ സാറ് അതിലൊരു തീരുമാനം ഉണ്ടാക്കണം.”

വാർഡ് മെമ്പർ നിർദ്ദേശം മുന്നോട്ടു വെച്ചപ്പോൾ ജനങ്ങൾ ഒന്നടങ്ങി തർക്കം ഒന്നയഞ്ഞു. ആൾക്കൂട്ടം കുറച്ചു് ശാന്തമായി.

“നായ്ക്കളെ കൊല്ലാൻ ആളെ തരണം”

ഫയലും മടക്കി ഉച്ച ഊണിനു് സമയമായതുകൊണ്ടു് കളക്ടറും സംഘവും ഇറങ്ങി.

“ഇവിടെ കഴിക്കാൻ ഹോട്ടൽ ഒന്നുമില്ല, താഴെ ചെന്നാൽ കിട്ടും.”

പോലീസ് വണ്ടി മുന്നിലും പിന്നിൽ കളക്ടറുടെ കാറുമായി താഴേക്കു് വണ്ടികൾ പോകുന്നു.

പഞ്ചായത്തുകാർ പോയില്ല. അവർ അവിടെ ചുറ്റിപ്പറ്റി നിന്നു.

“ഇനി സർക്കാർ തീരുമാനിക്കട്ടെ”

ആൾക്കൂട്ടത്തിന്റെ നേർത്ത ശബ്ദം.

പതിനൊന്നു്

വേലിപ്പത്തലിന്റെ കായ ഈർക്കിലിൽ കോർത്തു് ഒരു വണ്ടിയുണ്ടാക്കി ആനന്ദ് രാജ്. പതുക്കെ പാറയുടെ ചെരിവിൽ നിന്നും ഉരുട്ടി. പെട്ടന്നതു് അതിവേഗത്തിൽ താഴേക്കു് പോയി. മൊട്ടക്കുന്നിന്റെ മുകളിൽ കാറ്റു് പിടിക്കുന്ന അഴാന്തയുടെ ചുവട്ടിൽ അയാൾ കുനിഞ്ഞിരുന്നു.

images/akhil-mrigath-3.jpg

പോലീസ് ജീപ്പ് വഴിയിൽ തന്നെ കിടന്നിരുന്നു. ചെക്കൻ ഓടിയ വഴി അവസാനിക്കുന്ന കുളത്തിലേക്കു് എത്തി നോക്കി. മൂക്കിനുള്ളിലേക്കു് കയറിയ ഗന്ധത്തെ തള്ളി അയാൾ പൊന്തയിലേക്കു് സൂക്ഷിച്ചു നോക്കി. ചെറിയ രണ്ടുകണ്ണുകൾ ആനന്ദ് രാജിനെ വീക്ഷിച്ചുകൊണ്ടിരുന്നു. പെട്ടന്നു് അതു് കാടിനുള്ളിലേക്കു് മറഞ്ഞു.

അയാളുടെ ചുണ്ടിൽ ചിരി പടർന്നു. പടർപ്പുകൾ വിയർത്തു ശരീരം നനഞ്ഞു. മരിച്ചവർ കുളത്തിൽ നിന്നും പൊന്തി വന്നു. മീനുകളും. നായ്ക്കൾ നിർത്താതെ കുരച്ചു കൊണ്ടിരുന്നു.

പന്ത്രണ്ടു്

മരിച്ചു പോയവരെ പട്ടികൾ കൂട്ടത്തോടെ ഓടിക്കുകയാണു്. ചുരം ഇറങ്ങുന്ന പോലീസ് വണ്ടിയുടെ മുന്നിൽ അവറ്റകൾ ഓടിക്കൂടി. അവ കുരച്ചുചാടി പിന്നാലെ കുറേ ഓടി. ഇടക്കു് റോഡു വിട്ടു് മാറി നിന്നു് മനുഷ്യരെ നോക്കി. അപ്പോഴേക്കും തെന്നിയും തെറിച്ചും വണ്ടി താഴേക്കു് ഇറങ്ങാൻ തുടങ്ങിയിരുന്നു. കാടിൽ നിന്നും മഞ്ഞിന്റെ മറവിലൂടെ ഒരു കടുവ ചെക്കൻ ഓടിയ വഴിയിലൂടെ പാഞ്ഞു് കുളത്തിലേക്കു് നടന്നു. പാതി കണ്ണുകളടച്ചു് ആനന്ദ് രാജ് അതോർത്തു കൊണ്ടു് സീറ്റിലേക്കു് ചാഞ്ഞു കിടന്നു.

കുറിപ്പുകൾ

[1] മൃഗത്ത്ർ മക്ക് —മൃഗങ്ങളുടെ കുട്ടി (കാട്ടു നായ്ക്കർ ഭാഷ).

അഖിൽ എസ്. മുരളീധരൻ
images/akhil.jpg

തിരുവനന്തപുരത്തു ജനിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം, മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, മുംബൈ അലി അവർജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ.

മലയാളഭാഷയിൽ മുന്നൂറിലേറെ ലേഖനങ്ങൾ, രണ്ടു കഥാ സമാഹാരങ്ങൾ: ജൈവ ജാതകം (2019), മാർജിനാലിയ (2020).

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Mrigaththr Makk (ml: മൃഗത്ത്ർ മക്ക്).

Author(s): Akhil S. Muraleedharan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-08-20.

Deafult language: ml, Malayalam.

Keywords: Short Story, Akhil S. Muraleedharan, Mrigaththr Makk, അഖിൽ എസ്. മുരളീധരൻ, മൃഗത്ത്ർ മക്ക്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Little Red Riding Hood and the Wolf in the forest, a painting by Carl Larsson (1853–1919). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.