“വെടികൊണ്ട പന്നി ഓടി ഒളിച്ചു കിടന്നാണു് ചത്തതു്. ഈച്ച പറ്റി ഇനി വേഗം പുഴു വരും… അഴുകിയഴുകി ചെറിയൊരു പച്ചപ്പു് വളരും. അതുപൂക്കും. ചെറുജീവനുകൾ അതിനെ ചുറ്റി ആനന്ദിക്കും. അങ്ങനെ മരണാനന്ദം എന്ന ലഹരിയുണ്ടാകുന്നു.”
ഒരു ചുഴലിയായി ഈ രസം കുന്നുകളുടെ മേൽ ചുറ്റി തിരിയുന്നു.
പപ്പായി താഴേക്കു് ഓടി. പോലീസ്സുകാർ പിന്നാലെയും.
അന്നേരം മഹേഷും ഉണ്ടായിരുന്നു. മഹേഷാണു് എന്റെ ചെവിയിൽ ശബ്ദം താഴ്ത്തി പറഞ്ഞതു്. “പപ്പായിക്കു് നല്ല കോളു് ഒത്തിട്ടുണ്ടു്” അതൊരു ജൂൺ മാസമായിരുന്നു. മഴ കനത്തു പെയ്യുന്ന സമയം. കപ്പക്കാടിനുള്ളിൽ പന്നികളുടെ ഒച്ച സാധാരണമാണു്. തള്ളയും കുട്ടികളുമായി അവറ്റകൾ മദിച്ചു കയറും. അതിരുകളിൽ നിന്നും താഴേക്കുള്ള ചെരുവിലൂടെ അവ നിരന്തരം യാത്രചെയ്യും.
ഇരുട്ടിലൂടെ അതിന്റെ പര്യടനങ്ങൾ അറിഞ്ഞതും അറിയാത്തതുമായ വഴികളിലൂടെ തുടർന്നു കൊണ്ടിരിക്കുന്നു.
വേട്ടക്കാരനും പന്നിയും ഇറച്ചിക്കൊതിയും തമ്മിൽ നിലനില്ക്കുന്ന ഒരു ഉടമ്പടിയുണ്ടു്. അതിൻപ്രകാരം മറ്റാരും ഇതറിയുന്നില്ല. ഇറച്ചി വെട്ടുന്നവനും വേവിക്കുന്നവനും തമ്മിൽ ആഗ്രഹങ്ങളുടെയും ആർത്തിയുടെയും ഒളിച്ചു കടത്തലുകൾ സാധ്യമാകുന്നു. പ്രപഞ്ചം ഒരു കുന്നും പപ്പായി ദൈവവും പന്നികൾ രുചികളുമാകുന്നതു് അങ്ങനെയാണു്.
പപ്പായി നല്ല തടിച്ചിട്ടാണു് കഷണ്ടി കയറിയ അയാളുടെ തലയിലും പാതി വീർത്ത കൺ പോളകളിലും ദേശത്തിന്റെ ജന്തു ഭൂപടങ്ങൾ ഒളിഞ്ഞിരിക്കുന്നു. പന്നിയും മ്ലാവും കേഴയും മുയലും അതിന്റെ ജീവ മേഖലകളെ അയാൾക്കു് വെളിപ്പെടുത്തി നല്കിയിരിക്കുന്നു. രുചി ഒരു രാഷ്ട്രമാണു്. പലപ്പോഴും പോലീസ്സുകാർ അടുക്കളയിൽ കയറി ഭീഷണിപ്പെടുത്തുമ്പോൾ വിശപ്പുകൊണ്ടും ആർത്തി കൊണ്ടും മനുഷ്യർ തന്റെ പാത്രത്തിലുള്ള ജീവിയുടെ പേരു് മറന്നു പോകുന്നു.
പപ്പായി ജീവിതത്തിനും രാഷ്ട്രത്തിനും ഇടയിൽ ഒരു തുരുത്തിൽ പന്നികളുടെ പിറകേ ഓടുകയാണു്. അയാളുടെ പിന്നിൽ അധികാരികൾ. സർക്കാരും പപ്പായിയും തമ്മിൽ ഉടമ്പടികളില്ല. എങ്കിലും ചില ആപ്പീസർമാരു് അയാളുടെ വെടിയിറച്ചിക്കായി കാത്തു കെട്ടിക്കിടക്കും. പുക കേറ്റിയ പന്നിയിറച്ചി ഉണക്കി ആപ്പീസിൽ കൊണ്ടുചെന്നപ്പോൾ കഴിഞ്ഞ മാസം ആപ്പീസർ അഞ്ഞൂറു് വെച്ചാണു് എനിക്കും പപ്പായിക്കും തന്നതു്. പൈസ കിട്ടുന്നതു് ലാഭമാണു്. ഞാനതു് വീട്ടിലേക്കു് കൊടുത്താൽ പപ്പായി പട്ടച്ചാരായം വാങ്ങിയടിക്കും.
“കുഞ്ഞുങ്ങളെ ഞാൻ കൊല്ലാറില്ല. അതിന്റെ ഇറച്ചിയും കൊള്ളത്തില്ല. കിളുന്തു് പോലെ ചവച്ചു തുപ്പിക്കളയാൻ മാത്രമേ പറ്റൂ”
“എനിക്കൊരു പാവോം തോന്നൂലട”
“ദൈവം ഇവറ്റകളെ ഉണ്ടാക്കിയതു് മനുഷ്യനു് തിന്നാനാണു്.” രാത്രികളിൽ മിക്കപ്പോഴും പടക്കം പൊട്ടിക്കൊണ്ടിരുന്നു. പടക്കെടുത്തു പൊട്ടിയാൽ സാധാരണ പന്നിയുടെ തല ചിതറിപ്പോകും. എങ്കിലും ആ ജന്തു ഓടും. ഒരു മൈൽ ദൂരം വരെ പോകും ചിലതു്. പിന്നെ മറിഞ്ഞു കിടക്കും. അങ്ങനെയുള്ളതിനെ രാത്രി തന്നെ കണ്ടെത്തി മുറിച്ചു വിറ്റാൽ നല്ല കാശുകിട്ടും. പടക്കെടുത്ത ഒരു പന്നി രക്തം ചീറ്റിച്ചു പോകുന്ന വഴിയേ തെളിയുന്ന ഒരു ഭൂപടമുണ്ടു്. അതിനെ നോക്കി ദിക്കുകൾ തിരഞ്ഞു കണ്ടെത്തി അതിനെ കണ്ടെത്തുന്ന വിദ്യ പണ്ടു മുതലേ ഞാൻ കാണുന്നുണ്ടു്.
ഉച്ചയ്ക്കു് ടൌണിൽ നില്ക്കുമ്പോൾ പപ്പായി വിളിച്ചു.
“എടാ കൊച്ചേ കുറച്ചു പ്രശ്നങ്ങളുണ്ടു്. ഞാൻ താഴേക്കിറങ്ങുവാ”
ടൌണിൽ ഒരു സോഡാ സർബത്തും കുടിച്ചു നിന്ന എനിക്കു് അതത്ര കാര്യമായി അപ്പോഴേ തോന്നിയിരുന്നു.
“ഞാന്നിന്നെ രാത്രി വിളിക്കാം”.
കോൾ കട്ടാക്കിയതിനാൽ പിന്നെ ഞാൻ തിരിച്ചു വിളിച്ചില്ല. പക്ഷേ, മഹേഷ് എവിടെയെന്നറിയാൻ എനിക്കു് നല്ല തിടുക്കമുണ്ടായിരുന്നു. ജീപ്പെടുത്തു് അവന്റെ പണിസ്ഥലത്തു പോയെങ്കിലും മഹേഷിനെ കണ്ടില്ല. ഉച്ചയ്ക്കു് മൂവാറ്റുപുഴ വഴി ഇടുക്കിക്കു് കെ. എസ്. ആർ. ടി. സി-യുടെ ഒരു സ്പെഷ്യലുണ്ടു് അതിൽ കേറിയാ സ്ഥലം പിടിക്കാമെന്നു് എനിക്കു് തോന്നി. പിന്നെ പപ്പായി കുടുങ്ങിയാ മഹേഷും ഞാനും കുടുങ്ങും എന്നുറപ്പായതുകൊണ്ടു് ഇന്നു തന്നെ പോയേ പറ്റൂ എന്നും ഉറപ്പിച്ചിരുന്നു.
“അവനാ പര്യമ്പറത്തുണ്ടു്, നീ ചെന്നു് വിളിക്കു് ”
ചക്ക അരിഞ്ഞുകൊണ്ടിരുന്ന മഹേഷിന്റെ അമ്മച്ചി പറഞ്ഞു. ഒരു ചൊള എടുത്തു് വായിലിട്ടു് ഞാൻ പിന്നിലോട്ടു ചെല്ലുമ്പോൾ അവൻ തുണി അലക്കിക്കൊണ്ടു് നില്ക്കുവായിരുന്നു.
“നീ ഇങ്ങോട്ടു് വന്നേ.”
ചെന്ന പാടെ അവനെന്റെ ചെവിക്കടുത്തു ആ രഹസ്യം പറഞ്ഞു.
“സാധനം പിടിച്ചു വച്ചിട്ടു് ആശാൻ കിടന്നു കളിക്കുകയാണു് ”
“ഇപ്പോ എവിടെയുണ്ടു്?”
ഞാൻ ചോദിച്ചു.
“നമ്മടെ ജോസിന്റെ പുരയിടത്തിലെ പഴയ കുളിപ്പുരയിൽ സാധനം ചാക്കിൽ കെട്ടിവെച്ചിട്ടുണ്ടു്.”
“പക്ഷേ, എവിടോ കിട്ടിയതു് ചോർന്നിട്ടുണ്ടു്. പോലീസ് അന്വേഷിക്കുന്നുണ്ടു്”
മഹേഷിന്റെ മുഖം ചുവന്നു.
“എന്തായാലും പണിയായി. ഇന്നുച്ചക്കു് ഇടുക്കിക്കു് വിടണം. പപ്പായിയെ എങ്ങനേലും ഇങ്ങു് കൊണ്ടുവരാം. തൽക്കാലം പുള്ളി ഇവിടെ നിൽക്കട്ടെ.”
“അയാൾ പട്ടച്ചാരായത്തിന്റെ പുറത്താവും നിന്നെ വിളിച്ചേ. കൊളമാകും മിക്കവാറും.”
അവനതും പറഞ്ഞു് ബക്കറ്റുമെടുത്തു് തുണി വിരിക്കാൻ പോയി.
ഇരമ്പിയാർക്കുന്ന ഈച്ചകളുടെ ശബ്ദം കേട്ടു് നിലത്തു് കുത്തിയിരുന്നു് പപ്പായി ആകാശത്തേക്കു് നോക്കി.
“സാറേ. പത്തമ്പതു് കിലോ വരും കിലോക്കു് നാനൂറോ അഞ്ഞൂറോ കിട്ടും. മൂത്ത പന്നിയാണു്.” പപ്പായി ഒരു ബീഡി കത്തിച്ചു വലിച്ചു.
നല്ല ചാരായമടിച്ചു് അയാൾ കുന്നിന്റെ മുകളിൽ കയറിനിന്നു. പ്രപഞ്ചം മുഴുവൻ അയാളെ തുറിച്ചു നോക്കുന്നുണ്ടു്. “ഈശോയേ… ” താഴെ നിന്ന ഒരു സ്ത്രീ മൂക്കത്തു് വിരൽ വെച്ചു.
മുണ്ടു് ഊരി ആകാശത്തേക്കു് വീശി പപ്പായി അങ്ങനെ നില്ക്കുകയാണു്. അയാൾ പിറന്ന പടി അങ്ങനെ നില്ക്കുകയാണു്. തടിച്ച വയർ അരയെ മറച്ചിട്ടുണ്ടു് അതു താഴേക്കു് നിറഞ്ഞ അരിച്ചാക്കു പോലെ ഉന്തി നില്ക്കുന്നു. കഷണ്ടി കയറിയ തലക്കു് ചുറ്റും വണ്ടുകൾ പാറി. പണ്ടയാൾക്കു് നിശാശലഭങ്ങളുടെ ശല്ക്കങ്ങളെ എന്തൊരു വെറുപ്പായിരുന്നു. വിയർപ്പു പൊടിയുന്ന തലയുടെ മുകളിൽ സകലമാന ഷഡ്പദങ്ങളും പറന്നു മൂളി.
ഇയാൾക്കു് എന്തിന്റെ കേടാണു്… ആരോ അങ്ങനെ പറഞ്ഞപ്പോൾ പപ്പായി അയാളുടെ നേരെ തോക്കു് ചൂണ്ടിയെന്നാണു് ഞാൻ കേട്ടതു്. ഒരു കയ്യിൽ നാടൻ തോക്കു്. ചുറ്റും നിറഞ്ഞ പച്ചയെ പിറന്ന പടി നോക്കുന്ന അയാൾ തടിച്ചു കൊഴുത്ത ഒരു ചുവന്ന പന്നിയെപ്പോലെ കുന്നിന്റെ മുകളിൽ അങ്ങനെ നില്ക്കുകയാണു്. പപ്പായി ഉടുപ്പു് ധരിച്ചിരുന്നില്ല. രോമങ്ങൾ നിറഞ്ഞ മാർവിടം ചീർത്തു വീർത്തിരുന്നു.
“മര്യാദക്കു് തോക്കു് മാറ്റിപ്പിടിയടാ. നീ കളിക്കാന്നോക്കല്ലേ”.
പപ്പായി കയ്യിൽ പിടിച്ചിരുന്ന തോക്കു് താഴെ നില്ക്കുന്ന പോലീസ്സുകാർക്കു നേരെ ചൂണ്ടി.
പോലീസ്സുകാരൻ വീണ്ടും പറഞ്ഞപ്പോൾ “കഴുവേർട മോനെ എനിക്കു് മനസ്സില്ല.” എന്നുച്ചത്തിൽ വിളിച്ചു പറഞ്ഞു.
“കേറിവന്നാൽ വെടി ഞാൻ പൊട്ടിക്കും നോക്കിക്കോ”
ഇടക്കു് ക്രിസ്തുവിനെ എന്നപോലെ കുന്നിൻ മുകളിൽ നിന്നുകൊണ്ടു് പോലീസ്സുകാരനെ നോക്കി രണ്ടുകയ്യും ഉയർത്തി അനുഗ്രഹിക്കുന്നു. അപ്പോൾ കുന്നുകളുടെ മുകളിൽ കുറിഞ്ഞി വസന്തം വന്നു. പപ്പായി താഴേക്കു് ഓടി പോലീസ്സുകാർ പിന്നാലെയും.
അയാൾക്കു് ആറടിയോളം ഉയരമുണ്ടായിരുന്നു. തോക്കു് ഉന്നം പിടിച്ചാൽ ഒരാനയെ വേണമെങ്കിലും ഒറ്റ വെടിക്കു് തീർക്കാനുള്ള കരുത്തുണ്ടെന്നു് പലപ്പോഴും തോന്നിപ്പിച്ചു. ജയിലിൽ കിടക്കുന്ന സമയത്തു് വാർഡൻ പറഞ്ഞതു് പപ്പായിക്കു് മാനസാന്തരം സംഭവിച്ചു എന്നാണു്. പക്ഷേ, എനിക്കറിയില്ല. ഞങ്ങൾ പല രാത്രികളിലും പന്നിവേട്ടയെക്കുറിച്ചു് പറഞ്ഞു. വെടിവെച്ചാൽ വിളിച്ചറിയിക്കും. സാധനം വിറ്റു് കാശുപകുതി വാങ്ങും. കോടവാറ്റു് വാങ്ങിയടിക്കും. പിന്നെ പ്രസംഗമാണു് ഉടുമുണ്ടഴിച്ചു് പഴയ സായിപ്പന്മാരുടെ കഥകൾ പറയും.
അയാളുടെ അപ്പന്റെ കുതിരകളും പഴയ കുതിരവണ്ടികളും സായിപ്പന്മാരുടെ രഹസ്യങ്ങളും വായിൽ നിന്നും പോരും.
പലപ്പോഴും കോടമഞ്ഞിലൂടെ പൂക്കൾ നിറഞ്ഞ കുന്നുകളുടെ ഇടയിലേക്കു പാഞ്ഞുപോകുന്ന കുതിരവണ്ടികൾ അയാളെ ഭ്രാന്തു പിടിപ്പിച്ചു. ഇടുക്കി വളരെ നിഗൂഢമായ ഒരു പ്രദേശമാണു്. വെള്ളമടിച്ചാൽ അയാളും അങ്ങനെതന്നെ. വെള്ളിയാഴ്ച ഞാൻ മുവാറ്റുപുഴയിൽ നിന്നും ബസ്സുപിടിച്ചു. മഹേഷ് മൂന്നാറു് ടൌണിൽ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. അവിടെയെത്തിയാൽ പപ്പായിയുടെ കൂടെക്കൂടാം എന്നായിരുന്നു തീരുമാനിച്ചിരുന്നതു്.
എട്ടു മണി കഴിഞ്ഞിരുന്നു. ബസ്സ് കുന്നുകയറുന്നു. അടുത്തിരുന്ന പോലീസ്സുകാരൻ ഉറങ്ങി ചെരിഞ്ഞു വീണുകിടക്കുകയാണു്.
ഉറക്കത്തിൽ അയാളുടെ വായിൽ നിന്നും ഒരു പ്രത്യേക ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ആരായിരിക്കും ഒറ്റിയതു് എന്നാണു് ഞാൻ ആലോചിക്കുന്നതു്. കഴിഞ്ഞ ആഴ്ച കുപ്പികളും വാങ്ങി ബിവറെജിൽ നിന്നും ഇടവഴിയിലേക്കു് കയറുന്ന വഴിയിൽ പപ്പായി കുനിഞ്ഞും പൊങ്ങിയും കളിക്കുന്നതു് കണ്ടപ്പോഴേ ആരോ ടൌണിൽ അയാളെ തിരഞ്ഞു വന്നെന്നു് ഉറപ്പായിരുന്നു. പപ്പായിയുടെ സ്ഥിരം സ്ഥലമായിരുന്നു ആ പൊന്തക്കാടു്. മുഴുത്ത പാമ്പുകൾ ഉണ്ടാകുമെന്നു് തോന്നിക്കുന്ന വിധത്തിൽ ആഴന്തയും കമ്യൂണിസ്റ്റ് പച്ചയും നിറഞ്ഞു നിന്നും ചെറിയ ഇരുട്ടും പ്രാണികളുടെ ശല്യവും കാരണം ആരും അധികം അങ്ങോട്ടേക്കു് പോകാറില്ലായിരുന്നു.
ആ രാത്രി കുറേ പൊന്തയിൽ തന്നെയിരുന്നു. എന്നെയോ മഹേഷിനെയോ പപ്പായി കണ്ടില്ല. മഴ കഴിഞ്ഞൊരു വൈകുന്നേരം ആയതിനാൽ തവളപ്പെരുപ്പമായിരുന്നു വഴിയത്രയും. “കള്ള നായിന്റെ മക്കള്” അയാൾ കാത്തിരുന്നു മുഷിഞ്ഞു. കാലിൽ കൊതുകു കടിച്ചു തുടങ്ങിയപ്പോൾ കൈലി താഴ്ത്തി പുതച്ചു് കുറച്ചുകൂടി അങ്ങനെ തന്നെയിരുന്നു. ദേഹത്തു് ചൊറിച്ചിലും നീറ്റലും തുടങ്ങിയപ്പോൾ എഴുന്നേറ്റു നടന്നു.
അയാളുടെ തടിച്ച ശരീരം കാടിനെ വകഞ്ഞുമാറ്റി അതിരിന്മേൽ പറ്റിയ പായലുകളുടെ മഹാ വനങ്ങളെയും ഞെരിച്ചുകൊണ്ടു് വീടിനുള്ളിലെ ഇരുട്ടിലേക്കു് കടന്നു കയറിയിരിക്കുന്നു.
അന്നാരെയായിരുന്നു പപ്പായി കാത്തിരുന്നതു്. കള്ളിന്റെയോ കഞ്ചാവിന്റെയോ ഇടപാടുകാരെയാണോ അതോ പോലീസ്സിനെയോ?
എന്റെ അടുത്തിരുന്നുറങ്ങുന്നയാൾ ഇനി അയാളുടെ ഇടപാടുകാരനാണോ. പോലീസ്സുകാർക്കും അയാളെ വേണം, വെടിയിറച്ചി കിട്ടാനും ഇടിക്കാനും പല തവണ ഇടുക്കി ഇറക്കിച്ചവരാണു്.
രാജാക്കാടു് എത്തിയപ്പോ രാത്രിയായി. മഹേഷ് മുന്നേ എത്തിയിരുന്നു. അവൻ ജീപ്പും കൊണ്ടു് കാത്തുനില്ക്കുകയാണു്.
ബസ്സിറങ്ങുമ്പോൾ പോലീസ്സുകാരൻ ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. പതുക്കെ ബസ്സ് വിട്ടുപോയി. സായിപ്പിന്റെ കുതിരവണ്ടി പൊന്തക്കു് വെളിയിൽ വന്നുനിന്നു. പപ്പായി തോക്കെടുത്തു് സായിപ്പിനൊപ്പം നടന്നു. തേയിലത്തോട്ടത്തിലെ നിലത്തു് കിടക്കുമ്പോൾ പന്നികൾ വരിവരിയായി വന്നു. മുന്നിൽ തള്ള. പിന്നാലെ കുട്ടികൾ. വയ്ക്കു് വെടി… സായിപ്പു് അലറി. അയാൾ വെടിവച്ചു. പന്നികൾ അതിനും മുന്നേ താഴേക്കു് കുതിച്ചു.
“സായിപ്പുമില്ല പന്നിയുമില്ല”
മഹേഷും ഞാനും അയാളുടെ മുഖത്തു് മിഴിച്ചു നോക്കുന്നതു് കണ്ടതുകൊണ്ടാകണം പപ്പായി ചൂടായി. “കഴുവേറി മക്കളെ ഞാന്താഴേക്കു് ഇറങ്ങുകയാണു്. പറ്റത്തില്ല എന്നെക്കൊണ്ടു് പറ്റത്തില്ല.”
“ഇന്നു് വല്ലോം നടക്കോ, ഞങ്ങൾ വന്നതു് അതിനാണു്.” മഹേഷ് അങ്ങനെ പറഞ്ഞിട്ടും അയാൾക്കു് കുലുക്കമില്ല.
“പോലീസ് അന്വേഷിക്കുന്നുണ്ടു്. രണ്ടീസം മുമ്പു് കഷ്ടിച്ചാണു് രക്ഷപെട്ടതു്. ഇനി പിടിച്ചാ പണി കിട്ടും.”
“നിങ്ങൾ സാധനം എവിടെയെന്നു് പറ”
“സാധനം ജോസിന്റെ കുളിപ്പുരയിലെ ചാക്കിലുണ്ടു്.”
“ഈച്ച കേറിയിട്ടുണ്ടാവും ഞാൻ പോയി എടുക്കാം” അതും പറഞ്ഞു് മഹേഷ് താഴോട്ടിറങ്ങി. ഞാൻ ബസ്സിൽ ഒപ്പമിരുന്ന പോലീസ്സുകാരനെ ഓർത്തു. അയാളുടെ കണ്ണുകൾ ഞങ്ങളെ പിന്തുടരും പോലെ. ഇരുട്ടത്തു് ചാക്കും കൊണ്ടു് മഹേഷ് കേറിവന്നപ്പോൾ വല്ലാത്തൊരു ദുർഗന്ധവും ഉണ്ടായിരുന്നു. ചാക്കിനുള്ളിൽ ചത്തു മലച്ച ഒരു പന്നി രക്തം വാർന്നു കിടക്കുന്നുണ്ടു്. വീട്ടിന്റെ പിന്നിലിട്ടു് മുറിച്ചു തുടങ്ങിയപ്പോഴും ദുർഗന്ധം പോകുന്നില്ല.
“അഴുകിയാ?”
ഞാൻ ചോദിക്കുമ്പോൾ മഹേഷ് ഒന്നും മിണ്ടാതെ ഇറച്ചി മുറിച്ചു. പപ്പായി കിറുങ്ങി ഇരുപ്പായിരുന്നു. എപ്പോഴോ ആരോ ഓടി വരുന്നതു് കേട്ടപ്പോൾ മഹേഷും ഞാനും മുകളിലേക്കു് ഓടി. പോലീസ്സാണു്…
ഞങ്ങൾ ശ്വാസമടക്കി മുകളിലേക്കു് കയറി. മുറിച്ചിട്ട പന്നിയുടെ കാലുകൾ ചാക്കിലാക്കാൻ നോക്കിയ ഒരുവന്റെ നേരെ പപ്പായി ചീറി. അകത്തു കേറി തോക്കെടുത്തു് പുറത്തോട്ടു് വന്നെങ്കിലും പോലീസ്സുകാർ അയാളെ കീഴ്പ്പെടുത്തി.
കാലുരഞ്ഞു ചോര വന്നിട്ടും “നീയൊക്കെ നക്കി തിന്നുന്നവന്മാരല്ലേടാ എനിക്കു് തോന്നിയതു് ഞാൻ വിക്കും തിന്നും” എന്നയാൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
എന്നിട്ടും അയാളെ തടഞ്ഞു നിർത്താൻ അവർക്കു് കഴിഞ്ഞില്ല. എന്റെ ഇറച്ചി വേണോടാ നായിന്റെ മക്കളെ എന്നും പറഞ്ഞു് അയാൾ കുതറി.
അപ്പോൾ മഞ്ഞു പടർന്നു തുടങ്ങുകയായിരുന്നു. ബസ്സിൽ കണ്ട അതേ മനുഷ്യൻ ഒരു ബീഡി കത്തിച്ചു് പോലീസ് ജീപ്പിനു മുന്നിൽ വന്നുനിന്നു.
“കിലോക്കു് എന്താ വില”
“കഴിഞ്ഞ തവണ നീയെന്നെ പറ്റിച്ചു കള്ള നാറി”
അയാൾ പപ്പായിയെ ചവിട്ടി. അയാൾ നിലത്തു വീണു.
പെട്ടന്നു് ഒരു കാട്ടുപന്നി തേയിലച്ചെടികളുടെ ഇടയിൽ നിന്നും പുറത്തേക്കു് ചാടി. പോലീസ് ജീപ്പിനു താഴേക്കു് അതോടി. പപ്പായി തോക്കെടുത്തു പോലീസ്സുകാർക്കു് അയാളെ തടയാനായില്ല. കാട്ടു പന്നി താഴേക്കു് ഓടുകയാണു് അതു് സകലമാന പ്രപഞ്ചത്തെയും പിന്നിലാക്കുന്നു. അധികാരികളുടെ തോക്കിൻ കുഴലിന്റെ പരിധിക്കും അപ്പുറം വേട്ടക്കാരനും ഇരയുമായി രണ്ടു ജീവനുകൾ ചലിക്കുകയാണു്. ആരും ആരെയും കാണുന്നില്ല. പതുക്കെ അയാളെയും മുന്നിലൂടെ ഓടുന്ന പന്നിയേയും മറച്ചു് കോട വന്നു നിറഞ്ഞു. നിശ്ചലതയും.
തിരുവനന്തപുരത്തു ജനിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം, മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, മുംബൈ അലി അവർജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ.
മലയാളഭാഷയിൽ മുന്നൂറിലേറെ ലേഖനങ്ങൾ, രണ്ടു കഥാ സമാഹാരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു. പുസ്തകങ്ങൾ: ജൈവ ജാതകം (2019), മാർജിനാലിയ (2020).
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ