ശരിക്കും മരിച്ചിരിക്കുന്നുവെങ്കിലും അബ്രഹാം മാഷു് മരിച്ചതു് പോലെ തന്നെയുണ്ടു്. വലിയ തടിക്കട്ടിലിനറ്റത്തു് ഉറങ്ങും പോലെ കിടക്കുകയാണു് അദ്ദേഹം. അല്ല, ഉറങ്ങും പോലെ മരിച്ചു കിടക്കുകയാണു് അദ്ദേഹം. ജീവൻ പോയെന്നതു് ഉറപ്പാണു്. മരിച്ചതിന്റെ ആശ്വാസം ചെറുതായി പിളർന്ന വായയിലൂടെ പുറത്തേക്കു് വരുന്നില്ലേയെന്നു് ഒരു കുരിശു് വരച്ചു് സരസ്വതി ടീച്ചർ നിന്നുരുകി. അനേകം മരണ വാർത്തകൾ ശ്രവിക്കുകയും മരണവീടുകൾ സന്ദർശിക്കുകയുമുണ്ടായിട്ടുണ്ടെങ്കിലും സ്വന്തം വീട്ടിലെ മരണക്കാര്യം എന്താ ഇങ്ങനെ ആയതെന്നവർ വീണ്ടും ഉരുകി. അബ്രഹാമിന്റെ നെഞ്ചിൽ എന്നോ മരിച്ച ആശയങ്ങൾ നിറഞ്ഞ ഒരു തടിയൻ പുസ്തകം കാറ്റിൽ അപ്പോഴും മിടിച്ചു കൊണ്ടിരുന്നു. മുറിയിലങ്ങിങ്ങു് കൂമ്പാരം കുത്തിക്കിടക്കുന്ന പുസ്തകങ്ങൾ മറിച്ചു് നോക്കാനായി അബ്രഹാം മാഷു് ഇനി എഴുന്നേറ്റു് വരാനും മതിയെന്നു് ടീച്ചർ ഒരു വേള നഖം കടിച്ചു. ഇനി മരിച്ചതു് ശരി തന്നെയാണെങ്കിലോ? ഉയിരു് ഉണ്ടേലും ഇല്ലേലും ഉടൻ എന്തു് ചെയ്യണമെന്ന കാര്യത്തിൽ സരസ്വതി ടീച്ചറിനു് വല്ലാത്ത ആശയക്കുഴപ്പവും തോന്നി. അമേരിക്കയിൽ ജോലി ചെയ്യുന്ന ഏക മകൻ അക്ബറിനെ വിളിച്ചു് വിവരം പറയുക എന്നതല്ലാതെ ഒന്നും അപ്പോഴവർക്കു് ചെയ്യാനുമുണ്ടായിരുന്നില്ല. ശവപ്പെട്ടി പോലെ കിടക്കയിൽ പുതയ്ക്കപ്പെട്ട കൈഫോൺ കടന്നെടുത്തു് ടീച്ചർ അക്ബറിന്റെ അക്കങ്ങൾ തൊട്ടു. അവനോടു് മരണ വിവരം വേവലാതിയോടെ അറിയിച്ചു. “ശരിക്കും മരിച്ചോ, ഉവ്വോ. അമ്മീ നിങ്ങള് ചുമ്മാ പറയല്ലേ. ഞാനിതു് വിശ്വസിക്കാനൊന്നും പോകുന്നില്ല. ഇന്നെന്താ ഏപ്രിൽ ഒന്നാണോ?” അക്ബറിന്റെ ഉറക്കച്ചടവു് നിറഞ്ഞ ഒച്ചയ്ക്കു് വലിയ മാറ്റമൊന്നും വന്നില്ല. ടീച്ചർ മരണവാർത്ത ആവർത്തിക്കവേ അവൻ ഒച്ചയുയർത്തി “എന്നാൽ ഒരു കാര്യം ചെയ്യൂ. അയലത്തെ ജേക്കബിനെയോ രഘുവിനെയോ മറ്റോ വിളിച്ചു് കാണിച്ചു് ഉറപ്പു് വരുത്തിയിട്ടു് അവരിലാരെക്കൊണ്ടെങ്കിലും എന്നോടതു് വിളിച്ചു് പറയിക്കൂ… ” വിളി മുറിക്കും മുൻപു് അക്ബർ കൂട്ടിച്ചേർത്തു “അമ്മീ എന്നോടു് വിഷമം തോന്നരുതു്. അത്രക്കു് ഈ വിഷയത്തിൽ ഞാൻ അനുഭവിച്ചു കഴിഞ്ഞു” അവൻ പറഞ്ഞതിലെന്താണു് തെറ്റു് എന്നോർത്തു് സരസ്വതി ടീച്ചർ മുറ്റത്തേക്കു് നടന്നു. അയൽക്കാരൻ ജേക്കബ് നീളമുള്ളോരു മുളംതോട്ട കെട്ടി മാങ്ങ പറിക്കുകയായിരുന്നു; രഘു ടെറസിൽ വിരിച്ച ഭാര്യയുടെ തുണികൾ എടുക്കുകയും. മാഷു് മരിച്ചെന്നു് കേട്ടപ്പോൾ ഇരുവരും ചുണ്ടു് കോട്ടി ചിരിക്കുക മാത്രം ചെയ്തു. അവിടത്തെ പെണ്ണുങ്ങളും കുട്ടികളും സഹതാപത്തോടെ ടീച്ചറെ നോക്കിയ ശേഷം താന്താങ്ങളുടെ ക്രിയകളിലേക്കു് മടങ്ങിപ്പോയി. “ടീച്ചർ പൊക്കോ കയ്യൊഴിയുമ്പോ ഞങ്ങൾ അങ്ങോട്ട് വരാം” ജേക്കബ് മൂത്തൊരു മാങ്ങ കടിച്ചു കൊണ്ടു് പറഞ്ഞു. അവരെ ഒരിക്കലും കുറ്റം പറയാനാകില്ല, ടീച്ചർ സ്വയം പറഞ്ഞു. എന്തിനും ഏതിനും ചങ്കു് പറിച്ചു തന്നു കൂടെ നിൽക്കുന്ന അയൽക്കാരായിരുന്നു അവർ. സരസ്വതി ടീച്ചർ വഴിയിലേക്കിറങ്ങി കണ്ണിൽക്കണ്ട ഓരോരുത്തരോടും മരണ വിവരം അറിയിക്കാൻ തുടങ്ങി. സഹതാപവും അവിശ്വാസവും നിറഞ്ഞ നോട്ടങ്ങൾ പൊഴിച്ചിട്ടതല്ലാതെ ആരും തിരിഞ്ഞു നിൽക്കുകയോ ടീച്ചറിനടുത്തേക്കു് ചെല്ലുകയോ ഉണ്ടായില്ല. ആരെയും ഒരിക്കലും കുറ്റം പറയാനാകില്ല, ടീച്ചർ ഓർത്തു. താൻ കരയുകയോ നിലവിളിക്കുകയോ ചെയ്യാത്തതും ഇത്തരമൊരു സന്ദർഭത്തിനു് വളമായി മാറിയിട്ടുണ്ടെന്ന കാര്യവും അവരിൽ തികട്ടി വന്നു. എന്തു് ചെയ്യാൻ പല തവണ കരഞ്ഞു കരഞ്ഞു കരഞ്ഞു് കണ്ണീരെല്ലാം വറ്റിയിരിക്കുകയല്ലേ. അവരെല്ലാം മനസ്സിൽ കരുതാനിടയുള്ളതു് പോലെ ഇതാദ്യമായൊന്നുമല്ലല്ലോ. അവിശ്വാസികളായി രൂപാന്തരീകരിക്കപ്പെട്ട മനുഷ്യർക്കിടയിൽ നിന്നും സരസ്വതി ടീച്ചർ വീടിനുള്ളിലേക്കു് തിരികെ നടന്നു. ഫോണിലെ സകല നമ്പരുകളിലേക്കും വിളിച്ചു് അവർ മരണ വാർത്ത പറയാൻ തുടങ്ങി. എന്നാൽ “പോ ടീച്ചറേ ചുമ്മാ പറ്റിക്കാതെ” “ടീച്ചർ ചുമ്മാ പറയല്ലേ, ഇതെത്ര തവണയായി, ഞങ്ങളൊന്നു് അന്വേഷിക്കട്ടെ എന്നിട്ടു് ടീച്ചറെ തിരിച്ചു വിളിക്കാം” എന്നൊക്കെ ഓരോന്നു് പറഞ്ഞു് അവരെല്ലാം ഫോൺ വയ്ക്കുകയാണു്. തന്റെ ഭർത്താവു് മരിച്ചെന്നു് നിരന്തരം നുണ പറയുന്ന ഏതോ മാനസിക രോഗം ബാധിച്ച സ്ത്രീയായി അടയാളപ്പെടുത്താനാണു് സകലരും ശ്രമിച്ചതെന്നു് അവർക്കു് തോന്നി. അവരെ ആരെയും കുറ്റം പറയാൻ പറ്റില്ല. ഓരോ തവണ വാർത്ത വന്നപ്പോഴും പൂർണ്ണമായും വിശ്വസിച്ചു്, ജോലിത്തിരക്കുകളും കടമകളും മാറ്റി വച്ചു് ഓടി വന്നവരാണു് അവരെല്ലാം. ബോധത്തിനു് യാതൊരു പ്രശ്നവുമില്ലാത്ത ശക്തയായ സ്ത്രീ തന്നെയാണു് താനെന്നു് സരസ്വതി ടീച്ചർ സ്വയം ആശ്വസിപ്പിച്ചു കൊണ്ടു് കൈഫോണെടുത്തു് അക്ബറിനെ വിളിച്ചു് “മകനേ മരണ സാക്ഷ്യം പറയാൻ ആരുമില്ലെ”ന്നു് അറിയിക്കുവാൻ തയ്യാറെടുത്തു.
എന്തൊക്കെയായിരുന്നു, പ്രശസ്തനും ഏവർക്കും പ്രിയങ്കരനുമായ അബ്രഹാം മാഷു്… വിപ്ലവകാരി/ മതേതര കുടുംബനാഥൻ/വാഗ്മി/ദേശീയ അധ്യാപക പുരസ്കാര ജേതാവു്/പ്രഭാഷകൻ/ലേഖകൻ/സാമൂഹിക പ്രവർത്തകൻ/ജീവകാരുണ്യ പ്രവർത്തകൻ/മൊബൈൽഫോൺ-സെൽഫി വിരുദ്ധൻ/പരിസ്ഥിതിവാദി/ ചാനൽ ചർച്ചകൻ/അനേകം സംഘടനകളുടെ രക്ഷാധികാരി/രാഷ്ട്രീയ വിമർശകൻ/ജനകീയൻ/ ന്യൂനപക്ഷ-സാധു സംരക്ഷകൻ/നാടിന്റെ മുത്തു്/സമാധാന വാദി/അനേകരുടെ പ്രിയ ഗുരു—ഒരു ദിവസം മാഷു് ദൂരെയൊരിടത്തു് സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോ “മാഷ് മരണപ്പെട്ടതായി” ഒരു വാർത്ത കൈഫോണുകളിലേക്കു് ജനിച്ചു വീണു. കാക്കത്തൊള്ളായിരം വാട്ട്സ് ആപ് ഗ്രൂപ്പുകൾ വഴി, ഓൺലൈൻ പത്രങ്ങൾ വഴി ലോകത്തിന്റെ സകല മൂലയിലും മാഷിന്റെ പെട്ടന്നുണ്ടായ മരണ വാർത്ത നിമിഷ നേരം കൊണ്ടു് പകർച്ചവ്യാധി പോലെ പടർന്നു കയറി. വാർത്ത വായിച്ചവർ വേദനയോടെ അടുത്ത ആളോടതു് പങ്കു് വച്ചു. മനസ്സിൽ ടീച്ചറോടു് പറയേണ്ട അനുശോചന വചനങ്ങൾ തേടി. ഒടുവിൽ വിഡ്ഢിയായി സ്വയം പഴിച്ചു. ഒന്നും രണ്ടും തവണയല്ല കൃത്യമായ ഇടവേളകളിൽ ഏഴു് തവണയാണു് ഇതാവർത്തിച്ചതു്. മകൻ അക്ബറിന്റെ അമേരിക്കയിലെ ഓഫീസിലേക്കു് ചിത്രവും വിശ്വാസ്യതയുള്ള റിപ്പോർട്ടും ചേർത്ത വാർത്ത എത്തിയ ഉടൻ അവൻ പലരെയും വിളിക്കുകയുണ്ടായി. ഏവർക്കും വാർത്ത കിട്ടിയിട്ടുണ്ടു്, മാഷിനെ വിളിക്കാമെന്നു് വച്ചാ അദ്ദേഹം ഫോണുപയോഗിക്കില്ല. സെമിനാർ നടക്കുന്ന ലൊക്കേഷൻ ഏതോ സാധുകുഗ്രാമത്തിൽ. ഉടൻ അക്ബർ ഒഴിവാക്കാനാകാത്ത ജോലികളെ മാറ്റി വച്ചു് വിമാനം പിടിച്ചു് നാട്ടിൽ വന്നു—ഒരു വട്ടം വന്നു—രണ്ടു വട്ടം വന്നു—മൂന്നു വട്ടം വന്നു… അവൻ മാത്രമല്ല വിവരം ലഭിച്ച മാലോകർ മൊത്തം വീട്ടു മുറ്റത്തേക്കു് ഒഴുകി വന്നു. “അബ്രഹാം സാർ” മരിച്ചെന്ന വാർത്ത പരന്ന ആറേഴു് തവണയും താൻ അലച്ചു വീണു് കരയുകയും, നെഞ്ചത്തടിക്കുകയും, പണ്ടു് നാടിനെ വിറപ്പിച്ച, തരിപ്പിച്ച, പ്രചോദിപ്പിച്ച തങ്ങളുടെ മതേതര പ്രണയകഥകൾ തലയിട്ടുരുട്ടി അസ്പഷ്ടമായി ഉരുവിടുകയുമൊക്കെ ചെയ്തിരുന്നതു് സരസ്വതി ടീച്ചർ ഓർത്തു. വാർത്ത തെറ്റാണെന്നു് മനസ്സിലാക്കി ഓരോ തവണ പല്ലിറുമ്മി തിരികെപ്പോകും മുൻപും സകല അയലത്തുകാരും, പറഞ്ഞും അറിഞ്ഞും എത്തിയ ജനസമുദ്രവും ചേർന്നു് വലിയ കണ്ണീർപ്പുഴകൾ തന്നെ മുറ്റത്തും റോഡിലും ഒഴുക്കിയിരുന്നു.
“മാഷു് മരിച്ചിട്ടില്ല” എന്ന മറുപടി സന്ദേശങ്ങൾ ടൈപ് ചെയ്തു് പരിചയക്കാർ കൂടിയിരുന്നു് മരണ വാർത്തയെ കൊല്ലുന്നതു് ഇന്നലെയെന്ന പോലെ സരസ്വതി ടീച്ചറുടെ കണ്ണുകളിൽ തെളിഞ്ഞു.
സെമിനാർ സഞ്ചിയും തൂക്കി “അതൊക്കെ ആരോ പറ്റിക്കാൻ ചെയ്തതല്ലേ”യെന്നും പറഞ്ഞു് അബ്രഹാം മാഷു് കവലയിൽ എത്ര തവണയാണു് ബസിറങ്ങിയതു്. “അല്ല ആറേഴു് തവണ മരിക്കാനും മുപ്പത്തി മുക്കോടി അനുശോചനങ്ങൾ ലഭിക്കാനും ഒരു ഭാഗ്യം വേണം. എല്ലാർക്കും കിട്ടുന്നതാണോ അതു്?” സെമിനാർ സഞ്ചി ഊരി പടിക്കലേക്കിട്ടു് കൂടി നിൽക്കുന്നവരോടു് അദ്ദേഹം ചിരിക്കും. “എന്റെ ക്ലാസിൽ ഇരിക്കാത്ത ആരുണ്ടീ നാട്ടിൽ? എന്നെ നോക്കി ചിരിക്കുന്ന എല്ലാവരും എന്റെ സുഹൃത്തുക്കളാണെന്നു് ഞാൻ കരുതി. എല്ലാവരും നന്മ നിറഞ്ഞവരാണെന്നു ഞാൻ വിശ്വസിച്ചു. എന്നാൽ മറഞ്ഞിരുന്നു് എന്റെ വ്യാജ മരണ വാർത്ത നിർമ്മിച്ചു് പ്രചരിപ്പിക്കുന്നവരും അതിൽ ആനന്ദം കണ്ടെത്തുന്നവരും കൂടി എന്റെ ഒപ്പമുണ്ടെന്നു് ഇപ്പോൾ മനസ്സിലായി.” മാധ്യമങ്ങളെ നോക്കി അദ്ദേഹം കൈകൾ ഉയർത്തി. ആദ്യ തവണ അതി ശക്തമായ കയ്യടികളാണു് ചുറ്റും നിന്നുയർന്നതു്. പിന്നെ അതു് കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വന്നു…
ആദ്യമൊക്കെ പരിചയക്കാരായ പോലീസുകാരും നേതാക്കന്മാരും മാധ്യമപ്രവർത്തകരും സഹസാമൂഹിക പ്രവർത്തകരുമൊക്കെ സഹായവും പിന്തുണയും ചെറുത്തു് നിൽപ്പുകളുമൊക്കെ ധാരാളം നൽകുകയുണ്ടായി. “സൈബർ സെൽ അതീവ താൽപര്യത്തോടെ അന്വേഷിക്കുന്നുണ്ടു്” പോലീസ് മേധാവി പറഞ്ഞിരുന്നു “മൊബൈൽ ഉപയോഗിക്കാത്ത അബ്രഹാം മാഷു് സെമിനാറുകളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനു് പുറത്തേക്കു്, അതും ടവറുകൾ കുറവായ, കുഗ്രാമങ്ങളിലോ മലകളിലോ ഒക്കെ പോയ വേളകളിലാണു് ‘മാഷ് മരണപ്പെട്ടതായി’ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതു്. അതു് കൊണ്ടു് തന്നെ അതു് സത്യമായി വിശ്വസിക്കപ്പെടുകയും ചെയ്തു.” തുടർന്നു് പല തവണ ഇതാവർത്തിക്കപ്പെട്ടപ്പോൾ പോലീസോ മറ്റു് പ്രമുഖരോ ആ ഏരിയയിലേക്കു് വരാതായി. ‘ആരെ കുറ്റം പറയും.’ അദ്ദേഹം സുഹൃത്തായ മനശാസ്ത്രജ്ഞൻ മുഹമ്മദിനോടു് പറഞ്ഞിരുന്നു “ചിത്രവും വിശ്വസനീയ വിവരങ്ങളും നിറഞ്ഞ മനോഹരമായ വാർത്ത കണ്ടപ്പോഴൊക്കെയും ഞാൻ തന്നെ എന്റെ മരണ വാർത്ത വിശ്വസിച്ചു പോയി, പിന്നല്ലേ”
“നോക്കൂ അബ്രഹാം, ആത്മാർത്ഥമായി നിങ്ങളുടെ മരണവിവരം വിശ്വസിച്ച പൊതുജനങ്ങൾ, അതു് തെറ്റാണെന്നറിഞ്ഞു് സ്വയം പഴിച്ച പൊതുസമൂഹം ക്രമേണ മറ്റൊരു മാനസികാവസ്ഥയിലേക്കു് എത്തിച്ചേരും. ആ മാനസികാവസ്ഥ നിങ്ങളുടെ ശരിക്കുള്ള മരണത്തെ ഒറ്റപ്പെടുത്തും”
അബ്രഹാം മാഷു് ചിരിച്ചു. “മരിച്ചാൽ പിന്നൊന്നും അറിയണ്ടല്ലോ”
അനുശോചനങ്ങളും ആകുലതകൾ നിറഞ്ഞ വിളികളും സന്ദേശങ്ങളും കൊണ്ടു് അത്തരം വേളകൾക്കു് ഇരിക്കപ്പൊറുതി കിട്ടാറില്ലായിരുന്നു. ടീച്ചർ മാഷിന്റെ കിടക്കയ്ക്കരികിലേക്കു് ചെന്നു. എന്നാൽ ഓരോ തവണ മരണ വാർത്ത കൈഫോണുകൾ വഴി ജനിക്കുമ്പോഴും അനുശോചനങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞിടിഞ്ഞു പോകുകയുമായിരുന്നു. മരിച്ചെന്ന വാർത്തയല്ല സത്യം; മരിക്കുന്ന കാഴ്ചയാണു്. ഇതു് മരിച്ചെന്നു് കേൾക്കുകയല്ല തൊട്ടടുത്തു് നിന്നു് കാണുകയാണു്, സ്പർശിച്ചു് അറിയുകയാണു്. എന്നിട്ടും വിശ്വാസത്തിനു് വല്ലായ്മ തോന്നിയതിനാൽ സരസ്വതി ടീച്ചർ മൂക്കിൽ വിരൽ ചേർത്തും, നെഞ്ചിൽ ചെവി വച്ചും, കൈ ഞരമ്പുകളിൽ ഞെക്കിയുമൊക്കെ വീണ്ടും വീണ്ടും വീണ്ടും വീണ്ടും മാഷിന്റെ മരണത്തെ സ്വാനുഭവമാക്കി മാറ്റാൻ കിണഞ്ഞു പരിശ്രമിച്ചു. ലോകത്തെ മുഴുവൻ സ്നേഹം കൊണ്ടു് വീർപ്പുമുട്ടിക്കാറുള്ള മാഷിനെ പേരു് ചൊല്ലി കുലുക്കിക്കുലുക്കി വിളിക്കവേ സരസ്വതി ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാളിൽ നിന്നും ഇറങ്ങിപ്പോയ ശ്വാസനിശ്വാസങ്ങൾ മുറിയിലൂടെ ഉലാത്തുന്നതായി തോന്നിയപ്പോൾ എവിടെന്നോ ലഭിച്ച കരുത്തിൽ സ്വയം മറന്നു് ടീച്ചർ അബ്രഹാം മാഷിന്റെ ശരീരം നിലത്തേക്കു് വലിച്ചുതാങ്ങി വച്ചു. പിന്നെയതും വലിച്ചു് വലിച്ചു് വലിച്ചിഴച്ചു് നിരത്തിലേക്കു് പോയി.
സത്യം ഇതാണു് സത്യം ഇതാണെന്നു് ലോകത്തോടു് വിളിച്ചലറാൻ സരസ്വതി ടീച്ചർ തയ്യാറെടുത്തു.
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോടു് സ്വദേശി. മാവേലിക്കര രാജാ രവി വർമ ഫൈൻ ആർട്സ് കോളേജിൽ നിന്നും പെയിന്റിങ്ങിൽ ബിരുദവും, കൊൽക്കത്ത വിശ്വഭാരതി-ശാന്തിനികേതനിൽ നിന്നും കലാ ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ‘വ്യസനസമുച്ചയം’ എന്ന നോവലിനു് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരവും ബഷീർ യുവപ്രതിഭാ പുരസ്കാരവും ലഭിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയും, പോണ്ടിച്ചേരി കേന്ദ്രസർവ്വകലാശാലയും വ്യസനസമുച്ചയം പാഠപുസ്തകമാക്കിയിട്ടുണ്ടു്. കൽഹണൻ കെ. സരസ്വതിയമ്മ പുരസ്കാരവും, സിദ്ധാർത്ഥ നോവൽ പുരസ്കാരവും ലഭിച്ചു, ‘പരസ്യക്കാരൻ തെരുവി’നു് 2019-ലെ കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു.
- കെനിയാസാൻ (നോവൽ, മാതൃഭൂമി ബുക്സ്, 2021)
- ബംഗാളി കലാപം (നോവൽ, മാതൃഭൂമി ബുക്സ്, 2019)
- അന്വേഷിപ്പിൻ കണ്ടെത്തും (നോവൽ, ഇൻസൈറ്റ് പബ്ലിക, 2018)
- പാതകം വാഴക്കൊലപാതകം (കഥാ സമാഹാരം, ഡി. സി. ബുക്സ്, 2018)
- പരസ്യക്കാരൻ തെരുവു് (കഥാ സമാഹാരം, പൂർണ്ണ, 2016)
- വ്യസന സമുച്ചയം (നോവൽ, ഡി. സി. ബുക്സ്, 2015)
- മഞ്ഞക്കാർഡുകളുടെ സുവിശേഷം (കഥാ സമാഹാരം, ചിന്ത, 2015)
- കള്ളൻ പവിത്രൻ (ഗ്രാഫിക് നോവൽ, ഡി. സി. ബുക്സ്, 2014)
- കൽഹണൻ (നോവൽ, ഡി. സി. ബുക്സ്, 2013)
- വിമാനം (ബാലസാഹിത്യം, ചിത്രകഥ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, 2012)
- നരകത്തിന്റെ ടാറ്റൂ (കഥാ സമാഹാരം, ഡി. സി. ബുക്സ്, 2011)
- ദ്വയാർത്ഥം (ഗ്രാഫിക് കഥ, സൈക്കിൾ ബുക്സ്, 2014)
- മുള്ളു് (കാർട്ടൂൺ സമാഹാരം, മിതമിത്രം ബുക്സ്, 2009)
ചിത്രീകരണം: വി. പി. സുനിൽകുമാർ