വർക്ക് ഏരിയയിലെ കണ്ണാടിക്കു മുന്നിൽ പല്ലു തേച്ചുകൊണ്ടിരുന്നപ്പോഴാണു് സംഭവങ്ങളുടെ തുടക്കം. നിസാരമെന്നു തോന്നാവുന്ന ഒരു വാക്കിൽ നിന്നോ ചലനത്തിൽ നിന്നോ ആളുന്ന ചെറിയൊരു തീപ്പൊരി മതി, വലിയൊരു തീപിടിത്തത്തിനു തന്നെ കാരണമായേക്കാം. ഓർക്കാപ്പുറത്താണല്ലോ ഓരോന്നു് സംഭവിക്കുന്നതു്. കഥകൾ പോലെ.
നേരം പുലരുന്നതേയുള്ളൂ. ബാത് റൂമിന്റെ വാതിൽ തുറന്നു് പുറത്തേക്കു വന്ന ദീപാലക്ഷ്മി നനഞ്ഞ കാൽപാദങ്ങൾ നിലത്തിട്ട തുണിയിൽ ഉരച്ചു തോർത്താൻ തുടങ്ങി. അന്നേരം ജയരാമൻ പേസ്റ്റുപത നുരയുന്ന പരിഹാസച്ചിരിയുടെ വില്ലു് കുലച്ചു. “
എന്റെ നെഞ്ചത്തു് ചവിട്ടാൻ നല്ല സുഖണ്ടല്ലേ?”
ദീപയുടെ മുഖം പെട്ടെന്നു് ഇരുണ്ടു. കൃഷ്ണമണികൾ തുറിച്ചു. “
എന്താ മനുഷ്യാ കാലത്തു തന്നെ ഓരോ വേണ്ടാതീനം എഴുന്നള്ളിക്ക്ന്നെ? ആരാ നെഞ്ചത്തു് ചവിട്ട്യേതു്? ഞാനോ?”
ദീപയ്ക്കു് ദേഷ്യം വന്നാൽ ജയരാമൻ പേരില്ലാത്ത അനേകായിരം മനുഷ്യരിലൊരാളാകും.
അവളുടെ കാൽച്ചുവട്ടിലെ കീറിപ്പറിഞ്ഞ തുണിയിലേക്കു് അയാൾ ചൂണ്ടി. “
എന്റെ ഷർട്ടാ” ദീപ നിശബ്ദയായി അടുക്കളയിലേക്കു കയറി. എച്ചിൽപ്പാത്രങ്ങളുടെ ഒരു കൂമ്പാരം താങ്ങിപ്പിടിച്ചു വന്നു് ശബ്ദത്തോടെ സിങ്കിലിട്ടു് പിറുപിറുത്തു. “
പത്തിരുപത്തിരണ്ടു് കൊല്ലായില്ലേ ദയവില്ലാണ്ടു് നിങ്ങളെന്നെ ചവിട്ട്ന്നു്”.
ജയരാമൻ വാ പൊളിച്ചു. “
ഞാനോ? തെളിച്ചു പറ പെണ്ണേ”
ദേഷ്യം വന്നാൽ ജയരാമനും ദീപ അനേകായിരം പെണ്ണുങ്ങളിൽ ഒരുവൾ മാത്രം.
“
ഇത്രേം കാലം ഇവിടെയിട്ടതു് എന്റെ കീറിയ നൈറ്റിയല്ലേ? നിങ്ങളു് കാലു് ചവിട്ടിക്കുഴച്ചോണ്ടിരുന്നതു് അതിന്മേലല്ലേ? അപ്പോഴൊന്നും വെഷമം തോന്നീട്ടില്ലേ?” ജയരാമൻ പെട്ടെന്നു് തണുത്തു. “
ഞാനൊരു തമാശ പറഞ്ഞതല്ലേ ദീപാ. അതിനു് നീയിങ്ങനെ ചാടിക്കടിക്കാൻ വരല്ലേ” “
ഓ, ഒരു് തമാശക്കാരൻ! കാലത്തെണീറ്റു് രണ്ടു മണിക്കൂറു് കഥയെഴുത്തു്. ഒരു് മണിക്കൂറ് പത്രം വായന. പിന്നെ കുളിച്ചൊരുങ്ങി കുറിയും തൊട്ടു് പെട്ടിയും തൂക്കി ബൈക്കിൽ കയറി ഓഫീസിലേക്കു്. ഞാനോ? സ്കൂളിപ്പോകുന്നതിനു മുമ്പു് ഈ വീടു് മുഴുവൻ ഒര്ക്കണ്ടേ? ചോറും നാലൂട്ടം കറികളുണ്ടാക്കി പാത്രങ്ങളിലാക്കി ബാഗിൽ വെച്ചു തരണ്ടേ? എന്നിട്ടു് വെയിലത്തു് നടക്കണം. അരമണിക്കൂറു് ബസ് സ്റ്റോപ്പിലേക്കു്. തിന്ന പ്ലേറ്റ് കൂടി കഴുകി വെക്കാനറിയോ നിങ്ങൾക്കു്?” “
ദീപേ, ചോറും കറീം ആർക്കും ഉണ്ടാക്കാം. എന്നാലു് കഥേം കവിതേമെഴുതാൻ എല്ലാരെക്കൊണ്ടും പറ്റ്വോ?” “
ആരാ പറഞ്ഞേ? ഇത്തിരി നേരം ഒറ്റയ്ക്കിരിക്കാൻ കഴിഞ്ഞാൽ ആർക്കും കഥേം കവിതേം എഴുതാം”
ജയരാമൻ പൊട്ടിച്ചിരിച്ചു. “
ഹാ! മണ്ടത്തരം എഴുന്നള്ളിക്കാതെടീ. ഞാൻ നല്ല ചോറും കറീം ഉണ്ടാക്കി കാണിച്ചു തരാം. നിനക്കു് പറ്റ്വോ കൊള്ളാവുന്ന ഒര് കഥയെഴുതി കാണിച്ചു തരാൻ?”
ദീപയുടെ മുഖത്തു് പരിഹാസച്ചിരി കൂർത്തു. “
ചായേണ്ടാക്കാൻ പോലും പിടിയില്ലാത്ത ആളാണു്”
നെഞ്ചിൽ നിന്നും കുതിച്ചുപൊന്തിയ ദേഷ്യം തൊണ്ടയിൽ ഞെക്കിപ്പിടിച്ചു്, പുഞ്ചിരി ഭാവിച്ചു് ജയരാമൻ വലംകൈ നീട്ടിപ്പിടിച്ചു. “
എന്നാ ബെറ്റ്. ഞാൻ കിടിലൻ ചോറും കറീംണ്ടാക്കും. നീ കഥയഴുെതും. എന്താ?”
ദീപ തോറ്റു് പത്തിമടക്കും എന്നാണു് കരുതിയതു്. പക്ഷേ, അവൾ, ‘കഥയൊക്കെ എന്തു്’ എന്ന നിസാരത്തോടെ കൈപ്പത്തി സധൈര്യം നീട്ടി. “
ബെറ്റ്. മൽസരം ഇന്നു തന്നെയായാലോ?”
അയാൾ പതറി. യൂ ട്യൂബ് നോക്കി പാചകം പഠിക്കാൻ നാലു ദിവസമെങ്കിലും വേണം. പെട്ടെന്നു് മുന്നിലൊരു വഴി തെളിഞ്ഞു. “
ഇന്നു വേണ്ട. ഞായറാഴ്ചയാവട്ടെ. മൽസരമാകുമ്പഴു് വിധി കർത്താക്കള് വേണം. നമുക്കു് സുമേഷിനെയും ലതയെയും വിളിക്കാം. സുമേഷ് നല്ല വായനക്കാരനല്ലേ? രുചി പറയാൻ ലത ധാരാളം മതി” “
ആരെ വേണേലും വിളിച്ചോ. ജീവിതത്തിലു് ഒരു് ദെവസം എനിക്കു് അടുക്കളേക്കേറാണ്ടിരിക്കാലോ. ഓരോ മാസത്തിലും നമുക്കിങ്ങനെ ബെറ്റ് വച്ചാലോ? നല്ല രസമായിരിക്കും ല്ലേ?”
മധുരമാർന്ന പുഞ്ചിരി ദീപയുടെ ചുണ്ടുകളിൽ വിടർന്നു.
ജയരാമൻ നടുങ്ങി. ഉടലിലൂടെ നേരിയൊരു വിറയൽ പഴുതാര പോലെ ഇഴഞ്ഞു. ചോദിച്ചു വാങ്ങിയ പണിയാണു്. അമ്പരപ്പു് ഭാവിക്കാതെ വിജിഗീഷുവിനെപ്പോലെ ചിരിച്ചു. “
ആദ്യ മൽസരം കഴിയട്ടെ. എന്നിട്ടാലോചിക്കാം.”
ഓഫീസിൽ ജയരാമനു് ഇരിക്കപ്പൊറുതി കിട്ടിയില്ല.
മുന്നിൽ ഫയലുകൾ കൂമ്പാരമായി കിടപ്പുണ്ടു്. മൊബൈൽ തുറന്നു് യൂ ട്യൂബിലെ പാചക ശാലയിലൂടെ കുറച്ചുനേരം ഓടി നടന്നു.
ഒരാഴ്ച കൊണ്ടു് രണ്ടു മൂന്നു കറികൾ പഠിച്ചെടുക്കാവുന്നതേയുള്ളൂ. പക്ഷേ, മനസു് നിൽക്കുന്നില്ല. ആകെയൊരു അസ്വസ്ഥത. വേണ്ടാത്ത എടുത്തുചാട്ടമായി. എന്നോ ഉപേക്ഷിച്ചു കളഞ്ഞ ഒരു കീറത്തുണിയിൽ അവകാശം സ്ഥാപിക്കാൻ തോന്നിയ ദുർബല നിമിഷത്തെ അയാൾ ശപിച്ചു. തന്റെ അപകർഷതയാണോ? അഹംബോധമാണോ? അതോ രണ്ടും കൂടിക്കലർന്നു് സടകുടെഞ്ഞഴുന്നേറ്റതോ?
സെക്ഷൻ ഓഫീസർ ജയലക്ഷ്മി ഉൽകണ്ഠയോടെ മുഖം തിരിച്ചു. “
എന്തു പറ്റീ ജയൻ? എനിതിങ് ഹാപ്പൻഡ്?” “
ഒന്നൂല്ല മാഡം. ഒരു് ചെറിയ തലവേദന”
ഉച്ചയ്ക്കു് കറിപ്പാത്രങ്ങൾ തുറക്കുമ്പോൾ ജയരാമൻ വിചാരിച്ചു. ദീപയ്ക്കു് നല്ല കൈപുണ്യമുണ്ടു്. എന്തുണ്ടാക്കിയാലും നല്ല രുചിയാണു്. പക്ഷേ, യൂ ട്യൂബ് നോക്കി താനുണ്ടാക്കുന്ന കറികൾ വായിൽ വയ്ക്കാൻ പറ്റാതെ വന്നാലോ? ആകെ നാണക്കേടാകും. ഏയ്! ശ്രദ്ധിച്ചു പഠിച്ചാൽ ആർക്കും രണ്ടു മൂന്നു് കറികൾ ഉണ്ടാക്കാം. പക്ഷേ, കഥയെഴുത്തു് യൂ ട്യൂബിൽ പഠിക്കാനാവില്ലല്ലോ. ദീപ എന്തായാലും വെള്ളം കുടിക്കും. അതിഥികൾക്കു മുമ്പിൽ നാണംകെടും.
ചോറിനു് അൽപം വേവു് കുറവായിരുന്നു. സാമ്പാറിനു് ഉപ്പു് പറ്റിയിരുന്നില്ല. പയർ തോരൻ ചവച്ചപ്പോൾ എരിവു കൊണ്ടു് കണ്ണു് നിറഞ്ഞു. മനപൂർവ്വമായിരിക്കുമോ? അതോ നാവിന്റെ രുചി പോയതാണോ? കുറച്ചു് കഴിച്ചെന്നു വരുത്തി ബാക്കി വേസ്റ്റ് ബാസ്കറ്റിലേക്കു് കമിഴ്ത്തി.
ഊണു കഴിഞ്ഞു് വിശ്രമ മുറിയിലേക്കു് നടക്കുമ്പോൾ മൊബൈലിൽ റിങ് വന്നു. ദീപയാണു്. മൽസരം വേണ്ടെന്നു് പറയാനാവും. പാവം. തോൽക്കാൻ പേടിയുണ്ടാകും. സമ്മതിച്ചേക്കാം. “
എന്താടീ ഈ നേരത്തു്?” “ “
അതു്… സുമേഷിനോടു് പറഞ്ഞോ പന്തയക്കാര്യം?” പ്രതീക്ഷയോടെ ചോദിച്ചു.
ഇല്ല. എന്തേ?” “
ഓർമ്മിപ്പിക്കാൻ വിളിച്ചതാ. മറക്കണ്ട. ഇപ്പോത്തന്നെ വിളിച്ചു പറ. ഞായറാഴ്ച അവർക്കു് വേറെ പ്രോഗ്രാം വന്നേക്കും.” “
പറയണോ? തോൽക്കുന്ന യുദ്ധമാണു്. പിന്മാറിക്കൂടേ?”
ദീപയുടെ ചിരി പൊങ്ങി. “
തോറ്റോട്ടെ. ഒരു് ദിവസമെങ്കിൽ ഒരു് ദിവസം എനിക്കു് അടുക്കളേ കയറാതിരിക്കാലോ. അതിന്റെ സന്തോഷം ആലോചിച്ചു് എനിക്കിവിടിര്ന്നു് ശ്വാസം മുട്ട്ന്നു് ജയേട്ടാ.” “
എന്നാ ശരി. ഇപ്പോത്തന്നെ വിളിച്ചു പറഞ്ഞേക്കാം.” “
ഓക്കേ. ഊണു് കഴിച്ചോ?” “
കഴിച്ചു. ഇന്നു് കറികളൊക്കെ നല്ല സ്വാദുണ്ടായിരുന്നു.” “
എന്റെ കറികൾക്കു് എപ്പഴാ സ്വാദില്ലാതിരുന്നിട്ടുള്ളതു്?”
ദുസ്വാദിന്റെ കാര്യം മിണ്ടിയില്ല. “
നീ കഴിച്ചോ?” “
ഇല്ല. ഇന്നിവിടെ സുദേവൻ സാറിന്റെ പാർട്ടിയാ. മകളും ഝാർഖണ്ടുകാരനായ കല്യാണച്ചെക്കനും വന്നിട്ടുണ്ടു്. ‘സാഗറി’ലെ ചിക്കൻ ബിരിയാണിയാണു് വിളമ്പാൻ പോകുന്നതു്. പിന്നെ രണ്ടുതരം പായസം, ഐസ്ക്രീം… ”
ജയരാമൻ പരിഭവിച്ചു. “
നീ കാലത്തു് പറഞ്ഞില്ലല്ലോ.” “
അതെങ്ങനെ? പറയാൻ നിന്നപ്പഴല്ലേ യുദ്ധത്തിനു വന്നതു്.”
ഫോൺ കട്ടു ചെയ്തു് സുമേഷിനെ വിളിച്ചു. സുമേഷ് കുറെ നേരം ചിരിയുടെ കളഗാനം പൊഴിച്ചു. ഒടുവിൽ പറഞ്ഞു: “
തീർച്ചയായും വരാം. ദീപ എഴുതിയ കഥ വായിക്കാമല്ലോ. പക്ഷേ, നിന്റെ കറികൾ കൂട്ടി ചോറുണ്ണുന്ന കാര്യം ഉറപ്പു് പറയുന്നില്ല. രണ്ടു് പാർസൽ ഫുഡ് ‘നിറപറ’യിൽ ഓർഡർ ചെയ്തേക്കണം. ഇല്ലേൽ ഞങ്ങളു് പട്ടിണിയായിപ്പോകും.” “
കളിയാക്കാതെ സുമേഷ്. നല്ല കഥയെഴുതുന്നവർക്കു് നല്ല കൈപുണ്യവും കാണും. കറികൾക്കു് താനേ രുചി വന്നുചേരും.”
പിറ്റേന്നാൾ ദീപ കിടക്കച്ചായ നീട്ടുന്നേരം ജയരാമൻ പറഞ്ഞു: “
എനിക്കിന്നു് ചോറിനു് അരിയിടണ്ട” “
എന്തേ?” “
രാമകൃഷ്ണൻ സാറിന്റെ പ്രമോഷൻ പാർട്ടിയുണ്ടു്. ഗംഭീര ഫുഡ് ആണെന്നാ കേട്ടതു്.”
അർത്ഥം വച്ചൊരു ചിരിയോടെ ദീപ അടുക്കളയിലേക്കു് നടന്നു. നടക്കാവു് ജങ്ഷനിലെത്തിയപ്പോൾ ജയരാമൻ ബൈക്ക് ആൽമരത്തണലിലേക്കു് കയറ്റി നിർത്തി. മൊബൈലിൽ സെക്ഷൻ ഓഫീസറുടെ നമ്പർ തിരിഞ്ഞു. “
മാഡം, ഞാനിന്നു് ലീവാണു്” “
എന്തുപറ്റീ ജയൻ? പെട്ടെന്നു്” “
നാട്ടീപ്പോയിട്ടു് ഒരു് അത്യാവശ്യംണ്ടു്” “
ഓക്കേ, പോയിട്ടു് വരൂ.”
ബൈക്ക് ഹൈവേ വിട്ടു് ആർഭാടം കുറഞ്ഞ റോഡിലേക്കു് കയറി. മുക്കാൽ മണിക്കൂർ ഓട്ടമുണ്ടു്. അമ്മയ്ക്കു് വലിയ സർപ്രൈസായിരിക്കും. വർക്കിങ് ഡേയിൽ ഒരിക്കലും മകന്റെ വരവു് പ്രതീക്ഷിക്കാൻ ഇടയില്ലല്ലോ. സാധാരണ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴാണു് അമ്മയെ കാണാനുള്ള യാത്ര. ദീപയും കൂടെയുണ്ടാകും. അച്ഛന്റെ മരണം തളർത്തിയിട്ടുണ്ടു്. ഏഴു വർഷം മുമ്പാണു് വിചാരിക്കാത്ത നേരത്തു് അച്ഛൻ അമ്മയുടെ മുമ്പിൽ പെട്ടെന്നു് കുഴഞ്ഞുവീണതു്. അമ്മ ആവി പറക്കുന്ന ചൂടു ചായ നീട്ടിപ്പിടിച്ചു് നിൽക്കുകയായിരുന്നു. അച്ഛനും കൈ നീട്ടിയതാണു്. പക്ഷേ, അമ്മയുടെ വിരലുകൾ അവസാനമായി തൊടാൻ കിട്ടിയില്ല അതിനു മുമ്പു്…
ഒരു മാസം ലീവെടുത്തു് അമ്മയുടെ കൂടെത്തന്നെ താമസിച്ചു. രണ്ടു മാസക്കാലം അമ്മയ്ക്കൊപ്പം നിന്നു് ഓഫീസിൽ പോയിവന്നു. പിന്നെ അമ്മ തന്നെ നിർബന്ധിച്ചു. ഇങ്ങനെ ദിവസവും ദൂരയാത്ര ചെയ്തു് കഷ്ടപ്പെടുന്നതെന്തിനു്? നിങ്ങളു് ടൗണിലേക്കു് മാറിക്കോ. ഞാനിവിടെത്തന്നെ കഴിഞ്ഞോളാം.
അമ്മയെ ഒറ്റയ്ക്കാക്കാൻ തീരെ താൽപര്യമുണ്ടായിരുന്നില്ല. പലതവണ ദീപയും കൂടെക്കഴിയാൻ നിർബന്ധിച്ചു. പക്ഷേ, അച്ഛനെ ചുറ്റിപ്പറ്റി പത്തമ്പതു് കൊല്ലം ജീവിച്ച വീടു് ഉപേക്ഷിക്കാൻ അമ്മയ്ക്കു് സാധിക്കുമായിരുന്നില്ല.
ഗേറ്റ് തുറന്നു കിടപ്പുണ്ടായിരുന്നു.
നാട്ടിൻപുറമാണു്. ഒട്ടും പേടിക്കാനില്ല. എന്നാലും ഗേറ്റിങ്ങനെ തുറന്നിടരുതെന്നു് അമ്മയോടു് പലതവണ പറഞ്ഞതാണു്. കേൾക്കില്ല.
ബൈക്ക് സ്റ്റാന്റിൽ വച്ചു് തുറന്നുകിടന്ന ജനാലയിലൂടെ അകത്തേക്കു നോക്കി. അനക്കമൊന്നും കേൾക്കുന്നില്ല. ബെല്ലടിക്കാതെ കള്ളത്തൊണ്ടയിൽ ഉറക്കെ വിളിച്ചു. “
സൗദാമിനീ...”
അടുക്കളയിൽ പെട്ടെന്നു് എന്തോ ചിതറി വീഴുന്ന ഒച്ച. പിന്നാലെ പരിഭ്രാന്തമായ ശബ്ദത്തോടെ അമ്മ ഓടി വന്നു. വാതിൽപ്പാളി വലിച്ചു തുറന്നു് കിതപ്പോടെ പുറത്തേക്കു് കണ്ണു തുറിപ്പിച്ചു. അമ്പരപ്പോടെ ചുറ്റും നോക്കി. നാലഞ്ചു് നിമിഷം കഴിഞ്ഞു് അമ്മ ശ്വാസമെടുത്തു.
“
നീയാര്ന്നോ?”
ജയരാമൻ വേഗത്തിൽ അമ്മയുടെ കൈ പിടിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ചൂരൽക്കസേരയിൽ അമ്മ ഇരുന്നു. ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ജയരാമൻ പുറം തടവി. “
എന്താ അമ്മേ?” “
ഒന്നൂല്ല മോനേ. ഇങ്ങട്ടു് ഓടി വന്നിട്ടാ.”
കുറച്ചു് നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ അമ്മ ശാന്തയായി. ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. മകന്റെ കൈകൾ സ്നേഹത്തോടെ കൂട്ടിപ്പിടിച്ചു. “
നീയാന്നു് വിചാരിച്ചില്ല.”
മകൻ വിസ്മയിച്ചു. “
പിന്നെ?”
അൽപം ലജ്ജ പുരണ്ട മന്ദസ്മിതത്തോടെ അമ്മ തുടർന്നു. “
നിന്റെ അച്ഛൻ വന്നു് വിളിക്ക്യാന്നു് പെട്ടെന്നു് തോന്നിപ്പോയി. അതേ ശബ്ദം.
നീയെന്നെ കളിപ്പിച്ചതാ അല്ലേ? നീയെന്താ വിളിക്കാതേം പറയാതേം വന്നതു്? ഇന്നു് ഓഫീസില്ലേ” “
അമ്മ വാ, പറയാം”
അമ്മയുടെ കൈപിടിച്ചു് ജയരാമൻ അകത്തെ മുറികളിലൂടെ നടന്നു. അച്ഛൻ തേച്ചിരുന്ന ധന്വന്തരം കുഴമ്പിന്റെ മണം കാറ്റിലൂടെ ഒഴുകി മൂക്കിലേക്കു് കയറി.
അടുക്കളയിൽ ഒരു സ്റ്റീൽ പാത്രവും ചുറ്റും കുറെ ഇളം മുരിങ്ങക്കായകളും ചിതറിക്കിടന്നിരുന്നു. നിലത്തു് കുത്തിയിരുന്നു് പച്ചക്കായകൾ പെറുക്കിക്കൂട്ടുന്നതിനിടയിൽ അമ്മ പറഞ്ഞു: “
ആമിനുമ്മ രാവിലെ കുറെ മുരിങ്ങക്കായ കൊണ്ട്ത്തന്നു. അവര്ടെ വളപ്പിലിണ്ടായതാത്രെ. നെനക്കറിയാലോ, അച്ഛനു് ഇളം മുരിങ്ങക്കായോണ്ടു് ഉണ്ടാക്ക്ന്ന തോരൻ പ്രാണനാര്ന്നു്. അതും വിചാരിച്ചു് കിണ്ണം മടിയിൽ വച്ചു് ഓരോന്നോർത്തു് ഇരിക്കുമ്പഴാ സൗദാമിനീന്നു് വിളി വന്നതു്. സത്യത്തിൽ ഞാൻ വിചാരിച്ചുപോയി, നിന്റെ അച്ഛൻ എന്നെ കാണാൻ മടങ്ങിവന്നൂന്നു്. അന്നു് പറയാണ്ടു് പെട്ടെന്നു് പോയതല്ലേ” അമ്മ വിതുമ്പിക്കരയാൻ തുടങ്ങി. “
അമ്മ കരയണ്ട.”
ജയരാമൻ അമ്മയെ എഴുന്നേൽപ്പിച്ചു് ചേർത്തു് പിടിച്ചു. അറിയാതെ കണ്ണു നിറഞ്ഞു. അമ്മ കാണാതിരിക്കാൻ വാഷ്ബേസിനരികിൽ ചെന്നു് മുഖം നാലഞ്ചുവട്ടം കഴുകി. പെട്ടെന്നു് വിഷയം മാറ്റി. “
അമ്മേ ഞാൻ ലീവെട്ത്തു് വരാൻ ഒരു് പ്രധാനപ്പെട്ട കാര്യണ്ടു്. അമ്മേടെ ഒരു് ഹെൽപ് എനിക്കു് വേണം.”
അമ്മ അന്തിച്ചു. “
എന്തു് ഹെൽപ്പാടാ?” “
അതു്, അമ്മേടെ ഫേവറിറ്റ് മീങ്കറിയില്ലേ. ഒണ്ടാമ്പുളിയിട്ടു് വറ്റിച്ചു് വയ്ക്കുന്ന സംഭവം. അതെനിക്കു് ഒന്നു് പഠിപ്പിച്ചു് തര്വോ?” “
എന്നെക്കാളും നന്നായി അതു് ദീപ നിനക്കു് പറഞ്ഞു് തരില്ലേ?”
പന്തയക്കാര്യം വിസ്തരിച്ചപ്പോൾ അമ്മയ്ക്കു ചിരി വന്നു. “
നിങ്ങള് വഴക്ക്ണ്ടായോ? ഞാൻ പറഞ്ഞു തരാം. പക്ഷേ, നീ പോയാലുടനെ ഞാനവളെ വിളിച്ചു് എല്ലാം പറയും.” “
അയ്യോ ചതിക്കല്ലേ അമ്മേ. ദീപ അറിയാണ്ടാ എന്റെ വരവു്. അമ്മക്കറിയാല്ലോ ഒരു് ചായപോലും നേരാംവണ്ണം ഉണ്ടാക്കാൻ എനിക്കറിയില്ല.”
അമ്മ എതിർത്തു. “
എടാ, ഞാനും അവളും തമ്മിലു് ഒന്നും മറച്ചു വയ്ക്കാറില്ല. പൊട്ടും പൊടിയും എല്ലാം പറയും. ദീപ എന്റെ വയറ്റിലു് പിറന്നിട്ടില്ലാന്നേയുള്ളൂ. അതു് നിനക്കറിയാലോ. ഇതു് മാത്രായിട്ടു് ഞാനെങ്ങനെ പറയാണ്ടിരിക്കും.” “
അമ്മ പറഞ്ഞോ. ഒരാഴ്ച കഴിഞ്ഞിട്ടു് പറഞ്ഞോ. പന്തയം കഴിയട്ടെ”. “
ഉം, നോക്കട്ടെ.”
അമ്മ തല കുലുക്കി. പിന്നെ നനഞ്ഞ കണ്ണുകൾകൊണ്ടു് ചിരിച്ചു. “ “
മീങ്കറി വയ്ക്കാനു് മീൻ വേണം.”
ജയരാമനും ചിരിവന്നു.
വണ്ടീല്ണ്ട്മ്മേ. വര്മ്പോ അരക്കിലോ അയക്കൂറ മാർക്കറ്റീന്നു് വാങ്ങിച്ചു. പിന്നെ കയ്പക്കയും ഉണ്ടു്. ചക്കക്കുരു ഇട്ടു് അമ്മേടെ ഒരു കയ്പക്ക ഉപ്പേരി ഐറ്റം ഇല്ലേ. അതും പറഞ്ഞു തരണം. മുരിങ്ങ കിട്ട്യേതു് ഭാഗ്യമായി. മുരിങ്ങക്കത്തോരനാണു് ഞാൻ മൂന്നാമതായി കണ്ടിരുന്നതു്. വഴീലു് നാലഞ്ചു് കടേലു് കേറി നോക്കി. ഇപ്പൊ സീസണല്ലാത്രേ.” “
മുരിങ്ങക്കാ ഇതാ ഇഷ്ടം പോലേണ്ടു്. പകുതി അങ്ങോട്ടെടുത്തോ. വാ, നമുക്കു് ഇപ്പൊത്തന്നെ തുടങ്ങാം.”
മുരിങ്ങക്കത്തോരനാണു് ആദ്യം ഉണ്ടാക്കിയതു്. പിന്നെ ഒണ്ടാമ്പുളിയിട്ട മീൻകറി. ഒടുവിൽ കയ്പക്ക ഉപ്പേരി. കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതു പോലെ അമ്മ ഓരോന്നായി വിശദീകരിച്ചുകൊണ്ടിരുന്നു. ജയരാമൻ എല്ലാം കടലാസിൽ കുറിച്ചെടുത്തു.
ഒന്നിച്ചിരുന്നു് ഊണു് കഴിക്കുേമ്പാൾ ജയരാമൻ പറഞ്ഞു: “
അമ്മയ്ക്കു് എന്തോരം കൈപ്പുണ്യാ. മീങ്കറി അസലായിട്ട്ണ്ടു്. എങ്ങനാ അമ്മേ കറികൾക്കു് ഇത്രേം രുചി കിട്ടുന്നതു്”
രണ്ടു മൂന്നു് നിമിഷം മകന്റെ മുഖത്തു് ഉറ്റു നോക്കിയശേഷം സൗദാമിനി പാചക രഹസ്യം വെളിപ്പെടുത്തി. “
എടാ, പാകത്തിനു് എല്ലാം എടുത്തു് സമയത്തു് ചേർത്താ മതി. നീ കഥയെഴ്ത്ന്നില്ലേ? വളരെ ശ്രദ്ധിച്ചു്, ആലോചിച്ചല്ലേ ഓരോ വാക്കും പെറുക്കി വയ്ക്കുന്നതു്? വേണ്ട സമയത്തല്ലേ ഓരോ കഥാപാത്രങ്ങളു് വര്ന്നതു്? വേണ്ടാത്ത സമയത്തു് വരീലല്ലോ. എരിവും പുളിയും അധികമാവൂലല്ലോ. അത്രേയുള്ളൂ, കറിയുടെ കാര്യവും. രണ്ടും ഒരുപോലാ. പക്ഷേ, ഒന്നോർക്കണം. ഒരു് കഥ നിനക്കു് പലതവണ മാറ്റിയെഴുതി മനോരാക്കാം. വേണ്ടെങ്കിലു് കീറിക്കളയാം. എന്നാലു് കറീണ്ടാക്കമ്പോ നിന്റെ ഈ അഭ്യാസോന്നും നടക്കീല. അതു് ഒറ്റയെഴ്ത്താ”
അത്ഭുതത്തോടെ ജയരാമൻ അമ്മയുടെ കണ്ണുകളിലേക്കു് ഉറ്റുനോക്കി. അമ്മ തുടർന്നു: “
ഒരു് കാര്യം കൂടീണ്ടു് ജയാ. കറികള്ണ്ടാക്ക്ന്നേരത്തു് ഓരോസ്പൂണു് സ്നേഹം കൂടി ചേർക്കണം. ആർക്കാന്നോ വെളമ്പുന്നതു് അവർക്കുള്ള സ്നേഹം. അതാണു് രുചി നല്ലോണം കൂട്ടുന്നതു്. കഥയെഴു്തുംപോ മനുഷ്യപ്പറ്റു് ചേർക്കുന്നില്ലേ ആവശ്യത്തിനു്. അതുപോലെ.”
ജയരാമൻ വിസ്മയം ഉതിരുന്ന പുഞ്ചിരിയോടെ ചോദിച്ചു: “
ഈ ഫിലോസഫിയൊക്കെ അമ്മ എപ്പൊ പഠിച്ചു?” ഉത്തരം പറയാൻ തുടങ്ങിയെങ്കിലും അമ്മ നിശബ്ദയായി. ഗാഢമായ ഏതോ ആലോചനയിലേക്ക് ചാഞ്ഞതു പോലെ അമ്മയുടെ കണ്ണുകൾ നിശ്ചലമായി.
പാചകകല അഭ്യസിക്കാൻ നാട്ടിലെത്തിയ കാര്യം അമ്മ ദീപയോടു് പറയുമോ എന്ന ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. പക്ഷേ, ഞായറാഴ്ച വരെ വീട്ടിലും ഓഫീസിലും ഇരിക്കപ്പൊറുതി കിട്ടിയില്ല. അമ്മയുടെ റെസിപ്പി നൂറു തവണയെങ്കിലും രഹസ്യമായെടുത്തു് ഹൃദിസ്ഥമാക്കി. ശാന്തനായി ഭാവിച്ചെങ്കിലും ഉള്ളു നിറയെ ആശങ്കകളായിരുന്നു. ദീപ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ഇടയ്ക്കിടെ അവളെ ശ്രദ്ധിച്ചു. കഥാപുസ്തകങ്ങളോ മറ്റോ എടുത്തു് പഠിക്കുന്നുണ്ടോ? ഹേയ്! മത്സരമുണ്ടു് എന്ന ഭാവം പോലും അവൾക്കില്ല. ഒരു കാര്യമോർത്തപ്പോൾ സമാധാനമായി. യൂ ട്യൂബിൽ എന്തായാലും കഥയെഴുത്തു് പഠിക്കാനാവില്ലല്ലോ. ഞായറാഴ്ച ഒമ്പതരയായപ്പോഴേക്കും സുമേഷും ലതയും ഹാജരായി. സുമേഷിനെ ഒറ്റയ്ക്കു കിട്ടിയപ്പോൾ ജയരാമൻ പതുക്കെ പറഞ്ഞു: “
മത്സരമാകുമ്പോൾ കഥയ്ക്കു് ഒരു വിഷയം കൊടുക്കണം. ആതാ പൊതു നിയമം. അല്ലെങ്കിൽ മുമ്പു് വായിച്ച ഏതെങ്കിലും കഥ ദീപ ചൂണ്ടും”
സുമേഷ് തല കുലുക്കി. “
പിന്നെ! വിഷയം കൊടുക്കാതെ പറ്റില്ലല്ലോ. ജയനിന്നു് ഏതു് കറികളാ ഉണ്ടാക്കുന്നേ”? “
മീങ്കറി. പിന്നെ കയ്പ്പക്ക ഉപ്പേരി. മുരിങ്ങക്കത്തോരൻ”
സുമേഷ് മന്ദഹസിച്ചു. “
നമുക്കതു് മാറ്റിപ്പിടിച്ചാലോ? സാമ്പാറും ഓലനും പിന്നെ ഒരു രസമോ തീയലോ. മൽസരമല്ലേ” “
അയ്യോ, നീ ചതിക്കല്ലേ.” “
മൂന്നും യൂ ട്യൂബില് കിട്ടും. പേടിക്കണ്ട” “
വേണ്ട, അതു് ശരിയാവില്ല.”
കൃത്യം പത്തായപ്പോൾ ജയരാമൻ അടുക്കളയിലേക്കു് പ്രവേശിച്ചു. ആദ്യം പാലക്കാടൻ മട്ടയരി നന്നായി കഴുകി അടുപ്പത്തിട്ടു. മുറിച്ചു വാങ്ങിയ മീൻ കഴുകാനെടുക്കുമ്പോൾ സുമേഷ് കയറി വന്നു. ജയരാമന്റെ വേവലാതി കണ്ടു് കളിയാക്കി. “
ജയാ, പാർസല് പറയണേ. ഇല്ലേങ്കിൽ ഞങ്ങളു് പട്ടിണിയായിപ്പോകും.” “
ഒരു പാർസലും വേണ്ട സുമേഷ്. ഇന്നു് കഴിച്ചാ, ഇനി എല്ലാ ഞായറാഴ്ചേം കെട്ട്യോളേം കൂട്ടി നീയിങ്ങോട്ടു് പാഞ്ഞു വരും. നോക്കിക്കോ” “
നോക്കാം,” “
എന്തായി, ദീപ കഥയെഴുത്തു് തുടങ്ങിയോ” “
കടലാസെടുത്തിട്ടുണ്ടു്.” “
അവൾ എവിട്യാ ഇരിക്കുന്നതു്? എന്റെ എഴുത്തു് മുറിയിലാ? കഥ കോപ്പിയടിക്കുന്നുണ്ടോന്നു് നോക്കണേ.” “ “
ഏയ്, ദീപ സിറ്റൗട്ടിലാ… രണ്ടു് കടലാസും കയ്യിൽപ്പിടിച്ചോണ്ടു് മരങ്ങളിലേക്കു നോക്കി വെറ്തെ ഇരിപ്പാണു്. ഒന്നും എഴുതുന്നില്ല”
ജയരാമൻ ഗൗരവത്തിൽ പറഞ്ഞു.
അങ്ങനെ പെട്ടെന്നൊരാൾക്ക് എഴുത്തു് വരില്ല സുമേഷ്. പിന്നെ ഒരു് കാര്യം. കഥ വിലയിര്ത്ത്മ്പോൾ നീ അല്പം മയത്തിൽ സംസാരിക്കണേ. ഒറ്റയടിക്കു് വിമർശിക്കണ്ടാ. പെട്ടെന്നു് ഫീല് ചെയ്യുന്ന പെണ്ണാ.”
അൽപനേരം കൂടി കഴിഞ്ഞപ്പോൾ സുമേഷ് വീണ്ടും വന്നു. “ജയാ, ദീപ എഴുന്നേറ്റ് പോയി. രണ്ടു് കടലാസിലു് എന്തോ കുറച്ചു് വരികൾ കുറിച്ചു് ടി. വി. സ്റ്റാന്റില് മടക്കി വച്ചിട്ടുണ്ടു്. ഇപ്പോ തുറക്കരുതു് എന്നും എന്നോടു് പറഞ്ഞു.”
മുരിങ്ങക്കായ മുറിക്കുന്നതു് നിർത്തി ജയരാമൻ മുഖം പൊന്തിച്ചു. മുഖത്തു് വിജയച്ചിരി തെളിഞ്ഞു. “
സുമേഷ്, ഞാമ്പറഞ്ഞില്ലേ. ചോറും കറിയും ഉണ്ടാക്കുന്ന പോലല്ല കഥയെഴുത്തു്. അല്ല, ദീപ എങ്ങോട്ടാ പോയതു്?” “
ഒരു കെട്ടു് മുഷിഞ്ഞ തുണിയും എടുത്തു് ലതയെയും കൂട്ടി ഇറങ്ങിപ്പോയി. ചെറയിലേക്കായിരിക്കും” “
ഓ, നുണ പറയാനാണു്. അവരു് രണ്ടാളും ഒന്നിച്ചു കൂടിയാ പിന്നെ പറയാനുണ്ടോ?” “
പുറത്തിറങ്ങുമ്പോ ദീപ ഒരു കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ടു്.” “
എന്താദു്?” “
എച്ചിൽപ്പാത്രങ്ങളൊക്കെ കഴുകിവയ്ക്കുന്നതും മൽസരത്തിന്റെ ഭാഗാത്രെ.”
ജയരാമനു് ദേഷ്യം വന്നു. “
അതൊന്നും പന്തയത്തിലില്ല.”
മണി ഒന്നായപ്പോഴേക്കും ചോറും കറികളും റെഡിയായി. ജയരാമൻ വിയർത്തു് കുളിച്ചിരുന്നു. ജനലിലൂടെ നോക്കിയപ്പോൾ ഗേറ്റ് കടന്നു് ദീപയും ലതയും ഉല്ലാസത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ടു് ചുവന്ന ബക്കറ്റുമായി നടന്നുവരുന്നതു് കണ്ടു. “
സുമേഷ്, ഞാനൊന്നു് മേലു് കഴുകീട്ടു് വരാം.” “
വേഗം വേണം. വെശക്കുന്നുണ്ടു്”
കുളിച്ചുവന്നപ്പോൾ സുമേഷ് പറഞ്ഞു: “
ആദ്യം ഭക്ഷണം, എന്നിട്ടു് മതി കഥ.”
ആരും എതിർത്തില്ല.
ചോറും കറികളും വിളമ്പിക്കഴിഞ്ഞു് കഴിപ്പു് തുടങ്ങിയപ്പോൾ സുമേഷ് തല കുലുക്കി. “
എല്ലാം നന്നായ്ണ്ടു്. വലിയ കുറ്റം പറയാനില്ല.”
ലതയും സമ്മതിച്ചു. “
മീങ്കറി അസലായിട്ട്ണ്ടു്. ദീപ എന്തു പറയുന്നു?”
ദീപ പുഞ്ചിരിച്ചു “
ജയേട്ടന്റെ കറികളൊക്കെ നല്ല രുചിയായിട്ടുണ്ടു്.”
ജയരാമനു് വയർ നിറഞ്ഞതു പോലെ തോന്നി.
ഭക്ഷണം കഴിഞ്ഞു് എല്ലാവരും ഡ്രോയിങ് റൂമിൽ വട്ടത്തിൽ ഇരുന്നു. സുമേഷ് കഥ എടുത്തു കൊണ്ടു് വന്നു് തുറക്കാതെ നീട്ടി. “
ദീപ തന്നെ വായിക്കൂ.”
ദീപ ബഹളം വച്ചു. “
അയ്യോ, ഉറക്കെ വായിക്കല്ലേ, പൊട്ടക്കഥയാ”
ദീപ കഥ വാങ്ങിച്ചില്ല.
ജയരാമൻ ഇടപെട്ടു. “
അതു് പറ്റില്ല. പന്തയമാകുമ്പഴു് കഥ ഉറക്കെ വായിക്കണം. ദീപ തന്നെ വായിക്കണം.”
അന്നേരം ലത രക്ഷപ്പെടുത്തി. “
ഇങ്ങ് താ, ഞാൻ വായിക്കാം”
ദീപ തല താഴ്ത്തിയിരുന്നു.
കഥയുടെ ശീർഷകം ലത ഉറക്കെ വായിച്ചു. “
ഉരുകിത്തീരുന്നവൾ”
സുമേഷ് കൈപൊക്കിക്കൊണ്ടു് പ്രസ്താവിച്ചു. “
വിഷയത്തിനു് ചേരുന്ന നല്ല തലക്കെട്ടാണു്. ശരി, ഇനി കഥ കേൾക്കട്ടെ.”
ലത ആദ്യ വാക്യം വായിച്ചു. “
തിളയ്ക്കുന്ന ടാർ വീപ്പയിൽ തെന്നി വീണതു പോലെ ഭൂമി കറുത്തിരുണ്ടു.”
രണ്ടു പേജേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അതു് വെടിമരുന്നു് പോലത്തെ ഒരു കഥയായിരുന്നു. ഒന്നു കൂടെ വായിക്കാൻ സുമേഷ് ആവശ്യപ്പെട്ടു. ലത വായിക്കാൻ തുടങ്ങി.
റോഡ് ടാർ ചെയ്യുന്ന കുറെ പണിക്കാരുടെ ഇടയിൽ ഒറ്റയ്ക്കൊരു സ്ത്രീ. നേരം വല്ലാതെ ഇരുളുന്നതറിഞ്ഞു്, വീട്ടിൽ ഒറ്റയ്ക്കായ മകളെ ഓർത്തു് നെഞ്ചു് പൊള്ളുന്ന അമ്മ. മുട്ടോളം ചാക്കുകൾ പൊതിഞ്ഞ അവളുടെ കാലുകൾ കറുത്ത ചോരയിൽ മുങ്ങിയിരുന്നു. അപ്രതീക്ഷിതമായി തിളയ്ക്കുന്ന ടാറിൽ കാലുകൾ കുരുങ്ങിപ്പോയ ഒരു പൂച്ചക്കുഞ്ഞിനെ അവൾ ഓടിച്ചെന്നു് രക്ഷപ്പെടുത്തുന്നു. മേസ്ത്രിയുടെ കൊടുവാൾ പോലെ പൊങ്ങിയ അലർച്ച വകവയ്ക്കാതെ പൂച്ചക്കുഞ്ഞുമായി അടുത്ത വീട്ടിലേക്കു് ഓടുന്നു…
സുമേഷ് പ്രസ്താവിച്ചു. “
ഹോ! രണ്ടു പേജേയുള്ളൂവെങ്കിലും ദീപയുടെ കഥ ഒരു കിടിലൻ സംഭവമാണു്.”
ലതയും കൂടെക്കൂടി. “
അതെ. കഥ വന്നു് നെഞ്ചിലു് തറയ്ക്കുന്നപോലെ തോന്നി എനിക്കു്.”
സുമേഷ് ജയരാമനെ നോക്കി. “
ജയൻ എന്തു പറയുന്നു.”
ജയരാമൻ ഷീറ്റുകൾ വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ടു് പറഞ്ഞു: “
കഥ നന്നായ്ണ്ടു്. പക്ഷേ, ഏതോ പ്രശസ്തന്റെ കഥ ദീപചൂണ്ടിയതാണോ എന്നെനിക്കു് സംശയമുണ്ടു്.”
ദീപ ചിരിച്ചു. “
ചൂണ്ടാനും തോണ്ടാനുമൊന്നും ഞാൻ പോയില്ല. വിഷയം തന്നപ്പോ, ഒന്നും എഴുതാൻ കിട്ടാണ്ടു് ആലോചിച്ചിരുന്നപ്പോ, കഴിഞ്ഞാഴ്ച തിളക്കുന്ന വെയിലത്തു് ആണുങ്ങൾക്കിടയിൽ ടാർ പണിചെയ്യുന്ന ഒരു സ്ത്രീയെ ബസിലിരുന്നു് കണ്ടതു് ഓർമ വന്നു. അപ്പൊ തോന്നിയതു് അങ്ങനെ എഴുതിവച്ചു. ആഴ്ചപ്പതിപ്പിലു് വരുന്ന കഥയൊക്കെ വായിക്കുന്നല്ലാതെ എനിക്കുണ്ടോ കഥയെഴുതാൻ അറിയുന്നു? അലക്കാനുള്ളതു കൊണ്ടു് വേഗം തീർത്തു. ഇല്ലെങ്കിൽ അഞ്ചാറു് പേജിലു് നീട്ടിയെഴ്താര്ന്നു”
ജയരാമൻ നിശബ്ദനായി. സുമേഷ് ശബ്ദം കനപ്പിച്ചു. “
ഇനി ഈ വീട്ടിൽ കാര്യങ്ങൾ ഒന്നു് മാറ്റിപ്പിടിക്കുന്നതായിരിക്കും ഉചിതം. കാലത്തു് എഴുേന്നറ്റു് ദീപ കഥയെഴുതട്ടെ. ജയരാമൻ അടുക്കളയിൽ കയറട്ടെ. എന്താ?”
വലിയൊരു പൊട്ടിച്ചിരിയിൽ നാലാളും പങ്കുചേർന്നു.
സുമേഷിനെയും ലതയെയും ബസ്സ്റ്റോപ്പിൽ വിട്ടു് ജയരാമൻ തിരിച്ചെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു.
ദീപ മുറ്റത്തേക്കു് ഇറങ്ങി വന്നു. “
മോള് വിളിച്ചിരുന്നു. പന്തയഫലം അറിയാൻ” “ “
പന്തയക്കാര്യം നീ അവളോടു് പറഞ്ഞൂല്ലേ”
ബെറ്റ് വച്ച അന്നു് തന്നെ പറഞ്ഞു. അതിനെന്താ? കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും ഞങ്ങൾ പറയാറുണ്ടു്.” “
ആരു് ജയിച്ചെന്നാ നീ പറഞ്ഞതു്?” “
അച്ഛൻ ജയിച്ചൂന്നു് പറഞ്ഞു.” “
രണ്ടാളും ജയിച്ചൂന്നു് പറയാര്ന്നില്ലേ?”
ദീപ ചിരിച്ചു. “
അതിനു് രണ്ടാളും ജയിച്ചോ? ഞാനല്ലേ ജയിച്ചതു്.”
ജയരാമൻ മിണ്ടാതെ വീട്ടിലേക്കു കയറി. പിന്നാലെ പടികൾ കയറുമ്പോൾ ദീപ പറഞ്ഞു: “
ജയേട്ടന്റെ അമ്മേം വിളിച്ചിരുന്നു.”
ചെറിയ ഞെട്ടലോടെ അയാൾ മുഖം തിരിച്ചു. “
എന്തിനു്?” “
റിസൾട്ടറിയാൻ” “
ഓ, നീ അമ്മേടും പറഞ്ഞല്ലേ പന്തയക്കാര്യം?” “
ഏയ്…! ഞാനല്ല, അന്നു് ജയേട്ടൻ അമ്മേടടുത്തു് പാചകകല പഠിക്കാൻ ചെന്നില്ലേ. അന്നു തന്നെ അമ്മ എന്നോടു് എല്ലാം പറഞ്ഞിരുന്നു.”
ഇളിഭ്യത പുറത്തു് കാണിക്കാതെ ജയരാമൻ മിണ്ടി. “
യൂ ട്യൂബ് നോക്കി ശരിയാവാത്തോണ്ടു് പോയതാ. മത്സരം കഴിഞ്ഞിട്ടു് നിന്നോടു് പറയാമെന്നു വച്ചു.”
ദീപയുടെ ചിരി ചുണ്ടുകളിൽ നിന്നും കവിളുകളിലേക്കു് വ്യാപിച്ചു. “
ഒരു് കാര്യം കൂടി പറയാന്ണ്ടു്. ജയേട്ടൻ കുളിക്കാൻ കേറിയപ്പോൾ മീങ്കറീലു് ഞാൻ ചില മിനുക്കു് പണികൾ ചെയ്തിരുന്നു. രുചി കൂട്ടാൻ” “
നീ തട്ടിപ്പു് പറയല്ലേ” “
ജയേട്ടൻ ഇതു് പറയുംന്നു് എനിക്കറിയാം. അതോണ്ടു് കുറച്ചു് മീങ്കറി ആദ്യം തന്നെ കുത്തുണ്ണത്തിൽ എടുത്തു് ജനൽപ്പടിയിലു് ഞാൻ മാറ്റിവച്ചിട്ടുണ്ടു്. രണ്ടിന്റേം രുചി വ്യത്യാസം നോക്കിക്കോ”.
ജയരാമൻ അയഞ്ഞു. “
നീ എന്തിനാ അങ്ങനെ ചെയ്തതു്?” “
അവരെ മുമ്പിലു് ജയേട്ടൻ തോക്കണ്ടാന്നു് കരുതി.”
ഒന്നും മിണ്ടാതെ ജയരാമൻ സെറ്റിയിലിരുന്നു് ആഴ്ചപ്പതിപ്പു് തുറന്നു. ദീപ അരികിൽ വന്നിരുന്നു് ടി. വി. ഓൺ ചെയ്തു.
കുട്ടികളുടെ പാട്ടു മൽസരം ആരംഭിച്ചിരുന്നു.
രാത്രി, അടുക്കളയിലെ പണികളെല്ലാം തീർത്തു് ബെഡ്റൂമിലേക്കു വന്നു് മുടി ചീകിക്കെട്ടുമ്പോൾ ദീപ ചോദിച്ചു: “ഉറങ്ങിയോ?”
ജയരാമൻ ചിമ്മിയ കണ്ണുകൾ തുറന്നു. “
ഉറക്കം വരുന്നില്ല.” “
എന്തേ?” “
നാളെ മുതൽ ഞാനും അടുക്കളയിൽ കയറാം. നിന്നെ സഹായിക്കാൻ.”
ദീപ പൊട്ടിച്ചിരിച്ചു.
ജയരാമൻ അത്ഭുതപ്പെട്ടു. “
എന്താ”
ദീപ ഒന്നും പറഞ്ഞില്ല. അൽപം കഴിഞ്ഞു് മുടിമെടയുമ്പോൾ പതുക്കെ പറഞ്ഞു: “
എത്ര മുടിയുണ്ടായിരുന്നതാ എനിക്കു്.”
ലൈറ്റണച്ചു്, ഫാൻ കുറച്ചു്, അരികിൽ വന്നു കിടന്നു് ദീപ കെട്ടിപ്പിടിച്ചു. ജയരാമന്റെ വലം ചെവിയിൽ ചുണ്ടു് ചേർത്തു് ചോദിച്ചു:
“ “
ജയേട്ടനു് ഓർമ്മേണ്ടോ?”
എന്തു് ?” “
ആ ഷർട്ടു്. ഞാൻ കാലു തുടച്ച ആ പഴയ ഷർട്ട്?” “
അതു് വളരെ പഴയതാ. പഠിക്കുമ്പഴോ മറ്റോ ഉള്ളതു്” “
അല്ല. ഓർമിച്ചു് നോക്കു്. വളരെ പ്രധാനപ്പെട്ട ഒരു ഷർട്ടാ അതു്” “
ഇല്ല, എനിക്കോർമ വരുന്നില്ല.” “
എന്നാ ഞാമ്പറയാം. കല്യാണ ദെവസം വീട്ടിലെത്തിയ ഉടനെ എടുത്തിട്ട ഷർട്ടാ. ആദ്യരാത്രീലു് ഞാൻ ഗ്ലാസിലു് പാലുമായി വര്മ്പോ ഈ ഷർട്ടിട്ടാ ജയേട്ടൻ കിടക്കേലു് കിടന്നിരുന്നേ. ആഴ്ചപ്പതിപ്പു് വായിച്ചോണ്ടു്. ഓർമ്മ വര്ന്ന്ണ്ടോ?”
ജയരാമൻ ഓർമിച്ചു നോക്കി. “
ഇല്ല ദീപാ, ഓർമ്മ വര്ന്നില്ല.”
ദീപ തുടർന്നു: “
പിന്നെ എപ്പഴോ ഒരിക്കെ, കുറെ കൊല്ലം കഴിഞ്ഞു്, എന്തോ തൊടയ്ക്കാൻ വേണ്ടി ജയേട്ടൻ ആ പഴകിയ ഷർട്ടെടുത്തു് രണ്ടായിക്കീറി. തുടച്ച ഭാഗം എടുത്തു് ചുരുട്ടിയെറിഞ്ഞു. മറ്റേ ഭാഗം ഞാൻ എന്റെ കല്യാണപ്പെട്ടിയിൽ വച്ചു. അതിപ്പഴും അവിടെയുണ്ടു്. ഒരു് ഓർമയ്ക്കു്. അത്രേയുള്ളൂ. ചുരുട്ടിയെറിഞ്ഞ കഷ്ണം ഞാൻ കുറെക്കാലം അടുക്കളയിൽ കൈക്കലത്തുണിയാക്കി. പിന്നെയാ കാലു് തുടയ്ക്കാനെടുത്തതു് കളയാൻ എന്തോ ഒരു മടി. അതാ ഞാൻ നിലത്തിട്ടതു്. അല്ലാതെ…”
ജയരാമൻ നിശബ്ദനായി. കല്യാണം കഴിഞ്ഞ ശേഷമുള്ള കുറെ ഓർമ്മകൾ അയാളുടെ ഉള്ളിലൂടെ സിനിമ പോലെ അതിദ്രുതം പാഞ്ഞുപോയി. ദീപയുടെ വിങ്ങിക്കരച്ചിൽ കേട്ടു് അയാൾ പെട്ടെന്നു് എണീറ്റിരുന്നു. പുറം തടവിക്കൊണ്ടു് ചോദിച്ചു: “
നീ എന്തിനാ കരയുന്നതു്?” “
എനിക്കറീല”
ജയരാമൻ ചേർന്നു കിടന്നു. സ്നേഹത്തോടെ ദീപയെ കൈകളിൽ ചുറ്റി. കുറച്ചു് കഴിഞ്ഞു് പതുക്കെ പറഞ്ഞു: “
എല്ലാം കൂടി ഒരു കഥ പോലെ തോന്നുന്നു, അല്ലേ? കാലത്തെഴുന്നേറ്റു് ഇതെല്ലാം നമുക്കു് ഒരു കഥയായി എഴുതിവച്ചാലോ?”
മറുപടി ഉയർന്നില്ല. ദീപ ഉറക്കത്തിലാണ്ടുപോയിരുന്നു.
കാസർകോടു് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനനം. ജന്തുശാസ്ത്രത്തിൽ ബിരുദം. മലയാളത്തിൽ എം. എ, എം. ഫിൽ. ബിരുദങ്ങൾ റാങ്കുകളോടെ നേടി. കഥയിലെ കാലസങ്കൽപ്പം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. 1987 മുതൽ കാഞ്ഞങ്ങാടു് നെഹ്റു കോളേജിലെ അധ്യാപകൻ. 2019-ൽ വിരമിച്ചു.
കാരൂർ, ഇടശ്ശേരി, ചെറുകാടു്, അബുദാബി ശക്തി, കോവിലൻ, മലയാറ്റൂർ പ്രൈസ്, കേളി, അയനം തുടങ്ങി 27 അവാർഡുകൾ നേടി. ‘കയ്യൊപ്പു്’ എന്ന സിനിമയ്ക്കു് തിരക്കഥ എഴുതി. ‘പൊലിയന്ദ്രം’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ‘കൊമേർഷ്യൽ ബ്രെയ്ക്കി’നു് മികച്ച ചെറുകഥയ്ക്കുള്ള കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് 2002-ൽ ലഭിച്ചു. കേരളത്തിലെ മികച്ച കോളേജ് അധ്യാപകനുള്ള അവാർഡ് രണ്ടു തവണ ലഭിച്ചു. നെഹ്റു കോളേജിൽ സാഹിത്യവേദി തുടങ്ങി. 33 വർഷം സാഹിത്യവേദിയുടെ പ്രസിഡന്റായിരുന്നു. എൻഡോസൾഫാൻ ഭവനപദ്ധതിക്കു് നേതൃത്വം നൽകി. രണ്ടു ദശകക്കാലമായി എൻഡോസൾഫാൻ വിരുദ്ധ സമര നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ‘സാധാരണ വേഷങ്ങൾ’ ആദ്യ പുസ്തകം. 23 ചെറുകഥാ സമാഹാരങ്ങളും രണ്ടു നോവലുകളും, നാലു് നിരൂപണഗ്രന്ഥങ്ങളും എഴുതി. മലയാളത്തിലെ പരിസ്ഥിതി കഥകൾ, മലയാളത്തിലെ തെയ്യം കഥകൾ, ആദ്യ നാട്ടു ഭാഷാനിഘണ്ടുവായ ‘പൊഞ്ഞാ’, ആദ്യ കാമ്പസ് നോവൽ ‘ജീവിതത്തിന്റെ ഉപമ’, ‘വയനാട്ടു് കുലവൻ’ തുടങ്ങി ഇരുപതോളം ശ്രദ്ധേയമായ പുസ്തകങ്ങളുടെ എഡിറ്റർ. കഥകൾ ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ടു്. ‘എൻമകജെ’ നോവൽ ഇംഗ്ലീഷ് ഉൾപ്പെടെ നാലു് ഭാഷകളിൽ വിവർത്തനം ചെയ്തു. ‘മരക്കാപ്പിലെ തെയ്യങ്ങൾ’ ആദ്യ നോവൽ. സ്കൂളുകളിലും വിവിധ യൂണിവേഴസിറ്റികളിലും കഥകളും, നോവലുകളും പാഠപുസ്തകങ്ങളാണു്. ‘ആഖ്യാനവും ചില സ്ത്രീകളും’ എന്ന പുസ്തകം ആത്മകഥാ കുറിപ്പുകളാണു്. ‘എൻഡോസൾഫാൻ—നിലവിളികൾ അവസാനിക്കുന്നില്ല’ 50-ാമത്തെ പുസ്തകമാണു്.
ഭാര്യ: രഞ്ജിനി, പി.
മക്കൾ: മാളവിക, ശിവൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ