അമ്മമ്മ മരിച്ചതോടെ സുമംഗലയുടെ മനസ്സിലുള്ള പാട്ടുകൾ പലതും കാണാതായിത്തുടങ്ങി. കല്യാണത്തിനു ശേഷം അപരിചിതമായ വീട്ടിലെത്തി പുതിയ ജീവിതം തുടങ്ങിയതോടെ പാട്ടുകളെല്ലാം അവളെ കൈവിട്ടു.
ബൗതീറ്റു് [3] ബീണ്വോകും[4]
എടത്തോട്ടു് പോലാ,ണേ
എരടീറ്റു് [5] ബീണ്വോകും
ബലത്തോട്ടു് പോലാ,ണേ
ബയി[6] തെറ്റി കൊയഞ്ഞോകും[7]
സീതന്നെ[8] പോയ്ക്കോണേ
സീതേനപ്പോലെ നീർന്നോണേ[9].”
ഊഞ്ഞാലിലിരുന്നു് പതുക്കെ ആടിക്കൊണ്ടു് സുമംഗല പാടി. അമ്മമ്മയുടെ പാട്ടാണു്. ഓരോ പണികൾ ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും അമ്മമ്മ ഈണത്തിൽ പാടിക്കൊണ്ടിരിക്കും. നല്ല രസമാണു് കേൾക്കാൻ. നാടൻപാട്ടുകൾ ഓർമ്മയിൽനിന്നും ചൊല്ലുന്നതാണെന്നാണു് അവൾ കരുതിയതു്. പിന്നീടാണു് സംഭവം മനസ്സിലായതു്. അതതു് സമയത്തു് അമ്മമ്മ പടച്ചുണ്ടാക്കി പാടുന്ന പാട്ടുകളാണു്. ചിലതു് ഒറ്റത്തവണയേ കേൾക്കൂ. രസമുള്ള പാട്ടുകളാണെങ്കിൽ ആവർത്തിച്ചുപാടിക്കൊണ്ടിരിക്കും.
കുട്ടിക്കാലത്തു് സുമംഗല അമ്മമ്മയുടെ പിന്നാലെ കൂടും. ഒരു പാട്ടു് കിട്ടിയാൽ അതുറക്കെ പാടിക്കൊണ്ടു് അവൾ വളപ്പിലൂടെ, മരങ്ങൾക്കിടയിലൂടെ, നാഗക്കാവിനുള്ളിലൂടെ പായും. അഞ്ചാറു് തവണ ചൊല്ലി ഹൃദിസ്ഥമാക്കും. അങ്ങനെ കുറെ പാട്ടുകൾ സുമംഗലയുടെ ഉള്ളിൽ നിറഞ്ഞ് തുളുമ്പിനിന്നിരുന്നു. സ്കൂളിലേക്കു് നടന്നുപോകുമ്പോഴും വരുമ്പോഴുമെല്ലാം വെള്ളത്തിൽ മുങ്ങിയ വയലുകളിലെ മീനുകൾ ചാടുന്നതുപോലെ ചുണ്ടിൽ പാട്ടുകൾ തുള്ളിക്കളിച്ചു.
അമ്മമ്മ മരിച്ചതോടെ സുമംഗലയുടെ മനസ്സിലുള്ള പാട്ടുകൾ പലതും കാണാതായിത്തുടങ്ങി. കല്യാണത്തിനു ശേഷം അപരിചിതമായ വീട്ടിലെത്തി പുതിയ ജീവിതം തുടങ്ങിയതോടെ പാട്ടുകളെല്ലാം അവളെ കൈവിട്ടു. ജഗദീശനു് പാട്ടു് കേൾക്കാനൊന്നും താൽപര്യമുണ്ടായിരുന്നില്ല. മകൻ വളർന്നു് വലുതായി സ്കൂളിൽ പോകാൻ തുടങ്ങിയതോടെയാണു് ഇടയ്ക്കിടെ ഏകാന്തത വന്നു് അവളെ എത്തിനോക്കാൻ തുടങ്ങിയതു്. രാവിലെ ഭർത്താവും മകനും പോയ്ക്കഴിഞ്ഞാൽ വേഗം വീടെല്ലാം അടിച്ചു് തുടച്ചു്, തുണിയെല്ലാം അലക്കുകല്ലിലടിച്ചു് നനച്ചു്, ഉച്ചഭക്ഷണം കഴിച്ചു്, പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം വീടിനു പിന്നിലെ വരിക്കപ്ലാവിൽ കെട്ടിയ ഊഞ്ഞാലിൽ കുറേനേരം അവളിരിക്കും. അങ്ങനെയൊരു ദിവസം വെറുതെ ചാഞ്ചാടിയിരിക്കുമ്പോഴാണു്, പച്ചയുടുപ്പിട്ട ഇടവഴിയിൽനിന്നു് ചുവന്നൊരു കാട്ടുപൂവു് പെട്ടെന്നു് തലനീട്ടുന്നതുപോലെ ആ പാട്ടു് സുമംഗലയുടെ മനസ്സിൽ മുളച്ചുപൊന്തിയതു്.
“ബയ്ലോട്ടു് പോലാ,ണേ… ”
ഏറെ ശ്രമിച്ചിട്ടും അമ്മമ്മയുടെ മറ്റൊരു പാട്ടും അവൾക്കു് ഓർത്തെടുക്കാനായില്ല. കിട്ടിയതു് മറന്നുപോകാതിരിക്കാൻ അവളെന്നും ഊഞ്ഞാലിലിരുന്നു് മറ്റാരും കേൾക്കാതെ അതു് പാടിക്കൊണ്ടിരുന്നു.
“ബയ്ലോട്ടു് പോലാ,ണേ… ”

മൂന്നാമതും പാടാൻ തുടങ്ങിയ സുമംഗല പെട്ടെന്നു് നിർത്തി ചുറ്റും നോക്കി. ഭാഗ്യം! ആരും കേട്ടില്ല. ഭർത്താവും മകനും വീട്ടിലുള്ള കാര്യം അവൾ മറന്നുപോയിരുന്നു. അവരെങ്ങാനും തന്റെ നാടൻപാട്ടു് കേട്ടാൽ കളിയാക്കിക്കൊല്ലും. കല്യാണം കഴിഞ്ഞുവന്ന കാലത്തു്, നീയേതു് കാട്ടുജാതിക്കാരുടെ ഭാഷയാ പറയുന്നതു്, എനിക്കൊരക്ഷരം മനസ്സിലാകുന്നില്ലല്ലോ എന്നു് ജഗദീശൻ പരിതപിച്ചു. വളരെ പെട്ടെന്നു് അവൾ പുതിയ ഭാഷ ശീലിച്ചു. നാട്ടുവാക്കുകളൊന്നും നാവിലുദിക്കാതിരിക്കാൻ കരുതലെടുത്തു.
“സുമേ, നീയൊന്നു് പെട്ടെന്നു് വന്നേ”
വീടിന്റെ മുൻവശത്തുനിന്നും ജഗദീശൻ അലറിവിളിച്ചു. സുമംഗല ചാടിയെഴുന്നേറ്റു് നടന്നു.
സുമംഗല ഭയന്നുപോയി.
ജഗദീശൻ ഒരു വലിയ പാമ്പിനെ വാലിൽ തൂക്കിപ്പിടിച്ചു് മലർക്കെ ചിരിച്ചു നിൽക്കുന്നു.
പാമ്പു് അന്തരീക്ഷത്തിൽ പുളയുന്നുണ്ടു്.
“പേടിക്കേണ്ടെടീ, ചേരയാ… ”
“നിങ്ങളെങ്ങനെ പിടിച്ചു പാമ്പിനെ?”
“ഓടിപ്പിടിക്കാൻ പറ്റ്വോ? കിണറിന്റെ നെറ്റിൽ കുടുങ്ങിയതാ.”
നാലടി മുന്നിലേക്കു് ചെന്നു് അവൾ സൂക്ഷിച്ചുനോക്കി. പരിചയമുള്ള ചേരയാണു്. ചെടികൾക്കിടയിലൂടെ ഇഴഞ്ഞുപോകുന്നതു് പലപ്പോഴും കണ്ടിട്ടുണ്ടു്. തുണിയലക്കുമ്പോഴും ഊഞ്ഞാലിലിരിക്കുമ്പോഴും വന്നു് തലപൊക്കി കുറച്ചു് നേരം തന്നെ നോക്കിനിൽക്കാറുണ്ടു്. ഭർത്താവിനോടവൾ അക്കാര്യം പറഞ്ഞിരുന്നില്ല. പറഞ്ഞാൽ ഒളിച്ചിരുന്നു് അടിച്ചു് കൊല്ലും.
സുമംഗല ദയാവായ്പോടെ അപേക്ഷിച്ചു.
“അതിനെ വിട്ടേക്ക്, ഉപദ്രവമില്ലാത്ത ജീവിയല്ലേ?”

ജഗദീശൻ പാമ്പിന്റെ വെപ്രാളം ആസ്വദിച്ചുകൊണ്ടു് പൊട്ടിച്ചിരിച്ചു.
“ഹാ! വിട്ടുകളയാനോ? ഇന്നു് ഞാനിതിനെ ശരിപ്പെടുത്തും.”
ബഹളം കേട്ടു് സൂരജ് പുറത്തേക്കു് ഓടിവന്നു. സുറുമയെഴുതിയ കോളേജ് കുമാരന്റെ കണ്ണുകളിൽ അത്ഭുതവും സന്തോഷവും തിളങ്ങി.
“അച്ഛനെങ്ങനെ ഇതിനെ പിടിച്ചു?”
വിജിഗീഷുവിനെപ്പോലെ ജഗദീശൻ ചുണ്ടു് വിടർത്തി.
“ഇതു് ചേരയാടാ, മൂർഖനായാലും ഞാൻ പിടിക്കും.”
സൂരജ് അച്ഛന്റെ കൈയിൽനിന്നും നിർഭയം ചേരയെ വാങ്ങിച്ചു് തൂക്കിപ്പിടിച്ചു.
“അച്ഛാ, നല്ല കൊഴുത്ത ചേരയാണല്ലോ. അഞ്ചെട്ടു് കിലോ വരും. യൂട്യൂബിലുണ്ടു് ചേരയുടെ റെസിപ്പി, നമുക്കൊരു കൈ നോക്കിയാലോ? നല്ല ടേസ്റ്റായിരിക്കും.”
ചേര ദയനീയമായി സുമംഗലയെ തലപൊന്തിച്ചു നോക്കി.
അവൾ പറഞ്ഞു:“മോനേ, അതിനെ വിട്ടേക്കു്, പാവം. എവിടേയെങ്കിലും പോയി ജീവിച്ചോട്ടെ.”
സൂരജ് അമ്മയെ നോക്കി കണ്ണിറുക്കിച്ചിരിച്ചു. അഭ്യാസിയെപ്പൊലെ ചേരയെ തലയ്ക്കു മുകളിൽ ചുഴറ്റാൻ തുടങ്ങി. സുമംഗല കരയുന്ന ഒച്ചയിൽ കെഞ്ചി.
“ചെയ്യല്ലേ മോനേ, അതു് ചത്തുപോകും,” സൂരജ് ചിരിച്ചു.
“ഈ അമ്മക്ക് പ്രാന്താ, മിണ്ടാതിര്ന്നോ.”
ചുഴറ്റൽ നിർത്തി സൂരജ് പാമ്പിനെ തൂക്കിപ്പിടിച്ചു. ചത്തിട്ടില്ല. പതുക്കെ അനങ്ങുന്നുണ്ടു്. ജഗദീശൻ പാമ്പിനെ വാങ്ങി നിലത്തു് ഇന്റർലോക്കിൽ കിടത്തി. അന്നേരം തലതിരിച്ചു് ചേര സുമംഗലയെ നോക്കി. അവൾക്കു് സങ്കടം വന്നു.
“ചേര കർഷകന്റെ മിത്രമാണു്, കൊല്ലാൻ പാടില്ല എന്നൊക്കെ സ്ക്കൂളിൽ പഠിച്ചതല്ലേ. പിന്നെന്തിനാ രണ്ടാളും കൂടി അതിനെ ഇങ്ങനെ ഉപദ്രവിക്കുന്നതു്? ചേര എലിയെയും പെരുച്ചാഴിയെയും പിടിക്കില്ലേ?” ജഗദീശൻ പാമ്പിന്റെ വാലിലെ പിടിവിട്ടു.
“അതിനു് എവിടേടീ എലിയും പെരുച്ചാഴിയും?”
സുമംഗല മിണ്ടിയില്ല. ഈ വീടും സ്ഥലവും വാങ്ങിച്ചു് താമസം തുടങ്ങിയ നാളുകളിൽ വീടിനകത്തു് നിറയെ എലികളും പുറത്തു് പെരുച്ചാഴികളുമുണ്ടായിരുന്നു. മാത്രമല്ല, മതിലിനുള്ളിൽ കീരികളും ഉടുമ്പുകളും മരപ്പട്ടികളും മലയണ്ണാനുമൊക്കെ യഥേഷ്ടം ഉണ്ടായിരുന്നു. കപ്പയിലും ഏത്തക്കയിലും വിഷംവെച്ചു് ഒരു മാസത്തിനുള്ളിൽ ജഗദീശൻ സകലതിന്റെയും കഥ കഴിച്ചു. എന്നും കാലത്തെഴുന്നേറ്റാൽ ചത്ത ജീവികളെ കൈക്കോട്ടെടുത്തു് കുഴിച്ചിടലായിരുന്നു പ്രഭാതകർമ്മം. പിന്നെപ്പിന്നെ ജീവികളെ ഒന്നിനെയും കാണാനില്ലാതായി.
ജഗദീശൻ വളിച്ച ചിരിയോടെ സൂരജിനോടു് പറഞ്ഞു: “കണ്ടോടാ, എങ്ങോട്ടു് തലവെച്ചു് കിടത്തിയാലും ചേര നിന്റെ അമ്മയെത്തന്നെയാ നോക്കുന്നതു്. ”
“അതേ അച്ഛാ, സത്യം. ചിലപ്പോൾ അമ്മേടെ ഫ്രണ്ടാവും.”
സുമംഗല ദേഷ്യപ്പെട്ടു: “അതെ, ഫ്രണ്ടാണു്. അതിനെ വിട്ടേക്ക്, നിങ്ങക്കു് പാപം കിട്ടും. അതിന്റെ കുട്ട്യോള് മാടീല്[10] കാത്തു് നിക്കുന്നുണ്ടാകും.”
അച്ഛനും മകനും അലറിച്ചിരിച്ചു.
“മാടിയോ? അതെന്തു് സാധനം? മാടി. ഹ! ഹ!”
സുമംഗല തലകുനിച്ചു. ഓർക്കാപ്പുറത്തു് പറഞ്ഞുപോയതാണു്. ജഗദീശൻ കൃത്രിമമായ ഗൗരവത്തോടെ ചോദിച്ചു:
“എടീ, സുമേ, ഇതിനു് കുട്ടികളുണ്ടോ?”
സുമംഗല മിണ്ടിയില്ല. നാലഞ്ചു ദിവസം മുമ്പു് ഊഞ്ഞാലിലിരിക്കുമ്പോൾ രണ്ടു് കുഞ്ഞുങ്ങളുമായി വന്നു് ചേര കുറച്ചുനേരം തലയുയർത്തി നിന്നതു് അവൾക്കു് ഓർമ്മവന്നു. തന്നെ കാണിക്കാൻ മക്കളെ കൂട്ടിവന്നതാണു് എന്നു തോന്നിയിരുന്നു. പക്ഷേ, ആ സംഭവം ആരോടും പറഞ്ഞില്ല. പറഞ്ഞാൽ പരിഹസിച്ചു് ഒരുവിധമാക്കും. ജഗദീശൻ ചോദ്യം ആവർത്തിച്ചപ്പോൾ പല്ലു് ഞെരിച്ചു് ദേഷ്യപ്പെട്ടു.
“ഉണ്ടാവും. ഉണ്ടാവാതിരിക്ക്വോ? എല്ലാരിക്കും മക്കളില്ലേ? ചേരക്കെന്താ മക്കളുണ്ടായിക്കൂടേ?”
തേമ്പിവന്ന ചിരിയമർത്തിപ്പിടിച്ചു് ജഗദീശൻ സുമംഗലയെ ഉറ്റുനോക്കി. ചേരയെ തൂക്കിയെടുത്തു് എഴുന്നേറ്റു. പറമ്പിലേക്കു് വിടാനെന്നാണു് സുമംഗല കരുതിയതു്. പെട്ടെന്നു് കിണറ്റിന്റെ സിമന്റ് പടിയിൽ പാമ്പിനെ ആഞ്ഞടിച്ചു. അതിന്റെ തല തകർന്നു് ചിതറി. സുമംഗല തലയിൽ കൈവെച്ചു് നിലവിളിച്ചു.
“അയ്യോ.”
ആ കാഴ്ച വീണ്ടും കാണാനാവാതെ അവൾ വീടിനു പിന്നിലേക്കു് ഓടി. ആ പരക്കംപാച്ചിൽ കണ്ടു് അച്ഛനും മകനും ചിരിയടക്കാനായില്ല.
ഊഞ്ഞാലിലിരുന്നു് സുമംഗല കിതച്ചു. കുറച്ചു നേരമെടുത്തു സമനില കിട്ടാൻ. അവൾ പതുക്കെ മൂളാൻ തുടങ്ങി. വിവാഹത്തിനു ശേഷം സ്വയം കണ്ടുപിടിച്ച സൂത്രമാണു്. ടെൻഷനുണ്ടാവുമ്പോൾ ഏതെങ്കിലും പാട്ടു് മൂളിയാൽമതി. കണ്ണടച്ചു്, എല്ലാം മറന്നു് അവൾ പതുക്കെ പാടിത്തുടങ്ങി:
“ബയിലോട്ടു് പോലാ,ണേ
ബൗതീറ്റു് ബീണ്വോകും… ”
പാട്ടിനുള്ളിൽനിന്നും പതുക്കെ അമ്മമ്മ പുറത്തേക്കു് വന്നു. കുട്ടിക്കാലത്തു് അമ്മമ്മയുടെ പിന്നാലെ നടന്നതിന്റെ ഓർമ്മകൾ, പുഴയിൽ അമ്മമ്മക്കൊപ്പം നീന്തിത്തുടിച്ചതിന്റെ ഓർമ്മകൾ, പാമ്പിൻകാവിൽ സന്ധ്യക്കു് വിളക്കു് വെച്ചതിന്റെ ഓർമ്മകൾ സുമംഗലയുടെ ഉള്ളിൽ നിറഞ്ഞു. അന്നു് തറവാട്ടിൽ നിറയെ പൂച്ചകളും നായ്ക്കളും കോഴികളും പശുക്കളും ഉണ്ടായിരുന്നു. നുകംവെക്കുന്ന നാലു് വലിയ പോത്തുകൾ കരക്ക[11] യിലുണ്ടായിരുന്നു. എല്ലാവരേയും അമ്മമ്മ പേർ ചൊല്ലിവിളിച്ചിരുന്നു. കൂട്ടത്തിലാരെങ്കിലും ചത്തുപോയാൽ പടിഞ്ഞാറ്റയിലിരുന്നു് അമ്മമ്മ പൊട്ടിക്കരയും. അന്നേ ദിവസം ആഹാരമെടുക്കാതെ പട്ടിണികിടക്കും.
[1] പിന്നിലേക്കു്.
[2] പോകരുത് പ്രിയപ്പെട്ടവളേ.
[3] വഴുതിയിട്ടു്.
[4] വീണുപോകും.
[5] വിരൽതടഞ്ഞു്.
[6] വഴി.
[7] കുഴഞ്ഞു് പോകും.
[8] നേരെ, മുന്നിലേക്കു്.
[9] നിവർന്നു നടക്കു പ്രിയപ്പെട്ടവളേ.
[10] മാളത്തിൽ.
[11] തൊഴുത്തു്.
കോളേജിൽ പോക്കുതുടങ്ങിയ കാലത്താണു് സുമംഗല ഒരു സംഭവം കണ്ടുപിടിച്ചതു്. രാത്രി എല്ലാവരും കിടന്നുകഴിഞ്ഞാൽ ഒരു കോരിക നിറയെ ചോറുമായി അമ്മമ്മ അടുക്കളയുടെ പിന്നിലേക്കിറങ്ങും. അവിടെ വാഴക്കൂട്ടത്തിൽ ഒരാൾ വന്നു് അമ്മമ്മയെ കാത്തു നിൽപുണ്ടാകും. ഒരു കുറുക്കൻ. മങ്ങണത്തിൽ വിളമ്പിക്കഴിഞ്ഞാൽ വേറെ ആരും ഇല്ലെന്നു് ഉറപ്പുവരുത്തിയ ശേഷം കുറുക്കൻ വന്നു് ചോറു് തിന്നും. അതിനോടു് എന്തെങ്കിലും മിണ്ടിയും പറഞ്ഞും അമ്മമ്മ തിണ്ണമേൽ ഇരിക്കും.
ഒരു ദിവസം സുമംഗല പുഴയിൽ കഴുത്തോളം മുങ്ങി നിന്നു് പറഞ്ഞു.
“ഞാൻ കണ്ടു, അമ്മമ്മ കുറുക്കനു് ചോറു് കൊടുക്കുന്നതു്. അതെന്താ എന്നോടു് പറയാതിരുന്നതു്?”
“അതു് നീ കണ്ടാ?”
അവൾ തലകുലുക്കി.
അമ്മമ്മ പുഞ്ചിരിച്ചു.
“ആള്വോൾക്ക് മനസ്സിലാവാത്ത കാര്യങ്ങള്ണ്ടാകും. അതൊക്കെ പറയാണ്ടിരിക്ക്ന്നതാ നല്ലതു് മോളേ.”
വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോഴാണു് ജഗദീശൻ ഈ വീടും സ്ഥലവും വാങ്ങിച്ചതു്. ഇത്തിരി പഴക്കമുള്ളതെങ്കിലും അടച്ചുറപ്പുള്ള കോൺക്രീറ്റ് കെട്ടിടം. പെയിന്റടിച്ചപ്പോൾ പുത്തനായി. കാസ്റ്റ്അയേണിന്റെ പുതിയ ഗേറ്റ് വെച്ചതോടെ വീടിന്റെ കാഴ്ചതന്നെ മാറി. വീടിനു് ചുറ്റുമുണ്ടായിരുന്ന കാട്ടുചെടികളെയും ജന്തുക്കളെയുമൊക്കെ ഇല്ലാതാക്കിയ ശേഷം ജഗദീശൻ വീടിന്റെ ജനലുകളിലും പുറത്തേക്കുള്ള വാതിലുകളിലും രാപ്പകലില്ലാതെ യഥേഷ്ടം കയറിവന്നിരുന്ന തത്തമ്മുള്ളുകളും ചീവീടുകളും കൊതുകുകളും ശലഭങ്ങളും മറ്റു് പ്രാണികളുമെല്ലാം പുറത്തായി. വീടിനകത്തു് പല്ലികളും വളരാതായി. ഒരു ദിവസം നിലത്തു് മലർന്നുകിടന്ന, മെലിഞ്ഞുണങ്ങിയ പല്ലിയെ തൂക്കിപ്പിടിച്ചു് അടുക്കളയിലേക്കു് കയറിവന്നു് ജഗദീശൻ പൊട്ടിച്ചിരിച്ചു.
“കണ്ടോടീ, പട്ടിണി കിടന്നു് ചത്തതാ.”

പക്ഷേ, ഉറുമ്പുകളും ചിതലുകളും കീഴടങ്ങിയില്ല. അവ ഇടയ്ക്കിടെ ഓരോ മൂലകളിൽ തലപൊക്കിക്കൊണ്ടിരുന്നു. മണ്ണെണ്ണ സ്പ്രേ ചെയ്യുന്നതിനിടയിൽ ഒരു ദിവസം അയാൾ പറഞ്ഞു:
“സുമേ, ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടു്. ചുവരുകളിൽ മരുന്നു് ഇഞ്ചെക്ട് ചെയ്യുന്ന പരിപാടി നോക്കിയാലോ?”
സുമംഗല ചിരി ഭാവിച്ചു.
“മര്ന്നല്ല. വിഷം എന്നു പറയൂ. അതൊന്നും നമുക്ക് വേണ്ട. ജീവികളെ ബാധിക്കുന്ന വിഷം നമ്മളേയും ബാധിക്കില്ലേ?”
“നീയിങ്ങനെ മണ്ടത്തരം എഴുന്നള്ളിക്കാതെടീ. ഇതൊക്കെ എല്ലാ വീട്ടിലും ചെയ്യുന്നുണ്ടു്. ”
“എന്നാലും നമുക്ക് വേണ്ട.”
ഒരാഴ്ച കഴിഞ്ഞപ്പോൾ സിറ്റിയിൽനിന്നും മരുന്നു് കമ്പനിക്കാർ വന്നു് തറയോടു് ചേരുന്ന ഭാഗത്തുള്ള ചുവരിൽ ഓരോ അടി ദൂരത്തിലും തുളകളുണ്ടാക്കി വിഷം പമ്പ് ചെയ്തു് കയറ്റി. രണ്ടു് ദിവസം വീടു് പൂട്ടി മാറിത്താമസിക്കേണ്ടിവന്നു. മൂന്നാം ദിവസം തുറക്കുമ്പോഴും മുറികളിൽ രൂക്ഷഗന്ധം ഉണ്ടായിരുന്നു. പക്ഷേ, പിന്നീടൊരിക്കലും ഉറുമ്പോ ചിതലോ വീട്ടിലേക്കു് എത്തിനോക്കിയിട്ടില്ല.
ജഗദീശൻ മണ്ണിൽ കുഴിയെടുത്തു് ചേരയെ മൂടി. അന്നു് രാത്രി ഭർത്താവും മകനും ഭക്ഷണം കഴിക്കുമ്പോൾ സുമംഗല അടുക്കളയിൽതന്നെ ഇരുന്നു.
“നീയെന്താടീ കഴിക്കാൻ വരാത്തേ?”
“വയറു് വേദന, ഞാൻ പിന്നെ കഴിച്ചോളാം.”
ദിവസങ്ങൾ കഴിഞ്ഞുപോയി. എന്നും ഊഞ്ഞാലിലിരിക്കുമ്പോൾ സുമംഗല വെറുതെ ചെടികൾക്കിടയിലൂടെ കണ്ണോടിക്കും. ചേരക്കുഞ്ഞുങ്ങളെ കാണുന്നുണ്ടോ?

സൂരജ് ക്സാസ്മേറ്റ്സിനൊപ്പം ചെന്നൈയിൽ ടൂർ പോയി വന്നതിനു പിന്നാലെ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ക്വാറന്റീനിൽ കഴിയണമെന്നു് ആവശ്യപ്പെട്ടു. കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ മൂന്നാം ദിവസമായിരുന്നു. പതിനാല് ദിവസത്തെ ഏകാന്തവാസം പതിനാല് കൊല്ലത്തെ വനവാസംപോലെ സൂരജിന് നീണ്ട കാലമായിരുന്നു.
ജഗദീശൻ വീടിന്റെ വാതിൽക്കൽ ഒരു ബക്കറ്റ് വെള്ളവും സാനിറ്റൈസറും വെച്ചു. മാസ്കും കൈയുറകളും ധരിച്ചുമാത്രം പുറത്തിറങ്ങി. രാത്രി കിടക്കാൻ നേരം അയാൾ ഒന്നു് തുമ്മി. തുമ്മൽ ആവർത്തിച്ചപ്പോൾ സുമംഗല ഭയപ്പെട്ടു.
“ദേ, രാവിലെ പോയി ടെസ്റ്റ് ചെയ്യണം, എനിക്ക് പേടിയാകുന്നു.”
ജഗദീശൻ ആശങ്കകളില്ലാതെ പറഞ്ഞു: “ഇതു് കോവിഡൊന്നുമല്ല. ഇന്നലെ മഴ നനഞ്ഞതിന്റെയാ. നിനക്കറിയില്ലേ, മഴ നനഞ്ഞാൽ എനിക്ക് തുമ്മലും ജലദോഷവും വരുമെന്നു്?”
“എന്നാലും ശ്രദ്ധിക്കണം. ടെസ്റ്റ് ചെയ്യുന്നതാ ബുദ്ധി.”
“രണ്ടു ദിവസംകൂടി നോക്കാം.”
മൂന്നാം ദിവസമായപ്പോഴേക്കും തുമ്മൽ നിന്നു. പക്ഷേ, അന്നു് വൈകുന്നേരമായപ്പോൾ പനി തുടങ്ങി. പനി കടുത്തപ്പോൾ താൻ വൈറസിന്റെ പിടിയിൽ പെട്ടുവെന്നു് ജഗദീശൻ ഉറപ്പിച്ചു. രാവിലെ ഹോസ്പിറ്റലിൽ ചെന്നു് കീഴടങ്ങാം.
കാലത്തു് എഴുന്നേറ്റപ്പോൾ പനി മാറിയിരുന്നു. ബ്രേക്ഫാസ്റ്റിന് മുന്നിലിരുന്നു് ഉന്മേഷത്തോടെ അയാൾ പറഞ്ഞു:
“തൽക്കാലം കോവിഡ് കീഴടങ്ങി.”
സുമംഗല ചോദിച്ചു: “ജനലിനു് നെറ്റടിക്കുന്നതുപോലെ വൈറസ് കയറാതിരിക്കാൻ എന്തെങ്കിലും നമുക്ക് ചെയ്താലോ?”
അതിൽ തനിക്കു നേരെ ഒളിപ്പിച്ചുവെച്ച പരിഹാസമുള്ള് ഉണ്ടെന്നു് ജഗദീശനു് തോന്നി. അയാളുടെ കീഴ്ച്ചുണ്ടിൽ ചിരി വിറച്ചു.
“നമുക്ക് നോക്കാം. എന്തിനാ പരിഹാരമില്ലാത്തതു്. ”
ഒരാഴ്ച കഴിഞ്ഞപ്പോൾ ‘ഡബിൾ ബെൽ’ വഴി ഒരു വലിയ കാർഡ്ബോഡ് പെട്ടി വീട്ടിലെത്തി. ജഗദീശൻ പറഞ്ഞു:
“നീ കണ്ടോടി ഇനി ഒരു വൈറസും നമ്മുടെ വീട്ടിൽ കയറില്ല.”
അവൾ അത്ഭുതപ്പെട്ടു.
“എന്താ പെട്ടിക്കുള്ളിൽ?”
“ഒരു റോബോട്ട്. കോവിഡ് വൈറസിനെ തുരത്തുന്ന യന്ത്രം.”
വൈകുന്നേരം അച്ഛനും മകനും കൂടി പെട്ടി പൊളിച്ചു. മനുഷ്യരൂപമായിരിക്കുമെന്നാണ് സുമംഗല കരുതിയതു്. മൂന്നു് തട്ടുള്ള, നാലുചക്രങ്ങളുള്ള ടീപ്പോയി പോലത്തെ ഒരു സംഭവം. ജഗദീശൻ വിവരിച്ചു: “റിമോട്ടിൽ വിരൽ അമർത്തിയാൽ ഇതു് ഏതു് ദിശയിലേക്കും സഞ്ചരിക്കും. അപ്പോൾ നീലവെളിച്ചം മുറികളിലെല്ലാം പരക്കും. വൈറസുകളും ബാക്ടീരിയകളും ഫംഗസുകളുമെല്ലാം നശിക്കുന്ന അൾട്രാവയലറ്റു് രശ്മികളാണ്. റൂട്ട് ഫീഡ് ചെയ്താൽ ദിവസവും രണ്ടു് നേരം റോബോട്ട് ശുദ്ധികലശം ചെയ്തോളും. നമ്മൾ പിന്നാലെ നടന്നു് ബുദ്ധിമുട്ടണ്ട. രണ്ടു് ദിവസത്തിലൊരിക്കൽ ചാർജ് ചെയ്താൽ മതി.”
സൂരജ് റിമോട്ടിൽ തൊട്ടപ്പോൾ റോബോട്ട് ഡ്രോയിങ് റൂമിൽനിന്നു് നീല വെളിച്ചത്തോടെ പൂജാമുറിയിലേക്കു് കയറി. ഒട്ടു് വട്ടംകറങ്ങി ഡൈനിങ്ങിലേക്കു് നീങ്ങുമ്പോൾ ഉത്കണ്ഠയോടെ സുമംഗല ചോദിച്ചു:
“മനുഷ്യനു് ആവശ്യമുള്ള സൂക്ഷ്മജീവികളും ചത്തുപോകില്ലേ?”
ജഗദീശൻ സുമംഗലയെ രൂക്ഷമായി നോക്കി.
“മിണ്ടാതിരിക്കു്. ശല്യം.”
അടുക്കളയിലൂടെ കറങ്ങിവന്നു് കിടപ്പുമുറിയിലെത്തിയപ്പോൾ അവൾ വീണ്ടും ചോദിച്ചു:
“സൂരജേ, നമ്മുടെ ശരീരത്തിലും ഉപകാരികളായ കോടിക്കണക്കിനു് ബാക്ടീരിയകളും വൈറസുകളുമൊക്കെയില്ലേ. ഈ നീലവെളിച്ചത്തിൽ അതൊക്കെ ഇല്ലാതാകില്ലേ?”
സൂരജ് പടക്കം പൊട്ടുന്നതുപോലെ ശബ്ദിച്ചു:
“അമ്മ അടുക്കളയിൽപ്പോ. ഇനി ഒരക്ഷരം മിണ്ടരുതു്. ”
സുമംഗല പതുക്കെ അടുക്കളയിലേക്കു് നടന്നു. സിങ്കിൽ ഒരു കൂമ്പാരം എച്ചിൽപാത്രങ്ങളുണ്ടു്. എച്ചിൽപാത്രങ്ങൾ കഴുകുന്ന ഒരു യന്ത്രമനുഷ്യനെ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മടുപ്പോടെ അവൾ എച്ചിൽപാത്രങ്ങളുടെ നേർക്കു് കൈനീട്ടി.
റോബോട്ടിനെ എവിടെ താമസിപ്പിക്കും? അച്ഛനും മകനും ആലോചിച്ചു. തട്ടാനും മുട്ടാനും പാടില്ല. ഏറ്റവും സുരക്ഷിതം പൂജാമുറി തന്നെ. ജഗദീശന്റെ അഭിപ്രായത്തിനു് സൂരജ് തലകുലുക്കി.
ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങിയതോടെ ജനജീവിതം സാധാരണനിലയിലേക്കു് തിരിച്ചുവന്നു. കടകൾ തുറന്നു. റോഡിൽ വാഹനങ്ങൾ നിറഞ്ഞു. വിദേശത്തുനിന്നുള്ള ആദ്യവിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ദിവസം ഉച്ചയായപ്പോൾ ജഗദീശൻ വയർ പൊത്തിപ്പിടിച്ചു് വീട്ടിലേക്കു് കയറിവന്നു. സുമംഗല വാതിൽ തുറക്കുമ്പോൾ വേദനകൊണ്ടു് പുളയുകയാണു് അയാൾ.
“അയ്യോ, എന്തുപറ്റി?”
സുമംഗല കൈപിടിച്ചു് സോഫാസെറ്റിയിലിരുത്തിയ ശേഷം സൂരജിനെ മൊബൈലിൽ വിളിച്ചു. പത്തു് മിനിറ്റിനുള്ളിൽ സുമംഗലയും സൂരജും താങ്ങിപ്പിടിച്ചു് കാറിനുള്ളിലിരുത്തി. സിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്കു് നാൽപത്തിയഞ്ചു് മിനിറ്റു് ദൂരമുണ്ടു്.
കാഷ്വാലിറ്റിയിലെ ഡോക്ടർ പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിവന്നു.
“അപന്റിസൈറ്റിസ് ആണ്. ഉടനെ ഒരു സർജറി വേണം.”
ഭയം നിറഞ്ഞ കണ്ണുകളോടെ സുമംഗല ആരാഞ്ഞു:
“പേടിക്കാനുണ്ടോ ഡോക്ടർ?”
“ഓ, പ്രശ്നമൊന്നുമില്ല. ചെറുകുടലും വൻകുടലും ചേരുന്ന ഭാഗത്തു് ഒരു ചെറുവിരൽപോലെ കിടക്കുന്ന സാധനമാണു്. പഴുത്താൽ മുറിച്ചുകളയലല്ലാതെ വേറെ മാർഗമില്ല. മനുഷ്യനു് ഉപകാരമില്ലാത്ത ഒരു വസ്തുവാണതു്. ”
സർജറി കഴിഞ്ഞു് അഞ്ചാം ദിവസം ഡിസ്ചാർജ് ചെയ്തു് വീട്ടിലെത്തുമ്പോൾ നേരം പാതിരാത്രി കഴിഞ്ഞിരുന്നു. വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വഴികളെല്ലാം ബ്ലോക്കായിരുന്നു. ഏതൊക്കെയോ ഊടുവഴികളിലൂടെ ചുറ്റിച്ചുറ്റിയാണു് വീടു് കണ്ടുപിടിച്ചതു്.
സൂരജ് ബാഗ് തുറന്നു് വീടിന്റെ താക്കോൽ തപ്പുന്ന നേരത്തു് ജഗദീശൻ ജനൽ ചില്ലിലൂടെ വെറുതെ ഡ്രോയിങ് റൂമിലേക്കു് നോക്കി. അയാൾ ഞെട്ടിത്തരിച്ചു.
സോഫാസെറ്റുകൾക്കു് നടുവിൽ ഒരു മനുഷ്യൻ ചമ്രം പടിഞ്ഞിരിക്കുന്നു!
സൂരജും സുമംഗലയും എത്തിനോക്കി. അതേ, ആരോധ്യാനിച്ചിരിക്കുന്നതുപോലെ. സൂരജ് മൊബൈൽ ടോർച്ച് വെളിച്ചത്തിൽ നോക്കിയിട്ടു് പറഞ്ഞു:
“അച്ഛാ, അതു് മനുഷ്യനൊന്നുമല്ല, വേറെ എന്തോ ആണു്. ”
വാതിൽ തുറന്നു് ലൈറ്റിട്ടപ്പോൾ അവർക്കു് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.

വലിയൊരു മൺപുറ്റു്.
ഭൂമിക്കടിയിൽനിന്നു് പൊങ്ങിവന്നിരിക്കുകയാണു്. രണ്ടിഞ്ചു് കനത്തിലുള്ള ഗ്രാനൈറ്റ് തറയുടെ ഏതോ പഴുതിലൂടെ ചിതലുകൾ കയറിവന്നു് കൊട്ടാരം കെട്ടിയിരിക്കുകയാണു്.
ജഗദീശനു് ശരീരം കോച്ചിവിറച്ചു. സെറ്റിയിൽ അയാൾ തളർന്നിരുന്നു. നാവു് തൊണ്ടയിലേക്കു് ഇറങ്ങിപ്പോകുന്നതുപോലെ തോന്നിയപ്പോൾ വെള്ളം വേണമെന്നു് ആംഗ്യം കാട്ടി. സുമംഗല മിനറൽ വാട്ടറിന്റെ കുപ്പി ബാഗിൽനിന്നെടുത്തു് നീട്ടി.
സൂരജ് കൈക്കോട്ടും കുട്ടയുമെടുക്കാൻ പമ്പു് ഹൗസിലേക്കു് പോയ നേരത്തു് അവൾ എഴുന്നേറ്റു് പുറ്റിനരികിലേക്കു് ചെന്നു് സൂക്ഷിച്ചുനോക്കി. പുറ്റിന്റെ മുഖത്തു് രണ്ടു് കണ്ണുകളുടെ തിളക്കമുണ്ടെന്നു് അവൾക്കു് തോന്നി. ഇടക്കിടെ തുറന്നടയ്ക്കുന്ന കണ്ണുകൾ. ഓ, തനിക്കു് തോന്നുന്നതായിരിക്കുമെന്നു് വിചാരിച്ചു് സുമംഗല വെട്ടിത്തിരിഞ്ഞു. ഈ തോന്നലെങ്ങാനും പറഞ്ഞുപോയാൽ അച്ഛനും മകനും കൂടി തന്നെ പരിഹസിക്കും. അവൾ ചിന്താവിഷ്ടയായി. ഒന്നും മിണ്ടാതെ കിടപ്പുമുറിയിലേക്കു് നടന്നു. ഭയങ്കരമായ ക്ഷീണവും തളർച്ചയും തോന്നി. പൂജാമുറിയിൽ റോബോട്ട് അനക്കമറ്റു് നിൽപുണ്ടു്. കിടപ്പുമുറിയുടെ വാതിലും തുറന്നുകിടന്നിരുന്നു. ലൈറ്റും ഫാനുമൊന്നും ഇടാൻ മെനക്കെടാതെ, ചിറകറ്റ പക്ഷിയെപ്പോലെ അവൾ കിടക്കയിലേക്കു് വീണു. കണ്ണടച്ചു കിടന്നപ്പോൾ ഉള്ളിന്റെ ഉള്ളിൽനിന്നു് ഒരു മൂളൽ ചിറകുകൾ വീശിക്കൊണ്ടു് ഈണത്തിൽ പൊങ്ങി വരുന്നതു് അവൾ അനുഭവിച്ചു.
“ബയ്ലോട്ടു് പോലാ,ണേ
ബൗതീറ്റു് ബീണ്വോകും… ”

കാസർകോട് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനനം. ജന്തുശാസ്ത്രത്തിൽ ബിരുദം. മലയാളത്തിൽ എം. എ, എം. ഫിൽ. ബിരുദങ്ങൾ റാങ്കുകളോടെ നേടി. കഥയിലെ കാലസങ്കൽപ്പം എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. 1987 മുതൽ കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ അധ്യാപകൻ. 2019-ൽ വിരമിച്ചു.
കാരൂർ, ഇടശ്ശേരി, ചെറുകാട്, അബുദാബി ശക്തി, കോവിലൻ, മലയാറ്റൂർ പ്രൈസ്, കേളി, അയനം തുടങ്ങി 27 അവാർഡുകൾ നേടി. ‘കയ്യൊപ്പു് ’ എന്ന സിനിമയ്ക്കു് തിരക്കഥ എഴുതി. ‘പൊലിയന്ദ്രം’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ‘കൊമേർഷ്യൽ ബ്രെയ്ക്കി’നു് മികച്ച ചെറുകഥകയ്ക്കുള്ള കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് 2002-ൽ ലഭിച്ചു. കേരളത്തിലെ മികച്ച കോളേജ് അധ്യാപകനുള്ള അവാർഡ് രണ്ടു തവണ ലഭിച്ചു. നെഹ്റു കോളേജിൽ സാഹിത്യവേദി തുടങ്ങി. 33 വർഷം സാഹിത്യവേദിയുടെ പ്രസിഡന്റായിരുന്നു. എൻഡോസൾഫാൻ ഭവനപദ്ധതിക്കു് നേതൃത്വം നൽകി. രണ്ടു ദശകക്കാലമായി എൻഡോസൾഫാൻ വിരുദ്ധ സമര നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ‘സാധാരണ വേഷങ്ങൾ’ ആദ്യ പുസ്തകം. 23 ചെറുകഥാ സമാഹാരങ്ങളും രണ്ടു നോവലുകളും, നാലു് നിരൂപണഗ്രന്ഥങ്ങളും എഴുതി. മലയാളത്തിലെ പരിസ്ഥിതി കഥകൾ, മലയാളത്തിലെ തെയ്യം കഥകൾ, ആദ്യ നാട്ടു ഭാഷാനിഘണ്ടുവായ ‘പൊഞ്ഞാ’, ആദ്യ കാമ്പസ് നോവൽ ‘ജീവിതത്തിന്റെ ഉപമ’, വയനാട്ടു് കുലവൻ തുടങ്ങി ഇരുപതോളം ശ്രദ്ധേയമായ പുസ്തകങ്ങളുടെ എഡിറ്റർ. കഥകൾ ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ടു്. ‘എൻമകജെ’ നോവൽ ഇംഗ്ലീഷ് ഉൾപ്പെടെ നാലു് ഭാഷകളിൽ വിവർത്തനം ചെയ്തു. ‘മരക്കാപ്പിലെ തെയ്യങ്ങൾ’ ആദ്യ നോവൽ. സ്കൂളുകളിലും വിവിധ യൂണിവേഴസിറ്റികളിലും കഥകളും, നോവലുകളും പാഠപുസ്തകങ്ങളാണ്. ‘ആഖ്യാനവും ചില സ്ത്രീകളും’ എന്ന പുസ്തകം ആത്മകഥാ കുറിപ്പുകളാണു്. ‘എൻഡോസൾഫാൻ—നിലവിളികൾ അവസാനിക്കുന്നില്ല’ 50-ാമത്തെ പുസ്തകമാണു്.
ഭാര്യ: രഞ്ജിനി പി
മക്കൾ: മാളവിക, ശിവൻ.
ചിത്രീകരണം: വി. പി. സുനിൽകുമാർ