
ലൈറ്റൊക്കെ അണച്ചു് ഇരുട്ടത്തു് ഇരിക്കാനാ അവൾക്കിഷ്ടം. ഇരുട്ടു് ഒരു കൂട്ടാണു്; ഒന്നും പറയാത്ത, ഒന്നും ചോദിക്കാത്ത, ഒന്നും കാണാത്ത കൂട്ടു്.
‘നീ എന്താ കൊച്ചേ ഇരുട്ടത്തിരിക്കുന്നേ, ലൈറ്റിടരുതോ?’
ലൈറ്റിട്ടു് തോമാച്ചന്റെ വക്രിച്ച മുഖം കാണാനോ എന്നവൾ ചോദിച്ചില്ല.
തോമ്മാച്ചന്റെ ഉരുക്കു് മുഷ്ടി തന്റെ മാറിലേക്കമർന്നതു് അവളറിഞ്ഞു.
‘ഈശോയെ, ഈ പാരക്രമം എന്നോടെന്തിനെന്നു്’, ആരോ എപ്പോഴോ ചോദിച്ചതവൾ ഓർത്തു.
ഇരുട്ടത്തു് സംഭവിക്കുന്നതൊന്നും പകലിൽ അവൾ ഓർക്കാതിരിക്കാൻ ശ്രമിച്ചു.
ഇയാളെ കെട്ടാൻ സമ്മതിച്ചതു് ഏതു് നേരത്താണോ! അപ്പച്ചനും അമ്മച്ചിയും പറഞ്ഞതാണു് നിനക്ക് പിടിച്ചെങ്കിൽ കെട്ടിയാ മതിയെന്നു്.
അയാളുടെ ജോലിയും തണ്ടും തടിയും കണ്ടപ്പോൾ സമ്മതിച്ചു. മുഖത്തു് അത്ര ചന്തമൊന്നുമില്ലെന്നതു് അന്നു് കാര്യമായെടുത്തില്ല.
കുറ്റം പറയരുതല്ലോ, ആദ്യരാത്രിയിൽ, തന്നെ ഒട്ടും ശല്യം ചെയ്തില്ല. തന്റെ സമ്മതമില്ലാതെ ഒന്നിനും നിർബന്ധിക്കാറുമില്ല.
സിസിലി ഓർത്തു, പിന്നെ എന്താ തനിക്കയാളെ പിടിക്കാതായതു്! ഇരുട്ടിനോടവൾ പലകുറി ഈ ചോദ്യം ചോദിക്കാറുണ്ടു്.
പകലൊക്കെ വാതിലും ജനാലയുമൊക്കെ അടച്ചു് ഇരുട്ടത്തിരിക്കുന്നതു് കാണുമ്പോൾ കൊച്ചുത്രേസ്യക്കുട്ടി ചോദിക്കാറുണ്ടു്;
‘ഈ അമ്മച്ചിക്കു് എന്തിന്റെ സൂക്കേടാ, മൂടിക്കെട്ടി ഇരുട്ടെത്തെപ്പോഴും ഇരിക്കുന്നെ?’
വെളിച്ചം വന്നാൽ നിന്റെ ഉണ്ടക്കണ്ണും ഉന്തിയ മൂക്കും കാണേണ്ടി വരില്ലേ എന്നു പറഞ്ഞില്ല.
സിസിലി കർത്താവിന്റെ പടത്തിൽ നോക്കി പ്രാർത്ഥിച്ചു;
‘എന്റെ കർത്താവേ, നീ എന്തിനു് ഈ വെളിച്ചം കണ്ടുപിടിച്ചു?’
കർത്താവിന്റെ കണ്ണുകൾ തിളങ്ങി. പുഞ്ചിരിച്ചു് കൊണ്ടു് കർത്താവു് പറഞ്ഞു;
‘സിസിലിമോളെ നിനക്കു് വെളിച്ചം വേണ്ടെന്നു് കരുതി മറ്റുള്ളവരുടെ വെളിച്ചം നീ കെടുത്തണോ? കണ്ണടച്ചിരുന്നാൽ പോരെ?’
‘എന്റെ കർത്താവേ ഈ ഐഡിയാ എന്തേ നേരത്തേ പറഞ്ഞു തരാത്തെ?’
‘നീ ചോദിച്ചില്ലല്ലോ’
‘അതു് ശരിയാണു്. കർത്താവിനു് ബുദ്ധിയുണ്ടു്. ചുമ്മാ അല്ല എല്ലാരും നിന്നെ കർത്താവേ എന്നു് വിളിക്കുന്നതു്!’
‘നിന്നെ കാണാൻ അശ്വതി വന്നിട്ടുണ്ടു്’
അശ്വതി കോളേജിൽ എന്റെ ക്ലാസ് മേറ്റായിരുന്നു. അമ്മച്ചി അവളെ അകത്തോട്ടു് കൂട്ടികൊണ്ടുവന്നു.
ഞാൻ കണ്ണടച്ചിരിക്കുന്നതു് കണ്ടു് അവൾ ചോദിച്ചു;
‘നീ പ്രാർത്ഥിക്കുകയാണോ?’
‘ഉം’
കണ്ണു തുറന്നു് അവളെ നോക്കി. സുന്ദരിയാണവളിന്നും.
‘നിനക്ക് ഒരു വ്യത്യാസവുമില്ല.’
‘നിനക്കും. നീ ഓർക്കുന്നുണ്ടോ, നമ്മുടെ കൂടെ പഠിച്ചിരുന്ന ചക്കോച്ചനെ.’
‘ഓ… ആ വെള്ളപാറ്റയെ!’
‘ഇന്നലെ ഞാനയാളെ എയർപോർട്ടിൽ വച്ച് കണ്ടു. നിന്നെ കാണാറില്ലേ എന്നു് ചോദിച്ചു. അപ്പോഴാണു് ഞാനോർത്തതു്, നിന്നെക്കണ്ടിട്ടു് ഒത്തിരി നാളായ കാര്യം. നീ സുന്ദരിയാണെങ്കിലും ഒരു കുറുമ്പിയാണെന്നു് ഒരിക്കൽ അയാള് പറഞ്ഞതോർക്കുന്നുണ്ടോ?’
‘അതു് അയാളെന്നെ കെട്ടണമെന്നു് പറഞ്ഞപ്പോൾ ഞാനൊരാട്ടു് കൊടുത്തു’
‘സത്യത്തിൽ അയാൾക്കു നിന്നെ ഇഷ്ടമായിരുന്നു. പിന്നെന്തേ നീ അങ്ങനെ ചെയ്തതു?’
‘അയാളൊരു സുന്ദരനായിരുന്നെടി. എന്നെ കെട്ടിയിട്ടു് ആരെയെങ്കിലും കൂടെ അയാള് പോയാലോ എന്നു് കരുതി.’
‘ഞാൻ കണ്ടു അയാളുടെ ഭാര്യയെ. ഒരു കറുത്തു് തടിച്ച സാധനം. പക്ഷേ അയാളുടെ പെരുമാറ്റത്തിൽ നിന്നു് തോന്നി, അയാൾക്കവളെ വലിയ ഇഷ്ടാണെന്നു്.’
‘അതു് ഒരു തരം സിംപതിയാണു്.’
‘അതു് പോട്ടെ. നീയിപ്പോൾ എന്തു് ചെയ്യുന്നു?’
‘ഒന്നും ചെയ്യുന്നില്ല.’
‘നീ പഠിക്കാൻ മിടുക്കിയായിരുന്നല്ലോ! പഠിത്തം കഴിഞ്ഞ് അതേ കോളേജിൽ പഠിപ്പിക്കാൻ പോണെന്നല്ലേ നീ പറഞ്ഞതു്.’
‘അപ്പോഴേക്കും തോമാച്ചനെന്നെ കെട്ടിയില്ലേ. പിന്നെ അങ്ങേരെ മേയ്ക്കലായിരുന്നു എന്റെ പണി’.
‘ഞാൻ ചോദിക്കാൻ വിട്ടുപോയി, നിനക്കൊരു ചെറുക്കനെ ഇഷ്ടമായിരുന്നില്ലേ, ഡാനിയൽ. നമ്മുടെ സീനിയറായി പഠിച്ചിരുന്ന… അതെന്തായെടാ?’
‘ഓ… വീട്ടുകാരു് സമ്മതിച്ചില്ല. അവൻ നസ്രാണി അല്ലാരുന്നോ! അവനുമതു് മനസ്സിലായി. ഞങ്ങൾ പിരിഞ്ഞു. അവൻ വേറെ കെട്ടി. ചിലപ്പോഴൊക്കെ എന്നെ വിളിക്കാറുണ്ടു്. അതും ഒരു സുഖം. നിരുപദ്രവപരമായ ഒരു സുഖം.
ഒരിക്കൽ ഒരു റെസ്റ്റോറണ്ടിൽ മീറ്റ് ചെയ്തു. വിവരം ഞാൻ പ്രമോദിനോടു്, എന്റെ ഭർത്താവിനോടു് പറഞ്ഞു. ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു. ആശാൻ കുറ്റപ്പെടുത്തിയില്ലെന്നു് മാത്രമല്ല, സുഹൃദ്ബന്ധങ്ങൾ ഒന്നിന്റെ പേരിലും നഷ്ടപ്പെടുത്തരുതെന്നു് പറഞ്ഞു. പിന്നെ വല്ലപ്പോഴും ഞങ്ങൾ ഒത്തുകൂടും. ഡാനിയലിന്റെ കുടുംബവും ഞങ്ങളും. ഒരു ജീവിതമല്ലേ ഉള്ളെടാ, എന്തിനു് വാശിയും വൈരാഗ്യവും.’
‘ഞാൻ പോട്ടേടീ. അടുത്ത തവണ വരുമ്പോൾ കാണാം.’
അവൾ പോയ പുറകെ അമ്മച്ചി വന്നു. അമ്മച്ചീടെ തലയിൽ ഒരു കൊമ്പു്. കവിള് വീർത്തു് കാണ്ടാമൃഗത്തെപ്പോലുണ്ടു്.
വെളിച്ചത്തു് ഇവരെന്താ ഇങ്ങനെ! ഈശോ പറഞ്ഞതു് മാതിരി കണ്ണുകൾ ഇറുക്കിയടച്ചിരുന്നു.
അപ്പച്ചൻ പറഞ്ഞു;
‘സിസിലി, നീയൊന്നു് പള്ളീലു് ചെല്ലു്. കുറച്ച് നാളായി അച്ചൻ നിന്നെ തിരക്കണു. ഇന്ന് ഞായറാഴ്ചയല്ലേ അമ്മച്ചിയേയും കൂട്ടി പോ.’
ഒന്നു് മൂളി. അപ്പച്ചന്റെ മുഖത്തു് നോക്കിയില്ല. ചപ്പിയ മൂക്കും ചീമ്പിയ കണ്ണും തന്നെ അറപ്പിക്കും.
കാണ്ടാമൃഗത്തിനോടൊപ്പം പള്ളിയിൽ പോയി.
വഴിക്കു് മുഴുവൻ വിചിത്ര ജീവികൾ. പള്ളിക്കകത്തു് നിറയെ കുരങ്ങന്മാർ!
ളോഹയിട്ട ഒരു ചിമ്പാൻസി സ്റ്റേജിൽ വന്നു് എന്തൊക്കെയോ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. ഒന്നും സിസിലിയുടെ തലയിൽ കയറിയില്ല. തലയോട്ടിൽ തട്ടി ചിതറിപ്പോയി.
അച്ചൻ കുർബാന കഴിഞ്ഞു് പള്ളിമേടയിലേക്കു് വിളിച്ചു;
‘എന്താ സിസിലിയേ ഈ കേക്കണതു്. മുറി അടച്ച് നീ എപ്പഴും ഇരുട്ടത്തു് ഇരിക്കണെന്നു്? തോമാച്ചൻ എന്തു് തെറ്റു് ചെയ്തിട്ടാ, നീ അയാളെ കാണുമ്പോൾ കണ്ണു് പൂട്ടി അടക്കണതു്?’
‘എന്റച്ചോ, എന്റെ വീടു് മുഴുവൻ നരീച്ചീലുകളും കാണ്ടാമൃഗങ്ങളും പൊത്തകളുമാണു്. ഒന്നു് സൗകര്യമായി ഇരിക്കാനാ കണ്ണടയ്ക്കുന്നതു്. അപ്പച്ചനാണു് പള്ളീ വാ, പള്ളീ വാ എന്നു പറഞ്ഞതു്. അച്ചനെന്നാ ചിമ്പാൻസി ആയതു്?’
അച്ചൻ അന്ധാളിച്ച് സിസിലിയെ നോക്കി;
‘നീ എന്താണീപ്പറയണതു? ചിമ്പാൻസിയോ? നിന്റെ കണ്ണിനെന്തു് പറ്റി?’
‘മനുഷ്യരെ കണ്ടിട്ടു് എത്ര നാളായെന്നോ അച്ചോ. വളരെ നാളുകൾക്ക് ശേഷമാണ് എന്റെ കൂടെ പഠിച്ച അശ്വതിയെ കണ്ടതു് മനുഷ്യരൂപത്തിൽ.’
‘നിനക്കൊന്നു് കുമ്പസരിക്കണമോ?’
‘എന്തിനച്ചോ? ഞാനാരോടും ഒരു കുറ്റോം ചെയ്തില്ല!’
തന്നെക്കാത്തു് ത്രേസ്യക്കുട്ടി വീട്ടു് പടിക്കൽ നിൽപ്പുായിരുന്നു.
‘അച്ചനെ കണ്ടോ അമ്മച്ചീ?’
‘ഉം’
‘എന്തു് പറഞ്ഞു?’
‘എന്തിനെ കുറിച്ച്?’
‘അമ്മച്ചിയുടെ ഇരുട്ടിനോടുള്ള പ്രണയത്തെ പറ്റി.’
ഒന്നും പറയാതെ സിസിലി അകത്തു് കയറി.
ത്രേസ്യക്കുട്ടി പറഞ്ഞതെത്ര ശരി! തനിക്ക് ഇരുട്ടിനോടുള്ളതു് ഒരുതരം കടുത്ത പ്രണയമാണു്.
അപ്പച്ചൻ ചോദിച്ചു;
‘മോളെ നമുക്കൊരു സൈക്യാട്രിസ്റ്റിനെ കണ്ടാലോ?’
‘അപ്പച്ചനെന്താ, വല്ല കുഴപ്പവും?’
‘നിനക്ക് ഒത്തിരി മാറ്റം ഉണ്ടു് മോളെ. എല്ലാവരെയും ഒഴിവാക്കുന്നു. ഇരുട്ടെത്തെപ്പോഴും ഇരിക്കുന്നു.’
‘അതിനെന്താ? നിങ്ങൾക്കൊന്നും ശല്ല്യമില്ലല്ലോ!’
പിന്നൊന്നും പറയാതെ അപ്പച്ചൻ മുറിയിലേക്ക് പോയി.
രാത്രിയിൽ തപ്പിത്തടഞ്ഞ് ബാത്ത്റൂമിൽ പോകുന്നതു് കണ്ടിട്ടു് തോമാച്ചൻ പറഞ്ഞു;
‘എന്തിലെങ്കിലും തട്ടിവീഴാതെ, ആ ലൈറ്റിടൂ.’
‘വേണ്ട തോമാച്ചാ, എനിക്കിവിടം സുപരിചിതമല്ലേ.’
തിരിച്ചുവന്നു് കട്ടിലിൽ കിടന്നു. തോമാച്ചന്റെ കൈകൾ തന്റെ കഴുത്തിൽ നിന്നും താഴേക്ക്, നെഞ്ചിലെത്തിയപ്പോൾ നിറുത്തി, എന്റെ അനുവാദത്തിനായി.
‘ആയിക്കോ തോമാച്ചാ.’
പിന്നെ തോമാച്ചന്റെ പരുപരുത്ത കൈകൾ തന്റെ ശരീരമാകെ ഉഴുതു് മറിച്ച് രാസക്രീഡയിലേക്ക് കടന്നു. തന്റെ കാതിലൂടെയും മൂക്കിലൂടെയും ഇരുട്ട് ആത്മാവിലേക്ക് പടർന്നുകയറി.
കൂർക്കംവലി തോമാച്ചന്റെ ഉറക്കം വിളിച്ചോതി. സിസിലി ആ കഷണ്ടിത്തലയിൽ തലോടി;
‘അനുസരണയുള്ള പാവം!’
സിസിലി സ്നേഹത്തോടെ ആ തലയ്ക്കടിയിൽ കൈകൾ കടത്തിവച്ചു. കവിളുകളിൽ തലോടി. പുതപ്പെടുത്തു് പുതപ്പിച്ചു.
എഴുന്നേറ്റു് കർത്താവിന്റെ പടത്തിനരുകിൽ ചെന്നിരുന്നു. ഇരുട്ടത്തു് കർത്താവിന് തന്നെയും കാണാം, തനിക്ക് കർത്താവിനെയും കാണാം.
‘കർത്താവേ, തോമാച്ചനെ ഒന്നു ഒഴിവാക്കിത്തരണേ.’
‘സിസിലീ എന്താണു് നീ പറേണെ? തോമാച്ചനോടു് എത്ര സ്നേഹത്തോടെ നീ പെരുമാറുന്നു! നിനക്ക് അയാളെ ഇഷ്ടമല്ലെന്നുണ്ടോ?’
‘ഇഷ്ടമാണെന്നു് ആരു് പറഞ്ഞു?’
‘നിന്റെ ചെയ്തികളെല്ലാം ഞാൻ കണ്ടതല്ലേ! ചുമ്മാതല്ല എല്ലാരും പറേണതു്, നിനക്ക് വട്ടാണെന്നു്.’
‘ഈശോയെ, നീതന്നെ അതു് പറയണം. എന്നെക്കൊണ്ടു് എല്ലാം ചെയ്യിച്ചിട്ടു്… അശ്വതി പറഞ്ഞതു് ഈശോയേ നീ കേട്ടതല്ലേ? ഒരു ജീവിതമല്ലേ ഉള്ളൂ, എന്തിനു് വാശിയും വൈരാഗ്യവുമെന്നു്.’
‘ഞാനെന്തു് ചെയ്തെന്നാ നീ പറേണെ?’
‘എല്ലാരെക്കൊണ്ടും എല്ലാം ചെയ്യിക്കുന്നതു് നീയല്ലേ? എന്റെ ചുറ്റുമുള്ള വന്യജീവികളെ കാണാതിരിക്കാൻ കണ്ണടച്ചിരിക്കാൻ പറഞ്ഞതും കർത്താവേ, നീയല്ലേ?’
‘നിന്റെ മനസ്സിന്റെ വിഭ്രാന്തിക്കു് ഞാനെന്തു് ചെയ്യാനാ! നിന്റെ അപ്പച്ചൻ പറഞ്ഞതു് പോലെ ഒരു സൈക്യാട്രിസ്റ്റിനെ കാണൂ.’
‘എല്ലാരെയും രക്ഷിക്കുമെന്നു് പറഞ്ഞ് നീ എന്തിനു് കർത്താവായി നടക്കണതു? ചുമ്മാതല്ല എല്ലാരും കൂടി നിന്നെ കുരിശിൽ കേറ്റിയതു്.’
സിസിലിക്ക് കർത്താവിനോടു് വല്ലാത്ത ദേഷ്യം തോന്നി. അവൾ തിരിച്ച് കട്ടിലിൽ പോയിക്കിടന്നു.
‘പാവം തോമാച്ചൻ. എന്നെ കുറ്റപ്പെടുത്താത്ത തോമാച്ചൻ! തോമാച്ചന്റെ കഷണ്ടിത്തലയിൽ അവൾ വിരലുകൊണ്ടു് ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു.’
നേരം വെളുക്കുന്നതിനു് മുമ്പു് ഒന്നുകൂടി കർത്താവിന്റടുക്കൽ ചെന്നു.
‘എന്നോടു് പിണക്കാണോ?’
‘എന്തിനു്’
‘ചീത്ത പറഞ്ഞതിനു്’
‘ഒത്തിരിപ്പേരുടെ ചീത്ത ഞാൻ കേട്ടിട്ടുണ്ടു്. സഹിക്കാനും ക്ഷമിക്കാനുമാണു് പിതാവ് എന്നെ പഠിപ്പിച്ചതു്. എനിക്ക് ആരോടും പിണക്കമില്ല സിസിലീ.’
‘കർത്താവേ, നീയും ഇരുട്ടിലല്ലേ? ഇരുട്ടിന്റെ വഴിയെ എന്നെയും കൊണ്ടുപോകൂ.’
‘സിസിലീ നീ പ്രകാശത്തിലേക്ക് വരൂ. ലോകം എത്ര സുന്ദരമാണെന്നോ!’
‘ഞാനതു് കൊറെ കണ്ടതാ. ഇരുട്ടിനോളം സുന്ദരം മറ്റൊന്നുമില്ല കർത്താവേ.’
കർത്താവു് പടത്തിലേക്കും സിസിലി ഇരുട്ടിലേക്കും മടങ്ങി.

1941-ൽ ജനനം. പിതാവു്: മുൻ എം. എൽ. എ. യും പ്രശസ്ത അഭിഭാഷകനുമായ എസ്. ജെ. നായർ. അമ്മ: പുതുവീട്ടിൽ ഭഗവതിപിള്ള. ഭർത്തവു്: വി. രാമചന്ദ്രൻ. മക്കൾ: വിപിൻ, പ്രവീൺ, നവീൻ. തിരുവനന്തപുരം വിമെൻസ് കോളേജ്, പെരുന്താന്നി എൻ. എസ്. എസ്. കോളേജ്, എം. ജി. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എൻ. എസ്. എസ്. കോളേജിൽ കുറച്ചുകാലം അധ്യാപിക. ഒ. വി. വിജയനുമായി നടത്തിയ കത്തിടപാടുകളെ ആധാരമാക്കി വിജയന്റെ കത്തുകൾ (ഡി. സി. ബുക്സ്) എന്ന പേരിൽ പുസ്തകമാക്കിയിട്ടുണ്ടു്. 2008-ലെ കേരള കലാകേന്ദ്ര സ്ത്രീരത്ന അവാർഡ്, 2012-ലെ ഇന്റർനാഷണൽ വിമെൻസ് എക്സലന്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ടു്. ‘വൈകുന്നേരം’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
‘ഇരുട്ടിന്റെ ആത്മാവു്’ എന്ന ചെറുകഥ ആനന്ദി രാമചന്ദ്രന്റെ ‘രാമച്ചം’ എന്ന കഥാസമാഹാരത്തിൽ നിന്നെടുത്തതു്.
ചിത്രം: വി. മോഹനൻ