കുറച്ചു വർഷങ്ങൾക്കു മുൻപാണു്… ബാംഗ്ലൂർ ബസിൽ നിന്നു് ഇറങ്ങുമ്പോഴേ നടവയൽ ബസ് കണ്ടിരുന്നു, ഓടിപ്പോയി കേറി. സീറ്റ് ഒന്നും കാലി ഇല്ല. പ്രൈവറ്റ് ബസ് ആണു്.… പ്രത്യേകിച്ചു പറയേണ്ടല്ലോ… നല്ല സ്പീഡാണു്. മുകളിലെ കമ്പി ഇത്തിരി അധികം ഉയരത്തിലാണു്. ഒരുപാടു് കഷ്ടപ്പെട്ടാണു് കൈ എത്തിച്ചു പിടിച്ചു നിക്കണതു്… ഓരോ വളവു തിരിയുമ്പോഴും ഞാനും ആകെ ഒന്നു വട്ടം കറങ്ങും… ബീനാച്ചി വളവു് തിരിയലും എന്റെ തോളിൽ കിടന്ന ബാഗ് ദൂരേക്കു് തെറിച്ചു വീണു… കൂടെ ഞാനും വീഴാൻ പോയെങ്കിലും അടുത്തു് നിന്ന ചേച്ചി ചാടിപ്പിടിച്ചു രക്ഷപെടുത്തി.
എന്റെ ബുദ്ധിമുട്ടു കണ്ടിട്ടു് തൊട്ടു പുറകിലിരുന്ന സീറ്റിലെ പെങ്കൊച്ചു് എഴുന്നേറ്റു… “ഇവിടെ ഇരുന്നോ, ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും”. നന്ദി പറയുന്നതു് ഒത്തിരി സ്നേഹത്തോടെ പുഞ്ചിരിയിൽ ഒതുക്കി.
പക്ഷെ എന്നെ പിടിച്ചു രക്ഷപെടുത്തിയ ചേച്ചി… എന്നെക്കാളും ഒരുപാടു് പ്രായം കാണും. തലയൊക്കെ കുറെ നരച്ചിട്ടുണ്ടു്. അവരെ ഒന്നു് നോക്കി…
“കൊച്ചിരുന്നോ… ഞാൻ വീഴത്തൊന്നുമില്ല… എനിക്കിതൊക്കെ പ്രാക്ടീസാ… ” നല്ലൊരു ചിരിയും.
ബാഗൊക്കെ എടുത്തു സീറ്റിൽ ഇരുന്നു.
പ്രായം ചെന്ന ഒരു മുസ്ലിം സ്ത്രീ ആണു് അടുത്തിരിക്കുന്നതു്. ചെറിയൊരു മയക്കത്തിലാണു് പുള്ളിക്കാരി. പഴയ രീതിയിലുള്ള പൂക്കളുള്ള കളർ മുണ്ടും കൈ നീളമുള്ള കടും നീല ബ്ലൗസ്സും ആണു് വേഷം. വീതിയുള്ളവെള്ളിയുടെ അരപ്പട്ട വെളിയിൽ കാണാം. ചെവിയിൽ നിറയെ തുളകൾ, എല്ലാറ്റിലും ഇല്ലങ്കിലും ചിലതിലൊക്കെ ഓരോരോ ചെറിയ ചെറിയ കമ്മലുകൾ. കഴുത്തിലും കുറച്ചു വീതിയുള്ള മാലയുണ്ടു്. വെയിലൊക്കെ കൊണ്ടു് ആകപ്പാടെ കരിവാളിച്ച മുഖം. വായിൽ നിറയെ മുറുക്കാൻ ആണു്, ചുണ്ടിന്റെ ഒരു കോണിൽ നിന്നു് ഇത്തിരി വെളിയിലേക്കു് ഒലിച്ചു വന്നിട്ടുണ്ടു്.
രണ്ടു പേർക്കു് കഷ്ടിച്ചിരിക്കാൻ ഉള്ള വീതിയേ സീറ്റിനുള്ളൂ. അവർക്കാണെങ്കിൽ ഒരുവിധം നല്ല തടിയും ഉണ്ടു്. തന്നെയുമല്ലാ, അവരുടെ അലസമായ ഇരുപ്പു സീറ്റിന്റെ ഭൂരിഭാഗം കയ്യടക്കി എന്നും പറയാം. മുൻപിരുന്ന പെങ്കൊച്ചു തീരെ മെലിഞ്ഞിട്ടാരുന്നു. വളരെ ശ്രദ്ധിച്ചു അവരെ മുട്ടാതെ ഇരിക്കാൻ നോക്കി. പക്ഷെ അടുത്ത വളവു് തിരിഞ്ഞതും… അവരുടെ തല വന്നു എന്റെ തലക്കിട്ടൊരിടി… നല്ലോണം വേദനിച്ചു. പക്ഷെ അവരിതൊന്നും അറിയുന്നില്ല… വീണ്ടും പഴയ പടി ഉറക്കം.
കഴിഞ്ഞ ദിവസം പെയ്ത മഴയുടെ തണുപ്പു വിട്ടുപോയിട്ടില്ല. വയനാടൻ മഴയുടെ പ്രത്യേകതയാണതു്. ഒരു കുഞ്ഞുമഴ മതി, അടുത്ത രണ്ടു മൂന്നു ദിവസങ്ങളിലും ചൂടിനു ശമനമുണ്ടാകും. ആ ഊഷ്മളമായ കാലാവസ്ഥയിൽ ചെറിയ ദൂരത്തിലേക്കുള്ള യാത്രയാണെങ്കിലും അറിയാതെ ഉറങ്ങിപ്പോകും. ഉമ്മയുടെ നിഷ്കളങ്കമായ ഉറക്കം കണ്ടപ്പോൾ ഇത്തിരി അസൂയ തോന്നാതിരുന്നില്ല. ഈ ലോകത്തിലുള്ളതൊന്നും എന്നെ ബാധിക്കില്ലാ എന്നു പറയാതെ പറയുന്നു. തിരക്കുകളുടെ ലോകത്തിൽ നിന്നും ഇവിടേക്കു് വരുമ്പോൾ വല്ലാത്തൊരു ശാന്തതയാണു് മനസ്സിൽ. പഴയ കാഴ്ച്ചകൾക്കും ഓർമ്മകൾക്കും തെളിമ വരും. കടന്നു പോകുന്ന വഴിയിൽ ചുരുക്കം ചില മാറ്റങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം പരിചിതമായ കെട്ടിടങ്ങളും മരങ്ങളും. മാസങ്ങൾക്കു ശേഷമാവും വീണ്ടും ഇങ്ങോട്ടു വരുന്നതെങ്കിലും ചില കുമ്മട്ടിക്കടകളിൽ ഇരിക്കുന്നവർ അവിടെ നിന്നു എണീറ്റു പോയിട്ടില്ലാ എന്നാവും നമുക്കു് തോന്നുക. കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ ഇട്ടിരുന്ന അതേ വേഷവും, നിവർത്തിപ്പിടിച്ച പത്രവും, പാതി കുടിച്ച ചായയും എല്ലാം അതുപോലെ തന്നെയുണ്ടാവും. പിന്നെ വെടിവട്ടം പറഞ്ഞിരിക്കുന്ന സ്ഥിരം ആളുകളും. പട്ടണത്തിന്റെ കാര്യത്തിൽ അങ്ങനല്ലല്ലോ… ഇന്നലെ കണ്ടവ ഇന്നു് കാണണം എന്നില്ല… നമ്മുടെ മനസ്സുപോലാണു്, നിമിഷം പ്രതി മാറിക്കൊണ്ടിരിക്കും.
“സി… സി… ആരേലും ഇറങ്ങാനുണ്ടോ… ” കണ്ടക്ടർ ആണു്… ഉച്ചത്തിൽ ഒരു വിസിലും.
“ങേ… കേണിച്ചിറ എത്തിയോ…?” എന്റടുത്തിരുന്ന ഉമ്മ കണ്ണു തുറന്നു ഉറക്കെ ചോദിച്ചു. ഞാൻ മെല്ലെ പറഞ്ഞു, “ഇല്ലാ, സി സി എത്തിയതെ ഉള്ളൂ”
ഉം… ചെറുതായൊരു മൂളൽ. പിന്നെ തല വെളിയിലേക്കിട്ടു് നീട്ടിയൊരു തുപ്പൽ. കാറ്റത്തു് പാറി വന്ന തുപ്പൽ പുറകിലിരിക്കുന്ന സ്ത്രീയുടെ വെളുത്ത സാരിയിലും വീണു… അവരുടെ വക നല്ല ചീത്ത വിളി. ഉമ്മ എന്നെയൊന്നു നോക്കി കണ്ണടച്ചു കാണിച്ചു, പിന്നെ ആ സ്ത്രീ കേൾക്കാൻ പാകത്തിലാണു് പറഞ്ഞതു്, ‘ബെല്ലാത്ത കാറ്റ്… ല്ലേ… ന്താ ഇപ്പോ ചെയ്യാ?’ വലിയൊരു വഴക്കിനുള്ള സ്കോപ് എത്ര ലാഘവത്തോടെയാണവർ ചിരിച്ചു തള്ളിയതെന്നു കൗതുകത്തോടെ കണ്ടിരുന്നു.
ആ സ്ത്രീ തിരിച്ചു പറയുന്നതു വകവെക്കാതെ എന്നെ ഒന്നു് നോക്കി നല്ലവണ്ണം ചിരിച്ചു.
“പാന്റൊക്കെ കണ്ടപ്പോ ചെക്കനാണെന്നാ തോന്ന്യേ… ജ്ജ് എങ്ങോട്ടാ?”
“നടവയൽ”
സ്ഥലപ്പേരു പറഞ്ഞപ്പോൾ അവർ എന്നെ ഒന്നു കൂടി നോക്കി. മുഖം ആകപ്പാടെ ഒന്നു വിടർന്നപോലെ… വല്ലാത്തൊരു സംശയത്തോടെ, “ജ്ജ്… ആ പൊഴേടെ അടുത്തുള്ള വീട്ടിലെ അല്ലെ? മ്മടെ ഓനച്ചൻ ചേട്ടന്റെ?”
സത്യം പറഞ്ഞാൽ എനിക്കാകെ അത്ഭുതമായി…
“അതെല്ലോ… ഉമ്മാക്കെങ്ങനെ മനസ്സിലായി?”
എന്റെ ചോദ്യം കേട്ടതും… ഉമ്മ ഒരു പൊട്ടിക്കരച്ചിൽ… ഞാൻ ഞെട്ടിപ്പോയി… അടുത്തു നിന്ന ചേച്ചിയും മുന്നിലിരുന്ന സ്ത്രീകളുമൊക്കെ തിരിഞ്ഞു നോക്കി. അവരുടെ നോട്ടത്തിൽ നിന്നൊഴിവാകാൻ ഉമ്മ തലയിലിട്ടിരിക്കണ തട്ടത്തിന്റെ തുമ്പെടുത്തു മുഖം മറച്ചു… എങ്കിലും വിമ്മി വിമ്മി കരയുന്നതു് എനിക്കു കേൾക്കാമായിരുന്നു. കുറച്ചു സമയത്തിനു ശേഷം കരച്ചിലടക്കി ഉമ്മ എന്റെ കയ്യിൽ പിടിച്ചു.
“പിന്നെ… ഓന്റെ മൊകം കണ്ടാൽ ഞമ്മക്കു് മറക്കാൻ പറ്റ്വോ? എത്ര കാലം കഴിഞ്ഞാലും മ്മടെ ഖൽബിൽ ഉണ്ടാവും ഓന്റെ മൊകം. മറക്കാൻ പാടൂലാ. അത്രക്കു് നല്ലോനാരുന്നു… അന്റെ മൊകോം നെറോം ഒക്കെ അതന്നാ… നീയ്യ് കുട്ടിയാരിക്കുമ്പൊ ഞങ്ങ പറയാരുന്നു… ഓനെ മുറിച്ചു വച്ചേക്കാന്നു… ”
എന്റെ ശ്വാസമിടിപ്പു് ഇത്തിരി കൂടിയപോലെ… ഇത്ര വർഷങ്ങൾക്കു ശേഷവും… ഒളിമങ്ങാത്ത ഓർമ്മകൾ സൂക്ഷിക്കണമെങ്കിൽ… ഒന്നും മിണ്ടാതെ കേട്ടിരുന്നു.
“ഇന്നത്തെ വയനാടൊന്നും അല്ലാ, അന്നൊക്കെ വല്ല്യ പട്ടിണി ആരുന്നു… അന്റെ വീട്ടിൽ തെരുവ പുല്ലു അരിയലൊക്കെ ആരുന്നു നുമ്മടെ പണി… ഇടയ്ക്കു പണി ഇല്ലാണ്ടാവും… അപ്പോ മാത്രം വേറെ ഏടേലും പോകും… ഒരീസം ഓൻ ബോംബെലോ പൂനെലോ എങ്ങോട്ടോ പോയി… ഏതോ മോട്ടറിന്റെ പണി പഠിക്കാനോ മറ്റോ… ഞമ്മക്കാണെ ഒരു പണീം ഇല്ലാ… എന്തേലും വാങ്ങാൻ കയ്യിലൊരു കായും ഇല്ലാ… ആകപ്പാടെ ബേജാറായി… എത്ര ദീസാ ഒന്നും കഴിക്കാണ്ടിരിക്ക… ഞാ ഒരാളെ പണിയെടുക്കാൻ ഉള്ളൂ. മക്കളൊക്കെ തീരെ പൊടിയാ… ആടെന്നും ഈടെന്നും ഒക്കെ കിട്ടണ കപ്പയൊക്കെ കഴിച്ചു വിശപ്പടക്കി.
ഒരീസം ഉച്ചകഴിഞ്ഞ് ഞാൻ അങ്ങാടില് നിക്കുമ്പോ ഓനുണ്ടു് ടില്ലർ ഓടിച്ചു വരണു…
“എന്താ, ഉമ്മാ വിശേഷം…?”
മ്മടെ കണ്ണൊക്കെ നിറഞ്ഞു… “കൊറച്ചു രൂപാ കടം തര്വോ? കുറച്ചുദീസായിട്ടു് പണി ഒന്നും ഇല്ലാ… ”
ഓൻ ഒരു കടേൽ കേറി കുറച്ചു അരീം സാമാനോം വാങ്ങി കയ്യിൽ തന്നു.
“വീട്ടിൽ കൊടുത്തിട്ടു് വേഗം തിരികെ വാ, ഞാൻ ഒരു പണി തരാം”
“ഉച്ച തിരിഞ്ഞില്ലേ… ഇനീപ്പോ… ” ഞമ്മക്കു് സംശയായി…
“ഉമ്മാ പോയിട്ടു് വേഗം വാ… ഞാനിവിടെ നിക്കാം”
തിരിച്ചു വന്നപ്പോ പറഞ്ഞു… “കേണിച്ചിറ വരെ പോകാം, കാപ്പി കുത്താനുണ്ടു്. ഉമ്മേം വണ്ടീ കേറിക്കോ… പരിപ്പ് പാറ്റി തിരിക്കാൻ ആള് വേണം”.
ഓൻ ആ ടില്ലരേല് ഏതാണ്ടു് മോട്ടോര് പിടിപ്പിച്ചിട്ടുണ്ട്… അതിലിട്ടാ കാപ്പി കുത്തി കൊടുക്കണേ. തിരിച്ചു നടവയലിൽ വന്നപ്പോ ഓൻ എനിക്കു് ഒരു മുഴുവൻ ദിവസത്തെ കൂലി തന്നു… ഞാൻ അത്രേം വേണ്ടാന്നു് പറഞ്ഞപ്പോ…
“ഉമ്മാ, പണി തരാതെ പണം തന്നാൽ അതു് പിച്ചക്കാർക്കു് കൊടുക്കണ പോലെ ആകൂ… നിങ്ങക്കിപ്പോ ആരോഗ്യമുണ്ട്… അതോണ്ട് പണിയെടുത്തു തന്നെ ജീവിക്കണം… ഇപ്പൊ എടുത്ത പണിക്കു മാത്രം കൂലി തന്നാൽ നാളേം നിങ്ങള് പട്ടിണിയാകും”
“പിന്നെ നിങ്ങടെ ബൈബിളിലെ ഒരു കഥയും പറഞ്ഞു തന്നു… പല സമയത്തു് പണിയെടുക്കാൻ വന്നോർക്കും ഒരേ കൂലി കൊടുത്ത കഥ”.
“ഓനും അങ്ങനാർന്നു… പക്ഷേങ്കി… പടച്ചോൻ കൊണ്ടുപോയില്ലേ നേരത്തെ… നല്ല മനിസന്മാരെയേ പടച്ചോനു് വേണ്ടു… ”
ഉമ്മയുടെ കണ്ണിൽ നിന്നു് കണ്ണുനീർ ധാരയായി ഒഴുകി… വലിയൊരു മഴ പെയ്യണ പോലാ എനിക്കു് തോന്നിയതു്. എന്റെ മനസ്സു് കല്ലാക്കി വെക്കാൻ ഒരുപാടു് പണിപ്പെട്ടു.
പിന്നെ കുറെ നേരം ഉമ്മ മിണ്ടാതിരുന്നു…
“അനക്കു ഓർമ്മയുണ്ടോ… ” ഇല്ലായെന്നു് മെല്ലെ തലയാട്ടി.
“എങ്ങനെ ഓർക്കാനാ? നിയ്യോക്കെ അന്നു് തീരെ പൊടിയല്ലേ… ഞങ്ങ മുസ്ലിം പെണ്ണുങ്ങൾ മയ്യത്തു് അടക്കാൻ പോകില്ല… പക്ഷേങ്കി ഓന്റെ മയ്യത്തടക്കാൻ ഞാനും പോയി… ആദ്യായിട്ടും അവസാനായിട്ടും… അന്നു് ആ പള്ളിയിലെ അച്ചൻ പ്രസംഗത്തിൽ പറഞ്ഞതു് നമ്മടെ നടവയലിന്റെ സിംഹം പോയീന്നാ… സത്യാ അത്… ഓനൊരു രാജാവാരുന്നു… ആർക്കും എന്തു സഹായോം ചെയ്യും. മോശം കണ്ടാൽ ചീത്ത പറയാൻ മടിക്കൂല. അപാര ചങ്കൊറപ്പ്. തോക്കൊക്കെ ഉണ്ടാരുന്നു… കാട്ടിൽ പോയി വെടിവച്ചു കൊണ്ടുവരണതു് എല്ലാർക്കും പകുത്തു കൊടുക്കും. ഉള്ളതു് ഓണം പോലെ എന്നാ ഓന്റെ പറച്ചിൽ.
ഉമ്മ വീണ്ടും ഓർമ്മകളിലേക്കു്… കുറെ നേരം മിണ്ടാതിരുന്നു, പിന്നൊരു നെടുവീർപ്പോടെ, ‘ഞാ ഓനെ ഇടക്കിടെ ഓർക്കും, അത്തരം മനിസന്മാരെ ഇനി കാണാൻ കിട്ട്വോ…? അമ്മയൊക്കെ സുഖല്ലേ? ഇന്നാള് കണ്ടപ്പോ മക്കളൊക്കെ നല്ല നെലേൽ എത്തീന്നു ഓള് പറഞ്ഞാരുന്നു… എങ്കിലും എളേ മോടെ സൂക്കേടും… ഒട്ടും ബേജാറ് വേണ്ടാ… പടച്ചോൻ കാത്തോളും… ഓന്റെ നന്മ അതു് കണ്ടില്ലാന്നു വക്കാൻ പടച്ചോനാവ്വോ… ഇന്ഷാ അള്ളാ… ”
പിന്നെ ഉമ്മ കണ്ണടച്ചിരുന്നു.
“കേണിച്ചിറ… കേണിച്ചിറ… ” കണ്ടക്ടർ വിളിച്ചു കൂവുന്നു…
“ഉമ്മാ, കേണിച്ചിറ എത്തി… ” അവരെ മെല്ലെ തട്ടി വിളിച്ചു.
അവർ മെല്ലെ എണീറ്റു്… എന്റെ കവിളത്തൊന്നു തലോടി, പിന്നെ തലയിൽ കൈ വച്ചു, “നല്ല മനിസന്മാരുടെ മക്കളായി ജനിക്കാനും ഭാഗ്യം വേണം… അവരേപ്പോലെ ആവേം വേണം. പടച്ചോൻ കാക്കട്ടെ”
ഒരു മരവിപ്പു് മനസ്സിലേക്കു് പടർന്നു കേറി… ഒന്നും മിണ്ടാനാവാത്ത അവസ്ഥ ആദ്യമായിട്ടല്ലാ… അറിവു് വച്ച നാൾ മുതൽ കേൾക്കുന്നതാണു്. അപ്പച്ചനെപ്പോലെ തന്നെയുള്ള മകൾ!
ഓരോ പ്രാവശ്യം വീട്ടിൽ പോകുമ്പോഴും ആരിൽ നിന്നെങ്കിലുമൊക്കെ അതു കേൾക്കും. ഈ കഴിഞ്ഞ തവണയും… പണ്ടു് ഡ്രസ്സ് തയിച്ചു തന്നിരുന്ന സെലിൻ ചേച്ചിയാണു്… ഞാനും അമ്മയും വീടിന്റെ തിണ്ണയിൽ നിക്കുമ്പോഴാണു് അവർ റോഡിലൂടെ…
“അപ്പന്റെ കോപ്പി അങ്ങനങ്ങ് എടുത്തു വച്ചേക്കുവല്ലേ…! ഇത്തിരി പൊക്കം കൂടി വേണ്ടീരുന്നു എന്നാപ്പിന്നെ… കോപ്പീന്നും പറയേണ്ടി വരൂലാ”.
അഭിമാനം കൊണ്ടു നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു…
എങ്കിലും മനസ്സിൽ വല്ലാത്തൊരു നീറ്റൽ ആണു്… പറഞ്ഞറിയിക്കാൻ അറിയില്ല… ഒരുപാടു് പ്രാവശ്യം ആലോചിച്ചു നോക്കിയിട്ടുണ്ടു്… പക്ഷെ… തിണ്ണയിലെ ചില്ലിട്ട ഫോട്ടോയിലെ മുഖം… ഒരിക്കലും കണ്ടതായി ഓർമ്മിച്ചെടുക്കാൻ ആവുന്നില്ല. ഒരു നാലര വയസ്സുകാരിയുടെ വികലമായ എന്തൊക്കെയോ തോന്നലുകൾ… അത്രമാത്രം. ആകപ്പാടെ ഉള്ള ഓർമ്മ… അതു് പലപ്പോഴും എന്നെ ഭയപ്പെടുത്തുന്നു…
മൂക്കിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന രണ്ടു പീസ് പഞ്ഞിയും… പിന്നെ കാലിന്റെ തള്ള വിരലുകൾ കൂട്ടി കെട്ടിയ വെളുത്ത തുണിയും…
(ചിത്രങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്).
വയനാട് നടവയലിൽ ജനനം. സോഫ്റ്റ്വെയർ എഞ്ചിനീയറായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.