
ഒരു വഴി.
ഒരു കൊച്ചിടവഴി.
വീട്ടിൽ നിന്നു് പുറപ്പെട്ടു് നാടു കടന്നു്, പാടം കടന്നു്, പുഴവക്കിലേക്കോടുന്ന വഴി. പുഴയ്ക്കപ്പുറം കാടു്.
വഴിയ്ക്കിരുപുറത്തും പല തൊടികൾ, കൊച്ചുവീടുകൾ, വീടുകളുടെ മേലേ പൊങ്ങുന്ന പുകവള്ളികൾ, വെള്ളം കിടന്നുറങ്ങുന്ന കിണറുകൾ, വെള്ളം വെയിൽ കുടിക്കുന്ന കുളങ്ങൾ, കുളങ്ങളിൽ നീർപ്പൂക്കൾ, വേലിപ്പൂച്ചെടികൾ…
അയകളിൽ ആറാനിട്ട ഉടുപ്പുകൾ പോലും വഴിയ്ക്കൊപ്പം ഓടാൻ ആശിച്ചു് കാറ്റിൽ പാറിക്കളിച്ചു.
വഴിയുടെ കൂടെ എന്നും ഓടുന്നതു് ഒരു പെൺകുട്ടി മാത്രം. മിറാൻഡ എന്ന മിടുക്കത്തി.
അവൾക്കു് ഞൊറിവച്ച ഉടുപ്പു്, ഇരുവശത്തും ഞാത്തിയിട്ട രണ്ടു് മുടിപ്പിന്നലുകൾ, അതിലൊന്നിൽ ഭംഗി ചേർക്കാൻ മഞ്ഞച്ചിറകുള്ള ഒരു പൂമ്പാറ്റ. അവളോടുമ്പോൾ പൂമ്പാറ്റ ചിറകനക്കാതെ പിന്നലിൽ പൂ പോലെ പറ്റിച്ചേർന്നിരിക്കും.
മിറാൻഡയാണു് ഇടവഴിയുടെ ഉറ്റകൂട്ടുകാരി. എല്ലാ ദിവസവും തനിക്കൊപ്പം അവൾ ഓടിവരുമ്പോൾ കൊടുക്കാൻ ഓരോ സമ്മാനങ്ങൾ ഇടവഴി കരുതിവയ്ക്കും.
നിറമുള്ള ഒരു തൂവൽ.
മറ്റെങ്ങും കാണാത്ത ഒരു പൂവ്.
വെയിൽ മരങ്ങൾക്കുകീഴേ വരയ്ക്കുന്ന ഓരോരോ അത്ഭുതരൂപങ്ങൾ.
ഒരു ദിവസം മിറാൻഡ ഉടുപ്പിട്ടു്, മുടി പിന്നി മഞ്ഞപ്പൂമ്പാറ്റയെ പിന്നലിൽ ചൂടി വഴിയ്ക്കൊപ്പം പുഴവക്കിലേക്കു് ഓടി. പുഴക്കരയെത്താറായപ്പോൾ ഇടവഴി പറഞ്ഞു: “മിറാൻഡക്കുട്ടീ അതാ നിന്നെക്കാത്തു് ഒരു കുഞ്ഞിക്കിളി”.
പുഴവക്കത്തെ മണലിൽ ഒറ്റയ്ക്കൊരു കിളി. അനങ്ങാതെ ചിറകനക്കാതെ അവളെത്തന്നെ നോക്കി ഒരു കിളി.
മിനുങ്ങുന്ന നീലനിറമുള്ള തൂവലുകൾ.
തൂവെള്ള നിറത്തിൽ കൊക്കുകളും കാലടികളും.
കണ്ണുകൾക്കു ചുറ്റും മയ്യെഴുതിയ പോലെ രണ്ടു് സ്വർണ്ണവലയങ്ങൾ.
മിറാൻഡക്കുട്ടി ചോദിച്ചു: “നീലക്കിളിയേ നിന്റെ പേരെന്താ?”
കിളി പറഞ്ഞു: “എന്റെ പേരു് മിറാൻഡ”.
“അതെന്റെ പേരല്ലേ കിളിയേ”.
“അല്ല എന്റെ പേരാണു്”.
“അല്ലല്ല എന്റെ പേരാണു്”.

തർക്കം കേട്ടു് പുഴ ഓളം തല്ലി അവർക്കടുത്തെത്തി. രണ്ടാളുടേയും കാലടികൾ നനച്ചു വിളിച്ചു: “വഴക്കു വേണ്ട വഴക്കു വേണ്ട. രണ്ടു പേരും മിറാൻഡ തന്നെ”.
മിറാൻഡക്കുട്ടി മിറാൻഡക്കിളിയോടു് ചോദിച്ചു: “നിനക്കാരാ ഈ പേരിട്ടതു?”
“ആരുമല്ല. ഞാൻ തനിയെ ഇട്ടു ഈ പേരു്”.
“എവിടുന്നുകിട്ടി നിനക്കീ പേരു്?”
“എന്നും ഈ പുഴക്കരയിൽ നിന്നെ കണ്ടുകണ്ടു് നിന്നെ ഇഷ്ടപ്പെട്ടു് നിന്റെ പേരു് ഞാനെടുത്തു. ഞാനെടുത്ത പേരിനു പകരം നിനക്ക് ഞാൻ സ്വന്തമായി ഒരു നിറം തരാം,” കിളി പറഞ്ഞു.
“ഇഷ്ടമുള്ള ഒരു നിറം പറയൂ”.
“പച്ച നിറം”. മിറാൻഡക്കുട്ടി പറഞ്ഞു.
കിളി ഒരു പച്ചത്തൂവൽ കൊക്കിലെടുത്തു് അരുമയോടെ അവളുടെ മേൽ വീശി.
ആ നിമിഷം അവൾ അടിമുടി പച്ചനിറം പകർന്നു. മുടി കരിമ്പായൽപ്പച്ച. മുഖം താമരയിലപ്പച്ച, കൈകാലുകൾ ചെമ്പരത്തിയിലപ്പച്ച, നഖങ്ങൾ പുളിയിലപ്പച്ച.
പച്ചച്ച മിറാൻഡക്കുട്ടി.
പുഴവെള്ളത്തിൽ തന്നെക്കണ്ടു് മിറാൻഡ പൊട്ടിച്ചിരിച്ചു. പുഴയും പൊട്ടിച്ചിരിച്ചു.
മിറാൻഡക്കുട്ടിയും മിറാൻഡക്കിളിയും പുഴക്കരയിൽ ചാഞ്ചാടിക്കളിച്ചു.
ചാഞ്ചാടിക്കളിക്കുന്ന മിറാൻഡക്കുട്ടിയെ കണ്ടു് കാറ്റിൽ ചാഞ്ചാടുന്ന ഒരു മരത്തൈയെന്നു് മറ്റു് മരങ്ങൾ കരുതി.
പക്ഷേ, ഒരു പ്രശ്നം. മിറാൻഡക്കുട്ടിക്കു് പച്ചക്കുട്ടിയായി വീട്ടിലെത്താൻ പറ്റില്ലല്ലോ. അമ്മ പേടിച്ചുപോവും. വീടും പേടിച്ചുപോവും. കിളിയും ഇടവഴിയും തമ്മിൽ കൂടിയാലോചിച്ചു.
ഇടവഴി പറഞ്ഞു: മിറാൻഡക്കുട്ടി തിരികെ വീട്ടിലേക്കു് ഓടുമ്പോൾ ഞാൻ നിഴലുകൾ കൊണ്ടു് ഉരുമ്മി അവളുടെ പച്ച മായ്ച്ചു് കളയാം.
എന്നും വൈകിട്ടു് കിളി തൂവലുഴിഞ്ഞു് അവളെ പച്ചയാക്കും. ഇടവഴിയിലൂടെ നൂഴ്‌ന്നോടി തിരികെ വീടെത്തുമ്പോഴേക്കും തിരികെ തവിട്ടു് തൊലിനിറവുമാകും.
ഒരു ദിവസം വൈകിട്ടു് പച്ചമിറാൻഡക്കുട്ടിയും നീലമിറാൻഡക്കിളിയും പുഴക്കരയിൽ കളിക്കുമ്പോൾ ഒരു ശബ്ദം.
“മിറാൻഡാ മിറാൻഡാ”.
മിറാൻഡക്കുട്ടി മിറാൻഡക്കിളിയോടു ചോദിച്ചു: “എന്താ മിറാൻഡക്കിളീ”.
മിറാൻഡക്കിളി മിറാൻഡക്കുട്ടിയോടും ചോദിച്ചു: “എന്താ മിറാൻഡക്കുട്ടീ. എന്തിനാ നീയെന്നെ വിളിച്ചതു?”
“ഞാൻ വിളിച്ചില്ലല്ലോ. നീയെന്തിനാ വിളിച്ചതു?”
“ഞാനും വിളിച്ചില്ല. നമുക്ക് തോന്നിയതാവും”.
അപ്പോഴതാ വീണ്ടും “മിറാൻഡാ മിറാൻഡാ” എന്ന വിളി. വെള്ളം തുള്ളിച്ചിതറുന്ന ഒച്ച.
രണ്ടാളും പുഴയിലേക്കു് നോക്കി.
ഒരു മീൻ. ചുവന്നു് മിന്നുന്ന ഒരു സുന്ദരി മീൻ.
മീഞ്ചിറകുകൾ വീശി മീൻകണ്ണുകൾ ഇളക്കി, മീൻചെകിളകൾ അടച്ചുതുറന്നു്, മീൻവാലു് വെട്ടിച്ച് വെട്ടിച്ച് വെള്ളത്തിൽ തുള്ളുന്നു.
മിറാൻഡക്കുട്ടിയും മിറാൻഡക്കിളിയും, മിനുങ്ങുന്ന മീനിനെ കണ്ണിമയ്ക്കാതെ നോക്കിനിന്നു.
മീൻ വെള്ളത്തിനു മീതേ തുള്ളിത്തുള്ളി ഓളം തല്ലുന്ന അതേ ഒച്ചയിൽ വിളിച്ചു: “മിറാൻഡാ മിറാൻഡാ”.
അവർ രണ്ടാളും പുഴവെള്ളത്തിലേക്കിറങ്ങി, മുട്ടോളം വെള്ളത്തിൽ ചുവന്ന മീനിനു തൊട്ടടുത്തെത്തി.

“ചോന്ന മീനേ വിളിച്ചോ നീ ഞങ്ങളെ?”
മിറാൻഡാ മിറാൻഡാ-മീൻ മിറാൻഡക്കുട്ടിയുടെ കൈവിരലുകളിൽ തെന്നിയിറങ്ങി.
“ചോന്ന മീനേ നിനക്കെങ്ങനെയറിയാം ഞങ്ങളെ?”
“എനിക്കറിയാം, നിങ്ങൾ രണ്ടാളും കളിക്കാൻ വരില്ലേ ഇവിടെ?”
“ചോന്ന മീനേ നിന്റെ പേരെന്താ?”
“എന്റെ പേരു് മിറാൻഡാ”.
“അയ്യോ അതെന്റെ പേരല്ലേ?” മിറാൻഡക്കുട്ടിയും മിറാൻഡക്കിളിയും ഒന്നിച്ചു പറഞ്ഞു.
മീൻ പറഞ്ഞു: “നിങ്ങളും മിറാൻഡ, ഞാനും മിറാൻഡാ”.
“ചോന്ന മീനേ നിനക്കാരിട്ടു ഈ പേരു് ?”
“നിങ്ങളെ രണ്ടാളെയും എന്നും കണ്ടു് കണ്ടു് നിങ്ങൾ തമ്മിൽ വിളിക്കുന്നതു് കേട്ടു് കേട്ടു് ഞാൻ തനിയെ ഇട്ടു എനിക്കീ പേരു്”.
മിറാൻഡക്കുട്ടിയും മിറാൻഡക്കിളിയും മിറാൻഡമീനും വെള്ളത്തിൽ തിമിർത്തുമറിഞ്ഞു.
മിറാൻഡമീൻ മിറാൻഡക്കുട്ടിയുടെ അമ്മയുടെ കൈകളോളം വലുതായി, അവളെ മേലേ കിടത്തി, നീന്താൻ പഠിപ്പിച്ചു. മിറാൻഡക്കിളി കൊത്തിയും ചിറകടിച്ചും വെള്ളം തെറിപ്പിച്ചു് പാറിക്കളിച്ചു.
മിറാൻഡമീൻ പറഞ്ഞു: “നിങ്ങളുടെ പേരു ഞാനെടുത്തില്ലേ, പകരം നിങ്ങൾക്കു് ഞാൻ ഇഷ്ടമുള്ള രൂപം, തരാം. പറഞ്ഞോളൂ”.
മിറാൻഡക്കുട്ടി പറഞ്ഞു: “ചുവന്ന മീനേ എനിക്കൊരു പുള്ളിപ്പുലിപ്പെണ്ണായാൽ മതി”.
“മിറാൻഡക്കുട്ടീ നീ പുള്ളിപ്പുലിയായാൽ നിനക്കു് കൂട്ടുകാരായി ഒരാളും വരില്ല, നിന്നെ എല്ലാവർക്കും പേടിയാവില്ലെ?”
“എന്നാൽ എനിക്കൊരു കൊച്ചുകാറ്റായാൽ മതി”.
മീൻ പറഞ്ഞു: “അതു നന്നായി, കാറ്റായാൽ നിനക്കെല്ലാടവും ഓടിക്കളിക്കാം, എല്ലാവരെയും തൊടാം… ആർക്കും നിന്നെ കാണാൻ കഴിയുകയുമില്ല”.
“ദാ ഈ ചില്ലിൽ മുത്തം വച്ചാൽ നിനക്കു് കാറ്റായി മാറാം”. മീൻ അവൾക്കു് മഴവിൽനിറങ്ങൾ മിന്നുന്ന ഒരു ചില്ലു് കൊടുത്തു.
“എനിക്കൊരു പൂമരമായാൽ മതി,” കിളി പറഞ്ഞു. “എങ്കിൽ എന്റെ കൂട്ടുകാരായ കിളികളെല്ലാം എന്റെ ചില്ലകളിൽ വന്നിരിക്കും. മിറാൻഡക്കാറ്റു് വന്നെന്റെ ചില്ലകൾ ചാഞ്ചാട്ടും. എന്തു രസമായിരിക്കും”.
“അതു കൊള്ളാം”, മീൻ പറഞ്ഞു. “ദാ ഈ കണ്ണാടിയിൽ നോക്കിച്ചിലച്ചാൽ നിനക്കു് പൂമരമായി മാറാം”. മീൻ അവൾക്കു് നിറങ്ങളെല്ലാം ഒളിപ്പിച്ച ഒരു പരൽക്കൽക്കണ്ണാടി കൊടുത്തു. അതിന്റെ വക്കുകൾ വെള്ളിപോലെ തിളങ്ങി. അതിന്റെ ഉള്ള് ഓരോ തവണ നോക്കുമ്പോഴും മനുഷ്യരുടെ ഉള്ളു പോലെ മാറി മാറി ഓരോ പടങ്ങൾ കാട്ടിക്കൊണ്ടിരുന്നു.
മിറാൻഡക്കിളി പരൽക്കൽക്കണ്ണാടിയിൽ നോക്കിച്ചിലച്ചു് പുഴക്കരയിൽ പൂമരമായി മാറി. മിറാൻഡക്കുട്ടി മഴവിൽച്ചില്ലിൽ മുത്തി കൊച്ചുകാറ്റായി പൂമരച്ചില്ലയിൽ ചാഞ്ചാടി. വൈകുന്നേരം മുഴുവൻ അവർ അങ്ങനെ കളിച്ചു. മിറാൻഡമീൻ അതെല്ലാം കണ്ടു് പുഴവെള്ളത്തിൽ ചുവന്ന വാൾ പോലെ തുള്ളിവീണു.
വൈകുന്നേരം മിറാൻഡക്കുട്ടിയെ വീട്ടിൽ കൊണ്ടുപോകാൻ ഓടിവന്ന ഇടവഴി ഇതെല്ലാം കണ്ടു് കൊതിച്ചു് നോക്കിനിന്നു.
പുഴയ്ക്കു് അക്കരെ വൈകുന്നേരത്തെ ചുവന്നു തുടുത്ത സൂര്യനാവട്ടെ, മൂന്നു മിറാൻഡമാരെയും നോക്കി നിന്നു് അസ്തമിക്കാൻ മറന്നും പോയി.
അന്നു് പകൽ തീർന്നു് രാത്രി വന്നതേയില്ല. മനുഷ്യരെല്ലാം അത്ഭുതപ്പെട്ടു് ആകാശത്തു് അനങ്ങാതെ നിൽക്കുന്ന സൂര്യനെ നോക്കി നിന്നു.
പിന്നെ എന്തുണ്ടായി എന്നു് ഈ കഥ പറയുന്ന എനിക്ക് അറിയില്ല. ഞാൻ അന്നു് വൈകിട്ടു് പുഴക്കരയിലെ തീവണ്ടി സ്റ്റേഷനിൽ നിന്നു് ദൂരനാട്ടിലേക്കു് തീവണ്ടിയിൽ കയറിപ്പോന്നു. പിന്നെ ഇതേവരെയും തിരികെപ്പോകാനും കഴിഞ്ഞില്ല.

പുഴക്കരയിൽ മിറാൻഡമാർ ഇപ്പോഴും കളിക്കുകയാണോ?
ഇടവഴി അനക്കമറ്റു് നിൽക്കുകയാണോ?
സൂര്യൻ പിന്നെ അസ്തമിച്ചതേയില്ലേ?
ആ നാട്ടിൽ രാത്രി വന്നതേയില്ലേ?
ഇനി ഈ കഥ വായിക്കുന്ന മിറാൻഡ എന്നു് പേരുള്ള ഒൻപതു് വയസ്സുള്ള മിടുക്കത്തിയായ ഒരു പെൺകുട്ടിയ്ക്കു് മാത്രമേ ഈ കാര്യങ്ങളെല്ലാം പറഞ്ഞുതരാൻ കഴിയൂ.
അവൾ സ്കൂൾ വിട്ടു് വന്നു്, മേൽ കഴുകി, മുടി പിന്നി, പൂമ്പാറ്റപ്പൂ ചൂടി മേശപ്പുറത്തെ നോട്ടു് ബുക്കിൽ ഈ കഥയുടെ ബാക്കി എഴുതും.

അനിത തമ്പി. മലയാളകവി. നാലു് കവിതാസമാഹാരങ്ങൾ: മുറ്റമടിക്കുമ്പോൾ (2004), അഴകില്ലാത്തവയെല്ലാം (2010), ആലപ്പുഴവെള്ളം (2016), വെൽഷ് കവി ഷാൻ മെലാഞ്ജൽ ദാവീദുമായി ചേർന്നു് എഴുതിയ മറ്റൊരു വെള്ളം (2018), ആസ്ട്രേലിയൻ കവി ലെസ് മറെയുടെ കവിതകൾ (2007), ഫലസ്തീൻ കവി മുരീദ് ബർഗൂടിയുടെ ആത്മകഥാപരമായ പുസ്തകം (2017) എന്നിവ മലയാളത്തിലേക്കു് മൊഴിമാറ്റിയ പ്രധാനകൃതികൾ.
തിരുവനന്തപുരത്തു് ജോലിയും താമസവും.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: അഭിജിത്ത്, കെ. എ.