ഒരു വേനലവധിക്ക്
കോട്ടയം പാസഞ്ചറിലിരിക്കുമ്പോൾ
മെഹ്ബൂബിക്ക പറഞ്ഞു
ടേയ്, കണ്ണ് കാതില് വച്ചു നോക്ക്
കൊല്ലത്തെപപ്പടം ഗണ്ടൻപപ്പടം
കൊല്ലത്തെപപ്പടം ഗണ്ടൻപപ്പടം
എന്നുമ്പറഞ്ഞോണ്ടാ ഈ ട്രെയിൻ ഓടണത്.
സത്യം!
ശബ്ദത്തിന്റെ ഇരുമ്പുവേഗത്തിൽ കിടന്ന്
ആ വായ്ത്താരി തിളച്ചുമറിഞ്ഞു
അതിൽ മുങ്ങാങ്കുഴിയിട്ട
ഒരു പന്ത്രണ്ടുവയസ്സുകാരന്റെ കാതുകൾ
ഏതോ റെയിൽപ്പാലത്തിൽ പൊന്തിയപ്പോൾ
ഗണ്ടൻപപ്പടം
ഗണ്ടൻപപ്പടം
മാത്രം
പാലത്തില്
ഗണ്ടൻപപ്പടം മാത്രേ കേക്കണൊള്ള് മെഹ്ബൂബിക്കാ
കൊല്ലത്തെപപ്പടം
അഷ്ടമുടിക്കായലീ വീണു പോയെടേയ്
• • •
ആറുകൊല്ലം കഴിഞ്ഞ്
ദില്ലിയിൽനിന്ന്
മെഹ്ബൂബിക്കയുടെ കത്ത്:
‘കോയി ബഡാ പേട് ഗിർതാ ഹൈ തോ
ധർത്തീ തോടീ ഹിൽത്തീ ഹൈ’1
എന്നും പറഞ്ഞോണ്ടാടേ
ഇപ്പം ഇവിടെ ട്രെയിനുകളോടണത്
‘സിപിഐയിൽ ചേരൂ റഷ്യയിൽ പോവാം’
‘ഗാന്ധിയെന്താക്കി ഇന്ത്യയെ മാന്തിപ്പുണ്ണാക്കി’
തുടങ്ങിയ
മലയാളത്തീവണ്ടികൾ മാത്രം ഓടിയിരുന്ന
പാളങ്ങൾക്കു കുറുകേ
മെഹ്ബൂബിക്കയുടെ ‘പേട്’ കടപുഴകിവീണു
ആ ചൊല്ലിൽ ചീർത്തുപൊന്തിയ അർത്ഥം തിരിയാതെ
ഞാൻ മറുപടിയെഴുതി:
അപ്പ തീവണ്ടികള് ഹിന്ദിയിലും ഓടും അല്ലേ?
• • •
താമസിയാതെ മെഹ്ബൂബിക്ക
സിയാച്ചിനിലേക്ക് ട്രാൻസ്ഫറായി
വല്യാപ്പ മരിച്ചിട്ടും വരാനാവാതെ
മഞ്ഞിലിരുന്ന് ഉരുകി
എന്റെ വന്മരം വീണെടാ…
മഹാത്മജീസ് പാൻ ഷോപ്പ് എന്ന് പുകഴ്പെറ്റ
സ്വന്തം ജാപ്പാണക്കടയെയും
അയലത്തെ സർദാരിണിപ്പെണ്ണിനെയും ഉപേക്ഷിച്ച്
വല്യാപ്പ ലഹോറിൽ നിന്ന് രക്ഷപെട്ടത്
‘പാകിസ്ഥാൻ പാർട്ടീഷ്യൻ
പാകിസ്ഥാൻ പാർട്ടീഷ്യൻ’
എന്ന് ദില്ലിയിലേക്കോളിയിട്ട
ഒരു പുകവണ്ടിയിലായിരുന്നത്രേ
തോക്കുകളോടും വടിവാളുകളോടും
ദക്ഷിണാമൂർത്തിയെന്നാണത്രേ
പേരു പറഞ്ഞതു്
വീട്ടിലെ അരപ്രൈസിൽ ചാരിയിരുന്നു്
എന്നെ ചേർത്തുപിടിച്ചു്
വട്ടത്തിൽ വിട്ട കാജാബീഡിപ്പുകയിലേക്കു് ചൂണ്ടി
വല്യാപ്പ പാടിയ
‘പാകിസ്ഥാൻ ഹിന്ദുസ്ഥാൻ ഖാലിസ്ഥാൻ’
എന്ന തീവണ്ടിയിൽ ഞാനിപ്പൊ
രവിയും ബിയാസും സത്ലജും ഒന്നിച്ചു നീന്തുവാടാ…
വല്യാപ്പയാണല്ലേ നിങ്ങളെ തീവണ്ടിഭാഷ വായിക്കാൻ പഠിപ്പിച്ചത്?
തീവണ്ടികളാണ് പഠിപ്പിച്ചത്
വല്യാപ്പയും ഒരു തീപിടിച്ച വണ്ടി
• • •
മഞ്ഞുരുകി.
അഹമ്മദാബാദ്, അമൃത്സർ, ടോൾപൂർ, ഗാങ്ടോക്…
മെഹ്ബൂബിക്ക തീയും പുകയുമില്ലാതെ അലഞ്ഞു
പെണ്ണുകെട്ടാൻപോലും വന്നില്ല.
അവധിയ്ക്കു്
സബർമതിയിലേക്കും
ജയ്സാൽമീറിലേക്കും
മേഘാലയങ്ങളിലേക്കും
വണ്ടിപിടിച്ചു.
ഇതിനിടെ
യൂണിവേഴ്സിറ്റി ലൈബ്രറിയിലെ പുസ്തകങ്ങളിലും
നാഗമ്പടം പാലത്തിനടിയിലെ കഞ്ചാവിലും
ധ്യാനിച്ചു് ധ്യാനിച്ചു്
എന്റെ തലയിൽ വേറെയും ശകടങ്ങൾ
മൂളിപ്പറക്കാൻ തുടങ്ങിയിരുന്നു.
ഇരട്ടവാലൻപുഴു പോലെ
ഒരിക്കൽ ഞാൻ തുളച്ചുകയറി:
നിങ്ങക്കു് പലതുമറിയില്ല മെഹ്ബൂബിക്ക…
‘താക്കൂർ ബ്രാഹ്മിൻ ബനിയ ഛോഡ്
ബാകി സബ് ഹെയ് ഡിയെസ്സ് ഫോർ’2
എന്ന് ഒരുൾനാടൻ കവലയിൽ നിന്ന് തിരിച്ച
വലിവണ്ടിയിപ്പോൾ
‘തിലക് തരാസു ഔർ തൽവാർ
ഇൻകോ മാരോ ജൂത്തേ ചാർ’3
എന്നു ഗംഗാസമതലത്തിലെമ്പാടും ഓടിനടക്കുന്നത്
നിങ്ങള് കണ്ടിട്ടില്ല മെഹ്ബൂബിക്ക
തീവണ്ടിപ്പാതയില്ലാത്ത കിഴക്കൻമലകളിലെ,
വടക്കു്, കുനാനിലെ പോഷ്പൊറയിലെ4
അടിവയറുകളിൽ കല്ലിച്ചുകിടക്കുന്ന നിശ്ശബ്ദതയെ
നിങ്ങള് കേട്ടിട്ടില്ല മെഹ്ബൂബിക്ക
അതിനു് എന്റെ ദേശീയഗാനം തീവണ്ടിയല്ലേടാ ഹമുക്കേ
• • •
പാമ്പൻ പാലം കടന്ന്
‘ശ്രീപെരുമ്പത്തൂർ ശ്രീപെരുമ്പത്തൂർ’5 എന്നിഴഞ്ഞ
ചാവേറുവണ്ടിയെപ്പറ്റി
ഒറ്റക്കൊമ്പൻ റൈനോയുടെ പടംപതിച്ച കാർഡു വന്നത്
തൊള്ളായത്തി തൊണ്ണൂറ്റിയൊന്നിൽ
കാസിരംഗയിൽ നിന്നു്
തൊണ്ണൂറ്റിരണ്ടിൽ
ഗാന്ധിത്തലയുള്ള സാദാ പോസ്റ്റ്കാർഡുകൾ
പലയിടങ്ങളിൽ നിന്നു തുരുതുരെ വന്നു
സൗഗന്ധ് രാം കീ ഖാതേ ഹൈ
മന്ദിർ വഹീം ബനായേംഗേ6
എക് ധക്കാ ഓർ ദോ
ബാബ്റി മസ്ജിദ് തോട് ദോ7
യേ തോ ഹോ ഗയാ
കാശീ മഥുരാ ബാക്കി ഹൈ8
• • •
ഇ-മെയിലുകൾ അദൃശ്യരായ തീവണ്ടികളാണെടാ
2003-ൽ അഹമ്മദാബാദിൽ നിന്നു്
പകരം
mehbubalone1961@hotmail.com ലേക്ക്
ഡബ്ളിയു എച്ച് ഓഡന്റെ ‘നൈറ്റ് മെയിലി’ലെ9 വരികൾ
ഞാൻ അയച്ചുകൊടുത്തു
This is the Night Mail crossing the border,
Bringing the cheque and the postal order,
Letters for the rich, letters for the poor,
The shop at the corner and the girl next door.
മെഹ്ബൂബിക്ക അത്
സബർമതി എക്സ്പ്രസ്സിലേക്ക് വിവർത്തനം ചെയ്തു
മുസൽമാൻ കാ ഏക് ഹൈ സ്ഥാൻ
പാകിസ്ഥാൻ യാ ഖബറിസ്ഥാൻ
ഗോധ്ര ഗുൽബർഗ് നരോദാപാട്യ
ഖൂൻ കാ ബദ്ലാ ഖൂൻ10
• • •
ദില്ലിയിൽ നിന്നുള്ള ഇലക്ട്രിക് ട്രെയിനുകൾ
നാലുകാലിൽ ‘ഗോമാതാ കീ ജയ്’ അമറിക്കൊണ്ടിരിക്കെ
2015 സെപ്തംബറൊടുവിൽ
മെഹ്ബൂബിക്ക പെൻഷനായി
നാട്ടിൽ വാങ്ങിയ
ഒറ്റയാൾഫ്ലാറ്റിലേക്ക് മടക്കം…
അഖ് ലാക്ക്
അഖ് ലാക്ക്
അഖ് ലാക്ക്11
—കറവവറ്റിയ ഗാവുകളെ വകഞ്ഞ്
അറക്കവാൾ പോലെ തെക്കോട്ടു പാഞ്ഞ
രാജധാനി എക്സ്പ്രസിന്റെ ശബ്ദകാകോളം മോന്തി
ദക്ഷിണാമൂർത്തിയായ വല്യാപ്പ
രാവെളുക്കോളം ചുടലനൃത്തം ചവിട്ടി:
‘ഞാൻ തന്നെയാടാ മുഹമ്മദ് അഖ് ലാക്ക്
നിന്റെ നാടോടിവല്യാപ്പ…’
വെളുപ്പിന്
മെഹ്ബൂബിക്കയുടെ വാട്ട്സാപ്പ് മെസേജ്:
നമക്കേയ് കൊച്ചീല്
മഹാത്മജീസ് പാൻ ഷോപ്പ് തുറക്കണം
രാത്രി ഞാൻ അങ്ങേരോട് ഏറ്റുപോയി
• • •
2017 ജൂൺ 19.12
തീവണ്ടിയുടെ കടകട
ലോകത്തിലെ എല്ലാ ശബ്ദങ്ങളിലേക്കും
വിവർത്തനംചെയ്യാൻ പഠിപ്പിച്ച
മെഹ്ബൂബിക്കയ്ക്കരികെ
കൊച്ചിൻ മെട്രോയുടെ ഒരു പുതിയാപ്ലക്കോച്ചിൽ
ഞാൻ ചെവികൂർപ്പിച്ചിരിക്കുന്നു
ടേയ്… കണ്ണ് കാതില് വയ്ക്കണ്ട
ഒന്നും മിണ്ടാതെയാ ഈ ട്രെയിൻ ഓടണത്
സത്യം!
ശബ്ദമില്ലാത്ത സ്റ്റീൽവേഗം
ശബ്ദം കൊച്ചിക്കായലീ വീണുപോയെടേയ്
നിശ്ശബ്ദതയുടെ ദേശീയഗാനം മുഴങ്ങി
ഞങ്ങൾ കലൂരിറങ്ങി
ചതുപ്പിൽ എരകപ്പുല്ലുപോലെ പൊന്തിയ
അപ്പാർട്ട്മെന്റുകളിലൊന്നിലേക്കു്
മെഹ്ബൂബിക്ക നടന്നുപോയി,
ഫുട്പാത്തിൽ
അടുത്ത കങ്കാണിവണ്ടിക്കു കാക്കുന്ന
ദ്രാവിഡഉത്ക്കലവംഗനാടുകൾക്കിടയിലൂടെ.
(2017)

- 1984-ൽ ഇന്ദിരാഗാന്ധിവധത്തെ തുടർന്നു് ദില്ലിയിലുണ്ടായ സിഖ് കൂട്ടക്കൊലയെ പരോക്ഷമായി ന്യായീകരിക്കും വിധം നിയുക്തപ്രധാനമന്ത്രി രാജീവ് ഗാന്ധി നടത്തിയ ഈ പരാമർശം ഹിന്ദിയിലെ ഒരു ‘പറച്ചി’ലാണ്. ‘വന്മരമൊന്നു മറിഞ്ഞാൽ മൺതലമൊട്ടു കുലുങ്ങും’ എന്ന് മലയാളം. മേൽ പരാമർശത്തെ ധ്വനിപ്പിച്ചു കൊണ്ട് എൻ. എസ്. മാധവൻ എഴുതിയ കഥയുടെ പേര് ‘വന്മരങ്ങൾ വീഴുമ്പോൾ’.
- യു. പി.-യിലെ ദളിത് നേതാവ് കാൻഷിറാം 1981-ൽ സ്ഥാപിച്ച കീഴാള സമരസമിതിയാണ് DS4 അഥവാ DSSSS (Dalit Shoshit Samaj Sangharsh Samiti). ‘താക്കൂർ ബ്രാഹ്മണർ ബനിയകളൊഴികെ മറ്റെല്ലാരും ഡിയെസ്ഫോർ’ അതിന്റെ പ്രധാന മുദ്രാവാക്യവും.
- DS4 സൃഷ്ടിച്ച ചലനത്തിന്റെ തുടർച്ചയായി 1984-ൽ ബഹുജൻ സമാജ് പാർട്ടിയും (BSP), മുദ്രാവാക്യത്തിന്റെ ആക്രമണാത്മകമായ തുടർച്ചയെന്നോണം ‘കുറിയെ, ത്രാസിനെ, വാളിനെയും ചെരുപ്പെടുത്തങ്ങടിക്കണം’ എന്ന ശീലുമുണ്ടായി.
- 1991-ൽ ഇന്ത്യൻ സൈനികരാൽ കൂട്ടബലാൽസംഗത്തിനിരയായ കശ്മീരി ഗ്രാമങ്ങൾ.
- രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം.
- 1990 ഒക്ടോബറിലെ രഥയാത്രയ്ക്കിടയിൽ എൽ. കെ.അദ്വാനി ആവർത്തിച്ചുകൊണ്ടിരുന്ന വാക്യം.
- 1992 സിസംബർ 6-ന് ബാബ്റി മസ്ജിദിനു മുന്നിൽ നിന്നു് ഹിന്ദുത്വ നേതാവായ സാധ്വി ഋതംബര നടത്തിയ ഈ ആഹ്വാനം അണികളിലേക്ക് ഭ്രാന്തമായി പടർന്നു.
- മസ്ജിദ് തകർന്നുകൊണ്ടിരിക്കെ കർസേവകർക്കിടയിൽ അലയടിച്ച മുദ്രാവാക്യം.
- Night Mail-രാത്തീവണ്ടിയിൽ സഞ്ചരിക്കുന്ന തപാലാപ്പീസിനെക്കുറിച്ചുള്ള ഡബ്ലിയു. എച്ച് ഓഡന്റെ പ്രശസ്ത കവിത.
- 2002-ലെ ഗുജറാത്ത് കൂട്ടക്കൊലക്കാലത്തെ കുപ്രസിദ്ധ മുദ്രാവാക്യങ്ങളും കൊലനിലങ്ങളും.
- 2015 സെപ്തംബർ 28-ന് ദാദ്രി ഗ്രാമത്തിൽ നടന്ന ഇറച്ചിക്കൊലയിലെ ഇര. ഇന്ത്യൻ സൈനികന്റെ പിതാവ്.
- കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ദിവസം.
—മനോജ് കുറൂർ
മെഹ്ബൂബ്. അയാൾ ആർദ്രമായ ശബ്ദത്തിൽ പാടുന്ന ഗായകനല്ല. പക്ഷേ ശബ്ദങ്ങൾക്കിടയിലാണു് അയാളുടെയും ജീവിതം. അയാളുടെ ദേശവും ദേശീയഗാനവും തീവണ്ടിയാണു്. അതിന്റെ വേഗം കൂടുകയും കുറയുകയും ചെയ്യുമ്പോൾ, പല മണ്ണടരുകളിൽ പതിഞ്ഞ ഇരുമ്പുപാളങ്ങളിലൂടെ കയറിയിറങ്ങുമ്പോൾ അതിനുണ്ടാകുന്ന ശബ്ദവ്യത്യാസങ്ങൾ അയാളുടേതുകൂടിയാണു്; അല്ല, അതെല്ലാം അയാൾതന്നെയാണു്. അയാളാണു മെഹ്ബൂബ് എക്സ്പ്രസ്! ഇന്ത്യയുടെ സമീപകാലചരിത്രത്തിലൂടെ, അതിന്റെ അശാന്തവും കലുഷവുമായ ഇടങ്ങളിലൂടെയാണു് മെഹ്ബൂബ് എക്സ്പ്രസ് സഞ്ചരിക്കുന്നതു്.
ഒന്നാം നോട്ടത്തിൽ, ഒറ്റക്കേൾവിയിൽ, ഒച്ചയുടെ കവിതയാണു് അൻവർ അലിയുടെ ‘മെഹ്ബൂബ് എക്സ്പ്രസ്: ഒരു ജീവിതരേഖ’ എന്നു തോന്നാം. തീവണ്ടിത്താളവും അതിന്റെ വായ്ത്താരികളും പല ഭാഷകളായി മാറുകയും ഏതു ഭാഷയിലായാലും വിഭജനത്തിന്റെയും കലാപങ്ങളുടെയും മത്സരങ്ങളുടെയും കൊലവിളികളുടെയും മുദ്രാവാക്യങ്ങളുടെയും ഒച്ചകളായി മുഴങ്ങുകയും ചെയ്യുന്നുണ്ടിതിൽ. കാഴ്ചകൾപോലും കാതുകൊണ്ടറിയേണ്ട, ‘കണ്ണു കാതില് വച്ചുനോക്കേണ്ട’ കവിത. ‘ശബ്ദത്തിന്റെ ഇരുമ്പുവേഗ’ത്തിൽ തുടങ്ങി ‘ശബ്ദമില്ലാത്ത സ്റ്റീൽവേഗ’ത്തിൽ ഒടുങ്ങുന്നതിനിടയിൽ സമീപകാല ഇന്ത്യയുടെ ശബ്ദഭൂപടമാണു് മെഹ്ബൂബ് എക്സ്പ്രസ് നിവർത്തി വയ്ക്കുന്നതു്. കോട്ടയം പാസഞ്ചറിൽ തുടങ്ങി ദില്ലിയിലേക്കും സിയാച്ചിനിലേക്കും ലാഹോറിലേക്കും അഹമ്മദാബാദിലേക്കും അമൃത്സറിലേക്കും സബർമതിയിലേക്കും കുനാനിലേക്കും ശ്രീപെരുമ്പുതൂരിലേക്കും മറ്റും സഞ്ചരിച്ച് ഒടുവിൽ കൊച്ചിൻ മെട്രോയുടെ പുതിയാപ്ലക്കോച്ചിലേക്കെത്തുമ്പൊഴേയ്ക്കു് ഒച്ചകളെല്ലാമൊടുങ്ങുന്നു. ‘കണ്ണ് കാതില് വയ്ക്കണ്ട’ എന്ന നിലയാകുന്നു. ‘ശബ്ദം കൊച്ചീക്കായലീ’ വീണുപോകുന്നു.
ആരാണീ മെഹ്ബൂബ്? കവിതയിലെ ആഖ്യാതാവു് അയാളെ ‘ഇക്ക’ എന്നു വിളിക്കുന്നു. മെഹ്ബൂബ് എന്ന പേരിൽത്തന്നെ അയാളുടെ മതമുണ്ടു്; ചെന്നുപെട്ട, ചെല്ലേണ്ടിവന്ന ഇടങ്ങളുടെ പേരുകളിൽ അയാളുടെ തൊഴിലുമുണ്ടു്. വല്യാപ്പ മരിച്ചിട്ടും വരാനാവാതെ സിയാച്ചിനിലെ മഞ്ഞിലിരുന്നു് ഉരുകുകയും പെണ്ണുകെട്ടാൻപോലും വരാതെ ഇന്ത്യയിലെ പലയിടങ്ങളിൽ തീയും പുകയുമില്ലാതെ അലയുകയും ചെയ്യുന്നു, മെഹ്ബൂബ്. വല്യാപ്പയാകട്ടെ വിഭജനകാലത്തു് ലാഹോറിൽനിന്നു് ദില്ലിയിലേക്കുള്ള ഒരു പുകവണ്ടിയിൽ തോക്കുകളോടും വടിവാളുകളോടും ദക്ഷിണാമൂർത്തി എന്ന കള്ളപ്പേരു പറഞ്ഞു് രക്ഷപ്പെട്ടയാളാണു്. ഭ്രമാത്മകവും ഭൂതാവിഷ്ടവുമായ ഒരു ദൃശ്യത്തിൽ വല്യാപ്പ 2015-ൽ ദാദ്രിയിലെ ഇറച്ചിക്കൊലയുടെ ഇരയായ, ഒരു ഇന്ത്യൻ സൈനികന്റെ പിതാവായ മുഹമ്മദ് അഖ്ലാക്കായി സ്വയംകല്പിച്ചു വെളിച്ചപ്പെടുന്നുമുണ്ടു്. ഒരു തീപിടിച്ച വണ്ടിയായി ഓടിക്കൊണ്ടു്, മെഹ്ബൂബിനെ തീവണ്ടിഭാഷ പഠിപ്പിച്ചതു വല്യാപ്പയാണു്. മെഹ്ബൂബ് അയാളുടെ വല്യാപ്പയ്ക്കും കവിതയിലെ നരേറ്റർക്കും ഇടയിലുള്ള ഒരു കണ്ണിയാണു്. അങ്ങനെ അയാൾ ഒരു തുടർച്ചയുടെ ഭാഗമാവുകയും മുൻ-പിൻ തലമുറകളോടു തീവണ്ടിത്താളത്തിലുരുവംകൊള്ളുന്ന പേച്ചുകളിലൂടെ സംസാരിക്കുകയും ചെയ്യുന്നെങ്കിലും ഒറ്റപ്പെട്ടവനുമാണു്. ഒറ്റയാകലിൽനിന്നു് ഒറ്റയാകലിലേയ്ക്കു്, ഒറ്റയാകലിന്റെ തുടർച്ചയിലേയ്ക്കു സഞ്ചരിക്കുന്ന തീവണ്ടിയാകുന്നു മെഹ്ബൂബ് എക്സ്പ്രസ്. പല ദേശങ്ങളിൽ അലഞ്ഞു് നാട്ടിൽ വാങ്ങിയ ഒറ്റയാൾ ഫ്ലാറ്റിലാണു് അതു ചെന്നു നില്ക്കുന്നതു്.
‘ഗണ്ടൻ പപ്പട’ത്തിന്റെ ഒച്ച കേൾപ്പിച്ചിരുന്ന തീയും പുകയുമുള്ള വണ്ടിയിൽനിന്നു് നിശ്ശബ്ദതയുടെ സ്റ്റീൽവേഗമുള്ള മെട്രോവണ്ടിയിലേയ്ക്കും ആരും വയസ്സറിയിച്ചിരുന്നില്ലാത്ത, ഒറ്റയാവലോ കൂട്ടംകൂടലോ ധ്വനിച്ചിരുന്നില്ലാത്ത, കത്തെഴുത്തുകാലത്തെ മേൽവിലാസങ്ങളിൽനിന്നു് mehbubalone1961@hotmail.com എന്നപോലെ ഏകാന്തതയും പ്രായവുംചേർന്ന മേൽവിലാസത്തിലേയ്ക്കും സഞ്ചരിക്കുന്ന മെഹ്ബൂബ് എക്സ്പ്രസ് പുരോഗതി എന്ന ആശയത്തെത്തന്നെ പ്രശ്നവത്കരിക്കുന്നു. മതേതരത്വം, നൈതികത, സമാധാനം, സഹവർത്തിത്വം തുടങ്ങി എന്തെന്തു് ആശയങ്ങളാണു് ഈ തീവണ്ടിയോട്ടത്തിൽ തേഞ്ഞുതേഞ്ഞു് ഇല്ലാതാകുന്നതു്! സാങ്കേതികരംഗത്തെ മുന്നോട്ടുള്ള കുതിപ്പുകൾ നൈതികതയുടെ കാര്യത്തിൽ നേരേ എതിർദിശയിൽ സഞ്ചരിക്കുന്നു. മെഹ്ബൂബിന്റെ ഏകാന്തത ഒരാളുടേതല്ല; അതു് കൊലവിളികളുടെ രാജപാതകളിൽ ഓരം ചേർന്നുപോവുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യുന്ന പല ജനവിഭാഗങ്ങളുടേതാണു്. രക്ഷപ്പെടാൻ ദക്ഷിണാമൂർത്തിയാവേണ്ടിവന്ന വല്യാപ്പയിലൂടെ മെഹ്ബൂബ്, വിഭജനത്തിന്റെ ദാരുണമായ കോമാളിത്തമറിയുന്നു. സ്വന്തം തൊഴിലിലൂടെ യുദ്ധങ്ങളും കലാപങ്ങളുമറിയുന്നു. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നു ദില്ലിയിലുണ്ടായ സിഖ് കൂട്ടക്കൊലയും ശ്രീപെരുമ്പത്തൂരിൽ നടന്ന രാജീവ്ഗാന്ധി വധവും തൊണ്ണൂറുകളിലെ രഥയാത്രയും ബാബ്റി മസ്ജിദ് തകർക്കലും അടുത്തകാലത്തു നടന്ന ദാദ്രിയിലെ ഇറച്ചിക്കൊലയും അയാൾ അനുഭവങ്ങളിലൂടെ സ്വാംശീകരിക്കുന്നു. അയാളുടെയിടങ്ങളിൽ നേരിട്ടു വരാത്ത ജാതിരാഷ്ട്രീയത്തിന്റെയും ദലിതനുഭവങ്ങളുടെയും മറ്റു് അടരുകൾ ആഖ്യാതാവു് അയാളുടെ അനുഭവങ്ങളിലേക്കു കൂട്ടിച്ചേർക്കുകയും ചെയ്യുന്നുണ്ടു്.
സ്വാതന്ത്ര്യത്തോടൊപ്പം പിറന്ന ഏകാന്തതയുടെ അമ്പതാം വാർഷികം അൻവർ നേരത്തെ കവിതയിൽ ആചരിച്ചതാണു്. ഒരു എ. ആർ. റഹ്മാൻ ഓഫ്ബീറ്റ് താളത്തിൽ, ഇടയ്ക്കിടെ അദൃശ്യനാകുന്ന മുസ്തഫയും ഈ കവിയുടെ കവിതയിൽ നേരത്തെതന്നെ വന്നിട്ടുണ്ടു്. ആര്യാവർത്തത്തിലെ യക്ഷനും ഒരു തീവണ്ടിത്താളത്തിൽ രണ്ടു ദേശത്തെയും അനുഭവങ്ങളെയും ചേർത്തുമുറുക്കുന്നുണ്ടു്. ഈ കവിതകളുടെ മറ്റൊരു തരത്തിലുള്ള തുടർച്ചയാണു്, ‘മെഹ്ബൂബ് എക്സ്പ്രസ്: ഒരു ജീവിതരേഖ’ എന്നു് ഒറ്റനോട്ടത്തിൽത്തോന്നാം. എന്നാൽ പഴയ ദേശകാലങ്ങളിലെ ഏകാന്തതയല്ലിതു്. ഒറ്റപ്പെടൽ ഒരാളുടേതു മാത്രവുമല്ല. ഒരു ലാബിറിന്തിന്റെ കെണിയിലകപ്പെട്ട പല ജനതകളുടെ ഒറ്റയാവലാണിതു്. ഹിംസയ്ക്കുവേണ്ടിയുള്ള അട്ടഹാസങ്ങളുടെ, ഹിംസയെ ന്യായീകരിക്കുന്ന പലതരം ചിരികളുടെ ശബ്ദങ്ങൾക്കിടയിൽ, അകപ്പെട്ടുപോയ ചിലരുടെ പലായനത്തിന് പല ദേശകാലങ്ങളുടെ കലർപ്പുണ്ടു്. ഉച്ചത്തിലുള്ള ആ ഒച്ചക്കലർപ്പുകൾ ചേർന്നാണു് ഇതിലെ ശബ്ദഭൂപടം നിർമ്മിക്കപ്പെടുന്നതു്. മുൻകാലത്തിലൂടെയും ഇക്കാലത്തിലൂടെയും വരുംകാലത്തിലൂടെയുമുള്ള നിസ്സഹായമായ യാത്രകൾക്കിടയിലെ തീവണ്ടിത്താളങ്ങളെ, അട്ടഹാസത്തിന്റെയും കൊലവിളിയുടെയും ശബ്ദങ്ങളുടെ ലാബിറിന്താക്കി മാറ്റുന്നുണ്ടു്, മെഹ്ബൂബ് എക്സ്പ്രസ്. ഓരോരുത്തരുടെയും, ഓരോ ദേശത്തിന്റെയും ഭാവിയെ കൂടുതൽ കലുഷമാക്കാനുള്ള ഇടങ്ങളിലേക്കുകൂടി പടർന്നുകൊണ്ടാണു് മെഹ്ബൂബ് എക്സ്പ്രസ് ദ്രാവിഡഉത്കലവംഗനാടുകൾക്കിടയിലൂടെ അതിന്റെ പാളംതെറ്റിയേക്കാവുന്ന യാത്ര തുടരുന്നതു്. അതുകൊണ്ടു് ഈ കവിതയ്ക്കു സംഭവപൂർത്തീകരണത്തിന്റെ മട്ടിലുള്ള അവസാനമില്ല.
ഈ കവിതയുടെ സൗന്ദര്യശാസ്ത്രപരമായ ഘടകങ്ങളെ, അവയുടെ സാംസ്കാരികസാഹചര്യങ്ങളിൽനിന്നു് അടർത്തിമാറ്റാനാവില്ല. രാഷ്ട്രീയമായ വിവക്ഷകളെ അമൂർത്തസാന്നിധ്യമാക്കി നിർത്തുകയല്ല, അസ്വസ്ഥതയുടെയും അരക്ഷിതത്വത്തിന്റെയും ചരിത്രസന്ധികളിലേക്കെത്തിക്കുന്ന സൂചകങ്ങളിലൂടെ മൂർത്തമായിത്തന്നെ നിലനിർത്തുകയാണിതിൽ. രൂക്ഷമായ മുദ്രാവാക്യങ്ങളും നിശിതമായ അടിക്കുറിപ്പുകളും പോലും ഇത്തരത്തിലുള്ള മൂർത്തസൂചനകളാണു്. ഒപ്പം നിശ്ശബ്ദതയെയും നിസ്സഹായതയെയും ഏകാന്തതയെയും കുറിക്കുന്ന സൂക്ഷ്മമായ സൂചനകളുമുണ്ടു്. ഇവയുടെ ഒരു കലർത്തലിൽ, ഉറക്കെപ്പറയുന്നതിനപ്പുറം, ഒച്ചയുടെ മേൽക്കൈയ്ക്കപ്പുറം, ആഖ്യാനത്തിൽ കീഴ്പ്പെടുന്നു എന്നു തോന്നിക്കുകയും, എന്നാൽ വായനയിലൂടെ കേന്ദ്രസ്ഥാനത്തുതന്നെ വരികയും ചെയ്യുന്ന കാവ്യഘടകങ്ങളും പ്രധാനമാകുന്നു. ഭാഷാപരമായ ഘടകങ്ങളെയും ആഖ്യാനപരമായ ഘടകങ്ങളെയും ഒപ്പംതന്നെ പരിഗണിച്ചാലേ ഈ കവിതയുടെ വായനയ്ക്ക് അർത്ഥമുണ്ടാവുകയുള്ളു.
തീവണ്ടിയുടെ വായ്ത്താരികളെ അർത്ഥമുള്ള വാക്കുകളാക്കുമ്പോഴും അവയെ പല ഭാഷയിലുള്ള മുദ്രാവാക്യങ്ങളാക്കുമ്പോഴും മുഴങ്ങുന്ന ഒച്ചയിൽ പ്രകടനപരമായ അംശങ്ങളുണ്ടു്. പക്ഷേ അർത്ഥമില്ലാത്ത വായ്ത്താരികൾക്കു് അർത്ഥം ലഭിക്കുമ്പോൾത്തന്നെ, അർത്ഥമുള്ള കൊലവിളികൾ ഇതിൽ അസംബന്ധമായിത്തീരുകയും ചെയ്യുന്നു. ഒപ്പം ഓരോ ഒച്ചയ്ക്കും അതിന്റെ മറുപുറം കൂടി കവിത കരുതിവയ്ക്കുന്നുണ്ടു്. ഈ കവിതയുടെ ടോൺ തന്നെ ഒന്നുനോക്കൂ. അസ്വസ്ഥതകളുടെ അങ്ങേയറ്റത്തെപ്പറ്റി പറയുമ്പോഴും അതിനെ ന്യൂനീകരിക്കുന്ന കളിമട്ടിന്റെയോ നാട്ടുമൊഴിയിലുള്ള ഫലിതങ്ങളുടെയോ വിപരീതസ്വരങ്ങളാണു കവിതയിലാകെ.
ഏറ്റവും അസ്വസ്ഥമായ കാലങ്ങളിൽ കാല്പനികമോ ബിംബാത്മകമോ ആയ ഭാവഗീതങ്ങൾക്കു പകരം ദീർഘമായ ആഖ്യാനകവിതകൾ പ്രത്യക്ഷപ്പെടുന്നതിനു് ചരിത്രത്തിൽ പല ഉദാഹരണങ്ങളുമുണ്ടു്. വരികളുടെയും അടിക്കുറിപ്പുകളുടെയും പാഠാന്തരബന്ധത്തിലൂടെ കണ്ണികൾ മുറുക്കി ബലപ്പെടുത്തി നിർമ്മിച്ച വലകൾ ടി. എസ്. എലിയറ്റിന്റെ തരിശുഭൂമിയിലും അതിനു പലഭാഷകളിലുണ്ടായ തുടർച്ചകളിലും കാണുന്നതോർക്കാം. പക്ഷേ, അത്തരത്തിൽ അമൂർത്തവും അവ്യക്തവുമായ സന്ദർഭങ്ങളിലൂടെ, ധ്വനിസമൃദ്ധിയിലൂടെ, ആഖ്യാതാവിനെത്തന്നെ അസ്ഥിരപ്പെടുത്തുന്നതിലൂടെ ഒരുക്കിയെടുക്കുന്ന ഭ്രമാത്മകമായ വൈകാരികാനുഭവത്തെക്കാൾ, മൂർത്തവും നിശിതവുമായ സൂചനകളിലൂടെ, ഊരും പേരുമുള്ള കഥാപാത്രങ്ങളിലൂടെ ചരിത്രത്തിന്റെയും സമകാലികതയുടെയും സന്ധികളെ നേരിട്ടു് അഭിമുഖീകരിക്കുക എന്ന രചനാതന്ത്രമാണു് മെഹ്ബൂബ് എക്സ്പ്രസ്സിൽ കാണുന്നതു്. ഇന്നത്തെ ഇന്ത്യയിൽ ഇതു സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ ഒരു അനിവാര്യതയാണെന്നു തിരിച്ചറിയുന്നതാണു് ഈ കവിതയുടെ ഒരു സവിശേഷത. മറ്റൊന്നുകൂടിയുണ്ടു്; ഒച്ചപ്പെരുക്കത്തിന്റെ ആരവത്തിനടിയിൽ ഓരോ വാക്കും അതിന്റെ ടോൺ പോലും പ്രധാനമാകുന്ന തരത്തിലുള്ള കുറേയേറെ നേർത്ത ഒച്ചകളുടെയും ഒച്ചയില്ലായ്മയോടടുത്ത ഞരക്കത്തിന്റെയും നിശ്വാസത്തിന്റെയും മുദ്രകൾ ഓരോ വരിക്കുമുള്ളിലോ ഇടയിലോ ആയി അമർന്നുകിടക്കുന്നതു് വായനയിൽ അറിയാതെപോകരുതു്. ഉരച്ചുമിനുക്കിയെടുത്ത ഒരു വാൾപോലെ പായുന്ന ‘സ്റ്റീൽവേഗ’ത്തിന്റെ ശബ്ദകലയിൽ മാത്രമല്ല, ‘ചതുപ്പിൽ എരകപ്പുല്ലുപോലെ പൊന്തിയ അപ്പാർട്ടുമെന്റുകൾ’ തുടങ്ങിയ കാവ്യസാധാരണമായ ഉപമകളിൽപ്പോലും ശബ്ദാർത്ഥങ്ങളുടെ പല അടരുകളെ ഈ കവിത ഒരുക്കി, ഒതുക്കിവയ്ക്കുന്നുണ്ടു്.

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ് അൻവർ അലി. കവി, വിവർത്തകൻ, എഡിറ്റർ, സിനിമാ/ഡോക്യുമെന്ററി എഴുത്തുകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട മാർഗ്ഗം, ശയനം തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
1966 ജൂലൈ 1-ന് തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴിൽ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്സിറ്റയുടെ കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും എം. ഫിൽ. ബിരുദവും നേടി. പിതാവ്: എ. അബ്ദുൾ ജലീൽ. മാതാവ്: എം. അൻസാർ ബീഗം. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവും. കേരള കാർഷിക സർവകലാശാല ഓഡിറ്റിൽ ഓഡിറ്റ് ഓഫീസറാണ്.
- മഴക്കാലം
- ആടിയാടി അലഞ്ഞ മരങ്ങളേ

മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ (ജനനം 1971). അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” എന്ന കൃതിയിൽ 30 കവിതകളാണുള്ളത്. ഇ. പി. രാജഗോപാലനും എ. സി. ശ്രീഹരിയും ഈ കവിതകളെ കുറിച്ച് നടത്തിയ പഠനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനിക മലയാള കവിതയിൽ വിരളം ആണെന്നു പറയുന്നു. 2005-ൽ ഈ കൃതിക്ക് എസ്. ബി. റ്റി. കവിതാ പുരസ്കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്.
1971 മേയ് 31-ന് കോട്ടയത്ത് കുറൂർ മനയിൽ ജനിച്ചു. അച്ഛൻ പ്രസിദ്ധ ചെണ്ടമേള വിദ്വാൻ കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി. അമ്മ ശ്രീദേവി. അച്ഛനിൽ നിന്ന് തായമ്പകയും കഥകളിമേളവും അഭ്യസിച്ചു. കോട്ടയം ബസേലിയസ് കോളേജ്, ചങ്ങനാശേരി എസ്. ബി. കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. താളസംബന്ധമായ വിഷയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഗവേഷണം നടത്തി. 1997-ൽ പന്തളം എൻ. എസ്. എസ്. കോളേജിൽ മലയാളം അദ്ധ്യാപകനായി ചേർന്നു. ധനുവച്ചപുരം, ചേർത്തല എന്നീ എൻ. എസ്. എസ്. കോളേജുകളിൽ ജോലി നോക്കിയതിനു ശേഷം ഇപ്പോൾ ചങ്ങനാശ്ശേരി എൻ. എസ്. എസ്. ഹിന്ദു കോളേജിൽ മലയാള വിഭാഗത്തിൽ അസ്സോസ്സിയെറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
ഭാര്യ: സന്ധ്യാദേവി, എൽ. ശ്രീദേവി, വിശാഖ് എന്നീ രണ്ട് മക്കളുണ്ട്.
- നിലം പൂത്തു മലർന്ന നാൾ
- നതോന്നത നദിവഴി 44
- അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട്
- കോമ
- ഷന്മുഖവിജയം ആട്ടക്കഥ
- ഉത്തമപുരുഷൻ കഥപറയുമ്പോൾ (കവിതകൾ)
- റഹ്മാനിയ, ഇന്ത്യൻ സംഗീതത്തിന്റെ ആഗോള സഞ്ചാരം (സംഗീതപഠനം)
- നിറപ്പകിട്ടുള്ള നൃത്തസംഗീതം (സംഗീതപഠനം)