മുല്ലപ്പെയ്ത്തു് തുടങ്ങി എന്നു് ലീല അറിയുന്നതു് വൈകുന്നേരങ്ങളിൽ കുളി കഴിയുന്നതിനു ശേഷമാണു്.
തലയിൽ കാച്ചിയ എണ്ണ പുരട്ടിയത്തിനു ശേഷം ലൈഫ്ബോയ് സോപ്പ് തേച്ചാണു് കുളി.
മൂന്നു് ബ്ലൌസ് ആണുള്ളത്. നാലു മുണ്ടു്. രണ്ടു തോർത്തുണ്ടു്. നല്ല മുണ്ടും വേഷ്ടിയും നാലെണ്ണം. ഒന്നര ഉടുക്കാൻ ഉള്ള മുണ്ടു് മൂന്നെണ്ണം.
നല്ല മുണ്ടും വേഷ്ടിയും മടക്കി ചെമ്പകപ്പൂക്കൾക്കൊപ്പം പഴയ ഒരു മരപ്പെട്ടിയിൽ ഇട്ടു വച്ചിരിക്കുന്നു. ദിവസവും ഉപയോഗിക്കാൻ ഉള്ള വസ്ത്രങ്ങൾ ഒരു തരകപ്പെട്ടിയിലും. മരപ്പെട്ടി ലീലയുടെ അമ്മയുടെതാണു്. തകരപ്പെട്ടി ആ വീട്ടിലെ അമ്മ കൊടുത്തതും.
അവരെ കാണാൻ നല്ല ശേലാണു്. കറുത്തിട്ടാണു്. നിറയെ വെള്ളിവീണ നീണ്ട മുടിയുണ്ടു്. കുളിച്ചു കഴിഞ്ഞാൽ അവർ അതു് തുമ്പു് കെട്ടി തുളസി ചൂടി വെക്കും. ഉണങ്ങിക്കഴിയുമ്പോൾ കൊണ്ട കെട്ടി മുല്ല തിരുകും. ഒന്നും രണ്ടും ദിവസം കൂടുമ്പോഴാണു് കുളി. മടിയാണു്. മുണ്ടു് മുഴുവൻ മഞ്ഞളും, കരിയും ആയിക്കഴിയുമ്പോഴാണു് കുളിക്കാൻ തീരുമാനിക്കുന്നതു്. കുളി ഒരു കാലമാണു്. ദിവസവും രാവിലെ മൂന്നുമണിക്കു് എഴുന്നേറ്റു നാമം ചൊല്ലി, യോഗയും ചെയ്തു അവർ കുളിക്കുന്ന കാലം. അവർ കുളിക്കാതെ ഇരിക്കുന്ന കാലങ്ങൾ. വൈകുന്നേരങ്ങളിൽ നാമജപത്തിനു് മുന്നെ നാലുമണിക്കു് കിണറ്റിനൻകരയിൽ പോയി വെള്ളം കോരി അവർ കുളിക്കുന്ന കാലം. പശുക്കൾ ഉണ്ടായിരുന്ന കാലത്തു് ദിവസവും കുളിച്ചിരിക്കണം. അക്കാലത്തു് ലീല അവിടെ വന്നിട്ടില്ല. അതു് കുറെ മുന്നേ ആണു്. അന്നു് ലീല ചെറിയ കുട്ടി ആയിരുന്നിരിക്കണം.
കുട്ടിയായിരിക്കുമ്പോൾ ലീല അങ്ങു് ചാലപ്പുറത്തായിരുന്നു. അച്ഛൻ ഇല്ല. ഏടത്തി ഉണ്ടു്. ശാന്ത. അമ്മ വീടുപണിക്കു് പോയിരുന്നു. എവിടെക്കെന്നൊന്നും ലീലയ്ക്കു് അറിഞ്ഞൂടാ. അമ്മ വേഗം പോയി വരും. ഇടനേരങ്ങളിൽ ലീല പാപ്പേട്ടന്റെ വീട്ടിൽ പോയി കളിക്കുമായിരുന്നു. പാപ്പേട്ടന്റെ വീട്ടിൽ നിറയെ ആളുകൾ ഉണ്ടു്. അവിടുള്ള ഏടത്തി മത്തി മുളകിട്ട കറി വെയ്ക്കും. ഇവിടൊഴിച്ചാൽ പ്ലേറ്റിന്റെ മറ്റേ അറ്റം വരെ എത്തും. ചുവപ്പു് നിറമുള്ള, വാളൻപുളിയിട്ട മത്തി കറി. കോഴിക്കോടായതിനാൽ നല്ല മീനുകൾ കിട്ടുമായിരുന്നു. പാപ്പേട്ടന്റെ അച്ഛൻ നടക്കാവിൽ പോയി മീൻ വാങ്ങി വരും. അവിടെ മൂപ്പർക്കു് കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. നല്ല മീനും കെട്ട മീനും പറഞ്ഞു കൊടുക്കും. പാപ്പേട്ടന്റെ വീട്ടിൽ നിന്നും ഒരിക്കലും തല്ലു കിട്ടിയിട്ടില്ല. എപ്പോൾ പോയാലും ചോറു് വേണോ ലീലേ എന്നു് പാപ്പേട്ടന്റെ അമ്മ ചോദിക്കും. എന്നിട്ടു് ഇവിടൊഴിച്ചാൽ പ്ലേറ്റിന്റെ അറ്റത്തെത്തുന്ന മീൻ മുളകിട്ടതു് ചോറിനു മീതെ ഒഴിച്ചു് കൊടുക്കും. ഒരു വശത്തു് ഉപ്പേരിയും. കുട്ടിക്കാലത്തു് ചില ദിവസങ്ങളിൽ വിശന്നിരുന്നിട്ടുണ്ടു്. ആ ദിവസങ്ങളിൽ അമ്മയ്ക്കു് വല്ലാത്ത ദേഷ്യമായിരിക്കും. എന്തു് ചോദിച്ചാലും മടൽ എടുത്തു നടുപ്പുറത്തു് അടിക്കും. ശ്വാസത്തിനടിയിൽ അമ്മ സംസാരിക്കുന്നതെന്താണെന്നു മനസ്സിലാവില്ല. മൂക്കൊലിപ്പിച്ചു, കണ്ണുതുടച്ചു് ചുമരിന്റെ മൂലക്കിരുന്നു അമ്മയെ നോക്കുമ്പോൾ പേടിയൊന്നും തോന്നിയിരുന്നില്ല. പിന്നീടു് അമ്മ ഒളികണ്ണിട്ടു നോക്കി ലീലേ എന്നു് വിളിച്ചു ഒരു നുള്ള് പഞ്ചസാര വായിൽ ഇട്ടു തരുമെന്നറിയാം. പഞ്ചസാര ഇടുന്ന ചെറിയ കുപ്പി മിക്കവാറും കാലിയായിരിക്കും. ഒരിക്കൽ അതിൽ ഉറുമ്പുകൾ നിറഞ്ഞപ്പോൾ, ഉറുമ്പു് തിന്നാൽ കണ്ണിനു കാഴ്ച കൂടും എന്നു് അമ്മ പറഞ്ഞതു് ലീല ഓർത്തു. ചായക്കു് മുകളിൽ ഒഴുകുന്ന ഉറുമ്പു് ശരീരങ്ങളെ കാഴ്ച്ചക്കു് വേണ്ടി എത്ര വിഴുങ്ങിയിരിക്കുന്നു. എന്നിട്ടും ഇപ്പൊ കണ്ണിനു ഒരു മങ്ങൽ. മനോരമ വായിക്കാൻ പറ്റുന്നില്ല.
അമ്മ പണി കഴിഞ്ഞു വരുമ്പോൾ ചിലപ്പോൾ നല്ല പച്ച ഓല കൊണ്ടുവരും. അതു് ചീവി ചൂലുണ്ടാക്കി വിൽക്കും. ഓലകൊണ്ടു് ലീലയും കൂട്ടുകാരും എത്ര ആഭരണങ്ങളാ ഉണ്ടാക്കാറു്. ഒരിക്കൽ ഇവിടുത്തെ ചേച്ചിയുടെ മക്കൾ അവധിക്കാലത്തു് വന്നപ്പോൾ, പച്ച ഓല കൊണ്ടു് നിറയെ ആഭരണങ്ങൾ ഉണ്ടാക്കി കൊടുത്തു. കഴുത്തിൽ ഇറുകിക്കിടക്കുന്ന മാല, ഇറങ്ങിക്കിടക്കുന്ന, നിറയെ അലുക്കുകൾ ഉള്ള മാല, വാച്ച്, എന്നിവ. ആ പെൺകുട്ടിയുടെ മുഖം ഒന്നു് കാണണം. സന്തോഷം കൊണ്ടു് ചുവന്നു പോയി. അതിനു കുറച്ചു ആട്ടം കൂടുതലാ. അതു ഉച്ചക്കൊക്കെ ഒറ്റയ്ക്കു് സംസാരിച്ചു നടക്കുന്നതു് കാണാം. അതിനു മുത്തശ്ശിയോടാ കൂറു്. അവരാണെങ്കിൽ അതിനെ പാട്ടും പാടി, കഥയും പറഞ്ഞിങ്ങനെ കൊണ്ടു് നടക്കും. അതൊരിക്കൽ വീട്ടിൽ വന്ന മാതുത്തള്ളയെ എടുത്തു പൊക്കി. തള്ള നിലത്തു മലർന്നടിച്ചു വീണു. “കുട്ടിയല്ലേ മാതു”, എന്നു് പറഞ്ഞു് അമ്മ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു ആശ്വസിപ്പിച്ചു. അമ്മ പോയിക്കഴിഞ്ഞപ്പോ തള്ള ലീലയെ വിളിച്ചു ആ പെൺകുട്ടിയെ സൂക്ഷിക്കണമെന്നു് പറഞ്ഞു. അതിനു പന്ത്രണ്ടു് വയസ്സേ ഉള്ളൂവെങ്കിലും എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ഗ്രാഹ്യമാണു്. പത്താം വയസ്സിൽ തീണ്ടാരി ആയിരുന്നുവത്രേ, അത്ര ചെറിയ പ്രായത്തിൽ. അതു് തീണ്ടാരി ആയ സമയത്തു് ആരോടും പറയാതെ രണ്ടു ദിവസം നടന്നു. പിന്നെ ഒരു നട്ടുച്ചയ്ക്കു്, ചോര ചോര എന്നു് പിറുപിറുത്തുകൊണ്ടു് ഇവിടുത്തെ അമ്മയുടെ അടുത്തു് ചെന്നു് ഇരുന്നു. ഇങ്ങനെയും ഉണ്ടോ കുട്ടികൾ, തള്ള പറഞ്ഞു. ഒരിക്കൽ നല്ല മഴ വരുന്ന നേരത്തു് അതിനെ കാണാതായി. ഇവിടുത്തെ അമ്മ പേടിച്ചു പോയി. പിന്നെ നടന്നു നോക്കുമ്പോൾ പാട്ടുകാരിട്ടീച്ചറടെ അടുക്കൽ ഇരുന്നു പാട്ടു് കേൾക്കുന്നു. പറയതെയാണോ കുട്ടി വന്നെ എന്നു് ടീച്ചർ ചോദിച്ചു കൊണ്ടു് അമ്മക്കൊപ്പം വിട്ടു. അന്നു് അമ്മ ചോദിച്ചപ്പോൾ ആ കുട്ടി തലക്കുള്ളിലെ മാറാലകൾ കളയാൻ പോയതാണെന്നു് പറഞ്ഞുവത്രേ.
മാതു തള്ളയ്ക്കു് പല്ലൊന്നുമില്ല. ഏതു നേരവും മുറുക്കാൻ ചവച്ചിങ്ങനെ ഇരിക്കും. പുകയില കൂട്ടിയാണു് ചവക്കാറുള്ളതു്. ആ പെൺകുട്ടി ഒരിക്കൽ തള്ളക്കൊപ്പം ഇരുന്നു അവരുടെ പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും വെറ്റില എടുത്തു മുറുക്കി. പിന്നെ തല ചുറ്റുന്നെന്നു് പറഞ്ഞു ഒരു കറക്കമാണു്. പുകയില സഞ്ചിയിൽ ഉള്ളതുകൊണ്ടാവുമെന്നു എല്ലാവരും പറഞ്ഞു. അതിനു സന്തോഷമായിരുന്നു. ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നു് പറഞ്ഞു അതു് തുള്ളിച്ചാടി. ഇവിടുത്തെ അമ്മ അതു് കണ്ടു ചിരിച്ചു. പണ്ടു് ഇവിടുള്ള അമ്മ ഈ നാട്ടിൽ വന്നപ്പോ കണ്ടു കിട്ടിയതാ മാതു തള്ളയെ. അവർ ഈ വീട്ടിലെ അമ്മക്കൊപ്പം പറമ്പിലെ പുല്ലു പറിക്കും, തൊഴുത്തു് വൃത്തിയാക്കും, കുട്ടികൾ വന്നാൽ കൂടെ കളിക്കും, മുറ്റം അടിക്കും, പിന്നെ തോളത്തൊരു മുണ്ടും ഇട്ടു വച്ചൊരു നടത്തമാണു്. ഈ വീടിന്റെ പുറകുവശത്താണു് തള്ളയുടെ വീടു്. ഒരിക്കൽ ഈ വീട്ടിലെ അമ്മ നട്ടുച്ചയ്ക്കു് സൂചിയും നൂലും കോർത്തു് തുന്നിക്കൊണ്ടിരിക്കുമ്പോളൊരു കരച്ചിൽ കേട്ടു. തൊടിയുടെ അങ്ങേ അറ്റത്തുന്നാണു്. അമ്മ തുന്നുന്നതു് അവിടെ തന്നെ ഇട്ടു ഒരോട്ടം. നോക്കുമ്പോ എല്ലാരും മാതു തള്ളയുടെ മുറ്റത്തു അന്തിച്ചു നിക്കാണു്. തള്ള കരയുന്നുണ്ടു്. തള്ളയുടെ മകൾ, നിറവയറുകാരി ദേവിയുടെ മുടി, ഒരു കൈ കൊണ്ടു് ചുറ്റിപിടിച്ചു അവളുടെ ഭർത്താവു് സുകു ബെൽറ്റ് ഊരി അവളെ അടിക്കുകയാണു്. ദേവി വില്ലു് പോലെ നിൽപ്പുണ്ടു്. അമ്മ വേലിക്കരികിൽ എത്തിയപ്പോൾ എല്ലാവരും അമ്മയെ ഒന്നു് നോക്കി. അമ്മ കൈ പുറകിൽ കെട്ടി അങ്ങനെ നില്ക്കുകയാണു്. രണ്ടു നിമിഷം. ഉച്ചക്കാറ്റു് പോലും ചുട്ടനിശബ്ദതയിൽ ആണു്. “സുകൂ”. അമ്മ വിളിച്ചു. ഒച്ച ഒന്നും ഉയർത്തീട്ടില്ല. അപ്പുറത്തുള്ള ചാമിയും, കോതയും അമ്മയെ തന്നെ നോക്കുന്നു. “ഞാൻ ഇവിടെ തന്നെ നിൽക്കുന്നുണ്ടു്. നിനക്കു് ധൈര്യമുണ്ടെങ്കിൽ ഒരു വട്ടവും കൂടി അവളെ ഒന്നു് അടിക്കു്. കാണട്ടെ.” അയാളുടെ കണ്ണു് ചുവന്നാണിരുന്നതു്. മീശ പിരിച്ചു വച്ചിരുന്നു. ഇതു് മൂന്നാമത്തെ കുട്ടിയാണു് ദേവിയുടെ വയറ്റിൽ. മൂത്ത രണ്ടു പേരും മാടു് മേയ്ക്കാൻ പോവുന്നു. കുട്ടികൾക്കു് സ്കൂളിൽ പോകണമെന്നുണ്ടു്. അയാൾ വിടില്ല. അയാളുടെ കൈ മെല്ലെ അയഞ്ഞു. പിന്നെ അയാൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ദേവി പ്രസവം കഴിഞ്ഞു പോകും വരെ പിന്നെ അയാൾ വന്നില്ല.
ആ അമ്മയാണു് ആട്ടുംകുട്ട്യെ പോലെ ആ പെൺകുട്ടിയുടെ കൂടെ നടക്കുന്നതു്. അല്ല നടന്നിരുന്നതു്. അതൊക്കെ പണ്ടത്തെ കഥ. ചെറിയമ്മയ്ക്കു തലയിൽ നിറയെ വെള്ള പേൻ ആണു്. അവർ മരിക്കാൻ ആയതു് കൊണ്ടാണു് അങ്ങനെ എന്നു് പറയും. അവരുടെ മുറി കിഴക്കു് ഭാഗത്താണു്. മുല്ലച്ചെടി വള്ളി വിടർത്തിയാടുന്നതു് ലീല കാണുന്നതു് ഇവിടെ വന്നതിതിനു ശേഷമാണു്. ചെറിയമ്മയുടെ മുറിക്കു പുറത്തു കുറച്ചു മാറിയാണു് പഴയ തൊഴുത്തുള്ളതു്. അതിനു മുമ്പിൽ ഇവിടുള്ള അമ്മ വച്ചു പിടിപ്പിച്ച നാലു് മുല്ല ചെടികൾ ഉണ്ടു്. ചെറിയമ്മയുടെ ഭർത്താവു നാരായണനേട്ടൻ മുറിക്കു പുറത്തു ഇറങ്ങുന്നതു് കുറവാണു്. അവിടെ ഫ്ലാസ്ക്കിൽ ചൂടു് വെള്ളം നിറച്ചു വച്ചിരിക്കും. ഇടക്കു് ഹോർലിക്സ് കലക്കി കുടിക്കാൻ ആണതു്. ചെറിയമ്മ അടുക്കളയുടെ തിണ്ണയിൽ പുറത്തേയ്ക്കു നോക്കി ഇരിക്കും. ഇടയ്ക്കു കൊറിക്കാൻ വല്ല മിക്സ്ച്ചറും കിട്ടിയാലതും കൊണ്ടു് മുടന്തി മുടന്തി കിഴക്കു് ഭാഗത്തേക്കു് ഒരു പോക്കാണു്. ലീല ആദ്യം ഈ വീട്ടിൽ വന്നപ്പോൾ ആ പോക്കു് കണ്ടു അന്തിച്ചു പോയി. എന്തിനാണാവോ. അമ്മ ചിരിച്ചു കൊണ്ടു് പിന്നാലെ പോവാൻ പറഞ്ഞു. ലീല ചെന്നു് നോക്കുമ്പോൾ കിട്ടിയ ഭക്ഷണത്തിന്റെ ഒരു പങ്കു നാരായണനേട്ടനു് കൊടുത്തു തിരിച്ചു നടക്കുന്ന ചെറിയമ്മയെ ആണു് കണ്ടതു്. ലീലയെ കണ്ടപ്പോൾ അവരുടെ മുഖത്തു് നാണം പൊട്ടി. ലീലയ്ക്കു് ചിരി ഒന്നും വന്നില്ല. ദേഷ്യമാണു് വന്നതു്. വയസ്സാങ്കാലത്തു് ഓരോ… ലീല മെല്ലെ പറഞ്ഞു. അവരതു് കേട്ടില്ല. കേട്ടാൽ നല്ലതു് കിട്ട്യേനെ അമ്മയുടെ കയ്യിൽ നിന്നും. അമ്മക്കു് വല്ല്യ കാര്യമാണു് ചെറിയമ്മയെ. അമ്മയുടെ അമ്മയുടെ സ്വന്തം അനിയത്തി അല്ലേ. കുറെ കഷ്ടപ്പെട്ടിട്ടുണ്ടു് ചെറുപ്പത്തിൽ. അവരുടെ തറവാട്ടിലെ ഭാഗം കൂടി അമ്മക്കു് എഴുതിക്കൊടുത്തിട്ട് അമ്മ വാങ്ങിയ സ്ഥലമാണിതു്. അപ്പൊ അമ്മ അവരെ നോക്കണമല്ലോ. അതു് മാത്രമല്ല. അമ്മ പറയും “സ്വന്തമെന്നു പറഞ്ഞു എനിക്കും എന്റെ മക്കൾക്കും കയറിച്ചെല്ലാൻ കല്ലു ചെര്യംമെടെ വീടു് മാത്രേ ണ്ടായിട്ടുള്ളൂ. മറ്റൊരിടവും ഉണ്ടായിരുന്നില്ല.” എന്നാൽ അമ്മക്കു് സുഖമില്ലാതെ ചികിത്സക്കു് തലശേരി ഒരു ഗുരുക്കളെ കാണിക്കാൻ മാതു തള്ളയെയും കൂട്ടി പോയ നേരത്തു് അമ്മയുടെ മകന്റെ ഭാര്യ ചെറിയമ്മയെക്കൊണ്ടു് കിഴക്കു് വശത്തെ മുറ്റം അടിപ്പിക്കുകയും, തേങ്ങ ചിരവിക്കുകയുമൊക്കെ ചെയ്തു. ചെറിയമ്മ മുടന്തി മുടന്തി അതൊക്കെ ചെയ്യുമായിരുന്നു. അവർക്കുള്ള ഭക്ഷണത്തിനു് മുന്നേ അവർ നാരായണനേട്ടനുള്ള പ്ലേറ്റ് കിട്ടുന്നതു നോക്കി ഇരിക്കും. കിട്ടിയാലുടൻ അവർ അതും കൊണ്ടു് പായും. പിന്നെ തിരിച്ചു വന്നു അവർക്കുള്ള പ്ലേറ്റ് കിട്ടുന്നതും നോക്കി ഇരിക്കും. അടുക്കളയിൽ തന്നെ ഇട്ട ഒരു ബെഞ്ചിൽ ആണു് അവർ ഇരിക്കുക. അവർക്കുള്ള കഞ്ഞിയിൽ ആ ചേച്ചി കുറച്ചു ചമ്മന്തിയും, ഒരു പപ്പടവും ഇട്ടു വച്ചിരിക്കും. പപ്പടം നനഞ്ഞു കുതിർന്നിട്ടുണ്ടാവും. അവർ അതു് മെല്ലെ ബെഞ്ചിലേക്കു് നീക്കി വച്ചു കഞ്ഞി കുടിക്കും. ലീല താഴെ ഒരു പലക ഇട്ടാണു് ഇരിക്കുക. ചുമരു് നോക്കി ആണിരിപ്പു്. എന്നാലും അവരുടെ സങ്കടം കഞ്ഞി ഇറക്കുമ്പോൾ തൊണ്ടയിൽ തടയുന്നതു് ലീലയ്ക്കു് അറിയാം. അമ്മക്കു് ഗുരുക്കളുടെ അടുത്തേക്കു് ഒരു കത്തെഴുതണം എന്നു് അവൾ കരുതും. വേഗം വരാൻ. എന്നാൽ അമ്മയുടെ അസുഖം ഓർക്കുമ്പോൾ വേണ്ട എന്നു് വെക്കും. അമ്മ ഇടയ്ക്കെഴുതും. ഉച്ചക്കു് കയറി വരുന്ന പോസ്റ്റ്മാൻ കത്തെറിഞ്ഞു പോകുമ്പോൾ അവൾ ഓടി ചെന്നു് നോക്കും, അമ്മയുടെ എഴുത്തുണ്ടോ എന്നു്. ചെറിയമ്മക്കുള്ള എഴുത്തിൽ ലീലയ്ക്കും അന്വേഷണം ഉണ്ടാവും. മറ്റാരും കത്തയക്കാൻ ഇല്ല. ലീലയുടെ ഏടത്തിയുടെ ഭർത്താവിനു ലീല അവരുടെ വീട്ടിൽ ചെല്ലുന്നതോ താമസിക്കുന്നതോ ഇഷ്ടമല്ല. ലീല ഒന്നും ഇല്ലാത്തവളാണല്ലോ. പോരാത്തതിനു് ഏതോ വീട്ടിൽ വേലയ്ക്കു നിൽക്കുന്നവളും.
പണ്ടു് ലീലയുടെ അമ്മ അവളെ കല്യാണം കഴിപ്പിച്ചിരുന്നു. പിന്നെ അമ്മ കിടപ്പിലായി. അയാൾ ഏടത്തിയുടെ ഭർത്താവിന്റെ ബന്ധത്തിൽപ്പെട്ട ആളായിരുന്നു. ആദ്യം ലീലയും അയാളും അവളുടെ അമ്മയോടൊപ്പമായിരുന്നു താമസം. ലീലയ്ക്കു് പതിനാറു കഴിഞ്ഞു പതിനേഴാവാൻ തുടങ്ങുന്നു. രാത്രി ഒറ്റ മുറി വീട്ടിൽ ലീലയും, അയാളും അമ്മയും. അമ്മ പുറം തിരിഞ്ഞാണു് കിടപ്പു്, മണ്ണു് തേച്ച ചുമരിനു നേരെ. ലീല മലർന്നും. അയാൾ ചെരിഞ്ഞു ലീലയുടെ വയറ്റിനു് മീതെ കൈയിട്ടു് കിടക്കുന്നു. ലീലയ്ക്കു് ചെറുതായി ശ്വാസം മുട്ടുന്നുണ്ടു്. പക്ഷേ, ഒന്നും മിണ്ടാതെ കിടക്കുകയാണു്. അമ്മ കേട്ടാലോ. എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിൽ ഒരു പ്ലേറ്റിന്റെ അറ്റത്തു നിന്നു് മറു അറ്റത്തേക്കു ഒഴുകുന്ന മത്തിക്കറി ആണു് കണ്ടതു്. അതു് വാരി ഉണ്ണുന്ന ലീല. ചോറിനു വിശപ്പിന്റെ സ്വാദുണ്ടു്. പെട്ടന്നാണു് ലീലയ്ക്കു് ശ്വാസം മുട്ടുന്നതു് പോലെ തോന്നുന്നതു്. തൊണ്ടയിൽ ചോറു് കുടുങ്ങിയതാണോ എന്നു് പകച്ചു പോയി. വെള്ളമൊഴിക്കാൻ വേണ്ടി വായ തുറക്കാൻ നോക്കിയിട്ടു് പറ്റുന്നില്ല. ആരോ വായ പൊത്തി പിടിച്ചിരിക്കുന്നു. കണ്ണുമിഴിച്ചു നോക്കിയപ്പോൾ ഇരുട്ടാണു്. അയാൾ ചെവിക്കടുത്തു മുരളുന്നുണ്ടു്. ലീലയ്ക്കു് ഒന്നും മനസിലായില്ല. അയാൾ ശബ്ദംതാഴ്ത്തി മിണ്ടരുതു് എന്നു് പറഞ്ഞു. എന്നിട്ടു് ലീലയുടെ പാവാട വലിച്ചു കയറ്റി. ലീല മിണ്ടാനാവാതെ ആർത്തുകിടന്നു. ഒരായിരം തേനീച്ചക്കൂട്ടങ്ങൾ തലക്കുള്ളിൽ ഇരമ്പി. അയാൾ ദേഹത്തു് നിന്നു് ഇറങ്ങിയതും ലീല കമിഴ്‌ന്നു കിടന്നു ശ്വാസം വലിച്ചു ഇറങ്ങി ഓടി. പുറത്തുള്ള ഓലമറച്ച കുളിമുറിയിൽ നരച്ചു പോയ നിലാവു് ചത്തു് കിടക്കുന്നുണ്ടായിരുന്നു. ഒന്നും തോന്നുന്നില്ല. മരവിപ്പു് പോലും. ആകാശത്തേക്കു് നക്ഷത്രങ്ങളെ തിരഞ്ഞു ആ രാത്രി അവിടെ കിടന്നുറങ്ങിയതു് ലീല അറിഞ്ഞില്ല. പിറ്റേന്നു് ഓലമറ നീക്കി അമ്മ മൂത്രമൊഴിക്കാൻ വന്നപ്പോൾ ലീലയെ കണ്ടു പേടിച്ചു. അവൾ കണ്ണു് തുറന്നു അമ്മയുടെ മുഖത്തേയ്ക്കു് നോക്കി, പിന്നെ മെല്ലെ എഴുന്നേറ്റു പോയി. കരി കൊണ്ടു് പല്ലു് തേക്കുമ്പോഴും, ഇറയത്തുള്ള അടുപ്പിൽ കട്ടങ്കാപ്പി ഇടുമ്പോഴും, ഒന്നും തോന്നിയില്ല. പക്ഷേ, അമ്മ പിറ്റേന്നു മുതൽ പുറത്തെ വരാന്തയിൽ കിടക്കാൻ തുടങ്ങി. പുറത്തെ കോച്ചുന്ന തണുപ്പോർത്തു ലീലയ്ക്കു് ആധിയായി. അമ്മ ചുമയ്ക്കുമ്പോൾ നെഞ്ഞത്തുനിന്നും കരിയിലകൾ ഞെരിഞ്ഞമർന്നു. ലീല അയാളെ നിർബ്ബന്ധിച്ചു, മറ്റെവിടെ എങ്കിലും പണിക്കു പോകാൻ. മഴക്കാലത്തു് അമ്മ വരാന്തയിൽ എങ്ങനെ കിടക്കും എന്നു് ലീലയ്ക്കു് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. അയാൾക്കു് കുടകില്‍ ജോലി കിട്ടിയപ്പോൾ ലീലയുംകൂടെ പോയി. അവിടെ ഉള്ള ഫാക്ടറിയിൽ അവളും ചെന്നു പണിക്കു്. പിന്നെയാണു് അയാൾക്കു് അസുഖം പിടിപെട്ടതു് ദേഹത്തുള്ള തൊലി പാമ്പിന്റെ ഉറ പോലെ ഉരിഞ്ഞു വരുന്ന എന്തോ ഒരു രോഗം. കുറച്ചു ചികിത്സിച്ചു. അയാൾ മരിച്ചപ്പോൾ നാട്ടിലേയ്ക്കു് കൊണ്ടു് വരാനുള്ള വണ്ടി ഒക്കെ അവിടെ ഉള്ള മുതലാളി ഏർപ്പാടാക്കി. കുടകു കാലങ്ങൾക്കിടയിൽ എപ്പോഴോ അമ്മ മരണപ്പെട്ടിരുന്നു. അയാളെ കൊണ്ടു് പോയതു് ഏടത്തിയുടെ വീട്ടിലേക്കാണു്. ശവം ദഹിപ്പിക്കാൻ ഒരു മൂല അവർ കാട്ടിത്തന്നു. അധികം ആരും ഉണ്ടായിരുന്നില്ല. ഏടത്തിയുടെ മകൻ ചിതക്കു് തീ കൊളുത്തി. പിന്നെ ഏറെ താമസിയാതെ ലീല അവിടെ നിന്നിറങ്ങി. അമ്മയുടെ ചെറിയ മരപ്പെട്ടി ഏടത്തിയുടെ വീട്ടിൽ കണ്ടു. അതു് എടുത്തോട്ടെ എന്നു് ചോദിച്ചപ്പോൾ അവർ എതിർപ്പൊന്നും പറഞ്ഞില്ല. അതും ഒക്കത്തു് വച്ചാണു് ഇറങ്ങിയത്. ഒരാൾ വഴി ഒരു വീട്ടിലേയ്ക്കു. പിന്നെ അവിടുന്നു് ഇവിടേക്കും.
ഇപ്പൊ ഇവിടെ ലീലയും, ഇവിടുത്തെ അമ്മയും, അമ്മയുടെ വയസ്സായ ചെറിയമ്മയും അവരുടെ ഭർത്താവും മാത്രം. ഇവിടുണ്ടായിരുന്ന മറ്റെല്ലാരും വേറെ ഓരോ വീടുകളിലേയ്ക്കു് പോയി. ആ പെൺകുട്ടിയും. ആ കുട്ടി ഇന്നിവിടെ ഇല്ല. ദൂരെ എവിടെയോ പഠിക്കാൻ പോയിരിക്കുന്നു. അതിന്റെ അമ്മ ചത്തു് പോയി. അച്ഛൻ മറ്റൊരു സ്ഥലത്തു് പണിക്കും പോയി. അതിനെ ലീലയ്ക്കു എന്തോ ഇഷ്ടമല്ല. അതിന്റെ കണ്ണിൽ മറ്റൊരു ലോകമുള്ളതു് പോലെ തോന്നും. അതു് ഇവിടെ ഒന്നും അല്ലാത്ത പോലെ. ഇവിടുത്തെ അമ്മ അതിനു, ഒരു അവധികാലത്തു്, രണ്ടു തകരപ്പെട്ടി നിറയെ പുസ്തകം കാണിച്ചു കൊടുത്തു. അതൊന്നും മിണ്ടാതെ അന്തം വിട്ടു നിന്നു. അമ്മ അതിനെ ചേർത്തു് പിടിച്ചു പറയ, “മോളെ, പണ്ടു് റേഷൻ വാങ്ങാൻ മൂപ്പരു് തന്നിരുന്ന കാശിൽ നിന്നും വാങ്ങി വച്ചതാ. അരിക്കുള്ളിൽ പൂത്തി വച്ചാണു് കൊണ്ടു് വരിക. ആരും കാണാതിരിക്കാൻ. ന്നിട്ടു് രാത്രി ഞങ്ങളിൽ ഒരാൾ ഉറക്കെ വായിക്കും. എല്ലാരും കേൾക്കും. നിന്റെ അമ്മ ഒക്കെ അങ്ങനെയാ ഇംഗ്ലീഷ് ഒക്കെ തെറ്റില്ലാണ്ടു് എഴുതാൻ പഠിച്ചേ. അവരൊക്കെ വലുതായിപ്പോയപ്പോ, നീ വലുതാവുന്നതു് വരെ ഇതൊക്കെ ഞാൻ പെറുക്കിക്കൂട്ടി എടുത്തു വച്ചതാ”. കുട്ടി അതൊന്നും കേൾക്കുന്നതായി തോന്നിയില്ല. രണ്ടു തകരപ്പെട്ടി നിറയെ പുസ്തകം, കണ്ണിമവെട്ടാതെ അതു് നോക്കി നിന്നു. പിന്നെ പുസ്തകം ഓരോന്നായി എടുത്തു മറിച്ചുനോക്കി, ചിലതു് മാറ്റിവച്ചു. അമ്മ അതിനെ തന്നെ നോക്കി നിന്നിട്ടു് പിന്നെ അവിടുന്നു് പോയി. ലീല കുട്ടി എടുത്തു മാറ്റിവച്ച പുസ്തകങ്ങൾ ഓരോന്നായി മറിച്ചു നോക്കി. “അയ്യേ, ഇതിൽ ചിത്രങ്ങൾ ഒന്നും ഇല്ലല്ലോ.” കുട്ടി തല ഉയർത്തിയില്ല. “ഇതൊക്കെ വല്ല്യ ആൾക്കാർക്കല്ലേ വായിച്ചാ മനസ്സിലാവാ. ഇതൊക്കെ ഇപ്പൊ എന്തിനാ കുട്ടിക്കു്?” അപ്പോഴും അവൾ തല ഉയർത്തിയില്ല. അതിന്റെ മുഖത്തൊരു ചെറിയ നീരസം വന്നതായി തോന്നി ലീലയ്ക്കു്. “കുട്ടിക്കു് ചെറിയ പുസ്തകങ്ങൾ വല്ലതും വായിച്ചാ പോരെ? ഇതൊക്കെ ഇപ്പൊ…” “ലീലേച്ചി, ഞാൻ ഇതൊന്നു നോക്കിക്കോട്ടേ, ങ്ങള് പൊയ്ക്കോളീ”. ഇപ്പൊ ലീലയ്ക്കു ദേഷ്യം വന്നു. “ഞാൻ കാര്യായിട്ടല്ലേ ചോദിച്ചേ… ഇത്നിപ്പോ ഇവിടുന്നു പോകാൻ പറയണോ? കുട്ടിക്കു് ഇതൊന്നും വായിച്ചാ എന്തായാലും മനസ്സിലാവില്ല. ഇതു് വല്ല്യ ആൾക്കാർക്കുള്ള പുസ്തകങ്ങളല്ലേ? കുട്ടിക്കത്ര ബുദ്ധിയൊന്നുമില്ലല്ലോ?” കരുതിക്കൂട്ടി അതിനു വേദനിച്ചോട്ടെ എന്നു് വച്ചു ലീല പറഞ്ഞു. പകരം ആ കുട്ടി കണ്ണുയർത്തി ലീലയെ നോക്കി, “എന്താ ലീലേച്ചിക്കു വായിക്കാൻ പറ്റ്വോ? പറ, പറ്റ്വോ? മനസ്സിലാവോ?” അതിന്റെ ധാർഷ്ട്യം. “കുട്ട്യേ,” ലീലയുടെ ശബ്ദം വിറച്ചു. “ഞാനേ… നായരാ. നല്ല തറവാടി നായരു്. ഗതികെട്ടതു് കൊണ്ടാ ങ്ങൾ തീയ്യന്മാരുടെ കുടീലു് കഞ്ഞി കുടിച്ചു കിടക്കേണ്ടി വരുന്നേ. കുറച്ചു പഠിപ്പും വിവരൂം ണ്ട്ച്ച്ട്ടു് ആരും പ്രമാണിമാരാവൂല്ല. അതിനു കുടുംബത്തു് ജനിക്കണം. ഹാ!!” ആ കുട്ടിയുടെ മുഖത്തു് ഞെട്ടൽ കണ്ടു. അതിനു ഒന്നും മനസ്സിലായില്ല എന്നു് തോന്നി. മനസ്സിലാക്കിക്കൊടുക്കാ. “വല്ല്യ വല്ല്യ മനുഷ്യന്മാരു പിറന്ന ജാതിയാ. അറിയോ? കുട്ടിക്കു് ഏതെങ്കിലും വല്ല്യ മനുഷ്യന്മാരെ അറിയോ? ആരെയെങ്കിലും? അങ്ങനെ ആരെങ്കിലും ണ്ടോ കുട്ടിക്കു്? പറ.” ലീല വിറച്ചു. അപ്പോൾ കുട്ടിയുടെ മുഖത്തു് ഒരു ചിരി കണ്ടു. “അത്രേള്ളോ? എനിക്കറിയാലോ?” ആരു്. ലീലയുടെ പുരികം വളഞ്ഞു. “ഗുരു. ലീലേച്ചി കേട്ടിട്ടില്ലേ? ശ്രീനാരായണഗുരു. മൂപ്പരു് വല്ല്യ ആളല്ലേ? അല്ലേ? നമ്മടെ വീട്ടിലു് ഫോട്ടോ തൂക്കീട്ടില്ലേ? അവരു്.” ലീല ഒരു നിമിഷം അതിനെ നോക്കി നിന്നു. എന്നിട്ടു് തിരിഞ്ഞു നടന്നു.
പിന്നീടുള്ള തുടർച്ചകളിൽ;
മുല്ലവള്ളികളിൽ ഒന്നു് പടർന്നു പന്തലിച്ചു, ചില കാലങ്ങളിൽ വെള്ള നിറഞ്ഞു നിൽക്കും. പുലർച്ചെ നാലു് മണി നേരത്തു് ലീല വാതിൽ തുറക്കുമ്പോൾ മുല്ല മണം അടിച്ചു മയങ്ങി നിൽക്കും. വൈകുന്നേരങ്ങളിൽ മലയിടുക്കുകളിൽ നിന്നും പനയുടെ തലപ്പത്തടിച്ച കാറ്റു് ലീലയ്ക്കു് മുകളിൽ തടഞ്ഞു പോവും. മറ്റെവിടെയോ ഏതോ വഴികളിൽ അവൾ തനിച്ചു പച്ചമരങ്ങൾക്കിടയിൽ നുഴഞ്ഞു കയറി ആകാശം തൊടുവാൻ നോക്കും. മരത്തിന്റെ കൊമ്പിലെ പിടിവിടാതിരിക്കാൻ മുറുക്കെ പിടിക്കുന്നതിനാൽ ആകാശത്തേക്കു ഏന്തി വലിയാൻ കഷ്ടമാണു്. ചിറകുകൾ ഉണ്ടായിരുന്നെങ്കിലെന്നു വെറുതെ വെറുതെ ഓർത്തു് നിന്നു് പിന്നെ ആരും കണ്ടില്ലെന്നു ഉറപ്പു വരുത്തി, വന്ന വഴിയൊക്കെ തിരിച്ചു നടക്കും.
രാവിലെകൾ മാറി ഉച്ചയും, പിന്നെ വൈകുന്നേരവും, അതിനു ശേഷം രാത്രിയും. മുല്ലവള്ളികളുടെ ആട്ടവും. മഴയ്ക്കു മുന്നെ ഉള്ള വേവും. അമ്മയുടെ മരപ്പെട്ടിക്കുള്ളിൽ ഇരിക്കുന്ന സ്വർണ്ണക്കരയുള്ള ചെമ്പകമണമുള്ള മുണ്ടും. വെള്ളപേനുള്ള കല്ലു ചെറിയമ്മയും. ദൂരദേശത്തുനിന്നും മടങ്ങി വരാൻ ഉള്ള ആ പഴയ പെൺകുട്ടിയും. പിന്നെ, പിന്നെ ലീലയും.
ആരതി അശോക് ഒരു ദ്വിഭാഷാ എഴുത്തുകാരിയും കവയിത്രിയും വിവർത്തകയുമാണു്. അവരുടെ ആദ്യ കവിതാസമാഹാരമായ Lady Jesus-ഉം മറ്റു് കവിതകളും Journal of Commonwealth Literature-ൽ ‘മൂർച്ചയേറിയ പ്രതിരോധമുള്ള കവിത’ (2019, വാല്യം 54 (4)) എന്നു് വിശേഷിപ്പിക്കപ്പട്ടു. Lost Heroine (Speaking Tiger Press,2020) ആണു് ഒടുവിൽ ഇറങ്ങിയ പരിഭാഷ. കേരളത്തിലെ പട്ടാമ്പിയിൽ നടന്ന South Indian Poetry Carnival അഞ്ചാം പതിപ്പിൽ Word Me Out എന്ന പേരിൽ അവരുടെ കവിതാ ഇൻസ്റ്റാളേഷൻ പ്രദർശിപ്പിച്ചു. Blue Nib മാസിക (ലക്കം 37, അയർലൻഡ്), അയർലണ്ടിലെ വനിതാ കവികളുടെ സൂചികയായ Poethead എന്നിവയിൽ ഇവർ ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ടു്. അടുത്ത കാലത്തായി അവരുടെ കവിതകൾ Kali Project, Witness The Poetry of Dissent എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്: മലയാളത്തിലും ഇംഗ്ലീഷിലും ചെറുകഥകൾ എഴുതാറുള്ള ആരതി അശോകിന്റെ ഒരു സമീപകാല ചെറുകഥ One Surviving Story എന്ന സമാഹാരത്തിൽ ഓസ്ട്രേലിയലെ Icoe Press പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവരുടെ കവിതകൾ അച്ചടിരൂപേണയും ഓൺലൈനായും ദേശീയ അന്തർദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ലേഖനങ്ങൾ Hindu Blink-ലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ടു്.
ചിത്രീകരണം: വി. പി. സുനിൽകുമാർ