images/Nature_Painting.jpg
Evening @ Paye Meadows – Kagan Valley – Pakistan, a photograph by Waqas Afzal .
ആത്മവേദനയുടെ പിടച്ചിൽ
കെ. അരവിന്ദാക്ഷൻ

സുബ്രഹ്മണ്യദാസ്—ഇന്നും: ഒരു ലേഖനം

images/p-029.png

‘ദാസിനെക്കുറിച്ചു്’ എന്നൊരു ലേഖനം സുബ്രഹ്മണ്യദാസിന്റെ (1958–1982) അയൽക്കാരനും ജ്യേഷ്ഠസഹോദര തുല്യനുമായ ടി. എം. മനോഹരന്റെതായി ഈ പുസ്തകത്തിലുണ്ടു് (സുബ്രഹ്മണ്യദാസ്— ഇന്നും). ദാസിന്റെ ഉള്ളിലേയ്ക്കു് കടന്നു ചെല്ലാൻ കഴിയുന്ന വരികൾ ഈ ലേഖനത്തിലുണ്ടു്. ഐ. എഫ്. എസ്. നേടി കേരള ഫോറസ്റ്റ് ഫോഴ്സിന്റെ ചീഫായി റിട്ടയർ ചെയ്ത മനോഹരൻ വൈദ്യുതി ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ടു്.

വ്യവസ്ഥാപിതമായ സാമൂഹ്യ ജീവിതത്തിൽ മനോഹരൻ എന്തായിത്തീർന്നുവോ അതിന്റെ എതിർ കോണിലായിരുന്നില്ല ദാസിന്റെ ജീവിതം. പ്രത്യക്ഷത്തിൽ അങ്ങനെ വായിക്കാമെങ്കിലും. കാരണം, മനോഹരൻ പ്രതിനിധാനം ചെയ്യുന്ന ജീവിതത്തോടു് അസൂയപ്പെടാനോ അരിശപ്പെടാനോ ദാസ് ശ്രമിച്ചിട്ടില്ല. ‘നിനക്കെന്തുപറ്റി ദാസേ, നിനക്കു് പഠിപ്പൊന്നു പൂർത്തീകരിച്ചുകൂടേ? എന്തെങ്കിലും ജോലിയൊക്കെയായാൽ അച്ഛനുമമ്മയ്ക്കും ഒരു താങ്ങാവില്ലേ? ഇതൊക്കെ കഴിഞ്ഞുപോരെ രാഷ്ട്രീയം? ജോലീം വരുമാനവും ഒക്കെയായാലും നാട്ടുകാരെ സഹായിക്കാമല്ലോ? വയസ്സുകാലത്തു് അച്ഛനേം അമ്മേനേം നോക്കാതെ രാഷ്ട്രീയം പറഞ്ഞു നടന്നാൽ മതിയോ? അച്ഛനുമമ്മയ്ക്കും എന്തു വിഷമമുണ്ടെന്നു് നിനക്കറിയില്ലേ?’ ഏതു കാലത്തെയും, ഏതു ദേശത്തെയും വ്യവസ്ഥിതിയുടെ വാക്കുകളാണു് മനോഹരന്റേതു്.

‘സാമൂഹ്യകർത്തവ്യബോധമുള്ള’ മനോഹരന്റെ ചോദ്യരൂപേണയുള്ള ഉപദേശങ്ങൾക്കു്, ആശങ്കകൾക്കു് സഹജമായ ശാന്തതയോടും സൗമ്യതയോടും വിനയത്തോടും കൂടി ദാസ് മറുപടി പറയുന്നു: ‘എന്റെ അച്ഛനുമമ്മയും മാത്രമല്ലല്ലോ സമൂഹത്തിൽ ഉള്ളതു്. നരകയാതന അനുഭവിക്കുന്ന ഒട്ടേറെ അച്ഛനമ്മമാരും സഹോദരീസഹോദരന്മാരും സമൂഹത്തിലില്ലേ? അവരുടെ കാര്യത്തിലും സാമൂഹ്യബോധമുള്ള പൗരന്മാർക്കു് ശ്രദ്ധ വേണമല്ലോ? എന്റെ രാഷ്ട്രീയ ചിന്തയൊന്നും പറഞ്ഞാൽ ചേട്ടനു മനസ്സിലാവില്ല’.

തന്റെ കാലത്തോടും പുതിയ കാലത്തോടും വരാനിരിക്കുന്ന കാലത്തോടും ദാസ് നടത്തുന്ന ഒരു സ്റ്റെയ്റ്റ്മെന്റാണിതു്. ഇതു് ഉപരിതലത്തിൽ മനോഹരനോടുള്ള മറുപടിയാണു്. എന്നാൽ ആന്തരികമായി ദാസ് തന്നോടു് തന്നെ ചോദിക്കുന്നതാണു്. തന്നെത്തന്നെ വിമർശിക്കുന്നതാണു്. എനിക്കു് ഗോപാലകൃഷ്ണനും പാർവ്വതിയും എന്ന ഒരൊറ്റ അച്ഛനും അമ്മയും മാത്രമല്ല ഉള്ളതു്. ഒട്ടേറെ അച്ഛന്മാരും അമ്മമാരും ഉണ്ടു്. മാതാപിതാക്കളുടെ ഏകമകനായ എനിക്കു് അനവധി സഹോദരീസഹോദരന്മാരും ഉണ്ടു്. അവരെല്ലാം നരകയാതന അനുഭവിക്കുമ്പോൾ ഞാനും അതനുഭവിക്കുന്നുണ്ടു്. അപരന്റെ വേദനയെ തന്റെ വേദനയായി തിരിച്ചറിയുന്ന ആത്മീയ സംവാദമാണിതു്. ഈ പുസ്തകത്തിന്റെ ശരീരവും സംവാദമാണു്.

എന്താണു് ‘സാമൂഹ്യബോധം?’ അതിനെ നിലവിലുള്ള സങ്കുചിതത്വത്തിന്റെ തടവറയിൽ നിന്നു് മോചിപ്പിക്കാൻ ശ്രമിക്കുകയാണു് അടുത്ത വരികളിൽ. തനിക്കു് രക്തബന്ധമില്ലാത്ത അച്ഛനമ്മമാരുടെയും സഹോദരീസഹോദരന്മാരുടെയും കാര്യത്തിൽ ഒരു പൗരനു് ശ്രദ്ധ വേണ്ടേ എന്നു് ചോദിച്ചുകൊണ്ടു് ദാസ് സാമൂഹ്യബോധത്തെ അപനിർമ്മിക്കുന്നു. ‘എന്റെ രാഷ്ട്രീയ ചിന്തയൊന്നും ചേട്ടനു പറഞ്ഞാൽ മനസ്സിലാവില്ല’ എന്നതു് അതിന്റെ ഭാഗമാണു്. അല്ലാതെ ഞാൻ ബുദ്ധിജീവിയാണെന്നോ ചേട്ടനേക്കാൾ കേമനാണെന്നോ ഉള്ള ധ്വനിയല്ല. തന്റെ രാഷ്ട്രീയചിന്ത തന്നിൽപോലും ഇനിയും പൂർണമായി രൂപാന്തരം പ്രാപിക്കാത്തതാണു്. നിലവിലുള്ള വ്യവസ്ഥാപിത ചിന്തകളല്ല എന്നേ പറയാനാവൂ. ദാസ് ഇതൊരിക്കലും പൂർത്തിയാക്കുന്നില്ല. അന്വേഷിയായ ഒരു ഗോതമസിദ്ധാർത്ഥനും.

ജ്യേഷ്ഠസഹോദരതുല്യനായ മനോഹരനിൽനിന്നു് ദാസിന്റെ അച്ഛനിലേയ്ക്കു് വരിക. ‘തികഞ്ഞ കർത്തവ്യബോധവും രാജ്യസ്നേഹവും നിറഞ്ഞ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു ദാസിന്റെ അച്ഛൻ ശ്രീ. ഗോപാലകൃഷ്ണൻ…’ ലീവിനു വരുമ്പോൾ രാജ്യസ്നേഹത്തിന്റെ കഥകളും, ദേശരക്ഷയ്ക്കായി സൈനികർ ചെയ്യുന്ന അമൂല്യങ്ങളായ സേവനങ്ങളെക്കുറിച്ചും ഞങ്ങൾക്കു് പറഞ്ഞുതന്നിരുന്ന സ്നേഹസമ്പന്നൻ… കർത്തവ്യബോധവും അദ്ധ്വാനശീലവും രാജ്യസ്നേഹവുമുള്ള ഉത്തമ പൗരന്മാരാകണമെന്നു് അദ്ദേഹം ഞങ്ങളെ ഉപദേശിക്കുമായിരുന്നു’. മനോഹരന്റെ വാക്കുകളാണിതു്. ഒരു തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു് ദാസ് പ്രവർത്തിക്കുന്നുണ്ടെന്നറിഞ്ഞിട്ടും രാജ്യസ്നേഹിയായ അച്ഛൻ മകനെക്കുറിച്ചു് മോശമായി സംസാരിച്ചിട്ടില്ലെന്നു് മനോഹരൻ വ്യക്തമാക്കുന്നുണ്ടു്. എങ്കിലും, ഏകമകന്റെ വഴിവിട്ടുള്ള പോക്കു് അച്ഛനിൽ അസ്വസ്ഥതയുണ്ടാക്കിയിരിക്കാം.

“ഹൃദയത്തിന്റെ മുറിവുകളിൽ നിന്നുമൊഴുകിയ ഭക്തിയിലൂടെ എഴുത്തച്ഛനും പൂന്താനവും ജനങ്ങൾക്കുമേലുള്ള വൈദേശികാധിപത്യത്തെ പ്രതിരോധിച്ചു. പുതിയൊരു മലയാളഭാഷയിലൂടെ. സാധാരണക്കാരനു് മനസ്സിലാക്കാൻ കഴിയുന്ന രാമായണത്തിലൂടെ, ജ്ഞാനപ്പാനയിലൂടെ. ‘നൈതികതയും രാഷ്ട്രീയവും ഒന്നായ ആ കാലഘട്ടത്തിൽ കേരളത്തിന്റെ തനതായ സംസ്കാരം അന്നത്തെ കാവ്യങ്ങളിലൂടെ ആത്മപ്രതിരോധത്തിന്റെതായ ഉദാത്ത മേഖലകളിലേയ്ക്കു് കൂമ്പിയുണരുന്നു”.

അച്ഛൻ ഗോപാലകൃഷ്ണന്റെ കർത്തവ്യബോധവും അദ്ധ്വാനശീലവും കെ. വേണുവിലുണ്ടു്. തീർത്തും മറ്റൊരു തലത്തിലാണെന്നുമാത്രം. മനോഹരൻ-അച്ഛൻ തുടങ്ങിയ വ്യവസ്ഥാപിത പുരുഷപ്രകൃതികളെ ചോദ്യം ചെയ്യുകയോ അവരുമായി കലഹിക്കുകയോ ചെയ്യാത്ത ദാസ് വേണുവെന്ന പുരുഷപ്രകൃതിയെ നിരന്തരം അലോസരപ്പെടുത്തുന്നുണ്ടു്; ചോദ്യം ചെയ്യുന്നുണ്ടു്. മനോഹരനും അച്ഛൻ ഗോപാലകൃഷ്ണനും പ്രതിനിധീകരിക്കുന്ന വ്യവസ്ഥാപിത സമൂഹത്തെ ബോധപൂർവ്വമായ ഹിംസാത്മക വിപ്ലവ പ്രവർത്തനങ്ങളിലൂടെ അട്ടിമറിച്ചു് പുത്തൻ സമത്വസുന്ദരസമൂഹം സൃഷ്ടിക്കാനിറങ്ങിത്തിരിച്ച വ്യക്തിയാണു് വേണു. മാർക്സിന്റെ ദർശനങ്ങളടക്കമുള്ള നിരവധി വിജ്ഞാനശാഖകളുടെ മൂലധനം വേണുവിനുണ്ടു്. വ്യവസ്ഥാപിതവും യാഥാസ്ഥിതികവുമായ പുരുഷപ്രകൃതികളോടു് കലഹിക്കുന്നതിൽ അർത്ഥമില്ലെന്നും, അതിനുപകരം സൃഷ്ടിക്കപ്പെടുന്നതിന്റെ ഘടന, ധാർമ്മികത, ആത്മീയത എന്നിവയോടാണു് കലഹിക്കേണ്ടതെന്നും ദാസിനറിയാമായിരുന്നു. അതു് താൻ സ്വപ്നം കാണുന്നതാണോയെന്നു് ദാസ് ജാഗ്രതപ്പെടുന്നുണ്ടു്. ഈ പുസ്തകത്തിന്റെ സംവാദം അതാണു്.

വേണുവിനുള്ള ഒരു മറുപടിക്കത്തിൽ ദാസ് എടുത്തു പറയുന്നുണ്ടു്: ‘പുതിയ യാഥാർത്ഥ്യങ്ങളെ നിലവിലുള്ള സിദ്ധാന്തങ്ങൾക്കു് ഉൾക്കൊള്ളാൻ അസാധ്യമായി തീരുമ്പോഴാണു് പുതിയ അന്വേഷണങ്ങൾ പ്രസക്തമാവുന്നതു്. അതിലേർപ്പെടുന്ന ഏതൊരാൾക്കും രീതിയുടെ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരും’ (പുറം: 62). രീതി ഇവിടെ വെറും രാഷ്ട്രീയ മാർഗ്ഗമല്ല. വിശകലനരീതിയുമല്ല. അതൊക്കെയുൾക്കൊള്ളുന്ന ജീവിതരീതിയാണതു്. ഒരു മനുഷ്യൻ മനുഷ്യനാകാൻ അനുവർത്തിക്കേണ്ടതു്. തന്റെ ചോരയിൽ അലിഞ്ഞുതീരേണ്ടതു്. തുടർന്നു് രാഷ്ട്രീയ ദർശനത്തിന്റെയും പ്രായോഗിക രാഷ്ട്രീയത്തിന്റെയും അഞ്ചു് ചോദ്യങ്ങൾകൊണ്ടു് വേണുവിനെ നേരിടുന്ന ദാസ് കത്തു് അവസാനിപ്പിക്കുന്നതിങ്ങനെയാണു്: ‘വിനയത്തോടെ ഒരു കാര്യം സൂചിപ്പിക്കട്ടെ. ആശയം നഷ്ടപ്പെട്ട ജാർഗണുകളേക്കാളും അകം പൊള്ളയായ ശകാരങ്ങളേക്കാളും സംവേദനക്ഷമതയുള്ള വാക്കുകൾ ഉപയോഗിക്കാൻ കമ്മ്യൂണിസ്റ്റുകാർ പരിശീലിക്കേണ്ടിയിരിക്കുന്നു’ (പുറം: 64). ജാർഗണും ശകാരങ്ങളുമല്ല ഒരാചാര്യസ്ഥാനീയനാവശ്യം; വിനയവും സംവേദനക്ഷമതയുമാണു്. അതു് വേണുവിനെ മാത്രമല്ല, തന്നെയുമുദ്ദേശിച്ചാണു് ദാസ് പറയുന്നതു്.

Condition ചെയ്യപ്പെട്ട ഒരു രീതിശാസ്ത്രമോ രാഷ്ട്രീയമോ അല്ല താനുദ്ദേശിക്കുന്നതെന്നും പുതിയൊരു മനുഷ്യനും പുതിയൊരു ലോകത്തിനും, ഇതുവരെ നമുക്കില്ലാതെപോയ തലച്ചോറും ഹൃദയവുമാണു് രൂപപ്പെടേണ്ടതെന്നുമാണു് ദാസ് സൂചിപ്പിക്കുന്നതു്.

മറ്റു പുരുഷപ്രകൃതികളോടില്ലാത്ത വിമർശനവും അസഹിഷ്ണുതയും ‘പരിഹാസവും’ വേണുവെന്ന കേന്ദ്രീകൃത പുരുഷപ്രകൃതിയോടു് ദാസ് കാണിക്കുന്നുണ്ടു്, തന്റെ സംവാദങ്ങളിൽ.

ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ വേണുവിനോടു് ചോദിക്കുന്നു: ‘വരട്ടു തത്ത്വവാദമെന്നാൽ എന്താണു്?’ (പുറം: 63) മറ്റൊരിടത്തു് ‘വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങ’ളിൽ വർഗ്ഗസമരത്തെക്കുറിച്ചു് പറയുമ്പോൾ വേണു ‘പള്ളി പ്രസംഗത്തിലേയ്ക്കു നീങ്ങുന്നു’വെന്നു് പരിഹസിക്കുന്നുണ്ടു്. ക്രിസ്ത്യൻ സഭയും വേണു പ്രതിനിധീകരിക്കുന്ന മാർക്സിസ്റ്റ് തിരുസഭയും ഒന്നാണെന്നോ വേണു അതിന്റെ പുരോഹിതനായിത്തീരുന്നുവെന്നോ ഉള്ള കൂർത്ത നർമ്മം അതിലുണ്ടു്.

താൻ കണ്ടുപരിചയിച്ചവരും (ഉദാ: അച്ഛൻ, മനോഹരൻ) കലഹിച്ചിരുന്നവരും പരിഹസിച്ചിരുന്നവരും (ഉദാ: കെ. വേണു) ആയ പുരുഷപ്രകൃതികളിൽ നിന്നു് ദാസിന്റെ അമ്മയിലേയ്ക്കു വരാം. ‘നൂറുകണക്കിനു് കുട്ടികളെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച മാതൃതുല്യയായ അദ്ധ്യാപിക പാർവ്വതി ടീച്ചറാണു് ദാസിന്റെ അമ്മ’. മനോഹരൻ എഴുതുന്നു. ‘ദാസിന്റെ അമ്മേടെ ഒരു കുട്ടിയായിരുന്നു ഞാനും’, എന്നു് മനോഹരന്റെ സത്യവാങ്മൂലം. ‘ആദ്യാക്ഷരങ്ങൾ പഠിപ്പിക്കുക മാത്രമല്ല എന്റെ സ്വഭാവ രൂപീകരണത്തിലും ടീച്ചറുടെ (ദാസിന്റെ അമ്മ) സ്വാധീനമുണ്ടായിരുന്നു. ചിത്രംവര, പാട്ടു്, കൈവേല (ക്രാഫ്റ്റ്) എന്നിവയും പ്രൈമറി സ്കൂൾ അദ്ധ്യാപികയായ ദാസിന്റെ അമ്മ കുട്ടികളെ പഠിപ്പിച്ചിരുന്നു’. അമ്മയുടെ ചിത്രരചനാപാടവം ദാസിലുമുണ്ടു്. പുസ്തകത്തിന്റെ അരികുകളിൽ ദാസ് കോറിവരച്ച അമൂർത്ത ചിത്രപ്രകൃതികളിൽ അദ്ദേഹത്തിന്റെ അപൂർണമായ ഹൃദയരേഖകളുണ്ടു്.

എന്തുകൊണ്ടു് തന്റെ ഏക സന്താനമായ ദാസിന്റെ ‘സ്വഭാവ രൂപീകരണത്തിൽ’ ടീച്ചർ ശ്രദ്ധിച്ചില്ല? തെറ്റുപറ്റി? അക്കാര്യം ഐ. ഐ. ടി. പഠനത്തിന്റെ അവധിക്കാലത്തു് നാട്ടിലെത്തുന്ന മനോഹരനോടു് വ്യവസ്ഥാപിത സമൂഹം ചോദിക്കുന്നുണ്ടു്. മരിച്ചുപോയ ഒരുവന്റെ വിയോഗത്തിൽ കഷ്ടംവെയ്ക്കുന്ന രീതിയിൽ. ‘ടീച്ചറെ കാണാൻ പോയതാണല്ലേ? ടീച്ചറുടെ മോൻ നക്സൽ ആയീന്നാ കേൾക്കുന്നതു്. എത്ര നല്ല കുട്ടിയായിരുന്നു. പഠിപ്പും കളഞ്ഞു. വീട്ടിലും വരില്ല. ടീച്ചറുടെയും (അമ്മ) ബാലേട്ടന്റെയും (അച്ഛൻ) കാര്യം കഷ്ടം തന്നെ!’ മരിച്ചുപോയ ഒരു മകനെ പിണ്ഡം വെച്ചു് തിരസ്കരിക്കുകയാണു് നാട്ടുകാർ.

images/p-159.png

ഒരു നല്ല കുട്ടിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നു് മനോഹരനും നാട്ടുകാർക്കും കൃത്യമായ കണക്കുകളുണ്ടു്. ഒരു കാർട്ടീസിയൻ കട്ടിലിനു് പാകമാകുന്നവൻ. ഇതേപ്പറ്റി മനോഹരൻ ക്രൈസ്റ്റ് കോളേജിലെ സഹപാഠികളോടു് ചോദിക്കുന്നുണ്ടു്. അദ്ദേഹം പാർവ്വതി ടീച്ചറോടും ദാസിന്റെ ജ്യേഷ്ഠസഹോദരനെന്ന നിലയിൽ തിരക്കുന്നുണ്ടു് ദാസിനെപ്പറ്റി. ‘ഒരു തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നും വീട്ടിൽ വളരെ കുറവേ വരാറുള്ളൂവെന്നും’ ‘അവൻ പറയുന്നതൊന്നും ഞങ്ങൾക്കു് മുഴുവൻ മനസ്സിലാവുന്ന കാര്യങ്ങളല്ല’ എന്നും ടീച്ചർ പറഞ്ഞു. ‘മോൻ തന്നെ അവനോടു് ഒന്നു പറഞ്ഞുനോക്കാൻ’ മനോഹരനെ ഏല്പിക്കുകയും ചെയ്തു. ഭാരിച്ച ഒരുത്തരവാദിത്തം ആ അമ്മ സമൂഹത്തിനു് തിരിച്ചേല്പിക്കുകയാണു്, മനോഹരനിലൂടെ. വിപ്ലവകാരിയോ അരാജകവാദിയോ അവധൂതനോ സന്യാസിയോ ആയിപ്പോകുന്ന മകനോടു് ഏതൊരമ്മയ്ക്കും തോന്നുന്ന മമത-മമതയില്ലായ്മ.

ദാസിന്റെ അമ്മ പാർവതി ടീച്ചർക്കു് ഒരുപാടു് മക്കളുണ്ടായിരുന്നു, അതിലൊരാളാണു് താനെന്നു് മനോഹരൻ പറയുന്നതിനെ പിൻപറ്റുകമാത്രമാണു് വാസ്തവത്തിൽ ദാസ് ചെയ്തതു്. അമ്മയുടെ സമ്മതം വാങ്ങാതെയാവാം, അമ്മയുടെ ഹൃദയം പിന്തുടർന്നതു്. പാർവ്വതി ടീച്ചർ എന്ന കേവലയായ അമ്മയുടേതല്ല. മനോഹരൻ പറയുന്ന നിരവധി പേരുടെ അമ്മയായ പാർവ്വതിയുടെ. അതിനെ ദാസ് അനുഭവപ്പെടുത്തുന്നതു് നാം നേരത്തെ കണ്ടതാണല്ലോ. (‘എന്റെ അച്ഛനും അമ്മയും മാത്രമല്ലല്ലോ സമൂഹത്തിലുള്ളതു്. നരകയാതന അനുഭവിക്കുന്ന ഒട്ടേറെ അച്ഛനമ്മമാരും സഹോദരീസഹോദരന്മാരും സമൂഹത്തിലില്ലേ?’)

ഇതു് പുരുഷപ്രകൃതിയോടുള്ള ചോദ്യവും ഉത്തരവും അല്ല. സ്വന്തം അമ്മയോടും അമ്മമാരോടും ദാസുമാർ പല കാലങ്ങളിൽ അവരുടെ ഹൃദയത്തിൽ ഹൃദയം ചേർത്തുവെച്ചു് മന്ത്രിച്ചിട്ടുള്ളതാണു്. ചരിത്രത്തിൽ അതൊന്നും രേഖപ്പെടുത്തപ്പെടണമെന്നില്ല. ഒരമ്മ വെറും അമ്മയായിരിക്കുമ്പോൾതന്നെ ഭൂമിയിലെ എല്ലാ മക്കളെയും അറിയുന്ന മാതൃത്വം കൂടിയാണു്. അല്ലെങ്കിൽ അതു് മാതൃത്വമല്ല, ആണത്തമാണു്.

തീർച്ചയായും, പാർവതി ടീച്ചർ എന്ന അമ്മ ദാസിനു് ശൈശവത്തിലും ബാല്യത്തിലും നാരായണഗുരുവിനെയും എഴുത്തച്ഛനെയും പൂന്താനത്തെയും പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടാകണം. മാതൃത്വത്തിന്റെ ആ ആത്മീയ പരിസരമായിരിക്കണം ദാസിൽ ഗുരുവും പൂന്താനവും എഴുത്തച്ഛനും അങ്കുരിക്കാൻ കാരണമായതു്.

‘ദൈവമേ, കാത്തുകൊൾകങ്ങു

കൈവിടാതിങ്ങു ഞങ്ങളെ,

നാവികൻ നീ ഭവാബ്ധിക്കൊ-

രാവിവൻ തോണി നിൻപദം’

എന്നു തുടങ്ങി

‘ആഴമേറും നിൻ മഹസ്സാ-

മാഴിയിൽ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം

വാഴണം വാഴണം നിത്യം’

എന്നവസാനിക്കുന്ന ഗുരുവിന്റെ ‘ദൈവദശക’ത്തിലെ നാല്പതു് വരികൾ അക്കാലത്തെ ഏതൊരീഴവ കുടുംബത്തിലും സന്ധ്യാപ്രാർത്ഥനയായി ഏതൊരമ്മയും മക്കൾക്കു് ചൊല്ലിക്കൊടുക്കാതിരിക്കില്ല. ഗുരുവിന്റെ ‘ദൈവദശകവും ചിജ്ജഡചിന്തനവും ബ്രഹ്മവിദ്യാ പഞ്ചകവും’ (വ്യാഖ്യാനമടക്കം) ഉപകാരമായി എന്നു് അതു് എത്തിച്ചുകൊടുത്ത തന്റെ ആത്മമിത്രമായ ബ്രഹ്മപുത്രനു് ദാസ് കത്തെഴുതുന്നുണ്ടു്. കൃതികളും, വ്യാഖ്യാനവും രസകരമാണെന്നാണു് കത്തിലുള്ളതു്. ഈ രസം അമ്മയിൽ നിന്നു് ദാസ് അമ്മിഞ്ഞപ്പാൽപോലെ നൊട്ടിനുണഞ്ഞിട്ടുണ്ടാകണം.

അതുപോലെത്തന്നെ പില്ക്കാലത്തു് എഴുത്തച്ഛനെപ്പറ്റിയുള്ള പരാമർശവും ബാല്യത്തിലും കൗമാരത്തിൽ നിന്നും സ്വാംശീകരിച്ചതാകണം.

അച്ഛനിലും മനോഹരനിലുമെല്ലാം അതീവ ദുർബലമായിട്ടെങ്കിലുമുള്ള മേൽപ്പറഞ്ഞ ആത്മീയ തുടിപ്പുകൾ വേണുവിലെത്തുമ്പോൾ ഊഷരമായി വരണ്ടുപോകുന്നുണ്ടു്. ആ വരൾച്ചയാണു് വരട്ടുവാദത്തിന്റെ തീവ്ര വെയിൽ പരിസരം. ദാസിന്റെ കലഹം ആ ഊഷരതയോടായിരുന്നു. വേണുവിനോടായിരുന്നില്ല. തന്നിൽ സഹജമായി ഊറിക്കൂടിയിരുന്ന ആത്മീയത സാമൂഹ്യയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാതായപ്പോൾ, സുബ്രഹ്മണ്യദാസ് ആത്മീയ വേദനയിൽ പിടഞ്ഞു. അയാൾ ഭാഗമായ സമൂഹത്തിന്റെയും, അയാളുടെയും പ്രതിസന്ധി അതായിരുന്നു. ദാസതിനെ ധൈര്യപൂർവ്വം സത്യസന്ധമായി ‘ആത്മീയ പ്രതിസന്ധി’യെന്നുതന്നെ വിളിച്ചു. ഒരു തരം കാപട്യവും അയാളിലില്ലായിരുന്നു.

2-ാം അദ്ധ്യായം ‘ആത്മീയം എന്ന വാക്കു് ഞാനുപയോഗിക്കുന്നതു് ബോധപൂർവ്വം തന്നെയാണു്. ആശയം, ആദർശം, പ്രത്യയശാസ്ത്രം എന്നീ പദങ്ങളാണു് സാമൂഹ്യശാസ്ത്രത്തിൽ ഇതിനു് പകരം നില്ക്കേണ്ടതു്. പക്ഷേ, ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ പദങ്ങളുടെ സമൂർത്ത പ്രകാശനത്തെ അനുവദിക്കാത്തവിധം സംഘർഷപൂർണമാണു്’. സുബ്രഹ്മണ്യദാസ് (1958-1982) തുടരുന്നു: ‘നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പഴയ സാമൂഹ്യഘടനയും പുതുതായി രൂപംകൊള്ളുന്ന മുതലാളിത്ത സ്വഭാവമുള്ള സാമൂഹ്യഘടനയും തമ്മിലുള്ള സംഘർഷമാണു് ഇന്നത്തെ ആത്മീയ പ്രതിസന്ധിയ്ക്കു് ആധാരമായിട്ടുള്ളതു്’.

പതിനാറാം നൂറ്റാണ്ടോടെയാണു് ആധുനിക കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നതു്. വിദേശവ്യാപാര കുത്തക കൈവശപ്പെടുത്താനായി പോർച്ചുഗീസുകാർ നടത്തിയ യുദ്ധങ്ങളാണു്, അതിന്റെ സാമൂഹ്യമായ നീറ്റലും പിടച്ചിലുമാണു്, എഴുത്തച്ഛനെയും പൂന്താനത്തെയും രൂപപ്പെടുത്തുന്നതു്. ഹൃദയത്തിന്റെ മുറിവുകളിൽ നിന്നുമൊഴുകിയ ഭക്തിയിലൂടെ എഴുത്തച്ഛനും പൂന്താനവും ജനങ്ങൾക്കുമേലുള്ള വൈദേശികാധിപത്യത്തെ പ്രതിരോധിച്ചു. പുതിയൊരു മലയാളഭാഷയിലൂടെ. സാധാരണക്കാരനു് മനസ്സിലാക്കാൻ കഴിയുന്ന രാമായണത്തിലൂടെ, ജ്ഞാനപ്പാനയിലൂടെ. ‘നൈതികതയും രാഷ്ട്രീയവും ഒന്നായ ആ കാലഘട്ടത്തിൽ കേരളത്തിന്റെ തനതായ സംസ്കാരം അന്നത്തെ കാവ്യങ്ങളിലൂടെ ആത്മപ്രതിരോധത്തിന്റെതായ ഉദാത്ത മേഖലകളിലേയ്ക്കു് കൂമ്പിയുണരുന്നു. പ്രകൃതി-പുരുഷ ബന്ധത്തിന്റെ സാഫല്യം സൃഷ്ടിക്കുന്ന ആദ്ധ്യാത്മികതയാണു് അവയുടെ അന്തസ്സത്ത’.

“സുബ്രഹ്മണ്യദാസ് അനുഭവിച്ച ആത്മീയ പ്രതിസന്ധിയുടെ സ്ഥൂലമായ സാമൂഹ്യപരിസരങ്ങൾ നേരത്തെ സൂചിപ്പിച്ചതുപോലെ അതിനേക്കാൾ രൂക്ഷമായി ഇന്നു് നിലനില്ക്കുന്നുവെന്നതാണു് ദാസിനെ ഒരു ക്രാന്തദർശിയാക്കുന്നതു്. നിർഭാഗ്യവശാൽ, ദാസ് അവസാനം വരെയും സ്വപ്നം കണ്ടിരുന്ന മാർക്സിസ്റ്റ് ദർശനത്തിനുപോലും പുതുകാലത്തിന്റെ ആർത്തിനിറഞ്ഞ ഹിംസയെ പ്രതിരോധിക്കാനാവുന്നില്ല”.

വൈദേശികാധിപത്യത്തിന്റെ ഫലമായി സാമൂഹ്യപ്രകൃതിക്കും മനുഷ്യപ്രകൃതിക്കും നേരിട്ട വിഭ്രംശങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ രണ്ടു് പ്രതിഭാശാലികളിലൂടെ പ്രകടമാകുന്നതായി ദാസ് എഴുതുന്നു. ‘ശ്രീനാരായണഗുരു ധ്യാനത്തിന്റെയും അന്തർജ്ഞാനത്തിന്റെയുമായ ആത്മനിഷ്ഠമണ്ഡലത്തിൽ വെച്ചാണു് പ്രകൃതി-പുരുഷ ബന്ധത്തിന്റെ സങ്കീർണ്ണതകൾ പരിഹരിക്കാനൊരുങ്ങിയതു്’. ഗുരുവിന്റെ പ്രവർത്തനങ്ങളെ നിരാശയിലവസാനിച്ച ആത്മീയ കലാപമെന്നുവരെ പി. കെ. ബാലകൃഷ്ണൻ വിശേഷിപ്പിക്കുന്നുണ്ടു്. ഗുരു പരിഹരിക്കാൻ ശ്രമിച്ച കാലത്തിന്റെ ആത്മീയ പീഡാനുഭവങ്ങൾ ആവിഷ്കൃതമാകുന്നതു് കുമാരനാശാന്റെ പ്രേമദുരന്ത കാവ്യങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണു്… ‘പീഡിതമായ മനുഷ്യപ്രകൃതി അതിന്റെ മുഴുവൻ സംഘർഷങ്ങളും അനുഭവിച്ചുതീർക്കുന്നു. പ്രകൃതി-പുരുഷ ബന്ധത്തിന്റെ വികാസോന്മുഖമായ താളലയങ്ങൾ നഷ്ടപ്പെട്ട പുരുഷനാകട്ടെ ജീവിതത്തിൽ സ്വയം ഭ്രഷ്ടനാക്കപ്പെട്ടലയുന്നു. ഒരിക്കൽ മാത്രം സ്വത്വം നിഷേധിക്കപ്പെട്ട ചാത്തന്റെ അധമബോധത്തിന്റെ രൂപത്തിൽ പുരുഷൻ പ്രത്യക്ഷപ്പെടുന്നു’.

സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിനു് ആത്മീയത വിധേയമാക്കാൻ കഴിയാതെ ഗുരു എപ്രകാരം ‘നിരാശയിലവസാനിച്ചുവോ’ അതിന്റെ മറ്റൊരു മുഖമാണു് തന്നിലെ ആത്മീയതയും സാമൂഹ്യപരിവർത്തനവും കഠിനമായി വിയോജിക്കുന്നിടത്തു് സുബ്രഹ്മണ്യദാസ് ആത്മഹത്യയിലെത്തുന്നതു്. ജ്ഞാനഗുരു തന്റെ നിരാശയെ ‘ഭാരതീയ ചിന്തയുടെ’ അനാസക്തധാരയിലൂടെ മറികടന്നു. സുബ്രഹ്മണ്യദാസിനു് അതിനായില്ല. കാരണം, അയാൾ വായിച്ചറിഞ്ഞ മാർക്സിയൻ സിദ്ധാന്തങ്ങളോ പങ്കാളിയായ സാമൂഹ്യപ്രവർത്തനങ്ങളോ കേരളീയ സമൂഹമോ മറ്റനേകം വായനകളോ അയാൾക്കു് ആത്മീയ വെളിച്ചമായില്ല. ഇരുപത്തിനാലാമത്തെ വയസ്സിൽ 1982 ജൂലൈ പതിനാലിനു് വടക്കാഞ്ചേരിക്കടുത്തു് ഓട്ടുപാറയിൽ വൈകുന്നേരം ഏഴുമണിക്കു് താൻ ഒരാഴ്ച മുമ്പു് കണ്ടുവെച്ച സ്ഥലത്തു് (too beautiful a place for suicide) അയാൾ തന്റെ സംഘർഷങ്ങളെല്ലാം തല്ക്കാലം അവസാനിപ്പിച്ചു് അപ്രത്യക്ഷനാവുന്നു.

അയാളുടെ ആത്മാംശങ്ങൾ പങ്കിട്ടിരുന്ന അശോകനും (പി. കെ. അശോൿ കുമാർ) ബ്രഹ്മപുത്രനും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടു്. ദാസ് പ്രതിനിധാനം ചെയ്ത ആത്മീയ വേദനയെ ഇവർ രണ്ടുപേരും എങ്ങിനെയാണു് അതിജീവിക്കുന്നതെന്നു് ശ്രദ്ധിക്കാൻ ശ്രമിച്ചിട്ടുണ്ടു് ഞാൻ.

ദാസിന്റെ മരണത്തിനു് പതിമൂന്നു് വർഷങ്ങൾക്കുശേഷം അശോകൻ കേരളത്തിലെ ആദ്യത്തെ പാലിയേറ്റീവ് കെയർ സന്നദ്ധസേവകനായി ഡോ. എം. ആർ. രാജഗോപാലിനോടും ഡോ. സുരേഷിനോടുമൊപ്പം കാരുണ്യത്തിലൂന്നുന്ന മനുഷ്യാവകാശപ്രവർത്തനത്തെ കേരളീയ സാമൂഹ്യജീവിതത്തിലെത്തിക്കുന്നതിൽ വ്യാപൃതനായി. വേദനയാൽ നരകയാതനയനുഭവിക്കുന്നവർക്കു് ആശ്വാസമായി. ബ്രഹ്മപുത്രനാകട്ടെ, ഒരു നിശ്ശബ്ദസാക്ഷിയായി കേരളത്തിന്റെ സമസ്ത സ്പന്ദനങ്ങളെയും നിരീക്ഷിക്കുന്നു. ഇവർ രണ്ടുപേരിലും ദാസ് അനുഭവിച്ചിരുന്ന ആത്മീയവേദനയുടെ നീറ്റൽ എനിക്കു് കാണാൻ കഴിഞ്ഞിട്ടുണ്ടു്. ഇതേ വേദന പങ്കിടുന്നവർ സമൂഹത്തിൽ ഇവർ രണ്ടുപേർ മാത്രമല്ല. അവരും ദാസിന്റെ കാലത്തെക്കാളും ക്രൂരവും കഠിനവുമായ സാമൂഹ്യയാഥാർത്ഥ്യങ്ങളെ മുഖാമുഖം നേരിടുന്നുണ്ടു്. അവരിൽ ചിലരെങ്കിലും ആത്മഹത്യയിൽ നിന്നു് തെന്നിപ്പോവുന്നതു് ഏതെങ്കിലും ശുഭ പ്രതീക്ഷകൊണ്ടല്ല. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപെടാത്ത ചെറിയ ചെറിയ പ്രവൃത്തികളിലൂടെ തങ്ങളുടെ ആത്മീയവേദനയിൽ നിന്നുള്ള ഊർജ്ജത്താൽ അന്യന്റെ മുറിവുണക്കാൻ ശ്രമിക്കുന്നതിലൂടെയാണു്. ഈ ആത്മീയവേദന കെ. വേണുവിനെപ്പോലുള്ളവർ അനുഭവിക്കുന്നുണ്ടോയെന്നറിയില്ല. സാമൂഹ്യമാറ്റത്തിനുള്ള അദ്ദേഹത്തിന്റെ യാന്ത്രികമായ പോസ്റ്റ്മാർട്ടം—സമവാക്യങ്ങൾ കാണുമ്പോൾ സംശയിച്ചുപോകുന്നതാണു്. പ്രകൃതി ‘ജനാധിപത്യം സ്വാതന്ത്ര്യം’ എന്ന സമസ്യയിലേയ്ക്കു് അദ്ദേഹം എപ്പോഴെങ്കിലും ആത്മീയതയുടെ ശുദ്ധവായു കടത്തിവിടുമെന്നു് പ്രത്യാശിക്കുകയാണു്.

സുബ്രഹ്മണ്യദാസ് അനുഭവിച്ച ആത്മീയ പ്രതിസന്ധിയുടെ സ്ഥൂലമായ സാമൂഹ്യപരിസരങ്ങൾ നേരത്തെ സൂചിപ്പിച്ചതുപോലെ അതിനേക്കാൾ രൂക്ഷമായി ഇന്നു് നിലനില്ക്കുന്നുവെന്നതാണു് ദാസിനെ ഒരു ക്രാന്തദർശിയാക്കുന്നതു്. നിർഭാഗ്യവശാൽ, ദാസ് അവസാനം വരെയും സ്വപ്നം കണ്ടിരുന്ന മാർക്സിസ്റ്റ് ദർശനത്തിനുപോലും പുതുകാലത്തിന്റെ ആർത്തിനിറഞ്ഞ ഹിംസയെ പ്രതിരോധിക്കാനാവുന്നില്ല.

ദാസിന്റെ കത്തുകളിലും ലേഖനങ്ങളിലും രാഷ്ട്രീയ സ്വയം സേവക് സംഘെന്ന ഫാസിസ്റ്റ് ശക്തികളുടെ വളക്കൂറുള്ള മണ്ണായി കേരളം മാറുന്നതു് ദീർഘദർശനം ചെയ്യുന്നുണ്ടു്. ഏതാണ്ടു് നാല്പതു കൊല്ലം മുമ്പു് ദാസ് ഡോക്യുമെന്റ് ചെയ്ത ഫാസിസത്തിന്റെ വളർച്ച ഇന്നു് കേരളത്തെ മാത്രമല്ല ഇന്ത്യയുടെ ഓരോ ജൈവകോശത്തെയും ഗ്രസിച്ചിരിക്കുന്ന മാരകവിഷമായി സംക്രമിച്ചിരിക്കുന്നു. ‘ആരോഗ്യകരമായ ഉത്പാദന ക്രമം രൂപംകൊള്ളാത്തതിനാൽ, ഈ സമൂഹത്തിൽ ബാഹ്യപ്രകൃതിക്കും മനുഷ്യപ്രകൃതിക്കും മേലുള്ള മനുഷ്യന്റെ സാംസ്കാരികവും ധൈഷണികവുമായ മേധാവിത്തം ക്രമേണ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷ സ്വഭാവമുള്ള രാഷ്ട്രീയത്തിന്റെ തകർച്ചയിലേയ്ക്കാണു് ഇതു് വിരൽ ചൂണ്ടുന്നതു്. അതേസമയം നിലവിലുള്ള ഇടതുപക്ഷ സംഘടനകളുടെതന്നെ സ്വഭാവത്തെയും ഈ സാമൂഹ്യാവസ്ഥ ചീത്തയായി സ്വാധീനിക്കുന്നു. മറുവശത്തു്, സുരക്ഷിതത്ത്വത്തിനും ഉറപ്പിനും വേണ്ടിയുള്ള ജനങ്ങളുടെ ബോധപൂർവ്വമോ അബോധപൂർവ്വമോ ആയ ത്വര അവരെ വലതുപക്ഷത്തോടടുപ്പിക്കുന്നു. ഭൂതകാലത്തിൽ വേരുകളുള്ള ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനകൾക്കു് ഇതു് വളരാനവസരം നൽകുന്നു’.

images/p-183.png

മേലെഴുതിയ ദാസിന്റെ വാക്കുകളിൽ അടിവരയിട്ട ‘ബാഹ്യപ്രകൃതിക്കും മനുഷ്യപ്രകൃതിക്കും മേലുള്ള മനുഷ്യന്റെ സാംസ്കാരികവും ധൈഷണികവുമായ മേധാവിത്തം’ എന്നതിനോടു് എനിക്കു് യോജിക്കാനാവില്ല. കാരണം, മേധാവിത്തം എന്ന വാക്കു് ദാസ് എന്തിനെതിരെ നില്ക്കുന്നുവോ അതിനെ തിരിച്ചുകൊണ്ടുവരുന്നതാണു്. എന്റെ ബുദ്ധിസ്റ്റ്-ഗാന്ധി വായനകളും അനുഭവങ്ങളും മനുഷ്യന്റെ മേധാവിത്തത്തിനു പകരം ഭൂമിയിലെ സകല ജീവജാലങ്ങളുടെയും അചേതന വസ്തുക്കളുടെയും പരസ്പരമായ വിനിമയമാണു് മനുഷ്യനടങ്ങുന്ന എല്ലാജീവന്റെയും ഭൂമിയുടെയും അതിജീവനത്തിനാവശ്യം എന്നു് ബോധ്യപ്പെടുത്തുന്നുണ്ടു്. അതേസമയം, ദാസ് തന്നെ സൂചിപ്പിക്കുന്നുണ്ടു്: ‘ഇന്നത്തെ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രത്യയശാസ്ത്രവും നമുക്കിന്നില്ല. കഴിഞ്ഞ കാലങ്ങളിൽ ഈ നാടിന്റെ സാമൂഹ്യജീവിതത്തെ മുന്നോട്ടു നയിച്ചിരുന്ന ആശയങ്ങളും ആദർശങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇന്നും പ്രസക്തമാണെന്നു് നാം തെറ്റിദ്ധരിച്ചിട്ടുണ്ടു്. രൂക്ഷമായ യാഥാർത്ഥ്യം ആ ധാരണകളുടെ അന്തസ്സാരശൂന്യത നമ്മെ എപ്പോഴും ബോധ്യപ്പെടുത്തിത്തന്നിട്ടുണ്ടു്. ആശയങ്ങളിലൂടെയോ ആദർശങ്ങളിലൂടെയോ പ്രകാശനം കണ്ടെത്താനാകാത്ത നഗ്നമായ ആത്മീയതയുടെ വിഭ്രാന്തി നാമെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്’. ഇവിടെയും ദാസ് മാർക്സിസത്തിന്റെ പ്രയോഗത്തിലെ പരാജയങ്ങളെ ശരിവെയ്ക്കുമ്പോഴും ആ ദർശനത്തിന്റെ സാധ്യതയെ പൂർണമായി കൈയൊഴിയുന്നില്ല.

അക്കാലത്തു് ആരും ജാഗ്രതപ്പെടാത്ത ഗാന്ധിയൻ അന്വേഷണങ്ങളിലൂടെ ദാസ് കടന്നുപോകുന്നതു് എന്നെ അത്ഭുതപ്പെടുത്തുന്നു. സി. എസ്. വെങ്കിടേശ്വരനുമായുള്ള സംഭാഷണങ്ങളടക്കം ഇതു് വെളിപ്പെടുത്തുന്നു. പുസ്തകത്തിന്റെ ഒമ്പതിടങ്ങളിൽ ഗാന്ധി കടന്നു വരുന്നുണ്ടു്. രൂക്ഷമായ വിമർശനമായും, അന്വേഷണമായും, കണ്ടെത്തലായും. ഗാന്ധിയുടെ ആത്മകഥയടക്കമുള്ള പുസ്തകങ്ങളിലൂടെ ദാസ് അന്വേഷണം തുടരുന്നുണ്ടു്. “ഗാന്ധിയൻ പ്രസ്ഥാനം ചലനാത്മകമായിരുന്നു. ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റു ഭീകര പ്രസ്ഥാനങ്ങളെക്കാളെങ്കിലും വിപ്ലവകരവുമായിരുന്നു. വൈഷ്ണവതയിൽ കുടുങ്ങിപ്പോയി എന്നതായിരുന്നില്ല ഗാന്ധിസത്തിനു പറ്റിയ തെറ്റ്. ഗാന്ധിസം സ്വീകരിച്ച വൈഷ്ണവതയുടെ സമൂഹപരത ആവശ്യമായിരുന്നു—അതു് നേടിയിടത്തോളം ധാർമ്മികതയും. വാസ്തവത്തിൽ ഇന്ത്യയിൽ ഇന്നു് ഏതെങ്കിലും വിധത്തിൽ ധാർമ്മിക ബോധം നിലനില്ക്കുന്നുണ്ടെങ്കിൽ അതിനു് നാം ഗാന്ധിയൻ പ്രസ്ഥാനത്തോടു കടപ്പെട്ടിരിക്കുന്നു…” ഇത്രയും സത്യസന്ധമായും ശക്തമായും ഗാന്ധിയൻ ധാർമ്മികതയെ കണ്ടെത്തിയവർ ദാസിനുശേഷം അത്യപൂർവ്വമാണു്. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭൂമിയുടെയും അതിജീവനത്തിനു് ഇന്നു് ഉപജീവിക്കാൻ കഴിയുന്ന ധാർമ്മിക സ്രോതസ്സിനെക്കുറിച്ചാണു് ദാസ് 1981-ൽ, മരണത്തിനു് മാസങ്ങൾക്കു് മുമ്പു് എഴുതുന്നതു്, വെങ്കിടിക്കുള്ള കത്തിൽ. എന്നാൽ മേലെഴുതിയതിന്റെ തുടർച്ചയായി ദാസ് ആ കത്തു് അവസാനിപ്പിക്കുന്നതു് ശ്രദ്ധിക്കേണ്ടതുണ്ടു്. ‘ഗാന്ധിസം വിസ്മരിക്കപ്പെടാൻ കാരണം അതു് യുക്തിപരവും ശാസ്ത്രീയവും ആയ രീതിക്കുപകരം ധാർമ്മികതയെ മാത്രം അവലംബിച്ചതായിരിക്കും’ (പുറം: 152).

ഗാന്ധിയെ ദാസ് അവസാനമായി സ്പർശിക്കുന്നതു് വെങ്കിടിക്കുള്ള കത്തിൽ തന്നെയാണു്. അതിൽ ‘ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തു് ഇന്നു് നടക്കുന്ന തരംതാണ ആശയ സമരങ്ങളെ അതിജീവിച്ചുകൊണ്ടു് മാർക്സിസത്തിനുതന്നെ പുതിയൊരു മാനം നല്കാൻ കഴിയുമെന്നു്’ ദാസ് പ്രത്യാശിക്കുന്നുണ്ടു്. ലൂക്കാച്ചിന്റെ വാക്കുകൾ ദാസ് വെങ്കിടിയ്ക്കായി പകർത്തിയെഴുതുന്നു:

“… the essential point of the new method: the manner and direction of the abstraction and though experiments are not determined by epistemological or methodological (and least of all logical) standpoint but by the thing itself, ie., the ontological nature of the material in question…”

ഗാന്ധിയെ മനസ്സിലാക്കാൻ (മാർക്സിസ്റ്റുകൾക്കു്) ലൂക്കാച്ചിന്റെ ഉദ്ധരണിയല്ലേ സഹായകമെന്ന ചോദ്യം ദാസ് അതേ കത്തിന്റെ അവസാനത്തിൽ ഉന്നയിക്കുന്നുണ്ടു്.

“എല്ലാ പ്രവാചകരും പരാജയപ്പെട്ടവരാണു്, സ്ഥൂലമായ അർത്ഥത്തിൽ. സൂക്ഷ്മാർത്ഥത്തിൽ അവരുടെ ജീവിതങ്ങളുടെ ഊർജ്ജമാണു് ധാർമ്മികതയുടെ അതിജീവനത്തിന്നാധാരം. ദാസ് ഗാന്ധിയുടെ ധാർമ്മികതയെപ്പറ്റി സൂചിപ്പിച്ചതുപോലെ”.

‘യുക്തിപരവും ശാസ്ത്രീയവും’ ആയ പടിഞ്ഞാറൻ ആധുനിക മുതലാളിത്ത നാഗരികതയുടെ രീതിശാസ്ത്രത്തെയും യുക്തിപരതയെയും നിരാകരിച്ചു് അതിൽനിന്നു് തീർത്തും വ്യത്യസ്തമായ ഒരു ലോകം സൃഷ്ടിക്കാനാവുമെന്നു് പരീക്ഷണാത്മകമായിട്ടെങ്കിലും തെളിയിച്ചതാണു് നവലിബറൽ മുതലാളിത്ത കാലത്തെ ഗാന്ധിയുടെ പ്രസക്തിയെന്നു് ഞാൻ വിചാരിക്കുന്നു. ദാസിനെ അതിൽനിന്നു തടഞ്ഞതു് പടിഞ്ഞാറൻ നാഗരികതയിൽ നിന്നു് രൂപപ്പെട്ട മാർക്സിയൻ ദർശനങ്ങളുടെ യുക്തിയോടും രീതിയോടുമുള്ള വിച്ഛേദം സാധ്യമാവാഞ്ഞതാണെന്നു് സംശയിക്കുന്നു. ഇങ്ങിനെ പറഞ്ഞുവെയ്ക്കുമ്പോഴും ഒരു വസ്തുത നിസ്സംശയമായി രേഖപ്പെടുത്തേണ്ടതുണ്ടു്. എങ്ങനെ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നീതിയും ധാർമ്മികതയും പുലരുന്ന ഒരു സമൂഹം രൂപപ്പെടും? എങ്ങനെ നിരുപാധികമായ കാരുണ്യവും ആത്മീയതയും ഉള്ള ഒരു പുതിയ മനുഷ്യൻ, എല്ലാഭേദങ്ങൾക്കും അതീതമായി പരിണമിച്ചുണ്ടാകും? ഇതായിരുന്നു ദാസിന്റെ ആന്തരിക പ്രതിസന്ധി. സാമൂഹ്യ പ്രതിസന്ധിയും ആന്തരിക പ്രതിസന്ധിയും ഒരേ ആത്മീയ പ്രതിസന്ധിയുടെ അംശങ്ങളാണെന്നു് ഇരുപത്തിനാലുവയസ്സിനുള്ളിൽ തന്നെ അയാൾ തിരിച്ചറിഞ്ഞിരുന്നു. മനുഷ്യൻ എന്ന വാക്കിന്റെ പൊരുളന്വേഷിക്കുന്ന എല്ലാവരിലും ദാസിന്റെ ഈ പ്രതിസന്ധിയുണ്ടു്. ബഹുഭൂരിപക്ഷം പേരും എഴുത്തു്, വായന, ലഹരി, തൊഴിൽ, അലസത, നിസ്സംഗത എന്നിവയിലൂടെ അതിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നു. പക്ഷേ, ഇത്തരം ഒളിച്ചോട്ടങ്ങളിലൊന്നും ദാസ് തന്നെ ഉൾപ്പെടുത്തിയില്ല.

ശ്രീനാരായണഗുരുവിന്റെ ‘ആത്മീയ കലാപങ്ങൾ’ നിരാശയിലാണവസാനിച്ചതെന്നയാൾക്കറിയാം. ആ ജ്ഞാനഗുരുവിന്റെ അവസാനനാളുകളിൽ അദ്ദേഹത്തിന്റെ ആത്മീയപുത്രന്മാരിൽ പ്രമുഖനായ കുമാരനാശാൻ പോലും ഗുരുവിനെ കൈയൊഴിഞ്ഞിരുന്നുവെന്ന സത്യം ദാസ് അന്നു് അറിഞ്ഞിരുന്നില്ല. ഗുരുവിന്റെ ആത്മീയത കുമാരനാശാൻ കാവ്യഭാഷയിലൂടെ സാക്ഷാത്കരിച്ചു എന്നു് ദാസ് എഴുതുന്നതു് ശരിയാണു്. എന്നാൽ സകലവിധ ഭേദങ്ങൾക്കും അതീതമായ ഗുരുവിന്റെ സാമൂഹ്യപരതയെ കുമാരനാശാൻ ഈഴവസമുദായത്തിന്റെതിലേയ്ക്കു് സങ്കുചിതമാക്കിയില്ലേ എന്ന ചോദ്യം ഇന്നു് ഗവേഷണരേഖകളിലൂടെ തെളിഞ്ഞിട്ടുണ്ടു്. ‘The counter Narratives of Power and Identity in Colonial Keralam—A reading of C. V. Raman Pillai’s Historical Novels’ (2004: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഗവേഷണ പ്രബന്ധം) ഈ ചോദ്യം ഉന്നയിക്കുന്നുണ്ടു്.

ഡോ. വിനോദ് ചന്ദ്രന്റെ ഗവേഷണ പ്രബന്ധത്തിലെ വരികൾ താഴെ ചേർക്കുന്നു: ‘ഗുരുവിന്റെ അംഗീകാരത്തിനുവേണ്ടി കായിക്കര കുമാരു അഥവാ ചിന്ന സ്വാമി (പിന്നീടു് കുമാരനാശാൻ എന്നറിയപ്പെട്ടു) എസ്. എൻ. ഡി. പി. യോഗത്തിന്റെ ബൈലോയുടെ (നിയമാവലിയുടെ) ഡ്രാഫ്ട് വായിക്കുകയാണു്. താഴ്‌ന്ന ജാതിയിലുള്ള ‘ഈഴവ’രുടെ ക്ഷേമത്തിനുവേണ്ടി മാത്രമാണോ എസ്. എൻ. ഡി. പി. യോഗം സംഘടിപ്പിക്കപ്പെടുന്നതു് എന്നു് വായനയിൽ ഇടപെട്ടുകൊണ്ടു് ഗുരു ചോദിച്ചു. കമ്പനിയുടെ (SNDP) രജിസ്ട്രേഷനുവേണ്ടി സംഘടനയുടെ പ്രവൃത്തികൾ കൃത്യമായി രേഖപ്പെടുത്തേണ്ടതു് കമ്പനി ആക്ടനുസരിച്ചു് ആവശ്യമായതുകൊണ്ടാണു് തങ്ങളിതിനു് നിർബന്ധിക്കപ്പെട്ടതെന്നു് കുമാരു വിശദീകരിച്ചു. കുമാരുവിന്റെ വിശദീകരണം ശ്രദ്ധിച്ചശേഷം കുറച്ചുനേരം നിശ്ശബ്ദനായിരുന്ന ഗുരു സാവകാശം അത്ഭുതംകൂറി: ‘ഇന്നു മുതൽ കുമാരുവായിരിക്കട്ടെ നമ്മുടെ ആശാൻ (ടീച്ചർ)’. ഈ സംഭവത്തിനുശേഷമാണു്, കുമാരു കുമാരനാശാനായി അറിയപ്പെടാൻ തുടങ്ങിയതെന്നു് പറയപ്പെടുന്നു’.

ഇത്തരം അവസ്ഥയിൽ ഗുരു ജ്ഞാനത്തിന്റെ സാപേക്ഷതയിലൂടെ അതിനെ മറികടന്നിട്ടുണ്ടാകാം എന്നു് നടരാജഗുരുവിന്റെ ആത്മകഥ വായിച്ചാൽ അറിയാനാകും. ഗാന്ധിയും ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടു്. 1947-ൽ ഇന്ത്യാവിഭജനവും സ്വാതന്ത്ര്യവും യാഥാർത്ഥ്യമായതോടെ ഗാന്ധി തന്റെ ഏറ്റവും അടുത്ത അനുയായികളാൽ വഞ്ചിക്കപ്പെട്ട അനാഥനും തിരസ്കൃതനുമായി മാറി. ഗാന്ധിയെ ഒരർത്ഥത്തിൽ രക്ഷിച്ചതു് വിനായക് നാഥുറാം ഗോഡ്സെയാണു്. അല്ലെങ്കിൽ ഗാന്ധി മരണം വരെ നിരാഹാരമനുഷ്ഠിച്ചു് ആത്മാഹുതി ചെയ്യുമായിരുന്നു.

വാക്കും പ്രവൃത്തിയും, സാമൂഹ്യജീവിതവും വ്യക്തിജീവിതവും രണ്ടല്ലെന്നും എല്ലാം ഒരേ ആത്മീയപ്രതിസന്ധിയുടെ ഭാഗമാണെന്നുമറിയുന്ന എല്ലാ മനുഷ്യരുടെയും അവസ്ഥയാണതു്. അതിനെ ഇങ്ങിനെ സംഗ്രഹിക്കാം: എല്ലാ പ്രവാചകരും പരാജയപ്പെട്ടവരാണു്, സ്ഥൂലമായ അർത്ഥത്തിൽ. സൂക്ഷ്മാർത്ഥത്തിൽ അവരുടെ ജീവിതങ്ങളുടെ ഊർജ്ജമാണു് ധാർമ്മികതയുടെ അതിജീവനത്തിന്നാധാരം. ദാസ് ഗാന്ധിയുടെ ധാർമ്മികതയെപ്പറ്റി സൂചിപ്പിച്ചതുപോലെ.

വാക്കും പ്രവൃത്തിയും ഒന്നായിത്തീരണമെന്നാഗ്രഹിച്ച ദാസിന്റെ ആത്മീയ പ്രതിസന്ധിയും മേല്പറഞ്ഞതായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ മൺമറഞ്ഞ ക്രാന്തദർശികളായ എം. ഗോവിന്ദന്റെ യും സി. ജെ. തോമസിന്റെ യും കൂട്ടത്തിൽ എന്തുകൊണ്ടു് ദാസും കണ്ണിചേർക്കപ്പെടുന്നില്ല!

തന്നിലെ പ്രതിസന്ധിയെ മറികടക്കാൻ ദാസ് ഇരുപത്തിനാലുവയസ്സിനുള്ളിൽ ഒരു നീണ്ട മനുഷ്യായുസ്സിന്റെ പുസ്തകങ്ങൾ വായിച്ചുതീർത്തു. ദർശനങ്ങളിലൂടെ കടന്നുപോയി. ചലച്ചിത്രാവിഷ്കാരങ്ങൾ, ചിത്രകല, നോവലുകൾ, കവിതകൾ,… സംവാദങ്ങളുടെ ഊഷ്മളത നിലനിർത്തി.

ഇതിലൂടെയെല്ലാം അയാൾ വ്യക്തമായി തിരിച്ചറിഞ്ഞതു് എന്തൊക്കെയാണെന്നു് ഓടിച്ചുനോക്കാം. കേരളത്തിന്റെ സാമൂഹ്യതയിൽ നിന്നു് നവോത്ഥാനത്തിന്റെ പിൻമടക്കം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതിദയനീയമായ

images/p-186.png

ജീർണ്ണത, മൂല്യശോഷണം സംഭവിച്ച സാമൂഹ്യപ്രസ്ഥാനങ്ങൾ—രാഷ്ട്രീയ പാർട്ടികൾ, അതിന്റെ ഇടങ്ങളിൽ തഴച്ചുവളരുന്ന ഫാസിസ്റ്റ് സംഘടനയായ ആർ. എസ്സ്. എസ്സ്., അതേ ഫാസിസ്റ്റ് മൂശയിലേയ്ക്കു് വളർന്ന മാർക്സിസ്റ്റ് പാർട്ടി, സി. പി. ഐ. (എം. എൽ.) പോലുള്ള പ്രസ്ഥാനത്തിലെ ഉന്മൂലന സിദ്ധാന്തങ്ങൾ, താൻകൂടി ഭാഗഭാക്കായിപ്പോയ അതിന്റെ ഫലശൂന്യത, അതിൽ നിന്നുണ്ടായ കുറ്റബോധം, ശ്രേണീബദ്ധമായ ജാതി വ്യവസ്ഥ, ഭീകരരൂപിയായിത്തീരുന്ന ദേശീയത, ആഗോളീകരണം… ഇവയെപ്പറ്റിയുള്ള വിശകലനങ്ങളും വിമർശനങ്ങളും സൂചനകളും വിഹ്വലതകളും ദാസിന്റെ എഴുത്തുകളിലുണ്ടു്. വാസ്തവത്തിൽ, ഞാനവയെല്ലാം ദാസിന്റെ ആത്മീയ പ്രതിസന്ധിയുടെ ഉപരിപ്ലവ ഭാവങ്ങളായേ കാണുന്നുള്ളൂ.

ഈയൊരു വേദനിപ്പിക്കുന്ന പ്രതിസന്ധിയുടെ പിടച്ചിലിലാണു് ദാസ് ഒരു കുഞ്ഞിനെപ്പോലെ, നെഞ്ചത്തടിച്ചുകൊണ്ടു് നിലവിളിക്കുന്നതു്: “Keralites are a lost people”. നമ്മളതിനെ വായിച്ചതു് കേരളീയർ ഒരു തോറ്റ ജനതയാണെന്നോ, പരാജയപ്പെട്ട ജനതയാണെന്നോ ആണു്. നാം അതു് അന്നുമുതൽ കൊണ്ടാടുകയും ചെയ്തിട്ടുണ്ടു്. ദാസ് എഴുതുന്നുണ്ടു്: ‘സ്വാതന്ത്ര്യബോധമില്ലായ്മയെക്കാളേറെ ഭീതിയാണു് ഇന്നാട്ടുകാരെ എന്നും ഭരിച്ചിരുന്നതു്. യഥാർത്ഥ ശത്രുവിനെ കാണാൻ എല്ലാവരും മടിക്കുന്നു’. ഈ രണ്ടു് എഴുത്തിലൂടെയും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞതു്, കേരളീയർ ഒരു lost ജനതയെന്നല്ല.

തോൽക്കുന്നതിലും പരാജയപ്പെടുന്നതിലും ഒരു സംഘർഷത്തിന്റെ, യുദ്ധത്തിന്റെ, പ്രതിരോധത്തിന്റെ വാസ്തവികതയുണ്ടു്. എന്നാൽ, ആധുനികകാലത്തു് ഒരു സമൂഹമെന്ന നിലയിൽ കേരളീയർ എന്നാണു്, എവിടെയാണു് അർത്ഥവത്തായ പ്രതിരോധത്തിനു് ശ്രമിച്ചിട്ടുള്ളതു്? “Keralites are a lost people” എന്നതു് കേരളീയർ സ്വയം കീഴടങ്ങിയ ജനതയെന്നു് വായിക്കാനാണു് ഞാനിഷ്ടപ്പെടുന്നതു്. ഒരു പ്രതിരോധവുമില്ലാതെ, സംഘർഷവുമില്ലാതെ ഒരു ജനത യാഥാസ്ഥിതികത്ത്വത്തിന്റെ ജീർണ്ണതകൾക്കു്, ആർത്തികൾക്കു്, വിപ്ലവ വായാടിത്തരങ്ങൾക്കു്, അതിന്റെ വ്യാജനിർമ്മിതികൾക്കു്, ഹിംസകൾക്കു് കീഴ്പെടുകയാണു്. ആത്മാവിന്റെ ഇത്തരം കീഴ്പെടലുകളാണു് ഗാന്ധിയെപ്പോലുള്ളവർ സാമ്പത്തിക, രാഷ്ട്രീയ, കീഴ്പെടലുകളേക്കാൾ ഭയാനകമായി കണ്ടതു്. ‘നമ്മുടെ നാട്ടിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള cultural alienation-ന്റെ ഇരകളാണു് നാമെല്ലാം. ലോജിക്കലായി നോക്കുമ്പോൾ ഭാവിയിൽ വലിയ പ്രതീക്ഷയൊന്നും എനിക്കില്ല… ഒരു പക്ഷേ, എല്ലാ നന്മകളെയും ചവിട്ടി മെതിച്ചുകൊണ്ടു് ഫാസിസത്തിന്റെ/dehumanisation-ന്റെ കനത്ത ബൂട്ടുകൾ മുന്നോട്ടുപോയേയ്ക്കാം…’എന്നു് വെങ്കിടിയ്ക്കുള്ള കത്തിൽ (18/7/81) ദാസ്. പക്ഷേ, ആ കത്തു് അവസാനിക്കുന്നതു്… ‘എങ്കിലും, നിന്റെ സ്നേഹം മാത്രം പ്രതീക്ഷിച്ചു’കൊണ്ടാണു്. സ്നേഹം, കരുണ, ഫാസിസത്തിന്റെ dehumanisation-നെ അതിജീവിക്കുമെന്ന ദുർബ്ബലമെങ്കിലും, ശക്തമായ വാക്കുകളിൽ. ഏതാണ്ടു് നാല്പതു കൊല്ലങ്ങൾക്കു് ശേഷവും ദാസ് എഴുതിയ സചേതനമായ ‘സ്നേഹ’ത്തിലാണു് എന്നെപ്പോലുള്ള വിഡ്ഢികൾ ഭൂമിയുടെ, മനുഷ്യന്റെ, അതിജീവനത്തിന്റെ സ്ഫുലിംഗം കാണുന്നതു്.

സ്വയം കീഴടങ്ങിയ ഒരു ജനതയുടെ ഉണ്മയെ, സ്വത്വബോധത്തെ, അതിനുമേൽ വീണിട്ടുള്ള എല്ലാമാലിന്യങ്ങളും അടർത്തിമാറ്റാൻ, ആത്മവിദ്യതന്നെയാണു് ദാസ് കണ്ടെത്തിയ ഏകവഴി. ദാസിന്റെ എഴുത്തുകളിൽ വ്യവസ്ഥാപിതമായ വിദ്യാഭ്യാസ സംസ്കാരത്തിന്റെ മലം അടിഞ്ഞ ആധുനിക വിദ്യാഭ്യാസത്തെപ്പറ്റി നിരവധി പരാമർശങ്ങളുണ്ടു്. ‘ജനതയിൽ സ്വാതന്ത്ര്യബോധം അങ്കുരിക്കാതിരിക്കത്തക്ക വിധത്തിൽ വളരെ കാപട്യം നിറഞ്ഞ ഒരു പദ്ധതിയാണു് ഈ വ്യവസ്ഥയുടേതു്’… ‘സംസ്കാരത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവർ മനുഷ്യനെ brain wash ചെയ്യുകയാണു് (ഇതെത്ര ഫലവത്താണെന്നതിനു് കോളേജ് വിദ്യാർത്ഥികൾ തന്നെ തെളിവാണല്ലോ. അവരാരും ഈ വ്യവസ്ഥയിൽ താളപ്പിഴ കാണുന്നില്ല’ (പുറം: 86) ‘… വ്യവസ്ഥയുടെ നിലനില്പിനു് ഏറ്റവും സഹായകമായ വിധത്തിലാണു് ഇവിടത്തെ വിദ്യാഭ്യാസ വ്യവസ്ഥയ്ക്കും രൂപം കൊടുത്തിരിയ്ക്കുന്നതു്. നമ്മുടെ സിലബസ്സും പരീക്ഷാസമ്പ്രദായവും ക്ലാസ്സ് മുറികളും ഉദ്യോഗസാധ്യതകളും ഒക്കെ ഇക്കാര്യം വെളിവാക്കുന്നു. ഒരു തരം വന്ധ്യംകരണം. ക്ലാസ്സ് മുറിയുടെ മനം പുരട്ടുന്ന അന്തരീക്ഷം തന്നെ പൊതുവെ എല്ലായിടത്തും’ (പുറം: 94). ‘എന്തുകൊണ്ടു് ഇവിടുത്തെ വിദ്യാലയങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുന്നില്ല? താല്ക്കാലിക ആവശ്യങ്ങൾക്കപ്പുറം ഒരു സമരവും എത്തി നോക്കുന്നില്ല?’ (പുറം: 95). ‘ഈ പതിനാലുകൊല്ലം ക്ലാസ്സ് മുറിയ്ക്കുള്ളിൽ കഴിച്ച നേരം മറ്റെന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഇതിനേക്കാൾ അറിവു നേടാമായിരുന്നു’ (പുറം: 79). ഈ നിശിതമായ വിമർശനവും ഈ വ്യവസ്ഥ പൊതുസമൂഹത്തിലുണ്ടാക്കിയിട്ടുള്ള ആത്മീയ മലിനീകരണവും പൌലോ ഫ്രെയറും ഇവാൻ ഇല്ലിച്ചും ഗാന്ധിയുമൊക്കെ മുന്നോട്ടുവെച്ച സ്കൂൾ തിരസ്കാരത്തിന്റെ തുടർച്ച തന്നെയാണു്.

ഇത്രയും കടുത്ത വിമർശനം നടത്തി, നമ്മളൊക്കെ ചെയ്യുന്നതുപോലെ അതേ വിദ്യാഭ്യാസ വ്യവസ്ഥയുടെ ഭാഗമായി പറ്റിക്കൂടുകയല്ല ദാസ് ചെയ്തതു്. ‘കോളേജ് വിദ്യാഭ്യാസം ഞാൻ മുഴുവനായി ഉപേക്ഷിച്ചു. പരീക്ഷയെഴുതി ഡിഗ്രിനേടാനോ അതുവഴി എന്തെങ്കിലും ജോലിസമ്പാദിക്കാനോ ഉള്ള പരിപാടി പൂർണ്ണമായും ഉപേക്ഷിച്ചു. ഒരു കമ്മ്യുണിസ്റ്റായി പ്രവർത്തിക്കാനാണു് അടുത്ത പരിപാടി. ഏറ്റവും ബുദ്ധിമുട്ടുപിടിച്ച പ്രശ്നമാണിതു്’. ബ്രഹ്മപുത്രനുള്ള കത്തിൽ (പുറം: 120). അദ്ധ്വാനിക്കുന്നവരുടെ ഇടയിൽ ജീവിച്ചു് അവരുടെ മാനസികഘടനയിലെത്താനുള്ള തന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെപ്പറ്റി ദാസ് തുറന്നു് പറയുന്നു. അതല്പം കാല്പനികമായി തോന്നാം.

ഒരു തൊഴിലാളിയായി തോട്ടം മേഖലയിലും ക്വാറികളിലും പണിയെടുക്കുന്നു ദാസ്. വാക്കും പ്രവർത്തിയും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഭയാനകവും അസത്യജടിലവുമായ അന്തരം ഇല്ലാതാക്കാൻ അയാൾ ഒരു തൊഴിലാളിയായി സ്വയം പുനഃസൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും തന്റെ ആത്മീയ പ്രതിസന്ധി മറികടക്കാൻ അയാൾക്കു് കഴിഞ്ഞില്ല. ഗാന്ധി ഈ സന്ദർഭത്തിൽ വ്യവസ്ഥിതിയ്ക്കെതിരെ (ആധുനിക മുതലാളിത്ത നാഗരികതയ്ക്കെതിരെ) സത്യാഗ്രഹത്തിലേർപ്പെട്ടു. ഗാന്ധിയിലിതു് പ്രതിരോധവും പുനഃസൃഷ്ടിയുമായി (ഗാന്ധിയുടെ രചനാത്മക പദ്ധതികൾ) ഒരേ സമയം മാറുന്നുണ്ടു്. ഗാന്ധി ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും നടത്തിയ സത്യാഗ്രഹ സമരങ്ങളിലെല്ലാം രചനാത്മകപ്രവർത്തനങ്ങളും ഉൾപ്പെട്ടിരുന്നു. ഫീനിക്സ് സെറ്റിൽമെന്റ്, ടോൾസ്റ്റോയി ഫാം, സബർമതി ആശ്രമം, വാർധ, എന്നീ ലാബറട്ടറികളിൽ സ്ഫുടം ചെയ്തെടുത്ത ബദൽ ജീവിത മാതൃകകളാണു് ഗാന്ധിയൻ സത്യാഗ്രഹ സമരങ്ങളെ അന്യൂനമാക്കുന്നതു്. അവയില്ലെങ്കിൽ ഗാന്ധിയുടെ സമരങ്ങൾ പക്ഷാഘാതം സംഭവിച്ച ശരീരം പോലെയാണു്. ഗാന്ധിയുടെ അഹിംസ സചേതനമാകുന്നതു് ഇങ്ങനെയാണു്. 1946-നു ശേഷം ഗാന്ധിപോലും അനാഥനായി: “Indians are a lost people”എന്നുള്ള തന്റെ പഴയ ബോധ്യം നിരന്തരം മന്ത്രിച്ചിട്ടുണ്ടാകണം.

ദാസ് സമ്മതിക്കുന്നു: ‘അവനവനോടുതന്നെ നീതിപുലർത്തണമെങ്കിൽ, ഇവിടെ ജീവിയ്ക്കുന്ന ഓരോ നിമിഷവും അത്രയേറെ വേദനിപ്പിക്കുന്നതും സ്വന്തം നിഷ്ക്രിയത്വത്തെ കുത്തിനോവിപ്പിക്കുന്നതുമാണു്. സ്വന്തം പ്രവൃത്തിയെന്തെന്നു് എനിക്കു് കണ്ടെത്താനായിട്ടില്ല…’ (9/4/1977) ‘എന്തെങ്കിലും ചെയ്യാനാവും എന്ന പ്രതീക്ഷയാണു് ജീവിപ്പിക്കുന്ന’തെന്നു് അതേ കത്തിലുണ്ടു്.

‘പൊള്ളത്തരം മുഴുവൻ അറിഞ്ഞിട്ടും ഇവിടെ ജീവിക്കേണ്ടി വരുമ്പോൾ താങ്കൾ എന്താണു് ചെയ്യുക?’ ബ്രഹ്മപുത്രനോടു് ദാസ് ചോദിക്കുന്നതു് അയാളോടു തന്നെയാണു്… നഗ്നമായ ആത്മീയതയുടെ വിഭ്രാന്തിയിൽ ദാസ് ഭൂമിയിൽ നിന്നും സ്വയം അപ്രത്യക്ഷനാവുന്നു. തന്റെ ആത്മീയവേദനയുടെ പിടച്ചിലിനു് തല്ക്കാല വിരാമമിട്ടുകൊണ്ടു്…

images/p-087.png

പക്ഷേ, അയാളറിയുന്നില്ല അതേ ആത്മീയവേദനയുടെ പിടച്ചിലിൽ ഇന്നും, എന്നും തീ തിന്നുന്ന മനുഷ്യരുണ്ടാവും. തനിക്കു ചുറ്റും നരകയാതന അനുഭവിക്കുന്ന അമ്മമാരെയും സഹോദരങ്ങളെയും ഓർത്തു്. വേദനിക്കുന്ന മനുഷ്യവംശത്തെ ഓർത്തു്…

അതിജീവനത്തിന്റെ ഭീഷണി നേരിടുന്ന ജീവനെയും ഭൂമിയെയും ഓർത്തു്…

കെ. ജി. സുബ്രഹ്മണ്യദാസ് (1958–1982)

1958-ൽ തൃശൂർ ജില്ലയിൽ പെരിഞ്ഞനത്തു് ജനിച്ചു. കൂടക്കര ഗോപാലകൃഷ്ണൻ-പാർവതി എന്നിവരുടെ ഏകമകൻ. അച്ഛൻ, സ്വയം വിശേഷിപ്പിക്കാറുള്ളതു പോലെ ജവാനായിരുന്നു. അമ്മ എ. എം. എൽ. പി. സ്കൂളിൽ അദ്ധ്യാപികയായിരുന്നു. ദാസ് ആദ്യം അവിടേയും പിന്നീടു് ആർ. എം. ഹൈസ്കൂൾ, ക്രൈസ്റ്റ് കോളേജ് (ബി. എസ്സി. കെമിസ്റ്റ്രി). 1978-ൽ സി. പി. ഐ. (എം. എൽ.) പാർട്ടിയിൽ ചേർന്നു. 1981-ൽ വയനാടു ജില്ലാ സെക്രട്ടറിയായിരിയ്ക്കെ പാർട്ടിയിൽ നിന്നും പോന്നു. 1982-വരെ സജീവമായ വായനയും എഴുത്തും.

കെ. അരവിന്ദാക്ഷൻ
images/aravindakshan.jpg

മലയാളത്തിലെ ഒരു എഴുത്തുകാരനാണു് കെ. അരവിന്ദാക്ഷൻ.

Colophon

Title: Athmavedhanayude Pidachil (ml: ആത്മവേദനയുടെ പിടച്ചിൽ).

Author(s): K. Aravindakshan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-09.

Deafult language: ml, Malayalam.

Keywords: K. Aravindakshan, Athmavedhanayude Pidachil, Article, ആത്മവേദനയുടെ പിടച്ചിൽ, കെ. അരവിന്ദാക്ഷൻ, Open Access Publishing, Malayalalm, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Evening @ Paye Meadows – Kagan Valley – Pakistan, a photograph by Waqas Afzal . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.