കടലിനോടു ചേർന്നു കിടക്കുന്ന നഗരത്തിലെ പൗരാണിക കെട്ടിടങ്ങളെക്കുറിച്ചു് അന്വേഷിക്കുന്ന ഒരു ഫ്രീലാൻസറാണു് മൈഥിലി ശർമ്മ. അവളുടെ മുത്തച്ഛൻ പാർത്ഥശരൺ ശർമ്മ ഒരു ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഉറുദുവിൽ മനോഹരമായി കവിത എഴുതുമായിരുന്നു. മുത്തശ്ശി പത്മ, ചിത്രകാരിയും.
വീഭജന കാലത്തു് ലാഹോറിൽ നിന്നും സ്നേഹിതൻ, ഖാൻ ചൗധരിയുടെ പഴയ കാറിൽ കുടുംബവുമായി പുറപ്പെട്ട ശർമ്മയുടെ രണ്ടു് പെൺമക്കളും ഭാര്യ പത്മയും പാതിവഴിയിൽ നിഷ്ഠുരമായി കൊല്ലപ്പെട്ടു. മൂന്നു വയസ്സുകാരിയായ മൂന്നാമത്തെ പെൺകുട്ടി ശർമ്മിളയുമായി പാർത്ഥശരൺ നടന്നും കാളവണ്ടിയിലും ദിവസങ്ങൾക്കുശേഷം ഡൽഹിയിലെത്തി. റെയിൽവേയിൽ ബുക്കിംഗ് ക്ലർക്കായി ജോലിയിൽ ചേർന്ന ശർമ്മ പിന്നീടൊരിക്കലും കവിതകൾ എഴുതിയില്ല. അതിനെപ്പറ്റി മകൾ ശർമ്മിള ചോദിക്കുമ്പോൾ ശർമ്മ വിഷാദച്ഛായയിൽ മുങ്ങിയ ചിരിയിൽ പറയുമായിരുന്നു:
‘നിന്റമ്മയ്ക്കും രണ്ടു് സഹോദരിമാർക്കുമൊപ്പം എന്റെ കവിതയും അവർ എന്റെ ഹൃദയത്തിൽ നിന്നും വെട്ടിയെടുത്തു. കൊത്തിനുറുക്കി തീയിട്ടു. ഗോതമ്പുവയലുകളിലേക്കു് വലിച്ചെറിഞ്ഞു. ഉറക്കം വരാത്ത രാത്രികളിൽ നിന്റമ്മയുടെയും സഹോദരിമാരുടെയും ചോരകളിൽ നിന്നു് കവിതയുടെ നനഞ്ഞ ഗോതമ്പുമണികൾ പൊട്ടിക്കിളിർത്തു് മുളയ്ക്കുന്നതു് കനത്ത നിശബ്ദതയിൽ ഞാൻ കേൾക്കാറുണ്ടു്. ഇല വിരിയാൻ ഞാൻ അനുവദിക്കാറില്ല.’
പഴയ ഡയറിയിൽ നിന്നാണു് ശർമ്മിളയ്ക്കു് കവിതകൾ കിട്ടിയതെന്നറിഞ്ഞ പാർത്ഥശരൺ മകളെ നിർബന്ധിക്കുമായിരുന്നു. ‘മോളെ, നീയതെല്ലാം അടുപ്പിലിട്ടു് കത്തിക്കു്. ഒരു റൊട്ടിയെങ്കിലും ചുട്ടെടുക്കാം.’
മൈഥിലിയുടെ അമ്മ ശർമ്മിള ആ ഡയറികൾ മൈഥിലിക്കു് മുത്തച്ഛന്റെ ഒസ്യത്തായി കൈമാറി. അങ്ങിനെയാണു് മൈഥിലി സ്കൂളിൽ രണ്ടാം ഭാഷയായി ഉറുദു തെരഞ്ഞെടുത്തതു്. മുത്തച്ഛൻ എതിരു് പറഞ്ഞില്ല. തന്റെ ചോരയിൽ അലിഞ്ഞുചേർന്ന ഭാഷയെ പേരക്കുട്ടിയിൽ നിന്നും അരിഞ്ഞു മാറ്റുവാൻ, ഒരു പക്ഷേ പാർത്ഥശരൺ ശർമ്മയ്ക്കു് കഴിയുമായിരുന്നില്ല. മരിക്കുന്നതിനു് ഒരാഴ്ച്ച മുൻപു് താൻ ഉറുദുവിലെഴുതിയ കവിതയുമായി മൈഥിലി മുത്തച്ഛന്റെ ചാരുകസേരയ്ക്കരികിലെത്തി. അന്നവൾക്കു് പതിനഞ്ചു് വയസ്സാണു്. പത്താം ക്ലാസ്സിൽ പഠിക്കുന്നു. കവിത വായിച്ച മുത്തച്ഛൻ അവളെ ചേർത്തു പിടിച്ചു. അയാൾക്കു് നിയന്ത്രിക്കാനായില്ല. അയാളുടെ കണ്ണിൽ നിന്നും ചോരയൊഴുകി. വരണ്ട ഗോതമ്പു പാടങ്ങളെ നനച്ച അതേ ചോര.
മൈഥിലി പിന്നീടൊരിക്കലും കവിതയെഴുതിയില്ല. കവിത ഉള്ളിൽ നാമ്പിടുമ്പോഴെല്ലാം അവൾ അവ നിഷ്കരുണം പിഴുതെടുത്തു് ജനലിലൂടെ ചുഴറ്റിയെറിഞ്ഞു. പത്താം ക്ലാസ്സിനു ശേഷം അവൾ ഉറുദു പഠനവും ഉപേക്ഷിച്ചു. കോളേജധ്യാപകരായ മൈഥിലിയുടെ അമ്മ ശർമ്മിളയും അച്ഛൻ നിർമ്മലും അതേക്കുറിച്ചു് യാതൊന്നും ചോദിച്ചില്ല.
വല്ലപ്പോഴും തെരുവുകളിൽ നിന്നും ഉറുദു വാക്കുകൾ ചെവിയിൽ വീഴുമ്പോൾ അവൾ അറിയാതെ നിന്നു പോകും. വരണ്ട ഗോതമ്പു് വയലിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മുത്തശ്ശിയെയും അമ്മായിമാരെയും ഓർക്കും.
മുത്തശ്ശിയുടെ അതേ മുഖമാണു് അവൾക്കെന്നു് മുത്തച്ഛൻ ഓർമ്മിപ്പിച്ചതോടെ ആ മുഖം കാണുവാൻ അവൾക്കു് കൊതിയാവും. മുത്തച്ഛന്റെ കൈവശം മുത്തശ്ശിയുടെയോ, അമ്മായിമാരുടെയോ ഒരു ഫോട്ടോപോലും ഉണ്ടായിരുന്നില്ല. എല്ലാം ഗോതമ്പുവയലിൽ നഷ്ടപ്പെട്ടു ആ ഗോതമ്പുവയൽ ഏതു് ഗ്രാമത്തിലാണെന്നു് ഒരിക്കൽ മൈഥിലി മുത്തച്ഛനോടു് തിരക്കി. നെഞ്ചമർത്തി മുത്തച്ഛൻ വിങ്ങിപ്പൊട്ടി. കുട്ടിയായിരുന്ന അവളെ അമ്മ മുത്തച്ഛനിൽ നിന്നും അടർത്തിമാറ്റി. പിന്നീടവൾ അത്തരം ചോദ്യങ്ങൾ ആവർത്തിച്ചില്ല. ഒരു ജേർണലിസ്റ്റായി മൈഥിലി ലാഹോറിലേക്കും, തിരിച്ചു് ഡൽഹിയിലേക്കും നാലഞ്ചു് തവണ യാത്ര ചെയ്തിട്ടുണ്ടു്. ബസ്സിലും, തീവണ്ടിയിലും. ഇരുവശങ്ങളിലും ഒഴിഞ്ഞതും നിറഞ്ഞതുമായ വയലുകൾ കണ്ടിട്ടുണ്ടു്. ആ സ്ഥലകാലവിസ്തൃതികളിൽ എവിടെയെങ്കിലുമാവാം ആ ഗോതമ്പുവയലുകൾ. അവൾ ആശ്വസിക്കും.
പൗരാണികമായിത്തീർന്ന ഉറുദുവിനു് പകരമായി മൈഥിലി പുരാതനമായ കെട്ടിടങ്ങളെ സ്നേഹിക്കാൻ തുടങ്ങി. അവയുടെ മൃതാവസ്ഥകൾ തേടി അവൾ യാത്ര ചെയ്തു. അങ്ങനെയാണവൾ നഗരത്തിലെത്തിയതു്. നഗരത്തിൽ ശൈത്യകാലമാണു്. ഫുട്പാത്തുകളിൽ ഭിക്ഷക്കാർ ഉണർന്നിട്ടില്ല. കടകളുടെ ഷട്ടർ തുറക്കുന്ന ജോലിക്കാർ അവരെ തെറി പറഞ്ഞു് ഓടിക്കുന്നുണ്ടായിരുന്നു. വഴിയോരത്തെ തട്ടുകടയിൽ നിന്നു് ചായ കുടിക്കാനായി മൈഥിലി ടാക്സി നിർത്തി. കൂലിത്തൊഴിലാളികളുടേതായ ചെറിയ ആൾക്കൂട്ടം അവരെ കണ്ടപ്പോൾ ഒതുങ്ങി മാറിനിന്നു. ചായ കുടിക്കുന്നതിനിടയിൽ അവൾ അവരിലൊരാളുമായി സംഭാഷണം ആരംഭിച്ചു. പ്രായം ചെന്ന അയാളുടെ കൈവിരലുകൾക്കുള്ളിൽ ചായ ഗ്ലാസ് വിറച്ചു. അയാളുടെ വായിൽനിന്നും ആവി പുറത്തേക്കു് തള്ളി.
സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന പൗരാണിക കെട്ടിടത്തിലേക്കുള്ള വഴിയാണു് അവൾ ചോദിച്ചതു്. അവിടേക്കുള്ള അടയാളങ്ങൾ പറഞ്ഞുകൊടുക്കുന്നതോടൊപ്പം കെട്ടിടത്തെപ്പറ്റി അയാൾക്കുണ്ടായിരുന്ന ധാരണകൾ കൂടി പങ്കിട്ടു. അയാൾ അവളെ തിരുത്തി: ‘അനിയത്തീ, അതു് ഒറ്റക്കെട്ടിടമല്ല. നാലഞ്ചു് കെട്ടിടങ്ങളുടെ കൂട്ടമാണു്. ഒന്നിൽ നിന്നു് മറ്റൊന്നിലേക്കു് കടക്കാനുള്ള സൂത്രവഴികൾ മുകളിലും താഴെയുമുണ്ടു്. വൈകീട്ടു് ആറുമണിക്കുശേഷം ആരും ആ ഭാഗത്തേക്കു് പോകാറില്ല. പിടിച്ചുപറിക്കാരുടെയും, വേശ്യകളുടെയും കേന്ദ്രമായിരുന്നു അതു്. രാത്രിയോടെ അവരും മടങ്ങും. ഇരുട്ടു് കനക്കുന്നതോടെ അവിടം പ്രേതങ്ങളുടെ കളിസ്ഥലമായി മാറും. അതിനടുത്തു് വലിയവരുടെ വീടുകളില്ല. ഒരു രണ്ടു് ഫർലോങ് മാറി ചേരികളാണു്. ഞാൻ വാടകയ്ക്കു് താമസിക്കുന്നതു് അവിടെ ഒരു കുടിലിലാണു്. രാത്രികളിൽ മിക്കപ്പോഴും കടലിൽ നിന്നുള്ള ഉപ്പുകാറ്റിൽ അലർച്ചകളും അട്ടഹാസങ്ങളും നിലവിളികളും തേങ്ങലുകളും മുറുമുറുപ്പുകളും കേൾക്കാം. അമ്മമാർ കരയുന്ന കുഞ്ഞുങ്ങളെ അവിടേക്കു് ചൂണ്ടി പേടിപ്പിച്ചു് ഉറക്കാറുണ്ടു്.
അടുത്തകാലത്താണു് അവിടെ കാവൽ ഏർപ്പെടുത്തിയതു്. മരണത്തിന്റെ വാൾമുനയിലാണു് അവരുടെ ജീവൻ. എന്തിനാണു് മനുഷ്യർ ഇത്തരം പണികൾ ഏറ്റെടുക്കുന്നതു്? പട്ടിണികിടന്നു് മരിച്ചാലും അവിടെ കാവൽക്കാരനായി ഞാൻ പോകില്ല.
മാഡത്തിന്നറിയാമോ, ഒരു വർഷത്തിനിടയിൽ രണ്ടു് കാവൽക്കാരാണു് കൊല്ലപ്പെട്ടതു്. ഒരാളിന്റെ ശവം കടലിലെ പാറയിടുക്കിൽനിന്നാണു് കിട്ടിയതു്. കൂർത്ത നഖങ്ങൾ താഴ്‌ന്നിറങ്ങിയ പാടുകൾ അയാളുടെ കഴുത്തിലുണ്ടായിരുന്നു. കറുത്തു് കുറ്റിയാനായ ഒരുത്തൻ. നാലഞ്ചുപേരെ ഒറ്റയ്ക്കു് നേരിടാനുള്ള ശക്തിയുണ്ടായിട്ടും അയാൾ കൊല്ലപ്പെട്ടു. ഒരു തുമ്പും പോലീസിനു് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടാമത്തെ ശവത്തിന്റെ കണ്ണുകൾ ചൂഴ്‌ന്നെടുത്തിട്ടുണ്ടായിരുന്നു. നാക്കു് പിഴുതെടുത്തിട്ടുണ്ടായിരുന്നു. പുതിയവന്റെ ഗതി എന്തോ!’
അയാൾ പറഞ്ഞു് നിർത്തി. അവളുടെ മുഖത്തേക്കു് നോക്കി. മൈഥിലിയുടെ മുഖത്തു് ഭാവഭേദങ്ങൾ ഒന്നും കാണാതായതോടെ വൃദ്ധൻ കഥ പറച്ചിൽ നിർത്തി. മടിയിൽനിന്നു് തമ്പാക്കെടുത്തു് ഇടതു കൈവെള്ളയിലിട്ടു് വലതു തള്ളവിരലാൽ ഞെരടി വായിലേക്കിട്ടു. വൃദ്ധന്റെ ചായപ്പൈസ കൂടി കൊടുത്തു് അവൾ യാത്ര തുടർന്നു: അയാൾ വേണ്ടെന്നു് നിർബന്ധിച്ചിട്ടും.
ഗേറ്റിന്റെ ഇടതുവശത്തോടു ചേർന്ന കാവൽപ്പുരയിൽ നിന്നും മങ്ങിയ വെളിച്ചം മഞ്ഞിന്റെ മെലിഞ്ഞ ശരീരത്തിലേക്കു് പതിക്കുന്നുണ്ടു്. മഞ്ഞിന്റെ ശരീരം ശവച്ഛായയിലേക്കു് മാറുന്നു. അങ്ങനെയൊന്നു് അവൾ ആദ്യമായാണു് നിരീക്ഷിക്കുന്നതു്. അപ്പോൾതന്നെ അവൾ സ്വയം സമാധാനിപ്പിച്ചു. കടന്നുപോയ എത്ര നിമിഷത്തെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ടു്? അതിലൂടെ കാലത്തിന്റെ നീണ്ട കാലിഡോസ്കോപ്പിലൂടെ മിന്നി മായുന്ന വികാരങ്ങളുടെ നിറങ്ങളെ? വിചാരങ്ങളുടെ നിറഭേദങ്ങളെ? വസ്തുക്കളുടെ ബഹുമുഖതലങ്ങളെ? ഏറിയാൽ ഒരു ദ്വിമാന കാഴ്ച്ചയാണു് എന്റേതു്. എന്തിനും ത്രിമാനങ്ങളും, ചതുർമാനങ്ങളും… ഉണ്ടെന്നതു് മറന്നു പോകുന്നു.
സ്റ്റീഫൻ ഹോക്കിങ്സിനു് ഒന്നിന്റെ പതിനെട്ടു് മാനങ്ങൾ ഒരേ നിമിഷത്തിൽ കാണാൻ കഴിഞ്ഞിരുന്നുവെന്നതു് വായിച്ചശേഷമാണു് അവളീ വഴി ചിന്തിക്കാൻ തുടങ്ങിയതു്. ഓടാമ്പലിന്റെ തടിച്ച നാക്കു് ഗേറ്റിന്റെ ഇരുമ്പഴിയിൽ മുട്ടിച്ചു് മൈഥിലി തന്റെ സാന്നിദ്ധ്യം അറിയിച്ചു. അവൾ കരുതിയതിലും ഭാരമുണ്ടായിരുന്നു ഓടാമ്പലിനു്. അതുകൊണ്ടു് ശബ്ദത്തിനും കനത്ത ഭാരമുണ്ടായിരുന്നു. തുരുമ്പിൽ വിറയ്ക്കുന്ന പ്രകമ്പനം.
മഞ്ഞിന്റെ ശരീരം തുളച്ചു് കാവൽക്കാരൻ പുറത്തെത്തി. അയാളുടെ പുഞ്ചിരി തിളങ്ങി. അയാളുടെ ഗുഡ്മോർണിംഗ് ഒരു സ്ത്രീയുടേതുപോലെയായിരുന്നു. ചില പൗരുഷങ്ങൾക്കു് അവർക്കു് ഒട്ടും യോജിക്കാത്ത ശബ്ദങ്ങളാണു്. ഗേറ്റിന്റെ ഇടതുഭാഗത്തെ ഒരാൾക്കുമാത്രം കടക്കാവുന്ന ചെറിയ വാതിൽ തുറന്നു അയാൾ. നൂറ്റിയറുപത്തിയഞ്ചു് സെൻറീമീറ്റർ മാത്രം ഉയരമുള്ള അവൾക്കുപോലും തല താഴ്ത്തേണ്ടി വന്നു അകത്തു് പ്രവേശിക്കാൻ. മൈഥിലി ഹാൻഡ് ബാഗ് തുറന്നു. ഐ. ഡി. കാർഡ് പുറത്തെടുക്കുന്നതിനു മുൻപേ അയാൾ പറഞ്ഞു.
‘താങ്കൾ ഇന്നെത്തുമെന്നു് മാഡം ഇന്നലെ വൈകീട്ടു് പറയുകയുണ്ടായി. തണുപ്പു് കാരണം താങ്കൾ നേരത്തെയെത്തുമെന്നു് പ്രതീക്ഷിച്ചില്ല.’
കാവൽക്കാരൻ മുമ്പിലും അവൾ പിറകിലുമായി നടന്നു. ഏതാണ്ടു് ആറരയടി ഉയരവും അതിനൊത്ത തടിയുമുള്ള അയാൾക്കു് നാൽപ്പത്തിയഞ്ചു് വയസ്സിൽ കൂടുതലില്ല. സൈന്യത്തിൽനിന്നും വിടുതലെടുത്തശേഷമായിരിക്കാം സെക്യൂരിറ്റി ഗാർഡായതു്. ഓഫീസിലേക്കുള്ള വഴിയിൽ പാഴിലകളാണു്. അവ നിരന്തരം ഉറക്കെ പിറുപിറുക്കുന്നുണ്ടു്. കാവൽക്കാരൻ പെട്ടെന്നു് നിന്നു. അവളുടെ നേരെ തിരിഞ്ഞു നിന്നു:
‘അണലിയാണു്. പാവം. മണി പത്തായെന്നു് അറിഞ്ഞു കാണില്ല. ഇവിടെ ധാരാളം പാമ്പുകളുണ്ടു്. പക്ഷേ ആരെയും കടിച്ചതായി കേട്ടിട്ടില്ല. ഇങ്ങോട്ടുപദ്രവിക്കാതെ മനുഷ്യനൊഴികെ മറ്റൊരു ജീവിയും അങ്ങോട്ടു് ഉപദ്രവിക്കാറില്ല.’
ശരിയല്ലേയെന്നു് ചോദിക്കും മട്ടിൽ അയാൾ ഒന്നു് നിന്നു് തിരിഞ്ഞുനോക്കി, യാത്ര തുടർന്നു. ‘മാഡം ശ്രദ്ധിക്കണം. നഗര ഗന്ധത്തിൽ അവറ്റ ചിലപ്പോൾ തങ്ങളുടെ ശത്രുവിനെ കണ്ടേയ്ക്കാം.’
അതും പറഞ്ഞു് അയാൾ ചിരിക്കുന്നതു് പിറകിൽ നിന്നു് അവൾ കണ്ടു. ഇരുനൂറു് മീറ്റർ പിന്നിട്ടപ്പോൾ, ഒരു ചെറിയ കെട്ടിടത്തിന്റെ ആകൃതി മഞ്ഞിൽ തെളിഞ്ഞു. അയാൾ വിശദീകരിച്ചു.
‘ആർക്കിയോളജി വകുപ്പു് ഏറ്റെടുത്ത ശേഷം നിർമ്മിച്ചതാണു്.’
മൈഥിലിയേക്കാൾ അഞ്ചു് വയസ്സു് കൂടുതൽ പ്രായം തോന്നിക്കുന്ന കുലീനയായ ഒരു സ്ത്രീ അവളെ സ്വീകരിക്കാനെത്തി. വൃത്തിയുള്ള ഓഫീസു് മുറി. ഒഴിഞ്ഞ മേശമേൽ ഒരു ചെറിയ ബുദ്ധൻ.
‘എന്റെ പേർ ലൈല ബറുവ.’
ഒറ്റ നോട്ടത്തിൽതന്നെ അവർ വടക്കുകിഴക്കൻ മേഖലകളിൽനിന്നാണെന്നു് അറിയാം. അവരുടെ മുഖഭാഷ അത്രമേൽ വെളിപ്പെടുത്തിയിരുന്നു അവരുടെ മംഗോളിയൻ ജീൻ. എങ്കിലും പേരിന്റെ അസാധരണത്തം മൈഥിലിയിൽ കൗതുകമുണർത്തി. ലൈല ബറുവ അതു് പരിഹരിച്ചു. ‘എഴുപത്തിയൊന്നിലെ വിമോചനയുദ്ധത്തിൽ ഞങ്ങളുടെ കുടുംബം ആസ്സാമിലേക്കു് അഭയാർത്ഥികളായി പലായനം ചെയ്തതാണു്. പാക്കിസ്ഥാനി പട്ടാളക്കാർ മുത്തശ്ശിയെയും മുത്തച്ഛനെയും എന്റച്ഛനെയും അഞ്ചും ആറും വയസ്സുള്ള എന്റെ മൂത്ത രണ്ടു് സഹോദരങ്ങളെയും കൊലപ്പെടുത്തി പത്മയിലെറിഞ്ഞു. അമ്മയും ഞാനും മാത്രമാണു് രക്ഷപ്പെട്ടതു്.’
ആദ്യമായി കാണുന്ന ഒരു സന്ദർശകയോടു് ജീവിതം സംഗ്രഹിച്ചതു് അനുചിതമായിപ്പോയെന്നു് ലൈലക്കു് തോന്നി. അവർ നിശബ്ദയായി.
മുറിയുടെ മൂലയിൽ വെച്ചിരുന്ന പെഡസ്റ്റൽ ഫാൻ തേങ്ങിക്കൊണ്ടിരിക്കുന്നു.
അന്തരീക്ഷം ലാഘവമാക്കാൻ മൈഥിലി അവളുടെ ജീവിതത്തിന്റെ ഒരു കിളിവാതിൽ തുറന്നിട്ടു. ‘ലൈലാ, നിങ്ങളെ കണ്ട നിമിഷം എനിക്കു് നിങ്ങളുമായി എന്തെന്നില്ലാത്ത അടുപ്പമുള്ളതായി തോന്നി. പൂർവ്വജന്മ തുടർച്ചപോലെ. നാല്പത്തിയേഴിലെ വിഭജനത്തിന്റെ അഭയാർത്ഥികളായിരുന്നു ഞങ്ങളുടെ കുടുംബവും. അന്നു് ഡൽഹിയിലേക്കു് രക്ഷപ്പെട്ട മുത്തച്ഛന്റെ പേരക്കുട്ടിയാണു് ഞാൻ.’
ലൈല ബറുവ വീണ്ടും സുസ്മേരയായി. ‘ഒരു കണക്കിനു് നോക്കിയാൽ ഭൂമിയിലെ മനുഷ്യരെല്ലാം കുടിയേറ്റക്കാരും അഭയാർത്ഥികളുമല്ലേ? പ്രകൃതിയുടെ മാറ്റങ്ങളിലൂടെയും മനുഷ്യന്റെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളിലൂടെയും കടന്നു് പോകുന്നവർ.’
മൈഥിലി ശരിവെച്ചു.
‘പ്രകൃതിയെ വെറുതെ വിടുക: ജീവന്റെ പരിണാമത്തിനു് ലക്ഷ്യമേതുമില്ല. അങ്ങിനെയല്ലല്ലോ. ബോധമുള്ള മനുഷ്യൻ! എന്തിനുവേണ്ടിയാണു് മനുഷ്യരിങ്ങനെ പരസ്പരം വെട്ടിച്ചാവുന്നതെന്നും സ്വന്തം സഹോദരങ്ങളെ കാണാക്കടലുകളിലേക്കു് ആട്ടിയോടിക്കുന്നതെന്നും ഞാൻ ചിന്തിക്കാറുണ്ടു്… ഒന്നും അവസാനിക്കുന്നില്ല.’
ലൈല തിരുത്തി:
‘ആരും ഒന്നും അവസാനിപ്പിക്കുന്നില്ല! കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ തയ്യാറാക്കിയ പൗരത്വ പട്ടികയിൽ എന്റെ ഭർത്താവു് താരുൺ ബറുവയും ഞാനും ഉൾപ്പെട്ടിട്ടുണ്ടു്. പക്ഷേ, എന്റമ്മയും താരുണിന്റെ മാതാപിതാക്കളും പൗരന്മാരല്ല, പട്ടിക പ്രകാരം. കോടതി സഹായത്തിനെത്തിയില്ലെങ്കിൽ അവർ പോലീസ് പിടിയിലാകും. പിന്നെ ഏതെങ്കിലും തടങ്കൽ പാളയത്തിൽ.’
മൈഥിലി അവളെ സമാധാനിപ്പിച്ചു.
‘ദൈവകൃപയാൽ അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ!’
ലൈല നിരുത്സാഹിയായി:
‘മനുഷ്യന്റെ ചെയ്തികൾക്കു് ദൈവം എന്തിനുത്തരം പറയണം?’
വിഷയം മാറ്റാനെന്നോണം ലൈല സ്റ്റീൽ ഫ്ലാസ്കിൽ നിന്നു് ചായ പകർന്നു മൈഥിലിക്കു് നീട്ടി. ‘ആസ്സാമിലെ ഏറ്റവും മുന്തിയ തേയിലത്തോട്ടത്തിൽ നിന്നുള്ള ചായപ്പൊടികൊണ്ടു് കൂട്ടിയതാണു്.’ മൈഥിലി ചായ കുടിക്കുന്നതിനിടയിൽ പരസ്യവാചകം പോലെ ‘ചായയ്ക്കു് നറുമണവും രുചിയുമുണ്ടു്. ഭാഗ്യത്തിനു് ചോരയുടെ ചവർപ്പില്ല.’
മൈഥിലി കസേരയിൽ നിന്നെണീറ്റു് ഓടിച്ചെന്നു് ലൈലയുടെ കഴുത്തിൽ കൈ കോർത്തു. നിമിഷങ്ങൾക്കു് ശേഷം അവർ വിഷയത്തിലെത്തി. ലൈല ബറുവ:
‘നിങ്ങൾക്കു് എത്ര ദിവസം ഇവിടെ ചിലവഴിക്കാനാവും.’
മൈഥിലി: ‘ഏറിയാൽ ഇന്നു മുഴുവൻ’
ലൈല: ‘ഇത്രയും ചെറിയൊരു സമയത്തിലൂടെ പ്രാക്തനതയുടെ ഈ എടുപ്പുകൾക്കുള്ളിലൂടെ കടന്നുപോവുക ദുഷ്കരമാണു്. നമുക്കൊരു കാര്യം ചെയ്യാം. നിങ്ങളുടെ സമയത്തിലേക്കു് ഈ കെട്ടിടങ്ങളെ ഒതുക്കാം. ഒരു ഓട്ടപ്രദക്ഷിണം. ഞാൻ കൂടെ വരാം. എനിക്കറിയാവുന്നതു് അപ്പപ്പോൾ നിങ്ങളുമായി പങ്കിടാമല്ലോ.’
അവർ അലമാര തുറന്നു് ഒരു ഫയലെടുത്തു. അതിൽനിന്നു് എട്ടായി മടക്കിയ ലാമിനേറ്റു് ചെയ്ത ആറു് മാപ്പുകൾ പുറത്തെടുത്തു.
‘മൈഥിലി, ഈ പത്തേക്കർ സ്ഥലത്തു് പ്രധാനമായി നാലു് മൂന്നുനില കെട്ടിടങ്ങളാണു്. അപ്പപ്പോഴത്തെ ആവശ്യങ്ങൾക്കായി പണി കഴിപ്പിച്ച വേറെ ചെറിയ നിർമ്മിതികളുമുണ്ടു്. എല്ലാം പരസ്പരബന്ധിതമാണു്. ഒരു ഹ്രസ്വസന്ദർശനത്തിനു് മാപ്പുകളുടെ ആവശ്യമില്ല.’
ലൈല താക്കോൽക്കൂട്ടവും ഇലക്ട്രിക് ടോർച്ചും കയ്യിലെടുത്തു് മുന്നിൽ നടന്നു. മൈഥിലി പിന്നിലും. ലൈല തുടർന്നു:
‘ആയിരത്തി എണ്ണൂറ്റിയമ്പത്തിയഞ്ചിലാണു് ഇതിന്റെ പണി തുടങ്ങിയതു്. പണി പൂർത്തിയായ വർഷം എനിക്കു് കണ്ടെത്താനായില്ല. പല തുറമുഖ പ്രദേശങ്ങളും പരിശോധിച്ചശേഷമാണു് ഇവിടം തെരഞ്ഞെടുത്തതെന്നു് രേഖകളിലുണ്ടു്. കടലിനോടു് ചേർന്നാണെങ്കിലും കപ്പലുകൾക്കു് ഇവിടേക്കു് അടുക്കാൻ കഴിയില്ല. രണ്ടു് നാഴികകൾക്കപ്പുറം നങ്കൂരമിടുന്ന കപ്പലുകളിൽനിന്നു് വഞ്ചിയും ബോട്ടും ഉപയോഗിച്ചാണു് സാധനസാമഗ്രികളും മനുഷ്യരെയും എത്തിക്കുക. കടൽനിരപ്പിൽനിന്നും നാനൂറ്റമ്പതടി ഉയരത്തിലാണീ പ്രദേശം. കടലിൽനിന്നു് മേലോട്ടു് ചെരിഞ്ഞു് പോകുന്നു, മുകളിലേക്കു്. സവിശേഷമായ ഭൂഘടന. അകലെ ചക്രവാളങ്ങൾ. അന്തമറ്റ കടൽ. കടൽ കരയിൽചേരുന്നതു് അനേകം പാറയിടുക്കുകളിൽ. ചില പാറകൾക്കു് മുപ്പതടിവരെ ഉയരമുണ്ടു്. വീതി താരതമ്യേന കുറവാണു്. ഇതിന്റെ ഭൂഘടന തന്നെ അകാരണമായ ഭീതിയും മടുപ്പിക്കുന്ന ഏകാന്തതയും സൃഷ്ടിക്കുന്നതാണു്. എപ്പോഴും മനംപിരട്ടുന്ന ഒരു വെർട്ടിഗോയിലാണു് ഇവിടുത്തെ അന്തേവാസികൾ കഴിഞ്ഞിരുന്നതു്. ഒരു ഭൂഘടനയ്ക്കു് മനുഷ്യമനസ്സിൽ എത്രമാത്രം മരണഭീതി കാലങ്ങളോളം നിലനിർത്താൻ കഴിയുമെന്നു് ഇവിടെ വെച്ചാണു് ഞാൻ കണ്ടെത്തിയതു്. ഒഴിവുദിവസങ്ങളിൽ ഇവിടെനിന്നു് രക്ഷപ്പെട്ടു് പതിനഞ്ചു് നാഴിക ദൂരെയുള്ള വീടിന്റെ ടെറസ്സിൽനിന്നു് സൂര്യോദയവും സുര്യാസ്തമനവും അനുഭവിക്കുമ്പോഴുണ്ടാകുന്ന ജീവിതത്തോടുള്ള സ്നേഹം ഇവിടെയെത്തുമ്പോൾ മരണഭീതിയായി മാറുന്നതെന്തെന്നു് ഞാൻ അപഗ്രഥിക്കാൻ ശ്രമിച്ചിട്ടുണ്ടു്. അപ്പോൾ വർഷങ്ങളോളം ഇരുണ്ട കാറ്റു് കടക്കാത്ത ഇവിടത്തെ സെല്ലുകളിൽ ഒരു പ്രതീക്ഷയുമില്ലാതെ കാലുകളിൽ കനത്ത ചങ്ങലകളുമായി ചലനം പോലും അസാധ്യമായി ജീവിക്കേണ്ടിവന്ന മനുഷ്യരുടെ അവസ്ഥ എന്തായിരിക്കുമെന്നു് ഊഹിക്കാൻ പോലും വയ്യ… എന്നിട്ടും ഭൂരിപക്ഷവും മരിക്കാതെ പുറത്തുവന്നു…
ഏറ്റവും ഉയരത്തിലുള്ള സ്പോട്ടിൽ മുപ്പതോളം അടി ഉയരമുള്ള ലൈറ്റ് ഹൗസാണു്. അതിനു് താഴെയാണു് അർദ്ധവൃത്താകൃതിയിൽ നാലു് മൂന്നുനില കെട്ടിടങ്ങൾ. ആർക്കിടെക്ട് ഒരു ജർമ്മൻ പാതിരിയായിരുന്നു. പ്ലാനുകളെല്ലാം വരച്ചു് പണി പകുതി തീർത്തപ്പോൾ പാതിരി ജർമ്മനിയിലേക്കു് മടങ്ങി. ജന്മദേശത്തു് ഒരു ചെറിയ ചാപ്പലിനുള്ളിൽ അദ്ദേഹം കുരിശിൽ കുരുക്കിട്ടു് ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ ആത്മഹത്യ ദുരൂഹമായി രേഖകളിൽ കിടന്നു് ദ്രവിക്കുന്നു.’
പിരിയൻ ഗോവണിയിലൂടെ അവർ ലൈറ്റ് ഹൗസിന്റെ ഉയരത്തിലെത്തിയിരുന്നു. ലൈലയ്ക്കും മൈഥിലിക്കും കൂടി ഞെരുങ്ങി നിൽക്കാനുള്ള ഇടമേയുള്ളൂ. കടൽക്കാറ്റു് അവരെ തലോടി. മൈഥിലിയുടെ ബോബ് ചെയ്തു് മനോഹരമാക്കിയ മുടി മുഖത്തേക്കു് വീണു. പറന്നു് പോകാനൊരുങ്ങുന്ന അപ്സരസ്സുപോലെയുണ്ടു് ഇപ്പോൾ അവൾ. ശ്വാസം നേരെയാകും വരെ അവർ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. അന്തരീക്ഷത്തിന്റെ ഭാരം അവരുടെ വാക്കുകളിൽ ബന്ധനങ്ങൾ തീർത്തു.
മൈഥിലിയുടെ കണ്ണുകൾ അറ്റമറ്റ ചക്രവാളങ്ങളിലേക്കും മഞ്ഞിൽ അപ്പോഴും മുഴുവനായി തെളിയാത്ത കടൽ ജലത്തിന്റെ നരച്ച മൗനത്തിലേക്കും നേരെത്താഴെ കരയോടു ചേർന്നുള്ള കറുത്ത പാറകളിലേക്കും മാറി മാറി സഞ്ചരിച്ചു. ഒറ്റക്കാഴ്ചയിൽ ആ ഭൂമിയുടെ ത്രിമാനങ്ങൾ അവളുടെ കണ്ണുകളിൽ വരികയും പോകയും ചെയ്തു. പ്രകാശം കെട്ട പ്രാക്തനമായ ലൈറ്റ് ഹൗസ് അവരെ ലോകത്തിന്റെ കാഴ്ചയിൽനിന്നും പൊതിഞ്ഞു.
ലൈല പറഞ്ഞു: ‘ലൈറ്റ് ഹൗസ് പ്രവർത്തിച്ചിട്ടു് ഒരു നൂറ്റാണ്ടിലേറെയായിട്ടുണ്ടു്. ഇതിലേക്കുള്ള ഗോവണി പോലും തുരുമ്പിച്ചു് വീഴുമെന്ന നിലയിലായിരുന്നു. മാസങ്ങളെടുത്തു ഈ സ്ഥിതിയിലെത്തിക്കുവാൻ. വല്ലപ്പോഴുമെത്തുന്ന നിങ്ങളെപ്പോലുള്ള സന്ദർശകരിൽ ഭൂരിഭാഗവും ഭയം മൂലം ഈ ഗോവണി കേറാറില്ല.
ഒരു കാലത്തു് ഈ ലൈറ്റ് ഹൗസ് അധികാരിയുടെ തീക്കണ്ണായിരുന്നു. അതു് രാത്രിയിൽ കള്ളനെയും കൊലയാളിയെയും രാജ്യദ്രോഹിയെയും ബാലപീഡകനെയും കുറിച്ചുള്ള രഹസ്യങ്ങൾ അധികാരികൾക്കു കൈമാറി. അവർ കടലിലും പാറയിടുക്കുകളിലും പിറകിലെ കുറ്റിക്കാടുകളിലും രക്ഷപ്പെട്ടവരെ വേട്ടയാടി പിടിച്ചു. പിടിക്കപ്പെട്ടവർക്കു് ദണ്ഡനവും മരണവുമായിരുന്നു ശിക്ഷ. രക്ഷപ്പെട്ടവർ കടലിന്റെ അടിത്തട്ടിൽ സമാധി കൊള്ളുന്നുണ്ടായിരിക്കും. രക്ഷപ്പെട്ടവരുടെ ഒരു രേഖയും കിട്ടിയിട്ടില്ല. എന്നാൽ, രക്ഷപ്പെട്ടു് പിടിക്കപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ രേഖകളിലുണ്ടു്. അവയന്വേഷിച്ചു് ചില ഗവേഷകർ ചിലപ്പോൾ എത്താറുണ്ടു്. ഒന്നോ രണ്ടോ ദിവസങ്ങളുടെ അന്വേഷണങ്ങൾക്കൊടുവിൽ അവർ നിശ്ശബ്ദരായി തിരിച്ചുപോയി. ഈ ഭൂഘടനയുടെ ഭാരം മനസ്സിൽ പേറാൻ കഴിയാതെ അവർ തിരിച്ചു് വരാത്തതുമാകാം.
അനാഥരായ കള്ളന്മാരെയും കുറ്റവാളികളെയും ബാലപീഡകരെയും ആർക്കും ആവശ്യമില്ലായിരുന്നു. അവർ ജീവനുള്ള മനുഷ്യരാണെന്നു് പോലും ആരും ഓർക്കാറില്ല. ഇവിടെ ചങ്ങലയ്ക്കിട്ടു് അടച്ചിട്ടിരുന്ന രാജ്യദ്രോഹികൾ മൂന്നാം നിരക്കാരോ, നാലാം നിരക്കാരോ ആയിരിക്കണം. സമരചരിത്രങ്ങളിൽ അവരാരെപ്പറ്റിയും പരാമർശങ്ങളില്ല. എക്സ്ട്രാകളിൽ ഒടുങ്ങിപ്പോയവരാകാം. ചരിത്രം നായകരെയും ഉപനായകരെയും അല്ലാതെ ആരെയാണു് ഓർത്തെടുത്തിട്ടുള്ളതു്.
കാലം ഓർമ്മകളെ ഇരുട്ടിലാഴ്ത്തുന്നു. ജീവനെ നിസ്സാരമാക്കി തള്ളി ഭൂമിയുടെ ചരിത്രത്തിൽനിന്നു് തന്നെ ഇല്ലാതാക്കുന്നു. ദശലക്ഷം വർഷങ്ങൾക്കുശേഷം ഇവിടെ കുഴിച്ചിടപ്പെട്ട മനുഷ്യരുടെ ഫോസിലുകൾ തേടി മറ്റൊരു മനുഷ്യജാതി വരുമോ എന്തോ!
എങ്കിലും എന്റെ ചങ്ങാതീ, എന്റെയിവിടുത്തെ ഹ്രസ്വകാല ഔദ്യോഗികജീവിത കാലത്തു് മറക്കാനാവാത്ത ഒരു സംഭവമുണ്ടായി. കൗമാരത്തിൽനിന്നു് യൗവ്വനത്തിലെത്തിയ ഒരു പെൺകുട്ടി ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുനിന്നും അവളുടെ മുതുമുത്തച്ഛനെ തേടി ഇവിടെയെത്തി. രാവിലെ എട്ടുമണിക്കെത്തിയാൽ വൈകീട്ടു് കാവൽക്കാരൻ ആർക്കൈവ്സിന്റെ മുറി പൂട്ടുംവരെ അവൾ കുത്തിയിരുന്നു് അന്വേഷണം നടത്തി. നാൽപ്പതോളം ദിവസങ്ങൾ. പരിശോധിച്ച രേഖകൾ വീണ്ടും വീണ്ടും പരിശോധിച്ചു. നാൽപ്പത്തിയൊന്നാം ദിവസം അവൾ എന്റടുത്തേക്കു് ഓടിയെത്തി. മുതുമുത്തച്ഛന്റെ പേരും ചരിത്രവുമായി. മലബാറിൽനിന്നുള്ള ഒരു നമ്പ്യാർ. രേഖകളിൽ നമ്പ്യാർ തടവിൽ നിന്നു് രക്ഷപ്പെട്ടിട്ടുണ്ടു്. തിരിച്ചെത്തിയവരുടെ പട്ടികയിലയാളില്ല. കൊലക്കുറ്റത്തിന്നാണയാൾ നാടുകടത്തപ്പെട്ടു് തടവിലാക്കപ്പെട്ടതു്. അസ്പൃശ്യനായ ഒരു ദരിദ്രനെ ചാട്ടയ്ക്കടിച്ചു് ബോധം കെടുത്തിയ സ്വന്തം അമ്മാവനെ കൊലപ്പെടുത്തിയതിനാണയാൾ ശിക്ഷിക്കപ്പെട്ടതു്. അയാൾ നാട്ടിൽ തിരിച്ചെത്തിയിട്ടില്ല. അയാളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്നു് ആ പെൺകുട്ടി ഉറപ്പിച്ചു പറഞ്ഞു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പിടച്ചിലിൽ ഒരു പക്ഷേ മരണം അയാളെ തോൽപ്പിച്ചിരിക്കാം.’ അവൾ പറഞ്ഞു.
മൈഥിലി എല്ലാം നിശ്ശബ്ദയായി കേട്ടിരുന്നു. ലൈറ്റ് ഹൗസിന്റെ ഇരുളിലും വെളിച്ചത്തിലും കുറെ മനുഷ്യരുടെ മുഖങ്ങൾ തെളിഞ്ഞും മറഞ്ഞും അവൾ കണ്ടു. തന്നെപ്പോലെ ചോരയും മാംസവും മോഹവും സ്വപ്നവും വേദനയും ദുഃഖങ്ങളുമുള്ള മനുഷ്യർ. ലൈറ്റ് ഹൗസിറങ്ങി രണ്ടാമത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തുമ്പോൾ ലൈല പ്രത്യേക സെല്ലുകൾ ചൂണ്ടിക്കാട്ടി ഓർമ്മിപ്പിച്ചു.
‘ഇവിടെയാണു് കൊടുംകുറ്റവാളികളെയും ഭീകരരാജ്യദ്രോഹികളെയും തടവിലിട്ടിരുന്നതു്.’
ലൈല സെല്ലിന്റെ വാതിലിലെ മുകളിലും താഴെയുമുള്ള ഇരുപതു് ചതുരശ്ര സെൻറീമീറ്റർ വിസ്തൃതിയുള്ള ഇരുമ്പുകൊണ്ടുള്ള ചെറുവാതിലുകൾ തുറന്നു.
ഇതുവരെയും തന്റെ നാസാരന്ധ്രങ്ങൾ അറിയാത്ത പ്രത്യേകഗന്ധം സെല്ലിൽനിന്നും പുറത്തെത്തി. ചോരയും മാംസവും കലർന്ന ഗന്ധമല്ല അതു്. മൈഥിലി ചോദിച്ചു:
‘ഈ സെല്ലൊന്നു് തുറന്നു് കാണിക്കാമോ?’
ലൈല ഒരാൾക്കു് കഷ്ടിച്ചു് കടക്കാവുന്ന ഇരുമ്പു് വാതിൽ തുറന്നു. ടോർച്ചു് വെളിച്ചത്തിൽ മൈഥിലി ഒരാൾക്കു് കുനിഞ്ഞു് നിൽക്കാനും താഴെ കഷ്ടിച്ചു് നിവർന്നു് കിടക്കാനും മാത്രം കഴിയുന്ന അതിന്റെ ഇരുട്ടിൽ ഒരു മനുഷ്യനെ സങ്കല്പിച്ചു. അയാൾക്കു് ആകെ കാണാവുന്ന ലോകം മുറിയുടെ പിന്നിലെ ചുമരിലെ വൃത്താകൃതിയിലുള്ള ഒരു ദ്വാരം മാത്രമാണു്. വായു കടക്കുന്നതും പുറത്തു് പോകുന്നതും അതിലൂടെതന്നെ. മുറിയോടു് ചേർന്നു് ഒരടി ഉയരത്തിലാണു് കക്കൂസെന്ന പേരിലുള്ള ദ്വാരം…
മൈഥിലി ആശങ്കപ്പെട്ടു: ‘ഈ സെല്ലിൽ നിന്നു് ആരെങ്കിലും ജീവനോടെ പുറത്തു് പോയിട്ടുണ്ടോ?’
ലൈല വാടിയ ചിരി ചിരിച്ചു.: ‘മൈഥിലി നിങ്ങൾ മനുഷ്യന്റെ അതിജീവനവാഞ്ഛയെ ലഘൂകരിച്ചു് കാണരുതു്. ഇതിൽ കിടന്നു് മരിച്ചവർ നാലുപേരേ രേഖകളിലുള്ളൂ. അതും വാർദ്ധക്യം ബാധിച്ചു്. അധികാരികൾ ഈ കേന്ദ്രം അടച്ചുപൂട്ടുമ്പോഴുള്ള കണക്കനുസരിച്ചു് രോഗബാധിതർപോലും അഞ്ചുപേരെ ഉണ്ടായിരുന്നുള്ളൂ. മനുഷ്യനെ അങ്ങനെ എഴുതിത്തള്ളാനാവില്ല. ഏതു് നരകത്തീച്ചൂളയിലും അയാൾ അതിജീവിക്കും. ജീവന്റെ അടിസ്ഥാനജീനായിരിക്കാം, അതിജീവനം.’
സെല്ലിന്റെ അകത്തു് എലികൾ ആരെയും കൂസാതെ സ്വൈരമായി വിഹരിക്കുന്നുണ്ടു്. പാറ്റകളും തേളുകളും പഴുതാരകളും ഉണ്ടാകാം. ഒരു വവ്വാൽ വല്ലാത്ത ശബ്ദത്തിൽ പുറത്തു് കടന്നു. അവർ ഇടനാഴിയിലെത്തി. ലൈല ടോർച്ച് ഓഫാക്കി. മനുഷ്യരുടെ സ്വപ്നങ്ങളും മോഹങ്ങളും സ്നേഹങ്ങളും അവിടെ ഒഴുകിപ്പരക്കുന്നതായി മൈഥിലിക്കു് തോന്നി.
ലൈല: ‘ഈ കെട്ടിടങ്ങളിലെ ഗോവണികൾ നിങ്ങൾ ശ്രദ്ധിച്ചുവോ? എല്ലാം പിരിയൻ ഗോവണികളാണു്. ഓരോ കെട്ടിടത്തിനുള്ളിലും എത്ര ഗോവണികളുണ്ടെന്നുപോലും കണക്കാക്കാനായിട്ടില്ല. മൂന്നാം നിലയിലെ ഗോവണിയിലൂടെ രണ്ടാംനില ലക്ഷ്യമാക്കിയിറങ്ങിയാൽ നിങ്ങൾ ചെന്നെത്തുക ഏറ്റവും താഴത്തേതിലായിരിക്കും. ധൈര്യമുണ്ടെങ്കിൽ നിങ്ങൾക്കു് ഒരു പരീക്ഷണം നടത്തി നോക്കാം. നാമിപ്പോൾ മൂന്നാം നിലയിൽനിന്നു് താഴേക്കു് എത്തിയതാണല്ലോ? ഇനി നിങ്ങൾ തിരിച്ചു് മുന്നാം നിലയിലേക്കു് നാമിറങ്ങിയ ഗോവണിയിലൂടെതന്നെ കയറുക.’
കോണിയും പാമ്പും കളിച്ച കുട്ടിക്കാലം മൈഥിലി ഓർത്തു. ഒരു തമാശയായി ലൈലയുടെ പരീക്ഷണം അവളേറ്റെടുത്തു. അവൾ ഒറ്റയ്ക്കു് മൂന്നാം നിലയിലേക്കുള്ള ഗോവണി കയറാൻ തുടങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും മൈഥിലി തിരിച്ചെത്തിയില്ല. ലൈലക്കു് ഒട്ടും പരിഭ്രമമുണ്ടായില്ല. ഗോവണികളുടെ മാന്ത്രികത അവൾ പലവട്ടം അനുഭവിച്ചതാണു്. അവൾ രണ്ടു് കൈകളും മുഖത്തോടു് ചേർത്തു് ഉച്ചത്തിൽ കൂകി. കൂകലിന്റെ പ്രതിധ്വനിയിൽ കെട്ടിടങ്ങളും ലൈറ്റ് ഹൗസും, കടലും, ചക്രവാളങ്ങളും കുറ്റിക്കാടുകളും കിടുങ്ങി വിറച്ചു. പ്രതിദ്ധ്വനി പ്രതിദ്ധ്വനികളായി അലിഞ്ഞലിഞ്ഞില്ലാതായി. ഉടനെ മറുകൂകലിന്റെ ആരോഹണം ലൈലയുടെ കാതുകളിൽ മുഴങ്ങി. അതു് തീരും വരെ ലൈല കാത്തു. പിന്നീടവൾ അനുഭവത്തിന്റെ വക്രരേഖകളിലൂടെ സഞ്ചരിച്ചു് മൈഥിലിയുടെ അരികിലെത്തി.
തണുപ്പിലും മൈഥിലി വിയർത്തിരുന്നു. കൈപ്പടം ഐസായിമാറിയിരുന്നു. പക്ഷേ, അവളുടെ കണ്ണുകളിൽ ഭയത്തിന്റെ വിഷജ്വാലയില്ലായിരുന്നു. മൈഥിലിയും ലൈലയും നിന്നിരുന്നതു് ഒരാൾക്കു മാത്രം കടക്കാവുന്ന പൂട്ടിയിട്ട ഇരുമ്പഴി വാതിലിനു് പിന്നിലായിരുന്നു. കാലിൽ മണലിന്റെ നനവുണ്ടായിരുന്നു. ലൈല ഇരുമ്പഴികൾക്കിടയിലൂടെ പുറത്തേക്കു് ചൂണ്ടി.
‘അതാ നോക്കൂ. നാം ലൈറ്റ് ഹൗസിൽനിന്നു കണ്ട അതേ കടൽ. ഇപ്പോഴതു് നമുക്കു് മുമ്പിലൂടെ കരയെ ചുംബിച്ചു് പിൻവാങ്ങുകയാണു്. തിരയുടെയും കരയുടെയും ചുണ്ടുകളിൽ സ്നേഹത്തിന്റെ പാൽനുരയുമുണ്ടു്.’
മൈഥിലി അത്ഭുതപ്പെട്ടു: ‘നിങ്ങൾ കവയത്രിയാണു്’. ലൈല നെടുവീർപ്പിട്ടു. ‘ശരിയാണു് ചങ്ങാതി, ഞാൻ കവിതകളെഴുതിയിരുന്നു. എന്നിലെ കവിയെ ഞാൻ തന്നെയാണു് ഞെരിച്ചുകൊന്നതു്. അക്കഥ പിന്നൊരിക്കലാകാം. ഇപ്പോൾ നിങ്ങളുടെ ഗൈഡാണു് ഞാൻ.’
ലൈല തുടർന്നു: ‘നാമിപ്പോൾ കടൽക്കരയിലാണു്. ഈ ഇരുമ്പ് ഗേറ്റ് തുറക്കുന്നതു് നേരെ കടലിലേക്കാണു്. ഈ ഗേറ്റിലൂടെയാണു് അന്തേവാസികളുടെ മൃതദേഹങ്ങൾ പാതിരാകളിൽ കടലിലെറിയാൻ കൊണ്ടുപോയിരുന്നതു്. ആ ഉയർന്ന പാറക്കൂട്ടങ്ങൾ കണ്ടോ? അവിടെനിന്നു് കടലിലേക്കെറിയും. ചില നേരം കടൽ ശവം സ്വീകരിക്കാതെ കരയിലേക്കുതന്നെ തിരിച്ചെറിയും. അവർ നിർഭാഗ്യവാന്മാരാണു്. കഴുക്കളും, കാക്കകളും, നായ്ക്കളും, കുറുക്കനും, ചെന്നായും കൊത്തിപ്പറിച്ചു് നഗ്നമാക്കപ്പെട്ടു് എല്ലുകളായി അവ ഇവിടെയൊക്കെ അലയും.
ആ ഉയർന്ന പാറക്കൂട്ടങ്ങൾക്കു് ഭയാനകമായ ചരിത്രമുണ്ടു്. പാറകളുടെ ഭൗമചരിത്രമല്ല. പക്ഷേ, പാറകൾക്കറിയാം ക്ഷീരപഥങ്ങളിൽ നിന്നു് സൗരയൂഥത്തിലേക്കും, അവിടെനിന്നു് ഭൂമിയിലേക്കും പതിച്ച ഉൽക്കകളുമായുള്ള സംയോഗത്തിൽ രൂപപ്പെട്ട തങ്ങളുടെ വംശഗാഥകൾ. തിരകളടിക്കുമ്പോൾ പാറകൾ ശബ്ദിക്കുന്നതു് അക്കഥകൾ പറയുന്നതുകൊണ്ടാണു്. പാറകൾ ഭൂമിയുടെ ഘനീഭവിച്ച കണ്ണുകളാണു്. അതിനുള്ളിലെ കണ്ണീർ നാം അറിയില്ലെന്നു് മാത്രം. ആ വഴുക്കുന്ന പാറകളിൽക്കയറി കൈകോർത്തു് അഞ്ചും ആറും കുട്ടികൾ കടലിന്റെ ഗർഭപാത്രങ്ങളിലേക്കു് എടുത്തു ചാടാറുണ്ടു്. മുതിർന്ന തടവുകാരുടെയും കാവൽക്കാരുടെയും ക്രൂരമായ ലൈംഗീകപീഡകളിൽനിന്നു് രക്ഷപ്പെടാനായി. അവർ അമ്മയുടെ ഗർഭപാത്രത്തിലേക്കു് മടങ്ങുന്നു. ഗർഭപാത്രത്തിന്റെ ആഴത്തിൽ അവർ നിത്യനിദ്ര കൊള്ളുന്നു. ഞാൻ പറഞ്ഞില്ല, ഈ കെട്ടിടങ്ങളുടെ ഏറ്റവും താഴെ കുട്ടിക്കുറ്റവാളികളുടെ ഡോർമറ്ററിയായിരുന്നു. അധിനിവേശിത രാജ്യങ്ങളിൽനിന്നുള്ള കുട്ടിക്കുറ്റവാളികൾ. വിശപ്പു് സഹിക്കാതെ റൊട്ടി മോഷ്ടിച്ചതിനോ, ഒരു പിടി ഗോതമ്പു കട്ടതിനോ, അല്ലെങ്കിൽ ഏതെങ്കിലും പ്രഭുവിന്റെ മകളെ അറിയാതെ നോക്കിയതിനോ, മാടമ്പിയുടെ മകളെ മോഹിച്ചതിനോ ശിക്ഷിക്കപ്പെട്ട കുട്ടികൾ. തുടർച്ചയായുള്ള ലൈംഗികപീഡനത്തിനിടയിൽ ശ്വാസം മുട്ടി കൊല്ലപ്പെട്ടവരുമുണ്ടു്.’
അർദ്ധവൃത്താകൃതിയിൽ കൂറ്റൻ പ്രേതങ്ങളെപ്പോലെ നിശ്ചേഷ്ടരായി നിൽക്കുന്ന കെട്ടിടങ്ങളുടെ മുറ്റത്തു് വീണു് കിടക്കുന്ന പാഴിലകൾ ചൂണ്ടി ലൈല പറഞ്ഞു:
‘മൈഥിലി, ഈ ഭീമൻ അരയാലിന്റെ ചുവട്ടിലായിരുന്നു ദണ്ഡനയന്ത്രം സജ്ജീകരിച്ചിരുന്നതു്. അന്നീ അരയാൽ ചെറുപ്പമായിരിക്കും. മനുഷ്യരുടെ ചോര കുടിച്ചും, മാംസം ഭക്ഷിച്ചും ഇതങ്ങ് വളർന്നുപോയി. അതിന്റെ വൃദ്ധമായ വേടുകളിൽ പഴയ പ്രതാപത്തിന്റേതായി ഒന്നും കാണാനില്ല.’
മൈഥിലി ഇടപെട്ടു: ‘ലൈല അങ്ങിനെ പറയാൻ എങ്ങനെ കഴിയും ലൈലാ? ഈ അരയാൽ വൃക്ഷത്തിനു് എന്തു ചെയ്യാൻ കഴിയുമായിരുന്നു! ഗൗതമബുദ്ധന്റെ ഒരു പൂർവ്വജന്മകഥയിൽ കൊക്കിന്റെയും, മത്സ്യങ്ങളുടെയും, ഞണ്ടിന്റെയും കഥയുണ്ടു്. മത്സ്യങ്ങളെ വഞ്ചിച്ചു് കുളക്കരയിലെത്തിച്ചു് തിന്നൊടുക്കിയ കൊക്കിന്റെ ചെയ്തികൾക്കു സാക്ഷിയായി അതേ കുളക്കരയിൽ ഒരു ചെറിയ മരം നിന്നിരുന്നു. മണ്ണിലുറച്ചുപോയ മരത്തിന്റെ വേരുകൾക്കോ, സ്വാതന്ത്ര്യം നഷ്ടപ്പെട്ട ശാഖകൾക്കോ മത്സ്യങ്ങളെ രക്ഷിക്കാൻ കഴിയുമായിരുന്നില്ല. വേദനയോടെ മത്സ്യങ്ങളുടെ ദുഃഖം കണ്ടുനിൽക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ആ മരം ഗൗതമബുദ്ധനായിരുന്നു. അതുപോലെ ഈ അരയാലും എല്ലാറ്റിനും സാക്ഷിയായ ഗൗതമബുദ്ധന്റെ ജന്മമല്ലെന്നു് നമുക്കെങ്ങിനെ പറയാനാവും?’
ലൈല മൈഥിലിയോടു് മാപ്പു് പറഞ്ഞു.
‘മാപ്പു് ചോദിക്കേണ്ടതു് എന്നോടല്ല ലൈലാ. ആ നിൽക്കുന്ന വൃദ്ധനായ അരയാലിനോടാണു്.’ ലൈല അരയാലിന്റെ ചുവട്ടിലേക്കോടി. അരയാലിനു് പ്രണാമം ചെയ്തു. ‘മുത്തച്ഛാ, എന്റെ വാക്കുകൾ പൊറുക്കണേ’യെന്നു് പ്രാർത്ഥിച്ചു.
മൈഥിലി: ‘ഇനി നമുക്കു് കഥ തുടരാം.’
ലൈല: ‘അഞ്ചു് ദണ്ഡനയന്ത്രങ്ങളുണ്ടായിരുന്നതായാണു് രേഖകളിൽ കാണുന്നതു്. എന്നാൽ ഞങ്ങൾക്കു കിട്ടിയതു് രണ്ടെണ്ണം മാത്രമായിരുന്നു. അവയാകട്ടെ തുരുമ്പിച്ചു് ജോയിന്റുകൾ ഇളകിയ നിലയിലായിരുന്നു. കണ്ടാൽ നിരവധി മനുഷ്യരുടെ ചോരയിലും മാംസത്തിലും കുതിർന്നവയാണെന്നു് തോന്നില്ല.’
‘ശരിയാണു്. ഓരോ യന്ത്രവും പുതിയ കാലത്തിന്റേതാകട്ടെ, പൗരാണികതയുടേതാകട്ടെ, ഉപയോഗരഹിതമായാൽ വെറും ജങ്ക് മാത്രമാണു്. ഉപയോഗവേളകളിൽ അവയുടെ മൂർച്ചയും, ക്രൂരതയും അന്തമറ്റതാണു്. അതുപയോഗിക്കുന്ന മനുഷ്യനാണു് അവയ്ക്കു് ജീവൻ കൊടുക്കുന്നതു്.’ മൈഥിലി പറഞ്ഞു: ‘ലൈലാ, മനുഷ്യനുണ്ടാക്കിയ നിർമ്മിതികളെല്ലാം അങ്ങിനെത്തന്നെയല്ലേ? യൂറോപ്പിൽ നാൽപ്പത്തയ്യായിരം കൊല്ലങ്ങൾക്കുമുമ്പു് ആധുനിക മനുഷ്യനൊപ്പം ജീവിച്ചിരുന്ന നീയന്താർദാൾ മനുഷ്യന്റെ കൽമഴുവിനു് ഇന്നു് എന്തു മൂല്യമാണുള്ളതു്?’
ലൈല: ‘തീർച്ചയായും ഒരു മൂല്യമുണ്ടു്. മനുഷ്യനടക്കമുള്ള മറ്റു ജീവികളെ കൊല്ലാൻ അതിനിന്നും കഴിയും. ഗില്ലറ്റിനുകളും, ഗ്യാസ് ചേമ്പറുകളും ഉത്തരാധുനിക മനുഷ്യനും പഥ്യമാണു്.’
മൈഥിലി: ‘ഞാനാ കൽമഴു ഉപയോഗിച്ചിരുന്ന നീയന്തർദാൾ മനുഷ്യനെപ്പറ്റിയാണു് പറഞ്ഞതു്. ഇന്നു് ഈ നിമിഷം നീയന്തർദാളിനെപ്പറ്റി എത്രപേർ ഭൂമിയിൽ സംസാരിക്കുന്നുണ്ടാകും! നാളെ നമ്മളെയൊക്കെ തള്ളിമാറ്റി മറ്റൊരു മനുഷ്യജാതിക്കു് പരിണാമം വഴിയൊരുക്കാതിരിക്കില്ല! അന്നു് ആരോർക്കാനാണു് ഒരു മൈഥിലിയെയും, ലൈലയെയും?’
ലൈല ശരിവെച്ചു, ഒരു ദീർഘനിശ്വാസത്തോടെ: എല്ലാം അസ്ഥിരമാണു്, ജീവപരിണാമത്തിന്റെ പുസ്തകത്തിൽ…
ലൈല മുറ്റം കടന്നു് മൈഥിലിയെ വരാന്തയിലേക്കു് നയിച്ചു. സാമാന്യം വലിപ്പമുള്ള ഒരു മുറി തുറന്നു. മുല്ലപ്പൂഗന്ധം പരന്നു. മൈഥിലി അത്ഭുതത്തോടെ ലൈലയെ നോക്കി: എന്താണീ പ്രാക്തനയുടെ ചോരമണക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽനിന്നും മുല്ലപ്പൂവിന്റെ സുഗന്ധമെന്ന ചോദ്യവുമായി.
ലൈല: ‘അതു് നമ്മുടെ കാവൽക്കാരന്റെ ബുദ്ധിയാണു്. അതല്ലെങ്കിൽ അയാളും ഞാനും ശ്വാസംമുട്ടി മരിച്ചുപോകുമെന്നയാൾ പറയുന്നു. മുല്ലപ്പൂവിന്റെയും ജമന്തിയുടെയും കൃത്രിമസുഗന്ധക്കൂട്ടുകൾ നഗരത്തിൽനിന്നു് വാങ്ങി അയാൾ ഇവിടെ എവിടെയോ വച്ചിട്ടുണ്ടു്.’ അടുക്കിലും ചിട്ടയിലും സൂക്ഷിക്കുന്ന മുറിയുടെ വെള്ള പെയ്ന്റടിച്ച ചുമരുകളിൽ കുറെ മനുഷ്യരുടെ രേഖാചിത്രങ്ങൾ കലാപരമായി തൂങ്ങികിടക്കുന്നുണ്ടു്.
ലൈല വിശദീകരിച്ചു: ‘കൊടുംകുറ്റവാളികളുടെയും, കൊടിയ രാജ്യദ്രോഹികളുടെയും രേഖാചിത്രങ്ങളാണു്. ഇവ വരയ്ക്കാനായിത്തന്നെ സായിപ്പുമാർ ചിത്രകാരന്മാരെ ശമ്പളം കൊടുത്തു് നിയോഗിച്ചിരുന്നു. ഇൻഡോറിൽനിന്നുള്ള ഇരട്ടസഹോദരന്മാരായിരുന്നു അവർ.’ ‘ഏറ്റവും നടുവിലായിക്കാണുന്ന വലിയ ചിത്രം ഈ കെട്ടിടങ്ങൾക്കു് പ്ലാൻ വരച്ച ജർമ്മൻകാരന്റേതാണു്. രണ്ടു് വശങ്ങളിലുള്ളവ ഏറ്റവും മുന്തിയ ഉദ്യോഗസ്ഥന്മാരുടേതാണു്.’ മൈഥിലി: ‘എത്ര സൗമ്യമാണു് അവരുടെ മുഖങ്ങൾ. എന്നാൽ ശിൽപ്പിയുടേതു് വിഷാദരോഗിയുടേതാണു്.’ ലൈല പൊട്ടിച്ചിരിച്ചു: ‘അവരുടെ സൗമ്യതയ്ക്കുള്ളിൽ ക്രൂരതയുടെ വെടിക്കോപ്പുകൾ ഒളിഞ്ഞിരിപ്പുണ്ടു്.’ മൈഥിലി: ‘മനുഷ്യൻ! എത്ര സുന്ദരമായ പദം!’ മുറിയുടെ മദ്ധ്യത്തിൽ കലാപരമായി സജ്ജീകരിച്ചിട്ടുള്ള ദണ്ഡനയന്ത്രം ചൂണ്ടി ലൈല പഞ്ഞു: ‘നോക്കൂ ഞാൻ നേരത്തെ പറഞ്ഞ അഞ്ചു് യന്ത്രങ്ങളിൽ ശേഷിക്കുന്ന ഒന്നാണിതു്. തുരുമ്പു് കളഞ്ഞു് ജോയിന്റുകൾ വെൽഡ് ചെയ്തു് പെയിന്റടിച്ചു് കഴിഞ്ഞപ്പോൾ അവനു് പഴയ ഊർജ്ജം കൈവന്ന മട്ടുണ്ടു്. ഇല്ലേ?’ മൈഥിലി: ‘ലൈല, അതിൽ ആരെയാണു് ദണ്ഡിക്കാൻ പാകത്തിൽ ഒരുക്കി നിർത്തിയിട്ടുള്ളതു്?’ ലൈലയുടെ ചിരി മിനിറ്റുകളോളം നീണ്ടു. അതു് നമ്മുടെ കാവൽക്കാരൻ സ്റ്റഫ് ചെയ്ത കൃത്രിമ മനുഷ്യനാണു്. ചത്തമൃഗങ്ങളെ സ്റ്റഫ് ചെയ്തു് ജീവൻ വെപ്പിക്കുന്നതിൽ അയാളിലെ പട്ടാളക്കാരൻ വിദഗ്ദ്ധനാണു്.
ദണ്ഡനയന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിക്കുവാൻ ലൈല കാവൽക്കാരനെ മൊബൈലിൽ വിളിച്ചു. അയാൾ ഓടിയെത്തി ലൈലയെ സല്യൂട്ടു് ചെയ്തു് അറ്റൻഷനായി. അയാളുടെ കട്ടിയുള്ള മീശയുടെ കറുത്ത രോമങ്ങൾപോലും ശൗര്യത്തിൽ വിറച്ചു. ലൈലയുടെ ഇംഗിതമറിഞ്ഞ അയാൾ അലമാര തുറന്നു് പഴയ ചാട്ടവാർ പുറത്തെടുത്തു. മൃഗക്കൊഴുപ്പും കുപ്പിച്ചില്ലു പൊടിയും ചേർത്തു് കുഴച്ചു് പുരട്ടിയ ചാട്ടവാർ പഴയ പട്ടാളക്കാരനിൽ ജീവൻ വെച്ചു.
അയാൾ മൈഥിലിയുടെ അടുത്തേക്കു് നീങ്ങി വിശദീകരിച്ചു:
‘സീ… മാഡം. ഈ ദണ്ഡനയന്ത്രത്തിന്റെ പ്രവർത്തനം വളരെ സിംപിളാണു്. ഒരു ദിവസം പട്ടിണിക്കിട്ട കുറ്റവാളിയെ എണ്ണ തേച്ചു കുളിപ്പിച്ചു് അർദ്ധനഗ്നനാക്കി രണ്ടുദ്യോഗസ്ഥർ യന്ത്രത്തിലെത്തിക്കുന്നു. ഒരാൾ കുറ്റവാളിയുടെ കൈകൾ രണ്ടും മുകളിലേക്കാക്കി ത്രികോണത്തിന്റെ ഏറ്റവും മുകളിലെ കോണിലേക്കുയർത്തി വലിച്ചു് മുറുക്കി കെട്ടുന്നു. രണ്ടാമൻ കുറ്റവാളിയുടെ ഓരോ കാലും ത്രികോണത്തിന്റെ രണ്ടു കൈകളിലേക്കും ബന്ധിപ്പിക്കുന്നു. കുറ്റവാളിയുടെ കാലുകൾ ത്രികോണത്തിന്റെ തറനിരപ്പിൽനിന്നു് നാലടിയെങ്കിലും മുകളിലായിരിക്കണം. അതിനുശേഷം ഉദ്യോഗസ്ഥൻ ചാട്ടവാർകൊണ്ടു് കുറ്റവാളിയുടെ നഗ്നമായ മുതുകിൽ പ്രഹരിക്കുന്നു. മാംസം ചതഞ്ഞരഞ്ഞു് ചോരയ്ക്കൊപ്പം മണ്ണിലിറ്റു വീഴും വരെ…’ കാവൽക്കാരൻ പൊടുന്നനെ കൃത്രിമ മനുഷ്യന്റെ മുതുകിൽ ചാട്ടവാർകൊണ്ടു് പ്രഹരിക്കുന്നു. ഓരോ അടിയിലും അയാളുടെ വീര്യം വർദ്ധിക്കുന്നു.
ലൈല: ‘കൃപാൽ നിർത്തൂ… ഇനി തുടർന്നാൽ നിങ്ങൾക്കു് നിർത്താനാവില്ല. ഹിംസയ്ക്കു് അത്രമാത്രം ലഹരിയുണ്ടു്. മദ്യംപോലെ, കാമംപോലെ, അധികാരം പോലെ…’
കാവൽക്കാരൻ ലൈലയേയും, മൈഥിലിയെയും വണങ്ങി പുറത്തേക്കു പോയി. ലൈല മുറി പൂട്ടി മൈഥിലിയെയും കൂട്ടി ഓഫീസു് മുറിയിലെത്തി. ബിസ്ക്കറ്റും ചായയും കഴിക്കുന്നതിനിടയിൽ മൈഥിലി പറഞ്ഞു:
‘എന്റെ ദിവസം അവസാനിക്കുന്നു. സൂര്യൻ അസ്തമിക്കാറായി.’
ലൈല തിരുത്തി: ‘ഇല്ല ചങ്ങാതി, സൂര്യൻ നാളെ ഉദിക്കാനായി തൽക്കാലം മടങ്ങുന്നുയെന്നേ പറയാവൂ.’
മൈഥിലി: ‘എനിക്കൊരു സംശയം, കുറെക്കാലമായി കൂടെയുള്ളതാണു്.’
ലൈല: ‘തീർച്ചായായും, ഞാൻ കേൾക്കാനിഷ്ടപ്പെടുന്നു.’
മൈഥിലി: ‘ഈ നരേറ്റീവിലൊരിടത്തും ഒരു സ്ത്രീ കടന്നുവരുന്നില്ല.’
ലൈല: ‘സ്ത്രീകുറ്റവാളികളെ ഇവിടേക്കു കൊണ്ടുവന്നതായി രേഖകളിലില്ല. കുറ്റകൃത്യത്തിലും രാജ്യദ്രോഹത്തിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാകാം. ഇല്ലാതിരിക്കില്ല. എന്നാൽ, നീതി നടപ്പാക്കിയിരുന്നതു് പൗരാണികകാലത്തു് പുരുഷന്മാരായിരുന്നു. ഇവിടെയും മറിച്ചായിരുന്നില്ല. ഞാൻ ഈയിടെ എറിക് ഫ്രോം എന്ന സാമൂഹ്യമനഃശാസ്ത്രജ്ഞന്റെ ഒരു പുസ്തകം വായിക്കുകയുണ്ടായി. ഇവിടെ ജോലിയിൽ ചേർന്ന ശേഷമാണു്. കൂട്ടത്തിൽ പറയട്ടെ, എന്നെ ഇന്റർവ്യൂ ചെയ്ത ബോർഡിൽ അഞ്ചുപേരും പുരുഷന്മാരായിരുന്നു. പക്ഷേ, ഉദ്യോഗാർത്ഥികളിൽ ഞാൻ മാത്രമായിരുന്നു ഒരു സ്ത്രീ. എന്നിട്ടും എന്തുകൊണ്ടു് എന്നെ തെരഞ്ഞെടുത്തു? തമാശ തന്നെ. ഒരുപക്ഷേ, ക്രൂരതകളുടെ ചരിത്രരേഖകളും സ്ഥാവരങ്ങളും സൂക്ഷിക്കാൻ ഒരു സ്ത്രീയാണു് വേണ്ടതെന്നു് ഇന്റർവ്യൂ ബോർഡിനു് തോന്നിയിട്ടുണ്ടാകാം.’
‘ഫ്രോമിന്റെ കഥയിലേക്കു് വരാം. അദ്ദേഹം പറയുന്നതു്, സമൂഹത്തിൽ സ്ത്രീയുടെ റോളിനെ പറ്റി അടിസ്ഥാന മാറ്റങ്ങളുണ്ടാവുന്നതു് ക്രിസ്തുവിനു് മുൻപു് ഏതാണ്ടു് മുവ്വായിരം വർഷം മുമ്പാണത്രെ. ഒപ്പം പ്രാകൃതമതങ്ങളിൽ നിന്നു് അമ്മയും അപ്രത്യക്ഷമായി. ജീവന്റെയും സർഗ്ഗാത്മകതയുടെയും സ്രോതസ്സായി മണ്ണിന്റെ ജൈവീകതയെ കണ്ടിരുന്നതും ഇല്ലാതായി.’
‘ബുദ്ധി പുതിയ കണ്ടുപിടുത്തങ്ങളും വിദ്യകളും അമൂർത്താശയങ്ങളും സ്റ്റേറ്റിന്റെ നിയമങ്ങളും ഉണ്ടാക്കി. ഗർഭപാത്രം ചവിട്ടി പുറത്താക്കപ്പെട്ടു. മനസ്സായി ക്രിയാത്മകശക്തിയുടെ ഉറവിടം. അതോടെ സ്ത്രീക്കു പകരം പുരുഷനായി അധിപൻ.’
മൈഥിലി ലൈലക്കു് കൈ കൊടുത്തു് മുറിയിൽനിന്നു് പുറത്തിറങ്ങി. അവർ കാവൽപുരയുടെ മുൻപിലെത്തി. സെക്യൂരിറ്റി മൈഥിലിക്കു് നന്മകൾ നേർന്നു. അവർ സാവകാശം ഗേറ്റു് കടന്നു. റോഡിലെത്തി. മൈഥിലി യൂബർ ടാക്സി ബുക്ക് ചെയ്തു് കാത്തുനിന്നു. അവളെ യാത്രയാക്കാൻ ലൈലയും.
അകലെയുള്ള വളവിൽ പൊടിയുയരുന്നതു കണ്ടു് മൈഥിലി മുന്നോട്ടിറങ്ങിനിന്നു. പക്ഷേ പൊടിപറത്തി മുന്നോട്ടു് വന്നതു് പതിനാലുചക്രങ്ങളുള്ള ഭാരം കയറ്റിയ ട്രക്കായിരുന്നു. അതിനു് പിറകിലായി ഏഴു് ടോറസ്സുകൾ.
ലൈല സെക്യൂരിറ്റിയെ വിളിച്ചു് ഗേറ്റു് പൂർണ്ണമായും തുറന്നിടാൻ പറഞ്ഞു. ഭാരവണ്ടികൾ ഗേറ്റിലൂടെ വിശാലമായ മുറ്റത്തേക്കു് പാഴിലകളെ ഞെരിച്ചമർത്തി നീങ്ങി. അവയുടെ ശബ്ദവും റോഡിലെ പൊടിയും അടങ്ങിയപ്പോഴാണു് ലൈലയും മൈഥിലിയും വീണ്ടും മുഖാമുഖം കണ്ടതു്. മൈഥിലിയുടെ മുഖത്തെ ആശങ്കയിൽ ലൈല മൈഥിലിയുടെ കൈ കവർന്നെടുത്തു. ‘മൈഥിലി, നിങ്ങൾ അവസാനത്തെ സന്ദർശകയാണു്. നാളെ മുതൽ ഒരു സന്ദർശകയോടും ഒരു ക്യൂറേറ്ററായി എനിക്കു് വിശദീകരിക്കേണ്ടതില്ല. ഞാനും നാളെ ഇവിടം വിടും. തലസ്ഥാനനഗരിയിലെ ഒരു ചരിത്ര മ്യൂസിയത്തിൽ ക്യൂറേറ്ററായിട്ടാണു് എനിക്കു് സ്ഥലം മാറ്റം.’ ലൈല മൈഥിലിയുടെ കയ്യിലെ പിടുത്തം മുറുക്കി:
‘നിങ്ങൾ രാവിലെയെത്തുന്നതിനും മുമ്പേ ഇ-മെയിലായി ഓർഡർ വന്നിരുന്നു. ഹോം മിനിസ്റ്ററിയുടെ ഓർഡറനുസരിച്ചു് ഈ കെട്ടിടങ്ങൾ തടങ്കൽ പാളയങ്ങളായി മാറുകയാണു്. അടിയന്തിര അറ്റകുറ്റ പണികൾക്കുള്ള സാധനസാമഗ്രികളാണു് ട്രക്കുകളിൽ. ടെറിട്ടോറിയൽ ആർമിക്കാണു് ഇതിന്റെ ചുമതല.’
മൈഥിലിയുടെ മുഖഭാവം കണ്ടു് ലൈല തലതാഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ വിറയലോടെ പറഞ്ഞു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെയും, പുതിയ രാജ്യദ്രോഹികളെയും പാർപ്പിക്കാനുള്ള തടങ്കൽപ്പാളയമായിരിക്കും ഈ കെട്ടിടങ്ങൾ…
യൂബർ ടാക്സിയുടെ കറുപ്പു് അവർക്കു് മുമ്പിൽ സഡൻ ബ്രേക്കിട്ടു.
മലയാളത്തിലെ ഒരു എഴുത്തുകാരനാണു് കെ. അരവിന്ദാക്ഷൻ.
ചിത്രങ്ങൾ: വി. മോഹനൻ