images/Landscape_with_Huts.jpg
Landscape with Huts, a painting by Antonio del Castillo y Saavedra (1616–1668).
ചരിത്രപഠനത്തിലെ ഭാരതീയ ധാര
കെ. അരവിന്ദാക്ഷൻ

ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ മധ്യത്തിലാണു് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. സി. എൻ. കൃഷ്ണനെ ഞാൻ, മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ഒരു ഗാന്ധിയൻ സെമിനാറിൽ വെച്ചു കണ്ടുമുട്ടുന്നതു്. വ്യത്യസ്തനായ ഒരു ഗാന്ധിയുടെ അന്വേഷണത്തിലായിരുന്ന ഞാനും കൃഷ്ണനും പെട്ടെന്നുതന്നെ ചങ്ങാതിമാരായി. ചെന്നൈയിലെ പാട്രിയോട്ടിക് പീപ്പിൾ ഓറിയന്റഡ് സയൻസ് ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ ഡയറക്ടറായിരുന്ന കൃഷ്ണൻ, എന്നെ അതിന്റെ ഒരംഗമാക്കി; കേരളത്തിലെ പ്രവർത്തനത്തിന്റെ കോർഡിനേറ്ററാക്കുകയും ചെയ്തു. പി. പി. എസ്. ടി.-യുടെ അടിസ്ഥാന ആശയം ഞാനന്വേഷിക്കുന്ന ഗാന്ധിയൻ ധാരയുമായി ചേർന്നതാകയാൽ എന്നെ ആകർഷിച്ചു. യൂറോ കേന്ദ്രീകൃത ആധുനിക നാഗരികതയുടെ ഭാഗമായ ആധുനിക ശാസ്ത്രസാങ്കേതികതയുടെ ഏകശിലാരൂപത്തിനു് ബദലായി, ലോകത്തിന്റെ മറ്റു് നാഗരികതകളിലും സംസ്കൃതികളിലും ശാസ്ത്രസാങ്കേതികതകൾ ഉണ്ടായിരുന്നു. അത്തരം ശാസ്ത്രസാങ്കേതികളുമായി ആധുനികശാസ്ത്രം നിരന്തരമായ സംവാദങ്ങളിലേർപ്പെടുന്നതിലൂടെ മാത്രമേ, ഒരു സമൂഹത്തിന്റെ വികസനവും ജീവിതവീക്ഷണവും പുഷ്കലമാകൂ. ഗാന്ധിയുടെ ദർശനങ്ങളുടെ സത്തയിൽ ഇത്തരമൊരന്വേഷണമുണ്ടു്. ഈ അടിസ്ഥാനധാരയിൽ ഊന്നിയാണു് പി. പി. എസ്. ടി. തൊണ്ണൂറുകളിൽ മുംബൈ ഐ. ഐ. ടി.-യിലും അണ്ണായൂണിവേഴ്സിറ്റിയിലും വാരണാസിയിലും വെച്ചു് മൂന്നു നാടൻ ശാസ്ത്ര-സാങ്കേതിക കോൺഗ്രസുകൾ നടത്തിയതു്.

ഇവയുമായി ബന്ധപ്പെട്ടു് കേരളത്തിൽ നടത്തിയ അന്വേഷണപഠനങ്ങളുടെ ഫലമാണു് വി. എച്ച്. ദിരാറിന്റെ ‘ഊത്താല’യും (1995) സി. കെ. സുജിത് കുമാറിന്റെ ‘കൃഷിമലയാളവും’ (1999). ഇവ രണ്ടും മലയാളി ശ്രദ്ധിക്കാതെ വിട്ട രണ്ടു് പ്രൗഢപഠനങ്ങളാണു്. കേരളീയ വികസനത്തിന്റെ ചർച്ചയിൽ അവശ്യമായും വരേണ്ടവ.

images/Illustrated_Weekly_of_India.jpg

പി. പി. എസ്. ടി.-യുടെ ചെന്നൈയിലെ യോഗങ്ങളിലും ചർച്ചകളിലും പങ്കെടുക്കുമ്പോഴാണു്, ഞാൻ ധരംപാലിനെ കാണുന്നതു്. വെളുത്ത ഖദർവസ്ത്രത്തിൽ, ശാന്തസ്വരൂപനായി ഇരിക്കുന്ന അദ്ദേഹമാണു് പി. പി. എസ്. ടി.-യുടെ സ്രോതസ്സു്. വാർധയിലെ സേവാഗ്രാമിലെ ‘ഋഷി’യായിട്ടാണു് ഞാനദ്ദേഹത്തെ കണ്ടതു്. 1986 ജൂൺ 15-ന്റെ ഇല്ലസ്ട്രേറ്റഡ് വീക്കിലിയിൽ ക്ലോഡ് അൽവാരിസ് ധരംപാലിനെപ്പറ്റി എഴുതിയ ലേഖനവും അഭിമുഖവും ഞാൻ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ Civil Disobedience and Indian Tradition, Indian Science and Technology in the Eighteenth Century, The Beautiful Tree: Indigenous India Education in the Eighteenth Century, Bharatiya Cit Manas Kala, Europe and the Non-European World Since 1492–1991 എന്നിവയും പഠിക്കാനിടയായി. ഞാനെഴുതിയ ഗാന്ധിയുടെ ജീവിതദർശനത്തിൽ ഇവയിലെ ആശയങ്ങൾ ഉൾച്ചേർന്നിട്ടുണ്ടു്. 1995-നുശേഷം പി. പി. എസ്. ടി. പ്രവർത്തന രഹിതമായി; ഡോ. കൃഷ്ണനും സംഘടനയിലെ മറ്റുള്ളവരുമായും ചങ്ങാത്തം നിലനിന്നിരുന്നുവെന്നുമാത്രം. ഇക്കൊല്ലം ഫെബ്രുവരി മാസത്തിലാണു് ഡോ. കൃഷ്ണന്റെ ഒരു കത്തു് കിട്ടുന്നതു്. 2006 ഒക്ടോബർ 24-നു് അന്തരിച്ച ധരംപാലിന്റെ ഒരനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണമായിരുന്നു. ധരംപാലിന്റെ മരണം ഏതെങ്കിലും വാർത്താമാധ്യമത്തിൽ ഞാൻ കാണുകയുണ്ടായില്ല. നിർമമനായ അദ്ദേഹം മരണശേഷവും തന്റെ നിർമമത്വം സൂക്ഷിച്ചു! അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ചരിത്രപഠനങ്ങളെക്കുറിച്ചും സാധാരണക്കാരായ മലയാളികൾക്കു് മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കുകയാണു് ഈ ലേഖനത്തിന്റെ ലക്ഷ്യം.

‘ചരിത്രപഠനത്തിലെ ഭാരതീയധാര’ എന്ന ശീർഷകം വായിക്കുമ്പോൾത്തന്നെ ഇടതുപക്ഷ ചായ്വുള്ള മലയാളി വായനാസമൂഹം എന്നെ സംശയത്തോടെ നോക്കാതിരിക്കില്ല. ‘ഭാരതീയം’ എന്നു കേട്ടാൽ, ഉടനെ അതു് ഹിന്ദുവർഗ്ഗീയതയായി മുദ്രയടിക്കുന്ന ഒരു മനസ്സാണല്ലോ നമ്മുടേതു്.

ധരംപാൽ ആരു്?

ജനനം 1922-ൽ. ആദ്യമായി ഗാന്ധിയെ കാണുന്നതു് 1929-ൽ ലാഹോർ കോൺഗ്രസ്സിൽ വെച്ചു്. 1940-ൽ ഖാദി ധരിച്ചുകൊണ്ടു് ഗാന്ധിയുടെ സ്വരാജുമായി അടുത്തു. 1942-ൽ ബോംബെ ക്വിറ്റിന്ത്യ കോൺഗ്രസ് സമ്മേളനത്തിൽ ഒരു കാഴ്ചക്കാരനായി സന്നിഹിതനായിരുന്നു. അതിനുശേഷം ക്വിറ്റിന്ത്യ സമരത്തിൽ ചേർന്നു. 1943 ഏപ്രിലിൽ അറസ്റ്റ് ചെയ്യപ്പെട്ടു് ജയിലിലായി; രണ്ടു മാസത്തിനുശേഷം വിട്ടയച്ചു. 1944 ഓഗസ്റ്റിൽ മീരാബഹനെ പരിചയപ്പെട്ടു. റൂർക്കിക്കും ഹരിദ്വാറിനുമിടയ്ക്കുള്ള കിസാൻ ആശ്രമത്തിൽ മീരാബഹനോടൊപ്പം ചേർന്നു. 1982-ൽ അവർ മരിക്കുന്നതുവരെയും ആത്മബന്ധം പുലർത്തിയിരുന്നു. 1947–48 കാലഘട്ടത്തിൽ കമലാദേവി ചതോപാധ്യായ, ഡോ. രാംമനോഹർ ലോഹ്യ, അന്നാസാഹിബ് സഹസ്രബുധേ, ജയപ്രകാശ് നാരായൺ എന്നിവരുമായി അടുത്ത ബന്ധത്തിലായി. 1949-ൽ ഇംഗ്ലണ്ടിലെത്തിയ ധരംപാൽ ഫില്ലിസ് എന്ന ഇംഗ്ലീഷുകാരിയെ വിവാഹം ചെയ്തു. 1950-ൽ ഋഷികേശിനടുത്തു് ബാപ്പുഗ്രാം ജനകീയ ഗ്രാമമുണ്ടാക്കി, താമസമാക്കി. ഗവേഷണസ്ഥാപനങ്ങളായ അഖിലേന്ത്യാ പഞ്ചായത്തു് പരിഷത്തിൽ നിന്നും അസോസിയേഷൻ ഓഫ് വളണ്ടറി ഏജൻസീസ് ഫോർ റൂറൽ ഡവലപ്മെന്റി (AVARD)-ൽ നിന്നും 1964-ൽ പുറത്തു കടന്ന ധരംപാൽ രാജസ്ഥാനിലെയും ആന്ധ്രാപ്രദേശിലെയും പഞ്ചായത്ത്രാജ് പ്രവർത്തിക്കുന്നതിനെപ്പറ്റി ചില അന്വേഷണങ്ങളിലേർപ്പെട്ടു. ഇതിനു് ജയപ്രകാശ് നാരായണന്റെ സഹകരണവുമാണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്ത അദ്ദേഹം സ്വയം ചോദിച്ചു: അമ്പതോ നൂറോ വർഷങ്ങൾക്കു് മുമ്പു് നമ്മുടെ സമൂഹം ജീവിച്ചിരുന്നതു് എങ്ങനെയാണു് ?

images/Thomas_Munro.jpg
തോമസ് മൺറോ

രാജസ്ഥാൻ പഞ്ചായത്തുകളെപ്പറ്റി പഠിക്കുന്നതിനിടയിൽ, സർക്കാർ വക പഞ്ചായത്തിന്റെ ഇടപെടലുകളില്ലാതെ, സാധാരണ ജനങ്ങൾ കേടുപാടുകൾ തീർത്തു് നല്ല നിലയിൽ കൊണ്ടുനടന്നിരുന്ന പൊതുകുളങ്ങളെപ്പറ്റി അറിയാനിടയായി. ഇതുപോലുള്ള സംഗതികൾ ആന്ധ്രാപ്രദേശിലും കാണാനിടയായി. ഒരിക്കൽ അദ്ദേഹം പുരിയിലെത്തി (ഒറീസ്സ) ജില്ലാ പരിഷത്ത് ചെയർമാനുമായി സംസാരിച്ചു. ചെയർമാൻ ജില്ലാ പഞ്ചായത്തുകളുടെ അപ്പോഴത്തെ അവസ്ഥയെപ്പറ്റി പറഞ്ഞു. അധികാരമില്ല, സർക്കാർ ഇടപെടൽ, താല്പര്യമില്ലാത്ത ഉദ്യോഗസ്ഥർ, മുമ്പെങ്ങനെയായിരുന്നു കാര്യങ്ങൾ? ധരംപാൽ തിരക്കി. അദ്ദേഹം പറഞ്ഞു, 1937-വരേക്കും അവിടങ്ങളിൽ സാസന (Sasana) ഗ്രാമങ്ങളുണ്ടായിരുന്നു. അവയിലൊന്നു് അദ്ദേഹം സന്ദർശിച്ചു—വീർ നരസിങ്ക്പൂർ. ആ ഗ്രാമം അദ്ദേഹം ബ്രിട്ടനിലും ഇറ്റലിയിലും ഇസ്രയേലിലും കണ്ട ഗ്രാമങ്ങളോടു് സമാനമായിരുന്നു. വൃത്തിയുള്ള, ഭംഗിയുള്ള ഗ്രാമം. എഴുന്നൂറു് കൊല്ലം പഴക്കമുള്ള ഒരു ബ്രാഹ്മണഗ്രാമമായിരുന്നു അതു്. മാന്തോപ്പുകളുടെ ഗ്രാമം. വൈദ്യുതിയും മറ്റു് സൗകര്യങ്ങളും അവിടെയെത്തിയതു് സമുദായത്തിന്റെ സഹകരണത്തിൽ നിന്നാണു്. മറ്റു് ജാതിക്കാരുടെ ഗ്രാമങ്ങളും അദ്ദേഹം സന്ദർശിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും ഇതേ അനുഭവമുണ്ടായി. അത്തരം ഗ്രാമങ്ങൾ വളരെക്കാലം മുമ്പുവരെയുണ്ടായിരുന്നു. 1937-ൽ കോൺഗ്രസ് സർക്കാർ വന്നതോടെ അത്തരം സഹകരണഗ്രാമങ്ങളിലെ ഭൂമി ഭൂവുടമകൾക്കു് വീതിക്കപ്പെട്ടു. അങ്ങനെയാണു് പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെപ്പറ്റിയുള്ള ധരംപാലിന്റെ അന്വേഷണം ആരംഭിക്കുന്നതു്. പക്ഷേ, ഈ ഗവേഷണം എങ്ങനെ തുടങ്ങും?

1965-ൽ തുടങ്ങിയ അന്വേഷണം Civil Disobedience and Indian Tradition (1971) എന്ന പുസ്തകമായി, പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെപ്പറ്റി ആഴത്തിൽ അറിയുവാൻ ജെ. പി.-യും ലോഹ്യയും ഉത്സുകരായി. ഇതിന്റെ ഫലമായി ജെ. പി. മുൻകയ്യെടുത്തു് ധരംപാലിനെ 1972-ൽ 79 പൗണ്ട് സ്കോളർഷിപ്പിൽ ലണ്ടനിലയച്ചു. ഇത്രയും ചെറിയൊരു തുകകൊണ്ടു് ലണ്ടനിൽ ജീവിക്കുകയും ഗവേഷണം നടത്തുകയും ദുഷ്കരമായിരുന്നു. 1971-ൽ ‘പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ ശാസ്ത്ര-സാങ്കേതികത’ പുറത്തു വന്നു. അടിയന്തിരാവസ്ഥയായി. ഗവേഷണത്തിന്റെ ആർജ്ജവത്തോടെ തന്നെ അതിനെതിരായി പ്രവർത്തിച്ചു. 1975 ജൂലൈയിൽ ലണ്ടനിൽ ആരംഭിച്ച ‘Free JPCampaign’ ഉം ‘സ്വരാജ്’ പ്രസിദ്ധീകരണവും ഇതിന്റെ ഭാഗമായിരുന്നു. ഇക്കാലത്തും ധരംപാൽ ലണ്ടനിലെ ‘ഇന്ത്യാ ഓഫിസി’ലെ രേഖകളും ബ്രിട്ടീഷ് മ്യൂസിയത്തിലെ പഴയ ലിഖിതങ്ങളും പരിശോധിച്ചു്, ഗവേഷണം തുടർന്നു. 1980-ൽ ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹിയിലെ നാഷനൽ ആർക്കൈവ്സും, ലക്നൗ, അലഹബാദ് ഇവിടങ്ങളിലെ യു. പി. ആർക്കൈവുകളും ചെന്നൈയിലെയും ബംഗാളിലെയും സ്റ്റെയിറ്റ് ആർക്കൈവുകളും ഗവേഷണം ചെയ്തു് രേഖകൾ കണ്ടെത്തി. 1800–1920 കാലയളവിൽ ബ്രിട്ടീഷ് പട്ടാളവും സിവിൽ അധികാരികളും ഇന്ത്യക്കാരെ നിർബന്ധമായി പണിയെടുപ്പിച്ചതിന്റെ വിവരങ്ങളും കണ്ണിൽപ്പെട്ടു. ഇതേ രേഖകൾ ബ്രിട്ടനിലെ ഇന്ത്യാ ഓഫിസിലും കാണുകയുണ്ടായി. സ്റ്റെയിറ്റിന്റെ ഈ നിർബന്ധിച്ചുള്ള അധ്വാനമാണു് പിന്നീടു് അടിമപ്പണിക്കും (Bonded Labour) ഇന്ത്യൻ ഭരണാധികാരികളുടെ കഠിനമായ പെരുമാറ്റസംഹിതകൾക്കും കാരണമായതു്. 1981 മേയ് മുതൽ 1982 ജൂൺ വരെ ലണ്ടനിൽ ചെലവഴിച്ച കാലം, ഗാന്ധിജിയെക്കുറിച്ചുള്ള ഇരുപതാം നൂറ്റാണ്ടിലെ വസ്തുതകളിലാണു് പ്രധാനമായും ശ്രദ്ധിച്ചതു്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ബ്രിട്ടൻ ഉണ്ടാക്കിയ രഹസ്യപ്പൊലീസ് ശൃംഖലയുടെ ഉദ്ഭവവും ഇന്ത്യൻ സ്വാതന്ത്ര്യസമരവും. 1982-ൽ സേവാഗ്രാമിൽ മടങ്ങിയെത്തി. തുടർന്നും ഇതേ രീതിയിലുള്ള ഗവേഷണം തുടർന്നു. 1983-ൽ പുറത്തുവന്നു. ഇക്കാലത്തു് അദ്ദേഹം ഡൽഹിയിലും ചെന്നൈയിലും മീററ്റിലും വന്നും പൊയ്ക്കൊണ്ടുമിരുന്നു. 1986-ൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു.

1982–2006 വരെയുള്ള കാലയളവിൽ അദ്ദേഹം പി. പി. എസ്. ടി.-യുമായും ചെന്നൈയിലെ Centre of Policy Studies-മായും ബന്ധപ്പെട്ടു് പ്രവർത്തിച്ചു.

ധരംപാലിന്റെ ഗവേഷണങ്ങൾ

പതിനെട്ടാം ശതകത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും ഒരു സൈദ്ധാന്തിക ചട്ടക്കൂടു് അവതരിപ്പിക്കാനുള്ള ശ്രമമാണു് ഗവേഷണങ്ങളുടെ പ്രധാന ലക്ഷ്യമായി ധരംപാൽ കാണുന്നതു്.

images/Tapan_RayChaudhuri.jpg
തപൻ ചൗധരി

ഓരോ പ്രാദേശിക ഇടത്തിനും സ്വയംഭരണാധികാരത്തിന്റെ ഘടകങ്ങളുണ്ടായിരുന്നു. ഏതെങ്കിലും പൗരാണിക സിദ്ധാന്തത്തിന്റെ ഫലമായോ ആവാം സമൂഹത്തിന്റെ സൂക്ഷ്മമായ കാര്യങ്ങൾ പോലും ഏതാണ്ടു് നല്ല നിലയിൽ നടത്തിപ്പോരാവുന്ന ഒരു സംവിധാനമുണ്ടായിരുന്നു. ഉദാഹരണത്തിനു് നാടൻ വിദ്യാഭ്യാസ സമ്പ്രദായം (The Beautiful Tree 1984). 1812-ലെ ഇന്ത്യൻ ഗ്രാമങ്ങളെപ്പറ്റി ബ്രിട്ടീഷുകാർ കല്പിച്ചിരുന്നതിനു് വിരുദ്ധമാണിതു്. അവർ പറഞ്ഞിരുന്നതു്, ഇന്ത്യൻ ഗ്രാമങ്ങൾ ലളിതമായ രീതിയിലുള്ള മുനിസിപ്പൽ സർക്കാരുകളുടെ മാതൃകയിലായിരുന്നു എന്നാണു്. വിശാലമായ ഭരണസംവിധാനത്തോടു് അവ തീർത്തും മുഖം തിരിഞ്ഞു് നിന്നു. എന്നാൽ അതായിരുന്നില്ല പുരാരേഖകളിൽ നിന്നുള്ള കണ്ടെത്തൽ. സ്വയംഭരണാധികാരമുള്ള പ്രാദേശിക സംവിധാനങ്ങൾ വിശാലമായ ഭരണസംവിധാനത്തിന്റെ നടത്തിപ്പിൽ സ്വന്തം പങ്കു് വഹിച്ചു. പല പ്രകാരത്തിലും അവയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തു. അടിസ്ഥാനപരമായി, പതിനെട്ടാം ശതകത്തിലെ, പ്രത്യേകിച്ചും ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ടതു്, മഹാത്മാഗാന്ധിയുടെ സാമുദ്രികവൃത്ത സംവിധാനം എന്ന സങ്കല്പത്തോടു് ചേർന്നുപോകുന്നതായിരുന്നു. അതായതു് പ്രാദേശിക സമൂഹങ്ങൾ ആവശ്യമായ വിഭവങ്ങളും അധികാരവും ഉപയോഗിച്ചു്, ഏതാണ്ടെല്ലാ സാമൂഹികാവശ്യങ്ങളും നിറവേറ്റി. ഇതോടൊപ്പം തന്നെ സമാന്തരമായ ബാഹ്യവൃത്തങ്ങളിലൂടെ മേഖലാഭരണസംവിധാനവുമായി ഇഴയടുപ്പത്തിലായിരുന്നു. പ്രാദേശിക തലത്തിൽ സാധിക്കാനാകാത്ത ആവശ്യങ്ങൾ മേഖലാതലവുമായി ബന്ധപ്പെട്ടു നടത്തിപ്പോന്നു. ഈ ഭരണസംവിധാനത്തിനു് മുകളിലായി കേന്ദ്രീകൃതമായ അധികാര ശക്തികളും നിലനില്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത്തരം താല്പര്യങ്ങളെ സമൂഹത്തിലെ സാംസ്കാരിക മൂല്യങ്ങൾ പലപ്പോഴും തടഞ്ഞുനിർത്തി. മിക്കപ്പോഴും ഈയൊരു തുലനാവസ്ഥയെ വിദേശാക്രമഭീഷണികളും പിടിച്ചടക്കലുകളും തകിടം മറിക്കുകയുണ്ടായിട്ടുണ്ടു്. അതു് ചിലയിടങ്ങളിൽ, കൂടുതലായിരുന്നു. 1750-കൾ വരെ ഈ തുലനാവസ്ഥ നിലനിന്നിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ ചിലപ്പോൾ, ഇതു് വളരെ അയഞ്ഞ മട്ടിലായി. കാരണം, വിദേശ ഇടപെടലുകൾ നിമിത്തം പുറം വൃത്തങ്ങളുടെ മൂല്യങ്ങളും വ്യവഹാരിക ഭാഷയും വ്യത്യസ്തമായി. അതോടെ, ഇന്ത്യ ചിലയിടങ്ങളിലായി കീറാൻ തുടങ്ങി.

പ്രാദേശികതലവും ശിഖരസ്ഥാനവും തമ്മിലുള്ള കണ്ണികൾ ഉത്തരേന്ത്യയിൽ അഴിയാൻ തുടങ്ങിയതാണു്, അവിടങ്ങളിൽ യൂറോപ്യൻ അധിനിവേശം പ്രായേണ എളുപ്പമാക്കിയതു്. ക്രമേണ യൂറോപ്യൻ ആധിപത്യം ഇത്തരം വ്യത്യസ്തങ്ങളായ സാമൂഹികവൃത്തങ്ങളെ പൂർണ്ണമായും തകർത്തു; വളരെ ആസൂത്രിതമായിത്തന്നെ തദ്ദേശീയമായ വ്യവഹാരഭാഷയും മൂല്യങ്ങളും സ്ഥാപനങ്ങളും നശിപ്പിച്ചുകൊണ്ടു് അന്യമായ പുതിയ സ്ഥാപനങ്ങൾ പ്രതിഷ്ഠിതമായി. അന്യമായ ആ സ്ഥാപനങ്ങൾ പ്രാദേശികമായി നിലനിന്നിരുന്ന എല്ലാജനകീയ മുൻകൈകളെയും പ്രവർത്തനങ്ങളെയും കടയോടെ പിഴുതെറിഞ്ഞു. അവയുടെ സ്ഥാനത്തു് പിരമിഡിക്കലായ ഒരു സംവിധാനമുണ്ടായി. ഇതോടെ ഇന്ത്യൻ സമൂഹം ഏതാണ്ടു് മന്ദീഭവിച്ച മട്ടിലായി.

ഇന്നു് പഴയകാല യൂറോപ്യൻ അധിനിവേശം ചരിത്രത്തിന്റെ ഭാഗമാണു്. അന്നത്തെ അനുഭവമുണ്ടായിരുന്ന തലമുറയും അസ്തമിച്ചു. ഓർമ്മകളും അപ്രത്യക്ഷമായി, വിദേശാധിപത്യവും സ്വാതന്ത്ര്യസമരവും പുതിയതലമുറയ്ക്കു് അന്യമാണു്. അതുകൊണ്ടു് വളരെ നിർമമായിത്തന്നെ, ആരോടും വിദ്വേഷമോ പകയോ ഇല്ലാതെ നമുക്കന്വേഷിക്കാനാവും; പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യൻ സമൂഹം എങ്ങനെ ജീവിച്ചുവെന്നും അതിന്റെ ചരിത്രസ്വഭാവമെന്തായിരുന്നെന്നും. വിശേഷിച്ചും, 1857-‘ഒന്നാം സ്വാതന്ത്ര്യസമര’ത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ.

പുതുതലമുറയ്ക്കു് പുതുലോകമറിയാം. അതിന്റെ പ്രവർത്തനരീതികളും ഏതൊക്കെ ആശയങ്ങളും അഭിനിവേശങ്ങളുമാണു് ജനസാമാന്യത്തെ ഭരിക്കുന്നതെന്നും. പുതുതലമുറയ്ക്കു് മുൻധാരണകളില്ല. മുൻവിധികളില്ല. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും പുതിയ കാലം അറിവിന്റെ വൻ വിസ്ഫോടനങ്ങൾക്കു് സാക്ഷ്യം വഹിക്കുകയാണു്. ഇന്നു് ആശയങ്ങൾ ആയിരക്കണക്കിനുണ്ടു്. എന്നാൽ അവ യാഥാർഥ്യമാക്കാനുള്ള മാധ്യമം—സംഘടന—ഇല്ല. പഴയവയാകട്ടെ ജീർണ്ണിച്ചു.

ഇന്ത്യയുടെ ഒരു ന്യൂനപക്ഷം വരിഷ്ഠർ ശാസ്ത്രസാങ്കേതികതയിലും മൂലധനത്തിലും രാക്ഷസീയമായ കുതിച്ചു ചാട്ടങ്ങൾ നടത്തുമ്പോൾ, ബഹുഭൂരിപക്ഷവും (കർഷകത്തൊഴിലാളികൾ, ദലിതർ, സ്ത്രീകൾ, പദ്ധതികൾ മൂലം കുടിയൊഴിപ്പിക്കപ്പെട്ടവർ, പരമ്പരാഗത തൊഴിലിലേർപ്പെട്ടിരുന്ന പിന്നോക്കക്കാർ, ആദിവാസികൾ) അവരുടെ പ്രാദേശിക ഇടങ്ങളിൽ നിന്നും പറിച്ചെറിയപ്പെട്ടു. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധമറ്റു. ഭരിക്കപ്പെടുന്നവർക്കു് ഭരണവർഗ്ഗത്തിൽ വിശ്വാസമൊന്നുമില്ല.

images/Claudealvares.jpg
ക്ലോഡ് അൽവാരിസ്

ഭരിക്കുന്നവർ ജനങ്ങളുടെ കാഴ്ചപ്പാടുകൾ കേൾക്കാനും പങ്കുവെക്കാനുമുള്ള കല പുനഃവിദ്യ ചെയ്യണം. എങ്കിലേ പൊതുവായ വ്യവഹാരഭാഷയും മൂല്യങ്ങളും സാധ്യമാകൂ. അതുപോലെത്തന്നെ ജനങ്ങളും ഭരിക്കുന്നവരുമായി ഇടപെടണം; നല്ല കാര്യങ്ങളെ അഭിനന്ദിക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ ഏതധികാരിയുടെ ചെയ്തിയും നിരാകരിക്കണം. ഇങ്ങനെയൊരു മാനസികമായ സംവിധാനം പാകപ്പെടാൻ പുതിയൊരു ഘടനവേണം. അതായതു്, പുതിയ ആശയത്തെ പരാവർത്തനം ചെയ്യാൻ കെല്പും സംവേദനക്ഷമതയുമുള്ള ഒന്നു്. അതിനു് പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ സമൂഹം എങ്ങനെ പുലർന്നിരുന്നുയെന്നു് അറിയുന്നതു് ഗുണം ചെയ്യും. ഭരണം, പൊതുസമൂഹത്തിലെ ഇടപെടൽ, വ്യവഹാരമേഖലകൾ ഇവയിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും എന്തെങ്കിലും പഠിക്കാനുണ്ടോ?

എന്തായിരുന്നു പഴയ ഇന്ത്യ?

ധരംപാൽ വാദിക്കുന്നതു്, പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യ പൊതുവെ കരുതപ്പെടുന്നതുപോലെ അപരിഷ്കൃതവും പിന്നോക്കാവസ്ഥയിലുള്ളതുമായിരുന്നില്ല. അതേസമയം അതു് സമത്വത്തിന്റെയും നീതിയുടെയും സുവർണ്ണകാലവുമായിരുന്നില്ല. എന്നാൽ പല മേഖലകളിലും ബ്രിട്ടനേക്കാൾ മികച്ചതായിരുന്നു. അതിനു് വളരെ നിയതമായ, നീതിയുക്തമായ ഒരു സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥിതിയുണ്ടായിരുന്നു. കാർഷിക ഉല്പാദനത്തിൽ ബ്രിട്ടനേക്കാൾ മുന്തിയതായിരുന്നു. വിദ്യാഭ്യാസം, ഉരുക്കുല്പാദനം, പ്ലാസ്റ്റിക് സർജറി, വസൂരി കുത്തിവെപ്പു്, വസ്ത്രനിർമ്മാണം എന്നീ മേഖലകളിൽ സാമാന്യം നല്ല നിലവാരം പുലർത്തിയിരുന്നു.

രാഷ്ട്രീയം

ഉദയ്പൂരിലെ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റിന്റെ 1819-ലെ റിപ്പോർട്ടിൽ നിന്നു്:

“സർക്കാരിന്റെ ഭരണപരമായ കാര്യങ്ങൾ ചർച്ചചെയ്യുന്നിടത്തു് യാതൊരു രഹസ്യസ്വഭാവവും ഇവിടെ നിലനിൽക്കുന്നില്ലയെന്നതാണു്, ഇവിടത്തെ തിന്മകളിലൊന്നു്; മറ്റനവധികളുടെ കാരണവും. നഗരത്തിലെ നിസ്സാരനായ തുണിക്കച്ചവടക്കാരൻ മുതൽ റാണവരെ, തങ്ങൾക്കോരോരുത്തർക്കും ഇതിലൊരു പങ്കുണ്ടെന്ന മട്ടിലാണു് എല്ലാ കാര്യങ്ങളും ചർച്ചചെയ്യുന്നതു്. റാണയാകട്ടെ പ്രതാപിനോടു് അപരിചിതനുമാണു്. പർധാൻ (Purdhan) മുതൽ അദ്ദേഹത്തിന്റെ ഈച്ചയാട്ടുന്ന പാസ്വാൻ (Passwan) വരെ ഉപദേശം നൽകുകയെന്ന വിശേഷാവകാശം കൈവശം വെയ്ക്കുന്നു”.

മൈസൂരിലൂടെയും കാനറയിലൂടെയും മലബാറിലൂടെയും യാത്രചെയ്ത ഒരു ബ്രിട്ടീഷ് നിരീക്ഷകന്റെ റിപ്പോർട്ടിൽ നിന്നു് (1800–07).

“കൂടുതൽ ആളുകൾ കൂടി നിൽക്കുന്നുണ്ടെങ്കിൽ അവിടെ നിന്നായിരിക്കും എനിക്കു് ആവശ്യമായ വിവരങ്ങൾ കിട്ടുക. അവരെല്ലാവരും സംസാരിച്ചതു കൊണ്ടല്ല; ഒന്നോ രണ്ടോ പേരെ സംസാരിച്ചുള്ളൂ. പക്ഷേ, അവർക്കു് ഒട്ടും ഭയമുണ്ടായിരുന്നില്ല. സംസാരിക്കണമെന്നുള്ള ഓരോരുത്തർക്കും അതിനുള്ള അവസരങ്ങളുണ്ടായിരുന്നു. എല്ലാതരത്തിലുമുള്ള ഹിന്ദുക്കളും, ഞാൻ കണ്ടിടത്തോളം, എല്ലാവിധ കാര്യങ്ങളും ഗൗരവമായി പൊതുകൂട്ടങ്ങളിൽ ചർച്ച ചെയ്യാൻ വളരെ താല്പര്യമുള്ളവരാണു്”.

പൊതുസമൂഹവും അഭിപ്രായസമന്വയവും കൂടിച്ചേർന്ന ഈ ബോധമാണു് ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധത്തെ, സാധാരണയായി നിർണ്ണയിച്ചിരുന്നതു്. പതിമൂന്നാം ശതകം മുതൽ പതിനേഴാം ശതകം വരെയുണ്ടായ പട്ടാള അധിനിവേശത്തിന്റെ ഫലമായും മുസ്ലിം ഭരണാധികാരികളുടെ നിയന്ത്രണം കൊണ്ടും അത്തരം ബന്ധം ദുർബലപ്പെട്ടിരിക്കാം. എന്നാൽ അത്തരം തുടർച്ചയായുള്ള മുസ്ലിം നിയന്ത്രണം ഇന്ത്യയുടെ മുഴുവൻ ഭാഗത്തും ഉണ്ടായിരുന്നില്ല. മുസ്ലിം നിയന്ത്രണമുണ്ടായിരുന്നിടത്തു് ബന്ധം ദുർബലപ്പെട്ടിരിക്കാമെങ്കിലും മറ്റിടങ്ങളിലെ പരമ്പരാഗതമായ രാഷ്ട്രീയ ഭരണക്രമം തുടർന്നു. ഇന്ത്യൻ ജീവിതത്തെപ്പറ്റി യാതൊരു കാല്പനികതയുമില്ലാതെ ലണ്ടനിൽ ഇന്ത്യയുടെ ഭരണത്തിലെ പ്രധാനികളിൽ ഒരാളും The History of British India-യുടെ കർത്താവുമായ ജയിംസ്മിൽ, ഹൗസ് ഓഫ് കോമൺസിനുള്ള കമ്മിറ്റിയിൽ വ്യക്തമാക്കിയിട്ടുണ്ടു്.

“ഇന്ത്യയിലെ സാധാരണ അവസ്ഥയിൽ, രാജാക്കന്മാർ പ്രജകളെ ഭയഭക്തിയോടെ നോക്കിക്കണ്ടു. മർദ്ദനത്തിനെതിരായുള്ള പ്രക്ഷോഭം രാജ്യത്തിന്റെ പതിവായിരുന്നു. തോന്ന്യാസവും മർദ്ദനവും കാണിച്ചാൽ, ജനങ്ങൾ പ്രതികരിക്കുമെന്നു് രാജാക്കന്മാർക്കറിയാമായിരുന്നു; സിംഹാസനത്തിൽ നിന്നു് വലിച്ചിടപ്പെടുക മാത്രമല്ല, വിപ്ലവം നയിച്ചവരിൽ ആരെങ്കിലും അധികാരത്തിലേറുകയും ചെയ്യും. ഈയൊരു ചെറുത്തുനിൽപ്പു് നമ്മുടെ ഇടപെടൽ കാരണം പൂർണ്ണമായും അപ്രത്യക്ഷമായിട്ടുണ്ടു്. നമ്മുടെ അപ്രമാദിത്തശക്തിക്കുമുമ്പിൽ, അത്തരം ഉദ്യമങ്ങൾ പാഴ്‌വേലയാണെന്നു് ജനങ്ങൾക്കു് ബോധ്യമായിട്ടുണ്ടു്. അതിനാൽ അങ്ങനെയൊരു ചിന്തയേ അവരിലില്ല. അതുകൊണ്ടു് അവരുടെ മേൽ പതിക്കുന്ന ഏതൊരു ഭീകരമർദ്ദനത്തിനും അവർ വഴങ്ങുന്നു”.

images/Ram_Manohar_Lohia.jpg
രാംമനോഹർ ലോഹ്യ

മില്ലിന്റെ ഈ പ്രസ്താവനയെ ശക്തിപ്പെടുത്തുന്നതാണു്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനു് ചെറുത്തുനില്പുകളുടെ രേഖകൾ. ബോംബെ പ്രസിഡൻസി പ്രദേശങ്ങളിലും ദക്ഷിണേന്ത്യയിലും ബംഗാളിലും സംഭവിച്ച നിരവധി കർഷകസമരങ്ങളും ജനങ്ങളുടെ ധർണ്ണകളും ത്രാഗകളും (Traga), കൂർഹ്കളും (Koorh) വ്യക്തമാക്കുന്നതു് (അവയുടെ രേഖകളിൽ നിന്നു്) ഭരണാധികാരികളും പ്രജകളും തമ്മിലുള്ള ബന്ധത്തിൽ പൊതുവായ മാനദണ്ഡങ്ങളുണ്ടായിരുന്നു എന്നാണു്. ഇവയെപ്പോഴെങ്കിലും ലംഘിക്കപ്പെടുന്നതോടെ, ഭരണാധികാരിയുടെ സിംഹാസനം തെറിക്കുന്നു. ചുരുക്കം സന്ദർഭങ്ങളിൽ, ഭരിക്കപ്പെടുന്നവർ ഭരണാധികാരിയെ ഒന്നടക്കം ബഹിഷ്ക്കരിച്ചു് സ്ഥലം വിടുന്നു. ധർണ്ണ വളരെ പൗരാണികമായ ഒരു പ്രതിരോധ സമരരൂപമാണു്. പതിനെട്ടാം ശതകത്തിലതു് ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലുമുണ്ടായിരുന്നു. അതു് വ്യക്തിപരവും സാമൂഹ്യവുമായ മാനങ്ങൾ കൈവരിച്ചിരുന്നു. വളരെ ഗുരുതരമായ വീഴ്ചയോ കൃത്യവിലോപമോ ഉണ്ടായാൽ അതിനിരയാവുന്ന വ്യക്തിയോ/സമൂഹമോ/സംഘമോ കുറ്റം ചെയ്തയാളിന്റെ വീട്ടുപടിക്കൽ, ഭക്ഷണമുപേക്ഷിച്ചു്, തെറ്റു് തിരുത്തപ്പെട്ടു കിട്ടും വരെ, പട്ടിണി കിടക്കുന്നു. പെഷവയുടെ അനീതിക്കെതിരെ മാറാത്ത പട്ടാളം ധർണ്ണ ഉപയോഗിച്ചിരുന്നു.

ജാതികൾ

ജാതികൾ തമ്മിലുള്ള പരസ്പര ബന്ധം വിവാദപരമായ ഒന്നാണു്. വർണ്ണവിഭജനമാണോ, ജാതികൾക്കു് തുടക്കമിട്ടതു് അതോ അതു് ആദിവാസികളിൽ നിന്നു രൂപപ്പെട്ടതാണോ? എന്തായാലും പൊതുധാരണയനുസരിച്ചു് അതു് ശ്രേണീകൃതമാണു്. ബ്രാഹ്മണർ ശിഖരസ്ഥാനത്തും ചണ്ഡാളർ/ പറയർ തുടങ്ങിയവർ ഏറ്റവും താഴെത്തട്ടിലും. ഒരു വലിയ അളവുവരെ, ശ്രേണീകൃതമായ അത്തരം ജാതിഘടന, ബ്രിട്ടീഷിന്ത്യൻ സെൻസസ് റിപ്പോർട്ടുകളുടെയും പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ത്യകാലത്തെ ബ്രിട്ടീഷ് മനസ്സിന്റെയും ബ്രിട്ടീഷ് രാഷ്ട്രീയ വ്യവസ്ഥയുടെ ആവശ്യങ്ങൾക്കനുസരിച്ചുമുള്ളതുമായിരുന്നു. പതിനെട്ടാം ശതകത്തിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യഭാഗത്തെയും സാമൂഹ്യ-സാമ്പത്തിക രേഖകൾ കാണിക്കുന്നതു്, ഇന്ത്യയുടെ ജാതിയെപ്പറ്റിയുള്ള കാഴ്ചപ്പാടു് മറ്റൊരു തരത്തിലാണു്. വ്യത്യസ്ത ജാതികൾ നിലനിന്നിരുന്നപ്പോൾത്തന്നെ അവ തമ്മിലുള്ള ബന്ധം പരസ്പരപൂരകവും തിരശ്ചീനവുമായിരുന്നു; രേഖീയവും ശ്രേണീകൃതവുമാകുന്നതിൽ കൂടുതൽ.

രജത്കാന്തറോയി യുടെ ‘Social Conflict and Political Unrest In Bengal’ എന്ന പഠനത്തിൽ നിന്നു്:

“ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ജാതി വൈരം പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നുണ്ടായ സന്ദർഭം, വ്യത്യസ്ത ജാതികളുടെ സാമൂഹ്യമാന്യത നിശ്ചയിക്കുവാൻ ബ്രിട്ടീഷ് സർക്കാർ 1901-ലെ സെൻസസ് ഉപയോഗിച്ചു എന്നതാണു്. അവരുടെ വിമർശനങ്ങളുടെ വെളിച്ചത്തിൽ സർ എച്ച്. റൈസ്ലി ഉണ്ടാക്കിയ വിശദമായ ജാതിശ്രേണിയുടെ പട്ടിക ഇന്ത്യൻ മാന്യന്മാരടങ്ങുന്ന ഒരു കമ്മിറ്റിക്കായി സമർപ്പിച്ചു. ഇത്തരം കമ്മിറ്റികളിലെ ചർച്ചകൾ അസാധാരണമായ തരത്തിൽ അസൂയയും ദുരിതവും വരുത്തി വെച്ചതല്ലാതെ, പലപ്പോഴും ഒരു തീരുമാനത്തിലെത്തുന്നതിൽ പരാജയപ്പെട്ടു. റൈസ്ലിയുടെ നിർദേശമനുസരിച്ചുള്ള രീതിയിൽ സമ്മേളനങ്ങൾ വിളിച്ചു ചേർത്തപ്പോൾ ശത്രുത പെരുകി. 1891-ൽ സർക്കാർ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ Tribes and Castes of Bengal-നു ലഭിച്ച ‘സ്വീകരണ’ത്തിൽ നിന്നു് ഇതു് മനസ്സിലാക്കേണ്ടതായിരുന്നു… വ്യത്യസ്ത ജാതികളുടെ സാമൂഹ്യപദവി നിശ്ചയിക്കുവാൻ ഗവൺമെന്റിന്റെ സെൻസസ് തീർച്ചയായും ഔദ്യോഗികാധികാരം കാണിക്കാനുള്ള അസാധാരണമായ നടപടിയായിരുന്നു; അതൊരിക്കലും ഐക്യം കൊണ്ടുവന്നില്ല.

എന്നാൽ ജാതികൾ തമ്മിലുള്ള ബന്ധത്തിലെ അത്ഭുതകരമായ വസ്തുത, ദക്ഷിണേന്ത്യയുടെ മിക്ക ഭാഗങ്ങളിലും ജാതികൾ മൂന്നു വിഭാഗങ്ങളായി വേർതിരിക്കപ്പെട്ടിരുന്നു എന്നതാണു്. വലംകൈ ജാതികൾ (ബലകൈ), ഇടംകൈ ജാതികൾ (യദഗൈ), മധ്യസ്ഥ. മധ്യസ്ഥരിലാണു് ബ്രാഹ്മണരും മറ്റനവധി ജാതികളും ഉൾപ്പെട്ടിരുന്നതു്. അക്കാലത്തെ ബ്രിട്ടീഷ് രേഖകളനുസരിച്ചു് കാർഷികവൃത്തിയിലേർപ്പെട്ടവരും അനുബന്ധതൊഴിലിലേർപ്പെട്ടവരും വലംകൈ ജാതികളായിരുന്നു. കച്ചവടം, വിദഗ്ദ്ധ തൊഴിലുകൾ എന്നിവയിലേർപ്പെട്ടിരുന്നവർ ഇടംകൈ ജാതികളായിരുന്നു. പറയർ (അന്ത്യജർ) വലംകയ്യിൽ ഉൾപ്പെടുകയും അവയുടെ സംരക്ഷകരായി ഗണിച്ചുപോരികയും ചെയ്തു. വലംകൈ, ഇടം കൈ ജാതികൾക്കിടയിലെ തർക്കങ്ങളിൽ, പറയരും ചക്ലിയന്മാരുമാണു് പ്രധാന പങ്കു് വഹിച്ചിരുന്നതു്. പൗരാണികമായ തമിഴ് പാരമ്പര്യമനുസരിച്ചു് അവരായിരുന്നു, അവരുടെ ഗ്രൂപ്പുകളുടെ ‘കണ്ണും കയ്യു’മായി പ്രവർത്തിച്ചിരുന്നതു്.

ഗ്രാമറിപ്പബ്ലിക്കുകൾ

ബ്രിട്ടീഷ് പൂർവ്വകാലത്തെ ഭൂമിശാസ്ത്രരാഷ്ട്രം വളരെ ഭംഗിയായി പ്രതിനിധീകരിച്ചിരുന്നതു് ഗ്രാമറിപ്പബ്ലിക്കുകളാണു്. 1850 മുതൽ ‘ഗ്രാമം’ എന്ന വാക്കു് പ്രശംസയും നിന്ദയും പിടിച്ചു പറ്റി. 1830-കളിലാണു് ആ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നതു്. അതു് പലർക്കും പലതായിരുന്നു. എന്നാൽ ‘ഗ്രാമം’ പ്രധാനമായും സൂചിപ്പിച്ചിരുന്നതു് ജനങ്ങൾ അധിവസിച്ചിരുന്ന ഒരു യൂണിറ്റിനെയാണു് (ഗ്രാമവും പട്ടണവുമാകാം). സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട ആന്തരഘടനയും വിഭവങ്ങളും ‘ഗ്രാമം’ എന്ന യൂണിറ്റിനുണ്ടായിരുന്നതിനാൽ, അതിനെ ‘റിപ്പബ്ലിക്’ എന്നും വിളിച്ചു. പുറംലോകവുമായി ബന്ധപ്പെട്ടു്, അതു് താരതമ്യേന സ്വതന്ത്രമായ അധികാരവും അനുഭവിച്ചിരുന്നു.

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യകാലത്തെ ഗ്രാമറിപ്പബ്ലിക്കുകളെപ്പറ്റി ക്രിസ്ത്യൻ മിഷനറി പണ്ഡിതരുടെയും യൂറോപ്യൻ സഞ്ചാരികളുടെയും വിവരണങ്ങൾ ശരിവെക്കുന്നതായിരുന്നു, പതിനെട്ടാം ശതകത്തിന്റെ അവസാനകാലത്തെയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെയും ബ്രിട്ടീഷ് അധികാരികളുടെ ഡാറ്റകൾ. ഇന്ത്യയെപ്പറ്റി 1812-ലെ അഞ്ചാം ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസ് റിപ്പോർട്ട് ഇതിനു് തെളിവാണു്. ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹ്യഘടനയെക്കുറിച്ചു്, പിന്നീടുണ്ടായിട്ടുള്ള റിപ്പോർട്ടുകൾ ഇതിൽ നിന്നാണാരംഭിക്കുന്നതു്:

“ഭൂമിശാസ്ത്രപരമായി എടുത്താൽ ഒരു ഗ്രാമം നൂറുകണക്കിനു്/ആയിരക്കണക്കിനേക്കർ കൃഷിഭൂമിയും പാഴ്ഭൂമിയും ചേർന്നതാണു്. രാഷ്ട്രീയമായി നോക്കിയാൽ, അതൊരു കോർപ്പറേഷനോടോ ടൗൺഷിപ്പിനോടോ താരതമ്യം ചെയ്യാവുന്നതാണു്. അതിന്റെ ഉദ്യോഗസ്ഥരുടെയും വേലക്കാരുടെയും ശരിയായ വിന്യാസം താഴെപ്പറയും പോലെയാണു്”.

“ഗ്രാമാധികാരിയാണു് (Potail) ഗ്രാമത്തിന്റെ കാര്യങ്ങളുടെ പൊതു നടത്തിപ്പുകാരൻ. അദ്ദേഹം ഗ്രാമീണരുടെ തർക്കങ്ങൾ തീർപ്പാക്കുന്നു. നിയമപാലനം ശ്രദ്ധിക്കുന്നു. ഗ്രാമത്തിനുള്ളിലെ നികുതി പിരിക്കുന്നു, നേരത്തെ വിശദീകരിച്ചതനുസരിച്ചു്—ജനങ്ങളുടെ ആശങ്കകളും സാഹചര്യങ്ങളും സൂക്ഷ്മമായി മനസ്സിലാക്കിയാണു് അദ്ദേഹം ഇതു് ചെയ്യുന്നതു്. കൃഷിപ്പണിയുടെയും അതുമായി ബന്ധപ്പെട്ടതിന്റെയും എല്ലാ കണക്കുകളും സൂക്ഷിക്കുന്നതു് കർണം (Curnum) ആണു്. താല്ലിയാർ (Talliar) ന്റെ ജോലി അല്പം ബൃഹത്താണു്; കുറ്റകൃത്യങ്ങൾ, അതിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ; ഒരു ഗ്രാമത്തിൽ നിന്നു് മറ്റൊരു ഗ്രാമത്തിലേക്കു് സഞ്ചരിക്കുന്നവർക്കു് സംരക്ഷണവും തുണയും നൽകൽ. ടോട്ടിയുടെ (Titie) ജോലി ഗ്രാമത്തിനുള്ളിലാണു്. വിളകൾക്കു് സംരക്ഷണം നൽകുക; അളക്കുക.”

“ഗ്രാമത്തിന്റെ അതിർത്തികൾ കാക്കുകയും തർക്കങ്ങളിലും വിവാദങ്ങളിലും അതേപ്പറ്റിയുള്ള തെളിവുകൾ കൊടുക്കുകയും ചെയ്യുന്നതു് അതിർത്തി സംരക്ഷകൻ (Boundary Ma) ആണു്. പൊതുകുളങ്ങളുടെയും അതുമൂലമുള്ള നീരൊഴുക്കിന്റെയും വിതരണവും അതു് കൃഷിക്കുപയോഗിക്കുന്നതിനു് ചുമതലക്കാരനാകുന്നതിനും സൂപ്രണ്ടുണ്ടു്. ഗ്രാമത്തിലെ ആരാധന നിർവ്വഹിക്കുന്നതു് ബ്രാഹ്മണനാണു്. അധ്യാപകൻ ഗ്രാമത്തിലെ കുട്ടികൾക്കു് എഴുത്തും വായനയും പഠിപ്പിക്കുന്നു. ജ്യോത്സ്യൻ വിത്തു വിതയ്ക്കുന്നതിനും വിള കൊയ്യുന്നതിനുമുള്ള ശുഭമുഹൂർത്തങ്ങൾ നിശ്ചയിക്കുന്ന ആളാണു്. കരുവാനും ആശാരിയും കാർഷികോപകരണങ്ങളുണ്ടാക്കാനും വീടു പണിയാനും നേതൃത്വം നൽകുന്നു”.

“കുംഭാരൻ, അലക്കുകാരൻ, ക്ഷുരകൻ, ഇടയൻ, വൈദ്യൻ, നട്ടുവത്തി, സംഗീതവിദ്വാൻ, കവി, ഉദ്യോഗസ്ഥന്മാരും, ജോലിക്കാരും ചിലയിടങ്ങളിൽ മേൽപറഞ്ഞ ഒന്നോ അതിലധികമോ ജോലി ഏറ്റെടുക്കുന്നു. മറ്റു ചിലയിടങ്ങളിൽ, കൂടുതൽ തൊഴിൽ മേഖലകളും ഉദ്യോഗസ്ഥരും ഉണ്ടായേക്കും.

വളരെക്കാലം മുതൽ ഈയൊരു ലളിതമായ ഭരണക്രമത്തിലാണു് ഇവിടത്തെ നിവാസികൾ ജീവിച്ചുപോന്നതു്. ഗ്രാമങ്ങളുടെ അതിർത്തികൾ അപൂർവ്വമായേ തിരുത്തപ്പെട്ടിരുന്നുള്ളൂ. ചിലപ്പോൾ ഗ്രാമങ്ങൾക്കു് ക്ഷതം പറ്റിയേക്കും; ബഹിഷ്കരിക്കപ്പെട്ടേക്കും, യുദ്ധം, അറുതി, മഹാമാരി എന്നിവയിൽ; എന്നാൽ പോലും ഗ്രാമാതിർത്തികൾക്കോ, താല്പര്യങ്ങൾക്കോ, എന്തിനു് കുടുംബങ്ങൾക്കു പോലുമോ മാറ്റമുണ്ടാകാറില്ല.”

വളരെ ഉറച്ച സാമ്പത്തിക ഘടനയില്ലെങ്കിൽ ഇങ്ങനെയൊരു ഗ്രാമഭരണം നടത്താനാവില്ല. ചരിത്രപരമായി, ഇന്ത്യയിലുടനീളം ഇത്തരം സാമ്പത്തിക സമാഹരണം നടന്നിരുന്നതു് ഭൂമിയുടെ ക്രമമായ നികുതിവിതരണത്തിലൂടെയും കടലിൽ നിന്നുള്ള തീരുവകളിലൂടെയുമാണു്. നികുതിയും തീരുവയും നീതിയുക്തമായി ഗ്രാമയൂണിറ്റുകളും മറ്റു് ഇടനില, കേന്ദ്രസ്ഥാപനങ്ങളും പങ്കിട്ടെടുത്തിരുന്നു. ഗ്രാമയൂണിറ്റുകൾക്കു് ലഭിച്ചിരുന്ന നികുതിവിഹിതം എത്രയാണെന്നു് കൃത്യമായി ഗണിക്കാനുള്ള മാർഗ്ഗമില്ല. ലഭ്യമായ തെളിവനുസരിച്ചു്, പതിനേഴാം നൂറ്റാണ്ടിൽ, ഡൽഹി മുഗൾ ഭരണകർത്താക്കൾ 80–95 ശതമാനം നികുതി താഴെത്തട്ടിലുള്ള രാഷ്ട്രീയ യൂണിറ്റുകളിലേക്കു് കൈമാറ്റം ചെയ്തിരുന്നു. പകുതി നികുതിയെങ്കിലും ഗ്രാമറിപ്പബ്ലിക്കുകളിലെത്തിയതായി കണക്കാക്കാം. ഇതുകൂടാതെ അതാതിടങ്ങളിലെ ഉത്പന്നങ്ങളുടെ ഓഹരികളിലും ഇവർക്കവകാശമുണ്ടായിരുന്നു. 1812-ലെ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി റിപ്പോർട്ട് ഇതു് ശരിവെക്കുന്നുണ്ടു്. ഗ്രാമക്ഷേത്രങ്ങൾക്കും ഗ്രാമസ്ഥാപനങ്ങൾക്കും ഗ്രാമോദ്യോഗസ്ഥർക്കും ഭരണക്കാർക്കും വിഹിതം ലഭിച്ചിരുന്നു. ഗ്രാമറിപ്പബ്ലിക്കുകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാംസ്കാരിക നിലയങ്ങൾക്കും ജീവകാരുണ്യപ്രവർത്തനകേന്ദ്രങ്ങൾക്കും ഓഹരി കിട്ടുമായിരുന്നു.

കാർഷിക ഉല്പാദനക്ഷമത
images/jayaprakash-narayan.jpg
ജയപ്രകാശ് നാരായൺ

സാമ്പത്തികത്തകർച്ച സംഭവിച്ച 1800-കളിൽ പോലും ഇന്ത്യയിലെ ഒരു തൊഴിലാളിക്കു് ഇംഗ്ലണ്ടിലുള്ളതിനേക്കാൾ മെച്ചമായ കൂലി കിട്ടിയിരുന്നു. 1804-ലെ ‘എഡിൻബർഗ് റിവ്യൂ’ ഇക്കാര്യം വിശദീകരിക്കുന്നുണ്ടു്. അലഹബാദിലെയും കാശിയിലെയും കർഷകത്തൊഴിലാളിയുടെ കൂലി (ഗോതമ്പു്) കണക്കാക്കിയാണു് ഈ നിഗമനം. സൈമൺ കുസ്ഹെറ്റ്സിന്റെ അഭിപ്രായമനുസരിച്ചു് വ്യവസായവൽക്കരണത്തിനു മുമ്പുള്ള യൂറോപ്പിനേക്കാൾ കൂടുതലായിരുന്നു അക്കാലത്തെ ഏഷ്യയിലെയും (ഇന്ത്യയിലെയും) ആളോഹരി വരുമാനം. ഇന്ത്യൻ കൃഷിയുടെ ഉല്പാദനക്ഷമതയും ബ്രിട്ടനേക്കാൾ മികച്ചതായിരുന്നു. ഇന്ത്യയിൽ ഒന്നിൽക്കൂടുതൽ തവണ വിളവെടുത്തിരുന്നപ്പോൾ (കൊല്ലത്തിൽ) ബ്രിട്ടനിൽ അതു് ഒരു തവണയായിരുന്നു. ‘എഡിൻബറോ റിവ്യൂ’വനുസരിച്ചു് ഒരേ അളവു് വിത്തിൽ നിന്നു് ഇന്ത്യ; ബ്രിട്ടന്റെതിനേക്കാൾ മൂന്നിരട്ടി വിളവെടുത്തിരുന്നു. കാലാവസ്ഥയും മണ്ണിന്റെ ഫലഭൂയിഷ്ഠതയും മാത്രമായിരുന്നില്ല അനുകൂലഘടകങ്ങൾ. കാർഷിക സാങ്കേതിക വിദ്യയും മികച്ചതായിരുന്നു. ഇന്ത്യൻ കാർഷികോപകരണങ്ങൾ വളരെ പരിഷ്കൃതമായിരുന്നു. ഇന്ത്യൻ കൊഴു 1800-ലെ ബ്രിട്ടീഷ് കൊഴുവിനേക്കാൾ തീർത്തും ഉന്നതമായിരുന്നു.

ജലസേചനം

മികച്ച കൂലി, അനുകൂല കാലാവസ്ഥ, വ്യത്യസ്തമായ കാർഷികോപകരണങ്ങൾ, എന്നിവയ്ക്കു പുറമെ, ഇന്ത്യൻ കാർഷികവൃത്തിയെ പരിപോഷിപ്പിച്ചിരുന്നതു് വിത്തുകളുടെ ഗുണമേന്മയും ജലസേചനത്തിന്റെ മികവുമായിരുന്നു. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും നിരവധി കുളങ്ങളും കിണറുകളും കനാലുകളുമുണ്ടായിരുന്നു. 1850-ലെ ഒരു ബ്രിട്ടീഷ് കണക്കനുസരിച്ചു് മദ്രാസ് പ്രസിഡൻസിയിൽ മാത്രം (14 ജില്ലകളിലായി 50,000-ൽ കൂടുതൽ കുളങ്ങളുണ്ടായിരുന്നു. 30,000 നാഴികകൾ, ഇക്കണക്കിൽ, ജലസേചനത്തിനായി ചിറകെട്ടിയിരുന്നു. ബ്രിട്ടീഷുകാർ തന്നെ പറയുന്നതു്, ഇത്തരം ഭീമാകാരമായ ജലസേചന സംവിധാനം പൂർണ്ണമായും നാടനായിരുന്നു; പുതിയതായി ഒരു കുളം പോലും അവർ ഉണ്ടാക്കിയിട്ടില്ല എന്നുമാണു്. അവ ബ്രിട്ടീഷ് വരവോടെ ഉപയോഗ്യശൂന്യമായതായും വിവരണമുണ്ടു്. കാർഷികോത്പാദത്തിൽ അഞ്ചുശതമാനം, ജലസേചനസംവിധാനത്തിന്റെ (കുളങ്ങൾ, ചിറ, കനാൽ) റിപ്പെയറിങ്ങിനായി നീക്കിവെച്ചു.

കാർഷികവൃത്തിക്കു പുറമേ, മറ്റു് ധാരാളം ഉത്പാദനസംരംഭങ്ങളും തൊഴിലുകളുമുണ്ടായിരുന്നു. വസ്ത്രോല്പാദനം; പരുത്തിക്കൃഷി, പഞ്ഞികടയൽ, നൂൽപു്, നിറം പിടിപ്പിക്കൽ, പലതരം നെയ്ത്തു്, വസ്ത്രങ്ങളുണ്ടാക്കൽ, വിതരണം, മറ്റു് നിർമ്മാണ പ്രവർത്തനങ്ങൾ: കാർഷികോപകരണങ്ങൾ, അവയുടെ നിർമ്മാണം, റിപ്പെയർ, കാളവണ്ടിനിർമ്മാണം, കെട്ടിടങ്ങളുണ്ടാക്കൽ, വീട്ടുസാധനങ്ങൾ, പാത്രങ്ങൾ, ഇരുമ്പുരുക്കു് നിർമ്മാണം (മറ്റു് ലോഹങ്ങളും) പഞ്ചസാര, എണ്ണ, ധാന്യങ്ങളിൽ നിന്നുള്ള ഭക്ഷണപദാർഥങ്ങൾ.

പോഷകാഹാരം

ഉല്പാദകരിൽ ഒരുതരത്തിലുള്ള നികുതി ചുമത്തുന്നതിന്റെ ഭാഗമായി 1805- ൽ (ഏതാണ്ടു്) തോമസ് മൺറോ ബെല്ലാറിയിലെയും കടപ്പായിലെയും വ്യത്യസ്ത ശ്രേണികളിലുള്ള ജനങ്ങളുടെ ഉപഭോഗരീതികൾ സർവെ നടത്തുകയുണ്ടായി. അതീവരസകരമായിരുന്നു അതിൽ നിന്നുള്ള ഡാറ്റ. ജനങ്ങളെ മൊത്തമായി മൂന്നായി വിഭജിച്ചു്, അവരുടെ പ്രധാന ആഹാരങ്ങൾ കണ്ടെത്തി. അളവും അതിന്റെ മൂല്യവും.

ഒന്നാമത്തെ ശ്രേണിയിൽപ്പെട്ടവർ ഭക്ഷണസാധനങ്ങൾ വാങ്ങി വർഷത്തിൽ 12 മാസവും അവ ആഹരിക്കുന്നവരാണു്. രണ്ടാമത്തെ കൂട്ടർ ആറുമാസത്തിൽ, സാധനങ്ങൾ വാങ്ങുന്നു; ശിഷ്ടം ആറുമാസത്തിൽ സ്വയം ഉല്പാദിച്ചവ ഉപയോഗിക്കുന്നു. മൂന്നാമത്തെ കൂട്ടർ കൂലിവേലക്കാർ. ആറുമാസം കൃഷിക്കാരിൽ നിന്നുള്ള ധാന്യങ്ങൾ കൊണ്ടും ബാക്കി മാസങ്ങൾ കൂലിക്കു് പ്രതിഫലമായി ധാന്യം വാങ്ങിയും ജീവിക്കുന്നു. ഒന്നാമത്തെ കൂട്ടരുടെ പ്രതിശീർഷവാർഷിക ഉപഭോഗം 17 രൂപ, മൂന്നണ, നാലു് പൈസ. രണ്ടാമത്തെ കൂട്ടരുടെ, ഒൻപതു രൂപ, രണ്ടണ, നാലു് പൈസ. മൂന്നാമത്തെ കൂട്ടരുടെ ഏഴു് രൂപ, ഏഴണ. ധാന്യങ്ങളുടെ ഗുണനിലവാരത്തിൽ ആദ്യത്തെ കൂട്ടരുടെയും മറ്റു് രണ്ടുപേരുടെയും തമ്മിൽ വ്യത്യാസമുണ്ടു്. എന്നാൽ, അളവിൽ മൂന്നു കൂട്ടരുടെയും പ്രതിശീർഷ ഉപഭോഗം, ഒരു ദിവസം, ഒരാൾക്കു് അരസേർ ധാന്യം.

images/Bentinck_william.png
വില്യം ബൻടിക്ക്

ദക്ഷിണേന്ത്യയിലായാലും ബംഗാളിലായാലും കിഴക്കുപടിഞ്ഞാറൻ ഭാഗങ്ങളിലായാലും ഗ്രാമങ്ങളുടെ സ്വയംഭരണ സംവിധാനവും ആന്തരികഘടനയും സൗകര്യങ്ങളും നിലനിന്നിരുന്നു. ഭൂമിയുടെമേൽ സ്ഥിരാവകാശം ഉണ്ടായിരുന്നെങ്കിലും കൃഷിചെയ്യുന്ന കുടുംബം, ഗ്രാമഗാത്രത്തിന്റെ ഭാഗമായിരുന്നു. തങ്ങൾക്കു് ഗ്രാമത്തിൽത്തന്നെ തങ്ങളുടെ ഭൂമി വിൽക്കാൻ അവകാശമുണ്ടായിരുന്നെങ്കിലും ഇതിനു് ഗ്രാമ സമുദായത്തിന്റെ മുൻകൂട്ടിയുള്ള സമ്മതം വേണ്ടിയിരുന്നു (പ്രത്യേകിച്ചും തമിഴ്‌നാടു് ഗ്രാമങ്ങളിൽ).

ദക്ഷിണേന്ത്യയിൽ വ്യത്യസ്തരീതികളിലാണു് ഗ്രാമങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നതു്. തഞ്ചാവൂരിൽ മൂന്നിലൊന്നു് സമുദായം ഗ്രാമങ്ങളായിരുന്നു. ഗവർണർ ജനറൽ വില്യം ബൻടിക്കി ന്റെ അഭിപ്രായത്തിൽ വടക്കേ ഇന്ത്യയിലെ (പ്രത്യേകിച്ചും ഇപ്പോഴത്തെ ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ജില്ലകൾ) ബായ്ചാര (Bhaichara) ഗ്രാമങ്ങൾ, സമുദായം ഗ്രാമങ്ങളോടു് സമാനമായിരുന്നു.

കിട്ടിയിട്ടുള്ള തെളിവുകൾ വെച്ചു് ഇങ്ങനെ സംഗ്രഹിക്കാം. ഇന്ത്യയുടെ ഏതാണ്ടു് മിക്കഭാഗങ്ങളും നൂറുകണക്കിനു് രാഷ്ട്രീയ യൂണിറ്റുകളായി വിഭജിക്കപ്പെട്ടിരുന്നു. തമിഴ്ഭാഗത്തെ നാടുകൾ പോലെയും; ബംഗാളിന്റെ രാജ്യകൾ (Rajyas) പോലെയും. അവയ്ക്കു് സ്വയം ഭരണാധികാരവും പരമാധികാരവും ഉണ്ടായിരുന്നു. ഇവയിൽ ബഹുഭൂരിപക്ഷവും കാർഷികജനതയിൽ നിന്നാണു് അവിടത്തെ രാഷ്ട്രീയ നേതൃത്വത്തെ തിരഞ്ഞെടുത്തിരുന്നതു്. ചരിത്രത്തിന്റെ ഒഴുക്കിൽ ഈ യൂണിറ്റുകൾ വിവിധ കോൺഫിഗറേഷനുകളായി; ചിലവ ഡൽഹിക്കു കീഴിലായി; ചിലവ വിജയനഗറിന്റെ പരമാധികാരത്തിലായി, പതിനഞ്ചാം ശതകം മുതൽ പതിനേഴാം ശതകം വരെ; പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പതിനെട്ടിലും ശിവജിയുടെ പിൻതലമുറക്കാരിലും. പൗരാണിക പാരമ്പര്യമനുസരിച്ചും അക്കാലത്തു് നിലനിന്നിരുന്ന മൂല്യങ്ങളനുസരിച്ചും, ഇവയ്ക്കെല്ലാം കൂടി ഒരു തരം സാംസ്കാരികമായ ഐക്യബോധം ഉണ്ടായിരുന്നു. തഞ്ചാവൂർ മുതൽ കേദാർനാഥ് വരെയുള്ള ഛത്രങ്ങൾ അതിന്റെ സൂചനകളായിരുന്നു. പഠനത്തിനായി ഇന്ത്യയുടെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്കുള്ള പണ്ഡിതന്മാരുടെ ഒഴുക്കും വാരാണസിയിലേക്കും തിരുപ്പതിയിലേക്കുമുള്ള സാമ്പത്തിക സഹായങ്ങളും ഇതു് തെളിയിക്കുന്നു. എന്നാൽ ഗ്രാമവും ഗ്രാമവും തമ്മിൽ, ഗ്രാമങ്ങളും പട്ടണങ്ങളും തമ്മിൽ, ഒരു രാജ്യവും മറ്റൊരു രാജ്യവും തമ്മിൽ ഉണ്ടായിരുന്ന ഉദ്ഗ്രഥനത്തിന്റെ തത്ത്വങ്ങളും രീതികളും ശരിയായി മനസ്സിലാക്കുവാൻ തെരഞ്ഞെടുത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചു് ഒരു പ്രത്യേക കാലഘട്ടത്തെ പഠനം അനിവാര്യമാണു് (1600–1800).

ക്ഷേത്രങ്ങൾ

നികുതിയുടെ 25–30 ശതമാനം, ആരാധനാലയങ്ങളുടെയും സാംസ്കാരിക-വിദ്യാഭ്യാസകേന്ദ്രങ്ങളുടെയും നടത്തിപ്പിനും പ്രോത്സാഹനത്തിനും വേണ്ടി ഉപയോഗിച്ചു. നിരവധി പേർ ഇവിടെ പ്രത്യേകം വിഷയങ്ങളിൽ പഠനം നടത്തിയിരുന്നു. ഇന്ത്യയുടെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങൾ ഈ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണു് നടന്നിരുന്നതു്. ഛത്രങ്ങൾ മഠങ്ങൾ, ഉന്നതവിദ്യാകേന്ദ്രങ്ങൾ, ആത്മീയകേന്ദ്രങ്ങൾ, തീർഥാടകർക്കുള്ള താവളങ്ങൾ (ഹിമാലയത്തിൽ പോകുന്നവർക്കും രാമേശ്വരത്തു പോകുന്നവർക്കും) ഇവയായിരുന്നു ഹിന്ദുസ്ഥാപനങ്ങൾ. മദ്രസകൾ, ദർഗകൾ, പുണ്യാളന്മാരുടെ ശവകുടീരങ്ങൾ, അജ്മീർ തുടങ്ങിയ സ്ഥലങ്ങൾ എന്നിവയായിരുന്നു ഇസ്ലാം സ്ഥാപനങ്ങൾ. ഗുരുദ്വാരകളും ലംഗുകളും സിക്കുകാരുടെയും. ആവശ്യക്കാർക്കു് ഭക്ഷണം നൽകുന്ന പൊതു പാചകകേന്ദ്രങ്ങൾ പലയിടങ്ങളിലുമുണ്ടായിരുന്നു. ഗംഗാജലം ചില അമ്പലങ്ങളിൽ എത്തിക്കുന്നതിനും ഔദ്യോഗിക സ്ഥാപനങ്ങളിൽ പൂജ നടത്തുന്നതിനും മഴ പെയ്യിക്കാൻ-കനൽ നടത്തം തുടങ്ങി ആഘോഷചടങ്ങുകൾക്കും നികുതിവരുമാനം ഉപയോഗിച്ചിരുന്നു. പണ്ഡിതർക്കും വൈദ്യന്മാർക്കും കവികൾക്കും വാനനിരീക്ഷകർക്കും ജ്യോത്സ്യന്മാർക്കും അധ്യാപകർക്കും മുസ്ലിം സന്ന്യാസിമാർക്കും ഫക്കീർമാർക്കും നികുതിവരുമാനത്തിന്റെ ഒരു നിശ്ചിത അംശത്തിനു് അർഹതയുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ രേഖകൾ കാണിക്കുന്നതു് ഇതെല്ലാം നൂറ്റാണ്ടുകളായി നിലനിന്നിരുന്നതായിട്ടാണു്. ബീഹാറിലെയും ബംഗാളിലെയും ഹിന്ദു-മുസ്ലിം സ്ഥാപനങ്ങൾക്കു് ഇതു് 90:10 അനുപാതത്തിലായിരുന്നു.

images/H_H_Risley.png
എച്ച്. റൈസ്ലി

തുടർച്ചയായ യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും കഥകളായിട്ടാണു് ഇന്ത്യാചരിത്രം പൊതുവേ അറിയപ്പെടുന്നതു്. ഭീരുക്കളും പതിതരും സ്വന്തം സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങൾ നോക്കാൻ ത്രാണിയില്ലാത്തവരുമായി ഇന്ത്യക്കാർ മുദ്രകുത്തപ്പെട്ടു. അവരുടെ കാര്യങ്ങൾ മറ്റുള്ളവർക്കേ നോക്കാനാവൂ എന്ന മനോഗതിയും വന്നു. വികേന്ദ്രീകൃതമായ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ വ്യവഹാരമാണു് ഇന്ത്യയുടെ ദൗർബല്യത്തിനു് കാരണമെന്നും; ഇതു് ശരിയല്ലെന്നും സൈനികമായ ഇന്ത്യയുടെ പ്രതിരോധവീഴ്ച, കൂടുതൽ ആഴത്തിൽ പഠനവിഷയമാക്കേണ്ടതുണ്ടെന്നും ധരംപാൽ സ്ഥിരീകരിക്കുന്നു.

സാമൂഹ്യവിവേചനം അസ്പൃശ്യരുടെ അവസ്ഥ— എന്നിവയെപ്പറ്റിയുള്ള ബൃഹത്തായ വസ്തുതകളാണു് ധരംപാലിനെതിരായുള്ള പ്രധാനമായി വിമർശനമായി ഉയർത്തപ്പെടുന്നതു്. അവരുടെ നില ധരംപാൽ പറയുന്നതുപോലെയെങ്കിലും യാഥാർത്ഥ്യമായിരുന്നോ, മൊത്തം സാമൂഹ്യവ്യവസ്ഥയിൽ, Beautiful Tree-യുടെ ഒരു വിമർശനത്തിൽ അമൃത്സിങ്ങ് ഈ ചോദ്യം ഉന്നയിക്കുന്നുണ്ടു്. ഒന്നുകിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തെ ഒരു നൂറ്റാണ്ടിൽ, അവരുടെ നയങ്ങളുടെ ഫലമായി അസ്പൃശ്യർ-ശൂദ്രർ ഇവരുടെ നില മുമ്പത്തേതിനേക്കാൾ വഷളായിട്ടുണ്ടു്; അല്ലെങ്കിൽ ധരംപാലിന്റെ ഡാറ്റ തെറ്റാണു്. ആദ്യത്തേതു് തള്ളിക്കളയാനാവില്ല. നാം ഇന്നു് കാണുന്ന രീതിയിലുള്ള ദാരിദ്ര്യം ബ്രിട്ടീഷുകാർക്കുമുമ്പു് നിലനിന്നിരുന്നില്ലെന്നു് ചരിത്രകാരനായ തപൻ ചൗധരി പറയുന്നു: പതിനെട്ടാം നൂറ്റാണ്ടിലെ റവന്യൂ ഡാറ്റകളെപ്പറ്റിയുള്ള ധരംപാലിന്റെ കണ്ടെത്തലുകൾ അമർത്യാസെന്നിനെ പോലുള്ളവർ പുതിയ രീതിയിൽ വിശദീകരിക്കുന്നുണ്ടു്.

ഉപസംഹാരം

ഇന്ത്യൻ സ്വാതന്ത്ര്യസമരം ജ്വലിച്ചു നിന്നിരുന്ന ഒരു കാലയളവിൽ മാത്രമാണു് സാധാരണക്കാരായ ഇന്ത്യക്കാർ തങ്ങളുടെ ജീവിതഭാഗധേയം സ്വയംനിർണ്ണയിക്കുന്നതിനു് സമരോത്സുകരായി മുന്നോട്ടുവന്നതു്. ആ മുന്നേറ്റം തന്നെയും ദരിദ്രരും നിരക്ഷരരുമായ ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും മുന്നോട്ടേക്കെത്തിച്ചുവോ എന്നു് സംശയമാണു്. സ്വാതന്ത്ര്യത്തിന്റെ അറുപതു വർഷങ്ങളിൽ ജനങ്ങളുടെ ആ ജീവിതത്തിൽ അല്പം ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നല്ലാതെ അവർ സ്വന്തം ജീവിതം സ്വയം നിർണ്ണയിക്കുന്ന അവകാശികളായിട്ടില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും ഫലമായി അവരുടെ നില കൂടുതൽ വേദനാജനകമാണു്. ആഗോളീകരണവും ഉദാരീകരണവും നൽകുന്ന പുതിയ സാധ്യതകൾ സ്വായത്തമാക്കി സാമൂഹ്യശ്രേണിയിൽ മുകളിലേക്കു് നീങ്ങുന്ന ഒരു വരിഷ്ഠ വർഗ്ഗവും അവരുടെ ഭാരം താങ്ങാനാവാതെ നട്ടെല്ലൊടിഞ്ഞു് മണ്ണിലേക്കു് പതിക്കുന്ന ബഹുഭൂരിപക്ഷവും ഉണ്ടു്. 1940 മുതൽ ഇക്കാലമത്രയും ചുരുങ്ങിയൊതുങ്ങിപ്പോയ അവർ, യാതൊരു ഗതിയുമില്ലാതെ ഉയിർത്തെണീക്കുന്നതിന്റെ മുഴക്കങ്ങളാണു്, ഛത്തിസ്ഗഢിലും ബീഹാറിലും മുംബൈയിലും ഒറീസ്സയിലും മഹാരാഷ്ട്രയിലും ബംഗാളിലും സിവിൽ വാറോളമെത്തിയിട്ടുള്ളതു്. ഈ സിവിൽ വാറുകളെ നക്സൽ-മാവോയിസ്റ്റ്-തീവ്രവാദ ചെയ്തികളായി മർദ്ദിച്ചൊതുക്കാനുള്ള ശ്രമത്തിലാണു് ഇന്ത്യൻ സ്റ്റെയിറ്റ്. തങ്ങളുടെ മണ്ണിന്റെയും വിഭവങ്ങളുടെയും വെള്ളത്തിന്റെയും അധികാരം തങ്ങൾക്കു് തന്നെയാണെന്നും, അതു് നിശ്ചയിക്കുവാനുള്ള ശേഷി തങ്ങൾക്കാണെന്നും അവർക്കു് മുമ്പെങ്ങുമില്ലാത്തവിധം തെളിയിക്കേണ്ടതുമുണ്ടു്. ഒരിടത്തിന്റെ സ്വയംഭരണവും പരമാധികാരവും തൊട്ടടുത്തുള്ളവർക്കു് ഹാനികരമല്ലാതെ, പരസ്പരം സഹകരിച്ചു് നിലനിർത്താനാവുമെന്നു് തിരിച്ചറിയുന്നതിലും പഠിക്കുന്നതിലും ധരംപാലിന്റെ പതിനെട്ടാം നൂറ്റാണ്ടിലെ അന്വേഷണങ്ങൾ സൂചനകളാണു്.

 1. ബ്രിട്ടീഷ് അധിനിവേശത്തിന്റെ കാലത്തു് ഇന്ത്യ വിദ്യാഭ്യാസത്തിലും ശാസ്ത്രസാങ്കേതികതയിലും സാമ്പത്തിക മേഖലയിലും സാമൂഹ്യഘടനയിലും അവരേക്കാൾ മികച്ചതായിരുന്നുയെന്നതിനു് പതിനെട്ടാം നൂറ്റാണ്ടിലെ രേഖകൾ ഉണ്ടു്.
 2. യൂറോപ്യൻ സമൂഹത്തെയും യൂറോപ്യൻ മനസ്സിനെയും വളരെ അടുത്തു നിന്നു് പഠിച്ച ധരംപാൽ അതിന്റെ ശരിയായ സ്വഭാവം മനസ്സിലാക്കിയിട്ടുണ്ടു്. യൂറോപ്യേതര സമൂഹങ്ങൾ പതിനഞ്ചാം ശതകം മുതൽ അനുഭവിച്ച ദുരന്തങ്ങൾ യൂറോപ്യൻ ചെയ്തികൾ കൊണ്ടാണു്. ക്രൂരതയാണു് പടിഞ്ഞാറൻ നാഗരികതയുടെ സ്വഭാവം.
 3. പടിഞ്ഞാറൻ സമൂഹങ്ങൾക്കു് അവരുടെ കാര്യം നന്നായി നോക്കാനറിയാം. പടിഞ്ഞാറിന്റെ ആർത്തിയെ അനുകരിക്കാതെ നമ്മുടെ ശക്തികളിലും മൂല്യങ്ങളിലുമൂന്നിയാണു് നാം നമ്മുടെ സമൂഹം സൃഷ്ടിക്കേണ്ടതു്. ഗാന്ധിയൻ സമരങ്ങളുടെ ശക്തി അതായിരുന്നു.
 4. പടിഞ്ഞാറൻ ഉല്പന്നങ്ങളോടൊ രീതികളോടൊ ധരംപാലിനു് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. മറിച്ചു്, നമ്മൾ നമ്മുടെ മൂല്യങ്ങൾ, വിശ്വാസങ്ങൾ, സാംസ്കാരികരീതികൾ, നമ്മുടെ ജനങ്ങൾ എന്നിവയിൽ നിന്നാണു് പാഠങ്ങൾ ഉൾക്കൊള്ളേണ്ടതു്; പടിഞ്ഞാറിനെ അനുകരിക്കുകയല്ല, വെറുതെ, ഇക്കാര്യത്തിൽ നമ്മുടെ എലീറ്റ് ക്ലാസിനെ അദ്ദേഹം അവിശ്വസിച്ചു.
 5. ബ്രിട്ടൻ നമ്മുടെ സമൂഹത്തിലേല്പിച്ച കനത്ത നാശം, നമ്മുടെ സാമൂഹ്യസാമ്പത്തിക ഘടനകളിലും ബന്ധങ്ങളിലും മൂല്യങ്ങളിലും വ്യത്യസ്ത വിശ്വാസങ്ങളിലും ആയിരുന്നു.
 6. നാം തകർന്നതു് നമ്മുടെ നാഗരികതയിലുണ്ടായിരുന്ന ഏതെങ്കിലും മാരകമായ തെറ്റുകൊണ്ടല്ല. നാഗരികതകളുടെ വളർച്ചയും തകർച്ചയും ചരിത്രത്തിലെ അനിവാര്യതകളാണു്. നമ്മുടെ നാഗരികതയുടെ തെറ്റുകളും തിന്മകളും തിരുത്തി, അതിനെ ആരോഗ്യകരമാക്കുകയാണു് വേണ്ടതു്.
 7. നമ്മുടെ ഇന്നത്തെ ഏറ്റവും ശോചനീയമായ അവസ്ഥ (അനീതിയും) ഭരണത്തിൽ നിന്നു്, അവകാശങ്ങളിൽ നിന്നു്, പൊതുയിടങ്ങളിൽ നിന്നു് ഭൂരിപക്ഷം ജനങ്ങളെയും (ദുർബലരും ഇരകളും) ഒഴിച്ചു് നിർത്തുന്നതാണു്. ബ്രിട്ടീഷുകാർ പോയതിനുശേഷവും അധികാരങ്ങളും അവകാശങ്ങളും ഒരു ന്യൂനപക്ഷത്തിലൊതുങ്ങി, അതിനാൽത്തന്നെ നിഷ്കാസിതർ പൊതുയിടത്തിനുവേണ്ടി തെരുവിലിറങ്ങുമ്പോഴും തങ്ങളുടേതായ ചിന്തയും ചരിത്രവും മണ്ണിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമ്പോഴും ധരംപാലിലെ ചരിത്രകാരൻ സന്തോഷിച്ചു.
 8. ഇന്ത്യയുടെ പ്രതിരോധശേഷിയിലോ സെൻസെക്സ് ഉയർച്ചയിലോ അദ്ദേഹം ആഹ്ലാദിച്ചില്ല. ജനങ്ങൾ സ്വയം സംഘടിച്ചു് സ്വയംഭരണാവകാശമുള്ള യൂണിറ്റുകളായി മണ്ണിന്റെ മൂല്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയാണു് വേണ്ടതു്.
 9. ധരംപാലിന്റെ ചരിത്രപഠനങ്ങളും നിലപാടുകളും പുതിയകാലത്തു്, പ്രായോഗിക രൂപങ്ങളിൽ എപ്രകാരം പ്രവർത്തിക്കുമെന്നു് നമുക്കു് പറയാനാവില്ല. അദ്ദേഹത്തിന്റെ ചരിത്രാന്വേഷണങ്ങൾ ശ്രദ്ധയും പഠനവും അർഹിക്കുന്നു എന്നു മാത്രമേ അടിവരയിടാനാവൂ.

ധരംപാൽ ഒരു അക്കാദമിക് പണ്ഡിതനോ ചരിത്രകാരനാകാനുള്ള വിദ്യാഭ്യാസമോ നേടിയ ആളോ ആയിരുന്നില്ല. അതിനാൽ, അദ്ദേഹത്തെ ചരിത്രകാരന്മാരുടെ രാജപട്ടികയിൽ കാണുകയില്ല. ഏകദേശം നാലു് പതിറ്റാണ്ടുകൾ കഠിനമായ അധ്വാനത്തിലൂടെ പതിനെട്ടാം ശതകത്തിലെ ഇന്ത്യ എന്തെന്നറിയുവാൻ ബ്രിട്ടീഷ്-ഇന്ത്യൻ ആർക്കൈവുകൾ അരിച്ചുപെറുക്കി നിരവധി രേഖകൾ കണ്ടെത്തി. അവ എന്തെന്നു് നിഷ്പക്ഷതയോടെ തിരിച്ചറിയാനുള്ള വിവേകമെങ്കിലും നമുക്കുണ്ടാകേണ്ടതാണു്.

സഹായഗ്രന്ഥങ്ങൾ
 1. ക്ളോഡ് അൽവാരിസ്: ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ: ജൂലൈ 15, 1986. (a) The Genius of Hindu Civilisation, (b) The Rediscovery of India (എന്റെ ലേഖനത്തിൽ കൂടുതൽ എടുത്തിട്ടുള്ളതും ഇവയിൽ നിന്നാണു്).
 2. ധരംപാൽ: Life & Sketch; അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങൾ, Dharampal Note: സമന്വയം, ചെന്നൈ-11–14/2/2007 www.samanvaya.com.
 3. ധരംപാൽ: The Beautiful Tree. Indigenous Indian Education Eighteenth Century.
 4. ധരംപാൽ: Indian Science and Technology in Eighteenth Century.

(2007 ആഗസ്റ്റിലെ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ചതു്.)

കെ. അരവിന്ദാക്ഷൻ
images/aravindakshan.jpg

മലയാളത്തിലെ ഒരു എഴുത്തുകാരനാണു് കെ. അരവിന്ദാക്ഷൻ.

Colophon

Title: Charithrapadanaththile Bharatheeya Dhara (ml: ചരിത്രപഠനത്തിലെ ഭാരതീയ ധാര).

Author(s): K. Aravindakshan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-06.

Deafult language: ml, Malayalam.

Keywords: Article, K. Aravindakshan, Charithrapadanaththile Bharatheeya Dhara, കെ. അരവിന്ദാക്ഷൻ, ചരിത്രപഠനത്തിലെ ഭാരതീയ ധാര, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape with Huts, a painting by Antonio del Castillo y Saavedra (1616–1668). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.