images/Egypcian_Landscape.jpg
Egypcian Landscape, a painting by Carlos de Haes (1829–1898).
images/aymanam-elipoocha.png

വായിച്ചുകഴിഞ്ഞു് പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചുവെന്നു വരില്ല. അതിനാൽ വായന തുടങ്ങും മുൻപുതന്നെ പറയട്ടെ—ഇതൊരു കഥയല്ല. കുട്ടിക്കാലത്തു് വീട്ടിൽ നടന്ന ഒരു സംഭവമാണു്. കുട്ടിക്കാലത്തെ ആ വീടു്—വലിയപ്പച്ചന്റെ കാലത്തു് പണിതു്, അപ്പന്റെ കാലത്തു് കുറച്ചൊന്നു പുതുക്കിപ്പണിത വീടു്—ഇന്നില്ല. എന്നു മാത്രമല്ല, ഇരുളടഞ്ഞ കൊച്ചു മുറികളും അതിനിടയിലൊരറപ്പുരയുമായി, മുൻപാതി ഓടിട്ടു്, പിൻപാതി ഓല മേഞ്ഞു്, ആറ്റുതീരത്തേക്കു് തിരിഞ്ഞിരുന്ന ആ വീടിനോടു് സാദൃശ്യം തോന്നുന്ന വീടുകൾപോലും ഇന്നില്ല. അപ്പൻ, അമ്മ, ചാക്കോച്ചിയപ്പാപ്പൻ, അമ്മുവല്യമ്മ, ഇട്ടിക്കോരസാർ എന്നീ കഥാപാത്രങ്ങളുടെയും ഭൂവാസം കഴിഞ്ഞുപോയി. അതുകൊണ്ടൊക്കെയാവാം ഇന്നു് ഇതെഴുതുമ്പോൾ എല്ലാം ഒരു കഥപോലെ തോന്നുന്നതും.

വീട്ടിൽ എലിശല്യം ഏറെയായിരുന്ന ഒരു കൊയ്ത്തുകാലത്താണു് ഇതെല്ലാം നടന്നതു്. വിളകൾ പതിവിലധികമായിരുന്നതിനാലാണെന്നു തോന്നുന്നു അക്കൊല്ലം അതുപോലെ എലികൾ പെരുകിയിരുന്നതു്. മണ്ണെലി, ചുണ്ടെലി, പുരയെലി, പന്നിയെലി എന്നിങ്ങനെ എല്ലായിനം എലികളും ഏറെയായി കാണപ്പെട്ടു. വീട്ടിലും അയൽവീടുകളിലുമായി മീൻ തിന്നും പാലു കുടിച്ചും വളർന്നിരുന്ന പൂച്ചകളുടെ വൻ സൈന്യനിരതന്നെയുണ്ടായിരുന്നിട്ടും എലികളുടെ പടയോട്ടങ്ങളെ തുരത്താൻ അവയെക്കൊണ്ടു് കഴിഞ്ഞതേയില്ല. പറമ്പിലെ കപ്പയെല്ലാം മാന്തിത്തിന്നും അറപ്പുരയിൽ അരിയും പയറും കിഴങ്ങുകളുമൊക്കെ സൂക്ഷിച്ചിരുന്ന ചാക്കുകെട്ടുകൾ കരണ്ടുതിന്നും തട്ടിൻപുറം നിറയെ കാട്ടമിട്ടുമൊക്കെ എലികൾ പല വിധേന ഞങ്ങളെ ദുഃഖിപ്പിച്ചുപോന്നു. എലിയോട്ടങ്ങളുടെയും പൂച്ചച്ചാട്ടങ്ങളുടെയും ഒച്ചയും ബഹളവും മൂലം പല രാത്രികളിലും ഉറക്കവും അലങ്കോലപ്പെട്ടിരുന്നു.

ആയിടെ ഒരു ദിവസം ചന്തയ്ക്കുപോയി വന്നപ്പോൾ ചാക്കോച്ചിയപ്പാപ്പൻ ഒരു എലിപ്പെട്ടിയും വാങ്ങിവന്നു. ചാക്കോച്ചിയപ്പാപ്പൻ അങ്ങനെ ഒരാളായിരുന്നു.

വീട്ടിൽ അതാതു് സമയത്തു് ആവശ്യമായി വരുന്ന സാധനങ്ങൾ ഏതേതെന്നു കണ്ടറിഞ്ഞു് ഒരു മുന്നറിയിപ്പും തരാതെ ആഴ്ചച്ചന്തയ്ക്കു് പോയിവരുമ്പോൾ അതെല്ലാം വാങ്ങിക്കൊണ്ടുവരും. വീടു നോക്കി നടത്താൻ അപ്പനെക്കാൾ സമർത്ഥനായിരുന്ന ചാക്കോച്ചിയപ്പാപ്പൻ പെണ്ണുകെട്ടാതെ നടക്കേണ്ട ഒരാവശ്യവുമില്ലായിരുന്നുവെന്നു പറഞ്ഞു് അമ്മ പലപ്പോഴും അപ്പാപ്പനെ ശകാരിച്ചിരുന്നു.

images/aymanan-elipoocha-02.png

ചാക്കോച്ചിയപ്പാപ്പൻ കൊണ്ടുവന്ന എലിയെ പിടിക്കുന്ന യന്ത്രം ഞങ്ങൾ—ഞാനും എട്ടത്തിയും—ആദ്യം കാണുകയായിരുന്നു. തെക്കേത്തിണ്ണയുടെ അരഭിത്തിമേൽ ഇരുന്നു് പറഞ്ഞും കാണിച്ചും അപ്പാപ്പൻ അതിന്റെ പ്രവർത്തനം മനസ്സിലാക്കിത്തരുന്നതു് ഇന്നലെയായിരുന്നോ എന്നു തോന്നുംവിധം ഞാൻ നന്നായി ഓർമ്മിക്കുന്നു.

എല്ലാം കണ്ടും കേട്ടും ബോധ്യപ്പെട്ടുകഴിഞ്ഞപ്പോൾ ഏട്ടത്തിക്കറിയണം എലിപ്പെട്ടി കണ്ടുപിടിച്ചതു് ആരാണെന്നു്.

“ഓ, കൊള്ളാം, റേഡിയോയും ആവിയന്ത്രോമൊക്കെ കണ്ടുപിടിച്ച മനുഷ്യനു് ഒരെലിപ്പെട്ടി ഒണ്ടാക്കാനാന്നോടീ കൊച്ചേ ഇത്ര പാടു്?” എന്നായി അപ്പാപ്പൻ.

രാത്രി ഉറങ്ങാൻ പോകുംവരെ ഞങ്ങൾ ആ കൗതുകവസ്തുവിനെ ചുറ്റിപ്പറ്റി നടന്നു. അപ്പനും അപ്പാപ്പനുമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയ തക്കത്തിനു് എലിപ്പെട്ടി പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു. “നല്ല രസം, നല്ല രസം” എലിപ്പെട്ടിയുടെ വാതിൽ ഓരോ തവണ അലച്ചുവീണപ്പോഴും ഞങ്ങൾ ആഹ്ലാദിച്ചു.

അത്താഴം കഴിഞ്ഞു് പതിവുള്ള ബീഡിവലിയും പാടത്തിറമ്പത്തേക്കുള്ള കാറ്റുകൊള്ളാൻപോക്കും കഴിഞ്ഞുവന്നു് ചാക്കോച്ചിയപ്പാപ്പൻ എലിക്കെണി ഒരുക്കി. വലിയൊരു തേങ്ങാപ്പൂളായിരുന്നു കെണിയിൽ കൊരുത്തതു്. പത്തായത്തിനു മുകളിൽ, എലിയൊച്ചകൾ അധികം കേട്ടിരുന്ന കോണിൽ, അപ്പാപ്പൻ പെട്ടിവെച്ചു. വിളക്കണച്ചതും ഇരുട്ടിൽ അദൃശ്യമായിക്കഴിഞ്ഞ പെട്ടിക്കുള്ളിൽ ഒരു ചതിയന്റെ ചിരിപോലെ വെളുത്തു കണ്ട ആ തേങ്ങാപ്പൂള് നോക്കി നോക്കി കുറേ നേരംകൂടി രസിച്ചുനിന്നിട്ടാണു് ഞങ്ങൾ ഉറങ്ങാൻ പോയതു്. കെണിവീഴുന്ന ഒച്ചയ്ക്കായി കാത്തു് ഏറെനേരം ഉറങ്ങാതെ കിടന്നു നോക്കിയെങ്കിലും എലിക്കെണിക്കു മുൻപു് തലയ്ക്കുള്ളിലെ ഉറക്കത്തിന്റെ കെണി ഒച്ചയില്ലാതെ വീണു.

വെളുപ്പിനു് അമ്മയോടൊപ്പം നേരത്തേ ഉണർന്നു് ശീലിച്ചിരുന്ന ഏട്ടത്തി എണീറ്റയുടൻ എലിപ്പെട്ടിക്കടുത്തേക്കു് ഓടിക്കാണണം. “അപ്പാപ്പോ… അപ്പാപ്പോ… എലിപ്പെട്ടീൽ പൂച്ച വീണേ… ” എന്നു് വലിയ വായിലേ വിളിച്ചുപറഞ്ഞുകൊണ്ടു് തിരിച്ചോടിയ ഏട്ടത്തിയാണു് ഞങ്ങളെയെല്ലാം ഉണർത്തിയതു്.

“അതിരാവിലേകെടന്നു് തൊള്ള തൊറക്കാതെടീ പെണ്ണേ” എന്നു് ഏട്ടത്തിയെ ശാസിച്ചുകൊണ്ടു് തളത്തിൽനിന്നു് അപ്പനും “പോടീ പെണ്ണേ, കളിപറയാതെടി” എന്നു പറഞ്ഞുകൊണ്ടു് ചാവടിയിൽനിന്നു് ചാക്കോച്ചിയപ്പാപ്പനും എലിപ്പെട്ടിക്കടുത്തേക്കു നടന്നു. പെട്ടിക്കുള്ളിലേക്കു് കുറേനേരം സൂക്ഷിച്ചുനോക്കിയിട്ടു് “പെണ്ണു പറഞ്ഞതു് കളിയല്ലെന്നു് തോന്നുന്നല്ലോടാ ചാക്കോച്ചീ… ” എന്നായി അപ്പൻ. അതു കേട്ടതും ചാക്കോച്ചിയപ്പാപ്പൻ കുറേക്കൂടി അടുത്തേക്കു ചെന്നു് എലിപ്പെട്ടിക്കകത്തേക്കു് ചാഞ്ഞും ചെരിഞ്ഞുമൊക്കെ നിന്നു് സസൂക്ഷ്മം നോക്കിയപ്പോഴാണു് മഹാതിശയം വെളിപ്പെട്ടതു്: “അയ്യോ! കൊച്ചായാ, എന്താ ഈ കാണുന്നതു്! പൂച്ചേമല്ല എലീമല്ലാത്ത ഒരു ജന്തുവാണല്ലോ ഇതു്. അതിശയം! മഹാതിശയം!”

ബഹളം കേട്ടു് “ങേ… ങേ” എന്നു ചോദിച്ചു് അടുക്കളയിൽനിന്നു് അമ്മയും ഓടിയെത്തി. അതിനിടെ രണ്ടാം പരിശോധനയിൽ അപ്പനും അതിശയം ബോധ്യപ്പെട്ടിരുന്നു.

“ശരിയാണല്ലോ… ഇതെന്നാ ജന്തുവാ? കൊച്ചേലീ നീയൊന്നു് നോക്കിക്കേ.”

തുടർന്നു്, അമ്മ സ്ത്രീപക്ഷത്തുനിന്നുള്ള പരിശോധന നടത്തി: “ദൈവംതമ്പുരാനേ, എന്തോന്നു് ജന്തുവാ ഇതു്? തല പൂച്ചേടേം ഒടലു് എലീടേം… ”

പൊടുന്നനേ “ഞാമ്പറഞ്ഞില്ലേ, ഞാമ്പറഞ്ഞി ല്ലേ… ” എന്നു് വീരവാദം മുഴക്കി ഏട്ടത്തിയും ഉത്കണ്ഠാകുലനായിത്തീർന്ന ഞാനും ചേർന്നു് ആ വിചിത്രജീവിയെ കണ്ടു. തനി പൂച്ചയുടെ മുഖവും എലിയുടെ ഉടലും വാലുമുള്ള ആ ജീവി ആകെ പകച്ചു് എലിപ്പെട്ടിയുടെ കോണു് ചേർന്നു് അനങ്ങാതെ ഇരിക്കുകയാണു്. പ്രാണഭയം മുഴുവൻ പുറത്തറിയിച്ചു് അതു് വല്ലാതെ കിതയ്ക്കുന്നുമുണ്ടായിരുന്നു. ഓടിയോടിത്തളർന്നതുപോലെ.

“വെട്ടത്തോട്ടു് കൊണ്ടുപോയി നോക്കാം… ” എന്നു പറഞ്ഞു് ചാക്കോച്ചിയപ്പാപ്പൻ എലിപ്പെട്ടി കൈയിലെടുത്തു് പുറത്തേക്കു നടന്നു പോകുംവഴി ആ ജീവി വല്ലാതെ ഭയന്നിട്ടെന്നപോലെ ഒരു വിചിത്ര ശബ്ദത്തിൽ കരഞ്ഞു—പൂച്ചയുടെയോ എലിയുടെയോ അല്ലാത്ത ഒരു കരച്ചിലായിരുന്നു അതു്.

ചാവടിത്തിണ്ണയുടെ കോണിൽ ചാക്കോച്ചിയപ്പാപ്പൻ എലിപ്പെട്ടി താഴ്ത്തിവെച്ചു.

ഞങ്ങൾ വീണ്ടും പെട്ടിയെ വളഞ്ഞു.

എല്ലാ സംശയങ്ങളും തീർത്തു് ആ വിചിത്രജീവി അതിന്റെ നഗ്നത കാട്ടി ഞങ്ങളെ ദയനീയമായി നോക്കി. ഒരു കാടൻപൂച്ചയുടെ തല. പൊണ്ണൻ എലിയുടെ ഉടൽ. മൂക്കിൻതുമ്പത്തു് ഉണങ്ങിപ്പിടിച്ച കുറെ ചോരപ്പാടുകളും (എലിപ്പെട്ടിയുടെ കമ്പിയഴികൾ കടിച്ചുമുറിക്കാനുള്ള വിഫലശ്രമങ്ങൾക്കിടയിലേറ്റ മുറിവുകളാണു് അതു് എന്നു് വിശദീകരിച്ചുകൊടുത്തു് ചാക്കോച്ചിയപ്പാപ്പൻ ഏട്ടത്തിയെ നിശ്ശബ്ദയാക്കി).

അത്യത്ഭുതം ഉൾക്കൊള്ളാനുള്ള സമയമെടുത്തിട്ടു്, “വല്യ ഒരതിശയംതന്നെയാണല്ലോടാ ചാക്കോച്ചീ… കേട്ടുകേൾവിപോലുമില്ലാത്ത… ” എന്നു് അപ്പനും “മാതാവേ… ഇതേതാണ്ടിന്റെ അടയാളമാണല്ലോ… അവസാന കാലമടുത്തോ കർത്താവേ… ” എന്നു് അമ്മയും പറഞ്ഞതോർക്കുന്നു.

അപ്പോഴായിരുന്നു പാൽ നിറച്ച ഓട്ടുമൊന്തയും പിടിച്ചു് അമ്മുവല്യമ്മയുടെ പതിവുവരവു്. വല്യമ്മയെ പടിക്കൽ കണ്ടപ്പോൾത്തന്നെ “വല്യമ്മേ വാ… കാണണേ വാ… അതിശയം കാണണേ ഓടിവാ… ” എന്നൊക്കെപ്പറഞ്ഞു് ഏട്ടത്തി ഓടിച്ചെന്നിരുന്നു.

“എന്നാ കുഞ്ഞേ, എന്നാ പറ്റി…?” വല്യമ്മ ഞങ്ങളുടെ അടുത്തേക്കു് ഝടുതിയിൽ നടന്നു.

“ആ എലിപ്പെട്ടീലോട്ടൊന്നു് നോക്കിക്കേ… ”

ചാക്കോച്ചിയപ്പാപ്പൻ ഒരൊതുക്കിച്ചിരിയോടെ പറഞ്ഞു. കണ്ണുകൾ ചുളുക്കിക്കൂർപ്പിച്ചു് അമ്മുവല്യമ്മ എലിപ്പെട്ടിക്കകത്തേക്കു് നോക്കി.

“ഹെന്റെ ഈശ്വരാ… ഇതെന്നതാ!” വല്യമ്മയും സ്തബ്ധയായി.

“അതാണു് എട്ടാമത്തെ ലോകമഹാത്ഭുതം—എലിപ്പൂച്ച.” ചാക്കോച്ചിയപ്പാപ്പൻ പറഞ്ഞു.

ഞങ്ങളെല്ലാവരും ചിരിച്ചുപോയി. “നല്ല പേരു്. എലി അധികം പൂച്ച സമം എലിപ്പൂച്ച.”—ഏട്ടത്തി എന്നോടു് സ്വകാര്യവും പറഞ്ഞു.

അമ്മുവല്യമ്മയ്ക്കു് മാത്രം ചിരിക്കാൻ കഴിഞ്ഞില്ല.

“എവിടന്നു് കിട്ടി ഇതിനെ?” വല്യമ്മ അതിശയത്തോടെ ചോദിച്ചു

“ഇന്നലെ രാത്രി എലിയെപ്പിടിക്കാൻ പെട്ടി പൂട്ടിവെച്ചതാ അമ്മുവമ്മെ. വീണുകിട്ടിയതു് ഇതിനെയാ… ” ചാക്കോച്ചിയപ്പാപ്പൻ പറഞ്ഞു.

വായ് പിളർന്ന മട്ടിൽ കുറേനേരം നിന്നിട്ടു് അമ്മുവല്യമ്മ ആകാശത്തേക്കു് കണ്ണുകൾ ഒന്നുയർത്തിത്താഴ്ത്തിയിട്ടു് പറഞ്ഞു:

“ഭഗവാനേ… മായ… മായ… ”

images/aymanan-elipoocha-01.png

എന്നിട്ടു് പതുക്കെ ചാക്കോച്ചിയപ്പാപ്പന്റെ അടുത്തേക്കു മാറിനിന്നു് വലിയൊരു ദുരന്തത്തെപ്പറ്റി ചോദിച്ചറിയുംപോലെ ചന്തയ്ക്കു പോയി എലിപ്പെട്ടി വാങ്ങിക്കൊണ്ടുവന്നതുമുതലുള്ള സംഭവങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. എല്ലാം കഴിഞ്ഞു്, “അയ്യോ… പറഞ്ഞോണ്ട്നിന്നു് നേരം പോയല്ലോ ചാക്കോച്ചിമാപ്പളെ… പാലെല്ലാം കൊടുക്കാങ്കെടക്കുവാ… ” എന്നു പറഞ്ഞു് മൊന്തയുമെടുത്തു് മടങ്ങിപ്പോയി.

അമ്മുവല്യമ്മ ഒരു സംഗതിയറിഞ്ഞാൽ ഏറ്റവും പ്രചാരമുള്ള പത്രത്തിലൂടെ അറിയുന്നതിലും വേഗത്തിൽ അതു് നാടെല്ലാം പരസ്യമാകുമായിരുന്നു. പൂച്ച തട്ടിക്കമത്തിയ പാൽപാത്രത്തിൽനിന്നു് പാൽ ഒഴുകിപ്പരക്കുംപോലെ എന്നു് ചാക്കോച്ചിയപ്പാപ്പന്റെ വക മറ്റൊരുപമയും ഉണ്ടായിരുന്നു.

വല്യമ്മ പോയി ഏറെക്കഴിയും മുൻപേ അയൽക്കാർ ഓരോരുത്തരായി എലിപ്പൂച്ചയെ കാണാൻ എത്തിത്തുടങ്ങി. വീട്ടുമുറ്റത്തു് ഒരാൾക്കൂട്ടംതന്നെ രൂപപ്പെടാൻ ഏറെനേരം വേണ്ടിവന്നില്ല.

“ഇനീം ആളോടിക്കൂടും മുൻപേ എടുത്തോണ്ടുപോയികൊന്നു് കുഴിച്ചുമൂടിയേരു് ചാക്കോച്ചീ അശ്രീകരത്തിനെ” എന്നു പറഞ്ഞു് അമ്മ തിരക്കിട്ടു് അടുക്കളയിലേക്കു നടന്നു.

ചാക്കോച്ചിയപ്പാപ്പനാകട്ടെ, അതു് കേട്ടതുപോലുമില്ല. എലിപ്പൂച്ചയെ കാണാനെത്തിയ ഓരോരുത്തരുടെയും പ്രതികരണങ്ങൾ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു അപ്പാപ്പൻ. ആൾവരവു് പിന്നെയും കൂടിക്കൂടി വന്നപ്പോൾ അത്ഭുതദൃശ്യം കുറേക്കൂടി ആകർഷകമാക്കുവാൻ അപ്പാപ്പനും കൂട്ടുകാരും ചേർന്നു് അയൽപക്കത്തെ തെക്കേക്കരക്കാരുടെ വീട്ടിൽനിന്നു് ഒഴിഞ്ഞുകിടന്ന ഒരണ്ണാൻകൂടു് എടുത്തു കൊണ്ടു വന്നു. പെട്ടിക്കുള്ളിൽ അനങ്ങാൻപോലും ഭയന്നു് പതുങ്ങിയിരുന്ന എലിപ്പൂച്ചയെ കമ്പിട്ടുകുത്തിയും പെട്ടിയോടെ കുടഞ്ഞുമൊക്കെ ഏറെ പണിപ്പെട്ടാണു് അണ്ണാൻകൂടിനകത്താക്കി കൂടടച്ചതു്.

എലിപ്പൂച്ചയുടെ സത്യത്തെപ്പറ്റി ആൾക്കൂട്ടം പലതും പറയാൻ തുടങ്ങി. മനുഷ്യർക്കു് ഇതുവരെ കാണാനായിട്ടില്ലാത്ത ഒട്ടേറെ ഇനം വിചിത്രജീവികൾ ഭൂമിയിലുണ്ടെന്നും തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തിൽ ഹൈറേഞ്ചിലെ കാടുകളിൽനിന്നു് പിഴുതെറിയപ്പെട്ടു് ഒഴുകിയെത്തിയ വൻമരങ്ങൾ കൂടെക്കൊണ്ടു പോന്ന ജന്തുക്കളുടെ കൂട്ടത്തിൽ ഇത്തരം പലയിനങ്ങളെ കണ്ടതായി കേട്ടിട്ടുണ്ടെന്നുമൊക്കെയുള്ള വാദഗതികളായിരുന്നു ഏറെയും.

അങ്ങനെയിരിക്കെ, ഇട്ടിക്കോരസാറും എത്തി. ആറ്റിറമ്പു് പ്രൈമറി സ്കൂളിലെ സയൻസ് മാസ്റ്ററും പല തവണ പഞ്ചായത്തു് മെമ്പറുമായിരുന്ന ഇട്ടിക്കോരസാറായിരുന്നു ഇത്തരം അത്ഭുതപ്രതിഭാസങ്ങൾ ഞങ്ങൾ നാട്ടുകാർക്കു് വിശദീകരിച്ചുതന്നിരുന്നതു്. വാൽനക്ഷത്രം, ജറ്റുവിമാനം തുടങ്ങിയ ആകാശക്കാഴ്ചകളും ഗ്രാമഫോൺ, കമ്പിയില്ലാക്കമ്പി തുടങ്ങിയ ഭൂമിയിലെ അതിശയങ്ങളും വിശദീകരിച്ചു പറഞ്ഞുമനസ്സിലാക്കാൻ സാറ് സമർത്ഥനായിരുന്നു. അതു കൊണ്ടാണു് ഇട്ടിക്കോരസാറിന്റെ വരവു കണ്ടതും അന്ത്യകൂദാശകൾക്കെത്തിയ പുരോഹിതനെ സ്വീകരിക്കുംപോലെ ആൾക്കൂട്ടം വകഞ്ഞുമാറി വഴി കൊടുത്തു് നിശബ്ദരായി നിന്നതു്. ചാക്കോച്ചിയപ്പാപ്പൻ ഓടിപ്പോയി എടുത്തുകൊണ്ടുവന്നിട്ട സ്റ്റൂളിലിരുന്നു് എലിപ്പൂച്ചയെ ഏറെനേരം നിരീക്ഷിച്ച ശേഷമാണു് ഇട്ടിക്കോരസാർ എഴുന്നേറ്റതു്. പിന്നെയും കുറേനേരം എന്തൊക്കെയോ ഓർത്തോർത്തു് നിന്നിട്ടു് ഇട്ടിക്കോരസാർ ആൾക്കൂട്ടത്തോടു് ഏതാണ്ടു് ഇപ്രകാരം പറഞ്ഞു:

images/aymanan-elipoocha-04.png

“പണ്ടു് ഇംഗ്ലണ്ടിൽ ചാൾസ് ഡാർവിൻ എന്നു പേരുള്ള മഹാബുദ്ധിമാനായിരുന്ന ഒരു സായിപ്പ് ജീവിച്ചിരുന്നു. ആ സായിപ്പിന്റേതായി പരിണാമസിദ്ധാന്തം എന്ന പേരിൽ ഒരു സിദ്ധാന്തമുണ്ടു്. ആ സിദ്ധാന്തപ്രകാരം നമ്മൾ മനുഷ്യരടക്കം ഇന്നു് ഭൂമിയിൽ കാണുന്ന ജീവജാലങ്ങളൊന്നും ഭൂമിയുടെ ഉത്ഭവം മുതൽ ഇതേരൂപത്തിൽ ഉടലെടുത്തതൊന്നുമല്ല. കടൽജീവികളിൽനിന്നും പക്ഷികളിൽനിന്നും കുരങ്ങന്മാരിൽനിന്നുമൊക്കെ പരിണമിച്ചവരാണു് നമ്മളൊക്കെ. അങ്ങനെ, പരിണാമങ്ങൾ പലതു് നടന്നതിനിടയ്ക്കു് ഭൂമിയിൽനിന്നു് വംശനാശം വന്നു് അപ്രത്യക്ഷമായ ജീവികളും പലതുണ്ടു്. അതിൽപ്പെട്ട ഒന്നായിരിക്കാം നമ്മൾ കാണുന്ന ഈ ജന്തു. എലിക്കും പൂച്ചയ്ക്കുമൊക്കെ മുൻപു് ഒരു പക്ഷേ, രണ്ടും ചേർന്ന ഈ ജീവിയായിരുന്നിരിക്കാം ഭൂമിയിൽ ഉണ്ടായിരുന്നതു്. പിൽക്കാലത്തു് ആ ഒരു ജീവി പരിണമിച്ചു് ഇരുജീവികളായതായിരിക്കാം എലിയും പൂച്ചയും.”

ഇട്ടിക്കോരസാർ അത്രയും പറഞ്ഞപ്പോൾത്തന്നെ ആൾക്കൂട്ടത്തിൽനിന്നു് പല അനുബന്ധാഭിപ്രായങ്ങളും ഉയരാൻ തുടങ്ങിയിരുന്നു. ആദാമിന്റെ വാരിയെല്ലൂരിയെടുത്തു് ഹവ്വായെ സൃഷ്ടിച്ചതുപോലെ എലിപ്പൂച്ചയുടെ തല വെട്ടിയെടുത്തായിരിക്കാം ദൈവം പൂച്ചയെ സൃഷ്ടിച്ചതു്. എലിയുടെ തല തേമ്പിയിരിക്കുന്നതു് അതുകൊണ്ടായിരിക്കും… എന്നിങ്ങനെ ഓരോന്നു്.

പക്ഷേ, ഇട്ടിക്കോരസാർ അതിനൊന്നും ചെവി കൊടുക്കാതെ തുടരുകയാണുണ്ടായതു്. ഡാർവിൻ പറയുംപ്രകാരം പറഞ്ഞാൽ ഇരയെ പിടിക്കാനും മറ്റൊന്നിനു് ഇരയാകാതിരിക്കാനും ഒരുപോലെ അനുയോജ്യമായ രൂപമാറ്റങ്ങൾ സ്വീകരിച്ചാണു് ജീവജാലങ്ങൾ പരിണാമം പ്രാപിക്കുന്നതു്. അങ്ങനെ നോക്കുമ്പോൾ പൂച്ചകളിൽനിന്നു് രക്ഷ പ്രാപിക്കാനുതകുന്ന രൂപമാറ്റങ്ങളായിരിക്കും എലിവംശത്തിനു് ഉണ്ടായിക്കൊണ്ടിരുന്ന പരിണാമം. അതുകൊണ്ടു് നാളെ പിറക്കാനിരിക്കുന്ന എലിയുടെ രൂപമാണു് നമ്മൾ ഈ കാണുന്നതു് എന്നും വരാം.

എലിപ്പൂച്ച ഒന്നുകിൽ വംശനാശം സംഭവിച്ച ജീവിവർഗ്ഗത്തിൽപ്പെട്ട ഒന്നു്. അല്ലെങ്കിൽ ഭൂമിയിൽ പിറക്കാനിരിക്കുന്ന ഒരു പുത്തൻ ജീവിവർഗ്ഗത്തിന്റെ മോഡൽ—ഇതായിരുന്നു ഇട്ടിക്കോരസാർ പറഞ്ഞതിന്റെ രത്നച്ചുരുക്കം. രണ്ടായാലും കൂട്ടിൽ കിടക്കുന്നതു് അത്യപൂർവ്വവും വിലപ്പെട്ടതുമായ ഒരു കണ്ടെത്തലാണെന്നു് സാർ തറപ്പിച്ചു പറഞ്ഞു. എലിപ്പൂച്ചയെ ശ്രദ്ധാപൂർവം സംരക്ഷിച്ചു കൊള്ളണമെന്നും താൻ എത്രയും വേഗം തലസ്ഥാനത്തെ മൃഗശാലയിൽ വിവരമറിയിച്ചു് എലിപ്പൂച്ചയെ അവിടേക്കു് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തുവരാമെന്നും പറഞ്ഞാണു് ഇട്ടിക്കോരസാർ തിരക്കിട്ടു് മടങ്ങിപ്പോയതു്. നടക്കുംവഴി തിരിഞ്ഞു നിന്നു് പത്രമോഫീസുകളിലും വിവരമറിയിച്ചേക്കാം എന്നും പറയുകയുണ്ടായി അദ്ദേഹം.

ഇട്ടിക്കോരസാർ പോയതു മുതൽ സാറിന്റെ നിർദേശപ്രകാരം എലിപ്പൂച്ചയ്ക്കു് ആഹാരം കൊടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. പാൽ, മീൻ, കപ്പപ്പൂള് എന്നിങ്ങനെ എലിയോ പൂച്ചയോ തിന്നാറുള്ള ഓരോരോ സാധനങ്ങൾ കൊടുത്തു നോക്കിയിട്ടും എലിപ്പൂച്ച ഏതെങ്കിലുമൊന്നു് മണത്തുനോക്കാൻപോലും തയാറായില്ല. കൂടിനു് പുറത്തെ ലോകത്തേക്കു് ഭയപ്പാടോടെ നോക്കിക്കൊണ്ടു് അതു് ഒരേയിരുപ്പു് തുടർന്നു. ഇടയ്ക്കിടെ ആ വിചിത്രശബ്ദത്തിൽ കരഞ്ഞു. കരച്ചിലിനെക്കാൾ ഞരക്കം എന്നു തോന്നുന്ന ഒരു ശബ്ദമായിരുന്നു അതു്. ആരെയും സങ്കടപ്പെടുത്തുന്ന ഒരു ദൈന്യത അതിന്റെ ദൃഷ്ടികളിലുണ്ടായിരുന്നു. അതിനാൽ എലിപ്പൂച്ചയെ വിട്ടുപോകാൻ ഞങ്ങൾക്കു് മനസ്സു വന്നതേയില്ല.

എന്നാൽ, എലിപ്പൂച്ചയുടെ പേരിൽ അവധി എടുക്കാൻ അനുവദിക്കണമെന്ന ഞങ്ങളുടെ അപേക്ഷ അപ്പൻ കേട്ടപാടെ തള്ളിക്കളഞ്ഞു. “പൊയ്ക്കോ അവിടന്നു്. പരീക്ഷയടുത്ത സമയത്തു് എലിയേം പൂച്ചേം കണ്ടോണ്ടിരുന്നാൽ മതിയല്ലോ. വേഗന്നൊരുങ്ങി പള്ളിക്കൂടത്തിപ്പോകാൻ നോക്കു്.”

അമ്മയുടെയോ ചാക്കോച്ചിയപ്പാപ്പന്റെയോ ശിപാർശകൊണ്ടുപോലും ഫലമില്ലെന്നു തോന്നുന്നത്ര ശക്തിയിലായിരുന്നു ആ ശകാരം. അതിനാൽ മറ്റൊരു പോംവഴി കാണാതെ ഞങ്ങൾ സ്കൂളിൽ പോകാൻ ഒരുങ്ങി. മൃഗശാലക്കാർ എത്താൻ എങ്ങനെ പോയാലും സന്ധ്യയോളമാവുമെന്നും എലിപ്പൂച്ചയുടെ യാത്രയയപ്പിൽ ഞങ്ങൾക്കും പങ്കെടുക്കാൻ കഴിയുമെന്നും പറഞ്ഞു് ചാക്കോച്ചിയപ്പാപ്പൻ ഞങ്ങളെ ആശ്വസിപ്പിച്ചു.

ഒന്നും തിന്നാതെയും കുടിക്കാതെയും ശൂന്യമായ ദൃഷ്ടികളോടെ കിടക്കുന്ന എലിപ്പൂച്ചയെ കണ്ടിട്ടുപോയതിനാലാവാം വലിയപ്പച്ചൻ മരിക്കാറായിക്കിടന്നിരുന്ന നാളുകളിലെ ആശങ്കകളോടെയായിരുന്നു ക്ലാസ്സിൽ ആ ദിവസം ഞങ്ങൾ കഴിച്ചു കൂട്ടിയതു്. ഒപ്പംതന്നെ എലിപ്പൂച്ചയെ വർണ്ണിച്ചു കേൾപ്പിച്ചു് കൂട്ടുകാരെയെല്ലാം അമ്പരപ്പിച്ചതിന്റെ ആനന്ദവും ഉണ്ടായിരുന്നുവെങ്കിലും, ഇന്റർവെല്ലിനു് ഓടിപ്പോയി എലിപ്പൂച്ചയെ കണ്ടിട്ടുവരാമെന്ന ആശയം കൂട്ടുകാർ പലരും അവതരിപ്പിച്ചുവെങ്കിലും എത്ര ഓടിയാലും ആ സമയംകൊണ്ടു് പോയിവരാൻ അനുവദിക്കാത്തത്ര അകലെയായിപ്പോയി ഞങ്ങളുടെ വീടു്.

സ്കൂൾ വിട്ടാൽ ആദ്യം പുറപ്പെടുന്ന കടത്തുവള്ളം തിക്കും തിരക്കും കാരണം ഞങ്ങൾ ഒഴിവാക്കാറായിരുന്നു പതിവു്. എന്നാൽ അന്നേദിവസം ആദ്യത്തെ വള്ളം അടുപ്പിച്ചയുടൻ ചാടിക്കയറിയതു് ഞാനും ഏട്ടത്തിയുമായിരിക്കണം.

വലിയ ഉത്സാഹത്തോടെയും ഉത്കണ്ഠകളോടെയും ഓടിച്ചാടി വീട്ടിലെത്തിയ ഞങ്ങൾ എലിപ്പൂച്ച അതിന്റെ കൂട്ടിൽ ഏതാണ്ടു് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇരിക്കുന്നതാണു് കണ്ടതു്. അതിന്റെ മനസ്സു് അത്യഗാധമായ ഒരേകാന്തതയിൽ വീണുകിടക്കുകയാണെന്നു് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാവുമായിരുന്നു. പരിത്യജിച്ച ഭക്ഷണപദാർത്ഥങ്ങളുടെ പൊട്ടും പൊടിയും ചിതറിക്കിടന്നിടത്തു് ഉറുമ്പുകൾ പറ്റം പറ്റമായി അരിച്ചുനടന്നു.

അത്ര നേരം കാത്തിരുന്നിട്ടും മൃഗശാലക്കാരെയോ പത്രക്കാരെയോ കാണാത്തതിനാൽ ചാക്കോച്ചിയപ്പാപ്പൻ ഇട്ടിക്കോരസാറിനെ തിരക്കിപ്പോയിരിക്കയായിരുന്നു. കാലത്തുതന്നെ അക്കരപ്പാടത്തെ കൊയ്ത്തിനു് ആളെയും കൂട്ടിപ്പോയ അപ്പൻ മടങ്ങിയെത്തിയിരുന്നുമില്ല. ഇന്റർവെൽ സമയത്തു് ഇട്ടിക്കോരസാറിന്റെ സ്കൂളിലെ കുട്ടികൾ സംഘങ്ങളായി വന്നു് ക്യൂ നിന്നു് എലിപ്പൂച്ചയെ കണ്ടിട്ടു പോയശേഷം കാഴ്ചക്കാരും ഏറെയൊന്നും വന്നില്ലെന്നു് അമ്മ പറഞ്ഞു. ഉച്ചതിരിഞ്ഞു്, അമ്മയോടു് നാട്ടുവർത്തമാനം പറയാൻ വന്ന വരവിൽ അമ്മുവല്യമ്മ അതിനെ കുറെ നേരംകൂടി നോക്കിനിന്നിട്ടുപോയതു മാത്രം. പരീക്ഷിച്ചു നോക്കിയ ഒരാഹാരസാധനവും എലിപ്പൂച്ച തൊട്ടില്ലെന്നുതന്നെയല്ല ആഹാരം കഴിക്കുന്ന ജന്തുവാണോ അതെന്നുതന്നെ സംശയം തോന്നും വിധമായിരുന്നു അതിന്റെ കിടപ്പു് എന്നും അമ്മ അറിയിച്ചു.

എലിപ്പൂച്ചയുടെ നിസ്സഹകരണപ്രസ്ഥാനം തകർക്കുവാനുള്ള വഴികളൊന്നും കാണാതെ ഞങ്ങൾ ചാക്കോച്ചിയപ്പാപ്പന്റെ വരവും കാത്തു്, അതിന്റെ കൂടിനരികിൽത്തന്നെ മൂകരായി ഇരുന്നു.

സന്ധ്യയോടെ ചാക്കോച്ചിയപ്പാപ്പൻ മടങ്ങിയെത്തി “ഒന്നും നടക്കുകേല പിള്ളേരെ.” മുറ്റത്തേക്കു കയറി തോളിലെ തോർത്തെടുത്തു് ഒന്നു കുടഞ്ഞു് വിയർപ്പു് തുടയ്ക്കുന്നതിനിടയിൽത്തന്നെ ചാക്കോച്ചിയപ്പാപ്പൻ തന്റെ നിരാശ ഞങ്ങൾക്കും പങ്കിട്ടു. ഏറെ ശ്രമങ്ങൾക്കു ശേഷം മൃഗശാലക്കാരുമായി ഫോണിൽ സംസാരിച്ച ഇട്ടിക്കോരസാറിനു്, എലിപ്പൂച്ച അപൂർവ്വജീവിതന്നെയാണെന്നു് ആധികാരികമായി അന്വേഷിച്ചറിഞ്ഞാൽ മാത്രമേ വരാൻ കഴിയൂ എന്ന മറുപടിയാണു് കിട്ടിയതു്. പ്രാഥമികാന്വേഷണത്തിനായി സ്ഥലത്തെ മൃഗസംരക്ഷണ വകുപ്പിനെയാണു് നിയോഗിക്കുക എന്നറിഞ്ഞു് ഇട്ടിക്കോരസാർ പ്രസ്തുത വകുപ്പോഫീസ് തിരക്കിക്കണ്ടുപിടിച്ചു ചെന്നു് അന്വേഷിച്ചപ്പോഴാകട്ടെ മൃഗശാലയിൽനിന്നുള്ള അറിയിപ്പു് വരട്ടെ, സ്ഥലത്തു വന്നു് അന്വേഷിച്ചു വേണ്ടതു ചെയ്യാം എന്ന മറുപടിയും കിട്ടി. പത്രക്കാരെ തെരഞ്ഞു പോയിട്ടാണെങ്കിലോ തെരഞ്ഞെടുപ്പുകാലമായതിനാൽ എലിയുടെയും പൂച്ചയുടെയുമൊക്കെ പുറകെ നടക്കാൻ ആർക്കും നേരമില്ലത്രെ! (നാട്ടിൻപുറത്തെ ഒരു പ്രൈമറി സ്കൂൾ അധ്യാപകനു് തലസ്ഥാനത്തു നിന്നു് ഒരു കാര്യം എത്രയെളുപ്പത്തിൽ സാധിക്കാൻ കഴിയും എന്നു് പിൽക്കാലത്തു് മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ അന്നത്തെ ആ കാത്തിരിപ്പിന്റെ വങ്കത്തമോർത്തു് ഞങ്ങൾ ചിരിച്ചുപോയിട്ടുണ്ടു്).

“ഈ കെടപ്പു് കെടന്നാൽ അതു് ചത്തുപോകത്തേയുള്ളൂന്നു് തോന്നുന്നു. നിങ്ങള് വല്ലതും കൊടുത്തു് നോക്കിയോ?” ചാക്കോച്ചിയപ്പാപ്പൻ ചോദിച്ചു.

“നോക്കാവുന്നതെല്ലാം ഞങ്ങളും നോക്കി അപ്പാപ്പാ. ഒരു വിശേഷവുമില്ല”. ഏട്ടത്തി സങ്കടത്തോടെ പറഞ്ഞു.

ആ സംഭാഷണം കേട്ടുകൊണ്ടു് കടന്നുവന്ന അമ്മ അതുവരെ ഉള്ളിലൊതുക്കിയ കലിയെല്ലാം പുറത്തെടുത്തു് ഒച്ചയുയർത്തി പറഞ്ഞു: “അതിനെക്കൊണ്ടെ ആ പാടത്തെറമ്പത്തെങ്ങാനും കുഴിച്ചുമൂടു് ചാക്കോച്ചീ… ആ പിള്ളേരു് വന്നു കേറിയപ്പം മൊതലേ അതിന്റെ മുന്നീന്നു് മാറീട്ടില്ല.” ചാക്കോച്ചിയപ്പാപ്പൻ പ്രതീക്ഷിച്ചിരുന്നതാണെന്നു് തോന്നുന്നു ആ പൊട്ടിത്തെറി. അമ്മ പറഞ്ഞുതീർക്കും മുൻപു് അപ്പാപ്പൻ പ്രതിവചിച്ചുകഴിഞ്ഞു: “ആട്ടെ ചേട്ടത്തി… വാ പിള്ളേരെ… ”

എലിക്കൂടിനു് നേരെ വേഗം നടന്നുചെന്നു് അപ്പാപ്പൻ അതു് പൊടുന്നനേ പൊക്കിയെടുത്തു് മുറ്റം കടന്നു് കുത്തുകല്ലിറങ്ങി നടക്കാൻ തുടങ്ങി.

ഒപ്പം ഞങ്ങളും കൂടിയപ്പോൾ അതൊരു വിലാപയാത്രയായി. അതുവരെ അനക്കമറ്റു് കാണപ്പെട്ടിരുന്ന എലിപ്പൂച്ച കൂട്ടിൽ കിടന്നു് അക്ഷമയോടെ അപ്പുറമിപ്പുറം ഓടാൻ തുടങ്ങി. തുടരെത്തുടരെ ഞരക്കങ്ങളും കേട്ടു.

images/aymanan-elipoocha-03.png

പാടത്തിറമ്പത്തെ വാഴത്തോപ്പിലെത്തിയപ്പോൾ ചാക്കോച്ചിയപ്പാപ്പൻ എലിക്കൂടു് കണ്ണിനുനേരെ പിടിച്ചു് എലിപ്പൂച്ചയെ അനുതാപത്തോടെ നോക്കി കുറച്ചു നേരം നിന്നു. എന്നിട്ടു് തന്നോടുതന്നെ പറയുംപോലെ പറഞ്ഞു:

“പാവം… ഒറ്റത്തടി… തന്തേമില്ല… തള്ളേമില്ല… ഉറ്റോരുമില്ല… ഒടേരുമില്ല… കൊല്ലണോ പിള്ളാരെ?”

“വേണ്ടപ്പാപ്പാ…കൊല്ലണ്ടപ്പാപ്പ… ”

ഒരേമയം ഒരേ സ്വരത്തിൽ ഞങ്ങൾ പറഞ്ഞു.

വാഴത്തോപ്പിനു് കോണിൽനിന്നു് പാടത്തേക്കിറങ്ങുന്നിടത്തെ ചാഞ്ഞ തെങ്ങിൻചുവട്ടിൽ പെട്ടി താഴ്ത്തിവെച്ചു് ചാക്കോച്ചിയപ്പാപ്പൻ പൊടുന്നനെ അതിന്റെ വാതിൽ തുറന്നു. പെട്ടെന്നു്, കണ്ണുകളിൽ ഒരു കറുത്ത കൊള്ളിയാൻ മിനിയതുപോലെ ഞങ്ങൾക്കു് തോന്നി—അത്ര വേഗമായിരുന്നു എലിപ്പൂച്ച പുറത്തേക്കെടുത്തുചാടി ഇരുൾ മൂടിക്കിടന്ന പുല്ലിൻകൂട്ടങ്ങൾക്കിടയിലൂടെ എങ്ങോട്ടോ ഓടിമറഞ്ഞതു്.

ചില കഥാനന്തര ചിന്തകൾ
ഒന്നു്:
അന്നു് ചാക്കോച്ചിയപ്പാപ്പൻ കൊല്ലാതെ വിട്ട എലിപ്പൂച്ചയല്ലേ പിന്നീടു് ചരിത്രത്തിനു് കുറുകെച്ചാടി ഇക്കണ്ട വിക്രിയകളൊക്കെ കാട്ടിക്കൂട്ടിയതു്? മഹാസംസ്കാരങ്ങളും മഹാസാമ്രാജ്യങ്ങളും തകർത്തു് എലിപ്പൂച്ച അവയെ സ്വന്തം രൂപത്തിലാക്കി. മുതലാളിത്തത്തിന്റെ പൂച്ചത്തലയും കമ്യൂണിസത്തിന്റെ എലിവാലുമായി ചരിത്രത്തിന്റെ എലിപ്പെട്ടിയിൽ പകച്ചിരിക്കുന്ന ആ രാഷ്ട്രങ്ങളെ നോക്കുക. അല്ലെങ്കിൽ, മതങ്ങളുടെ പൂച്ചത്തലയും മതേതരത്വത്തിന്റെ എലിവാലുമായി എലിപ്പെട്ടിയുടെ അറ്റംപറ്റിയിരിക്കുന്ന അയൽ രാജ്യത്തെ, ആയുധ ശക്തി സ്ഫുരിക്കുന്ന പൂച്ചക്കണ്ണുകളും നിരായുധീകരണത്തിന്റെ എലിവാലുമായി എലിപ്പെട്ടി കടിച്ചുമുറിച്ചു പുറത്തുചാടുവാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ ശക്തിയെ. ചുറ്റും കാണുന്ന മനുഷ്യ ജീവിതങ്ങളിലേക്കു് നോക്കിയാലോ? എത്രയോ ജീവിതങ്ങളുടെ മധ്യകാലത്തു് അവയ്ക്കു് വിലങ്ങംചാടി എലിപ്പൂച്ച അവയെ നാനാ വിധമാക്കി. ഏതിരുട്ടത്തും കണ്ണുകാണുന്ന പൂച്ചയുടെ ജാഗരൂകതയോടെ ഏതനക്കം കേട്ടാലും എടുത്തുചാടുകയും ഏതചേതന വസ്തുവിനെപ്പോലും തട്ടിത്തട്ടി തിരിച്ചിട്ടും മറിച്ചിട്ടും പരിശോധിക്കുകയും ചെയ്തിരുന്ന ഒരു തലമുറയല്ലേ എലിപ്പൂച്ചയുടെ അപഹാരത്തിനു ശേഷം ജീവിതത്തിന്റെ മറുപാതിയിലേക്കു കടന്നപ്പോൾ, ഏതനക്കം കേട്ടാലും ഓടിയൊളിക്കുകയും നിഗൂഢമാർഗ്ഗങ്ങൾ നിറഞ്ഞ മാളങ്ങളിൽ, പകൽവെട്ടത്തെ ഭയന്നു് ഒളിച്ചുപാർക്കുകയും പഴയ പുസ്തകങ്ങൾ കരണ്ടുതിന്നു് കാലം കഴിക്കുകയും ചെയ്യുന്ന എലിസദൃശരായി പരിണാമം പ്രാപിച്ചതു്? അവരുടെ ജീവിതത്തിന്റെ ആകെത്തുകയെടുത്താൽ, അതിനുമില്ലേ ഒരെലിപ്പൂച്ചയോടു് രൂപസാദൃശ്യം? എന്തിനേറെപ്പറയുന്നു? നിങ്ങളറിഞ്ഞ കാലത്തെ ഒരെലിപ്പെട്ടിയുടെ വലിപ്പത്തിലേക്കു ചുരുക്കിയിട്ടു് അതിനുള്ളിലേക്കു നോക്കുക. ചരിത്രം ഒരു എലിപ്പൂച്ചയുടെ രൂപം പൂണ്ടു് അതിൽ പതുങ്ങിക്കിടക്കുന്നതു കാണുന്നില്ലേ?
രണ്ടു്:
ഇന്നു് എവിടെയെങ്കിലും ഒരെലിപ്പെട്ടിയിൽ എലിപ്പൂച്ച വീണാൽ ഒരു കഥാകൃത്തിനും അതൊരു കഥയാക്കാൻ കഴിഞ്ഞെന്നു വരില്ല. ഭൂതലം മുഴുവൻ പാഞ്ഞോടി നടക്കുന്ന പത്രപ്രവർത്തകരും ടെലിവിഷൻ വാർത്താ—ക്യാമറാസംഘങ്ങളും ഓടിയെത്തി ആ മഹാത്ഭുതത്തെ ഇഞ്ചിഞ്ചായി കടിച്ചുകീറിപങ്കിട്ടെടുക്കുമായിരുന്നു. പിറ്റേന്നത്തെ ദിനപത്രങ്ങളുടെ മുൻപേജിലെ മുഖ്യസ്ഥാനത്തു് അച്ചടിക്കപ്പെടുന്ന എലിപ്പൂച്ചയുടെ ചിത്രവും കഥയും നാടായ നാടെങ്ങും വീടായ വീടുകളിലുമെല്ലാം സ്വീകരണമുറികളിൽ വലിയ ചർച്ചാവിഷയമായേനെ. അതിന്റെ പളുങ്കുകണ്ണുകളിലെ പകച്ച നോട്ടങ്ങൾ കോടാനുകോടി ടെലിവിഷൻ സ്ക്രീനുകളിൽ വെട്ടിത്തിളങ്ങി മനുഷ്യരാശിയെ ഒന്നാകെ വിസ്മയംകൊള്ളിച്ചേനെ. ഇതിനൊക്കെയിടയിൽ സാക്ഷാൽ എലിപ്പൂച്ചയാകട്ടെ, അന്യഗ്രഹത്തിൽനിന്നെത്തിയ അതിഥിയെപ്പോലെ രാജ്യങ്ങൾതോറും സ്വീകരിച്ചാനയിക്കപ്പെട്ടു്, ഒടുവിൽ മാലോകരെല്ലാം ചേർന്നു് അതിനെ ഒരു ക്ലോണിങ് വിദഗ്ദ്ധന്റെ കൈകളിലെത്തിക്കുകയും അനന്തരം എലിപ്പൂച്ചയുടെ വംശം ഭൂമിയാകെ പെരുകുകയും ചെയ്യുമായിരുന്നു.

അടിക്കുറിപ്പു്: നേരുള്ള വാർത്തകൾ നിരോധിക്കപ്പെട്ടിരുന്ന കാലത്തു് ഒരു ദിവസം നമ്മുടെ നാട്ടിലെ ഒരു വിശിഷ്ടപത്രത്തിന്റെ മുൻപേജിലെ മുഖ്യവാർത്തയായി വന്നതു് തലേന്നു് എവിടെയോ ഒരു നാട്ടിൻപുറത്തു് പിടിക്കപ്പെട്ട ഒരപൂർവ്വ ജീവിയുടെ ചിത്രവും കഥയുമായിരുന്നു എന്നോർക്കുന്നു. നേരുള്ള കഥകൾ വാർത്തകളായി വായിച്ചു വലിച്ചെറിയപ്പെടുകയും വർണ്ണചിത്രങ്ങളായി കണ്ടു് മറക്കപ്പെടുകയും അങ്ങനെ ചരിത്രംതന്നെ വലിയ ഒരു കഥയില്ലായ്മയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ “എലിപ്പൂച്ച” പോലുള്ള കഥകളും പ്രത്യക്ഷപ്പെടുന്നു.

അയ്മനം ജോൺ
images/AymanamJohn.jpg

1953-ൽ അയ്മനത്തു് ജനനം. റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടിൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്മസ് മരത്തിന്റെ വേരു്’ എന്ന കഥയിലൂടെ വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ചു് കഥകളേയെഴുതിയിട്ടുള്ളു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം.

പ്രധാനകൃതികൾ

ക്രിസ്മസ് മരത്തിന്റെ വേരു്, എന്നിട്ടുമുണ്ടു് താമരപ്പൊയ്കകൾ, ചരിത്രം വായിക്കുന്ന ഒരാൾ, ഒന്നാം പാഠം ബഹിരാകാശം.

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Elipoocha (ml: എലിപ്പൂച്ച).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-26.

Deafult language: ml, Malayalam.

Keywords: Short story, Aymanam John, Elipoocha, അയ്മനം ജോൺ, എലിപ്പൂച്ച, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 9, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Egypcian Landscape, a painting by Carlos de Haes (1829–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.