ഹരിറാം ഭാട്ടിയായുടെ ‘വണ്ടർലാൻഡ്’ എന്ന വസ്ത്രവ്യാപാരശാലയിൽ കുട്ടികൾക്കുള്ള റെഡിമെയ്ഡ് തുണിത്തരങ്ങൾ വില്ക്കുന്നു. നഗരത്തിലെ പ്രധാന ഷോപ്പിങ് ഏരിയായിൽ വണ്ടർലാൻഡ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഹരിറാം ഭാട്ടിയായുടെ പിതാവു് ഗംഗാറാം ഭാട്ടിയാ വിഭജനകാലത്തു് തുച്ഛമായ വിലയ്ക്കു വാങ്ങിയിട്ടിരുന്നതാണു്. അവിടെ ഹരിറാം ഭാട്ടിയാ തന്റെ ചെറുപ്പത്തിൽ 1964-ലെ ഗണപതിയുത്സവകാലത്തു് ‘ഭാട്ടിയാ ടെക്സ്റ്റൈൽസ്’ എന്ന പേരിൽ ആരംഭിച്ച കട ഭാട്ടിയായുടെ കച്ചവടനിപുണത കാലാകാലങ്ങളിൽ കണ്ടെത്തിയ വിപണനതന്ത്രങ്ങളുടെ വിജയത്താൽ, പല തവണ നവീകരിച്ചാണു് പുതിയ പേരിൽ നഗരത്തിലെ ഏറ്റവും വലിയ ശിശുവസ്ത്രാലയമായി മാറിയതു്. ആദ്യ കാലത്തു് ജോഗീന്ദർസിങ് എന്ന ഒരു വൃദ്ധൻ മാത്രം ഭാട്ടിയായ്ക്കു സഹായിയായി ഉണ്ടായിരുന്ന കടയിൽ ഇന്നു് അൻപതോളം ജോലിക്കാരുണ്ടു്. വണ്ടർലാൻഡിൽ നിന്നു ലഭിച്ച ലാഭത്തിന്റെ വൻതുകകൾ ഭാട്ടിയാ നഗരത്തിലെ പ്രമുഖ തുണിമില്ലുകളുടെ ഓഹരികളിൽ നിക്ഷേപിച്ചിട്ടുമുണ്ടു്. മാത്രമോ? വണ്ടർലാൻഡിനു് ഇന്നു തലസ്ഥാനനഗരിയിൽ ഒരു ശാഖയുണ്ടു്. ഹരിറാം ഭാട്ടിയായുടെ ഏക പുത്രൻ വിനോദ് ഭാട്ടിയാ നടത്തുന്ന ആ കടയും നാൾക്കുനാൾ വളർന്നുകൊണ്ടിരിക്കുകയാണു്. അവിടെ, പക്ഷേ, തൊഴിലാളികളുടെ എണ്ണം കുറവാണു്. ബില്ലെഴുതുന്നതും സ്റ്റോക്ക് കണക്കുകൾ സൂക്ഷിക്കുന്നതുമെല്ലാം കമ്പ്യൂട്ടറുകളാണു്. വില്പനയുടെ കണക്കുകൾ ഗ്രാഫുകളായി കമ്പ്യൂട്ടറുകൾ വിനോദ് ഭാട്ടിയായ്ക്കു വരച്ചുകൊടുക്കുന്നു. ചിത്രകലയിൽ താത്പര്യമുള്ള വിനോദ് ഭാട്ടിയാ ശിശുവസ്ത്രങ്ങളുടെ മനോഹരമായ പാറ്റേണുകൾ കമ്പ്യൂട്ടറിൽ വരച്ചുണ്ടാക്കുന്നു. അതുപയോഗിച്ചു നിർമ്മിക്കപ്പെട്ട വസ്ത്രങ്ങൾ അതിവേഗം വില്ക്കപ്പെടുന്ന ചരക്കുകളായതോടെ അച്ഛന്റെ കടയുടെ വളർച്ചാവേഗതയെ മറികടന്നാണു് വിനോദ് ഭാട്ടിയായുടെ വ്യാപാരമുയരുന്നതു്. രണ്ടു് വണ്ടർലാൻഡുകളും തമ്മിൽ കച്ചവടബന്ധങ്ങളൊന്നും നിലനിർത്തിയിരുന്നില്ലെങ്കിലും തന്റെ പാറ്റേണുകളിൽ ഏറ്റവും വില്പനയുള്ള ചിലതു് അച്ഛന്റെ കടയിലൂടെയും വില്ക്കുന്നതിനെപ്പറ്റി വിനോദ് ഭാട്ടിയാ പലപ്പോഴും ആലോചിച്ചിരുന്നു. ഏതു കാര്യവും അച്ഛനോടും കമ്പ്യൂട്ടറിനോടും ആലോചിച്ചു മാത്രം ചെയ്യാറുള്ള വിനോദ് ഭാട്ടിയാ ഇതേപ്പറ്റി ഒരിക്കൽ ഹരിറാം ഭാട്ടിയായോടു സംസാരിക്കുകയും ചെയ്തു. എന്നാൽ, നിരാശപ്പെടുത്തുന്നതായിരുന്നു അച്ഛന്റെ മറുപടി: “നിന്റെ കട തലസ്ഥാനത്താണെന്നോർക്കണം. അവിടെ തുണിത്തരങ്ങളുടെ മേന്മയെക്കാൾ അവയുടെ പകിട്ടും പത്രാസുമാണു് ആളുകൾ നോക്കുന്നതു്. ഇതാകട്ടെ, തൊഴിലാളികളുടെ നഗരമാണു്. വിലക്കുറവും ഗുണമേന്മയുമാണു് ഇവിടെ ആളുകൾക്കാവശ്യം ഇവിടത്തെ കുട്ടികൾക്കും വലിയ വാലുകളും ചിറകുകളുമുള്ള ഉടുപ്പുകളോടു ഭ്രമം തോന്നാനിടയില്ല.” പിന്നീടു് വിനോദ് ഭാട്ടിയാ തന്റെ കമ്പ്യൂട്ടറുകൾ പല കോണുകളിൽനിന്നു നോക്കി വരയ്ക്കുന്ന വില്പനയുടെ ഗ്രാഫുകൾ കാട്ടി അച്ഛന്റെ കടയിലും കമ്പ്യൂട്ടറുകൾ സ്ഥാപിക്കുന്നതിനു നിർബന്ധിച്ചുകൊണ്ടിരുന്നു.

ഹരിറാം ഭാട്ടിയായ്ക്കു് കമ്പ്യൂട്ടറുകളുടെയും ആവശ്യം അത്ര ബോധ്യപ്പെട്ടില്ല. കടയുടെ കവാടത്തിനരികിലെ കണ്ണാടിക്കൂട്ടിൽ ദൃഷ്ടികൾ റഡാറുകളെപ്പോലെ വാതിൽക്കലേക്കു തിരിച്ചുവച്ചു് ഇരിക്കുന്ന ഭാട്ടിയായുടെ മനസ്സു് ഒരു കമ്പ്യൂട്ടറിന്റെ കൃത്യതയോടെതന്നെ കച്ചവടക്കണക്കുകളുടെ അദൃശ്യഗ്രാഫുകൾ വരച്ചുണ്ടാക്കുന്നു. എൺപതുകളിൽ നഗരത്തിലെ ജനസംഖ്യ പൂർവ്വാധികമായ തോതിൽ വർധിച്ചു വന്നപ്പോൾ അതിനനുസരിച്ചുള്ള വ്യാപാരവർധന തന്റെ കടയ്ക്കുണ്ടായില്ലെന്നു് ഭാട്ടിയാ മനസ്സിലാക്കി. പുതുതായിത്തുടങ്ങിയ ഇതര വസ്ത്രാലയങ്ങൾ വണ്ടർലാൻഡിന്റെ വശ്യത കുറച്ചതായും ഭാട്ടിയാ കണ്ടെത്തി. 1989-ലെ ഗണപതിയുത്സവകാലത്തു്, ഒരു വലിയ സ്റ്റോക്ക് ശേഖരണത്തിനു ശേഷം വേണ്ടത്ര പരസ്യപ്പെടുത്തിയ ഒരു റിഡക്ഷൻ വില്പനയോടെ, കടയുടെ ഇരുപത്തിയഞ്ചാം വർഷം ആഘോഷിക്കാൻ ഭാട്ടിയാ തീരുമാനിച്ചു.
അതോടൊപ്പംതന്നെ വണ്ടർലാൻഡിന്റെ ആകർഷണീയത വർധിപ്പിക്കാൻ ഒരു നൂതനാശയവും ഭാട്ടിയാ കണ്ടെത്തി. കട തുറക്കും മുതൽ അടയ്ക്കുംവരെ, നാലു കോമാളികൾ വാതിൽക്കൽ വഴിപോക്കർക്കു നേരെ തിരിഞ്ഞുനിന്നു് പലയിനം കോമാളിത്തങ്ങൾ കാട്ടി വണ്ടർലാൻഡിലേയ്ക്കു് അവരുടെ ശ്രദ്ധയാകർഷിക്കുക. ഇതിലേക്കായി കൗമാരപ്രായക്കാരായ എട്ടു പുതിയ ജോലിക്കാരെ ഭാട്ടിയാ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചു. കാലത്തും ഉച്ചയ്ക്കും തുടങ്ങുന്ന രണ്ടു ഷിഫ്റ്റുകളിലായി അവർ വണ്ടർലാൻഡിന്റെ കുഞ്ഞുടുപ്പുകൾ കൊണ്ടലങ്കരിച്ച തിണ്ണയിൽനിന്നു കോമാളിക്കളികൾ കാട്ടി വഴിപോക്കരെ വശീകരിക്കാൻ തുടങ്ങി. പരീക്ഷണം വൻവിജയമായിരുന്നു. ഉത്സവകാലത്തെ ഉത്സാഹത്തോടൊപ്പം കോമാളിത്തങ്ങളോടും ആദായ വില്പനയോടുമുള്ള കമ്പംകൂടി ചേർന്നപ്പോൾ നഗരവാസികൾ കുട്ടികൾക്കുള്ള ഉത്സവകോടികൾ വാങ്ങാൻ വണ്ടർലാൻഡുതന്നെ തിരഞ്ഞെടുത്തു. പുത്തൻ സ്റ്റോക്കിനു പുറമെ വണ്ടർ ലാൻഡിലെ പഴഞ്ചരക്കുകളും വിറ്റുപൊയ്ക്കൊണ്ടിരുന്നു. ഉത്സവദിവസം ഭാട്ടിയായുടെ വകയായി ഒരു പടുകൂറ്റൻ ഗണപതിവിഗ്രഹം കടലിലേക്കാനയിക്കപ്പെട്ടതു് അസാമാന്യമായ വ്യാപാരവിജയത്തിന്റെ പ്രഖ്യാപനമായി നഗരത്തിലെങ്ങും വ്യാഖ്യാനിക്കപ്പെട്ടു.
കാലക്രമത്തിൽ, വണ്ടർലാൻഡിലെ കോമാളികൾ നഗരത്തിലെ അറിയപ്പെടുന്ന ദൃശ്യങ്ങളിലൊന്നായി. പകലൊരിക്കലും തിരക്കൊഴിയാത്ത നിരത്തിലെ ആൾക്കൂട്ടങ്ങളെ കോമാളികൾ പുത്തൻ പുത്തൻ കോമാളിത്തങ്ങൾ കാട്ടി വണ്ടർലാൻഡിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. കടയിലേക്കു നടന്നടുക്കുന്നവരെ കോമാളികൾ ഹൃദ്യമായ ചേഷ്ടകൾ കാട്ടി സ്വീകരിച്ചാനയിച്ചു. കുട്ടികളെ അവർ കൈപിടിച്ചു വണ്ടർലാൻഡിലേക്കു കയറ്റി. നടത്തുന്ന കച്ചവടത്തിന്റെ തോതനുസരിച്ചു് മിഠായികളും ശീതളപാനീയങ്ങളും വിതരണം ചെയ്തു. വാഹനങ്ങളിലെത്തുന്നവർ വാങ്ങുന്ന തുണികൾ കോമാളികൾതന്നെ എടുത്തു കൊണ്ടുപോയി വാഹനങ്ങൾക്കുള്ളിൽവച്ചു് യാത്രാഭിവാദ്യങ്ങളും കൊടുത്തേ മടങ്ങിയിരുന്നുള്ളു.
മാറുന്ന കാലത്തിനും മാറുന്ന സിനിമകൾക്കുമനുസരിച്ചു് കോമാളികളുടെ വേഷങ്ങളിലും പെരുമാറ്റങ്ങളിലും മാറ്റങ്ങൾ വരുത്താൻ ഭാട്ടിയാ ശ്രദ്ധിച്ചിരുന്നു. അതിനാൽ ആ നിരത്തിലൂടെ പതിവായി പോയിരുന്നവർക്കും വണ്ടർലാൻഡ് പുതുമയുള്ള കോമാളിത്തങ്ങൾ സമ്മാനിച്ചുപോന്നു. ആൾക്കൂട്ടങ്ങളുടെ കൗതുകം കോമാളികളുടെ കൗമാരമനസ്സിന്റെ ചാപല്യം വർധിപ്പിച്ചിരുന്നതിനാൽ വിചിത്രങ്ങളായ ആശയങ്ങൾ അവർക്കു് അനായാസം കണ്ടെത്താനും കഴിഞ്ഞിരുന്നു. ഭാട്ടിയായുടെ നിർദേശമനുസരിച്ചു് സ്ത്രീകളെയും കുട്ടികളെയും കോമാളികൾ പ്രത്യേകം രസിപ്പിച്ചിരുന്നതിനാൽ, വസ്ത്രങ്ങളുടെ ഉപഭോക്തൃലോകത്തിലെ ആ പ്രജാപതികൾക്കു വണ്ടർലാൻഡിനോടുള്ള മമത ഏറിയേറി വന്നു. കോമാളികൾക്കു മുൻപും കോമാളികൾക്കു പിൻപും എന്നു വേർതിരിക്കാനാവുംവിധം പ്രകടമായ വർധന കടയുടെ പ്രശസ്തിയിലും ലാഭത്തിലും ഉണ്ടായി.
തന്റെ വ്യാപാരത്തിൽ അതിശയങ്ങൾ പ്രവർത്തിച്ച ‘കോമാളി ഫാക്ടർ’ എങ്ങനെ മനസ്സിലെത്തിയെന്നു് ഒരിക്കൽ ഹരിറാം ഭാട്ടിയാ മകനു വിശദീകരിച്ചു കൊടുക്കുകയുണ്ടായി—എണ്ണത്തിൽ കൂടിയതോടെ കടയിലെ തൊഴിലാളികളുടെ പെരുമാറ്റരീതികൾ ഭാട്ടിയായ്ക്കു് അസംതൃപ്തിയുണ്ടാക്കിത്തുടങ്ങിയിരുന്നു. കടയിലെത്തുന്ന ഉപഭോക്താക്കളോടു്, പ്രത്യേകിച്ചു് കുട്ടികളോടു്, താനും ജോഗീന്ദർസിങ്ങും കാട്ടിയിരുന്ന ആ കലയും കച്ചവടവും കലർന്ന സ്നേഹവായ്പു് വില്പനക്കാരുടെ പുതിയ തലമുറയ്ക്കു പ്രദർശിപ്പിക്കാനാവുന്നില്ലെന്നു് ഭാട്ടിയാ മനസ്സിലാക്കി. പണ്ടു കുട്ടികളായി വണ്ടർലാൻഡിൽ വന്നിരുന്നവർ പിൽക്കാലത്തു് അമ്മമാരായി മാറി. തങ്ങളുടെ കുട്ടികളെയും കൂട്ടി വന്നിരുന്നപ്പോൾ, പണ്ടത്തെ ഓർമ്മകളുടെ ഊഷ്മളതയിൽത്തന്നെ ഉപചാരപൂർവ്വം ശ്രദ്ധിക്കുന്നതു് ഭാട്ടിയാ പലപ്പോഴും കണ്ടിട്ടുമുണ്ടു്. ഇടയ്ക്കൊക്കെ ഭാട്ടിയാ തന്നത്താൻ എഴുന്നേറ്റുചെന്നു് കുഞ്ഞുങ്ങളോടു വാത്സല്യം കാട്ടാനും അമ്മമാരെ അവരുടെ കളർ സെലക്ഷന്റെ പേരിൽ അഭിനന്ദിക്കാനുമൊക്കെ ശ്രമിച്ചു. പക്ഷേ, തന്റെ തടിച്ചുവീർത്തുപോയ ശരീരത്തിനും ദുർമേദസ്സിലിടുങ്ങിപ്പോയ കണ്ണുകൾക്കും കുട്ടികളെ വശീകരിക്കാനുള്ള പ്രാപ്തിയില്ലെന്നും പുതുതലമുറയിലെ പെണ്ണുങ്ങൾ തന്നെ അവഗണിക്കുന്നുവെന്നും തിരിച്ചറിഞ്ഞു് ഭാട്ടിയാ കണ്ണാടിക്കൂട്ടിലേക്കുതന്നെ മടങ്ങി. ഈ ഘട്ടത്തിൽ കച്ചവടക്കാരനു് അവന്റെ മുഖം എത്ര പ്രധാനപ്പെട്ടതാണെന്നു് ഭാട്ടിയാ മനസ്സിലാക്കി. കൗണ്ടറുകൾക്കു പിന്നിലെ അസന്തുഷ്ടമുഖങ്ങൾ സൃഷ്ടിക്കുന്ന വൈരസ്യത്തിനു പ്രതിവിധിയായി സദാ സന്തുഷ്ടമായ കോമാളി മുഖങ്ങൾ ഭാട്ടിയാ സങ്കല്പിച്ചുനോക്കി. കപടമായ ചിരികൾ എളുപ്പം തിരിച്ചറിയുന്ന കുട്ടികൾക്കും ഏതു ചിരിയും സംശയങ്ങളോടെ നോക്കുന്ന നഗരത്തിലെ പെണ്ണുങ്ങൾക്കും കോമാളി മുഖങ്ങളിലെ നിരർത്ഥകമായ ചിരികൾ സ്വീകാര്യമാകുമെന്നു് ഭാട്ടിയായ്ക്കു തോന്നി. മുഖംമൂടികൾക്കു പിന്നിൽ സ്വന്തം മുഖങ്ങൾ ഒളിപ്പിക്കാൻ കഴിയുന്നതിനാൽ കോമാളികൾ കൂടുതൽ മാനുഷികവും സ്വാഭാവികവുമായ പെരുമാറ്റത്താൽ ഉപഭോക്താക്കളെ സംപ്രീതരാക്കാതിരിക്കില്ല എന്നും ഭാട്ടിയാ കണക്കുകൂട്ടി. ആദ്യദിവസങ്ങളിൽത്തന്നെ കോമാളികളും കസ്റ്റമേഴ്സും തമ്മിലുള്ള ഇടപെടലുകൾ കണ്ണാടിക്കൂട്ടിലിരുന്നു നിരീക്ഷിച്ചു് തന്റെ നിഗമനങ്ങൾ ശരിയാണെന്നു് ഉറപ്പുവരുത്തുകയും ചെയ്തു.
കോമാളികൾ തങ്ങളുടെ യഥാർത്ഥ മുഖങ്ങൾ ജനങ്ങൾക്കു വെളിപ്പെടുത്താതിരിക്കണമെന്നു് ഭാട്ടിയാ പ്രത്യേകം നിഷ്കർഷിച്ചിരുന്നു. ആ മുഖപരിചയം കോമാളിമുഖത്തോടുള്ള താത്പര്യം കുറയ്ക്കുമെന്നു് ഒരു മനഃശാസ്ത്രവും പഠിക്കാതെതന്നെ ഭാട്ടിയാ അനുമാനിച്ചിരുന്നു. അതിനാൽ രാത്രിവണ്ടിയിൽ തന്റെ തോളിൽ തലചായ്ച്ചു് തളർന്നുറങ്ങിയ സഹയാത്രികൻ കോമാളികളിലൊരുവനായിരുന്നെന്നു് ഒരു നഗരവാസിയും തിരിച്ചറിഞ്ഞില്ല. മനോരോഗിയായ അച്ഛനു മരുന്നു വാങ്ങാൻ കൂടെക്കൂടെ എത്താറുള്ള ആ ചെറുപ്പക്കാരൻ കോമാളികളിലെ മറ്റൊരുവനാണെന്നു് വണ്ടർലാൻഡിലെ ഒരു പതിവു കസ്റ്റമറായ മനോരോഗ വിദഗ്ദ്ധൻ അറിഞ്ഞിട്ടേയില്ല. അനാഥാലയത്തിൽ നിന്നു ചാടിപ്പോയ അന്തേവാസിയെ ആ കോമാളിമുഖങ്ങൾക്കിടയിൽ നിന്നു കണ്ടുപിടിക്കാൻ മിക്കവാറും വണ്ടർലാൻഡിൽ വരാറുള്ള അനാഥാലയത്തിലെ അച്ചനു കഴിഞ്ഞതേയില്ല.

കോമാളികളും തങ്ങൾ ഒരിക്കലും തിരിച്ചറിയപ്പെടാതിരിക്കണേ എന്നാണു് ആഗ്രഹിച്ചതു്. വണ്ടർലാൻഡിലെ തുച്ഛമായ വേതനംകൊണ്ടു് ഒരു താരത്തിനൊത്ത ജീവിതം അവർക്കു സങ്കല്പിക്കാനാവുമായിരുന്നില്ലല്ലോ. നിറം മങ്ങിയ വേഷങ്ങളിൽ ചോറുപാത്രം പൊതിഞ്ഞ പ്ലാസ്റ്റിക് കൂടു് കക്ഷത്തിലിടുക്കി സബർബൻ തീവണ്ടിയിലെ വിയർപ്പു ഗന്ധങ്ങൾ ശ്വസിച്ചു നിൽക്കുമ്പോൾ അവർ മറ്റൊരു തൊഴിൽ മാത്രമേ സ്വപ്നം കണ്ടിരുന്നുള്ളു. ഇതര നഗരങ്ങളിൽനിന്നെത്തുന്ന തീവണ്ടികളിൽ ദിനംപ്രതി അനേകം തൊഴിൽരഹിതർ വന്നെത്തിക്കൊണ്ടിരുന്ന ആ നഗരത്തിലാവട്ടെ, മെച്ചപ്പെട്ട തൊഴിലുകൾ ആർഭാടമേറിയ സ്വപ്നങ്ങളായി മാറിക്കൊണ്ടുമിരുന്നു.
ശമ്പളം കിട്ടുന്ന ആഴ്ചയറുതികളിൽ പലപ്പോഴും കോമാളികൾ ഒന്നിച്ചു നഗരത്തിലെ ചെലവു കുറഞ്ഞ ഒരു മദ്യശാലയിൽപ്പോയി ഒരാഘോഷദിവസമെന്ന പോലെ മദ്യപിച്ചിരുന്നു. തൊഴിലിന്റെ ഭാഗമായ കോമാളികളിലൂടെത്തന്നെ അവർക്കിടയിൽ ദൃഢപ്പെട്ടിരുന്ന സൗഹൃദം, ജീവിതത്തിലെ കോമാളിത്തങ്ങൾ കാട്ടാൻ കിട്ടുന്ന ആ മദ്യപാനവേളകളിലൂടെ ഒരു സാഹോദര്യത്തിലേക്കു വളർന്നുകൊണ്ടിരുന്നു. സ്വകാര്യദുഃഖങ്ങളും ഗാർഹികപ്രശ്നങ്ങളുമെല്ലാം അവർ അന്യോന്യം അറിയിച്ചിരുന്നു. വണ്ടർലാൻഡിലെ തൊഴിലിനോടുള്ള മടുപ്പാകട്ടെ, അവർ തുല്യമായി പങ്കിട്ട ഒരു വികാരമായിരുന്നു. ഒരു മദ്യപാനദിനത്തിൽ അവരിലൊരുവനായ അനിൽ പാണ്ഡേ മദ്യലഹരിയുടെ ഉത്തേജനത്തിൽ, വേണ്ടത്ര വേതനം നല്കാത്ത ഹരിറാം ഭാട്ടിയായോടുള്ള അമർഷത്തിന്റെ ശബ്ദങ്ങളുയർത്തി. ഒരു സംഘഗാനത്തിന്റെ തുടക്കംപോലെയായിരുന്നു അതു്. സ്നേഹിതന്റെ രോഷം അപ്പാടെ ഉൾക്കൊണ്ട മറ്റുള്ളവരും വണ്ടർലാൻഡിൽനിന്നു്, തങ്ങൾ അർഹിക്കുന്ന വേതനവും ജോലിസ്ഥിരതയും ലഭിക്കാത്തതിലുള്ള അമർഷം മുഴുവൻ പുറത്തേക്കെടുത്തു. അങ്ങനെ മദ്യശാല അടയ്ക്കാറായപ്പോൾ ഒച്ചയടപ്പോടെ ഇറങ്ങിപ്പോയ കോമാളികൾ ഒരു സംഘടനയായി രൂപാന്തരപ്പെട്ടിരുന്നു.
കുറെ ദിവസങ്ങളിലെ ഗുഢാലോചനകൾക്കു ശേഷം, അവർ നഗരത്തിലെ ചെറുകിട തൊഴിൽമേഖലയിലെ നേതാക്കൾക്കിടയിൽ നിന്നു തങ്ങളെ നയിക്കാൻ ഒരു യുവനേതാവിനെ കണ്ടെത്തി. പല തൊഴിൽസമരങ്ങളും വിജയത്തിലെത്തിച്ചതിന്റെ പേരിൽ നഗരമെങ്ങും അറിയപ്പെട്ടുതുടങ്ങിയിരുന്നു ഹരീഷ് മിശ്ര. ഹരിറാം ഭാട്ടിയായെ ഭയത്തോടെ മാത്രം നോക്കാൻ കഴിഞ്ഞിരുന്ന വണ്ടർലാൻഡിലെ തൊഴിലാളികളെ തന്റെ സമരാഹ്വാനത്തിലെ വിമോചനസ്വപ്നങ്ങളിലേക്കു് ആനയിക്കുവാൻ മിശ്രയ്ക്കു് എളുപ്പം കഴിഞ്ഞു. കോമാളികളുടെ പ്രശ്നം രമ്യമായി പരിഹരിക്കുവാൻ ഭാട്ടിയാ തയ്യാറായില്ലെങ്കിൽ ഒന്നിച്ചുള്ള ഒരു പണിമുടക്കിനു തങ്ങൾ തയ്യാറാണെന്നു് ഓരോ തൊഴിലാളിയും മിശ്രയോടു സമ്മതിച്ചു.
1994-ലെ ഗണപതിയുത്സവത്തിന്റെ നാളുകൾ. പുത്തൻ വസ്ത്രശേഖരങ്ങൾകൊണ്ടു് വണ്ടർലാൻഡിലെ ഷെൽഫുകൾ നിറച്ചിട്ടു് ഒരെട്ടുകാലി അതിന്റെ വലയിലേക്കു നോക്കിയിരിക്കുമ്പോലെ ഭാട്ടിയാ കണ്ണാടിക്കൂട്ടിലിരുന്ന ദിവസങ്ങളിലൊന്നിൽ ഒരു കൂടിക്കാഴ്ചയ്ക്കു് സമയമാവശ്യപ്പെട്ടു് ഹരീഷ് മിശ്രയുടെ ഫോൺസന്ദേശമെത്തി. വലയൊന്നനങ്ങുമ്പോൾ ഇളകിയിരിക്കുന്ന എട്ടുകാലിയെപ്പോലെതന്നെ ഭാട്ടിയാ ആകെയൊന്നുലഞ്ഞു. വണ്ടർലാൻഡിലേയ്ക്കു് ഒരു ഭീഷണിയുടെ നിഴൽ വീഴുന്നതു തിരിച്ചറിഞ്ഞ ഭാട്ടിയായുടെ കാറു് അന്നു പതിവിലും നേരത്തെ വീട്ടിലേക്കു തിരിച്ചു. സന്ധ്യയ്ക്കു് പൂന്തോട്ടത്തിനു നടുവിലെ ഗാർഡൻ ചെയറുകളിലിരുന്നു് തന്റെ വളർത്തുനായയെ മടിയിലിരുത്തി ഓമനിച്ചുകൊണ്ടു് ഹരിറാം ഭാട്ടിയാ, ഹരീഷ് മിശ്ര വിശദീകരിച്ച തൊഴിൽപ്രശ്നത്തിനു ചെവികൊടുത്തു. 1989 മുതൽ വണ്ടർലാൻഡിലുണ്ടായ വ്യാപാരവർധനവിലും ലാഭത്തിലുണ്ടായ കുതിച്ചുകയറ്റത്തിലും കോമാളികളുടെ അദ്ധ്വാനത്തിന്റെ പങ്കു് എത്രയായിരിക്കുമെന്നു് കൃത്യമായ കണക്കുകൾ ഉദ്ധരിച്ചു്, നേതാവു പറഞ്ഞു കേൾപ്പിച്ചപ്പോൾ വർഷങ്ങളായി തന്നോടൊപ്പം കണ്ണാടിക്കൂട്ടിലിരിക്കുന്ന വിശ്വസ്തനായ കണക്കെഴുത്തുകാരൻ സ്റ്റീൽ പേനകൊണ്ടു് തന്റെ പിന്നിൽ കുത്തിയതായി ഭാട്ടിയായ്ക്കു തോന്നി. അപ്പോഴേക്കു് മിച്ചമൂല്യ സിദ്ധാന്തം ലളിതമായി വിശദീകരിച്ചു് മിശ്ര മുന്നേറിക്കഴിഞ്ഞിരുന്നു. ഭാട്ടിയായുടെ തലോടലുകളിലെ സ്നേഹം കുറഞ്ഞതറിഞ്ഞ നായ മടിയിൽനിന്നു ചാടിയിറങ്ങി ഓടിപ്പോയി കോമാളികളെ സ്ഥിരജോലിക്കാരായി അംഗീകരിക്കണമെന്നും കടയുടെ വളർച്ചയ്ക്കു് ആനുപാതികമായ തോതിൽ വേതനവർദ്ധന നല്കണമെന്നുമൊക്കെ വാദിച്ച മിശ്രയുടെ മുഖത്തേക്കു് മറ്റൊരു കോമാളിമുഖത്തേക്കെന്നപോലെ നോക്കിയരിക്കാനേ ഭാട്ടിയയ്ക്കു കഴിഞ്ഞുള്ളു. ഒടുവിൽ, തന്റെ തീരുമാനം പിറ്റേന്നു കാലത്തു് അറിയിക്കാമെന്ന വാഗ്ദാനത്തോടെ കൂടിക്കാഴ്ച അവസാനിപ്പിക്കുമ്പോൾ ഹരീഷ് മിശ്ര ആ തീരുമാനമെന്തായിരിക്കുമെന്നു് ഭാട്ടിയായുടെ ചുവപ്പു പടർന്ന മുഖത്തു നോക്കി ഏറെക്കുറെ അനുമാനിച്ചു കഴിഞ്ഞിരുന്നു.
രാത്രി, കോമാളികളുടെ ധിക്കാരമോർത്തു് ഉറക്കം നഷ്ടപ്പെട്ട ഭാട്ടിയാ മിച്ച മൂല്യസിദ്ധാന്തത്തെപ്പറ്റി തിരിഞ്ഞും മറിഞ്ഞും കിടന്നു് ആലോചിച്ചു. കോമാളികൾ തന്റെ സ്വന്തം ഭാവനാസൃഷ്ടികളായതിനാൽ അവരുടെ തൊഴിലിന്റെ മിച്ചമൂല്യം തനിക്കുള്ളതാണെന്നും വണ്ടി വലിക്കുന്ന കാളകൾക്കു വണ്ടിയിൽ കൊണ്ടു പോകുന്ന ചരക്കുകളുടെ വിറ്റുവരവിന്റെ ലാഭവീതം കൊടുക്കണമെന്നു പറയുമ്പോലെയാണല്ലോ നേതാവിന്റെ വാദം എന്നൊക്കെ ഭാട്ടിയാ ചിന്തിച്ചു. തനിക്കു രേഖാമൂലമായ കടപ്പാടുകൾ ഒന്നുമില്ലാത്തതിനാൽ കോമാളികളുടെ ആവശ്യങ്ങൾ ഒന്നുപോലും അംഗീകരിക്കേണ്ട എന്ന തീരുമാനമെടുത്ത ശേഷമേ ഭാട്ടിയായ്ക്കു് ഉറങ്ങാൻ കഴിഞ്ഞുള്ളു. പിറ്റേന്നു വൈകിയുണർന്ന ഭാട്ടിയാ, കിടക്കയിൽനിന്നെഴുന്നേല്ക്കാതെതന്നെ ഫോണെടുത്തു് തന്റെ തീരുമാനം മിശ്രയെ അറിയിച്ചു: വേതനവർദ്ധനവിനെപ്പറ്റി വണ്ടർലാൻഡിന്റെ അടുത്ത വികസന ഘട്ടത്തിൽ ആലോചിക്കാമെന്നും മറ്റൊരു തൊഴിലിലും തൽക്കാലം ആളെ ആവശ്യമില്ലാത്തതിനാൽ കോമാളികളെ സ്ഥിരജോലിക്കാരായി നിയമിക്കാൻ നിർവ്വാഹമില്ല എന്നുമായിരുന്നു സന്ദേശം. പണിമുടക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്ന ഹരീഷ് മിശ്ര ഉടൻതന്നെ കടയുടെ മുന്നിൽ തന്നെ കാത്തുനിന്നിരുന്ന തൊഴിലാളികൾക്കിടയിലെത്തി വണ്ടർലാൻഡിലെ ആദ്യത്തെ തൊഴിൽ സമരത്തിനു കാഹളമൂതി.
പതിവു നേരമായ ഒൻപതര മണിക്കു് വണ്ടർലാൻഡിനു മുന്നിൽ ഭാട്ടിയായുടെ കാറെത്തുമ്പോൾ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളുമായി കോമാളികൾ അത്യുച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി: “ഹരിറാം ഭാട്ടിയാ നീതിപാലിക്കുക, തൊഴിലിനൊത്ത വേതനം നല്കുക, വിവേചനം അവസാനിപ്പിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ അവർ മുഷ്ടി ചുരുട്ടി ഉയർത്തി ആവർത്തിച്ചു. തന്റെ തലച്ചോറിൽ ഒരു തണുത്ത ചുഴലിക്കാറ്റു് വീശിയടിക്കുന്നതായി ഭാട്ടിയായ്ക്കു തോന്നി. സമരനിരയിലെ മുഖങ്ങളോരോന്നും മാറിമാറി നോക്കിയിട്ടു് ഭാട്ടിയാ ഡ്രൈവറോടു മടങ്ങാനാവശ്യപ്പെട്ടു. ചെവിക്കുള്ളിൽ മുദ്രാവാക്യങ്ങളുടെ മുഴക്കം നിലച്ചപ്പോൾ ഭാട്ടിയാ ഡ്രൈവറോടു ചോദിച്ചു: “ആ മിശ്രേടെ പിറകിൽ നിന്നോരു് ആരൊക്കെയാണെന്നു് നിനക്കറിയുവോ?: “അയ്യോ, അതു് നമ്മുടെ കോമാളികളുതന്നെയല്ലേ മുതലാളീ!” ഡ്രൈവർ അതിശയത്തോടെ പറഞ്ഞപ്പോൾ ഭാട്ടിയാ ആശ്ചര്യപ്പെട്ടുപോയി. താൻ കോമാളി വേഷത്തിൽ മാത്രം ശ്രദ്ധിക്കാറുണ്ടായിരുന്ന ആ തൊഴിലാളികളുടെ യഥാർത്ഥ മുഖങ്ങൾ ഏറെക്കാലമായി ഭാട്ടിയാ ശ്രദ്ധയോടെ കണ്ടിരുന്നില്ല, കോമാളികളെ നിയമിച്ച കാലത്തെ മീശ കുരുക്കാത്ത മുഖങ്ങൾ തന്നെ താൻ മനസ്സിൽ സൂക്ഷിച്ചുപോരികയായിരുന്നല്ലോ എന്നു് ഭാട്ടിയാ ഓർത്തു. എന്തൊക്കെയോ തെറ്റുകൾ തനിക്കും പറ്റിയിട്ടുണ്ടെന്നും എവിടെയൊക്കെയോ തന്റെ കണക്കുകൂട്ടലുകൾ പിഴച്ചിട്ടുണ്ടെന്നും ഭാട്ടിയാ ചിന്തിച്ചു. ആ തിരിച്ചറിവിനോടൊപ്പംതന്നെ വ്യാപാരകാര്യങ്ങളിൽ ഇനിമുതൽ മകനെക്കൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്ന തീരുമാനവുമെടുത്താണു് ഭാട്ടിയാ വീട്ടിൽ മടങ്ങിയെത്തിയതു്. എത്തിയയുടൻ നീണ്ടു നീണ്ടുപോയ ഒരു ഫോൺബന്ധത്തിലൂടെ ഭാട്ടിയാ വണ്ടർലാൻഡിലെ കലാപത്തെപ്പറ്റി മകനെ ധരിപ്പിക്കുകയും ചെയ്തു.
നീണ്ടുപോകുന്ന ഏതു സമരവും ഒരു സ്ഥാപനത്തിന്റെമേൽ വളരുന്ന അർബുദമാണെന്നു വിശ്വസിച്ചിരുന്ന വിനോദ് ഭാട്ടിയാ, അച്ഛനോടു് ആലോചിക്കാതെതന്നെ, പിറ്റേന്നു പുലർച്ചയ്ക്കു തലസ്ഥാനം വിട്ടു് വിമാനത്തിൽ പറന്നു വീട്ടിലെത്തി. ഉറക്കം ശരിയാവാത്തതിന്റെ ആലസ്യത്തോടെ വരാന്തയിലിരുന്നു് നഗരത്തിൽ പ്രചാരമുള്ള പത്രങ്ങളിൽ പണിമുടക്കിന്റെ വാർത്തയുണ്ടോ എന്നു് ആശങ്കയോടെ പരാതിക്കൊണ്ടിരിക്കുമ്പോഴാണു് ഹരിറാംഭാട്ടിയാ മുറ്റത്തു മകന്റെ കാലൊച്ച കേട്ടതു്. ആഹ്ലാദകരമായ ഒരമ്പരപ്പോടെ ഭാട്ടിയാ അകത്തേക്കുനോക്കി ഭാര്യയെ വിളിച്ചു. പൂജാമുറിയിൽനിന്നോടിയെത്തിയ മായാദേവിയും മകനെക്കണ്ടു് ഇഷ്ടദൈവങ്ങൾക്കോരോരുത്തർക്കും നന്ദി പറഞ്ഞു.
കുളിയുംപ്രാതലും അത്യാവശ്യം ചില കുശലപ്രശ്നങ്ങളും കഴിഞ്ഞു് വിനോദ് ഭാട്ടിയാ അച്ഛനെതിരെയിരുന്നു് വണ്ടർലാൻഡിലെ തൊഴിൽപ്രശ്നത്തിനു താൻ കമ്പ്യൂട്ടറിനോടാലോചിച്ചു രൂപപ്പെടുത്തിയതും വിമാനയാത്രയ്ക്കിടയിൽ അന്തിമരൂപം കൊടുത്തതുമായ പരിഹാരഫോർമുല വിശദീകരിച്ചു. കോമാളികളുടെ പ്രശ്നം കോമാളികളെത്തന്നെ ഉന്മൂലനം ചെയ്തു പരിഹരിക്കപ്പെടുന്ന ആ ഒത്തുതീർപ്പുവ്യവസ്ഥകൾ നിശബ്ദനായി കേട്ടിരുന്ന ഹരിറാം ഭാട്ടിയാ ഒടുവിൽ ഒരു വീണ്ടുവിചാരംപോലെ ഇത്ര മാത്രം പറഞ്ഞു: “പിരിഞ്ഞുപോകുമ്പോൾ ഞാൻ കൊടുത്ത പണപ്പൊതി വാങ്ങിയിട്ടു് ആ ജോഗീന്ദർ സിങ് ‘ഇതു് നിന്റെ വക’ എന്നു പറഞ്ഞു് എനിക്കു തന്ന കൊച്ചു നെലവിളക്കു് നിന്റെ അമ്മ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടൊണ്ടു്, പൂജാമുറീലു്… അതൊക്കെ ഒരു കാലം!”
വെറുതെ ഒന്നു ചിരിച്ചിട്ടു് വിനോദ് ഭാട്ടിയാ ഹരീഷ് മിശ്രയെ ഫോണിലൂടെ ബന്ധപ്പെട്ടു് വണ്ടർലാൻഡിലെ തൊഴിൽപ്രശ്നത്തിന്റെ രണ്ടാംവട്ട ചർച്ചയ്ക്കായി ക്ഷണിച്ചു.
പറഞ്ഞൊത്ത സമയത്തുതന്നെ എത്തിയ ഹരീഷ് മിശ്രയെ വിനോദ് ഭാട്ടിയാ ഹൃദ്യമായ ഒരു ചിരിയോടെ ബലവത്തായ ഒരു ഹസ്തദാനത്തോടെ സ്വീകരിച്ചു് മുകളിലത്തെ നിലയിലെ തന്റെ സ്വകാര്യമുറിയിലേയ്ക്കു കൊണ്ടുപോയി. നഗരത്തിലെ കാലാവസ്ഥാമാറ്റങ്ങളെയും ട്രാഫിക് തടസ്സങ്ങളെയും മറ്റും പറഞ്ഞു തുടങ്ങിയ അവരുടെ സംഭാഷണങ്ങൾ വിദേശനഗരങ്ങളിലെ ആസൂത്രണത്തിന്റെ മേന്മകളും തൊഴിൽമേഖലയിലെ ആഗോളാവസ്ഥകളും ചർച്ച ചെയ്തു് ഒടുവിൽ വണ്ടർലാൻഡിലെ പ്രശ്നത്തിലെത്തി. അച്ഛനറിയാത്ത പുതിയ തൊഴിൽ സംസ്കാരം വണ്ടർലാൻഡിൽ ഞാൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുവെന്ന തുടക്കത്തോടെ വിനോദ് ഭാട്ടിയാ തന്റെ ഒത്തു തീർപ്പു ഫോർമുല മിശ്രയ്ക്കു മുന്നിൽ അവതരിപ്പിച്ചു.
ഇത്തവണത്തെ ഗണപതിയുത്സവകാലത്തേക്കു ലക്ഷ്യമിട്ടിരിക്കുന്ന വില്പനയുണ്ടായാൽ വണ്ടർലാൻഡിന്റെ അടുത്ത വികസനമായി ഉദ്ദേശിക്കുന്ന സാരിഷോറൂം ഉടൻ ആരംഭിക്കാൻ കഴിയും. തൊഴിലാളികളുടെ ആത്മാർത്ഥമായ സഹകരണത്തോടെ മാത്രം സാധിച്ചെടുക്കാവുന്ന ലക്ഷ്യം നേടാൻ മാനേജ്മെന്റ് എല്ലാ പരിശ്രമങ്ങളും നടത്തിയിരിക്കും. സാരി ഷോറൂമിലേക്കു പ്രത്യേക നിയമനം നടത്താതെ, കോമാളികളെ അവിടത്തെ വില്പനക്കാരായി നിയമിക്കും. അതുവരെ അവർ ഇപ്പോഴത്തെ സേവനവേതന വ്യവസ്ഥകളിൽത്തന്നെ തുടരണം. എന്നാൽ ഉത്സവകാല വില്പന ലക്ഷ്യത്തിലെത്തിച്ചാൽ അവർക്കും മറ്റു തൊഴിലാളികൾക്കൊപ്പം ബോണസ് നല്കപ്പെടുന്നു. സാരി ഷോറൂം തുറക്കുകയും കോമാളികൾ അവിടത്തെ തൊഴിലാളികളായി മാറുകയും ചെയ്യുമ്പോൾ വണ്ടർലാൻഡിലേയ്ക്കു കോമാളികളായി പുതിയ നിയമനങ്ങൾ ഉണ്ടായിരിക്കില്ല. കടയുടെ ആകർഷണീയത നിലനിറുത്താൻ പുതിയ ആശയങ്ങൾ കണ്ടെത്തും.
സ്ഥാപനത്തിന്റെ വ്യാപാരതാത്പര്യങ്ങളിൽ തൊഴിലാളികൾക്കുള്ള പങ്കു് അംഗീകരിക്കുന്നതും കോമാളികളെ സ്ഥിരം തൊഴിലാളികളാക്കി മാറ്റുന്നതും ലാഭവീതത്തിനു് ആനുപാതികമായി ബോണ നല്കപ്പെടുന്നതുമായ ഫോർമുലയിൽ താൻ ഉയർത്തിയ ആവശ്യങ്ങളുമായി പൊരുത്തം കണ്ടെത്തിയ ഹരീഷ് മിശ്രയ്ക്കു് വിനോദ് ഭാട്ടിയായുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായിത്തോന്നി. എങ്കിലും ഒരു നേതാവിന്റെ കൗശലത്തോടെ, താൻ തൊഴിലാളികളോടുകൂടി ആലോചിച്ചു പ്രതികരണം അറിയിക്കാം എന്നു പറഞ്ഞിട്ടു് മിശ്ര കൈകൂപ്പി വിടവാങ്ങി വണ്ടർലാൻഡിലേയ്ക്കു യാത്രയായി.
ഒരു വലിയ വിജയത്തിന്റെ നിറം കൊടുത്തു് മിശ്ര ഒത്തുതീർപ്പു വ്യവസ്ഥകൾ തൊഴിലാളികളെ അറിയിച്ചു. വില്പനലക്ഷ്യത്തിന്റെ വൻതുക തൊഴിലാളികളെ ആശങ്കപ്പെടുത്തിയെങ്കിലും കോമാളികൾ ജോലിസ്ഥിരതയുടെ പ്രലോഭനത്താൽ തങ്ങൾക്കു മുന്നിലെ അവസാന വെല്ലുവിളി സ്വീകരിക്കാൻ തയ്യാറായതോടെ വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടു. ഹരീഷ് മിശ്രയുടെ സന്ദേശമെത്തിയതും വണ്ടർലാൻഡിലേയ്ക്കു പുറപ്പെട്ട വിനോദ് ഭാട്ടിയാ ഒത്തുതീർപ്പു വ്യവസ്ഥകൾ ഒപ്പിട്ടുവാങ്ങി, അച്ഛന്റെ ആഗ്രഹപ്രകാരം ജോഗീന്ദർ സിങ് നല്കിയ നിലവിളക്കു കൊളുത്തി വണ്ടർലാൻഡ് വീണ്ടും തുറന്നു. താൻ രൂപകല്പന ചെയ്ത കുഞ്ഞുടുപ്പുകളുടെ ഒരു പെട്ടി ഹരീഷ് മിശ്രയ്ക്കു സമ്മാനിച്ചുകൊണ്ടു് വിനോദ് ഭാട്ടിയാ ഗണപതിയുത്സവ വില്പനയ്ക്കു തുടക്കവും കുറിച്ചു. തുടർന്നു് ഹരീഷ് മിശ്രയും വിനോദ് ഭാട്ടിയായും കെട്ടിപ്പിടിച്ചു ചിരിച്ചു കൊണ്ടുനില്ക്കവേ, തൊഴിലാളികൾ ചുറ്റുംനിന്നു് ആഹ്ലാദത്തോടെ കൈയടിച്ചു.
തങ്ങൾ അതുവരെ കണ്ടിട്ടില്ലായിരുന്ന ശിശുവസ്ത്രങ്ങളുടെ പാറ്റേണുകൾ പ്രദർശിപ്പിക്കപ്പെട്ട വണ്ടർലാൻഡ് ഉത്സവലഹരിയിലായിരുന്ന നഗരവാസികളെ ഭ്രമിപ്പിച്ചുതുടങ്ങി. വിനോദ് ഭാട്ടിയാ ഡിസൈൻ ചെയ്ത പുതിയ വേഷങ്ങളിൽ കോമാളികളും ഏതോ അന്യഗ്രഹജീവികളെപ്പോലെ ജനങ്ങളുടെ കൗതുകങ്ങൾ കവർന്നെടുത്തു. വണ്ടർലാൻഡിലെ വില്പനയുടെ ഗ്രാഫ് താൻ വരച്ച വരയിലൂടെത്തന്നെ ഉയരുന്നതായിക്കണ്ട വിനോദ് ഭാട്ടിയാ ദിവസേന അച്ഛനെ ഫോണിൽ വിളിച്ചു് ആഹ്ലാദം പങ്കിട്ടുകൊണ്ടിരുന്നു. പുതിയ കാലത്തു് തൊഴിലാളികളുടെ കുട്ടികളും വാലുകളും ചിറകുകളുമുള്ള ഉടുപ്പുകൾ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നുവെന്നു് ഹരിറാം ഭാട്ടിയായെ ബോധ്യപ്പെടുത്തിക്കൊണ്ടു് തലസ്ഥാനത്തുനിന്നു് കുഞ്ഞുടുപ്പുകളുടെ പുത്തൻ പുത്തൻ കൺസൈൻമെന്റുകൾ വണ്ടർലാൻഡിലേയ്ക്കു് എത്തിക്കൊണ്ടിരുന്നു.

ഗണപതിയുത്സവം കലാശിക്കാറാകവേ, വണ്ടർലാൻഡിലെ വില്പന ലക്ഷ്യ സംഖ്യയുടെ 98 ശതമാനമെത്തിയതായിക്കണ്ട വിനോദ് ഭാട്ടിയാ തലസ്ഥാനം ഉപേക്ഷിച്ചുകഴിഞ്ഞിരുന്ന പഴകിയ പാറ്റേണുകളിലെ കുഞ്ഞുടുപ്പുകളുടെ സ്റ്റോക്ക് ‘50% റിബേറ്റ്’ എന്നതു തിരുത്തി ‘30%’ എന്നാക്കി, അച്ഛന്റെ കടയിലേയ്ക്കു് അയച്ചുകൊടുത്തു. വണ്ടർലാൻഡിന്റെ മുന്നിൽനിന്നു കോമാളികൾ മാജിക്കുകാരുടെ വേഷത്തിൽ നഗരവാസികളെ ഉയർത്തിക്കാട്ടിയ ആ ആദായ വില്പനാ സ്റ്റോക്ക് ശേഷിച്ച രണ്ടു ദിവസങ്ങൾക്കുള്ളിൽത്തന്നെ വില്പനലക്ഷ്യത്തെ മറികടക്കാൻ വണ്ടർലാൻഡിനെ സഹായിച്ചു.
ഉത്സവത്തിന്റെ സമാപന ദിവസം നഗരം കണ്ട ഏറ്റവും വലിയ ഗണപതി വിഗ്രഹവുമായി വണ്ടർലാൻഡിനു മുന്നിൽനിന്നു പുറപ്പെട്ട ലോറിയിൽ തൊഴിലാളികൾ കൈകൾ കോർത്തുപിടിച്ചു് ആഹ്ലാദ നൃത്തങ്ങൾ ആടിക്കൊണ്ടിരുന്നു. അവർക്കിടയിൽനിന്നു്, തങ്ങളുടെ കോമാളി വേഷങ്ങൾ ഉപേക്ഷിച്ചുകഴിഞ്ഞിരുന്ന എട്ടു തൊഴിലാളികളെ അവരുടെ പദവിന്യാസങ്ങളുടെ ചടുലതകൊണ്ടു തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.
ഉത്സവത്തിന്റെ പിറ്റേന്നുമുതൽ കോമാളികൾ ഉന്മൂലനം ചെയ്യപ്പെട്ട വണ്ടർലാൻഡ് പ്രവർത്തിച്ചുതുടങ്ങി. പുതിയ കോമാളികളെ ആവശ്യമുണ്ടോ എന്നന്വേഷിച്ചെത്തിയ തൊഴിൽ—ഏജന്റുമാർ നിരാശയോടെ മടങ്ങി.
എന്നാൽ, അന്നു രാത്രി മെട്രോ ചാനലിലെ ഏറ്റവും ജനപ്രീതി നേടിയ സീരിയലിനിടയ്ക്കു്, അതീവ ഹൃദ്യമായ ഒരു ഗാനത്തിന്റെ ശീലുകൾ അകമ്പടിയാക്കി, അതിരസകരമായ വേഷങ്ങളിട്ട ഒരു സംഘം കോമാളികൾ നിരന്നുനിന്നു് ഉശിരൻ കോമാളിത്തങ്ങൾ കാട്ടുന്ന വണ്ടർലാൻഡിന്റെ പരസ്യചിത്രം നഗരവാസികൾ നിർന്നിമേഷരായി നോക്കിയിരുന്നു. അടുത്ത മാസം തുറക്കപ്പെടുന്ന വണ്ടർലാൻഡിന്റെ സാരീ ഷോറൂമിനെപ്പറ്റിയുള്ള അറിയിപ്പോടെയായിരുന്നു ആ പരസ്യം അവസാനിച്ചതു്. സാരീഷോറൂം തുറക്കുംവരെയുള്ള ദിവസങ്ങളിൽ ദിവസേന അതേസമയത്തു പ്രദർശിപ്പിക്കപ്പെട്ട ആ പരസ്യം വണ്ടർലാൻഡിന്റെ ജനപ്രീതി വർധിപ്പിച്ചതായി, ഉത്സവശേഷമുള്ള മാന്ദ്യം ബാധിക്കാത്ത വില്പനയുടെ ഗ്രാഫുകൾ തെളിയിച്ചു. കോമാളികളുടെ ‘ഹായ് വണ്ടർലാൻഡ്’ എന്നു തുടങ്ങുന്ന സംഘഗാനം നഗരത്തിലെ കുട്ടികൾ ഒരു പാഠഭാഗംപോലെ ഉരുവിട്ടു പഠിക്കാനും തുടങ്ങിയിരുന്നു.
നിറപ്പകിട്ടേറിയ ഒരു ചടങ്ങിൽ സുപ്രസിദ്ധയായ ഒരു സിനിമാനടി വണ്ടർലാൻഡ് സാരീഷോറും ഉദ്ഘാടനം ചെയ്യുമ്പോൾ നടിക്കു പിന്നിൽ നിരന്നു നിന്നിരുന്ന ഷോറൂമിലെ തൊഴിലാളികളായി മാറിയ പഴയ കോമാളികളുടെ മുഖങ്ങൾ ട്യൂബ് ലൈറ്റുകളുടെ പ്രകാശധവളിമയിൽ ഹരിറാം ഭാട്ടിയാ ശ്രദ്ധാപൂർവ്വം നോക്കി ഹൃദിസ്ഥമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വിനോദ് ഭാട്ടിയായാകട്ടെ, ഷോറൂമിന്റെ കോണിൽ സ്ഥാപിച്ച കമ്പ്യൂട്ടറിനു് അല്പംകൂടി സൗകര്യങ്ങൾ ഒരുക്കുന്നതിനെപ്പറ്റി ചിന്തിച്ചുകൊണ്ടു് നില്ക്കുകയായിരുന്നു. ‘അച്ഛനെ ഒറ്റിക്കൊടുക്കില്ലാത്ത പുതിയ കണക്കെഴുത്തുകാരൻ’—വിനോദ് ഭാട്ടിയാ വിചാരിച്ചു.
സാരീഷോറൂം തുറന്നതോടെ, വണ്ടർലാൻഡിന്റെ പരസ്യചിത്രം നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു. സാരികളുടെയും കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെയും പുതിയ ഡിസൈനുകളും പാറ്റേണുകളുംകൂടി പ്രദർശിപ്പിക്കപ്പെട്ട ആ പരസ്യ ചിത്രത്തിന്റെ സമയദൈർഘ്യം കൂടുകയും അതു് ഒന്നിലധികം തവണ ടെലിക്കാസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.
എന്നാൽ, കാലത്തു്, ഉച്ചയ്ക്ക്, വൈകിട്ടു്—അങ്ങനെ മൂന്നു നേരം ആഹാരത്തിനു ശേഷം മുടങ്ങാതെ കണ്ടുകൊണ്ടിരുന്നിട്ടും ആ പരസ്യ ചിത്രത്തിലെ ലീഡ് റോളിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു കോമാളികളിൽ ഒരാൾ വിനോദ് ഭാട്ടിയായും മറ്റേയാൾ ഹരീഷ് മിശ്രയുമാണെന്നുള്ളതു് അങ്ങനെയിങ്ങനെ ആർക്കും മനസ്സിലായിട്ടില്ല—ഹരിറാം ഭാട്ടിയായ്ക്കുപോലും.