images/View_of_Fort_Putnam.jpg
View of Fort Putnam, a painting by Thomas Cole (1801–1848).
വൃദ്ധന്മാര്‍ പൂമ്പാറ്റകളെ പിടിക്കാത്തതെന്തു്?
അയ്മനം ജോൺ

ഈ ഉദ്യാനം എന്റെ ജീവിതവുമായി അത്യധികം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ പൂമരങ്ങളും പുൽത്തകിടികളും ഒറ്റയടിപ്പാതകളും ഏകാന്തമായ മരച്ചുവടുകളും ശബ്ദരേഖ നഷ്ടപ്പെട്ട ഒരു ചലച്ചിത്രത്തിലെന്നപോലെ എന്റെ മനസ്സിലൂടെ പലപ്പോഴും കടന്നുപോകുന്നു.

ഒരിക്കലും വറ്റാത്ത ഒരു തടാകത്തിനു ചുറ്റും നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ഉദ്യാനത്തിലേക്കു വേനൽക്കാലം കടന്നുവരാറേയില്ല. മേഘങ്ങളെ സ്വപ്നം കണ്ടു കിടക്കുന്ന തടാകം വർഷകാലങ്ങളിൽ ആഹ്ലാദം നിറഞ്ഞ മനസ്സുപോലെ തുളുമ്പിക്കിടക്കും.

ഓരോ കാലത്തും ഈ ഉദ്യാനത്തിലേയ്ക്കു കാറ്റുകളെത്തിക്കുന്ന ദിക്കുകളും ഇവിടത്തെ മരങ്ങളും ചെടികളും പൂക്കുന്ന ഋതുക്കളും മരച്ചില്ലകളിൽ കിളികൾ കൂടുകൂട്ടുന്ന മാസങ്ങളും ഏതെന്നു് എനിക്കറിയാം. ഇവിടെക്കാണുന്ന ഈ വലിയ തണൽമരങ്ങൾ പിടിച്ചൊടിക്കാവുന്നത്ര ചെറിയ ചെടികളായിരുന്ന കാലത്താണു് ഞാൻ ഒരു കുട്ടിയായി ഈ ഉദ്യാനമാകെ ഓടിച്ചാടി നടന്നതു്. തടാകത്തിന്റെ കിഴക്കേ കോണിൽ, ഞാങ്ങണക്കാടുകൾക്കിടയിൽ, ജലനിരപ്പിലേയ്ക്കു കൂടെക്കൂടെ പഴുത്ത ഇലകൾ വീഴ്ത്തിക്കൊണ്ടുനിന്നിരുന്ന, ശിഖരങ്ങളിൽ വലിയ മുഴകളുണ്ടായിരുന്ന കൂറ്റൻ കുളമാവു് കടപുഴകിവീണ വർഷകാല വൈകുന്നേരം ഞാൻ ഇന്നും ഓർമ്മിച്ചിരിക്കുന്നു. പള്ളിമതിൽക്കെട്ടിലെ വാഴത്തോപ്പുകൾ ചവുട്ടിമെതിച്ചു് ഭീകരമായ മുഴക്കത്തോടെയെത്തിയ കൊടുങ്കാറ്റിന്റെ വരവു നോക്കി, പുൽത്തകിടിക്കപ്പുറത്തു് അന്നുണ്ടായിരുന്ന കളിത്തട്ടിന്റെ കോണിൽ ഞങ്ങൾ കുട്ടികളുടെ സംഘം അങ്കലാപ്പോടെ നിൽക്കുമ്പോഴാണു്, വേരോടെ പിഴുതെറിയപ്പെട്ട കുളമാവു തടാകത്തിന്റെ നെഞ്ചിലേക്കു് ആർത്തലച്ചു വീണതു്. കാറ്റിനു പിന്നാലെ അലറിക്കൊണ്ടോടിയെത്തിയ മഴ പെയ്തകന്നതും ഞങ്ങൾ തടാകക്കരയിലേക്കോടി. കുളമാവിന്റെ ഒത്തിരിപ്പൊക്കമുണ്ടായിരുന്ന ശിഖരങ്ങളിലെ അതിശയിപ്പിക്കുന്നത്ര വലിപ്പമുണ്ടായിരുന്ന കിളിക്കൂടുകൾക്കു് എന്തു പറ്റി എന്നറിയാനായിരുന്നു ഞങ്ങളുടെ വെമ്പൽ. ഞങ്ങൾ ആശങ്കപ്പെട്ടതുപോലെ വീണ മരത്തിൽനിന്നു തെറിച്ചുപോയ ഒരു കിളിക്കൂടു് ചിതറിയ ഇലകൾക്കൊപ്പം തടാകക്കരയിലേക്കു് ഒഴുകിയടുക്കുന്നുണ്ടായിരുന്നു. നനഞ്ഞപ്പോൾ ചിന്നിച്ചിതറിയ ഉണക്കമരച്ചില്ലകൾക്കിടയിൽ നിന്നു ഞങ്ങൾ രക്ഷിച്ച കിളിക്കുഞ്ഞുങ്ങളിലൊന്നു് കിടുങ്ങുന്ന ഹൃദയത്തോടെ എന്റെ കൈവെള്ളയിൽ പതുങ്ങിയിരുന്നു് സാവധാനം കണ്ണുകളടച്ചു് ജീവൻ വെടിഞ്ഞു.

കളിത്തട്ടിന്റെ മുറ്റത്തെ പുൽപ്പരപ്പിലേയ്ക്കു നിഴൽവീഴ്ത്തി നിന്നിരുന്ന വാകമരത്തിന്റെ ഒരു പ്രത്യേക കൊമ്പിൽ, ഏറെക്കാലത്തോളം എല്ലാ സന്ധ്യാ നേരങ്ങളിലും കൃത്യനേരത്തു് വന്നെത്തിയിരുന്ന മൂങ്ങയെയും ഞാൻ ഓർത്തു പോവുന്നു. ഉദ്യാനവിളക്കുകളുടെ പ്രകാശത്തിൽ മുറ്റത്തു തെളിഞ്ഞിരുന്ന മൂങ്ങയുടെയും മരച്ചില്ലയുടെയും നിഴൽ ഞങ്ങളുടെ സമയമാപിനിയായിരുന്നു. ഇത്രയേറെ സ്വാതന്ത്ര്യമുള്ള പക്ഷികൾപോലും സ്വന്തമായി ഒരു മരച്ചില്ല സൂക്ഷിക്കുന്നതിന്റെ രഹസ്യത്തെപ്പറ്റി ആലോചിക്കുമ്പോഴെല്ലാം ആ മൂങ്ങയുടെ ചിത്രം എന്റെ മനസ്സിൽ തെളിയാറുണ്ടു്.

ഈ ഉദ്യാനത്തിൽ പണ്ടു പതിവായിക്കണ്ടിരുന്ന മുഖങ്ങളിലേറെയും ഭൂമിയിൽ നിന്നു മായ്ക്കപ്പെട്ടിരിക്കുന്നു. ആഴ്ചയിലൊരു ദിവസം—ശനിയാഴ്ചകൾ എന്നാണോർമ്മ—മുടങ്ങാതെ ഈ ഉദ്യാനത്തിലെത്തിയിരുന്ന അന്ധനായ ഒരു യാചകനുണ്ടായിരുന്നു. അറബികളെപ്പോലെ, തലമൂടുന്ന വേഷം ധരിച്ചു്, കാഴ്ചയില്ലാതെ തുറന്ന കണ്ണുകൾ ആകാശത്തേക്കുയർത്തി ഇടംവലം കുത്തുന്ന ഊന്നുവടി കാട്ടിക്കൊടുക്കുന്ന വഴിയിലൂടെ, കേൾക്കാനിമ്പമുള്ള ഒരു യാചകഗാനം പാടി അയാൾ സാവധാനം ഉദ്യാനം ചുറ്റിനടന്നു. അയാളുടെ കൈയിലെ ദീർഘവൃത്താകൃതിയിലുള്ള ഭിക്ഷാപാത്രം ഏതോ വന്യമൃഗത്തിന്റെ തലയോട്ടിയാണെന്നും കേട്ടിരുന്നു. പൂന്തോട്ടത്തിലെ സന്ദർശകർ നൽകുന്ന നാണയങ്ങൾ പിച്ചപ്പാത്രത്തിൽ വീണാലുടൻ അയാൾ നടത്തം നിർത്തി പാത്രം മുകളിലേക്കുയർത്തി, വായുവിൽ ചുഴറ്റി നാണയം താളാത്മകമായി കിലുക്കിക്കൊണ്ടു് ധർമ്മം കൊടുത്തവനെ അനുഗ്രഹിച്ചു് നാലു വരികളുള്ള ഒരു പാട്ടു പാടും. അതിന്റെ ഈരടികൾ ഞാൻ മറന്നുപോയിരിക്കുന്നു. എന്നാൽ ആ പാട്ടിന്റെ ഈണം അത്യാകർഷകമായിരുന്നെന്നും ധർമ്മം കൊടുത്തവനെ ദൈവം മഹാമാരികളിൽനിന്നും പഞ്ഞകാലങ്ങളിൽനിന്നും സകലവിധ ആപത്തുകളിൽനിന്നും സംരക്ഷിക്കട്ടെ എന്നായിരുന്നു അതിന്റെ അർത്ഥമെന്നും എനിക്കോർമ്മയുണ്ടു്.

images/aymanam-poompatta-01.jpg

പക്ഷേ, ഈ കഥയിലേക്കെത്താൻ ഉദ്യാനത്തിന്റെ ഓർമ്മയ്ക്കിടയിലൂടെ ഒരു കണ്ണുപൊട്ടനെപ്പോലെ ഞാൻ എന്തിനു തപ്പിടഞ്ഞു നടക്കുന്നു? ഈ കഥ തുടങ്ങേണ്ടിയിരുന്നതുപോലും ഉദ്യാനത്തിൽ നിന്നായിരുന്നില്ല. കാലഭ്രമണം കാണിക്കുന്ന ഒരു വലിയ നാഴികമണിപോലെ കിടക്കുന്ന ഈ തടാകതീരത്തു് ദൈവദൂതന്മാരെപ്പോലെ പറന്നുനടക്കുന്ന നാനാവർണ്ണങ്ങളിലുള്ള വലിയ ചിത്രശലഭങ്ങളിൽ നിന്നായിരുന്നു ഇതിന്റെ ഉചിതമായ തുടക്കം. ഞാൻ ഈ ഉദ്യാനത്തിൽ ആദ്യമായി പ്രവേശിച്ചതുപോലും പൂമ്പാറ്റകളെ തേടിനടക്കുന്ന ഒരു കുട്ടിയായിട്ടായിരുന്നിരിക്കണം. പൂക്കളും ചിത്രശലഭങ്ങളും പുഴകളും പുൽമേടുകളും ചേർന്നൊരുക്കുന്ന നിറങ്ങളുടെ നൃത്തങ്ങൾ എന്റെ ബാല്യത്തെ എത്രമാത്രം ഭ്രമിപ്പിച്ചിരുന്നു! എന്റെ ഇടതുകാൽമുട്ടിൽ ഇന്നും മായാതെ കിടക്കുന്ന നാലണവട്ടത്തിലുള്ള മുറിപ്പാടു്, ഈ തടാകതീരത്തെ ശലഭവേട്ടയ്ക്കിടയിൽ മുട്ടുകുത്തി വീണതിന്റേതാണു്. ഏതു പൂവിൽനിന്നും തേൻ കുടിച്ചു്, ഏതു് ഇലക്കൂട്ടങ്ങൾക്കിടയിലും ഉറങ്ങി മദോന്മത്തമായ ചലനങ്ങളോടെ പൂന്തോട്ടങ്ങളിൽനിന്നു പൂന്തോട്ടങ്ങളിലേയ്ക്കു പറക്കുന്ന ശലഭങ്ങളുടെ സ്വപ്നസദൃശമായ യാത്രകൾ ഈ തടാകതീരത്തെ പുൽമേടുകളിൽ ഞാൻ എത്രയോ സന്ധ്യകളിൽ നോക്കിയിരുന്നിട്ടുണ്ടു്!

എന്നിട്ടും അനേക വർഷങ്ങൾക്കുശേഷം ഒരു വൃദ്ധനായി ഈ ഉദ്യാനത്തിൽ മടങ്ങിയെത്തിയപ്പോൾ മറ്റെല്ലാം ഓർമ്മിച്ചിട്ടും ഞാൻ ശലഭങ്ങളെ മറന്നുപോയിരുന്നു. കവാടത്തിലെ വാകമരങ്ങൾ എത്രയേറെ വളർന്നുപോയെന്നതിശയിച്ചു് ഉദ്യാനത്തിലേക്കു പ്രവേശിച്ച ഞാൻ ഒരു ഭ്രാന്തനെപ്പോലെ ഇതിനുള്ളിൽ ഓടി നടന്നു. ഓരോ ഒറ്റയടിപ്പാതകളും ഓരോ മരച്ചുവടുകളും എന്നിൽ ഓരോരോ ഓർമ്മകളുണർത്തിക്കൊണ്ടിരുന്നു.

നടന്നുനടന്നു്, വിചാരപ്പെട്ടു് തളർന്നപ്പോൾ ഞാൻ ഉദ്യാനമധ്യത്തിലെ പുതുക്കിപ്പണിയപ്പെട്ടിരുന്ന മ്യൂസിയം കാണാൻ കയറി. മ്യൂസിയത്തിലെ പ്രദർശനവസ്തുക്കൾ കണ്ണാടിക്കൂടുകളിൽ അടയ്ക്കപ്പെട്ടിരുന്നെങ്കിലും എന്റെ കണ്ണുകൾക്കു പണ്ടേ പരിചിതമായിരുന്ന പുരാവസ്തുക്കൾ പുതിയവയിൽനിന്നു് എനിക്കു തിരിച്ചറിയാൻ കഴിഞ്ഞു. മ്യൂസിയത്തിന്റെ പുതുതായി ചേർത്ത മുകൾനില വിജനമായിരുന്നു. അവിടെ നിറയെ സംഗീതോപകരണങ്ങളായിരുന്നു പഴയ വീണകൾ, തബലകൾ, തംബുരുകൾ… ചുവരിലെ പണ്ടത്തെ സംഗീതജ്ഞരുടെ ചിത്രങ്ങൾ പൂതലിച്ചു തുടങ്ങിയിരുന്നു. അവസാനത്തെ കൈയടിയും നിലയ്ക്കുമ്പോൾ ഒരു സംഗീതസദസ്സിൽ അവശേഷിക്കുന്ന നിശബ്ദതപോലെ അവിടെമാകെ ഒരു മൂകത പരന്നിരുന്നു. നിശബ്ദമായ സംഗീതോപകരണങ്ങൾക്കു നടുവിൽ ഒറ്റപ്പെട്ടുപോയ എന്റെ ഹൃദയവും ഒരു പഴകിയ സംഗീതോപകരണം മാത്രമാണല്ലോ എന്ന വിചാരത്തോടെ ഞാൻ മ്യൂസിയത്തിന്റെ നടകളിറങ്ങി.

പുറത്തു് ഉദ്യാനവൃക്ഷങ്ങൾക്കിടയിൽ ഗൃഹാതുരതയുണർത്തുന്ന അന്തിവെയിൽ പരന്നുകഴിഞ്ഞിരുന്നു. തടാകതീരത്തേയ്ക്കു വിഷാദത്തോടെ നടന്ന ഞാൻ സൂര്യാസ്തമയം കാണാൻ പണ്ടു് ഇരിക്കാറുണ്ടായിരുന്ന കുന്നിൻമുകളിലെ അതേ പുൽപ്പരപ്പിലേയ്ക്കു പോയി. ഞാങ്ങണക്കമ്പുകൾക്കിടയിലൂടെ കുന്നിൻ ചെരുവിലേയ്ക്കു ചിതറിയ അസ്തമയരശ്മികൾക്കിടയിലൂടെ ചിത്രശലഭക്കൂട്ടങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറന്നുനടന്നിരുന്നു. എന്നാൽ, അവയുടെ ദൃശ്യം എന്റെ കാഴ്ചമങ്ങിത്തുടങ്ങിയ കണ്ണുകളുടെ പുറംചില്ലിലെവിടെയോ മാത്രം സ്പർശിച്ചു കടന്നുപോയതല്ലാതെ മനസ്സിലേയ്ക്കു് ഒരു രശ്മിയെങ്കിലും കടത്തിവിട്ടില്ല.

അസ്തമയം കഴിഞ്ഞതോടെ തടാകതീരത്തു് പണ്ടുണ്ടായിരുന്നതിൽ എത്രയോ അധികം പ്രകാശമുള്ള ഉദ്യാനവിളക്കുകൾ തെളിഞ്ഞു. അവയുടെ അമിതവെളിച്ചം എന്നെ അലട്ടിയെങ്കിലും വീട്ടിലേയ്ക്കു മടങ്ങിയാൽ തോന്നുന്ന ഒറ്റപ്പെടലോർത്തു് ഞാൻ ഉദ്യാനപരിസരത്തുതന്നെ കുറേനേരംകൂടി ചെലവഴിക്കാൻ ആഗ്രഹിച്ചു. അന്നും പതിവുപോലെ ഭാഗപത്രം തയ്യാറാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ ആവർത്തിച്ചു് സൗദാമിനി എന്നോടു കലഹിച്ചിരുന്നു.

images/aymanam-poompatta-02.jpg

അങ്ങനെയാണു് ഉദ്യാനത്തിന്റെ ഒരു കോണിൽ ഒരു പുരാവസ്തുപോലെ ഇന്നും അവശേഷിക്കുന്ന ആ ലൈബ്രറിയിലേയ്ക്കു ഞാൻ നടന്നതു്. ലൈബ്രറിയുടെ ചെങ്കൽപടവുകൾ ചവിട്ടുമ്പോൾ മുടന്തുകാലുള്ള ആ പഴയ ലൈബ്രേറിയനെ ഞാൻ അനേകനാളുകൾക്കുശേഷം ഓർത്തു. വായനക്കാർ പുസ്തകം മോഷ്ടിച്ചുവെങ്കിലോ എന്നു ഭയന്നു കസേരകൾക്കു പിന്നിൽ ഒരു കുറ്റാന്വേഷകനെപ്പോലെയുള്ള അയാളുടെ നില്പു്!

ഏതു ലൈബ്രറിയിലും ഏറെ വായിക്കപ്പെടാത്തതെന്നു തോന്നുന്ന പുസ്തകങ്ങളാണു ഞാൻ ആദ്യം തെരയാറുള്ളതു്. അങ്ങനെയൊരു തെരച്ചിലിനിടയിൽ എന്റെ കൈകൾ കണ്ടെത്തിയ ‘വാർദ്ധക്യകാലം’ എന്നു പേരുള്ള പുസ്തകം ആ പേരിനാൽത്തന്നെ എന്നെ പെട്ടെന്നു് ആകർഷിച്ചു. ഏറെ സന്തോഷത്തോടെയാണു ഞാൻ ആ പുസ്തകവുമായി ജനലരികിലെ വെളിച്ചത്തിലേയ്ക്കു നടന്നതു്.

ലൈബ്രറി അടയ്ക്കുന്നതുവരെ ഞാൻ അതു് അതീവ താത്പര്യത്തോടെ വായിച്ചു കൊണ്ടിരുന്നു. തുടർന്നു വായിക്കുവാൻവേണ്ടിയുള്ള അടയാളം വച്ചിട്ടാണു പുസ്തകം തിരികെയേല്പിച്ചു ഞാൻ ലൈബ്രറിയിൽ നിന്നിറങ്ങിയതു്. ആ പുസ്തകത്തിന്റെ തുടക്കത്തിലൊരിടത്തു് ആരോ അടിവരയിട്ടിരുന്ന ഒരു വാചകം എന്റെ മനസ്സിനെ ആകെ ഉലച്ചിരുന്നു: “ചിത്രശലഭങ്ങളായി പറന്നുനടക്കുന്ന മനുഷ്യർ പുഴുക്കളായി മരിക്കുമ്പോൾ ചിത്രശലഭങ്ങളാവട്ടെ, പുഴുവിന്റെ ബാല്യം പിന്നിട്ടു ശലഭങ്ങളായി മരിക്കുന്നു.”

ചിത്രശലഭങ്ങളെ സംബന്ധിച്ച ആ തിരിച്ചറിവുമായി വിളക്കു കാലുകൾക്കു കീഴിലെ വിഷണ്ണമായ വെളിച്ചത്തിലൂടെ ഒരു തത്ത്വചിന്തകനെപ്പോലെ ഞാൻ തലതാഴ്ത്തി നടന്നു. യാത്രയ്ക്കിടയിൽ അജ്ഞാതന്റെ അടിവരയുള്ള ആ വാചകം എന്റെ മനസ്സു് ആവർത്തിച്ചാവർത്തിച്ചു് ഉരുവിട്ടുകൊണ്ടിരുന്നു—പൂമ്പാറ്റകൾ പുഴുക്കളായി ജനിച്ചു് ശലഭങ്ങളായി മരിക്കുമ്പോൾ മനുഷ്യർ ശലഭങ്ങളായിപ്പിറന്നു് പുഴുക്കളായി…

images/aymanam-poompatta-03.jpg

പതിവിലേറെ വൈകിയാണു ഞാൻ വീട്ടിലെത്തിയതു്. പല തവണ മുട്ടിയതിനുശേഷം മാത്രം വാതിൽ തുറന്ന സൗദാമിനി എന്റെ നേരെ മുഷിപ്പോടെ തുറിച്ചുനോക്കി.

ഇന്നു്, ഈ തടാകതീരത്തെ ചിത്രശലഭങ്ങളുടെ വലിയ സമൂഹത്തെ കണ്ണടച്ചാൽപോലും എനിക്കു കാണാനാവുന്നു. അത്രമേൽ ശ്രദ്ധാപൂർവ്വമാണു ഞാൻ അസ്തമയരശ്മികൾക്കിടയിലൂടെ അവയിൽ ഓരോന്നിനെയും നോക്കി നോക്കിയിരിക്കുന്നതു്. എപ്പോഴും പിന്നിൽ പാത്തു പതുങ്ങി നടക്കുന്ന ഒരു വികൃതിക്കുട്ടിയെച്ചൊല്ലിയുള്ള ഭയം നിറഞ്ഞ അവയുടെ കണ്ണുകളിൽ വാർദ്ധക്യത്തിന്റെ കരസ്പർശങ്ങൾ എനിക്കു കണ്ടെത്താനാവുന്നു. ഓരോ പൂവിലെ തേനും കുടിച്ചശേഷം പൂവിനെത്തന്നെ നോക്കിക്കൊണ്ടു് അവ പിന്നോട്ടു പറന്നകലുന്നതു സങ്കടം നിറഞ്ഞ ഒരു യാത്ര ചോദിക്കലോടെയാണെന്നു ഞാൻ മനസ്സിലാക്കുന്നു. വൃദ്ധന്മാർ ചിത്രശലഭങ്ങളെ പിടിക്കാത്തതു് എന്തുകൊണ്ടാണെന്നും ഇന്നു ഞാൻ തിരിച്ചറിയുന്നു.

അയ്മനം ജോണിന്റെ ലഘു ജീവചരിത്രം.

Colophon

Title: Vridhanmar poompattakale pidikkaththathenthu? (ml: വൃദ്ധന്മാര്‍ പൂമ്പാറ്റകളെ പിടിക്കാത്തതെന്തു്?).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2021-10-12.

Deafult language: ml, Malayalam.

Keywords: Shortstory, Aymanam John, Vridhanmar poompattakale pidikkaththathenthu?, അയ്മനം ജോൺ, വൃദ്ധന്മാര്‍ പൂമ്പാറ്റകളെ പിടിക്കാത്തതെന്തു്?, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 12, 2021.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: View of Fort Putnam, a painting by Thomas Cole (1801–1848). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Illustration: VP Sunilkumar; Typesetter: JN Jamuna; Editor: PK Ashok; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.