images/Air_Man_Space.jpg
Air Man Space, painting by Lyubov Popova .
images/t1.png

വൈകിപ്പോയ ഒരു ശവസംസ്കാരച്ചടങ്ങുകാരണം അന്നത്തെ സന്ധ്യാ പ്രാർത്ഥന തീർന്നപ്പോൾ നേരമിരുട്ടിയിരുന്നു. എന്നിട്ടും ഒരു തിടുക്കവുമില്ലാതെ, പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്നവരെ ശ്രദ്ധിച്ചുനില്ക്കുന്ന അച്ചനോടു് കപ്യാർക്കു നീരസം തോന്നിത്തുടങ്ങി.

പ്രാർത്ഥനയ്ക്കു കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. സന്ധ്യയായിത്തുടങ്ങിയതിനാലും ഏതു നേരവും മഴ വീഴാമെന്നോർമിപ്പിക്കുന്ന ഇടിമിന്നലുകളുണ്ടായിരുന്നതിനാലും എല്ലാവരും ധൃതിയോടെ പള്ളി വിട്ടുപോകുകയുംചെയ്തു. ആളനക്കമകന്നപ്പോൾ എന്തോ ചോദിക്കാൻ തുടങ്ങി കപ്യാരെ നോക്കിയ അച്ചൻ, വൃദ്ധന്റെ നെറ്റിച്ചുളിവുകളിലെ അക്ഷമ ശ്രദ്ധിച്ചു്, ആ ചോദ്യമുപേക്ഷിച്ചിട്ടു പറഞ്ഞു: “വറീതേട്ടൻ പൊയ്ക്കോളൂ, മഴയ്ക്കു മുൻപു്… ഞാൻ സാവധാനം ഇറങ്ങിക്കോളാം. താക്കോൽ ഇങ്ങു് തന്നേക്കൂ.”

പള്ളിയുടെ കുന്നിറങ്ങി വയൽ മുറിച്ചു്, വാഴത്തോട്ടങ്ങളും കടന്നു്, ഏറെദൂരം നടന്നു വേണമായിരുന്നു, വറീതേട്ടനു വീട്ടിലെത്താൻ. കാലിലെ കുഴിനഖം, വയലിലെ ചേറും ചെളിയും, വഴിപോക്കരുടെ കുശലം, എട്ടുമണിക്കു പൂട്ടുന്ന കടത്തുവള്ളം—അങ്ങനെ ഏറെ വൈതരണികൾ താണ്ടാനുമുണ്ടായിരുന്നു. അച്ചനാകട്ടെ, പള്ളിമുറ്റം കടന്നു് പള്ളിമേടയിലേക്കു് ഓടിക്കയറാവുന്നതേയുള്ളൂ മഴ പെയ്താൽത്തന്നെ.

എന്നാൽ, അതുകൊണ്ടായിരുന്നില്ല അച്ചൻ പോകാൻ അമാന്തിച്ചതു്. മരണമടഞ്ഞ യുവതിയുടെ മുഖം ശവസംസ്കാരം കഴിഞ്ഞതു മുതൽ അച്ചന്റെ മനസ്സിൽ ഒരു പൊള്ളലിന്റെ തിണർപ്പുപോലെ കരിവാളിച്ചുകിടക്കുകയായിരുന്നു. ആ മുഖത്തോടു നല്ല സാദൃശ്യമുള്ള ഒരു പരിചിതമുഖത്തിന്റെ ഓർമ്മയാണു് അച്ചനെ അലട്ടിയിരുന്നതു്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഏതാണ്ടു് പതിവായിത്തന്നെ സന്ധ്യാപ്രാർത്ഥനയ്ക്കു് എത്തിയിരുന്ന ഒരു സ്ത്രീ. പള്ളി പിരിഞ്ഞു മറ്റെല്ലാവരും പോയിക്കഴിഞ്ഞാലും അവർ വല്ലാത്ത ഒരശരണതാബോധത്തോടെ മദ്ബഹായിലേക്കു നോക്കി ഏറെ നേരം മുട്ടിന്മേൽ നിൽക്കാറുണ്ടായിരുന്നു. വ്യാകുലതയുടെ ശിരോവസ്ത്രത്തിനു മറയ്ക്കാനാവാത്തത്ര ചാരുതയുള്ള അവരുടെ മുഖം ഏതോ പഴയകാല പെയിന്റിങ്ങിനെ ഓർമ്മിപ്പിക്കുന്നവിധം ഭാവസാന്ദ്രവുമായിരുന്നു. മേൽക്കൂരവിളക്കുകളുടെ വെളിച്ചം, അവരുടെ കണ്ണുകളിലെ വേദനയുടെ തടാകങ്ങളിൽ ചന്ദ്രബിംബങ്ങളായി പ്രതിബിംബിച്ചുകിടക്കും.

images/theevandi-3.jpg

വറീതേട്ടൻ പള്ളിജനാലകൾ അടയ്ക്കാൻ തുടങ്ങുമ്പോൾ ആ സ്ത്രീ നെടുവീർപ്പുകളോടെ എഴുന്നേറ്റു് തങ്ങളുടെ സാന്നിധ്യംപോലും അറിയാത്തവണ്ണം സാവധാനം പള്ളിയിൽനിന്നു് ഇറങ്ങിപ്പോകുകയാണു പതിവ്— നേരമിരുട്ടുന്നതിന്റെ വേവലാതികളോ വീടെത്താനുള്ള തിടുക്കമോ പ്രദർശിപ്പിക്കാതെ. പള്ളി വാതിൽ പൂട്ടുന്ന സമയത്തും ബദാംമരങ്ങളുടെ ഇരുളിമയേറിയ നിഴലുകൾക്കിടയിലൂടെ അവർ സാവധാനം നടന്നകലുന്നതു കാണാമായിരുന്നു.

അച്ചൻ ആ പള്ളിയിലേക്കു മാറ്റമായി വന്നിട്ടു് ഏറെക്കാലമായിരുന്നില്ല. ഉൾനാട്ടുകാരുടെ നിർവ്യാജകൗതുകത്തോടെ ഇടവകക്കാരെല്ലാം പുതിയ അച്ചനെ പരിചയപ്പെടാൻ ഉത്സാഹം കാട്ടിയിരുന്നു. എന്നാൽ ആ യുവതിയാകട്ടെ തന്റെ നേരേ നോക്കാൻപോലും മറന്നു പള്ളിയിൽനിന്നു് ഇറങ്ങിപ്പോയിരുന്നതും അച്ചൻ അവരെ വേറിട്ടു ശ്രദ്ധിക്കാൻ കാരണമായിട്ടുണ്ടാവാം. ഇഹലോകം മറന്നതുപോലെയുള്ള അവരുടെ മുഖഭാവം മരിച്ച സ്ത്രീയുടെ മുഖത്തു കണ്ടപ്പോഴാണു് ആ സാദൃശ്യം അച്ചനെ സ്തബ്ധനാക്കിയതും.

കാലത്തു് മരണവിവരമറിയിക്കാനെത്തിയവർ പറഞ്ഞ അടയാളങ്ങളാൽ അച്ചൻ മരണവീടു് പെട്ടെന്നു തിരിച്ചറിഞ്ഞിരുന്നു. കെട്ടുവരമ്പുപട്ടണത്തിലേക്കു പോകുന്ന നിരത്തിനോടടുക്കുന്നിടത്തു് അകലെ കാണാമായിരുന്ന ആ വീടു് അച്ചൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതായിരുന്നു. കരിമ്പിൻതോട്ടത്തിനു മറഞ്ഞു്, ഏറെ പ്രായം തോന്നിക്കുന്ന ഒരു മാവിന്റെ തണലിൽ, ഓടുകൾ കറുത്തു്, ചായങ്ങൾ മാഞ്ഞു്… അവിടെയെത്തുമ്പോൾ കരിമ്പോലകളിൽ തട്ടി വിഷാദസ്വരമുള്ള ഒരു കാറ്റു് വീശാറുള്ളതും അച്ചൻ ഓർത്തുപോയി. ഉപേക്ഷിക്കപ്പെട്ടതുപോലെ തോന്നിക്കുന്ന ആ വീട്ടിൽ ആൾപ്പാർപ്പുണ്ടായിരുന്നുവെന്നും അതു തന്റെ ഇടവകയിൽപ്പെട്ടതാണെന്നും അച്ചൻ അറിഞ്ഞിരുന്നതേയില്ല.

ആ ഗൃഹാന്തരീക്ഷം ഓർമയിൽ തടഞ്ഞതിനാലാവാം, അതു് ഒരാത്മഹത്യയായിരുന്നുവെന്നു വെളിപ്പെടുത്തുമ്പോൾ മരണമറിയിച്ചവരുടെ മുഖത്തുണ്ടായിരുന്ന ആശങ്കകൾ അകറ്റുന്നത്ര സ്വാഭാവികതയോടെയാണു് അച്ചൻ കേട്ടുനിന്നതു്. മരിച്ച സ്ത്രീ പട്ടണത്തിലെ വീട്ടിൽനിന്നു്, ഭർത്താവിനോടു പിണങ്ങിപ്പോന്നു്, കൊച്ചുമകളുമായി ആ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന പിതൃസഹോദരിയോടൊത്തു കഴിഞ്ഞുകൂടുകയായിരുന്നുവെന്നും രണ്ടുമൂന്നു് ദിവസം മുൻപു് ഭർത്താവു വന്നു കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോയതിനാലുണ്ടായ മാനസികാഘാതത്താലാണു് ആ സ്ത്രീ ഈ കടുംകൈ ചെയ്തതെന്നും അവർ പറയുമ്പോൾ, മനസ്സിൽ നിറഞ്ഞ മൂകതയോടെ അച്ചൻ വെറുതെ മൂളിക്കേട്ടതേയുള്ളു. അശുഭകരമായ അത്തരം മരണസന്ദർഭങ്ങൾ പൗരോഹിത്യത്തിന്റെ ചുരുങ്ങിയ നാളുകളിൽത്തന്നെ പരിചിതമായിക്കഴിഞ്ഞിരുന്നതിനാൽ, ആ അറിവുകളൊന്നും ഈ മരണത്തെ വ്യത്യസ്തമായി കാണാൻ തക്കചലനങ്ങൾ അച്ചന്റെ മനസ്സിൽ ഉണ്ടാക്കിയതുമില്ല.

ഉച്ചമയക്കം കഴിഞ്ഞു് ഒരനിഷ്ടത്തോടെയാണു് അച്ചൻ ശവസംസ്കാര ശുശ്രൂഷയ്ക്കായി പള്ളിമേടയിൽനിന്നിറങ്ങിയതു്. പറഞ്ഞിരുന്നതിലേറെ വൈകിയെത്തിയ ശവഘോഷയാത്ര അച്ചൻ അക്ഷമയോടെ പള്ളിമുറ്റത്തു നോക്കിനിന്നിരുന്നു. അനുയാത്രക്കാർ വളരെക്കുറവായിരുന്ന വിലാപയാത്ര കാണാൻ അതിലേറെയാളുകൾ വഴിയരികിലും വേലിത്തലപ്പുകൾക്കു മറഞ്ഞുമൊക്കെ നിൽക്കുന്നതു കാണാമായിരുന്നു. കാറ്റിനോടൊപ്പം കുന്നുകയറിയെത്തിയ ചരമഗാനങ്ങളിലും ദുഃഖത്തെക്കാളേറെ ഭയത്തിന്റെ സ്വരങ്ങളാണു് അച്ചൻ കേട്ടതു്.

പള്ളിയിലെത്തിയപ്പോൾ ശവമഞ്ചത്തെ സമീപിച്ചു് അനാർഭാടമായി കിടത്തിയിരുന്ന ജഡത്തിന്റെ മുഖത്തേക്കു നോക്കിയതും, ‘ദൈവമേ, ആമുഖം തന്നെയല്ലേ ഇതു്?’ എന്നു് അച്ചൻ ഒരു നടുക്കത്തോടെ ഉള്ളിൽ ചോദിച്ചു. തീപ്പൊള്ളലേറ്റ മുഖത്തിന്റെ ശരിയായ അടയാള രേഖകൾ വ്യക്തമല്ലായിരുന്നുവെങ്കിലും ആ നീണ്ട മൂക്കു്? വിശാലമായ കവിൾത്തടങ്ങൾ? ഭാവാർദ്രതയുള്ള കീഴ്ച്ചുണ്ടു്…? ചോദ്യചിഹ്നങ്ങളുടെ ചൂണ്ടക്കൊളുത്തുകൾ അച്ചന്റെ ഓർമ്മകളെ ഉടക്കി വലിക്കാൻ തുടങ്ങി. താൻ ശ്രദ്ധിച്ചുപോന്നിരുന്ന സ്ത്രീയുടെ മുഖത്തു് ഒരാത്മഹത്യയുടെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്നും അതു കണ്ടെത്താതെപോയതു തന്റെ പിഴയാണെന്നുമൊക്കെ ഖേദിച്ചും പശ്ചാത്തപിച്ചുമായിരുന്നു അച്ചൻ അന്ത്യശുശ്രൂഷകൾ ചെയ്തതു്. എന്നാലും ഇതെല്ലാം തന്റെ സംശയം മാത്രമാകാമെന്നും സന്ധ്യാപ്രാർത്ഥനയ്ക്കു വരാറുള്ളതു മറ്റൊരു സ്ത്രീതന്നെയായിരിക്കാമെന്നും അച്ചൻ തന്നത്താൻ തിരുത്തി സാന്ത്വനപ്പെടുകയും ചെയ്തിരുന്നു. തന്റെ സംശയം തീർക്കാനാവുന്ന ഒരേയൊരാൾ വറീതേട്ടനാണെന്നു് അച്ചനറിയാം. എന്നാൽ, പ്രാർത്ഥനകൾ തീരുംമുൻപേ പള്ളിജനാലകൾ അടയ്ക്കാൻ തുടങ്ങുന്ന വറീതേട്ടൻ അവരെ എത്രമാത്രം ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു് അച്ചനു നിശ്ചയമില്ല. പക്ഷേ, ഏതു് അശ്രദ്ധയ്ക്കിടയിലും കണ്ണിൽപ്പെടത്തക്ക ഒരപൂർവ്വഭാവം ആ മുഖത്തു് ഉണ്ടായിരുന്നില്ലേ? ഏതായാലും അന്നത്തെ സന്ധ്യാപ്രാർത്ഥനയ്ക്കു് അവരെ കണ്ടില്ലെങ്കിൽ മാത്രം വറീതേട്ടനോടു ചോദിച്ചാൽ മതിയല്ലോ എന്നു കരുതി അച്ചൻ തന്റെ ചോദ്യം മനസ്സിലെവിടെയോ സൂക്ഷിച്ചു് സംസ്കാരശുശ്രൂഷയിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു.

ഒടുവിൽ സന്ധ്യാപ്രാർത്ഥന കഴിഞ്ഞു മടങ്ങിയവരിൽ ഒരാളെപ്പോലും ഒഴിവാക്കാതെ ശ്രദ്ധിച്ചു്, ആ സ്ത്രീയുടെ അസാന്നിധ്യം ഉറപ്പായപ്പോഴാണു് അച്ചൻ വറീതേട്ടന്റെ മുഖത്തേക്കു നോക്കി സത്യത്തിലേക്കുള്ള അവസാന നടയിൽ കാലുകുത്താൻ തയ്യാറായതു്. എന്നാൽ വറീതേട്ടന്റെ ധൃതിമനസ്സിലാക്കിയപ്പോൾ, ഒരു ഉദാസീന മറുപടിയുടെ ആഘാതത്തെക്കാൾ തന്റെ സംശയംതന്നെയല്ലേ നല്ലതു് എന്ന വീണ്ടുവിചാരത്തോടെ അച്ചൻ തന്റെ ചോദ്യം ഉപേക്ഷിക്കുകയായിരുന്നു.

കപ്യാർ പോയി പള്ളിയിൽ ഏകനായപ്പോൾ അച്ചൻ ഏറെ അസ്വസ്ഥനായിത്തുടങ്ങി. ആ സ്ത്രീയുടെ വ്യാകുലമുഖം പതിവായിത്തന്നെ കണ്ടുകൊണ്ടിരുന്നിട്ടും എന്തേ, സാന്ത്വനത്തിന്റെ ഒരു വാക്കു് അവരോടു പറയാൻ തനിക്കു തോന്നിയില്ല? കാരുണ്യത്തോടെയുള്ള ഒരു സമാശ്വാസത്തിനു്, സദുപദേശത്തിന്റെ ഒരു വാചകത്തിനു്, തിരഞ്ഞെടുത്ത ചില വേദവാക്യങ്ങൾക്കു്, ചുഴിയിൽപ്പെട്ട ആ വഞ്ചിയെ അപകടമില്ലാതെ കരയ്ക്കടുപ്പിക്കാൻ ഒരുപക്ഷേ, കഴിയുമായിരുന്നില്ലേ? ‘ചെയ്യേണ്ടതായിരുന്നു… ഞാൻ അതു ചെയ്യേണ്ടതായിരുന്നു…’ അച്ചൻ യാന്ത്രികചലനങ്ങളോടെ നടന്നു പള്ളിവിളക്കുകൾ കെടുത്തിക്കൊണ്ടിരുന്നു. എന്നിട്ടു് അന്ധകാരത്തിലുടെ സാവധാനം പള്ളിയുടെ വാതിൽക്കലേക്കു നടക്കുമ്പോൾ, ബഞ്ചുകളുടെ നിരയ്ക്കു പിന്നിൽ ആ സ്ത്രീ കുമ്പിട്ടു നിൽക്കാറുണ്ടായിരുന്ന സ്ഥാനത്തേക്കു് അച്ചൻ ഇരുളിലൂടെ വീണ്ടും നോക്കി. ഓർമ്മയിൽ ഒരു ജലചിത്രമായി ആ സ്ത്രീരൂപം അച്ചന്റെ മനസ്സിൽ മറ്റെങ്ങോട്ടോ നോക്കിനിന്നു.

സന്ധ്യാപ്രകാശം പള്ളിവാതിൽക്കൽ പ്രണമിച്ചു കിടന്നു. നെൽപാടത്തിനപ്പുറം അസ്തമിച്ച സൂര്യനു ചുറ്റും കറുത്ത കുപ്പായങ്ങളിട്ട മേഘങ്ങൾ… ആകാശത്തു പരുന്തുകൾ വരയ്ക്കുന്ന അദൃശ്യവൃത്തങ്ങൾ… കിഴക്കൻ കുന്നുകളെ കാർമേഘങ്ങളുടെ ശിരോവസ്ത്രങ്ങൾ മൂടിയിരുന്നു. പള്ളിഗോപുരത്തിനുമുകളിലെ, ആട്ടിൻകുട്ടിയെ കൈയിലേന്തി നിൽക്കുന്ന ക്രിസ്തുവിന്റെ, ലോഹ ശില്പത്തിന്റെ നിഴൽ ബദാംമരങ്ങളുടെ ചുവട്ടിലേക്കു് നീണ്ടുനീണ്ടു പൊയ്ക്കൊണ്ടിരുന്നു.

പള്ളിവാതിൽ പൂട്ടി താഴ്‌വരയിലേക്കു വെറുതെ നോക്കിക്കൊണ്ടു് അച്ചൻ പള്ളിമുറ്റത്തു നിന്നു. ഇളം തണുപ്പുള്ള കാറ്റു് വീശിക്കൊണ്ടിരുന്നു. വയലിലെ പശുക്കൂട്ടങ്ങൾ നിശബ്ദരായി നാലുപാടേക്കും നടന്നു നീങ്ങി. വൃക്ഷനിരകൾക്കു മറഞ്ഞു് ചെറിയ തീവണ്ടി സ്റ്റേഷനിൽ അല്പം മുമ്പു വടക്കുനിന്നോടിവന്നുനിന്ന തീവണ്ടി ആഞ്ഞാഞ്ഞു കിതയ്ക്കുന്നുണ്ടായിരുന്നു. അച്ചൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അച്ചന്റെ ആലോചനകൾ ആ മരണത്തെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു. മരിച്ച സ്ത്രീയുടെ കൊച്ചുമകൾ രണ്ടു നാൾ മുമ്പുവരെ അവരോടൊപ്പം ഉണ്ടായിരുന്നുവെന്നല്ലേ പറഞ്ഞതു്? കൊച്ചുമകൾ കൂടെയുള്ളപ്പോൾ ഒരു സ്ത്രീ സന്ധ്യാപ്രർത്ഥനയ്ക്കു വരുമ്പോൾ ഒപ്പം കൂട്ടാതിരിക്കാനിടയില്ലല്ലോ. അങ്ങനെയാവുമ്പോൾ തന്റെ സംശയം അയഥാർത്ഥമായിരിക്കില്ലേ? പ്രാർത്ഥനയ്ക്കെത്താറുള്ളതു മറ്റൊരു സ്ത്രീതന്നെ ആയിരിക്കണം. ഇന്നു് ഒരു പക്ഷേ, ഏതെങ്കിലും അസൗകര്യത്താൽ അവർ എത്താതിരുന്നതാവില്ലേ? അല്ലെങ്കിൽ, ശവസംസ്കാരച്ചടങ്ങിൽ ആൾക്കൂട്ടത്തിന്റെ പിന്നിലെവിടെയെങ്കിലും അവർ ഉണ്ടായിരുന്നിരിക്കില്ലേ? ചടങ്ങു് വൈകിപ്പോയതിനാലും ആ മരണത്തെച്ചൊല്ലിയുണ്ടായ ഖേദചിന്തകളാലും അവർ നേരത്തേ പള്ളിയിൽനിന്നു മടങ്ങിപ്പോയതുമാവും. അങ്ങനെയൊക്കെയാണെങ്കിൽ, നാളത്തെ സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം അവരെ ആ നിലാവു വീണ കണ്ണുകളോടെ കാണുമ്പോൾ… അച്ചന്റെ മനസ്സിൽ കാർമേഘങ്ങൾ കടന്നുവരുന്ന സൂര്യ പ്രകാശംപോലെ ഒരു തെളിച്ചം നിറഞ്ഞു… ആ സ്ത്രീയുടെ അടുത്തെത്തി നെറ്റിയിൽ കൈവച്ചു പ്രാർത്ഥിച്ചശേഷം അവരുടെ മനോവ്യഥകൾ ചോദിച്ചറിഞ്ഞു്, ആശ്വസിപ്പിക്കുന്ന ഒരു സങ്കല്പം മനസ്സിലുണ്ടാക്കി അച്ചൻ അലക്ഷ്യമായി ദൂരേക്കു നോക്കി.

ആ നേരം പെട്ടെന്നു തീവണ്ടിപ്പാളത്തിനരികിലെ സിഗ്നൽ ലൈറ്റുകൾ നിറംമാറിക്കത്തിയതു് അച്ചന്റെ ദൃഷ്ടിയിൽപ്പെട്ടു. ഉടനെതന്നെ സ്റ്റേഷൻ വിട്ടു് ഓടിത്തുടങ്ങിയ തെക്കോട്ടുള്ള വണ്ടി കണ്ടതും ശവസംസ്കാരച്ചടങ്ങു് വൈകിച്ച തീവണ്ടിയായിരുന്നല്ലോ അതു് എന്നു് അച്ചൻ ഓർമ്മിച്ചു. ആ വണ്ടിയിൽ എത്തുമെന്നു പ്രതീക്ഷിച്ച ആർക്കോവേണ്ടിയായിരുന്നു ജഡം ശ്മശാനത്തിലെത്തിച്ചതിനു ശേഷം പോലും അടക്കം വൈകിച്ചതു്. അവസാനം തീവണ്ടി ഏറെ വൈകുമെന്നറിഞ്ഞപ്പോൾ സന്ധ്യാസൂര്യന്റെ മുഖം മൂടുന്ന മഴക്കാറുകൾ നോക്കി പ്രായമായവരാരോ തീരുമാനിക്കുകയായിരുന്നു: “ഇനി ആരെയും കാക്കേണ്ട… മഴയ്ക്കു മുൻപു കാര്യം കഴിയട്ടെ. അല്ലേൽത്തന്നെ ആ പാവത്തിനെ കണ്ണുനീരു കുടുപ്പിച്ചു്… ഒടുവിൽ ഈ കടുംകൈയും ചെയ്യിച്ചിട്ടു്… വരുമെന്നൊന്നും നമ്മളെയാരേം അറിയിച്ചിട്ടുമില്ലല്ലോ… ”

പെട്ടെന്നു പള്ളിയിലേക്കു കയറിവരുന്ന പടിക്കെട്ടുകളിൽ ധൃതി പിടിച്ച കാൽപെരുമാറ്റങ്ങൾ കേട്ടു. കൽക്കെട്ടിനരികിലേക്കു നീങ്ങിനിന്നു നോക്കിയ അച്ചൻ ഇടിമിന്നലുകൾ നല്കിയ വെളിച്ചത്തിൽ, വേഗം വേഗം പടിക്കെട്ടുകൾ കയറിവരുന്ന ഒരാളെയും അയാൾ കൈ പിടിച്ചു നടത്തുന്ന കൊച്ചുകുട്ടിയെയും കണ്ടു. ഒരു തിരിച്ചറിവിന്റെ നടുക്കത്തോടെ അച്ചൻ അവരെ നേരിടുന്ന അപ്രിയ നിമിഷങ്ങൾക്കായി തയ്യാറെടുത്തു ഗോപുരത്തിൽനിന്നെത്തുന്ന പ്രകാശം പള്ളിമുറ്റത്തു വീഴുന്നിടത്തേക്കു മാറിനിന്നു.

images/theevandi-2.jpg

കിതപ്പോടെ പടിക്കെട്ടുകൾ കടന്നെത്തിയ അയാൾ അച്ചനെ കണ്ടതും കുട്ടിയെ ഒന്നുകൂടി തന്നോടു ചേർത്തുകെട്ടിപ്പിടിച്ചു നടത്തി, സാവധാനം ആ പ്രകാശവൃത്തത്തിലേക്കു നടന്നു് അച്ചന്റെ അടുത്തു ചെന്നു. വിയർപ്പിനാൽ വല്ലാതെ നനഞ്ഞു വിവശമായിരുന്ന അയാളുടെ മുഖത്തു ദീർഘയാത്രയുടെ ക്ഷീണവും വേദനയുടെയും പശ്ചാത്താപത്തിന്റെയും അടയാളങ്ങളും സ്പഷ്ടമായിരുന്നതിനാൽ, ഒരു പരിചയപ്പെടലിന്റെ ആവശ്യം തോന്നാത്തത്ര തീർച്ചയോടെ അച്ചൻ ചോദിച്ചു: “വണ്ടി വൈകിപ്പോയി, അല്ലേ?”

അയാൾ മറുപടി പറഞ്ഞില്ല. കുട്ടിയുടെ കൈ വിടുവിച്ചു്, കൈകൾ നെഞ്ചത്തു ചേർത്തുകെട്ടി ഒരു ന്യായാധിപന്റെ മുമ്പിലെന്നപോലെ തല കുമ്പിട്ടു നിന്നു. അയാളുടെ നെഞ്ചിടിപ്പുകളുടെ പിടച്ചിലുകൾ അച്ചനെ നിശബ്ദനാക്കി. കണ്ണുകളകറ്റി, പള്ളിഗോപുരത്തിലെ പ്രാവുകളുടെ ചിറകടികൾ ശ്രദ്ധിച്ചു മുകളിലേക്കു നോക്കിനിൽക്കുന്ന കൊച്ചു പെൺകുട്ടിയുടെ മുഖത്തേക്കു നോക്കിയതും പെട്ടെന്നു് തന്റെ സംശയങ്ങളെല്ലാം അകന്നുപോയ അച്ചന്റെ തൊണ്ടയിൽ ഒരു ഗദ്ഗദം വന്നു തടഞ്ഞു: ദൈവമേ, അതേ കണ്ണുകൾ… അതേ മൂക്കു്… അതേ ചുണ്ടുകൾ… ഒരു നാലഞ്ചു വയസ്സിന്റെ നിഷ്കളങ്കതയും! തന്റെ ഉൾക്ഷോഭങ്ങൾ മറയ്ക്കാൻ ഉടനെ ഇരുളിലേക്കു മറയണമെന്നു് അച്ചൻ ആഗ്രഹിച്ചു.

“വരൂ!” അച്ചൻ പറഞ്ഞു.

തനിക്കു നേരെ നീട്ടപ്പെട്ട അച്ചന്റെ കൈ നിഷേധിച്ചു് കുട്ടി അയാളോടുതന്നെ ചേർന്നു നടന്നു.

പള്ളിമുറ്റം ചുറ്റി അവർ ശ്മശാനത്തിലേക്കു നടക്കുമ്പോൾ, ആകാശത്തു കണ്ണുകൾ തുറന്നടയുന്നതുപോലെ മിന്നലുകളും ഗദ്ഗദങ്ങൾപോലെ ഇടിമുഴക്കങ്ങളും വർദ്ധിച്ചിരുന്നു. പ്രധാന ശ്മശാനത്തിനു പുറത്തെ വെളിമ്പറമ്പിൽ ശവം അടക്കംചെയ്യപ്പെട്ട സ്ഥാനം ഒന്നുരണ്ടു റീത്തുകളുടെ നിഴലടയാളങ്ങളാൽ തിരിച്ചറിഞ്ഞു്, അച്ചൻ തന്റെ സന്ദർശകനെ അങ്ങോട്ടു നടത്തി. മൺകൂനയിലേക്കു കമിഴ്‌ന്നു വീണു് അയാൾ ഏങ്ങിയേങ്ങിക്കരയാൻ തുടങ്ങിയപ്പോൾ, അച്ചൻ കുട്ടിയെ തന്നോടു ചേർത്തുനിർത്തികെട്ടിപ്പിടിച്ചുനിന്നു. ഭയന്നുപോയ കുട്ടിയും വിതുമ്പാൻ തുടങ്ങവേ അച്ചൻ കുട്ടിയെ ഒന്നുകൂടി ചേർത്തുപിടിച്ചു് വേറൊരു കുട്ടിയെ എന്നപോലെ അയാളെ ചുമലിൽത്തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ആ സ്പർശനത്തോടു് പ്രതികരിച്ചോ, കുട്ടിയുടെ കരച്ചിൽ ശ്രദ്ധിച്ചോ അയാൾ സാവധാനം എഴുന്നേറ്റു ശക്തിയായ ഒരാലിംഗനത്താൽ കുട്ടിയെ തന്നോടു ചേർത്തിട്ടു വീണ്ടും പൊട്ടിക്കരയാൻ തുടങ്ങി. വല്ലാതെ ഭയന്നുപോയ കുട്ടി അപ്പോഴേക്കു് ഉറക്കെയുറക്കെ കരയുകയായിരുന്നു.

നിശ്ചേഷ്ടനായി നിന്നുപോയ അച്ചനു് ഒരു രക്ഷാമാർഗ്ഗം കാട്ടിക്കൊടുക്കുമ്പോലെ ആകാശത്തുനിന്നു മഴത്തുള്ളികൾ അടർന്നുവീണു തുടങ്ങിയിരുന്നു. അച്ചൻ അയാളുടെ തോളത്തു തട്ടി സാന്ത്വനസ്വരത്തിൽ പറഞ്ഞു: “വരൂ, മഴവരുന്നുണ്ടു്… കുട്ടിയെ മഴ നനയ്ക്കേണ്ട.”

എന്നാൽ അയാൾ ഒന്നും മിണ്ടാതെ വിതുമ്പിക്കരഞ്ഞു നിന്നതേയുള്ളൂ.

ഒടുവിൽ തന്റേതായ സമയമെടുത്തു് ആശ്വാസം കണ്ടെത്തിക്കഴിഞ്ഞ അയാൾ കുട്ടിയെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു്, ഒക്കത്തെടുത്തുകൊണ്ടു് അച്ചനെ പിന്തുടർന്നു.

കാറ്റിനു ശക്തിയേറിയിരുന്നു. ശ്മശാനത്തിനപ്പുറത്തെ വാഴത്തോട്ടത്തെ ആകെയുലച്ചുകൊണ്ടു കാറ്റടിക്കുമ്പോൾ നരിച്ചീറുകളുടെ കൂട്ടക്കരച്ചിലുകളുയരാൻ തുടങ്ങി. കാറ്റടിച്ചെത്തുന്ന മഴയിരമ്പലുകൾ കേട്ടു കരിയിലകളും പള്ളിമുറ്റത്തുകൂടി കരഞ്ഞുകൊണ്ടോടി. ബദാംമരങ്ങളുടെ കനമുള്ള ഇലകൾ പള്ളിമതിലിൽ ഉരസി മുറ്റത്തേക്കൂ വീഴുന്ന ശബ്ദങ്ങളും… മരക്കൊമ്പുകളിൽ ചേക്കേറിയിരുന്ന പക്ഷിക്കുടുംബങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും ഇടകലർന്ന കൂട്ടക്കരച്ചിലുകളും ഒരു രൗദ്രസംഗീതംപോലെ ഉയർന്നുകേട്ടു.

അവർ പള്ളിയുടെ വാതിൽക്കലെത്തും മുമ്പു മഴ പെയ്തുതുടങ്ങിയിരുന്നെങ്കിലും നനയുന്നതറിയാത്തപോലെ നടന്നു പള്ളിനടയിലെ മേൽക്കൂരയുടെയും വെളിച്ചത്തിന്റെയും സുരക്ഷിതത്വത്തിലെത്തി. അയാൾ തൂവാലയെടുത്തു മകളുടെ നനഞ്ഞ തലമുടി തോർത്തി. എന്നിട്ടു സ്വന്തം മുഖത്തെ കണ്ണുനീരും അമർത്തിത്തുടച്ചു കൈത്തണ്ടയിലെ വാച്ച് വെളിച്ചത്തിലേക്കു മാറ്റിപ്പിടിച്ചു സമയം നോക്കി.

നിശബ്ദതയുടെ അസ്വാസ്ഥ്യമകറ്റാനായി അച്ചൻ പറഞ്ഞു: “നിങ്ങളെ ഒത്തിരിനേരം കാത്തു. എന്തു ചെയ്യാം. വണ്ടി വല്ലാതെ വൈകിപ്പോയല്ലോ. മഴ പെയ്തെങ്കിലോ എന്നോർത്തിട്ടാണു്. അല്ലെങ്കിൽ കുറെനേരം കൂടി… ” അയാൾ താൻ പറയുന്നതെന്തെന്നു കേൾക്കാതെയാണു തന്റെ മുഖത്തേക്കു നോക്കിനിൽക്കുന്നതെന്നു മനസ്സിലാക്കി അച്ചൻ അതു് ഏറെത്തുടർന്നില്ല. കുറച്ചൊരു വിരാമമിട്ടു് അച്ചൻ ചോദിച്ചു:

“പള്ളിയിലേക്കു കയറുന്നില്ലേ?”

“ഇല്ലച്ചാ, എനിക്കു് ഉടനെതന്നെ മടങ്ങണം. വണ്ടിയുടെ സമയമായി.”

“ഇന്നുതന്നെ മടങ്ങാനോ? അതും ഈ മഴയത്തു്… എങ്ങനെ?”

“സാരമില്ല. ഈ വണ്ടി പോയാൽ… പിന്നെ മോളെയുംകൊണ്ടു്… രാത്രി ഞാൻ എന്തു ചെയ്യും?” അയാളുടെ തൊണ്ടയിടറിത്തുടങ്ങിയിരുന്നു.

“ഇന്നു രാത്രി, ഇവിടെ എന്റെ കൂടെ കഴിയാം. രാവിലെ പോയാൽ മതി. കുർബാന കഴിഞ്ഞു് പ്രാർത്ഥിച്ചിട്ടൊക്കെ.”

അച്ചൻ സംയമനത്തോടെ പറഞ്ഞു.

“ഇല്ലച്ചാ! ഇവൾ സമ്മതിക്കില്ല. വീട്ടിൽത്തന്നെ ഇവൾ എന്നോടെന്നും വഴക്കായിരുന്നു. അമ്മയെ കാണാതെ… നാളെ ഇവളെ ഞാൻ തിരിച്ചുകൊണ്ടു വരാൻ… ” അയാൾക്കു ശബ്ദം നഷ്ടപ്പെട്ടുപോയി. അല്പം കഴിഞ്ഞു് തൊണ്ടയിടർച്ചകൾ നീക്കി അയാൾ തുടർന്നു: “ഉച്ചയ്ക്കു വിവരമറിഞ്ഞയുടൻ ഞാൻ മോളെയും കൂട്ടി ഓടിപ്പോന്നതാണു്. മറ്റാരോടും പറയാതെപോലും… ” വിവശയായിക്കഴിഞ്ഞിരുന്ന കുട്ടി അയാളുടെ തോളിൽ തലചായ്ച്ചു കിടന്നു് ഒരു മയക്കത്തിലേക്കു വീണുകൊണ്ടിരുന്നു.

ഒരു തീവണ്ടിയുടെ അടുത്തേക്കു് അയാളെ ആ നേരത്തു് അയയ്ക്കരുതെന്നു തന്നോടാരോ പറയുന്നതുപോലെ അച്ചനു തോന്നിക്കൊണ്ടിരുന്നു. കുറച്ചൊന്നു ചിന്തിച്ചിട്ടു് അച്ചൻ പറഞ്ഞു:

“എങ്കിൽ നിൽക്കൂ, ഞാനുംകൂടി സ്റ്റേഷനിലേക്കു വരാം. കുടയെടുത്തു വന്നിട്ടു്… ”

പള്ളിമേടയിലേക്കു പോകുമ്പോൾ മരിച്ച സ്ത്രീ അയാളോടൊത്തു പള്ളിമുറ്റത്തു നിൽക്കുന്ന ഒരാകസ്മികസങ്കല്പം അച്ചന്റെ മനസ്സിലുളവായി. എത്ര ചേർച്ച തോന്നുന്ന ദമ്പതികൾ-അച്ചൻ അതിശയിച്ചു-കാഴ്ചകൾക്കപ്പുറത്തെ അറിവുകളുടെ അർത്ഥാനർത്ഥങ്ങളെക്കുറിച്ചോർത്തു ചിന്താധീനനായി അച്ചൻ കുടകളെടുത്തു മടങ്ങിയെത്തി.

ഉറക്കത്തിൽത്തന്നെ ഇടയ്ക്കിടെ കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കാൻ പ്രയാസപ്പെട്ടുനിൽക്കുകയായിരുന്നു അയാൾ. പള്ളിമേലാപ്പിൽനിന്നു മഴത്തുള്ളികൾ മണലിലേക്കു് ആർത്തലച്ചു വീണുകൊണ്ടിരുന്നു. അച്ചൻ താൻ കൊണ്ടു വന്നതിൽ വലിപ്പം കൂടിയ കാലൻകുട നിവർത്തി അയാളെ ഏല്പിച്ചു. മഴയിലേക്കിറങ്ങി അവരിരുവരും പള്ളിയുടെ നടകളിറങ്ങിത്തുടങ്ങി. ആഞ്ഞുവീശുന്ന കാറ്റു് കുടകൾക്കു തടയാനാവാത്തവിധം മഴത്തുള്ളികളെ വിതറിക്കൊണ്ടിരുന്നു. അയാൾ കുടയുടെ സംരക്ഷണം മുഴുവൻ കുട്ടിക്കു നല്കി നനയുന്നതു വകവയ്ക്കാതെ നടക്കുന്നതു് അച്ചൻ ശ്രദ്ധിച്ചു.

images/theevandi-1.jpg

അവർ നടകളിറങ്ങിത്തീരും മുൻപേ തീവണ്ടിയുടെ വരവറിയിക്കുന്ന മണി മുഴക്കങ്ങൾ കേട്ടുതുടങ്ങിയിരുന്നു.

അയാൾ തിടുക്കത്തോടെ നടത്തത്തിനു വേഗത കൂട്ടി. നനഞ്ഞ കുപ്പായത്തിന്റെ തടസ്സത്താൽ അതേ വേഗത്തിൽ അവരെ അനുഗമിക്കാൻ അച്ചൻ പാടുപെട്ടു.

അയാൾ സ്റ്റേഷനിലേക്കു് ഓടിക്കയറുമ്പോൾ അച്ചൻ ഏറെ പിന്നിലായിരുന്നു. തീവണ്ടിയുടെ വെളിച്ചം ദൂരെ ദൃശ്യമായിരുന്നെങ്കിലും മഴയുടെ ആരവങ്ങൾക്കിടയിൽ അതിന്റെ ശബ്ദങ്ങൾ നഷ്ടപ്പെട്ടുപോയിരുന്നു. താൻ സ്റ്റേഷനിലേക്കോടിയെത്തവേ, അയാളെ പ്ലാറ്റ്ഫോമിലൊരിടത്തും കാണാതെ പരിഭ്രാന്തിയോടെ പാഞ്ഞുചെന്നു നോക്കുമ്പോൾ, പാളത്തിലേക്കിറങ്ങിപ്പോകുന്നിടത്തു തന്റെ കാലൻകുട ഉപേക്ഷിക്കപ്പെട്ടുകിടക്കുന്നതും തീവണ്ടി അപായസൂചനയായ സൈറൺ മുഴുക്കുന്നതുമായ ഒരു പേക്കിനാവു് അച്ചന്റെ മനസ്സിലൂടെ കടന്നുപോയി.

തന്റെ കുപ്പായം മുട്ടുകൾക്കു മുകളിലേക്കുയർത്തിപ്പിടിച്ചു് അച്ചൻ വല്ലാതെ തിടുക്കപ്പെട്ടു സ്റ്റേഷനിലേക്കോടി.

അച്ചൻ പ്ലാറ്റ്ഫോമിലെത്തുമ്പോൾ അയാൾ ടിക്കറ്റെടുത്തു മഴയിലൂടെ ഓടിയടുക്കുന്ന തീവണ്ടിയെ നോക്കിനിൽക്കുകയായിരുന്നു, മടങ്ങിപ്പോകാൻ വിസമ്മതിച്ചു വല്ലാതെ ശാഠ്യംപിടിച്ചു കരയാൻ തുടങ്ങിക്കഴിഞ്ഞിരുന്ന കുട്ടിയെ ആശ്വസിപ്പിക്കാനറിയാതെ, നിസ്സഹായതയുടെ ഒരു പൂർണ്ണകായചിത്രമായി…

അച്ചൻ അടുത്തെത്തിയപ്പോൾ പെട്ടെന്നോർമ്മിച്ചതുപോലെ അയാൾ കുടതിരികെ ഏല്പിച്ചു. പിന്നെ കീഴ്ച്ചുണ്ടു് കടിച്ചുപിടിച്ചു യാത്രാനുവാദത്തിന്റെ നിശബ്ദചോദ്യം ചോദിച്ചു.

തീവണ്ടിയിൽ തീരെ തിരക്കില്ലായിരുന്നു. ഉറക്കെക്കരഞ്ഞുകൊണ്ടു കൈകളിൽനിന്നു കുതറിച്ചാടാനൊരുങ്ങുന്ന കുട്ടിയെ ഒതുക്കിപ്പിടിച്ചു്, ഒടുവിലത്തെ യാത്രക്കാരനായി കയറിയിട്ടും അയാൾക്കു ജനലരികിലെ ഇരിപ്പിടം കിട്ടി. പൊടുന്നനെ, എതിരെയിരുന്ന യാചകസംഘത്തിന്റെ കലമ്പൽ കുട്ടിയുടെ ശ്രദ്ധയെ ആകെ മാറ്റി. കുട്ടി നെടുനേരത്തേക്കു കരച്ചിൽ നിർത്തി, കരഞ്ഞതെന്തിനാണെന്നു മറന്നുവോ എന്നു തോന്നുംവിധം ആ അഗതികളുടെ ജീവിതദൃശ്യത്തിലേക്കു് ഉത്കണ്ഠകളോടെ കണ്ണു മിഴിച്ചിരിക്കാൻ തുടങ്ങി.

അപ്പോൾ വലിയൊരാഗ്രഹസാഫല്യംപോലെ അച്ചൻ കുട്ടിയുടെ നെറ്റിയിൽ കുരിശടയാളങ്ങൾ വരച്ചു കണ്ണുകളടച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. അർത്ഥങ്ങളറിയാത്ത കാഴ്ചകളും പ്രവൃത്തികളും സൃഷ്ടിച്ച അമ്പരപ്പോടെ കുട്ടി അച്ഛന്റെ മുഖത്തേക്കു് അതിശയത്തോടെ നോക്കിക്കൊണ്ടിരുന്നു.

അച്ചൻ കണ്ണുകൾ തുറന്നപ്പോൾ തീവണ്ടി ഒരു വിലാപസ്വരത്തിൽ അതിന്റെ യാത്രാരംഭം അറിയിച്ചു് മെല്ലെ ഓടിത്തുടങ്ങി. പരസ്പരമറിയിക്കേണ്ട യാത്രാ സന്ദേശമെന്തെന്നറിയാതെ അച്ചനും അയാളും മുഖത്തോടുമുഖം നോക്കിക്കൊണ്ടിരിക്കെ, തീവണ്ടിയുടെ ഉരുക്കുചക്രങ്ങൾ ഗതിവേഗം പ്രാപിച്ചു് അവരെ വേർപെടുത്തി.

കണ്ണുകളിൽ നിറഞ്ഞ മൂടാപ്പിൽ തീവണ്ടി അദൃശ്യതയിലേക്കു് ഓടിപ്പോകുന്നതു നോക്കി അച്ചൻ ഏറെനേരം പ്ലാറ്റ്ഫോമിൽത്തന്നെ നിന്നു.

ഒടുവിൽ നിശബ്ദമായ തീവണ്ടിപ്പാളങ്ങളുടെ തിളക്കങ്ങളിൽനിന്നു കണ്ണെടുത്തു് തോരാൻ തുടങ്ങിയിരുന്ന മഴയിലൂടെ തിരികെ നടക്കുമ്പോൾ, വിരൽത്തുമ്പുകൾ സൂക്ഷിക്കുന്ന ആ ഇളംനെറ്റിയിലെ സ്പർശനത്തിന്റെ ഓർമ്മയിൽ താൻ മരണമടഞ്ഞ സ്ത്രീയെ മറന്നു തുടങ്ങുന്നുവല്ലോ എന്നു് അച്ചൻ ആശ്വസിച്ചു.

എന്നാൽ, മഴയാൽ കഴുകപ്പെട്ട പള്ളിയുടെ പടിക്കെട്ടുകളിലെ തിളക്കങ്ങളും തെന്നലും കടന്നു പള്ളിമുറ്റത്തെ ബദാംമരങ്ങളുടെ ചുവട്ടിലൂടെ നടക്കുമ്പോൾ എപ്പോൾ വേണമെങ്കിലും പെയ്തുതുടങ്ങാവുന്ന മറ്റൊരു മഴപോലെ ആ മുഖത്തിന്റെ ഓർമ്മ തന്റെയുള്ളിൽ അലയുന്നുണ്ടെന്നു് അച്ചൻ തിരിച്ചറിയുകയും ചെയ്തു.

അയ്മനം ജോൺ
images/AymanamJohn.jpg

1953-ൽ അയ്മനത്തു് ജനനം. റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടിൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്മസ് മരത്തിന്റെ വേരു്’ എന്ന കഥയിലൂടെ വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ചു് കഥകളേയെഴുതിയിട്ടുള്ളു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം.

പ്രധാനകൃതികൾ

ക്രിസ്മസ് മരത്തിന്റെ വേരു്, എന്നിട്ടുമുണ്ടു് താമരപ്പൊയ്കകൾ, ചരിത്രം വായിക്കുന്ന ഒരാൾ, ഒന്നാം പാഠം ബഹിരാകാശം.

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Thekkottum Vadakkottum Poya Theevandikal (ml: തെക്കോട്ടും വടക്കോട്ടും പോയ തീവണ്ടികൾ).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-07.

Deafult language: ml, Malayalam.

Keywords: Short Story, Aymanam John, Thekkottum Vadakkottum Poya Theevandikal, അയ്മനം ജോൺ, തെക്കോട്ടും വടക്കോട്ടും പോയ തീവണ്ടികൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Air Man Space, painting by Lyubov Popova . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.