കൊപ്രകച്ചോടക്കാരനായിരുന്ന കുഞ്ഞപ്പനാജിയുടെ പേരിൽ കാവ്യപുരസ്ക്കാരം പ്രഖ്യാപിക്കപ്പെട്ടു. പതിനൊന്നായിരത്തി നൂറ്റിപ്പതിനൊന്നു രൂപയും ഉണങ്ങിയ കൊപ്ര നിവർത്തിവെച്ച രൂപത്തിൽ രൂപകല്പന ചെയ്ത ശില്പോം പ്രശസ്തിപത്രവും.
‘എട്ക്കാന്ണ്ട് കൊട്ക്കാന്ണ്ട്’ എന്ന ആദ്യ സമാഹാരത്തിലൂടെ വാണ്യമ്പ്രം ദേശത്തു് ഇത്തിരി പ്രശസ്തനായിത്തുടങ്ങിയ കവി വാണ്യമ്പ്രം കുഞ്ഞൂസ് ആണു് ഉപ്പയുടെ സ്മരണാർത്ഥം ഇത്തരത്തിലൊരു പുരസ്ക്കാരം ഏർപ്പെടുത്തിയതു്.
ഉപ്പയുടെ ജീവിതം തന്നെ ഒരു മഹാകാവ്യമായിരുന്നെന്നു് മൈക്ക് കൈയിൽ കിട്ടുന്ന നേരങ്ങളിലൊക്കെ കുഞ്ഞൂസ് ഉറക്കെ പ്രഖ്യാപിക്കാറുണ്ടു്. ‘കൊപ്രയെടുക്കാനുണ്ടോ കൊപ്ര കൊടുക്കാനുണ്ടോ’ എന്നു് നീട്ടി വിളിച്ചു കൊണ്ടു് വാണ്യമ്പ്രത്തിന്റെ ഇടവഴിയിലൂടെ തലയിലൊരു ചാക്കുമായി നടന്നു പോവാറുള്ള കുഞ്ഞപ്പനാജിയുടെ വാമൊഴിവഴക്കത്തിൽ മന്ദാക്രാന്തയോ ഗാർദ്ദൂലവിക്രീഡിതമോ അന്നേ ഒഴുകി നടക്കാറുണ്ടായിരുന്നു എന്നു് വാണ്യമ്പ്രം വായനശാലയുടെ സ്ഥിരം പ്രസിഡന്റ് സഖാവു് നാണുവേട്ടൻ ഇടയ്ക്കിടെ നിരീക്ഷിക്കാറുമുണ്ടു്. കാര്യമെന്തൊക്കെയായാലും കുഞ്ഞപ്പനാജിയുടെ പേരിൽ ഇത്തരത്തിലൊരു പുരസ്ക്കാരമേർപ്പെടുത്തിയതിലൂടെ നമ്മുടെ നാടും നാടിന്റെ സംസ്ക്കാരവുമാണു് ആദരിക്കപ്പെട്ടതെന്നു് വായനശാലയിൽ കൂടിയ ആദ്യ ആലോചനായോഗത്തിൽ തന്നെ സഖാവു് നാണുവേട്ടൻ ഉച്ചൈസ്തരം ഘോഷിച്ചു. കവിതകൾ ക്ഷണിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റുകൾ വാട്ട്സാപ്പ്, ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പോസ്റ്റു ചെയ്യാനുള്ള തീരുമാനം മിനുട്ട്സ് ബുക്കിലെഴുതി ആദ്യയോഗം പിരിഞ്ഞു.
കോവിഡിനെ തുടർന്നു് റിയലെസ്റ്റേറ്റ് ബിസിനസ്സ് ഇത്തിരി തട്ടിലായ നേരത്തു് വായനശാലയുടെ ഇരിപ്പടിയിൽ ഫോണും കുത്തിക്കൊണ്ടിരുന്ന വാണ്യമ്പ്രം കുഞ്ഞൂസിന്റെ ഏകാന്തതയിലേക്കു് ക്ലാസ്മേറ്റും ബി. എ. എക്കണോമിക്സ് സെക്കന്റ് ക്ലാസിൽ പാസായവനും സർവ്വാത്മനാ വായനശാലയുടെ ഇപ്പോഴത്തെ സെക്രട്ടറിയുമായ വാസു വാഴപ്പിടി വന്നു കേറി. കുഞ്ഞൂസിനെ നോക്കിക്കൊണ്ടു് ഏങ്കോണിച്ച ചിരിയോടെ വാസു ഇങ്ങനെ മൊഴിഞ്ഞു: “എന്താടാ ഫോണിൽ കവിതയെഴുത്താ… ഇപ്പോ പേനേം കടലാസുമൊന്നും വേണ്ടല്ലോ. കക്കൂസിലിരിക്കുമ്പോഴും എഴുതാമല്ലോ…!” വാസുവിന്റെ പരിഹാസം കുഞ്ഞൂസിനു് മനസ്സിലായി. സാധാരണ ഓരോ സ്ഥല കച്ചോടം നടക്കുമ്പോഴും ഓരോ കുപ്പി പൊട്ടിക്കുന്നതും ഏതെങ്കിലുമൊരു കോഴീടെ കഴുത്തിനു് പിടിക്കുന്നതും പതിവായിരുന്നല്ലോ. അടുത്തകാലത്തായി ചിലവൊന്നും കിട്ടാത്തതിലെ കുറുമ്പാണു്. കുഞ്ഞൂസ് ഇങ്ങനെ പ്രതികരിച്ചു: “കവിതയെക്കുറിച്ചു് പല ശപ്പൻമാരും ഇപ്പോഴിങ്ങനെ പ്രതികരിക്കുന്നുണ്ടു്. അതു് കവിതയുടെ കുഴപ്പമല്ല. അവർക്കു് കവിത മനസ്സിലാവാത്തതു കൊണ്ടാണു്. കവിത ഇത്രമേൽ ജനകീയമായൊരു കാലമില്ല. പുതു തലമുറയൊക്കെ അവരുടെ ജീവരക്തത്തിൽ മുക്കിയാണു് എഴുതുന്നതു്. ഹോ എന്തൊരു ഭാവന എന്തൊരു ക്രാഫ്റ്റ്.” (ഉം ഉം എന്നു് വാസുവപ്പോൾ അർത്ഥഗർഭമായി മൂളി.)
“ഷീന കപ്പണവള്ളിയുടെ ഏറ്റവും പുതിയ കവിത കേട്ടിട്ടുണ്ടോ. വേണ്ട മുഴുവൻ കേക്കണ്ട. രണ്ടുവരി മാത്രം പാടിത്തരാം. ‘ആറാനിട്ടൊരു കോണകത്തിൻ വിടവിൽ ആരോ വരച്ചിട്ടിരിക്കുന്നു ദേശത്തിൻ ഭൂപടം’ നോക്കൂ എന്തു് പൊളിറ്റിക്കലാണു്. ഇതാണു് പുതു കവിത.”
വാസു പതുക്കെ കുഞ്ഞൂസിന്റെ അരികിൽ വന്നിരുന്നു അവന്റെ തോളിൽ കൈവെച്ചു. “എടാ കുഞ്ഞൂസേ നമ്മൾക്കും വേണ്ടേടാ ഒരവാർഡൊക്കെ. കിട്ടുന്നതിനെക്കാൾ ഇപ്പോ കൊടുക്കുന്നവനു് വിലയുള്ള ഒരേയൊരു സാധനം അവാർഡാ. പത്തായിരത്തിനു് മോളിലുണ്ടെങ്കിൽ പത്രക്കാരൊക്കെ അങ്ങാഘോഷിച്ചോളും. വളരെ കുറഞ്ഞ മുതൽ മുടക്കിൽ വലിയ മൈലേജ് കിട്ടുന്ന ഒരേർപ്പാടാണതു്.”
“അതെങ്ങനെ?”
“അതിനാണു് ഇക്കണോമിക്സ് പഠിക്കണമെന്നു് പറയുന്നതു്”.
“പറ, കേക്കട്ടേ…”
“ശരിക്കു് ശ്രദ്ധിച്ചോണം. ഇക്കണോമിക്സ് ഒന്നു് – പത്തായിരം രൂപേടെ അവാർഡാണെന്നു വിചാരിക്കുക. കൂടെ ഒരു മെമന്റോയും സർട്ടിഫിക്കറ്റും കൊടുക്കണം. രണ്ടു – മൂവായിരം രൂപ പരിപാടി ചിലവും. എല്ലാം കൂടി ഒരു പതിനഞ്ചായിരത്തിൽ ഒതുങ്ങും. ചുരുങ്ങിയതു് പത്തുനൂറ്റമ്പതു പേരെങ്കിലും മൂന്നു കോപ്പി വീതം അവരുടെ പുസ്തകമയക്കും. കോപ്പിയൊന്നിനു് നൂറു രൂപ വെച്ചു് നാല്പത്തയ്യായിരം രൂപയെങ്കിലും മുഖവിലയുള്ള പുസ്തകം കയ്യിലെത്തും. ഇക്കണോമിക്സ് 2 – ആവോളം പ്രശസ്തി. പത്രത്തിൽ ഒരു ചെറുകോളം പരസ്യം കൊടുക്കാനുള്ള ചിലവെത്രയാണെന്നറിയോ. ഇതാവുമ്പോ കൊടുക്കുന്ന ആളുടെ, കൊടുക്കുന്ന സ്ഥാപനത്തിന്റെ പേരും പെരുമയും ഫോൺ നമ്പറടക്കം ചാനലിലടക്കം സംപ്രേക്ഷണം ചെയ്യപ്പെടും. പത്തായിരം പോയാലെന്താ പത്തുലക്ഷത്തിന്റെ പബ്ളിസിറ്റി. ഇക്കണോമിക്സ് 3 – നവമാധ്യമ കാലമല്ലേ. ഓരോ ദിവസവും മാറി മാറിയിടുന്ന പോസ്റ്ററിലൊക്കെ ഓരോരോ സ്ഥാപനങ്ങളുടെ പരസ്യവുമിടാം. അങ്ങനെ പരസ്യവരുമാനം വേറെ. ഇക്കണോമിക്സ് 4 – ഏതെങ്കിലും നല്ല കച്ചോടക്കാരനെ കണ്ടു് പരിപാടി മൊത്തമായങ്ങു് സ്പോൺസർ ചെയ്യിക്കണം. അവാർഡുദാന ചടങ്ങിൽ അയാളെ പിടിച്ചങ്ങു് മുഖ്യാതിഥിയാക്കിയാൽ മതി. പ്രാഞ്ചിയേട്ടൻമാർക്കാണോ നുമ്മടെ നാട്ടിൽ ക്ഷാമം. പിന്നെ ഇതിനെക്കാളൊക്കെ വലിയ ഒന്നുണ്ടു്. നമ്മളെയൊക്കെ കാണുമ്പോൾ ചിലരൊക്കെ മടികുത്തഴിച്ചു് എഴുന്നേറ്റു നിന്നു ബഹുമാനിക്കും. എഴുത്തുകാരൊക്കെ സ്നേഹബഹുമാനത്തോടെ നമ്മുക്കു ചുറ്റും മണം പിടിച്ചു് നടക്കും. എഫ്. ബി.-യിലൊക്കെ ഫ്രണ്ട്സ് റിക്വസ്റ്റ് കൊണ്ടു നിറയും.” (ഹ ഹ ഹ എന്നു് സ്ഥലകാലം മറന്നൊരു ചിരി കുഞ്ഞൂസ് വാണ്യമ്പ്രത്തിൽ നിന്നും അപ്പോഴുണ്ടായി. ഒപ്പം ഇങ്ങനെയാണു് കവിത ജനകീയമാവുന്നതു് എന്നൊരു കമന്റും. റിയലെസ്റ്റേറ്റിനേക്കാൾ റിയൽ പൊയട്രിയാണു് മികച്ച ബിസിനസ്സ് എന്നൊരാത്മഗതവും) “കുഞ്ഞൂസേ നിന്നെ സംബന്ധിച്ചു് ഇതിൽ മറ്റൊരു നേട്ടം കൂടിയുണ്ടു്. നീ അത്യാവശ്യം എഴുതുന്നവൻ കൂടിയാണല്ലോ. അവാർഡ് കൊടുക്കുമ്പോഴാണു് അവാർഡ് കിട്ടാനുള്ള സാധ്യതയും കൂടിക്കൂടി വരുന്നതു്.”
കുഞ്ഞൂസ് വാസുവിനെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു. എന്നിട്ടു പറഞ്ഞു: “ന്റ വാസൂ നീ ഇത്രേം വലിയൊരു ഇക്കണോമിസ്റ്റായിരുന്നെന്നു് ഇത്രയും കാലം ഞാൻ മനസ്സിലാക്കാതെ പോയതു് എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ. അപ്പോ ആരുടെ പേരിലാ നമ്മള് അവാർഡ് പ്രഖ്യാപിക്കേണ്ടതു്…?”
“നിന്റെ ബാപ്പേടെ… അതേടോ കുഞ്ഞപ്പനാജീ ടേ…”
“അതിനു് മ്മടെ ബാപ്പേം കവിതേം തമ്മിലെ ന്തു്…?”
“ഒണക്ക കൊപ്പരേം കവിതേം തമ്മിൽ നമ്മളറിയാത്ത ചില ആത്മബന്ധങ്ങളുണ്ടു്.”
യശോലമ്പടരായ 118 കവികളും പതിനെട്ടു് ചെറു പ്രസാധകരും കുഞ്ഞപ്പനാജി കവിതാ പുരസ്ക്കാരത്തിനു് മൂന്നുവീതം പുസ്തകങ്ങളയച്ചു. ചില മുതിർന്ന കവികൾ അവരുടെ ആരാധകരെക്കൊണ്ടാണു് കൃതികൾ അയപ്പിച്ചതു്. അവരുടെ ബർക്കത്തു കൊണ്ടെങ്കിലും സംഗതി തരായാലോ എന്നൊരു ചിന്തയാണതിനു പിന്നിൽ വർത്തിച്ചതു്. “പാർസല് ബേണേങ്കില് പോസ്റ്റാഫീസില് വന്നെടുത്തോളണം” എന്നു് മൂന്നാം ദിവസം പോസ്റ്റ്മാൻ കുമാരേട്ടൻ വായനശാല സെക്രട്ടറിക്കു് അന്ത്യശാസനം നൽകി തിരിച്ചു നടക്കുമ്പോൾ പിറുപിറുത്തതു് കേട്ടു് കുഞ്ഞൂസിനു് ഒന്നു ചൊറിഞ്ഞു വന്നതാണു്.
“ഹോ ലോകത്തു് ഇത്രമാത്രം കവികളോ അവറ്റകളുടെ തലയില്…”
അത്രേ പറഞ്ഞുള്ളൂ. കുഞ്ഞൂസ് പോസ്റ്റ്മാനു മുമ്പിൽ ചാടി വീണു. “കവികളെ പറയുന്നോ…?”
നിന്നു കത്തിയ വാണ്യമ്പ്രം കുഞ്ഞൂസെന്ന നവകവിക്കു മുന്നിൽ കുമാരേട്ടൻ നിശ്ശബ്ദനായി. “വയസ്സാം കാലത്തു് വയ്യാഞ്ഞിട്ടാണു് മോനെ. ഇത്രയും ഭാരം കെട്ടിപ്പേറി ദെവസോം ഇത്രേം ദൂരം നടക്കാനാവാഞ്ഞിട്ടാണു്. അല്ലേലും ഈ കവിതയ്ക്കൊക്കെ ഇത്രേം ഭാരമുണ്ടാവുമോ കുഞ്ഞീ…”
എന്തായായും ഒന്നരാടൻ ദിവസങ്ങളിൽ മാറി മാറി വാസുവും കുഞ്ഞൂസും പോസ്റ്റാഫീസോളം നടന്നു.
വാണ്യമ്പ്രം വായനശാലയുടെ കാലിളക്കമുള്ള മേശമേൽ നൂറ്റമ്പതോളം കാവ്യകവനങ്ങൾ വിരിഞ്ഞു. സമയപരിധി കഴിഞ്ഞിട്ടും പിൻവാതിലിലൂടെ ഒന്നു രണ്ടു് സമാഹാരങ്ങൾ കൂടി നുഴഞ്ഞു കയറി. അതിലൊന്നു് പ്രസിഡന്റിന്റെ വകേലൊരമ്മായിയുടെ മകളുടെ പുസ്തകമായിരുന്നു. മറ്റൊന്നു് പരിപാടിക്കു് സാമ്പത്തിക സഹായം നൽകാം എന്നു് വാക്കാലേറ്റ മലഞ്ചരക്കു് വ്യാപാരി ഹംസ മൂപ്പന്റെ ഒമ്പതാം ക്ലാസുകാരിയുടേതു്. പതിനാലാം വയസ്സിൽ ഇരുപത്തിനാലു് കവിതയെഴുതിയ കൊച്ചു മിടുക്കിയുടെ ആദ്യ സമാഹാരത്തിനു് അവതാരികയെഴുതിയതു് സ്ഥലത്തെ പ്രധാന സാഹിത്യ ദിവ്യനായ ജബ്ബാർ ചീങ്ങോടാണു്. (ജബ്ബാർ ചീങ്ങോടിനെക്കുറിച്ചു് പിന്നീടു് വിശദമായി പറയുന്നുണ്ടു്)
നൂറ്റമ്പതു പുസ്തകത്തിൽ നിന്നും മികച്ച പത്തെണ്ണം തിരഞ്ഞെടുക്കണം. അതിൽ നിന്നും ഏറ്റവും മികച്ച ഒന്നു്. ഹരിച്ചരിച്ചു് കിഴിക്കുക എന്ന ഗണിത ശാസ്ത്രം പരിചയമുള്ള ഷിനോജ് മൊട്ടമ്പിള്ളിയെ നായകനാക്കിക്കൊണ്ടുള്ള അഞ്ചംഗക്കമ്മിറ്റി രൂപപ്പെട്ടു. തിരഞ്ഞെടുക്കുകയല്ല തിരഞ്ഞു തിരഞ്ഞു് തള്ളുകയാണു് അവരുടെ ജോലി. തള്ളിത്തള്ളി നൂറ്റമ്പതിനെ പത്തിലേക്കെത്തിക്കുന്ന സർഗാത്മക പ്രക്രിയ. എന്നിട്ടു വേണം പത്തിനെ മൂന്നംഗ ജൂറിക്കു് അന്ത്യവിധി നടപ്പിലാക്കാൻ കൈമാറാൻ.
ഷിനോജ് മൊട്ടമ്പിള്ളി ഇത്രമേൽ ആഹ്ലാദിച്ച നിമിഷങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വേറെ ഉണ്ടായിട്ടില്ല. കവിതയെഴുതി തോറ്റു് ചെറുകിട പ്രസാധകനായി തീർന്ന ആളാണദ്ദേഹം. തനിക്കിഷ്ടമില്ലാത്തതും തനിക്കസൂയ തോന്നിയതുമായ സർവ്വ കവികളേയും കൊന്നു കൊലവിളിക്കാൻ കിട്ടിയ അവസരം ഷിനോജ് മൊട്ടമ്പിള്ളി ശരിക്കുമങ്ങാഘോഷിച്ചു. ഏതു് പട്ടിക്കും ഒരു ദിവസമുണ്ടെന്നു് ഇടയ്ക്കിടെ അയാൾ അയാളോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു. ജീവിതത്തിലാദ്യമായി തനിക്കൊരു പ്രേമലേഖനം തന്ന വട്ടപ്പാറ ശശികലയുടെ പുസ്തകം പത്തിലൊന്നായി നിലനിർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
വാണ്യമ്പ്രത്തെ മത്സ്യമാർക്കറ്റിനെ ഒരു സാഹിത്യ പാഠശാലയാക്കി മാറ്റിയ ജബ്ബാർ ചീങ്ങോടിന്റെ സേവനത്തെ ഇവിടെ ഓർക്കാതിരിക്കാനാവില്ല. മീൻ കച്ചവടം പൊളിഞ്ഞപ്പോഴാണു് ചീങ്ങോടിനു് വെളിപാടുണ്ടായതു്.
‘മീൻ വിൽക്കുന്നവനെ വരുവിൻ ഞാൻ നിന്നെ കവിതയെഴുതുന്നവനാക്കാം’ എന്നാരോ പറയുന്നതു പോലെ. ജബ്ബാർ ചീങ്ങോട്, ബക്കറ്റിൽ കലക്കിയ ചുണ്ണാമ്പും ഒരു കൈതക്കുച്ചുമായി ഒരു ദിവസം രാവിലെ മാർക്കറ്റിൽ ചെന്നു. ചെതുമ്പലും ചോരയും പറ്റിക്കിടന്ന മാർക്കറ്റിന്റെ ചുമരാകെ വെള്ളപൂശി. അതിൽ തനിക്കാവും വിധം ചിത്രങ്ങളും വരച്ചുവെച്ചു. ഒരു മിനും മീങ്കണ്ണി പെണ്ണിനുമിടയിൽ തൂങ്ങിയാടുന്ന ചൂണ്ടയുടെ ചിത്രം വരച്ചു് അതിനടിയിൽ ചീങ്ങോടു് ഇങ്ങനെ എഴുതി:
“വഴുക്കുന്ന മീനിനും പെടയ്ക്കുന്ന
പെണ്ണിനുമിടയിൽ ചൂണ്ട
ഒരു ചോദ്യചിഹ്നം പോലെ”
വാണ്യമ്പ്രത്തിന്റെ നവോത്ഥാനന്തര സാംസ്ക്കാരിക വിപ്ലവം ആരംഭിക്കുന്നതു് ഈ മത്സ്യ പാഠശാലയോടു കൂടെയാണു്. സാഹിത്യത്തിന്റെ കാവലാൾ ജബ്ബാർ ചീങ്ങോടിനെ പോലുള്ളവരാണെന്നും അവരാണു് സാഹിത്യകാരൻമാരെക്കാൾ അറിയപ്പെടാൻ പോവുന്നതെന്നും മുളങ്കോവൻ എന്ന തമിഴ് കവി മീൻമണം സഹിച്ചുകൊണ്ടു് പ്രഖ്യാപിച്ചതും വാർത്തയായി. ഉപകാരാർത്ഥം മുളങ്കോവന്റെ മൊഴിമാറ്റം നടത്തിയ കവിതയുടെ 150 കോപ്പികൾ ചിങ്ങോടു് വിറ്റുകൊടുത്തു. എത്രയെത്ര സാഹിത്യകാരൻമാർ സാംസ്ക്കാരിക പ്രമുഖർ… മലയാളക്കരയിലെ ഒട്ടുമിക്ക യു ജി സി സാഹിത്യകാരൻമാരും ചീങ്ങോടിന്റെ ചങ്ങാതിമാരായി. ചർച്ചയ്ക്കെടുക്കണമെന്ന നിർദ്ദേശത്തോടെ തങ്ങളുടെ പുസ്തകങ്ങൾ നൽകി. ചിലരയാളുടെ ഗൂഗിൾ പേ നമ്പർ ചോദിച്ചു. നേരിട്ടു കൈമടക്കു് കൊടുത്തവരും മറ്റു രീതിയിൽ സാമ്പത്തിക സഹായം ചെയ്തവരും കുറവല്ല. എന്തായാലും സാഹിത്യത്തിന്റെ പ്രമോഷനു് ചീങ്ങോടില്ലാതെ വയ്യെന്ന അവസ്ഥ വന്നു. ബി. ബി. ബി. സി. പോലും ചീങ്ങോടിനെ റിപ്പോർട്ടു ചെയ്തു.
വാണ്യമ്പ്രത്തിന്റെ ആദ്യത്തെ സാഹിത്യ പുരസ്ക്കാര സമർപ്പണം നടത്തേണ്ടതു് ജബ്ബാർ ചീങ്ങോടാണെന്നു് പ്രസിഡന്റ് നാണുവേട്ടൻ മീറ്റിങ്ങിൽ ആവർത്തിച്ചു. അതു വേണോയെന്നു് സെക്രട്ടറി വാസു വാഴപ്പിടി നെറ്റി ചുളിച്ചു. ഓനൊരു ഫ്റോഡാ. അതിയാൾക്കറിയാഞ്ഞിട്ടാ എന്നു് അടുത്തിരിക്കുന്ന കുഞ്ഞൂസിനോടു് വാസു പിറുപിറുത്തു. “ഹ ഹ ഹ”യെന്നു് മന്ദാക്രാന്ദയിൽ പതിവുപോലെ സ്ഥലകാലബോധമില്ലാതെ കുഞ്ഞൂസ് ചിരിക്കുന്നതിനിടയിൽ കമ്മിറ്റി കൂട്ട കൈയടിച്ചു് പ്രസിഡന്റിന്റെ അഭിപ്രായത്തെ താങ്ങി.
എതാനും നിമിഷങ്ങൾക്കകം fb ലൈവിൽ കാണിക്കാൻ പോവുന്ന കുഞ്ഞപ്പനാജീ കാവ്യപുരസ്ക്കാര പ്രഖ്യാപനത്തിനു് ജൂറി അംഗങ്ങൾ നിരന്നു. ജൂറികളെ തട്ടിമുട്ടിക്കൊണ്ടു് സംഘാടകരും. മുൻനിരയിൽ ഇരിപ്പിടം കിട്ടേണ്ടിയിരുന്ന അവാർഡ് കമ്മറ്റി കൺവീനർ പിന്നിലായതും നിർഗുണ പരബ്രഹ്മമായ വായനശാലാ പ്രസിഡന്റ് മുന്നിലായതും ചെറിയൊരു ഉന്തിനും തള്ളിനും കാരണമായി. പരിപാടിയുടെ ലൈവ് ഷൂട്ടിംഗ് നടത്തിക്കൊണ്ടിരുന്ന കലാസ്വാദകനായ സി. പി. കെ. പരിപ്പിലായി ആരും വേവലാതിപ്പെടേണ്ടെന്നും ഇതു് ലൈവാണെന്നും എല്ലാവരേയും കിട്ടുമെന്നും ഒച്ച കുറച്ചു് ബോധിപ്പിച്ചു് രംഗം ശാന്തമാക്കി. കവി, കഥാകൃത്തു്, നിരൂപകൻ എന്നിങ്ങനെ പ്രാസമൊപ്പിച്ച ജൂറിത്രയത്തിൽ ഒരു സ്ത്രീയെ ഉൾപ്പെടുത്താത്തതിൽ വിയോജിപ്പു് പ്രകടിപ്പിച്ചു് ‘അലക്കു കല്ലിന്റെ ഉപമ’ എന്ന കവിതയിലൂടെ വൈറലായ മീരാനാണു ഫോൺ ഓഫ് ചെയ്തു് ആണധികാരവും പെൺനീതിയും എന്ന പുസ്തകം വായിക്കാനെടുത്തു. ജൂറി ചെയർമാൻ നാരായണൻ കുനിശ്ശേരി തന്റെ നീണ്ട ആത്മരതി പ്രസംഗത്തിനു ശേഷമുള്ള വിധി പ്രഖ്യാപനത്തിനൊരുങ്ങുമ്പോഴേക്കും നെറ്റ് കട്ടായി.
വായനശാലപ്പടിയിൽ ചിന്താവിഷ്ടനായ വാണ്യമ്പ്രം കുഞ്ഞൂസിനു നേരെ വാസു വാഴപ്പിടി വീണ്ടും കയറി വന്നു. ഇത്രയേറെ മിനക്കെട്ടിട്ടും വേണ്ടത്ര മൈലേജുണ്ടായില്ലല്ലോ എന്ന കുണ്ഠിതം കുഞ്ഞൂസിന്റെ ചിന്തയിലുണ്ടായിരുന്നു. മുഖവിലയുടെ അമ്പതു് ശതമാനം കമ്മീഷനിൽ പുസ്തകമെടുക്കാമെന്നും പറഞ്ഞു വന്ന വാക്കിംഗ് ബുക്ക്സ്റ്റാൾ എന്നു് വിളിപ്പേരുള്ള സി. എച്ച്. വാസവൻ “ഓ ഇതു് കവിതയാ… ഇതു് വേണ്ടപ്പാ വിറ്റുപോവൂല്ല”യെന്നും പറഞ്ഞു് മുഖംതിരിച്ചു നടന്നതു് കുഞ്ഞൂസിനെ ശരിക്കും വേദനിപ്പിച്ചിരുന്നു.
പുരികം മേല്പോട്ടുയർത്തി കണ്ണുതുറുപ്പിച്ചു കൊണ്ടുള്ള വാസുവിന്റെ ചോദ്യത്തിനു് കുഞ്ഞൂസ് ഇപ്രകാരത്തിലൊരു മറുചോദ്യം ചോദിച്ചു: “അല്ല ചങ്ങാതി സത്യത്തിൽ ഈ സാഹിത്യം കൊണ്ടു് ആർക്കാണു് പ്രയോജനം?” വാസു വാഴപ്പിടി മറുപടി പറയാൻ ഒട്ടും അമാന്തിച്ചില്ല. “ഇടനിലക്കാർക്കു്. പിന്നല്ലാതെ… കവിതയെഴുതാതെയും ആളുകൾക്കു് സർഗാത്മകനാവാമെടോ…”
കണ്ണൂർ ജില്ലയിലെ വളപട്ടണത്തു് ജനനം. അച്ഛൻ കെ. നാരായണൻ, അമ്മ ടി. കാർത്യായനി. രാമവിലാസം എൽ. പി. സ്കൂൾ, വളപട്ടണം ഗവ: ഹൈസ്ക്കൂൾ, കണ്ണൂർ എസ്. എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മാനന്തവാടി ബി. എഡ് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോംപിയറായും, വിവിധ പ്രാദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിച്ചിരുന്നു. കുറേക്കാലം സമാന്തര കോളേജുകളിൽ അധ്യാപകനായി. പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണു്. അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും, മായാ ജീവിതം, സമകാലം (കഥകൾ) സാമൂഹ്യപാഠം, മഴനനഞ്ഞ ശലഭം, പുളിമധുരം, ഭൂതത്താൻ കുന്നിൽ പൂ പറിക്കാൻ പോയ കുട്ടികൾ (ബാലസാഹിത്യം) ജീവിതത്തോടു ചേർത്തുവെച്ച ചില കാര്യങ്ങൾ (അനുഭവം, ഓർമ്മ) ദൈവമുഖങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ മഴനനഞ്ഞ ശലഭം ഇംഗ്ലീഷിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. അബുദാബി ശക്തി അവാർഡ് (1992) ഭാഷാ പുരസ്ക്കാരം (2003) പി. ടി. ഭാസ്ക്കര പണിക്കർ അവാർഡ് (2014) ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം (2015) സാഹിത്യ അക്കാദമി അവാർഡ് (2018) പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേർസിറ്റി ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് (2017) കണ്ണാടി സാഹിത്യ പുരസ്ക്കാരം (2019) പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാല ശാസ്ത്രസാഹിത്യ അവാർഡ് (2019) എന്നിവ ലഭിച്ചിട്ടുണ്ടു്. കേരള ഫോക് ലോർ അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്ക്കാരം (2020). സമഗ്ര സംഭാവനയ്ക്കുള്ള സതീർത്ഥ്യ പുരസ്ക്കാരം (2020). കേരള സർക്കാർ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ മിഴിവു്-2021 ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ടു്. ഷോർട്ട് ഫിലിം ഡോക്യുമെന്ററി വിഭാഗങ്ങളിലായി പതിനഞ്ചിലേറെ സിനിമകൾ ചെയ്തിട്ടുണ്ടു്.
ഭാര്യ: നിഷ, മക്കൾ: വൈഷ്ണവ്, നന്ദന