പറയുന്നതെന്താണോ അതാണു് നമുക്കു കഥ. കഥ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതിനർത്ഥം നാമിപ്പോഴും ജിവിച്ചിരിക്കുന്നു എന്നാണു്. കഥ ജീവിതത്തിന്റെ മറ്റൊരു വാക്കാണു്. കഥ തന്നെ ജീവിതം എന്നോ ജീവിതം തന്നെ കഥയെന്നോ തിരിച്ചും മറിച്ചും പറയുന്നതു് അതിശയോക്തിയല്ല. കഥയെക്കാൾ വിഭ്രാത്മകവും അമ്പരപ്പിക്കുന്നതുമാണു് പലപ്പോഴും ജീവിതം എന്നു് നമ്മളറിയുന്നുണ്ടു്. ജീവിതത്തെ പലമാതിരിയിൽ ആവിഷ്കരിക്കുമ്പോൾ കഥ ചിലപ്പോൾ നുണയായി തോന്നാം. വെറും തോന്നലല്ല, കല്ലുവെച്ച നുണകൾ തന്നെയാണു് കഥ.
ഭാഷ, ആഖ്യാനം, വിഷയം എന്നിവയിലൊക്കെ പുലർത്തുന്ന മികവിലാണു് കഥയും കഥാകാരനും പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നതു്. പക്ഷേ, വായനക്കാരന്റെ ഹൃദയത്തിൽ കഥ ജീവിക്കുന്നതു് അതവനെ തൊടുമ്പോഴാണു്. പതുക്കെ നേരിയ മുറിവായോ വേദനയായോ മായാത്ത അനുഭൂതിയായോ ഒരു വിങ്ങലായോ അതു് ഇടയ്ക്കിടെ പൊള്ളിക്കുമ്പോൾ, ജീവിത ദർശനത്തിന്റെ പുതിയ വാതിലുകൾ ഓരോ വായനയിലും തുറന്നിടുമ്പോൾ ഒരു കഥ മികച്ച അനുഭവമായി മാറുന്നു. മികച്ച കഥകൾ നമ്മുടെ ഭാഷയിൽ ഒരുപാടുണ്ടാവുന്നുണ്ടു്. മികച്ച അനുഭവം തരുന്ന കഥകളാവട്ടെ വളരെ അപൂർവ്വമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. ഇതൊരു വ്യാജ പ്രസ്താവനയായി വിലയിരുത്തപ്പെടാം. പക്ഷേ, സ്വന്തം ഹൃദയത്തിൽ കൈ ചേർത്തു് കണ്ണടച്ചു് ഒരു നിമിഷം ഓർത്തു നോക്കൂ, സമീപകാലത്തു് ഹൃദയത്തെ സ്പർശിച്ച എത്രകഥകളിലൂടെ കടന്നു പോയിട്ടുണ്ടു് എന്നു്.
വ്യാജ സ്തുതികളിൽ അഭിരമിക്കുന്ന ഒരു കാലത്തു് ജീവിതം പലപ്പോഴും പൊള്ളയായ ഒന്നായി തീരും. ശരികൾക്കു മേൽ കെട്ടുകാഴ്ചകൾ ആധിപത്യം നേടും. അർധ നുണകളും അസത്യങ്ങളും നാടുവാഴും. സത്യാനന്തര കാലത്തിന്റെ (Post truth era) മുഖമുദ്രയാണതു്. രോഗലക്ഷണങ്ങൾ ആദ്യം കണ്ടെത്തുന്നതും ചികിത്സ വിധിക്കുന്നതും എഴുത്തുകാരും സാഹിത്യ കൃതികളുമായിരിക്കും (നാഃനൃഷി കവി). കോവിഡ് ചികിത്സക്കെത്തുന്ന ആരോഗ്യ പ്രവർത്തകർ ആ രോഗത്തിന്റെ പിടിയിലമരുന്നതുപോലെ സത്യാനന്തര കാലത്തിന്റെ ഇരകളായി പിന്നീടു് പലപ്പോഴും എഴുത്തുകാരനും കൃതിയും മാറും.
നല്ല കഥയേതു് നല്ല കവിതയേതു് എന്നു് തിരിച്ചറിയാനാവാത്ത ഒരു വിഭ്രമ സന്ധിയിൽ ചിലരൊക്കെ ചേർന്നു് നമ്മുടെ വായനക്കൂട്ടത്തെ എത്തിച്ചിട്ടുണ്ടു്. പത്രാധിപർ, പ്രസാധകൻ, നിരൂപകൻ, അഭിപ്രായ രൂപീകരണം നടത്താൻ സ്വാധീനമുള്ള മുതിന്ന എഴുത്തുകാർ എന്നിവർക്കൊക്കെ ഇതിൽ പങ്കുണ്ടു്. വായനയുടെ ലോകം വില്പനയുടെ ലോകം കൂടിയായി തീർന്നിട്ടുണ്ടു്. ഏറ്റവും നന്നായി വായിക്കപ്പെട്ടവനല്ല ഏറ്റവും കൂടുതൽ വില്ക്കപ്പെട്ടവനാണു് നല്ല എഴുത്തുകാരൻ എന്ന നിലവന്നു. ഗ്വാ ഗ്വാ വിളിക്കുന്ന രാഷ്ട്രീയ ബോധമില്ലാത്ത അണികളെപ്പോലെ, സാഹിത്യ ബോധമില്ലാത്ത ഒരു കപടവായനക്കൂട്ടവും രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടു്. ഫാൻസ് അസോസിയേഷൻകാരെപ്പോലെ. ഇവരാണു് ചില എഴുത്തുകാരെയും കൃതികളേയും കൊണ്ടു നടക്കുന്നതും പാലഭിഷേകം ചെയ്യുന്നതും.
കഥയിലേക്കു വരാം. ഏറ്റവുമധികം ഇന്നാഘോഷിക്കുന്ന സാഹിത്യരൂപം ചെറുകഥയാണല്ലോ. ചെറു എന്നതു് പേരിലേയുള്ളൂ. പലതും സ്ഥൂലാഖ്യാനങ്ങളാണു്. ദുർമ്മേദസ്സുകൊണ്ടു് ചീർത്തു തടിച്ചു് നീണ്ടിരിക്കുകയാണു് പലതും. ചെറുകഥയുടെ ഈ ലക്ഷണക്കേടാണു് അതിന്റെ സൗന്ദര്യമെന്നു് വാഴ്ത്തുകാർ പാടി നടക്കുന്നുണ്ടു്. വാർപ്പു മാതൃകകളിൽ തന്നെ സാഹിത്യം കറങ്ങണമെന്നു് നിർബ്ബന്ധം പിടിക്കരുതെന്ന് അവർ ഓർമ്മിപ്പിക്കുന്നു. അതു ശരി തന്നെ. കാലാനുസാരിയായ മാറ്റങ്ങൾ സാഹിത്യം ഉൾക്കൊള്ളേണ്ടതുണ്ടു്. അപ്പോഴും നിങ്ങൾ കൊട്ടിഘോഷിക്കുന്ന കഥകൾ പലതും പൂർണ്ണമായും വായിക്കാനാവാതെ, ആദ്യവായനയിൽ തന്നെ തടഞ്ഞുവീണു് പാതി വഴിയിൽ ഉപേക്ഷിക്കുകയാണു് പല വായനക്കാരും ചെയ്യുന്നതു് എന്നറിയുന്നുണ്ടോ…? പുതിയ കഥ വലിയൊരു വിഭാഗം കഥാവായനക്കാരെ വായനയിൽ നിന്നു തന്നെ അകറ്റുന്നു എന്നു് നിരീക്ഷിച്ചിട്ടുണ്ടോ…? ഇല്ലെങ്കിൽ ഒരു കഥാവായന സർവ്വേക്കു് കാലമായി.
മലയാളത്തിൽ ഇന്നാഘോഷിക്കുന്ന ശ്രദ്ധേയരായ, ചെറുപ്പക്കാരായ കഥാകൃത്തുക്കളെ എടുക്കുക. അവരുടെ കഥകൾ ഒന്നുകൂടെ വായിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ മികച്ച രചനകളാണു്. ക്രാഫ്റ്റ്, ഭാഷ, വിഷയ സ്വീകരണം ഒന്നിനൊന്നു് മെച്ചം. ഗവേഷകർക്കും പഠിതാക്കൾക്കും കുശാൽ. ഒരു വെട്ടുപോത്തിനു പിറകെ പായുന്നതു പോലെ കഥക്കു പിറകെ പായാം. പക്ഷേ, നല്ല ഒരു വായനക്കാരൻ തളർന്നു പോവും. അവനെ സംബന്ധിച്ചു് കഥ ഗവേഷിക്കാനുള്ളതല്ലല്ലോ. പഠനം തയ്യാറാക്കാനുള്ളതുമല്ല.
നേരത്തെ മാധവിക്കുട്ടി യേയും പത്മനാഭനേ യും എം. ടി. യേയും ബഷീറി നേയുമൊക്കെ വായിച്ചു ശീലിച്ചവർക്കു് എഴുത്തുകാരെ തിരിച്ചറിയാൻ അവരുടെ രചനകളുടെ ഒരു തുമ്പു് പിടിച്ചാൽ മതിയായിരുന്നു. ഒരു വാക്കിൽ നിന്നു്, രണ്ടു വാക്കുകൾക്കിടയിലെ നിശ്ശബ്ദസ്ഥലികളിൽ നിന്നു് ഇതു് കക്കട്ടിലിന്റെയോ പുനത്തിലിന്റേയോ കഥയെന്നറിയാൻ കഥാപരിചയമുള്ള ഒരാൾക്കു് ബുദ്ധിമുട്ടേയില്ല. ഇന്നിപ്പോൾ മലയാളത്തിലെ ന്യൂജെൻ സംവിധായകർ ഫോർട്ട് കൊച്ചിയിലെ അരികു ജീവിതങ്ങളിൽ സിനിമ പരതുന്നതു പോലെ പുതു കഥാകൃത്തുക്കളും ഒരേയിടങ്ങളിൽ തന്നെ കഥ തിരയുകയാണെന്നു തോന്നുന്നു. ഒരു കഥാകൃത്തിൽ നിന്നും മറ്റൊരാളെ വേറിട്ടറിയാൻ വായനക്കാരനു സാധിക്കുന്നുണ്ടോ. നിങ്ങൾ വായിച്ച പുതു കഥകളിൽ പലതിലും ആവർത്തിച്ചു വന്ന വിഷയങ്ങളും ബിംബങ്ങളും ശ്രദ്ധിച്ചുവോ? അവരുടെ ഭാഷ ശ്രദ്ധിച്ചോ… ഇതൊക്കെ ഒരു പോലെയിരിക്കുന്നുവല്ലോയെന്നു് ഇടയ്ക്കെങ്കിലും തോന്നിയോ…
കുടിയേറ്റം, അറവു്, മാംസം, പോത്തു്, രക്തം, സ്വവർഗ്ഗരതി, പെണ്ണു്, വികൃത ലൈംഗികത, തീട്ടം, കൊല… ഇതാവിഷ്ക്കരിക്കാൻ മല കയറിയോ/ഇറങ്ങിയോ വന്നൊരു ഭാഷയും. ഇപ്പറഞ്ഞതൊന്നും ജീവിതത്തിനു് അന്യമല്ല. സാഹിത്യത്തിൽ ഇതൊന്നും ആവിഷ്കരിക്കുന്നതിൽ തെറ്റുമില്ല. കഥയിലും നോവലിലുമൊക്കെ ഇതിനു മുമ്പേ തന്നെ ഇതൊക്കെ അവതരിപ്പിച്ചിട്ടുമുണ്ടു്. പക്ഷേ, ഇതൊക്കെയുണ്ടെങ്കിലേ പുതുകഥയാവൂ എന്നു് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഈ ചേരുവകളൊക്കെ ചേരുംപടി ചേർന്നാലേ ന്യൂജെൻ കഥയാവൂ എന്നു്. അരികു ജീവിതത്തിനും കുടിയേറ്റ ജീവിതത്തിനും കാട്ടു ജീവിതത്തിനുമപ്പുറവും ജീവിതമില്ലേ.
വായനക്കാരിൽ ജുഗുപ്സയുണ്ടാക്കുകയാണു് പുതുകഥയുടെ ധർമ്മമെന്നു തോന്നും. തീട്ടവും, രതിവൈകൃതങ്ങളും, അറവും, ഇറച്ചിയും, ചോരയും, പാതകങ്ങളും വാരിത്തേച്ചു് ഈ യുവാക്കൾ/യുവതികൾ ഇതാണു് കഥ, കഥയുടെ ഈ നവഭാവുകത്വം ഇങ്ങനെയാണു് എന്നാവർത്തിക്കുന്നതായി തോന്നും ഇവരുടെ ഒരേ ചാലിലുള്ള രചനകൾ കാണുമ്പോൾ. പുതിയ കഥകൾ ഉൾക്കൊള്ളാൻ കഴിയാത്തവർ പഴഞ്ചരും കാലഹരണപ്പെട്ടവരുമാണെന്നു് പ്രഖ്യാപിക്കുന്നിടത്തു നിന്നു് വലിയൊരു കൂട്ടം കഥാവായനക്കാർ പിൻവാങ്ങുന്നതു കാണുന്നുണ്ടോ. ഒന്നോ രണ്ടോ ഖണ്ഡിക വായിച്ചു് കഥയിൽ നിന്നും പിൻവാങ്ങുന്നവരാണു് നവകഥയുടെ ആരാധകരേക്കാൾ പതിൻമടങ്ങുള്ളതു് എന്ന സത്യം തിരിച്ചറിയാതെ പോവരുതു്.
കഥ ചരിത്ര പുസ്തകമല്ല. ദേശ-കാലങ്ങളും അനേകം കഥാപാത്രങ്ങളും സംഭവ പരമ്പരകളും കുത്തി നിറക്കേണ്ട കീറച്ചാക്കുമല്ല. ചരിത്രം പോലും കഥാശരീരത്തിലെ കോശങ്ങൾക്കിടയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒഴുകിപ്പോവേണ്ടുന്ന ഒന്നാണു്. ചെറുകഥയെന്ന നവ സ്ഥൂലാഖ്യാന രചനകളിൽ ഇരവിഴുങ്ങിയ പാമ്പിലെന്നതു പോലെ ചരിത്രം മുഴച്ചു നിൽക്കുന്നു. അതു് ദഹിക്കണമെങ്കിൽ വായനക്കാരൻ എന്തോരം കഷ്ടപ്പെടണമെന്നോ.
ജീവിതത്തിന്റെ ശ്രുതി അതിനെ മുന്നോട്ടു കൊണ്ടു പോകുന്ന നർമ്മബോധമാണു്. കഥയിൽ നിന്നും നർമ്മം കൈവിട്ടു പോയിട്ടു് കാലമെത്രയായെന്നോ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിലും കെ. രഘുനാഥ നിലുമൊക്കെ അതു് വല്ലപ്പോഴും മിന്നിയെങ്കിലായി. ചുറ്റിലും ആർത്തിരമ്പുന്ന ജീവിതത്തിൽ ആസുരത മാത്രമേയുള്ളൂ. നർമ്മമില്ല. പിന്നെങ്ങനെ അതു സാഹിത്യത്തിൽ കാണും എന്നു് വാദത്തിനു വേണമെങ്കിൽ ചോദിക്കാം.
സുഹൃത്തേ, അനുനിമിഷം നിരാശാഭരിതമായിക്കൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തിൽ ഇത്തിരി പ്രത്യാശയും, വല്ലപ്പോഴുമൊന്നു് മനസ്സുതുറന്നു് ചിരിക്കാനുമുള്ള അവസരവും സാഹിത്യ കൃതികൾ ഒരുക്കണം എന്നു് ഒരു കഥാപാഠപുസ്തകത്തിലും എഴുതിവെച്ചിട്ടൊന്നുമില്ല. അപ്പോഴും സാഹിത്യം നിർവ്വഹിക്കേണ്ടതായ ഒന്നുണ്ടു്. കുറെക്കൂടി വിശാലമായ ആകാശങ്ങളിലേക്കു് നമ്മുടെ ആത്മാവിനെയും മനസ്സിനേയും കൊണ്ടു് പറക്കാൻ പാകത്തിൽ ഇടയ്ക്കെങ്കിലും അതു് സന്നദ്ധമാവണം എന്ന സത്യം.
കണ്ണൂർ ജില്ലയിലെ വളപട്ടണത്തു് ജനനം. അച്ഛൻ കെ. നാരായണൻ, അമ്മ ടി. കാർത്യായനി. രാമവിലാസം എൽ. പി. സ്കൂൾ, വളപട്ടണം ഗവ: ഹൈസ്ക്കൂൾ, കണ്ണൂർ എസ്. എൻ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, മാനന്തവാടി ബി. എഡ് സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
കണ്ണൂർ ആകാശവാണിയിൽ പ്രോഗ്രാം കോംപിയറായും, വിവിധ പ്രാദേശിക ചാനലുകളിൽ അവതാരകനായും പ്രവർത്തിച്ചിരുന്നു. കുറേക്കാലം സമാന്തര കോളേജുകളിൽ അധ്യാപകനായി. പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണു്. അദൃശ്യനായ കോമാളി, തീ അണയുന്നില്ല, ബിനാമി, ഒരു ദീർഘദൂര ഓട്ടക്കാരന്റെ ജീവിതത്തിൽ നിന്നും, മായാ ജീവിതം, സമകാലം (കഥകൾ) സാമൂഹ്യപാഠം, മഴനനഞ്ഞ ശലഭം, പുളിമധുരം, ഭൂതത്താൻ കുന്നിൽ പൂ പറിക്കാൻ പോയ കുട്ടികൾ (ബാലസാഹിത്യം) ജീവിതത്തോടു ചേർത്തുവെച്ച ചില കാര്യങ്ങൾ (അനുഭവം, ഓർമ്മ) ദൈവമുഖങ്ങൾ (നാടകം) ‘Ammu and the butterfly’ എന്ന പേരിൽ മഴനനഞ്ഞ ശലഭം ഇംഗ്ലീഷിലേക്കു് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. അബുദാബി ശക്തി അവാർഡ് (1992) ഭാഷാ പുരസ്ക്കാരം (2003) പി. ടി. ഭാസ്ക്കര പണിക്കർ അവാർഡ് (2014) ഭീമ രജതജൂബിലി പ്രത്യേക പുരസ്ക്കാരം (2015) സാഹിത്യ അക്കാദമി അവാർഡ് (2018) പ്രാദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, കേരള സ്റ്റേറ്റ് ബയോഡൈവേർസിറ്റി ബോർഡിന്റെ ഫോട്ടോഗ്രാഫി അവാർഡ് (2017) കണ്ണാടി സാഹിത്യ പുരസ്ക്കാരം (2019) പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാല ശാസ്ത്രസാഹിത്യ അവാർഡ് (2019) എന്നിവ ലഭിച്ചിട്ടുണ്ടു്. കേരള ഫോക് ലോർ അക്കാദമിയുടെ ഡോക്യുമെന്ററി പുരസ്ക്കാരം (2020). സമഗ്ര സംഭാവനയ്ക്കുള്ള സതീർത്ഥ്യ പുരസ്ക്കാരം (2020). കേരള സർക്കാർ പബ്ലിക്ക് റിലേഷൻ വകുപ്പിന്റെ മിഴിവു്-2021 ഷോർട്ട് ഫിലിം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ടു്. ഷോർട്ട് ഫിലിം ഡോക്യുമെന്ററി വിഭാഗങ്ങളിലായി പതിനഞ്ചിലേറെ സിനിമകൾ ചെയ്തിട്ടുണ്ടു്.
ഭാര്യ: നിഷ, മക്കൾ: വൈഷ്ണവ്, നന്ദന