കഴിഞ്ഞപ്രാവശ്യം ഞാൻ കമ്പോസിറ്റർമാരേപ്പറ്റി എഴുതിയതു്. പല അച്ചുനിരത്തുകാർക്കും അത്ര രസിച്ചിട്ടില്ല. ഭാഷാപോഷിണിപത്രാധിപർ മുഖാന്തിരം ഒരു കമ്പോസിറ്റർ എനിക്കയച്ചുതന്ന കത്തു ചുവടെ ചേർക്കുന്നു:
“സർ, നിങ്ങൾ ഞങ്ങളെ ആക്ഷേപിച്ചും, പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും മറ്റും കാണുന്ന തെറ്റുകൾക്കു് മുഴുവൻ ഉത്തരവാദികൾ ഞങ്ങളാണെന്നു സമർത്ഥിച്ചും എഴുതിയിരിക്കുന്നതു കണ്ടു. അതു വലിയ സങ്കടമായിപ്പോയി. ഞങ്ങളുടെ തൊഴിലിനെ ബാധിക്കുന്ന ഒരു പ്രസ്താവന ആരു ചെയ്താലും അതിനെ പ്രതിഷേധിക്കാതിരിക്കുവാൻ നിവൃത്തില്ല. ഇന്നത്തെ തൊഴിലാളി യൂണിയനോ, എസ്. എൻ. ഡി. പി. യോഗമോ പോലെ ഒരു സംഘടന ഞങ്ങൾക്കുമുണ്ടായിരുന്നുവെങ്കിൽ ഈ പ്രസ്താവനയെ എതിർക്കുവാനായി ഞങ്ങൾ മഹായോഗങ്ങൾ കൂടുകയും പ്രതിഷേധനിശ്ചയങ്ങൾ പാസ്സാക്കി അധികൃതസ്ഥാനങ്ങളിൽ അയയ്ക്കുകയും ചെയ്യുമായിരുന്നു. അച്ചടിത്തെറ്റുകൾക്കു പ്രധാനകാരണക്കാർ എഴുത്തുകാരാണു്; അതേ, അതുറപ്പിച്ചു, സർവ്വശക്തികളുമുപയോഗിച്ചു തന്നെ പറയുവാൻ എനിക്കു കഴിയും. അടിസ്ഥാനരഹിതമായി വെറുതെ പറയുന്നതല്ലയിതു്. പല എഴുത്തുകാരുടേയും കൈയക്ഷരം വായിക്കുവാൻ നിവൃത്തിയില്ലാത്തവിധം അത്രമാത്രം ചീത്തയാണു്. കാക്കക്കാലു വരച്ചിരിക്കുകയാണെന്നു തോന്നും. ചിലരുടെ എഴുത്തു് വെറും തലയിലെഴുത്തായിരിക്കും. അങ്ങുമിങ്ങും ചില വരകളും ഒരു ചുറ്റിക്കെട്ടി കൊക്കപ്പുഴുവിന്റെ തലപോലെ ചില അടയാളങ്ങളും മാത്രമെ കാണുകയുള്ളൂ. അതെല്ലാം ഉള്ളതുപോലെ വായിച്ചു് കമ്പോസ് ചെയ്യുകയെന്നുള്ളതു എന്തു് പ്രയാസമാണെന്നു്, ഉപഗുപ്തൻ സാറെ താങ്കൾക്കറിഞ്ഞുകൂടായിരിക്കും. വായിക്കാൻ പാടില്ലാത്ത അക്ഷരവടിവിന്റെ കൂടെ ചില വെട്ടും തിരുത്തലും കൂടിയാകുമ്പോൾ സുമാറായി. ചിലപ്പോൾ ചില അക്ഷരങ്ങൾ കാണുകയേ ഇല്ല. ഇങ്ങനെയുള്ള കൈയെഴുത്തുകൾ വായിച്ചു ചേർക്കുന്ന ഞങ്ങളെപ്പറ്റി ഇത്ര ദയയില്ലാതെ പ്രസ്താവിച്ചതു സങ്കടമായിപ്പോയി… ”
ഈ കത്തിലെ ഓരോ വാക്കും ശരിയാണു്. എന്റെ പ്രസ്താവന വല്ല കമ്പോസിറ്റർമാർക്കും മനോവേദനക്കു കാരണമായിട്ടുണ്ടെങ്കിൽ അതിനു ക്ഷമായാചനം ചെയ്യത്തക്ക ഹൃദയവിശാലത ഉപഗുപ്തനുണ്ടു്.
എഴുത്തുകാർ—സാഹിത്യമെഴുത്തുകാരെയും പത്രമെഴുത്തുകാരെയും മാത്രമാണിവിടെ ഉദ്ദേശിക്കുന്നതു്. അവർ എഴുതിയെഴുതി, കുളിപ്പിച്ച കുളിപ്പിച്ചു കുഞ്ഞില്ലെന്നു പറയുന്ന വിധമായിത്തീർന്നിട്ടുണ്ടു്. മനസ്സിലിരിക്കുന്നതൊന്നു്, എഴുതുന്നതു മറ്റൊന്നു്, വായിക്കേണ്ടതു് വേറൊന്നു്—ഇങ്ങനെയായിട്ടുണ്ടു് ഇവരുടെ എഴുത്തിന്റെ വിശേഷം.
ഉവ്വു്, എനിക്കറിയാം ചില എഴുത്തുകാരെ, എന്റെ സ്വഭാവം എനിക്കുതന്നെ പിടിക്കുകയില്ല എന്നു പറയുന്നവരെക്കാൾ ദയനീയമാണിവരുടെ കാര്യം. എന്തെന്നാൽ അവരുടെ എഴുത്തു് അവർക്കുതന്നെ വായിക്കുവാൻ സാധിക്കുകയില്ലപോലും. ഇന്നിപ്പോൾ പെൻഷൻപറ്റി വിശ്രമിക്കുന്ന ഒരു മാന്യൻ ഒരു വലിയ അച്ചടിശാലയിലേക്കു് ഒരു കത്തയച്ചു. ആ കത്തിലെ നിർദ്ദേശം വായിച്ചു മനസ്സിലാക്കിയപ്പോൾ, കത്തിന്റെ ഉടമസ്ഥനു് ൨൪ റാത്തൽ അക്ഷരയാണികൾ കിട്ടിയപ്പോൾ, ഉദ്യോഗസ്ഥൻ അമ്പരന്നുപോയി. അദ്ദേഹം അതു തിരിയെ കൊടുത്തയച്ചു. ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നതു് ഒരു “ഇരുപത്തിനാലുവൃത്ത”മായിരുന്നു.
വലിയൊരു പണക്കാരൻ അദ്ദേഹത്തിന്റെ മകനു വളരെ അടിയന്തിരമായി ഒരു കത്തയച്ചു. കത്തു വായിച്ച മകൻ രണ്ടു മോട്ടർ വണ്ടികളുമായി പിതൃസവിധത്തിലേക്കു പാഞ്ഞു. അവിടെ ചെന്നപ്പോൾ, “എന്തിനാണു് രണ്ടു കാറുകളും കൊണ്ടു വന്നിരിക്കുന്നതെ”ന്നു് പിതാവു ചോദിച്ചു. “അച്ഛന്റെ എഴുത്തിൽ അങ്ങനെയെഴുതിയിരുന്നല്ലൊ” എന്നു പുത്രൻ മറുപടി പറഞ്ഞു. അച്ഛൻ എഴുത്തു് ആവശ്യപ്പെട്ടു. അതിൽ എഴുതിയിരുന്നതു വളരെ സൂക്ഷിച്ചുവായിച്ചു നോക്കിയപ്പോൾ, രണ്ടുമണിയോടുകൂടിവരണം എന്നാണു് എഴുതിയിരിക്കുന്നതെന്നു മനസ്സിലായി. രണ്ടു മണിയെന്നുള്ളതു് രണ്ടു വണ്ടിയെന്നാണു മകൻ ഗ്രഹിച്ചതു്.
കമ്പോസിറ്റർമാർക്കു് അവരുടെ കയ്യിൽ കിട്ടുന്ന “മാറ്റർ” അതേപടി ചേർക്കണമെന്നാണു അലിഖിതനിയമം. യാതൊന്നും വിട്ടുകളയുവാനോ കൂട്ടിച്ചേർക്കുവാനോ അവർക്കധികാരമില്ല. അതിനാൽ എഴുത്തുകാർ എന്തെഴുതിക്കൊടുക്കുന്നുവോ അതു കമ്പോസ് ചെയ്തു വയ്ക്കുക മാത്രമാണു് അവരുടെ തൊഴിൽ. വല്ലതും വിചാരിച്ചുകൊണ്ടു വല്ലതുമെഴുതുന്ന ചില എഴുത്തുകാരുണ്ടു്. അവരെയാണു് പിശകുകൾക്കു് കുറ്റപ്പെടുത്തേണ്ടതു്. പത്രമെഴുത്തുകാരാണെന്നും പറഞ്ഞു് ഒരു കൂട്ടരുണ്ടു്. അവരുടെ കൈയെഴുത്തു കാണേണ്ടതു തന്നെയാണു്. അവ ചേർക്കുന്ന കമ്പോസിറ്റർമാരെ നമസ്ക്കരിക്കണം.

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണു് ഭാഷാപോഷിണി. ആദ്യ പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിള. 1891 ആഗസ്റ്റ് 29-നു് (കൊല്ലവർഷം 1097 ചിങ്ങമാസം 14-നു്) കോട്ടയത്തുവെച്ചു് മലയാള മനോരമയുടെ സ്ഥാപകപത്രാധിപരായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ഉത്സാഹത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ധ്യക്ഷനായി ‘കവിസമാജം’ എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. കേരളത്തിലെ ആദ്യത്തെ സാഹിത്യസഭയായിരുന്നു ഇതു്. ആദ്യസമ്മേളനത്തിൽ വെച്ചുതന്നെ സംഘടനയുടെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നാക്കി മാറ്റാനും ‘ഭാഷാപോഷിണി’ എന്ന പേരിൽ ഒരു പത്രിക ആരംഭിക്കാനും തീരുമാനമായി. മലയാളത്തിലെ ഗദ്യ സാഹിത്യത്തിന്റെ വികാസത്തിൽ ഭാഷാപോഷിണിക്കു് നിർണ്ണായക പങ്കുണ്ടു്.