മനുഷ്യനെ മഹിതനാക്കുന്നതു് മഹത്തരങ്ങളായ ഗുണങ്ങളാണെങ്കിൽ, സരസകവി എസ്. പത്മനാഭപ്പണിക്കരവർകൾ അക്കാര്യത്തിൽ അപശ്ചിമനായിരുന്നു എന്നു് നിസ്സംശയം പറയാവുന്നതാണു്. അദ്ദേഹത്തിന്റെ ഗുണങ്ങളിൽ അധികഭാഗവും സാഹിത്യലോകവുമായി സംബന്ധപ്പെട്ടവയാണെന്നുള്ളതു് ഒരു പരമാർത്ഥം മാത്രമാണു്. ഇതരവൈഷയികമായ ഗുണങ്ങളുമായി ഒരു ബന്ധവുമില്ലായിരുന്നു എന്നു് ഇതുകൊണ്ടാരും അർത്ഥമാക്കരുതെന്നപേക്ഷ. പരോപകാരതല്പരത സരസകവിയുടെ ജീവിതത്തിലെ ഒരു പ്രധാന ലക്ഷ്യമായിട്ടാണു് തെളിഞ്ഞു കണ്ടിട്ടുള്ളതു്.
വായിൽത്തോന്നിയതൊക്കെയപ്പഴമൊഴി-
ക്കോതയ്ക്കുപാട്ടെന്നപോ-
ലായിത്തീർന്നു നിലത്തെഴുത്തു
കഴിയുംമുമ്പേ കവച്ചീടുവാൻ
സ്ഥായിക്കോർപ്പവരുണ്ടതച്ചിലിടുവാൻ
പത്രങ്ങളുണ്ടാസ്ഥയാ
വായിപ്പാനുമനേകരുണ്ടു
ശരിയാണട്ടയ്ക്കു പൊട്ടക്കുളം
എന്നു് ഒരു കവി സന്ദർഭവശാൽ പറഞ്ഞിട്ടുള്ളപ്രകാരം അചഞ്ചലവും അപേക്ഷിതാവുമായ അഭ്യാസബലംകൂടാതെ കവിതാനിർമ്മാണത്തിനു കച്ചകെട്ടിയിറങ്ങുന്ന കവികിശോരന്മാർക്കു “സരസകവി” ഒരു അഭിലഷണീയമായ അഭയസ്ഥാനമായിരുന്നു എന്നുള്ളതു് ഒരിക്കലും വിസ്മരിക്കുവാൻ പാടുള്ളതല്ല. അക്കൂട്ടർ വല്ലതുമൊക്കെ വായിൽ തോന്നിയതുപോലെ കാട്ടിക്കൂട്ടിയയ്ക്കുന്നതു് സഭ്യവും സമുചിതവുമാക്കിത്തീർക്കുന്നതിനു രാപകലില്ലാതെ പാടുപെട്ടിട്ടുള്ളതോർക്കുമ്പോൾ ഇദ്ദേഹത്തിന്റെ ധർമ്മശീലത്തേയും പരോൽക്കർഷബുദ്ധിയേയും എത്രകണ്ടു പ്രശംസിച്ചാലും മതിയാകുന്നതല്ല കവിതാകാമിനിയിൽ അനാസ്വാദ്യവും അവജ്ഞാജനകവുമായി ഘടിപ്പിച്ചിട്ടുള്ള അർത്ഥാലാകാരാദികൾ മനസ്സുവച്ചു മാറ്റി പ്രതിഷ്ഠിച്ചു് അവലോകനാർഹയോ ആസ്വാദ്യതരയോ ആക്കിത്തീർക്കുവാൻ ചെയ്യുന്ന ശ്രമം, ഗ്രന്ഥകാരന്റെ വകയായി അധികമൊന്നും അവശേഷിക്കാത്ത മട്ടിൽ അവസാനിക്കുന്നതു് അസാധാരണമല്ല. ഈ ശ്രമത്തിനു കൂലിയെന്തായിരുന്നു എന്നു ന്യായമായി ഒരു ചോദ്യമുണ്ടാകുമെങ്കിൽ ചുരുക്കം ചിലരെ സംബന്ധിച്ചിടത്തോളം
ജീവനംകൊള്ളുവാൻ താഴും
ഗ്രഹിച്ചിട്ടുകിളർന്നിടും”
എന്ന മട്ടിൽ ഉത്തരം ലഭിക്കുവാനാണു് മാർഗ്ഗമുണ്ടായിട്ടുള്ളതു്. കവിത തിരുത്തുന്നതിനു കൈക്കൂലിക്കാഗ്രഹിച്ചിട്ടുള്ള ചില കവിശ്രേഷ്ഠന്മാരെ അപേക്ഷിച്ചു് നിഷ്കാമ കർമ്മനിരതനായിരുന്ന ഈ വന്ദ്യപുരുഷന്റെ മാനസിക ഗുണം എത്ര പ്രശംസാർഹമായിരുന്നു എന്നുള്ളതു് പ്രത്യേകം ഓർക്കേണ്ടതാണു്.
സൗമ്യതയും സൗമനസ്യവും തനിക്കു ജന്മസിദ്ധമായിട്ടുള്ള ഗുണങ്ങളാണെങ്കിലും സാഹിത്യസംബന്ധമായ സമരത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുള്ളപ്പോഴെല്ലാം അവയ്ക്കൊരു മാറ്റം സംഭവിക്കുക സാധാരണമായിരുന്നു. ഈ സന്ദർഭമൊഴിച്ചാൽ വിറെന്നുള്ളതു് കഥാപുരുഷനു് വളരെ അപൂർവ്വമായിട്ടേ ഉണ്ടായിക്കണ്ടിട്ടുള്ളൂ. കോളുകൊണ്ട വേമ്പനാട്ടു കായലിനുള്ള ഇളക്കമാണു് എതിരാളികളുമായി നേരിട്ടുമ്പോൾ സരസകവിക്കുണ്ടാകാറുള്ളതു്. തന്റെ ഒരു പ്രധാനകൃതിയായ “കവിരാമായണ”മാണു് സാഹിത്യലോകത്തിൽ പല സംഘട്ടനങ്ങൾക്കും ഇടവരുത്തിട്ടുള്ളതെന്നു് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കവിഭാരതത്തിനുശേഷം ആവിർഭവിച്ച ആ ചെറുകാവ്യം പലരുടെയും നിശിത നിരൂപണങ്ങൾക്കു് വിഷയമായി. അക്കാലത്തു് അസുലഭമല്ലാതിരുന്ന ജാതിപരമായ ഒരു പന്ഥാവിനെ ആശ്രയിച്ചല്ലയോ ആ അനിഷ്ട സംഭവത്തിന്റെ ഉദയമെന്നു് സംശയിക്കുവാൻ ന്യായമുണ്ടു്. ലോകം വളരെ പുരോഗമിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ അതിനെ അപഗ്രഥിച്ചു നോക്കുന്നതു് അനുചിതമാകയാൽ അതിനു തുനിയുന്നില്ല. കവിരാമായണത്തിന്റെ തിരപ്പുറപ്പാടിനെക്കുറിച്ചുള്ള ഒരു മാന്യകവിയുടെ,
ഇതുകൊള്ളാം ചിലരിതിൽ വെ-
ച്ചതിയായ് മുഷിയും ചിലർക്കുമുത്തുണ്ടാം
ഇതിലില്ലാത്തവർ മാന-
ക്കൊതിമൂലം സ്പർദ്ധകാട്ടുവാൻ തുനിയും”
എന്ന ദീർഘദർശനം അചിരേണ അനുഭവിതവ്യമായി. മെസ്സേഴ്സ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ഉള്ളൂർ എസ്. പരമേശ്വരയ്യർ എം. ഏ. ബി. എൽ. എം. ആർ. എ. എസ്., ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ബി. ഏ., അഴകം കുമരത്തു് കരുണാകരൻ നായർ, കെ. രാമകൃഷ്ണപിള്ള ബി. എ. മുതലായി വിലയും നിലയുമുള്ള കവികേസരികളാണു് യുദ്ധസന്നദ്ധരായി സാഹിത്യപ്പോർക്കളത്തിലിറങ്ങിയതു്. ഇവരോടു ഒറ്റയ്ക്കുനിന്നു പൊരുതു ജയിച്ച കവി സാമാന്യനല്ലെന്നു സമ്മതിക്കാത്തവർ അധികം പേരില്ല.
നൂനംശാത്രവനേവനോടു
മൊഴിയാതൊറ്റയ്ക്കെതിർത്തീടിലി-
ങ്ങൂനംവന്നുഭവിക്കുമെന്ന
കഥയെക്കൂടിസ്മരിക്കാതുടൻ
താനേജീവനൊടുങ്ങിലും
രിപുവിനെപ്പായിക്കുവാൻ ചെല്ലുമീ
ഞാനാണദ്ദശവക്ത്രനോടുപടയിൽ
തോറ്റൊരുപക്ഷീശ്വരൻ
കവിരാമായണത്തിൽ തനിക്കു് താൻതന്നെ കൊടുത്തിരിക്കുന്ന ഈ സ്ഥാനത്തിന്റെ സ്വാഭാവമാലോചിക്കുമ്പോൾ പോരാട്ടത്തിലുള്ള തന്റെ മനസ്ഥിതി കരതലാമലകംപോലെ വ്യക്തമാകുന്നതാണല്ലൊ. അപ്രതിരോധ്യനായ ഒരു പോരാളിയുടെ നിലവഹിച്ചുകൊണ്ടു് കുഞ്ഞിക്കുട്ടൻ തമ്പുരാനാകട്ടെ,
ഞാനൊന്നും പറയുന്നതില്ലകവിതാ
സാമർത്ഥ്യമേറും ഭവാൻ
താനൊന്നും പിഴകണ്ടിടാതെ
സരസം നിർമ്മിച്ച രാമായണം
ആനന്ദത്തിനു മൂലമാണു
ചിലതെറ്റോരോ ജനം ചൊൽകിലും
നൂനംദുർഘടമെന്തിതിന്നു
വിലകിട്ടില്ലെന്നു വന്നീടുമോ?”
ഇത്യാദി പരിഹാസഗർഭമായി മലയാളമനോരമയിൽ പ്രസിദ്ധപ്പെടുത്തിയ പദ്യങ്ങൾ “സരസകവി”യുടെ ശാന്തതയേയും ശാലീനതയേയും ധ്വംസിക്കുന്നവയായിരുന്നു എങ്കിലും,
പിഷ്ഠയ്ക്കും കിട്ടുമല്ലോവിലയിതി
സുദൃഢവ്യംഗരൂപേണ കഞ്ഞി-
കട്ടക്ഷോണീന്ദ്ര! രണ്ടാമതുമെഴുതിയ
പദ്യങ്ങളിസ്സാധുകണ്ടു
ഒട്ടുംനന്നല്ലകത്സാതരളഗിരകൾ
വിഖ്യാതേരാം പ്രൗഢവിദ്വൽ
പ്പട്ടം കെട്ടീട്ടിരിക്കും“ദ്രുതകവിമണി”കൾ-
ക്കാർക്കുമെന്നോർക്കവേണം.”
എന്നു് പ്രാസംഗികമായി മറുപടി എഴുതുക മാത്രമാണു ചെയ്തതു്. ചുരുക്കിപ്പറഞ്ഞാൽ കവിരാമായണ കലഹത്തിൽ പ്രതിദ്വന്ദ്വികളായി നിന്നവർ എല്ലാംതന്നെ തത്താദൃശങ്ങളായ പ്രത്യുക്തികൾകൊണ്ടു് തൃപ്തരൊ അതൃപ്തരൊ ആയി മടങ്ങി എന്നുള്ള വാസ്തവം മറച്ചുവെക്കാവുന്നതല്ല.
കേരളവർമ്മ വലിയകോയിത്തമ്പുരാൻ, നടുവത്തഛൻനമ്പൂരി മുതലായ സൽക്കവിമുഖ്യന്മാരുടെ നേരെ സരസകവിക്കുണ്ടായിരുന്ന ഭക്തിബഹുമാനാദരങ്ങളും ആ മഹാനുഭാവന്മാർക്കു ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന നിഷ്കപടമായ വാത്സല്യാതിരേകവും അപരിമേയമായിരുന്നു എന്നുള്ളതിനു വളരെ ദൃഷ്ടാന്തങ്ങളുണ്ടു്.
ഒരിക്കൽ അച്ഛൻ നമ്പൂതിരിയാകട്ടെ പുത്രവിയോഗജന്യമായ അതിരറ്റ ദുഃഖത്തിൽ നിമഗ്നനായിരിക്കവേ, സരസകവി, തന്റെ പ്രിയഭാഗിനേയനായിരുന്ന കുഞ്ഞുശാകരന്റെ അകാലമരണവൃത്താന്തം,
ഉൾത്രാസാലുരൽമദ്ദളത്തിനൊട്ടു
ചെന്നാതങ്കമോതുന്നപോ-
ലത്രേപുത്രശുചാവലഞ്ഞൊരു-
ഭവാനോടീവചസ്സെങ്കിലും
അത്യന്തംവ്യഥയാർന്നുവന്നു
സമസന്താപന്റെ സമ്മേളനം
ചിത്താശ്വാസദമാണുതെല്ലയി!
മഹാവിദ്വന്മാരുത്വന്മണേ!
ഇത്യാദിയായ ചില ശ്ലോകങ്ങൾ വഴിയായി ഭക്തവാത്സല്യപരവശനായ തിരുമേനിയെ അറിയിച്ചപ്പോൾ അദ്ദേഹം മറുപടിയായി ഉടൻ അയച്ച പദ്യങ്ങൾ ഇവിടെ അപ്പടി ഉദ്ധരിക്കുന്നതു് വായനക്കാർക്കു രസപ്രദമായിരിക്കുമെന്നു വിചാരിക്കുന്നു.
കഷ്ടംതാവകഭാഗിനേയചരിതം
കട്ടേട്ടിട്ടുമന്മാനസം
പൊട്ടുന്നൂശരിയല്ലവീണ്ടുമതു
ഞാനോർപ്പിപ്പതെന്നാകിലും
ശിഷ്ടംതെല്ലറിയേണ്ടതുണ്ടതു
നിനച്ചോതുന്നതാണീവിധം
പെട്ടന്നിങ്ങറിവച്ചിടേണമതു
താനുൾത്താരിലത്വാഗ്രഹം.
പി. കുഞ്ഞുശംകരനതെന്നൊരുയോഗ്യനേറെ
ശ്ലോകങ്ങളെന്നരികിലാദ്യമായച്ചിരുന്നു
ഹാ! കഷ്ടമാസുകൃതിയോതകരാറിലായ-
താകുന്നതില്ലവിവരംവഴിപോലെയൊന്നും.
ഇലവംതിട്ടയയത്തിൽ
കലിതനിവാസംനിനയ്ക്കിലെന്നുമയാൾ
ചിലപൊഴുതെഴുതാറുണ്ട-
സ്ഥലമേതാണാളുപാർക്കിലതുതാനോ?
ഔപയികമായി സരസകവിക്കുണ്ടായ തീവ്രവേദന നമ്പൂരിയുടെ കരുണാർദ്രമായ ഹൃദയത്തേയും എത്ര വേദനിപ്പിച്ചു എന്നുള്ളതിനു ഈ പദ്യങ്ങൾ ഉത്തമസാക്ഷ്യം വഹിക്കുന്നുണ്ടു്.
കേരളവർമ്മ വലിയകോയിത്തമ്പുരാനും സരസകവിയുമായുള്ള അഭേദ്യമായ മമതാബന്ധത്തെക്കുറിച്ചു പറവാൻ പലതുമുണ്ടാകും. ഇങ്ങേ അറ്റം ഇദ്ദേഹത്തിന്റെ ഗാർഹിക സംഭവങ്ങൾപോലും മഹാമനസ്കനായ ആ തിരുമേനിയെ അറിയിച്ചുകൊണ്ടാണു് കഴിഞ്ഞിട്ടുള്ളതു്. തനിക്കു കൊതിച്ചിരുന്നൊരു പുത്രനുണ്ടായ കഥ കത്തുമൂലമറിഞ്ഞു് ആഹ്ലാദിച്ച തിരുമനസ്സുകൊണ്ടു് ആശംസാരൂപമായി അയച്ചുകൊടുത്ത ഒരു പദ്യം താഴെ ചേർക്കുന്നു.
ആസുരപ്രകൃതികൾക്കഗമ്യനാം
വാസുദേവഭഗവാൻപ്രസന്നനായ്
ഭാസുരംഗുണഗണംയഥേച്ഛമായ്
വാസുബാലനുവളർത്തിടേണമേ!
തിരുമനസ്സിലെ ആശിസുപോലെ തന്നെ സരസകവിയുടെ പ്രഥമപുത്രനും കോട്ടയം റ്റി. കെ. കിട്ടൻ അവർകൾ എം. എൽ. സി.-യുടെ ജാമാതാവുമായ കളരിവീട്ടിൽ പി. എൻ. വാസുക്കുട്ടി കവിസന്താനമായിത്തന്നെ സൽഗുണസമ്പന്നനും ആയുഷ്മാനുമായി കഴിഞ്ഞുകൂടുന്നു.
മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണു് ഭാഷാപോഷിണി. ആദ്യ പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിള. 1891 ആഗസ്റ്റ് 29-നു് (കൊല്ലവർഷം 1097 ചിങ്ങമാസം 14-നു്) കോട്ടയത്തുവെച്ചു് മലയാള മനോരമയുടെ സ്ഥാപകപത്രാധിപരായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ഉത്സാഹത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ധ്യക്ഷനായി ‘കവിസമാജം’ എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. കേരളത്തിലെ ആദ്യത്തെ സാഹിത്യസഭയായിരുന്നു ഇതു്. ആദ്യസമ്മേളനത്തിൽ വെച്ചുതന്നെ സംഘടനയുടെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നാക്കി മാറ്റാനും ‘ഭാഷാപോഷിണി’ എന്ന പേരിൽ ഒരു പത്രിക ആരംഭിക്കാനും തീരുമാനമായി. മലയാളത്തിലെ ഗദ്യ സാഹിത്യത്തിന്റെ വികാസത്തിൽ ഭാഷാപോഷിണിക്കു് നിർണ്ണായക പങ്കുണ്ടു്.