ലോകചരിത്രത്തേക്കുറിച്ചു നമുക്കു് എന്തെങ്കിലും അറിയാവുന്ന കാലം മുതൽക്കു തന്നെ ബുദ്ധിമാന്മാരും സാരവേദികളും ആയ ആളുകൾക്കു വിദ്യാഭ്യാസത്തിനേക്കുറിച്ചു ബോധപ്പെട്ടിരുന്നതായി കാണാം. ഹിതോപദേശത്തിൽ വിദ്യാധനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി ഇങ്ങനെ പറയുന്നു.
“ന ചോരഹാര്യം നീച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന കരോതി ഭാരം
വ്യയേ കൃതേ വർദ്ധത ഏവ നിത്യം
വിദ്യാധനം സർധനാൽ പ്രധാനം.”

“ഉത്തമജനങ്ങൾക്കു, ലഭ്യങ്ങളായ സകലസാധനങ്ങളിലും വെച്ചു് ഏറ്റവും വിശിഷ്ടമായതു വിദ്യ ആകുന്നു” എന്നു പ്ലേറ്റോ പറഞ്ഞിരിക്കുന്നു. “സകലതിന്മകളുടെയും ഉല്പത്തിസ്ഥാനം അജ്ഞാനം ആകുന്നു” എന്നത്രെ മൊണ്ടെയിനി എന്ന പരിന്ത്രീസു് പണ്ഡിതന്റെ അഭിപ്രായം. അജ്ഞന്മാരുടേയും പ്രജ്ഞന്മാരുടേയും ജീവിതങ്ങളെ തട്ടിച്ചുനോക്കുക. അപ്പോൾ ആദ്യത്തേതു് എത്ര രസശൂന്യമായ ഒന്നാണെന്നു പ്രത്യക്ഷമാകും. വെറും നിത്യതാനിർവ്വഹണത്തിനുള്ള ഒരു മാർഗ്ഗമായിട്ടല്ല മനുഷ്യനു് അറിവു് ആവശ്യമായിരിക്കുന്നതു്, ജീവിതത്തെത്തന്നെ അനുഭവിക്കുന്നതിനുള്ള ഉപകരണമായിട്ടാണു് എന്നുള്ള ഉപദേശം എത്ര വിലയേറിയതാണു്. താൻ ഏറ്റവും ശ്രദ്ധിക്കുന്നതു ജ്ഞാനം സമ്പാദിക്കാനാണു് എന്നു പെറ്ററാർക്കു പറയുന്നു. “അജ്ഞത ഈശ്വരന്റെ ശാപവും ജ്ഞാനം നമുക്കു സ്വർഗ്ഗത്തേയ്ക്കു പറന്നുപോകാനുള്ള ചിറകുകളും ആകുന്നു” എന്നു ഷേക്സ്പീയർ മഹാകവി തന്റെ കഥാപാത്രങ്ങളിൽ ഒരാളെക്കൊണ്ടു് ഒരിടത്തു പറയിച്ചിട്ടുള്ളതു് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം തന്നെ ആയിരിക്കണം.
“ഭാഗ്യവാനവനേവൻ ജ്ഞാനത്തെ കണ്ടെത്തുന്നു
ഭാഗ്യവാനവനേവൻ ജ്ഞാനത്തെ ലഭിക്കുന്നു.
കച്ചോടം ചെയ്യാൻ വെള്ളിസ്സാമാനങ്ങളേക്കാലും
മെച്ചമാം ചരക്കുകൾ ജ്ഞാനസാമാനങ്ങളാം,
വ്യാപാരമതിൽനിന്നും ലഭിക്കും ലാഭമേറ്റം
ശോഭനകനകത്തേക്കാട്ടിലും മെച്ചമത്രെ.
വിദ്യയാം രത്നത്തിന്റെ വിലയേ വിചാരിച്ചാൽ
വൈദ്യുതകാന്തി ചേരും
മാണിക്കം താണേ നിൽക്കും
മനുഷ്യർക്കിച്ഛിക്കുവാൻ കഴിയും വസ്തുവൊന്നു-
മനഘവിദ്യയോടു നിൽക്കില്ല തുലനയിൽ.
വലത്തേക്കരംതന്നിൽ വരമാം ദീർഘായുസ്സു-
മിടത്തേതിലൊ നല്ല മാനവും ധനങ്ങളും
കൈക്കൊണ്ടു വിളങ്ങുന്ന വിദ്യയാം ദേവിതന്റെ
പോക്കുകളെല്ലാമെത്ര മോഹനമാനന്ദദം.
അങ്ങവൾ പോകുംവഴി സർവ്വത്ര സമാധാനം
മംഗലസുഖപൂർണ്ണമായല്ലൊ വന്നീടുന്നു.”
എന്നത്രെ സാളോമൺ പറയുന്നതു്.
“ലോകത്തിൽ പ്രധാനമായതു ജ്ഞാനമാകുന്നു; അതുകൊണ്ടു ജ്ഞാനം സമ്പാദിക്കുക. എന്തു ലഭിച്ചാലും അറിവു ലഭിക്കാൻ നോക്കുക”

ഇങ്ങനെ ഒക്കെയാണെങ്കിലും പൊതുജനങ്ങളുടെ ഇടയിൽ പരക്കെയുണ്ടായിരുന്ന അഭിപ്രായം വിശേഷിച്ചു പെൺകുട്ടികളെ സംബന്ധിച്ചു് ഇതിനു നേരേ വിപരീതമായിരുന്നു. സ്ത്രീകളുടെ ഗ്രന്ഥശാല അവരുടെ മുണ്ടുപെട്ടിയാണെന്നു ജർമ്മൻകാരുടെ ഇടയിലും, സ്ത്രീകളെ നാലു ‘സുവിശേഷങ്ങൾക്കുള്ളിലോ നാലു ചുവരുകൾക്കകത്തോ സൂക്ഷിക്കണം” എന്നു ഫ്രഞ്ചുകാരുടെ ഇടയിലും ഓരോ പഴഞ്ചൊല്ലുകൾ ഉണ്ടു്. പാവപ്പെട്ടവർക്കും കുലീനന്മാർക്കും വിദ്യാഭ്യാസവുമായിട്ടു വല്ലകാര്യവും ഉണ്ടെന്നു വിചാരിച്ചു തുടങ്ങിയിട്ടു വളരെ നാളായില്ല. അതു പുരോഹിതർക്കും സന്യാസിമാർക്കും വേണ്ട ഒരു കാര്യം മാത്രമായിട്ടാണു് വിചാരിക്കപ്പെട്ടു പോന്നിട്ടുള്ളതു്. ഇംഗ്ലീഷിൽ ‘ക്ലാർക്ക്’ എന്ന വാക്കു് ഈ ആശയത്തേയാണു് ദ്യോതിപ്പിക്കുന്നതു്.
എത്രയും ബുദ്ധിമാനും ഗുണവാനും ആയ ഡാക്ടർ ജാണിസൺ തന്നെ, എല്ലാവരും വിദ്യാഭ്യാസം ചെയ്താൽ പിന്നെ ലോകത്തിൽ വേണ്ട കൈവേലകൾ ചെയ്യാൻ ആരെ എങ്കിലും കാണുക അസാധ്യമായിരിക്കും’ എന്നു് ഒരു സ്വതസിദ്ധാർത്ഥമായ തത്വമായി പറഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ വാക്കു സാഹിത്യകാര്യങ്ങളിൽ ഒരു പ്രമാണമായി സ്വീകരിക്കാമെങ്കിലും വേലയുടെ മാഹാത്മ്യത്തേക്കുറിച്ചു് അദ്ദേഹം ഗ്രഹിച്ചിട്ടില്ല.

ഇതു വിദ്യാഭ്യാസചരിത്രത്തിന്റെ ഒരു ഘട്ടമായിരുന്നു. ‘വിദ്യാഭ്യാസകാര്യം ഒരുവന്റെ ജീവിതവൃത്തി ഏതോ അതിനെ ആധാരമാക്കി വേണം നിശ്ചയിക്കാൻ’ എന്നു ജനങ്ങൾ വിചാരിച്ചുതുടങ്ങിയ കാലമാകുന്നു രണ്ടാംഘട്ടം. കുട്ടികൾക്കു നൽകുന്ന വിദ്യാഭ്യാസത്താൽ അവരെ അവരുടെ നിലയിൽനിന്നു് ഉയർത്തിവെക്കാതിരിക്കാൻ കരുതേണ്ടതാവശ്യമാണു്; വായന, കണക്കു, കയ്യെഴുത്തു് ഇതു മൂന്നുമെ പാവപ്പെട്ടവരുടെ കുട്ടികൾക്കു് ആവശ്യമുള്ളൂ. എഴുത്തും വായനയും വ്യാപാരകാര്യങ്ങൾ ഗ്രഹിക്കാനും എഴുത്തുകുത്തുകൾ ചെയ്യാനും കണക്കു, വരവുചെലവു കണക്കുവെക്കാനും അവർക്കു് ആവശ്യമാണല്ലൊ.

വ്യാപാരത്തിന്റെ എല്ലാ ശാഖകളെ സംബന്ധിച്ചും വിദ്യാഭ്യാസത്തേക്കുറിച്ചുള്ള അഭിപ്രായം ഇതായിത്തീർന്നു. എൽഡൻപ്രഭു മന്ദബുദ്ധികളായ ഒരു ബാങ്കുകമ്പനിക്കാരെയാണു് തന്റെ ബാങ്കുകാരായി തിരഞ്ഞെടുത്തതു്. അതിലും മന്ദബുദ്ധികളായി വല്ലവരും ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഇടപാടു് അവരുടെ അടുക്കലേക്കു മാറ്റുമായിരുന്നു എന്നു് അദ്ദേഹം പറകയുണ്ടായിട്ടുണ്ടു്. വ്യാപാരത്തിൽ നിയമിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള കുട്ടികളെ മറ്റൊന്നും പഠിപ്പിച്ചുകൂടാ, എന്നു ഹാസ്ളിറ്റും പറഞ്ഞിട്ടുണ്ടു്. “തന്റെ തലയിൽ മറ്റൊരു വിചാരവും ഇല്ലാത്തവനെ പണമുണ്ടാക്കു” എന്നു് അദ്ദേഹം പറയാറുണ്ടായിരുന്നു.
ഈ അഭിപ്രായപ്രചാരകാലമാണു് രണ്ടാമത്തെ ഘട്ടം.

വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേക്കുറിച്ചു നാം ഇപ്പോൾ വാദിക്കുന്നതു്, അതു ഒരു മനുഷ്യനേ കുറേക്കൂടി നല്ല ഒരു വേലക്കാരനായിട്ടു മാത്രമല്ല, നേരെ മറിച്ചു് ഒരു വേലക്കാരനെ യോഗ്യതയേറിയ മനുഷ്യനാക്കാനായിട്ടു കൂടിയാണു്; എന്നുവെച്ചാൽ വിദ്യാഭ്യാസം തൊഴിലിനു് ആവശ്യമുള്ള അറിവുകൾ മാത്രം നൽകാനായിട്ടല്ല, മനുഷ്യരെ എല്ലാവിധത്തിലും ഉൽകൃഷ്ടരാക്കുന്നതിനു വേണ്ട അറിവുകൾ നൽകാനായിട്ടാകുന്നു. “ഒരു പാഠശാല ആരംഭിക്കുന്ന ആൾ ഒരു കാരാഗൃഹത്തിന്റെ ആവശ്യകതയെ ഇല്ലാതെ ആക്കുന്നു” എന്നുള്ള വിക്ടർ ഹ്യൂഗോ വിന്റെ അഭിപ്രായം എത്ര ശ്രേഷ്ഠമായിട്ടുള്ളതാകുന്നു. സ്വിറ്റ്സർലാണ്ടിലെ ഒരു രാജ്യനീതികുശലൻ ഇങ്ങനെ പറയുന്നു. “ഞങ്ങളുടെ കുട്ടികളിൽ ഏറിയകൂറും ദരിദ്രരാകുന്നു; എന്നാൽ അവർ അജ്ഞാനാന്ധതയിൽ വളരാതിരിക്കാൻ ഞാൻ പ്രത്യേകം കരുതുന്നുണ്ടു്.” ഇംഗ്ലണ്ടിലും ഇപ്പോൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തേക്കുറിച്ചു് അറിവാൻ തുടങ്ങിയിരിക്കുന്നു.

വിദ്യാഭ്യാസത്താലുള്ള സംസ്ക്കാരവും മാധുര്യവും ജ്ഞാനപ്രകാശവും എല്ലാം വെറും ബാഹ്യാഡംബരമാണെന്നു വിചാരിക്കുന്ന വളരെ ആളുകൾ ഇന്നും ഉണ്ടു് എന്നു മാത്യു ആർനാൾഡ് അദ്ദേഹത്തിന്റെ “കൾച്ചർ ആൻഡ് ആനാക്കി ” എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ടു്. എന്നാൽ അദ്ദേഹം ഇങ്ങനെ എഴുതിയതു് 1869-ാം വർഷത്തിലാണു്. ഇപ്പോൾ ആ അവസ്ഥ വളരെ ഭേദപ്പെട്ടുപോയി.
ഇംഗ്ലണ്ടിൽ വിദ്യാഭ്യാസനിയമം 1870-ാമാണ്ടു നടപ്പായി. അന്നു് അവിടെ എലിമെന്ററി പാഠശാലകളിൽ പഠിച്ചിരുന്ന കുട്ടികളുടെ സംഖ്യ എതാണ്ടു പതിന്നാലു ലക്ഷമായിരുന്നു. ഇപ്പോൾ അമ്പതു ലക്ഷത്തിലധികമാണു്. ഇതിന്റെ ഫലമെന്താണെന്നു നോക്കാം. 1877-ാമാണ്ടു വരെ ഇംഗ്ലണ്ടിൽ തടവുകാരുടെ സംഖ്യ ക്രമേണ കൂടിക്കൂടിയാണു് വന്നിരുന്നതു്. ആ ആണ്ടിൽ അതു് ഇരുപതിനായിരത്തി എണ്ണൂറായിരുന്നു. അന്നു മുതൽ അതു മുറയ്ക്കു കുറഞ്ഞു് ഇപ്പോൾ പതിമൂവായിരത്തിൽ താഴയേയുള്ളൂ. ഈ കാലത്തിനിടയിൽ ഇംഗ്ലണ്ടിലെ ജനസംഖ്യ വളരെ മടങ്ങു വർദ്ധിച്ചുവന്നിരുന്നു എന്നുള്ള സംഗതി കൂടി ഓർമ്മിക്കണം. ചെറുപ്പക്കാരായ കുറ്റക്കാരുടെ വിഷയത്തിൽ ഈ കുറവു കുറേക്കൂടി തൃപ്തികരമായതാണു്. 1856-ൽ ശിക്ഷാർഹമായ കുറ്റങ്ങൾ ചെയ്തിട്ടുള്ള കുട്ടികളുടെ തുക പതിന്നാലായിരമായിരുന്നു. അതു് ഇന്നു് അയ്യായിരത്തി ഒരുനൂറിൽ താണു കുറഞ്ഞു. ഇതുപോലെ തന്നെ “പാപ്പർ” ആയ ആളുകളുടെ സംഖ്യയും വളരെ കുറഞ്ഞിട്ടുണ്ടു്.
അതിഹീനങ്ങളായ കുറ്റങ്ങളുടെ സംഖ്യക്കുറവു് ഇതിലും അധികം തൃപ്തികരമാണു്. 1864-മാണ്ടോടു് അവസാനിക്കുന്ന അഞ്ചു കൊല്ലങ്ങളിൽ കഠിനശിക്ഷ വിധിക്കപ്പെട്ട ആളുകളുടെ ശരാശരി സംഖ്യ രണ്ടായിരത്തി എണ്ണൂറായിരുന്നു. ജനസംഖ്യ വളരെ വർദ്ധിച്ചിട്ടുണ്ടെങ്കിലും അതു് ഇന്നു നാലിലൊന്നായി കുറഞ്ഞു. ഇതുകൊണ്ടു, വാസ്തവത്തിൽ ഇംഗ്ലണ്ടിലെ കാരാഗൃഹങ്ങളിൽ എട്ടു് എണ്ണം ആവശ്യമില്ലാതെ വരികയും അവ മറ്റു കാര്യങ്ങൾക്കു് ഉപയോഗിക്കാൻ ലഭിക്കുകയും ചെയ്തു.
കുറ്റങ്ങൾക്കും വിദ്യാഭ്യാസവിഹീനതയ്ക്കും തമ്മിലുള്ള അടുത്ത സംബന്ധം കാണിക്കാൻ ഒരു കണക്കു കൂടി ഇവിടെ കാണിക്കാം. തടവുശിക്ഷ വിധിക്കപ്പെട്ട ഒരുലക്ഷത്തി അമ്പത്തേഴായിരം ആളുകളിൽ അയ്യായിരത്തോളം ആളുകൾക്കു മാത്രമേ എഴുതാനും വായിക്കാനും അറിയാമായിരുന്നുള്ളൂ. വിദ്യാഭ്യാസം ലഭിച്ചവർ എന്നു പറയത്തക്കവണ്ണം ഇരുനൂറ്റമ്പതിലധികം പേർ ആ കൂട്ടത്തിൽ ഇല്ലതാനും.
കാരാഗൃഹങ്ങൾക്കും പോലീസ് ഏർപ്പാടുകൾക്കും വേണ്ടിവരുന്ന ചെലവു, വിദ്യാഭ്യാസവിതരണത്തിൽ ചെലവു വർദ്ധിപ്പിക്കുന്ന പക്ഷം, ക്രമേണ കുറയ്ക്കാവുന്നതാണു്. രണ്ടാമത്തെ ചെലവു, നല്ല വിഷയത്തിൽ, എന്നൊരു ശ്രേഷ്ഠതയ്ക്കു് അർഹവും ആണു്.
അജ്ഞത വിദ്യാഭ്യാസത്തേക്കാൾ അധികച്ചെലവിനു കാരണഭൂതമാണു്. വാസ്തവത്തിൽ ഒരു രാജ്യത്തു നടക്കുന്ന കുറ്റങ്ങളിൽ ഒരു ചെറിയ അംശം മാത്രമേ വിചാരപൂർവ്വമായ ദൗഷ്ട്യത്തിൽനിന്നോ അപ്രതിഹതമായ പ്രലോഭനത്തിൽനിന്നോ ഉണ്ടാകുന്നുള്ളൂ. കുറ്റങ്ങളുടെ പ്രധാനജന്മഭൂമി മദ്യപാനവും അജ്ഞതയും ആകുന്നു. ഇപ്പോൾ ലഭിച്ചിട്ടുള്ള ശ്രേഷ്ഠഫലം കുട്ടികൾ പാഠശാലകളിൽനിന്നു പഠിക്കുന്ന നല്ല കാര്യങ്ങളും ശുചിത്വത്തേയും ശുദ്ധതയേയും എല്ലാ കാര്യങ്ങളിലും രീതിയേയും അനുവർത്തിക്കുകയും ആദരിക്കയും ചെയ്യുന്ന സ്വഭാവവുംകൊണ്ടു മാത്രം ഉണ്ടായതല്ല. നേരെ മറിച്ചു് അവർ തെരുവുകളിൽനിന്നു ദുർഗുണങ്ങളെ അഭ്യസിക്കാതെയിരിക്കയും, കുറ്റക്കാരുടെയും ഒരു ജോലിയും ഇല്ലാതെ അലഞ്ഞുനടക്കുന്നവരുടേയും ഉപദേശങ്ങളിലും ദൃഷ്ടാന്തങ്ങളിലും നിന്നു രക്ഷിക്കപ്പെടുകയും ചെയ്യുന്നതും ഈ ഫലത്തിനു നിദാനമാകുന്നു.
എന്നാൽ വിദ്യാഭ്യാസത്തിനു് ഏറ്റവും ശ്രേഷ്ഠമായ രീതി ഇതുവരെ നാം കണ്ടു പിടിച്ചോ എന്നുള്ളതു് സംശയമാണു്, ജീവിതത്തിൽ നാം കൂടക്കൂടെ ഉത്തരം പറയേണ്ടതായി വരുന്ന മൂന്നു വലിയ ചോദ്യങ്ങൾ ഉണ്ടു്. ശരിയോ, തെറ്റോ; സത്യമോ, അസത്യമോ; നല്ലതോ, ചീത്തയോ; ഇവയാകുന്നു ആ മൂന്നു ചോദ്യങ്ങൾ. നമ്മുടെ വിദ്യാഭ്യാസം ഈ ചോദ്യങ്ങൾക്കുത്തരം പറയാൻ നമ്മേ സഹായിക്കത്തക്കതായിരിക്കണം.
എഴുത്തും വായനയും കണക്കും വ്യാകരണവും പഠിക്കുന്നതു വിദ്യാഭ്യാസമാണെന്നു പറയുന്നതു് ഇലയും പാത്രങ്ങളും ചേർന്നാൽ ഭക്ഷണമായി എന്നു പറയുന്നതുപോലെയാണു്. ഏബ്രഹാം, ഐസക്കു, ജേക്കബ് ഇവർക്കു് എഴുതാനോ വായിക്കാനോ കഴിവില്ലായിരുന്നു; ഒരുപക്ഷേ, ത്രൈരാശികക്കണക്കും അവർ ഗ്രഹിച്ചിട്ടില്ലായിരുന്നുന്നിരിക്കണം. എന്നാൽ അവർ വിദ്വാന്മാരല്ലായിരുന്നു എന്നു പറയാമോ?
പ്രാചീനഭാഷകൾ പഠിക്കുന്നതു് വിദ്യാഭ്യാസത്തിന്റെ മുഖ്യഭാഗങ്ങളിൽ ഒന്നു തന്നെയാണു്. അതു് ഉപേക്ഷിക്കയോ അതിന്റെ വില താഴ്ത്തി പറകയോ ചെയ്യുന്നതു ശുദ്ധയബദ്ധവുമാണു്. എന്നാൽ അതുകൊണ്ടു പൂർണ്ണവിദ്യാഭ്യാസമായി എന്നു വിചാരിക്കുന്നതു തീരെ തെറ്റു തന്നെയാണു് എന്നിട്ടും നമ്മുടെ വിദ്യാഭ്യാസം. ചാറൽസ്ബക്ട്സ്ടൻ പറയുന്നതുപോലെ ഇപ്പോൾ രണ്ടായിരം കൊല്ലങ്ങൾക്കു മുമ്പെ ജീവിച്ചിരുന്ന ആളുകൾ ഉപയോഗിച്ചിരുന്ന വാക്കുകളെ ഉരുവിട്ടു പഠിക്ക മാത്രമാണെന്നു പലരും വിചാരിക്കുന്നു. മറ്റുള്ള വിഷയങ്ങൾ വേണ്ടെന്നുവെക്കുന്നതു് ഒരുവൻ അവന്റെ ഇടത്തുവശത്തെ നോക്കാതെ വലത്തുഭാഗത്തെ മാത്രം രക്ഷിക്കുന്നതുപോലെ ആകുന്നു. എന്നാൽ നമ്മുടെ പ്രാചീനഭാക്ഷാഭ്യസനം തന്നെ വേണ്ടപോലെ ആണോ? കാവ്യങ്ങളിലെ വ്യാകരണകാര്യങ്ങൾക്കായിട്ടാണു് ശ്രദ്ധയിലും സമയത്തിലും അധികം ഭാഗം ഉപയോഗിക്കുന്നതു്. അതിനാൽ ഗ്രന്ഥകാരന്റെ ആശയോദ്ദേശങ്ങളെ മിക്കവാറും ഗ്രഹിക്കാതിരിക്കുന്നു. വ്യാകരണം ശാസ്ത്രങ്ങളുടെ ഒരു ശാഖയാണു്. അതു തന്നെ മിക്കവാറും ശാസ്ത്രീയമായ വിധത്തിലൊ രസകരമായ വിധത്തിലൊ അല്ല പഠിപ്പിക്കാറുള്ളതു്. ഇനിയും ഒന്നു പറയാനുള്ളതു് ഇപ്പോഴത്തെ സമ്പ്രദായത്താൽ വിദ്യാർത്ഥികൾക്കു് ആ ഭാഷകൾ സംസാരിക്കാനുള്ള പാടവം ലഭിക്കുന്നില്ല.
ഈ സമ്പ്രദായം പ്രാചീനഭാഷകളോടു നമുക്കു പ്രണയം തോന്നിക്കുന്നതിനു പര്യാപ്തമാകുന്നില്ല. ഇതു സംബന്ധിച്ചു താക്കറേ എന്ന പ്രസിദ്ധ ആഖ്യായികാകാരന്റെ ഒരു ഫലിതം ഇവിടെ ഉദ്ധരിക്കാം. കാറൺഹിൽ എന്ന സ്ഥലത്തുനിന്നു കയറോ എന്ന സ്ഥലത്തേക്കുള്ള യാത്രയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. “വഴിക്കു ഗ്രീക്കുകാവ്യദേവത എന്റെ അടുക്കൽ വന്നു് ആത്തൻസ് വന്നു കാണാൻ എനിക്കു കൗതുകം ഇല്ലേ എന്നു ചോദിച്ചു. ലോകിയത്തിനടുത്തതല്ലെങ്കിലും സത്യമായി മറുപടി പറയാനാണു് എനിക്കു തോന്നിയതു്. ‘ദേവി, ചെറുപ്പത്തിൽ അവിടുത്തെ സഹവാസം എനിക്കു നൽകപ്പെട്ടതു വളരെ പണിപ്പെടത്തക്കവിധത്തിലും തീരെ രുചികരമായ വിധത്തിലും അല്ലായ്കയാൽ ഈ വയസ്സുകാലത്തു് അവിടുത്തോടു് ഇണങ്ങാൻ എനിക്കു തീരെ മനസ്സു വരുന്നില്ല’ എന്നായിരുന്നു എന്റെ മറുപടി.”
പ്രാചീനഭാഷകൾ പ്രധാനങ്ങളാണെങ്കിലും അവ വിദ്യാഭ്യാസത്തിന്റെ ഒരു വശമത്രേ ആകുന്നുള്ളൂ. വിദ്യാഭ്യാസം മനുഷ്യരുടെ അനുകമ്പയോടു്—അതാവിതു മനുഷ്യനെ മനുഷ്യനോടു സംബന്ധിപ്പിക്കുന്ന വിശാലമായ ചാർച്ചയോടു് അനുബന്ധിച്ചതായിരിക്കണം. പുസ്തകങ്ങൾ ആലോചനയാലും യുക്തിവിചാരണകളാലും ലഭിക്കാവുന്ന സകലസഹായങ്ങളോടു ചേർന്നിട്ടായാലും വിദ്യാഭ്യാസത്തിന്റെ ഒരു അംശത്തേ തരാനേ ശക്തങ്ങളാകും. പുസ്തകങ്ങൾ മാത്രം പഠിച്ചവനും പ്രകൃതിയേക്കുറിച്ചും നാം അധിവസിക്കുന്ന ഭൗതികലോകത്തേക്കുറിച്ചും ഒരു വസ്തു രൂപമില്ലാത്തവനും ആയ ഒരുവൻ എത്ര പഠിത്തം ഉള്ളവനായാലും പ്രാചീനഭാഷകളിൽ എത്ര വലിയ പണ്ഡിതനായാലും അവൻ ഒരു മുറിവിദ്വാൻ മാത്രമാണു്.
നാം ഇപ്പോൾ വിദ്യാഭ്യാസം എന്നു വിളിച്ചുവരുന്നതിൽ അധികം ഭാഗവും പുച്ചെടികൾ വളരുന്നതിനുവേണ്ടി പാക്കുസ്ഥലത്തെ സസ്യവിജ്ഞാനീയം സംബന്ധിച്ച ഒരു ഉപന്യാസം വായിച്ചുകേൾപ്പിക്കുന്നതുപോലെ ആകുന്നു എന്നുള്ള അഭിപ്രായം വളരെ ന്യായമായിട്ടുള്ളതാകുന്നു. നമുക്കു മേൽ വളരെ പഠിക്കാനുണ്ടു്. മുമ്പു പഠിച്ചതിൽ പലതും അഴിച്ചു പഠിക്കാനുമുണ്ടു്. ഇങ്ങനെ പറയുന്നതിൽ ഉപാദ്ധ്യായന്മാരോടു കൃതഘ്നത സൂചിപ്പിക്കയല്ല, അവരുടെ തൊഴിൽപോലെ ഇത്ര പ്രയാസമേറിയതും ശ്രമാവഹമായതും ആയ മറ്റൊരു തൊഴിലും ഇല്ല. കുഞ്ഞുങ്ങളോടു് ഒരുമിച്ചു കളിക്കുന്നതുപോലെ ആഹ്ലാദകരമായി മറ്റൊന്നുമില്ല. എന്നാൽ അവരെ പഠിപ്പിക്കുന്ന കാര്യമോ?—ഇത്ര കഷ്ടപ്പെട്ട ജോലിയും വേറെ ഒന്നും ഇല്ല.
വ്യാകരണവും കണക്കും പഠിപ്പിക്കുന്നതു് ഒരുപക്ഷേ, ഏതാണ്ടു് എളുപ്പമായിട്ടുള്ളതാണു്. “അതെ, അതു് എളുപ്പമായിട്ടുള്ളതു തന്നെ, എന്നാൽ ബാലാത്മാവിനെ സഹായിക്കയും അതിനു കരുത്തു വർദ്ധിപ്പിക്കയും അതിൽ ആശയേയും വിശ്വാസത്തേയും അങ്കുരിപ്പിക്കുകയും അതിനെ പ്രയോജനകരങ്ങളായ മാർഗ്ഗങ്ങളിലേക്കു തെളിക്കയും പുതിയ ചിന്തകളും സ്ഥിരപ്രവൃത്തികളുംകൊണ്ടു പറ്റിയ തോലിയെ വീണ്ടെടുക്കുകയും ചെയ്ക ഒട്ടും എളുപ്പമായ പ്രവൃത്തിയല്ല അതു ദിവ്യരായ ആളുകൾക്കേ സാധിക്കൂ.” എന്നത്രെ എമെഴ്സൻ പറയുന്നതു്.

വിദ്യാഭ്യാസത്തിന്റെ സാക്ഷാൽ ഉദ്ദേശം വക്കീലന്മാരെയോ പുരോഹിതന്മാരേയോ പട്ടാളക്കാരെയോ അദ്ധ്യാപകന്മാരെയോ കൃഷിക്കാരെയോ മറ്റു തൊഴിലാളികളേയൊ സൃഷ്ടിക്കുക അല്ല, മനുഷ്യരെ “മനുഷ്യർ” ആക്കുകയാണു്. “സമാധാനകാലത്തേയും യുദ്ധകാലത്തേയും സ്വകാര്യത്തേയും പൊതുകാര്യത്തേയും സംബന്ധിച്ച എല്ലാ കൃത്യങ്ങളേയും ന്യായതയോടും സാമർത്ഥ്യത്തോടും ഉദാരമനസ്കതയോടും കൂടി നിർവ്വഹിക്കുന്നതിനു് ഒരുവനെ സന്നദ്ധനാക്കുന്നതു യാതൊന്നാണോ അതാണു് പൂർണ്ണവും ഉദാരവുമായ വിദ്യാഭ്യാസം” എന്നാകുന്നു മഹാകവി മിൽടന്റെ അഭിപ്രായം.
ഭൂതാർത്ഥസംഗതികളെ കേവലം വാഗ്വ്യവഹാരങ്ങളാൽ തീരുമാനിക്കാമെന്നു തത്വജ്ഞാനികൾ വിചാരിച്ചുപോന്നു. അതു് അത്ര ആലോചിച്ചിട്ടു ചെയ്തതല്ല എന്നു കാണാം. ഇതിനെ കാണിക്കാൻ പ്ലാട്ടാർക്ക് എന്ന പ്രാചീനപണ്ഡിതൻ “കോഴിയൊ മുട്ടയോ ഏതാണു് മുമ്പെ ഉണ്ടായതു്” എന്ന വിഷയത്തേക്കുറിച്ച നേരമ്പോക്കായി ഒരു വാദപ്രതിവാദം ചെയ്യുന്നുണ്ടു്. അതിലെ വാദമുഖങ്ങളിൽ ഒന്നു് “കോഴിയാണു് മുമ്പെ ഉണ്ടായതു്, എന്തെന്നാൽ ആ കോഴിയുടെ മുട്ട എന്നല്ലാതെ ആ മുട്ടയുടെ കോഴി” എന്നാരും പറയാറില്ല എന്നാകുന്നു.
വിറ്റിയർ പറയുന്നതാവിതു്: “പാറകളിലും വൃക്ഷങ്ങളിലും കായലുകളിലും മലകളിലും ആ അതിദിവ്യതേജോവിശേഷത്തിന്റെ സ്ഥൂലാകൃതിയെ ആരാഞ്ഞു കാണുവാൻ ചിത്രകലാകുശലന്റെ നേത്രങ്ങൾക്കു സൂഷ്മശക്തി നൽകുന്ന മഹിമയേറിയ കുശലതയേക്കുറിച്ചു് അജ്ഞന്മാരായീ വളരാൻ നമ്മുടെ കുട്ടികൾക്കു സംഗതിവരുത്തുന്നതു ശരിയല്ല.”
ആശയങ്ങളെ പലേ പുസ്തകങ്ങളിൽ കണ്ടെടുക്കാമെന്നു വല്ലവരും വിചാരിക്കുന്നുണ്ടെങ്കിൽ ഇച്ഛാഭംഗമായിരിക്കും ഫലം. “ആശയങ്ങളുടെ അധിവാസസ്ഥലങ്ങൾ അരുവികൾ, ഊറ്റുകൾ, പർവ്വതങ്ങൾ, സമുദ്രം, സൂര്യപ്രകാശം, കാറ്റു മുതലായ പ്രകൃതിയുടെ അവയവങ്ങളാകുന്നു” എന്നാണു് ജാഫ്രേസ് പറയുന്നതു്. എന്നാൽ ഭാഗ്യദോഷത്താൽ നദികളും സമുദ്രവും കാടുകളും സൂര്യരശ്മിയും വായുവും നമുക്കു് ഇച്ഛിക്കാവുന്നിടത്തോളം പ്രവേശ്യങ്ങളായിരിക്കുന്നില്ല, എന്നു മാത്രമല്ല പുസ്തകങ്ങളിലും ആശയങ്ങൾ അധിവസിക്കുന്നുണ്ടുതാനും. അതുകൊണ്ടു പുസ്തകങ്ങളെ ഉപയോഗിക്കാതെ നിവൃത്തിയില്ല. എന്നാൽ അതു വിവേകപൂർവ്വം വേണ്ടതാകുന്നു. ഭാഷ നമ്മുടെ അന്തർഗ്ഗതങ്ങളെ വെളിപ്പെടുത്തുന്നതിനു വളരെ അപൂർണ്ണമായ ഒരു ഉപകരണമേ ആകുന്നുള്ളൂ. എല്ലാ കുട്ടിയും പുരുഷത്വം പ്രാപിക്കുന്നില്ല. കണക്കുശാസ്ത്രത്തിലെ തത്വങ്ങളേയും കരുതലോടു കൂടിയേ ഉപയോഗിക്കാവൂ!
പാഠശാല വിട്ടതിനു ശേഷം എതെങ്കിലും ഒരു പദ്ധതി അനുസരിച്ചു സ്വയംവിദ്യാഭ്യാസം ചെയ്യുന്നതിനു് ഇത്ര വളരെ ആളുകൾക്കു കഴിയാതെ പോകുന്നതു ഞാൻ ഇപ്പോൾ സൂചിപ്പിച്ച നമ്മുടെ വിദ്യാഭ്യാസ സംബ്രദായത്തിന്റെ വൈകല്യം മൂലം ആയിരിക്കാം. നാം ആമരണം വിദ്യാഭ്യാസം ചെയ്തുകൊണ്ടാണു് ഇരിക്കുന്നതു് എന്നുള്ളതിനു സംശയം ഇല്ലല്ലൊ. “ജീവിക്ക പഠിക്ക” എന്നാണു് ഒരു പഴയ പഴഞ്ചൊല്ലു പറയുന്നതു്. എന്നാൽ വല്ല വർത്തമാനപ്പത്രങ്ങളിൽനിന്നോ വല്ല കഥാപുസ്തകങ്ങളിൽനിന്നോ ഒരു രീതിയോ നിയമമോ ഇല്ലാതെ അങ്ങുമിങ്ങും നിന്നു യദൃച്ഛയാ ലഭിക്കുന്ന ജ്ഞാനശകലങ്ങൾ മൂലം വിദ്യാഭ്യാസം ചെയ്കയോ അതോ ആത്മപരിശീലനവും വിദ്യാഭ്യാസവും എന്നു ന്യായമായി വിളിക്കപ്പെടാവുന്ന വല്ല ഒരു പദ്ധതിയേയും നാം ശരിയായി അനുവർത്തിക്കയോ വേണ്ടതു് എന്നാകുന്നു ഇവിടെ പ്രതിപാദ്യമായ വിഷയം.

വിദ്യാഭ്യാസം എങ്ങനെ ഇരിക്കണമെന്നുള്ളതിനേക്കുറിച്ചു പ്രൊഫസ്സർ ഹക്സിലിയുടെ അഭിപ്രായം ഇവിടെ പകർത്താം.
“നമ്മുടെ വിദ്യാഭ്യാസം പതിനഞ്ചു പതിനാറു വയസ്സു പ്രായമായ സാധാരണബുദ്ധിശക്തിയുള്ള ഒരു കുട്ടിയെ സ്വന്തഭാഷ തെറ്റുകൂടാതെയും നിഷ്പ്രയാസമായും ശ്രേഷ്ഠഗ്രന്ഥകാരന്മാരുടെ കൃതികൾ പഠിക്കുന്നതിനാൽ ഉളവാകുന്നു് സാഹിത്യാവിഷയകമായി സുഷ്ഠവായ ജ്ഞാനത്തോടു കൂടിയും എഴുതാനും വായിക്കാനും ശക്തനായി തീർക്കുന്നതായിരിക്കണം. ആ വിദ്യാഭ്യാസത്താൽ അവന്നു സ്വരാജ്യചരിത്രത്തോടും മനുഷ്യരുടെ ഇടയിൽ സാമുദായികാവസ്ഥ ഉണ്ടാകുന്നതിനുള്ള മൂലപ്രമാണങ്ങളോടും സാമാന്യമായ പരിചയം ലഭിക്കണം മാനസികശാസ്ത്രത്തിന്റേയും പ്രകൃതിശാസ്ത്രത്തിന്റേയും പ്രധാനതത്വങ്ങളേക്കുറിച്ചു് അറിവുണ്ടാകണം; കണക്കിലേയും ക്ഷേത്രഗണിതത്തിലേയും അദിപാഠങ്ങളിൽ ഒരുവിധം നല്ല ഗ്രാഹ്യം കിട്ടണം. തർക്കശാസ്ത്രവുമായി ഉപദേശമാർഗ്ഗമായിട്ടുള്ളതിനേക്കാൾ ഉദാഹരണമാർഗ്ഗമായിട്ടു പരിചയം സിദ്ധിക്കണം. സംഗീതവും ചിത്രമെഴുത്തും ആയിട്ടും ഏതാണ്ടു പരിചയം സമ്പാദിക്കേണ്ടതും അതു പ്രവൃത്തിക്കു സഹായിക്കുന്നതിനേക്കാൾ മാനസികാനന്ദാനുഭവത്തിനു് ഉതകുന്നതും ആയിരിക്കും.”

ഇങ്ങനെയുള്ള ജ്ഞാനം വളരെ രസകരമായിട്ടുള്ളതു തന്നെയാണു്. “ഞാൻ ഒരു കുട്ടിയായിരുന്ന കാലത്തു മേഘങ്ങളേയും പുല്ലുകളേയും കുറിച്ചു് അറിയണമെന്നും ഇലകൊഴിയും കാലത്തു് ഇലകളുടെ നിറം മാറുന്നതു് എന്താണെന്നു മനസ്സിലാക്കണമെന്നും എനിക്കു മോഹമുണ്ടായി. എറുമ്പുകൾ, തേനീച്ചകൾ, പക്ഷികൾ, തവളകൾ, പുഴുക്കൾ ഇവയെ ഞാൻ സൂഷ്മതയോടെ പരിശോധിച്ചു. ആർക്കും അറിഞ്ഞുകൂടാത്തവയോ എന്തെങ്കിലും ഗ്രഹിക്കുന്നതിനു് ആരും ഒട്ടും ശ്രദ്ധിക്കാത്തവയോ ആയ സംഗതികളെക്കുറിച്ചു ചോദിച്ചു ചോദിച്ചു ഞാൻ ആളുകളെ വളരെ കുഴക്കിയിട്ടുണ്ടു്” എന്നു് ഒരു വലിയ ശരീരശാസ്ത്രജ്ഞനായ ജാൺ ഹണ്ടറേ പ്പോലെ പറയുന്നതിനു കഴിയാൻ ആർക്കാണു് ആഗ്രഹം തോന്നാത്തതു്.
ലാക്ക് എന്ന മഹാൻ വിദ്യാഭ്യാസത്തേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപന്യാസത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു. “പുസ്തകങ്ങളേക്കുറിച്ചു ഞാൻ ഒരു സംഗതിയെ പറയുന്നുള്ളൂ. പുസ്തകപാരായണമല്ല വിദ്യാഭ്യാസത്തിന്റെ പ്രധാനഭാഗം. അതിനോടു യോജിപ്പിക്കേണ്ടതു രണ്ടു കാര്യങ്ങൾ കൂടി ഉണ്ടു്. അവ രണ്ടും നമ്മുടെ ജ്ഞാനാഭിവൃദ്ധിക്കു് ഉതവി ചെയ്യുന്നതിൽ പങ്കാളികൾ ആകുന്നു. അവയിൽ ഒന്നു് ആലോചനയും മറ്റതു വാദപ്രതിവാദവും ആകുന്നു. വായനയിൽനിന്നു കിട്ടുന്ന അറിവുകൾ പാകം ചെയ്യാത്ത തനിഉല്പത്തിവർഗ്ഗങ്ങളേപ്പോലെ ഉള്ളവയാകുന്നു. അവയിൽ പലതും ഉപയോഗമില്ലാത്തവയായി ഉപേക്ഷിക്കപ്പെടേണ്ടതായി വരും. അവയേക്കുറിച്ചു് ആലോചിക്കുന്നതു് വിദ്യാഭ്യാസമഹാഗൃഹത്തിനു് ആ തനിഉല്പത്തിസാധനങ്ങളെ ചെത്തിച്ചേർത്തും കൊത്തി ശരിപ്പെടുത്തിയും ഉപയോഗിക്കുന്നതിനു തക്കതാക്കുകയും സ്നേഹിതന്മാരുമായിട്ടുള്ള സംഭാഷണം ആ ഗൃഹത്തിന്റെ അവയവങ്ങൾ തമ്മിലുള്ള യോജിപ്പിനേയും അനുരൂപ്യത്തേയും നോക്കി അറിയുകയും പണികളുടെ വൈകല്യങ്ങളേയും ഉറപ്പിനേയും പരിശോധിക്കയും പോരാത്തതു കണ്ടുപിടിച്ചു നേരേയാക്കാനുള്ള ഉത്തമമാർഗ്ഗത്തെ കണ്ടുപിടിക്കയും ചെയ്യുന്നതുപോലെ ആകുന്നു. ഇതിന്നു പുറമെ പരമാർത്ഥങ്ങളെ കണ്ടുപിടിച്ചു നമ്മുടെ ഹൃദയങ്ങളിൽ ഉറപ്പിക്കാനും അതു നമ്മേ സഹായിക്കുന്നു.

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണു് ഭാഷാപോഷിണി. ആദ്യ പത്രാധിപർ കണ്ടത്തിൽ വർഗീസ് മാപ്പിള. 1891 ആഗസ്റ്റ് 29-നു് (കൊല്ലവർഷം 1097 ചിങ്ങമാസം 14-നു്) കോട്ടയത്തുവെച്ചു് മലയാള മനോരമയുടെ സ്ഥാപകപത്രാധിപരായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ഉത്സാഹത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ധ്യക്ഷനായി ‘കവിസമാജം’ എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. കേരളത്തിലെ ആദ്യത്തെ സാഹിത്യസഭയായിരുന്നു ഇതു്. ആദ്യസമ്മേളനത്തിൽ വെച്ചുതന്നെ സംഘടനയുടെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നാക്കി മാറ്റാനും ‘ഭാഷാപോഷിണി’ എന്ന പേരിൽ ഒരു പത്രിക ആരംഭിക്കാനും തീരുമാനമായി. മലയാളത്തിലെ ഗദ്യ സാഹിത്യത്തിന്റെ വികാസത്തിൽ ഭാഷാപോഷിണിക്കു് നിർണ്ണായക പങ്കുണ്ടു്.