images/Nystr_Flower-girl.jpg
The flower girl, a painting by Jenny Nyström (1854–1946).
ആദർശ് ഹിന്ദുഹോട്ടൽ
ബിഭൂതി ഭൂഷൺ ബന്ദ്യോപാദ്ധ്യായ (വിവർത്തനം: രവിവർമ്മ)

ബസാറിലെ (റെയിൽവേസ്റ്റേഷനെ ചുറ്റിപ്പറ്റി വളർന്ന വ്യാപാരകേന്ദ്രം) ബേചു ചക്കത്തി (ചക്രവർത്തി) യുടെ ഹോട്ടൽ, റാണാഘാടിലെ ആദിമവും അകൃത്രിമവുമായ ഹിന്ദുഹോട്ടൽ ആണെന്നു് മുൻവശത്തു് വലിയ വലിയ അക്ഷരങ്ങളിൽ എഴുതിവെച്ചിട്ടുള്ളതു നോക്കാതെതന്നെ മിക്കവർക്കും അറിയാം. കഴിഞ്ഞ ഏതാനും കൊല്ലങ്ങൾകൊണ്ടു് റാണാഘാട് റെയിൽ ബസാറിനുണ്ടായ അതിശയിപ്പിക്കുന്ന ഉന്നതിയോടൊപ്പം ഹോട്ടലിന്റെ നിലയും വളരെ മെച്ചപ്പെട്ടു. ഇക്കഴിഞ്ഞ പത്തുവർഷങ്ങൾക്കകം ഹോട്ടലിന്നു് അടച്ചുറപ്പുള്ള ഒരു കെട്ടിടം ഉണ്ടായി. നാലു പാചക ബ്രാഹ്മണർ അടുക്കളപ്പണിയിലെ തിരുതകൃതികാരണം ശ്വാസം വിടാൻപോലും ഞെരുങ്ങിക്കൊണ്ടിരുന്നു. അത്രക്കുണ്ടായിരുന്നു ഊണുകാരുടെ തിരക്കു്.

ബേചു ചക്കത്തി (പ്രായം അൻപതിന്നു മേലെ, കറുത്തുമല്ല, വെളുത്തുമല്ല, തടിച്ചദേഹം, നരയ്ക്കാൻ തുടങ്ങിയ മുടി) ഹോട്ടലിന്നു മുൻവശത്തുള്ള മുറിയിൽ ഒരു ബഞ്ചിൽ മരംകൊണ്ടുള്ള പണപ്പെട്ടിയിൽ കൈമുട്ടൂന്നി ഇരിക്കുന്നു. സമയം പത്തുമണി. ബൻഗാവ് ലെയിനിൽ നിന്നുള്ള ട്രെയിൻ എത്തിയതേയുള്ളു. ചില യാത്രക്കാർ പുറത്തേയ്ക്കുള്ള ഗേറ്റുവഴി നിരത്തിലേക്കിറങ്ങിത്തുടങ്ങിയിരിക്കുന്നു.

ബേചു ചക്കത്തിയുടെ ഹോട്ടലിലെ വേലക്കാരൻ മതി നിരത്തുവക്കത്തു നിന്നുകൊണ്ടു വിളിച്ചുപറയുന്നു—

“ഇവിടെക്കു വരൂ, ബാബു ചൂടുള്ളചോറു്, രസികൻ മീൻകറി, നിരാമിഷ ഭോജനം. ഹിന്ദു ഹോട്ടലാണു ബാബു.”

രണ്ടുപേർ മതിയുടെ പ്രസംഗത്തിൽ ഭ്രമിച്ചു്, അടുത്തുള്ള യദുബാഡുയ്യേ (ബന്ദ്യോപാധ്യായ) യുടെ ഹോട്ടൽക്കാരുടെ വിനയപൂർവമള്ള ക്ഷണം നിരസിച്ചു്, ബേചു ചക്കത്തിയുടെ ഹോട്ടലിലേക്കു കടന്നു.

“ഏയ്, ഭാണ്ഡങ്ങൾ ഇവിടെ വെക്കാം. ലേശം ക്ഷമിക്കണേ, ബാബു, ടിക്കറ്റു വാങ്ങണം ഇവിടെനിന്നു്. ഏതു ക്ലാസ്സിലെ ഊണാണു വേണ്ടതു്? ഫസ്റ്റ് ക്ലാസ്സോ സെക്കന്റ് ക്ലാസ്സോ? ഫസ്റ്റിന്നു് അഞ്ചണ, അതിനല്ലെങ്കിൽ മൂന്നണ.”

ഈ ഹോട്ടലിലെ നിയമം അതാണു്. പണം കൊടുത്തു് ബേചു ചക്കത്തിയുടെ അടുക്കൽനിന്നു് ടിക്കറ്റ് (ഒരു കഷണം കടലാസ്—അതിൽ നമ്പറും ക്ലാസ്സും എഴുതിയിരിക്കും) വാങ്ങി അകത്തേക്കു കടക്കണം. അവിടെ ഒരു പാചക ബ്രാഹ്മണൻ ഇരിക്കുന്നുണ്ടാകും. ഊണുകാരനെ നിർദ്ദിഷ്ടസ്ഥാനത്തു് ഇരുത്തുക—അതാണയാൾക്കു പണി. ഊണിനുള്ള സ്ഥാനം മുളന്തട്ടികകൊണ്ടു് രണ്ടായി പകുത്തിരിക്കുന്നു. അതിന്റെ ഒരു ഭാഗത്തു് ഒന്നാം ക്ലാസ്സുകാർ. മറ്റേതിൽ രണ്ടാംക്ലാസ്സുകാരും. എല്ലാവരും ഊണുകഴിഞ്ഞു പോയാൽ, അയാൾ അവരിൽനിന്നു വാങ്ങിയ ടിക്കറ്റുകൾ ബേചു ചക്കത്തിയെ തിരിച്ചേല്പിക്കും. അതെണ്ണി വരവു തിട്ടപ്പെടുത്തും. അതിൽനിന്നു തന്നെ ബാക്കി എത്ര കറിയും ചോറും ഉണ്ടാവും എന്നും കണക്കാക്കും. പാചക ബ്രാഹ്മണർക്കു് മോഷണത്തിനു് യാതൊരു പഴുതും ഇല്ല.

മതി അകത്തേക്കു കടന്നിട്ടു പറഞ്ഞു:

“ആകെ നാലു പേരായിരുന്നു ഊണുകാർ. രണ്ടുപേർ അവരുടെഅവടേക്കു പൊയ്ക്കളഞ്ഞു.”

ബേചു ചക്കത്തി പറഞ്ഞു: “പൊയ്ക്കോട്ടെ നീ കുറേക്കൂടി അങ്ങോട്ടു നീങ്ങിച്ചെന്നു നിൽക്കു്. ശാന്തിപൂർ വരേണ്ട സമയമായി. ഈ വണ്ടിക്കു് നാലഞ്ചു ശാപ്പാടുകാർ ഉണ്ടാകാതെ വരാറില്ല. അകത്തുചെന്നു് ബ്രാഹ്മണരോടു പറഞ്ഞിട്ടു പോ, ശാന്തിപൂർ വരുന്നതുവരെ വേറെ അരി അടുപ്പത്തിടേണ്ട എന്നു്. തൽക്കാലം ആ ഒരു ചെമ്പു് അരി വെച്ചതുകൊണ്ടു് കഴിച്ചുകൂട്ടട്ടെ.”

ഇതിനിടയ്ക്കു് ഹോട്ടൽ വേലക്കാരി പത്മ അടുക്കലേക്കു ചെന്നു പറഞ്ഞു: “പൈസ വേണം ബാബു, തൈരു വാങ്ങണം.”

ബേചു ചോദിച്ചു: “എന്തിനാണു തൈർ?”

പത്മ ചിരിച്ചുകൊണ്ടു പറഞ്ഞു: “ഒരാൾക്കു ഫസ്റ്റ് ക്ലാസ്സിൽ ഊണു വേണം. പറഞ്ഞയച്ചിരിക്കുന്നു. തൈരുവേണം—പഴം വേണം.”

ബാബു ചോദിച്ചു: “ആരാണു കേൾക്കട്ടെ? പണം തന്നു ഉണ്ണുന്നവൻ തന്നെയല്ലേ?”

“ആണെന്നുതന്നെ വെച്ചോളൂ. പണം രൊക്കം തരും. വെറുതെ വേണ്ട. എന്റെ ആങ്ങളയുടെ മകൻ നാട്ടിൽനിന്നു വരുന്നുണ്ടു്. ശാന്തിപൂർ വണ്ടിക്കു്.”

“വേണ്ട വേണ്ട. അയാൾ പണം തരേണ്ട. ചെറുപ്പക്കാരൻ രണ്ടു ദിവസം താമസിക്കുവാൻ വരുന്നു. അയാൾക്കു ചേറിനു് പണം വാങ്ങുകയോ? തൈരിന്നു പണം കൊണ്ടുപൊയ്കൊള്ളു.”

ബേചു ഇങ്ങനെ ആരോടും ഒരിക്കലും പറയുക പതിവില്ല. എന്നാൽ പത്മയുടെ കാര്യം ഒന്നു വേറെ. വേലക്കാരിയാണെങ്കിലും ഈ ഹോട്ടലിൽ പത്മ പറയുന്ന പടിക്കല്ലാതെ ഒരു കാര്യവും നടക്കില്ല. അതിനെ മറുത്തുപറയാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ഈ പ്രത്യേകത കണ്ടു ചില കുനുഷ്ഠന്മാർ പല അപവാദങ്ങളും പറഞ്ഞു നടക്കുന്നുണ്ടു്. എന്നാൽ അതിനൊക്കെ ചെവി കൊടുക്കാൻ നിന്നാൽ കാര്യങ്ങൾ മുന്നോട്ടു പോവില്ല.

ശാന്തിപൂർ വണ്ടി എത്തിയതിന്റെ ലഹള കേൾക്കാൻ തുടങ്ങി.

വേലക്കാരൻ മതി, ഊണിന്നു് ആളെ പിടിക്കാൻ പുറപ്പെടുകയായിരുന്നു. ബേചു ചക്കത്തി വിളിച്ചു പറഞ്ഞു: “ധാരാളം ശാപ്പാടുകാരെ കൊണ്ടുവരാൻ നിന്നെക്കൊണ്ടു വയ്യെങ്കിൽ നിന്നെ വെച്ചുകൊണ്ടിരിക്കാൻ പ്രയാസമാണു്, പറഞ്ഞേക്കാം. നിന്റെ ശമ്പളച്ചിലവിനുള്ള വകപോലും കിട്ടുകയില്ല എന്നു വെച്ചാൽ വേലക്കാരനെ നിയമിക്കാൻ എന്തിനു മിനക്കെടണം? കഴിഞ്ഞ ആഴ്ച വെറും ഇരുപത്തിമൂന്നുപേരെയാണു് കൊണ്ടുവന്നതു്. ഇതുകൊണ്ടു് ഒരു ഹോട്ടൽ നടത്താനാകുമോ?”

വേലക്കാരി പത്മ പറഞ്ഞു: “നിങ്ങടെ ഈ ‘പണം… പണം’ എന്നുള്ള മുറവിളി കേട്ടു മടുത്തു. മൂന്നണയ്ക്കുപകരം പതിന്നാലു പൈസാ (മൂന്നര അണ) യാക്കു. ഒന്നാം ക്ലാസ്സ് വേണ്ടെന്നു വെക്കൂ. അല്ലെങ്കിൽത്തന്നെ എത്ര പേരുണ്ടു് ഈ ഒന്നാം ക്ലാസ്സുകാർ. ഒന്നു കേൾക്കട്ടെ. യദുബാഡുയ്യേയുടെ ഹോട്ടലിൽ റേറ്റ് കുറച്ചുവെന്നു കേട്ടു…”

ബേചു പറഞ്ഞു: “അരുതു്. അരുതു്. കുറച്ചു പതുക്കെ പറഞ്ഞു കൂടേ നിനക്കു്. വല്ലവരും കേട്ടുപോയാൽ ഇപ്പോൾ തന്നെ…”

ഇതിനിടക്കു് ആറു് ഊണുകാരെ പിടികൂടിക്കൊണ്ടു് മതി തിരിച്ചെത്തി.

ബേചു പറഞ്ഞു: “വരു ബാബു, ഭാണ്ഡം ഇവിടെയിരുന്നോട്ടെ. ബാബുമാർ ഏതു ക്ലാസ്സിലാണു് ഊണു കഴിക്കുക? അഞ്ചണയും മൂന്നണയും.”

ഒരാൾ പറഞ്ഞു: “നിങ്ങളുടെ ആ അരിവെപ്പുകാരൻ ബ്രാഹ്മണൻ എങ്ങും പൊയ്ക്കളഞ്ഞില്ലല്ലോ? അയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണു് ഇവിടെത്തന്നെ വന്നതു്. കഴിഞ്ഞ കുറി ഇവിടെവന്നു ഉണ്ടിട്ടുപോയതിന്റെ രുചി മറക്കാൻ കഴിയുന്നില്ല. ഇറച്ചി ഉണ്ടാവില്ലേ?”

“ഇല്ല ബാബു, ഇറച്ചി പാകം ചെയ്തിട്ടില്ല. പതിവില്ല, എങ്കിലും ആർഡർ തരികയാണെങ്കിൽ വൈകുന്നേരത്തേക്കു്…”

അയാൾ പറഞ്ഞു: “ഞങ്ങൾ കോടതിയിൽ ഒരു നമ്പർ പ്രമാണിച്ചുവന്നവരാണു്. പരദേവതമാരുടെ കൃപാകടാക്ഷങ്ങൾകൊണ്ടു് ജയിച്ചാൽ ഇന്നു് ഹോട്ടലിൽത്തന്നെ വേണ്ടിവരും താമസം, നാളെ വക്കീലിന്റെ ഓഫീസ്സിൽ പോയിട്ടു കാര്യങ്ങളുണ്ടു്. അങ്ങിനെയാണെങ്കിൽ വൈകുന്നേരം മൂന്നു സേർ ഇറച്ചി ആവശ്യമായിവരും. പക്ഷേ, മുമ്പു പറഞ്ഞ ആ ബ്രാഹ്മണൻ തന്നെ വേണം പാകപ്പെടുത്തിത്തരുവാൻ. ഇല്ലെങ്കിൽ വേറെ വല്ലിടത്തും ഞങ്ങൾ നോക്കിക്കൊള്ളാം.”

അവർ ടിക്കറ്റു വാങ്ങി ഭക്ഷണത്തിനുള്ള മുറിയിലേക്കു പോയപ്പോൾ പത്മ പറഞ്ഞു: “ആ വർക്കത്തുകെട്ട മനുഷ്യൻ ഇതൊന്നും കേൾക്കണ്ട. എന്തു കണ്ടിട്ടാണാവോ ഇവറ്റ ആ മനുഷ്യന്റെ ദേഹണ്ണത്തെ ഇത്രക്കൊക്കെ വാഴ്ത്തുന്നതു്… ബഹുകേമം തന്നെ.”

ബേചു പറഞ്ഞു: “അകത്തു ചെന്നു് ടിക്കറ്റുകൾ എടുത്തുകൊണ്ടു വരൂ. ഇതേവരെയുള്ള കണക്കു തീർത്തു വെക്കട്ടെ. ഇനി വണ്ടിയും ഇല്ല.—ഒരു മണിക്കുള്ള മുഡോഗാഛാ ലോക്കൽ മാത്രം.”

പത്മ ചോദിച്ചു: “എന്തേ? ആസ്സാം മെയിലില്ലേ?”

ആസ്സാം മെയിലിന്നു് ഹോട്ടൽ ഭക്ഷണക്കാർ അധികമുണ്ടാകില്ല. പണ്ടു് എട്ടോ പത്തോ പേർ ആ മെയിലിന്നും ഉണ്ടാകാറുണ്ടായിരുന്നു. എന്തായിപ്പോയിട്ടാണാവോ ബജാറിന്നു് ഇങ്ങിനെയൊരു ഗതികേടു്.

പത്മ അകത്തുചെന്നു് പാചകബ്രാഹ്മണന്റെ കയ്യിൽനിന്നു് ടിക്കറ്റുകൾ വാങ്ങിക്കൊണ്ടുവന്നിട്ടു പറഞ്ഞു: “കേട്ടില്ലേ പറയുന്നതു്?ഫസ്റ്റ് ക്ലാസ്സുകാർക്കുള്ള പരിപ്പുകറി മുഴുവൻ തീർന്നത്രേ. ഹാജാരി ബ്രാഹ്മണന്റെ പണി. മറുവശത്തോ? ഇപ്പോൾ വന്ന കൂട്ടർ ആ മനുഷ്യനെ സ്വർഗ്ഗംവരെയെടുത്തുപൊക്കി—നിങ്ങൾ, അതുണ്ടാക്കൂ—നിങ്ങൾ ഇതുണ്ടാക്കൂ, മറ്റേതു പാകം ചെയ്യൂ—മറിച്ചതു ചമച്ചുതരൂ—എന്തൊരു അശ്രീകരം പിടിച്ച ഏർപ്പാടു്, കണ്ടു നിൽക്കവയ്യ. അതുകൊണ്ടു് പറയുകയാണു്, അതല്ല, ഇനിയിപ്പോൾ പരിപ്പിനു് എന്തുകാട്ടും?”

“എത്രയുണ്ടു് പരിപ്പുകറി ബാക്കി… നോക്കിയില്ലേ?”

“ഒരുതുള്ളി. കഷ്ടിച്ചു തുടച്ചെടുത്താൽ മൂന്നുപേർക്കു മതിയായി എന്നുവരാം.”

“എത്ര പേർക്കുള്ള പരിപ്പു കൊടുത്തിരുന്നു?”

“പത്തു പേർക്കു വേണ്ട ചെറുപയറ്റിൻ പരിപ്പു് ഒന്നാം ക്ലാസ്സുകാർക്കു മുഡിഘണ്ഡ (മീൻതലക്കറി) യുണ്ടാക്കാൻ കൊടുത്തു. രണ്ടാം ക്ലാസ്സിൽ മുപ്പതു പേർക്കുള്ള കറിക്കു് മലങ്കടല—വെൺകടലപ്പരിപ്പുകൾ—കൂട്ടിച്ചേർത്തുകൊടുത്തു. ഹാജാരി ഠാക്കുറിനെ വിളിക്കൂ…” (പാചകബ്രാഹ്മണനെ ഠാക്കുർ എന്നു വിളിക്കുന്നു.)

ദാസി പത്മ ഹാജാരി ഠാക്കുറിനെ കൂട്ടിക്കൊണ്ടുവന്നു.

ഠാക്കുറിനു വയസ്സു നാല്പത്തഞ്ചു-നാല്പത്താറു്. തടിക്കാത്ത ദേഹം. ആൾ ശുദ്ധനാണെന്നു് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം.

ബേചു ചക്കത്തി ചോദിച്ചു: “ഹാജാരി, പരിപ്പൊക്കെ എവിടെപ്പോയി?”

ഹാജാരി ഠാക്കുർ പറഞ്ഞു: “അതു് എങ്ങനെ പറയാൻ ആവും ബാബു… ഊണുകാർക്കു് പതിവുപോലെയല്ലാതെ അധികം വിളമ്പിയിട്ടില്ല, കുറവു കണ്ടാൽ എന്നെക്കൊണ്ടെന്തുചെയ്യാനാവും, കേൾക്കട്ടെ.”

ദാസി പത്മ അയാളെ തട്ടിക്കേറി: “നിങ്ങളുടെഉള്ളിൽ നിറയെ തെമ്മാടിത്തമേയുള്ളു. ഠാക്കുർ, മുമ്പു് ഉണ്ണാൻ വന്നവരുടെ മുഖസ്തുതി കേട്ടു ഞെളിഞ്ഞു് നിങ്ങൾ മൂഡിഘണ്ഡ മുഴുവൻ കോരി വിളമ്പിയതാണു്. എനിക്കറിയാം അസ്സലായിട്ടു്. പത്തിരുപതു പൈസ ബക്ഷിഷും തന്നിട്ടുണ്ടാവും എനിക്കുറപ്പുണ്ടു്.”

ഹാജാരി പറഞ്ഞു: “ഈ ഹോട്ടലിൽ എത്രബക്ഷിഷ് കിട്ടാറുണ്ടെന്നു് നിങ്ങൾ കാണാറുള്ളതാണല്ലോ, പത്മയേടത്തി… ഒരു ബീഡിപോലും ആരെങ്കിലും തന്നിട്ടുണ്ടോ? ആറിച്ചില്വാനം വർഷമായില്ലേ ഞാനിവിടെ പണിയെടുക്കുന്നു? നിങ്ങൾ ഞാനെപ്പോഴും സമ്മാനം വാങ്ങുന്നതേ കാണാറുള്ളു.”

പത്മ പറഞ്ഞു: “മുഖത്തുനോക്കി എന്നോടു തർക്കുത്തരം പറയാൻ വരണ്ട… പറഞ്ഞേക്കാം. പത്മ ഉള്ളതു പറയുമ്പോൾ ആരെയും പേടിച്ചുനിൽക്കാറില്ല. ആ തരക്കാരിപ്പെണ്ണായിക്കൂട്ടണ്ട എന്നെ. ഒന്നാം ക്ലാസ്സിലെ ഊണുകാർ ദുർഗ്ഗാപൂജക്കാലത്തു് നിങ്ങൾക്കു് ഒരു ഗെഞ്ജി (കുപ്പായം) വാങ്ങിത്തന്നെന്നു് സമ്മതിക്കുന്നുണ്ടോ?”

“ഹൗ… വലിയൊരു ഗെഞ്ജി—പഴയ ഒരു കുപ്പായം—അങ്ങിനെയാണു വാങ്ങിത്തന്നുവെന്നു പറഞ്ഞു കൊണ്ടുവരുന്നതു്.”

ബേചുപറഞ്ഞു: “പോക പോക. വേണ്ടാത്ത ഓരോ അധികപ്രസംഗങ്ങൾ പറയുന്നതു് മതിയാക്കു, ഠാക്കുർ. കൂടുതൽ ആളുകൾ ഇനി ഇന്നു് ഉണ്ണാൻ വന്നാൽ അവർക്കുവേണ്ട പരിപ്പിന്റെ വില നിങ്ങളുടെ ശമ്പളത്തിൽനിന്നു് ഈടാക്കും.”

“എന്തിനു് ബാബു. ഇതിൽ എന്റെ കുറ്റം എന്താണു്? പത്മയേടത്തി എട്ടുപേർക്കുള്ള പരിപ്പാണു് അളന്നുതന്നിരുന്നതു്. അതുകൊണ്ടു് പതിനൊന്നുപേർ ഊണുകഴിച്ചു.”

ദാസി പത്മ ഇതുകേട്ടു് ഹാജാരി ഠാക്കുറിന്റെ മുമ്പിൽത്തന്നെ ചെന്നു നിന്നു്, കണ്ണുകൾ ചുവപ്പിച്ചു് ഭാവത്തിനൊത്തു കൈകളും മുഖവും ഇളക്കിക്കൊണ്ടു പറഞ്ഞു: “എട്ടുപേർക്കുള്ളതേ തന്നിരുന്നുള്ളുവെന്നോ? നീചൻ… തെമ്മാടി… കഞ്ചാവു കുടിയൻ, പത്തു പേർക്കു പത്തിൽ പകുതി അഞ്ചുപോയ (കാൽസേറിന്റെ അളവു്) പരിപ്പു് ഈ ഞാനല്ലേ മുമ്പിൽവെച്ചു് അളന്നുതന്നതു്?”

ഹാജാരി ഠാക്കുറിന്നു് ഇതിനു തക്ക മറുപടി പറയാൻ ധൈര്യം വന്നില്ല.

ദാസി പത്മ അത്ര ക്ഷണം വിട്ടുകൊടുക്കുന്നവളല്ല. എന്നാൽ ഇതിനിടയ്ക്കു് ചിലർ ഉണ്ണാൻ എത്തിയതു കണ്ടു് അവൾ പറയാൻ പുറപ്പെട്ടതു വേണ്ടെന്നുവെച്ചു് അകത്തേക്കു പോയി. ഹാജാരി ഠാക്കുറും പിന്നെ അവിടെ നിന്നില്ല.

സമയം രണ്ടരമണി.

ആസ്സാം മെയിൽവന്നു കടന്നുപോയിട്ടു കുറേ നേരമായി.

ഹാജാരി ഠാക്കുർ ഒറ്റയ്ക്കു് ഭക്ഷണമുറിയിൽ ഉണ്ണുവാനിരുന്നു. വലിയ ചെമ്പുപാത്രത്തിൽ രണ്ടുവറ്റു ചോറു്. കടാഹത്തിൽ ലേശം പറ്റിപ്പിടിച്ചു കിടക്കുന്ന കൂട്ടാൻ. ശേഷിച്ചിരുന്ന പരിപ്പും മീനും പത്മയുടെ പാതാളംപോലുള്ള കിണ്ണത്തിൽ വടിച്ചു പകർന്നുകൊടുത്തു. അവൾ നിത്യവും ഒന്നരമണിയടിച്ചാൽ മടപ്പള്ളിയിൽ ബാക്കിവരുന്ന മീനും പരിപ്പും പച്ചക്കറിയും അവളുടെ വീട്ടിലേക്കു കൊണ്ടുപോകും. വെച്ചുവിളമ്പുന്നവന്നു് വല്ലതും ബാക്കിയുണ്ടെങ്കിലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം.

ഇനിയുമൊരു പാചകബ്രാഹ്മണനുള്ളതു് ഒറീസ്സാക്കാരൻ. അയാളുടെ പേർ രതൻ ഠാക്കുർ. അയാൾ ഹോട്ടലിൽ ഇരുന്നു് ഉണ്ണുക പതിവില്ല. അടുത്തുതന്നെ വീടു്. അയാൾ സ്വന്തം ഓഹരി വീട്ടിലേക്കു കൊണ്ടുപോകും. ഹാജാരിക്കു് ഇവിടെ ആരുമില്ല. ഹോട്ടലിൽതന്നെ താമസം. എന്നും അയാൾക്കു് ഇങ്ങനെതന്നെ തലയിലെഴുത്തു്. വെറും വയറോടെ രണ്ടരമണിവരെ എല്ലുമുറിയെ അധ്വാനിച്ചുകഴിഞ്ഞു് കിട്ടുന്നതു് രണ്ടുവറ്റു് ഉണങ്ങിപ്പിടിച്ച ചോറു്. ചിലദിവസം ഒരു കയിൽ പരിപ്പു്. അതില്ലാത്ത നാളുകൾ തന്നെ അധികവും. ചെമ്പിൽ ചോറു് അധികം കണ്ടാൽ ദാസി പത്മ പറയും—ആരുണ്ണാനാണു് ഇത്ര വളരെ ചോറു്? മൂന്നുപേർക്കു് കൊറ്റിനു മതിയാവും എന്റെ കിണ്ണത്തിലേക്കു് രണ്ടു ചട്ടുകം കൂടി ഇട്ടുതരൂ…

ഹാജാരി ഠാക്കുർ ഉണ്ണാനിരിക്കുമ്പോൾ വിചാരിക്കാറുണ്ടു്—രണ്ടു ചട്ടുകം കൂടി ഉണ്ടായിരുന്നെങ്കിൽ… പുളി തിരുമ്മിയെങ്കിലും ഉണ്ണാമായിരുന്നു. ഈ പത്മ എന്തൊരു മര്യാദകെട്ട പെണ്ണാണെന്നു നോക്കു. ഒരാൾ വയറു നിറയെ ഉണ്ണുന്നതും കണ്ടുകൂടാ. യദുബാഡുവായ്യേയുടെ ഹോട്ടലിലെ പാചക ബ്രാഹ്മണൻ പതിനൊന്നു മണിക്കു് ഒരു കിണ്ണം നിറയെ ചോറു ഭക്ഷിക്കും. ഇവിടെ അതിനു യോഗമുണ്ടാകുമോ എന്നെങ്കിലും? കൊള്ളാം ഗൃഹനായകനു ചേർന്ന ഗൃഹിണി. (പത്മയെ ഉള്ളാലെ ഗൃഹിണി എന്നു വിളിക്കുമ്പോൾ അയാൾക്കു് പ്രത്യേക ഒരു സുഖം തോന്നാറുണ്ടു്. വായ തുറന്നു് പറയവയ്യാത്തതു് മനസ്സിൽ പറഞ്ഞാൽ കുറച്ചു് ആശ്വാസം തോന്നും).

ആഹാരത്തിനുശേഷം രണ്ടു മണിക്കൂർ മാത്രം ഇടവേള.

വീണ്ടും അഞ്ചുമണിക്കു് ചെമ്പു് അടുപ്പത്തു് കയറ്റണം.

രതൻ ഠാക്കുർ ആ സമയം വീട്ടിൽ കിടന്നു കൂർക്കം വലിക്കയാവും. എന്നാൽ ഹാജാരി ഠാക്കുർ ചൂർണ്ണി നദിയുടെ തീരത്തുള്ള ദേവാലയത്തിലോ രാധാവല്ലഭതലയിലെ കളിത്തട്ടിലോ ചെന്നിരുന്നു് സമയം കളയും. ഒറ്റക്കിരുന്നു്, ഉറങ്ങാതെ സമയം കളഞ്ഞിരുന്നതു് വെറുതെയല്ല. അയാൾക്കു് മനോരാജ്യത്തിനുള്ള സമയമാണു് അതു്. വിജനമായ ഒരിടത്തിരുന്നു് ചിന്തിക്കുവാൻ മറ്റൊരു സമയം കിട്ടിയിരുന്നില്ല. സന്ധ്യക്കു് ഏഴുവരെ അടുക്കളപ്പണി. അതുകഴിഞ്ഞാൽ പതിനൊന്നുവരെ ഊണുകാർക്കു വിളമ്പിക്കൊടുക്കൽ. അയാളുടെ ഊണു കഴിയുമ്പോഴേക്കു മണി പന്ത്രണ്ടു്. പിന്നെ യജമാനനെ അരിയുടേയും കറിയുടേയും കണക്കു പറഞ്ഞു ബോധ്യപ്പെടുത്തൽ. ഒരു മണിക്കപ്പുറം ഉറങ്ങാൻ നോക്കണ്ട. പിന്നെ രണ്ടു വിനാഴിക ഒരിടത്തു കുത്തിയിരുന്നു ആകാശക്കോട്ട കെട്ടുവാൻ എവിടെ സമയം? ചൂർണ്ണി നദിയുടെ തീരം അയാൾക്കു പിടിച്ചു.

മറുകരെ ശാന്തിപുരിലേക്കുള്ള നിരപ്പില്ലാത്ത നിരത്തു്. വളവരയുള്ള ഒരു വഞ്ചിയിൽ ചിലർ അക്കരെക്കു പോകുന്നു. ഗ്രാമത്തിലെ മുളങ്കൂട്ടം, ശാല്മലീ വൃക്ഷം, വയൽ, വാഴത്തോപ്പുകൾ, ആവണക്കിൻ ചെടികൾ പിടിപ്പിച്ചു വേലി വളച്ചുകെട്ടിയ ഗൃഹസ്ഥഭവനങ്ങൾ.

ഹാജാരി ഠാക്കൂർ ഒരു ബീഡി കത്തിച്ചു വിചാരം തുടങ്ങി.

അഞ്ചുവർഷങ്ങൾ കഴിഞ്ഞു ബേചു ചക്കത്തിയുടെ ഹോട്ടലിൽ ചെന്നു കൂടിയിട്ടു്. ആദ്യമായി റാണാഘാട്ടിലെ ഹോട്ടലിൽ ചെന്നുകയറിയ ദിവസം അയാൾ ഇപ്പോഴും ഓർക്കുന്നു. ഗാംനാപുരിൽനിന്നും റാണാഘാട്ടിൽ എത്തിയ ഉടൻ അയാൾ നേരെ ബേച്ചുചക്കത്തിയുടെ ഹോട്ടലിൽ ആയിരുന്നു കയറിച്ചെന്നതു് ജോലിയന്വേഷിച്ചു്.

യജമാനൻ മുൻവശത്തുതന്നെ ഇരുന്നിരുന്നു. ചോദിച്ചു: “എന്തുവേണം?”

ഹാജാരി പറഞ്ഞു: “അതോ ബാബു, പാചകവൃത്തി ചെയ്യുന്ന ബ്രാഹ്മണനാണു്. പണിയന്വേഷിച്ചു നടക്കുന്നു. ഇവിടെ വല്ലതും ഒഴിവുണ്ടോ ആവോ.”

“എന്താണു നിന്റെ പേർ?”

“അതോ, ഹാജാരി ദേവശർമ്മ ഉപാധി ചക്രവർത്തി.” ഇങ്ങിനെ വേണം പേർ പറയാൻ എന്നു് ഹാജാരിയുടെ ദേഹണ്ണക്കാരൻ അച്ഛൻ പഠിപ്പിച്ചിട്ടാണു പോയതു്.

“വീടെവിടെ?”

“ഗാംനാപൂർ സ്റ്റേഷനിൽ ഇറങ്ങി ഏഡോശോല ഗ്രാമം വരെ പോകണം.”

“പാചകവിദ്യ അറിയാമോ?”

“ബാബു, ഒരു ദിവസം പണിയെടുപ്പിച്ചു നോക്കൂ, ഇറച്ചി, മീൻ ഏതു കറിയും പാകം ചെയ്യാം.”

“ശരി, മൂന്നു ദിവസം വെറുതെ പാകം ചെയ്യേണ്ടി വരും. അതു കഴിഞ്ഞാൽ ഏഴുരൂപ മാസപ്പടി, ഊണു പുറമേ, സമ്മതമാണെങ്കിൽ ഇന്നുതന്നെ തുടങ്ങിക്കോളൂ.”

അന്നുതൊട്ടു് ഇന്നോളം അര പൈസ ശമ്പളം കൂട്ടിക്കൊടുത്തിട്ടില്ല. എന്നാലോ, ഉണ്ണാൻ ചെല്ലുന്നവർ ഒന്നടക്കം അയാളുടെ കലാവൈഭവത്തെ വാഴ്ത്തി പറയുന്നു. എന്നാൽ പത്മാദാസിയുടെ വായിൽനിന്നും താൻ വെച്ച കറിയെപ്പറ്റി ഒരൊറ്റ സ്തുതിവാക്കെങ്കിലും കേൾക്കാൻ അയാൾക്കു യോഗമുണ്ടായിട്ടില്ല. നല്ല വാക്കിന്റെ കാര്യമോ പോകട്ടെ, പത്മാദാസി കഴിയുമെന്നുണ്ടെങ്കിൽ അയാളെ അമ്മിയിൽ വെച്ചു മീൻ തടികൊണ്ടു കുത്തിച്ചതച്ചു കളയും. ദരിദ്രൻ, ഇന്നത്തെ ഈ സാധനങ്ങളുടെ തീപിടിച്ച വിലക്കാലത്തു് ഉള്ള ജോലിയും വിട്ടു വല്ല വഴിക്കും പോകാനൊക്കുമോ? പോകട്ടെ, അതോർത്തു് അയാൾക്കു് അത്ര അസ്വാസ്ഥ്യം തോന്നുന്നില്ല. അയാളുടെ മനസ്സിൽ വലിയ ഒരു മോഹം വളർന്നു വരുന്നുണ്ടു്. ഭഗവാൻ പ്രസാദിച്ചിട്ടു് അതു് ഏതെങ്കിലും ഒരു ദിവസം സാധിപ്പിച്ചുകൊടുത്താൽ അതോടെ സകല അഴലും തീരും. ഹോട്ടൽ പണി അയാൾ ഒന്നാന്തരമായി പഠിച്ചു കഴിഞ്ഞിരിക്കുന്നു.

അയാൾ തന്റേതായ ഒരു ഹോട്ടൽ തുടങ്ങും. ഹോട്ടലിനു പുറത്തു് എഴുതിവെച്ചിരിക്കും

ഹാജാരി ചക്രവർത്തിയുടെ ഹിന്ദു ഹോട്ടൽ റാണാഘാട് മാന്യന്മാർക്കു് മിതമായ ചാർജിൽ ഭക്ഷണവും വിശ്രമവും. വരുവിൻ കാണുവിൻ പരീക്ഷിച്ചുനോക്കുവിൻ!!!

തന്റെ യജമാനനെപ്പോലെ തന്നെ എല്ലാം നോക്കി ഞെളിഞ്ഞിരുന്നു കൊണ്ടു് ടിക്കറ്റുകൾ വിൽക്കും. വേലക്കാരും വെയ്പുകാരും ബാബുവെന്നു വിളിക്കും. താൻ തന്നെപോകും മാർക്കറ്റിൽ മീനും പച്ചക്കറിയും വാങ്ങാൻ. ഈ ഹോട്ടലിലെപ്പോലെ ദാസിയെ സകല ഭാരവുമേല്പിച്ചു നോക്കിയിരിക്കയില്ല. ഇടപാടുകാരെ നല്ല ആഹാരം നൽകി തൃപ്തിപ്പെടുത്തി പണം വാങ്ങും. ഇന്നോളമുള്ള അനുഭവം കൊണ്ടു്, ആളുകൾക്കു് നല്ല വസ്തുക്കൾ, നല്ലവണ്ണം പാകം ചെയ്തു വിളമ്പിക്കൊടുത്താൽ അവർ രണ്ടുകാശു് ചാർജ് അധികം തരാനും മടിക്കയില്ല എന്നും അയാൾ മനസ്സിലാക്കിവെച്ചിരിക്കുന്നു.

ഈ ഹോട്ടലിനെപ്പോലെ അയാൾ മായക്കച്ചവടം നടത്തുകയില്ല. മായം ചേർത്ത പരിപ്പു വെച്ചുവിളമ്പുകയില്ല. മാർക്കറ്റിൽ നിന്നു് മുരടിച്ചു പുഴുക്കുത്തിയ വഴുതിനങ്ങയും വണ്ടിക്കു വരുന്ന ഐസിലിട്ട വിലകുറഞ്ഞ മീനും തിരഞ്ഞുപിടിച്ചു വാങ്ങിക്കൊണ്ടു വന്നു നാട്ടുകാരെ തീറ്റുകയില്ല.

ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്നവർക്കു വിശ്രമിക്കാൻ സൗകര്യമില്ല. വിശ്രമം അത്യാവശ്യമെന്നു തോന്നുന്നവർ യജമാനനിരിക്കുന്ന ബഞ്ചിൽ ഇരുന്നു ഒരു ബീഡിവലിക്കും. എന്നാൽ വിശ്രമിക്കുന്നതിനു തക്ക വ്യവസ്ഥയുള്ള ഹോട്ടലിൽ ധാരാളം ആളുകൾ വരുമെന്നാണു് ഹാജാരിക്കഭിപ്രായം. ഊണു കഴിഞ്ഞാൽ ഒന്നു നടുനിവർത്തണമെന്നു പലർക്കുമുണ്ടാവും മോഹം. അയാൾ ഒരു പ്രത്യേക മുറി ഏർപ്പാടുചെയ്യും, ഉണ്ണാനെത്തുന്ന ചെറുകിടക്കാർക്കുവേണ്ടി. അവിടെ മരക്കട്ടിലിൽ കാർപ്പറ്റും പുതപ്പും വിരിച്ചിടും. തലയണയും ഉണ്ടാവും. പുക വലിക്കുവേണ്ട വിഭവങ്ങളും ഒരുക്കിയിരിക്കും. ഒന്നു മയങ്ങണം എന്നുള്ളവർക്കു് ഒരു വിഷമവും ഉണ്ടായിരിക്കയില്ല. ഉണ്ണൂ, തിന്നൂ, വിശ്രമിക്കൂ, പുകവലിക്കൂ, തന്റെ വഴിക്കു പോകൂ. റാണാഘാട്ടിലെ ഒരു ഹോട്ടലിലുമില്ല ഈവിധ വ്യവസ്ഥകൾ; യദുബാഡയുടെ ഹോട്ടലിൽ പോലും. ഇടപാടു വേണ്ടവിധമാകണമെന്നുണ്ടെങ്കിൽ ഇതൊക്കെ അത്യാവശ്യം തന്നെ. ഇല്ലെങ്കിലോ? വണ്ടി വരുന്ന സമയം നോക്കി സ്റ്റേഷനിൽ ചെന്നു നിന്നു് ‘വരുവിൻ വരുവിൻ ഒന്നാന്തരം ശാപ്പാടു് ഹിന്ദു ഹോട്ടൽ’ എന്നു വിളിച്ചു നിലവിളിച്ചതുമാത്രം ഫലം. ഉണ്ണാനാളെക്കിട്ടില്ല.

സുഖമായി ഒരിടത്തിരുന്നു ഭക്ഷണം കഴിക്കുക—അതാണു് പറ്റുകാർക്കും ആവശ്യം. അതു ലഭ്യമാകുന്നിടത്തെത്തും തനിയെ ഉപഭോക്താക്കൾ.

അയാൾക്കറിയാം—ഇന്നു് ഒരു ഹോട്ടലിൽ വിശ്രമ ഗൃഹം ഏർപ്പാടു ചെയ്താൽ മതി, നോക്കിക്കൊണ്ടു നിൽക്കെ, നാളെത്തന്നെ റാണാഘാട് ബസാറിലെ സകലമാന ഹിന്ദു ഹോട്ടലുകളിലും തുറക്കും ഓരോ വിശ്രമാഗാരം—അതു കൊണ്ടു് രണ്ടൂണുകാരെ അധികം കിട്ടുമെന്നുണ്ടെങ്കിൽ.

എന്നാലും ആദ്യമായി ഇതിൽ പേരെടുക്കുന്നവനു തന്നെയായിരിക്കും എന്തൊക്കെ വന്നാലും കൂടുതൽ മെച്ചം. പിന്നെയുമുണ്ടായിരുന്നു എന്തൊക്കെയോ മനോരാജ്യങ്ങൾ, ഹാജാരിയുടെ തലച്ചോറിൽ വരച്ചുവെച്ചിട്ടുള്ളവയായി. ഒരു വിശ്രമ ഗൃഹം മാത്രമെന്നു വെക്കേണ്ട. എത്രയോ പേരുണ്ടു് കോടതിയിൽ നമ്പരിന്നു വരുന്നു. അവർ പകലത്തെ പൊരിഞ്ഞ അധ്വാനത്തിനുശേഷം വന്നു കുളിച്ചു സുഖമായി ഊണുകഴിച്ചു്, അല്പം ശീട്ടുകളിക്കണം എന്ന അഭിപ്രായക്കാരായെന്നു വരാം. അതിനുമുണ്ടാവും വ്യവസ്ഥ. വെറ്റില മുറുക്കുന്നതിനു വേറെ ചാർജുചെയ്യില്ല. തന്നെത്താനെടുത്തു മുറുക്കാം. വയ്യെങ്കിൽ വേലക്കാരെക്കൊണ്ടു ചെയ്യിക്കാം.

ചൂർണ്ണിക്കരക്കിരുന്നു ചിന്തിക്കുന്ന സമയം ഇങ്ങിനെ പല പല പുതിയ പദ്ധതികളും അയാളുടെ മനസ്സിൽ രൂപംകൊള്ളും. എന്നാൽ എന്നെങ്കിലും ഇതൊക്കെ നടക്കുമോ? മനോരഥം പൂർണ്ണമാവുമോ? പ്രായം നാല്പതു നാല്പത്താറായി. ഇക്കാലമത്രയും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഏഴുരൂപ ശമ്പളത്തിന്റെ പണിക്കു് ഇനിയും ഒരറുതിവന്നു കാണുന്നില്ല. പ്രാരബ്ധക്കാരനായ ഒരു പടു ദരിദ്രൻ. എന്തുചെയ്താലെന്തുവരും എന്നുപോലും ചിന്തിച്ചിട്ടൊരു പിടികിട്ടുന്നില്ല.

എന്നിട്ടും നിത്യവും ഈ ചൂർണ്ണിയുടെ തീരത്തിരുന്നു് അയാൾ ഇതൊക്കെ ചിന്തിക്കുന്നതെന്തിനു്? ചിന്തിക്കുന്നതിൽ ഒരു സുഖം തോന്നുന്നു. അതുകൊണ്ടു ചിന്തിക്കുന്നു.

എന്നാലും പ്രായമായി എന്നുവെച്ചു് വെറുതെയിരിക്കുന്ന തരക്കാരനല്ല, അയാൾ. നാല്പത്താറു് അത്ര വലിയ ഒരു വയസ്സല്ല. ഇനിയും എത്രയോ കാലം അയാൾ ജീവിക്കാൻ പോകുന്നു. അതിനാൽ ഉത്സാഹത്തിനു് ഒരു കുറവുമില്ല. ഒരു ഹോട്ടൽ തുറക്കാൻ തരമായാൽ എങ്ങിനെയാണു് സല്പേർ സമ്പാദിക്കുക എന്നു കാട്ടിക്കൊടുക്കും. ഹോട്ടൽ തുടങ്ങിവെച്ചിട്ടു ചത്താലുമില്ല വ്യസനം…

സമയമായിരിക്കുന്നു. ഇനി ഇരുന്നാൽ പറ്റില്ല. ദാസി പത്മ ഇതിനിടയ്ക്കു് അടുപ്പിൽ തീപിടിപ്പിച്ചു കഴിഞ്ഞിരിക്കും. വൈകിച്ചെന്നാൽ അവളുടെ പുലഭ്യങ്ങൾ കേൾക്കേണ്ടിവരും. എന്തൊരു ഏഷണിയും ഭീഷണിയും. സഹിച്ചുകൂടാ. യജമാനന്നു കൊളുത്തിക്കൊടുത്തു കളഞ്ഞില്ലേ അവൾ ഞാൻ കഞ്ചാവു കുടിക്കുമെന്നു്. സത്യാവസ്ഥയോ, തൊട്ടിട്ടില്ല ഒരുകാലത്തും.

മടക്കത്തിൽ ചെറിയങ്ങാടിത്തലക്കലാണു് രാധാവല്ലഭ തല. ഹാജാരി നിത്യവും ഈ സമയം ഇവിടെ വന്നു ഭഗവാനെ ഭക്തിയോടെ പ്രണമിച്ചിട്ടു പോകും.

“ഭഗവാനേ രാധാവല്ലഭാ സാഷ്ടാംഗം നമസ്കരിക്കുന്നു ദേവാ! എന്റെ മോഹം സാധിപ്പിച്ചുതരു. ദാസി പത്മയുടെ തട്ടിക്കേറ്റം പൊറുക്ക വയ്യാതായി എനിക്കു്… യജമാനന്റെ ഹോട്ടലിന്നടുക്കൽ തന്നെ ആ പെണ്ണു നോക്കിനിൽക്കെ എനിക്കു ഹോട്ടൽ തുറക്കാൻ ഭാഗ്യമുണ്ടാക്കിത്തരു, തമ്പുരാനേ!

ഹോട്ടലിൽ മടങ്ങിയെത്തിയപ്പോൾ രതൻ ഠാക്കൂർ ഇനിയും എത്തിയിട്ടില്ല എന്നു കണ്ടു. പത്മപ്പെണ്ണു് തീപിടിപ്പിച്ചു എവിടെയ്ക്കോ പോയിരിക്കുന്നു, ബേചു ചക്കത്തിപകലുറക്കം കഴിഞ്ഞു് എഴുന്നേറ്റു് വീട്ടിൽനിന്നു ചെല്ലേണ്ട താമസം, ഹാജാരിയെ വിളിച്ചു.

“ഒരുകാര്യം, ഇന്നു് ചില ബാബുമാർക്കു ഭക്ഷണംപാകം ചെയ്തു കൊടുക്കണം, മാംസവും വേണം. മുൻകൂർ പണം തന്നിട്ടുപോയിരിക്കുന്നു. എല്ലാം സമയമാവുമ്പോഴേക്കു തയ്യാറാവണം. അവർ മൂർഷിദാബാദ് വണ്ടിക്കു തിരിച്ചുപോകും. മനസ്സിരുത്തിക്കോളൂ. രതൻ ഇനിയും വന്നില്ലേ?”

ഹാജാരിക്കു സങ്കടം തോന്നി. അയാളുടെ കൈകൊണ്ടുള്ള ചമയൽ ഒന്നാന്തരമാവും, അതുകൊണ്ടു് അയാൾ തന്നെ വേണം മാംസം പാകം ചെയ്യാൻ എന്നു പറയാതിരുന്നതു് എന്തുകൊണ്ടു്? ഇക്കൂട്ടർ തന്റെ പാചകം നല്ലതാണെന്നു് ഒരിക്കലും പറയാറില്ല. എന്നാൽ ഈ കല സ്വായത്തമാക്കുന്നതിനു് താൻ പെട്ട പാടിനുണ്ടോ ഒരറുതി.

എങ്ങിനെയാണു് അയാൾ നളപാകത്തിൽ ഭക്ഷണം പാകം ചെയ്യാൻ പഠിച്ചതു്? അതിനൊരു ചരിത്രമുണ്ടു്.

ഹാജാരി നല്ലപോലെ ഓർക്കുന്നുണ്ടു്—അയാളുടെ ഏഡോശോല ഗ്രാമത്തിൽ എന്നുതൊട്ടെന്നറിയാതെ വന്നു പാർക്കാൻ തുടങ്ങിയ ഒരു വൃദ്ധബ്രാഹ്മണ വിധവ ഉണ്ടായിരുന്നു. അന്നു ഹാജാരിക്കു വയസ്സു് ഒൻപതോ പത്തോ ആയിരുന്നു. വിധവയുടെ ദേഹണ്ണത്തിനെപ്പറ്റി ആളുകൾക്കു നല്ല മതിപ്പുണ്ടായി. ഗ്രാമത്തിനു പുറത്തുള്ളവരും ആ വഴി അവളെ അറിഞ്ഞിരുന്നു.

ഹാജാരിയുടെ അമ്മ വിധവയോടു പറഞ്ഞു: “വലിയമ്മേ, വലിയമ്മയ്ക്കു പ്രായമായിത്തുടങ്ങി. ഇനി എത്രനാളേക്കു് ? വലിയമ്മയുടെ ‘കൈപ്പുണ്യം’ എനിക്കു തന്നിട്ടുപോകു. മറക്കില്ല വലിയമ്മയെ ഒരുനാളും.”

വിധവ പറഞ്ഞു: “ശരി മകളേ, നിനക്കു് ഞാൻ ഒരു കൂട്ടം തരുന്നുണ്ടു്. മാംസം കൂടാതെ ‘ചച്ചഡി’ പാകം ചെയ്യേണ്ട വിധി നിന്നെ പഠിപ്പിച്ചു തരുന്നുണ്ടു് ഞാൻ.”

ആ വൃദ്ധ ഹാജാരിയുടെ അമ്മയെ അതൊന്നു മാത്രം പഠിപ്പിച്ചുകൊടുത്തു. ആ ഒരൊറ്റ ഭക്ഷ്യം പാകം ചെയ്യുന്നതിൽ കിട്ടിയ വിരുതുകൊണ്ടു് ഹാജാരിയുടെ അമ്മയുടെ പേർ അയൽപക്കങ്ങളിലുള്ള എട്ടുപത്തു ഗ്രാമങ്ങൾ വരെ എത്തി. കേട്ടാൽ നിസ്സാരം, നിരാമിഷ ചച്ചഡി, എന്തുകിടക്കുന്നു ഇതിൽ? ഈ ചോദ്യത്തിനും ഉത്തരം ലഭിക്കണമെന്നുണ്ടെങ്കിൽ ഹാജാരിയുടെയമ്മ ചമച്ച ചച്ചഡി ഭക്ഷിച്ചുനോക്കുക തന്നെ വേണം.

അനുശോചിക്ക തന്നെ വേണം. അവൾ ഇന്നില്ല. കഴിഞ്ഞകൊല്ലം എല്ലാവരേയും വിട്ടുപൊയ്ക്കളഞ്ഞു.

ഹാജാരിക്കു് അമ്മയുടെ രന്ധനപ്രതിഭ പാരമ്പര്യമായി ലഭിച്ചതാകുന്നു. മാംസം, മത്സ്യം എല്ലാം ഒന്നാന്തരമായി പാകം ചെയ്യാനറിയാം. എന്നാൽ അയാളുടെ കൈകൊണ്ടുണ്ടാക്കിയ ‘വെജിറ്റേറിയൻ’ ചച്ചഡി തന്നെ ഏറ്റവും വിശേഷപ്പെട്ടതു്. ബേചു ചക്കിയുടെ ഹോട്ടലിൽ നിന്നു് അതു് ഒരു കുറി രുചിച്ചുനോക്കിയവൻ അടുത്ത തവണയും ചുറ്റിക്കറങ്ങി ആ ഹോട്ടലിൽ തന്നെ ചെന്നുകയറും റെയിൽ ബസാറിൽ പിന്നെയുമുണ്ടല്ലോ എത്രയോ ഹോട്ടലുകൾ അങ്ങോട്ടൊന്നും തിരിഞ്ഞു നോക്കില്ല.

ഇന്നും മാംസം പാകം ചെയ്യാനുള്ള ചുമതല അയാളെ തന്നെ ഏല്പിച്ചിരിക്കുന്നു. അതു ഭക്ഷിക്കുന്നതിന്നിടക്കു് ബാബുമാർ അയാളുടെ പാകവൈദഗ്ദ്ധ്യത്തെ അങ്ങേയറ്റം പ്രശംസിക്കുവാൻ തുടങ്ങി. എന്നാൽ അതുകൊണ്ടു് അയാൾക്കു് വ്യക്തിപരമായി യാതൊരു ഗുണവും ഉണ്ടായിരുന്നില്ല. ഈ സ്തുതിവചനങ്ങളൊഴികെ. ദാസി പത്മ പ്രോത്സാഹജനകമായ ഒറ്റവാക്കും ഉച്ചരിച്ചില്ല. ബേചു ചക്കത്തിയും അങ്ങനെ തന്നെ.

രാത്രി കുറേച്ചെന്നിട്ടാണു് ഹാജാരി ഉണ്ണാനിരുന്നതു്. എത്ര നിഷ്കർഷിച്ചു സ്വന്തം കൈകൊണ്ടു ചമച്ച മാംസം അയാൾക്കു് ലേശം നോക്കുവാൻ ബാക്കിയൊട്ടും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതു് യജമാനൻ സ്വന്തം വീട്ടിലേക്കു കൊടുത്തയച്ചു കളഞ്ഞു. പിന്നെ വല്ലതും ശേഷിച്ചിരുന്നെങ്കിൽ അതു പത്മയും വടിച്ചു തുടച്ചു കൊണ്ടുപോയി.

ഭക്ഷണസമയത്തു് എന്നും അനുഭവപ്പെടാറുണ്ടു് ഈ അവശത. അയാൾക്കു് ഏറെയൊന്നും ബാക്കിയുണ്ടാവുക പതിവില്ല. പലപ്പോഴും ചോറുതന്നെ കഷ്ടി പിഷ്ടിയാവും. മീനും ഇറച്ചിയും ചോദിക്കയേ വേണ്ട. പ്രായം ഇത്രയായെങ്കിലും ഹാജാരിക്കു് ഊണു് ‘ക്ഷ’യാവാം. ഭക്ഷണം പ്രിയവുമാണു്. എന്നാൽ അധിക ദിവസവും ഉണ്ടു വിശപ്പുമാറാറില്ല.

രാത്രി മണി പന്ത്രണ്ടര, യജമാനൻ കണക്കു് ഒത്തുനോക്കി പൊയ്ക്കഴിഞ്ഞു. ഹോട്ടലിൽ ഹാജാരിയും വേലക്കാരൻ മതിയും മാത്രമേയുള്ളു താമസക്കാർ. പത്മ എപ്പൊഴേ വീടുപറ്റിക്കഴിഞ്ഞിരുന്നു. പത്തുമണി കഴിഞ്ഞാൽ അവൾ അവിടെ നിൽക്കയില്ല എന്തുതന്നെ വന്നാലും.

മതി പറഞ്ഞു: “പോകാം. കൊച്ചുബസാറിൽ ‘യാത്ര’ (പൗരാണിക നാടകാഭിനയം) ഉണ്ടു്. കാണാൻ പോകാം, തിരുമേനി!”

“ഈ അസമയത്താണു് ‘യാത്ര’യ്ക്കു യാത്ര. പ്രാന്തല്ലാതെ എന്താ? പകൽ മുഴുവൻ അധ്വാനിച്ചിട്ടു് ഇനിയാണു നാടകം കാണാൻ കൊതി. ഞാനില്ല. നീ വേണമെങ്കിൽ പൊയ്ക്കോ, വന്നിട്ടു കലവറ മുറിയുടെ ജനൽ മുട്ടിയാൽ വാതിൽ തുറന്നുതരാം.” വേലക്കാരൻ മതിക്കു ചെറുപ്പമാണു്. അവന്നു് ഇതിലൊക്കെ ഭ്രമവും കലശലാണു്. അവൻ പിന്നെ അമാന്തിച്ചില്ല.

മതി പോയി കുറച്ചു കഴിഞ്ഞപ്പോൾ ആരോ പുറത്തുനിന്നു വാതിൽക്കൽ മുട്ടി. എഴുന്നേറ്റു ചെന്നു വാതിൽ തുറന്ന ഹാജാരി അടുത്തുള്ള ഹോട്ടലിന്റെ ഉടമസ്ഥൻ സാക്ഷാൽ യദുബാഡുയ്യേ പുറത്തു നിൽക്കുന്നതു കണ്ടു് അത്ഭുതപ്പെട്ടു പോയി. യദുബാഡുയ്യേയുടെ ഹോട്ടലുമായി കിണഞ്ഞ മത്സരത്തിലാണു് ബേചു ചക്കത്തിയുടെ ഹോട്ടൽ. ഇയാൾ ഈ അസമയത്തു് ഇവിടെ എന്തുദ്ദേശത്തോടെ? മുമ്പൊരിക്കലും വന്നിട്ടില്ല. ഹാജാരി ഓച്ഛാനിച്ചുനിന്നു. യദുബാഡുയ്യേയും ഒരു ഹോട്ടലിന്റെ ഉടമസ്ഥനാകുന്നു. അതിനാൽ ഹാജാരിയുടെ ദൃഷ്ടിയിൽ അയാളും സ്വന്തം യജമാനനെപ്പോലെതന്നെ. ഒരുവിധത്തിൽ യജമാൻതന്നെ.

യദുബാഡുയ്യേ ചോദിച്ചു: “ആരൊക്കെയുണ്ടു്?”

യദുവിന്റെ വരവിന്റെ ഉദ്ദേശം എന്താകാമെന്നു് പിടികിട്ടാതെ ഇതിനിടെ പലതും തിരിച്ചും മറിച്ചും ചിന്തിക്കാൻ തുടങ്ങിയ ഹാജാരി അതിവിനയത്തോടെ പറഞ്ഞു: “വേറെയാരുമില്ല ബാബു ഞാൻ മാത്രം. മതി ഉണ്ടായിരുന്നു. ചെറിയ ബജാറിൽ യാത്ര.”

യദു പറഞ്ഞു: “നടക്കു, അകത്തേക്കു പോകാം. നിങ്ങളോടു ചിലതു സംസാരിക്കാനുണ്ടു്.”

അകത്തു കടന്നു യദു ചക്കത്തിയുടെ ഇരിപ്പിടത്തിൽ ഇരുപ്പുറപ്പിച്ചു നാലുപാടും ഒന്നു കണ്ണോടിച്ചു നോക്കിക്കൊണ്ടു ചോദിച്ചു: “നിങ്ങൾക്കു ഇവിടന്നു എത്ര കിട്ടുന്നുണ്ടു് ഠാക്കുർ?”

“അതു്… ഏഴു രൂപയും ഭക്ഷണവും.”

“ഉടുക്കാൻ തരാറില്ലേ?”

“ഉടുക്കാൻ കൊല്ലത്തിൽ രണ്ടു തുണി.”

യദു തൊണ്ട ഞരക്കി ശബ്ദം തെളിയിച്ചുകൊണ്ടു പറഞ്ഞു: “ഒരു കാര്യം പറയാം, കേട്ടോളു. എന്റെ ഹോട്ടലിലേക്കു വരണോ! പത്തു രൂപയും ഊണും കൊല്ലത്തിൽ മൂന്നു മുണ്ടു്. അലക്കു്, ക്ഷൗരം, എണ്ണ, മുറുക്കാൻ വരണോ?”

ഹാജാരി തികച്ചും അന്ധാളിച്ചുപോയി. കുറെ നിമിഷത്തേക്കു് സംസാരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പറഞ്ഞു: “ബാബു, പെട്ടെന്നു ഒരു മറുപടി പറയാൻ വിഷമമുണ്ടു്. ആലോചിച്ചു പറയാം. പോരേ?”

“ആലോചിക്കാനും തർക്കിക്കാനും എന്തിരിക്കുന്നു? ഞാൻ ഒന്നു പറഞ്ഞാൽ അതുപോലെതന്നെ കാര്യങ്ങൾ. നിങ്ങൾ നാളെത്തൊട്ടുതന്നെ ഈ ഹോട്ടൽ വിട്ടുപോരൂ. നാളെത്തന്നെ നിയമിക്കുന്നുണ്ടു് നിങ്ങളെ. പക്ഷേ, ഒരു കാര്യം. ബേചു ചക്കത്തിയുമായി അസ്വരസത്തിലേർപ്പെടാൻ എനിക്കു മോഹമില്ല. അയാളും വ്യവസായി, ഞാനും വ്യവസായി.”

ഹാജാരിക്കു തല ചുറ്റുന്നതുപോലെ തോന്നി. ആരും കാണുന്നില്ലല്ലോ? ദാസി പത്മ എവിടെയെങ്കിലും പതുങ്ങിയിരുന്നു കേൾക്കുന്നുണ്ടാവില്ലല്ലോ. അയാൾ പരിഭ്രമത്തോടെ പറഞ്ഞു: “ഇപ്പോൾ ഒന്നും ഉറപ്പിച്ചു പറയാൻ സാധിക്കയില്ല. ബാബു! നാളെയാലോചിച്ചു പറയാം. നാളെ രാത്രി ഈ സമയത്തു വന്നാൽ മതി.”

യദുബാഡയ്യ തിരിച്ചുപോയി.

ഹാജാരി കഞ്ചാവു കുടിക്കുമെന്നു പറഞ്ഞതു് തീരെ അടിസ്ഥാനരഹിതമല്ല. എന്നാൽ രഹസ്യമായി, മാത്രയധികമാകാതെ മാത്രം. ഇന്നു് ഈ സംഭവത്തിനുശേഷം ഒരുകുടുക്ക കഞ്ചാവു് ഒരുക്കാതിരിക്കാൻ കഴിഞ്ഞില്ല. ലോകത്തിൽ ഇന്നോളം ആരും തന്നെ അയാളെയോ അയാളുടെ പാചക വൈദഗ്ദ്ധ്യത്തെയോ പുകഴ്ത്തിക്കൊണ്ടു് അയാൾ ചമച്ചു വിളമ്പിയ ആഹാരം ഭക്ഷിച്ചു് എഴുന്നേറ്റു പോവുകയല്ലാതെ, അയാളെ പുരസ്ക്കരിക്കയുണ്ടായിട്ടില്ല. ഉപഭോക്താക്കളുടെ വെറും വായിൽനാക്കുകേട്ടു വയറുനിറയുകയില്ല.

യദുബാബു സ്വയം തന്റെയടുക്കലേക്കല്ലേ വന്നതു്? പത്തുരൂപ മാസപ്പടി പണി (സകല ചിലവും പുറമേ) തരാമെന്നു പറയാൻ?

ഇന്നും ഇന്നലെയുമൊന്നുമല്ല ഈ റാണാഘാട് ബസാറിൽ വന്നതു്. ഒരു ദിവസവും ആരോടും ഏറെയടുക്കാൻ പോയിട്ടില്ല ഹാജാരി. അയാൾക്കു് അതിഷ്ടവുമല്ല. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കൂട്ടു കൂടിയിരുന്നു കഞ്ചാവുവലിച്ചു ‘പിമ്പിരി’ കൊണ്ടാൽ നടക്കാൻ പോകുന്നില്ല. അതിനു് അധ്വാനം ആവശ്യമാണു്. ബസാറിന്റെ സ്വഭാവം മനസ്സിലാക്കണം, കണക്കുവെക്കാൻ പഠിക്കണം. ഒരു എണ്ണം പറഞ്ഞ ഹോട്ടൽ നടത്താൻ വേണ്ട എല്ലാ മരുങ്ങും തന്ത്രവും ആയത്തമായിരിക്കണം. ലോകത്തിൽ ഉന്നതി വേണമെങ്കിൽ, പത്തുപേരുടെ മുമ്പിൽ മാന്യത നേടണമെന്നുണ്ടെങ്കിൽ, മറ്റുള്ളവർ തന്റെ പേർ പറയുന്നതു കേൾക്കണമെന്നു വിചാരമുണ്ടെങ്കിൽ അതിനു് അധ്വാനിക്കണം, കഠിനമായ പ്രയത്നം. സെറ്റുകൂടി കുത്തിയിരുന്നു കഞ്ചാവു കുടിച്ചു നടക്കുകയോ മതിയെപ്പോലെ പണപ്പിരിവു നടത്തി നടത്തപ്പെടുന്ന നാടകങ്ങൾ കണ്ടു രസിക്കുകയോ ചെയ്താൽ എന്താണുണ്ടാവുക?

രാത്രി കുറെയായിരിക്കുന്നു. തലയ്ക്കു നല്ല ചൂടു തോന്നുന്നു. ഉറക്കംവരുന്ന മട്ടില്ല.

വാതിൽക്കൽ മുട്ടു കേട്ടു. എഴുന്നേറ്റു വാതിൽ തുറന്നു. മതി അകത്തേക്കു കടന്നിട്ടു ചോദിച്ചു: “അല്ലാ, ഇനിയും ഉറങ്ങിയില്ലേ? കണ്ണും മിഴിച്ചിരിക്കുന്നു.”

ഹാജാരി കഞ്ചാവുകുടുക്ക ഒളിച്ചുവെച്ചശേഷമാണു വാതിൽ തുറന്നതു്. അയാൾപറഞ്ഞു: “ചൂടു കണ്ടില്ലേ. എങ്ങിനെ ഉറങ്ങും? പകൽ മുഴുവൻ തീ പൊള്ളുന്ന മട്ടിലുള്ള ചൂടു്. വേഗം പോന്നതെന്തേ? യാത്ര കണ്ടില്ലേ?”

മതി പറഞ്ഞു: “അരങ്ങത്തു സൂചികത്താൻ സ്ഥലമില്ല. എന്തൊരാൾക്കൂട്ടം. വരൂ, നമുക്കൊരിടത്തു പോകാം. ഠാക്കുർ മശായി.”

“എവിടേക്കു് ? നഗരത്തിന്റെ നടുവിലേക്കു വരൂന്നു്. ഉറക്കം വരാത്ത സ്ഥിതിക്കു് ഒന്നു കറങ്ങിയിട്ടു് വരാം. നിങ്ങൾ ഒരു ദിവസവും എങ്ങും…”

ഹാജാരി പറഞ്ഞു: “നിങ്ങളൊക്കെ ചെറുപ്പക്കാർ. എനിക്കു വയസ്സായി. നിന്റെ അച്ഛനാകാൻ പ്രായമുണ്ടു്. എനിക്കു്. എന്നോടെന്തിനാണു ഈവക വർത്തമാനങ്ങൾ. നീ നിന്റെ ഇഷ്ടം പോലെ എന്തുവേണമെങ്കിലും ചെയ്യു്. പോ!”

“ബാബുവിനോടൊ വേലക്കാരിയോടൊ പറഞ്ഞു കൊടുക്കരുതു് ട്ടോ, തിരുമേനി! ഇതാ കാലുപിടിക്കാം, ഞാൻ.”

ആശ്ചര്യം! മതിയുടെ വർത്തമാനം ഹാജാരിയുടെ മനസ്സിൽ പുതിയ തരത്തിലുള്ള ഒരു ഭാവന സൃഷ്ടിച്ചു. അയാൾക്കു മഹത്വാകാംക്ഷയുണ്ടു്. മതിയെപ്പോലെ രാത്രി ചുറ്റിയടിച്ചു താന്തോന്നിത്തം കാട്ടി നടന്നു സമയം കളഞ്ഞാൽ ദൈവം മാപ്പുകൊടുക്കയില്ല. മതി എന്തു വിചാരിച്ചിട്ടോ, പുറത്തേക്കു പോയില്ല. പാത്രക്കലവറയിൽ (ഹോട്ടലിലെ പിച്ചിയും ചെമ്പും കൊണ്ടുള്ള കിണ്ണങ്ങളും കോപ്പകളും രാത്രി കഴുകിക്കഴിഞ്ഞാൽ ഒപ്പം നിന്നു് എണ്ണി പെട്ടിയിലാക്കിപ്പൂട്ടി താക്കോൽബേചു ചക്കത്തി കൂടെ കൊണ്ടുപോകും) പോയിക്കിടന്നു. ഹാജാരിയും അവിടെത്തന്നെയാണു് ഉറങ്ങുക പതിവു്. എന്നാൽ ഇന്നു് അയാൾ പുറത്തുള്ള മുറിയിൽ നിലത്തു് അയാളുടെ പഴയ പുല്ലുപായ വിരിച്ചു കിടന്നു.

ഇല്ല, യദുബാബുവിന്റെ ഹോട്ടലിലേക്കു് പോകില്ല. ഹോട്ടലിലെ മടപ്പിള്ളിപ്പണി എല്ലായിടത്തും ഒരുപോലെതന്നെ. ഈ ഹോട്ടലിൽ പത്മ—ആരറിഞ്ഞു ആ ഹോട്ടലിൽ ഇതേ മാതിരി എത്ര പത്മമാരുണ്ടാവുമെന്നു്. അതിനും പുറമേ, ബേചു ചക്കത്തി അഞ്ചുവർഷങ്ങളായി അയാളുടെ അന്നദാതാവാണു്. ലാഭത്തിനു് വശംവദനായി ഇത്രനാളത്തെ അന്നദാതാവിനെ വെടിയുന്നതു് അനുചിതമായിരിക്കും.

അയാൾ സ്വയം ഒരു ഹോട്ടൽ തുടങ്ങും. അതുതന്നെയാണല്ലോ അയാളുടെ ലക്ഷ്യം. നളവൃത്തി ചെയ്യേണ്ടി വരുന്നിടത്തോളം കാലം മറ്റൊരാളെ സേവിക്കാനില്ല. വേറെ ഒരിടത്തേക്കുമില്ല. അതിനുശേഷം രാധാവല്ലഭൻ കനിഞ്ഞാൽ—അപ്പോൾ കാര്യം വേറെ.

പിറ്റെദിവസം നന്നെ പുലർച്ചക്കുതന്നെ ദാസി പത്മ വന്നു വിളിച്ചു: “ഏയ് ഠാക്കുർ! വാതിൽ തുറക്കു! ഇനിയും എണീറ്റിട്ടില്ല? കൊള്ളാം കുംഭകർണ്ണനെ തുന്നം പാടിച്ചു കളഞ്ഞല്ലോ നിങ്ങൾ!”

ഹാജാരി വേഗം എഴുന്നേറ്റു് കീറിയ പുല്പായ ചുരുട്ടിവെച്ചു വാതിൽ തുറന്നുകൊടുത്തു. കുറെക്കഴിഞ്ഞു ബേചു ചക്കത്തിയും എത്തി. മുറിയിലും ഇരിപ്പിടത്തിലും കാഷ് ബോക്സിലും ഗംഗാജലം തളിച്ചു്, കാഷ്ബോക്സിന്റെ മൂടി ഗംഗാജലംകൊണ്ടുതന്നെ പതുക്കെയൊന്നു കഴുകിത്തുടച്ചശേഷം പത്മയോടു പറഞ്ഞു: അടുപ്പുകൂട്ടു. നേരം കുറെയായി. ഇന്നു ചന്തദിവസമാണു്. വ്യാപാരികളുടെ നല്ല തിരക്കുണ്ടാവും. വേഗം മടപ്പിള്ളിയിൽ ചെന്നു തീ പിടിപ്പിക്കൂ. പിന്നെ… അന്നത്തെപ്പോലെ കെട്ടമീനും തൈരും വാങ്ങിക്കൊണ്ടുവരാതിരിക്കണേ എന്റെ കുട്ടി! അതു പേരുകെടുത്തിക്കളയും. ഒടുവിൽ സാനിട്ടറി ബാബുവിന്റെ കണ്ണിൽ പെടുകയും ചെയ്യും. എന്തിനുവേണ്ടാത്തതിനുപോകുന്നു.”

വ്യാപാരികൾ അധികവും കുഗ്രാമങ്ങളിലെ കൃഷിക്കാരായിരിക്കും. അവർക്കു തൈർ പ്രിയമാണെന്നു കണ്ടു എല്ലാ ചന്തദിവസങ്ങളിലും അവർക്കായി ഏതാനും കുടം തൈർ വാങ്ങിക്കരുതുക പതിവുണ്ടു്. ഈ തൈർ പത്മ അവളുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയിരുന്നതാണു്. അവൾ തൈരുണ്ടാക്കി ഹോട്ടലിൽ കൊടുത്തു് രണ്ടു് കാശുണ്ടാക്കിയിരുന്നു. അവൾ ഒന്നാംകിട ‘ചരക്കല്ല’ വിറ്റിരുന്നതെന്നും എടുത്തുപറയേണ്ടതില്ലല്ലോ.

പത്മ മുഖം ഒന്നു വെട്ടിച്ചിട്ടു പറഞ്ഞു: “ബാബു, നിങ്ങളുടെയൊരു അശ്രീകരം പിടിച്ച വർത്തമാനങ്ങൾ തൈരു കെട്ടതാണു്, പഴകിയതാണു്! ആരു പറഞ്ഞു: തൈർ മോശമായിരുന്നുവെന്നു്! ആ അവലക്ഷണം പിടിച്ച ഹാജാരി ഠാക്കൂറല്ലേ പറഞ്ഞതു്; അവന്റെ കള്ളത്തരം ഇന്നു ഞാൻ…”

സംഗതി പറഞ്ഞതു ഹാജാരിതന്നെ. എന്നാൽ തൈർ കെട്ടതായിരുന്നുവെന്നു് അയാൾ പറഞ്ഞില്ല. അയാൾ പറഞ്ഞതു് വ്യാപാരികൾ ഊണുകഴിക്കാതിരുന്നപ്പോൾ ഈ ജാതി തൈർ വിളമ്പിയാൽ തങ്ങൾ പതിന്നാലു പൈസക്കു പകരം പന്ത്രണ്ടു പൈസയേ ഭക്ഷണത്തിനു നൽകുകയുള്ളുവെന്നു് പരസ്പരം പറയുന്നതു കേട്ടു എന്നുമാത്രമാണു്.

പത്മ മടപ്പിള്ളിയുടെ വാതിൽപ്പടിയിൽ ഒരു കാൽ വെച്ചുനിന്നുകൊണ്ടു് ഭയങ്കരമായി തെറ്റിയപോലുള്ള സ്വരത്തിൽ പറഞ്ഞു: “ഒന്നറിയട്ടെ, ഞാൻ. എഡോ, ഠാക്കൂർ, തൈർ കെട്ടതാണെന്നു് ആരാണു തന്നോടു പറഞ്ഞതു് ?”

ഹാജാരി പതുക്കെപ്പറഞ്ഞു: “ആ ബാബുമണ്ഡലും അയാളുടെ മരുമകനും നിത്യം ചന്തദിവസം ഈ ഹോട്ടലിൽ തന്നെയല്ലേ ഉണ്ണാറുള്ളതു്? അവർ പറഞ്ഞു:”

“പറഞ്ഞോ അങ്ങിനെ? നിങ്ങളുടെ തൊണ്ടയിൽക്കൂടെയാണു പറഞ്ഞതെന്നു തോന്നും കേട്ടാൽ. നിങ്ങളെപ്പോലത്തെ ഒരു അസൂയക്കുടുക്ക ഇഹത്തിലും പരത്തിലുമുണ്ടാവില്ല. ഞാൻ തൈർ കൊടുക്കുന്നതു കണ്ടിട്ടു നിങ്ങൾക്കു കുനുഷ്ഠു്. ഞാനറിയില്ല ഇതൊക്കെ എന്ന ധാരണ വേണ്ട. നിങ്ങളുടെ ഇഷ്ടക്കാരി കുസും ശോയാലിനി (ഇടച്ചി) യുടെ മടിശ്ശീലയിലല്ല അതിന്റെ പണം വീഴുന്നതു്. അതല്ലേ നിങ്ങൾക്കിത്ര കണ്ണുകടി. കഞ്ചാവുകുടിയൻ, മരമുകറൻ പൂണൂക്കാരൻ.”

ഹാജാരി നാവൊന്നു കടിച്ചുകൊണ്ടു പറഞ്ഞു: “ഛി, ഛി… പത്മയേടത്തി. നിങ്ങൾ എന്തൊക്കെയാണു് പറയുന്നതു് ? കുസുമത്തിന്റെ അച്ഛന്റെ വീടും എന്റെ വീടും ഒരേ ഗ്രാമത്തിലാണു്. എന്നെ അവൾ വലിയച്ഛനെന്നു വിളിക്കുന്നു. ഞാനവളെ മകളെപ്പോലെയാണു വെച്ചിട്ടുള്ളതു്. അവളെപ്പറ്റി ഇങ്ങനെയൊക്കെ പറഞ്ഞാൽ പാപമുണ്ടു്.”

ഇതിനുത്തരമായി പത്മ പറഞ്ഞ വാക്കുകൾ അച്ചടിച്ചു കണ്ടാൽ അറയ്ക്കും…

ഹാജാരിയുടെ കണ്ണുകൾ നിറഞ്ഞപോലെയായി. കുസുമത്തെ അയാൾ സത്യമായും മകളെപ്പോലെയാണു കൂട്ടിയിട്ടുള്ളതു്. അയാളുടെ നാട്ടുകാരനായ രസികലാൽ ഘോഷിന്റെ മകൾ. റാണാഘാട്ടിലാണു് അവളുടെ ശ്വശുരഗൃഹം. ചെറുപ്പത്തിൽ തന്നെ വിധവയായി. ഇപ്പോൾ പാലും തൈരും വിറ്റു രണ്ടു കുട്ടികളെ പോറ്റിവളർത്തിവരുന്നു. ശ്വശുരഗൃഹത്തിൽ ശ്വശ്രു മാത്രമേയുള്ളു.

പെട്ടെന്നാണൊരുദിവസം വഴിയിൽവെച്ചു കണ്ടുമുട്ടുകയുണ്ടായതു്.

“ആരിതു്, വലിയച്ഛനല്ലേ? ഒന്നുനില്ലേ, കാൽതൊട്ടു തൊഴട്ടെ ഞാൻ. വലിയച്ഛൻ ഇവിടെയെങ്ങനെ?”

“നീയെവിടന്നാണു കുസുമം?”

“എന്റെ ശ്വശുരഗൃഹം ഇവിടെത്തന്നെ, കൊച്ചുബസാറിലെ അമ്പലത്തിനടുത്തുതന്നെ. ഏട്ടന്റെ വീട്ടിൽനിന്നു വരികയാവും?”

“അല്ല, മോളേ ഞാൻ റെയിൽ ബജാറിലുള്ള ഒരു ഹോട്ടലിൽ പണിക്കു നില്ക്കുന്നു. അഞ്ചാറുമാസമായി ഇന്നേക്കു്.”

മറുനാട്ടിൽ വെച്ചു് ഒരേ നാട്ടുകാരെക്കണ്ടുമുട്ടിയ രണ്ടുപേരും വളരെ സന്തോഷിച്ചു. അന്നുതൊട്ടു് കുസുമം ഹാജാരി ഠാക്കുറിന്റെ ഹോട്ടലിൽ പാലും തൈരും വില്ക്കാൻ പോയിത്തുടങ്ങി. പാവമാണെന്നു വിചാരിച്ചു ഹാജാരി പലപ്പോഴും ആരുമറിയാതെ ചോറും കറിയും അവൾക്കു പാൽപാത്രത്തിലാക്കി കൊടുക്കും. പാലും തൈരും വിറ്റു തിരിച്ചുപോകുന്ന സമയം അവൾ കണ്ഡുമാരുടെ ചണപ്പാണ്ടികശാല നിൽക്കുന്ന തെരുവിൽക്കൂടെ കടന്നു ചെന്നു പാത്രം എടുത്തുകൊണ്ടുപോകും. ഇവർ തമ്മിലുള്ള ലോഹ്യവും അടുപ്പവും ദാസി പത്മയുടെ കണ്ണിൽനിന്നുണ്ടോ മറയ്ക്കാൻ കഴിയുന്നു. അതിനാൽ അവൾ അതൊക്കെ പറയാൻ അർഹതയുള്ളവൾതന്നെ.

പതിവുപോലെ ഹാജാരി ചൂർണ്ണിയുടെ വക്കത്തു നടക്കാൻ പോയി. വഴിക്കുവെച്ചു കുസുമത്തെ കണ്ടു. കുസുമം പാൽപാത്രം തൂക്കിപ്പിടിച്ചുകൊണ്ട വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവൾക്കു വയസ്സു് ഇരുപത്തഞ്ചു് ഇരുപത്താറു്. നല്ല ആരോഗ്യം, കറുപ്പുനിറം, ശാന്തമായ മുഖശ്രീ.

ഹാജാരി ചോദിച്ചു: “അല്ലാ, ഇത്ര വൈകിയിട്ടാണു മടക്കം?”

കുസുമം പറഞ്ഞു: “ഇന്നു കുറച്ചു വൈകിപ്പോയി, വലിയച്ഛാ. സ്വന്തമായി എനിക്കു പശുക്കറവയില്ല. ‘കായേത് പാസ’ (കായസ്ഥത്തെരുവു്) യിൽ ചെന്നു പാൽ വാങ്ങിക്കൊണ്ടുവരണം, വിൽക്കണം. അതു കഴിഞ്ഞിട്ടു വേണം മടങ്ങുവാൻ. വരണോ വീട്ടിലേക്കു്?”

“ഇല്ല, ഇപ്പോഴെങ്ങനെ വരും. നീ പോയി വല്ലതും വെച്ചുണ്ണാൻനോക്കു്.”

കുസുമം സമ്മതിച്ചില്ല: “ആഹാരം എന്റെ ശ്വശ്രു വെച്ചു് ഒരുക്കിക്കഴിഞ്ഞിട്ടുണ്ടാവും. ഇനി ചെന്നു ഉണ്ണുകയേ വേണ്ടു, വലിയച്ഛാ! അതിനെത്ര നേരം വേണം? വരൂ.”

ഹാജാരി നിവൃത്തിയില്ലാതെ ഒപ്പം ചെന്നു. രണ്ടു പുരകൾ. ഒന്നു കുറച്ചു വലുതു്. അതിൽ കസുമത്തിന്റെ ശ്വശ്രു താമസം. ചെറുതിൽ രണ്ടു കുട്ടികളോടൊപ്പം കുസുമം. അവളും ശ്വശ്രുവും തമ്മിൽ നല്ല സ്വരച്ചേർച്ചയില്ല.

കുസുമം അവളുടെ പുരയിൽ കൊണ്ടുപോയി ഹാജാരിയെ ഇരുത്തി. മുറിയുടെ നടുവിൽ ഒരു മരക്കട്ടിൽ. അതിന്മേൽ തടിച്ച ഒരു കോസടി. അതിൽ ഭംഗിയുള്ള തുണി വിരിച്ചിരിക്കുന്നു. കട്ടിലിന്നു താഴെ പൂഴിയിട്ടു് അതിൽ കഴിഞ്ഞ കൊല്ലത്തെ ഉരുളക്കിഴങ്ങുകൾ. ഒരു കോണിൽ ഏതാനും കലങ്ങളും ചട്ടികളും ഒരു വലിയ ഭരണിയും. മുളകൊണ്ടുള്ള അഴയിൽ കരിമ്പടങ്ങളും പഴന്തുണികൾ ചേർത്തു നിർമ്മിച്ച വിരിപ്പുകളും. ഒരു ഇളം തിണ്ണയിൽ തേച്ചു കഴുകിത്തിളങ്ങുന്ന പിച്ചളപ്പാത്രങ്ങൾ. പുര കണ്ടിട്ടു് അവൾക്കു വീടു വൃത്തിയാക്കിവെയ്ക്കാനറിയാം എന്നു ഹാജാരിക്കു തോന്നി.

കുസുമം ചോദിച്ചു: “വെറ്റില മുറുക്കണ്ടേ വലിയച്ഛന്നു്?”

“തരൂ. എന്നിട്ടു് ഉണ്ണാൻ പോകു. നേരം കുറെയായി.”

എന്നാൽ കുസുമം ഉണ്ണാൻ യാതൊരു തിരക്കും കാട്ടിയില്ല. ഹാജാരിക്കു മുറുക്കാൻ കൊടുത്തു് അവിടെത്തന്നെ നിലത്തിരുന്നു നാട്ടുവർത്തമാനം തുടങ്ങി. ഏതാണ്ടു് അരമണിക്കൂർ കഴിഞ്ഞു. അവൾ ഇളകാനുള്ള മട്ടില്ല എന്നു കണ്ട ഹാജാരിക്കു ക്ഷമ വന്നില്ല. അയാൾ പറഞ്ഞു: “മതി, ഇനി പോയി വല്ലതും ഭക്ഷിക്കു. ഞാനും പുറപ്പെടുകയായി. നേരത്തെ ചെന്നു പണിതുടങ്ങട്ടെ.”

കുസുമം പറഞ്ഞു: “ദാ പോവുകയായി.”

പറഞ്ഞതുമാത്രം. പിന്നെയും കഴിഞ്ഞു അരമണിക്കൂർ. എന്നിട്ടുമില്ല പോകാൻ ഭാവം. അച്ഛനുമമ്മയും മരിച്ചു. സഹോദരന്മാർ, ദരിദ്രയാണെന്നു വെച്ചിട്ടോ അവരുടെ ഭാര്യമാരുടെ സമ്മതം കിട്ടാഞ്ഞിട്ടോ എന്തോ, ആരും അവളെ കൂട്ടിക്കൊണ്ടു പോകയുണ്ടായില്ല. അവൾ ഒന്നുരണ്ടു തവണ പോകാതിരുന്നില്ല. പക്ഷേ, അവിടെ നില്ക്കാൻ കഴിഞ്ഞില്ല. സഹോദര പത്നിമാരുടെ പെരുമാറ്റം അത്രയ്ക്കു വഷളായിരുന്നു.

ഹാജാരിയോടു് കുസുമം ഈവക കഥകൾ പറയാൻ തുടങ്ങി. കുട്ടിക്കാലത്തെ കഥകൾ എടുത്തിട്ടപ്പോഴാണു് പറഞ്ഞാൽ തീരില്ല എന്നു തോന്നിയതു്.

“ഇവിടെ ചീരയിലയും മറ്റും വിലകൊടുത്തുവാങ്ങണം. ഞങ്ങളുടെ ഗ്രാമത്തിലെ യുഗീപാസാപാടത്തു ഞങ്ങൾ പയറ്റില പൊട്ടിക്കാൻ പോകാറുണ്ടായിരുന്നു, വലിയച്ഛാ! ഒരുതവണ.” അന്നു് എനിക്കു വയസ്സു് ഒൻപതു്, ഞാനും സാധു കുമ്പാരന്റെ മകൾ ആദരും കൂടി പുറപ്പെട്ടു, പയറ്റിലക്കു്. അപ്പോഴുണ്ടു് ഒരു മനുഷ്യൻ, എന്റെ വലിയച്ഛാ, വയലിലിരുന്നു മൂക്കാത്ത പയർ പൊട്ടിച്ചു തിന്നുന്നു. ഞങ്ങൾ കണ്ടു കണ്ടില്ല എന്നായപ്പോഴേക്കും അയാൾ എഴുന്നേറ്റു വെച്ചുകൊടുത്താൻ ഒരൊറ്റ ഓട്ടം. ഞങ്ങൾ ചിരിച്ചു ചിരിച്ചു ബാക്കിയില്ല എന്നായിപ്പോയി. വയൽ ഞങ്ങടെ വകയാണെന്നു ധരിച്ചുകാണും പാവം.

ഇതും പറഞ്ഞു കുസുമം വായിൽ തുണിത്തുമ്പു തിരുകിച്ചിരിച്ചു ചിരിച്ചു കുഴഞ്ഞു വീണുപോയി എന്നല്ലേ പറയേണ്ടു. ഇവളുടെ കുട്ടിക്കാലകഥകൾ കേട്ടുകൊണ്ടിരുന്നാൽ ഹോട്ടലിൽ എത്താൻവൈകും. പത്മയുടെ വായ്ത്താരികൊണ്ടു പൊറുതി കെട്ടുപോകും. അയാൾ എഴുന്നേൽക്കാൻ ഭാവിക്കുമ്പോഴേക്കു കുസുമം തടഞ്ഞുകൊണ്ടു പറഞ്ഞു: “നിൽക്കു വലിയച്ഛാ, ഞാനൊരു കൂട്ടം വലിയച്ഛനെന്നും പറഞ്ഞു ശരിയാക്കിവെച്ചിട്ടുണ്ടു്. അതു തരാനാണു ഞാൻ വിളിച്ചുകൊണ്ടുവന്നതു തന്നെ.”

ഇതും പറഞ്ഞു: അവൾ ഒരു പൊതിയഴിച്ചു ഒരു കോസടി ഹാജാരിയുടെ മുമ്പിൽ നീർത്തിപ്പിടിച്ചുകൊണ്ടു ചോദിച്ചു.

“എങ്ങനെയിരിക്കുന്നു കോസടി?”

“ആഹാ! ഒന്നാന്തരം കുട്ടീ!”

കുസുമം കോസടി മടക്കിക്കൊണ്ടു പറഞ്ഞു: “വലിയച്ഛനു് ഇതു നിവർത്തിയിട്ടു കിടക്കാം, രാത്രി. വലിയച്ഛൻ ഹോട്ടലിൽ വെറും പുൽപ്പായ വിരിച്ചല്ലേ കിടന്നുറങ്ങുന്നതു്? ഒരു കോസടി തുന്നിത്തരണമെന്നു ഞാൻ വിചാരിക്കാൻ തുടങ്ങിയിട്ടു വളരെ നാളായി. അതുകൊണ്ടു കുറേശെക്കുറേശ്ശെയായി തുന്നി. പണിതീർത്തിട്ടു നാലഞ്ചുനാളായി.”

ഹാജാരി അത്യന്തം പ്രസന്നനായി. കുസുമത്തിന്റെ അച്ഛൻ രസികഘോഷ് അയാളുടെ സമവയസ്കനായിരുന്നു. കുസുമം സ്വന്തം മകളെപ്പോലെ, ഒരേ ഗ്രാമക്കാർ—എന്നുവെച്ചു് എല്ലാവരും ചെയ്യുമോ ഇങ്ങനെ? ഗ്രാമത്തിൽ എത്രയോ പേരുണ്ടു്.

അയാൾ പറഞ്ഞു: “ദീർഘായുസ്സായിരിക്കു മോളേ. മോളല്ലെങ്കിൽ അച്ഛനോടു് ഇത്ര സ്നേഹം കാട്ടാൻ തോന്നുമോ? ഒന്നാന്തരം കോസടി. ഇതു വിരിച്ചു കിടന്നാൽ ഞാൻ രക്ഷപ്പെട്ടു. എതിരറ്റതു് മോളേ ഭേഷ്, ഭേഷ്!”

കുസുമം പറഞ്ഞു: “വലിയച്ഛാ, മകളല്ലാതെ ആരു ചെയ്യുമെന്നല്ലേ ചോദിക്കുന്നതു്. ഞാൻ ചോദിക്കുന്നതു് അച്ഛനല്ലാതെ മറ്റാരുണ്ടു് സ്വന്തം ഭക്ഷണത്തിനുള്ള ചോറെടുത്തു് ആരുമറിയാതെ മകൾക്കു കൊടുക്കാൻ! ശ്രാവണ മാസത്തിലെ തോരാത്ത മഴയത്തു്…”

കണ്ണിൽനിന്നു നിറഞ്ഞൊഴുകുവാൻ തുടങ്ങിയ കണ്ണുനീർ ചേലാഞ്ചലം കൊണ്ടു തുടച്ചു് അവൾ താഴേക്കു നോക്കിനിന്നു. അല്പം കഴിഞ്ഞു അവൾ പറഞ്ഞു: “തലയ്ക്കു മുകളിലിരിക്കുന്ന ഭഗവാനറിയാം വലിയച്ഛൻ എനിക്കു വേണ്ടി ചെയ്യുന്നതു്. മറ്റാർക്കും അറിയില്ല. വലിയച്ഛൻ ബ്രാഹ്മണൻ, ദേവൻ, ഞാൻ താഴ്‌ന്ന ജാതിയിൽ പെട്ട ഒരു പെണ്ണു്—എന്റെ അവസ്ഥയ്ക്കു ചേരാത്തതു പറയുന്നതു ഭംഗിയാവില്ല, എന്നാലും ഞാൻ പറയുന്നു—എനിക്കു തരുന്ന ഓരോ പിടി ചോറിനും അത്രയും പൊന്നു് വലിയച്ഛനു ഭഗവാൻ തരും. ഞാനതു കണ്ടിട്ടേ മരിക്കുള്ളു.”

ഇതും പറഞ്ഞു: അവൾ ചേലാഞ്ചലം കഴുത്തിൽ ചുറ്റി ഹാജാരിയുടെ കാൽക്കൽ കുമ്പിട്ടു നമസ്കരിച്ചു.

മഴ പൊടിപാറുന്ന ഒരു ദിവസം.

ഹോട്ടലിന്റെ മുൻവശമുള്ള മുറിയിൽ അനേകം മാന്യർ വന്നു കൂടിയിരിക്കുന്നതു് ഹാജാരി കണ്ടു. സാധാരണ ഇത്രയേറെ മാന്യന്മാർ ഈ ഹോട്ടലിൽ വരിക പതിവില്ല. ഹാജാരിക്കു് അത്ഭുതം തോന്നി.

ബേചു ചക്കത്തി വിളിച്ചു: “ഹാജാരി ഠാക്കൂർ. ഒന്നിവിടത്തോളം വരൂ.”

ഹാജാരി മുറിയുടെ വാതിൽക്കൽ ചെന്നു നിന്നപ്പോൾ മാന്യന്മാരിൽ ഒരാൾ ചോദിച്ചു: “ഈ അരിവെപ്പുകാരനാണു്, ഹാജാരി?”

ബേചു പറഞ്ഞു: “അതെ ബാബു, ഇയാൾ തന്നെ.”

ബാബു പറഞ്ഞു: “ഇയാളെപ്പറ്റിത്തന്നെ ഞങ്ങൾ കേട്ടിരിക്കുന്നതും. ഠാക്കൂർ ഇന്നു്, ഈ മഴ പൊടിപാറുന്ന സമയം ഞങ്ങളെ വേണ്ടപോലെ മാംസ പുലാവ് ചമച്ചു് ഊട്ടി തൃപ്തിപ്പെടുത്തണം, എങ്ങിനെ? നിങ്ങൾക്കും അതിനു വേണ്ട ദേഹണ്ണക്കൂലി എന്തുവേണമെന്നാലതു് ഞങ്ങൾ പ്രത്യേകം തരാം. എന്നാൽ പോരേ?”

ബേചു പറഞ്ഞു: “പ്രത്യേകം കൂലി കൊടുക്കുന്നതെന്തിനു ബാബു! നിങ്ങളുടെയൊക്കെ ആശീർവാദംകൊണ്ടു് എന്റെ ഹോട്ടലിന്റെ പേർ ദൂരദിക്കിലുള്ളവർക്കുപോലും അറിയാം. അയാൾ എന്റെ തന്നെ അരിവെപ്പുകാരൻ. അയാൾക്കു് ഒന്നും കൊടുക്കണ്ട. ബാബുമാർ എന്തു കല്പിക്കുന്നുവോ അതു ചെയ്തു തരും.”

പിന്നെ വേലക്കാരി പത്മയെ വിളിച്ചു, ബേചു.

അവളോടു് ബേചു വല്ലതും പറയുന്നതിനു മുമ്പായിത്തന്നെ ബാബുമാരിൽ ഒരാൾ പറഞ്ഞു: “പെണ്ണേ, ഈ മഴയത്തു് ഞങ്ങൾക്കു് നല്ല ഒന്നാന്തരം ചായ ഉണ്ടാക്കിത്തരൂ. ഇല്ലെങ്കിൽ എവിടെനിന്നെങ്കിലും വരുത്തിച്ചു തന്നാലും മതി. കേട്ടില്ലേ, ചക്കത്തി മശായി! നിങ്ങളുടെ ഹോട്ടലിന്റെ ഖ്യാതി ദൂരദൂരം പരന്നിട്ടുണ്ടു് എന്നു പറഞ്ഞില്ലേ നിങ്ങൾ? അതു് ഇല്ലാത്തതല്ല. ഞങ്ങൾ ഇന്നു് നായാട്ടിനിറങ്ങിയപ്പോൾ എന്റെ വകയിൽ പെട്ട ഒരു ഏട്ടൻ പ്രത്യേകം പറയുകയുണ്ടായി. ‘റാണാഘാട്ടിലേക്കു് അല്ലേ? ഷിക്കാറിന്നു്? തിരിച്ചുപോരുമ്പോൾ റെയിൽ ബസാറിലെ ബേചു ചക്കത്തിയുടെ ഹോട്ടലിലെ ഹാജാരി ഠാക്കുറിന്റെ കൈകൊണ്ടു് ഇറച്ചി പാകം ചെയ്യിച്ചു് അതിന്റെ രുചി ഒന്നറിഞ്ഞിട്ടുപോന്നോളൂ’. അതുകൊണ്ടു് ഇന്നു പകലത്രയും ചതുപ്പുനിലങ്ങളിൽ പക്ഷി നായാട്ടിനെന്നും പറഞ്ഞു് അലഞ്ഞു നടന്നു തിരിച്ചുപോന്ന സമയം വിചാരിച്ചു—മടക്കവണ്ടി രാത്രി പത്തുമണിക്കേയുള്ളു. നല്ല ചൂടോടെ കുറച്ചു ഇറച്ചി തിന്നിട്ടു പോവുകതന്നെ. കൂലി വേണ്ടെന്നുവെക്കുന്നതെന്തിനു ചക്കത്തി മശായ് ! അയാൾ ഞങ്ങൾക്കു പാകം ചെയ്തുതരട്ടെ. ഞങ്ങൾ അയാളെ വേണ്ടപോലെ തൃപ്തിപ്പെടുത്തിയിട്ടേ പോകയുള്ളു. അതിനുവേണ്ടിത്തന്നെയല്ലേ ഇവിടെ കയറിയതു്.”

ഈ വർത്തമാനം കേട്ടിട്ടുണ്ടായ സന്തോഷത്തെക്കാൾ ഏറെ ഹാജാരിയെ സന്തോഷിപ്പിച്ചതു് ചക്കത്തി സ്വന്തം കാതാലെ അതൊക്കെ കേട്ടുവെന്നു് ഓർത്തിട്ടാണു്. തന്റെ ജോലിക്കയറ്റത്തിനു് ഇതു വഴിവെച്ചേക്കാം. മുതലാളന്റെ കണ്ണിൽ ‘നല്ല പിള്ള’യായാൽ എന്തുതന്നെ സംഭവിച്ചുകൂടാ? സന്തോഷാധിക്യം കാരണം അയാൾ ഒരുകാര്യം തീരെ ശ്രദ്ധിച്ചില്ല. വേലക്കാരി പത്മ അയാളെ പ്രശംസിക്കുന്നതു കേട്ടു് മറുവശത്തു് അസൂയകൊണ്ടു കത്തിക്കരിയുകയായിരുന്നു.

ബാബുമാർ എല്ലാ ഭാരവും ഹോട്ടൽക്കാരനെ ഏല്പിച്ചു മിണ്ടാതിരുന്നില്ല. അവർ പുലാവിനു വേണ്ട സാമഗ്രികൾ സ്വയം വാങ്ങിക്കൊടുത്തു. ഹാജാരി റാക്കൂറിനു് ഇറച്ചി പാകം ചെയ്യാൻ ഒരു പ്രത്യേക വിധി അറിയാം. മാംസത്തിൽ വെള്ളം ഒട്ടും ചേർക്കാതെ നേപാളി പദ്ധതിയനുസരിച്ചു് പാകം ചെയ്യാനുള്ള ഈ വിധി അയാൾ നേപാളിൽ വളരെ നാൾ താമസിച്ചു തിരിച്ചുവന്ന ഡോക്ടർ ശിവചരൺ ഗാംഗുലിയുടെ പത്നിയിൽ നിന്നു് കുറെനാൾ മുമ്പുതന്നെ വശമാക്കിവെച്ചിരുന്നതാണു്. എന്നാൽ ഹോട്ടലിലെ നിത്യമുള്ള ആഹാരവസ്തുക്കളുടെ പട്ടികയിൽ മാംസത്തിനു് ഒരു ദിവസവും സ്ഥാനമുണ്ടായിരുന്നില്ല. എങ്കിലും പതിവുശാപ്പാടുകാരുടെ പ്രീതിക്കുവേണ്ടി മാസത്തിൽ ഒരുതവണ അല്ലെങ്കിൽ രണ്ടുതവണ ഇറച്ചി കൊടുക്കുന്നുണ്ടു് എന്നാണു വെച്ചിരിക്കുന്നതു്. എന്നാൽ അതു പാകം ചെയ്യുന്നതിൽ വിശേഷാൽ പാടവം പ്രദർശിപ്പിക്കുവാൻ പോയാൽ പന്തിയാവില്ല. ഹാജാരിക്കു് ഉത്സാഹവും തോന്നാറില്ല എന്നു വെച്ചോളൂ. നല്ല ശ്രോതാക്കളില്ലെങ്കിൽ നല്ല ഗായകർക്കു് നന്നായി പാടുവാൻ തോന്നാറുണ്ടോ? അതുപോലെ.

ഹാജാരി ഉറപ്പിച്ചു—വേലക്കാരി പത്മയ്ക്കു് തന്നെ കണ്ണെടുത്തു കണ്ടുകൂടാ. ഇന്നു് ഒന്നാന്തരമായി തന്റെ കൈപുണ്യം ഒന്നു കാട്ടിക്കൊടുത്തു് സകലപേരിൽ നിന്നും അഭിനന്ദനം നേടി വേലക്കാരിക്കു കാട്ടിക്കൊടുക്കും. താൻ അവൾ വിചാരിക്കുന്നത്ര അല്പനല്ല. താനും മനുഷ്യനാണു്. എത്രയോ വലിയ മനുഷ്യൻ.

ഒരുക്കൂട്ടിക്കൊടുക്കാൻ പറ്റിയ ഒരു സഹായി ഇല്ലെങ്കിൽ ദേഹണ്ണം വേണ്ടപോലെയാവില്ല. വേലക്കാരി പത്മ സഹായിക്കയുണ്ടാവില്ല. അതു പണ്ടേ അറിയാവുന്ന കാര്യമാണു്. ഹോട്ടലിൽ മറ്റൊരു ഒറീസ്സാക്കാരൻ ബ്രാഹ്മണനുണ്ടു് അരിവെപ്പുകാരനായിട്ടു്. അയാളോടും സഹായിക്കുവാൻ പറയുന്നതിനു നിവൃത്തിയില്ല. കാരണം അയാളാണു് ഹോട്ടലിലെ പതിവു ഭക്ഷണം പാകം ചെയ്യേണ്ടുന്നവൻ.

കുസുമത്തെ കൊണ്ടുവന്നാലോ എന്നു് ഒരിക്കൽ ആലോചിച്ചു.

അടുത്ത നിമിഷം തന്നെ അതു വേണ്ടെന്നുവെച്ചു. ആളുകൾ തോന്നിയതു പറയാൻ തുടങ്ങും. പത്മ കറിക്കത്തികൊണ്ടു് അരിഞ്ഞിടും. പോട്ടെ, തന്നെക്കൊണ്ടു് ആകാവുന്നവണ്ണം ചെയ്യുകതന്നെ.

സമയമായി. ഹാജാരി ബസാറിൽനിന്നു വാങ്ങിയ പച്ചക്കറികളും മാംസവും സ്വയം നുറുക്കി കറിക്കു പാകമാക്കി അടുപ്പത്തിട്ടു. എന്തൊരു പൊരിഞ്ഞ മഴ! ഹിമാലയം പിളർന്നെത്തിയപോലെ, വിറകു നനഞ്ഞിരിക്കുന്നു. അയാൾ ഇറച്ചി കരിയടുപ്പിലല്ല പാകം ചെയ്യാൻ ഭാവം. അയാളുടെ പ്രത്യേക തരത്തിലുള്ള മാംസപാകത്തിനു് കരിയടുപ്പു പറ്റില്ല.

എല്ലാം വെച്ചു പാകപ്പെടുത്തിയെടുത്തു കഴിഞ്ഞപ്പോഴേക്കു് മണി രണ്ടു്. അതിനുശേഷം ബാബുമാർ ഉണ്ണാനിരുന്നു. മാംസം വിളമ്പുന്നതിനു് എത്രയോ മുമ്പുതന്നെ ആചാര്യനായ ഒരു ശില്പിയുടെ ആത്മവിശ്വാസത്തോടും ഗർവോടുമൊപ്പം ഹാജാരിക്കു സ്വയം അറിയാൻ കഴിഞ്ഞു. ഇന്നു പാകം ചെയ്തെടുത്ത മാംസ ഭക്ഷണം ഇവർക്കു് തൃപ്തികരമാകാതെ വരില്ല. സംഭവിച്ചതും അതുതന്നെ.

ബാബുമാർ ബേചു ചക്കത്തിയെ വിളിച്ചു മുമ്പിൽ നിറുത്തി ഹാജാരി റാക്കുറിനെ പുകഴ്ത്തിപ്പറഞ്ഞ വാചകങ്ങൾ കേട്ടു് ബേചു ചക്കത്തി വല്ലാതെ പരുങ്ങിയ നിലയിലായിപ്പോയി. വേലക്കാരെ താഴ്ത്തിപ്പറയുന്നതിലാണു് മുതലാളന്മാർക്കു് സൗകര്യം. പൊക്കിപ്പറഞ്ഞാൽ തലയിൽക്കയറും.

പുറപ്പെട്ട സമയം ബാബുമാരിൽ ഒരാൾ ഹാജാരിയെ വേറെ വിളിച്ചു പറഞ്ഞു: “നിങ്ങൾക്കു് ഇവിടെ എന്തുകിട്ടുന്നുണ്ടു് ഠാക്കുർ”

“ഒൻപതു രൂപയും ചെലവും.”

“ഇതാ രണ്ടു രൂപ ഞാൻ നിങ്ങൾക്കു സമ്മാനമായി തന്നിരിക്കുന്നു. നിങ്ങളുടെ ദേഹണ്ണം അതിവിശേഷം തന്നെ. ഇനി ഈ വഴിക്കു വരുമ്പോൾ നിങ്ങൾ തന്നെ വേണം ഞങ്ങൾക്കു പാകം ചെയ്തുതരാൻ.”

ഹാജാരിക്കു പരമസന്തോഷമായി. വല്ലതും സമ്മാനം കിട്ടും എന്നു അയാൾക്കുറപ്പുണ്ടായിരുന്നു. എന്നാൽ ഇത്ര വിചാരിച്ചിരുന്നില്ല. രണ്ടുരൂപ!

പോകുന്ന സമയം ബാബുമാർ ബേചു ചക്കത്തിയോടു് ഹാജാരിയുടെ പാചകകലയെ ഒന്നുകൂടി പുകഴ്ത്തിപ്പറയാൻ വിട്ടുപോയില്ല: “ഒരിക്കൽ കൂടി അടുത്തുതന്നെ നായാട്ടിനു് ഈ വഴിക്കു വരുന്നുണ്ടു്. ആ സമയം ഹാജാരി ഠാക്കുർ പാകം ചെയ്തുകൊടുക്കുന്ന മാംസം ഭക്ഷിക്കാതെ പോവില്ല. ചക്കത്തി മശായിയുടെ ഹോട്ടൽ കൊള്ളാം. തങ്ങൾക്കു നന്നെ പിടിച്ചു…”

ബേചുചക്കത്തി അതിവിനയത്തോടെ അറിയിച്ചു: “ബാബുമാർ നല്ല അന്തസ്സുള്ളവർ, എല്ലാം കാണാൻ കഴിയുന്നവർ, എല്ലാം അറിയാൻ കഴിവുള്ളവർ. ഈ റാണാഘാട് റെയിൽ ബസാറിൽ എത്രയോ ഹോട്ടലുകൾ ഉണ്ടു്. എന്നാൽ നിങ്ങളെപ്പോലുള്ളവർ വരുമ്പോൾ എല്ലാവരും ഈ സാധുവിന്റെ കുടിലിനെയാണു പാദധൂളികൊണ്ടു് പവിത്രമാക്കാറുള്ളതു്. അതുകൊണ്ടു്, എപ്പോൾ വേണമെന്നു വെച്ചാലും വരൂ. നേരത്തെ ഒരു കത്തിടുകയാണെങ്കിൽ നന്നായിരിക്കും. സകലതും നിങ്ങൾക്കുവേണ്ടി ഒരുക്കി വെച്ചിട്ടുണ്ടാവും. കൽക്കത്തയിൽ ചെല്ലുമ്പോൾ തങ്ങൾക്കു വേണ്ടപ്പെട്ടവരോടു് ഒന്നു പറഞ്ഞു വെച്ചാൽ തരക്കേടില്ല. ഈ ദിക്കിലേക്കു വരുമ്പോൾ അവർക്കും ഇവിടെക്കയറാമല്ലോ. ബാബു—അപ്പോൾ ഞങ്ങളുടെ അരിവെപ്പുകാരനു കൊടുക്കാമെന്നു പറഞ്ഞ കൂലി… ഹേ… ഹേ…”

“എന്തുവേണം?”

“ഒരു നേരത്തേക്കു് എട്ടണ വെച്ചുകൊടുക്കു ബാബു.” ബാബുമാർ എട്ടണ കൂടി ബേചുവിന്റെ കയ്യിൽ വെച്ചുകൊടുത്തു് പുറത്തേക്കിറങ്ങി. ബേചു ഹാജാരി ഠാക്കൂറിനെ വിളിച്ചു പറഞ്ഞു: “ഠാക്കൂർ, ഇനി ഇന്നു പുറത്തേക്കെങ്ങും പോകണ്ട. നേരം പോയി. കുറച്ചു കഴിയുമ്പോഴേക്കു് അടുപ്പിൽ തീകൂട്ടണം. പത്മ എവിടെ?”

“പത്മയേടത്തി കിണ്ണങ്ങളും പാത്രങ്ങളും എടുത്തുവെക്കുന്നു. വിളിക്കണോ?”

വേലക്കാരി പത്മ ഇന്നു മുഖം വീർപ്പിച്ചുകൊണ്ടാണു നടക്കുന്നതെന്നു് ഹാജാരി മനസ്സിലാക്കിയിരിക്കുന്നു. ഇന്നു് ഹോട്ടലിൽ വെച്ചു് ബാബുമാർ, എല്ലാവരുടേയും മുമ്പിൽ നിർത്തിക്കൊണ്ടല്ലേ തന്നെ പ്രശംസിച്ചതു്. എങ്ങനെ തോന്നും അവൾക്കു് മനസ്സിനൊരു സുഖം? പത്മയെ തൃപ്തിപ്പെടുത്തുവാൻ ഇന്നു ഹാജാരി അവളുടെ കിണ്ണത്തിൽ പതിവിലേറെ ചോറും കറിയും ഇറച്ചിയും വിളമ്പിക്കൊടുക്കയുണ്ടായി. അതുകൊണ്ടു് പത്മയുടെ മുഖത്തു് ലേശമെങ്കിലും പ്രസന്നത വന്നതായി ഹാജാരിക്കു തോന്നിയില്ല എന്നല്ല. മുഖം പഴയപടി വീർത്തു കെട്ടിത്തന്നെയിരുന്നു.

കിണ്ണം എടുത്തുകൊണ്ടു് പത്മ ചോദിച്ചു: “ഇറച്ചി കുറച്ചുകൂടിയുണ്ടാവില്ലേ ഠാക്കുർ?” ചോദ്യത്തോടൊപ്പം തന്നെ അവൾ ഇറച്ചിപ്പാത്രത്തിലേക്കു നോക്കി. ഇത്ര വിശേഷപ്പെട്ട ഇറച്ചിക്കറി ലേശം കുസുമത്തിനു കൊടുക്കണം (കുസുമം വിധവയാണെങ്കിലും ബ്രാഹ്മണിയല്ലാത്തതിനാൽ മത്സ്യമാംസാദികൾ ഭക്ഷിക്കാൻ വിരോധമില്ല) എന്നു വെച്ചു് ഹാജാരി പാത്രത്തിൽ കുറച്ചിറച്ചി ബാക്കി വെച്ചിട്ടുണ്ടായിരുന്നു. അതവൾ കണ്ടുപിടിച്ചു. കണ്ടെന്നു മനസ്സിലാക്കിയ ഹാജാരി പറഞ്ഞു: “ലേശമുണ്ടാവും.”

“അതിനി എന്തു ചെയ്യാനാണു്? എനിക്കു തന്നേക്കു. ഇന്നു് എന്റെ ഭഗിനീപതി വരും. നിങ്ങൾ മാംസം തിന്നില്ലല്ലോ.”

കുസുമത്തിനു കൊടുക്കാൻ വെച്ചിരിക്കുന്ന മാംസം പത്മയ്ക്കു കൊടുക്കുക, എന്തായാലും മുഖം തെളിയാത്ത ഒരു അവലക്ഷണത്തിനു് ഹാജാരി മാംസം തിന്നാത്തവനൊന്നുമല്ല. എന്നാൽ ഹോട്ടലിൽ മാംസം പാകം ചെയ്യുന്ന ദിവസം തന്റെ പങ്കു നീക്കിവെച്ചു് കുസുമത്തിനു കൊടുക്കയാണു് അയാൾ പതിവു്. പത്മയ്ക്കു് ഇതറിയാം. അറിഞ്ഞുകൊണ്ടു തന്നെയാണു് തന്റെ മനസ്സിൽ കുത്തി മുറിവേല്പിച്ചു പകരം വീട്ടാൻ അവൾ ഇതു പറഞ്ഞതെന്നും ഹാജാരി അറിയാത്തതല്ല.

ഹാജാരി പറഞ്ഞു: “നിങ്ങൾക്കു തന്നല്ലോ പത്മയേടത്തി, പാത്രത്തിൽ ലേശം കാണും, അതുകൊണ്ടെന്താകും?”

“എന്താണാവുകയെന്നു പറഞ്ഞതു നിങ്ങളുടെ ചെവിയോളമെത്തിയില്ലെന്നുണ്ടോ? ഭഗിനീപതി വരുമെന്നു പറഞ്ഞതു കേട്ടില്ല? തന്നതുകൊണ്ടു് എന്തു കാട്ടാനാണു്? അതുകൂടി തരു.”

ഹാജാരി ധർമ്മസങ്കടത്തോടെ പറഞ്ഞു: “ഞാൻ കുറച്ചു് എടുത്തുവെച്ചതാണു്. എനിക്കു് അതുകൊണ്ടു് ആവശ്യമുണ്ടു്.”

പത്മ പിണങ്ങിച്ചൊടിച്ചുകൊണ്ടു ഗൂഢാർത്ഥം ധ്വനിക്കുന്ന സ്വരത്തിൽ ചോദിച്ചു. “എന്താണുപോലും ആവശ്യം? നിങ്ങൾ മാംസം തിന്നില്ല. പിന്നെയാർക്കു കൊടുക്കാൻ?”

ഹാജാരി പറഞ്ഞു: “അതൊക്കെയുണ്ടു്. ഒരാൾ ചോദിച്ചിട്ടുണ്ടു്.”

“ഏതൊരാൾ?”

ഹാജാരി പറഞ്ഞു: “അതൊക്കെയുണ്ടു്. നിങ്ങൾ അറിയില്ല.”

വേലക്കാരി പത്മ കിണ്ണം താഴെ വെച്ചു് കയ്യിളക്കിക്കൊണ്ടു പറഞ്ഞു: “ഇല്ലില്ലാ എനിക്കറിയില്ല. അയ്യോ എങ്ങിനെയറിയാനാണു്? എനിക്കതു് അറിയേണ്ട ആവശ്യവുമില്ല. ഹോട്ടലിലെ സാധനങ്ങൾ നിങ്ങൾ കണ്ടവർക്കു കൊടുക്കാൻ പാടില്ല. ഇതു ഞാൻ നിങ്ങളോടു് ഇന്നും ഇന്നലെയുമൊന്നുമല്ല പറയാൻ തുടങ്ങിയതു്. ശരി, വേണ്ട, നിങ്ങൾ എനിക്കു തരണ്ട, ചക്കത്തി മശായിയുടെ സ്യാലനും വരുന്നുണ്ടു് ഇന്നു കൽക്കത്തയിൽ നിന്നു്. അയാൾക്കു് മാംസം വേറെയെടുത്തുവെക്കു്. വൈകുന്നേരം വന്നു ഭക്ഷിച്ചുകൊള്ളും. എനിക്കല്ലേ തരാൻ വയ്യാതെയുള്ളു, അയാൾ ഹോട്ടലുടമസ്ഥന്റെ സ്വന്തം ആൾ. അയാൾക്കു കൊടുക്കു.”

ബേചു ചക്കത്തിയുടെ ഈ സ്യാലനെ ഹാജാരി എത്രയോ തവണ കണ്ടു കഴിഞ്ഞിരിക്കുന്നു. മാസം പത്തുദിവസമെങ്കിലും സഹോദരീ ഭർത്താവിന്റെ വീട്ടിൽ വന്നു പാടുകിടക്കും. വീതിയുള്ള കരയൻ ദോത്തിയുടുത്തു് മുടി നടുവേ വകഞ്ഞുവെച്ചു് ഹോട്ടലിൽക്കടന്നുവന്നു് വേലക്കാരേയും അരിവെപ്പുകാരേയും തട്ടിക്കേറും, അവരോടു യജമാനത്തം കാട്ടും, കണ്ണുരുട്ടും, അപമാനിക്കും താനാണു് ഹോട്ടലുടമസ്ഥനെന്നു തോന്നും മട്ടു കണ്ടാൽ.

തന്റെ ഗ്രാമക്കാരി, ദരിദ്രയായ കുസുമം അവൾക്കു് നിത്യവും നല്ലതായാലും ചീത്തയായാലും വല്ലതും തിന്നുവാൻ കിട്ടുക. അതുപോയിട്ടു് പലപ്പോഴും പശിമാറ്റാൻ തന്നെ തരപ്പെടാറില്ല. അവൾക്കായി കരുതിവെച്ച വിശിഷ്ടമായ മാംസഭോജ്യം ഒടുവിൽ ധൂർത്തനും ദുരഹങ്കാരിയുമായ സ്യാലനെ തീറ്റേണ്ടതായി വരിക—ഈ പ്രസ്താവം ഹാജാരിക്കും തീരെ പിടിച്ചില്ല. എന്നാൽ അയാൾ ശുദ്ധഗതിക്കാരനായ ഒരു മനുഷ്യൻ—കൂട്ടത്തിൽ അല്പം ഭയവും. ഹോട്ടലിന്നുടയവൻ അവന്റെ മുതൽ അനുഭവിക്കുവാൻ ആഗ്രഹിക്കയാണെങ്കിൽ എങ്ങനെ നിഷേധിക്കുവാനാവും. നിവൃത്തിയില്ലാതെ ഹാജാരി പത്മയുടെ മുമ്പിൽ വെച്ചുതന്നെ വലിയ ചെമ്പുതളികയിലേക്കു് ചെമ്പുകലത്തിലെ മാംസം പകർന്നു് അടുക്കളയിലെ ചുവരലമാരിയിൽ അടച്ചുവെച്ചു.

കുറച്ചു സമയമുണ്ടു്. ഹാജാരി ആ സമയം കൊണ്ടു് നദീതീരത്തു് ഒന്നു നടന്നിട്ടു വരാമെന്നു വെച്ചു് പുറത്തേക്കിറങ്ങി. ഇന്നു് അയാൾക്കു് ആത്മവിശ്വാസം അധികരിച്ച ദിവസമാണു്. രണ്ടു കാര്യം ഇന്നു് അയാൾക്കു ബോധ്യമായി. ഒന്നു് നല്ല ഭക്ഷണം പാകം ചെയ്യാൻ താൻ മറന്നിട്ടില്ല. കൽക്കത്തക്കാരായ ബാബുമാർ പോലും അയാളുടെ പാചക വിദ്യയെ പ്രശംസിച്ചിരിക്കുന്നു. രണ്ടു്, പരന്റെ കീഴിൽ പണിയെടുക്കുന്നവന്നു ദയയും സഹതാപവും നിഷിദ്ധമാണു്. ഇന്നു് ഇത്ര സ്വാദോടെ വെച്ചു വിളമ്പിയ മാംസക്കറി കുസുമത്തിനു രുചിച്ചുനോക്കുവാൻ കഴിഞ്ഞില്ല. തനിക്കു കണ്ണെടുത്തു കാണാൻ വയ്യാത്ത ഒരുവനെ അതു തീറ്റേണ്ടിവന്നു. അന്നു് കുസുമം പഴന്തുണികൾ തുന്നിത്തച്ചുണ്ടാക്കിയ പടുക്ക കൊടുത്തതുമുതൽ ഹാജാരിക്കു് അവളോടു് ഒരുതരം അത്ഭുതാവഹമായ സ്നേഹം തോന്നുവാൻ തുടങ്ങിയിരുന്നു.

പ്രായം കൊണ്ടു നോക്കിയാൽ മകളുടെ പ്രായമേ അവൾക്കുള്ളു, മകൾക്കു തുല്യം പെരുമാറുകയും ചെയ്യുന്നു. ഇന്നു ഹാജാരിയുടെ കയ്യിൽ പണമുണ്ടായിരുന്നെങ്കിൽ പിതൃസ്നേഹം എങ്ങിനെയാണു പ്രദർശിപ്പിക്കേണ്ടതെന്നു് അയാൾ കാട്ടിക്കൊടുക്കുമായിരുന്നു. മറ്റെന്തെങ്കിലും വസ്തു കൊടുക്കുന്നതു പോയിട്ടു് താൻ ദേഹണ്ണിച്ചുണ്ടാക്കിയ മാംസം പോലും കൊടുക്കാൻ കഴിഞ്ഞില്ല.

കുട്ടിക്കാലത്തെ ഒരു സംഭവം ഹാജാരി ഓർത്തു. അയാളുടെ അമ്മ ഗംഗാ സാഗറിലേക്കു പോകാൻ പുറപ്പെട്ടു അടുത്തുള്ള മറ്റനേകം വൃദ്ധകളും വിധവകളായ പ്രൗഢകളും പോകുന്ന കൂട്ടത്തിൽ. അന്നു് ഹാജാരിക്കു് എട്ടു വയസ്സു്. ഞാനുമുണ്ടെന്നു പറഞ്ഞു: അയാൾ ഭയങ്കരമായി വാശി പിടിച്ചു—താനുമുണ്ടു് ഗംഗാസാഗറിലേക്കു് (ഭാഗീരഥി നദി ബംഗാൾ ഉൾക്കടലിൽ ചേരുന്ന സ്ഥലം). അയാളുടെ ഭാരമേൽക്കാൻ ആരും തയ്യാറായില്ല. “ആരുണ്ടു് നിന്നെയും നിന്റെ കുട്ടിയേയും കൂടി നോക്കാൻ പെണ്ണേ, ചെറിയൊരു ചെക്കൻ—അവിടെയാണെങ്കിലോ എന്തെല്ലാം തരത്തിലുള്ള തിരക്കും ബഹളവും—അങ്ങനെയാണെങ്കിൽ നീയും വേണ്ട” എന്നു പറഞ്ഞു് എല്ലാവരും ഒഴിഞ്ഞു.

മകനെ വിട്ടുപോകാൻ മനസ്സു് വരാതിരുന്നതുകൊണ്ടു് അമ്മയുടെ യാത്രയും മുടങ്ങി. പിന്നീടൊരിക്കലും ഗംഗാസാഗര യാത്രക്കുള്ള അമ്മയുടെ മോഹം സാധിക്കയുണ്ടായില്ല. എന്നാൽ മകനുവേണ്ടി അമ്മ സഹിച്ച ആ ത്യാഗം ഹാജാരിയുടെ മനസ്സിൽ തിളങ്ങുന്ന അക്ഷരങ്ങളിൽ കുറിച്ചു വെച്ചിരിപ്പുണ്ടു്.

ഹാജാരി ചിന്തിച്ചു പോകട്ടെ, എന്നെങ്കിലും താൻ ഒരു ഹോട്ടൽ തുടങ്ങുകയാണെങ്കിൽ ഈ റാണാഘാട് ബസാറിൽ ഇരുന്നുകൊണ്ടുതന്നെ വേലക്കാരി പത്മയെ ‘നീയെവിടെക്കിടക്കുന്നു, ഞാനെവിടെ നിൽക്കുന്നു’ എന്നു കാട്ടിക്കൊടുക്കും. കയ്യിൽ പൈസ കിട്ടുകയാണെങ്കിൽ നാളെത്തന്നെ തുടങ്ങും, ഹോട്ടൽ, ഇതേ റാണാഘാട്ടിൽ. എന്റെ സ്വന്തം ഹോട്ടലിൽ ഇരുത്തി കുസുമത്തിനു് നിത്യം നല്ല നല്ല വസ്തുക്കൾ ഉണ്ടാക്കി വിളമ്പിക്കൊടുക്കും.

പല കാര്യങ്ങളിലും അയാൾക്കു് നല്ല പരിശീലനം ലഭിച്ചിട്ടുണ്ടു്, പലതും അനുഭവം കൊണ്ടു പഠിച്ചിട്ടുണ്ടു്. ഹോട്ടൽക്കാരൻ അവശ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണു് ചന്തയിടപാടുകൾ. അതു മനസ്സിലാക്കാനാണു് ഏറെ വിഷമവും ഹോട്ടലിന്റെ വിജയം അതിനെ ആശ്രയിച്ചു നിൽക്കുന്നു. കുറഞ്ഞ വിലയ്ക്കു് നല്ല വസ്തുക്കൾ വാങ്ങുക എന്നതാണതിനർത്ഥം. നല്ല വസ്തുക്കൾക്കു പകരം വില കുറഞ്ഞവ—എന്നാൽ കാഴ്ചക്കു് അവ നികൃഷ്ടമാണെന്നു് ഒട്ടു തോന്നുകയുമില്ല—തേടിപ്പിടിക്കുക. അതായതു് മാർക്കറ്റിൽ ‘ബാടാ’ (ഒരുതരം ചെറുമീൻ) മീനിന്നു പ്രിയം കൂടുതലുള്ള ദിവസമാണെങ്കിൽ, സേറിന്നു് ആറണ വിലയ്ക്കു വിൽക്കുന്നതും തീവണ്ടിക്കു വന്നിറങ്ങുന്നതുമായ രാസ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി അവയെ ‘ബാടാ’യാണെന്നു പറഞ്ഞു വിളമ്പിക്കൊടുക്കേണ്ടിവരും. പെട്ടെന്നു തിരിച്ചറിയാൻ വലിയ വിഷമമാണു്.

അടുത്ത ദിവസം ഹാജാരി പുഴവക്കത്തു ചെന്നു വളരെ നേരം ഇരുന്നു. അയാളുടെ മനസ്സിനും ഇന്നലെത്തൊട്ടു തുടങ്ങിയതാണു് വിഷമം. വേലക്കാരി പത്മ അയാളോടു് ഒരിക്കലും മര്യാദയായി പെരുമാറിയിട്ടില്ല. അയാൾ അതു് ഒരിക്കലും പ്രത്യാശിച്ചിട്ടുമില്ല. എങ്കിലും, ഇന്നലെ അല്പം മാംസത്തിനുവേണ്ടി അവൾ കാട്ടിയ പരാക്രമം അയാളുടെ മനസ്സിനെ വല്ലാതെ മടുപ്പിച്ചുകളഞ്ഞു. കണ്ടവരുടെ പണിക്കു നിന്നാൽ ഇതൊക്കെയാണനുഭവം. കുസുമത്തിനു് മാംസം കൊടുക്കാൻ കഴിയാത്തതിൽ അയാൾക്കു കുറച്ചൊന്നുമായിരുന്നില്ല സങ്കടം. അടുത്ത കാലത്തൊന്നും അയാൾ ഇത്ര നന്നായി ഒന്നും തന്നെ പാകം ചെയ്യുകയുണ്ടായിട്ടില്ല. അത്രയ്ക്കാശിച്ചു എടുത്തുവെച്ച മാംസം ഒരു ലേശമെങ്കിലും കുസുമത്തിനു കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്ര വ്യസനം തോന്നുകയില്ലായിരുന്നു.

നല്ലപോലെ വേല ചെയ്യുന്നതിന്നു് ജോലിക്കയറ്റം കിട്ടുന്നതോ പോകട്ടെ, രണ്ടു നല്ലവാക്കു പറയാൻ പോലുമില്ല ഇവറ്റയ്ക്കു സന്മനസ്സു്. നേരേ മറിച്ചു തൊട്ടതിനൊക്കെ കുറ്റവും അപമാനവും. ഓരോ തവണയും തോന്നിപ്പോകയാണു്. യദുബാബുവിന്റെ അവിടെ പണിക്കു നിന്നാലെന്തെന്നു്. എന്നാൽ അവിടെയും ഇങ്ങനെ വന്നുകൂടെന്നുള്ളതിന്നു് എന്താണുറപ്പു്? അവിടെയും ഒരു പത്മ ആവിർഭവിക്കുവാൻ ഏറെ താമസമുണ്ടാവില്ല. എന്തു ചെയ്യും?

സമയം അതിക്രമിച്ചുതുടങ്ങി. ഇനി അധികം ഇരുന്നാൽ പറ്റില്ല. പാപം കുറെയേറെ ചെയ്തിരിക്കണം. അങ്ങിനെയുള്ളവരല്ലാതെ ഹോട്ടലിൽ അരിവെപ്പുകാരായിട്ടു നിൽക്കില്ല. ഇപ്പോൾ തന്നെ ചെന്നു അടുപ്പത്തു ചെമ്പു കയറ്റിയില്ലെങ്കിൽ പത്മ വായിൽ തോന്നിയതെല്ലാം പറയും. അടുപ്പിൽ ഇപ്പോഴേക്കു് തീ പിടിപ്പിച്ചു കഴിഞ്ഞിട്ടുണ്ടാവും. എന്നാൽ മടക്കത്തിൽ എന്തോർത്തിട്ടോ ഹാജാരി കുസുമത്തിന്റെ വീട്ടിൽ കയറി.

കുസുമം ഇരിക്കാൻ പലകയെടുത്തിട്ടിട്ടു പറഞ്ഞു: “വരു, വലിയച്ഛാ, ഈ അസമയത്തു് വലിയച്ഛന്റെ പാദധൂളി ഈ കുടിലിൽ വീണല്ലോ, അഹോ ഭാഗ്യം.”

ഹാജാരി പറഞ്ഞു: “നോക്കു കുസുമം, നിന്നോടു് ഒരു കാര്യത്തെപ്പറ്റി അഭിപ്രായം ചോദിക്കാൻ വന്നതാണു്.”

കുസുമം കൗതുകത്തോടെ മുഖത്തേക്കു നോക്കി. “എന്താണു വലിയച്ഛാ.”

“എനിക്കു നാല്പതു നാല്പത്താറു വയസ്സായി, ശരിതന്നെ. എങ്കിലും എന്നെക്കണ്ടാൽ അത്രയൊന്നും തോന്നില്ല. എന്തു പറയുന്നു? എനിക്കു് ഇപ്പോഴും നല്ലപോലെ പണിയെടുക്കാനുള്ള കരുത്തുണ്ടു്. എന്താണു നിന്റെയഭിപ്രായം?”

ഹാജാരിയുടെ വർത്തമാനം ഏതു വഴിക്കാണു തിരിയുന്നതെന്നു് അറിയാതെ അല്പം വിസ്മയത്തോടും കൗതുകത്തോടും ഒപ്പം അവൾ പറഞ്ഞു: “പറഞ്ഞതു് നേരുതന്നെ. വലിയച്ഛനു് അത്രയധികം പ്രായമൊന്നുമായിട്ടില്ല. പക്ഷേ എന്താണു കാര്യം?”

കുസുമത്തിന്റെ മനസ്സിൽ ഒരു വിചാരം എത്തിനോക്കുവാൻ തുടങ്ങി—വലിയച്ഛൻ വീണ്ടും വിവാഹത്തിനോ മറ്റോ ആലോചിക്കയാവുമോ?

ഹാജാരി പറഞ്ഞു: “എനിക്കും വലിയൊരു മോഹം, കുസുമം, സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങണം. കയ്യിൽ എന്നെങ്കിലും പണം ഉണ്ടായാൽ ഞാനതു നിശ്ചയമായും നടപ്പിലാക്കും, നിനക്കതുറപ്പിക്കാം. കണ്ടവന്റെ കുത്തേറ്റു് പണിയെടുക്കാൻ തീരെ ആഗ്രഹമില്ലാതായി. ഞാൻ പത്തുവർഷമായി ഹോട്ടലിൽ പണിയെടുക്കാൻ തുടങ്ങിയിട്ടു്. എങ്ങിനെയാണു് ഹോട്ടൽ കച്ചവടം നടത്തേണ്ടതെന്നു് ഞാൻ ഒന്നാന്തരമായി പഠിച്ചിരിക്കുന്നു. ചക്കത്തി മശായിയെക്കാൾ നന്നായി എനിക്കു് കച്ചവടം നടത്താൻ കഴിയും. മാഖൻപൂർ ചന്തയിൽ നിന്നും എല്ലാ ചന്തദിവസവും പച്ചക്കറികൾ വാങ്ങിക്കൊണ്ടുവരികയാണെങ്കിൽ റാണാഘാട് ചന്തയിലേക്കാൾ ഉറുപ്പികക്കു് നാലണ–ആറണ ആദായമുണ്ടാവും. ചെറുകിട ഹോട്ടലിന്നു് അതു് ഒരു ചില്ലറ ലാഭമൊന്നുമല്ല. ചന്തസ്സാമാനങ്ങൾ വാങ്ങുന്നതിലാണു ഹോട്ടൽ കച്ചവടത്തിന്റെ ലാഭത്തിൽ പകുതിയും കിടക്കുന്നതു്. എനിക്കു് നല്ല ഉറച്ച വിശ്വാസമുണ്ടു് കുസുമം. കയ്യിൽ എന്നെങ്കിലും പണമുണ്ടാവുകയാണെങ്കിൽ ഒരു ഹോട്ടൽ തുടങ്ങുന്നതായാൽ അതും ബസാറിലെ ഒന്നാന്തരം ഹോട്ടലാവും, നോക്കിക്കോളൂ.”

കുസുമം ഹാജാരിയുടെ ഈ നീണ്ട പ്രസംഗം അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്നു. അവൾ ഹാജാരിയെ അച്ഛനെപ്പോലെ കരുതുന്നതുകൊണ്ടു് മകൾ അച്ഛനിൽക്കാണാറുള്ള എല്ലാവിധ സാങ്കല്പിക ഗുണങ്ങളും അറിവും ആരോപിച്ചുവെച്ചിരിക്കയാണു്. ഹോട്ടൽ വ്യവസായത്തെപ്പറ്റി അവൾക്കു വല്ലതും അറിയാമെന്നിരിക്കട്ടെ, ഇല്ലെന്നിരിക്കട്ടെ, വലിയച്ഛൻ ബുദ്ധിമാനാണെന്നു് അവൾക്കു് ഹാജാരിയുടെ പ്രസംഗം കേട്ടപ്പോൾ ബോധ്യമായി.

ഏതാനും നിമിഷങ്ങൾക്കകം എന്തോ ചിന്തിച്ചിട്ടു് അവൾ പറഞ്ഞു: “എനിക്കു് ഒരു ജോഡി സ്വർണ്ണവള ഉണ്ടായിരുന്നു. പോയ കൊല്ലം അതിൽ ഒന്നു വിറ്റുകളഞ്ഞു എന്റെ മകനു സുഖമില്ലാതായപ്പോൾ. വിറ്റാൽ പത്തറുപതു രൂപ കിട്ടാൻ വിഷമമുണ്ടാവില്ല. നിങ്ങൾക്കു തരട്ടെ വലിയച്ഛാ. ആ പണംകൊണ്ടു് ഹോട്ടൽ തുടങ്ങാമല്ലോ.”

ഹാജാരി ചിരിച്ചുകൊണ്ടു പറഞ്ഞു: “പോ, പ്രാന്തി. അറുപതു രൂപ കൊണ്ടോ ഒരു ഹോട്ടൽ?”

“എത്ര വേണം തുടങ്ങാൻ?”

“കുറഞ്ഞതു് ഇരുനൂറു രൂപ. അതുതന്നെ മതിയാവില്ല.”

“ശരി, ഒന്നു കണക്കു കൂട്ടി നോക്കു വലിയച്ഛൻ”

“നോക്കാനെന്തിരിക്കുന്നു? കണക്കു് എനിക്കു കാണാപ്പാഠം. കണക്കാക്കിക്കോളൂ—രണ്ടു വലിയ ചെമ്പുകൾ. അതിൽ ചെറുതു മൂന്നു്. ഒരു ജോഡി തളികയും പിച്ചളപ്പാത്രങ്ങളും. കയിലുകൾ, ചട്ടുകങ്ങൾ, കൊടിലുകൾ, കരണ്ടികൾ, ചായപ്പാത്രങ്ങൾ, പുറത്തു് പണപ്പെട്ടിയുമായി ഇരിക്കുന്ന മുറിയിൽ ഇടാൻ ഒരു ബഞ്ച്, ഒരു മെത്ത, തലയണ, ബൈന്റു ചെയ്ത രണ്ടു കണക്കെഴുത്തു പുസ്തകം, തൊട്ടി, റാന്തൽ, അമ്മി, ആട്ടുകല്ലു്, അമ്മിക്കുഴ—ഈവക നിത്യോപയോഗ വസ്തുക്കൾ വാങ്ങുന്നതിനുതന്നെ ഇരുന്നൂറു രൂപയിലധികം വേണ്ടിവരും. അഞ്ചു ദിവസത്തെ ചന്തസ്സാമാനങ്ങൾക്കുള്ള പണം കയ്യിൽ വെച്ചുകൊണ്ടുവേണം പുറപ്പെടാൻ. പണിക്കാർക്കു കൊടുക്കേണ്ട രണ്ടു മാസത്തെ ശമ്പളവും കയ്യിൽ വേണം ആദ്യത്തെ രണ്ടു മാസം ലാഭമൊന്നുമുണ്ടായില്ലെങ്കിൽ അവരുടെ ശമ്പളത്തിനുള്ള തുക എവിടന്നുണ്ടാവും? അതൊക്കെയിരിക്കട്ടെ—ഞാൻ എന്തിനാണു നിന്റെ പണം വാങ്ങുന്നതു് ?”

കുസുമം ക്ഷോഭത്തോടെ പറഞ്ഞു: “എന്റെ കയ്യിലുണ്ടെങ്കിൽ എന്താണു വാങ്ങിയാൽ? ആ തുക ഒരു ബ്രാഹ്മണന്റെ സേവനത്തിനായി ചിലവാകയാണെങ്കിൽ അതിൽപരം അഹോഭാഗ്യം ഒന്നുമില്ല വലിയച്ഛാ! അതിനുള്ള ഭാഗ്യം തലയിലെഴുതിയിട്ടുണ്ടെങ്കിലേ ഉണ്ടാവുള്ളു. എന്റെ കയ്യിൽ അത്ര വലിയ തുക ഇല്ലാത്ത സ്ഥിതിക്കു് അതേപ്പറ്റി പറഞ്ഞിട്ടെന്തു കാര്യം? എന്റെ കയ്യിലുള്ളതു വല്ലപ്പോഴും ആവശ്യമായി വരികയാണെങ്കിൽ നിങ്ങളുടെ ഈ മകളെ അറിയിക്കൂ.”

ഹാജാരി എഴുന്നേറ്റു. ഇനി ഇവിടെയിരുന്നാൽ പറ്റില്ല. അയാൾ പറഞ്ഞു: “ഇല്ല കുസുമം. അതുകൊണ്ടെന്താവാനാണു്? എന്നാൽ ഞാൻ വരട്ടെ.”

കുസുമം പറഞ്ഞു: “മകളുടെ വീട്ടിൽ വന്നിട്ടു് ഒന്നും കഴിക്കാതെ പോയാലോ, വലിയച്ഛാ ലേശം കൂടി ഇരിക്കൂ. ഇതാ വന്നുകഴിഞ്ഞു.”

കുസുമം അതിവേഗം പുറത്തേക്കു പോയതുകൊണ്ടു് ഹാജാരിക്കു് മറിച്ചൊന്നും പറയാൻ ഇട കിട്ടിയില്ല. കുറച്ചുകഴിഞ്ഞു് കുസുമം മുറിയിലേക്കു വന്നു ഒരു പലകയെടുത്തുവെച്ചു് നിലം കൈ നനച്ചു തുടച്ചു വീണ്ടും പുറത്തേക്കു പോയി. വീണ്ടും വേഗം തിരിച്ചുവന്നു. ഒരു കോപ്പ പാലും ഒരു പ്ലേറ്റിൽ കുറച്ചു നുറുക്കിയ പപ്പായയും മാമ്പഴവും രണ്ടു ‘സന്ദേശും’ (മധുരപലഹാരം). പലക മുമ്പിൽ വെച്ചു പറഞ്ഞു: “ഇതു കഴിക്കു, ഇരിക്കു, ഞാൻ വെള്ളം കൊണ്ടുവരട്ടെ.”

ഹാജാരി പലകയിൽ ഇരുന്നു കുസുമം തേച്ചു തിളക്കിയ ഒരു കപ്പിൽ വെള്ളം കൊണ്ടുവന്നു വെച്ചു മുമ്പിൽ നിന്നു.

ഭക്ഷിക്കുന്നതിനിടക്കു് അന്നത്തെ മാംസത്തിന്റെ കാര്യമാണു ഹാജാരി ഓർത്തുപോയതു്. മകളെപ്പോലെ അത്രക്കു സ്നേഹത്തോടും ആദരവോടും പെരുമാറുന്നു കുസുമം, അവൾക്കായി കരുതി വെച്ചിരുന്ന മാംസമല്ലേ ആ ചക്കത്തിമശായിയുടെ കഞ്ചാവു കുടിയൻ അളിയനെ ദാസിപ്പെണ്ണു് പത്മ കാരണം തീറ്റേണ്ടി വന്നതും? ഇതാണു ദാസ്യത്തിനു പുറപ്പെട്ടാലത്തെ സുഖം.

ഹാജാരി പറഞ്ഞു: “നീ എനിക്കു മകളെപ്പോലെയാണു കുസുമക്കുട്ടി.” കുസുമം ചിരിച്ചുകൊണ്ടു പറഞ്ഞു: “മകളെപ്പോലെയാവുന്നതെങ്ങിനെ വലിയച്ഛാ, മകൾ തന്നെ.”

“മകൾതന്നെ മകളല്ലാതെ അച്ഛനെ ഇത്രക്കു മാനിക്കുമോ?”

“ഇതാണോ മാനിക്കൽ. ഭഗവാൻ എനിക്കതിനു ഭാഗ്യം തന്നിട്ടുണ്ടെങ്കിലല്ലേ? ഇതൊക്കെയെന്തു നിസ്സാരം. പടുക്ക വിരിച്ചു കിടന്നോ വലിയച്ഛാ?”

“വിരിച്ചു കിടക്കാതിരിക്കുമോ മോളേ. എന്നും കിടക്കുമ്പോൾ നിന്നെയോർക്കും. കുസുമമാണു് ഇതു തന്നതെന്നും വിചാരിക്കാത്ത ദിവസമില്ല. കീറിപ്പൊളിഞ്ഞ പുൽപായയിൽ കിടന്നു കിടന്നു പുറം കീറി വടു കെട്ടിപ്പോയിരുന്നു. ഇതുകിട്ടിയതോടെ രക്ഷപ്പെട്ടു.”

“അയ്യോ എന്താണീ പറയുന്നതു്?… അല്ലാ സന്ദേശ് തൊട്ടിട്ടില്ലല്ലോ. രണ്ടും തിന്നൂ. കാൽ പിടിക്കാം ഞാൻ. അതു തിന്നാതെ പറ്റില്ല.”

“കുസുമം, നിനക്കായി വല്ലതും ബാക്കി വെയ്ക്കാതെ തിന്നാമോ മോളേ! ഇതു നിനക്കു്.”

കുസുമം സങ്കോചം കാരണം മിണ്ടാതിരുന്നു. ഹാജാരി പലകയിൽനിന്നു് എഴുന്നേറ്റപ്പോൾ അവൾ പറഞ്ഞു: “മുറുക്കാൻ കൊണ്ടുവരാം, നിക്കു.”

അതു കഴിഞ്ഞു പടിക്കലോളം കൊണ്ടുചെന്നാക്കാൻ പുറപ്പെട്ട അവൾ പറഞ്ഞു: “എന്റെ ആ സ്വർണ്ണവള ഞാൻ വലിയച്ഛനായിട്ടു നീക്കിവെച്ചിരിക്കുന്നു, വലിയച്ഛാ. ആവശ്യം നേരിട്ടാലപ്പോൾ മകളുടെ അടുക്കൽനിന്നു വാങ്ങിക്കോളൂ.”

അന്നു ഹോട്ടലിൽ തിരിച്ചെത്തിയ ഹാജാരി കണ്ടു. പതിനഞ്ചിലധികം സേർ മൈദാ വേലക്കാരനും ദാസി പത്മയും കൂടിയിരുന്നു കുഴയ്ക്കുന്നു.

“എന്താണു സംഗതി? ഇത്രയധികം പൂരി ആർക്കു തിന്നാൻ?”

പത്മ, വാക്കിൽ കഴിയുന്നതും നിന്ദ കലത്തിക്കൊണ്ടു പറഞ്ഞു: “ഹാജാരി ഠാക്കുർ, നിങ്ങളുടെ അടുക്കളപ്പണികൾ വേഗം തീർത്തോളു. അതുകഴിഞ്ഞു് നിങ്ങൾതന്നെ വേണം ഈ പൂരി പൊരിച്ചെടുക്കുവാൻ. ആചാര്യപാഡയിലെ മഹാദേവ് ഘോഷാലിന്റെ വീട്ടിലേക്കയക്കാനുള്ളതാണു്. അവർ ആഡർ തന്നിട്ടുപോയിരിക്കുന്നു. ഒൻപതരയ്ക്കു തക്കവണ്ണം അവിടെയെത്തിക്കണം.”

ഹാജാരി അന്തം വിട്ട മട്ടിൽ പറഞ്ഞു: “ഒൻപതര മണിക്കു മുമ്പു് ഈ അര മന്നോളം വരുന്ന മൈദ പൊരിച്ചു കൊടുത്തയക്കുക, പുറമേ, ഹോട്ടലിലെ പതിവു പണികൾ ചെയ്തു തീർക്കുക, എന്താണീ പറയുന്നതു് പത്മേടത്തി ഇതെല്ലാം എങ്ങനെ സാധിക്കും? രതൻ ഠാക്കുറിനോടു പറയരുതൊ പൂരി പൊരിച്ചു തരാൻ? ഞാൻ ഹോട്ടലിലെ പണി നോക്കട്ടെ.”

വേലക്കാരി പത്മയ്ക്കു് കണ്ണു ചുകപ്പിക്കാതെ വർത്തമാനം പറയാനറിഞ്ഞുകൂടാ. അവൾ ചൊടിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ പോലെയല്ല ഇവിടെ കാര്യങ്ങൾ നടക്കുക. യജമാനന്റെ കല്പന, എന്നോടു പറഞ്ഞേല്പിച്ചതനുസരിച്ചു് ഞാൻ പറഞ്ഞു: അയാൾ വലിയങ്ങാടിയിലേക്കു പോയിരിക്കുന്നു. വരുമ്പോൾ രാത്രിയാവും. ഇനി നിങ്ങളുടെ ഇഷ്ടം—ചെയ്താലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം.”

അതായതു് ചെയ്യാതെ ഗതിയില്ല. ഇവരുടെ ഈ അന്യായമോർത്തു് ഹാജാരിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു. തികഞ്ഞ അനീതിയെന്നല്ലാതെ ഇതിനെ മറ്റെന്തു പറയും? രതൻ ഠാക്കുറിനെക്കൊണ്ടു് ഇവർക്കു പതിവു വെയ്പുപണികൾ നേരത്തെ ചെയ്തുതീർക്കാമായിരുന്നു. എന്നാൽ പത്മയ്ക്കു് അതു പോര അവൾക്കു ഹാജാരിയെന്നു പറഞ്ഞാൽ വിഷമമാണു്. അയാളെ ഒന്നു വഷളാക്കാൻ കിട്ടുന്ന ഒരു തക്കവും അവൾ പാഴാക്കുകയില്ല എന്ന മട്ടായിരിക്കുന്നു.

ഭയങ്കരമായ തീയിന്റെ ചൂടിലിരുന്നു രതൻ ഠാക്കുറിനോടൊപ്പം പതിവുള്ള ഭക്ഷണം പാകം ചെയ്തുകഴിഞ്ഞപ്പോൾ തന്നെ മണി ഒൻപതടിച്ചു. അതു കഴിഞ്ഞപ്പോൾ പത്മ പൂരി പൊരിച്ചുതുടങ്ങുന്നതിനു്, ഭീതിപ്പെടുത്തലോടൊപ്പം താക്കീതു നൽകാൻ തുടങ്ങി. പത്മയ്ക്കു് പണിയെടുക്കാൻ മനസ്സില്ല. അവൾ ഊണുകാരുടെ മേൽനോട്ടത്തിനെന്നു പറഞ്ഞു് പുറത്തേക്കു പോയി. ഇന്നു ചന്തദിവസമായതിനാൽ ശാപ്പാടുകാർ അനവധി, രതൻ ഠാക്കുർ അവർക്കു വിളമ്പിക്കൊടുക്കാൻ പുറപ്പെട്ടു. ഹാജാരി ഒരു ‘ചിലം’ പുക ഉറച്ചിരുന്നു വലിച്ച ശേഷം വീണ്ടും എരിയുന്ന അടുപ്പിൽ ചൂടത്തിരുന്നു പൂരിയുണ്ടാക്കാൻ തുടങ്ങി.

അര മണിക്കൂർ കഴിഞ്ഞു. ഇതിനിടയ്ക്കു് അഞ്ചുസേറിന്റെ പൂരിപോലും ഉണ്ടാക്കിക്കഴിഞ്ഞിരുന്നില്ല. പത്മ വന്നു പറഞ്ഞു: “ഠാക്കുർ, കഴിഞ്ഞില്ലേ? അവർ കൊണ്ടുപോകാൻ വന്നിരിക്കുന്നു.”

ഹാജാരി പറഞ്ഞു: “ഇല്ല, ഒന്നുമായില്ല പത്മയേടത്തി അവരോടു് ഒന്നു കറങ്ങിയിട്ടു വരാൻ പറയൂ.”

“കറങ്ങാൻ പറഞ്ഞാൽ പറ്റില്ല. അവർ ഒൻപതര മണിയാകുമ്പോഴേക്കും പലഹാരം കൊടുക്കണമെന്നല്ലേ പറഞ്ഞിരുന്നതു് ? നിങ്ങളോടു നേരത്തെ പറഞ്ഞില്ലേ അതു്?”

“പറഞ്ഞതുകൊണ്ടെന്തു കാര്യം പത്മയേടത്തി. അര മന്നു മൈദാ മന്ത്രം കൊണ്ടു പൊരിച്ചെടുക്കുവാൻ കഴിയുമോ? ഒൻപതു മണിക്കല്ലേ പൂരിക്കു പാത്രം അടുപ്പത്തു കയറ്റിയതു്? മതിയോടു ചോദിച്ചുനോക്കൂ.”

“എനിക്കതൊന്നും അറിയില്ല. അവർ ആർഡർ റദ്ദാക്കിയാൽ നിങ്ങൾ തന്നെ യജമാനനോടു സമാധാനം പറയേണ്ടിവരും. നിങ്ങളുടെ ശമ്പളത്തിൽ നിന്നും അര മന്നു മൈദയുടേയും പത്തു സേർ നെയ്യിന്റെയും വില ഒരു മാസം കൊണ്ടു പിടിച്ചാൽ തീരില്ല. ഓർത്തു കളിച്ചാൽ മതി.”

വാക്കേറ്റംകൊണ്ടു കാര്യമില്ലെന്നു് ഹാജാരി കണ്ടു. അയാൾ ഒന്നും മിണ്ടാതെ പൂരിയുണ്ടാക്കിക്കൊണ്ടിരുന്നു. ഹാജാരിക്കു് കള്ളപ്പണിയറിയില്ല. പണിയെടുക്കാനിരുന്നാൽ മറ്റൊന്നിലേക്കുമില്ല നോട്ടം. അതാണയാളുടെ നിയമം. കാണാനാളുണ്ടായാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം. പൂരി നെയ്യിൽ മുക്കി വേഗം വേഗമെടുത്താൽ പണിയും അത്രയും വേഗം തീരും. പക്ഷേ, അതുകൊണ്ടു പൂരി വേവില്ല. അതിനാൽ അയാൾ മെല്ലെ മെല്ലെ വേണ്ടത്ര സമയം എടുത്തു് പൂരിയുണ്ടാക്കിത്തുടങ്ങി.

ഒരു തവണ പത്മ വന്നു പറഞ്ഞു: “ഇത്ര പതുക്കെയായാലെങ്ങനെയാണു ഠാക്കൂർ? ഒന്നുകൂടി ശുറുക്കായിട്ടു കയ്യോടിക്കു. ഇത്ര നേരം പൂരി നെയ്യിൽ ഇട്ടുവെച്ചുകൊണ്ടിരുന്നാൽ പൂരി കടിച്ചാൽ പൊട്ടാതാവുമല്ലോ.”

വെയ്പുപണി തനിക്കു ദാസി പത്മയിൽനിന്നു പഠിക്കേണ്ടതില്ല. പൂരി തിളയ്ക്കുന്ന നെയ്യിൽ കുറച്ചുനേരം ഇട്ടുകൊണ്ടിരുന്നാൽ അതിനു മാർദ്ദവമോ കാഠിന്യമോ വരിക എന്നു തനിക്കും ഒന്നാന്തരമായിട്ടറിയാം എന്നു പറഞ്ഞാലോ എന്നു ഹാജാരി ആദ്യം വിചാരിച്ചു. എന്നാൽ അപ്പോൾ തന്നെ പത്മ എന്താണിങ്ങനെ പറയാൻ കാരണമെന്നു് അയാൾക്കു മനസ്സിലായി. പത്തു സേർ നെയ്യിൽ നിന്നും പൂരി കുടിച്ചതു കഴിച്ചു ബാക്കിയുള്ളതെല്ലാം പത്മക്കുള്ളതാണു്. അവൾ അതൊളിപ്പിച്ചു് വീട്ടിലേക്കു കടത്തും. യജമാനൻ, വേലക്കാരി പത്മയുടെ കാര്യത്തിൽ കണ്ണടച്ചുകളയും. കണ്ടാലും ഇല്ലെന്നു നടിക്കും.

ഹാജാരി വിചാരിച്ചു: ഈ ചൂതാട്ടം കാരണമാണു് ഹോട്ടലിനു് ചീത്തപ്പേരുണ്ടാകുന്നതു്. ആഹാരം കഴിക്കുന്നവർ പൈസ തരുന്നു. അവരെന്തിനു വേവാത്ത പൂരി കഴിക്കണം. പത്തു സേർ നെയ്യിനുള്ള വില അവരുടെ പക്കൽ നിന്നും പറ്റിക്കഴിഞ്ഞു. പിന്നെയെന്തിനും അതിൽ നിന്നു ‘ഭർഗി’ക്കുവാൻ നോക്കുന്നു. അവർക്കുണ്ടാക്കിക്കൊടുക്കുന്ന ഭക്ഷ്യങ്ങൾ നന്നാകണം. അതുമാത്രമേ നോക്കാനുള്ളു. വേലക്കാരിക്കു വീട്ടിലേക്കു കടത്തിക്കൊണ്ടുപോകാനല്ല, അവർ അതിന്റെ വില കൊടുത്തിരിക്കുന്നതു്.

അടുത്ത നിമിഷം തന്നെ അയാൾ സ്വന്തം മനോരാജ്യത്തിൽ ലയിച്ചുപോയി.

ഈ റയിൽ ബസാറിൽ തന്നെ തുറക്കണം തനിക്കു ഹോട്ടൽ; തന്റേതായ സ്വന്തം ഹോട്ടൽ. വഞ്ചനക്കു് അവിടെ ഇടമുണ്ടായിരിക്കയില്ല. പറ്റുകാർ ആർഡർ തരുന്ന വസ്തുക്കളിൽ മായം കാട്ടുകയില്ല. പറ്റുകാരുടെ സംതൃപ്തിയിലാണു് വ്യവസായത്തിന്റെ നിലനില്പു്. സ്വന്തം കയ്യാലെ പാകം ചെയ്തു വിളമ്പി സകല പേരേയും പ്രസന്നരാക്കും. മായങ്ങളുടേയും മറിമായങ്ങളുടേയും കൂടെ താനില്ല.

പൂരി പൊരിക്കാനിടുന്ന നെയ്യിന്റെ കുമിളയിൽ ഹാജാരി ഠാക്കൂർ തന്റെ ഭാവി ഹോട്ടലിന്റെ ചിത്രം കാണുകയായിരുന്നു. ഓരോ കുമിളയിലും. അവിടെ പത്മയെന്ന ദാസിയില്ല. ബേചു ചക്കത്തിയുടെ കള്ളു കുടിയനും കഞ്ചാവു വലിയനുമായ അളിയനും അവിടെയില്ല. പുറത്തു് കാശു പെട്ടിക്കാരന്റെ മുറിയിൽ ഒന്നാന്തരം വെളുത്ത മെത്ത വിരിച്ചിട്ടുണ്ടാവും. പറ്റുകാർ എത്ര നേരം വേണമെങ്കിലും ഇരുന്നു വിശ്രമിച്ചോട്ടെ. പുക വലിക്കണോ? വലിച്ചോട്ടെ. അതിനും ഒരു പൈസപോലും അധികം തരണ്ട. ഈരണ്ടു മീനും ആഴ്ചയിൽ മൂന്നു ദിവസം ഇറച്ചിക്കറിയും സ്ഥിരം പറ്റുപടിക്കാർക്കു്. ഇതൊന്നും ചെയ്യാതെ വെറുതേ സ്റ്റേഷനിൽ ചെന്നു നിന്നു ഹീ ീ ീ ന്ദു ഹോട്ടൽ! എന്നു വേലക്കാരൻ മതിയെപ്പോലെ തൊള്ള തുറന്നാലുണ്ടോ ഊണുകാരെ കിട്ടുന്നു?

പത്മ വന്നു ചോദിച്ചു: “ഏയ് ഠാക്കൂർ! ഒക്കെയായോ? ഒന്നിളകി പണിയെടുക്ക വയ്യ, അല്ലേ? പൂരിക്കേല്പിച്ചവർ വന്നു കാത്തിരിക്കുന്നു.” ഇതും പറഞ്ഞു് അവൾ മൈദയുടെ പാത്തിയിൽ നോക്കി. പരത്തിയിടത്തോളം മൈദ അയാൾ വേവിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു. ഇനി പത്തു പന്ത്രണ്ടെണ്ണം കൂടി കഷ്ടിച്ചുകാണും. അത്രതന്നെ. മതി, പത്മയെക്കണ്ടപ്പോൾ വേഗം വേഗം പരത്താൻ തുടങ്ങി.

പത്മ പറഞ്ഞു: “നിങ്ങളുടെ കൈ ഓടുന്നില്ല അല്ലേ? ഇനിയും പത്തു സേറോളം കുഴച്ച മൈദ കിടക്കുന്നേയുള്ളല്ലോ? ഈ മട്ടിൽ പോയാൽ പൂരിയുണ്ടാക്കൽ എപ്പോഴവസാനിക്കാനാണു പോണതു്?”

ഹാജാരി പറഞ്ഞു: “പത്മയേടത്തി. രാത്രി പതിനൊന്നടിക്കും മണി, ആ മൈദമാവു മുഴുവൻ പരത്തുകയും ഒരു കൈകൊണ്ടു് പൊരിക്കുകയും ചെയ്യുകയാണെന്നു വെച്ചാൽ. നിങ്ങൾ പരത്താൻ ഒരാളെ തരൂ.”

പത്മ മുഖം വെട്ടിച്ചുകൊണ്ടു പറഞ്ഞു: “ഉവ്വുവ്വ് ഞാൻ നിങ്ങൾക്കു വേണ്ടി ഇപ്പോൾ ഒരാളെ കൂലിക്കു വെക്കാൻ പോകയല്ലേ? യജമാനനവർകളേ നിങ്ങൾക്കു പൂരിയുണ്ടാക്കണമെന്നുണ്ടോ? ഉണ്ടാക്കിക്കോളൂ. ഇല്ലെങ്കിൽ വേണ്ട. വന്നവരെ വെറുതെ പറഞ്ഞയച്ചാൽ നിങ്ങളോടു ചോദിക്കാൻ യജമാനനുണ്ടു്.”

പത്മ പിന്നെയവിടെ നിന്നില്ല.

വേലക്കാരൻ മതി പറഞ്ഞു: “ഠാക്കുർ നിങ്ങൾക്കെങ്ങനെ പൂരി മുഴുവൻ വറുത്തെടുക്കാൻ കഴിയും? പരത്തിക്കിട്ടണ്ടേ? ഞാനൊറ്റയ്ക്കു വിചാരിച്ചാൽ ഇതു മുഴുവൻ എപ്പോഴാണു് പരത്തിത്തീരുക.”

പെട്ടെന്നു ഹാജാരി മനസ്സിൽ ഓർത്തു കുസുമം വിചാരിച്ചാൽ ഇതു മുഴുവൻ പരത്തി പാകം ചെയ്തെടുക്കുന്നതിനു കഴിയുമായിരുന്നു. എന്നാൽ അവൾ ഗൃഹസ്ഥന്റെ പുത്രി, ഗൃഹസ്ഥ പത്നി, അവളെ ഇവിടെ കൊണ്ടുവരിക വയ്യ—ആളെ അയച്ചു തന്റെ ആപത്തു് അറിയിച്ചാൽ അവൾ ആ നിമിഷം പാഞ്ഞെത്തുമെന്നതിൽ ലേശവും സംശയമില്ല.

അതിനുശേഷം ഒരു മണിക്കൂറു നേരത്തേക്കു് ഹാജാരി ഒന്നും ചിന്തിച്ചില്ല. എങ്ങോട്ടും തിരിഞ്ഞു നോക്കിയില്ല. പൂരി പൊരിയുന്ന കടാഹത്തിലേക്കു മാത്രമായി നോട്ടം, തിളച്ചുമറിയുന്ന നെയ്യ്, കുഴച്ചുവെച്ച മൈദ, നീണ്ടു് കൈപ്പടം പോലെ പരന്ന ‘കണ്ണാപ്പ’യിൽ കോരിയെടുക്കുന്ന നിറം പിടിച്ച പൂരികൾ—പൂരികളിൽ നിന്നും ചുട്ട നെയ്യ് ഇറ്റിറ്റു വീഴുന്നു. സഹിച്ചുകൂടാത്ത അടുപ്പിൻ ചൂടു്, ഊരക്കു് എന്തെന്നില്ലാത്ത കടച്ചിൽ, വിയർപ്പൊഴുകി ഉടുതുണിയും തോർത്തും നനഞ്ഞു. ഒന്നു പുകപിടിക്കാൻ പോലുമില്ല ഇട. പച്ചപ്പൂരിയെടുത്തു പാത്രത്തിലിടുക, പൊരിക്കുക, നെയ്യ് മാറ്റി അടുത്തുവെച്ചിരിക്കുന്ന കൊട്ടയിലിടുക.

മണി പത്തടിച്ചു. മൂർഷിദാബാദ് വണ്ടി വരേണ്ട സമയമായി.

വേലക്കാരൻ മതി പറഞ്ഞു: “ഞാൻ ഒന്നു സ്റ്റേഷനോളം ചെല്ലട്ടെ, ഠാക്കുർമശായി. തീവണ്ടിക്കു സമയമായി. ഊണിനു് ആളുകളെ പിടിച്ചുകൊണ്ടു വന്നില്ലെങ്കിൽ നാളെ യജമാനൻ എന്നെ വകവരുത്തും. ഒരു ബീഡി വലിച്ചിട്ടു പൊയ്ക്കളയാം.”

ശരിതന്നെ. അവൻ കുറച്ചുനേരം ഫ്ളാറ്റുഫോമിൽ ചുറ്റിനടന്നു “ഹി… ീ ഹി ീ…ഹിന്ദു ഹോട്ടൽ” എന്നു തൊള്ള തുറക്കും. മൂർഷിദാബാദ് വണ്ടിക്കു് ഇനി പത്തു പന്ത്രണ്ടു മിനിട്ടേയുള്ളു.

ഹാജാരി പറഞ്ഞു: “ഞാനൊറ്റയ്ക്കു് പരത്തുകയും പൊരിക്കയും ചെയ്യണമെന്നോ? നീയെന്താണീ ചെയ്യുന്നത്, മതി! കണ്ടില്ലേ ഓരോരുത്തരുടെ പണി. രതൻ ഠാക്കുർ തെറ്റിക്കളഞ്ഞു. പത്മയും മാറിക്കളഞ്ഞെന്നാണു തോന്നുന്നതു്. ഞാനൊറ്റയ്ക്കു് എന്തെടുക്കും?”

മതി പറഞ്ഞു: “നിങ്ങളെ പത്മയേടത്തിക്കു് തീരെ കണ്ടുകൂട. ആരോടും പറയരുതു്, ട്ടോ, ഠാക്കുർ. ഇതെല്ലാം അവളുടെ കുത്തിത്തിരിപ്പാണു്. നിങ്ങളെ തോല്പിക്കാൻ വേണ്ടി ചെയ്യുന്ന കടുംകൈകൾ, ഞാൻ പോകട്ടെ. ഇല്ലെങ്കിൽ എന്റെ ജോലി പോകും.”

മതി ഇറങ്ങിപ്പോയി. ഇനി അഞ്ചു സേർ മൈദയുടെ മാവു് ബാക്കി. പരത്തിവെച്ച മാവും കാണും ഒന്നര സേറോളം. ഹാജാരി കണക്കാക്കി നോക്കി. പത്തെഴുപതു പൂരി—അസാധ്യം. ഒറ്റ മനുഷ്യനെക്കൊണ്ടു് രാത്രി പന്ത്രണ്ടു മണിക്കു മുമ്പായി ഒരു കൈകൊണ്ടു പരത്തി മറ്റേതുകൊണ്ടു പൊരിച്ചെടുക്കുവാൻ കഴിയുമോ ഇതൊക്കെ?

മതി പോയ സമയത്തു കൊടുത്ത ബീഡി അപ്പോഴും വലിച്ചുതീർന്നുകഴിഞ്ഞിരുന്നില്ല. ആ സമയം പത്മ വന്നു എത്തിനോക്കിപ്പറഞ്ഞു: “ഇരുന്നു മുറയ്ക്കു വീടി വലിക്കുക. തീർന്നാൽ മറ്റൊന്നെടുക്കുക അപ്പുറത്തു്, ബാബുമാരുടെ വീട്ടിൽനിന്നു പൂരിക്കു വന്നവർ രണ്ടു വട്ടം തിരിച്ചു പോയിക്കഴിഞ്ഞിരിക്കുന്നു. അപ്പോഴേ പറഞ്ഞതായിരുന്നു ഇപ്പണി ഹാജാരി ഠാക്കുറിനെക്കൊണ്ടു ചെയ്യിക്കാൻ നോക്കണ്ടാ എന്നു്. ആ ബീഡി വലിച്ചെറിഞ്ഞു ഏല്പിച്ച പണി മുഴുവനാക്കാൻ നോക്കാനാണു പറഞ്ഞതു്. രാത്രി ഇനി എത്രയുണ്ടു്. ബാക്കി?”

ഹാജാരി സത്യമായും ഒന്നു പകച്ചു് ബീഡി വലിച്ചെറിഞ്ഞു. പൂരി പരത്താനാകില്ലെന്നു് അയാൾക്കു പത്മയോടു പറയാൻ ധൈര്യം വന്നില്ല. അയാൾ ഒറ്റയ്ക്കു വീണ്ടും തുടങ്ങി പണി.

പതിനൊന്നിക്കാൻ ഇനി ഏറെയില്ല താമസം. ഇനി ഇരിക്ക വയ്യ എന്നു തോന്നി അയാൾക്കു്. ഈ സമയം രണ്ടു മുഖങ്ങളാണു് അയാളുടെ മനസ്സിലുദിച്ചതു്. ഒന്നു്, അയാളുടെ സ്വന്തം മകൾ ടേംപിയുടേതു്. പന്ത്രണ്ടു വയസ്സു്. വീട്ടിലുണ്ടു്. മറ്റേതു് കുസുമത്തിന്റേതു്. അന്നു വൈകുന്നേരം എത്രയും കാര്യമായി ആദരിച്ചിരുത്തിയുള്ള കുസുമത്തിന്റെ സൽക്കാരം, അവളുടെ പ്രസന്നത കൈവിടാത്ത മുഖം. ടേംപിയുടെ മുഖവും കുസുമത്തിന്റെ മുഖവും ഒന്നാവുകയാണു്. പൂരിയുടേയും നെയ്യിന്റെയും കുമിളകളിൽ ചിലപ്പോൾ ഒറ്റ മുഖമേ അയാൾ കാണുന്നുള്ളു… ടേംപിയും കുസുമവും ചേർന്നു് ഒറ്റ മുഖം… അവർ രണ്ടു പേരും ഇന്നു് ഇവിടെ ഉണ്ടായിരുന്നെങ്കിൽ കുസുമം അവിടെയിരുന്നു ചിരിച്ചു കൊണ്ടു് പൂരി പരത്തും, ടേംപി ഇവിടെയിരുന്നു…

“ഠാക്കുർ!”

സാക്ഷാൽ ഹോട്ടലുടമസ്ഥൻ ബേച്ചുചക്കത്തി—പിറകിൽ വേലക്കാരി പത്മ.

പത്മ പറഞ്ഞു: “ആ കഞ്ചാവു കുടിയൻ വെയ്പുപണിക്കാരനെക്കൊണ്ടു് ഇതാവില്ല എന്നു് ഞാനപ്പോഴേ പറഞ്ഞില്ലേ ബാബു. അയാൾ കഞ്ചാവു കുടിച്ചു ‘ബുദ്ദാ’യിരിക്കയാണു്, കണ്ടില്ലേ? എങ്ങനെ പണി വേഗം നടക്കും?”

ഹാജാരി ഒന്നുമറിയാത്ത മട്ടിൽ ഇരുന്നു പൂരിയുണ്ടാക്കൽ തുടർന്നു. ബാബുവിന്റെ ആൾക്കാർ വന്നു കാത്തിരിക്കുന്നുണ്ടായിരുന്നു. പത്മ യജമാന്റെ മുമ്പിൽവെച്ചു് ഉണ്ടാക്കിക്കഴിഞ്ഞ പൂരി തൂക്കി. അഞ്ചു സേർ മൈദയുടെ പൂരി ബാക്കിയുണ്ടെങ്കിലും അവർ അതെടുത്തില്ല. ഈ അസമയത്തു് അതു കൊണ്ടു പോയിട്ടും അവർക്കു് പ്രയോജനമൊന്നുമില്ല.

ബേചുചക്കത്തി ഹാജാരിയോടു പറഞ്ഞു: “ബാക്കി വന്ന മൈദയുടെയും നെയ്യിന്റെയും വില നിങ്ങളുടെ ശമ്പളത്തിൽ പിടിക്കും. കഞ്ചാവു കുടിയന്മാരെക്കൊണ്ടു് എന്തു പണിയാണു നടക്കുക?”

ഹാജാരി പറഞ്ഞു: “നിങ്ങളുടെ ഹോട്ടലിലെ ഏർപ്പാടുകളെല്ലാം വിപരീതമായിട്ടാണു ബാബു. പരത്തിത്തരാൻ ആരുമുണ്ടായിരുന്നില്ല, ഒരു മതി ഒഴിച്ചു്. അവനും വണ്ടി സമയമായപ്പോൾ ഊണുകാരെ സമ്പാദിക്കാൻ സ്റ്റേഷനിലേക്കോടി. ഞാനെന്തു കാട്ടും?”

ബേചു ചക്കത്തി പറഞ്ഞു: “എനിക്കിതൊന്നും കേൾക്കണ്ട. അതിന്റെ വില നിങ്ങൾ തന്നുകൊള്ളണം. ഇടപാടുകാരൻ ആർഡർ മടക്കിയെടുത്താൽ ആ മുതലിന്റെ നഷ്ടം എനിക്കെന്റെ വീട്ടുമുതലിൽ നിന്നെടുത്തു നികത്തനാവില്ല. അതും കുഴച്ചുകഴിഞ്ഞ മൈദ.”

ഹാജാരി വിചാരിച്ചു. ശരി, തന്റെ ശമ്പളത്തിൽ നിന്നു് മുതൽ വസൂലാക്കാനാണു ഭാവമെങ്കിൽ പൂരിയുണ്ടാക്കി ഞാനെടുക്കും. മണി പതിനൊന്നാകും. മതിക്കും ഒരംശം കൊടുക്കാമെന്നു പറഞ്ഞു അവനെക്കൊണ്ടും പൂരിക്കു പരത്തിച്ചു. ഹാജാരി ബാക്കി വന്ന മൈദ മുഴുവൻ പൂരിയാക്കിയെടുത്തു. മതി അവന്റെ പങ്കു വാങ്ങി പോയി. ഇനിയും പത്തറുപതെണ്ണം ബാക്കി.

പത്മ എത്തിനോക്കിയിട്ടു പറഞ്ഞു: “ഇനിയും ഇരുന്നു പൂരിയുണ്ടാക്കുകയാണല്ലേ? എനിക്കും കുറച്ചു തരൂ.”

ഇതും പറഞ്ഞു: അവൾ ഒരു തോർത്തു നിലത്തു വിരിച്ചു പത്തിരുപത്തഞ്ചു പൂരി അതിലെടുത്തുവെച്ചു. ഹാജാരിക്കു് വായ തുറന്നു മറുത്തു വല്ലതും പറയാൻ ധൈര്യം വന്നില്ല.

രാത്രി അസമയത്തു ഞെട്ടിയുണർന്നു കണ്ണു തിരുമ്മിക്കൊണ്ടു വാതിൽ തുറന്നു പുറത്തു വന്നു നോക്കിയ കുസുമം കയ്യിൽ ഒരു ഭാണ്ഡം തൂക്കിപ്പിടിച്ചുകൊണ്ടു നിൽക്കുന്ന ഹാജാരിയെക്കണ്ടു് അത്ഭുത സ്വരത്തിൽ ചോദിച്ചു: “ഇതെന്തു്? വലിയച്ഛനെന്താണു് ഈ അസമയത്തിങ്ങനെ?”

ഹാജാരി പറഞ്ഞു: “ഇതിൽ പൂരിയാണു് കുസുമം! ഹോട്ടലിൽ പൂരിയുണ്ടാക്കാൻ ഒരു കൂട്ടർ കരാറു കൊടുത്തിരുന്നു. പൂരിക്കു പരത്തിത്തരാൻ ആളുണ്ടായിരുന്നില്ല. അവസാനം അഞ്ചുസേർ പൂരി കരാറുകാർ വാങ്ങാൻ കൂട്ടാക്കിയില്ല. യജമാനൻ പറയണു ഞാൻ അതിന്റെ വില കൊടുക്കണമെന്നു് ശരി, ഞാൻ വില കൊടുക്കണമെങ്കിൽ മുതൽ എന്റേതായി. അതു് നിനക്കു തരാമെന്നു പറഞ്ഞു കെട്ടി കൊണ്ടുവന്നതാണു് ഞാൻ. നിനക്കു ഞാൻ ഇതേവരെ ഒന്നും തന്നിട്ടില്ല. രാത്രി നേരം ഒരുപാടായി. ഉറങ്ങിക്കഴിഞ്ഞിരുന്നു അല്ലെ? പിടിച്ചോളു ഭാണ്ഡം. എടുത്തുവെക്കു.”

കുസുമം ഭാണ്ഡം ഹാജാരിയുടെ കയ്യിൽ നിന്നു വാങ്ങി താഴെവെച്ചു. അവൾ ഏതാണ്ടന്ധാളിച്ചുപോയിരുന്നു. ഇതെന്തൊരു പ്രാന്തു്. അല്ലെങ്കിൽ ഈ അസമയത്തു് പൂരിയുടെ ഭാണ്ഡം കൊണ്ടുവരാൻ കണ്ട ഒരു സമയം ഹാജാരി പറഞ്ഞു: “ഞാനിനി നിൽക്കുന്നില്ല മോളേ! പൂരി ചൂടാറാത്തതാണു്. ഇപ്പോൾ ചുട്ടെടുത്തതു്. നീ ഇപ്പോൾത്തന്നെ രണ്ടുനാലെണ്ണം തിന്നോളൂ. നാളെത്തേക്കു് പഴകും. കുട്ടികൾക്കും കൊടുക്കു. രാത്രി അത്രയ്ക്കൊന്നുമായിട്ടില്ല.”

പന്ത്രണ്ടരയായിക്കാണും, അത്രതന്നെ. ഹോട്ടലിൽ തിരിച്ചുചെന്ന ഹാജാരി ഒരു അതിസാഹസം തന്നെ കാട്ടി. വേലക്കാരൻ മതി ഉറങ്ങിക്കഴിഞ്ഞിരുന്നു. അവനെ വിളിച്ചുണർത്തി അയാൾ പറഞ്ഞു: “മതീ, ഞാൻ മൂന്നു മണി വണ്ടിക്കു് വീട്ടിലേക്കു പോണു. ഈ ബാക്കി വരുന്ന പൂരി എന്തുചെയ്യാനാണു്? വീട്ടിൽ കൊടുത്തിട്ടുവരാം. നീ ഇവിടെയുണ്ടായിരിക്കുമല്ലോ. ഞാൻ നാളെ രാവിലെ പത്തു മണിയുടെ വണ്ടിക്കു വന്നു ഭക്ഷണം പാകം ചെയ്തുകൊള്ളാം. യജമാനനോടു പറഞ്ഞേക്കു.”

മതി അത്ഭുതത്തോടെ പറഞ്ഞു: “ഈ ഒന്നുമല്ലാത്ത സമയത്തു് പൂരിയും കൊണ്ടു വീട്ടിലേയ്ക്കു യാത്രചെയ്കയോ!”

“ഇവിടെയിരുന്നാൽ നാളെ രാവിലെ ഇവിടത്തെ കുംഭോദരന്മാർ വിഴുങ്ങും. എന്റെ സ്വന്തം മുതൽ സ്വന്തം വീട്ടിലെത്തിക്കട്ടെ. എന്റെ വീട്ടിൽ കുഞ്ഞുകുട്ടികൾ ഉണ്ടു്. അവർക്കു വയറുനിറയെ ആഹാരത്തിനു വഴിയില്ല. അവർക്കു കൊടുക്കട്ടെ. രണ്ടണതന്നെയല്ലേ ചെലവുള്ളു.”

ഹാജാരി അതിനുശേഷം ഉറങ്ങിയില്ല. മകൾ ടേംപിയെ ഓർത്തു അയാളുടെ മനസ്സു് എങ്ങനെയൊക്കെയോ ആയിക്കൊണ്ടിരുന്നു. കുസുമത്തെ പോലെതന്നെ ടേംപിയും. രണ്ടു കുട്ടികൾകൂടിയുണ്ടു് അയാൾക്കു്, നന്നേ ചെറിയവർ. അവർക്കു രുചിക്കാൻ കൊടുക്കാതെ ഇവിടെ വെച്ചുകൊണ്ടിരുന്നു വേലക്കാരിയേയും യജമാനന്റെ വീട്ടുകാരേയും തീറ്റുന്നതിലെന്തർത്ഥം?

രാത്രി മൂന്നരയ്ക്കു് സാനാബൂർ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഹാജാരി ഗ്രാമത്തിലേക്കുള്ള വഴിപിടിച്ചു് മൂന്നരക്രോശം (8000 മുഴം = ഒരു ക്രോശം) നടന്നു വീട്ടിലെത്തിയപ്പോൾ പതുക്കെ നേരം വെളുത്തുതുടങ്ങിയിരുന്നു.

ഏഡോശോല ഒരു കാലത്തു സമൃദ്ധമായ ഒരു ഗ്രാമമായിരുന്നു. ഇന്നു പഴയ ശ്രീയൊന്നുമില്ലാതായി. ഗ്രാമത്തിലെ ജമിന്ദാർമാരായ കർ ബാബുമാർ കൽക്കത്തയിലേക്കു താമസം മാറ്റിയതു തൊട്ടു ഗ്രാമത്തിലെ മൈനർ സ്കൂളിന്റെ നില പരുങ്ങലിലായി. വലിയ കുളം തൂർന്നു നിരപ്പാകാൻ ഏറെ താമസമില്ല. ഭേദപ്പെട്ട തറവാട്ടുകാരിൽ മിക്കവരും റാണാഘാട്ടിലേക്കോ കൽക്കത്തക്കോ പൊയ്ക്കളഞ്ഞു. വേറെ ഗതിയില്ലാത്തവർ മാത്രമായി ഗ്രാമത്തിൽ താമസം.

വയ്ക്കോൽ മേഞ്ഞ രണ്ടു മുറികളുള്ള ഒരു വീടാണു ഹാജാരിയുടേതു്. ചെറിയ മുറ്റം. ഒരു കോണിൽ ഒരു പ്ലാവു്. മറ്റൊരു വശത്തു ഒരു പേര. പിന്നെ ഒരു മുരിങ്ങ. ഈ പേര നട്ടതു് ഹാജാരിയുടെ അമ്മയായിരുന്നു. ഒന്നാന്തരം വലിയ വലിയ കായ്കൾ ഉണ്ടാകും. ബനാറസ് ജനുസ്സിൽ പെട്ട പേരയുടെ ബീജത്തിൽനിന്നുണ്ടായതു്.

ഹാജാരി തട്ടിവിളിച്ചപ്പോൾ അയാളുടെ ഭാര്യ വാതിൽ തുറന്നു. ഭർത്താവിനെക്കണ്ടിട്ടു പറഞ്ഞു: “വരു വരു. എന്തിനാണു വെളുപ്പാൻ കാലത്തെ വണ്ടിക്കു വന്നതു്? ഈ വികടം പിടിച്ചവഴി, കറുത്തപക്ഷം. ഈയിടെ ഇഴജാതികളുടെ ശല്യവും സഹിക്കവയ്യാതായിട്ടുണ്ടു്. ഈയിടെ രണ്ടുപേർ അതുകാരണം സിദ്ധി കൂടുകയും ചെയ്തു.

“ഈ ഗ്രാമത്തിലോ?”

“ഇവിടെയല്ല. കാ ഉഡാപാഡയിൽ ഒരാൾ. പിന്നെയൊരാൾ ബാമൻ പാഡയിലാണെന്നും കേട്ടു—അല്ലാ, എന്താണിത്ര വലിയ ഒരു ഭാണ്ഡം?”

ഹാജാരി പൂരിയുടെ യഥാർത്ഥ ചരിത്രം ഒന്നും പറഞ്ഞില്ല. ഭാര്യയുടെ ആനന്ദൗത്സുക്യങ്ങൾ നിറഞ്ഞ ചോദ്യത്തിനുത്തരമായി അയാൾ പറഞ്ഞു: “ഒക്കെ കിട്ടി പെണ്ണേ. ഭഗവാൻ തന്നു. എല്ലാവരും കൂടിയിരുന്നു. നല്ല രസമായിട്ടു തിന്നിൻ. ടേംപിക്കു മതിയാകുന്നതുവരെ കൊടുക്കണം. അവൾ വയറു നിറച്ചു തിന്നുന്നതു് എനിക്കു മുമ്പിലിരുന്നു കാണണം.”

അന്നു രാവിലത്തെ വണ്ടിക്കു് ഹാജാരിക്കു റാണാഘാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞില്ല. ഉച്ചതിരിഞ്ഞു് ഹാജാരി കുസുമത്തിന്റെ അച്ഛന്റെ വീട്ടിലേക്കു നടക്കാനിറങ്ങി.

ഈ ഗ്രാമത്തിൽ തന്നെ, ഗോയാൽ പാഡയിൽ (ഇടയർ പാർക്കുന്ന പ്രദേശം) കുസുമത്തിന്റെ വലിയച്ഛൻ ഹരിഘോഷിന്റെ നില ഒരു കാലത്തു മെച്ചപ്പെട്ടതായിരുന്നു. ഇപ്പോഴുമുണ്ടു് പഴയ തൊഴുത്തിൽ എട്ടുപത്തു പശുക്കൾ, രണ്ടു ചെറിയ പത്തായങ്ങൾ.

ഹരി, ഹാജാരിയെ കേമമായി ബഹുമാനിച്ചു. തഴപ്പായയിൽ ഇരുത്തി. അയാൾ ചോദിച്ചു: “എപ്പോഴെത്തി വലിയച്ഛൻ? എല്ലാവർക്കും സൗഖ്യം തന്നെയല്ലേ?”

“നിങ്ങൾക്കു വിശേഷമൊന്നുമില്ലല്ലോ?”

“നിങ്ങളുടെ ശ്രീചരണങ്ങളുടെ ആശിർവാദം കാരണം എല്ലാം ഒരുവിധം കഴിഞ്ഞുപോകുന്നു. റാണാഘാട്ടിൽ തന്നെയല്ലേ ഇപ്പോഴും?”

“അതെ, അവിടന്നു തന്നെ വരുന്നതും.”

“ഞങ്ങളുടെ കുസുമത്തിനെ കാണാറില്ലേ?”

ഹാജാരി നാട്ടുമ്പുറത്തുവളർന്ന ആൾ. ഇവിടത്തുകാരുടെ സ്വഭാവം അറിയാം. കുസുമത്തിനെ എന്നും കാണാറുണ്ടെന്നോ രണ്ടുപേരും വളരെയടുപ്പത്തിലാണെന്നോ പറഞ്ഞുകൂടാ. നാട്ടുകാർ വല്ലവിധവും അറിഞ്ഞുവശായാൽ അവർ എന്തൊക്കെ അപവാദങ്ങളാണു പറഞ്ഞുണ്ടാക്കുകയെന്നു ഊഹിക്കാവുന്നതേയുള്ളു. അതിനാൽ അയാൾ പറഞ്ഞു: “ഉവ്വ്, ഒന്നുരണ്ടു പ്രാവശ്യം കണ്ടു. അവൾക്കു സുഖം തന്നെയാണു്.”

“ഇനി കാണുമ്പോൾ ഒരിക്കൽ ഇവിടത്തോളം വന്നിട്ടുപോകാൻ പറയു. അവൾക്കു പിറന്നുവളർന്ന നാട്ടിലേക്കു വരണമെന്ന മോഹമേ ഇല്ല. പട്ടണത്തിൽ പാൽ വിറ്റു നടക്കാനാണു് രസം.”

ഹാജാരി വിഷയം തിരിക്കുവാൻ വേണ്ടി ചോദിച്ചു: “ഇക്കുറി കൃഷിയും മറ്റും എങ്ങനെ?”

“നെൽകൃഷി പന്ത്രണ്ടേക്കർ നിലത്തു ചെയ്തിട്ടുണ്ടു്. ബാക്കിയൊക്കെ കായ്കനികൾ. ഇളവൻ രണ്ടേക്കർ, ഉരുളക്കിഴങ്ങും ഉള്ളിയും. അതു് ഇത്തവണ മഴ കഷ്ടിയാണു് വലിയച്ഛാ! നിലം വിണ്ടു തുടങ്ങി, വരണ്ടു്…”

കായ്കനികളുടെ കാര്യം പറഞ്ഞപ്പോൾ ഉള്ളിൽ ഒളിച്ചുവെച്ചിരുന്ന മഹത്വാകാംക്ഷ തലയുയർത്തി. പച്ചക്കറികൾ സ്വന്തം ഗ്രാമത്തിൽനിന്നു വാങ്ങുകയാണെങ്കിൽ അതുകൊണ്ടു നല്ല മെച്ചമുണ്ടാവും. റാണാഘാടിനേക്കാൾ ലാഭം—ഇവിടന്നു തന്നെ വേണം അടുക്കളസ്സാമാനങ്ങൾ വാങ്ങാൻ.

അയാൾ ഹരിഘോഷിനോടു ചോദിച്ചു: “ശരി. എത്രയുണ്ടാവും നിങ്ങളുടെ കൃഷിയിൽ ഉരുളക്കിഴങ്ങു്!”

“അതു കൃത്യമായി പറയാനൊക്കുമോ, വലിയച്ഛാ? എങ്കിലും മുപ്പതു നാല്പതു മന്നു് എങ്ങനെയായാലും ഉണ്ടാവും.”

“നിങ്ങൾക്കു് അതുമുഴുവൻ എനിക്കു തരാൻ പറ്റുമോ? പണം രൊക്കം.”

ഹരിഘോഷ് കൗതുകത്തോടെ ചോദിച്ചു: “വലിയച്ഛൻ ഈയിടെ പച്ചക്കറിക്കച്ചവടമാണോ നടത്തുന്നതു്?”

“നടത്തിത്തുടങ്ങിയില്ല, നടത്തിയാലോ എന്നാലോചിക്കയാണു്. തുടങ്ങുമ്പോൾ ഞാൻ അറിയിക്കാം.”

ഗോയാൽ പാഡയിൽനിന്നു മടങ്ങുന്നവഴിക്കു് ഒരു വലിയ മുളങ്കാട്ടിൽ കൂടെ കടന്നുപോകണം. ഇവിടെ ആൾതാമസമില്ല. ഏഡോശോല ഗ്രാമത്തിലും ആൾപാർപ്പു് വളരെ കുറവാണു്. മുമ്പു് ധാരാളമുണ്ടായിരുന്നു. മലമ്പനി പിടിച്ചു് ഒട്ടുവളരെ പേർ ഒടുങ്ങി. വലിയ വലിയ പ്ലാവുകളും മാവും മുളകളുമുള്ള കാടുകളാണു് നോക്കുന്ന ദിക്കിലൊക്കെ.

ഈ മുളങ്കാടു നിൽക്കുന്ന സ്ഥലത്തായിരുന്നു പണ്ടു് പാലിത കുടുംബക്കാരുടെ തറവാടു നിന്നിരുന്നതു്. ഹാജാരി കുട്ടിക്കാലത്തു കണ്ടിട്ടുള്ളതാണു്. പാലിതന്മാർ നല്ല സ്ഥിതിയിലായിരുന്നു. രാജൻ പാലിതന്റെ വീട്ടിൽ പൂജയും വ്രതവും ഹോളിയും ജന്മാഷ്ടമിയും ഒക്കെ കേമമായി കൊണ്ടാടുക പതിവായിരുന്നു. ഇപ്പോൾ അവരുടെ ഭവനത്തിന്റെ തറക്കല്ലുകൾ മാത്രമേ കാണാനുള്ളു. പകൽനേരത്തുകൂടി പുലിയോ നരിയോ പതുങ്ങിയിരിക്കുന്നുണ്ടാവും അവിടെ.

മുളങ്കാട്ടിൽ നിന്നും ഉണങ്ങിനിൽക്കുന്ന മുളകളുടെ ചടപട ശബ്ദം ഉയരുന്നു. എന്തൊരു തണൽ. ഉണങ്ങിയ മുളയിലകളുടേയും കരിയിലകളുടേയും മർമ്മരം. ഫിങ്ഗക (Drongo) ശാരികപ്പക്ഷികളുടെ കളകൂജനം—ഹാജാരിക്കു തോന്നി. ഇന്നു തനിക്കു ഹോട്ടൽ വേലക്കാരന്റെ ജീവിതത്തിൽനിന്നു മുക്തി കിട്ടിയ ദിവസമാണെന്നു്. ആ ചുട്ടുപുകയുന്ന അടുപ്പിന്നരികിൽ നിന്നുകൊണ്ടു മോരും കറിയും പാകം ചെയ്യേണ്ട ഭാരമില്ല. ദാസി പത്മയുടെ കുത്തുവാക്കുകളും മേൽക്കോയ്മത്തവും സഹിക്കേണ്ടതില്ല. ഈ മുളങ്കാടിന്റെ നിബിഡച്ഛായയിൽ എത്രനേരം കിടന്നുറങ്ങിയാലും ആരും ഒന്നും ചോദിക്കാൻ വരില്ല.

ഈ ഒരു മുക്തി അയാൾ പൂർണ്ണരൂപത്തിൽ ആസ്വദിക്കാനാഗ്രഹിച്ചിരുന്നതുകൊണ്ടു തന്നെയാണു് സ്വന്തം ഹോട്ടൽ തുറക്കാൻ സ്വപ്നം കണ്ടുകൊണ്ടിരുന്നിരുന്നതു്.

അയാൾക്കു് വേണ്ടത്ര അനുഭവം സിദ്ധിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്നു് പണമുണ്ടായാൽ റാണാഘാടിൽ ഹോട്ടൽ തുടങ്ങാൻ വിഷമമില്ല.

പണം എവിടന്നു കടം കിട്ടുമെന്നും ഹാജാരി ചിന്ത തുടങ്ങി. ഈ ഗ്രാമത്തിലെ ഗോസായി കുടുംബക്കാർ വലിയവരാണു്. പക്ഷേ, മിക്കവരും കൽക്കത്തയിലാണു്. വൃദ്ധനായ കേശവ ഗോസായി ഇവിടെത്തന്നെയാണു താമസം. എന്നാൽ ആ മനുഷ്യൻ ഭയങ്കര പിശുക്കൻ. അയാൾ ഹാജാരിയെപ്പോലുള്ള സാധാരണക്കാരനായ ഒരുവനു് പണയം കൂടാതെയോ ജാമ്യം നിൽക്കാതെയോ പണം കടംകൊടുക്കുമോ?

ഹാജാരിക്കു് ആരുണ്ടു ജാമ്യം നിൽക്കാൻ?

അയാളുടെ നില മഹാപരുങ്ങലിലാണു്. ഒരു വയ്ക്കോൽ മേഞ്ഞ ചെറുപുര. അടുക്കള, കഴിഞ്ഞ മഴയ്ക്കു് വീണുപോയി. പണമില്ലാത്തതുകൊണ്ടു് നേരെയാക്കാൻ കഴിഞ്ഞില്ല. മുറ്റത്തുള്ള മാഞ്ചോട്ടിലാണു് അരിവയ്പു്. മഴ ഏതാണ്ടു് അവസാനിച്ച മട്ടായി അതുകൊണ്ടു് വലിയ അസൗകര്യമില്ല.

നേരം വൈകിത്തുടങ്ങി.

ഹാജാരി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ടു, അയാളുടെ മകൾ ടേംപി ഉമ്മറപ്പടിയിലിരുന്നു കമ്പിളി നെയ്യുന്നു. ടേംപി അച്ഛനെക്കണ്ടപ്പോൾ പറഞ്ഞു: “അച്ഛനു് ഇരിക്കാൻ ഞാൻ ഒരു മെത്ത തുന്നുകയാണു്. നാളെ ഇവിടെ താമസിക്കാമെങ്കിൽ തീർത്തുതരാം. കൂട്ടത്തിൽ കൊണ്ടുപോകാം.”

ഹാജാരി ഉള്ളുകൊണ്ടു ചിരിച്ചു. ബേചുചക്കത്തിയുടെ ഹോട്ടലിൽ ആ കമ്പിളിമെത്തമേൽ ഉണ്ണാനിരിക്കുക. ചിത്രം ഒന്നാന്തരം തന്നെ. പത്മ അതു കണ്ടാലെന്തഭിപ്രായമാണു പറയുക?

മകളോടു പറഞ്ഞു: “നോക്കട്ടെ മെത്ത ഭേഷ് ഒന്നാന്തരം. എവിടന്നു പഠിച്ചു?”

ടേംപി പറഞ്ഞു: “മുഖയ്യേ (മുഖർജി) ഭവനത്തിലെ നീലേടത്തിയുടേയും അതസി ഏടത്തിയുടേയും അടുക്കൽ നിന്നു്. ഞാൻ ദിവസവും പോകാറുണ്ടു്. അവർ ഉച്ചയ്ക്കു് എന്നെ പാട്ടുപഠിപ്പിക്കും. തുന്നൽ പഠിപ്പിക്കും.”

“അവർ ഇവിടെത്തന്നെയുണ്ടോ? ഹരിചരണബാബു ഇനിയും പോയില്ലേ?”

“അവർ ഈ മാസവും കൂടി ഇവിടെത്തന്നെയുണ്ടാവും. ഉണ്ടായാൽ എനിക്കുതന്നെയാണു ഗുണം. അവരോടു വല്ലതും പഠിക്കാം. അതസിയേടത്തി എത്ര അസ്സലായി പാടൂന്നോ അച്ഛനു കേൾക്കണോ?”

“നീ കുറേ പാട്ടുകൾ പഠിച്ചോ?”

ടേംപി ലജ്ജാമധുരസ്വരത്തിൽ പറഞ്ഞു: “ഒന്നുരണ്ടെണ്ണം. അതു കൊണ്ടൊന്നുമായില്ല. അച്ഛൻ അതസിയേടത്തിയുടെ പാട്ടുകേട്ടാൽ പെട്ടിപ്പാട്ടു കേൾക്കയാണെന്നു പറയും. അവരുടെ വീട്ടിൽ വലിയ ഒരു പാട്ടുപെട്ടിയുമുണ്ടു്. ദിവസവും സന്ധ്യക്കു പാടിക്കും. എന്തെല്ലാം ജാതി പാട്ടുകൾ… പോകാം സന്ധ്യക്കു്? അതസിയേടത്തി തന്നെയാണു പാട്ടുകൾ പാടിക്കാൻ. ഞാനും വരാം. അച്ഛൻ വന്നിട്ടുണ്ടെന്നു ഞാൻ അതസിയേടത്തിയോടു പറയും. നല്ലനല്ല പാട്ടുകൾ തിരഞ്ഞെടുത്തു കേൾപ്പിക്കും.”

ഹാജാരി ചോദിച്ചു: “ഹരിചരണബാബുവിന്റെ അസുഖമൊക്കെ മാറിയോ, കുട്ടി!”

“അതെനിക്കറിയില്ല. എന്നാലും ഇരുപ്പുമുറിയിൽ വന്നിരുന്നു എന്നും എല്ലാവരോടും വർത്തമാനം പറയും. ഒരു ദിവസം ഇരുപ്പുമുറിയിൽ വെച്ചു പെട്ടിപ്പാട്ടുപാടിച്ചു. എന്തു രസമായ കീർത്തനം!”

തൽക്കാലം ഹാജാരിക്കു സംഗീതകലയോടായിരുന്നില്ല താല്പര്യം. ഹരിചരണ ബാബുവിനോടപേക്ഷിച്ചു് പത്തിരുനൂറു രൂപയെങ്കിലും കടം വാങ്ങാൻ വഴിയുണ്ടോ എന്നായിരുന്നു അയാളുടെ ആലോചന. ഹരിചരണ മുഖുയ്യേ മഹാശയൻ മാത്രമായിരുന്നു ആ ഗ്രാമത്തിൽ പഠിപ്പും പണവുമുള്ള ഒരേ ഒരു മാന്യൻ. അയാളുടെ തറവാട്ടുകാരാണു് ഈ ഗ്രാമത്തിലെ ജന്മികൾ. എന്നാൽ ഗ്രാമം വിട്ടുപോയിട്ടു് ഒട്ടേറെ നാളായി. കൂറ്റൻ മൂന്നുനില മാളിക. ഒന്നുരണ്ടു പ്രായംചെന്ന സ്ത്രീകൾ മാത്രമേ അവിടെ ഇതുവരെ താമസിച്ചിരുന്നുള്ളു.

നാലഞ്ചുമാസം മുമ്പു് ഹരിചരണന്റെ ഏകപുത്രൻ കൽക്കത്തയിൽ വെച്ചു വസൂരി പിടിച്ചു മരിച്ചു. അതിനെ തുടർന്നു അയാൾ കുടുംബസഹിതം കഴിഞ്ഞ രണ്ടുമൂന്നു മാസമായി സ്വന്തം തറവാട്ടിൽ വന്നു താമസിക്കാൻ തുടങ്ങിയതെന്തിനാണെന്നും മറ്റും ഹാജാരിക്കറിഞ്ഞുകൂടായിരുന്നു. എങ്കിലും ഒന്നറിയാമായിരുന്നു. ഹരിചരണ ബാബു ഗ്രാമത്തിന്റെ വടക്കോട്ടു നീങ്ങിയുള്ള വെളിമ്പറമ്പിൽ ഒരു കുളം കുഴിപ്പിക്കുവാൻ ഡിസ്ട്രിക്ട് ബോർഡിന്നു് നല്ലൊരു സംഭാവന ചെയ്കയുണ്ടായിട്ടുണ്ടു്. മകന്റെ പേരിൽ ഒരു ഡിസ്പെൻസറി തുടങ്ങാനും ഉദ്ദേശിക്കുന്നു. ഹരിചരണബാബു പുറത്തെങ്ങും പോകാറില്ല. സദാ ഇരുപ്പു മുറിയിൽ അങ്ങിനെ കൂടും. രണ്ടു പെൺമക്കളും ഭാര്യയും ഇവിടെത്തന്നെയുണ്ടു്. പിന്നെ, വീട്ടുവേലക്കാരും ദാസിമാരും, രണ്ടു കാവൽക്കാരും.

സന്ധ്യക്കു ശേഷം ധൈര്യം അവലംബമാക്കി ഹാജാരി, ഹരിചരണ ബാബുവിന്റെ കാരണവന്മാരുടെ കാലം തൊട്ടേയുള്ള ഇരുപ്പുമുറിയുടെ ഉമ്മറത്തു ചെന്നു നിന്നു. ഭവനത്തിന്റെ മുൻവശത്തുതന്നെ, വലിയ തൂണുകളുള്ളതും വെള്ള പളുങ്കു കെട്ടിപ്പടുത്തതുമായ വരാന്തയാണു് ഇരുപ്പുമുറി. അതിന്റെ മുൻവശം ഇടത്തരം വലിപ്പത്തിലുള്ള ഒരു മുറി. അതിനോടു തൊട്ടു് ഒരു ചെറിയ മുറി. പണ്ടു് നവീന ബാബു എന്നു പേരുള്ള ഒരു രസികൻ കാരണവർ തനിക്കായിട്ടു പ്രത്യേകം ഒരു ഇരുപ്പുമുറി പണിയിക്കയുണ്ടായി. അയാൾ പത്തു മുപ്പതു കൊല്ലങ്ങൾക്കു മുമ്പു നിസ്സന്താനനായി മരിച്ചുപോയി, ആ മുറി ഇപ്പോൾ വിത്തു് കെട്ടി സൂക്ഷിക്കാൻ ഉപയോഗിച്ചുവരുന്നു.

ഹാജാരി ഒപ്പം ടേംപിയേയും കൂട്ടിയിട്ടുണ്ടായിരുന്നു. ടേംപി പറഞ്ഞു: “അച്ഛനിവിടെയിരിക്കു. ഞാൻ അതസിയേടത്തിയോടു പറയട്ടെ അച്ഛൻ പെട്ടിപ്പാട്ടു കേൾക്കാൻ വന്നിട്ടുണ്ടെന്നു്.”

ഇരുപ്പുമുറിയുടെ മുൻപിൽ ഹാജാരിയെ നിർത്തി ചെറിയ ഇരുപ്പുമുറി വഴി ടേംപി അകത്തേക്കു പോയി.

മുറിയിൽ നാലുകാലുള്ള എണ്ണവിളക്കു കത്തുന്നു. ഇതു പഴയകാലം മുതൽക്കുള്ള പതിവാണു്. ഇപ്പോഴും വേണ്ടെന്നു വെച്ചിട്ടില്ല. ഹാജാരി അകത്തേക്കു കടക്കണോ വേണ്ടയോ എന്നു പിടികിട്ടാതെ നിന്നു പരുങ്ങി. ആ സമയം ഹരിചരണബാബു പുറത്തേക്കിറങ്ങിവന്നു ഹാജാരിയെക്കണ്ടു. ചോദിച്ചു: “ആരു്…”

ഹാജാരി വിനയപൂർവം കൈകൂപ്പി തല താഴ്ത്തി, നമസ്കരിച്ചിട്ടു പറഞ്ഞു: “ഞാൻ തന്നെ ബാബു! ഹാജാരി.”

“ഹാജാരിയോ? എന്തു വിശേഷം? വരു വരു. പുറത്തു നിൽക്കുന്നതെന്താണു്? അകത്തു കടന്നിരിക്കു. കണ്ടിട്ടു കുറെ നാളായി. നിങ്ങളുടെ മകൾ ഇവിടെ ഇടക്കിടക്കു വരാറുണ്ടു്. എന്റെ മകൾ അതസിയുമായി വലിയ ഇഷ്ടത്തിലാണു്.”

ഹരിചരണന്നു വയസ്സു് അൻപത്തഞ്ചു് അൻപത്താറായിക്കാണും. നിറം വെളുപ്പു്, നീണ്ട മുഖം. വലിയ കണ്ണുകൾ, കനത്ത സ്വരം. ആൾ ഒരു രസികനായിരുന്നു. പ്രായം ഇത്രയൊക്കെയായിട്ടും, മകൻ അകാലചരമം പ്രാപിച്ചിട്ടും ആ പഴയ രസികത്തത്തിന്റെയും പരിഷ്കാരത്തിന്റെയും ലക്ഷണങ്ങൾ ഇപ്പോഴും വേഷവിധാനങ്ങളിൽ കാണാം.

ഹാജാരി വാസ്തവത്തിൽ പണം കടം ചോദിക്കാനായിരുന്നു വന്നതു്. എന്നാൽ ഇരുപ്പുമുറിയിൽ പ്രവേശിച്ചു്, ആൾവലിപ്പത്തിലുള്ള പഴയ കാലത്തെ കൂറ്റൻ കണ്ണാടിയിൽ തന്റെ നിഴൽ കണ്ട ഹാജാരിയുടെ ധൈര്യം എങ്ങോ ഓടിയൊളിച്ചു.

ഹരിചരണബാബുവിന്റെ നിർദ്ദേശാനുസരണം അയാൾ ഒരു കസേരയിൽ ഇരുന്നു.

ഹരിചരണൻ ചോദിച്ചു: “ചായ കുടിക്കണോ, ഹാജാരി?”

ഹാജാരി നിർത്തി നിർത്തി പറഞ്ഞു: “പിന്നെ… ചായ ഞാൻ… വേണ്ട, ബുദ്ധിമുട്ടാവില്ലേ?”

ഹരിചരൻ പറഞ്ഞു: “ഏയ്! എന്തു ബുദ്ധിമുട്ടു്? ഞാൻ ചായ കുടിക്കുന്ന സമയമാണു്. കൊണ്ടുവരാൻ പറയാം, ഇരിക്കൂ.”

ആ സമയം ടേംപി ഇരുപ്പുമുറിയിൽ നിന്നും അന്തഃപുരത്തിലേക്കുള്ള വാതിൽക്കൽ വന്നുനിന്നു. ഹരിചരണബാബുവിനെ ഇരുപ്പുമുറിയിൽ കണ്ടിട്ടും അവൾ ഒരു ഭാവഭേദവും കൂടാതെ പറഞ്ഞു: “അച്ഛാ, ഇരിക്കു, ഞാൻ അതസിയേടത്തിയോടു പറഞ്ഞിട്ടുണ്ടു് പെട്ടിപ്പാട്ടു വായിപ്പിക്കാൻ. അച്ഛൻ അതു കേൾക്കാനാണു വന്നതെന്നു് ഞാൻ പറഞ്ഞു:”

ഹരിചരണബാബു പറഞ്ഞു: “പെട്ടിപ്പാട്ടു കേൾക്കാൻ വന്നതാണല്ലേ, ഹാജാരി? ഇപ്പോഴാണോ അതു പറയണതു്. ഒരു വിരോധവുമില്ല. നിങ്ങളെപ്പോലുള്ള അഞ്ചാറു പേർ വന്നും പോയും കൊണ്ടിരുന്നാൽ അതുകൊണ്ടു് സന്തോഷമേ തോന്നുകയുള്ളു. ഗ്രാമം ശുദ്ധ ശൂന്യമായിപ്പോകുന്നു. കുട്ടി, നിന്റെയച്ഛനും എനിക്കും ഓരോ കപ്പു് ചായ തരാൻ പറയൂ, നിന്റെ അതസിയേടത്തിയോടു്.”

ഹാജാരിക്കു് ടേംപിയോടു് ഉള്ളിൽ ദേഷ്യം തോന്നി. ഭാഗ്യംകെട്ട പെണ്ണു്. എല്ലാം തകരാറാക്കി. താൻ പെട്ടിപ്പാട്ടു കേൾക്കാനാണു വന്നതെന്നു് ആരാണു പറഞ്ഞതു്. ഇതിനു ശേഷം ഇനി പണത്തിന്റെ കാര്യം എടുത്തിടുന്നതു് ഭംഗിയാവുമോ? ഈ മാതിരി കുട്ടിക്കളികൊണ്ടു് എങ്ങനെ ഒരു കാര്യം നടത്താനാവും വയ്യ!

ആ സമയം ഹരിചരണബാബുവിന്റെ മകൾ അതസി രണ്ടു കപ്പു ചായയുമായി മുറിയിൽ പ്രവേശിച്ചു. ആദ്യം ഹാജാരിയുടെ മുമ്പിൽ ഒരു കപ്പു വെച്ചിട്ടു് മറ്റേതു് ഹരിചരണബാബുവിന്റെ കയ്യിൽ കൊടുത്തു. അതസിക്കു പതിനെട്ടോ പത്തൊൻപതോ വയസ്സു പ്രായം. നിറം നല്ല വെളുപ്പു്. നല്ല മുഖശ്രീ, വിശാല നയനങ്ങൾ—ഒറ്റ വാക്കിൽ പറഞ്ഞാൽ അതസി സുന്ദരിയായ യുവതിയാകുന്നു. മനഃസംസ്ക്കാരത്തെ ദ്യോതിപ്പിക്കുന്ന ആഡംബരരഹിതമായ വേഷം, കയ്യിൽ ഏതാനും സ്വർണ്ണവളകളും ഇയർ റിങ്ങും ഒഴിച്ചാൽ ആഭരണമായി മറ്റൊന്നും ഇല്ല.

ഹരിചരണൻ പറഞ്ഞു: “നിന്റെ ഹാജാരിയമ്മാവൻ, നമസ്ക്കരിക്കു, അതസി.”

അതസി അടുക്കലേക്കു ചെന്നു കുമ്പിട്ടു നമസ്ക്കരിച്ചു് കാൽപൊടി നിറുകയിൽ വെച്ചു. ഹാജാരി സങ്കോചത്തോടെ പറഞ്ഞു: “മതി മതി മോളെ എഴുന്നേൽക്കു രാജറാണിയാവാൻ നിനക്കു ഭാഗ്യമുണ്ടാകട്ടെ. മംഗളം വരട്ടെ.”

ഹരിചരണബാബു അതസിയോടു പറഞ്ഞു: “നിന്റെ ഹാജാരിയമ്മാവനു പെട്ടിപ്പാട്ടു കേൾക്കണംന്നു്, ഗ്രാമഫോൺ എടുത്തുകൊണ്ടു വരു.”

അതസിയും ടേംപിയും ഉറ്റ ചങ്ങാതികളായിക്കഴിഞ്ഞിരുന്നു. ടേംപിയുടെ അച്ഛനെ അതസി ആദ്യമായിട്ടാണു കാണുന്നതു്. കൂട്ടുകാരിയുടെ അച്ഛൻ കണ്ടാലെങ്ങനെയെന്നു ശ്രദ്ധിച്ചുനോക്കുകയായിരുന്നു അതസി, അച്ഛന്റെ വാക്കുകൾ കേട്ടു് അവൾ അകത്തേക്കു പോയി, വേലക്കാരന്റെ കൈയിൽ ഗ്രാമഫോൺ കൊടുത്തയച്ചു.

ഹരിചരണബാബു ചോദിച്ചു: “ആരു വായിപ്പിക്കും. നിന്റെ ദിദി മണി വരില്ലേ?” (യജമാനപുത്രിയെ പരിചാരകവർഗം ദിദിമണി എന്നു വിളിക്കുന്നു).

“ദിദിമണി യജമാനനുണ്ടല്ലോ എന്നു പറഞ്ഞു.”

“എനിക്കു കണ്ണിനു കാഴ്ച പോര. അതസിയോടു വരാൻ പറയൂ.”

ഏതാനും നിമിഷം കഴിഞ്ഞപ്പോൾ അതസിയും ടേംപിയും അയലത്തെ വേറെ മൂന്നു നാലു പെൺകുട്ടികളും അവിടെക്കു വന്നു. പെട്ടിപ്പാട്ടുവായന തുടങ്ങി. ഏതാണ്ടു രണ്ടു മണിക്കൂറോളം നീണ്ടുനിന്നു. ഇതിനിടക്കു് ഒരിക്കൽ കൂടി വന്നു. ചായ കൊണ്ടുവന്നു വെച്ചതു വേലക്കാരനായിരുന്നുവെങ്കിലും അതസിയാണു് എല്ലാവർക്കും പകർന്നുകൊടുത്തതു്.

എല്ലാം കഴിഞ്ഞപ്പോൾ രാത്രി മണി ഒൻപതര കഴിഞ്ഞിരുന്നു. ഹാജാരി ഇരുന്നു പിടയ്ക്കുകയായിരുന്നു. പാട്ടു കേൾക്കാനല്ല അയാൾ വന്നിരുന്നതു്. അതസിയും ടേംപിയും മറ്റുള്ളവരും അകത്തേക്കു പോയപ്പോൾ ഹാജാരി എന്തും വരട്ടെ എന്നുവെച്ചു പറഞ്ഞു: “ബാബു, എനിക്കു് ഒരപേക്ഷയുണ്ടായിരുന്നു.”

ഹരിചരണബാബു പറഞ്ഞു: “എന്താണു് പറയൂ.”

എനിക്കു കുറച്ചു പണം ആവശ്യമായിരിക്കുന്നു. എനിക്കു കുറച്ചു തുക തരികയാണെങ്കിൽ എന്റെ വലിയ ഒരു മോഹം സാധിപ്പിക്കാമായിരുന്നു.

“മകളുടെ കല്യാണത്തിനോ?”

“അല്ല ബാബു, ബിസിനസ്സ് തുടങ്ങാൻ.”

“എന്തു ബിസ്സിനസ്സ്?”

“ബാബുവിനു നിശ്ചയമുണ്ടല്ലോ, ഞാൻ ഹോട്ടൽ പ്രവൃത്തിക്കാരനാണെന്നു്. ബാബുവിനോടു് ഞാൻ ഒന്നും ഒളിക്കുന്നില്ല. ഒരു ഹോട്ടൽ തുടങ്ങണമെന്നുണ്ടു്. അതിനാണു പണം.”

“എത്ര പണം ആവശ്യമാണു്?”

“ഒരു ഇരുനൂറുരൂപ. എന്നിൽ അലിവുതോന്നി തരികയാണെങ്കിൽ എന്റെ തോട്ടുവക്കത്തുള്ള പ്ലാവിൻതോട്ടം പണയം തരാമായിരുന്നു, ബാബു. ഒരു വർഷം കൊണ്ടു കടം വീട്ടിക്കൊള്ളാം, ഞാൻ.”

ഹരിചരണബാബു ഒന്നാലോചിച്ചശേഷം പറഞ്ഞു: “തോട്ടം പണയം വാങ്ങി പണം തരാൻ തയ്യാറില്ല. തരികയാണെങ്കിൽ നിങ്ങൾക്കു് അതൊന്നും കൂടാതെതന്നെ തരും. എന്നാൽ തൽക്കാലം എന്റെ പക്കൽ അത്ര പണം രൊക്കം എടുക്കാനില്ല.”

ഇതിനുശേഷം ഹാജാരിക്കു് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. വിശേഷിച്ചും ഹരിചരണബാബു ഉദാരഹൃദയനാണു്, സത്യവാദിയാണു് എന്നു ഹാജാരിക്കു് അറിയാവുന്ന സ്ഥിതിക്കു് കയ്യിൽ പണം വെച്ചുകൊണ്ടു് ഇല്ല എന്നു പറയുന്ന പ്രകൃതക്കാരനല്ല ഹരിചരണൻ.

അതസി വന്നു പറഞ്ഞു: “അമ്മാവാ! കുറച്ചിരിക്കു. ടേംപി ആഹാരം കഴിക്കയാണു്. അമ്മ വിടില്ല. പാട്ടു കേൾക്കാൻ വന്ന പെൺകുട്ടികളെ ആരേയും ഊണു കഴിക്കാതെ വിടില്ല. കുറച്ചുനേരം പിടിക്കും. ഇല്ലെങ്കിൽ അമ്മാവൻ പൊയ്ക്കോളൂ, അവളെ വേലക്കാരിയുടെ കൂടെ അയക്കാം.”

ഹരിചരണ ബാബു പറഞ്ഞു: “നിങ്ങൾക്കു് തിരക്കൊന്നുമില്ലെങ്കിൽ ഇരിക്കു ഹാജാരി. കുറച്ചുനേരം സംസാരിക്കാം. ഇവിടെ അധികമാരും വരിക പതിവില്ല.”

ഹാജാരി ഇരുന്നു: “നിങ്ങൾ എവിടെ, ആരുടെ ഹോട്ടലിൽ പണിയെടുക്കുന്നു?”

“റാണാഘാടിൽ. ബേചു ചക്കത്തിയുടെ ഹോട്ടലിൽ, റെയിൽ ബസാറിനു നടുവിൽ തന്നെ.”

“എന്തുകിട്ടും മാസം പ്രതി?”

“അതാരോടും പറയാൻ കൊള്ളില്ല ബാബു ഭക്ഷണവും മാസം പ്രതി ഏഴു രൂപയും. അതുകൊണ്ടാണു് ആലോചന, പരന്റെ കീഴിൽ പണിയെടുക്കാതെ കഴിച്ചാലെന്തെന്നു്. പ്രായവും കുറച്ചായി. ഇനി സ്വന്തമായി ഒരു ഹോട്ടൽ നടത്തിയാലെന്തെന്നു്.”

“ഹോട്ടൽ നടത്താൻ കഴിയുമോ?”

“അതു് ബാബു, നിങ്ങളുടെയൊക്കെ ആശീർവാദം കൊണ്ടു ഈ ലയിനിലുള്ള ഒരുമാതിരി എല്ലാക്കാര്യങ്ങളും അറിയാം. ചന്തക്കുപോക്കും പാകം ചെയ്യലും രണ്ടുമാണു് ഹോട്ടൽ ഇടപാടിൽ മുഖ്യം. രണ്ടും പഠിച്ചവന്നു ഹോട്ടൽ ശരിക്കും കൊണ്ടുനടത്താനാവും. ഞാൻ വളരെ നാൾ മുമ്പുതൊട്ടേ പരിശ്രമിച്ചു് അതു രണ്ടും വശമാക്കി. പറ്റുകാർക്കു് എന്താണാവശ്യമെന്നും അറിയാം. വേലയെടുക്കുന്നതു് അടുക്കളക്കാരന്റേതാണു്, ശരിതന്നെ ബാബു എന്നാൽ നിങ്ങളുടെ കാരണവന്മാരുടേയും നിങ്ങളുടേയും ഒക്കെ അനുഗ്രഹംകൊണ്ടു കണ്ണും ചെവിയും തുറന്നുവെച്ചുകൊണ്ടാണു് പണിയെടുക്കുന്നതു്.”

“അതു്, നല്ലതു തന്നെ.”

പ്രോത്സാഹിതനായ ഹാജാരി അയാളുടെ വളരെ നാളായിട്ടുള്ള മനോരാജ്യമായ ഒരു ‘ആദർശ് ഹിന്ദു ഹോട്ടൽ’ സ്ഥാപിക്കുന്നതിനെപ്പറ്റി പലതും പറഞ്ഞു. ചൂർണി നദീതിരത്തു് വിശ്രമവേളകളിൽ ഇരുന്നു സ്വപ്നം കാണാറുള്ള കാര്യവും അയാൾ മറച്ചുവെച്ചില്ല. അയാൾ ചമച്ച ഭക്ഷണം കഴിച്ചു് കൽക്കത്തക്കാരായ ബാബുമാർ വാനോളം വാഴ്ത്തിയതു്, യദുബാഡയുടെ ഹോട്ടലിൽ അയാളെ തെറ്റിച്ചു കൊണ്ടു പോകാനുള്ള വട്ടം ഒന്നും വിട്ടില്ല.

ഹരിചരണബാബു പറഞ്ഞു: “നോക്കു ഹാജാരി, നിങ്ങളുടെ വർത്തമാനം കേട്ടിട്ടു എനിക്കു് നിങ്ങളോടു് അസൂയ തോന്നിപ്പോകുന്നു. നിങ്ങൾക്കു വയസ്സായിയെന്നു വെച്ചിട്ടെന്തു്? നിങ്ങൾക്കും ജീവിതത്തിൽ വല്ലതും ഒന്നു ചെയ്യണമെന്ന വലുതായ ആശയുണ്ടു്. ഈ ആശ തന്നെയാണു മനുഷ്യനെ ജീവിപ്പിച്ചുനിർത്തുന്നതു്. എന്റെ മകൻ മരിച്ചതിനുശേഷം ജീവിതത്തിൽ എല്ലാം അവസാനിച്ചുവെന്നു് എനിക്കു തോന്നിപ്പോകുന്നു. ഇനി ഒന്നും ചെയ്യാനില്ല. ചെയ്തിട്ടെന്തു്? ആർക്കുവേണ്ടി എന്നൊക്കെ ഓർത്തുപോകുന്നു. അതുമല്ല, ജീവിതത്തിൽ ഒരിക്കലും ഒന്നിന്റെയും ആവശ്യം നേരിടുകയുമുണ്ടായിട്ടില്ല. അച്ഛനു വേണ്ടത്ര സ്വത്തുണ്ടായിരുന്നു. പുതിയതായി വല്ലതും കെട്ടിപ്പടുക്കണമെന്ന ആഗ്രഹമേ ഉണ്ടായിട്ടില്ല. നിങ്ങൾക്കു പ്രായമായതുകൊണ്ടെന്തു്? നിങ്ങളുടെ ഈ ആശ നിങ്ങളെ ചെറുപ്പക്കാരനാക്കി നിർത്തും. എന്റെ തലയിൽ ഇത്രയൊന്നും നരച്ച രോമങ്ങൾ ഉണ്ടായിരുന്നില്ല. മകൻ മരിച്ചതോടെ ജീവിതത്തിനുള്ള ഉത്സാഹവും ആശയും ആകാംക്ഷയും മരവിച്ചു. അതോടെ മുടികളും നരച്ചു. എന്നാലും മകന്റെ പേരിൽ ഒരു സ്കൂൾ തുടങ്ങാനാഗ്രഹമുണ്ടു്. പിന്നെത്തോന്നും, ആരുണ്ടു് സ്കൂളിൽ പഠിക്കാൻ? നമ്മുടെ ഈ പ്രദേശത്തു് ആൾ പാർപ്പില്ല. അതിലും ഭേദം ഒരു ചികിത്സാലയം തുടങ്ങുകയാവും. ഉത്സാഹമാണു് ജീവിതത്തിൽ സർവ്വസ്വവും. ജീവിതത്തിൽ ആശയില്ലാത്തവൻ, ചെയ്യാനൊന്നുമില്ലാത്തവൻ, വെറുതെ കഷ്ടപ്പെടുകയേ ഉള്ളൂ. എന്റെ സ്ഥിതിതന്നെ ഉദാഹരണം. മകനുണ്ടായിരുന്നെങ്കിൽ ഒരു കൽക്കരി ഖനി കോൺട്രാക്ടിനു് എടുക്കണമെന്നായിരുന്നു വിചാരം. പക്ഷേ, ആർക്കുവേണ്ടി എന്നു തോന്നുകയാണു് ഇപ്പോൾ. അതുകൊണ്ടാണു് നിങ്ങളെക്കണ്ടിട്ടു് അസൂയ തോന്നുന്നു എന്നു പറഞ്ഞതു്. നിങ്ങൾക്കു പ്രയത്നിക്കാൻ ഉത്സാഹമുണ്ടു്. പ്രതീക്ഷകൾ ഉണ്ടു്. എനിക്കു് ഇതൊന്നും തന്നെയില്ല. ഇതു നോക്കൂ, ഈ കാക്കകൂടി പറക്കാത്ത കുഗ്രാമത്തിൽ ഒറ്റയ്ക്കു കിടക്കുന്നു. ആർക്കെങ്കിലും ഇതു രസമായി തോന്നുമോ? ഇല്ല. ഒരിക്കലും ഇങ്ങിനെയുള്ള ഇടത്തു താമസിച്ചിട്ടുമില്ല. എന്നാൽ ആൾക്കൂട്ടവും ബഹളവും ഉള്ള ദിക്കുകളും പിടിക്കാതായി. ഈ മകളുണ്ടു്, ഒരു പെട്ടിപ്പാട്ടുയന്ത്രം കൊണ്ടുവന്നിട്ടുണ്ടു്. മകൾ അതു പാടിക്കും, ഞാൻ കേൾക്കും. അവളുടെ അമ്മക്കായി നല്ല നല്ല കീർത്തനങ്ങളും മറ്റും തിരഞ്ഞെടുത്തു പാടിക്കുന്നു. അതു കേട്ടിട്ടെങ്കിലും അവൾക്കു അല്പം ആശ്വാസം തോന്നട്ടെ. സ്ത്രീയല്ലേ? അവളുടെ സങ്കടമാണു് അസഹ്യം.”

ഹാജാരിക്കു് ഈ നീണ്ട പ്രസംഗം മുഴുവൻ മനസ്സിലായില്ല. ഒന്നു മാത്രം മനസ്സിലായി. പുത്രശോകം വൃദ്ധന്റെ തലയ്ക്കു് ലേശം തകരാറു വരുത്തിയിരിക്കുന്നു.

അയാൾ സഹതാപസ്വരത്തിൽ ചിലതെല്ലാം പറഞ്ഞാശ്വസിപ്പിച്ചു. അധികം നേരം വല്ലതും സംസാരിക്കാൻ അയാൾക്കറിയില്ല. എങ്കിലും വൃദ്ധന്റെ പുത്രശോകത്തിൽ ദുഃഖിതനായി വളരെയേറെ ചിന്തിച്ചു സ്വരൂപിച്ചാണു അയാൾക്കു് അത്രയെങ്കിലും പറയാൻ കഴിഞ്ഞതു്.

ഹരിചരണബാബു പറഞ്ഞു: “ഒരു ചായ കൂടി ആവാമോ?”

“ഇനി വേണ്ട, എനിക്കു ചായകുടിക്കുന്ന ശീലം കുറവാണു് ബാബു.”

ഇതിനിടെ ടേംപി വന്നെത്തി. “അച്ഛാ, പോകാം.”

ഹാജാരി യാത്ര പറഞ്ഞെഴുന്നേറ്റു് മകളോടൊപ്പം പുറത്തുവന്നു. നിലാവു നാലുപാടും ഒഴുകുകയായിരുന്നു. ഡന്മാരുടെ (ഒരു ഹിന്ദുജാതി) ഭവനത്തിൽ നിന്നു് മീൻ പൊരിക്കുന്നതിന്റെ ഗന്ധം വന്നുകൊണ്ടിരുന്നു. സിധുഭഡ് വരാന്തയിൽ ഇരുന്നു വല നെയ്യുന്നു. അയാൾ ചോദിച്ചു: “അച്ഛനും മകളും ഇത്ര നേരം എവിടെയായിരുന്നുവാവോ!”

ഹാജാരി പറഞ്ഞു: “ബാബുവിന്റെ ഭവനത്തിൽ. ബാബു വിട്ടില്ല. പിടിച്ചിരുത്തി ചായതന്നു. പെട്ടിപ്പാട്ടു കേൾപ്പിച്ചു. ഒടുവിൽ മകൾ ഊണു കഴിക്കാതെ പോകരുതെന്നായി, വലിയമ്മ.”

ഹാജാരിക്കു് അന്നത്തെ സന്ധ്യ ഏറ്റവും രസകരമായി തോന്നി. വലിയവരുടെ ഇരുപ്പു മുറിയിലിരുന്നു ഇങ്ങിനെ മുമ്പെങ്ങും അയാൾ ചായ കുടിച്ചിട്ടില്ല. സൽക്കരിച്ചിരുത്തി ഉള്ളു തുറന്നു സംസാരിച്ചിട്ടില്ല. പിന്നെ പെട്ടിപാട്ടു്—അയാൾ മകളോടു ചോദിച്ചു: “ടേംപി, എന്തൊക്കെ തിന്നു?”

ടേംപി ഭോജനപ്രിയയാണു്. പാവപ്പെട്ടവളായതുകൊണ്ടാണു് അതസിയുടെ അമ്മ അവളെ ഉണ്ണാൻ നിർബന്ധിച്ചതു്. അവൾ പറഞ്ഞു: “പൊറോട്ട, മീൻകറി, പടവലക്കറി, ഉരുളക്കിഴങ്ങുകറി.”

ഹാജാരിയുടെ പത്നി അടുക്കളപ്പണിയെല്ലാം കഴിച്ചു വളരെ നേരമായി കാത്തിരിക്കുന്നു. അവൾ ചോദിച്ചു: “എവിടെപ്പോയിട്ടുവരുന്നു. ഈ അസമയത്തു്? ഇപ്പോഴേ നാടു നടന്നു കാണൽ അവസാനിച്ചുള്ളു. കാത്തിരുന്നു കാത്തിരുന്നു ഉറക്കം വരാൻ തുടങ്ങി എനിക്കു്.”

ടേംപി പറഞ്ഞു: “എന്റെ അത്താഴം കഴിഞ്ഞു. അമ്മേ! അതസിയുടെ അമ്മ ഉണ്ണാതെ വിട്ടില്ല. എനിക്കിനി ഒന്നും വേണ്ട.”

“അല്ലാ, നിന്റെ ഊണുകഴിഞ്ഞു. രാവിലത്തെ പൂരി എടുത്തുവെച്ചിരുന്നു നിനക്കു്. പൂരിയും വേണ്ടേ?”

ഇങ്ങനെ ഒരു സമൃദ്ധിയുടെ ദിവസം ആ കുടുംബം കണ്ടിട്ടു് ഏറെ നാളായി. സുഭിക്ഷമായി പൂരി തിന്നാൻ കിട്ടിയ ദിവസമായിരുന്നു അതു്. പരമാനന്ദകരമായ ദിവസം.

ടേംപി പറഞ്ഞു: “അമ്മ തിന്നോളു. ഞാൻ വയറുനിറയെ ഉണ്ടു… അവിടെ പൊറോട്ട, മീൻ ഒക്കെയുണ്ടായിരുന്നു. ഇന്നത്തെ ദിവസം നല്ല രസമായി, അല്ലേ അമ്മേ! രാത്രി വരെ ഒന്നാന്തരം ആഹാരം പുലർച്ചതൊട്ടേ തുടങ്ങി രാത്രി വരെ.”

ആഹാരം കഴിച്ചു് ഹാജാരി പുറത്തിരുന്നു പുകവലിക്കാൻ തുടങ്ങി. ഹരിചരണബാബുവിന്റെ വർത്തമാനം അയാളുടെ ഉത്സാഹം വളരെയധികം വളർത്തിയിരുന്നു.

പൂരി—ടേംപിക്കു് എത്ര പൂരി വേണമെന്നുവെച്ചാൽ അത്രയും കൊടുക്കുവാനുള്ള ഏർപ്പാടുണ്ടായിരിക്കും. അയാളുടെ ഈ കൊതിയന്മാരായ സന്താനങ്ങൾക്കും നല്ല ആഹാരം നൽകാൻ അയാൾക്കു കഴിയുന്നില്ല. എന്നാൽ അതു കൊടുക്കുവാൻ കഴിയുന്നതിനു വേണ്ട പ്രയത്നം ചെയ്യാൻ ഒരു സന്ദർഭം അന്വേഷിക്കയാണല്ലോ ചെയ്യുന്നതു്.

ഹരിചരണബാബുവിന്നു വേണ്ടത്ര സ്വത്തുണ്ടു്. എന്നാൽ ഹാജാരിയുടെ വീട്ടിലെപ്പോലെ തീറ്റക്കൊതിയന്മാരായ കുട്ടികൾ അയാളുടെ വീട്ടിലില്ല. പിന്നെയാർക്കുവേണ്ടി അയാൾ പ്രയത്നിക്കണം?

ഇന്നു് ഹരിചരണബാബുവിന്റെ അടുക്കൽനിന്നു അയാൾക്കു പണം കിട്ടിയില്ല, ശരിതന്നെ. എന്നാൽ അതിനേക്കാൾ വിലയുള്ള ഒരു വസ്തു അയാൾക്കു കിട്ടി.

അയാളുടെ കുടുംബത്തിൽ കുട്ടികളുണ്ടു്. ടേംപിയുണ്ടു്. അവരുടെ മുഖത്തേക്കു നോക്കിയാൽ അയാൾക്കു കൈകാലുകൾക്കു ബലം കിട്ടും, മനസ്സിനു ധൈര്യം ലഭിക്കും. ഹരിചരണബാബുവിന്റെ ജീവിതം അവസാനിക്കാറായി. തനിക്കു നാല്പത്തിയാറുവയസ്സായെങ്കിലെന്തു്? ടേംപി ഇനിയും കുട്ടിയാണല്ലോ. അവളുടെ സുഖം മറ്റാരുടെ സുഖം? അവൾക്കു് നല്ലൊരു സാരി വാങ്ങിക്കൊടുക്കുമ്പോൾ മുഖത്തുദിക്കുന്ന ചിരി അയാളെ കർമ്മപഥത്തിൽ വളരെ ദൂരം മുന്നോട്ടുനയിക്കും.

ആഹാ! അങ്ങനെ വല്ലപ്പോഴും സംഭവിച്ചിരുന്നെങ്കിൽ!

ടേംപിക്കും ഒരു പാട്ടുപെട്ടി വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പാട്ടു് അവൾക്കു് ഇത്ര പ്രിയമാണെങ്കിൽ…

ഇതു വെറും സ്വപ്നമാവാം. എങ്കിലും ചിന്തിക്കുമ്പോൾ തന്നെ എന്തൊരു പരമാനന്ദം! എന്താണുണ്ടാവുക എന്നു നോക്കുകതന്നെ.

മുളങ്കൂട്ടിൽ ‘ശൻ ശൻ’ ശബ്ദം ഉയർന്നു. രാത്രി, നേരം ഏറെയായി. ഗ്രാമമാകെ നിശ്ശബ്ദം. ആ സമയത്താണു ഹാജാരി ഭാര്യയോടു് പറയുന്നതു്: “നോക്കു, എന്റെ മേൽമുണ്ടു് വല്ലാതെ മുഷിഞ്ഞിരിക്കുന്നു. കുറച്ചു കാരത്തിലിട്ടു വെക്കു നാളെ പുലർച്ചക്കു കഴുകാം. എനിക്കു പുലരുമ്പോൾ തന്നെ പുറപ്പെടണം റാണാഘാടിലേക്കു്.”

“പുലർച്ചക്കെന്തിനു്? ഇപ്പോഴേ കഴുകിയിടാം. ഈറൻ മുണ്ടും കൊണ്ടു പോകണ്ടല്ലോ. ഇപ്പോഴേ നനച്ചിട്ടാൽ വെളുക്കുമ്പോഴേക്കും ഉണങ്ങിക്കൊള്ളും.”

പിറ്റന്നാൾ വെളുപ്പിനു് ഹാജാരി റാണാഘാടിലേക്കു പുറപ്പെട്ടു. ഹോട്ടലിൽ കടക്കുന്നതിനു മുമ്പുതുടങ്ങി, അയാൾക്കു ഭയം. യജമാനനും പത്മയും കൂടി എന്തൊക്കെയാണാവോ പറയുക. ഒരുദിവസം പണിക്കു ചെല്ലാത്തതിന്നു സമാധാനം ബോധിപ്പിക്കുമ്പോഴേക്കു പ്രാണൻ പോവും.

അതുതന്നെ സംഭവിച്ചു.

കയറിച്ചെല്ലുന്നിടത്തു തന്നെ ഇരിക്കുന്നു ചക്കത്തി. സാക്ഷാൽ ഹോട്ടലുടമ, ഹാജാരിയെ കണ്ട മാത്രയിൽ കയ്യിലുണ്ടായിരുന്ന ഹുക്ക താഴെ വെച്ചു് കഠിനസ്വരത്തിൽ പറഞ്ഞു: “ഇന്നലെ എവിടെയായിരുന്നു ഠാക്കുർ!”

ഹാജാരി നുണ പറഞ്ഞില്ല. വീട്ടിൽ അസുഖം, മുതലായ കളവുകൾ കെട്ടിച്ചമച്ചു പറയുക അയാൾക്കു പതിവില്ല. അയാൾ പറഞ്ഞു: “അതു്… യജമാനനെ, വളരെ നാളായി വീട്ടിൽ ഒന്നു പോയിവന്നിട്ടു്. അവിടെ കുഞ്ഞുകുട്ടികൾ ഉണ്ടു്. അതുകൊണ്ടു് ഒരു ദിവസം…”

“ഒന്നും മിണ്ടാതെ ഈവിധം ഓടിപ്പോകുന്നതിനർത്ഥം? ആരോടു ചോദിച്ചിട്ടു പോയി?”

ഇതിനു മറുപടി പറയാൻ കഴിഞ്ഞില്ല. പൂരി കൊടുക്കുവാൻ പോയതായിരുന്നുവെന്നു പറയാനും മടി തോന്നി. മിണ്ടാതെ നിന്നു.

“നിങ്ങളുടെ ഓരോ ഞരമ്പിലും തെമ്മാടിത്തമാണു ഠാക്കുർ. പത്മ പറഞ്ഞതു ശരിയാണു്. കണ്ടാൽ പാവമായിട്ടെന്തുകാര്യം? നിങ്ങൾ ഇത്ര വലിയ ഒരു ഹോട്ടലിലെ വെയ്പും വിളമ്പും ഇട്ടെറിഞ്ഞു് ആരോടും മിണ്ടാതെ ഒളിച്ചുകളഞ്ഞില്ലേ? വല്ലതും നാവിൽനിന്നു വീണാൽ… കഞ്ചാവുകുടിയൻ! നന്ദിയില്ലാത്തവൻ.”

ബേചു ചക്കത്തി അലറുന്നതുകേട്ടു് വാതിൽക്കൽ വന്നു എത്തിനോക്കിയ പത്മ, വാതിൽക്കൽ ഹാജാരി നിൽക്കുന്നതു കണ്ടു പറഞ്ഞു: “ഇതാ എത്തിയല്ലോ! എന്തോർത്തിട്ടാണു് മൂപ്പരേ! വീണ്ടും എഴുന്നെള്ളിയതു്? ഇന്നലെ ഞാൻ പറയുകയായിരുന്നു. ഇനി ആവശ്യമില്ല, ഈ ആപത്തിനെ ഒഴിച്ചുവിട്ടേക്കു യജമാനനേ. കഞ്ചാവു കുടിച്ചു ലക്കില്ലാതെ എവിടെപ്പോയിക്കിടന്നിരുന്നുവാവോ. മോന്ത കണ്ടില്ലേ?”

ഹാജാരി അല്പം ആശങ്കയോടെ ചുവരിൽ തൂക്കിയിരുന്ന ചെറുകണ്ണാടിയിൽ മുഖം നോക്കാൻ ശ്രമിച്ചു. എന്താണു വേലക്കാരി തന്റെ മുഖത്തു കണ്ടതു്? കഞ്ചാവുപോയിട്ടു്, പുലർന്നതിൽ പിന്നെ ഒരു ബീഡി പോലും താൻ വലിച്ചിട്ടില്ല.

“പോകു, ഇന്നലത്തെ പണിക്കു് ഒരു ‘മുട്ടുശാന്തി’ക്കാരനെ വെച്ചിരുന്നു. അയാളുടെ കൂലി ഒരുറുപ്പിക. ആഹാരച്ചിലവു് നാലണ. അതു് നിങ്ങളുടെ ശമ്പളത്തിൽ നിന്നും പിടിക്കും. ഇനി ഇങ്ങിനെ ചെയ്താൽ അന്നുതന്നെ പിരിച്ചു വിടും. ഓർമ്മയിരിക്കട്ടെ.” ബേചു വിധിച്ചു.

ഹാജാരി വിളർത്ത മുഖവുമായി അടുക്കളയിൽ കടന്നു. അവിടെയും രക്ഷയുണ്ടായിരുന്നില്ല. യജമാനന്റെ അടുക്കൽ നിന്നു് എളുപ്പം മോചനം കിട്ടിയെങ്കിലും പത്മയുടെ അടുക്കൽ നിന്നു് അത്രവേഗം രക്ഷപ്പെടുക സാധ്യമല്ലായിരുന്നു. പത്മ ഹാജാരിയുടെ പിറകേ അടുക്കളയിലെത്തിയിട്ടു പറഞ്ഞു: “അവരാരും നിങ്ങളുടെ പണി ചെയ്യില്ല. എന്തിനാണു് ചെയ്യുന്നതു്? ഒറ്റയ്ക്ക ചെമ്പെടുത്തു അടുപ്പത്തുവെക്കണം ഇന്നു്. തെമ്മാടികളോടു തെമ്മാടിത്തരം ഒറ്റയ്ക്കു് വലിയ ചെമ്പു വാങ്ങിവെച്ചോളു, വാർത്തോളൂ, ഊണുകാർക്കു വിളമ്പി കൊടുത്തോളൂ. ഇന്നലെ രതൻ ഠാക്കൂർ ഒന്നും മിണ്ടാതെ ഒറ്റയ്ക്കാണു് ഇതൊക്കെ ചെയ്തതു്. രാജകുമാരൻ കഞ്ചാവുതിന്നു വല്ല ദിക്കിലും കമിഴ്‌ന്നടിച്ചു കിടക്കുക, എന്നിട്ടു് ബാക്കിയുള്ളവർ പണിയത്രയും ചെയ്യുക. ഏഭ്യബ്രാഹ്മണൻ.”

അരിശം കാരണം, ബേചു ചക്കത്തി ഇന്നലെ പകരം അരിവെപ്പുകാരനെ വെച്ചുവെന്നും അയാളുടെ കൂലി ഹാജാരിയുടെ ശമ്പളത്തിൽ പിടിക്കുമെന്നും മറ്റും പറഞ്ഞിരുന്നതു് പത്മ മറന്നുപോയി.

ഹാജാരി അന്ധാളിപ്പോടെ ചോദിച്ചു. “ഒറ്റക്കെങ്ങിനെ? യജമാനൻ പറഞ്ഞതു് പകരത്തിനു് ആളെവച്ചുവെന്നാണല്ലോ?”

പത്മ അബദ്ധം മറയ്ക്കാൻ ശ്രമിച്ചുകൊണ്ടു് പറഞ്ഞു: “വച്ചിരുന്നല്ലോ. വച്ചില്ലെന്നാരു പറഞ്ഞു. യജമാനൻ നിങ്ങളോടു നുണ പറഞ്ഞെന്നാണോ വിചാരം? ആളെ കിട്ടിയിരുന്നില്ലെങ്കിൽ ഒറ്റക്കു വേണ്ടി വരുമായിരുന്നില്ലേ പണിയെല്ലാം എന്നാണു ഞാൻ ചോദിച്ചതു്. നിങ്ങളോടു തർക്കിക്കാൻ എനിക്കു സമയമില്ല. മൂർഷിദാബാദ് വരേണ്ട സമയമായി. സ്റ്റേഷനിൽ ഇപ്പോൾ വന്നിറങ്ങും ഊണുകാർ, വേഗം പരിപ്പു കഴുകിയിടൂ. കറിക്കു പാത്രം അടുപ്പത്തു വെക്കു.”

മൂർഷിദാബാദ് വണ്ടി വലിയൊരു ശബ്ദത്തോടെ സ്റ്റേഷനിൽ വന്നു നിന്നു. ഇപ്പോൾ തുടങ്ങും ശാപ്പാടുകാരുടെ വരവു്.

ഹാജാരി പരിപ്പുകഴുകുകയായിരുന്നു. അപ്പോഴുണ്ടു് ചക്കത്തിയുടെ ഉറക്കെയുറക്കെയുള്ള സംസാരം പുറം തളത്തിൽനിന്നു വരുന്നു. ആരെയാണു തട്ടിക്കേറുന്നതെന്നറിയാൻ ഹാജാരി അടുക്കള വാതിൽക്കൽ ചെന്നുനിന്നു നോക്കി.

യതീശ് ഭട് ചാജ് (ഭട്ടാചാര്യ) യുമായിട്ടാണു് വാക്കുതർക്കം. യതീശ് ഭട്ചാജ് വളരെ നാളായി ആ ഹോട്ടലിലെ പതിവു് ഊണുകാരനാണു്. ആദ്യമാദ്യം രൊക്കം പണം കൊടുത്തായിരുന്നു ഉണ്ടിരുന്നതു്. ഇപ്പോൾ അഞ്ചാറു മാസമായി മാസംതോറും ഒന്നിച്ചു പണം കൊടുക്കുന്ന പതിവു തുടങ്ങിയിട്ടു്. പത്തമ്പത്താറു വയസ്സായി. മലമ്പനിക്കാരന്റെ മുഖഭാവം. തലമുടി മിക്കതും നരച്ചു. നിറം മുമ്പു് വെളുത്തതായിരുന്നു. ഇപ്പോൾ മങ്ങി കറുത്തിരിക്കുന്നു. മലിനമായ ദോത്തിയും പഞ്ചാബിയും കാലിൽ നിറം കെട്ട ചെരുപ്പു്.

ബേചു ചക്കത്തി പറയുകയായിരുന്നു: “ഇല്ല, നിങ്ങൾ വേറെ വല്ലയിടത്തും നോക്കിക്കോളു, ഭാജ് മശായി എനിക്കാവില്ല. നേരെ പറഞ്ഞേക്കാം. ഹോട്ടൽ തുടങ്ങിയിരിക്കുന്നതു രണ്ടു കാശിനു വേണ്ടിയാണു്. അന്നസത്രം തുറന്നിരിക്കയല്ല.”

യതീശ് ഭട് ചാജ് പറഞ്ഞു: “പണത്തിന്റെ കാര്യം കൊണ്ടു വിഷമിക്കേണ്ട, ചക്കത്തി മശായി. ഒരു മാസത്തെ ബാക്കി ഒന്നിച്ചു തന്നേക്കാം ഞാൻ, പോരേ?”

“ഇല്ല മശായി! നിങ്ങൾ വേറെ വഴി നോക്കിക്കോളിൻ. പോയതു പോയി. ഇനിയും നിങ്ങളെ തീറ്റി കൂടുതൽ നഷ്ടപ്പെടുന്നതെന്തിനു്?”

യതീശ് ചാജ് മൃദുസ്വരത്തിൽ പറഞ്ഞു: “ഇല്ലില്ലാ എവിടെ പോകാനാണു്? ഓരോ പൈസയും തന്നുതീർക്കും. അല്പം ബുദ്ധിമുട്ടിലായതുകൊണ്ടാണു്. അതുകൊണ്ടു് കുറെനാൾ കൂടി ഇതുവരെ ചെയ്തപോലെ ഊണു കഴിക്കട്ടെ, അടുത്ത മാസം ഒന്നാന്തിയല്ലെങ്കിൽ രണ്ടാന്തി…”

“വേണ്ട മശായി ഒന്നാന്തിയും രണ്ടാന്തിയുമാകാൻ ഇനിയും പോകണം കുറെ ദൂരം. അതൊന്നും ഇനി നടപ്പില്ല. ക്ഷമിക്കണം. വേറെ വഴി നോക്കിക്കോളൂ.”

യതീശ് ചാജിന്റെ മുഖം നോക്കിയപ്പോൾ തന്നെ അയാൾ ധൂർത്തനാണെന്നു് ഹാജാരിക്കു മനസ്സിലായി. രാവിലെ തൊട്ടു് ഒന്നും കഴിച്ചിട്ടില്ല എന്നു തോന്നുന്നു. ഈ നേരത്തു് ചോറു കൊടുക്കില്ലെന്നു പറഞ്ഞു് അയാളെ ഓടിക്കുന്നതു് ഭംഗിയാണോ? ഒരുസമയം അല്പം ഞെരുക്കമുള്ള സമയമാവാം. അല്ലെങ്കിൽ രണ്ടുപിടി ചോറിനു് ആരും ഈവിധം മുഖസ്തുതി പറയാൻ പുറപ്പെടുകയില്ല.

ഹാജാരിക്കു തോന്നി പറഞ്ഞാലെന്തെന്നു്: ‘യജമാനനെ, എനിക്കിന്നു് ഊണില്ല. ഇന്നലെ നാട്ടിൽ ഒരു സദ്യക്കു ക്ഷണം ഉണ്ടായിരുന്നു. ഉണ്ടതു ഇനിയും ദഹിച്ചിട്ടില്ല. വയറിന്നു് ഒരു സുഖമില്ല. എന്റെ ചോറു് ഭട്ചാജ് ഭക്ഷിച്ചിട്ടുപോകട്ടെ.’ എന്നാൽ ഇതു പറഞ്ഞാൽ യജമാനനെ അപമാനിക്കയാവും. വിശേഷിച്ചും പത്മ അയാളെ വെറുതെ വിടില്ല.

യതിശ് ഭട് ചാജ് ഒടുവിൽ നിരാശനായി വിശപ്പോടെ മടങ്ങിപ്പോയി. ഹാജാരി വിചാരിച്ചു: ‘പാവം, പഴയ ഒരു പറ്റുകാരൻ. അയാൾക്കു ഒരു കിണ്ണം ചോറുകൊടുത്താൽ തന്നെ എന്തു ചേതമാണുണ്ടാവുക, ഹോട്ടലിന്നു്? ഞാൻ ഹോട്ടൽ തുടങ്ങുമ്പോൾ ആരേയും വെറുതേ പറഞ്ഞയക്കില്ല. അതുകൊണ്ടു് ഹോട്ടൽ മുടിഞ്ഞാലും കൊള്ളാം പുലർന്നാലും കൊള്ളാം. ഒന്നാമതു് ചോറുവിറ്റ പൈസ—അതിനും പുറമേ വിശക്കുന്ന വയറോടെ പറഞ്ഞയക്കുക.’

തീവണ്ടിയിറങ്ങി വന്നവർ ഉണ്ണാനെത്തിത്തുടങ്ങി. ഭക്ഷണ മുറിയിൽ നല്ല തിരക്കു്, വേലക്കാരൻ മതി ഇന്നു പത്തുപന്ത്രണ്ടുപേരെ പിടിച്ചുകൊണ്ടു വന്നിരിക്കുന്നു.’

പത്മ വന്നു പറഞ്ഞു: “പത്തുകിണ്ണങ്ങളിൽ ചോറെടുക്കു. രണ്ടെണ്ണം നിരാമിഷം (സസ്യഭോജനം) ഉരുളക്കിഴങ്ങു കറിയും വിളമ്പു—”

അര മണിക്കൂർ കഴിഞ്ഞു് മൂർഷിദാബാദ് ട്രെയിനിലെ ഊണുകാർ യാത്രയായപ്പോൾ, വിചാരിച്ചിരിക്കാത്തവിധം, ബൻഗായ ട്രെയിനെത്തിയപ്പോൾ, ഏതാനും പേർ ഉണ്ണാനെത്തി. സമയം ഒന്നര മണി. ഈ സമയത്തു് ഉണ്ണാൻ ആരും വരാറില്ല. പത്മ ‘അഞ്ചു കിണ്ണം ചോറു്’ എന്നു വിളിച്ചു പറഞ്ഞപ്പോൾ ഹാജാരി അവളെ വിളിച്ചു സ്വകാര്യത്തിൽ പറഞ്ഞു: “പരിപ്പു് മതിയാവില്ലല്ലോ. കഷ്ടിച്ചു രണ്ടുപേർക്കു് തികയുന്ന കാര്യം തന്നെ…”

പത്മ പാത്രത്തിലേക്കു കുനിഞ്ഞുനോക്കി. അമർത്തിയ സ്വരത്തിൽ പറഞ്ഞു: “എന്റെയമ്മേ, ഇതിലൊന്നും തന്നെയില്ലെന്നു വേണമല്ലോ പറയാൻ. ഇനി വന്നവർ എന്തു കൂട്ടി ഊണു കഴിക്കും? നിങ്ങളുടെ തന്നെയാണു കുറ്റം മുഴുവൻ. പരിപ്പു തീരാറാവുന്നതു കാണുമ്പോൾ തന്നെ പാത്രം ഒഴിയുന്നതു നോക്കി നിൽക്കാതെ കുറച്ചു കഞ്ഞിവെള്ളം ഒഴിച്ചു് അടുപ്പത്തുവെച്ചു തിളപ്പിച്ചെടുത്താലെന്തായിരുന്നു? എത്ര തവണ നിങ്ങളോടു പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണു്? കഞ്ഞിവെള്ളം ഉണ്ടോ?”

“ഹാജാരി പറഞ്ഞു: “ഉണ്ടു്”

“ഉണ്ടെങ്കിൽ രണ്ടുകയിൽ പരിപ്പിൽ ഒഴിച്ചു് കുറച്ചുപ്പിട്ട് അടുപ്പത്തുവെച്ചു ചൂടാക്കിയെടുക്കു. എന്താണിതു പറഞ്ഞപ്പോൾ ഇത്ര മിഴിച്ചുനോക്കുന്നതു്?”

ഹാജാരി ഈ വിധം ചെയ്യുക പതിവില്ല. ചെയ്യാൻ മനസ്സു വരാറില്ല. അയാൾ യഥാർത്ഥമായും ഒരു നല്ല പാചകനായിരുന്നു. കരുതിക്കൂട്ടി നല്ലൊരു ഭക്ഷണം ചീത്തയാക്കുവാനോ ഈവിധം ഉണ്ണാൻ വരുന്നവരെ വഞ്ചിക്കാനോ അയാൾക്കു് മനസ്സുവരില്ല. എന്നാൽ ദാസി പത്മയുടെ കല്പന അനുസരിക്കാതെയെന്താണു നിവൃത്തി? ഗത്യന്തരമില്ലാതെ പരിപ്പിൽ കഞ്ഞിവെള്ളം പകർന്നു് ഊണുകാർക്കു് വിളമ്പിക്കൊടുക്കേണ്ടിവന്നു.

അന്നു് അയാൾക്കു് ഒന്നരമണി കഴിഞ്ഞിട്ടേ അടുക്കളയിൽ നിന്നു പുറത്തു കടക്കാൻ കഴിഞ്ഞുള്ളു.

ഒന്നു നടുനിവർത്തിക്കിടന്നു. വെയിൽ ഒട്ടൊന്നാറിത്തുടങ്ങിയപ്പോൾ അയാൾ പതിവുപോലെ ചൂർണിനദീതീരത്തിൽ നടക്കാൻ പോയി. കുറച്ചു ദിവസമായി അയാൾ നദീതീരത്തേക്കു പോവുകയുണ്ടായില്ല. ആ ചിരപരിചിതവും നിർജ്ജനവുമായ വേപ്പിൻ ചുവട്ടിൽ ചാരിയിരുന്നു അക്കരെയുള്ള കടത്തുകടവിലേക്കോ ശാന്തിപുരത്തേക്കു് പോകുന്ന നിരത്തിലേക്കോ നോക്കിയിരിക്കയുണ്ടായില്ല. അയാൾക്കു് ആ പ്രദേശം എത്ര ഇഷ്ടമാണെന്നോ!

അവിടെച്ചെന്നിരുന്നാൽ ഹാജാരിയുടെ തലക്കുള്ളിൽ ഹോട്ടലിനെ സംബന്ധിച്ച പലതരം പുതിയ ആലോചനകൾ വരാൻ തുടങ്ങുകയായി. മറ്റൊരിടത്തിരുന്നാലും ഇത്രക്കു വരാറില്ല.

ഇന്നു് അവിടെ ചെന്നിരുന്നപ്പോൾ തന്നെ ആദ്യം ഹാജാരിക്കു മനസ്സിൽ തോന്നിയതു് പാചകത്തിന്റെ ഗുണംകൊണ്ടാണു ഹോട്ടൽ നടക്കുക എന്നത്രേ. പണം മുടക്കി ഉണ്ണാൻ വരുന്നവർ നല്ല ഭക്ഷണം കിട്ടണമെന്നാണു് സ്വാഭാവികമായും ആഗ്രഹിക്കുക. കഞ്ഞിവെള്ളം കലർത്തിയ പരിപ്പുകറിക്കല്ല അവർ വരുന്നതു്.

ദാസി പത്മയുടെ ദുരാചരണം കാരണം ബേചു ചക്കത്തിയുടെ ഹോട്ടൽ മുടിയും. തന്റെ സ്വന്തം ഹോട്ടൽ അതിനിടയ്ക്കു് രൂപംകൊള്ളും. തന്റെ പാചകത്തിന്റെ ഗുണം കൊണ്ടു് ഹോട്ടൽ നടന്നുപോകും. പെട്ടെന്നു് ഹാജാരി കണ്ടു. ചൂർണ്ണിയുടെ കടത്തുകടവിലുണ്ടു്. യതീശ് ഭട്ചാജ് നിൽക്കുന്നു. അക്കരയ്ക്കു പോകാൻ നിൽക്കയാവും.

“ഏയ്… ഭട്ചാജ് മശായി! ഭട്ചാജ് മശായി!!

യതീശ് തിരിഞ്ഞുനോക്കി ഹാജാരിയുടെ അടുക്കലേക്കു ചെന്നു.

“എവിടേക്കാണു യാത്ര?”

“അക്കരക്കു്. അവിടെയാണു് എന്റെ ഒരുവകയിൽ സഹോദരൻ താമസിക്കുന്നതു്. അയാളുടെ അടുക്കലേക്കു്. കണ്ടില്ലേ, ഇന്നു് ഹജാരി, നിങ്ങളുടെ ചക്കത്തിയുടെയൊരു ദുഷ്ടത. ഞാൻ പണം കൊടുക്കില്ലെന്നു പറയുന്നുണ്ടോ? ഉച്ചനേരത്തു് വിശന്നുവലഞ്ഞു ചെന്നയാൾക്കു് ചോറുകൊടുക്കാതെ വേറെ വഴിനോക്കിക്കോളാൻ. ചോറ്റുവില്പനക്കാരൻ ബ്രാഹ്മണൻ നീചനായില്ലെങ്കിൽ പിന്നെയെന്താണാവുക? ബീഡിയുണ്ടോ? എടുക്കു ഒരെണ്ണം.”

ബീഡി വാങ്ങി കൊളുത്തിയിട്ടു് അയാൾ പറഞ്ഞു: “നശിച്ചുപോകട്ടെ ഈ ടൗൺ! ഇനി ഇവിടെ നിക്കില്ല. പോകയാണു്. ഫുലേ-നബ്ല ഗ്രാമത്തിലേക്കു്. എന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവു് പാർബ്ബത്തി ചക്കി പേരെടുത്ത ഒരു ദേഹമാണു്. പാർബ്ബത്തി ചക്കത്തി ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു, അവരുടെ ജന്മിയുടെ കച്ചേരിയിൽ ഒരു ജോലി തരുവിക്കാമെന്നു് പാൽ ചൗധുരിയുടെ വക—കൂറ്റൻ കച്ചേരി. അവിടെക്കാണു പോണതു്. എന്തെങ്കിലും ഒരു ഉപായം ഉണ്ടാവും അവിടെ ചെന്നു പറ്റിയാൽ.”

ഹാജാരി പറഞ്ഞു: “ഒരുകാര്യം പറയട്ടെ ഭട് ചാജ് മശായി! മറിച്ചൊന്നും വിചാരിക്കരുതു്.”

യതീശ് പറഞ്ഞു: “എന്താണു കാര്യം? തൽക്കാലം എന്റെ പക്കൽ ഒറ്റപ്പൈസയുമില്ല. നേരത്തെപറഞ്ഞേക്കാം. എന്നാലും കൊടുക്കാനുള്ളതു ഞാൻ കൊടുക്കുകതന്നെ ചെയ്യും. തിന്ന ചോറിന്റെ പണം കൊടുത്തിട്ടു് പിന്നെയൊരു കാര്യം. അതു ചക്കത്തി മശായിയോടു പറഞ്ഞേക്കു.”

ഹാജാരി പറഞ്ഞു: “പണത്തിന്റെ കാര്യമല്ല പറഞ്ഞതു്. നിങ്ങളുടെ ഊണുകഴിഞ്ഞോ എന്നറിയാനാണു് ഞാൻ ചോദിച്ചതു്.”

യതീശ് ഒന്നും ആലോചിക്കാതെ ക്ഷണം മറുപടി പറഞ്ഞു: “ഇല്ല, എവിടുന്നുണ്ണാനാണു്? ഇത്ര വൈകിയിട്ടു് ചക്കത്തിയുടെ ഹോട്ടലിൽ നിന്നു തിരിച്ചുപോന്ന എനിക്കു്, ആരുണ്ടു ചോറെടുത്തുവെച്ചു കാത്തിരിക്കുന്നു?”

ഹാജാരി പെട്ടെന്നു യതീശന്റെ വലതുകൈ കടന്നു പിടിച്ചുകൊണ്ടു പറഞ്ഞു: “എന്റെയൊപ്പം വരു ഭട്ചാജ് മശായി ഞാൻ നിങ്ങൾക്കു് ഇന്നു വെച്ചുവിളമ്പിത്തരുന്നുണ്ടു്. വരൂ, കൂടെ.”

യതീശ് ചാജ് പറഞ്ഞു: “എവിടെ? എവിടെക്കു്? വേണ്ട. വേണ്ട ഹാജാരി! ഇന്നൊന്നും വേണ്ട. ഞാൻ വല്ല വെള്ളവും കുടിച്ചു്… ഇനി ഈ അസമയത്തു്…”

ഹാജാരി എന്തായിട്ടും സമ്മതിച്ചില്ല. അയാളുടെ ഹോട്ടലിലെ ഒരു പഴയ പറ്റുകാരൻ ഇന്നു പണമില്ല എന്നു പറഞ്ഞു് പകലത്രയും പട്ടിണികിടന്നു റാണാഘാടിൽ നിന്നും മടങ്ങുക. എന്തുകൊണ്ടോ, ഈ സംഭവത്തിനു താനാണു് ഉത്തരവാദിയെന്നു് ഹാജാരിക്കു തോന്നി.

യതീശ് ഭട് ചാജ് പറഞ്ഞു: “ഞാൻ ഇനി നിങ്ങളുടെ ഹോട്ടലിലേക്കു വരില്ല, ഹാജാരി ഠാക്കുർ! ശരി, നിങ്ങൾ സമ്മതിക്കാത്ത സ്ഥിതിക്കു വല്ല വെള്ളവും വാങ്ങിത്തന്നു്…”

“ഹോട്ടലിലേക്കു് എന്തിനാണു കൂട്ടിക്കൊണ്ടുപോകുന്നതു്? വരു, വെള്ളമാക്കുന്നതെന്തിനു്? ഞാൻ ചോറുവെച്ചുതരുന്നുണ്ടു് നിങ്ങൾക്കു്.”

യതീശ് പറഞ്ഞു: “അതുവേണ്ട, അപ്പോഴെനിക്കു് ഇന്നുഫുലേനബ്ലക്കു പോവാൻ തരപ്പെടുകയില്ല. ഇന്നുതന്നെ അവിടെയെത്തണം.”

അടുത്തുതന്നെയാണു് കുസുമത്തിന്റെ ഭവനം. ഭട് ചാജിയെ അവിടെ കൂട്ടിക്കൊണ്ടുപോകാനായിരുന്നു ആലോചന. വേറെയെവിടെയിരുത്തിയാണു് അയാൾക്കു ചോറുകൊടുക്കുക?

കുസുമത്തിന്റെ വാതിൽക്കൽ മുട്ടിയ ഉടനെ അവൾ വാതിൽ തുറന്നു ഹാജാരിയെക്കണ്ടു ചിരിച്ചുകൊണ്ടു് എന്തോ പറയാൻ ഭാവിക്കുമ്പോഴേക്കും പിറകിൽ നിന്നിരുന്ന യതീശ് ഭട് ചാജിന്റെ മേൽ ദൃഷ്ടി പതിഞ്ഞു. അപ്പോൾ അവൾ ലജ്ജയോടെ തലകുനിച്ചു പറഞ്ഞു: “വലിയച്ഛാ, എന്താണീ സമയത്തു്? പിറകിലാരാണു്?”

“അയാൾക്കുവേണ്ടിത്തന്നെയാണു വന്നിരിക്കുന്നതു്. ഒരു ബ്രാഹ്മണനാണു് ആൾ. എന്റെ പരിചയക്കാരൻ, എന്റെ ഹോട്ടലിലെ ഒരു പതിവുകാരൻ. പണമില്ല എന്നു പറഞ്ഞു് യജമാനൻ ഭക്ഷണം കൊടുത്തില്ല. ഉണ്ണാതെ ശാന്തിപുരത്തേക്കു പോകയായിരുന്നു. ഞാൻ പിടിച്ചുകൊണ്ടുവന്നു. വല്ലതും കൊടുക്കാതെ പറഞ്ഞയച്ചുകൂട. പുറത്തെ മുറി തുറക്കു.”

കുസുമം പുറത്തെ മുറി തുറന്നു കൊടുത്തപ്പോൾ കുറച്ചുദൂരെ നിന്നിരുന്ന യതീശനെ വിളിച്ചു് ഹാജാരി അവിടെയിരുത്തി. അതിനുശേഷം അകത്തേക്കു ചെന്നപ്പോൾ കുസുമം ഉദ്വേഗസ്വരത്തിൽ പറഞ്ഞു: “എന്താണു വലിയച്ഛനു ഭാവം? അരിവെക്കുവാനോ? ഞാൻ ഒക്കെ ഒരുക്കിത്തരാം. അപ്പോഴേക്കു ഇവിടെയെന്താണുള്ളതെന്നു വെച്ചാൽ അതു കൊടുക്കാം. എന്തു പറയണു?”

ഹാജാരി പറഞ്ഞു: “പാകം ചെയ്തുകൊടുക്കാൻ പറ്റില്ല. കുസുമം അയാൾക്കു ഇരിക്കാൻ സമയമില്ല. ഫുലേ നബ്ലക്കു പോകണം അയാൾക്കു്, ഞാൻ ബസാറിൽ ചെന്നു വല്ലതും വാങ്ങിക്കൊണ്ടുവരാം. ഇവിടെ കുറച്ചുനേരം ഇരിക്കാൻ കൂട്ടിക്കൊണ്ടു വന്നതാണു്.

കുസുമം ചിരിച്ചുകൊണ്ടു പറഞ്ഞു: “വലിയച്ഛൻ വെറുതെ വിഷമിക്കണ്ട. വേണ്ടതൊക്കെ ഞാൻ ഒരുക്കിത്തരാം. ഇവിടെയുള്ളപ്പോൾ വെറുതെ ബസാറിൽനിന്നു വാങ്ങിക്കൊണ്ടു വരുന്നതെന്തിനു്? എന്റെ വീട്ടിൽ ബ്രാഹ്മണൻ എഴുന്നെള്ളിയിരിക്കെ, ഇവിടെയുള്ള വിഭവങ്ങൾകൊണ്ടു സൽക്കരിക്കയല്ലേ മര്യാദ? എന്നാൽ വലിയച്ഛാ, അതോടൊപ്പം വലിയച്ഛൻ അതു മറക്കണ്ടാ.”

ഹാജാരി വിരോധം പറയുന്നതിനു മുമ്പായിത്തന്നെ അവൾ അകത്തേക്കുപോയി. നിവൃത്തിയില്ലാതെ, ഹാജാരി യതീശ് ഭട് ചാജിന്റെ അടുക്കലേക്കു തിരിച്ചുചെന്നു.

യതീശ് ചോദിച്ചു. “നിങ്ങളുടെ വല്ല സ്വന്തക്കാരുടേയും വീടായിരിക്കും അല്ലേ?”

“അല്ല, സ്വന്തക്കാരല്ല, ഇവർ ഘോഷ് ഗോയാല (ഇടയൻ) ക്കാരാണു്. ഇവിടെയാണു ഞാൻ മകളെപ്പോലെ കരുതുന്ന ഒരു കുട്ടിയെ വിവാഹം ചെയ്തു കൊണ്ടുവന്നു താമസിപ്പിച്ചിട്ടുള്ളതു്. ഇപ്പോൾ വാതിൽ തുറന്നു തന്നില്ലേ. അവൾതന്നെ.”

ഏതാണ്ടു് പതിനഞ്ചുമിനിട്ടു കഴിഞ്ഞു. വാതിൽക്കൽ ശബ്ദം കേട്ട ഹാജാരി പുറത്തെ മുറിയുടെ വരാന്തയിലേക്കു നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. അവിടെ രണ്ടു പലകയിട്ടു് അതിന്റെ മുമ്പിൽ ആവി പറക്കുന്ന രണ്ടു കപ്പു പാലും നുറുക്കിവെച്ച പഴങ്ങൾ, ബാതാസ (മധുരപലഹാരം) മുതലായവ നിറച്ച രണ്ടു കിണ്ണങ്ങളും രണ്ടു് ഇളനീരും ഉണ്ടു് വെച്ചിരിക്കുന്നു. തേച്ചു മിനുപ്പിച്ച രണ്ടു ഓട്ടുഗ്ലാസ്സിൽ വെള്ളവും.

കുസുമം ചിരിച്ചുകൊണ്ടു പറഞ്ഞു: “അദ്ദേഹത്തേയും വിളിക്കു്. സേവനത്തിനു് എനിക്കും ഒരവസരം കിട്ടട്ടെ. ഉള്ളതു കഴിച്ചു രണ്ടുപേരും തൃപ്തിപ്പെടണമെന്നാണപേക്ഷ.”

“അതിനെന്താണു പ്രയാസം കുസുമം? പക്ഷേ ഞാനെന്തിനാണു്…”

“മകളുടെ വീടു്, വല്ലതും കഴിക്കാതെ പോകാമോ? വിളിക്കു അദ്ദേഹത്തെ.”

യതീശ് ഭട് ചാജ് ഇരുന്നു ഭക്ഷിക്കുന്ന മട്ടുകണ്ടിട്ടു് പാവത്തിനു് വല്ലാത്ത വിശപ്പുണ്ടായിരുന്നുവെന്നു് വ്യക്തമായി. അയാളുടെ കിണ്ണത്തിൽ യാതൊന്നും ശേഷിച്ചിരുന്നില്ല. ഊണുകഴിച്ചു് അവർ പുറത്തു ചെന്നിരുന്നപ്പോൾ കുസുമം അവർക്കു മുറുക്കാൻ കൊണ്ടുപോയി കൊടുത്തു. യതീശ് ഭട് ചാജ് യാത്രയായപ്പോൾ പറഞ്ഞു: “നിങ്ങളുടെ മകളെ ഒന്നു വിളിക്കു, ഹാജാരി. ആശീർവദിച്ചിട്ടുപോകട്ടെ.”

കുസുമം വന്നു രണ്ടുപേരേയും നമസ്കരിച്ചു. യതീശൻ പറഞ്ഞു: “കേൾക്കു, മോളെ? ഇന്നു പകലത്രയും പട്ടിണിയായിരുന്നു. വാസ്തവത്തിൽ നിന്റെ ഭക്ഷണം എന്നെ അത്യന്തം തൃപ്തിപ്പെടുത്തിയിരിക്കുന്നു. നീ നല്ല കുട്ടിയാണു്. കുട്ടികളോടൊപ്പം സുഖമായിരിക്കു; ഞാനാശീർവദിക്കുന്നു.”

ഹാജാരി യതീശനോടൊപ്പം പുറപ്പെട്ടു.

വഴിക്കിറങ്ങിയപ്പോൾ പറഞ്ഞു: “ഭട് ചാജ് മശായി ഒരു ഹോട്ടൽ തുടങ്ങണമെന്നു് കുറെ നാളായി ആലോചന. എന്താണഭിപ്രായം.”

“ഒരു പ്രയാസവും കൂടാതെ തുടങ്ങാമല്ലോ. നല്ല ആദായമുള്ള ബിസിനസ്സ്. നിങ്ങളെക്കൊണ്ടു് അതിനു കഴിയും. നിങ്ങളുടെ മനസ്സു് നല്ലതാണു്. പക്ഷേ, പണമെവിടന്നുണ്ടാവും?”

“അതാണല്ലോ വിഷമം. ഇല്ലെങ്കിൽ ഇതിനു മുമ്പേ കഴിയില്ലേ ഹോട്ടൽ തുടങ്ങുക? നോക്കട്ടെ, പ്രയത്നിച്ചുകൊണ്ടിരിക്കയാണു ഞാൻ. വിടില്ല. അവിടെ ഇപ്പോൾ തന്നെ കണ്ടില്ലേ മകൾ കുസുമത്തിനെ? അവൾ എനിക്കു് ഒരിക്കൽ പണം തരാമെന്നു പറഞ്ഞതാണു്. പക്ഷേ, അതു വാങ്ങുന്നതു ഭംഗിയാണോ? പാവപ്പെട്ട ഒരു വിധവയാണവൾ, എന്തിനാണു് അവളുടെ ചെറു സമ്പാദ്യം വാങ്ങാൻ തുനിയുന്നതു്? അതു വിചാരിച്ചു് വാങ്ങിയില്ല. വാങ്ങാൻ തയ്യാറാണെങ്കിൽ അവൾ ഇപ്പോഴും തരാൻ ഒരുക്കമാണു്. പക്ഷേ, തുക അധികമൊന്നുമില്ല. അതുകൊണ്ടു് ഒരു ഹോട്ടൽ തുടങ്ങാനാവില്ല.”

യതീശ് ചൂർണിയുടെ കടവിൽ എത്തിയപ്പോൾ പറഞ്ഞു: “ശരി, ഞാൻ നടക്കട്ടെ ഹാജാരി. നിങ്ങൾ ഹോട്ടൽ തുടങ്ങിയാൽ ഞാൻ അവിടെ പതിവുകാരനാവും. അതു നിങ്ങൾക്കുറപ്പിക്കാം. വേറെയൊരിടത്തും പോവില്ല. നിങ്ങളെപ്പോലെ എത്രപേരുണ്ടു്, നല്ലപോലെ ഭക്ഷണം പാകം ചെയ്യാൻ? ബേചു ചക്കത്തിയുടെ ഹോട്ടലിൽ ഞാൻ എന്നും ഉണ്ണാൻ പോയിരുന്നെങ്കിൽ അതിനു കാരണം നിങ്ങളുടെ നിരാമിഷ ഭക്ഷണം കഴിക്കാനുള്ള കൊതിയായിരുന്നു. നിങ്ങളുടെ ഹോട്ടൽ നന്നായി നടക്കും. ഈ ദിക്കിലൊന്നും നിങ്ങളെപ്പോലത്തെ ഒരു നള പാകക്കാരനെക്കിട്ടില്ല തിരഞ്ഞാലും. പറയാമല്ലോ.”

യതീശ് ഭട് ചാജ് പോയി. എന്നാൽ അയാൾ ഒടുവിൽ പറഞ്ഞ വാക്കുകൾ അയാൾക്കു് കുറച്ചൊക്കെ മനോബലവും ഉത്സാഹവും നൽകി. തന്റെ ഭക്ഷണം പാകപ്പെടുത്തൽ മെച്ചപ്പെട്ടതാണെന്നു് ഹാജാരിക്കു തന്നെയറിയാം. എന്നാൽ ഉണ്ണുന്നവർ തന്നെ അതു പറഞ്ഞാലല്ലേയുള്ളു, തൃപ്തി? ക്ഷുധാർത്തനായ ബ്രാഹ്മണന്നു് ആഹാരം നൽകി. ശരിതന്നെ. എന്നാൽ ഹാജാരിയുടെ മനസ്സിൽ തോന്നിയ ആനന്ദവും ഉത്സാഹവും നോക്കുമ്പോൾ അയാൾ കൊടുത്തിട്ടുപോയതു് അതിനെക്കാൾ എത്രയോ വില പിടിച്ചതും അർത്ഥവത്തുമായ പ്രതിദാനമാകുന്നു.

ഹാജാരി ഹോട്ടലിൽ എത്തിയപ്പോൾ നേരം ഏറെയൊന്നുമായിട്ടുണ്ടായിരുന്നില്ല. രതൻ ഠാക്കുർ അരിയും പരിപ്പും അടുപ്പത്തിട്ടു കഴിഞ്ഞിരുന്നു. മതിയും പത്മയും അവിടെയെങ്ങുമില്ല. ഇരുപ്പുമുറിയിൽ ഇരുന്നു ബേചു ചക്കത്തി ആരോടോ സംസാരിക്കുന്നു.

ഹോട്ടലിലെ അടുക്കളപ്പുരയിൽ കടന്നാൽ ഹാജാരിക്കു പുതിയൊരുത്സാഹമാണു തോന്നുക പതിവു്. അവിടന്നു പുറത്തു കടക്കുമ്പോഴാണു വേണ്ടാത്ത ദുശ്ചിന്തകൾ അലട്ടുവാൻ തുടങ്ങുന്നതു്. വലിയ അടുപ്പിൽ വെച്ചിരിക്കുന്ന തിളക്കുന്ന ചെമ്പിനു മുമ്പിൽ ഇരിക്കുമ്പോൾ താൻ വിജയിയായ ഒരു വീരനാണെന്നു ഹാജാരി സങ്കല്പിക്കാറുണ്ടു്. തത്സമയം കുസുമത്തിനെ ഓർക്കാറില്ലാ. മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാറില്ല. അവസാനം തോന്നുക പണിയൊന്നും ഇല്ലാത്ത സമയത്തു് ഇതു് ഹാജാരിക്കു് ശരിക്കും കാണാൻ കഴിയാറുണ്ടു്.

ഇതിനിടക്കു രതൻ ഠാക്കൂർ അടുക്കളയിലേക്കു വന്നു. അയാൾ ഹാജാരിയുടെ അടുക്കൽ ചെന്നു പതുക്കെ പറഞ്ഞു: “ഒരു കാര്യം പറയാനുണ്ടു്. എന്റെ നാട്ടിൽനിന്നും ഒരു മനുഷ്യൻ വന്നിട്ടുണ്ടു്. എന്റെയടുക്കൽ താമസിച്ചു് പണി അന്വേഷിക്കണം. മഹാപാവം. അയാളെ ടിക്കറ്റു കൂടാതെ ഉണ്ണാൻ സമ്മതിക്കണം. സമ്മതമാണെങ്കിൽ ചെന്നു വിളിച്ചുകൊണ്ടുവരാം. ഹാജാരി പറഞ്ഞു: വിളിച്ചുകൊണ്ടു വരു. അതിനെന്താ? ഒരു പാവം വന്നു ഉണ്ണട്ടെ. അതിലെനിക്കെന്താണു വിരോധം തോന്നാൻ? രതനിന്നും അത്യന്തം സന്തോഷമായി. രാത്രി ഓരോരുത്തരായി ഉണ്ണാൻ വന്നപ്പോൾ രതൻ അയാളുടെ നാട്ടുകാരനെ ഹാജാരിക്കു് ആംഗ്യംകൊണ്ടു കാട്ടിക്കൊടുത്തു. ഹാജാരി അയാൾക്കു് വയറുനിറയെ ഭക്ഷണം കൊടുത്തു.

വേലക്കാരി പത്മയുടെ സൂക്ഷ്മദൃഷ്ടികളിൽ പോലും പെടാതെ അയാൾ ടിക്കറ്റു കൂടാതെ ഊണുകഴിച്ചു ഇറങ്ങിപ്പോയി. ആർക്കും ഒരു സംശയവും തോന്നിയില്ല. ഇങ്ങിനെ ഒന്നു രണ്ടു ദിവസമല്ല, തുടർച്ചയായി പത്തുദിവസം നടന്നു. ഒരു ദിവസം അയാളുടെ മറ്റൊരു കൂട്ടുകാരനെകൂടി പിടിച്ചുകൊണ്ടുവന്നു. അയാൾക്കും കൊടുത്തു ചോറു്.

സംഭവം സാധാരണമായിട്ടുള്ള ഒന്നു്, എന്നാൽ ഹാജാരി ഇതിൽനിന്നു് വലിയൊരു പാഠം പഠിച്ചു. ഇത്ര നിഷ്കർഷപാലിച്ചിട്ടും കളവും ധാരാളം നടക്കുന്നു. ബേചു ചക്കത്തിയുടെ ടിക്കറ്റുകളും പണവും തമ്മിൽ പൊരുത്തക്കേടൊന്നുമില്ല, കണക്കു് ദിവസവും ഒത്തുപോകാറുണ്ടു്. അതിനാൽ അയാൾക്കു സംശയത്തിനു വഴിയില്ല. പക്ഷേ, ദാസി പത്മക്കുപോലും ഈ വിവരം അല്പവും പിടികിട്ടിയില്ല. ചോറും കറികളും കുറവുണ്ടോ എന്നറിയാൻ അളക്കാൻ പറ്റില്ലല്ലോ. അതിനാൽ ആരുണ്ടു പിടികൂടാൻ? എന്തിനു്? ഈവിധമുള്ള കളവുകൾ പിടികൂടാൻ ഉപായമൊന്നുമില്ലേ?

കുറെ നാളായി ഹാജാരി ചൂർണിയുടെ തീരത്തിരുന്നു് ഇതുതന്നെയാണു ചിന്തിച്ചിരുന്നതു്. അരിവെപ്പുകാർ തമ്മിൽ ഗൂഢാലോചന നടത്തി പുറത്തുള്ളവനെ ഉണ്ണാൻ കടത്തിവിട്ടാൽ അതു കണ്ടുപിടിക്കാൻ എന്താണു മാർഗ്ഗം? അനേകം ദിവസം ചിന്തിച്ചതിന്റെ ഫലമായി ഒരുദിവസം സന്ധ്യക്കു് അയാൾക്കു ഒരുപായം തലയോട്ടിലുദിച്ചു. പ്ലേറ്റുകൾക്കു നമ്പർ കൊടുക്കുക, ടിക്കറ്റുകളുടെ നമ്പറുമായി ഒത്തുനോക്കുക. അപ്പോഴറിയാറാവും ഇന്ന പ്ലേറ്റുകാരൻ ടിക്കറ്റു വാങ്ങിയുണ്ടവനോ അല്ലയോ എന്നു്.

ഇടക്കിടക്കു പരിശോധിച്ചുകൊണ്ടിരുന്നാൽ പിടിക്കാം. അതിനു പുറമെ പ്ലേറ്റു കഴുകുന്ന സമയം വേലക്കാരിയോടു് എച്ചിൽ പ്ലേറ്റിന്റെ നമ്പർ ചോദിച്ചറിയുകയും വേണം.

ഹാജാരിക്കു വളരെ സന്തോഷം തോന്നി. നല്ലൊരു സൂത്രം കണ്ടുപിടിച്ചു. പക്ഷേ, ഒരു പഴുതുണ്ടു്, അതും അയാൾക്കു അറിയായ്കയില്ല. വാഴയിലയിലാണു് ഊണെങ്കിലോ? നമ്പറില്ലാത്ത കിണ്ണം ഉണ്ണുന്നവൻ പുറത്തുനിന്നു കൊണ്ടു വന്നാലോ? അപ്പോൾ രക്ഷയെന്തു്? അതു വേലക്കാർക്കു കണ്ടുപിടിക്കാൻ കഴിയുമല്ലോ, അല്ലേ? ഹോട്ടലിൽ നമ്പരില്ലാത്ത കിണ്ണത്തിലുണ്ണുന്നവന്നു് സ്വയം എച്ചിൽ കിണ്ണം കഴുകാതിരിക്കാനാവില്ലല്ലോ. വാഴയിലയിൽ ചോറുവിളമ്പിയാൽ വേലക്കാരുടെ കണ്ണിൽ വേഗം പെടുമെന്നുള്ളതുകൊണ്ടു് ആരും ഇലയിൽ ചോറു വിളമ്പുവാൻ ധൈര്യപ്പെടുകയില്ല.

ഇരുനൂറു് ഇരുന്നൂറ്റിയൻപതു രൂപ എവിടെനിന്നെങ്കിലും സമ്പാദിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഈ റെയിൽ ബസാറിൽ തന്നെ തുറക്കാമായിരുന്നു, ഹോട്ടൽ. ആരുതരും പണം? യതീശന്റെ വാക്കുകൾ അയാളോർത്തു.

പാവം നന്നെ കഷ്ടത്തിലാണു്. അവസാനം അളിയന്റെയടുക്കൽ ചെല്ലേണ്ടിവന്നു സഹായത്തിനു്. ആളുകൾ അത്രയേറെ കഷ്ടത്തിലായാൽ മാത്രമേ കുടുംബക്കാരുടെ മുമ്പിൽ സഹായത്തിനു കൈനീട്ടു.

അയാൾ ഹോട്ടൽ തുടങ്ങിയാൽ യതീശ് ഭട്ചാജിയെ കൊണ്ടുവന്നു താമസിപ്പിക്കും. വൃദ്ധനായ ബ്രാഹ്മണൻ—രണ്ടു നേരം ഉണ്ണാറാവും, കൈച്ചിലവിന്നു് വല്ലതും കിട്ടുകയും ചെയ്യും. ഇതിലേറെ അയാൾക്കു് എന്താണു് വേണ്ടതു്?

പതിവുപോലെ അന്നും വെയിൽ ചാഞ്ഞു. കഴിഞ്ഞ രണ്ടു വത്സരങ്ങളിലെപ്പോലെതന്നെ. അതേ വേപ്പിൻ മരം, ചൂർണ്ണിയുടെ അതേ കടവു്, പാൽ കുടുംബക്കാരുടെ കൽക്കരി ഡെപ്പോവിൽ വേലക്കാരും മനേജരും തമ്മിലുള്ള വഴക്കടി എല്ലാം പതിവുപോലെതന്നെ.

ദിവസങ്ങൾ കടന്നു പോയി. എന്നാൽ അയാളുടെ മോഹം സഫലമാകുന്ന യാതൊരു ലക്ഷണവുമില്ല, എന്നല്ല, സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണു ചെയ്യുന്നതു്.

ഹോട്ടലിലെ ശമ്പളം പേരിനുമാത്രം—എന്താവും അതുകൊണ്ടു്? വീട്ടിൽ ടേംപിക്കു് അവളുടെ മോഹം പോലത്തെ ഒരു സാരി വാങ്ങിക്കൊടുക്കാൻ കഴിയുന്നില്ല. വയറുനിറയെ ആഹാരം കൊടുക്കാൻ ഗതിയില്ല.

ടേംപിയുടെ അമ്മ ദരിദ്രകുടുംബത്തിലെ സന്താനമാണു്. അച്ഛന്റെയടുക്കലെന്നപോലെത്തന്നെ ഭർത്താവിന്റെ വീട്ടിൽ വന്നിട്ടും സുഖമെന്തെന്നറിയാൻ അവൾക്കു സാധിച്ചിട്ടില്ല. കഠിനമായി അധ്വാനിച്ചാണു അവൾ കുട്ടികളെ പോറ്റിക്കൊണ്ടുപോരുന്നതു്. വായതുറന്നു സ്വാമിയുടെ മുമ്പിൽ ഒരിക്കലും ഒരാവലാതിയും പറഞ്ഞിട്ടില്ല. കീറത്തുണി തുന്നിക്കുത്തിയാണു് ഉടുക്കുന്നതു്. പകുതി വയർ ഭക്ഷിച്ചു കുട്ടികൾക്കായിട്ടു് രണ്ടുപിടി ചോറും വെള്ളത്തിലിട്ടുവെക്കും. നേരം പുലർന്നാൽ ഭക്ഷിക്കുന്നതിന്നു്. ഒരിക്കലും ഇതിനു് അവൾ പരിഭവം ഭാവിച്ചിട്ടില്ല. വിധിയെ കുറ്റപ്പെടുത്തിയിട്ടില്ല.

ഹാജാരിക്കു് എല്ലാം അറിയാം.

അതുകൊണ്ടു തന്നെയാണു് കുടുംബസ്ഥിതി നന്നാക്കാൻ എന്താണുപായം എന്നു സദാ ഒരേ വിചാരത്തിൽ മുഴുകിയിരിക്കുന്നതു്. ചക്കത്തിയുടെ ഹോട്ടലിൽ പാചകവൃത്തി ചെയ്തുകൊണ്ടിരുന്നാൽ അയാൾക്കും ഒരിക്കലും ഉയരുവാനാകയില്ല. പത്മയുടെ തട്ടിക്കേറ്റങ്ങൾ സഹിച്ചുകൊണ്ടു് ഇവിടെത്തന്നെയിരുന്നാൽ തനിക്കു് ഒരു കാലത്തും സുഖം കിട്ടാൻ പോകുന്നില്ല.

ഭഗവാൻ അനുഗ്രഹിച്ചാൽ അയാളുടെ ജീവിതത്തിലെ ഒരേയൊരാഗ്രഹം സാധിക്കാതിരിക്കില്ല. ഒരു ഹോട്ടൽ തുടങ്ങുക തന്നെ ചെയ്യും.

കുസുമവുമായിട്ടുള്ള അടുപ്പം അയാൾ തന്റെ ഏറ്റവും വലിയ ഭാഗ്യമായിക്കരുതി. കുസുമം എത്ര നല്ലൊരു പെൺകുട്ടി! നാടുവിട്ടു പാർക്കുന്ന കാലത്തു് അവളുടെ സമ്പർക്കം, അവളുടെ മധുരമായ പെരുമാറ്റം—അവൾ വെറും ഒരിടയപെണ്ണായിക്കോട്ടെ. അവൾ വളരെ നല്ലവളാണു്. കുസുമത്തെപ്പോലെ അത്രക്കു് ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്ന പുത്രീതുല്യയായ മറ്റൊരുത്തി അയാളുമായി അടുത്തിട്ടില്ല എന്നതു കാരണം അവൾ ഒന്നുകൂടി അയാൾക്കു നല്ലവളായിത്തോന്നി.

കുസുമത്തെ വളരെയധികം വിശ്വസിക്കാം. എല്ലാക്കാര്യങ്ങളിലും വിശ്വസിക്കാം. ഒരു കാര്യം അവളെ ഏല്പിക്കയാണെങ്കിൽ വളരെയധികം നിശ്ചിന്തനാകാൻ തനിക്കു കഴിയുമെന്നു് അയാൾക്കു തോന്നി. അവൾ വഞ്ചിക്കയില്ലെന്നു തന്നെയല്ല, സ്വന്തം ആളുകളെപ്പോലെ തന്നെ മിനക്കെട്ടു പണിയെടുത്തു് കാര്യം കൊണ്ടു നടക്കാൻ ശ്രമിക്കും. സംശയമേ വേണ്ട.

ഹാജാരിക്കു് തന്റെ ജീവിതത്തിൽ പരിവർത്തനം വരുത്താൻ കഴിയുകയാണെങ്കിൽ കുസുമത്തെ ഇതേപടി ജീവിക്കാൻ സമ്മതിക്കയുണ്ടാവില്ല.

ടേംപിയും അയാളുടെ പുത്രി തന്നെ. എന്നാൽ അവൾ ബാലികയാണു്. കുസുമം ബുദ്ധിമതി. അവൾ അച്ഛന്റെ മൂത്ത മകളെപ്പോലെയാണു്. അവൾ അച്ഛന്റെ കഷ്ടപ്പാടുകൾ അറിയുന്നു. അറിഞ്ഞു് അതൊക്കെയകറ്റുവാൻ ശ്രമിക്കുന്നു. ആത്മാർത്ഥമായി പരിശ്രമിക്കുന്നു. മകളുമാണു്. സുഹൃത്തുമാണു്, അവൾ.

അന്നു രാവിലെ രതൻ ഠാക്കുർ വന്നില്ല.

പത്മവന്നു പറഞ്ഞു: “മറ്റെ അരിവെയ്പുകാരൻ ഇനി ഇന്നു വരികയുണ്ടാവില്ല. ഇന്നലെ പറഞ്ഞിട്ടുണ്ടായിരുന്നു. നിങ്ങൾ തന്നെ കറിക്കടുപ്പത്തിടൂ, ഞാൻ തീപിടിപ്പിച്ചുതരാം.”

ഹാജാരിക്കു പരിഭ്രമമായി. ഇന്നു ചന്തദിവസമാണു്. നൂറുനൂറ്റൻപതു പേർ ഉണ്ണാനുണ്ടാവും. ഒറ്റക്കു് പാകം ചെയ്യലും വിളമ്പിക്കൊടുക്കലും കൂടി എങ്ങനെ സാധ്യമാവും?

പത്മ പറഞ്ഞതനുസരിച്ചു് അയാൾ പാത്രം അടുപ്പത്തുവെച്ചു് പച്ചക്കറികൾ നുറുക്കാൻ തുടങ്ങി. എട്ടരമണിയോടെ പരിപ്പും ചോറും അടുപ്പത്തു നിന്നിറക്കിവെച്ചു. ഈ സമയം ഒരാൾ ടിക്കറ്റു വാങ്ങി ഉണ്ണാനെത്തി.

ഹാജാരി പറഞ്ഞു: “അല്ലാ ബാബു ഇപ്പോഴാണു പരിപ്പും ചോറും ഇറക്കി വെച്ചതു്. എന്തുകൂട്ടി ഊണു കഴിക്കും.” വന്ന മനുഷ്യൻ ശുണ്ഠികടിച്ചു: “മണി ഒൻപതായി. ഇനിയും വെറും പരിപ്പും ചോറും മാത്രം. എന്തൊരരിവെപ്പുകാരനാണു നിങ്ങൾ? യദുബാഡുയ്യേയുടെ ഹോട്ടലിൽ ഇപ്പോൾ മൂന്നു കറികൾ റെഡിയായിക്കാണുമല്ലോ. ഇങ്ങിനെ തുടങ്ങിയാൽ നിങ്ങളുടെ ഹോട്ടൽ കുറെയേറെക്കാലം നടന്നതു തന്നെ.”

ഹാജാരി പറഞ്ഞു: “ഒൻപതടിച്ചില്ല ബാബു. എട്ടരയായേയുള്ളു.”

വന്നയാളുടെ സ്വഭാവം വേഗം ചൂടുപിടിക്കുന്ന മട്ടിലുള്ളതായിരുന്നു: “ഞാൻ പറയണൂ ഒൻപതെന്നു് നിങ്ങൾ എട്ടരയെന്നു്. നേരെ നോക്കി തർക്കിക്കാനാണു ഭാവം. എനിക്കെന്താ, മണിനോക്കാനറിയില്ലെന്നാ വിചാരം?”

“അതു ഞാൻ പറഞ്ഞില്ലല്ലോ ബാബു! മണി നോക്കാനറിയാതെ വരുമോ? നിങ്ങളൊക്കെ എത്രയോ വലിയവർ. എന്നാൽ ഒൻപതടിച്ചാൽ കേഷൂനഗർ വണ്ടി വരേണ്ടതാണു്. ഇനിയും എത്തിയിട്ടില്ല.”

“പിന്നെയും തർക്കുത്തരം. ചെകിട്ടത്തു് ഒന്നു വെച്ചുതരും ഞാൻ.”

അയാൾ കൈവെക്കുമായിരുന്നുവെന്നു തന്നെയാണു തോന്നുന്നതു്. പക്ഷേ, ശരിക്കു് അതേസമയം കശപിശകേട്ടു് പത്മ സ്ഥലത്തെത്തി: “എന്താണിവിടെ ബഹളം?”

ആ മനുഷ്യൻ പത്മയുടെ നേരെ തിരിഞ്ഞു പറഞ്ഞു: “നിങ്ങളുടെ ഈ മര്യാദകെട്ട അരിവെയ്പുകാരൻ എന്റെ മുഖത്തുനോക്കി അനാവശ്യം പറയണു, എന്തൊരു കാടൻ? ഹോട്ടലിൽ അരിവെയ്പുകാർക്കും ഇത്ര വലിയ നാക്കോ? ഞാനൊന്നു വെച്ചുകൊടുക്കുമായിരുന്നു. അറിഞ്ഞിട്ടില്ല എന്റെ കയ്യിന്റെ രുചി.”

പത്മ പറഞ്ഞു: “പോട്ടെ ബാബു, മാപ്പാക്കു. അയാൾ പറയുന്നതിനു ചെവി കൊടുക്കാൻ പോയാൽ പറ്റുമോ? വരു, നിങ്ങൾക്കുണ്ണണ്ടേ?”

“എന്തുവാരി തിന്നും? നിങ്ങളുടെ അരിവെപ്പുകാരൻ പറയണു ഇവിടെ ഒന്നും കാലമായിട്ടില്ലെന്നു്. എന്നിട്ടെന്നോടു വക്കാണിക്കാൻ വന്നിരിക്കുന്നു. ഭക്ഷണം ഉണ്ടാക്കിക്കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ എന്തിനു ടിക്കറ്റു വിറ്റു? ഇതിനൊക്കെ ഞാൻ കാട്ടിത്തരാം. എന്തൊരു ജാതി തെമ്മാടികൾ.”

പത്മ ഹാജാരിയെ തട്ടിക്കേറി “ഠാക്കുർ, നിങ്ങളെന്തു മനുഷ്യൻ? ബാബുവിനോടു് നിങ്ങൾക്കു തർക്കിക്കാൻ നിൽക്കേണ്ട കാര്യമെന്തുണ്ടായിരുന്നു? ഭക്ഷണം പാകമാകാതിരുന്നതെന്തുകൊണ്ടു്? ആയതു വിളമ്പിക്കൊടുക്കു, മീൻ വറത്തുവിളമ്പു. ചെല്ലു ബാബു, ചെന്നു അവിടെയിരിക്കു!”

കുറച്ചു കഴിഞ്ഞു ഊണു വലിച്ചെറിഞ്ഞിട്ടു ബാബു പറഞ്ഞു: മീൻ അങ്ങനെ തന്നെ ചീഞ്ഞതു്. രാമ രാമ! എന്തിനാണാവോ ഈ ഹോട്ടലുതന്നെ തിരഞ്ഞെടുത്തു പോന്നതു്. ഇങ്ങനെ മരിക്കാൻ. ഏയ്, ഠാക്കൂർ, ഇവിടെ വരു.”

പത്മ ഓടിയങ്ങോട്ടു ചെന്നു: “എന്താണു ബാബു എന്താണു്?”

“എന്താണു പോലും എന്തൊരു തട്ടിപ്പു്—മീൻ അങ്ങനെ തന്നെ ചീഞ്ഞളിഞ്ഞതു്. മനുഷ്യരെക്കൊല്ലാനാണു നിങ്ങൾ ചോറ്റു കച്ചവടം നടത്തുന്നതു്, അല്ലേ? ഇന്നുതന്നെ റിപ്പോർട്ടു ചെയ്തേക്കാം നിങ്ങളുടെയെല്ലാവരുടെയും പേരിൽ.”

റിപ്പോർട്ടെന്നു കേട്ടപ്പോൾ വേലക്കാരി പത്മയുടെ മുഖമാകെ വിയർത്തു പോയി. അവൾ ഉടൻ പറഞ്ഞു: “ബാബു, കാലുപിടിക്കാം. ഇരിക്കു. ഉണ്ണാതെ ഇവിടന്നു പോകരുതു്. ഞാൻ തൈരുകൊണ്ടുവന്നു തരാം. ഒരു തവണ ഇങ്ങിനെയൊക്കെ അബദ്ധം പറ്റിപ്പോവുമെന്നു കരുതി, മാപ്പു തരണം.”

അവൾ വേഗം തൈരും ‘ബാതാസ’യും കൊണ്ടുവന്നു മുമ്പിൽ വെച്ചു. അയാൾ ഊണുകഴിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ബേചു ചക്കത്തി അതിവിനയഭാവത്തോടെ പഞ്ചപുച്ഛമടക്കിനിന്നു പറഞ്ഞു: “ബാബു, ഒരുകാര്യം അറിയിക്കാനുണ്ടായിരുന്നു. ബാബുവിന്റെ ടിക്കറ്റിന്റെ പണം എടുക്കാൻ വിഷമം തോന്നുന്നുണ്ടു്. ബാബു ഉണ്ടുതന്നെയില്ലല്ലോ. പണം തിരിച്ചു സ്വീകരിക്കണം.”

അയാൾ പറഞ്ഞു: “വേണ്ട വേണ്ട, ഇരിക്കട്ടെ. പണം തിരിച്ചു തരേണ്ട കാര്യമില്ല. പക്ഷേ, ഇനി മേലാൽ ഇങ്ങിനെ ചെയ്യരുതു്.”

ബേചു അയാളെ നിർബന്ധിച്ചു പണം പിടിപ്പിച്ചുവിട്ടു.

അല്പം കഴിഞ്ഞു ഹാജാരിക്കു് ബേചു ചക്കത്തിയുടെ മുമ്പിൽ ഹാജരാകേണ്ടിവന്നു. ഹാജാരി ചെന്നപ്പോൾ അവിടെ പത്മയും ഹാജരുണ്ടെന്നു കണ്ടു. ബേചു ചോദിച്ചു: “ഠാക്കുർ, ഊണുകാരോടു വഴക്കിടാൻ എന്നാണു പഠിച്ചതു്?”

ഹാജാരി വിനയത്തോടെ പറഞ്ഞു: “വഴക്കോ ആരോടു വഴക്കിട്ടുവെന്നാണു പറയുന്നതു്?”

പത്മ പറഞ്ഞു: “നിങ്ങൾ വഴക്കിട്ടില്ലെന്നോ? ആ ഇപ്പോൾ തന്നെ ഇവിടന്നിറങ്ങിപ്പോയ ബാബുവിനോടു്? അയാളോടു തർക്കിക്കാൻ ചെന്നില്ലേ? ബാബു നല്ല സമ്മാനം തരാതെ വിടുമോ? ഞാൻ സമയത്തു് എത്തിയില്ലായിരുന്നെങ്കിൽ അടിച്ചു കരണം പുകച്ചു വിട്ടേനെ. അതിനുമുമ്പു് എന്തൊക്കെ പറഞ്ഞു, പറഞ്ഞില്ല എന്നൊന്നും ഞാനറിയില്ല. ഞാൻ ചെന്നു നോക്കുമ്പോഴുണ്ടു്. ബാബു കണ്ണു ചുകപ്പിച്ചു നിൽക്കുന്നു. വല്ല ബോധവും വേണ്ടേ ഇക്കൂട്ടർക്കു്? അപ്പോഴും മുറയ്ക്കു വഴക്കുതന്നെ. എന്റെ മുമ്പിൽ നിന്നുകൊണ്ടും.”

ബേചു ചക്കത്തി പറഞ്ഞു: “ഊണുകഴിക്കുവാൻ വരുന്നവർ എന്തും പറഞ്ഞോട്ടെ, കേൾക്കാതെ പറ്റില്ല. നിങ്ങൾ വാർധക്യം വന്നു ചാകാറായി, ഇനിയും പഠിച്ചില്ല ഈവക മര്യാദ, അല്ലേ?”

“ബാബു, മുഴുവൻ കേട്ടിട്ടു് വിധിപറയൂ. ഞാനല്ല വഴക്കിട്ടതു്. അയാൾ പറഞ്ഞു മണി ഒൻപതായെന്നു്. ഞാൻ പറഞ്ഞു ഇല്ല, എട്ടരയേ ആയുള്ളുവെന്നു്. എനിക്കു മണിനോക്കാനറിയില്ലേ എന്നായി അപ്പോൾ അയാൾ.”

പത്മ പറഞ്ഞു: “നിങ്ങൾ ശുദ്ധ കളവാണു പറയുന്നതെല്ലാം, ഠാക്കുർ. അതു പറഞ്ഞതു കൊണ്ടൊന്നും ആരും കോപിക്കില്ല. നിങ്ങൾ മര്യാദകെട്ട വല്ലതും പറഞ്ഞിട്ടുണ്ടാവും, അതാവും ഇത്രയേറെ ബാബുവിനു ചൂടുകയറിയതു്. ഞാൻ എന്റെ സ്വന്തം ചെവിയാലെ കേട്ടതല്ലേ നിങ്ങൾ അതുമിതുമൊക്കെ പറയുന്നതു്.”

നിശ്ചയമായും ഇവിടെ പത്മയുടെ വാക്കിലെ സത്യസ്ഥിതിയെപ്പറ്റി ചോദ്യം ചെയ്ക വയ്യ എന്നു ഹാജാരിക്കു് നന്നായിട്ടറിയാം. ബേചുചക്കത്തി മശായി മറ്റാരു പറയുന്നതും കേൾക്കില്ല. പത്മ പറയുന്നതു തന്നെയാണു് നിത്യസത്യമെന്നു കരുതും. അതിനാൽ ഹാജാരി മിണ്ടാതെനിന്നു.

ബേചു ചക്കത്തി ചോദിച്ചു. “ആരാണു ചീഞ്ഞമീൻ കൊണ്ടുവന്നുതന്നതു്?”

ഹാജാരി ഉത്തരം പറയും മുമ്പായി പത്മ കയറിപ്പറഞ്ഞു: “അയാൾ തന്നെ പോയി അങ്ങാടിയിൽ നിന്നു വാങ്ങിക്കൊണ്ടുവന്നതു്.”

ഹാജാരി വിസ്മയം കൊണ്ടു്, അനങ്ങാനരുതാതെ നിന്നുപോയി. എത്ര സർവവിനാശകരമായ കളവു്. പത്മക്കു് ഒന്നാന്തരമായിട്ടറിയാം ഇന്നലെ രാത്രി ഏതാണ്ടു് ഒരു സേറോളം മീൻ ബാക്കിവന്നതു് അടച്ചു സൂക്ഷിക്കാൻ പത്മ തന്നെയാണു് ഹാജാരിയെ ഏല്പിച്ചതു്. പിറ്റന്നാൾ വറ്റിച്ചു പുരട്ടി വിളമ്പാമെന്നു പറഞ്ഞു്. അങ്ങിനെ ചെയ്താൽ ഉണ്ണുന്നവർക്കറിയാൻ കഴിയില്ല, മീൻ തലേന്നാളത്തേതാണെന്നു്.

എന്നാൽ ഇതൊക്കെ ബേചു ചക്കത്തിയോടു പറഞ്ഞിട്ടു ഫലമില്ല. ബേചു പറഞ്ഞു: “നിങ്ങൾക്കു് എട്ടണ പിഴ, ശമ്പളത്തിൽനിന്നു പിടിക്കും. പൊയ്ക്കോളു.”

ഹാജാരി അടുക്കളയിൽ തിരിച്ചു ചെന്നു. അയാളുടെ കണ്ണിൽ നിന്നു വെള്ളം പൊട്ടാൻ തുടങ്ങുകയായിരുന്നു. എത്ര അസഹ്യമായ അതിക്രമം. അയാൾ ബസാറിൽ പോയതു സത്യമാണു്. മീൻ വാങ്ങിയതും സത്യം. എന്നാൽ അതു ചീഞ്ഞതാണെന്നു പറഞ്ഞതസത്യം. അയാൾ വാങ്ങിയ മീൻ ഇതേവരെ ഇലയിൽ വിളമ്പിയിട്ടുതന്നെയില്ല. എന്നിട്ടും പത്മ അപരാധം മുഴുവൻ അയാളുടെ തലക്കുവെച്ചുകെട്ടി, അതിനു പിഴയും കൊടുക്കേണ്ടിവന്നിരിക്കുന്നു.

ദാസി പത്മ എന്തിനാണു് ഇങ്ങിനെ അയാളുടെ പിറകേ കൂടിയിരിക്കുന്നതു്? അയാൾ അവൾക്കെന്തു പിഴച്ചു?

ഇന്നു രതൻ ഠാക്കൂർ ഇല്ല. ഇന്നത്തെ അധ്വാനം മുഴുവൻ ഒറ്റക്കു വേണം. ഇതിനിടക്കു് എട്ടുപത്തുപേർ ടിക്കറ്റുവാങ്ങി ഊട്ടുപുരയിൽ വന്നിരുന്നു കഴിഞ്ഞിരുന്നു. ഹാജാരി വേഗം ഉരുളക്കിഴങ്ങ് പുരട്ടി അവർക്കു ചോറു വിളമ്പി. അവർ കശപിശ തുടങ്ങി. വെറും ചോറും ഉരുളക്കിഴങ്ങും കൊണ്ടെങ്ങിനെ മനുഷ്യർ ഊണുകഴിക്കും? അവരെല്ലാവരും റെയിൽ യാത്രക്കാരായിരുന്നു. സ്റ്റേഷനിൽ വെച്ചു് അവരോടു് ഈ ഹോട്ടലിലെ വേലക്കാരൻ പറഞ്ഞത്രേ, ഇത്ര നേരത്തെ ഈ ഹോട്ടലിൽ മാത്രമേ ചോറും മറ്റും തയ്യാറാവുള്ളുവെന്നും മീൻകറിയും പുളിങ്കറിയും ഒക്കെ. വരുമ്പോഴല്ലേ കാണുന്നതു് ചോറും ഉരുളക്കിഴങ്ങു പുരട്ടിയതും മാത്രം. എന്തൊരനീതി എന്നൊക്കെ.

പത്മ വാതിക്കലേക്കു കഴുത്തു നീട്ടിക്കൊണ്ടു പറഞ്ഞു: “ഏയ് ഠാക്കുർ, മീൻ വറക്കരുതേ? ബാബുമാർ പറയുന്നതു കേട്ടുകൂടേ? അവർ എന്തു കൂട്ടി ഊണുകഴിക്കും?”

അതായതു് ആ കെട്ട മീൻ ഇനിയും വിളമ്പിക്കോളൂ എന്നു്. ഇന്നത്തെ മീനിന്നു് ഇനിയും കറിക്കൂട്ടു ചേർത്തുകഴിഞ്ഞിട്ടില്ല എന്നു് പത്മക്കും അറിയാം. എന്നാൽ ഇനി തലേന്നാളത്തെ മീൻ വിളമ്പാൻ ഹാജാരി ഒരുക്കമല്ല. അയാൾ പറഞ്ഞു: “വറുത്തെടുത്ത മീനില്ല. ഉള്ളതു തീർന്നുപോയി.”

പത്മ പറഞ്ഞു: “എന്നാൽ ലേശം ഇരിക്കിൻ ബാബുമാരേ! ഒരു പച്ചക്കറി ശരിപ്പെടുത്തിത്തരാം. ഇരിക്കിൻ എഴുന്നേൽക്കല്ലേ!”

പഠിപ്പിച്ചുവെച്ചിരിക്കുന്നതിന്നു് ലേശവും പിഴവരുത്താതെ വേലക്കാരൻ മതി കൃത്യസമയത്തിനു വന്നു പറഞ്ഞു: “ഠാക്കുർ, ബൻഗാവിലേക്കുള്ള വണ്ടിക്കു സമയമായി. ഇനിയും ഭക്ഷണമെല്ലാം പാകം ചെയ്തുകഴിഞ്ഞില്ലെന്നോ, മണിയടിച്ചല്ലോ.”

ഉണ്ണാനിരുന്നിരുന്നവർ പിടച്ചെഴുന്നേറ്റു. ഇക്കൂട്ടരും അതേ വണ്ടിക്കു കൃഷ്ണ നഗരിയിലേക്കു പോകേണ്ടവരാണു്. ഒരുത്തൻ ചോദിച്ചു: “മണിയടിച്ചോ?”

വേലക്കാരൻ മതി പറഞ്ഞു: “ഉവ്വു് ബാബു, കുറച്ചു നേരമായി വണ്ടി ഗാംനാപുർ വിട്ടു. ഇപ്പോഴെത്തും.”

“മീൻ പൊരിച്ചതു് നിങ്ങൾ തലയിലിടിൻ!” അവർക്കു് അവിടന്നെഴുന്നേറ്റു പോയാൽ മതിയെന്നായി, വണ്ടി തെറ്റിയാൽ പിന്നെ വളരെ നേരത്തേക്കു വണ്ടി വേറെയില്ല.

പത്മ പറഞ്ഞു: “അയ്യോ, എഴുന്നേല്ക്കരുതു് ബാബുമാരേ! ക്ഷണം ശരിയാക്കിത്തരാം. ഇരിക്കിൻ!”

ഉണ്ണാനിരുന്നവർ എഴുന്നേറ്റു. സമാധാനമായിട്ടിരുന്നു വല്ലതും കഴിക്കാൻ അവർക്കെങ്ങിനെ കഴിയും? അവർ പോയിക്കഴിഞ്ഞപ്പോൾ പത്മ പറഞ്ഞു: “കടന്നുപോകട്ടെ. ഇനി മീനിൽ മസാലകൂട്ടാം. ഇത്ര നേരത്തേ ഏതു ഹോട്ടലിൽ ഊണാവും അത്രയും മിൻകറി ലാഭം.”

ഈ നെറിവുകേടു് ഹാജാരിക്കു പിടിക്കില്ല. ഇവിടെ മാത്രമല്ല, റെയിൽ ബസാറിലെ എല്ലാ ഹോട്ടലുകളിലും അയാൾ ഈ വിദ്യ കണ്ടിരിക്കുന്നു. ആളുകളെ ഊണിനു വിളിച്ചിരുത്തിയിട്ടു പറയുക. ‘ബാബു, വണ്ടിക്കു മണിയടിച്ചു.’ ഊണുകാർ അരവയറോടെ എഴുന്നേറ്റു് ഓടും ബാക്കി ലാഭം.

ഛി! ന്യായമായി പൈസ എണ്ണി വാങ്ങിയിട്ടു് കള്ളപ്പണി.

ഹാജാരി ഇത്ര നാളായി ഇവിടെ പണിയെടുക്കുന്നു. ഒരിക്കലും വണ്ടിക്കു സമയമായെന്നു വായ തുറന്നു പറഞ്ഞിട്ടില്ല.

പലപ്പോഴും ട്രെയിനിന്റെ സമയം ആകുന്നതിനു മുമ്പുതന്നെ നുണ പറഞ്ഞു പരത്തും. പറ്റുകാർ അതുകേട്ടു പരിഭ്രമിക്കും. ഏറിയപേരും കുഗ്രാമത്തിൽ നിന്നു വരുന്നവർ. അവർ തീവണ്ടിയുടെ ടൈംടേബിൾ കാണാതെ പഠിച്ചിട്ടുള്ളവരല്ല. അവരെ പറ്റിക്കാൻ ഞെരുക്കമില്ല.

വേലക്കാരൻ മതിയെ പഠിപ്പിച്ചുവെച്ചിരിക്കയാണു്. അയാൾ സമയം അറിഞ്ഞുവന്നു റെയിൽ വണ്ടി വന്നെന്നു പറഞ്ഞു പിടിപ്പിക്കും. നാലഞ്ചു വർഷമായി അയാൾ ഈ അടവു കണ്ടുവരുന്നു.

സ്വന്തം ഹോട്ടൽ നടത്തുന്ന കാലത്തു് ലാഭത്തിനുവേണ്ടി ഇത്തരം ഹീനവും നീചവുമായ കൗശലം അയാൾ അവലംബിക്കയില്ല. ന്യായമായ ചാർജു വാങ്ങും, ന്യായമായ ഭക്ഷണം കൊടുക്കും. ഈ പച്ചപ്പാവങ്ങളായ ഗ്രാമീണയാത്രക്കാരെ വഞ്ചിച്ചു പൈസ നേടാതെ, തന്റെ ഹോട്ടൽ നടക്കില്ല എന്നുണ്ടെങ്കിൽ, ശരി, വേണ്ട, അതു നടക്കണ്ട.

വഞ്ചിക്കാൻ വയ്യ, നാടന്മാരായ പറ്റുകാരെ.

ഇന്നു് മദൻപുര ചന്തയാണു്, ഇവിടത്തുകാരുടേയും ചന്ത. ഗ്രാമങ്ങളിൽനിന്നു പാലും പച്ചക്കറികളുമായി ഒട്ടേറെപേർ വന്നെത്തും. അവരിൽ പലരും ഇവിടെ സ്ഥിരം ഊണുകാരാണു്. പലതവണ ചതി പറ്റിയപ്പോൾ അവരും സൂത്രക്കാരായിരിക്കയാണു് ഇപ്പോൾ. വേലക്കാരൻ മതി ഒന്നു രണ്ടു തവണ അയാളുടെ തന്ത്രപ്രയോഗം അവരിൽ നടത്തി വിഡ്ഢിയാകയുണ്ടായി.

അവർ പറയും: “വരട്ടെ, വരട്ടെ; വന്നോട്ടെ, ഈ വണ്ടിക്കു തരമായില്ലെങ്കിൽ ഇനിയത്തേതിനു്. അതു വിചാരിച്ചു്, പകലത്രയും അധ്വാനിച്ചിട്ടു് ചോറിട്ടെറിഞ്ഞു് വണ്ടിയുടെ പിറകെ ഓടാനാരുണ്ടു്? അല്ലാ, എടുത്തു കൊണ്ടുവരു, പരിപ്പു രണ്ടു കയിൽ കൂടെ, ഏയ് ഠാക്കൂർ!”

ചന്തക്കാർ ഉണ്ണാൻ വരവുതുടങ്ങി. മണി ഒന്നു്. ഇക്കൂട്ടർക്കുള്ള ഏർപ്പാടുകൾ ഒക്കെ വേറെ. കൃഷിക്കാരാണു്, ‘ക്ഷ’ ചെലുത്തണം. എന്നല്ലാ നല്ല സുഖമായ ഭക്ഷണം വേണമെന്നും അവർക്കു് നിർബന്ധമില്ല. വയർ നിറയണം, അതില്ലാതെ പറ്റില്ല.

സാധാരണ ബാബുമാരായ ശാപ്പാടുകാർക്കു ചമയ്ക്കുന്ന അരിയും കറിയുമല്ല ഇവർക്കുള്ളതു്. മുഴുത്തു്, മിനുസപ്പെടാത്ത ‘നാഗര’ അരി പ്രത്യേകം ഇവർക്കായി വരുത്തും. കഞ്ഞിവെള്ളം കലക്കിയ പരിപ്പും ‘ചച്ചഡി’യും. ഇവർക്കു സാധാരണ കൊടുക്കുന്നതു് ‘ചിംഡി’ അല്ലെങ്കിൽ ‘കുച’ മീനാണു്. ‘പോന’ മത്സ്യം ഇവർക്കു കൊടുത്താൽ മുതലാവില്ല. (ചിഡി, കച മുതലായവ ചെറു ജാതി മത്സ്യങ്ങൾ ചെമ്മീനിന്റെ വകഭേദങ്ങൾ. പോനാമാച്ഛ് എന്നു പറഞ്ഞാൽ ബംഗാളിലെ പ്രസിദ്ധപ്പെട്ട രുഈ, കാത്ല മുതലായ വലിയ മത്സ്യങ്ങളും, ‘പോന’ എന്നു മാത്രം പറഞ്ഞാൽ അവയുടെ കുഞ്ഞുങ്ങളും). കുചോ ചിംഡി കുറച്ചധികം വിളമ്പിയാലും മേൽതട്ടില്ല. ഇവർ പലരും ഹാജാരിയുടെ സ്വന്തം ഗ്രാമക്കാരായിരിക്കും. അവരോടു് വീട്ടുവർത്തമാനങ്ങൾ ചോദിച്ചറിയാം. പക്ഷേ, ഈയിടെയായി സ്വഗ്രാമക്കാർ വരാതായിരിക്കുന്നു.

രതൻ ഠാക്കൂർ ഇല്ല. തുണക്കാരുമില്ലാതെ ഇത്രയേറെ ജനങ്ങൾക്കു വെച്ചു വിളമ്പി, തളർന്ന ദേഹവുമായി ഹാജാരി ഭക്ഷണത്തിനിരുന്നപ്പോൾ മണി മൂന്നു്. വേലക്കാരി എത്രയോ മുമ്പു കിണ്ണത്തിൽ ചോറു വിളമ്പിയെടുത്തു സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. ബേചു പണപ്പെട്ടിക്കു മുമ്പിലിരുന്നു അന്നത്തെ പിരിവുനോക്കുന്നു. ആ സമയം അടുത്ത ഹോട്ടലിലെ ബംശീധർ ഠാക്കൂർ വന്നു പറഞ്ഞു: “അല്ലാ ചങ്ങാതി രണ്ടുപിടി ചോറുണ്ടാവുമോ?”

ബംശീധർ മേദിനീപുരത്തുകാരൻ. എങ്കിലും വളരെക്കാലമായി റാണാഘാടിലായിട്ടു് അതിനാൽ സംഭാഷണത്തിൽ നാടൻ മട്ടില്ല. അയാൾ പറഞ്ഞു: “എന്റെ മരുമകൻ കുട്ടി ഈ മൂന്നുമണി വണ്ടിക്കു് ഇവിടെ ചാടിവീണിരിക്കുന്നു. ഇന്നു ചന്തദിവസം. ചന്തക്കാർ വന്നു എല്ലാം തിന്നുകൊണ്ടു പൊയ്ക്കളഞ്ഞു. എന്റെ ഊണും കഴിഞ്ഞു. അതാണു് ഇവിടെ ഒന്നു നോക്കിയിട്ടു വരാമെന്നുപറഞ്ഞു്…”

ഹാജാരി പറഞ്ഞു: “ഓഹോ, അതിനെന്താണു്? ഇങ്ങോട്ടയക്കു്. ഉള്ള ചോറു രണ്ടുപേർക്കും ധാരാളമാവും.”

ബംശീധരന്റെ ഭാഗിനേയൻ വന്നു. ചന്തമുള്ള മുഖം. വയസ്സു് പതിനെട്ടു് ഇരുപതു്. അയാളെ ഇരുത്തി ചോറു് എടുക്കാൻ വെയ്പ്പു പാത്രത്തിലേക്കു് കുനിഞ്ഞപ്പോഴാണു് അറിയുന്നതു്, അതിലവശേഷിക്കുന്ന ചോറു രണ്ടു പേർക്കു മതിയാവില്ല. ഭാഗിനേയൻ നാട്ടിൻ പുറത്തുകാരനും നല്ല ആരോഗ്യമുള്ളവനുമായ ഒരു തരുണൻ. നിശ്ചയമായും രണ്ടുപിടിച്ചോറു കൂടുതൽ വേണ്ടിവരും. അയാൾക്കു വയറു നിറയാൻ മതിയാവുമോ എന്നു തന്നെ സംശയം. ഹാജാരി അയാളുടെ കിണ്ണത്തിൽ തന്നെ ഉള്ള ചോറും പരിപ്പും കറിയും വിളമ്പിക്കൊടുത്തു. അയാൾ തീറ്റക്കിടക്കു ചോദിച്ചു: “മീനില്ല?”

“ഇല്ല, മോനേ, ഒക്കെ തീർന്നുപോയി. ഇന്നു് ഇവിടെ ചന്തക്കാരുടെ തിരക്കാണു്. മീനിനും പരിപ്പിനും പച്ചക്കറികൾക്കും ഒക്കെ വലിയ പ്രിയം. നിനക്കു് ഉണ്ണാൻ വളരെ വിഷമം തോന്നുന്നുണ്ടാവും. ഇരിക്കു, ഞാൻ ചെന്നു രണ്ടു പൈസക്കു തൈർ വാങ്ങിക്കൊണ്ടുവരാം.”

“വേണ്ട, ഇരിക്കട്ടെ. വിഷമിക്കണ്ട നിങ്ങൾ.”

“അതല്ല, ഇരിക്കു, ബംശീധരന്റെ മരുമകൻ എനിക്കും മരുമകൻ തന്നെ. തൊട്ടടുത്ത ഹോട്ടലുകളിലാണു് ഞങ്ങൾ ഇത്രയേറെ നാളായിട്ടും പണിയെടുത്തു വരുന്നതു്.”

ഹാജാരി തന്നെ പോയി, തൈർ കൊണ്ടുവരാൻ. യുവാവു ചോദിച്ചു: “അതല്ല അമ്മാവാ, ഇവിടെ വല്ല ജോലിയും ഒഴിവുണ്ടോ?”

“എന്തുജോലി?”

“ഹോട്ടലിൽ വെയ്പു പണിയോ അങ്ങിനെ വല്ലതും? പണിയന്വേഷിച്ചു നടക്കയാണു്. ഇവിടെ വല്ലതും കിട്ടുമോ, അമ്മാവാ?”

അമ്മാവനെന്ന വിളി ഹാജാരിയുടെ ഹൃദയത്തിൽ വാത്സല്യമുണർത്തി. അയാൾ ഒന്നാലോചിച്ചിട്ടു പറഞ്ഞു: “ഇല്ല മോനെ, എന്റെയറിവിൽ ഒന്നുമില്ല. എന്നാൽ ഒരു കാര്യം പറയട്ടെ, ഞാൻ നിന്നോടു്? നീയെന്തിനാണു് ഹോട്ടലിൽ അരിവെയ്ക്കാൻ പോകുന്നതു്? നല്ലൊരോമനക്കുട്ടൻ. ഈ ലെയിനിൽ ഇല്ലാത്ത കഷ്ടതകളില്ല. ഇതു നിനക്കുള്ളതല്ല. എത്രത്തോളം പഠിച്ചു?”

യുവാവു് സങ്കോചത്തോടെ പറഞ്ഞു: “ഇല്ലമ്മാവാ അധികമൊന്നുമില്ല. എന്റെ ഗ്രാമത്തിലെ കോളർഷിപ്പ് സ്കൂളിൽ ഫോർത്ത് ക്ലാസ്സുവരെ അപ്പോഴേക്കും അച്ഛൻ മരിച്ചു. പിന്നീടു പഠിപ്പുനിർത്തി.”

“പേരെന്താണു്?”

ശ്രീനരേന്ദ്രനാഥ മുഖോപാധ്യായ”

പെട്ടെന്നു് ഒരാലോചന മിന്നൽ പോലെ ഹാജാരിയുടെ ഉള്ളിൽ പാഞ്ഞു. നല്ലോരു പയ്യൻ. നമ്മുടെ ടേംപിയെ ഇവനു വേളികഴിച്ചുകൊടുക്കുകയാണങ്കിൽ എത്ര നന്നായിരിക്കും. അതിനു യോഗമുണ്ടാവുമോ? ഇത്ര നല്ലൊരു വരനെ അവൾക്കു കിട്ടുമോ?

“ഇനി ഞാൻ ഉണ്ണാനിരിക്കട്ടെ, മോനേ! ഇങ്ങിനെയൊക്കെയാണു് ഞങ്ങളുടെ ഊണു്. മൂന്നുമണിക്കിപ്പുറത്തല്ലാതെ നടുനിവർത്താൻ സമയം കിട്ടില്ല. അതുകൊണ്ടുതന്നെയാണു് പറയുന്നതു മോനേ, ഈ ലയിൻ വർക്കത്തില്ലാത്തതാണു്. നിന്നെപ്പോലുള്ളവർക്കു പറ്റില്ല. അടുക്കളപ്പണിയെന്നു വെച്ചാൽ നൂറു ‘കുന്ത്രഷ്ഠാതി’കളാണു്.”

യുവാവു് ഏതാണ്ടു് ഹതാശാസ്വരത്തിൽ പറഞ്ഞു: “എന്നാൽ ഏതു ലയിൻ പിടിക്കണമെന്നാണമ്മാവൻ പറയുന്നതു് ? എത്രയോ സ്ഥലങ്ങളിൽ ചുറ്റിനടന്നുനോക്കി. ആറുമാസമായി നടപ്പുതന്നെയാണു്, ഒരിടത്തും കിട്ടിയില്ല അമ്മാവൻ കുക്കിന്റെ കാര്യം പറഞ്ഞുവല്ലോ. കൽക്കത്തയിലെ ഒരു ഹോട്ടലിന്നു പുറത്തു് എഴുതിവെച്ചിരുന്നു. രണ്ടു വേലക്കാരെ വേണം. ഞാൻ മാനേജരെ ചെന്നു കണ്ടു. ഞാൻ പറഞ്ഞു വേലക്കാരെ ആവശ്യമുണ്ടെന്നു കേട്ടു വന്നതാണെന്നു്. അയാൾ പറഞ്ഞതെന്താണെന്നോ? ‘നിങ്ങൾ മാന്യകുടുംബത്തിൽപെട്ടയാൾ. ഈ പണി നിങ്ങൾക്കു പറ്റില്ല.’ എത്ര പറഞ്ഞുനോക്കി. തന്നില്ല!”

ഹാജാരി എല്ലാം ഒന്നും മിണ്ടാതെയിരുന്നു കേൾക്കയായിരുന്നു. അയാൾ ചോദിച്ചു: “എന്താ ഈ പറയുന്നതു് ?”

“പിന്നത്തെക്കഥ കേൾക്കു. എങ്ങും കിട്ടിയില്ല, പണി. കൽക്കത്തയിൽ താമസിച്ചാൽ പട്ടിണി കിടക്കേണ്ടിവരും എന്നദിക്കായി. ഒന്നു രണ്ടു ദിവസം ‘ശുദ്ധോപവാസം’ ആയിട്ടുതന്നെ കഴിഞ്ഞു. പിന്നീടാണു് ഓർത്തതു് എന്റെ ഒരമ്മാവൻ റാണാഘാടിലുണ്ടല്ലോ—ഹോട്ടലിൽ പണിയെടുക്കുന്നു. അവിടെക്കു ചെന്നു നോക്കുകതന്നെ. അങ്ങിനെ ഇന്നു് ഇവിടെയെത്തി. അദ്ദേഹം എന്റെ സ്വന്തം അമ്മാവനല്ല. അമ്മാവന്റെ ഗോത്രക്കാരനാണു്. ആ വഴിക്കമ്മാവൻ, ഇവിടെയെത്തിയപ്പോൾ നിങ്ങളും പറയണു ഇതു നിങ്ങളുടെ ലയിനല്ല എന്നു്. പിന്നയേതാണാവോ എന്റെ ലയിൻ.”

ചെക്കന്റെ നിരാശാസ്വരവും, ദുഃഖവും ദൈന്യവും തികഞ്ഞ കഥയും ഹാജാരിയുടെ മനസ്സിൽ തറച്ചു. അയാൾ വിചാരിച്ചു ആഹാ, കുട്ടിപ്രായം വിടാത്തവൻ! എന്റെ മൂത്ത മകൻ സന്തു ഇന്നുണ്ടായിരുന്നെങ്കിൽ ഇവയ്ക്കൊപ്പമെത്തിയിരിക്കും. ടേംപിക്കു വളരെ യോജിക്കും. അരുമക്കുട്ടപ്പൻ. അവൾക്കതിനു ഭാഗ്യമുണ്ടോ? ഇന്നു ജോലി കിട്ടിയില്ലെങ്കിലെന്തു്? പോയി ടേംപിയെ വിവാഹം ചെയ്തു ഗ്രാമത്തിലെ മൺപുരയെങ്കിൽ മൺപുര ഭരിച്ചു കൊണ്ടിരിക്കട്ടെ. യാതൊന്നിനും ബുദ്ധിമുട്ടേണ്ടി വരില്ല. ഞാൻ പ്രയത്നിച്ചു സമ്പാദിച്ചു കൊണ്ടുചെന്നു കൊടുക്കും. കുറച്ചു നിലവുമുണ്ടല്ലോ.

ബംശീദരന്റെ മരുമകൻ ഊണുകഴിച്ചു പോയിട്ടും ഹജാരിയുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു പുതിയ സ്വരത്തിന്റെ ലയം ഉണർന്നുനിന്നു. ചെറുപ്പം തോന്നിക്കുന്ന മുഖഭംഗി, നോട്ടം. ഇതിൽ നിന്നായിരിക്കുമോ ഈ ലയം രൂപം കൊണ്ടതു്? ജീവിതത്തിൽ ഇതെല്ലാം പുതിയ അനുഭവങ്ങളായിരുന്നു, ഹാജാരിക്കു്.

വൈകിയിട്ടും ചൂർണീതീരത്തെ വേപ്പിൻ ചോട്ടിലിരുന്നു അയാൾ കണ്ട സ്വപ്നങ്ങൾക്കു കണക്കില്ല. എല്ലാം പുതിയ സ്വപ്നങ്ങൾ. ബംശീധരന്റെ മരുമകൻ ടേംപിയെ വിവാഹം ചെയ്യുന്നു. ഒരു തടസ്സവുമില്ല. സമുദായ സമ്മതമായ കുടുംബം.

ടേംപിയുടെ മെലിഞ്ഞു കോമളമായ കൈ നരേനിന്റെ ബലിഷ്ഠമായ കയ്യിൽ വെച്ചു രണ്ടുകയ്യും ഒന്നിച്ചു ചേർത്തു്, ഹാജാരി, മകൾക്കും ജാമാതാവിനും ആശീർവാദം നൽകുന്നു. ടേംപിയുടെ അമ്മയുടെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ വീഴുന്നു. എത്ര സുന്ദരനും അമ്പിളിക്കുട്ടനെപ്പോലുള്ളവനുമായ ജാമാതാവു്. അയാൾ എന്തിനാണു് ചെറുപ്രായത്തിൽ ഹോട്ടൽ വേലയ്ക്കു പോകുന്നതു്? ഹാജാരിയുടെ സ്വന്തം ഹോട്ടലിൽ ജാമാതാവു് മാനേജരായിരിക്കും. ചക്കത്തിയെപ്പോലെ മെത്തയിലിരുന്നു ഹോട്ടലിൽ വരുന്നവർക്കു ടിക്കറ്റുവില്ക്കും. വരവു ചിലവു കണക്കുവെക്കും.

ഹാജാരിക്കു് പണിയെടുക്കാൻ ഉത്സാഹം ഇരട്ടിയാവും. മകനെപ്പോലെ തന്നെ ജാമാതാവു്. ഇത്ര സുന്ദരനായ, ഉപകാരപ്പെടുന്ന ചെറുപ്പക്കാരൻ, ടേംപിയുടെ എല്ലാ ആനന്ദത്തിനും ആഗ്രഹത്തിനും കേന്ദ്രം. അവർ രണ്ടുപേരുടെയും മുഖം കണ്ടുകൊണ്ടു് അയാൾ ചത്തു പണിയെടുക്കും. മൂന്നുമാസം കൊണ്ടു് ഹോട്ടലിനു സ്വന്തമായ നിലനിൽപ്പുണ്ടാകും.

നേരം പോയി. ചൂർണിയുടെ കടവിൽ ആളുകൾ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ടൗണിൽ കൊള്ളൽ കൊടുക്കലിന്നു വരുന്നവർ ഈ നേരത്താണു മടങ്ങിപ്പോകുന്നതു്.

കുസുമത്തിനെ ഒന്നു കണ്ടിട്ടുവേണം ഹോട്ടലിലേക്കു തിരിക്കാൻ, മരച്ചോട്ടിലിരുന്നു ആകാശകുസുമം സ്വപ്നം കണ്ടാൽ കാര്യം പന്തിയാവില്ല. ഒരു സമയം രതൻ ഠാക്കുർ ഈ നേരവും വന്നില്ലെങ്കിൽ ഒറ്റക്കുതന്നെ വേണ്ടിവരും ഇപ്പോഴും.

എന്നാൽ, സത്യമായും ഇതു് ആകാശകുസുമമായിത്തന്നെയിരിക്കുമോ? തനിക്കു ഹോട്ടൽ തുടങ്ങാൻ പറ്റില്ലെന്നോ? ടേംപിയെ ആ ചെറുപ്പക്കാരനു്… പോട്ടെ, അർത്ഥമില്ലാത്തതിനെപ്പറ്റി എന്തു ചിന്തിച്ചിട്ടു കാര്യം. നേരം വൈകിത്തുടങ്ങി.

പത്മ വൈകുന്നേരം ഹാജാരിയോടു പറഞ്ഞു: “അപ്പോഴേ ഠാക്കുർ. മീൻ കഷണമെവിടെപ്പോയെന്നാണു ഞാൻ നോക്കണതു്. യജമാനനു് പനിയാണു് ഇന്നു്. അദ്ദേഹം പതിനൊന്നിനുമുമ്പു വീട്ടിൽ പോയി. അത്ര വലിയ ഒരു കഷണം അതിന്റെ ഒരു പൊടിപോലും ഇവിടെയെങ്ങും കാണുന്നില്ലല്ലോ. ഹാജാരി മീൻ കഷണം ആരും കാണാതെ കുസുമത്തിനു കൊടുത്തിട്ടു വന്നതായിരുന്നു. വലിയ മീൻ കഷണം സാധാരണ ഉടമസ്ഥന്റെ വീട്ടിലെത്തുകയാണു പതിവു്. ഇന്നു് അയാൾക്കു് അസുഖം. അധികനേരം അവിടെയിരുന്നില്ല. അതു സ്വന്തം കുടിലിലേക്കു കടത്തിക്കളയാമെന്നായിരുന്നു ദാസി പത്മയുടെ പ്ലാൻ. ഹാജാരി ആ കഷണം ഒരിക്കലും ഭക്ഷിക്കാറില്ല. രതൻ ഠാക്കുറാണെങ്കിൽ മൂപ്പർ വിഴുങ്ങിക്കളയും; നോക്കണ്ട. അല്ലാത്ത ദിവസം പത്മ തന്നെയാണു് അതിന്റെ അവകാശി എന്നാണു് നാട്യം. ഹാജാരിക്കു് അതിൽ അവകാശമില്ലെന്നോ? അതിനാൽ, അയാൾ പണികഴിഞ്ഞു വൈകിയിട്ടു ചൂർണ്ണിക്കരയിൽ നടക്കാൻ പോയ സമയം അതെടുത്തു കുസുമത്തിനു കൊടുത്തിട്ടു വന്നു.

പത്മയുടെ ചോദ്യത്തിനുത്തരമായി ഹാജാരി പറഞ്ഞു: “എന്താണു പത്മേടത്തി—ഇത്രനേരം കഴിഞ്ഞിട്ടു് പെട്ടെന്നു് മീനിന്റെ ഓർമ്മവരാനെന്താണു്?”

“ഇത്ര വൈകിയിട്ടായാലെന്തു്? കുറെ വേഗമായാലെന്തു് സാധനമെവിടെ? അതാണു് ചോദിച്ചതു്?”

“എനിക്കും ഒരുദിവസം രുചിനോക്കണ്ടേ? നിങ്ങളെല്ലാവരും നോക്കുന്നില്ലേ? ഇന്നു ഞാൻ തിന്നു.”

“എന്തേ? മീനിന്റെ മുള്ളാ വാലോപോലും കാണാനില്ലല്ലോ. എവിടെയിരുന്നു തിന്നു?”

ഹാജാരിയുടെ വിവർണ്ണഭാവം പത്മയിൽ നിന്നു മറച്ചുവെക്കാൻ കഴിഞ്ഞില്ല. അവൾ കഠിനസ്വരത്തിൽ പറഞ്ഞു: “നിങ്ങൾ തിന്നിട്ടില്ല. തിന്നെങ്കിൽ ഒന്നും പറയുകയില്ലായിരുന്നു. നിങ്ങൾ അതു സൂത്രത്തിൽ വിറ്റു കാശാക്കി സത്യമല്ലേ ഞാൻ പറഞ്ഞതു്? വഞ്ചകൻ, തട്ടിപ്പുകാരൻ, കള്ളൻ. ഹോട്ടലിലെ മുതൽ ഒളിച്ചു കടത്തി വിൽക്കാൻ നടക്കുകയാണു്. ശരി, ഈ കളവിന്റെ രുചിയൂട്ടിയേക്കാം. വരട്ടെ ഇങ്ങോട്ടു യജമാനൻ.”

ഹാജാരി പറഞ്ഞു: “ഇല്ല, പത്മയേടത്തി! ആർക്കാണു ഞാൻ വിൽക്കുക. പാകം ചെയ്ത മീൻ കഷണം ആരു വാങ്ങും? ഞാനാണു തിന്നതു്.”

“പിന്നെയും നുണ! ഞാൻ ഇത്രകാലമായിട്ടു ഹോട്ടലിൽ പണിയെടുത്തു കയ്യുതഴമ്പിച്ചു. മീനിന്റെ മുള്ളും കൊമ്പും ഒന്നും എനിക്കറിയില്ല, അല്ലേ? ഇത്ര വലിയ ഒരു കഷണം നാലണയിൽ കുറച്ചു വിറ്റിട്ടുണ്ടാവില്ല. കെട്ടി വെക്കു് ആ പണം പെട്ടിപ്പുറത്തു്. ഇല്ലെങ്കിൽ വൈകുന്നേരം യജമാനന്റെ മുമ്പിൽ വെച്ചു് ഞാൻ നിങ്ങൾക്കു വരുത്തിവെക്കാൻ പോണ ഗതികേടു് ഞാനിപ്പോഴൊന്നും പറയുന്നില്ല.”

“ശരി, എടുത്തോളു നാലണയുടെ കാശ്. ഒരു കഷണം തിന്നുപോയതിന്നു് വില വേണമെങ്കിൽ അതും തരാം.”

പത്മ ഒന്നു ശാന്തയായിട്ടു പറഞ്ഞു: “എന്നാൽ രക്ഷപ്പെട്ടു എന്നായിരിക്കും വിചാരം.”

“അതല്ല, പത്മയേടത്തി”

“എന്നാൽ അതെന്തുചെയ്തു, പറയു.”

“നിങ്ങൾക്കു പൈസ കിട്ടുകയല്ലേ വേണ്ടു? അതൊക്കെയന്വേഷിച്ചിട്ടെന്താവശ്യം?”

“ആവശ്യമുണ്ടു്, അതുകൊണ്ടുതന്നെ. എവിടെ പോയി മീൻ? പറയൂ, ഇല്ലെങ്കിൽ യജമാനന്റെ മുമ്പിൽ നിർത്തി നിങ്ങളെ ഞാൻ മുഖത്തു കരിതേച്ചു വിടും. ഇനിയെങ്കിലും പറഞ്ഞോളൂ!”

“ഞാൻ തിന്നു.”

“പിന്നെയും? എന്നോടു നിങ്ങളുടെ സൂത്രം ഫലിക്കുമെന്നു വിചാരിക്കുന്നുണ്ടോ, ഠാക്കൂർ എനിക്കിപ്പോൾ മനസ്സിലായി മീനെവിടെപ്പോയെന്നു്. നിങ്ങളുടെ അവൾ ഇല്ലേ…”

പത്മ എന്താണു പറയാൻ ഭാവിക്കുന്നതെന്നു് ഹാജാരിക്കു മനസ്സിലായി. അയാൾ പത്മയുടെ നാവിനൊരു വിരാമമിടാൻ പറഞ്ഞു: “പത്മയേടത്തി നിങ്ങളുടെ കല്ലും ചോറും തിന്നു കഴിഞ്ഞുകൂടുന്ന ഒരു മഹാദരിദ്രനാണീയുള്ളവൻ. എന്തിനാണു് ഈ നിസ്സാരവസ്തുവിന്റെ പേരിൽ ഈ വിധം ദുഷിക്കുന്നതു്?”

ഈ വാക്കുകൾ പത്മയുടെ ചൂടു കുറക്കുന്നതിനു പകരം ഉഗ്രമാക്കുകയത്രേ ചെയ്തതു്. അവൾ പറഞ്ഞു: “നിങ്ങൾതന്നെ തിന്നുകയാണെങ്കിൽ ഞാനൊന്നും പറയുകയില്ലായിരുന്നു, ഠാക്കൂർ എന്നാൽ ഹോട്ടലിലെ മുതൽ കണ്ടവനെ തീറ്റുന്നതു് എനിക്കു സഹിക്കില്ല. ഞാൻ ഇതിനൊരു പ്രതിവിധി കണ്ടില്ലെങ്കിൽ എന്റെ പേർ പട്ടിക്കിട്ടോളൂ. പറഞ്ഞുവെച്ചേക്കാം, നേരെ ചൊവ്വേ.”

ഹാജാരി ഭയംകൊണ്ടും ഉദ്വേഗംകൊണ്ടും അനക്കമറ്റുപോയി തന്നെയോർത്തിട്ടല്ല, കുസുമത്തെയോർത്തു്. ദാസി പത്മക്കു് അസാധ്യമായി ഒന്നും തന്നെയില്ല. അവൾ എന്തൊക്കെ ചെയ്യുമോ? കുസുമത്തിന്റെ ശ്വശ്രുവിന്റെ ചെവിയിൽ ഒരുപക്ഷേ, വേണ്ടാത്ത പലതും ഓതിക്കൊടുത്തേക്കും. അതിലുമുപരി ആ വാർത്തകൾ അവളുടെ അച്ഛന്റെ വീട്ടിൽ, അതായതു് സ്വഗ്രാമത്തിൽ ചെന്നെത്തിയാൽ രണ്ടു പേർക്കും നാട്ടിൽ തലപൊക്കി നടക്കാൻ വയ്യാതാവും. എന്നാൽ കുസുമമോ, നിരപരാധിനി.

പത്മ ഇറങ്ങിപ്പോയി.

ഹാജാരി വളരെയേറെയാലോചിച്ചശേഷം രതൻ ഠാക്കുറിനെ ശരണം പ്രാപിച്ചു. അയാളുടെ സ്വന്തക്കാരനെ പൈസ കൂടാതെ ഭക്ഷണം കൊടുത്ത സഹായിച്ച ഗൂഢാലോചനയിൽ ഹാജാരിയും ഉണ്ടായിരുന്നുവല്ലോ. അതാണു രതൻ ഠാക്കുറിനു നേരെ തിരിഞ്ഞതു്. രതൻ പറഞ്ഞു: “ഒട്ടും വിചാരപ്പെടേണ്ട, ഹാജാരിയേട്ടാ. പത്മയേടത്തിയെ ഞാൻ പറഞ്ഞു ശരിയാക്കാം. മീൻ പുറത്തേക്കു കൊണ്ടുപോകും മുമ്പു് എന്നോടു് ഒന്നു പറയാമായിരുന്നല്ലോ നിങ്ങൾക്കു്? നിങ്ങളോടു് എത്ര പറയാം?”

കുറെക്കഴിഞ്ഞു. സന്ധ്യയായതോടെ ബേചു ചക്കത്തി എത്തി. ഭൃത്യൻ ഹുക്കയിലെ വെള്ളം കളഞ്ഞു പുകയില നിറച്ചുവെച്ചു. ഹുക്ക കയ്യിലെടുത്തു ബേചു ചക്കത്തി പറഞ്ഞു: “ആദ്യം തന്നെ ഗംഗാജലം തളിക്കു് ഇവിടെയൊക്കെ. എന്നിട്ട് പത്മയോടു് അങ്ങാടിസ്സാമാനങ്ങളുടെ ലിസ്റ്റ് കൊണ്ടുവരാൻ പറയ്.”

കരിക്കച്ചവടക്കാരൻ മഹാവീരപ്രസാദ് ബാക്കി കിട്ടുമെന്നു പ്രത്യാശിച്ചു് കാത്തിരിക്കയായിരുന്നു. അയാളോടു പറഞ്ഞു: “ഇതെന്താണിതു്. ഈ നിറഞ്ഞ സന്ധ്യക്കു പിന്നെയും? രാവിലെ പന്ത്രണ്ടരയണ തന്നതല്ലേ? പിന്നെ ഇനി ഇപ്പോഴും തരാൻ കഴിയുമോ? നാളെ വരൂ. നിങ്ങൾക്കെന്താ വേണ്ടതു്?

ചടച്ചു് ഒരു രോഗിയെപ്പോലിരിക്കുന്ന മനുഷ്യൻ കൈകൂപ്പി നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “ബാബു, അന്നു കുമ്പളങ്ങ തന്നിരുന്നല്ലോ, അതിന്റെ പൈസാ.”

“കുമ്പളങ്ങ? ആരു വാങ്ങി നിന്റെ കുമ്പളം?”

“അതോ ബാബു, ബാബുവിന്റെ ഹോട്ടലിൽ തന്നിട്ടുപോയി, ആറണ കിട്ടണമെന്നു ഞാൻ പറഞ്ഞു. ഇല്ല രണ്ടണ എന്നു വാങ്ങിയ ആൾ. ഞാൻ പറഞ്ഞു—ഭേദപ്പെട്ട ഒരാൾ പറഞ്ഞതല്ലേ, ശരി, മടക്കിക്കൊണ്ടുപോകുന്നില്ല. രണ്ടു തരൂ. അപ്പോൾ അയാൾ പറഞ്ഞു: ‘ഇന്നില്ല, ബുധനാഴ്ച വരു.’ അതാണിന്നു വന്നതു്.”

“ആരു വാങ്ങി ആറണക്കു് നിന്റെ കുമ്പളങ്ങാ? വാങ്ങിയാൽ അങ്ങാടി സാമാനങ്ങളുടെ ലിസ്റ്റിൽ കാണേണ്ടതല്ലേ? ഇതൊരത്ഭുതമാണല്ലോ ഇഷ്ടാ. ഞാൻ സാമാനങ്ങൾ വായ്പ വാങ്ങാറില്ല വില റൊക്കം. പിന്നെയാരുവാങ്ങി, നിന്നോടു് നിൽക്കു, നോക്കട്ടെ…”

മതി, രതൻ, ഹാജാരി മുതൽ പേരെ വിളിച്ചു ചോദിച്ചു. അവർ കുമ്പളങ്ങ വാങ്ങുന്നതുപോയിട്ടു കഴിഞ്ഞ നാലഞ്ചുദിവസം കുമ്പളങ്ങക്കറിതന്നെ വെച്ചിട്ടില്ല എന്നു പറഞ്ഞു. കുമ്പളങ്ങ കണ്ണുകൊണ്ടു കണ്ടിട്ടുതന്നെയില്ല. ഇതു പറഞ്ഞുകൊണ്ടിരിക്കെ പത്മ അങ്ങാടിസ്സാമാനങ്ങളുടെ ലിസ്റ്റും കൊണ്ടു വന്നു കയറി. കുമ്പളങ്ങക്കാരൻ വിളിച്ചു പറഞ്ഞു: “അതാ! ഈയമ്മയാണു് വാങ്ങിയതു്, അന്നത്തെ കുമ്പളങ്ങാ, അടുക്കളക്കാരിയമ്മേ! ബുധനാഴ്ച വരാൻ പറഞ്ഞിരുന്നില്ലേ? അതുകൊണ്ടു വന്നതാണു്. ബാബു ചോദിക്കയായിരുന്നു ആരാണു് വാങ്ങിയതെന്നു്”

ദാസി പത്മ പെട്ടെന്നൊന്നു പകച്ചുപോയി. അവൾ പറഞ്ഞു: “ഉവ്വു്, കുമ്പളങ്ങ വാങ്ങി. എന്നാലെന്താ? നാലണയും കൊണ്ടു് ആരും ഓടി പൊയ്ക്കളയുകയില്ല. അങ്ങോട്ടുകൊടുത്തേക്കു ബാബു, അവൻ പൈസ തീർത്തു്. ഞാൻ ആ പൈസ പിന്നീടു്…”

ബേചു ചക്കത്തി പിന്നെ രണ്ടാമതൊരു വാക്കു പറയാൻ നിൽക്കാതെ കുമ്പളക്കാരനു പൈസ എടുത്തു കൊടുത്തു. അവൻ അതു വാങ്ങിക്കൊണ്ടുപോയി.

രതൻ ഠാക്കുർ മറവിലേക്കു പിടിച്ചുകൊണ്ടുപോയി ഹാജാരിയോടു പറഞ്ഞു: “കയ്യോടെ പിടികൂടി, പത്മയെ എന്നാൽ യജമാനന്റെ ഒരലിവു കണ്ടോ അവളോടു്, ഹാജാരിയേട്ടാ!”

“അതു കാണാനെന്തുള്ളു. എന്നും കണ്ടുവരുന്നതല്ലേ? നമ്മളാരെങ്കിലുമായിരുന്നു കുമ്പളങ്ങ വാങ്ങിയതെങ്കിൽ പത്മ ഇന്നും എന്തൊക്കെ പ്രപഞ്ചം നടത്തുമായിരുന്നു. യജമാനൻ അതൊക്കെ ‘എസ്സ്’ മൂളിക്കൊടുക്കയും ചെയ്തേനെ. ഈ ചെയ്തതു ഞാനും നിങ്ങളുമല്ലാതെ പോയി. പത്മയാണു് ഈ ഹോട്ടലിൽ എല്ലാം. നിങ്ങൾ മീൻ കഷണത്തിന്റെ കാര്യം ഒരിക്കൽ അവളോടു ഒന്നു പറയൂ. ഇല്ലെങ്കിൽ അവൾ ഇപ്പോൾ കൊളുത്തിക്കൊടുക്കും യജമാനനു്.”

രതൻ പത്മയെ വേറെ വിളിച്ചു പറഞ്ഞു: “അല്ല, പത്മേടത്തീ, ദരിദ്ര ബ്രാഹ്മണൻ നിങ്ങടെ ചോറുതിന്നു പുലരുന്നു. എന്തിനായിട്ടാണു് അയാളെ ഇങ്ങിനെ പാടുപെടീക്കുന്നതു്? ഒരുകഷണം മീൻ തിന്നിട്ടുണ്ടാവാം ഇത്ര നാളായില്ലേ ഇവിടെ കൊള്ളിയുന്തുന്നു. ഇങ്ങനെയൊക്കെ അപമാനിക്കാതിരിക്കു. എല്ലാവരും എടുക്കാറുണ്ടു്. ഞാനില്ലേ, നിങ്ങളില്ലേ? ആരാണു കിട്ടിയാൽ വിടുക? അതിനും ആ പാവത്തിനെ എന്തിനാപത്തിൽ ചാടിക്കുന്നു?”

പത്മ പറഞ്ഞു: “അയാളല്ല തിന്നതു്. അതും ഇവിടന്നു അയാൾ പുറത്തേക്കു കൊണ്ടുപോയി അയാളുടെ ഇഷ്ടക്കാരി കുസുമത്തിനു സമ്മാനിച്ചു. ഞാൻ കൊച്ചുകുട്ടിയാണെന്നു വിചാരിച്ചോ? അറിഞ്ഞുകൂട, അല്ലേ? ഒന്നും അറിഞ്ഞുകൂടാ അല്ലേ. കാശിനുകൊള്ളരുതാത്ത തെമ്മാടി…”

രതൻ ചിരിച്ചുകൊണ്ടു പറഞ്ഞു: “അയാൾക്കു തോന്നിയപോലെ ചെയ്യട്ടെ, പത്മേടത്തി. എനിക്കെന്തു് നിങ്ങൾക്കെന്തു് ? അയാൾ മീൻ സ്വയം തിന്നട്ടെ, കണ്ടവർക്കു കൊടുക്കട്ടെ, നമുക്കതറിഞ്ഞിട്ടെന്തുകാര്യം? നിങ്ങൾ ഇനി അയാളെ ഒന്നും പറയാതിരിക്കു.”

പത്മ കുമ്പളങ്ങയുടെ ഇടപാടിൽ അല്പം പരുങ്ങലിലായിപ്പോയിട്ടുണ്ടായിരുന്നു. ഇല്ലെങ്കിൽ അവൾ രതൻ പറഞ്ഞതു് അത്ര വേഗം അനുസരിക്കയില്ലായിരുന്നു. അവൾ പറഞ്ഞു: “എന്നാൽ അയാളെ വിലക്കു, നിങ്ങൾ മേലിൽ ഇങ്ങിനെ ചെയ്താൽ ഞാൻ വെറുതെ വിടില്ല. ആരു പറഞ്ഞാലും കേൾക്കില്ല, പറഞ്ഞേക്കാം.”

അന്നു രാത്രി ഹോട്ടൽ പണിയെല്ലാം കഴിച്ചു് ഹാജാരി ചൂർണ്ണിക്കരയിൽ നടക്കാൻ പോയി, ഒന്നാന്തരം നിലാവുള്ള രാത്രി… സമയം ഏതാണ്ടു പന്ത്രണ്ടരമണി.

ഇന്നു വീണ്ടും എന്തൊരത്യാപത്താണു വന്നതെന്നു നോക്കു. തന്നെപ്പറ്റിയല്ല ഹാജാരിക്കു ചിന്ത—ചിന്തയത്രയും കുസുമത്തെ ഓർത്തിട്ടാണു്. കുസുമം കുഗ്രാമത്തിൽ പിറന്ന പെണ്ണു്. അവിടെ ചീത്തപ്പേരുണ്ടായാൽ രണ്ടു കൂട്ടർക്കും നാട്ടിൽ നിവർന്നു നടക്കാനരുതാതാകും. തന്റെ ഈ പ്രായത്തിൽ ഇത്തരം ഒരു ചീത്തപ്പേരുണ്ടായാൽ ആളുകൾ എന്തുപറയും?

കുസുമത്തെ അയാൾ പുത്രി നിർവിശേഷമാണു കാണുന്നതു്, ദൈവത്തിനറിയാം. ആ വക വേണ്ടാത്ത വിചാരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഈ റാണാഘാടിൽ തന്നെ കിട്ടുമായിരുന്നല്ലോ എത്രയെങ്കിലും പെണ്ണുങ്ങളെ. ഈ രാധാവല്ലഭ ക്ഷേത്രത്തിലെ മണ്ണുതൊട്ടു സത്യം ചെയ്തു പറയാമല്ലോ ഈ വക വിചാരങ്ങളൊന്നും തന്റെ മനസ്സിനെ സ്പർശിച്ചിട്ടുപോലുമില്ല. വിശേഷിച്ചും കുസുമം ഛീ… ഛീ… ടേംപിയിൽനിന്നു വേറിട്ടു കണ്ടിട്ടുതന്നെയില്ലാത്ത കുസുമത്തെപ്പറ്റി പത്മ, രതൻ ഠാക്കുറിനോടു് എന്തെല്ലാം അശ്രീകാരങ്ങൾ പറഞ്ഞു. കേട്ടിട്ടു ചെവി പൊത്തിപ്പോയി.

രാത്രി ഏതാണ്ടു് ഒന്നരമണി. നഗരം നിദ്രയിലാണ്ടു. കുണ്ഡുമാരുടെ ചൂർണ്ണിക്കരയിലുള്ള മരഡിപ്പോവിലിരുന്നു് ഹിന്ദുസ്ഥാനി കൂലിക്കാർ ഡോലക് കൊട്ടിക്കൊണ്ടു് വികടസ്വരത്തിൽ തുടങ്ങിയിരിക്കുന്നു, ചീൽക്കാരം. ഇതു് അവരുടെ സംഗീതമാണത്രെ. നോർത്ത് ബംഗാൾ എക്സ്പ്രസ് സ്റ്റേഷനിൽ വന്ന സമയമാണു് അയാൾ ഹോട്ടലിൽനിന്നു പുറത്തിറങ്ങിയതു്. ഈ സമയം സ്റ്റേഷൻ വരെ നിസ്തബ്ധം. കാരണം ഇനി ഈ അസമയത്തു് വണ്ടിയൊന്നും വരാനില്ല. മണി നാലടിച്ചാൽ വീണ്ടും തുടങ്ങുകയായി വണ്ടികളുടെ പോക്കുവരവു്.

ഹോട്ടൽ വാതിൽ അടച്ചിരിക്കുന്നു. മതിയെ മുട്ടിവിളിച്ചു ഉണർത്താൻ മനസ്സുവന്നില്ല. നല്ല ഉഷ്ണം. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ബാക്കി സമയം കഴിച്ചു കൂട്ടാം. ഇന്നു് ഉറക്കം തീരെ വരുന്നില്ല. പുലർച്ചക്കെഴുന്നേറ്റു് ഹോട്ടലിന്റെ മുമ്പിൽ ചെന്നപ്പോഴും വാതിൽ അടച്ചുതന്നെയാണു് ഇരുന്നിരുന്നതു്. ഇതത്ഭുതമായി തോന്നി. വേലക്കാരൻ മതി ഇതിലുമെത്രയോ മുമ്പു വാതിൽ തുറക്കാറുണ്ടു്. വിളിച്ചിട്ടുമില്ല ഒച്ചയുമനക്കവും. ഹാജാരി ഇരിപ്പുമുറിയുടെ ജനാലയിലൂടെ അകത്തേക്കു നോക്കി എന്താണു പാത്രപ്പുരയിൽ ഇത്ര വെളിച്ചം മറുവശത്തുകൂടെ ചെന്നു നോക്കി പാത്രപ്പുര മലക്കെ തുറന്നുകിടക്കുന്നുണ്ടു്. അകത്തു് ‘ഈച്ച പൂച്ച’ പോലുമില്ല. വേലക്കാരൻ മതിയുടെ യാതൊരനക്കവുമില്ല. ഇങ്ങിനെ പതിവില്ലല്ലോ. ആ സമയം യദുബാഡയുടെ ഹോട്ടൽ വേലക്കാരൻ നിമായി ഇടയത്തെരുവിൽനിന്നും ചായക്കുള്ള പാൽ വാങ്ങിക്കൊണ്ടുപോകയായിരുന്നു. യദു ബാഡയ്യയുടെ ഹോട്ടലിൽ ഒരു ടീ സ്റ്റാളുണ്ടു് പുലരും മുമ്പു ചായക്കച്ചവടം തുടങ്ങും. ഹാജാരി നിമായിയെ വിളിച്ചു രണ്ടുപേരും ചേർന്നു മുറിയിലേക്കു് എത്തിനോക്കി മതിയുണ്ടു് അടുക്കളയിൽ ചുരുണ്ടുകൂടിക്കിടന്നു കുംഭകർണ്ണസേവ നടത്തുന്നു. രണ്ടുപേരുടേയും വിളികേട്ടു് മതി പിടച്ചെഴുന്നേറ്റു.

ഹാജാരി ചോദിച്ചു: “മതീ, വാതിലെന്താണു തുറന്നുകിടക്കുന്നതു്?”

മതി പറഞ്ഞു: “അതൊന്നും ഞാനറിയില്ല. നിങ്ങൾരാത്രി എവിടെയായിരുന്നു? ആരുതുറന്നു വാതിൽ?”

മൂന്നുപേരും മുറിയിൽ കടന്നു നാലുപാടും നോക്കി. മതി പെട്ടെന്നു് പറഞ്ഞുപോയി. ഹാജാരിയേട്ടാ എല്ലാം തുലഞ്ഞു. കിണ്ണങ്ങളും പാത്രങ്ങളും ഒന്നുംതന്നെയില്ല. എല്ലാം എവിടെപ്പോയി?

“എന്തു്?”

“മൂന്നുപേരും ഓരോ ദിക്കിലും അരിച്ചുനോക്കി ഒരിടത്തുമില്ല പാത്രങ്ങൾ. നിമായി പറഞ്ഞു: “ഞാൻ ചായക്കുള്ള പാൽ കൊടുത്തിട്ടുവരട്ടെ ഹാജാരിയേട്ടാ. ആർക്കാണു് പാത്രങ്ങളെല്ലാം ‘ചക്ഷുർദാനം’ ചെയ്തതു്? വേഗം നിങ്ങളുടെ യജമാനനെ വിളിച്ചുകൊണ്ടുവരൂ.”

ഇതിനിടക്കു് രതൻ ഠാക്കുറും എത്തി. അയാൾ പോയി ബേചുചക്കത്തിയെ വിളിച്ചുകൊണ്ടുവന്നു. പത്മയും എത്തി. വാർത്തകേട്ടു് അടുത്ത ഹോട്ടലിലെ യദുബാഡയ്യയെത്തി. പിന്നെ നഗരത്തിലെ പലരും എത്തി. സ്റ്റേഷനിൽ ആൾ ചെന്നു പറയേണ്ട താമസം, എ. എസ്സ്. ഐ. നേപാൾ ബാബുവും രണ്ടു കാൺസ്റ്റബിൾമാരും അന്വേഷണത്തിനു വന്നു. ഒച്ചപ്പാടായി. ബേചുചക്കത്തി തലയ്ക്കു കൈകൊടുത്തു് അവിടെത്തന്നെ ഇരുന്നുപോയി. ഏതാണ്ടു് അറുപതു് എഴുപതു രൂപയുടെ പാത്രങ്ങൾ കാണാതായിരിക്കുന്നു.

ബേചു ചക്കത്തി ചോദിച്ചു: “ഹാജാരി, രാത്രി എവിടെയായിരുന്നു?”

“സ്റ്റേഷൻ പ്ലാറ്റ് ഫാമിൽ ബാബു. നല്ല ഉഷ്ണമുണ്ടായിരുന്നു. അതിനാൽ പുഴവക്കത്തുനിന്നു തിരിച്ചുവന്നു് ബാക്കി സമയം അവിടെ കഴിച്ചുകൂട്ടി.”

നേപാൾ ബാബു ചോദിച്ചു: “രാത്രി എപ്പോഴാണു് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നതു്? ഏതു പ്ലാറ്റ്ഫോമിൽ?”

“അതോ ബാബു, ബൻഗാമിൽനിന്നു വരുന്ന വണ്ടിയുടെ പ്ലാറ്റ് ഫാറത്തിൽ ഉള്ള ബഞ്ചിൽ.”

“നിങ്ങളെ അവിടെ കണ്ടവരുണ്ടോ?”

“ഇല്ല ബാബു, ആ സമയം രാത്രി കുറെയേറെ ചെന്നിരുന്നു.”

“എത്ര?”

“ഒന്നരമണിയിലധികം”

“അതുവരെ എവിടെയായിരുന്നു?”

“നിത്യവും ഊണുകഴിഞ്ഞാൽ ഞാൻ രണ്ടു നേരവും ചൂർണ്ണിയുടെ കടവിൽ ചെന്നിരിക്കും. ഇന്നലെയും അവിടെയായിരുന്നു.”

“വേറെ വല്ല ദിവസവും ഹോട്ടൽ വിട്ടു് പ്ലാറ്റ് ഫാമിൽ ഉറങ്ങിയിട്ടുണ്ടോ?”

“ഇടക്കു പതിവുണ്ടു്. എന്നാലും വളരെ ചുരുക്കം.”

ആ സമയം ബേചു ചക്കത്തിയോടു പത്മ എന്തോ സ്വകാര്യം പറഞ്ഞു.

ബേചു അപ്പോൾ നേപ്പാൾ ബാബുവിനോടു പറഞ്ഞു: “ഇൻസ്പെക്ടർ സാറേ, അകത്തേക്കു വന്നു് ഒരു കാര്യം കേട്ടിട്ടുപോകു, ദയചെയ്തു്.”

അകത്തുനിന്നു കാര്യം കേട്ടിട്ടു വന്ന നേപാൾ ബാബു പറഞ്ഞു: “ഹാജാരി ഠാക്കൂർ, നിങ്ങൾ കുസുമത്തെ അറിയുമോ?”

ഹാജാരിയുടെ മുഖം വാടി. ഇക്കൂട്ടർ ഇതിനിടയ്ക്കു് കുസുമത്തിന്റെ പേർ വലിച്ചിഴക്കുന്നതെന്തിനു്? കുസുമത്തിനും ഇതുമായി എന്തുബന്ധം?

ഹാജാരിയുടെ മുഖഭാവം എ. എസ്സ്. ഐ. ശ്രദ്ധിച്ചു.

മറുപടിക്കു് അമാന്തിക്കുന്നതു കണ്ടു് അയാൾ തട്ടിക്കേറി: “ചോദ്യത്തിനുത്തരം പറയ്!”

ഹാജാരി അന്തംവിട്ട മട്ടിൽ പറഞ്ഞു: “ഉവ്വു്, അറിയും.”

ദാസി പത്മ വാതിലിന്നരികിൽ വായ ചേലത്തുമ്പുകൊണ്ടു മറച്ചുനിന്നതു കണ്ടപ്പോൾ ഹാജാരിക്കു മനസ്സിലായി കുസുമത്തിനെപ്പറ്റി അവൾ തന്നെയാണു യജമാനനോടു പറഞ്ഞതു്. ഇല്ലെങ്കിൽ അയാൾക്കു് ഈ വക കാര്യങ്ങൾ അറിയില്ല. അന്വേഷിക്കാറുമില്ല. യജമാനനോടു പത്മ പറഞ്ഞതനുസരിച്ചു് യജമാനൻ എ. എസ്സ്. ഐ.യോടും പറഞ്ഞിട്ടുണ്ടാവും പത്മയുടെ ദുഷ്പ്രേരണകൊണ്ടു്.

“കുസുമം എവിടെ പാർക്കുന്നു?”

“ഇടയത്തെരുവിൽ വലിയങ്ങാടിയുടെ അപ്പുറം.”

“അവൾ എന്തു ചെയ്യുന്നു?”

“പാലും മോരും വിൽക്കുന്നു.”

“പ്രായം?”

“ഏതാണ്ടു് ഇരുപത്തിനാലു് ഇരുപത്തഞ്ചു്. ഉത്തരം കേട്ടു് ദാസി പത്മയുടെ മുഖത്തു ഒരു ചെറിയ ചിരിവന്നതു ഹാജാരിയുടെ കണ്ണിൽ പെട്ടു. സബ് ഇൻസ്പെക്ടരുടെ ചോദ്യത്തിന്റെ പോക്കു് എങ്ങോട്ടാണെന്നു് അപ്പോഴും അയാൾക്കു മനസ്സിലായില്ല. എന്നാൽ പത്മയുടെ ചിരി കണ്ടപ്പോഴാണു് എന്തിനാണു് ഇക്കൂട്ടർ കുസുമത്തിന്റെ കാര്യം ഇത്ര താല്പര്യത്തോടെ എടുത്തെടുത്തു ചോദിക്കുന്നതെന്നു് പിടികിട്ടിയതു്.

“കുസുമവുമായി നിങ്ങൾക്കു് എത്രനാളത്തെ പരിചയമുണ്ടു്?”

“അവൾ എന്റെ ഗ്രാമക്കാരിയാണു്. അവളെ കുട്ടിക്കാലം തൊട്ടേ എനിക്കറിയാം. അവളുടെ അച്ഛൻ എന്റെ ചങ്ങാതി. തൊട്ടടുത്ത തെരുവിൽ തന്നെ.”

“കുസുമത്തിനെ നിങ്ങൾ സാധാരണ കാണാറുണ്ടു്, ഇല്ലേ?”

“ഇടക്കിടക്കു കാണാറുണ്ടു്. എന്റെ ഗ്രാമക്കാരി. അവളുടെ മേലന്വേഷണം ആവശ്യമാണു്.”

“നിശ്ചയമായും ആവശ്യം തന്നെ.” നേപാൾ ബാബു പെട്ടെന്നു ചിരിച്ചുകൊണ്ടു പറഞ്ഞു: “ഇവിടെയാണോ അവളുടെ ശ്വശുരഗൃഹം?”

“അതെ.”

“ഭർത്താവുണ്ടോ?”

“ഇല്ല, നാലഞ്ചുവർഷമായി, മരിച്ചിട്ടു്. ഭർത്താവിന്റെ അമ്മയുണ്ടു് വീട്ടിൽ. ഭർതൃസഹോദരനുമുണ്ടു്.”

“നിങ്ങൾ ഇടക്കിടക്കു് ഹോട്ടലിലെ ഭക്ഷ്യവസ്തുക്കൾ അവൾക്കു കൊണ്ടു പോയി കൊടുക്കാറുണ്ടോ?”

ഹാജാരി ലജ്ജയും സങ്കോചവും കാരണം എങ്ങിനെയൊക്കെയോ ആയിപ്പോയി. ഈവക വർത്തമാനം ഇവിടെയെന്തിനു് ?

“ഉവ്വ് ബാബു, ഇടക്കിടക്കു കൊണ്ടുപോയി കൊടുക്കും. നുണ പറയുന്നതെന്തിനു്?”

ദാസി പത്മ “ഖി… ഖി…” എന്നു ചിരിപൊട്ടിയതോടെ അമർത്താൻ സ്വയം വായിൽ ചേലത്തുമ്പു് കുത്തിത്തിരുകി. നേപാൾ ബാബു ശാസനാസ്വരത്തിൽ പറഞ്ഞു: “എന്തിനുള്ള ചിരി? ഇതോ ചിരിക്കാനുള്ള ഇടം സബ് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തിയിട്ടെന്തു ഫലം. പത്മയുടെ ചിരി സാംക്രമിക വ്യാധിപോലെ അവിടെക്കൂടിയിരുന്ന എല്ലാവരുടെ മുഖത്തും ഒരു അമർത്തിയ ചിരിയുടെ തരംഗം ഉളവാക്കി. മറ്റുള്ളവരുടെ ചിരി ഹാജാരി അത്രതന്നെ ഗൗനിച്ചില്ല. എന്നാൽ പത്മയുടെ ചിരിയിൽ അയാൾ എന്തോ ഒന്നിന്റെ ഒളിഞ്ഞ സങ്കേതമുണ്ടെന്നു ധരിച്ചു് വിഷാദത്തോടെ പറഞ്ഞു: “ഇൻസ്പെക്ടർ ബാബു, അവൾ അതിദരിദ്രയായ ഒരു സ്ത്രീ, എന്റെ നാട്ടുകാരി, എന്നെ അച്ഛനെന്നാണു വിളിക്കാറു്. എനിക്കവൾ പുത്രിക്കു സമമാണു്, അതു കൊണ്ടാണു ഇടക്കിടക്കു് വല്ല കറിയോ മാംസമോ അവൾക്കു കൊണ്ടുപോയി കൊടുക്കുന്നതു്. എത്രയോ ഇട്ടെറിഞ്ഞുകളയുന്നു. അതുകൊണ്ടു് ഓർത്തുപോയതായിരുന്നു ഒരു ആരോരുമില്ലാത്ത പെണ്ണു്…”

“മനസ്സിലായി. നിന്റെ ലക്ചർ മതിയാക്കു്. ഇന്നലെ രാത്രിയും അവിടെ പോയിരുന്നോ?”

“ഇല്ല, ബാബു.”

“ഇന്നു വെളുപ്പിനോ?”

“ഇല്ല ബാബു, വെളുപ്പിനു പ്ലാറ്റ് ഫാറത്തിൽ നിന്നാണു് ഹോട്ടലിൽ വന്നതു്.”

“ഉം”

സബ് ഇൻസ്പെക്ടർ മറ്റുള്ളവരുടെയും മൊഴി വാങ്ങി അവരെയൊക്കെ വിട്ടു. വേലക്കാരൻ മതിയോടും ഹാജാരിയോടും മാത്രം പറഞ്ഞു: “നിങ്ങൾ രണ്ടു പേരും ഞങ്ങളുടെ കൂടെ സ്റ്റേഷനിലേയ്ക്കു വരണം.”

കോൺസ്റ്റബിൾമാരോടു പറഞ്ഞു: “ഇവരെ രണ്ടുപേരേയും പിടിച്ചുകൊണ്ടുപോകു.”

മതി കരച്ചിലും പിഴിച്ചിലും തുടങ്ങി. അവൻ ബേചു ചക്കത്തിയുടേയും സബ് ഇൻസ്പെക്ടരുടേയും കാൽ തൊട്ടു തൊഴുതു പ്രാർത്ഥിച്ചുനോക്കി: ‘താൻ തീരെ നിരപരാധി. ഹോട്ടലിൽ കിടന്നു അന്തം വിട്ടുറങ്ങുകയായിരുന്നു. തന്നെ സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതു് എന്തു കുറ്റത്തിനു്’ അങ്ങനെ പലതും.

സ്റ്റേഷനിലേക്കു കൊണ്ടുപോകുമെന്നു കേട്ടപ്പോൾ ഹാജാരിയുടെ പ്രാണൻ ഇപ്പോൾ പോകുമെന്നായി. ഭഗവാനേ! ഇതെന്തൊരാപത്തിലാണു് തന്നെ ചാടിച്ചതു്?

പോലീസും കൂട്ടവുമെന്നുവെച്ചാൽ കാര്യങ്ങൾ അല്പം കുഴങ്ങാനുള്ള മട്ടാണു്, കേസെടുത്താൽ വക്കീലിനെ ഏർപ്പാടുചെയ്യാനുള്ള കഴിവില്ല. വാദിക്കാതെ ജയിലിൽ പോകേണ്ടിവരും. എത്ര കൊല്ലം? എന്നാരു കണ്ടു? ഭാര്യയും മക്കളും പട്ടിണി കിടന്നു ചത്തുപോകും. ജയിൽശിക്ഷ കിട്ടിയ ആളെ മേലാൽ ആർ ജോലിക്കുവെക്കും?

എന്നാൽ അതിലും ഭയങ്കരമായ സംഗതി ഇക്കൂട്ടർ കുസുമത്തേയും ഇതിന്റെ നടുവിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നാലോ? കൊണ്ടുവരുമെന്നു തോന്നുന്നു മട്ടു കണ്ടിട്ടു്. കുസുമത്തിന്റെ വീടു് പരിശോധിക്കാൻ പുറപ്പെട്ടേക്കും.

നിരപരാധിയായ കുസുമം! ലജ്ജയും വെറുപ്പും കാരണം അവൾ അതിനു ശേഷം കഴുത്തിൽ കയറിട്ടു തൂങ്ങിമരിച്ചുവെന്നും വരും. ഇതിന്മേൽ കയറി പിടിച്ചു് ഓരോരുത്തർ പിന്നെയും എന്തൊക്കെപ്പറഞ്ഞെന്നു വരും. അവരുടെ ഗ്രാമത്തിൽ ഈ വാർത്തയെത്തിയാലോ. പിന്നെ തലപൊക്കി നടക്കാൻ നോക്കണ്ട, അവിടെ.

അയാൾ ഒരിക്കലെങ്കിലും ആരുടെയെങ്കിലും ഒരു ബീഡിയോ തീപ്പെട്ടി കൊള്ളിയോപോലും മോഷ്ടിച്ചിട്ടില്ല. അങ്ങനെയുള്ള ആളാണു് ഹോട്ടലിൽ കടന്നു പാത്രങ്ങൾ കക്കുന്നതു്. തനിക്കും അവകാശപ്പെട്ട സാധനങ്ങൾ അയാൾ ഇടക്കു കുസുമത്തിനു കൊണ്ടുപോയി കൊടുക്കാറുണ്ടു്. ശരിതന്നെ. അതൊന്നും ‘തിരുടി’യെടുത്ത മുതലല്ല. അതൊക്കെ അയാൾ തിന്നട്ടെ, അല്ലെങ്കിൽ കുസുമം തിന്നട്ടെ.

ഹാജാരിയും മതിയും സ്റ്റേഷനിൽ രണ്ടുമണിക്കൂറോളം കുത്തിയിരുന്നു. ചക്കത്തിയും പത്മയും തങ്ങൾക്കു് ഇവർ രണ്ടുപേരുടേയും പേരിലാണു സംശയമെന്നു പറയുന്നതു് ഹാജാരി കേൾക്കയുണ്ടായി. അപ്പോൾ പോലീസ് അവർ രണ്ടുപേരേയും പിടികൂടാതെ വിടുമോ?

ഇൻസ്പെക്ടർ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. ഒന്നരമണിയോടെ അയാൾ എത്തി. കളവിനെ സംബന്ധിച്ച റിപ്പോർട്ടു കേട്ടു് പ്രതികളെ ഹാജരാക്കാൻ കല്പനയായി. ഹാജാരി കൈകൂപ്പി മുമ്പിൽ നിന്നു. ഇൻസ്പെക്ടർ ചോദിച്ചു: “എത്രനാളായി ഹോട്ടൽ പണി തുടങ്ങിയിട്ടു്?”

“അതോ ബാബു, അഞ്ചാറുവർഷങ്ങളായി.”

“പാത്രങ്ങൾ മോഷ്ടിച്ചു് എവിടെ വെച്ചിരിക്കുന്നു?”

“രക്ഷിക്കണം ബാബു, എനിക്കു വയസ്സു് നാല്പത്തിയാറായി. ഇതു വരെ ഒരു ബീഡി പോലും ആരുടേയും മോട്ടിച്ചിട്ടില്ല.”

ഇൻസ്പെക്ടർ ഭീഷണി സ്വരത്തിൽ പറഞ്ഞു: “ആ വക തട്ടിപ്പുകളെല്ലാം അങ്ങുവെച്ചേക്കു. നീയും ആ വേലക്കാരനും ചേർന്നും ഗൂഢാലോചന നടത്തി, കട്ടു. സമ്മതിച്ചോളിൻ.”

“ബാബു, എനിക്കിതെപ്പറ്റി യാതൊന്നും അറിയില്ല. ഞാൻ രാത്രി ഹോട്ടലിൽ ഉണ്ടായിരുന്നില്ല.”

“എവിടെയായിരുന്നു?”

“സ്റ്റേഷൻ പ്ലാറ്റ് ഫോറത്തിലായിരുന്നു പുലരുംവരെ കിടന്നതു്.”

“എന്തിനു്?”

“ബാബു, ഞാൻ അത്താഴം കഴിഞ്ഞു എന്നും ചൂർണ്ണിക്കരയിൽ നടക്കാൻ പോകാറുണ്ടു്. നല്ല ഉഷ്ണമുണ്ടായിരുന്നതുകൊണ്ടു് ഇന്നലെ കുറച്ചധികം നേരം അവിടെത്തന്നെയിരുന്നു. തിരിച്ചുവന്നപ്പോൾ വാതിലടച്ചു കണ്ടു. അപ്പോൾ സ്റ്റേഷനിൽ…”

ഈ സമയം നേപാൾ ബാബു ഇംഗ്ലീഷിൽ ഇൻസ്പെക്ടരോടു് എന്തോ പറഞ്ഞു. ഇൻസ്പെക്ടർ തലയാട്ടിക്കൊണ്ടു പറഞ്ഞു: “ഒ! ശരി, നീ കുസുമം എന്നൊരുത്തിയുടെ വീട്ടിൽ പോക്കുവരത്തുണ്ടോ?”

“ബാബു, കുസുമം എന്റെ ഗ്രാമത്തിലെ സ്ത്രീ. പാവപ്പെട്ട വിധവ, അവളെ ഞാൻ മകളെപ്പോലെ വിചാരിക്കുന്നു. അവളും എന്നെ അച്ഛനായിട്ടാണു് വിചാരിക്കുന്നതു്. അച്ഛനോടെന്നപോലെ എന്നോടു പെരുമാറുന്നു. അവിടെ ഞാൻ പോകുന്നുണ്ടെങ്കിൽ അതിലെന്താണു കുറ്റം. ബാബു, ഇവിടെന്നുതന്നെ പറയണം. ഈ വാർത്ത പടച്ചുണ്ടാക്കിയതു് ഞങ്ങളുടെ ഹോട്ടലിലെ വേലക്കാരി പത്മയാണു്. അവൾക്കു് എന്നെ കണ്ണെടുത്തു കണ്ടുകൂടാ കുസുമത്തെയുമില്ല. ഞങ്ങൾക്കെതിരെ പല ജാതി അശ്രീകരം പിടിച്ച അപവാദങ്ങൾ അവൾ തന്നെയാണു് പരത്തിവിടുന്നതു്. ഇവിടന്നാണു് ഞങ്ങൾക്കുടയവൻ ദൈവം. തലക്കുമുകളിൽ ചന്ദ്രസൂര്യന്മാരുണ്ടു്. എനിക്കു വയസ്സു് അൻപതിനോടടുക്കാറായി. എനിക്കു് ഇന്നോളം ആ വശത്തേക്കു് ബുദ്ധി തിരിഞ്ഞിട്ടില്ല. ഞാനവളെ മകളെപ്പോലെ വിചാരിക്കുന്നു. അവളെ ഇതിനിടയിലേക്കു പിടിച്ചുവലിക്കാതിരിക്കു. അവൾ കുടുംബം നോക്കുന്ന ഒരാകുലവധുവാണു്. അവൾ ഇതു പൊറുക്കാനരുതാതെ ആത്മഹത്യചെയ്തുകളയും.”

ഇൻസ്പെക്ടർ ബുദ്ധിമാനും അനുഭവസമ്പന്നനുമായിരുന്നു. ഹാജാരിയുടെ മുഖഭാവം കണ്ടു് അയാൾ കളവല്ല പറയുന്നതെന്നു ബോദ്ധ്യമായി.

ഇൻസ്പെക്ടർ മതിയെ വളരെ നേരം ക്രോസ് ചെയ്തുനോക്കി. അതു കൊണ്ടും വിശേഷിച്ചു് ഒരു തെളിവും കിട്ടിയില്ല. അവൻ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഹോട്ടലിൽ താൻ അന്തംവിട്ടു് ഉറങ്ങുകയായിരുന്നു. തനിക്കു യാതൊന്നും അറിയില്ല. ഇൻസ്പെക്ടർ പറഞ്ഞു. ഇവർ രണ്ടുപേരേയും ലോക്കപ്പിലാക്കു. ഇങ്ങനെയായാൽ ഇവർ ഒന്നും പറയുന്ന മട്ടില്ല. ഇവരോടു കടുപ്പം കാണിച്ചാലേ നടപ്പുള്ളു.

ഈ ‘കടുപ്പ’മെന്നു പറഞ്ഞതിന്റെ അർത്ഥമെന്തെന്നു് ഹാജാരിക്കു മനസ്സിലാവും, ഇന്നു കുറെയധികം ദുഃഖം സഹിക്കേണ്ടിവരുമെന്നു തോന്നുന്നു. എല്ലാം സഹിക്കാമായിരുന്നു. കുസുമത്തിന്റെ പേർ മാത്രം ഇതിനിടക്കു് ഇനി പറയാതിരുന്നെങ്കിൽ!

ഏതാണ്ടു രണ്ടുമണിക്കു് ഒരു കാൺസ്റ്റബിൾ വന്നു കുറച്ചു് അരിയും പയറും മറ്റും വറുത്തതു് കൊണ്ടുചെന്നു കൊടുത്തു. രാവിലെ തൊട്ടു് ഹാജാരി ഒന്നും തിന്നിട്ടുണ്ടായിരുന്നില്ല. ആർത്തിയോടെ ഒക്കെത്തിന്നു. നാലുമണിക്കു രതൻ ഠാക്കുർ ഹോട്ടലിൽ നിന്നും ഹാജാരിക്കു ഭക്ഷണം കൊണ്ടുവന്നു.

അയാൾ പറഞ്ഞു: “വേറെ എടുത്തുവെച്ചിരുന്നതാണു്. ആരും കാണാതെയാണു കൊണ്ടുവന്നതു് ഹാജാരിയേട്ടാ! നിങ്ങൾക്കു ചോറുകൊണ്ടുവന്നതു് ആരും അറിഞ്ഞിട്ടില്ല.”

ഇൻസ്പെക്ടരുടെ അനുവാദം വാങ്ങിയാണു് രതൻ ഠാക്കുർ ലോക്കപ്പിൽ ചോറുകൊണ്ടുചെന്നതു്.എന്നാൽ അയാൾ മതിക്കു ചോറുകൊണ്ടുവരാൻ മറന്നു. ഹാജാരി പറഞ്ഞു: “ഈ ചോറു രണ്ടുപേരും കൂടി കഴിച്ചോളാം.”

രതൻ പറഞ്ഞു: “ഹോട്ടലിൽ വലിയ പ്രപഞ്ചം തന്നെ. ഒരു പകരക്കാരനെ അടുക്കളപ്പണിക്കു കൊണ്ടുവന്നിരുന്നു. അയാൾ ഇട്ടെറിഞ്ഞു് ഉച്ചക്കു തന്നെ പൊയ്ക്കളഞ്ഞു അധ്വാനഭാരം സഹിക്കാനാകാതെ. അനേകം ശാപ്പാടുകാർ മടങ്ങിപ്പോയി. പത്മ പറയണു നിങ്ങളും മതിയും കൂടിയാണു പാത്രങ്ങൾ മോഷ്ടിച്ചതെന്നു്. കുസുമത്തിന്റെ വീടു പരിശോധിപ്പിക്കാതെ അവൾ വിടില്ലാത്രേ. അവിടെയാണത്രേ പാത്രങ്ങൾ ഒളിപ്പിച്ചിരിക്കുന്നതു്. യജമാനനും അതുതന്നെയാണു പറയുന്നതു്. നിങ്ങൾ ഒട്ടും വിചാരപ്പെടേണ്ട ഹാജാരിയേട്ടാ കേസ്സെടുക്കയാണെങ്കിൽ ഞങ്ങൾ നിങ്ങൾവേണ്ടി വക്കീലിനെ ഏർപ്പാടുചെയ്തു തരും… അതിനുവേണ്ട പണം ഞങ്ങൾ തരും. നിങ്ങളല്ല ഇതു ചെയ്തതെന്നു് എനിക്കറിയാം. മറ്റാരും അറിഞ്ഞില്ലെങ്കിൽ വേണ്ട. നിങ്ങൾ ഏതുതരത്തിലുള്ള ആളാണെന്നു് എനിക്കു നന്നായിട്ടറിയാം.”

ഹാജാരി രതനിന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു: “സഹോദരാ, മറ്റെന്തുമാകട്ടെ, കുസുമത്തിന്റെ വീടു പരിശോധിക്കുവാൻ ചെല്ലുന്നതു കൂടാതെ കഴിക്കാൻ ഏതുവിധവും നിങ്ങൾ ശ്രമിക്കണം. ഏതെങ്കിലും വക്കീലിനെ വേണമെങ്കിൽ ഏർപ്പാടു ചെയ്യു. എനിക്കു രണ്ടുമാസത്തെ ശമ്പളവും കിട്ടാനുണ്ടു്. അതു ഞാൻ നിങ്ങൾക്കു തരാം.”

രതൻ ചിരിച്ചുകൊണ്ടു് പറഞ്ഞു: “നിങ്ങളുടെ ആ പണം യജമാനൻ ഇനി നിങ്ങൾക്കു തരുമെന്നു വിചാരിക്കുന്നുണ്ടോ? നിങ്ങൾ അതു തന്നാലും തരാതിരുന്നാലും ഞങ്ങൾ വക്കീലിനെ ഏർപ്പാടുചെയ്യും ഒട്ടും വിചാരപ്പെടേണ്ട. എത്ര പൈസ കിട്ടി ഇന്നോളം പണിയെടുത്തിട്ടു്? വല്ലതും ബാക്കിയുണ്ടോ? സൽക്കാര്യത്തിനായി രണ്ടു കാശു ചിലവാകട്ടെ”

ഹാജാരി പറഞ്ഞു: “ഇനി മതിക്കു ചോറു കൊടുത്തിട്ടുവരു. അവൻ വേറെ ഏതോ മുറിയിലാണു്.” രതൻ പറഞ്ഞു: “എനിക്കു മതിയെ സംശയമുണ്ടു്.”

“ഇല്ലെന്നാണു തോന്നുന്നതു്. അവനാണു മോഷ്ടിച്ചതെങ്കിൽ അതിനു ശേഷം ഇത്ര നിശ്ചിന്തനായി അവനുറങ്ങാൻ കഴിയുമായിരുന്നോ? അവൻ അത്തരക്കാരനല്ല എന്നാണു തോന്നണതു്.”

രതൻ ചോറെടുത്തുകൊണ്ടു പുറത്തേക്കു പോയി. നാലഞ്ചുദിവസം ഹാജാരിയും മതിയും ജയിലിൽ കിടന്നു. പോലീസ് എത്ര പ്രയത്നിച്ചിട്ടും ഇവർക്കെതിരായി തെളിവു സമ്പാദിക്കാനായില്ല. അതിനാൽ മോഷണത്തിന്റെ ചാർജുഷീറ്റും കൊടുക്കാനവർക്കു കഴിഞ്ഞില്ല. ആറാംദിവസം അവരെ വിട്ടു. മതി പറഞ്ഞു: “ഹാജാരിയേട്ടാ, ഇനിയെവിടെ പോകണം? നമ്മളെ ഇനി ഹോട്ടലിൽ എടുക്കുമോ?”

ഹോട്ടലിലെ പണി പോയതുതന്നെയെന്നു് ഹാജാരിക്കും അറിയാമായിരുന്നു. എന്നാൽ രണ്ടു മാസത്തെ ശമ്പളം ബാക്കിയുണ്ടു്, കിട്ടാൻ. ബേചു ചക്കത്തിയുടെ അടുക്കൽ ചെന്നു അതു ചോദിച്ചുവാങ്ങണം.

സമയം മൂന്നു മണി. ഈ സമയത്തു് യജമാനൻ ഹോട്ടലിലുണ്ടാവില്ല. അതിനാൽ സന്ധ്യക്കു ഹോട്ടലിൽ പോയാൽ മതി എന്നു തീരുമാനിച്ചു. വളരെ നാളായല്ലോ ചൂർണിക്കരയിൽ പോയിട്ടു്. രാധാവല്ലഭ നടക്കൽ ചെന്നു നമസ്കരിച്ചു്, അയാൾ തന്നിൽ തന്നെ ലയിച്ചു് പുഴക്കരയിൽ ചെന്നിരുന്നു.

അവിടെയിരുന്നു കുറെക്കഴിഞ്ഞപ്പോഴാണു് താൻ അന്നു് ഉണ്ടിട്ടില്ല എന്നു് ഹാജാരി ഓർത്തതു്. രതൻ ദിവസവും ലോക്കപ്പിൽ ചോറുകൊണ്ടു പോയി കൊടുക്കാറുണ്ടായിരുന്നു. രണ്ടുദിവസമായിട്ടു് എന്തുകൊണ്ടോ അയാളെ കണ്ടില്ല. ഒരുസമയം പത്മ അറിഞ്ഞുവശായി അരുതെന്നു വിലക്കിക്കാണും. അതോ തനിക്കു ചോറുകൊണ്ടുവന്നു തന്നവകക്കു് അയാളുടെ പണിയും പോയോ?

ഒറ്റ പൈസയില്ല കൈവശം, വല്ലതും തിന്നാൻ വാങ്ങണമെന്നുവെച്ചാൽ. ലോക്കപ്പിൽ കിട്ടിയിരുന്ന ഭക്ഷണം ഹാജാരി ഒരുനേരവും ഭക്ഷിക്കയുണ്ടായില്ല. ഇന്നും ഒരു കാൺസ്റ്റബിൾ ചോറുകൊണ്ടുവരികയുണ്ടായി. ഹാജാരി പറഞ്ഞു: “തിവാരി സാർ, എനിക്കു കുറച്ചു അവിൽ കൊണ്ടുവന്നു തന്നാൽ നന്നായിരുന്നു. എനിക്കു സുഖമില്ല. ചോറു കഴിക്കില്ല.”

പന്ത്രണ്ടു മണിക്കു് രണ്ടുതരി അവിലുതിന്നതാണു്. അതിനുശേഷം ഒന്നും അകത്തേക്കു പോയിട്ടില്ല. ഇനി സന്ധ്യ കഴിഞ്ഞു് ഹോട്ടലിൽ നിന്നു വല്ലതും കഴിക്കാം. പാത്രങ്ങൾ മോഷ്ടിച്ചതു് മറ്റാരുമല്ല, പത്മതന്നെയാണെന്നായിരുന്നു ഹാജാരിയുടെ വിശ്വാസം. ലോക്കപ്പിലിരുന്നു ചിന്തിക്കുന്തോറും അയാൾക്കു് ഈ വിശ്വാസത്തിനു് ഉറപ്പു കൂടിവരുകയുണ്ടായി. പുറത്തു് ആരോടൊ ഗൂഢാലോചന നടത്തി പറ്റിച്ച ദ്രോഹം. അവളുടെ സ്വഭാവം അതിക്രൂരമാണു്. ഒന്നിനും മടിയില്ല. കഴിഞ്ഞകൊല്ലം ഉണ്ണാൻ വന്ന ഒരു വിദ്വാന്റെ തുണിസ്സഞ്ചി കാണാതാവുകയുണ്ടായി. അതും അവൾ പറ്റിച്ച പണിതന്നെയാവണം എന്നു ഇപ്പോൾ ഹാജാരിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു.

ഈ തോന്നൽ അയാൾക്കു് പത്മയോടുള്ള വിദ്വേഷം കൊണ്ടുണ്ടായതല്ല. പത്മയുടെ ഇത്തരത്തിലുള്ള പല വിക്രിയകളും കഴിഞ്ഞ ആറുവർഷമായി അയാൾ കണ്ടുവരുന്നു. ആദ്യമാദ്യം അയാൾക്കു് അതൊന്നും അത്രക്കു പിടികിട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാം നിരത്തിവെച്ചു നോക്കുമ്പോൾ പലതും തെളിഞ്ഞുവരുവാൻ തുടങ്ങിയിരിക്കുന്നു.

വൃദ്ധനായ ബേചു ചക്കത്തി വേലക്കാരി പത്മയുടെ കൈപ്പിടിയിലാണു്. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു ഭാവിക്കുന്നു. ഹോട്ടലിനു് എത്ര വലിയ കെടുതിയാണു് അവൾ വരുത്തിവെക്കുന്നതെന്നു് അയാൾക്കു് ഇപ്പോഴില്ലെങ്കിൽ പിന്നീടു് അറിയാറാവും.

രതൻ ഠാക്കുറും അന്നു് ഒരു ദിവസം ചോറുകൊണ്ടു ചെന്നപ്പോൾ പലതും പറയുകയുണ്ടായി. ഹാജരിയേട്ടാ, ഹോട്ടലിലെ പകുതിയോളം സാധനങ്ങൾ പത്മയുടെ വീട്ടിലാണു്. ഈയിടെയായിട്ടു് ചന്തസ്സാമാനങ്ങളും പോകാൻ തുടങ്ങിയിരിക്കുന്നു. അന്നുതന്നെ കണ്ടില്ലേ കുമ്പളങ്ങയുടെ കാര്യം? അവൾ ഹോട്ടൽ വിഴുങ്ങിക്കളയും, പറഞ്ഞേക്കാം. പത്മക്കു് എന്തുകൊണ്ടാണു വീടിനോടു് ഇത്ര മമത എന്നും എനിക്കറിയാം. എന്നാലും പറയുന്നില്ല തൽക്കാലം. എന്തുമാവട്ടെ, എട്ടുരൂപയുടെ മാസപ്പടി ഈ കഷ്ടകാലത്തു് അതും കുമ്പിളിലായാലോ?”

സന്ധ്യക്കു് ഹാജാരി നേരെ ഇരിപ്പുമുറിയിലൂടെ കടക്കാൻ ധൈര്യപ്പെടാതെ അടുക്കളയിലൂടെ ഹോട്ടലിൽ കടന്നു. അവിടെ രതൻ ഠാക്കുറിനെ കാണാമെന്നായിരുന്നു പ്രത്യാശ. എന്നാൽ അതിനുപകരം ഒരു ഒറീസ്സക്കാരൻ ബ്രാഹ്മണൻ ‘ദേഹണ്ണം’ നടത്തുന്നതു കണ്ടു് വന്നവഴി പുറത്തേക്കിറങ്ങാൻ തുടങ്ങി. അപ്പോഴുണ്ടു് ഭക്ഷണമുറിയിൽ നിന്നു് പത്മ വിളിച്ചു ചോദിക്കുന്നു. “ആരതു്? ആരാണു് ഇറങ്ങിപ്പോകുന്നതു്?”

ഹാജാരി തിരിഞ്ഞുനിന്നു പറഞ്ഞു: “ഞാൻ തന്നെ പത്മയേടത്തി.”

പത്മ വേഗം മുറിയിൽനിന്നു പുറത്തേക്കു വന്നു. “ഞാനോ? ഞാനെന്നു വെച്ചാൽ? ഓ, ഹാജാരി ഠാക്കുർ? എന്താണിങ്ങോട്ടിറങ്ങിയതു്? എന്താണിത്ര വേഗം ഇറങ്ങിപ്പൊയ്ക്കളഞ്ഞതു്? വന്നതെന്തിനു് വന്നാലോ പോയതെന്തിനു്.”

“ഇന്നാണു ലോക്കപ്പിൽ നിന്നും വിട്ടതു് പത്മയേടത്തി, വേറെയെവിടേക്കു പോകും? പോകാനൊരിടവും എനിക്കില്ല. ഹോട്ടലിലേക്കായിട്ടുതന്നെ വന്നതാണു്. വല്ലാതെ വിശക്കുന്നു. രണ്ടുവറ്റു തിന്നാമെന്നോർത്തു. അടുക്കളയിൽ കടന്നു നോക്കിയപ്പോൾ രതൻ ഠാക്കുർ ഇല്ല. അതുകൊണ്ടു് മുൻവശത്തു കൂടി ഇരിപ്പുമുറിയിലേക്കു പോകാൻ.”

“എന്നാൽ പൊയ്ക്കോളൂ ഇരുപ്പുമുറിയിലേക്കു്. ഈ ഭക്ഷണമുറിയിൽ കൂടെത്തന്നെയാകട്ടെ.”

ഹാജാരി സങ്കോചത്തോടെ ഭക്ഷണമുറിയിലൂടെ ബേചുചക്കത്തിയിരിക്കുന്ന മുറിയിലേക്കു ചെന്നു. പുറകെ, പത്മയും.

ബേചുചക്കത്തി പറഞ്ഞു: “അല്ലാ, ഹാജാരിയല്ലേ ഇതു്. എന്താണു പോന്നതു്?”

ഹാജാരി പറഞ്ഞു: “അതെ യജമാനനെ പോലീസ് ഇന്നുവിട്ടു. അതാണു പോന്നതു്. അല്ലാതെവിടെക്കു പോകും? ഇവിടത്തെ വാതിൽക്കൽ രണ്ടു വറ്റു വാരിത്തിന്നുകൊണ്ടു കിടന്നോട്ടെ. അല്ലാതെനിക്കും എന്തു ഗതി, അന്നദാതാവേ!”

ബേചു ചക്കത്തി വല്ലതും പറയുന്നതിനുമുമ്പായിത്തന്നെ പത്മ മുമ്പിലേക്കു കടന്നു നിന്നു പറഞ്ഞു: “ഇയാളെ ഇനി ഒരു വിനാഴിക ഇവിടെ നിർത്തരുതു ബാബു. ഈ നിമിഷം പറഞ്ഞയച്ചേക്കു. തികഞ്ഞ തിരുടൻ. പോലീസുകാർക്കും പിടികിട്ടാത്തവൻ.”

ഹാജാരിക്കു ദേഷ്യം വന്നു. പത്മയോടു് ഈ സ്വരത്തിൽ അയാൾ മുമ്പൊരിക്കലും സംസാരിച്ചിട്ടില്ല. അയാൾ പറഞ്ഞു: “നിങ്ങൾ ഞാൻ പാത്രം എടുക്കുന്നതു കണ്ടോ, പത്മയേടത്തി?”

പത്മ പറഞ്ഞു: “നിങ്ങൾ കണ്ണു ചുവപ്പിച്ചാൽ കുലുങ്ങുന്നവളല്ല പത്മ, ധരിച്ചോളിൻ. എന്നോടു് ഇത്തരം വർത്തമാനങ്ങൾ പറയാൻ വരണ്ട. പാത്രങ്ങൾ എടുക്കുന്നതു ഞാൻ കണ്ടിരുന്നെങ്കിൽ അപ്പോൾ വീഴുമായിരുന്നല്ലോ കൈകളിൽ വിലങ്ങു്.”

ഹാജാരി സ്വയം നിയന്ത്രിച്ചുകഴിഞ്ഞിരുന്നു ഇതിനിടക്കു്. കീഴ്പെട്ടിട്ടേ അയാൾക്കു ശീലമുള്ളു, വലിയവരുടെ മുമ്പിൽ എളിയ നിലപാടേ അഭ്യസിക്കുകയുണ്ടായിട്ടുള്ളു. പിന്നെയെവിടന്നാണുണ്ടാവുക, കടുത്ത സ്വരത്തിൽ സംസാരിക്കാൻ വേണ്ട വീര്യം?

അയാൾ ശാന്തനായി പറഞ്ഞു: “ഇല്ലില്ല, എന്തിനാണു ദേഷ്യം പത്മേടത്തി? ഞാൻ പറഞ്ഞെന്നേയുള്ളു. പാത്രമെടുക്കുന്നതു് കണ്ടിട്ടില്ലാത്ത സ്ഥിതിക്കു് ഞാൻ ഒരു ദരിദ്രബ്രാഹ്മണൻ, നിങ്ങളുടെ പടിക്കൽ കിടന്നു പട്ടിണി പോക്കുന്നു. അങ്ങിനെയുള്ള എന്നെ എന്തിനു്…”

ഇത്രയുമായപ്പോൾ ബേചുചക്കത്തി ഇടപെട്ടു.അയാൾ അല്പം മയപ്പെടുത്തിയ സ്വരത്തിൽ പറഞ്ഞു: “പോട്ടെ പോട്ടെ, വാദപ്രതിവാദം കൊണ്ടു കാര്യമില്ല. എന്റെ പാത്രങ്ങൾ അതുകൊണ്ടു തിരിച്ചു കിട്ടില്ല. രണ്ടുപേരും മതിയാക്കിൻ! എന്നിട്ടു്—നിങ്ങൾ എന്തു പറയണു ഹാജാരി?”

“എനിക്കു് ഇതുവരെ ആശ്രയം തന്നപോലെ ഇനിയും അനുഗ്രഹിച്ചു തരണമെന്നാണു് അപേക്ഷ, ബാബു, ഞാൻ കള്ളനല്ല, ബാബു! ഞാനാണു കട്ടതെങ്കിൽ എനിക്കു ബാബുവിന്റെ മുമ്പിൽ വന്നു നിൽക്കാൻ കഴിയുമായിരുന്നില്ല.”

പത്മ പറഞ്ഞു: “കട്ടോ ഇല്ലയോ എന്നും തെളിയിക്കേണ്ട ആവശ്യമൊന്നുമില്ല. നിങ്ങൾക്കു് ഇനിയിവിടെ സ്ഥാനമില്ല. നിങ്ങളെ ഇനി ഇവിടെവെച്ചുകൊണ്ടിരുന്നാൽ ഊണുകാർ പൊയ്ക്കളയും.”

ബേചു ചക്കത്തി പറഞ്ഞു: “അതു ശരിയാണു്. ഊണുകാർ പൊയ്ക്കളഞ്ഞാൽ ഞാൻ ഹോട്ടൽ നടത്തുന്നതു് ആർക്കുവേണ്ടി?”

ഹാജാരിക്കു് ഈ യുക്തിയുടെ പൊരുൾ പിടിയിൽ വന്നില്ല. ഹോട്ടൽ പണിക്കാരൻ മോഷ്ടാവാണെങ്കിൽ ഹോട്ടലിലെ വസ്തുക്കൾ തട്ടിക്കൊണ്ടുപോയെന്നുവരാം. ശാപ്പാടിനുവരുന്നവരുടെമേൽ നിന്നു് ഉത്തരീയം വലിച്ചെടുക്കയോ അവരുടെ കീശയറുക്കുകയോ ചെയ്കയില്ലല്ലോ. പിന്നെ ശാപ്പാടുകാർക്കു വരാനെന്താണു തടസ്സം? എന്നാൽ ഹാജാരിക്കു് ആ ചോദ്യം ഉന്നയിക്കുവാൻ കഴിഞ്ഞില്ല. അയാളെ പിരിച്ചുവിട്ടിരിക്കുന്നു. അയാൾ വല്ലതും ഭക്ഷിച്ചോ എന്നുപോലും ചോദിക്കാനാളുണ്ടായില്ല. അവസാനം അയാൾ പറഞ്ഞു: “എന്നാൽ എന്റെ ശമ്പളം തന്നേക്കു ബാബു! രണ്ടുമാസത്തേതുണ്ടു്, ബാക്കി. മുൻകൂർ വാങ്ങിയിട്ടില്ല. കണക്കു നോക്കൂ.”

ബേചുചക്കത്തി പറഞ്ഞു: “അതിപ്പോൾ പറ്റില്ല, പിന്നെ വരു.”

പത്മ ഒന്നുകൂടി തെളിച്ചുതന്നെ പറഞ്ഞു: “ആ മോഹം വിട്ടേക്കു ശമ്പളം കിട്ടുകയില്ല.”

“എന്തുകൊണ്ടു കിട്ടില്ല?”

പത്മ ചൊടിച്ചുകൊണ്ടു പറഞ്ഞു: “എനിക്കിപ്പോ ഇതേപ്പറ്റി നിങ്ങളോടു തർക്കിക്കാൻ മനസ്സില്ല. കിട്ടില്ല, അത്രതന്നെ. പോയി അന്യായം കൊടുക്കു. കോടതി തുറന്നുവെച്ചിട്ടുണ്ടല്ലോ.”

ഹാജാരിയുടെ കൺമുമ്പിൽ ഇരുട്ടു പരന്നു.

ബേചു ചക്കത്തിയുടെ നേരെ നോക്കി സവിനയം അറിയിച്ചു: “യജമാനനെ! ഇന്നേക്കു് ആറുകൊല്ലമായി ഇവിടത്തെ ദാസ്യം ചെയ്യുന്നു. എന്റെ വശം ഒരു പൈസപോലുമില്ല. വീട്ടിലേക്കു് പണമയച്ചിട്ടില്ല. വീട്ടിലേക്കു പോകാനുള്ള വണ്ടിക്കൂലി പോലുമില്ല, എനിക്കൊന്നും തന്നില്ലെങ്കിൽ പട്ടിണി കിടന്നു ചത്തുപോകും.”

ബേചു വർത്തമാനത്തിനു നിൽക്കാതെ കാഷ് ബോക്സ് തുറന്നു എട്ടണയെടുത്തു് ഹാജാരിക്കുനേരെയെറിഞ്ഞിട്ടു പറഞ്ഞു: “ഇതുകൊണ്ടു പോകൂ. ഇനി ഇവിടെ നിന്നു കുരയ്ക്കണ്ട. ഊണുകാർ വരണസമയമായി. പുറത്തുകടന്നുപോ.”

ഹാജാരി അണ നിലത്തുനിന്നു പെറുക്കിയെടുത്തു്, തുണിത്തുമ്പിൽ കെട്ടി, കൈകൂപ്പി നടകുനിച്ചു ബേചുവിനെ നമസ്കരിച്ചു. പിന്നെ നിവർന്നു നിന്നു് ചോദിച്ചു: “അപ്പോൾ ബാബു, ശമ്പളത്തിനു് എന്നു വരണം?”

“വരു ഇനിയെന്നെങ്കിലും ഒരു ദിവസം വരു. അപ്പോൾ നോക്കാം നമുക്കു്.”

ഇതു കഴമ്പില്ലാത്ത ഒരു മറുപടിയാണെന്നു് മനസ്സിലാക്കാൻ ഏറെ താമസമുണ്ടായില്ല. പത്മ പറഞ്ഞതായിരുന്നു ശരി. ശമ്പളം അവർ കൊടുക്കുകയില്ല. ഒടുവിലത്തെക്കയ്യായിട്ടു് ഒന്നു ശ്രമിച്ചുനോക്കുകതന്നെ. രണ്ടും കല്പിച്ചുള്ള ഒരു പ്രയത്നം. ബേചു ചക്കത്തിയോടു യാത്ര പറഞ്ഞു് അയാൾ പുറകിലൂടെ ഹോട്ടലിലെ മടപ്പിള്ളിയിൽ എത്തി. കുറച്ചു കഴിഞ്ഞു ദാസി പത്മ അവിടെ വന്നപ്പോൾ അയാൾ തൊഴുതു പറഞ്ഞു: “പത്മയേടത്തി സാധു ബ്രാഹ്മണൻ. ഇത്ര കാലം പണിയെടുത്തു. ഒരു ചെറുകിണ്ണം പോലും മോഷ്ടിച്ചിട്ടില്ല. എത്ര ദരിദ്രനാണു് ഞാൻ. നിങ്ങൾ യജമാനനോടു് ഒന്നു പറഞ്ഞു് എന്റെ ശമ്പളം തരുവിക്കു. ഇല്ലെങ്കിൽ കുടിയിൽ കുഞ്ഞുകുട്ടികൾ പട്ടിണികിടന്നു ചത്തു പോകും. ഈ എട്ടണയാണു് ഒരേ അവലംബം. രാധാമാധവനെ പിടിച്ചു ആണയിടാം. ഇതുകൊണ്ടു് ഞാനെന്തുവാങ്ങിത്തിന്നും, എങ്ങിനെ തീവണ്ടി കൂലികൊടുക്കും? വീട്ടിലേക്കെന്തു വാങ്ങിക്കൊണ്ടുപോകും?”

“ഞാനാരാണു നിങ്ങൾക്കു ശമ്പളം തരാൻ യജമാനൻ പറയുന്നതിലപ്പുറം എന്നെക്കൊണ്ടു വല്ലതുമാവുമോ?”

“അങ്ങോരോടു് ഒന്നു പറയൂ പത്മയേടത്തി. പട്ടിണി കിടന്നു ചത്തുപോകും കുട്ടികൾ.”

“നിങ്ങളുടെ ഇഷ്ടക്കാരി കുസുമമില്ലേ? ഇപ്പോഴെന്തിനാണു് പത്മേടത്തി?”

ഇനി ഒരു നിമിഷം പോലും ഇവിടെ നില്ക്കരുതെന്നു് ഹാജാരിക്കുതോന്നി. ഇങ്ങനെയുള്ള ഇടങ്ങളിൽ വെച്ചു് കണ്ടവന്റെ നാവുകൊണ്ടു് കുസുമത്തിന്റെ പേർ ഉച്ചരിക്കുന്നതു്, വിശേഷിച്ചും പത്മയുടെ—കേൾക്കുവാൻ അയാൾ തീരെ ആഗ്രഹിച്ചില്ല. പത്മ മടപ്പള്ളിയിൽനിന്നു പോയി.

കുറച്ചുനേരം കൂടിനിന്നു് പോകാൻ ഭാവിക്കുമ്പോൾ പത്മ വീണ്ടും പ്രവേശിച്ചു ചോദിച്ചു “അല്ലാ, പോകയാണു്? നിങ്ങളുടെ ഊണുകഴിഞ്ഞോ?”

ഹാജാരി അന്തം വിട്ടു പത്മയുടെ മുഖത്തേക്കു നോക്കിപ്പോയി. ഈ വിധത്തിലുള്ള വർത്തമാനംഅയാൾ അവളിൽ നിന്നു്, ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അയാൾ പതുക്കെപ്പതുക്കെ പറഞ്ഞു: “ഇല്ല… ഊണു്… ഇന്നു്… ഇല്ല… ഇല്ല എന്നുതന്നെ വെച്ചോളൂ.”

“എന്നാൽ ഇരിക്കു, ഇനിയും മീൻ തയ്യാറായിട്ടില്ല. തയ്യാറായിട്ടു് ഊണു കഴിച്ചുപോകാം. എന്താണു നിൽക്കുന്നതു് ? ഇരിക്കു ഒരു പലകയെടുത്തിട്ടു്.”

ഹാജാരി ഒരു പാവയെപ്പോലെ അവിടെയിരുന്നു. പത്മ അയാളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. പത്മയുടെ സഹതാപം… എഴു വർഷങ്ങൾക്കിടക്കു് ഒരിക്കലും കാണാത്തതു്. ആശ്ചര്യകരമായ സംഭവം തന്നെ.

മീൻ അടുപ്പത്തുനിന്നിറക്കി പുതിയ വെപ്പുകാരൻ ഹാജാരിക്കു ചോറു വിളമ്പി. പത്മയെ പിന്നീടു് അവിടെയെങ്ങും കാണുകയുണ്ടായില്ല. അവൾ ഭക്ഷണമുറിയിൽ തിരക്കിട്ടു പണിയെടുക്കയാവും. പുതിയ വെയ്പുകാരൻ ഹാജാരിയെ അറിയില്ലെങ്കിലും അവിടെ നടന്ന വർത്തമാനങ്ങളിൽനിന്നും ഹോട്ടലിലെ പഴയ വേലക്കാരനായിരുന്നുവെന്നു മനസ്സിലാക്കി. ജോലിയിൽ നിന്നു പിരിഞ്ഞു പോകുന്ന ഒരുവൻ. അതിനാൽ അയാൾ ഹാജാരിയെ വളരെ കാര്യമായിത്തന്നെ ഇരുത്തിയൂട്ടി. പോകാറായ സമയം ഹാജാരി പത്മയെ വിളിച്ചുപറഞ്ഞു: “പത്മയേടത്തി, ഞാൻ വരട്ടെ. മനസ്സിൽ ഒന്നും തോന്നരുതു്.”

പത്മ വാതിൽക്കലേക്കു നീങ്ങി നിന്നിട്ടു പറഞ്ഞു: “നില്ക്കു ഠാക്കുർ. ദാ രണ്ടുരൂപ കയ്യിൽ വെച്ചോളു. യജമാനൻ തന്നതാണു് ശമ്പളത്തിന്റെ വക. തീർന്നു, ഇനി ഒന്നും ഇവിടന്നു കിട്ടില്ല എന്നു പറഞ്ഞേക്കാൻ എന്നെ ഏല്പിച്ചിരിക്കുന്നു, അങ്ങോര്.”

ഹാജാരി രൂപ വാങ്ങി പഴയ എട്ടണയുടെ കൂട്ടത്തിൽ തുണിത്തുമ്പിൽ കെട്ടി. എന്നാൽ സത്യമായും അയാൾ അത്ഭുതപ്പെട്ടുപോയി. വളരെയേറെ അത്ഭുതപ്പെട്ടു.

“ശരി. എന്നാൽ പുറപ്പെടട്ടെ.”

“അങ്ങനെതന്നെ. ഊണുകഴിഞ്ഞല്ലോ. ശരി.”

രാത്രി ഒൻപതരമണിയെങ്കിലും ആയിക്കാണും. എവിടെ പോകും ഈ അസമയത്തു്? പണി പോയി. എന്നാലും രണ്ടര രൂപയുണ്ടു് കയ്യിൽ. വീട്ടിൽ പോയിട്ടെന്തു ചെയ്യും? ജോലി അന്വേഷിക്കാതെ പറ്റില്ല. വീട്ടിൽ അനങ്ങാതിരുന്നാൽ കാര്യം നടക്കണ്ടേ? ജോലി പോകും എന്നു് അയാൾ ഓർത്തിരുന്നില്ല. അവസാനം ജോലി പോകതന്നെ ചെയ്തു.

റാണാഘാടിലെ ഒരു ഹോട്ടലിലും ഇനി തനിക്കു ജോലി കിട്ടാൻ പോകന്നില്ലെന്നും അയാൾക്കറിയാം. യദുബാഡയ്യേ ഒരിക്കൽ തന്നെ പണിക്കു വെക്കാൻ തയ്യാറായിരുന്നു. എന്നാൽ ഇപ്പോൾ മോഷണത്തിന്റെ അപവാദത്തിനു ലോക്കപ്പിൽ കിടന്നിട്ടുവരികയാണു്. ആരും തന്നെ ജോലിക്കു വെക്കില്ല.

താനറിയാതെതന്നെ ചൂർണ്ണിയുടെ തീരത്തിലെത്തിയിരിക്കുന്നതായി ഹാജാരി കണ്ടു. അയാളുടെ ആ പ്രിയപ്പെട്ട മരത്തിന്റെ ചുവട്ടിൽ ചെന്നിരിക്കും, ഇരുന്നു ചിന്തിക്കും, ചിന്തിക്കേണ്ട ഒട്ടേറെ സംഗതികൾ ഉണ്ടു്.

എന്നാൽ ഏതാണ്ടു രണ്ടു മണിക്കൂർ നദീതീരത്തിരുന്നു ചിന്തിച്ചിട്ടും ഒരു കാര്യത്തിനും ഉണ്ടായില്ല ഒരു തീരുമാനം. ഇന്നു രാത്രി സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കിടന്നു കഴിച്ചുകൂട്ടാം. പക്ഷേ, നാളെയെന്തു ഗതി?

രണ്ടര രൂപയിൽനിന്നും രണ്ടു രൂപ വീട്ടിലേക്കയക്കണം. ടേംപി—പാവം. ടേംപിയുടെ പശിയടക്കാൻ കഴിയാറില്ല അവളുടെയമ്മക്കു്.

അയാൾക്കു് ഇതു ചിന്തിക്കുമ്പോൾ തന്നെ അസഹ്യമായി തോന്നുന്നു. ഇല്ല, നാളെത്തന്നെ തപാലിൽ രൂപ അയക്കണം. തപാൽ ചിലവു് എട്ടണയിൽനിന്നു് എടുക്കണം. രണ്ടു രൂപ തികച്ചും വീട്ടിലെത്തണം. സ്റ്റേഷൻ പ്ലാറ്റ് ഫാമിൽ രാത്രിയുടെ അന്തിമ യാമത്തിലാണു് ഹാജാരിയുടെ കണ്ണൊന്നടഞ്ഞതു്. ഫരീദ് പൂർ ലോക്കലിന്റെ ഒച്ചകേട്ടു പുലർച്ചക്കുമുമ്പായി തന്നെ ഞെട്ടിയുണർന്നു. എന്നിട്ടും എഴുന്നേറ്റില്ല. ഇന്നു് വലിയ അടുപ്പിൽ കൂറ്റൻ പാത്രങ്ങൾ കയറ്റിവെക്കുവാൻ ബദ്ധപ്പെട്ടെഴുന്നേൽക്കേണ്ടതായിട്ടില്ലല്ലോ. എഴുന്നേറ്റിട്ടെന്തു ചെയ്യാൻ? വളരെ നേരം അയാൾ അതേപടി കിടന്നു. ഡൗൺഡാർജിലിങ്ങ് മെയിൽ വന്നു, പോയി. ബൻഗാവ് ലൈൻ ട്രെയിനും വിട്ടു. വെയിൽ വീശി, പ്ലാറ്റ്ഫോം വൃത്തിയാക്കാൻ തൂപ്പുകാർ എത്തി. മറ്റൊരു വണ്ടിക്കു കൈകൊടുത്തു, മൂർഷിദാബാദ്-ലാൽ ഗോല പാസഞ്ചർ.

“എയ് ആരാണിവിടെക്കിടന്നുറങ്ങുന്നതു്? എണീറ്റു മാറു്.” തൂപ്പുകാരൻ ശാസിച്ചു.

ഹാജാരിയെഴുന്നേറ്റു മൂരി നിവർന്നു് പൈപ്പിന്നരികിൽ ചെന്നു മുഖം കഴുകി.

ഇനി എവിടെക്കു്? എന്തുചെയ്യണം? കഴിഞ്ഞ ആറേഴുകൊല്ലമായി അയാൾ ഈവിധം ഒന്നും ചെയ്യാതെ കഴിച്ചുകൂട്ടിയ ദിവസം ഒന്നും തന്നെയില്ല. പണി പണി! എരിയുന്ന അടുപ്പത്തു പാത്രങ്ങൾ കയറ്റിവെക്കുക. അവിടന്നിറക്കുക, യജമാനന്നു ചായക്കു വെള്ളം തിളപ്പിക്കുക ഇന്നാർക്കാണു മാർക്കറ്റിൽ പോകേണ്ട ഊഴമെന്നു നോക്കുക. കൂകലും വിളിയും, ശാസനയും തട്ടിക്കയറ്റവും, പത്മയേടത്തിയുടെ കലശലുകൂട്ടൽ…

നന്നായിരുന്നു. പത്മയേടത്തിയുടെ തോന്നിവാസം പറയലും ഇപ്പോൾ രസമായിത്തോന്നുന്നു. പത്മ ചീത്തയല്ല, ഇന്നലെ ഭക്ഷണം തന്നില്ലേ? പണം തന്നില്ലേ? രതൻ ഠാക്കൂറും നല്ലവനാണു്. അയാളുടെ ഭാഗിനേയനും കൊള്ളാം. എല്ലാവരും നല്ലവർ തന്നെ. രതനിന്റെ ആ ഭാഗിനേയൻ ടേംപിക്കു ചേർന്ന വരൻ. രണ്ടുപേർക്കും നല്ല ചേർച്ച. ചെക്കനെ ഇഷ്ടമായി. ആകാശകുസുമം നടക്കാത്ത മോഹം. ടേംപിക്കു ഭക്ഷണം കഴിച്ചു ജീവിക്കുവാൻ പറ്റിയ പരിതസ്ഥിതി ഉണ്ടായതിൽ പിന്നെയല്ലേ വിവാഹം?

കഴിഞ്ഞ ആറുവർഷമായി ഹാജാരിക്കു തുടങ്ങിയതാണു് ഒരു ദുശ്ശീലം. രാവിലെയും വൈകിയിട്ടും ചായ കുടിക്കണം. ഇന്നു ചായകുടിക്കണമെങ്കിൽ സ്വന്തം പണം ചിലവാക്കേണ്ടിവരും. അതുകൊണ്ടു് ആ മോഹം അടക്കി.

പെട്ടെന്നാണു കുസുമത്തിനെ ഒന്നു കണ്ടിട്ടുവേണം പോകാനെന്ന വിചാരം ഉണ്ടായതു്. ആറേഴുനാളായല്ലോ അവളെ കണ്ടിട്ടു്. മോഷണത്തിനു ജയിലിൽ പോയ വിവരം ഒരുപക്ഷേ, അവൾക്കു കിട്ടിക്കാണില്ല. ആരുണ്ടു പറയാൻ. ചായ അവിടന്നു കുടിക്കാൻ തരപ്പെട്ടേക്കും. കുസുമവുമായിട്ടു് ഒന്നാലോചിക്കയും ചെയ്യാം. അയാൾക്കു് ഒന്നും തന്നെ പിടികിട്ടുന്നില്ല.

വാതിൽക്കൽ മുട്ടുകേട്ടു. പുറത്തുവന്ന കുസുമം ഹാജാരിയെക്കണ്ടു് അത്ഭുതപ്പെട്ടു: “അല്ലാ, വലിയച്ഛൻ അല്ലേ? എന്താണീ സമയത്തു്? ഇത്രനാളും കണ്ടില്ല.”

“വരു, അകത്തുചെന്നിരിക്കാം. ഒരുപാടു സംഗതികൾ പറയാനുണ്ടു്.”

കുസുമം നിലത്തു പായവിരിച്ചുകൊടുത്തു. ഹാജാരി അതിലിരുന്നിട്ടു പറഞ്ഞു: “മോളെ, ചായ വേണം.”

“ഇപ്പോഴുണ്ടാക്കിത്തരാം വലിയച്ഛാ, കാത്തിരിക്കു.”

ചായമാത്രമല്ല, കൂട്ടത്തിൽ കുറച്ചു ഹൽവ ഒരു പ്ലേറ്റിൽ. ചായകുടിക്കുന്നതിനിടക്കു് ഹാജാരി പറഞ്ഞു: “മോളേ, എന്റെ പണി പോയി.”

കുസുമം വിസ്മയത്തോടെ ചോദിച്ചു: “എങ്ങനെ?’

“മോട്ടിച്ചുവെന്നും പറഞ്ഞു്”

“മോട്ടിച്ചു?”

“എന്നാണു് അവർ പറയുന്നതു്. നാലഞ്ചുദിവസം സ്റ്റേഷനിലും കിടന്നു.”

“സ്റ്റേഷനിൽ കിടന്നു? ശുദ്ധകളവ്.”

കുസുമം നിൽക്കുകയായിരുന്നു. അവൾ ഹാജാരിയുടെ മുൻപിൽ അങ്ങനെ തന്നെ ഇരുന്നു കൗതുകത്തോടും അവിശ്വാസത്തോടുമൊപ്പം അയാളുടെ മുഖത്തേക്കു നോക്കി.

“അല്ല കുസുമം, സത്യമായും ലോക്കപ്പിലായിരുന്നു. കളവല്ല, മോഷ്ടിച്ചുവെന്ന കുറ്റംചുമത്തി…”

“ലോക്കപ്പിൽ കിടന്നിട്ടുണ്ടാവും വലിയച്ഛൻ, എന്നാൽ വലിയച്ഛൻ മോഷ്ടിച്ചിട്ടില്ല, ഒരിക്കലും മോഷ്ടിക്കയില്ല, മോഷ്ടിച്ചുവെന്നു പറയുന്നതാണു് കളവെന്നു ഞാൻ പറഞ്ഞതു്.”

“ഞാൻ മോഷ്ടിക്കയില്ലെന്നോ?”

“ഒരിക്കലുമില്ല, വലിയച്ഛാ! ഞാനറിയാത്ത ആളല്ലല്ലൊ, കാണാത്ത ആളല്ലല്ലോ വലിയച്ഛൻ.”

“മോളേ, നിനക്കെന്നെ ഇത്ര വിശ്വാസമോ?”

കുസുമം മറ്റൊരിടത്തേക്കു മുഖം തിരിച്ചു മിണ്ടാതിരുന്നു. അവൾ കരച്ചിലടക്കുവാനുള്ള ശ്രമത്തിലാണെന്നു തോന്നി.

ഹാജാരി രക്ഷപ്പെട്ടു. കുസുമം ശരിക്കും തന്റെ പുത്രിതന്നെ. കുസുമം സംഭവം ഏതുനിലയിലാണു് ശ്രവിക്കുക എന്നു് അയാൾക്കു വലിയ ഭയമുണ്ടായിരുന്നു. താൻ കള്ളനാണെന്നു് വിശ്വസിച്ചുപോയെങ്കിലോ? ലോകത്തിലെ ഏറ്റവും വലിയ ഒരവലംബം അയാൾക്കു നഷ്ടപ്പെട്ടുപോകും.

“വലിയച്ഛൻ ഇപ്പോൾ എവിടെനിന്നു വരുന്നു?”

“ഇന്നലെ രാത്രി സ്റ്റേഷനിൽ കിടന്നുറങ്ങി. വേറെയെവിടെപ്പോകാൻ? എണീറ്റു നേരെയിങ്ങോട്ടു പോന്നു. നിന്നെ ഒന്നു കാണണമെന്നു തോന്നി, പക്ഷേ, ഇനി ഏതൊരുനാൾ…”

“എന്തേ? എവിടെപ്പോകാൻ പോണു?”

“ഏതെങ്കിലും ഒരാശ്രയം തേടണമല്ലോ. അല്ലാതെ പറ്റില്ലെന്നു നിനക്കും അറിയാവുന്നതുതന്നെ. നോക്കട്ടെ എന്താണുണ്ടാവുകയെന്നു്.”

“ഇവിടെത്തന്നെ വേറെ വല്ല ഹോട്ടലിലും…”

“മോഷണത്തിന്റെ അപവാദമുള്ള സ്ഥിതിക്കു് ഇവിടെ ഒരു ഹോട്ടലുകാരും നിറുത്തുകില്ല. നോക്കട്ടെ, ഒന്നു ഗോയാഡിവരെ പോയിനോക്കിയാലോ എന്നാണാലോചന. അവിടെ ധാരാളം ഹോട്ടലുകൾ ഉണ്ടു്. അന്വേഷിച്ചുനോക്കട്ടെ.”

കുസുമം ഏതാനും നിമിഷം മിണ്ടാതിരുന്നിട്ടു പറഞ്ഞു: “ശരി, അതൊക്കെ പിന്നീടു നോക്കാം. ഇപ്പോൾ പോയി കുളിച്ചിട്ടുവരു. എണ്ണതരാം അതിനുശേഷം പാകം ചെയ്യാൻ വേണ്ടതൊക്കെ അടുപ്പിച്ചുതരാം. ഇവിടെത്തന്നെ അരിവെച്ചു ആഹാരം കഴിക്കാം.”

“വേണ്ട, മോളേ! എന്തിനീവക സൊല്ലകൾ? എന്തിനാണു അരിവക്കാനും മറ്റും പോകുന്നതു്. ഞാൻ ഇവിടെയിരുന്നു ഉള്ളു തുറന്നു സംസാരിക്കട്ടെ, കുറച്ചുനേരം. നിന്നോടു് അഭിപ്രായം ചോദിക്കണമെന്നു തോന്നി. അതിനാണു വന്നതു്. എന്താണു വേണ്ടതെന്നു് ഉപദേശിക്കു, ഒറ്റയ്ക്കു് ആലോചിച്ചിട്ടു ഒന്നും തോന്നുന്നില്ല, പോരെങ്കിൽ പ്രായവുമായി.”

“ആലോചനകളൊക്കെ പിന്നെ. ഇവിടെനിന്നും ഒന്നും കഴിച്ചില്ലെങ്കിൽ ഞാനും ഇന്നു മുഴുവൻ പട്ടിണി അതു പറഞ്ഞേക്കാം. കുളിച്ചുവരൂ, വേഗം, എന്നിട്ടു് അരി കഴുകിയിടു, എനിക്കും രണ്ടു വറ്റു പ്രസാദം കിട്ടുമല്ലോ. മകളുടെ വീട്ടിൽ വന്നിരിക്കുന്നു. അവൾ എത്ര പാവമായാലും നിങ്ങളെ വെറും വയറോടെ പറഞ്ഞയക്കുമെന്നു വിചാരിച്ചോ? മകളോടു് എന്തൊരു വാത്സല്യം?”

നിവൃത്തിയില്ലാതെ ഹാജാരി ചൂർണ്ണിയിൽ കുളിക്കാൻ പോയി തിരിച്ചു വന്നപ്പോൾ കണ്ടു. പശുവിനെ കെട്ടുന്ന മുറി മെഴുകി വൃത്തിയാക്കി ഇഷ്ടികകൾ കൊണ്ടു് അടുപ്പുണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു, കുസുമം.

“ഒരു പിച്ചള പോഹിണി. ഇതുപോരെ, അതോ പുത്തൻകലം വേണോ വലിയച്ഛാ?”

“ഒന്നും വേണ്ടാ, ഇതുമതി.”

അരിവാർക്കുന്നതിനുമുമ്പു ഒരു കുട്ടി, പശുവിനെ കെട്ടുന്ന മുറിയുടെ വാതിൽക്കൽ ചെന്നെത്തി നോക്കി ആംഗ്യംകൊണ്ടു കുസുമത്തിനെ പുറത്തേക്കു വിളിച്ചു. അവൻ ഒരു കയ്യിൽ തോർത്തിൽ കെട്ടിയ എന്തൊക്കെയോ അങ്ങാടിസ്സാമാനങ്ങൾ. മറ്റേതിൽ ഒരു ‘ഇലിശ്’ മത്സ്യം തൂങ്ങിക്കിടക്കുന്നു.

“ലേശം നിൽക്കു വലിയച്ഛാ, മത്സ്യം നേരെയാക്കിക്കൊണ്ടു വരട്ടെ.” കുസുമത്തിന്റെ ‘കുസൃതികൾ’ കണ്ടു ഹാജാരിക്കു സങ്കോചവും അപരാധ ബോധവും ഉണ്ടായി. അയലത്തെ ചെക്കനെ വിളിച്ചു കുസുമം എപ്പോഴാണു ചന്തക്കോടിച്ചതു്—ഓടിച്ചതോ ഓടിച്ചു—കുസുമം അതിദരിദ്രയാണു്. അവളെന്തിനാണു ഇത്ര വലിയ മത്സ്യം വാങ്ങിപ്പിച്ചതു് ? കുട്ടിത്തം വിട്ടിട്ടില്ല. എന്നാണിനി കാര്യവിവരം ഉണ്ടാവുകയാവോ?

കുസുമം ഹാജാരിയുടെ പരിഭവം പറച്ചിൽ കണക്കിലെടുത്തില്ല. അവൾ പതുക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു: “വലിയച്ഛൻ പാകം ചെയ്ത ഇലിശ മീൻ തിന്നാൻ എനിക്കും ഒരുദിവസം കൊതി തോന്നിപ്പോയെങ്കിൽ അതിനിത്രയൊക്കെ ദേഷ്യപ്പെടാനുണ്ടോ, വലിയച്ഛാ!”

ഹാജാരി അപ്രസന്നതയോടെ പറഞ്ഞു: “ഒക്കെ ശുദ്ധമേ കുട്ടികൾക്കു ചേർന്ന കാട്ടായങ്ങൾ? ആഹാരാദികൾക്കു ശേഷം ഹാജാരിക്കു വിശ്രമിക്കുവാനുള്ള ഏർപ്പാടു ചെയ്തു് കുസുമം അകത്തേക്കുപോയി. തലേന്നാൾ ഉറക്കം തീരെ സുഖമായിട്ടുണ്ടായിരുന്നില്ല. കിടന്ന ഉടൻ ഹാജാരി ഉറങ്ങി. ഉണർന്നപ്പോൾ നേരം അസ്തമിക്കാറായിക്കഴിഞ്ഞിരുന്നു.

കുസുമം മുറിയിലേക്കു കടന്നിട്ടു പറഞ്ഞു: “ഇന്നലെ സ്റ്റേഷനിലെ ബഞ്ചിൽക്കിടന്നിട്ടു് ഉറക്കം തീരെ ശരിയായില്ലെന്നു പറയാതെ അറിയാം. സുഖമായി ഉറങ്ങിയില്ലേ? ചായകൊണ്ടുവരാം. എഴുന്നേറ്റു മുഖം കഴുകിക്കോളൂ.”

ചായയോടൊപ്പം എവിടെനിന്നെന്നറിഞ്ഞില്ല, കുസുമം ചൂടുള്ള ജിലേബിയും മുമ്പിൽ കൊണ്ടുചെന്നുവെച്ചു. എത്ര പറഞ്ഞിട്ടും കൂട്ടാക്കിയില്ല. അവൾ പറഞ്ഞു: “ആ വഴിത്തിരിവിലുള്ള ഹാരാൻ മയദയുടെ കടയിൽ ഈ സമയം നല്ല ചൂടോടെ ജിലേബി കിട്ടാറുണ്ടു്. ചായയുടെ കൂടെ ചേരും. വെറും ചായ കുടിക്കയോ?”

ഇവളോടു് ഈ അതിക്രമം തുടരുന്നതു യുക്തമല്ല. ഇന്നുതന്നെ ഇവിടന്നു മാറിക്കളയണം. ചായകുടി കഴിഞ്ഞു വെയിൽ ഒന്നുകൂടി ആറിയാൽ സ്ഥലം വിടാൻ തന്നെ ഹാജാരി ഉറച്ചു.

കുസുമം വെറ്റില തെറുത്തുകൊണ്ടുവന്നു മുമ്പിൽ വെച്ചു. അവിടെ നിലത്തിരുന്നു: “ഇനിയോ? എന്താണു ഭാവം?”

“ഗോയാഡിയിൽ ജോലിക്കു ശ്രമിക്കണം. പറഞ്ഞില്ലേ നേരത്തേ?”

“അവിടെ തരപ്പെട്ടില്ലെങ്കിലോ?”

“അപ്പോൾ കൽക്കട്ടക്കു കടക്കും. എന്നാലും നാട്ടുമ്പുറക്കാരനാണു്. നഗരങ്ങളിൽ നടന്നു ശീലമില്ല. എത്ര വലിയ നഗരം താമസിച്ചിട്ടില്ലാത്തതു കൊണ്ടു പേടി തോന്നുന്നു.”

“ഞാൻ പറയുന്നതു കേൾക്കാമോ വലിയച്ഛനു്?”

“എന്താണു കേൾക്കട്ടെ.”

“കേൾക്കാമെങ്കിലേ പറയുള്ളു…”

“പറയാതെയെങ്ങനെയാണു, മോളേ?”

“എന്റെ ആ പണ്ടം പണയം വെച്ചോ വിറ്റോ ഇരുനൂറുരൂപ കൊണ്ടുവന്നു തരാം. ആ തുകകൊണ്ടു് ഹോട്ടൽ തുടങ്ങു. വലിയച്ഛന്റെ പാചക സാമർത്ഥ്യം നാടാകെ പ്രസിദ്ധമാണു്. ഹോട്ടൽ തുറന്നാൽ കാണാം എത്രവേഗമാണു വളരുന്നതെന്നു്. ഈ റാണാഘാടിൽ തന്നെ തുടങ്ങണം. ആ ചക്കത്തിയുടെ ഹോട്ടലിന്റെ മുമ്പിൽ തന്നെ. പത്മ കണ്ണു കടിച്ചുകടിച്ചു ചാകട്ടെ. മോൾ പറയുന്നതു കേൾക്കു, വലിയച്ഛാ മേൽഗതിയുണ്ടാകും. ഈ പ്രായത്തിൽ കണ്ടവന്റെ കീഴിൽ ‘കടക്കൊള്ളിതള്ളാൻ’ എന്തിനു നടക്കുന്നു?”

ഹാജാരിയുടെ കണ്ണിൽ ഇപ്പോൾ വെള്ളം പൊട്ടുമെന്ന ദിക്കായി. ഈ കുസുമമെന്ന യുവതിയുടെ സ്വഭാവം എത്ര അത്ഭുതകരം! സ്വന്തം മകൾതന്നെ. എന്നാൽ അവളുടെ ആഗ്രഹം നടക്കുവാൻ വിഷമം, പല കാരണങ്ങളാലും. കുസുമത്തിന്റെ പണംകൊണ്ടു റാണാഘാടിൽ ഹോട്ടൽ തുടങ്ങിയാൽ പലരും പല ചീത്തപ്പേരുകളും പറഞ്ഞു പരത്തും. രണ്ടുപേരെപ്പറ്റിയും. തനിക്കുപകാരം ചെയ്യാൻ പുറപ്പെട്ടിട്ടു് നിരപരാധിനിയായ കുസുമം എന്തിനു ചീത്തപ്പേർ സമ്പാദിക്കണം? ആ ‘കുശുമ്പും കുനിഷ്ഠും’ നിറഞ്ഞ ദാസി പത്മതന്നെയുണ്ടല്ലോ നൂറുകൂട്ടം നുണകൾ പറഞ്ഞു നടക്കാൻ?

അതുമല്ല. നഷ്ടം വന്നുവെന്നു വിചാരിക്കുക നഷ്ടം വരികയില്ലെന്നു ഹാജാരിക്കു ഉറച്ചവിശ്വാസമുണ്ടു്. അപ്പോൾ കുസുമത്തിന്റെ പണം പൊയ്പോകും. ഇല്ല, അതിന്റെയാവശ്യമില്ല.

“മോളേ കുസുമം… നിന്റെ പണം സ്വീകരിക്കവയ്യെന്നു് ഒരിക്കൽ പറഞ്ഞു കഴിഞ്ഞല്ലോ. വീണ്ടും എന്തിനതു പറയുന്നു? എനിക്കു് ഈ വണ്ടിക്കു തന്നെ ഗോയാഡിക്കു പോകണം. പുറപ്പെടട്ടെ.”

കുസുമം തലനിലത്തു മുട്ടിച്ചു് നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “ശരി, എന്നാൽ വാക്കു തന്നിട്ടുപോകു. ഗോയാഡിയിൽ ജോലി കിട്ടിയില്ലെങ്കിൽ വീണ്ടും തിരിച്ചു് എന്റെയടുക്കൽ തന്നെ വരാമെന്നു്.”

“നിന്റെയടുക്കലോ മോളേ? എന്തിനു്?”

“വന്നു് എന്റെ പണം വാങ്ങണം. ഹോട്ടൽ തുടങ്ങണം. ആ തുക വലിയച്ഛന്റെ ഹോട്ടലിനായി നീക്കിവെച്ചിരിക്കുന്നു. ഇതു പറയുന്നതു വലിയച്ഛന്റെ മാത്രം നന്മയ്ക്കുവേണ്ടിയാണെന്നു ധരിക്കണ്ട. എനിക്കുമുണ്ടു് ഇതിൽ സ്വാർത്ഥം. എന്റെ പണം വലിയച്ഛന്റെ കയ്യിലിരിക്കയാണെങ്കിൽ എനിക്കും കിട്ടും രണ്ടുകാശ്. പാവപ്പെട്ട ഒരു പെണ്ണിനു് ഉപകാരമാവില്ലേ, അതു്?”

ഹാജാരി ചിരിച്ചുകൊണ്ടു പറഞ്ഞു: “ശരി, വാക്കുതരുന്നു. എന്നാൽ ഞാനിപ്പോൾ വരട്ടെ മോളേ നിനക്കു മംഗളമുണ്ടാകട്ടെ!”

“മകളെ മറക്കാതിരിക്കു.”

“നീയും വൃദ്ധനായ വലിയച്ഛനെ മറക്കൊല്ല.”

“അയ്യേ, എന്റെ വലിയച്ഛനോ വൃദ്ധൻ?”

“അല്ല, പത്തു് നാല്പത്താറുവയസ്സായിട്ടും കിഴവനായില്ല?”

“കണ്ടാൽ തോന്നില്ലല്ലോ, വയസ്സായാൽ മതിയോ? ശരി ഇനി പോയിട്ടു വരു.”

“ശരി, മോളേ”

ഹാജാരി ഭാണ്ഡമെടുത്തു പുറപ്പെട്ടു. കുസുമം അയാളെ പൊതുനിരത്തുവരെ അനുഗമിച്ചു. റാണാഘാടിൽനിന്നു പുറത്തുകടന്നു. ഹാജാരി കാൽനടയായി ചാക്ദയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ആദ്യം തന്നെ തപാലാപ്പീസിൽ ചെന്നു രണ്ടു രൂപ വീട്ടിലേക്കു് മണിയാർഡർ ചെയ്യാനായിരുന്നു വിചാരം. എന്നാൽ അവിടെ ചെന്നപ്പോൾ മണിയാർഡർ എടുക്കുന്ന സമയം കഴിഞ്ഞുപോയിരുന്നു.

മണിയാർഡർ അയക്കാൻ തരപ്പെടാതെ പോയതിൽ പിന്നീടു് അയാൾ ഭഗവാനോടു നന്ദി പറഞ്ഞു: ചാക്ദക്കു പോകുന്ന വഴിക്കുള്ള തേക്കിൻ കാട്ടിലെത്തിയപ്പോഴേക്കു് സന്ധ്യയായി. ഒരു തേക്കിൻ ചോട്ടിൽ രണ്ടു കാളവണ്ടികൾ നിന്നിരുന്നു. ചിലർ വണ്ടിയിൽ നിന്നിറങ്ങി ഭക്ഷണം പാകം ചെയ്യാനുള്ള ഒരുക്കങ്ങൾ. വരുന്ന വെളുത്തവാവിന്നു ഗംഗാസ്നാനം പ്രമാണിച്ചുകൂടുന്ന മേളയിൽ കച്ചവടം നടത്താൻ പോകുന്ന കൂട്ടരാണെന്നു് അന്വേഷണത്തിൽനിന്നും ഹാജാരിക്കു മനസ്സിലായി. ഹാജാരി അവരുടെ കൂടെക്കൂടി.

രാത്രി ആഹാരാദികൾ കഴിഞ്ഞു എല്ലാവരും അവിടെത്തന്നെ കിടന്നുറങ്ങി. പീടികക്കാരന്റെ പേർ പ്രിയനാഥ്, ധർ. ജാതിയിൽ സവർണ വണിക്കു്. മേളകളിൽ ചെന്നു കൗതുകവസ്തുക്കൾ വിൽക്കുകയാണു് തൊഴിൽ, ഹാജാരി ആരാണെന്നു ചോദിച്ചറിഞ്ഞ ധർ ഒരു നിർദ്ദേശം കൊണ്ടുവന്നു. നടക്കുന്ന സമയം തങ്ങൾക്കു വളരെയധികം പണിത്തിരക്കുണ്ടാവും. അതുകൊണ്ടു് ഹാജാരി തങ്ങൾക്കു മേളക്കാലത്തു ഭക്ഷണം പാകം ചെയ്തുതരികയാണെങ്കിൽ ആ നാളുകളിലെ ആഹാരവും പോരാറാവുമ്പോൾ രണ്ടുരൂപയും നൽകാം.

പ്രിയനാഥ് ധരിന്നു മൂന്നാണു കടകൾ, ഒന്നു് അയാൾ നേരിട്ടു നടത്തുന്നതു്. മറ്റൊന്നു് ജാമാതാവു നടത്തുന്നു. മൂന്നാമത്തേതു് ഭ്രാതൃ പുത്രനും. കുറഞ്ഞ ശമ്പളത്തിനു് ഒന്നാന്തരം ഒരു പാചകാചാര്യനെത്തന്നെയാണു് തങ്ങൾക്കു കിട്ടിയതെന്നു് ഹാജാരിയുടെ ആദ്യത്തെ ദിവസത്തെ രന്ധനം കൊണ്ടു തെളിവുസഹിതം ബോധ്യമായി. എന്നാൽ ഉത്സവസ്ഥലത്തെത്തിയപ്പോൾ ഭക്ഷണം പാകം ചെയ്യുന്നതിനെക്കാൾ ആദായകരമായ മറ്റൊന്നു തന്നെ പ്രതീക്ഷിച്ചു് അവിടെ നിൽക്കുന്നതായി ഹാജാരി കണ്ടു. അയാൾ മൈദയും ആട്ടയും മറ്റും വാങ്ങിക്കൊണ്ടുവന്നു വെളിച്ചെണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കി ധറിന്റെ കടയുടെ അടുക്കൽ തന്നെയിരുന്നു വില്പന തുടങ്ങി. പണച്ചിലവില്ലാതെ ‘കചുരി’ (ഒരു ജാതി പരിപ്പുവട) തിന്നാമല്ലോ എന്ന ‘ലാക്കു’ കണ്ടിട്ടു് ധർ വിരോധം പറഞ്ഞില്ല.

കുറെനാൾ കച്ചവടം ഒന്നാന്തരമായി നടന്നു. മൂലധനം മുമ്പിലത്തെ ആ രണ്ടുരൂപ. പിന്നീടു് ഉപഭോക്താക്കൾ വർദ്ധിച്ചതുകാരണം ഹാജാരി ധറിനോടും കുറച്ചു പണം മുൻകൂർ വാങ്ങി. മേള അവസാനിച്ച ദിവസം സന്ധ്യക്കു് പീടികക്കാർ കെട്ടുകെട്ടാൻ തുടങ്ങി. മുൻകൂർ വാങ്ങിയ പണം തിരിച്ചുകൊടുത്തശേഷവും തന്റെ പക്കൽ പതിമൂന്നര രൂപ നീക്കിയിരിപ്പുണ്ടെന്നു് ഹാജാരി കണ്ടു. പുറമേ ധർ കൊടുക്കാമെന്നേറ്റിരുന്ന രണ്ടുരൂപ കൂടിയായപ്പോൾ പതിനഞ്ചര.

പ്രിയനാഥ് ധർ പറഞ്ഞു: “ഠാക്കുർ മശായി, നിങ്ങളുടെ പാചക വൈദഗ്ദ്ധ്യം അന്നു മരച്ചോട്ടിൽ വെച്ചു ആദ്യമായിക്കണ്ടപ്പോൾ ഇത്ര കേമമാണെന്നു് ധരിച്ചില്ല. ഞാൻ അത്ര വലിയ ആളൊന്നുമല്ല. വീട്ടിൽ സ്ത്രീകൾ തന്നെയാണു് അടുക്കളപ്പണിക്കു്. ഇല്ലെങ്കിൽ വിടുകയില്ലായിരുന്നു.”

വീട്ടിലേക്കു് പത്തുരൂപ മണിയാർഡർ ചെയ്ത ശേഷമേ ഹാജാരിക്കു് ആശ്വാസമായുള്ള. ഇനി കുടുംബകാര്യങ്ങളെ ചിന്തിച്ചു് കുറെ നാളേക്കു വിഷമിക്കാനില്ല. അതിനിടക്കു് എന്തെങ്കിലും ഒരു വഴിയാവും, ഇല്ലാതെ വരില്ല.

കാളിഗഞ്ജിൽനിന്നു യശോരിലേക്കുള്ള നിരത്തിൽക്കൂടെ അയാൾ നടത്തം തുടങ്ങി. ഈ നിരത്തിനിരുവശവും കാടും പടലുമാണു് അധികവും. മുമ്പു് ഇവിടെ ഗ്രാമങ്ങളുണ്ടായിരുന്നു. മലേറിയ വരുത്തിവെച്ച കൊടും കെടുതി കാരണം എല്ലാം ജനശൂന്യമായി. പാടശേഖരങ്ങളും പുരയിടങ്ങളും ക്രമേണ കാടുകയറി നശിച്ചു.

രാവിലെ കാളിഗഞ്ജിൽനിന്നു പുറപ്പെട്ട ഹാജാരി ഉച്ചയായതോടെ ഒരു പഴയ പുളിമരത്തിന്റെ ചോട്ടിലെത്തി വിശ്രമിച്ചു. കുറച്ചകലെ ഒരു ചെറിയ കർഷകഗ്രാമം. ഒരു ചെറിയ കുട്ടി പശുവിനെ ഓടിച്ചുകൊണ്ടുപോകുന്നു. അവനോടു ചോദിച്ചപ്പോൾ ഗ്രാമത്തിന്റെ പേർ നതൂൻ പാഡ് എന്നാണെന്നു മനസ്സിലായി. ഇടയന്മാരാണു് ഗ്രാമവാസികളിൽ അധികവും, ഹാജാരി ഗ്രാമത്തിൽ കടന്നു ആദ്യം കണ്ട വയ്ക്കോൽ മേഞ്ഞ പുരയുടെ മുറ്റത്തു ചെന്നുനിന്നു. വീട്ടുകാരെയാരെയും കാണാനില്ല. ഒരുവശത്തു് വലിയ പശുപ്പുര. അനേകം കാളകളും പശുക്കളും അരിഞ്ഞിട്ട വൈക്കോൽ തിന്നുന്നു.

ഒരു പെൺകുട്ടി പുറത്തേക്കുവന്നു. ഹാജാരി അവളെ വിളിച്ചുപറഞ്ഞു: “കുട്ടീ വീട്ടിനകത്തു് ആരുണ്ടു്?”

കുട്ടി പേടിച്ചു അകത്തേക്കു് ഒറ്റ ചാട്ടം കൊടുത്തു. ഏതാണ്ടു് അരമണിക്കൂർ നേരത്തെ കാത്തുനില്പിനുശേഷം ഗൃഹനാഥൻ പുറത്തേക്കു വരുന്നതു കാണാറായി. പേർ ശ്രീചരൺ ഘോഷ്. അയാൾ ഹാജാരിയെ കേമമായി സൽക്കരിച്ചിരുത്തി. ഉച്ചസമയമായിക്കഴിഞ്ഞിരുന്നു. അതിനാൽ ഉണ്ണാൻ ക്ഷണിച്ചു. പുരയ്ക്കകത്തുനിന്നു് ഒരു ചെറിയ പീഠവും തൊട്ടിയിൽ വെള്ളവും കൊണ്ടുവന്നുവെച്ചു.

അവരും പശുപ്പുരയുടെ ഒരു അറ്റത്താണു ഭക്ഷണം പാകം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തുകൊടുത്തതു്. അവിടെയിരുന്നു ഭക്ഷണം പാകം ചെയ്യവേ അയാൾക്കു പെട്ടെന്നു മനസ്സിൽ കുസുമം തെളിഞ്ഞുവന്നു. കുസുമവും അന്നു പശുപ്പുരയിൽത്തന്നെയാണു് ആഹാരം പാകം ചെയ്യാനൊരുക്കുകൂട്ടിക്കൊടുത്തതു്. അവളും ഇടയപ്പെണ്ണാകുന്നു.

അതേ കാരണത്താൽ തന്നെയാവണം—ഇക്കൂട്ടർ ഇടയരാണെന്നു അറിഞ്ഞതുകൊണ്ടു തന്നെയാവണം—ഹാജാരി ഇവരുടെ വീട്ടിലേക്കു വന്നതു്, മനസ്സിനുള്ളിലിരിക്കുന്ന നിഗൂഢമായ ഏതോ ഒരാകർഷണമാവണം അയാളെ ഇവിടെയെത്തിച്ചതു്. പെട്ടെന്നു അയാൾ ആശ്ചര്യത്തോടെ പശുപ്പുരയുടെ വാതിൽക്കലേക്കു നോക്കി

ഏറെ പ്രായമില്ലാത്ത ഒരു പെൺകുട്ടി മുഖം പകുതി മൂടിയമട്ടിൽ ചേലത്തുമ്പു് തലവഴിയിട്ടു്, പശുപ്പുരയിലേക്കു കടന്നു നിന്നു പരുങ്ങിത്തുടങ്ങി. അവളുടെ കയ്യിൽ പച്ചക്കറികൾ ഉണ്ടായിരുന്നു. അതിപ്പോൾ നുറുക്കിക്കഴുകിക്കൊണ്ടു വരികയാണെന്നു് അതു പൊതിഞ്ഞിരുന്ന ഇലയിൽനിന്നു വീണിരുന്ന വെള്ളത്തുള്ളികൾ വ്യക്തമാക്കി. ഹാജാരി എത്രയും കാര്യമായി പറഞ്ഞു: “വരു മോളെ, വരു എന്താണു് ഇലയിൽ?”

പെൺകുട്ടി ലജ്ജയാൽ തലകുനിച്ചു ചിരിച്ചുകൊണ്ടു പറഞ്ഞു: “പച്ചക്കറികൾ. ഇവിടെ വയ്ക്കട്ടെ?”

പെൺകുട്ടിക്കു കുസുമത്തിനേക്കാൾ പ്രായം കുറവാണു്. പെട്ടെന്നു് അകാരണമായ സ്നേഹത്താൽ ഹൃദയം നിറഞ്ഞു. അയാൾ പറഞ്ഞു: വെക്കു മോളേ, അവിടെ വെക്കു.”

കുറച്ചു കഴിഞ്ഞു പെൺകുട്ടി വീണ്ടും മുറിയിലേക്കു് ഏതാനും ചക്കക്കുരുവുമായി പ്രവേശിച്ചു. ഇത്തവണ അവളുടെ സങ്കോചം വളരെയധികം വിട്ടുമാറിയിരുന്നു. അച്ഛന്റെ പ്രായം വരുന്ന ശാന്തനും പ്രൗഢമായ ഈ ബ്രാഹ്മണന്റെ മുമ്പിൽ സങ്കോചം ഭാവിക്കേണ്ടതില്ലെന്നു് അവൾക്കു തോന്നിയിരിക്കണം.

അവൾ പറഞ്ഞു: “ചക്കക്കുരു ഇഷ്ടമാണോ?”

“ഇഷ്ടമാണു കുട്ടി! പക്ഷേ, ഒന്നു ചതച്ചുതരണം. ഞാൻ പരിപ്പുവേവിച്ചെടുക്കുകയാണു്. എപ്പോഴാണു് ഒന്നു ചതച്ചെടുക്കുക?”

“പെൺകുട്ടി ഒരു കൽച്ചട്ടിയിലാണു് ചക്കക്കുരു കൊണ്ടുവന്നതു്. അവൾ അതു താഴെവെച്ചു് ഓടിപ്പോയി ഒരു അമ്മിപ്പിള്ള എടുത്തുകൊണ്ടുവന്നുചക്കക്കുരു ചതക്കുവാൻ തുടങ്ങി. ഹാജാരിയുടെ മനസ്സു് സ്നേഹാർദ്രമായി. ഇവരെല്ലാവരും സ്വന്തം മക്കളെപ്പോലെതന്നെ. എല്ലാവരും സ്നേഹിക്കുന്നു, ശുശ്രൂഷിക്കുന്നു. ഹൃദയവേദന അറിയുന്നു.

ഹാജാരി വല്ലതും പറയുന്നതിനു മുമ്പായി അവൾ പറഞ്ഞു: “നിങ്ങളുടെ ഗ്രാമത്തിൽ ഞാൻ എത്രയോ തവണ പോയിരിക്കുന്നു.”

ഹാജാരി അത്യാശ്ചര്യത്തോടെ ചോദിച്ചു: “എന്റെ ഗ്രാമം എവിടെയാണെന്നു്. നീയെങ്ങിനെയറിഞ്ഞു? നീയവിടെയെന്തിനുപോയി?”

“ഗംഗാധർ ഘോഷ് ഞങ്ങളുടെ ചിറ്റപ്പനാണു്.”

“അല്ലാ! നീ ജീവനന്റെ സഹോദരീപുത്രിയാണല്ലേ? അപ്പോൾ നീ കുസുമത്തിനെ അറിയും?”

“കുസുമച്ചേച്ചിയെ അവരുടെ വിവാഹത്തിനുമുമ്പു് പലതവണ കണ്ടിട്ടുണ്ടു്. അതിനുശേഷം പിന്നെ കണ്ടിട്ടില്ല. അവർ ഈയിടെ എവിടെയാണെന്നറിയാമോ?”

“അവൾ റാണാഘാടിൽ ശ്വശുരഗൃഹത്തിൽ താമസിക്കുന്നു. അതാണു് എനിക്കു നിന്നോടു മകളോടെന്നപോലെ സ്നേഹം. കുസുമം എന്റെ മകൾ തന്നെ.”

പെൺകുട്ടി ചക്കക്കുരു ചതക്കൽ നിർത്തി സാരിത്തുമ്പു കഴുത്തിൽ ചുറ്റി നമസ്കരിച്ചു.

“വരു മോളേ, ചിരഞ്ജീവിയാകു, സാവിത്രീതുല്യയാകു.” പെൺകുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങൾ മുറ്റത്തു വന്നുനിന്നപ്പോൾതന്നെ, കണ്ട ഉടൻ എനിക്കു് ആളെ മനസ്സിലായി. ഞാൻ ശ്വശ്രുവിനോടു ചെന്നു പറഞ്ഞു: എന്റെ ചിറ്റമ്മയുടെ നാട്ടുകാരനാണു വന്നിരിക്കുന്നതെന്നു്. അപ്പോൾ അവർ ശ്വശുരനെ കാര്യം ധരിപ്പിച്ചു.”

“നന്നായി മോളേ, നന്നായി, വരാം ഞാൻ. ഇടക്കു വരാം. എനിക്കു് ഒരു മകളും കൂടിയായി. അവളെയും ഇടക്കുവന്നു കണ്ടിട്ടുപോകാറായി.”

പെൺകുട്ടി സലജ്ജം പറഞ്ഞു: “പക്ഷേ, ഇന്നു ഞാൻ പോകാൻ സമ്മതിക്കില്ല. ഇന്നിവിടെ താമസിക്കണം.”

“ഇല്ല മോളേ, അതു സാധ്യമല്ല.”

“അതു പറ്റില്ല. പോകൂ, കാണട്ടെ, പോകുന്നതു്. എനിക്കു ബലം പ്രയോഗിക്കാൻ പറ്റില്ലെന്നു വിചാരിക്കുന്നുണ്ടോ?”

“നിശ്ചയമായും നിനക്കു കഴിയും മോളേ! പക്ഷേ, എന്റെ മനസ്സിനു സമാധാനമില്ല… സ്വസ്ഥത വന്നാൽ ഒരുദിവസം വന്നു രണ്ടുനാൾ താമസിച്ചിട്ടു പോകാം പോരേ?”

പെൺകുട്ടി ഹാജാരിയുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ചോദിച്ചു: “എന്തേ, എന്തുപറ്റി വലിയച്ഛനു്?”

ഹാജാരിയുടെ സ്വതേ ദുർബലമായ ഹൃദയം സഹതാപഗന്ധം വീശിയപ്പോൾ തന്നെ അലിഞ്ഞുപോയി. അയാൾ തന്റെ ജോലി പൊയ്പോയതിന്റെ ചരിത്രം വിവരിച്ചു കേൾപ്പിച്ചു. പരിപ്പിറക്കിവെച്ചു ‘ചച്ചഡി’ പാകം ചെയ്യാനുള്ള ഒരുക്കവും ഇതിനിടക്കു ചെയ്തു. തന്റെ കഴിവിൽ തോന്നിയ അഭിമാനം അയാൾക്കു മറച്ചുവെക്കാൻ കഴിഞ്ഞില്ല.

“ഞാൻ പാകം ചെയ്യുന്നതിനു തുല്യം, എന്റെ മോളേ, ഞാൻ ഇരട്ടിച്ചു പറയുകയാണെന്നു ധരിക്കരുതു്, റാണാഘാടിലെ ഒരു ഹോട്ടലിലെയും ഒരൊറ്റ പാചക ബ്രാഹ്മണനും പാകം ചെയ്യാനാവില്ല. ഇപ്പോൾ തന്നെ മോളേ ഞാനുണ്ടാക്കുന്ന ഈ ‘ചച്ചഡി’ നിങ്ങൾക്കും രുചിക്കാൻ തരുന്നുണ്ടു്. ഞാനുറപ്പിച്ചുപറയാം, ഇങ്ങിനെയൊന്നു രുചിച്ചിട്ടുണ്ടാവില്ല, ഇനിയുണ്ടാവുകയുമില്ല.”

പെൺകുട്ടി വിസ്മയത്തോടും ബഹുമാനത്തോടും മുഗ്ദ്ധദൃഷ്ടികൾ ഉയർത്തി ഹാജാരിയെ നോക്കി അയാൾ പറയുന്നതു കേൾക്കയായിരുന്നു: “എന്നാൽ എന്നെയും പഠിപ്പിക്കണം. വലിയച്ഛാ.”

“ഒരു ദിവസം കൊണ്ടു ചെയ്യാവുന്നതല്ല അതു്—പഠിപ്പിച്ചാലും പഠിക്കാൻ വിഷമമുണ്ടാവും. നിന്നെ പറ്റിക്കണമെന്നു് എനിക്കു തീരെ മോഹമില്ല, മോളേ, ഒന്നു രണ്ടു ദിവസംകൊണ്ടു പഠിക്കാൻ കഴിയുമോ, ഇതൊക്കെ?”

“ഇത്ര കേമമാണു വലിയച്ഛന്റെ ചമയമെങ്കിൽ വലിയച്ഛനു് ജോലിയെപ്പറ്റി ആധിയെന്തിനു്? നല്ല ശമ്പളം തന്നു പണിക്കുവെക്കുവാൻ എത്രയോ പണക്കാരുടെ കുടുംബങ്ങൾ മുന്നോട്ടുവരുമല്ലോ.”

“അദൃഷ്ടം മോശമാവുന്ന സമയത്തു് എത്ര ശ്രമിച്ചാലെന്താണു് മോളേ. കയ്യിൽ പണമുണ്ടായിരുന്നെങ്കിൽ വല്ല ദിക്കിലും നടന്നു ശ്രമിച്ചുനോക്കാം. എങ്ങിനെയതിനു കഴിയും? കയ്യിലുള്ള ചില്ല്വാനം തീർന്നുവരുകയല്ലേ?”

“എത്ര പണം വേണ്ടിവരും?”

“എന്തിനു്? നീ തരാൻ ഭാവമുണ്ടോ?”

“തന്നാൽ?”

“വാങ്ങാൻ വിഷമമുണ്ടു്. കുസുമം തരാൻ ഭാവിച്ചതായിരുന്നു. വാങ്ങിയില്ല. നിങ്ങൾ പെൺകുട്ടികൾ. നാലണ, എട്ടണയായി ശേഖരിച്ചു സൂക്ഷിക്കുന്ന കൈമുതൽ. അതിൽനിന്നു വല്ലതും വാങ്ങി ചേതം വരുത്താൻ എനിക്കു തീരെയില്ല മോഹം.”

“ശരി, പണം കടം തരാമെന്നുവെച്ചാലോ? വലിയച്ഛനോടു് ഞാൻ ഉള്ളതു പറയാമല്ലോ. അമ്മതന്ന കുറച്ചു പണം ഞാൻ കൊണ്ടുവന്നിട്ടുണ്ടു്. ഇവിടെ സൂക്ഷിക്കാൻ നിവൃത്തിയില്ല. ഒരുകാര്യം പറയട്ടേ?”

അവിടെയും ഇവിടെയും നോക്കി സ്വരം താഴ്ത്തി പറഞ്ഞു: “എന്റെ ഭർതൃസഹോദരിയും ദേവരഭാര്യയും നല്ല കൂട്ടത്തിലല്ല. അറിയേണ്ട താമസം, വാങ്ങിക്കൊണ്ടുപോകും. ഞാൻ പണം കടം തരാം. എന്തു പലിശതരും കേൾക്കട്ടെ.”

ഈ പലിശക്കൊതിച്ചിയും ശുദ്ധഗതിക്കാരിയുമായ യുവതിയുടെ നേരെ ഹാജാരിയുടെ പ്രൗഢഹൃദയത്തിൽ എന്തെന്നില്ലാത്ത കരുണയും മമതയും ഉദിച്ചു. അയാൾ ഈ രസമുള്ള രംഗം നീട്ടിക്കൊണ്ടുപോകാൻ വേണ്ടി പറഞ്ഞു: “പണം വെറുതെയങ്ങു തരികയോ, മോളേ? എന്നെ എങ്ങിനെ വിശ്വസിക്കും?”

“വിശ്വസിച്ചില്ലെങ്കിൽ ഇത്തരം എടപാടു നടത്താനാവുമോ? പോരെങ്കിൽ വലിയച്ഛൻ എനിക്കറിയാവുന്ന ആളല്ലേ? വലിയച്ഛന്റെ നാടറിയാം, വീടറിയാം.”

“അറിഞ്ഞാൽ മതി? വല്ലതും എഴുതി വാങ്ങുകയും ഒന്നും വേണ്ടേ? എത്ര തരാമെന്നുണ്ടു്?”

“എന്റെ പക്കൽ എൺപതു രൂപയുണ്ടു്. എല്ലാം തരാമെന്നുണ്ടു്. എത്രതരും പലിശ?”

“എത്ര വേണം?”

“തരുന്നതെന്തും. ഉറുപ്പികക്കു് രണ്ടു പൈസ റേറ്റ്. വലിയച്ഛൻ ഒന്നു തന്നാൽ മതി. എങ്ങിനെ? ഞാൻ കാലുപിടിക്കാം. വലിയച്ഛാ, പണം ഞാൻ എന്റെ ട്രങ്കിൽ വേറെയെടുത്തു വെച്ചിരിക്കയാണു്. ആർക്കും അറിയില്ല. കൊണ്ടുവന്നു തരാം. എന്റെ പണം രക്ഷിച്ചുതരു. ആരെ വിശ്വസിച്ചു കൊടുക്കും വാങ്ങിയാൽ തരാതിരുന്നാലോ?”

“എഴുതിത്തരുന്ന കാര്യമെന്താണു പറയാത്തതു്?”

“എനിക്കു് എഴുത്തും വായനയും അറിയില്ല, എന്തെഴുതി വാങ്ങും. വലിയച്ഛനുവേണമെങ്കിൽ വല്ലതും എഴുതിത്തന്നേക്കു. പക്ഷേ, അതുകൊണ്ടു് ആളുകൾ അറിഞ്ഞുവശാവും. അതൊന്നും വേണ്ട, വലിയച്ഛൻ കൊണ്ടുപോകു. ഞാൻ തരുന്നു. അതോടെ തീർന്നു കാര്യം. അതിലും വലിയതായി എന്തെഴുതിത്തരാൻ?”

ഇതിനിടക്കു് ആഹാരം എല്ലാം തയ്യാറായിക്കഴിഞ്ഞിരുന്നു. പെൺകുട്ടി ഒരു പാത്രത്തിൽ പാൽകൊണ്ടുവന്നു വെച്ചിട്ടു പറഞ്ഞു: “തീയൊന്നു കത്തിച്ചു പാൽ ചൂടാക്കിയിട്ടു് ഉണ്ണാനിരിക്കു, നേരം എത്രയായെന്നാണു് വിചാരം?”

ഊണുകഴിഞ്ഞു. ഹാജാരി പറഞ്ഞതു കളവായിരുന്നില്ല. ഇടയ കുടുംബത്തിലെ സകലപേരും ഒരേ സ്വരത്തിൽ പറഞ്ഞു: “ഇത്ര ഒന്നാന്തരം വിഭവങ്ങൾ രുചിക്കാൻ കിട്ടുന്ന കാര്യം പോകട്ടെ, വെറും നിസ്സാരവസ്തുക്കൾകൊണ്ടു് ഈ വിധം രുചികരമായ ഭക്ഷണം പാകം ചെയ്യാമെന്നു് കേട്ടിട്ടുപോലുമില്ല.”

“കുറച്ചുനേരം വിശ്രമിച്ചു് ഹാജാരി വെയിലാറാറായപ്പോൾ പോകാനൊരുങ്ങി. ഒരിക്കൽ കൂടി പെൺകുട്ടിയെ കാണണമെന്നു് അയാൾക്കുണ്ടായിരുന്നു. നാട്ടിൻപുറങ്ങളിൽ പെൺകുട്ടികൾക്കു് കർശനമായ പർദ്ദ സമ്പ്രദായം ഇല്ലെന്നു് അയാൾക്കറിയാം. വിശേഷിച്ചും ബ്രാഹ്മണ-കായസ്ഥ കുടുംബങ്ങളൊഴിച്ചു്, മറ്റു കുടുംബങ്ങളിൽ. അവളെ അയാൾക്കു് വളരെയധികം ഇഷ്ടമായി. വിശേഷിച്ചും പണത്തിനെപ്പറ്റി അവളോടു് ഒരിക്കൽകൂടി സംസാരിക്കണമെന്നു് അയാൾക്കു തോന്നി. ഇതിനിടെ അയാളുടെ മസ്തിഷ്കത്തിൽ എന്തോ ഒരു വിചാരം സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു. കുസുമവും ഈ പെൺകുട്ടിയും അയാൾക്കു പണം കൊടുക്കുകയാണെങ്കിൽ വളരെനാളായുള്ള തന്റെ സ്വപ്നം സഫലമാക്കാൻ കഴിയും. ഇവരുടെ പണം അയാൾ നഷ്ടപ്പെടുത്തുകയില്ല. എന്നല്ല വളരെയേറെ വർധിപ്പിച്ചു് അവർക്കു തിരിച്ചുകൊടുക്കും. ഉണ്ണാനിരുന്ന സമയം ഇതൊക്കെയായിരുന്നു അയാൾക്കുണ്ടായ ആലോചന. അവരുടെ വീട്ടിൽനിന്നും പൊതുനിരത്തിലെത്തണമെങ്കിൽ ഒരു കുളത്തിന്റെ വക്കിൽകൂടെ നടക്കണം. അവിടെ ഒരു കൂറ്റൻ പുളി, അതിന്റെ ചുവട്ടിൽ വളർന്നു തഴച്ച പലജാതി പാടികളുടെ പൊന്തക്കാടു്, കടന്നു പോകുമ്പോൾ ആരെങ്കിലും പതുങ്ങിയിരിപ്പുണ്ടെങ്കിൽ അറിയാൻ പ്രയാസം. കുളക്കടവു കടന്നു നടന്നു തുടങ്ങിയപ്പോൾ പെട്ടെന്നു പുളിച്ചോട്ടിൽ പെൺകുട്ടി നിൽക്കുന്നതു കണ്ടു.

“പോവുകയാണോ വലിയച്ഛൻ?”

“ഉവ്വ്. നീയെന്താണിവിടെ കാട്ടണതു്?”

“വലിയച്ഛൻ ഈ വഴിക്കു പോകുമെന്നു് അറിഞ്ഞുകൊണ്ടുതന്നെ. ചിലതു പറയാനുണ്ടു്. വലിയച്ഛനുണ്ടാക്കിയ ചച്ചഡി വളരെ പിടിച്ചു. ഞങ്ങളും ഭക്ഷണം പാകം ചെയ്യാറുണ്ടു്. ഗുണദോഷങ്ങളറിയാം ഒരു സാധനം ഭക്ഷിച്ചുനോക്കിയാൽ. ഇങ്ങിനെയൊരു ഭക്ഷണം മുമ്പു് സ്വാദു നോക്കിയിട്ടില്ല. പിന്നെയൊന്നു പറയാനുള്ളതു് എന്റെ പണത്തിന്റെ കാര്യം. അതേപ്പറ്റി എന്തു തീരുമാനിച്ചു? പെൺകുട്ടികൾ ശ്വശുരഗൃഹക്കാരേക്കാൾ ഏറെ വിശ്വസിക്കുക അച്ഛൻ ഗ്രാമക്കാരെയാണെന്നു് അറിയാവുന്നതാണല്ലോ, ഇക്കൂട്ടർ ആ പണം കയ്യിൽ കിട്ടിയാൽ രണ്ടുദിവസംകൊണ്ടു തിന്നുമുടിക്കും.”

“പണം എനിക്കു് ഇപ്പോൾ വാങ്ങാൻ നിവൃത്തിയില്ല മോളേ! എന്നാൽ ഞാൻ ഇനിയും വരും ഈ വഴിക്കു്. വീണ്ടും നിന്നെ വന്നു കാണും. അന്നു പണത്തിനാവശ്യമുണ്ടാവും. അന്നു വാങ്ങിക്കോളാം.”

“എത്രനാളുകൾക്കുള്ളിൽ വരും?”

“അതിപ്പോൾ പറയാൻ വിഷമം. രണ്ടുമാസം എന്നു കൂട്ടിക്കോളു. പൂജ കഴിഞ്ഞു (ദുർഗ്ഗാപൂജ) കാർത്തിക ആഗ്രഹായണ മാസത്തോടേതാണ്ടടുപ്പിച്ചു് നിന്നെക്കാണാമെന്നു വിചാരിക്കുന്നു.”

“തീർച്ചയല്ലേ?”

“തീർച്ച. ഇനി പൊക്കോളൂ, എന്റെ ഓമനക്കൊച്ചു മോൾ. സാവിത്രീ സമമാവും നീ. നിനക്കു് എന്നും നല്ലതു വരട്ടെയെന്നും ഞാൻ ആശീർവദിക്കുന്നു.”

നേരം പോയിത്തുടങ്ങി. ഹാജാരി വഴിയിലിറങ്ങി നടന്നു. ഇടയവനത്തിലെ എല്ലാവരും തന്നെ ഇന്നത്തെക്കഴിഞ്ഞുപോയാൽ മതിയെന്നു് പറഞ്ഞതായിരുന്നു. വിശേഷിച്ചും പെൺകുട്ടി. പക്ഷേ, തങ്ങാൻ തരമില്ല. എന്തെങ്കിലും ഒരു വഴിയാകുംവരെ മനസ്സിനു സ്വസ്ഥതയുണ്ടാവില്ല.

പെൺകുട്ടിയുടെ സ്വഭാവം ആശ്ചര്യകരം തന്നെ. ഒന്നുമറിഞ്ഞുകൂടാത്തവളാണു്. കുസുമത്തിനെപ്പോലെ ബുദ്ധിമതിയല്ല. എന്നാലും നല്ലകുട്ടി.

നിരത്തിനിരുവശത്തും ക്രമേണ കാടും പടലും കൂടിക്കൂടിവന്നു. വഴി നദിയാ ഡിസ്ട്രിക്ടിൽനിന്നും യശോറിനോടടുക്കുംതോറും കാടു വർധിച്ചുകൊണ്ടേ വന്നു. പല സ്ഥലങ്ങളിലും എത്തിയപ്പോൾ പകൽ നേരം തന്നെ നരിയുടെ വായിൽ പെടേണ്ടിവരുമോ എന്നു ഹാജാരിക്കു ഭയമായി. അത്ര ഇടതൂർന്ന കാടായിരുന്നു അവിടെയൊക്കെ.

സന്ധ്യക്കു മുമ്പായി തന്നെയെത്തി, ബലേബസാറിൽ. മുമ്പു് റെയിൽ ലയിൻ വരും മുമ്പു് ബലേബസാർ, വലിയതു തന്നെയായിരുന്നു. ഹാജാരി അയാളുടെ നാട്ടിലെ പ്രായം ചെന്നവർ പറയുന്നതു കേട്ടിട്ടുള്ളതാണു്. ഇപ്പോഴും കിഴക്കൻ ദിക്കുകളിൽ നിന്നു് ചാക്ദഹ് ഭാഗത്തുകൂടി ഒഴുകുന്ന ഗംഗയുടെ തീരത്തു് ശവം സംസ്കരിക്കാൻ വളരെപ്പേർ വരുന്നുണ്ടു്. അവരെക്കൊണ്ടാണു് ഇന്നു് ഈ ബസാർ നിലനിൽക്കുന്നതു്.

ഹാജാരിക്കു ബലേബസാറുകണ്ടപ്പോൾ ആശ്വാസമായി. അയാൾ കൗതുകത്തോടെ നാലുപാടും നോക്കിത്തുടങ്ങി. കുട്ടിക്കാലം തൊട്ടേ കേൾക്കാൻ തുടങ്ങിയ സ്ഥലം, ഇപ്പോഴെ കാണാൻ കഴിഞ്ഞുള്ളു. ഒന്നാന്തരം സ്ഥലം. അപ്പോൾ ഇതാണു് ബേലെ. ഹാജാരിയുടെ ഒരു അമ്മാവന്റെ മകൻ വിവാഹം കഴിച്ചതും യശോറിൽ നിന്നായിരുന്നു. അയാളുടെ വൃദ്ധശ്വശ്രു മരിച്ചപ്പോൾ ശവവും കൊണ്ടു് ചാക് ദഹിലേക്കു പോകും വഴി ഇവിടെയെത്തിയപ്പോൾ പ്രേതബാധയുണ്ടായത്രേ. ഇതു് അമ്മാവന്റെ മകൻ തന്നെ പറഞ്ഞിട്ടുള്ള കഥയാണു് പലവട്ടം.

ഹാജാരി കടകൾ നോക്കിക്കൊണ്ടു ചുറ്റിനടന്നു. എല്ലാം കൂടി ഒൻപതു കടകൾ. അരിയും ഉപ്പും മറ്റു സാമാനങ്ങളും തുണിയും ഒക്കെ എല്ലാ കടകളിലും കിട്ടും. അയാൾ ഒരു കടക്കാരനോടു പറഞ്ഞു: “ഒന്നു പുകവലിക്കാൻ തരുമോ മശായി!”

“നിങ്ങൾ?”

“ബ്രാഹ്മണൻ.”

“നമസ്കാരം, ഠാക്കൂർ മശായി! എവിടെക്കാണാവോ യാത്ര? വരു, ഇരിക്കു. ആരവിടെ? ബ്രാഹ്മണന്നു് പുകക്കുഴലിലെ വെള്ളം കളഞ്ഞു് വേറെ വെള്ളമൊഴിച്ചുകൊണ്ടുവന്നു കൊടുക്കു.”

പീടിക ആരുടേതാണെന്നു് ഹാജാരിക്കറിയാൻ കഴിഞ്ഞില്ല. ഒരുഭാഗത്തു അലിഞ്ഞ ശർക്കരയുടെ ടിന്നുകൾ തൊട്ടു് അരിവരെയുള്ള പല സാധനങ്ങളും ചേർത്തു ചേർത്തു വെച്ചിരിക്കുന്നു. മറ്റൊരിടത്തു് വലിയ വലിയ കെട്ടുകൾ. പീടികക്കാരൻ വൃദ്ധൻ. പ്രായം അറുപത്തഞ്ചിനും എഴുപതിനും ഇടക്കു്. മെലിഞ്ഞു് രോഗം പിടിച്ച മട്ടിലുള്ള ദേഹം. കഴുത്തിൽ മാല.

“എടുക്കു, ഠാക്കുർ മശായി! ഇഷ്ടം പോലെയിരുന്നു വലിക്കു. എവിടെക്കാണു യാത്രയാവോ?”

“പണിയന്വേഷിച്ചു പുറപ്പെട്ടതാണു്. റാണാഘാടിലെ ഒരു ഹോട്ടലിൽ ഏഴുകൊല്ലം നിന്നു. ബേചു ചക്കത്തിയുടെ ഹോട്ടലിൽ. പേർ കേട്ടിരിക്കുമെന്നു വിചാരിക്കുന്നു. നല്ല ഊണിനു പേർ കേട്ടതു്. പക്ഷേ, പണി പോയി. പണിയന്വേഷിച്ചുപുറപ്പെട്ടതാണു് ഈ വഴിക്കു്. വല്ലതും കിട്ടിയാൽ ആയല്ലോ.”

കടക്കാരൻ മുമ്പത്തേക്കാൾ ആദരവോടെ ഇപ്പോൾ ഹാജാരിയെ നോക്കാൻ തുടങ്ങി. വെറും നാട്ടിൻപുറക്കാരൻ, പൂജക്കാരൻ ബ്രാഹ്മണനല്ല. റാണാഘാട് പോലുള്ള റെയിൽ ബസാറിൽ വലിയൊരു ഹോട്ടലിൽ ആറേഴുകൊല്ലം പണിയെടുത്ത ആളാണു്. അതും നല്ല പേരോടെ പാചകവൃത്തി എന്തെല്ലാം കണ്ടു, കേട്ടു, ഏതെല്ലാം വലിയ വലിയ ആളുകളുമായി കൂടിക്കലർന്നു. ഇല്ല ഇയാൾ താൻ വിചാരിച്ചിരുന്നമട്ടിൽ ചില്ലറക്കാരനല്ല.

ഹാജാരി പറഞ്ഞു: “ഇരുട്ടിത്തുടങ്ങി. രാത്രി കഴിച്ചുകൂട്ടാൻ ഒരിടം പറഞ്ഞുതരുമോ?”

പീടികക്കാരൻ അതിസന്തോഷത്തോടെ പറഞ്ഞു: “അതിനെന്തു്? ഇവിടെത്തന്നെയാകാമല്ലോ. ഇതിന്റെ പിറകിൽ നല്ലൊരു പുരയുണ്ടു്. അവിടെ ഒരു മരക്കട്ടിലുണ്ടു്. പുരയിൽ ഭക്ഷണം പാകം ചെയ്തു് കട്ടിലിൽ കിടന്നു സുഖമായുറങ്ങാം.”

സംഭാഷണത്തിനിടക്കു് ഹാജാരി ചോദിച്ചു: “ശരി, ഇവിടെ ഒരു ദിവസം എത്രപേർ വരും ഗംഗയാത്രക്കാർ?”

“ബേലേബസാറിന്റെ ആ നാളൊക്കെ പോയി. പണ്ടു് എട്ടുപത്തു സംഘക്കാർ—ഓരോ സംഘത്തിലും എട്ടുപത്തു പേർ—ഒരുദിവസം വന്നിരുന്നു. ഇപ്പോൾ മിക്ക ദിവസവും ആരുമില്ല, ചില ദിവസം മൂന്നു്. കൂടിയാൽ നാലു്, കഴിഞ്ഞു. പണ്ടു് ആളുകളുടെ കയ്യിൽ പണമുണ്ടായിരുന്നു. ശവം സംസ്കരിക്കാൻ ഗംഗയിലേക്കുകൊണ്ടുവന്നിരുന്നു. ഇന്നു കാശില്ല, ആരുടെ കയ്യിലും. തോട്ടുവക്കത്തോ, ചാലിന്റെ വക്കത്തോ കഴിച്ചുകൂട്ടും ശവസംസ്കാരം.”

ബേലേബസാറിൽ ഒരു ചെറു ഹോട്ടൽ തുടങ്ങിയാലോ എന്നായിരുന്നു ഹാജാരിക്കാലോചന. മൂന്നു സംഘം ഗംഗായാത്രക്കാരിൽ ആകെ മുപ്പതുപേരുണ്ടാവുമെങ്കിൽ ഉണ്ണാൻ മുപ്പതുപേരായി. നിത്യം മുപ്പതു പേർ വീതം ഊണിനുണ്ടായാൽ മാസാമാസം ചിലവെല്ലാം കഴിച്ചു അൻപതറുപതു് രൂപ ലാഭിക്കാം. ഇനി ആളുകൾ ഇരുപതോ പതിനഞ്ചോ പത്തുതന്നെയോ ആയാലും കണ്ടവന്റെ ദാസ്യത്തെക്കാൾ ഭേദം. പരന്റെയടിമത്തംകൊണ്ടു നേടിയിരുന്നതെന്തു്? മാസംതോറും ഏഴുരൂപയും നിത്യവും ശകാരത്തിൽ കുളിയും. പിന്നെ ഏതു നേരവും പണി പോയേക്കുമോ എന്ന പേടിയും. പത്തുപേരെങ്കിലും നിത്യവും ഉണ്ണാനുള്ള ഒരു ഹോട്ടലായാൽ മാസത്തിൽ പന്ത്രണ്ടോ പതിമൂന്നോ രൂപയെങ്കിലും ലാഭമുണ്ടാകാതെ വരില്ല.

പിറേദിവസം എഴുന്നേറ്റു ഹാജാരി ഗോപാൽ നഗരം നോക്കി തിരിച്ചു. കയ്യിൽ പണം വേണ്ടുവോളം. അഞ്ചുരൂപ—ചിന്തക്കിടമില്ല. തലേന്നാൾ പീടികക്കാരൻ ഭക്ഷണം പാകം ചെയ്യാനുള്ള ഏർപ്പാടുചെയ്തുകൊടുക്കാൻ പുറപ്പെട്ടതായിരുന്നു. ഹാജാരി സമ്മതിച്ചില്ല. അയാൾതന്നെ പണം കയ്യിൽ നിന്നെടുത്തു.

ഉച്ചവെയിൽ മൂത്തുവരികയാണു്. നിർജനമായ മാർഗ്ഗം. ഇടക്കിടക്കു ഇരുവശത്തും വൻകാടുകൾ, ഇടക്കു് ഒഴിഞ്ഞ വെളിമ്പറമ്പുകൾ. ആൾപാർപ്പുള്ള ഇടങ്ങൾ കാണാനേയില്ല, ഇടക്കു് ഒന്നു രണ്ടു കർഷകഗ്രാമങ്ങളൊഴികെ. രണ്ടു മണിക്കൂർ തുടർച്ചയായി നടന്നപ്പോൾ ദാഹം തുടങ്ങി. കുറച്ചകലെ ഒരു കുളം കണ്ടു അതിന്റെ വക്കിൽ ഇരിക്കാൻ പുറപ്പെട്ടപ്പോഴേക്കു് ഒരു കാളവണ്ടി കുളക്കരയിലുള്ള മൺനിരത്തിൽകൂടെ വരുന്നതു കണ്ടു. അയാൾ വണ്ടിക്കാരനെ വിളിച്ചു ചോദിച്ചു: “അടുത്തെങ്ങാനും വല്ല ഗ്രാമവുമുണ്ടോ മൂപ്പരെ കുറച്ചു വെള്ളം കുടിക്കണമെന്നുണ്ടു്. ബ്രാഹ്മണൻ.”

വണ്ടിക്കാരൻ പറഞ്ഞു: “എന്റെ കൂടെ വരു, ഠാക്കൂർ മശായി അടുത്തു തന്നെയാണു ഛീനഗർ (ശ്രീനഗർ) സിംലേ. ഞാൻ ഒരു ബ്രാഹ്മണകുടുംബത്തിലേക്കാണു പോകുന്നതു്. അവരുടെ വണ്ടി. വണ്ടിയിൽ കയറിക്കോളൂ.”

ഹാജാരി ശ്രീനഗർ സിംലേ ഗ്രാമത്തിന്റെ പേർ കേട്ടിട്ടുണ്ടു്. വണ്ടി ഗ്രാമത്തിലേക്കു കടന്നപ്പോൾ, അതു ഗ്രാമവും മറ്റുമല്ല, വെറും കാടാണെന്നു് അയാൾ കണ്ടു. നേരം ഇത്രയൊക്കെയായിട്ടും ഗ്രാമത്തിലേക്കു സൂര്യപ്രകാശം കടന്നിട്ടില്ല. മാവും പ്ലാവും ഉള്ള പഴയ തോട്ടം. ഇല്ലിക്കൂട്ടം, മുൾച്ചെടിക്കാടു്.

ഒരു ഗൃഹസ്ഥഭവനത്തിന്റെ ഉമ്മറത്തു കാളവണ്ടി നിന്നു. വണ്ടിക്കാരന്റെ വിളികേട്ടു് വീട്ടുകാരൻ പുറത്തേക്കുവന്നു. മലമ്പനി പിടിച്ചു ശീർണ്ണമായ മുഖം, തലയിൽനിന്നു മുടി മിക്കതും കൊഴിഞ്ഞു—വയസ്സു് മുപ്പതുമാവാം, അൻപതുമാവാം. അയാൾ വണ്ടിക്കാരന്റെയടുത്തു ഹാജാരി നിൽക്കുന്നതു കണ്ടു ചോദിച്ചു: “ആരാണു കൂടെ?”

അവൻ പറഞ്ഞു: “അതോ, ഇങ്ങോരു മുദിയുടെ കുളക്കരയിൽ ഇരിക്കയായിരുന്നു. വെള്ളം കുടിക്കണമെന്നു പറഞ്ഞു. അപ്പോൾ എന്റെ കൂടെ പോരാൻ ഞാനും പറഞ്ഞു, എന്റെ യജമാനനും ബ്രാഹ്മണനാണു്. വെള്ളം കുടിക്കാമെന്നുവെച്ചു കൂടെ കൊണ്ടുവന്നു.”

ഗൃഹനാഥൻ മുന്നോട്ടുവന്നു ഹാജാരിയെ നമസ്കരിച്ചിട്ടു പറഞ്ഞു: “വരു, വരു, ഇരുന്നു കുറച്ചു വിശ്രമിക്കു. ആരാവിടെ? ചണ്ഡീമണ്ഡപത്തിലെ (ദുർഗ്ഗയെ വെച്ചു പൂജിക്കുന്ന ഇടം) മരക്കട്ടിലിൽ ഒരു പായ വിരിക്കു. വരു.”

ഈ മാതിരിയുള്ള കുഗ്രാമങ്ങളിൽ ആതിഥ്യത്തിനു യാതൊരു കുറവും ഉണ്ടാവില്ല. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കു് ഹാജാരി കൈകാൽ കഴുകിയിരുന്നു. അപ്പോൾ മാത്രം തെങ്ങിൽനിന്നു പൊട്ടിച്ചെടുത്ത ഇളനീർ കുടിച്ചു തളർച്ച തീർത്തു. പ്രസന്നതയോടെ പുകവലിക്കാൻ തുടങ്ങി.

“ഗൃഹനാഥന്റെ പേർ ബിഹാരി ലാൽ ബാഡുയ്യേ. ജീവിതത്തിൽ പണി ഒരിക്കലും എടുത്തിട്ടില്ല. വേണ്ടത്ര നെല്ലു്, പശുക്കളുണ്ടു്, കുളത്തിൽ മീനുണ്ടു്. മാന്തോട്ടവും പ്ലാവിൻ തോട്ടവുമുണ്ടു്. സംഭാഷണത്തിനിടക്കു് ഇതൊക്കെ ഗൃഹനാഥൻ തന്നെ പറഞ്ഞു, ഹാജാരിയോടു്.

ബിഹാരി ബാഡുയ്യേ അയാളോടു പറയുകയുണ്ടായി: “ശ്രീനഗർ സിംലേ വലിയ ഗ്രാമമായിരുന്നു. കേഷ്ടനഗർ രാജാക്കന്മാരുടെ പൂർവികരുടെ രാജധാനി. കാട്ടിനു നടുക്കു് രാജാക്കന്മാരുടെ കോട്ട കാണാം. പഴയ ഇഷ്ടികകൾകൊണ്ടുള്ള മതിൽക്കെട്ടുണ്ടു്. ഒക്കെ കാട്ടിത്തരാം, വൈകുന്നേരം. അതുവയ്യ, ഇന്നുതന്നെ പോകയോ? രണ്ടുദിവസം താമസിക്കു. എനിക്കു നിങ്ങളുടെ കാരണവന്മാരുടെയൊക്കെ ആശീർവാദംകൊണ്ടു് ഒന്നിനും കറവില്ല. പക്ഷേ, മനുഷ്യരുടെ മുഖം കാണാൻ മാത്രമില്ല, യോഗം, അതാണു മഹാകഷ്ടം. കുട്ടിക്കാലത്തു കണ്ടതായി നല്ല ഓർമ്മയുണ്ടു് പത്തുമുപ്പതു ബ്രാഹ്മണ കുടുംബങ്ങളുണ്ടായിരുന്നു. ഇപ്പോൾ ആകെ ഏഴു വീടുകൾ. അതിൽ തന്നെ രണ്ടുകൂട്ടർ പന്ത്രണ്ടുമാസവും വിദേശത്തു്, നിങ്ങളുടെ താമസം എവിടെയാണെന്നു പറഞ്ഞു?”

“അതോ? ഏഡോശാലയിൽ. ഗാംനാപൂരിലിറങ്ങി കുറച്ചുനടക്കണം.”

“അപ്പോൾ നിങ്ങൾ ഞങ്ങടെ നാട്ടുകാരൻ തന്നെ എന്നു പറയൂ. ഇങ്ങോട്ടു പോരൂന്നു് താമസിക്കാൻ. ഭൂമിതരാം പുരവെക്കാൻ, പാടം തരാം കൃഷിക്കു്, ഇവിടെനിന്നെങ്ങും പോകണ്ട.

ഹാജാരി ഞെട്ടിവിറച്ചുപോയി. തുലഞ്ഞു. ഈ കൊടും കാട്ടിൽ താൻ താമസിക്കാൻ വരികയോ? ഇനി അതിനും എഴുതിയിട്ടുണ്ടോ തലയിൽ? അതും കൂടിയേ വേണ്ടു. എന്നാൽ, നഗരത്തിൽ താമസിച്ചിരുന്ന ഹാജാരി നഗരത്തിലെ കളകോലാഹലങ്ങളും പണിത്തിരക്കുമാണു് ഇഷ്ടപ്പെട്ടിരുന്നതു്. ഇക്കാട്ടിൽ വന്നു സമാധിയടയുകയോ? അതു വൃദ്ധനാകുമ്പോൾ ആലോചിക്കാം. നാല്പത്തിയാറു വയസ്സായി തനിക്കു്. എന്നാലും തന്റെ നാളുകൾ എണ്ണപ്പെടാറായിട്ടില്ല. ഇനിയുമുണ്ടു് നല്ല താങ്ങും തടിയും. അതിനും പുറമേ ഹോട്ടൽ പണിയറിയാം. ഒരു ഹോട്ടൽ തുറക്കാൻ സാധിച്ചാൽ തനിക്കു പത്തുവയസ്സെങ്കിലും കുറയും. ചെറുപ്പക്കാരനാവും. കൃഷിയെപ്പറ്റി തനിക്കെന്തറിയാം?

ഹോട്ടൽ കാര്യം ഹാജാരി ഇവിടെ പറഞ്ഞില്ല. അയാൾക്കറിയാം ഹോട്ടൽക്കാരൻ ബ്രാഹ്മണനാണെന്നു പറഞ്ഞാൽ പലരും പുച്ഛത്തോടെയാണു നോക്കുക. വിശേഷിച്ചും, ഇത്രയും പരിഷ്കാരമില്ലാത്ത ഈ നാട്ടിൻപുറങ്ങളിൽ.

ശ്രീനഗരിൽ ഹാജാരിക്കു തീരെ രസം തോന്നിയില്ല. ഈ പടുകാടിന്റേയും ശുദ്ധശൂന്യതയുടേയും നടുക്കു് അയാൾക്കു ശ്വാസം മുട്ടി. അതിനാൽ വെയിൽ താഴാൻ തുടങ്ങിയപ്പോൾ തന്നെ അയാൾ ഗ്രാമത്തിനു വെളിയിലെത്തി രക്ഷപ്പെട്ടെന്ന ഭാവത്തോടെ നെടുവീർപ്പിട്ടു. ഇരുപതേക്കർ നിലം കൃഷിക്കു തരാമെന്നു പറഞ്ഞാലും ഈ ഗ്രാമത്തിലേക്കു ഞാനില്ലപ്പോ! മനുഷ്യരാരെങ്കിലും പാർക്കുമോ ഇവിടെ? മനുഷ്യരെപ്പോലുള്ള നാലുപേരുടെ മുഖം കാണാൻ കൊതിക്കേണ്ടിവരുമല്ലോ ഇവിടെ? പണിയില്ല, തൊഴിലില്ല. കുഴിമടിയനെപ്പോലെ കുത്തിയിരുന്നുകൊള്ളുക, പത്തായത്തിലെ നെല്ലെടുത്തു കുത്തിതിന്നുക. നശിക്കാൻ വേറെ വല്ലതും വേണോ? ഇതെന്തൊരു കാടെന്റപ്പോ!

വഴിവക്കിൽ ഒരാൾനിന്നു വിറകുകീറുന്നു. ഹാജാരി ചോദിച്ചു. “ഈ വഴി ചെന്നാൽ ഏതു ബസാറിലാണെത്തുക, മൂപ്പരേ!”

ആ മനുഷ്യൻ ഒരിക്കൽ അയാളുടെ നേരെ തലപൊക്കി നോക്കി. പിന്നെ പറഞ്ഞു: “നിങ്ങൾ സിംലേ നിന്നായിരിക്കും?”

“അതെ.”

“അവിടെ നിങ്ങൾക്കു ബന്ധുക്കളുണ്ടെന്നു തോന്നുന്നു, നിങ്ങൾ?”

“ബ്രാഹ്മണൻ.”

“നമസ്കാരം! എവിടെക്കാണു പോകേണ്ടതു്?”

ഹാജാരിക്കറിവുള്ളതാണു്. ഈ ജാതി കുഗ്രാമങ്ങളിലെ ആളുകൾ വേണ്ടാത്ത ഓരോന്നു ചോദ്യം ചെയ്തു ശല്യപ്പെടുത്തുക പതിവാണു്, അതവരുടെ സ്വഭാവമാണു്. ഹാജാരിയും പണ്ടു് ഇങ്ങിനെയായിരുന്നു. എന്നാൽ റാണാ ഘാടിൽ ഇത്രകാലം പണിയെടുത്തു താമസിച്ചതിന്റെ ഫലമായി അയാൾ ഒരു കാര്യം മനസ്സിലാക്കി. അപരിചിതരോടു് ഇത്തരം ചോദ്യങ്ങൾ അരുതു്, എന്നല്ല ചോദിച്ചാൽ അവർ ചൊടിക്കയും ചെയ്യും. ഹാജാരി ഇപ്പോഴത്തെ ചോദ്യകർത്താവിൽനിന്നു പിടിവിടുവിക്കുവാൻ ഒന്നു രണ്ടു ചോദ്യങ്ങൾക്കു ചുരുക്കത്തിൽ ഉത്തരം പറഞ്ഞശേഷം ചോദിച്ചു: “ഇനി വരുന്ന ബസാർ ഏതാണു മൂപ്പരേ.”

“നേരെ നടന്നാൽ ഗോപാലനഗരത്തെ വലിയങ്ങാടിയായി. ഒന്നു രണ്ടു ക്രോശം (ക്രോശം = 8000 മുഴം) കൂടി നടക്കണം.” ഗോപാല നഗരത്തിന്റെ പേർ ഹാജാരിക്കു സുപരിചിതമാണു്. ആ പ്രദേശങ്ങളിലെ ഏറ്റവും വലിയ ഗഞ്ജ് (വ്യാപാരകേന്ദ്രം) ആകുന്നു അതു്.

ഉച്ചഭക്ഷണം കുറച്ചധികമായിപ്പോയിരുന്നു. ഇനി രാത്രി ഉണ്ടില്ലെങ്കിലും വിരോധമില്ല. കിടക്കാനിടമേ വേണ്ടു. അതിനാൽ ഹാജാരിയുടെ മനസ്സു് പൂർണ്ണമായും നിശ്ചിന്തമായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി അയാൾ പുതിയ ഒരു ജീവിതമാണു നയിച്ചുവരുന്നതു്. രാവിലേ എഴുന്നേൽക്കേണ്ട തിരക്കില്ല. പത്മയുടെ പുലഭ്യമില്ല. ബേചു ചക്കത്തിയുടെ മുമ്പിൽ ചെന്നുനിന്നു് അങ്ങാടിക്കണക്കു ബോധിപ്പിക്കേണ്ട. പത്തു സേർ കൽക്കരി കത്തുന്ന അടുപ്പിന്റെ കൊടും ചൂടിലിരുന്നു പുലർച്ച തൊട്ടുച്ചവരെയും, സന്ധ്യതൊട്ടു് അർധരാത്രി വരെയും അത്യധ്വാനം ചെയ്യേണ്ട.

വഴിവക്കിൽ ഒരു മരച്ചുവട്ടിൽ പഴുത്ത വില്വഫലം കിടക്കുന്നതുകണ്ടു് ഹാജാരി അതു കയ്യിലെടുത്തു. അടുത്ത ദിവസം രാവിലെ തിന്നാം. എല്ലാം നല്ലതുതന്നെ. എന്നാലും ഹാജാരിക്കു് ഈ തെണ്ടി നടത്തം ഇഷ്ടമല്ല. എന്താണീ ചുറ്റിത്തിരിയലിനർത്ഥം? ജോലി കിട്ടിയാൽ നന്നായിരുന്നു. ഇല്ലെങ്കിൽ ഈവിധം എത്രനാൾ കഴിഞ്ഞുകൂടും? ഒരു മാസം പോലും ഇല്ല. അയാൾക്കു വേണ്ടതു പണിയാണു്. പണിയെടുക്കാൻ അയാൾക്കു മടുപ്പില്ല. അയാൾ ആഗ്രഹിക്കുന്നതു് കർമ്മനിരതയാണു്. രണ്ടു പൈസ ഉപാർജിക്കണം, പേരു വേണം. ഉന്നതി വേണം.

ഗോപാലനഗരിയിലെത്തിയപ്പോഴേക്കു് നേരം പോയി. വലിയ അങ്ങാടി. അനേകം ചെറുതും വലുതുമായ കടകൾ. നല്ലൊരു വ്യവസായകേന്ദ്രം തന്നെ. ഹാജാരി ഒരു വലിയ തുണിക്കടയുടെ മുമ്പിലുള്ള കുഴൽക്കിണറിൽ നിന്നു മുഖവും കാലും കഴുകി. അടുത്തുതന്നെ ഒരു കാളീക്ഷേത്രം. അമ്പലനടയിലിരുന്നു ഹുക്ക വലിക്കുന്നതു് അവിടത്തെ പുരോഹിതനാവും. ഒന്നു തനിക്കും വലിക്കാമെന്ന മോഹത്തോടെ ഹാജാരി അടുക്കൽ ചെന്നുനിന്നു പറഞ്ഞു: “ഒന്നു വലിച്ചാൽ കൊള്ളാമെന്നുണ്ടു്.”

“നിങ്ങൾ?”

“ബ്രാഹ്മണൻ.”

“വരൂ. ദാപിടിച്ചോളൂ.”

“നിങ്ങൾ അമ്പലത്തിലെ ശാന്തിക്കാരനായിരിക്കും”

“അതെ, നിങ്ങൾ എവിടന്നാണു്?”

“എന്റെ വീടു് ഗാംനാപൂരിന്നടുത്തു് ഏഡോശാലയിൽ. ദേഹണ്ണപ്പണി അറിയാം. ജോലിതിരക്കി നടക്കുന്നു. ഇവിടെ ആർക്കെങ്കിലും അരി വെയ്പുകാരനെ ആവശ്യമുണ്ടാവുമോ?”

“ആ വലിയ തുണിക്കടയിൽ ഒന്നന്വേഷിച്ചുനോക്കു, അവർ വലിയ ആളുകളാണു്. അവരുടെ വീട്ടിൽ അരിവെയ്പുകാരുണ്ടാവും. ബാബുവിന്റെ അനുജന്റെ കല്യാണം വരുന്നുണ്ടു്. അവർക്കു കൂടുതൽ പണിക്കാരെ വേണ്ടിവന്നേയ്ക്കും. അവർ ‘തേലി’ ജാതിക്കാരാണു്. ഈ മാർക്കറ്റിലെ ഏറ്റവും വലിയ കച്ചവടക്കാർ, പണം വേണ്ടത്ര.”

ഹാജാരി കടയിൽ കയറിയപ്പോൾ കറുത്തു ചീർത്ത മുഖമുള്ള ഒരു വിദ്വാനുണ്ടു് പണപ്പെട്ടിക്കു മുമ്പിലിരിക്കുന്നു. പീടികയുടമ അയാൾ തന്നെയെന്നു ഇനി ഒരാൾ പറയേണ്ട ആവശ്യമില്ല. ഹാജാരി കടന്നു ചെല്ലുന്നതുകണ്ടു് അയാൾ പറഞ്ഞു: “വരു വരു, എന്താണു വേണ്ടതു്? അപ്പുറത്തേയ്ക്കു ചെല്ലു്. ഏയ്, ഇയാൾക്കെന്താണു വേണ്ടതെന്നു നോക്കു.”

ഇതും പറഞ്ഞു. അയാൾ പീടികയുടെ അപ്പുറത്തു് വളരെപ്പേർ തിരക്കിട്ടു പണിയെടുക്കയും ‘കൊള്ളകൊടുക്ക’ നടത്തുകയും ചെയ്യുന്ന ഭാഗത്തേക്കു ചൂണ്ടികാട്ടി.

ഹാജാരി പറഞ്ഞു: “ബാബു, ആവശ്യം നിങ്ങളെക്കൊണ്ടായിരുന്നു. ഞാൻ അരിവെപ്പുകാരനാണു്.—ബ്രാഹ്മണൻ. ബാബുവിനു് വേലക്കാരെ ആവശ്യമുണ്ടെന്നു കേട്ടു. അതാണു്.”

“ഓഹോ, അരിവെയ്പുകാരനാണല്ലേ? നല്ല ഒന്നാംതരമായിട്ടറിയില്ലേ ദേഹണ്ണം? എവിടെയായിരുന്നു ഇതിനുമുമ്പു് ?”

“റാണാ ഘാട് ഹോട്ടലിൽ ഏഴുവർഷം പണിയെടുത്തിട്ടുണ്ടു്.”

“ഹോട്ടലിൽ? ഹോട്ടൽ പണിയും വീട്ടുപണിയും ഒരുപോലെയല്ല. ഒന്നാന്തരം അരിവെയ്പുകാരനെയാണു് എനിക്കാവശ്യം. നിങ്ങളെക്കൊണ്ടതിനു കഴിയുമോ? കൽക്കത്തയിൽ നിന്നും ബന്ധുക്കൾ പലപ്പോഴും…”

ഹാജാരി ചിരിച്ചുകൊണ്ടു വിചാരിച്ചു. “നീയുണ്ടോ നന്നായിച്ചമച്ച വല്ല ഭക്ഷണവും കഴിച്ചിരിക്കുന്നു? ജീവിതമത്രയും തുണി വിറ്റു നടന്നിട്ടല്ലേ ഉള്ളു. നല്ല ഭക്ഷണം കണ്ണാലേ കണ്ടിട്ടു തന്നെയുണ്ടാവില്ലല്ലോ.”

അയാൾ പറഞ്ഞു: “ബാബു, ഏതായാലും ഒരു ദിവസത്തേക്കൊന്നു വെച്ചുനോക്കു. നന്നായില്ലെങ്കിൽ ഇറങ്ങിപ്പൊയ്ക്കോളാം. ഒന്നും തരണ്ട.”

പീടികക്കാരൻ ഒന്നാന്തരം ബിസിനസ്സുകാരനായിരുന്നു. ആളുകളെ തിരിച്ചറിയാം. ഹാജാരിയുടെ വർത്തമാനത്തിന്റെ മട്ടു കണ്ടിട്ടു് നുണയല്ല പറയുന്നതെന്നു മനസ്സിലായി. പറഞ്ഞു: “ശരി, നിങ്ങൾ വീട്ടിലേക്കു ചെല്ലു്. മുമ്പിൽ കാണുന്ന ഈ വഴി ചെന്നാൽ ഇടതുഭാഗത്തു് ഒരു വലിയ വീടു കാണാം. എടോ, നിതായി ഒന്നു ചെല്ലു കൂട്ടത്തിൽ. ഠാക്കുർ മശായിയെ വീട്ടിൽ ശശിധരനെ കൂട്ടിയേല്പിച്ചിട്ടുവരു. പറഞ്ഞേക്കു, ഇന്നു തൊട്ടു ഇദ്ദേഹം അടുക്കളപ്പണി നോക്കിക്കോളും. മനസ്സിലായില്ലെ? ചെല്ലു. ശമ്പളത്തിന്റെയും മറ്റും കാര്യം പിന്നീടു പണി നോക്കിയിട്ടു തീരുമാനിക്കാം, ഠാക്കുർ മശായി—രണ്ടുനാലു ദിവസം കഴിഞ്ഞിട്ടു്. കൂട്ടിക്കൊണ്ടുപോകു.”

ആദ്യത്തെ ദിവസം തന്നെ ഹാജാരി നല്ല പേർ സമ്പാദിച്ചു. വീട്ടുകാരൻ പത്തുരൂപ ശമ്പളം നിശ്ചയിച്ചു. അയാളുടെ വീട്ടുകാരി രോഗിയാണു്, പന്ത്രണ്ടു മാസവുമെന്നു പറയാം. എഴുന്നേറ്റു നടക്കാമെന്നുണ്ടെങ്കിലും വീട്ടുകാര്യങ്ങൾ നോക്കാറില്ല. രണ്ടു പെൺമക്കളുടെ കല്യാണം കഴിഞ്ഞു അവർ ഭർതൃഗൃഹത്തിൽ തന്നെ. പതിനാറു വയസ്സുള്ള ഒരുമകൻ പഠിക്കുന്നു. എട്ടുവയസ്സായി ഇളയ മകൾക്കു്.

വീട്ടുകാരെല്ലാവരും നല്ല കൂട്ടർ. ഇത്ര നാളും പണിയെടുത്തു പരന്റെ പണിയോടു തോന്നിയിരുന്ന മോശമായ അഭിപ്രായം തീരെ മാറി. ഇവർ ജാതിയിൽ ഗന്ധവണിക്കുകൾ. എല്ലാവർക്കും ബ്രാഹ്മണരെ ബഹുമാനമാണു്. ഹാജാരിയുടെ ശാന്തസ്വഭാവം കാരണം. എല്ലാവരുടേയും പ്രിയപാത്രമായി തീർന്നു അയാൾ.

മൂന്നുനാലു മാസം പണിയെടുത്തശേഷം ആദ്യമായി ഒരു മാസത്തെ ശമ്പളം കിട്ടിയപ്പോൾ, ഹാജാരി വീട്ടിൽ പോയിവരാൻ അവധി കിട്ടിയാൽ കൊള്ളാമെന്നപേക്ഷിച്ചു. വീട്ടിൽ പോയിട്ടെത്ര നാളായി. ടേംപിയെ കാണാൻ കൊതിയായിത്തുടങ്ങി. ഗൃഹനാഥൻ പൊയ്ക്കൊള്ളാൻ അനുവദിച്ചു.

ഗോപാലനഗരം റെയിൽവേ സ്റ്റേഷനിൽ നിന്നു് വണ്ടി കയറിയാൽ വീട്ടിലെത്തുവാൻ ഏതാണ്ടു മൂന്നണ ചിലവു്. വെറുതെ മൂന്നണയെന്തിനു ചിലവാക്കണം? നടക്കാമെന്നു വെച്ചാൽ ഏഴോ എട്ടോ ക്രോശം മാത്രം ദൂരം. നടന്നു പോകുന്നതുതന്നെ നല്ലതു്.

വീട്ടിലെത്തിയപ്പോൾ സന്ധ്യയായി.

ടേംപി ഓടിയെത്തി പറഞ്ഞു: “അച്ഛാ! വരു വരു. എവിടെന്നാണു് വന്നതു് ഈ സമയത്തു്?”

ഇതിനുശേഷം അവൾ വീട്ടിനകത്തുനിന്നു് വിശറിയെടുത്തുകൊണ്ടുവന്നു വീശിത്തുടങ്ങി. ടേംപിയുടെ കൈകൊണ്ടുള്ള ശീതോപചാരത്താൽ ദേഹവും മനസ്സും ഒരുപോലെ തണുത്തതായി അയാൾക്കു തോന്നി. ടേംപിയുടെ സുഖത്തിനു വേണ്ടി അയാൾക്കു് എന്തെല്ലാം ദുരിതങ്ങളും ദുഃഖങ്ങളുമാണു് അനുഭവിക്കേണ്ടി വന്നതു് അതെല്ലാം അയാൾക്കു സഹ്യമാണു്. ഭവിക്കുന്നതാണു്. വേണ്ടിവന്നാൽ ഇനിയും അനുഭവിക്കുന്നതാണു്.

വംശീധർ ഠാക്കുറിന്റെ ഭാഗിനേയന്നു് ടേംപിയെ വിവാഹം ചെയ്തു… പോകട്ടെ അതൊക്കെ. ടേംപി പറഞ്ഞു: “അച്ഛാ, അതസി ചേച്ചി ഒരു ദിവസം അച്ഛനെപ്പറ്റി പറഞ്ഞു.”

“എന്നെപ്പറ്റി? ഹരിചരൺ ബാബുവിന്റെ മകൾ?”

“അതെ, അച്ഛാ! വളരെ ദിവസങ്ങളായല്ലോ കണ്ടിട്ടു് എന്നു പറഞ്ഞു. വരു, പോകാം, അവിടേക്കു്. അവിടെ ചെന്നു ചായ കുടിക്കാം. പെട്ടിപ്പാട്ടു കേൾക്കാം.”

ആ സമയം ടേംപിയുടെയമ്മ കുളികഴിഞ്ഞു എത്തി. ചിരിച്ചുകൊണ്ടു ചോദിച്ചു. “എപ്പോഴെത്തി?’

ഹാജാരി പറഞ്ഞു: “ഇപ്പോഴെത്തിയതേയുളളൂ. എല്ലാവർക്കും സുഖം തന്നെയല്ലേ? പണം കിട്ടിയില്ലേ?”

“ഉവ്വു്, നന്നായി. ആ വീട്ടിലെ സതീശൻ പറഞ്ഞു. പണം റാണാ ഘാട്ടിൽ നിന്നല്ല അയച്ചതെന്നു്. നിങ്ങൾ ഇതിനിടക്കു് വല്ലേടവും പോയിരുന്നോ?”

“റാണാഘാടിലല്ല പണിയെടുക്കുന്നതു്. ഇപ്പോൾ ഗോപാല നഗരത്തിലാണു്. നല്ല ഒരിടത്താണു്. മനസ്സിലായോ? ഗന്ധവണികരുടെ വീടു്. ബ്രാഹ്മണനായതുകൊണ്ടു് ഭക്തിയും ബഹുമാനവും കലശലാണു് എന്നോടവർക്കു്. ഒന്നാന്തരം പണക്കാർ. കൂറ്റൻ തുണിക്കട, രണ്ടുനേരവും സുഭിക്ഷമായ ഭോജനം.”

ടേംപി. ചോദിച്ചു. “എന്തൊക്കെ പലഹാരങ്ങളാണു് അവിടെ കാപ്പിക്കു്.”

“ചില ദിവസം അവിലും നാളികേരവുമാണെങ്കിൽ ചില ദിവസം അലുവ.”

ടേംപിയുടെ അമ്മ പറഞ്ഞു: “ഇരിക്കു ക്ഷീണം തീർക്കു. ചായപ്പൊടിയില്ല. ചായവെള്ളം തരാമെന്നു വെച്ചാൽ. ടേംപി, ചെല്ലു മോളേ സതീശന്റെ വീട്ടിൽ ചായ ഉണ്ടാവും. (ഇതു പറയുമ്പോൾ ശുദ്ധഗതിക്കാരായ സ്ത്രീകളെപ്പോലെ പുരികം രണ്ടും ഉയർത്തി എന്തോ ഭാവം കാട്ടി) രണ്ടുതരി വാങ്ങിക്കൊണ്ടുവരൂ.”

“എന്താണാവശ്യം അമ്മേ ഞാൻ അച്ഛനെ അതസി ചേച്ചിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ പോകയാണു്. അവിടന്നു കുടിക്കാം ചായ. പലഹാരവും തിന്നാം.”

രണ്ടു തവണയായി ടേംപി അതസിയുടെ കാര്യം പറയുന്നു. അതിനാൽ മകളുടെ അഭിപ്രായത്തോടു യോജിക്കാതെ നിവൃത്തിയില്ല എന്നായി. ടേംപിയുടെ ആഗ്രഹം അയാൾക്കു് പലരുടേയും കല്പനകളെക്കാൾ ശക്തമാണു്.

ഹരിചരണ ബാബു സിറ്റിങ്ങ് റൂമിൽ തന്നെയുണ്ടായിരുന്നു. ഹാജാരിയെ കാര്യമായി സ്വീകരിച്ചു കസേരയിൽ ഇരുത്തി. “വരു വരു. ഹാജാരി. എന്നുവന്നു? ടേംപി, അകത്തുചെന്നു നിന്റെ അതസി ചേച്ചിയോടു ചായകൊണ്ടുവരാൻ പറയൂ. ഞാനും ചായ കുടിച്ചിട്ടില്ല.”

“ബാബുവിന്നു വിശേഷമൊന്നുമില്ലല്ലോ.”

“ഒരുവിധം സുഖം തന്നെ. നിങ്ങൾക്കും സൗഖ്യം തന്നെയായിരുന്നല്ലോ. എന്തായി ഹോട്ടൽ തുടങ്ങുന്ന കാര്യം? റാണാഘാടിൽ തന്നെയല്ലേ?” ഹാജാരി ചുരുക്കത്തിൽ റാണാഘാടിലെ ജോലി പോയതു തൊട്ടു ഗോപാലനഗരത്തിൽ പണിക്കു ചേർന്നതുവരെയുള്ള കഥകൾ പറഞ്ഞു കേൾപ്പിച്ചു.

ഇതിനിടെ അതസിയും ടേംപിയും അവരുടെ മുൻപിലുണ്ടായിരുന്ന ചെറു വട്ടമേശപ്പുറത്തു ചായയും പലഹാരവും കൊണ്ടുവന്നു വെച്ചു. പലഹാരം ഒരു ഡിഷ്. ഹാജാരിക്കുമാത്രം. ഹരിചരണബാബു ഈ സമയം പലഹാരം തിന്നാറില്ല.

ഹാജാരി ചോദിച്ചു: “ബാബുവിനു പലഹാരം?”

“നിങ്ങൾ എടുക്കു, എനിക്കിപ്പോൾ പലഹാരം തിന്നാൽ വയറു തകരാറാവും. വെറും ചായയേ പതിവുള്ളു.”

ഹാജാരി വിചാരിച്ചു. എത്ര വലിയ പണക്കാർ, തിന്നാൻ അത്യുത്തമങ്ങളായ വസ്തുക്കൾ പുരക്കകത്തു് ഇഷ്ടം പോലെ. പക്ഷേ, ഭക്ഷിച്ചാൽ അജീർണ്ണം ബാധിക്കും. ഇതിൽപരം എന്തുണ്ടൊരു ദുർഭാഗ്യം? തനിക്കു വയസ്സു് പത്തു നാല്പത്താറായാലെന്തുവേണ്ടു. അജീർണ്ണം എന്നെന്തിനെയാണു പറയുക എന്നറിഞ്ഞിട്ടില്ല. ഭൂതത്താന്മാരെപ്പോലെ പണിയെടുക്കുന്നവനെയുണ്ടോ അജീർണ്ണവും അർശസും ബാധിക്കുന്നു? അവർക്കു തിന്നാൻ വേണ്ടത്ര കിട്ടാത്ത കുറവേയുള്ളു.

എന്നാൽ അതസി സാമാന്യം വലിയ ഒരു തളികയാണു നിറച്ചുകൊണ്ടു. വന്നിരിക്കുന്നതു് നെയ്യിൽ വറുത്ത അവൽ, ചിരകിയ നാളികേരം, വീട്ടിൽ തന്നെ ഉണ്ടാക്കിയ രണ്ടു പരിപ്പുവട, കുറച്ചു് അലുവ, വലിയ ഒരുകപ്പ് ചായ അതസിക്കറിയാം, ടേംപിയുടെ പിതാവു് തന്റെ പിതാവിനെപ്പോലെ അല്പാഹാരക്കാരനായ ജീവിയല്ല; തിന്നാൻ കഴിവുള്ളവനാണു്, തീറ്റ ഇഷ്ടവുമാണു്. അയാളുടെ ഗൃഹസ്ഥിതിയും വളരെ പരുങ്ങലിലാണു്. അതിനാൽ ടേംപിയുടെ അച്ഛനു് നല്ല പദാർത്ഥങ്ങൾതന്നെ വേണം കൊടുക്കാൻ.

ഹരിചരണബാബു പറഞ്ഞു:—നിന്റെ ഹാജാരിയമ്മാവനെ നമസ്ക്കരിക്കു, അതസി…”

ഹാജാരിക്കു പരിഭ്രമവും സങ്കോചവും തോന്നി. അതസി അയാളുടെ കാൽതൊട്ടു നമസ്കരിച്ചപ്പോൾ, അവൽ ചവച്ചുകൊണ്ടു് താനെന്താണു പറഞ്ഞതെന്നു് അയാൾക്കുതന്നെ നല്ല പിടികിട്ടിയില്ല. അതസി അവിടന്നു പൊയ്ക്കളഞ്ഞില്ല. അവൾ കുറച്ചു വിട്ടുനിന്നു് ഹാജാരിയെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി. തന്റെയച്ഛൻ എണ്ണം പറഞ്ഞ ഒരു ദേഹണ്ണക്കാരനാണെന്നു് ടേംപി അതസിയോടു പറഞ്ഞിട്ടുണ്ടു്. ഈ കൗതുകത്തിനു് അതായിരുന്നു കാരണം.

ഹരിചരണബാബു ചോദിച്ചു. “എത്ര ദിവസത്തെ താമസമുണ്ടു്?”

“മറ്റെന്നാൾ പോകണം. അന്യന്റെ കീഴിൽ പണി. താമസിച്ചാൽപറ്റില്ലല്ലോ.”

“നിങ്ങളുടെ ഹോട്ടലിന്റെ കാര്യം എന്തായി?”

“ഇനിയും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല, ബാബു. പണത്തിന്റെ കാര്യം ശരിയാകാതെ… ഇവിടെക്കറിയാമല്ലോ.”

“അപ്പോൾ തുടങ്ങണമെന്നുതന്നെയാണു് ആഗ്രഹം?”

“അതെ. മഞ്ഞുകാലം കഴിയും മുമ്പു് വല്ലതും ചെയ്യാമോ എന്നു നോക്കണം.”

അതസി ചോദിച്ചു. “അമ്മാവനു പാട്ടുകേൾക്കണ്ടേ?”

ഹരിചരണബാബു പരിഭ്രമത്തോടെ പറഞ്ഞു: “അല്ലാ, ഞാൻ മറന്നു പോയി തീരെ. കേൾക്കേണ്ടതാണു ഹാജാരി! പുതിയ ഒന്നാന്തരം റിക്കാർഡുകൾ വന്നിട്ടുണ്ടു്. എടുത്തുകൊണ്ടുവരു, അതസി നിന്റെ ഹാജാരിയമ്മാവനെ എല്ലാം വെച്ചുകേൾപ്പിക്കു.”

ഹാജാരി വിചാരിച്ചു തരക്കേടില്ല. ഇക്കൂട്ടർ. തന്നെപ്പോലെ അധ്വാനിച്ചു കഴിയണ്ട ഇവർക്കു്. പാട്ടും തീറ്റയും കുടിയും മാത്രം. സന്ധ്യയായിക്കഴിഞ്ഞു. ഈ നേരത്തു് അടുപ്പിൽ തീകൂട്ടി പുകയുടെ നടുവിൽ ചെറിയ അടുക്കളയിൽ ഇരുന്നു ഗൃഹനാഥന്റെയും വീട്ടമ്മയുടേയും നിർദ്ദേശമനുസരിച്ചു് മറ്റു ദിവസങ്ങളിൽ കറികൾ ഉണ്ടാക്കുകയാവും. പന്ത്രണ്ടുമാസവും ഇതുതന്നെയാണു പണി.

എന്നും വീട്ടിൽ അടച്ചിട്ട മട്ടിൽ കഴിഞ്ഞുകൂടേണ്ടിവരുന്നുവെന്നതു കൊണ്ടാണു് വഴിയിലേക്കിറങ്ങുമ്പോൾ തനിക്കു് ഇത്ര ആനന്ദം. അതുപോലുള്ള ഒരാനന്ദം അയാൾക്കിപ്പോഴും തോന്നുന്നുണ്ടു്. ഈവിധം ഭംഗിയായി മോടി പിടിപ്പിച്ച ഇരിപ്പുമുറി, വലിയ കണ്ണാടികൾ, ചൂരൽ മിടഞ്ഞ കസേരയിലിരുന്നു ചായകുടി, അരികിൽ ടേംപി. ടേംപിയുടെ ചങ്ങാതിയായ പെൺകുട്ടി. പെട്ടിപ്പാട്ടു്… എല്ലാം ഒരു കിനാവുപോലെ.

വളരെനാളായി കുസുമത്തിനെക്കണ്ടിട്ടു്. റാണാ ഘാട് വിട്ടിട്ടു് നാലു മാസത്തോളമായി. ഇതിനിടക്കു് അവളെക്കാണാൻ കഴിഞ്ഞിട്ടില്ല. ടേംപിയും സ്വന്തം മകൾ; കുസുമവും അതുപോലെതന്നെ.

പിന്നെ അന്നു നതൂൻ പാഡയിൽവെച്ചു കണ്ട ആ പെൺകുട്ടിയും. അവൾ മാറ്റൊരു മകൾ. ഇന്നു് പെട്ടിപ്പാട്ടിന്റെ സുമധുരസ്വരത്തിന്റെ ഭാവുകത്തിൽ അയാളുടെ മനസ്സു് സകലരോടും സഹതാപവും സ്നേഹവും കൊണ്ടു പരിപൂരിതമായി.

പെട്ടി വളരെനേരം പാടിക്കൊണ്ടിരുന്നു. ഹരിചരണബാബു ഇടക്കു് എഴുന്നേറ്റുപോയപ്പോൾ മുറിയിൽ അതസിയും ടേംപിയും മാത്രമായി. അച്ഛന്റെ മുമ്പിൽ വെച്ചു പറയാൻ ധൈര്യം വന്നില്ലെന്നു തോന്നുന്നു, അച്ഛൻ എഴുന്നേറ്റുപോയ ഉടൻ അതസി ചോദിച്ചു: “അമ്മാവാ, എന്നെ പാചകം പഠിപ്പിക്കുമോ?”

ഹാജാരി ഒന്നു പകച്ചുകൊണ്ടു പറഞ്ഞു: “എന്താണതിനു വിരോധം? കുട്ടിക്കു് നിശ്ചയമായും പാകം ചെയ്യാൻ വശമുണ്ടാവും. എന്തൊക്കെയറിയാം?”

അതസി ബുദ്ധിമതിയാണു്. തന്നോടു് സംഭാഷണം ചെയ്യുന്നതു് ഭക്ഷ്യ പാകവിധി ഒരു കലയാക്കിയ ഒരാചാര്യനാണു് എന്നു് അവൾക്കറിയാം. സംഗീതം പഠിക്കുന്ന യുവതി പേരെടുത്ത തന്റെ സംഗീതാചാര്യനോടു രാഗരാഗിണികളെപ്പറ്റി ചർച്ച ചെയ്യുമ്പോഴെന്ന പോലെ അവൾ സസങ്കോചം പറഞ്ഞു: “എല്ലാം പാകം ചെയ്യാനറിയാം. ശുക്തനി, (കയ്പുള്ള ഒരു കറി) ചച്ചഡി, പരിപ്പുകറി, മീൻകറി അമ്മയ്ക്കു് അടുക്കളയിൽ അധികം പെരുമാറാൻ പാടില്ല. ഹൃദയത്തിനു സുഖമില്ല. ഞാൻ തന്നെയാണു് അടുക്കളക്കാര്യങ്ങൾ നോക്കാൻ. ടേംപി പറഞ്ഞു അമ്മാവന്നു് ഒന്നാന്തരമായിട്ടു് സസ്യ ഭോജ്യങ്ങൾ ഉണ്ടാക്കാനറിയാമെന്നു്. പഠിപ്പിക്കുമോ എന്നെയും?

“ടേംപി ഇതൊക്കെയാണു കുട്ടിയെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നതു്. അല്ലേ? പ്രാന്തിപ്പെണ്ണു് അവളു പറയുന്നതൊന്നും കണക്കാക്കണ്ട.”

“അല്ല അമ്മാവാ, ഞാൻ വേറെ പലരും പറയുന്നതു കേട്ടിട്ടുണ്ടു്. എല്ലാ ദിക്കിലും നല്ല പേരു്. എല്ലാവരും പറയുന്നു.”

പിന്നീടു് അനുനയിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു: “എന്നെ പഠിപ്പിക്കാതെ പറ്റില്ല. വിടുല്ല ഞാൻ. ഞാൻ ടേംപിയോടു് എപ്പഴും ചോദിക്കാറുണ്ടു് അമ്മാവൻ എപ്പോഴാണു് വരുന്നതെന്നു്. അവൾ പറഞ്ഞില്ലേ? അല്ല, അമ്മാവാ, എന്നെ പഠിപ്പിച്ചുതരൂ. എനിക്കു നല്ല മോഹമുണ്ടു്. ഒരു നല്ല പാചകക്കാരിയാവാൻ.”

ഹാജാരി പറഞ്ഞു: “നല്ല പാചകം ഒറ്റദിവസംകൊണ്ടു പഠിക്കാനാവില്ല മോളേ. രണ്ടോ മൂന്നോ മാസം കുട്ടിയുടെ കൂടെത്തന്നെ എനിക്കു നിൽക്കേണ്ടിവരും. കൈപിടിച്ചു കാട്ടിത്തരേണ്ടിവരും. കുട്ടി പാകം ചെയ്തുകൊണ്ടിരിക്കുക, ഞാൻ അടുത്തുനിന്നുകൊണ്ടു് തെറ്റു തിരുത്തിത്തരുക. അതില്ലാതെ പഠിപ്പു പൂർണ്ണമാവില്ല. കുട്ടി എനിക്കു ടേംപിയെപ്പോലെതന്നെ. കുട്ടിയോടു മയക്കു വാക്കുകൾ പറഞ്ഞു പറ്റിക്കില്ല ഞാൻ. ചെറുപ്രായം. പഠിക്കാൻ മോഹം. പഠിപ്പിക്കാനുമില്ല എനിക്കും ആഗ്രഹക്കുറവും. പക്ഷേ, സമയം എവിടന്നുകിട്ടും, കുട്ടി എനിക്കു് ?”

അതസി സപ്രശംസദൃഷ്ടികളോടെ ഹാജാരിയുടെ വാക്കുകൾ ശ്രദ്ധിക്കയായിരുന്നു. വിശേഷജ്ഞനായ ഒരാചാര്യനു ചേർന്ന വാക്കുകൾതന്നെ. മതിപ്പു തോന്നിക്കുന്നവ. മയക്കാനുള്ള വാക്കുകളല്ല. അനഭിജ്ഞനും സംസ്ക്കാരശൂന്യനുമായ ഒരുവൻ പറയുന്നതുപോലെയല്ല. അവളുടെ ദൃഷ്ടിയിൽ ഹാജാരി ദരിദ്രനും അടുക്കളവേലക്കാരനുമായ ഒരു ബ്രാഹ്മണനല്ല. താനംഗീകരിച്ചിരിക്കുന്ന വ്യവസായത്തിൽ വിശേഷജ്ഞൻ, ആചാര്യൻ, കലാകാരൻ. അവളുടെ ഹൃദയത്തിൽ ഹാജാരിയോടു തോന്നിയ ബഹുമാനത്തിനും അതിരില്ല.

പിറ്റേന്നാൾ ഹാജാരി ഉറക്കമുണർന്നു പുകവലിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു് അതസി കടന്നുവരുന്നതു കണ്ടു് സത്യമായും അത്ഭുതപ്പെട്ടുപോയി. വലിയ ഒരാളുടെ പുത്രി അതസി എന്തുദ്ദേശത്തോടെയാവാം അവൾ തന്റെ ചെറ്റക്കുടിലിലേക്കു വന്നിരിക്കുന്നതു്?

ടേംപി വീട്ടിലില്ല. അവളുടെ അമ്മ അതസിയെക്കണ്ടു അമ്പരന്നു ഓടിച്ചെന്നു. അവളുടെ അപടുവായ ഭാഷകൊണ്ടാവും വിധം അതസിയെ സൽക്കരിച്ചു. അതസി ചോദിച്ചു: “അമ്മാവൻ ഇവിടെത്തന്നെയില്ലേ അമ്മായി?”

“ഉവ്വു് മോളെ, വരു; ആ മൂലയിലുള്ള തിണ്ണമേലിരുന്നു പുകവലിക്കുന്നു.”

“ടേംപി എവിടെ?”

“അവൾ മുള്ളങ്കിക്കിഴങ്ങു കൊണ്ടുവരാൻ പോയിരിക്കയാണു്, സദ്ഗോപ (ഒരു ഹിന്ദുജാതി) ഗൃഹത്തിലേക്കു്. ഇപ്പൊ വരും, വരു മോളേ, വരു ഇരിക്കു. വരട്ടെ, ഞാൻ പീഠം കൊണ്ടുവരാം.”

അതസി ടേംപിയുടെ മാതാവിന്റെ കയ്യിൽ നിന്നു് വേഗം, ഒരു സവിശേഷഭാവത്തോടെ, പീഠം തട്ടിപ്പറിച്ചു ആകർഷകമായ ഒരു ചിരിയോടെ പറഞ്ഞു: “അവിടെ വെച്ചേക്കു അമ്മേ പീഠം! വലിയ ഒരാചാര്യൻ വന്നിരിക്കയല്ലേ ബഹുമാനപൂർവം പീഠമിട്ടുകൊടുക്കാൻ.”

ആ ചിരിയും ഭാവവും അതസിയുടെ സൗന്ദര്യത്തിനു് എന്തെന്നില്ലാത്ത മാറ്റുകൂട്ടി. ടേംപിയുടെ അമ്മ മുഗ്ദ്ധദൃഷ്ടികളോടെ, അവളെ നോക്കി നിന്നു പോയി. ഇതിനിടെ ഹാജാരി അവിടെക്കു വന്നു ചോദിച്ചു: “എന്താണു് ഇത്ര നേരത്തെ പുറപ്പെട്ടതു്, എന്റെ ഓമന മകൾ?”

അതസി ഹാജാരിയുടെ അടുക്കലേക്കു ചെന്നിട്ടു പറഞ്ഞു: “അമ്മാവനോടു് ഒരു കാര്യം പറയാനുണ്ടായിരുന്നു.”

“എന്തുകാര്യം മോളെ?”

“വരു, അപ്പുറത്തേക്കു്. ഒന്നു നീങ്ങി നിന്നിട്ടു പറയാം.”

ഇതെന്തു രഹസ്യമാണു് ഈ കുട്ടിക്കു് ഇത്രക്കു നേരത്തെ വന്നു തന്നോടു പറയാനുള്ളതെന്നു് എത്രയാലോചിച്ചിട്ടും ഹാജാരിക്കു മനസ്സിലായില്ല. പുറത്തിറങ്ങി നിന്നിട്ടു ചോദിച്ചു: “എന്താണു മോളേ?”

അതസി പറഞ്ഞു: “അമ്മാവൻ ആരോടും പറയരുതു്. എന്നാലേ പറയുള്ളു.”

ഹാജാരി വിസ്മയഭാവത്തോടെ പറഞ്ഞു: “പറയില്ല. കുട്ടി, പറഞ്ഞോളൂ.”

അമ്മാവൻ ഹോട്ടൽ തുടങ്ങുവാൻ അച്ഛനോടു പണം കടം ചോദിച്ചുവെന്നു കേട്ടു.

“ഉവ്വ്, പക്ഷേ, അതു് ഇത്തവണയല്ല, കഴിഞ്ഞ തവണ ഞാൻ വന്നിരുന്നില്ലേ. അപ്പോൾ. കുട്ടിയോടു് ആരാണിതു പറഞ്ഞതു്?”

“അതുമാത്രം ചോദിക്കണ്ട. അമ്മാവൻ ഹോട്ടൽ തുടങ്ങിക്കോളൂ. പണം ഞാൻ തരാം.”

“കുട്ടിക്കു പണമെവിടന്നാണു്?”

അതസി ചിരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ കയ്യിലുണ്ടു്. ഇരുന്നൂറു രൂപ വരെ തരാം. ഞാൻ കുറേശ്ശെ കുറേശ്ശേ ശേഖരിച്ചുവെച്ചതു്. ആരെയും അറിയിക്കാതെയേ തരാൻ പറ്റൂ. അച്ഛൻ അറിയരുതു്. ആരും തന്നെ അറിയണ്ട.”

ഹാജാരിയുടെ കണ്ണുകൾ നിറഞ്ഞു.

ഇതുവരെയായി മൂന്നു പെൺകുട്ടികളാണു് അയാളുടെ ജീവിതത്തിലേക്കു കടന്നുവന്നിട്ടുള്ളതു്. മൂന്നുപേരും എത്രയും നിസ്വാർത്ഥമായ ഭാവത്തിൽ അയാളെ, അയാളുടെ ഉയരാനുള്ള ആഗ്രഹത്തിന്റേതായ മാർഗ്ഗത്തിലേക്കു ഉന്തിത്തള്ളിക്കൊണ്ടുപോകയാണു്. മൂന്നുപേരും ഒരേപോലെ മായമെന്തെന്നറിയാത്തവർ, മൂന്നുപേരും താനുമായി ബന്ധമൊന്നുമില്ലാത്തവർ. എന്നാലും, അതസി ജന്മികുടുംബത്തിൽ പിറന്നവൾ, പഠിപ്പുള്ള കുട്ടി. അവൾ ഈവിധം തനിക്കു പ്രേരണ നൽകുക എന്നതു് തീരെ അപ്രത്യാശിതമായ ഒരത്ഭുതമാകുന്നു.

ഹാജാരി പറഞ്ഞു: “പക്ഷേ, കുട്ടി ഇതാരു പറഞ്ഞിട്ടാണു് അറിഞ്ഞതു് എന്നു് എന്നോടു പറയൂ.”

“അതസി ചിരിച്ചുകൊണ്ടു പറഞ്ഞു. അതു പറയില്ലെന്നു പറഞ്ഞില്ലേ?”

“എന്നാൽ പണം എനിക്കു വേണ്ട. ആദ്യം ആരാണു പറഞ്ഞതെന്നു കേൾക്കട്ടെ.”

“പേരുപറഞ്ഞാൽ അയാളെ ഒന്നും ചെയ്യില്ലല്ലോ.”

“എന്തിനാണു വല്ലതും ചെയ്യുന്നതു്? അതിനുമാത്രം ഇതിൽ എന്തിരിക്കുന്നു? കുട്ടി പറഞ്ഞോളൂ.”

“ടേംപി പറഞ്ഞതായിരുന്നു. അച്ഛനു ഹോട്ടൽ തുടങ്ങാൻ വളരെയുണ്ടു് മോഹം. അതിനു് അതസിചേച്ചിയുടെ അച്ഛനോടു് പണം കടം ചോദിച്ചിരുന്നു. അച്ഛനു് കൊടുക്കാൻ കഴിഞ്ഞില്ല എന്നൊക്കെ. നോക്കു അമ്മാവാ ഏട്ടൻ ഈ ലോകത്തിൽനിന്നു യാത്രയായതിൽ പിന്നെ അച്ഛനു മനസ്സിനു് തീരെയില്ല സുഖം. അച്ഛനോടു പറയുന്നതും പറയാത്തതും ഒരുപോലെ. ഞാൻ വിചാരിച്ചു എന്റെ കയ്യിൽ പണമുള്ള സ്ഥിതിക്കു് അമ്മാവനു കൊടുക്കുക. അമ്മാവനുപകാരമാവട്ടെ. എന്റെ കയ്യിൽ വെറുതെ കിടക്കുന്ന പണം. അമ്മാവന്റെ ഹോട്ടൽ ഒന്നാന്തരമാവും. അമ്മാവനും കുടുംബത്തിനും നല്ല നിലയിലാവാം. ടേംപിയെ എനിക്കു വളരെ ഇഷ്ടമാണു്. അവൾക്കു സന്തോഷമായാൽ എനിക്കും അതുകൊണ്ടു സംതൃപ്തിയാവും. പണം പെട്ടിയിൽ പൂഴ്ത്തി വെച്ചിട്ടെന്തു കിട്ടാനാണു്?”

“മോളേ, മോളുടെ പണം അച്ഛനെ അറിയിക്കാതെ സ്വീകരിക്കാൻ എനിക്കു നിവൃത്തിയില്ല.”

അതസിക്കു വളരെ വിഷമം തോന്നി. അച്ഛനെ അറിയിച്ചില്ലെങ്കിൽ എന്താണു തരക്കേടെന്നു അവൾ ബാലികാസഹജമായ യുക്തികൾകൊണ്ടു തർക്കിച്ചു നോക്കി.

ഒടുവിൽ പറഞ്ഞു: “ഞാൻ ടേംപിക്കു കൊടുക്കാം പണം”

“അങ്ങനെ ചെയ്തുകൂട. മോളു കുട്ടിയാണു്. പണം കൊടുക്കാനധികാരമില്ല. മോളു് പഠിപ്പുള്ളവളാണല്ലോ. ആലോചിച്ചു നോക്കു.”

“ശരി, എന്നാൽ ലാഭത്തിലൊരംശം എനിക്കു തന്നാൽ മതി” ഹാജാരിക്കു ചിരി വന്നു. കുസുമവും ഇടയകുടുംബത്തിലെ ആ പെൺകുട്ടിയും അതസിയും ഒരുപോലെ പറയുന്നു. ഇവരെല്ലാവരും തന്നെ തന്നെ ഉത്തരം മുട്ടിക്കുവാൻ ഉത്തമർണ്ണത ചമഞ്ഞു് പണം കടമായി സ്വീകരിക്കാൻ നിർബന്ധിക്കുന്നു. എന്തൊരത്ഭുതം!

“ഇല്ല കുട്ടി, അതു പറ്റില്ല. കുട്ടി വലിയതായി ശ്വശുരഗൃഹത്തിൽ റാണിയെപ്പോലെ വാഴുമാറാകട്ടെ എന്നു ഞാൻ ആശീർവദിക്കുന്നു. അന്നു് കുട്ടിയുടെ ഈ വൃദ്ധനായ അമ്മാവനു് ഇഷ്ടമുള്ള എന്തും തരു, സ്വീകരിക്കാം. ഇപ്പോഴില്ല.”

അതസി ദുഃഖിതയായി തിരിച്ചുപോയി.

ടേംപിയെ വിളിച്ചു് ഒന്നു ശകാരിച്ചാലെന്തെന്നു ഹാജാരിക്കു തോന്നി. ഈവക കാര്യങ്ങൾ അതസിയോടു പറയേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല, അവൾക്കു്. എന്നാൽ അതസിക്കു് വാക്കുകൊടുത്തുകഴിഞ്ഞിരിക്കുന്നു. വല്ലതും പറഞ്ഞാൽ അതസിയുടെ ചെവിയിൽ പെടുകയാണെങ്കിൽ… അതോർത്തു് അയാൾ മിണ്ടാതിരുന്നു.

അന്നു വൈകുന്നേരം ഇടയച്ചേരിയിൽ നടക്കാനിറങ്ങിയ ഹാജാരി, കുസുമത്തിനു് തീരെ സുഖമുണ്ടായിരുന്നില്ലെന്നു് അവളുടെ അച്ഛന്റെ വീട്ടിൽ നിന്നു് അറിയാൻ കഴിഞ്ഞു. ഒരുവിധം രോഗത്തിൽനിന്നു രക്ഷപ്പെടുകയാണത്രേ ഉണ്ടായതു്. അയാൾ കുസുമത്തിനെപ്പറ്റി ഒന്നും തന്നെ ചോദിക്കയുണ്ടായില്ല. വെറുതെ കുസുമത്തിന്റെ അമ്മാവൻ ഘനശ്യാമിനോടു വർത്തമാനം പറയാൻ പടിക്കൽ നിന്നതായിരുന്നു. നാട്ടുവർത്തമാനങ്ങൾക്കിടക്കു് അയാൾ പറഞ്ഞു: “ഈയിടെ ഞാൻ പത്തുപതിനഞ്ചു ദിവസം റാണാഘാടിലായിരുന്നു, ഠാക്കുർ മശായി… പാൽക്കട്ടിക്കച്ചവടം ഈ മാസം നന്നെ മോശം.”

ഹാജാരി പറഞ്ഞു: “പത്തുപതിനഞ്ചുദിവസമോ? എന്താണു് പെട്ടെന്നു ഇങ്ങിനെ?”

ഇതിനുശേഷമാണു കുസുമത്തിന്റെ കാര്യം എടുത്തുപറഞ്ഞതു്. കേട്ട ഉടൻ ഹാജാരിയുടെ മനസ്സിൽ ആകെ ഉണ്ടായ ഒരേ വിചാരം കുസുമത്തിനെക്കണ്ടിട്ടു് കുറെയേറെ നാളായല്ലോ എന്നായിരുന്നു. അവളെ ഒന്നു കണ്ടിട്ടുവന്നാലോ? അവളുടെ സുഖക്കേടിനെപ്പറ്റി അറിഞ്ഞപ്പോൾ മനസ്സിനു ഒരു ഇളക്കം തട്ടി. ജീവിതത്തിൽ ഇങ്ങനെ ഒരുവളോടു അയാൾക്കു തോന്നിയിട്ടുള്ള സ്നേഹത്തിനും വാത്സല്യത്തിനും എതിരില്ല.

കുസുമത്തെപ്പറ്റി ഘനശ്യാമിനോടു പലതും ചോദിക്കണമെന്നു് അയാൾക്കുണ്ടായിരുന്നു. പക്ഷേ, അതുവയ്യ. മനസ്സിലുണ്ടായ ആകുലമായ ആ ആഗ്രഹം മനസ്സിൽ തന്നെ പൂഴ്ത്തി. ഒരു താല്പര്യവുമില്ലാത്തവനെപ്പോലെ ചോദിച്ചു “ഇപ്പോൾ അവൾക്കെങ്ങിനെയിരിക്കുന്നു?”

“അതു് നിങ്ങളുടെ കാരണവന്മാരുടെ അനുഗ്രഹംകൊണ്ടു് ഒക്കെ മാറി; എന്നാലും കുടുംബം വളരെ കഷ്ടത്തിലാണു്. പാലും മോരും വിറ്റിട്ടുവേണമല്ലോ കഴിഞ്ഞുകൂടാൻ. ഒരു മാസമായി കിടപ്പിലുമായി. ഇപ്പുറത്തു് എന്റെ കുടുംബസ്ഥിതി കാണുന്നുണ്ടല്ലോ നിങ്ങൾ. എന്റെ ഠാക്കുർ മശായി, എവിടന്നു, ഏതുവിധം…”

ഹാജാരി അതെസ്സംബന്ധിച്ചു് പിന്നീടൊന്നും ചോദിച്ചില്ല, കുസുമത്തെപ്പറ്റി ഇതിലേറെ തനിക്കൊന്നും അറിയാനില്ല എന്ന മട്ടിൽ.

വീട്ടിലേക്കു തിരിച്ചസമയം കുസുമത്തിന്റെ അടുക്കൽ ഒന്നു പോകതന്നെ വേണമെന്നു് അയാൾ ഉറപ്പിച്ചു. അവളുടെ അസുഖത്തെപ്പറ്റി കേട്ടിട്ടു മിണ്ടാതിരിക്കാൻ മനസ്സനുവദിക്കുന്നില്ല. നാളെത്തന്നെ പോകണം റാണാഘാടിലേക്കു്.

വഴിക്കു് അതസിയുടെ അച്ഛൻ ഹരിബാബുവിനെ കണ്ടുമുട്ടി. അയാൾ തടിച്ച ഒരു വടി കുത്തിപ്പിടിച്ചു നടക്കാൻ പുറപ്പെട്ടിരിക്കയാണു്.

ഹാജാരിയെ കണ്ടപ്പോൾ പറഞ്ഞു: “അല്ല, ഇതു ഹാജാരിയല്ലേ! എവിടന്നു വരുന്നു? വരു. എന്റെ വീട്ടിലേക്കു്. ചായകുടിച്ചുപോകാം. നടക്കു.”

ഹാജാരിയെ കസാലയിൽ ഇരുത്തിയിട്ടു പറഞ്ഞു: “ഇരിക്കു്, ഞാനൊന്നകത്തുപോയിട്ടു വരാം. ഇവിടെ ഉള്ളിടത്തോളം ദിവസം എന്നും ഇങ്ങോട്ടു പോന്നോളൂ. ഒറ്റക്കിരുന്നിട്ടു സമയം നീങ്ങുന്നില്ല. നിൽക്കു. ദാ വന്നുകഴിഞ്ഞു.”

ഹരിബാബു അകത്തേക്കു പോയി ഏതാനും നിമിഷം കഴിഞ്ഞപ്പോൾ അതസി ഒരു പ്ലേറ്റിൽ ഏതാനും പൂരിയും, വഴുതിനങ്ങയും അല്പം ശർക്കരയും എടുത്തുകൊണ്ടുവന്നു. അവൾ അതു ഹാജാരിയുടെ മുൻവശത്തുള്ള മേശമേൽ വെച്ചിട്ടു പറഞ്ഞു: “അമ്മാവൻ തുടങ്ങിക്കോളു, ഞാൻ ചായ കൊണ്ടുവരട്ടെ.”

ഹാജാരി പറഞ്ഞു: “ബാബു വരട്ടെ.”

“അച്ഛൻ പലഹാരം തിന്നില്ല. ചായ മാത്രമെ കുടിക്കയുള്ളു. അമ്മാവൻ അപ്പോഴേക്കു പലഹാരം തിന്നൂ. ചായ ഒന്നിച്ചാകാം.”

അതസി പോയില്ല. അരികിൽ തന്നെ നിന്നു. ഹാജാരിയ്ക്കു വല്ലായ്മ പോലെ തോന്നി. ആലോചിച്ചിട്ടു പറയാനൊന്നും കിട്ടിയില്ല.

അതുകൊണ്ടു് ചോദിച്ചു: “ഇന്നു ടേംപി വന്നില്ലേകുട്ടീ?”

“ഇല്ല, വൈകിയിട്ടു വന്നില്ല.”

ഹജാരി പിന്നെയെന്തെങ്കിലും പറയാൻ കാണാതെ മിണ്ടാതിരുന്നു പലഹാരം തിന്നാൻ തുടങ്ങി. തിന്നുന്നതിന്നിടക്കു് ഒരിക്കൽ തലപൊക്കി നോക്കി. അതസി തന്നെത്തന്നെ നോക്കിനിൽക്കയാണു്. അതസി സുന്ദരിയായ പെൺകുട്ടി. ടേംപിയുടെ ചങ്ങാതിയാണെങ്കിലും പ്രായം നാലഞ്ചു വയസ്സു് ഏറും. ഈവിധമുള്ള ഒരു പെൺകുട്ടിയോടു് മറ്റാരുമില്ലാത്തിടത്തുവെച്ചു സംസാരിച്ചു ശീലവും അയാൾക്കില്ല. അയാൾക്കു് എന്തെന്നില്ലാത്തൊരു വിമ്മിഷ്ടം തോന്നി.

പെട്ടെന്നു് അതസി പറഞ്ഞു: “അമ്മാവൻ എന്നോടു ദേഷ്യപ്പെട്ടിരിക്കയാണോ?”

ഹാജാരി പരിഭ്രമത്തോടെ ചോദിച്ചു: “ദേഷ്യപ്പെടുകയോ? എന്തിനു മോളെ.”

“രാവിലത്തെ കാര്യംകൊണ്ടു്?”

“അതിൽ എനിക്കു ദേഷ്യപ്പെടാനൊന്നുമില്ല. നേരെമറിച്ചു് ദേഷ്യം തോന്നേണ്ടതു് നിനക്കാണു്.”

“അതല്ല, കേൾക്കു അമ്മാവാ ഞാൻ അതിനുശേഷം ആലോചിച്ചു നോക്കി. അമ്മാവൻ എന്റെ പണം വാങ്ങിയിരുന്നെങ്കിൽ നന്നായേനെ. അറിയാമോ? എന്റെ ഏട്ടൻ മരിച്ചതിനുശേഷം ഞാൻ ആലോചിക്കയായിരുന്നു. ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ അച്ഛന്റെ സ്വത്തുക്കൾ എനിക്കു കിട്ടുമായിരുന്നില്ല. ഇനി അതെനിക്കാണു കിട്ടുക. എന്നാൽ ഈശ്വരനറിയാം അമ്മാവാ ഞാൻ യാതൊരു സ്വത്തും ആഗ്രഹിക്കുന്നില്ല. ഏട്ടൻ സ്വത്തു് അനുഭവിക്കുമായിരുന്നെങ്കിൽ അനുഭവിക്കട്ടെ എന്നുവെക്കുമായിരുന്നു. ഇനി അച്ഛൻ സ്വത്തു് എന്താണിഷ്ടമെന്നുവെച്ചാൽ ചെയ്തോട്ടെ, ധൂർത്തടിച്ചുകളയട്ടെ, ചുട്ടെരിക്കട്ടെ, ദാനം ചെയ്യട്ടെ. ഏട്ടനുണ്ടായിരുന്നെങ്കിൽ ഈ സ്വത്തെല്ലാം ഏട്ടനു പോകുമായിരുന്നു എനിക്കു കിട്ടുമായിരുന്നില്ല, എന്ന വിചാരം എനിക്കു തോന്നാതിരിക്കട്ടെ. സ്വത്തിനു മോഹിച്ചു് ഏട്ടന്റെ പേരിൽ ഒരു ദിവസവും… എന്റെ കയ്യിലുള്ളതു കൂടി ഞാൻ പരർക്കുവേണ്ടി ചിലവാക്കും.”

അതസിയുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞൊഴുകി. അവൾ മിണ്ടാതെ നിന്നു. ഹാജാരി സാന്ത്വനിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു: “അരുത് മോളേ, അതൊന്നും വിചാരിക്കരുതു്. അച്ഛനമ്മമാരെ കുട്ടിതന്നെ വേണം നോക്കാൻ. അവരെ ഈ ലോകവുമായി ബന്ധിപ്പിക്കുന്നതു് മോളുമാത്രമാണു്. മോളിങ്ങനെ തുടങ്ങിയാലെങ്ങിനെ?ഛീ, മോളേ…!”

ഹാജാരിക്കു വാസ്തവത്തിൽ വലിയ അത്ഭുതം തോന്നി. ഇത്രയേയായിട്ടുള്ളു പ്രായം. എത്ര ഉയർന്ന ചിന്താഗതിയെന്നു കണ്ടില്ലേ? ഉന്നതകുലം എന്നു ഇതിനെയല്ലാതെ മറ്റെന്തിനെയാണു പറയേണ്ടതു്? ഇതു ബേചു ബാബുവിന്റെ ഹോട്ടലിലെ വേലക്കാരി പത്മയല്ല.

ഹാജാരി പറഞ്ഞു: “മോളെ, എനിക്കു പണം തരണമെന്നു മോൾക്കു തോന്നിയതെന്തുകൊണ്ടാണു് കേൾക്കട്ടെ. നിങ്ങൾ സ്ത്രീകൾ നന്നായാൽ അങ്ങേയറ്റം നല്ലവർ, ചീത്തയായാൽ മഹാചീത്ത എന്നെ മോൾക്കു് അത്ര വിശ്വാസമുണ്ടോ?”

“അമ്മാവൻ ആലോചിച്ചു നോക്കു. ഞാൻ തന്നില്ലെങ്കിൽ വേറെയാരുണ്ടു തരാൻ?”

“അച്ഛനെ അറിയിക്കാതെയോ?”

“അച്ഛനറിഞ്ഞാൽ സമ്മതിക്കില്ല. എന്റെ കൈവശം പണം വെറുതെ കെട്ടിക്കിടക്കും. അമ്മാവനു കിട്ടിയാൽ ഉപകാരമാവുകയും ചെയ്യും. എനിക്കറിയാം അമ്മാവന്റെ കുടുംബത്തിലെ കഷ്ടപ്പാടുകൾ. ടേംപിയെ കല്യാണം കഴിച്ചുകൊടുക്കണം. എവിടന്നുണ്ടാവും പണം, എവിടന്നെന്തുണ്ടാവും? അമ്മാവൻ പാചകവിദ്യക്കുള്ള പ്രശസ്തി നോക്കിയാൽ അമ്മാവൻ തുടങ്ങുന്ന ഹോട്ടൽ കേമമായി നടക്കുമെന്നുറപ്പുണ്ടു്. അഞ്ചാറുകൊല്ലം കഴിഞ്ഞു് എന്റെ പണം മടക്കിത്തന്നോളു.”

അതസിയുടെ ഉള്ളറിഞ്ഞ ഹാജാരി മുഗ്ദ്ധനായിപ്പോയി. അയാൾ പറഞ്ഞു: “ശരി, കുട്ടി എനിക്കു പണം തന്നേക്കു, ഞാൻ വാങ്ങാം. ഹോട്ടൽ ഞാൻ ഈ മാസംതന്നെ തുടങ്ങാൻ വിചാരിക്കുന്നു. നിന്നിലൂടെ ഭഗവാൻ തന്നെയാണു് ഇതു പറയിച്ചതു്. നിങ്ങളൊക്കെ പാപമെന്തെന്നറിയാത്ത കുട്ടികൾ നിങ്ങളിലൂടെയാണു് ഭഗവാൻ സംസാരിക്കുന്നതു്.”

അതസി ചിരിച്ചുകൊണ്ടു ചോദിച്ചു. “അപ്പോൾ എന്റെ പണം വാങ്ങും?”

“സത്യമാണു പറയുന്നതു്. ഇത്തവണ ചെന്നു സ്ഥലം നോക്കിയിട്ടു വരട്ടെ. നാളെ രാവിലെതന്നെ പോകുന്നു റാണാഘാടിലേക്കു്. പറ്റിയാൽ അവിടെത്തന്നെ, ഇല്ലെങ്കിൽ ഗോയാഡിബസാറിൽ ഹോട്ടൽ തുടങ്ങും. വിവരം കുട്ടിയെ അിയിക്കാം. രണ്ടു നാലു ദിവസങ്ങൾക്കകം ചുറ്റി നടന്നുനോക്കിയിട്ടു വരട്ടെ.”

അതസി പറഞ്ഞു: “അച്ഛന്റെ സന്ധ്യാവന്ദനംകഴിഞ്ഞിട്ടുണ്ടാവും. അച്ഛനിപ്പോൾ വരും. ഇരിക്കു. ഞാൻ ചായ കൊണ്ടുവരട്ടെ, കേൾക്കണോ അമ്മാവാ അമ്മാവൻ അച്ഛനോടു് ഹോട്ടലിനു് പണം വേണമെന്നു പറഞ്ഞപ്പോൾ ഞാൻപുറത്തുനിന്ന് എല്ലാം കേട്ടു. അന്നുതന്നെ തീരുമാനിച്ചതാണു് ഞാൻ കൂട്ടിവെച്ച പണം അമ്മാവനു് തരണമെന്നു്.”

“അതുശരി, ആകട്ടെ, മോൾക്കെന്താണു് എന്നോടിത്ര ദയതോന്നാൻ?”

“പറയട്ടെ അമ്മാവാ, അമ്മാവനെക്കണ്ടിട്ടു് എനിക്കു തോന്നി അമ്മാവൻ ശുദ്ധനാണു്, നല്ലവനാണു്. അമ്മാവനെക്കണ്ടിട്ടു് എനിക്കു വളരെ വിഷമം തോന്നി. അതിനെ ദയ എന്നെന്തിനു പറയുന്നു? ഞാൻ അമ്മാവനു മകളെ പോലെയല്ലേ?”

ഇതും പറഞ്ഞു: അവൾ കുണ്ഠിതവും ലജ്ജയും സ്പുരിക്കുന്നവിധം ചിരിച്ചു.

ഹാജാരി പറഞ്ഞു: “കുട്ടി കഴിഞ്ഞ ജന്മം എന്റെ അമ്മയായിരുന്നു. അതുകൊണ്ടാണു് ഇത്ര ദയ കാണിക്കുന്നതു്. സന്താനങ്ങളോടല്ലാതെ ഇത്ര ദയ തോന്നുമോ? കുട്ടി സുഖമായിരിക്കട്ടെ, രാജ്ഞിയെപ്പോലെ വാഴാറാകട്ടെ! ഞാനാശീർവദിക്കുന്നു. ഞാൻ കുട്ടിയുടെ ദരിദ്രനായ അമ്മാവൻ. ഇതിലധികം എന്തുചെയ്യാനാവും?”

അതസി പെട്ടെന്നു കുനിഞ്ഞു കാൽ തൊട്ടുതൊഴുതു നമസ്കരിച്ചു് ഒട്ടും നിൽക്കാതെ വീട്ടിനകത്തേക്കു പോയി.

രാത്രി ഹാജാരിക്കു് ഉറക്കം വന്നില്ല. അതസിയെപ്പോലുള്ള ഉന്നത കുടുംബത്തിലെ സുന്ദരിയായ പെൺകുട്ടിയുടെ സ്നേഹത്തിനു പാത്രമാവുക എന്നതിൽ ഒരു പ്രത്യേക ലഹരിതന്നെയുണ്ടു്. ഹാജാരിയെ ആ ലഹരി ബാധിച്ചു. അയാളുടെ ജീവിതത്തിൽ അത്ഭുതകരമായ ഒരു സംഭവം.

രാവിലെയെഴുന്നേറ്റ് അയാൾ റാണാഘാടിലേക്കു പോയി. ഏറെ ദൂരമില്ല. ഏഴെട്ടു മൈൽ നടന്നു എട്ടെട്ടര മണിക്കു് സ്റ്റേഷനടുത്തുള്ള തേക്കിൻ കാട്ടിലെത്തി.

റെയിൽ ബസാറിലേക്കു കടന്നപ്പോൾ പഴയ പ്രവൃത്തിസ്ഥലത്തു് ഒന്നെത്തിനോക്കിയിട്ടു പോകാൻ അയാൾക്കു കൊതിതോന്നി. റാണാഘാട് വിട്ടിട്ടു നാലഞ്ചുമാസമാകാറായി. ദൂരെനിന്നുതന്നെ ബേചു ചക്കത്തിയുടെ ഹോട്ടലിന്റെ സയിൻബോർഡുകണ്ടിട്ടു് അയാളുടെ ഉള്ളിൽ ഉത്തേജനവും കൗതുകവും ഉളവായി. ആ തകരം മേഞ്ഞ ഷെഡിൽ കഴിഞ്ഞ ആറുകൊല്ലത്തെ എത്രയെത്ര ഓർമ്മകളാണു് ലയിച്ചുകിടക്കുന്നതു്? ഹോട്ടലിലേക്കു കടന്ന ഉടനെ ചെന്നു പെട്ടതു് ബേചു ചക്കത്തിയുടെ മുമ്പിൽ തന്നെ. സമയം ഏതാണ്ടു് പത്തര. ഭക്ഷണത്തിനു് ആളുകൾ വരാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ബേചു പഴയപടി ബഞ്ചിലിരുന്നു പണപ്പെട്ടി മുമ്പിൽ വെച്ചു പുകവലിക്കുന്നു.

ഹാജാരി നമസ്കരിച്ചു നിന്നപ്പോൾ അയാൾ പറഞ്ഞു: “അല്ലാ, ഇതു ഹാജാരി ഠാക്കുറല്ലേ എന്താണിങ്ങിനെ? എവിടെയായിരുന്നു സുഖമല്ലേ?” ഹാജാരി നിമിഷം കൊണ്ടു വീണ്ടും ബേചുവിന്റെ ശമ്പളം പറ്റുന്ന അടുക്കളപ്പണിക്കാരനെപ്പോലെയായി. അതേവിധത്തിലുള്ള ഭയവും സങ്കോചവും ബഹുമാനവും അയാളുടെ ദേഹത്തിലും മനസ്സിലും എവിടെ നിന്നെന്നില്ലാതെ പറന്നെത്തി.

അയാൾ മുമ്പെന്ന പോലെ അതിവിനീത ഭാവത്തിൽ പറഞ്ഞു: “അതെ, ബാബുവിന്റെ കരുണയുണ്ടായിട്ടു് ഒരുവിധമൊക്കെ. ബാബുവിനും സുഖമല്ലെ?”

“ഈയിടെ ഏതു നാട്ടിലാണു്?”

“ഗോപാലനഗരത്തിൽ കുണ്ഡു ബാബുവിന്റെ വീട്ടിൽ.”

“വീട്ടുപണി? എത്രനാളായി?”

“നാലുമാസമായി, ബാബു.”

“അതുശരി, അവിടെ എന്തുകിട്ടുന്നുണ്ടു്? ഗൃഹസ്ഥന്മാരുണ്ടോ ഹോട്ടലിലെപ്പോലെ ശമ്പളം തരുന്നു?” ബേചുചക്കത്തി അപ്പറഞ്ഞതു് എന്തോ ഉള്ളിൽ വെച്ചുകൊണ്ടാണെന്നു ഹജാരിക്കു തോന്നി. എന്താണു സംഗതി ബേചുവിനു വീണ്ടും തന്നെ ഹോട്ടലിൽ വെക്കണമെന്നുണ്ടോ? അയാൾക്കു കൗതുകം തോന്നി. ഒടുവിൽ എന്താണുണ്ടാവുകയെന്നു നോക്കാമല്ലോ.

അയാൾ വിനയപൂർവം പറഞ്ഞു: “ശരിയാണു ബാബു പറഞ്ഞതു അധികമൊന്നുമില്ല. ഗൃഹസ്ഥകുടുംബം എവിടന്നു തരും കൂടുതൽ ശമ്പളം?”

“എന്നിട്ടു്? ഇപ്പോൾ എന്റെയടുക്കലേക്കായിട്ടുതന്നെ വന്നതാണോ?”

“അതെ ബാബു.”

“എന്തുവിചാരിക്കുന്നു? നിക്കണോ ഇവിടെ?”

ഹാജാരി ഒന്നും തന്നെ ചിന്തിക്കാതെ പറഞ്ഞു: “അതു ബാബുവിന്റെ ദയ.”

“അതു നന്നായി. നിക്കാനെന്താ വിഷമം? പഴയ വേലക്കാരൻ. നന്നായി. പോകു, പണിക്കു ചേർന്നോളു. നിങ്ങളുടെ തുണിയും മറ്റും കൊണ്ടു വന്നിട്ടില്ലേ? എവിടെ?”

“ഇല്ല ബാബു, നേരത്തെ കൂട്ടി എങ്ങിനെയറിയും? അതൊക്കെ ഗോപാല നഗരത്തിൽ കിടക്കുന്നു. പണിക്കുവെക്കുമോ ഇല്ലയോ എന്നറിയാതെ അതൊക്കെ എടുത്തുകൊണ്ടു…”

“ശരിശരി, അകത്തേക്കു ചെല്ലു. രതൻ ഠാക്കുറിനു സുഖമില്ല… വംശി ഒറ്റക്കു്… നിങ്ങൾ ഇപ്പോൾതന്നെ തുടങ്ങിക്കോളു പണി. പണം വല്ലതും വേണമെങ്കിൽ മുൻകൂർ വാങ്ങിക്കോളൂ.”

ഹാജാരി കൃതജ്ഞതയോടെ ഒരിക്കൽ കൂടി തല നല്ല പോലെ കുനിച്ചു കൈകൂപ്പി പ്രണമിച്ചു് യന്ത്രം കൊണ്ടു നടക്കുന്ന പാവയെപ്പോലെ അടുക്കളയിലേക്കു ചെന്നു.

മുൻപിൽ തന്നെയുണ്ടു് നിൽക്കുന്നു ബംശീബാബു.

അയാളെക്കണ്ട ബംശി മിണ്ടാതെ നോക്കിനിന്നുപോയി.

ഹജാരി പറഞ്ഞു: “ബാബു പിന്നെയും എന്നെ നിയമിച്ചിരിക്കുന്നു വിളിച്ചു്. സുഖമല്ലേ ബംശിക്കും? നിങ്ങളുടെ മരുമകനുമില്ലല്ലോ വിശേഷമൊന്നും?”

ബംശി പറഞ്ഞു: “വരു വരു ഹാജാരിയേട്ടാ! നിങ്ങളുടെ വർത്തമാനം പലപ്പോഴും പറയാറുണ്ടു്. നിങ്ങൾക്കു നല്ല സുഖം തന്നെയായിരുന്നോ? എവിടെയായിരുന്നു ഇത്രനാളും?”

“അടുപ്പത്തെന്തിട്ടിരിക്കുന്നു? മാറു, ചട്ടുകം ഇങ്ങോട്ടു തരു. ഇനിയും മീനായിട്ടില്ലെന്നു തോന്നുന്നു, ചെല്ലു. ചെന്നു മീൻ അടുപ്പത്തുവെക്കു. എണ്ണ പഴയപോലെതന്നെയല്ലേയുള്ളു, അതോ കൂട്ടിയിട്ടുണ്ടോ?”

ബിഭൂതി ഭൂഷൺ ബന്ദ്യോപാദ്ധ്യായ
images/Bibhutibhushan_Bandopadhyay.jpg

പ്രശസ്തനായ ഒരു ബംഗാളി എഴുത്തുകാരനും നോവലിസ്റ്റുമാണു് ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് (12 സെപ്റ്റംബർ 1894–1 നവംബർ 1950). ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന “പഥേർ പാഞ്ചാലി” ആണു്. ഇതിന്റെ രണ്ടാം ഭാഗമായ “അപരാജിതോ” അടക്കം ഒട്ടേറെ നോവലുകളും, ചെറുകഥകളും യാത്രാവിവരണങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടു്.

ജീവിതരേഖ

മഹാനന്ദ ബന്ദോപാധ്യയുടെയും പത്നി മൃണാളിനി ദേവിയുടെയും അഞ്ചു മക്കളിൽ മൂത്തയാളായിരുന്നു, ബിഭൂതി ഭൂഷൺ. ഇന്നു് പശ്ചിമബംഗാളിൽ ഉൾപ്പെടുന്ന ഉത്തര 24 പർഗാനയിലെ ഗോപാൽനഗർ എന്ന സ്ഥലത്താണു് അദ്ദേഹം കുട്ടിക്കാലം ചെലവിട്ടതു്. പിതാവു് സംസ്കൃതപണ്ഡിതനും കഥാകാലക്ഷേപക്കാരനുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഉത്തരപർഗാനയിലെ ബോന്ഗാവ് സ്കൂളിലെ പഠനത്തിനുശേഷം ബിഭൂതിഭൂഷൺ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിൽ നിന്നു് ബി. എ. ബിരുദമെടുത്തു. തുടർന്നു പഠിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ, ഹുഗ്ളിയിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. പിന്നീടു് പലവിധ ജോലികളും നോക്കിയെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ പ്രാഥമികവിദ്യാലയത്തിൽ മരണം വരെ അദ്ധ്യാപകനായിരുന്നു. 1920-ലാണു് ബിഭൂതിഭൂഷൺ ഗൗരിയെ വിവാഹം ചെയ്തതു്. പക്ഷേ, ഒരു വർഷത്തിനകം പ്രസവത്തോടെ ഗൗരി മരണമടഞ്ഞു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ കൃതികളിലെ സ്ഥായിയായ വിഷാദഭാവത്തിനു് ഇതാണു് കാരണമെന്നു് പറയപ്പെടുന്നു. ബിഭൂതിഭൂഷൺ ഒരു യാത്രാകുതുകിയായിരുന്നു. പക്ഷേ, യാത്രകൾ ബംഗാൾ, ബീഹാർ, ആസ്സാം എന്നീ പ്രവിശ്യകളിൽ ഒതുങ്ങിനിന്നു. 1940-ൽ റൊമാ ചട്ടോപാദ്ധ്യയെ വിവാഹം കഴിച്ചു. പുത്രൻ താരാദാസിന്റെ ജനനം 1947-ലായിരുന്നു. 1950, നവംബർ ഒന്നിനു് ഹൃദയാഘാതം മൂലം അമ്പത്തിയാറാമത്തെ വയസ്സിൽ ബിഭൂതിഭൂഷൺ മരണമടഞ്ഞു.

കൃതികൾ

1921-ലാണു് ആദ്യകഥയായ “ഉപേക്ഷിക” അക്കാലത്തെ ഒരു മികച്ച ബംഗാളിമാസികയായ പ്രവാസിയിൽ പ്രസിദ്ധീകരിച്ചതു്. എന്നാൽ അദ്ദേഹത്തിന്റെ രചനകൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതു് “പഥേർ പാഞ്ചാലി”യുടെ പ്രസിദ്ധീകരണത്തോടെ ആണു്. ഇതോടെ ബംഗാളി സാഹിത്യത്തിൽ ബിഭൂതിഭൂഷൺ സ്ഥിരപ്രതിഷ്ഠ നേടിയെടുത്തു. 1950-ൽ പ്രസിദ്ധീകരിച്ച “ഇച്ഛാമതി” എന്ന നോവലിനു് രബീന്ദ്ര പുരസ്കാരം ലഭിക്കുകയുണ്ടായി. കഥകളിൽ ഏറെയും ഗ്രാമാന്തരീക്ഷത്തെ പശ്ചാത്തലമാക്കിയുള്ളവയാണു്. രചനകൾ ഇതരഭാഷകളിലേക്കു് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടു്. പല കഥകളും ചലച്ചിത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ടു്.

നോവലുകൾ
  • പഥേർ പാഞ്ചാലി (1929)
  • അപരാജിതോ (1932)
  • ദൃഷ്ടി പ്രദീപ് (1935)
  • ആരണ്യക് (1939)
  • ആദർശ് ഹിന്ദു ഹോട്ടൽ (1940)
  • ബിപിനേർ സംസാർ (1941)
  • ദുയി ബാഡി (1941)
  • അനുബർത്തൻ (1942)
  • ദേബ്ജാൻ (1944)
  • കേദാർ രാജാ (1945)
  • ഇച്ഛാമതി (1950) (രബീന്ദ്ര പുരസ്കാർ 1951)
  • അശനി സങ്കേത്
  • ദമ്പതി (1952)
കഥാസംഗ്രഹങ്ങൾ
  • മേഘമല്ലാർ (1932)
  • മോരീഫൂൽ (1932)
  • യാത്രാബാദൽ (1934)
  • ജന്മ ഓ മൃത്യു (1935)
  • കിന്നൊർ ദൽ (1938)
  • ബേനിഗീർ ഫൂൽബാരി (1941)
  • നവാഗത് (1944)
  • താൽനവമി (1944)
  • ഉപൽഖണ്ഡ് (1945)
  • വിധു മാസ്റ്റർ (1945)
  • ക്ഷണഭംഗുർ (1945)
  • അസാധാരൺ (1946)
  • മുഖോഷ് ഒ മുഖശ്രീ (1947)
  • ആചാര്യ കൃപാലിനി കോളനി (1948)
  • ജ്യോതിരിംഗൻ (1949))
  • കുശൽ പഹാഡി (1950)
  • രൂപ് ഹലൂദ് (1951)
  • അനുസന്ധാൻ (മരണാനന്തരം)
  • ഛായാഛൊബി (മരണാനന്തരം)
  • സുലോചന (മരണാനന്തരം)
ബാലസാഹിത്യം
  • ചാന്ദേർ പഹാഡ് (1938)
  • ഐവാനോ (പരിഭാഷ 1938)
  • മരണേർ ഡങ്കാ ബാജേ (1940)
  • മിസ്മിദേർ കവച് (1942)
  • ഹീരാമാണിക് ജ്വലേ (1946)
  • സുന്ദർബനേ സാത് ബത്സർ (1952, മരണാനന്തരം)
യാത്രാവിവരണങ്ങൾ, ഡയറിക്കുറിപ്പുകൾ
  • അഭിയാന്ത്രിക് (1940)
  • സ്മൃതീർ രേഖാ (1941)
  • തൃണാങ്കുർ 1943)
  • ഊർമിമുഖർ (1944)
  • ബനേ പഹാഡേ (1945)
  • ഉത്കർണു് (1946)
  • ഹേ അരണ്യ കൊഥാ കൌ (1948)
ചലചിത്രാവിഷ്കാരങ്ങൾ

ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പല കൃതികളും വെള്ളിത്തിരയിലേക്കു് പകർത്തപ്പെട്ടിട്ടുണ്ടു്.

  • പഥേർ പാഞ്ചാലി (1955, തിരക്കഥ, സംവിധാനം: സത്യജിത് റേ)
  • അപരാജിതോ (1956, തിരക്കഥ, സംവിധാനം: സത്യജിത് റേ)
  • അപുർ സൻസാർ (1959, തിരക്കഥ, സംവിധാനം: സത്യജിത് റേ)
  • ബക്സാ ബദൽ (1970, തിരക്കഥ, സംഗീതം സത്യജിത് റേ, സംവിധാനം: നിത്യാനന്ദ് ദത്ത)
  • നിഷിപദ്മ (1970, തിരക്കഥ, സംവിധാനം: അരബിന്ദ് മുഖർജി), (1972, ഹിന്ദിയിൽ അമർപ്രേം)
  • നിമന്ത്രൺ (1971, തിരക്കഥ, സംവിധാനം: തരുൺ മജുംദാർ)
  • അശനി സങ്കേത് (1973, തിരക്കഥ, സംവിധാനം: സത്യജിത് റേ)
  • ഫൂലേശ്വരി (1974, തിരക്കഥ, സംവിധാനം: തരുൺ മജുംദാർ)
  • ആലോ (2003, തിരക്കഥ, സംവിധാനം: തരുൺ മജുംദാർ)
Colophon

Title: Adarsh Hinduhotel (ml: ആദർശ് ഹിന്ദുഹോട്ടൽ).

Author(s): Bibhoothi Bhushan Bandhopadhyay (Translation: Ravivarma).

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Novel, Bibhoothi Bhushan Bandhopadhyay (Translation: Ravivarma), Adarsh Hinduhotel, ബിഭൂതി ഭൂഷൺ ബന്ദ്യോപാദ്ധ്യായ (വിവർത്തനം: രവിവർമ്മ), ആദർശ് ഹിന്ദുഹോട്ടൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 28, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The flower girl, a painting by Jenny Nyström (1854–1946). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.