‘മാനവരാശി ഇന്നോളം ആർജിച്ച എല്ലാ വിജ്ഞാന സമ്പത്തിനാലും മനസ്സ് ധന്യമാക്കപ്പെടുമ്പോഴേ നിങ്ങൾ യഥാർത്ഥ കമ്യൂണിസ്റ്റുകാരൻ ആകുന്നുള്ളൂ’ എന്നു പറഞ്ഞതു് ലെനിനാ ണു്. മിക്കവാറും അസാധ്യമായ ഈ കാര്യം സാധ്യമാക്കാനായി വിജ്ഞാനശാഖകൾക്കു മുന്നിൽ മനസ്സും ബുദ്ധിയും തുറന്നുവെച്ച ഒട്ടേറെപ്പേരെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ കാണാൻ കഴിയും. ആ നിരയിലെ തിളക്കമാർന്ന ഒരു പേരാണു് എൻ. ഇ. ബാലറാമിന്റേതു്. അസാമാന്യമായ ബുദ്ധിവൈഭവത്തോടെ വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ പടർന്നുകയറാൻ കഴിഞ്ഞ വിപ്ലവകാരിയാണു് അദ്ദേഹം. നന്നേ ചെറുപ്പകാലം മുതൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി ജീവിച്ചുകൊണ്ടു് അദ്ദേഹം വായിച്ചു കൂട്ടിയ പുസ്തകങ്ങളുടെ വൈപുല്യം ആരെയും അദ്ഭുതപ്പെടുത്തും. ‘മലയാളം കണ്ട ഏറ്റവും വലിയ പുസ്തകപ്രേമി’യെന്നാണു് പ്രശസ്ത നിരൂപകൻ എം. കൃഷ്ണൻ നായർ ബാലറാമിനെ വിശേഷിപ്പിച്ചതു്. ലോക സാഹിത്യത്തിലെ ഏറ്റവും പുതിയ പുസ്തകത്തെക്കുറിച്ചു് ചോദിച്ചാലും ബാലറാമിനു പറയുവാൻ കഴിയുമെന്നു് അദ്ദേഹം എഴുതി. ഭാരതീയ തത്ത്വചിന്തയെപ്പറ്റി തനിക്കു് എന്തെങ്കിലും സംശയം തോന്നിയാൽ അതു് ദൂരീകരിക്കാൻ വിളിക്കുന്നതു് ബാലറാമിനെയാണെന്നു പറഞ്ഞതു് സാക്ഷാൽ ഇ. എം. എസ്സാ ണു്. അറിവിന്റെ ആകാശങ്ങളെ കൈയെത്തിപ്പിടിക്കാൻ സദാ കൊതിച്ച ഈ ‘ചെറിയ’ വലിയ മനുഷ്യൻ യാതൊരു പണ്ഡിത ഭാവവുമില്ലാതെയാണു് ജനങ്ങൾക്കിടയിൽ ജീവിച്ചതു്. കതിർക്കനംകൊണ്ടു് തല കുനിക്കുന്ന നെൽച്ചെടിയെപ്പോലെയാണു് അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകർക്കു് വിവരമില്ലെന്നു് വിചാരിക്കുന്ന ഒരുപാടു് പണ്ഡിതന്മാർ നമുക്കിടയിലുണ്ടു്. എൻ. ഇ. ബാലറാമുമായി അല്പനേരം സംസാരിച്ചിരുന്നെങ്കിൽ അവരുടെ പാണ്ഡിത്യഗർവു് മുട്ടുകുത്തുന്നതു് കാണാമായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും ദേശീയ സെക്രട്ടേറിയേറ്റ് അംഗമായും എൻ. ഇ. ബാലറാം ദീർഘകാലം പ്രവർത്തിച്ചു. എം എൽ എ ആയും മന്ത്രിയായും എം പി-യായും അദ്ദേഹം നാടിനെ സേവിച്ചു. കൈയിൽ എപ്പോഴും ഒരു പുസ്തകവുമായിട്ടേ ഈ കമ്മ്യൂണിസ്റ്റ് നേതാവിനെ കാണാൻ കഴിയുമായിരുന്നുള്ളു. അതു് ഒരു രാഷ്ട്രീയ ഗ്രന്ഥമായിരിക്കുമെന്നു ധരിച്ചുവെങ്കിൽ നിങ്ങൾക്കു തെറ്റി. രാഷ്ട്രീയം പോലെതന്നെ കഥയും കവിതയും നോവലും നാടകവും ചരിത്രവും ശാസ്ത്രവും പുരാണവുമെല്ലാം ബാലറാമിന്റെ വായനാപരിധിയിൽ പെടുമായിരുന്നു.
ഇത്രയും വേഗത്തിൽ വായിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. കൂലങ്കഷമായ വായനയ്ക്കിടയിൽ പേജുകൾ മറിച്ചുമറിച്ചു തള്ളുന്ന ബാലറാമിനെ നോക്കി ഇരിക്കുന്നതുതന്നെ ഒരു രസമാണു്. വിദുഷിയായ തന്റെ അമ്മൂമ്മയിൽ നിന്നാണു് ഈ പരന്ന വായനാശീലം അദ്ദേഹം സ്വന്തമാക്കിയതു്. ആ അമ്മ തന്റെ ചെറുമകനെ പുരാണേതിഹാസങ്ങളോടൊപ്പം സംസ്കൃതവും സാഹിത്യവുമെല്ലാം വായിപ്പിച്ചു. ആ വായന അദ്ദേഹത്തെ ആദ്യമെത്തിച്ചതു് സന്ന്യാസ പർവ്വത്തിലേക്കാണു്. മനുഷ്യന്റെ ധർമ്മസങ്കടങ്ങളുടെ പരിഹാരം വേദാന്തമാണെന്നു വിശ്വസിച്ചു് യൗവ്വനാരംഭത്തിൽ അദ്ദേഹം ഒരാശ്രമത്തിൽ അന്തേവാസിയായി. വായനയുടെ പിൻബലമുള്ള ആ യുവസന്ന്യാസി ആശ്രമജീവിതത്തിന്റെ പൊള്ളത്തരം പെട്ടെന്നു മനസ്സിലാക്കി. ആധ്യാത്മികതയോടു കലഹിച്ചു് ആശ്രമം വിട്ട ബാലറാം എത്തിച്ചേർന്നതു് വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ ലോകത്തിലേക്കാണു്. തലശ്ശേരിയിലെ എസ്. എൻ. ഡി. പി. യുടെയും ബീഡിത്തൊഴിലാളിയൂണിയന്റെയും ആദ്യകാല സംഘാടകരിൽ ഒരാൾ ബാലറാമായിരുന്നു. പിണറായിയിലെ ആർ. സി. അമല സ്കൂളിൽ നിന്നാർജ്ജിച്ച ഔപചാരിക വിദ്യാഭ്യാസത്തിന്റെ അടിത്തറയ്ക്കുമേൽ ബാലറാം പടുത്തുയർത്തിയതു് വിപുലമായ വിജ്ഞാനത്തിന്റെ മഹാസൗധങ്ങളായിരുന്നു. എത്തിപ്പെട്ട എല്ലാ സ്ഥലങ്ങളും—അതു ജയിലാകട്ടെ, പാർട്ടി ഓഫീസ് ആകട്ടെ, ജനക്കൂട്ടങ്ങളാകട്ടെ, അസംബ്ലിയോ പാർലമെന്റോ ആകട്ടെ, എല്ലാ സ്ഥലങ്ങളും—അദ്ദേഹത്തിനു് പാഠശാലകളായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, സംസ്കൃതം, പാലി തുടങ്ങിയ ഭാഷകൾ അദ്ദേഹം പഠിച്ചതു് പ്രധാനമായും ജയിൽവാസ കാലത്തു് സഹതടവുകാരായ നേതാക്കളിൽനിന്നായിരുന്നു. ഇവയ്ക്കു പുറമേ ഫ്രഞ്ച്, റഷ്യൻ ഭാഷകളും സാമാന്യമായി പഠിക്കാൻ ബാലറാം ശ്രമിച്ചു. പി. ഗോവിന്ദപ്പിള്ള എഴുതുന്നു: “ഒരു വിപ്ലവ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ആവശ്യത്തിലേറെ ആഴത്തിൽ ചരിത്രവും തത്ത്വശാസ്ത്രവും രാഷ്ട്രമീമാംസയും ദർശനവും മാർക്സിസവും പഠിച്ചതിനു പുറമേ പുരാവസ്തു വിജ്ഞാനീയം, നരവംശശാസ്ത്രം, പ്രാചീനസംസ്കാരങ്ങൾ, സാഹിത്യം തുടങ്ങിയവയിലും ബാലറാം അസൂയാർഹമായ അവഗാഹം നേടിയിരുന്നു.”
ബാലറാം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോളാണു് ഞങ്ങളുടെ തലമുറ എ. ഐ. എസ്. എഫിലൂടെ പൊതുരാഷ്ട്രീയത്തിന്റെ വികാസഗതികളെക്കുറിച്ചു് ഗൗരവപൂർവ്വം ചിന്തിച്ചു തുടങ്ങിയതു്. ബൗദ്ധികഗരിമ നിറഞ്ഞ അദ്ദേഹത്തിന്റെ സാമീപ്യം ഞങ്ങളുടെയെല്ലാം പില്ക്കാലചിന്താരീതികളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ടെന്നു് എപ്പോഴും തോന്നിയിട്ടുണ്ടു്. പതിവു് രാഷ്ട്രീയം ചുറ്റിത്തിരിഞ്ഞ ഇത്തിരിവട്ടത്തിനു് ഒത്തിരി അപ്പുറത്തായിരുന്നു ഞങ്ങളുടെ പാർട്ടി സെക്രട്ടറിയുടെ മനസ്സു് വ്യാപരിച്ചതു്. നേരിട്ടും അല്ലാതെയും അതു് ഞങ്ങളുടെ വഴികളിലും വെളിച്ചം പകർന്നു. അംഗബലത്തിൽ ചെറുതായിരുന്നെങ്കിലും എ. ഐ. എസ്. എഫ്. കൈക്കൊണ്ട നിലപാടുകൾ വിദ്യാഭ്യാസരംഗത്തുള്ള എല്ലാവരും ശ്രദ്ധിച്ചു. മലയാളസാഹിത്യത്തിൽ ആധുനികത ചുവടുറപ്പിച്ച കാലമായിരുന്നു അതു്. പടിഞ്ഞാറുനിന്നു വന്ന അസ്തിത്വദുഃഖവും ദാർശനിക വ്യഥയുമായിരുന്നു അതിന്റെ കാതൽ. ഞങ്ങളുടെയെല്ലാം ആരാധനാപാത്രങ്ങളായ സാഹിത്യകാരന്മാർ പലരും അതിന്റെ വഴിക്കു് സഞ്ചരിച്ചവരായിരുന്നു. അവരുടെ രചനാശൈലിയെ ഇഷ്ടപ്പെട്ടപ്പോഴും ആ വീക്ഷണങ്ങളോടു് ഞങ്ങളുടെ ഇടതുപക്ഷബോധം പൊരുത്തപ്പെട്ടില്ല. ആ സാഹിത്യ പ്രതിഭകളെയെല്ലാം പിന്തിരിപ്പന്മാർ എന്നു് മുദ്രകുത്തി കടമ തീർക്കുകയാണു് അന്നത്തെ പല ഇടതുപക്ഷ ബുദ്ധിജീവികളും ചെയ്തതു്. ബാലറാമാകട്ടെ മാർക്സിസ്റ്റ് സൗന്ദര്യദർശനത്തിന്റെ അടിസ്ഥാനത്തിൽ ആധുനിക സാഹിത്യത്തിന്റെ അകവും പുറവും വ്യക്തമാക്കുന്ന വിമർശന പഠനങ്ങളാണു നടത്തിയതു്. മാർക്സിസത്തിനുള്ള അവഗാഹതയോടൊപ്പം ലോകസാഹിത്യവുമായി നേരിട്ടുള്ള ബന്ധവുമാണു് അതിനു് അദ്ദേഹത്തെ പ്രാപ്തനാക്കിയതു്. ഇത്തരം വിഷയങ്ങളിൽ അദ്ദേഹം എഴുതിയ പുസ്തകങ്ങളും നിരവധിയായ ലേഖനങ്ങളും സംവാദങ്ങളിലെല്ലാം ഞങ്ങളുടെ അഭിമാനം വളർത്തി.
കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക ആശയ മണ്ഡലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിനു ശേഷമാണു് ബാലറാം പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിൽ പ്രവർത്തിക്കാനെത്തിയതു്. അദ്ദേഹം പ്രവർത്തിക്കാനെത്തിയ ആ കാലഘട്ടം ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചു് പ്രക്ഷുബ്ധത നിറഞ്ഞതായിരുന്നു. ആ ദിവസങ്ങളിലാണു് സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സോഷ്യലിസ്റ്റ് വ്യവസ്ഥ തകർന്നു വീണതു്. അടക്കാനാകാത്ത ദുഃഖത്തോടെയാണെങ്കിലും കമ്യൂണിസ്റ്റുകാർക്കു് മുൻപോട്ടുള്ള വഴികൾ തേടിയേ കഴിയുമായിരുന്നുള്ളൂ. ആ കനത്ത വെല്ലുവിളിക്കു മുൻപിൽ പല കമ്യൂണിസ്റ്റ് പാർട്ടികളും പതറിപ്പോയപ്പോഴും ഇന്ത്യൻ കമ്യൂണിസ്റ്റുപ്രസ്ഥാനം ആ പ്രതിസന്ധിയെ അതിജീവിക്കാൻ ശ്രമിക്കുകയായിരുന്നു. വരട്ടു തത്ത്വവാദപരമായ കുറിപ്പടികൾകൊണ്ടു് നേരിടാവുന്നതായിരുന്നില്ല ആ പ്രതിസന്ധി സോഷ്യലിസത്തിലെ പ്രതിസന്ധി പുതിയ ചോദ്യങ്ങളാണു് മുന്നോട്ടുവെച്ചതു്. അതിനു് പുതിയ ഉത്തരങ്ങൾ വേണമായിരുന്നു. ആ ഉത്തരങ്ങൾക്കുള്ള അന്വേഷണത്തിൽ തെറ്റുകൾ കണ്ടെത്താനും അവ തിരുത്താനുമുള്ള സന്നദ്ധത പ്രധാനമായിരുന്നു. മാർക്സിസത്തെ സർഗാത്മകമായി വികസിപ്പിച്ചു കൊണ്ടുമാത്രം നിറവേറ്റാൻ കഴിയുന്ന കടമയാണതു്. 1992-ൽ ഹൈദരാബാദിൽ ചേർന്ന 15-ാം പാർട്ടി കോൺഗ്രസ് ചരിത്രപ്രധാനമാകുന്നതു് ഈ അന്വേഷണങ്ങളുടെ പേരിലാണു്.
‘സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സംഭവവികാസങ്ങളെക്കുറിച്ചു്’ എന്ന രേഖ, ഇത്തരമൊരു അന്വേഷണത്തിന്റെ വഴികാട്ടിയാകാൻ മാർക്സിസത്തിനു് കഴിയുമെന്നു് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. സോഷ്യലിസത്തിലേക്കുള്ള ഇന്ത്യയുടെ പാത വെട്ടിത്തെളിക്കാൻ ശ്രമിക്കുമ്പോൾ ഏതെങ്കിലും മോഡൽ പിന്തുടരേണ്ടതില്ല എന്നു് കമ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചു. കാലം ആവശ്യപ്പെട്ട അത്തരം ഉറച്ച നിലപാടുകളിലേക്കു് പാർട്ടിയെ നയിച്ചവരിൽ അദ്വിതീയമായ സ്ഥാനം ബാലറാമിനുണ്ടു്.
ഇന്ത്യൻ സാഹചര്യങ്ങളിൽ മാർക്സിസം പ്രാവർത്തികമാക്കേണ്ടതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പ്രശ്നങ്ങളെക്കുറിച്ചാണു് ബാലറാം പിന്നീടു് ഏറെ ചിന്തിച്ചതു്. പാർട്ടി പരിപാടിയിൽ വരുത്തേണ്ടുന്ന മാറ്റങ്ങളും പാർട്ടി സംഘടനയുടെ സ്വഭാവത്തിൽ ഉണ്ടാകേണ്ട പരിവർത്തനങ്ങളും പാർട്ടിക്കുള്ളിൽ സജീവമായ ചർച്ചാവിഷയമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും ആഴത്തിൽ മനസ്സിലാക്കിയ ഒരു മാർക്സിസ്റ്റിന്റെ ആർജവത്തോടെ ഇത്തരം ചർച്ചകൾക്കു് ബാലറാം ധീരമായ നേതൃത്വം നല്കി. ആ ആശയസമരത്തിന്റെ ഏടുകൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനാധിപത്യ സ്വഭാവത്തിന്റെയും പ്രത്യയ ശാസ്ത്രനിലവാരത്തിന്റെയും ഗംഭീരമായ നിദർശനമായിരുന്നു.
ആ ഗൗരവമേറിയ, അർഥവത്തായ സംവാദങ്ങൾക്കു നടുവിൽ വെച്ചാണു് ആ ആശയഗംഭീരൻ ജീവിതത്തോടു യാത്രപറഞ്ഞതു്. വർഷങ്ങൾക്കു ശേഷം പുതുശ്ശേരിയിൽ നടന്ന 22-ാം കോൺഗ്രസ്സ് അംഗീകരിച്ച പുതിയ പാർട്ടി പരിപാടി ബാലറാം കൂടി സജീവ പങ്കുവഹിച്ച ഗഹനമായ കാര്യവിചാരങ്ങളുടെ സൃഷ്ടിയാണു്.
രണ്ടുതവണ എം എൽ എ, ഒരു ചെറിയ കാലയളവിൽ മന്ത്രി എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ബാലറാം കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം എന്നനിലയിലും മികവുറ്റ ഇടപെടലാണു നടത്തിയതു്. ആരെയും അതിശയിപ്പിക്കുന്ന അറിവിന്റെ ചൈതന്യമായിരുന്നു ബാലറാമിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നു് ഒരു സ്മരണപുസ്തകം ഇറക്കാനുള്ള ശ്രമത്തിനിടയിൽ എനിക്കു് അതു നേരിട്ടു കാണാൻ കഴിഞ്ഞു. അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മ, ഉപരാഷ്ട്രപതി കെ. ആർ. നാരായണൻ, മുൻ പ്രധാനമന്ത്രി വി. പി. സിങ് തുടങ്ങി എത്രയെത്ര പേരാണു് ചോദിച്ചയുടൻ ആ പുസ്തകത്തിലേക്കു ലേഖനം എഴുതിത്തന്നതു്. മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യനായകരെല്ലാം ബാലറാമിനെക്കുറിച്ചു് തങ്ങൾക്കുള്ള സ്നേഹാദരങ്ങൾ ആ പുസ്തകത്തിൽ പങ്കുവെച്ചു. ബാലറാമിന്റെ വലിപ്പം ജീവിച്ചിരുന്ന കാലത്തു് അതിന്റെ പൂർണ്ണതയിൽ ആരും മനസ്സിലാക്കിയിട്ടില്ലെന്നു പറയേണ്ടിവരുന്നു. ഞങ്ങളെല്ലാം മുങ്ങിനില്ക്കുന്ന ശരാശരി രാഷ്ട്രീയത്തിന്റെ വലിയ പരിമിതിയാണതു്. ആശയവും പ്രവൃത്തിയും തമ്മിലുള്ള പാരസ്പര്യത്തിൽ സംഭവിക്കുന്ന പാളിച്ചകളെക്കുറിച്ചു് അതു് ഓർമ്മിപ്പിക്കുന്നു. പുതിയ ലോകം പണിയാനുള്ള പുതിയ ചിന്തയുടെ പക്ഷമായ ഇടതുപക്ഷം അതേപ്പറ്റി ആത്മപരിശോധന നടത്തണമെന്നു് ബാലറാം സ്മരണ ആവശ്യപ്പെടുന്നു. ശിശുസഹജമായ പുഞ്ചിരിയും ഋഷിതുല്യമായ മനസ്സും വിപ്ലവകരമായ ചിന്തകളുമായി സാധാരണക്കാരനായി ജീവിച്ച അസാധാരണനായ ആ മനുഷ്യസ്നേഹി നടന്ന വഴി അതായിരുന്നു.
വ്യക്തിപരമായ ഓർമ്മകൾ എത്രയാണു് പറയാനുള്ളതു്! ബാലറാമിന്റെ രണ്ടാമത്തെ മകൾ ഗീത ഞങ്ങളുടെ എ. ഐ. എസ്. എഫ്. കൂട്ടായ്മയിലെ അഭിമാനകരമായ കണ്ണിയായിരുന്നു. അതുകൊണ്ടു് ആ വീടു് ഞങ്ങളുടെ സ്ഥിരം സങ്കേതമായിരുന്നു. ഒരിക്കൽ അവിടെ അത്താഴക്കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോഴാണു് അമ്മയോടു് (ബാലറാമിന്റെ ഭാര്യ പങ്കജാക്ഷി. അവരെ അദ്ദേഹം വിളിച്ചതു് ‘സിന്റ’ എന്നായിരുന്നു.) ഞാൻ എന്റെ കല്യാണക്കാര്യം പറഞ്ഞതു്. വാത്സല്യം നിറഞ്ഞ മനസ്സോടെ അവർ എനിക്കു് ഒരുപാടു് ഉപദേശങ്ങൾ തന്നു. എല്ലാ തിരക്കിനുമിടയിൽ ഭാര്യയ്ക്കുവേണ്ടി അല്പം സമയം കണ്ടെത്തണമെന്നതായിരുന്നു അതിന്റെ സാരാംശം. കല്യാണം കഴിഞ്ഞ അന്നു മുതൽ ബാലറാം അതിൽ വീഴ്ചവരുത്തിയെന്ന ഒരു ചെറിയ കുത്തും അതിലുണ്ടായിരുന്നു. എല്ലാം കേട്ടുകൊണ്ടു് തൊട്ടടുത്ത കസേരയിൽ ബാലറാം ഇരിപ്പുണ്ടു്. അമ്മ നിർത്തിയപ്പോൾ ബാലറാം എന്നോടു് ചോദിച്ചു: ‘നീ ഇവൾ പറഞ്ഞതെല്ലാം കേട്ടില്ലേ? ഒരു കാര്യം നിന്നോടു് ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം. ലോകത്തെ എല്ലാ വൈരുധ്യങ്ങളും അവസാനിച്ചാലും അവസാനിക്കാത്ത വൈരുധ്യമാണിതു്. ഭാര്യയ്ക്കു് ഭർത്താവിനെക്കുറിച്ചുള്ള കാത്തിരിപ്പു്… അതിനു് ഒരിക്കലും അവസാനമുണ്ടാകില്ല.’ ഞങ്ങളുടെ കല്യാണം കഴിഞ്ഞ 1981 ഒക്ടോബർ 10-നു് രാത്രി ഷൈലയോടു് ഞാൻ ആദ്യം പറഞ്ഞ കാര്യങ്ങളിൽ ഒന്നു് ഇതായിരുന്നു. അന്നു് ഞങ്ങൾ അതിനു് ഒരു പേരുമിട്ടു: ‘ബാലറാംസ് തിയറി ഓഫ് മാര്യേജ്.’
ഇല്ല, ഓർമ്മകൾ മരിക്കുന്നില്ല.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള ഒരു നേതാവാണു് ബിനോയ് വിശ്വം (ജനനം: 1955). 2006–2011 കാലയളവിലെ വി. എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പു് മന്ത്രിയായിരുന്നു. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തു നിന്നും രണ്ടു തവണ തുടർച്ചയായി മത്സരിച്ചു വിജയിച്ചു. വിദ്യാഭ്യാസ യോഗ്യതകൾ ബി. എ, എൽ. എൽ. ബി. എന്നിവയാണു്. 2018 ജൂണിൽ അദ്ദേഹം രാജ്യസഭയിലേക്കു് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
(ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്)