അത്യുക്തിയല്ല. അതിശയോക്തിയുമല്ല. ഒരു ആദർശം പുലർത്താൻ അവസരവും അധികാരവും സന്നദ്ധതയും ഉള്ളവർക്കുമാത്രമാണല്ലോ അതിന്റെ വിജയത്തിനു ചുമതലയുള്ളതു്. കമ്യൂണിസ്റ്റുകാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നതുകൊണ്ടുതന്നെ അതു വിജയിപ്പിക്കാനുള്ള കടമയിൽനിന്നു് അവർ സ്വതന്ത്രരാക്കപ്പെടുന്നു. സോഷ്യലിസ്റ്റ് മുതലായ ഇതരകക്ഷികളുടെ വിശ്വാസപ്രമാണമെന്താണെന്നു് അന്യർക്കോ അവർക്കുതന്നെയുമോ നിശ്ചയമില്ലാത്തതിനാൽ അവരുടെയും നില താരതമ്യേന സുരക്ഷിതമാണു്. പക്ഷേ, കോൺഗ്രസ്സിന്റെ പ്രഖ്യാപിതലക്ഷ്യം ജനാധിപത്യമാണു്. ആ അടിസ്ഥാനത്തിലാണു് കോൺഗ്രസ്സ് പ്രസ്ഥാനം നിലനിന്നിട്ടുള്ളതും അധികാരം ഏറ്റെടുത്തതും. അധികാരം അവരുടെ കൈയിലാണു്. മാത്രമല്ല, ഇന്ത്യയിൽ ഏറ്റവും പൊതുജനസമ്മതിയുള്ള രാഷ്ട്രീയസംഘടനയും അതാണു്. ജനാധിപത്യത്തെ പുലർത്തുവാൻ ഏറ്റവും അവസരം അവർക്കാണു്. അതുകൊണ്ടുതന്നെ ഏറ്റവുമധികം കടമയും. ഈ കടമ നിർവ്വഹിക്കുന്നതിൽ അവർ അലസത കാണിക്കുന്നതുകൊണ്ടാണു്, നമ്മുടെ രാഷ്ട്രീയ ജീവിതത്തിൽ ജനാധിപത്യത്തിന്റെ മുഖ്യശത്രു കോൺഗ്രസ്സാണെന്നു പറയുന്നതു്.
ഇക്കഥ ഒഴുക്കനായി പറഞ്ഞാൽ പോരാ. കോൺഗ്രസ്സ് ചെയ്യാത്തതെന്തൊക്കെയാണു്, ജനാധിപത്യവിരുദ്ധമായി ചെയ്യുന്നതെന്തൊക്കെയാണു് എന്നെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞു് ഒരു ചാർജ്ജ് ഷീറ്റ് തയ്യാറാക്കുക അത്ര എളുപ്പമല്ലെങ്കിലും ചിലതെല്ലാം ചൂണ്ടിക്കാണിക്കാവുന്നതാണു്. ജനാധിപത്യപരമായി ലഭിച്ച അധികാരം പ്രയോഗിക്കുന്നതും വെച്ചുപുലർത്തുന്നതും ജനാധിപത്യപരമായിട്ടല്ലെന്നതാണൊന്നു്. രാജ്യഭരണത്തിന്റെ വിശദാംശങ്ങളിൽ പ്രമാണികളായ ചില വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളാണു് എന്നും നിർണ്ണായകമായ ശക്തി. ചർച്ചകൾക്കും യുക്തിചിന്തയ്ക്കും ലഭിക്കേണ്ട സ്ഥാനം ഇന്നുവരെ കൈവന്നിട്ടില്ല. ഭരണഘടന, സംസ്ഥാന പുനഃസംഘടന, സാമ്പത്തികാസൂത്രണം എന്നിങ്ങനെ മർമ്മപ്രധാനമായ പ്രശ്നങ്ങൾ ജനകീയമര്യാദയോടെ ചർച്ചചെയ്യപ്പെടുന്ന സമ്പ്രദായം ഇതുവരെ ആരും വശമാക്കിയിട്ടില്ല. ഭരണകൂടത്തോടു ഒട്ടിനില്ക്കുന്ന അപൂർവ്വം ഉദ്യോഗസ്ഥാനുദ്യോഗസ്ഥവ്യക്തികൾ മാത്രമാണു് ഇന്നു അഭിപ്രായപ്രകടനം നടത്തുക. പൊതുകാര്യങ്ങളിൽ നേതൃത്വത്തിന്റെ ന്യായമായ സ്ഥാനം നിഷേധിക്കുകയല്ല ഇവിടെ ചെയ്യുന്നതു്. തന്ത്രപ്രധാനമായ കാര്യങ്ങളിൽ നാല്പതുകോടി ജനങ്ങളെയും ഭാഗമാക്കിക്കൊള്ളണമെന്നുമല്ല വിവക്ഷ. ആധുനികയുഗത്തിന്റെ സ്വഭാവം ശരിക്കു മനസ്സിലാക്കുന്ന ആളുകളെ കൂടുതലായി ഈ സുപ്രധാനചർച്ചകളിൽ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുന്നില്ല എന്നാണാരോപണം. ഡർബാറുകളിലെ സ്ഥിരം അതിഥികളെപ്പോലെ ഇടനിലക്കാരായ കുറെ പ്രമാണികൾ മാത്രമാണു് ഇന്നു കാര്യങ്ങൾ തീരുമാനിക്കുന്നതു്. ആരാണീ പ്രമാണികൾ? അപൂർവ്വം ചിലരെല്ലാം കഴിഞ്ഞകാലത്തെ സമരപാരമ്പര്യത്തിന്റെ മഹിമയുമായി ആസനസ്ഥരായിരിക്കയാണു്. പക്ഷേ, ഏറിയപങ്കും, സ്വാതന്ത്ര്യസമരകാലത്തു് അധികാരശക്തിയുടെ തണൽപറ്റിനിന്നു് സ്വന്തം കാര്യംനേടി നിന്നിരുന്നവരാണു്. സ്വാതന്ത്ര്യോദയത്തോടുകൂടി അവരെല്ലാം; ബസ്സിനും, റബറിനും, ബാങ്കിനും വേണ്ടി കോൺഗ്രസ്സിൽ നുഴഞ്ഞു കയറി അധികാരം കൈക്കലാക്കിയ ചട്ടമ്പികൾ മാത്രമാണു്. പൊതുവേ പറഞ്ഞാൽ ഭരണകാര്യങ്ങൾ മാന്യമായി നടക്കണമെന്നു് മോഹമോ അങ്ങനെ നടത്താനുള്ള കഴിവോ ഇവർക്കില്ല. സ്വന്തതാൽപര്യങ്ങൾ പുലർത്താൻ ഭരണകക്ഷിയെ കോടാലിക്കൈയാക്കുക മാത്രമാണിവർ ചെയ്യുന്നതു്. ക്രമേണ ഇക്കൂട്ടരുടെ ശക്തി വർദ്ധിച്ചു്, ഇന്നു്, ഇവരുടെ ആശ്രയത്തോടുകൂടിയല്ലാതെ യാതൊരു മന്ത്രിസഭയ്ക്കും നിലനില്ക്കാൻ കഴികയില്ലെന്ന അവസ്ഥയായിട്ടുണ്ടു്. ഇവരെ ഒതുക്കിനിറുത്തുന്ന കാര്യത്തിൽ പഴയ നേതാക്കന്മാർ പരാജയപ്പെട്ടിരിക്കുന്നു. അവർ തന്നെ നിരാശയുടെ കയ്പുമായിക്കഴിയുന്നവരാണു്. സമരത്തിന്റെ ഗതിവേഗം സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കുമുണ്ടായിരിക്കുമെന്നു് വ്യാമോഹിച്ച അവർ പ്രതീക്ഷിച്ചതിൽനിന്നു് ഭിന്നമായി കാര്യങ്ങൾ സംഭവിക്കുന്നതുകണ്ടു് കുട്ടികളെപ്പോലെ ശുണ്ഠിപിടിച്ചിരിക്കുന്നു. അവരുടെ മുൻവിധികൾക്കപ്പുറം ലോകമുണ്ടെന്നു് അറിയാനുള്ള കെല്പും അവർക്കില്ല. ചില ഉദാഹരണങ്ങൾ നോക്കുക. നമ്മുടെ കേളപ്പൻ ഈയിടെ പറഞ്ഞു. മാർഗ്ഗാന്തരങ്ങൾ കാണാത്തതുകൊണ്ടാണു് ഇന്നത്തെ ജനാധിപത്യ സമ്പ്രദായം വെച്ചുപുലർത്തുന്നതെന്നു്. വാസ്തവംതന്നെ. പക്ഷേ, പ്രസ്താവന അർദ്ധസത്യവും അനവസരവുമാണു്. “പാർലമെന്ററി” എന്ന പദപ്രയോഗമുള്ളതുകൊണ്ടു്, ജനാധിപത്യത്തിന്റെ ഭിന്നസമ്പ്രദായങ്ങളെ പരാമർശിക്കുക മാത്രമായിരുന്നു കേളപ്പൻ ചെയ്തതു് എന്നു പറഞ്ഞൊഴിയാം. പക്ഷേ, രാഷ്ട്രീയബോധം കഷ്ടിയായ സാധാരണക്കാരുടെയിടയിൽ ആ പ്രസ്താവന ചോദ്യം ചെയ്യുന്നതു് “പാർലമെന്ററി”യേയല്ല, ജനാധിപത്യം എല്ലാവരും അംഗീകരിച്ചുകൊണ്ടായിരിക്കണമല്ലോ “പാർലമെന്ററി” സമ്പ്രദായത്തെ പരാമർശിച്ചതു്. അദ്ദേഹം മറ്റെന്തു സമ്പ്രദായത്തെയാണുദ്ദേശിക്കുന്നതു്? ജനകീയജനാധിപത്യം, കിഴക്കൻ യുറോപ്യൻ ജനാധിപത്യം, വിശാലജനാധിപത്യം, ചൈനീസ് ജനാധിപത്യം എന്നിങ്ങനെ പല മേൽവിലാസങ്ങളും ഇപ്പോഴുണ്ടു്. ഇതൊന്നുമായിരിക്കുകയില്ലല്ലോ കേളപ്പൻ ഉദ്ദേശിച്ചതു്. ഇങ്ങനെ അർദ്ധസത്യങ്ങളും അബദ്ധങ്ങളും വിളമ്പാൻ ഇടയാകുന്നതെങ്ങനെയാണു്. ഇതൊക്കെ എവിടെക്കൊണ്ടെത്തിയ്ക്കുമെന്നു് മനസ്സിലാക്കാൻ കേളപ്പനു് ബുദ്ധി ശക്തിയില്ലാഞ്ഞിട്ടല്ല. എത്തുന്നിടത്തെത്തട്ടെയെന്നുതന്നെ ഗണിച്ചിട്ടാണു്. പാരമ്പര്യക്കാരനായ ഈ കോൺഗ്രസ്സുകാരൻ ശുണ്ഠി മൂത്തു് കക്ഷിമാറിയാൽ എന്തുചെയ്യുമെന്ന കഥയിങ്ങനെ. ഇനി കോൺഗ്രസ്സിൽതന്നെ ഉറച്ചുനിൽക്കുന്ന മറ്റു് യോഗ്യന്മാരുണ്ടു്. കേരളത്തിലെ ചില വലിയവരുടെ ചെയ്തികൾ ഇവിടെ എടുത്തുപറയാതെ വിടുകയാണു്. ഈ വർഗ്ഗം കേരളത്തിനു പുറത്തുമുണ്ടിപ്പോ. കുറേക്കാലം വൈദ്യവിദഗ്ദ്ധനായി അഭിനയിച്ചതിനുശേഷം രാജഗോപാലാചാരി ഇപ്പോൾ എസ്. ആർ. സി. റിപ്പോർട്ടിന്റെ പൂഴ്ത്തിവെയ്പുകാരനായി അവതരിച്ചിരിക്കയാണു്. ഭാഷാസംസ്ഥാനങ്ങളെ എതിർത്ത ശങ്കരറാവുദേവ് ഇതാ ഉപവസിക്കാൻ തരം നോക്കുന്നു. ഇവരൊന്നും അഭിപ്രായം പറയരുതെന്നോ, പറയുന്ന അഭിപ്രായങ്ങൾ തെറ്റാണെന്നോ അല്ല വാദം. ബോംബെയിലെ ലഹള മാത്രമാണോ ശ്രീദേവിന്റെ രാഷ്ട്രീയമസ്തിഷ്കത്തിനു് മൂർച്ച കൂട്ടിയതു്? അനവസരമായ ഇത്തരം അഭിപ്രായപ്രകടനങ്ങൾ അന്തരീക്ഷത്തെ വല്ലാതെ ദുഷിപ്പിക്കുമെന്നതാണു് കുഴപ്പം. ജനാധിപത്യപരമായ ഒരു സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാത്തതുകൊണ്ടാണു് ഈ തെറ്റു സംഭവിക്കാനിടയായതു്.
ഇതിനു് മറ്റൊരു തെളിവുംകൂടി ഉന്നയിക്കാം. തെരഞ്ഞെടുപ്പുകാലങ്ങളിൽ കോൺഗ്രസ്സ് പ്രാസംഗികന്മാർ പല വിഷയങ്ങളെപ്പറ്റിയും സംസാരിക്കാറുണ്ടു്. ഒരു വിഷയത്തെപ്പറ്റി മാത്രമേ അവർ നിശ്ശബ്ദരായിരിക്കാറുള്ളൂ. അതു് ജനാധിപത്യമെന്ന കാര്യമാണു്. കോൺഗ്രസ് ജനാധിപത്യാദർശത്തെ സംബന്ധിച്ച എന്തെങ്കിലും പ്രസിദ്ധീകരണങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതായും കേട്ടുകേൾവിയില്ല. ഗാന്ധി, നെഹ്റു, പഞ്ചവത്സരം മുതലായി പലതും നല്ല സാധനങ്ങളാണു്. പക്ഷേ, ജനാധിപത്യമെന്ന ആദർശം ഉറയ്ക്കണമെങ്കിൽ അക്കാര്യംതന്നെ പറയണം. പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്നുള്ളതു് ഒരു ഒഴികഴിവില്ല. അതുകൊണ്ടുതന്നെ ആ കാര്യത്തിൽ കൂടുതൽ നിഷ്കർഷിക്കുകയാണു വേണ്ടതു്. ഇങ്ങനെ ഒരുവശത്തു് പ്രചാരണത്തിനുപുറമേ ജനങ്ങളുടെ ആവശ്യാഭിപ്രായങ്ങൾ ഭരണകൂടത്തെ അറിയിക്കാനുള്ള ഒരു മുഖാന്തിരവും സ്ഥാപിതമാകേണ്ടതാണു്. ഇതിനു് ഒരു “പരാതിയന്ത്രം” എന്നു പേരിട്ടാലും വേണ്ടില്ല. അങ്ങനെയൊന്നു് സമർത്ഥമായി പ്രവർത്തിക്കുകയാണെങ്കിൽ, ഇന്നു് ബോംബെയിലും ഇന്നലെ ആന്ധ്രയിലും നടന്നപ്രക്ഷോഭണസമ്പ്രദായങ്ങൾ കൂടാതെ കഴിക്കാം. അങ്ങനെയായാൽ അതു ഭരണകൂടത്തിനു് സ്വസ്ഥതയാണു്, ജനങ്ങൾക്കു് ക്ഷേമകരമാണു്; ജനാധിപത്യത്തിനു് പുലരാൻ ഉത്തമ അന്തരീക്ഷവും.
പ്രഭാതം 1956.

മലയാള നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.