പഴയ തിരു-കൊച്ചിയിലെ സകല കുഴപ്പങ്ങൾക്കും കാരണമായിരുന്ന മുപ്പിരി വർഗ്ഗീയം പിന്നെയും രംഗപ്രവേശം ചെയ്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭരണം ക്രിസ്ത്യാനിക്കു ദോഷകരമാണെന്നാണു് ആദ്യം കേട്ട വായ്ത്താരി. അന്നു് മറ്റു രണ്ടു് വർഗ്ഗക്കാരും പറഞ്ഞു, “നോക്കണേ ആ മാപ്പിളയുടെ വർഗ്ഗീയത. എത്ര നല്ലൊരു വിദ്യാഭ്യാസബില്ലാണു്. എന്നിട്ടും, അച്ചന്മാരും കന്യാസ്ത്രീകളും കൂടി ക്രിസ്റ്റഫർമാരെ പ്രസവിക്കുന്നതു കണ്ടില്ലേ?” അധികം താമസിച്ചില്ല രണ്ടാമത്തെ പിരിമുറുകാൻ. “ഈഴവനു് ദേവസ്വം ബോർഡ് പ്രസിഡന്റായാൽ ഭൂമി താഴ്‌ന്നുപോകുമോ? സവർണ്ണ ഹിന്ദുകമ്മ്യൂണിസം ഇങ്ങിനെയേയിരിക്കു.” കളി അവിടെയും നിന്നില്ല. സംവരണമെന്ന പുലിവാലു വന്നതോടെ നായരുടെയും ഹാലിളകി. “ഈ മന്ത്രിസഭയെ വലിച്ചു താഴത്തിട്ടുമാത്രമേ കുടുമ്മി കെട്ടു” എന്നൊരു ശപഥം. ഇനി എന്താ വേണ്ടതു്? മൂന്നു വർഗ്ഗീയവിഷങ്ങളും മൂർച്ഛിച്ചുനിൽക്കുകയാണു്. “ഈ കാളകൂടത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം ദഹിച്ചുപോകും,” വിരുദ്ധന്മാർ ആനന്ദിച്ചാർത്തു വിളിച്ചു.
കമ്മ്യൂണിസ്റ്റ് ക്യാമ്പിലാകട്ടെ, അടക്കിയ പുഞ്ചിരി. “തല്ലട്ടെ തമ്മിൽത്തല്ലി തലകീറി നശിക്കട്ടെ, ഈ നശിച്ച ജാതികളെല്ലാം. അവർ ഈ മാമാങ്കം നടത്തുന്നതിനിടയിൽ നമുക്കു ഭരിക്കാം.” ഇതാണവർക്കു വേണ്ടതു്. ഇതിനാണവർ മോഹിച്ചതു്. എത്രകാലം ഈ കുത്സിതമനഃസ്ഥിതി നിലനിറുത്താൻ കഴിയുമോ അത്രകാലം ജനാധിപത്യബോധത്തെ തടഞ്ഞുനിറുത്താനും കഴിയും. വർഗ്ഗീയക്കളി കളിക്കുന്നതിൽ ഇവരെക്കാളെല്ലാം വൈദഗ്ദ്ധ്യം കമ്മ്യൂണിസ്റ്റുകാർക്കാണെന്നു് അവർക്കറിയാം. അതു് ഈ നാട്ടിൽ ഇല്ലാതെ വന്നാലേ അവർക്കു സങ്കടമുള്ളു. എല്ലാത്തരം വിഭാഗീയചിന്തകളും അവർക്കു സ്വാഗതമാണു്. വെള്ളം ആരു കലക്കുന്നു, എങ്ങിനെ കലക്കുന്നു എന്നതല്ല പ്രശ്നം. കലങ്ങിയ വെള്ളത്തിലേ മീൻപിടിക്കാൻ കഴിയൂ എന്നതാണു് ശ്രദ്ധിക്കേണ്ടതു്. വിദ്യാഭ്യാസബില്ല് കത്തോലിക്കനെ നശിപ്പിക്കുന്ന ദിവ്യമന്ത്രമാണെന്നു് അകത്തോലിക്കനോടും, മതതാൽപ്പര്യങ്ങൾ പരിരക്ഷിച്ചുകൊള്ളാമെന്നു് കത്തോലിക്കനോടും, സംവരണംകൊണ്ടു് നായർക്കു കുഴപ്പമുണ്ടാക്കാതെ കണ്ടുകൊള്ളാമെന്നു് നായരോടും, സംവരണമില്ലെങ്കിലും ഈഴവനു പ്രത്യേക പരിഗണന കൊടുത്തുകൊള്ളാമെന്നു് ഈഴവനോടും ഒരേസമയം വേദമോതി വിശ്വസിപ്പിക്കാനുള്ള സാമർത്ഥ്യം കമ്മ്യൂണിസ്റ്റിനാണുള്ളതു്. അക്കാര്യത്തിൽ അവനോടു് ആരും മത്സരിച്ചു മയക്കാമെന്നു വ്യാമോഹിക്കേണ്ട. ഏതു വർഗ്ഗത്തിനെയും പ്രീണിപ്പിക്കാൻ കമ്മ്യൂണിസത്തിൽ മരുന്നുണ്ടു്. മനുഷ്യരോടുമാത്രമേ അതു തോൽക്കാറുള്ളു. മനുഷ്യത്വത്തെപ്രതി മാത്രമേ അതിനു തോൽപ്പിക്കേണ്ടതുള്ളു. നാട്ടിന്റെ പൊതുതാൽപര്യത്തെ ഒരിക്കലും കാണാൻ കഴിയാത്തവരും ഭക്തിയുടെ പേരുപറഞ്ഞു തൻകാര്യം കാണുന്നവരുമാണു വർഗ്ഗീയവാദികൾ. അവരുടെ പിൻബലം വിലയ്ക്കുവാങ്ങാവുന്നതാണു്. ഇതൊക്കെ അറിയാവുന്ന കമ്മ്യൂണിസ്റ്റുകാരെ ഈ പേപ്പിടികൊണ്ടൊന്നും ഭീഷണിപ്പെടുത്താനാവില്ല. തെരഞ്ഞെടുപ്പുവരുന്നതുവരെ ഓരോ കാര്യങ്ങൾ നേടിയെടുക്കാം. പുരോഗമനപരമായ മോട്ടോർ സർവ്വീസ്, വിപ്ലവകരമായ പണമിടപാടുകൾ എന്നിങ്ങനെ പലതും. തെരഞ്ഞെടുപ്പുവരുമ്പോൾ രാഗം ഒന്നു മാറ്റുകയും ചെയ്യാം. അങ്ങോട്ടു മാറിയാലും ഇങ്ങോട്ടു മാറിയാലും മുതലെടുപ്പു കമ്മ്യൂണിസ്റ്റ് പാർട്ടിക്കുതന്നെ. ചായക്കടയിൽ പാത്രം മോറുന്ന കൃഷ്ണൻകുട്ടിനായരും കുഞ്ഞനാരുടെ തുണിഅലക്കുന്ന തൊമ്മിയും തമ്മിൽ ഉണ്ടാക്കിത്തീർക്കുന്ന കത്തിക്കുത്തിനു വർഗ്ഗസമരമെന്നു വ്യാഖ്യാനവും.
ഈ വർഗ്ഗീയതയാണു് ഭാരതത്തിലെ ജനാധിപത്യത്തിനു് ഏറ്റവും മാരകമായ ശത്രു. അതു് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരം ഉപയോഗിക്കേണ്ടതു് അതുകൊണ്ടു മന്ത്രിസഭകളെ മറിച്ചിടാനല്ല. മേൽപറഞ്ഞ എല്ലാ വിഭാഗക്കാരിലുംപെട്ട മനുഷ്യരെ, നാം അഭിമുഖീകരിക്കുന്ന ദേശീയവിപത്തിനെപ്പറ്റി ബോധധവാന്മാരാക്കിത്തീർക്കുവാനാണു്. എല്ലാ മനുഷ്യരും ഈ ഭ്രാന്തിനടിമപ്പെട്ടവരല്ല. ഏതാനും ജനദ്രോഹികൾ സംഘംചേർന്നു് കലിതുള്ളി മറ്റുള്ളവരെക്കൊണ്ടു കൂടി തുള്ളിക്കുകയാണു്. അതിൽ പങ്കെടുക്കുന്നതിന്റെ ആപത്തു ജനങ്ങളെ ചൂണ്ടിക്കാണിച്ചു്, വർഗ്ഗീയതയുടെ വേരു് പിഴുതുകളയാനുള്ള അമൂല്യ സന്ദർഭമാണു് ഇന്നു കേരളത്തിനു് കൈവന്നിരിക്കുന്നതു്.
നാട്ടിലെ പൗരന്മാരെന്ന നിലയ്ക്കാണു്, ഏതെങ്കിലും ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ അംഗമെന്ന നിലയ്ക്കല്ല, വ്യക്തികൾക്കു് അധികാരാവകാശങ്ങൾ ഉള്ളതെന്നു മനുഷ്യർ മനസ്സിലാക്കണം. ജനതയുടെ പൊതുവായ ഉൽകർഷത്തിലാണു് ഓരോ വ്യക്തിയുടേയും സുരക്ഷിതത്വം നിലനിൽക്കുന്നതു്. അതു സാധിത പ്രായമാകണമെങ്കിൽ നാട്ടിന്റെ പ്രശ്നങ്ങളെപ്പറ്റി പൊതുവായ ഒരു വീക്ഷണമുണ്ടായിത്തീരണം. ഓരോ വിഭാഗത്തിനു വിഭിന്നതാൽ പര്യങ്ങളാണുള്ളതെന്നാണു് ഇന്നത്തെ ധാരണ. ഒരതിർത്തിവരെ ഇതിൽ വാസ്തവമുണ്ടെന്നു് തോന്നുകയും ചെയ്യും. പക്ഷേ, വിഭിന്നമെന്നു് ഗണിക്കപ്പെടുന്ന ഈ താൽപര്യങ്ങൾക്കുവേണ്ടി കലഹം നടത്തിയാൽ ലോകാവസാനംവരെ മൃഗസമാനരായി കഴിയാനേ പറ്റു. ഈ നിലയിൽനിന്നു് രക്ഷാമാർഗ്ഗങ്ങൾ രണ്ടുണ്ടു്. ഒന്നു് ഏകാധിപത്യത്തിന്റേതാണു്. കൊടുക്കുന്നതുമാത്രം വാങ്ങാൻ അവകാശമുള്ള അത്തരമൊരേർപ്പാടിൽ ഈ കലഹങ്ങൾ ഒരു രാത്രികൊണ്ടവസാനിക്കും. കമ്മ്യൂണിസത്തിലോ, ഫാഷിസത്തിലോ ഗവൺമെന്റിനെതിരായി പ്രമേയം പാസ്സാക്കുന്ന നായർസംഘങ്ങളോ, നസ്രാണിസംഘമോ ഈഴവസംഘമോ വിഭാവനംചെയ്യാൻ കഴിയുമോ? അടിമത്തമല്ലാതെ യാതൊന്നും സ്വന്തമായിട്ടില്ലാത്ത ആ അവസ്ഥയിൽ ഈ ജാതിനേതാക്കന്മാരുടെ സ്ഥാനമെവിടെയായിരിക്കും? അവർക്കു് സെൽസെക്രട്ടറിമാരാകാൻ പാടില്ലായ്കയില്ല പക്ഷേ, അവരുടെ ഇന്നത്തെ വർഗ്ഗസ്നേഹവും അവരുടെ കുഞ്ഞാടുകളുടെ ഇന്നത്തെ ഭ്രാന്തും എവിടെയായിരിക്കും? അതു് ഒരു നസ്രാണിക്കു് പകരം ഒരു നായരെ ഇരുപത്തഞ്ചുരൂപാ കിട്ടുന്ന ഉദ്യോഗത്തിനു നിയമിക്കുമോ എന്നാലോചിക്കേണ്ടതില്ല; കാരണം അന്നു നായരുമില്ല, നമ്പൂരിയുമില്ല, ഉണ്ടെന്നു പറയുന്നവനു് ശരീരവും കാണില്ല (ഈ വിദ്യ വളരെ നല്ലതാണെന്നു വിശ്വസിക്കുന്നവർ ഉണ്ടെന്നെനിക്കറിയാം. തലവേദനയ്ക്കു് പറ്റിയ പ്രതിവിധി തലവെട്ടിക്കളയുകയാണെന്നും അവർ വിശ്വസിക്കും). അതുകൊണ്ടു് ഈ ആദ്യത്തെ പോംവഴി നമുക്കു് സ്വീകാര്യമല്ല. രണ്ടാമതു്, ഒരു മാർഗ്ഗമുള്ളതു ജനാധിപത്യ സമ്പ്രദായമാണു്. മനുഷ്യ സമുദായത്തിൽ ചരിത്രപരമായ കാരണങ്ങളാൽ, സാമ്പത്തികത്തോളം തന്നെ പ്രധാന്യമായ സാമൂഹ്യ-സാംസ്കാരിക താൽപ്പര്യങ്ങളിൽ വൈവിധ്യമുള്ള പല വിഭാഗങ്ങളും വളർന്നുവരാറുണ്ടെന്നു് ജനാധിപത്യവാദികൾ വിശ്വസിക്കുന്നു. ഈ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടാവുക സ്വാഭാവികം മാത്രമാണു്. പക്ഷേ, അവരെയെല്ലാം ഒരേനിലയിലുള്ള അടിമകളായി ചവിട്ടിത്താഴ്ത്തിയതുകൊണ്ടു കാര്യം ശരിയാക്കാമെന്നു് ജനാധിപത്യവാദികൾ ആശിക്കുന്നില്ല. പൊതുതാൽപ്പര്യവും നീതിയും മുൻനിർത്തി പരസ്പരം പരസ്യമായി ചർച്ചചെയ്തു് തീരുമാനിക്കേണ്ട പ്രശ്നങ്ങളാണിവ. ദുസ്വാതന്ത്ര്യത്തിനു് മരുന്നു് അടിമത്തമല്ല, നിയന്ത്രണമാണു്. ഇക്കഥ ഒന്നോ രണ്ടോ നേതാക്കന്മാർ അറിഞ്ഞാൽ പോരാ, ജനങ്ങളെല്ലാം അറിയണം. വോട്ടവകാശം മുതൽ തീവെപ്പവകാശംവരെയെല്ലാം അവകാശപ്പെടുന്നവർ അവർക്കു് സമുദായത്തോടു് ചില കടമകളും ഉണ്ടെന്നു് മനസ്സിലാക്കണം. ധീരമായി കടമകൾ നിർവഹിക്കാത്ത പൗരനു് അവകാശങ്ങളും സിദ്ധിക്കാറില്ല എന്ന വാസ്തവം മറന്നുകൂടാ. ഇന്നു നടക്കുന്നതുപോലെയുള്ള “മ്യൂസിക്കൽ ചെയർ” കളി ജനതയെ അസ്വസ്ഥരും നിരാശരുമാക്കും. സ്വസ്ഥതയ്ക്കുവേണ്ടി അവർ സ്വാതന്ത്ര്യം തീറെഴുതിക്കൊടുക്കും. ഏകാധിപത്യം കൊടികുത്തിവാഴുകയും ചെയ്യും. ആ പ്രവണതയിൽ നിന്നാണു് നാടു് മോചനം സമ്പാദിക്കേണ്ടതു്.
കിട്ടിയ അവസരം പാഴാക്കുന്നതു്, തന്ത്രപരമായി മൗഢ്യമായിരിക്കുകയില്ലേ എന്നു സംശയിക്കുന്ന ജനാധിപത്യപാദികൾ ഉണ്ടാകാം. പക്ഷേ, അവർ ഒന്നേ ഓർമ്മിക്കേണ്ടതുള്ളൂ. ഇവിടെ സ്ഥാപിതമായ ഓരോ മന്ത്രിസഭയും തകർന്നതും വർഗ്ഗീയതയുടെ കുത്തിത്തിരിപ്പുകൾകൊണ്ടാണു്. ഇന്നത്തെ മന്ത്രിസഭ സ്ഥാപിതമായതും മറ്റൊന്നുകൊണ്ടുമല്ല. അതിന്റെ അടിസ്ഥാനം അത്രയ്ക്കു് ഉറച്ചതല്ല എന്നും അതിൽനിന്നും മനസ്സിലാക്കാം. കമ്മ്യൂണിസ്റ്റ് ഭരണത്തെ മാറ്റാൻ സത്യസന്ധമായ ജനാധിപത്യ രീതിയേ ഉതകൂ. അല്ലെങ്കിൽ പകരം വരുന്ന ഏതു ഭരണവും പഴയ രോഗത്തിനു് അടിപ്പെടും, തകരും. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കൊള്ളരുതായ്മ, അതു് ഓരോ വർഗ്ഗത്തെ തൃപ്തിപ്പെടുത്തിയില്ലെന്നല്ല, ജനങ്ങൾക്കു പൊതുവായകാര്യം നടത്തുന്നതിനു് പകരം പാർട്ടിക്കു് പേരുണ്ടാക്കുക എന്നതിൽ മാത്രം ശ്രദ്ധിച്ചുവെന്നാണു്. ഭക്ഷണപ്രശ്നം പരിഹരിക്കാത്തതും, തൊഴിലുണ്ടാക്കാത്തതും, അഴിമതി നടത്തുന്നതും, നിയമസമാധാനം തകരാറിലാക്കുന്നതുമെല്ലാം പ്രത്യേകിച്ചു് ഒരു ജാതിയ്ക്കു ചെയ്ത ദ്രോഹമല്ല. അതിനാണവർ കണക്കുപറയേണ്ടതു്. അതും പ്രത്യേക വർഗ്ഗീയ നേതാക്കന്മാരോടല്ല, പൊതുജനങ്ങളോടാണു്. വർഗ്ഗീയത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭ പോവുകയും വരികയും ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിച്ചാൽ മാത്രമേ കേരളത്തിനു പുരോഗതിയുള്ളു.
പ്രഭാതം വിശേഷാൽപ്രതി 1959.

മലയാള നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.