images/Storck_Harbour_scene.jpg
Southern harbour scene with merchants, a painting by Abraham Storck (1644–1708).
ശൃംഗാരസരസ്വതി
സി. ജെ. തോമസ്

എനിക്കു രണ്ടഭ്യൂഹങ്ങളുണ്ടു്. നമുക്കു പ്രേമകവിത വളരെ വിരളമായിട്ടേ ഉള്ളൂ എന്നാണൊന്നാമത്തേതു്. രണ്ടാമത്തേതു് അതിനുള്ള കാരണത്തെ സംബന്ധിക്കുന്നതാണു് ഒന്നാമത്തെ അനുമാനം തെറ്റാണെങ്കിൽ രണ്ടാമത്തെ പ്രശ്നമുദിക്കുന്നതേയില്ല! അതുകൊണ്ടു് ആദ്യത്തേതിനുള്ള ന്യായം പറയാം.

വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പായിത്തന്നെ പദാർത്ഥ സംബന്ധിയായ ഒരു കാര്യം പറയാനുണ്ടു്. പ്രേമകവിത എന്ന പ്രയോഗം ഇംഗ്ലീഷിലെ Love poetry എന്ന പ്രയോഗത്തിനു സമമായി, സ്ത്രീപുരുഷവേഴ്ചയുടെ മണ്ഡലത്തെ പൊതുവെ കുറിക്കുന്ന അർത്ഥത്തിലല്ല പ്രയോഗിച്ചിരിക്കുന്നതു്. ആ ഉദ്ദേശ്യത്തിലാണെങ്കിൽ ശൃംഗാര കവിത എന്ന പദമാണു ഞാനിഷ്ടപ്പെടുന്നതു്. ഇവിടെ പ്രേമകവിത എന്നതിനർത്ഥം ശരീര പ്രധാനമല്ലാത്തതും ഇംഗ്ലീഷിൽ Platonic എന്നു വ്യവഹരിക്കപ്പെട്ടുവരുന്നതുമായ ആ കാവ്യസരണിയെന്നാണു് ശൃംഗാരകവിതയ്ക്കു് ഒരു പദമാവശ്യമാണെങ്കിൽ (ആണെന്നാണു് എന്റെ പക്ഷം) കാമകവിത എന്നായിരിക്കും ഉചിതം. ഈ വകതിരിവിനൊന്നും ശാസ്ത്രസമ്മതിയുണ്ടെന്നു് ഇവിടെ ഭാവമില്ല. അർത്ഥപരിമിതി നിർണ്ണയിച്ചുകൊണ്ടു ചിന്തിച്ചാൽ ആശയവ്യതയുണ്ടാകുമല്ലോ എന്നാണു സമാധാനം. പ്രയോഗംകൊണ്ടു നോക്കിയാൽ ഇതിനു വിരുദ്ധമായ പലതും ഭാഷയിൽ കണ്ടെന്നുവരാം. പ്രേമമെന്ന വാക്കിനു് അതിവിസ്തൃതമായ ഒരർത്ഥവ്യാപ്തിയാണുള്ളതു്. കാമമാണെങ്കിൽ ധാത്വർത്ഥപ്പടി വെറും ആഗ്രഹം മാത്രമാണു് പിഞ്ചുകുഞ്ഞുങ്ങൾക്കു് കാമാക്ഷി എന്നു പേരിടാൻ ആരും നാണിക്കാറില്ല. കാമുകി, കാമിനി മുതലായവയൊന്നും താടകാശൂർപ്പണഖാദികളുടെ പ്രതീതി ജനിപ്പിക്കുന്നില്ല. കാമലേഖനമയച്ചു കൈയിനാൽ… ” എന്നു കവി പാടിയിട്ടുണ്ടു്. അതുകൊണ്ടു് ഇംഗ്ലീഷിലെ Lust എന്നതിനു സമമായി കാമം പ്രയോഗിക്കുന്നതു ചോദ്യം ചെയ്യപ്പെട്ടേക്കാം. മകൾ കാമാക്ഷിക്കായാലും ഒരു കാമലേഖനം കിട്ടുന്നതു് ഒരു പിതാവിനും രസിക്കില്ല. പ്രേമലേഖനമാണെങ്കിൽ അത്ര ക്ഷോഭിച്ചില്ലെന്നുവരും. കാമലോലുപൻ, കാമചേഷ്ടകൾ മുതലായവയൊന്നും അത്ര ഉത്തമമായ അർത്ഥത്തിലല്ല പ്രയോഗിക്കാറു്. കാമഭ്രാന്തന്മാരുണ്ടു്. ആരെയും കാമഭ്രാന്തനെന്നു പറയാറില്ല. വ്യാകരണദൃഷ്ട്യാ രാമൻ സീതയെ കാമിക്കാമെങ്കിലും പ്രേമിക്കാനാണു് എല്ലാവരും ഇഷ്ടപ്പെടുക. ഇന്നത്തെ സാഹിത്യത്തിൽ പൊതുവെ കാമം, പ്രേമം എന്ന പദങ്ങൾക്കുമുകളിൽ കൊടുത്ത വകതിരിവനുസരിച്ചു പ്രയോഗിക്കാനുള്ള വാസനയാണു കണ്ടുവരുന്നതു്. ശൃംഗാരത്തിൽ പണ്ടില്ലാതിരുന്ന ഒരംശം മുളച്ചുവരുന്നതുകൊണ്ടോ (എന്റെ പക്ഷം) ശൃംഗാരത്തിൽ ഉൾക്കൊണ്ടിരുന്ന ശാരീരിക—മാനസികഘടകങ്ങൾ കുറേക്കുടി കൂടുതലായി വേർതിരിച്ചു വ്യവഹരിക്കാൻ തുടങ്ങിയതുകൊണ്ടോ എന്നു തീർത്തുപറയുന്നില്ല, ഇങ്ങനെയൊരു പതിവു് വീണിട്ടുണ്ടു്. ഞാൻ ആ പതിവിനെ പിൻതുടർന്നുകൊണ്ടു പറയുകയാണു്, നമ്മുടെ ശൃംഗാരകവിത ഒട്ടുമുഴുവനും കാമകവിതയാണു് പാശ്ചാത്യ സാഹിത്യത്തിലാകട്ടെ ഈ മുഖ്യസ്ഥാനം കവിതയ്ക്കാണു ലഭിച്ചിരിക്കുന്നതു്.

പദപ്രയോഗകത്തെപ്രതി ഇത്രയധികം പാടുപെടേണ്ടിവന്നുവെന്നതുതന്നെയാണു് എന്റെ അനുമാനത്തിനുള്ള ആദ്യത്തെ തെളിവു്. Platonic എന്ന പദമില്ലാത്ത ഭാഷ ഉപയോഗിക്കുന്ന ജനതയ്ക്കു് അത്തരമൊരു വികാരം അപ്രധാനമായിരിക്കാനേ വഴിയുള്ളു. രുഢമൂലമല്ലാത്ത വികാരങ്ങളിൽ നിന്നു് ഉത്തമകവിത ഉത്ഭവിക്കുമെന്നും വ്യാമോഹിക്കേണ്ടല്ലോ. പക്ഷേ, അതൊക്കെ അവിടെ നില്ക്കട്ടെ. ഉദാഹരണങ്ങൾക്കുശേഷമാകാം ചർച്ച.

ഹിമാലയമുൾപ്പെടെയുള്ള ഇന്ത്യയെ പൊതുവെ എടുത്തുപറയുന്നതു് എന്റെ ചിന്താഗതിക്കു ബലക്ഷയമാണെങ്കിലും അതിനു മലയാള സാഹിത്യത്തിന്മേലുള്ള ശക്തിയായ സ്വാധീനത്തെ പരിഗണിച്ചു സംസ്കൃതത്തെക്കൂടി ഉൾപ്പെടുത്തുകയാണു് ശാകുന്തളം തന്നെ ആദ്യമായെടുക്കാം. ശാകുന്തളം ഒരു പ്രണയകഥയാണു് പക്ഷേ, ഒരു സാധാരണ പ്രണയകഥയിലെ റൊമാൻസ് ഇവിടെയില്ല. കഥ വിവാഹത്തിലവസാനിക്കേണ്ടതിനു പകരം, വിവാഹത്തിൽ (ഗാന്ധർവ്വമാണെങ്കിലും) ആരംഭിക്കുകയാണു് ഇതുകൊണ്ടു് ആ കൃതിക്കു് എന്തെങ്കിലും കുറവുണ്ടെന്നാണോ: ശാന്തം പാപം! അതുകൊണ്ടു് അതു വിശ്വോത്തരമാവുന്നതേയുള്ളു. പക്ഷേ, അവിടെ റൊമാൻസില്ലൈന്നുമാത്രം. ശാകുന്തളത്തിന്റെ പൂമുഖത്തു പ്രേമമെന്നു പറഞ്ഞു് ഏതാനും വിനാഴികകൾ റിസർവ്വുചെയ്തു നിർത്തിയിട്ടുണ്ടു്. പക്ഷേ, അതിന്റെ പരിധി ആ മുനികന്യകയുടെ റവുക്കയോടൊപ്പം പൊട്ടാറായി നില്ക്കുകയാണു് കഥയുടെ ഭൂരിഭാഗവും സംയോഗാനന്തരമാണു് നടക്കുന്നതു്. ‘കുമാരസംഭവ’ത്തിൽ സംയോഗത്തിനുമുമ്പുള്ള കാലത്തിനു ദൈർഘ്യമുണ്ടു്. ആര്യപുത്രനെ തേടുന്ന കാമുകിയുടെ ചുടുനിശ്വാസങ്ങളുണ്ടു്. പക്ഷേ, ‘കച്ചപ്പുറത്തിനുടെ നായകമായ നീലക്കല്ലിന്റെ കാറൊളി’ തുളുമ്പുന്നതു പ്രേമസുധയാണോ, മറ്റെന്തെങ്കിലുമാണോ എന്നു സംശയം. മേഘത്തെ ദൂതനാക്കുന്ന യക്ഷൻ പോസ്റ്റ് സമ്പ്രദായത്തെപ്പറ്റി യാതൊരു പിടിയും കിട്ടാത്ത കൂട്ടത്തിലാണു് മനഃപായസം എന്നു നടന്മാരും ആത്മഭോഗമെന്നു മനഃശാസ്ത്രജ്ഞന്മാരും പറയുന്ന എന്തോ ഒന്നാണിവിടെ നടക്കുന്നതു്. കാമുകി ഒരു ഭൂഖണ്ഡത്തിന്റെ ദുരത്തിലിരുന്നിട്ടും നടക്കേണ്ടതു നടന്നു കാളിദാസപാത്രങ്ങൾ പ്രേമസാഗരത്തിന്റെ വക്കത്തുനിന്നു് അത്ഭുതത്തോടെ അനന്തതയിലേക്കു നോക്കുന്നവരല്ല. അതിൽ ആവോളം നീന്തിത്തുടിച്ചു കൈകാലുകൾ കുഴഞ്ഞവരാണു് അവർക്കു്. കാര്യം മുക്കും മുക്കുത്തിയുമില്ല, വെണ്മണിയുടെ പ്രസിദ്ധമായ വന്ദനശ്ലോകത്തിൽ പറഞ്ഞതൊക്കെയാണു് കവിതയുടെ വിഷയം യഥാർത്ഥ ലൈംഗികാനുഭവമോ, അതിനു സൗകര്യമില്ലെങ്കിൽ തുറന്നുള്ള ആത്മഡയോ ആണു് ഈ രണ്ടാമതു പറഞ്ഞ സമ്പ്രദായത്തിനാണല്ലോ വിപ്രലംഭശൃംഗാരം എന്നുപറയുന്നതു്. ശാരീരികവേഴ്ചയുടെ രുചി അറിയാത്തവരുടെ പ്രേമത്തിനു വിപ്രലംഭശൃംഗാരമെന്നു പറയാമെന്നു തോന്നുന്നില്ല. അങ്ങനെയുള്ളവർക്കു് ഒരുകാൽപനിക സ്വർഗ്ഗത്തിൽ വിഹരിക്കാനല്ലാതെ, നൊട്ടിനുണയ്ക്കാൻ വകയുണ്ടാവില്ലല്ലോ?

ഭർത്തൃഹരി, ചന്ദ്രോത്സവം, ഗീതാഗോവിന്ദം… എന്തിനധികം ഉദാഹരണങ്ങൾ? മതത്തൊടൊത്തു കാമം മതമായിത്തീരുകയാണു് കുപ്രസിദ്ധമായ പല വന്ദനശ്ലോകങ്ങളും അർത്ഥമറിയാതെ ഉച്ചരിക്കപ്പെടുകയാണെന്നു വിശ്വസിക്കുന്നതിലും ഉചിതം മോക്ഷമാർഗ്ഗം കുസുമബാണന്റെ സോപാനത്തിൽ കൂടിയാണെന്നു മനസ്സിലാക്കുകയാണു്—ആ ഭക്തന്മാരിൽ ഒരു പ്രധാനവിഭാഗത്തിനെങ്കിലും ഗോപികാവസ്ത്രാഹരണം മുതൽ ശിവശക്തിസമ്മേളനം വരെയുള്ള സകലതിനും ആദ്ധ്യാത്മികവ്യാഖ്യാനം കൊടുക്കുന്നവരുണ്ടു്. അതു ന്യായയുക്തമാണെന്നും വയ്ക്കുക. എങ്കിലും ജീവാത്മാപരമാത്മാക്കളെ മനസ്സിലാക്കാൻ “മാരക്രീഡാമഹലഹള’യാണു് ഉത്തമമായ ഭാഷയെന്നു വന്നല്ലോ. ആത്മാവും ബുദ്ധിയും ഉപയോഗിക്കുന്ന നിഘണ്ടു കാമത്തിന്റേതുതന്നെ. ഭക്തകവികളാണു പ്രായേണ കാമകവിതയിൽ വിരുതന്മാരായിക്കാണുന്നതു്. ഭക്തിതന്നെ കാമത്തിന്റെ ഒരു ബാഷ്പവൽകൃതരൂപമാണെന്ന ശാസ്ത്രമതം എല്ലാവരും അംഗീകരിക്കുകയില്ലായിരിക്കാം. എങ്കിലും, ഇന്ത്യയിൽ ഭക്തന്മാർക്കു വിഷയസുഖം നിഷിദ്ധമല്ല. ഗൃഹസ്ഥാശ്രമത്തിനുശേഷമാണു സന്യാസം. ജീവിതകാലം മുഴുവനും ബ്രഹ്മചാരിയായിക്കഴിയുക നമ്മുടെ പുരാണങ്ങളിൽ അസാധാരണമാണു് ഭക്തശിരോമണിയായ കുചേലൻ ധ്യാനമൊഴിച്ചുള്ള സമയത്തു് ആകെക്കുടി ചെയ്ത പ്രവൃത്തി സന്തത്യുൽപ്പാദനമാണു് പുത്രന്മാരില്ലാത്ത സ്ത്രീകൾക്കു് ആ കുറവു പരിഹരിക്കുന്ന ജോലിയും അവർ ഏറ്റെടുക്കാറുണ്ടു്. ഈ വർഗ്ഗത്തിൽനിന്നു് ആരെങ്കിലും കവിയായിത്തീർന്നാൽ ഉള്ളിൽക്കാണുന്ന ‘പാലാഴിമങ്കയുടെകോലം’ എങ്ങനെയിരിക്കും? അതു് അശ്ലീലമല്ല. അതിലത്ഭുതത്തിനവകാശവുമില്ല. അതാണു നമ്മുടെസംസ്കാരം. ഭക്തിയും ശൃംഗാരവും തമ്മിൽ, നമ്മുടെ പൂർവ്വികന്മാർ, അഭേദ്യമായ അതിർത്തിവരമ്പുകളൊന്നുംവെച്ചിടില്ല. കവികൾ ന്യായമായി ആ പാരമ്പര്യം പുലർത്തുകയും ചെയ്തു. സാധാരണ ഒരു സൂതികർമിണിയെപ്പോലും ശ്വാസംമുട്ടിക്കുന്ന ഒരു ഗർഭവർണ്ണന ചെറുശ്ശേരി എഴുതിയിട്ടുണ്ടു്. അദ്ദേഹം അതെഴുതിയപ്പോൾ ലജ്ജിച്ചു എന്നു ഞാൻ വിചാരിക്കുന്നില്ല. എഴുത്തച്ഛനിലും നമ്പ്യാരിലും കാണുന്നതു് ഇതൊക്കെത്തന്നെയാണു് വെണ്മണിപ്രഭൃതികളെ തെറിയന്മാരെന്നു വിളിക്കാറുണ്ടു്. പക്ഷേ, കാവ്യഗുണം അവരുടെ കവിതകളെ പ്രസിദ്ധമാക്കിയെന്നതാണു വാസ്തവം. മറ്റുള്ളവരും എഴുതിയ വിഷയം അതൊക്കെത്തന്നെയായിരുന്നു. നാല്ക്കാലികളായിരുന്നതുകൊണ്ടു് ആരും ഗൗനിച്ചില്ലെന്നുമാത്രം.

ആധുനികരുടെ കാലത്തും കഥയതുതന്നെ. ആശാനു പ്രത്യംഗവർണ്ണനകളിൽ ക്രമമില്ലായിരുന്നു. പക്ഷേ, വാസവദത്തയുടെ വികാരത്തിന്റെ യഥാർത്ഥസ്വഭാവം എത്ര ബുദ്ധധർമ്മംകൊണ്ടു് ആച്ഛാദനം ചെയ്താലും മറയുന്നില്ല. ചണ്ഡാലിയാണെങ്കിൽ കാമാതുരയാണു്, പ്രേമവതിയല്ല. അവളുടെ പേർ പ്രകൃതിയെന്നും. ‘ദുരവസ്ഥ’യിൽ ശൃംഗാരമേയില്ല. ജാതിയാണിവിടെ ചർച്ചാവിഷയം. വള്ളത്തോൾക്കവിതയിൽ ശൃംഗാരം ഏറ്റവും സത്യസന്ധമായ നിലയിലാണു കൈകാര്യം ചെയ്തിട്ടുള്ളതു്. വൈദേശ്യമോ വഞ്ചനാപരമോ ആയ യാതൊരു ഭോഷ്ക്കും ആത്മാവിഷ്കരണത്തെ ബാധിക്കുവാൻ അദ്ദേഹം അനുവദിക്കാറില്ല. തുന്നിപ്പിടിപ്പിച്ച ഗുണപാഠം എവിടെക്കിടന്നാലും ‘കൊച്ചുസീത’മാരും ‘മഗ്ദലന’മാരും അപ്സരസ്സുകളുടെ ലിസ്റ്റിൽ പേരു കൊള്ളിച്ചവരാണു്

പ്രഖ്യാതമായ നമ്മുടെ ശൃംഗാരകവിത വായിച്ചുകഴിഞ്ഞാൽ ചില വാസ്തവങ്ങൾ നമുക്കു കാണാൻ കഴിയും.

ഒന്നു്, പ്രത്യംഗവർണ്ണന നമ്മുടെ ശൃംഗാരകവിതകളുടെ ഒരു നല്ല പങ്കു് അപഹരിക്കുന്നു. സ്ത്രീരൂപത്തെ പാശ്ചാത്യകവികളും വർണ്ണിക്കാറുണ്ടു്. പക്ഷേ, അവരുടെ സമ്പ്രദായത്തിൽ ശരീരത്തിന്റെ വളരെ ഭാഗങ്ങൾ ഉപേക്ഷിക്കാറുണ്ടെന്നുമാത്രമല്ല. വേഷവിധാനം പ്രധാനമായ ഒരു ഘടകമായി സ്വീകരിക്കാറുണ്ടു്. നാമാകട്ടെ ഗർഭവതിയായാലും അല്ലെങ്കിലും ദിഗംബരകളായിട്ടാണു് അവരെ വിഭാവനചെയ്യാറു്. (കാളിദാസ കൃതികൾക്കു സമകാലീനസമുദായത്തെ പ്രതിഫലിപ്പിക്കുകയെന്നതുമാത്രമാണു മേന്മയെന്ന തത്ത്വം അംഗീകരിച്ചാൽ പാർവ്വതി പിറന്നപടിയാണു നടന്നിരുന്നതെന്നു ഗണിക്കേണ്ടിവരും. അത്രകണ്ടു പോകാൻ ഞാൻ തയ്യാറല്ല.) ഈ വർണ്ണനകളുടെ പിറകിലുള്ള വികാരം റൊമാൻസിന്റേതല്ല. പ്രബുദ്ധമായ കാമവികാരത്തിന്റേതാണു് മുഖത്തേക്കാളേറെ പ്രാധാന്യം മാർവിടം, ജഘനം, നിതംബം, ഈരുക്കൾ. നാഭി, രോമരാജി, ശ്രമജലം മുതലായവയ്ക്കാണു് വച്ചിട്ടുള്ളതു്.

രണ്ടു്, മാരക്രീഡ നമ്മുടെ സാഹിത്യത്തിൽ നിഷിദ്ധമല്ല. ജാര മാർഗ്ഗേണ പ്രവേശിക്കുന്ന ചോരൻ സമീരൻ കവിയാൽ അനുഗതനാണു് ആ പരിപാടിയിലെ ഏതിനവും വർണ്ണിക്കാം. സാഡിസത്തെപ്പറ്റി കേൾക്കുന്നതിനുമുമ്പേ നഖലാളനത്തിന്റെ ഒരു പ്രളയംതന്നെ നമുക്കുണ്ടായി.

മൂന്നു്, വിപ്രലംഭശൃംഗാരം എന്നൊരു പ്രസ്ഥാനം നമുക്കുണ്ടു്. ഇതു പാശ്ചാത്യഭാഷകളിൽ അറിയപ്പെട്ടിട്ടേയില്ല. കാമുകസമാഗമം ലഭിക്കാത്തതിലുള്ള സങ്കടം മുഴുവനും രതിസുഖനിഷേധത്തിലാണു് അന്തർഭവിച്ചിരിക്കുന്നതു്. അതു തുറന്നുപറയുന്നതിനു വിരോധമില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ സ്ത്രീയും പുരുഷനും അടുത്തിരിക്കണമെന്നില്ല. അകന്നിരുന്നാലും കാമമാണു് അംഗിയായ രസം. അടുത്തകാലത്തെ കഥ പറയാനുമില്ല. ഈ സ്വഭാവം സവിശേഷമായ ശ്രദ്ധയർഹിക്കുന്നു.

നാലു്, വിഷയസുഖവും ഭക്തിമാർഗ്ഗവും തമ്മിൽ വൈരുദ്ധ്യമില്ല. അവ പരസ്പരം പ്രതീകങ്ങളായിത്തീരാം. അതു് ഏതിന്റെ പ്രതീകമെന്നതു വ്യാഖ്യാതാവിന്റെ വീക്ഷണമനുസരിച്ചിരിക്കും.

അഞ്ചു്, അടുത്ത കാലംവരെ ഭാവഗീതങ്ങൾ എന്നൊരുവക നമുക്കുണ്ടായിരുന്നില്ല. അവയ്ക്കടിസ്ഥാനമായ നിയന്ത്രിതപ്രേമവികാരം മറ്റു രൂപങ്ങളിലും കാണപ്പെടാറില്ലായിരുന്നു.

ഇതിന്റെയെല്ലാം അർത്ഥം, നമുക്കു് ഒട്ടുവളരെ കാമകവിത ഉണ്ടെന്നാണു് അവയിൽ വളരെയെണ്ണം സുന്ദരമാണു് പക്ഷേ, My Love is like a red rose എന്നൊരു വരി നമ്മുടെ കാവ്യപ്രപഞ്ചത്തിലൊരിടത്തും കാണുകയില്ല.

നാടോടിപ്പാട്ടുകളുടെ സ്ഥിതി എങ്ങനെ എന്ന ചോദ്യത്തിനു് ഉണ്ണിയാർച്ച കാമുകനെ സ്വീകരിക്കുന്ന രംഗമാണു മറുപടി. മാപ്പിളപ്പാട്ടുകളുടെ സൗന്ദര്യവും ഏതാണ്ടീവിധത്തിൽത്തന്നെ ലഭിച്ചതാണു് മറ്റുചില വർഗ്ഗക്കാരുടെ പാട്ടുകൾ ശേഖരിച്ചാൽ അച്ചടിക്കാൻ കൂടിവയ്യാത്തവണ്ണം പച്ചയാണു് അവയിലെല്ലാം കാണുന്നതു് മണ്ണിനോടുപണിതു് പെണ്ണിനോടു തിരിയുന്ന ആരോഗ്യവാന്മാരുടെ ചിത്രമാണു് അവിടെ നക്ഷത്രമെണ്ണലില്ല, പൂമാലയില്ല. പ്രകൃതിയുടെ സന്താനങ്ങളായ അവർ സൃഷ്ടികർമ്മം നിർവ്വഹിക്കുന്നു. അതിനെക്കുറിച്ചു പാടുന്നു.

ഒന്നാമത്തെ അഭ്യുഹം പറഞ്ഞുകഴിഞ്ഞു. തെളിയിച്ചുവെന്നു വ്യാമോഹിക്കുന്നില്ല. കണ്ട വസ്തുതകളെടുത്തു് ഒരു സമ്പ്രദായത്തിൽ നിരത്തിയെന്നുമാത്രം. ഇതുവരെ പറഞ്ഞതു കാര്യം ഇങ്ങനെയാണെന്നാണു് ഇനി പറയാനുള്ളതു് അങ്ങനെയേ ആകാൻകഴിയൂ എന്ന്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഇതിങ്ങനെ ആയിത്തീരാൻ കാരണം എന്താണെന്നു്. നമ്മുടെ കലയുടെ സ്വഭാവം നിർണ്ണയിച്ചതു് ജനതയുടെ യഥാർത്ഥമായ അന്തസ്സത്തയാണു് ആ അന്തസ്സത്തയ്ക്കു രൂപംകൊടുത്തതു് ഭൂമിശാസ്ത്രവും.

ജീവിതരീതി, ചിന്താഗതി മുതലായവയെ ഭൂമിശാസ്ത്രസാഹചര്യങ്ങൾ എത്രമാത്രം നിയന്ത്രിക്കുന്നുവെന്നു പൂർണ്ണമായി വ്യക്തമായിട്ടില്ല. എങ്കിലും സാധാരണഗതിയിലെ മനുഷ്യപ്രവർത്തനത്തിനെല്ലാം തന്നെ ഭൂമിശാസ്ത്രവുമായി ബന്ധം കാണുന്നുണ്ടു്. അറബി കുളിക്കാത്തതും, എസ്കിമോ വെളുത്തിരിക്കുന്നതും, സ്വന്തം ഇഷ്ടമനുസരിച്ചല്ല. കുട്ടനാട്ടിലെ സ്ത്രീകൾക്കു നിലത്തു കിടന്നിഴയുന്ന വസ്ത്രങ്ങൾ ധരിക്കാൻ വിഷമമുണ്ടു്. മത്സ്യം കഴിക്കുന്നതിനെ വിലക്കുന്ന യാതൊരു മതവും ലത്തീൻ ക്രിസ്ത്യാനികൾ സ്വീകരിക്കുകയില്ല. അർജൻറീനായിലെ ആട്ടിടയന്മാർ കുതിരസ്സവാരിക്കാരായിരുന്നേ പറ്റു. സ്കോട്ട്ലന്റുകാർ സ്വാതന്ത്ര്യത്തെക്കാൾ വിലവെയ്ക്കുന്നതൊന്നുമില്ല. പ്രാഥമികമായി മനുഷ്യൻ ഒരുതരം മൃഗമാണു് അവന്റെ പ്രവൃത്തിയും ചിന്തയും പൂർണ്ണമായി പരിതഃസ്ഥിതിയുടെ നിയന്ത്രണത്തിലല്ലെങ്കിൽത്തന്നെ അതിനനുകൂലമായിരിക്കും. ആലോചിക്കാനും സ്വന്തം ഇഷ്ടമനുസരിച്ചു പ്രവർത്തിക്കാനും മനുഷ്യനു കഴിയുമെന്നാണുവെപ്പു്. എങ്കിലും, ഈ സ്വാതന്ത്രത്തിന്റെ പരിധി വളരെ വിസ്തൃതമല്ല. വികാരാദികാര്യങ്ങളിൽ സ്വാതന്ത്ര്യത്തിനു് ഏതെങ്കിലും പ്രസക്തിയുണ്ടെന്നു പറയാൻ പ്രയാസം. മദ്ധ്യേഷ്യയിലെ ഈശ്വരനും ബർമീസ് കാടുകളിലെ ഈശ്വരനും ഭിന്നസ്വഭാവങ്ങളുണ്ടാകും. ഓരോ ജനതയും അവരവരുടെ സംസ്കാരത്തിനനുസരണമായ ദേവന്മാരെ സൃഷ്ടിക്കുന്നു. സംസ്കാരത്തെ കാലാവസ്ഥ നിയന്ത്രിക്കുന്നു. പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിന്മേലാണു് സംസ്കാരത്തിന്റെ ഓരോ പുതിയ പടിപ്പുര പണിയുന്നതു്, മുഗൾ കലാകാരൻ പണിയുന്ന സൗധങ്ങൾക്കെല്ലാം കൂർത്തമേൽക്കുരകളും മെലിഞ്ഞ തുണുകളും ഉണ്ടായിരിക്കും. കൂടാരത്തിന്റെ ആത്മാവു് അവനെ വിട്ടുമാറുന്നില്ല. ഭക്ഷണസമ്പാദനവും, വ്യവസായവും, രാഷ്ട്രീയഘടനയും, മതവും, കലയും എല്ലാം ഇങ്ങനെതന്നെയാണു പരിണമിക്കുന്നതു്. ശൃംഗാരപ്രകടനത്തിനുള്ള ചേഷ്ടകളും തഥൈവ. കവിതയെ സംബന്ധിച്ചിടത്തോളം, കാലാവസ്ഥയിലെ സംഗതമായ ഘടകങ്ങൾ തോരാത്ത മഴയും കത്തുന്ന വെയിലുമാണു് വെയിൽ കൊണ്ടെന്നതുകൊണ്ടു് കവിത കാമകവിതയാകണമെന്നുണ്ടോ? കവി വെയിലത്തിരുന്നാണോ കവിത ചമയ്ക്കുന്നതു്? അല്ല. പക്ഷേ, കവിയും കവിയല്ലാത്തവനും എല്ലാം ഒരു പ്രത്യേക ശീതോഷ്ണാവസ്ഥയിൽ ജീവിക്കുന്നു. എല്ലാവർക്കുമുണ്ടാകുന്ന വികാരം ഒന്നുതന്നെ. അതിന്റെ ആവിഷ്കരണമാണു കവിത. പൊതുവായ ആ വികാരത്തിന്റെ സ്വഭാവങ്ങളെല്ലാം കവിതയിലും കാണും. നനഞ്ഞ മഴയും (വെറും തണുപ്പല്ല) ചുട്ടവെയിലും അതിശക്തിയായി കാമോദ്ദീപനം നടത്തുന്നു എന്നാണു പക്ഷം. നിയന്ത്രണാധീനമല്ലാത്ത ആ വികാരം ഭാവഗീതമായിമാറുക വിഷമമാണു് നാട്ടിലുള്ള ശൃംഗാരമെല്ലാം കവിതയിലെത്തുന്നില്ല. ശൃംഗാരകവിതകൊണ്ടല്ല ശൃംഗാരം നിലനില്ക്കുന്നതു്. കാര്യം മറിച്ചാണു് ശൃംഗാരത്തിന്റെ മണ്ണിൽ പൊട്ടിമുളയ്ക്കുന്ന പുഷ്പം മാത്രമാണു ശൃംഗാര കവിത. അതിൽ കാമം മുന്നിട്ടുനിലക്കുന്നെങ്കിൽ കവിതയും അങ്ങനെയായിരിക്കാം.

ഇവിടെ പ്രായപൂർത്തിയാകുന്നതു പാശ്ചാത്യരാജ്യങ്ങളിലേക്കാൾ വളരെ നേരത്തേയാണു് കാമപൂർത്തിക്കുള്ള കഴിവു് അവസാനിക്കുന്നതും നേരത്തേയാണു് ശാസ്ത്രീയമായിപ്പറഞ്ഞാൽ, നമ്മുടെ പുത്രോൽപാദനശക്തി കാലത്തിനുമുമ്പേ തളിർത്തു് കാലത്തിനുമുമ്പേ വാടുന്ന ഒരു ചെടിയാണു് മൊത്തം കാലയളവു് താരതമ്യേന ഹ്രസ്വവും. ഈ വാസ്തവംതന്നെ കാലാവസ്ഥയുടെ ഫലമായിരിക്കാം. ഇങ്ങനെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഉണ്ടാകുന്ന കാമോദ്ദീപനം പെട്ടെന്നാണു നടക്കുന്നതു്. ആത്മനയന്ത്രണത്തിനു കഴിയാത്ത വിധത്തിൽ ശക്തിമത്താണു് ഈ വികാരം. കാലാവസ്ഥാ നിയന്ത്രണത്തിന്റെ ചേരിയിലല്ലതാനും. ക്ഷമാപൂർവ്വമായ കാത്തിരുപ്പു് യഥാർത്ഥ ജീവിതത്തിൽത്തന്നെ ഏതാണ്ടു് അസാദ്ധ്യമായതുകൊണ്ടു് അങ്ങനെയൊന്നിന്റെ പ്രതിഫലനം കവിതയിൽ വന്നില്ല. അരിഭക്ഷണം ജനസംഖ്യാവർദ്ധനവിനു കാരണമാണെന്നു് ആരോ പറഞ്ഞുകേട്ടു. ചൈനയും, ബംഗാളും, കേരളവും എടുത്തു് പഞ്ചാബിനോടും യുറോപ്പിനോടും താരതമ്യപ്പെടുത്തിനോക്കുമ്പോൾ അതിലെന്തോ കാര്യമുണ്ടെന്നു തോന്നും. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും ഇന്നുവരെ നമ്മുടെ അംഗീകൃതനടപടി ആയിരുന്നു. പ്രകൃതിവിരുദ്ധമായ ലൈംഗികാനുഭവങ്ങൾ പോലും വിപുലമായി പ്രചരിച്ചിരുന്നു. ഇല്ലെങ്കിൽ ആ ക്ഷേത്രഭിത്തികളിലെ ശില്പങ്ങൾക്കർത്ഥമില്ല. മഹർഷിമാർതന്നെ നമുക്കു ശൃംഗാരശാസ്ത്രം എഴുതിത്തന്നു. കൊക്കോക—വാത്സ്യായനൻമാർ ലോകത്തിലെ മറ്റൊരു സംസ്കാരത്തിലും ഉണ്ടായിട്ടില്ല. അറുപത്തിനാലു കലകളിലൊന്നായി ശൃംഗാരത്തെ അംഗീകരിച്ചതും മറ്റൊരു ജനതയല്ല. മതമാണെങ്കിൽ ശിവലിംഗവും, അർദ്ധനാരിശ്വരനും, അഹല്യാമോക്ഷവും, അപ്സരസ്സുകളും, പരാശരമഹർഷിയുമെല്ലാമുള്ള ഒന്നാണു് ഒരു സാധാരണ വേശ്യാഗൃഹത്തെക്കാൾ ഉദ്ദീപനശക്തിയുള്ളതാണു് നമ്മുടെ പല ക്ഷ്രേതങ്ങളും. ശില്പവും ശാസ്ത്രവും ശൃംഗാരത്തിന്റെ പരിധിക്കപ്പുറം പോവുക അസാധാരണമാണു് ചുരുക്കത്തിൽ നമ്മുടെ സൗന്ദര്യബോധംതന്നെ ലിംഗപ്രധാനമാണു് ഭരതനാട്യവും, കർണ്ണാടകസംഗീതവും ഒരുവക ലൈംഗികാനുഭൂതികളാണെന്നുവരെ എനിക്കു പക്ഷമുണ്ടു്. അതെങ്ങനെയിരുന്നാലും നമ്മുടെ സംസ്കാരത്തിന്റെ മുഖ്യപ്രവാഹം ഒഴുകിയ സരണി ഏതെന്നു വ്യക്തമാണു് ഇതിന്റെയെല്ലാം അടിയിൽ കിടക്കുന്നതോ ഈ നാട്ടിലെ ശീതോഷ്ണാവസ്ഥയും. ഇത്ര കടുത്ത വെയിലും മഴയുമുള്ള യാതൊരു രാജ്യത്തും പ്രേമകവിത ഉണ്ടാവുകയില്ലെന്നും ഉണ്ടായിട്ടില്ലെന്നും പറയാൻ തോന്നിപ്പോകുന്നു. ഉഷ്ണമേഖലകളിൽ മൂപ്പെത്താത്ത പ്രേമമെന്നൊന്നില്ല. അതു മന്ത്രവാദിയുടെ മാവുപോലെ ക്ഷണത്തിൽ മുളച്ചു വളർന്നു ഫലം കായ്ക്കുന്നു. കാമുകികാമുകന്മാർ തമ്മിലുള്ള പ്രഥമ സമ്മേളനവും ഗർഭോലൽപാദനവും തമ്മിലുള്ള കാലയളവു് ശ്രദ്ധാർഹമാംവണ്ണം ഹ്രസ്വമാണു് പാശ്ചാത്യസമുദായത്തിൽ യുവാക്കന്മാർ യുവതികളായി, മാതാപിതാക്കുന്മാരുടെ സമ്മതത്തോടുകൂടി, പ്രതിശ്രുതകളാവുകയും അങ്ങനെ കുറേക്കാലം കഴിഞ്ഞുമാത്രം വിവാഹം ചെയ്യുകയും ചെയ്യുന്ന ഏർപ്പാടു് നമുക്കില്ല. കവി ടെന്നിസൺ പതിനേഴു് വർഷങ്ങളാണത്രേ ഇങ്ങനെ നടന്നതു്. നമുക്കതുണ്ടാകാ൯ വിഷമമുണ്ടു്. സ്ത്രീദർശന വേളയിൽ സൗന്ദര്യബോധത്തിനുമുമ്പുതന്നെ കാമോദ്ദീപനമുണ്ടാകുന്ന കാലാവസ്ഥയാണിതിനു കാരണമെന്നു ഞാൻ ഗണിക്കുന്നു.യഥാർത്ഥമായ ക്രീഡയിൽ മറന്നിട്ടുള്ള പ്രേമവികാരം നമുക്കു വളരെ വിഷമമാണു് അതുകൊണ്ടു നമ്മുടെ കവിതയിലും ആസ്വഭാവം പ്രതിഫലിക്കുന്നു.

ഇത്രയുമെഴുതിയതു് ഇടപ്പള്ളിക്കുശേഷമുള്ള കവിതയെ മറന്നുകൊണ്ടല്ല. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും കവിതയിൽ പാശ്ചാത്യകവിതകളുടെ സ്വഭാവമാണു മുഖ്യമായി കാണുന്നതു്. അതു് ഒരു കാവ്യഭോഷത്വമാണെന്നും വിചാരിക്കുന്നില്ല. നേരെമറിച്ചു്, ആ സമ്പ്രദായത്തോടുള്ള ആദരവാണു് ഈ വാസ്തവം കാണാൻ വഴിതെളിച്ചതു്. അതിനു് ഒരു ചെറിയ കഥയുണ്ടു്.

ഇടപ്പള്ളി മരിച്ചയാഴ്ചയിൽത്തന്നെ അദ്ദേഹത്തെ ചെളിവാരി എറിഞ്ഞുകൊണ്ടു് ലേഖനങ്ങൾ വന്നു. ഇന്നേത്തീയതിവരെ ആ പ്രസ്ഥാനത്തിനറുതി വന്നിട്ടുമില്ല. ഈയിടെ ഒരാൾ പറഞ്ഞു, തനിക്കു പ്രായംതികഞ്ഞ മക്കൾ നില്ക്കുന്നതുകൊണ്ടു് ഇടപ്പള്ളിയെ എതിർക്കാതെ നിവൃത്തിയില്ലെന്ന്. പറഞ്ഞയാൾ അതിബുദ്ധിമാനാണു്, പണ്ഡിതനാണു്, മാന്യനാണു് അപ്പോൾ യാതൊരു ദൂർബുദ്ധിയും കൊണ്ടല്ല അങ്ങനെയൊരഭിപ്രായം പുറപ്പെടുവിച്ചതു്. ഇത്രയും കവിതയെഴുതിയ ഇടപ്പള്ളിയിൽ രണ്ടുമൂഴം കയറല്ലാതെ അദ്ദേഹത്തിനൊന്നും കാണാൻ കഴിഞ്ഞില്ല. അതെന്തുകൊണ്ടാണു് അങ്ങനെ വരാൻ കാരണം? ഇടപ്പള്ളിക്കവിത വായിക്കുന്നവരൊക്കെ തുങ്ങിച്ചത്തുകളയുമെന്നു ധരിക്കാൻമാത്രം മഠയനൊന്നുമല്ല അദ്ദേഹം. ചരമമില്ലാത്ത ഒന്നിൽ രസിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല എന്നുമാത്രമാണു് എനിക്കു തോന്നിയ നീതീകരണം.

ആദ്യമായി കഥകളി കാണുന്ന സായിപ്പ് അതു് ഒരുവക കൂത്തുകളിയാണെന്നു പറഞ്ഞേക്കാം. റൊമാന്റികു് പ്രേമം നമ്മുടെ രക്തത്തിലുള്ളതല്ല. അതിനെ സംബന്ധിക്കുന്ന കവിത നമ്മുടെ പാരമ്പര്യത്തിനു വിരുദ്ധവുമാണു് അദ്ദേഹമാണെങ്കിൽ സ്വപ്നലോകത്തിലെ ആദർശജീവിയുമല്ല; പ്രായോഗികബുദ്ധിയുള്ള വിവേകശാലിയാണു് അതുകൊണ്ടു് വൈദേശ്യമായ ഈ വികാരത്തെയും അതിനെക്കുറിക്കുന്ന കാവ്യസരണിയേയും അംഗീകരിക്കാത്തതിൽ അത്ഭുതത്തിനവകാശമില്ല. മറ്റൊരു മാന്യപണ്ഡിതൻ പറഞ്ഞതു്. അത്താഴപ്പട്ടിണിക്കാരനായ രമണനെ വിട്ടു് പണമുള്ള ഒരുത്തനെ ചന്ദ്രിക സ്വീകരിച്ചതു് അനുകരണീയമായ ഒരു മാതൃകയാണെന്നും അതിൽ താൻ ചന്ദ്രികയെ അനുമോദിക്കുന്നുവെന്നുമാണു് വാസ്തവം. പ്രേമം ഉത്കൃഷ്ടമായ എന്തോ ഒന്നാണെന്നു് അനുഭവംകൊണ്ടോ തത്ത്വം കൊണ്ടോ തെളിയിക്കുന്നതുവരെ ഈ മാന്യന്മാരുടെ അഭിപ്രായങ്ങളെ തള്ളുവാ൯ നമുക്കവകാശമില്ല. ഇടപ്പള്ളിപ്രഭൃതികൾ ഒരു കാവ്യതന്തു പറിച്ചുനടുകയായിരുന്നു. വെറും തർജ്ജമയാണെന്നതല്ല, മറ്റൊരു നാട്ടിൽ രൂഡമൂലമായ ഒരു വികാരത്തേയും അതിന്റെ കവിതയേയും ഇവിടെ ആരംഭിക്കാൻ ശ്രമിച്ചു. ഏകഭാര്യാവ്രതംപോലെ കാലക്രമത്തിൽ അതിവിടെ വളർന്നുകൊള്ളുമെന്നായിരിക്കാം പ്രതീക്ഷ. അവരെ അനുകരിച്ച്, അഥവാ അനുഗമിച്ച് ഇവിടെ കുറേ ഭാവഗീതങ്ങൾ ഉണ്ടായി. പക്ഷേ, ജനസാമാനത്തിൽ അതു വേരൂന്നിയെന്നു പറയാറായിട്ടില്ല. ശീതോഷ്ണാവസ്ഥയ്ക്കു് അനുകൂലമല്ലാത്ത ഒരു വികാരപാരമ്പര്യം സ്ഥാപിതമാകണമെങ്കിൽ ദീർഘകാലം വേണമായിരിക്കാം.

ശരീരശാസ്ത്രം, കലാതത്ത്വം, ഫിലോസഫി എന്നിവയിൽ പാണ്ഡിത്യമുള്ള ആരെങ്കിലും ഈ വിഷയത്തെപ്പറ്റി ഒരു ഗവേഷണം നടത്തിയിരുന്നെങ്കിൽ രസകരമായ പലതും നമുക്കു പഠിക്കാൻ കഴിയുമായിരുന്നു. ഏതെങ്കിലും സമ്പ്രദായം തള്ളാനോ കൊള്ളാനോ അല്ല. തള്ളുകയോ കൊള്ളുകയോ ചെയ്യത്തക്കരീതിയിൽ ചിലതെല്ലാം ഉത്കൃഷ്ടമാണെന്നോ അധമമാണെന്നോ പറയാനും വയ്യാ. ഓരോ ജനതയ്ക്കും ഓരോ കാലത്തിനും വെവ്വേറെ സന്മാർഗ്ഗചര്യകൾ ഉണ്ട്–പ്രത്യേകിച്ചു ലൈംഗികകാര്യങ്ങളിൽ. വിശ്വവ്യാപകവും ശാശ്വതവുമായ ലൈംഗികസന്മാർഗ്ഗം കണ്ടുപിടിക്കാൻ മുതിരുന്നതു വൃഥാവിലാണു് ഇന്നലെവരെയുണ്ടായിരുന്ന സമ്പ്രദായങ്ങൾ നല്ലതെന്നോ ചീത്തയെന്നോ വിധിക്കുന്നതു കലയുടെ പരിധിയിൽപ്പെട്ട കാര്യമല്ല. ആ സന്മാർഗ്ഗചര്യയ്ക്കു പ്രചോദനം കൊടുക്കുന്നതു് ഒരു ജനതയുടെ അന്തസ്സത്തയാണു് ഈ അന്തസ്സത്തയാണു് കലയേയും നിയന്ത്രിക്കുന്നതു്. നമ്മുടെ നാട്ടിലെ ഇന്നലത്തെ ചിന്താഗതിയാണു് ഇന്നലത്തെ കലയ്ക്കു് അടിസ്ഥാനം. പാശ്ചാത്യമതങ്ങളുടെ തത്ത്വങ്ങളോടു താരതമ്യപ്പെടുത്തി അതു മോശമാണെന്നു പറയുന്നതു ശരിയല്ല. ഒരു കാര്യത്തിലെങ്കിലും നമ്മുടെ സന്മാർഗ്ഗത്തിനു മേന്മയുണ്ടു്. ഇത്ര സത്യസന്ധമായ ഒരു വീക്ഷണഗതി ലോകത്തിൽ മറ്റൊരിടത്തും കാണുകയില്ല. ഇവിടത്തെ സമ്പ്രദായം ലൈംഗികജീവിതത്തിൽനിന്നും ഒളിച്ചോടുകയല്ല. ഇവിടെ സന്യാസവൃത്തിയുണ്ടായിരുന്നു; പക്ഷേ. ഗൃഹസ്ഥാശ്രമത്തിനുശേഷം മാത്രമാണു് അതനുഷ്ഠിക്കേണ്ടതു്. ഇന്ത്യൻ ചിന്താഗതിയെപ്പറ്റി. ‘ഇന്ദ്രിയസുഖങ്ങളിൽനിന്നു വിരക്തമായിട്ടേ ആദ്ധ്യാത്മികസിദ്ധി കൈവരൂ എന്നില്ല. ബ്രഹ്മജ്ഞാനവും അഴിഞ്ഞ ഭോഗാസക്തിയും ഒരുമിച്ചുചേരുന്നതിനു വിരോധമില്ല’ എന്നാണു പറഞ്ഞതു്. ഇന്നത്തെ പാശ്ചാത്യ ചിന്താഗതി സഹസ്രാബ്ദങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന ഹിന്ദുദാർശനികർ അംഗീകരിക്കാതിരുന്നതിൽ പരിഭവിച്ചിട്ടു് കാര്യമില്ലല്ലോ. അതു നല്ലതോ ചീത്തയോ എന്ന പ്രശ്നം ഇവിടെ സംഗതവുമല്ല.

കേരളഭൂഷണം വിശേഷാൽപ്രതി 1953-54.

സി. ജെ. വിചാരവും വീക്ഷണവും 1985.

സിജെയുടെ ലഘുജീവചരിത്രം

Colophon

Title: Śṛngārasaraswati (ml: ശൃംഗാരസരസ്വതി).

Author(s): KGS.

First publication details: Keralabhooshanam Special Volume; Trivandrum, Kerala; 1953.

Deafult language: ml, Malayalam.

Keywords: Article, Thomas CJ, Srngarasaraswathi, സി. ജെ. തോമസ്, ശൃംഗാരസരസ്വതി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 22, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Southern harbour scene with merchants, a painting by Abraham Storck (1644–1708). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.