ഇന്ത്യയുടെ ഇന്നത്തെ മഹാവ്യാധി അതിന്റെ രാഷ്ട്രീയനേതൃത്വമാണു്. കല്ലെറിഞ്ഞ കാലത്തു് അവരോധിക്കപ്പെട്ട ഒരു നേതൃവർഗ്ഗം അധികാരസ്ഥാനത്തു് കയറിപ്പറ്റിയിട്ടും പഴയ തൊഴിൽതന്നെ തുടരുകയാണു്. അധികാരസ്ഥാനം എന്നു പറയുന്നതു് മന്ത്രിക്കസേര മാത്രമല്ല, അവിടെ കയറിക്കൂടാൻ തിരക്കുകൂട്ടുന്നവരുടെ ചവിട്ടുപടികളും അവിടെനിന്നു് ഗളഹസ്തം ചെയ്യപ്പെട്ടവരുടെ ഉപദാനങ്ങളുമാണു്. ദീർഘകാലം നാം വിദേശാധിപത്യത്തോടു് എതിർത്തു കല്ലെറിഞ്ഞു. ദേശീയസ്വാതന്ത്ര്യത്തിനു് അതാവശ്യവുമായിരുന്നു. ആ പ്രസ്ഥാനം വിജയകരമായപ്പോൾ ആ അടവിന്റെ ആവശ്യം കഴിഞ്ഞു. പക്ഷേ, ഒന്നുകിൽ ഈ നേതാക്കന്മാർക്കു് അക്കഥ മനസ്സിലായില്ല, അല്ലെങ്കിൽ മനസ്സിലായിട്ടും അതു് പ്രവൃത്തി പദ്ധതിയിൽ കൊണ്ടുവരാൻ വേണ്ടത്ര കഴിവു് അവർക്കുണ്ടായില്ല. രാഷ്ട്രീയപ്രവർത്തനമെന്നു പറഞ്ഞാൽ അവരുടെ നിഘണ്ടുവിലെ അർത്ഥം കല്ലെറിയുക എന്നുമാത്രമാണു്. ആരെയാണെറിയുക? സായിപ്പു പോയി. പിന്നെയുള്ളതു് ഇതര രാഷ്ട്രീയപ്രസ്ഥാനങ്ങളാണു്. സൗകര്യമായി അവരെ കിട്ടിയില്ലെങ്കിൽ കക്ഷിക്കകത്തുതന്നെ പരസ്പരം കല്ലെറിയുക. മറ്റൊരു കൂട്ടർ, സാതന്ത്ര്യം കിട്ടിയിട്ടേയില്ലെന്നു വാദിച്ചു്, സായിപ്പുണ്ടന്നു സങ്കല്പിച്ചു്, ചുമ്മാ കല്ലെറിയുന്നു. കൊള്ളുന്നതെവിടെയെങ്കിലുമാകട്ടെ, കല്ലെറിഞ്ഞു എന്നു സമാശ്വസിച്ചാൽ മതി. പിന്നെ ചില കൂട്ടർ ഏതെങ്കിലും വിരുദ്ധശക്തികളെ സങ്കല്പിച്ചുണ്ടാക്കി, സങ്കല്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാധാരണക്കാരനെ കുറ്റം വിധിച്ചു്, അവരോടു് ഏറ്റുമുട്ടാൻ വഴിനോക്കുന്നു. ഈ കൂട്ടരെല്ലാം ഒരു കാര്യത്തിൽ യോജിക്കുന്നവരാണു്. രാഷ്ട്രീയമെന്നു പറഞ്ഞാൽ സമരമാണു്, സമരം മാത്രമാണു്—ആരോടെങ്കിലുമാവാം, എന്തിനുവേണ്ടി എന്നു് നിർബ്ബന്ധവുമില്ല. അവരുടെ ഭാഷാശൈലിതന്നെ അത്തരത്തിലുള്ളതാണു്. ‘അണിമുറിയാതെ’, ‘മുന്നേറണം’ ‘രക്തംകൊണ്ടു ചിത്രമെഴുതണം’, ‘തത്ത്വസംഹിത പടവാളാണു്’. വലിച്ചുപൊളിക്കുന്നതും തല്ലിത്തകർക്കുന്നതും അവരുടെ മനോഗതത്തിൽനിന്നും മാറിയിട്ടില്ല. കെട്ടിപ്പണിയുന്ന കാര്യം അവിടെ ബീജാവാപം ചെയ്തിട്ടില്ല. കണ്ണിനുമുമ്പിൽ നടക്കുന്ന സൃഷ്ടിപരമായ പ്രവർത്തനത്തെയെല്ലാം വായിൽത്തോന്നിയതു പറഞ്ഞു് അധിക്ഷേപിച്ചു് അതിലുള്ളതും ഇല്ലാത്തതുമായ കുറവുകളെ കണ്ടുപിടിച്ച ‘പൊളിച്ചുകാട്ടുന്ന’താണു് ചിലരുടെ രാഷ്ട്രീയപ്രവർത്തനം. അത്തരം കാര്യങ്ങളിൽ പരീക്ഷാർത്ഥമെങ്കിലും പങ്കെടുത്തു നോക്കണമെങ്കിൽ, ജീവിതത്തിൽ ഏതെങ്കിലും രംഗത്തു് എന്തെങ്കിലും സർഗ്ഗപരമായ പ്രവർത്തനം നടത്തുന്നതിന്റെ ഈറ്റുനോവു് അറിഞ്ഞിട്ടുണ്ടായിരിക്കണമല്ലോ. കല്ലേറു്, തീവെപ്പു്, മൈതാനപ്രസംഗം, ബഹുജനവഞ്ചന, പണപ്പിരിവു്, ഗൂഢാലോചന, ഭീകരപ്രവർത്തനം മുതലായവയിൽ വാർത്തെടുത്ത നേതൃത്വത്തിനു് പ്രയോജനകരമായ പ്രവൃത്തികളിൽ മനസ്സുചെല്ലുകയില്ല. 1942-ൽ കമ്പി മുറിച്ചവനു് ഇന്നും ഏതെങ്കിലും കമ്പി മുറിക്കണമെന്നാണു് ജ്വരം. ഗാന്ധിയുടെ സിദ്ധാന്തത്തിന്റെ അപ്രായോഗികവശം മാത്രം ഗ്രഹിച്ചവർക്കു് കമ്പിയേ വേണ്ട. റഷ്യൻ കമ്പി മാത്രമേ കമ്പിയാവൂ എന്നു പറയുന്നവരങ്ങനെ. ഇവരെല്ലാം വീരശൂരന്മാരായ സമരനേതാക്കളാണു്. മൂന്നു ശത്രുക്കളേയും അവർ കണ്ടുപിടിച്ചിട്ടുണ്ടു്. ഒന്നാമത്തെ ശത്രു നിലവിലുള്ള ഗവണ്മെന്റ്. അതിന്റെ ലേബൽ എന്തായാലും ചൈനയിലെ മറ്റു കച്ചവടക്കാർ അതിനെ എതിർക്കും. അവർ ബക്കണിൻ (Bakunnin) എന്ന പക്ഷക്കാരായ അരാജകവാദികളായതു കൊണ്ടല്ല. വിദേശഗവർമ്മേന്റിനോടുള്ള എതിർപ്പുമാത്രമാണു് ജനസ്വാധീനത്തിന്റെ ആധാരം എന്ന പഴയ നില അവർ തുടരുന്നു എന്നുമാത്രമേയുള്ളൂ. ഇതരരാഷ്ട്രീയകക്ഷികളാണു് രണ്ടാമത്തെ ശത്രുവർഗ്ഗം. അധികാരത്തിലുള്ളവർ ശത്രുവർഗ്ഗത്തെ പ്രത്യേകം സ്നേഹിക്കുന്നു. അങ്ങനെയൊരു ഇമ്പാച്ചിയില്ലെങ്കിൽ അവരുടെ സിംഹാസനങ്ങൾ ഉറച്ചുനിൽക്കയില്ല. മറ്റു പാർട്ടികളുടെ തെറ്റുകളെക്കാൾ സ്വന്തംകക്ഷിയുടെ കാര്യക്ഷമതയാണു് സ്വാധികാരത്തിന്റെ നീതീകരണം എന്നവർ വിശ്വസിക്കുന്നില്ല. മറ്റുള്ളവനെക്കാളും മെച്ചമാണു് താനെന്നു പറയുന്നതിനേക്കാൾ അവരിഷ്ടപ്പെടുന്നതു് അപരൻ തന്നെക്കാൾ വഷളനാണെന്നു തെളിയിക്കാനാണു്. ഭാഷതന്നെ ‘ചീത്ത’യുടെയാണു്. ‘നല്ല’തിന്റെയല്ല. മൂന്നാമതുമുണ്ടൊരു ശത്രുവർഗ്ഗം. നേതാക്കന്മാർ പറയുന്നതിനൊക്കെ അനുസരണയോടെ താളംകൊട്ടാത്ത സാധാരണക്കാർ. ‘പിൻതിരിപ്പൻ’ കവിതയെഴുതുന്ന കവി. ‘മനസ്സിലാകാത്ത’ ചിത്രം വരയ്ക്കുന്നവൻ. മാർക്സിനോടുകൂടി (അഥവാ ഗാന്ധിയോടുകൂടി) മനുഷ്യന്റെ ചിന്താശക്തി നശിച്ചെന്നു് വിശ്വസിക്കാത്തവർ, ഇവരും അക്കൂട്ടത്തിൽ പെടും. അവരോടും സമരം ചെയ്യേണ്ടതാണു്—ആശയസമരം (തരംകിട്ടിയാൽ കത്തിയും). അക്കൂട്ടർക്കു് കൊടുക്കാനുള്ള ബഹുമതിബിരുദങ്ങളുമുണ്ടു്—മൂരാച്ചി, മോസ്കോ ഏജന്റ്, വത്തിക്കാൻ ഏജന്റ്, വിരുദ്ധൻ, വ്യക്തിവാദി—അങ്ങനെ അങ്ങനെ. ഏതു വഴിക്കു പോയാലും ആരെയെങ്കിലും എതിർക്കുക എന്നതുമാത്രമാണു് തത്ത്വസംഹിത. കോൺഗ്രസ്സ് എന്നു പറഞ്ഞാൽ കമ്മ്യുണിസ്റ്റുകാരെ എതിർക്കുവാനുള്ള ഒരു സംഘം എന്നാണു് ഇന്നത്തെ അർത്ഥം. കമ്മ്യൂണിസത്തെ എതിർക്കുന്നതിനെക്കാൾ പ്രധാനപ്പെട്ടതു് ജനാധിപത്യം പുലർത്തുകയെന്നതാണെന്നു് അറിയാവുന്ന പത്തുപേർ കോൺഗ്രസ്സിൽ ഉണ്ടായിരുന്നെങ്കിൽ ആ സംഘടന ഇന്നത്തെ നിർഭാഗ്യാവസ്ഥയിൽ എത്തിച്ചേരുമായിരുന്നില്ല. തെരഞ്ഞെടുപ്പിന്റെ സമയത്തല്ലാതെ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം എന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതു് ഉപജാപം മാത്രമാണു്. പുറത്താരോടും സമരംചെയ്യാനില്ലാത്തതുകൊണ്ടു് അകത്തുതന്നെയുള്ള കിടമത്സരം. എന്തിനെയുമെതിർക്കുന്ന കമ്യൂണിസ്റ്റുകാർക്കു് തെരഞ്ഞെടുപ്പുകൾ കൂടാതെ പണിമുടക്കെന്നൊരു സമരരംഗം കൂടിയുള്ളതുകൊണ്ടു് (വിദ്യാർത്ഥികളുടെ പണിയും മുടക്കും) കുറേക്കൂടി സജീവമായിരിക്കാൻ കഴിയും. പ്രവർത്തനത്തിന്റെ സ്വഭാവം നോക്കുമ്പോൾ ‘ശങ്കരൻ പിന്നെയും തെങ്ങേലാണെന്നു’ മാത്രം. മൂന്നാമതൊരു പാർട്ടിയുള്ളതിനു് കോൺഗ്രസ്സിനെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ചെതിർക്കുക എന്നതല്ലാതെ കർമ്മപരിപാടിയൊന്നുമില്ല.
മേല്പറഞ്ഞ ദുഃസ്ഥിതിക്കു് സ്വാഭാവികമായ ഒരു ന്യായമുണ്ടു്. ഇന്നലെ കല്ലെറിഞ്ഞുവെന്ന പാരമ്പര്യം മാതമല്ല, ഇവരെ പ്രയോജനശൂന്യരും ജനദ്രോഹികളുമാക്കിത്തീർക്കുന്നതു്. അവർക്കു ഒരു തൊഴിലുമറിഞ്ഞുകൂടാ. നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ വക്കീലന്മാർ ആണു് ആദ്യമായി നേതൃത്വം വഹിച്ചതു്. ചിലപ്പോൾ അവർ കേസുള്ളവരായിരുന്നു. പക്ഷേ, ഭൂരിപക്ഷവും കഥ മറിച്ചാണു്. സ്വതന്ത്ര ഇന്ത്യയിൽ അനേക മന്ത്രിപദങ്ങൾ ഉണ്ടായിട്ടു്, ഡോക്ടറന്മാർ, എഞ്ചിനീയറന്മാർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവരുടെയിടയിൽനിന്നു് മന്ത്രിയായവരെത്രയോ ചുരുക്കം. കൃഷിയും വ്യവസായവും മറ്റു തൊഴിലുകളും അറിയാവുന്നവരുടെ കഥ അതിലും കഷ്ടം. അവിടവിടെയായി ചില തൊഴിലാളിത്തലവന്മാർ കയറിക്കൂടിയില്ലെന്നില്ല. അവരുടെ താൽപര്യം മറ്റുള്ളവരുടേതിൽനിന്നു് ഭിന്നമല്ലായിരുന്നെന്നു മാത്രം. ബഡ്ജറ്റുണ്ടാക്കുവാൻ ധനശാസ്ത്രജ്ഞന്മാരില്ല. പൊതുജനാരോഗ്യം നോക്കേണ്ടതു്, ഒരു രാഷ്ട്രീയരക്തസാക്ഷി, വിദ്യാഭ്യാസത്തിന്റെ മേധാവി, കള്ളക്കേസുവിദഗ്ദ്ധനായ ഒരു വക്കീൽ പ്രമുഖൻ. (മന്ത്രിപദങ്ങളുടെ മാത്രം പ്രശ്നമല്ല ഇതു്. ഇൻഡ്യയിലെ ഒരു സർവ്വകലാശാലയിൽ ലോകത്തിലെ യാതൊരു ഭാഷയിലും പ്രാവീണ്യമില്ലാത്ത ഒരു പ്രമാണി പൗരസ്ത്യസംസ്കാരവകുപ്പിന്റെ തമ്പുരാനായിക്കഴിയുന്നുണ്ടു്.) ഇക്കൂട്ടർക്കു് നല്ലതു് എന്തെങ്കിലും ചെയ്യാൻ കഴിവില്ലെന്നുമാത്രമല്ല എന്താണു നല്ലതെന്നും അറിഞ്ഞുകൂടാ. വ്യക്തികളെ പരാമർശിക്കുന്നതു് ശരിയല്ലെന്നുവെച്ചിട്ടുള്ളതുകൊണ്ടു് ഉദാഹരണങ്ങൾ കൊടുക്കുന്നില്ല. ഉദാഹരണങ്ങൾ ആവശ്യവുമില്ല. മിക്കവാറും എല്ലാ മന്ത്രിമാരും ഉദാഹരണങ്ങളാണു്, അവരിലാർക്കുംതന്നെ അവർ വലിഞ്ഞുകയറി തട്ടിയെടുത്ത ചുമതലകൾ നിറവേറ്റാനുള്ള കഴിവില്ല (കൂട്ടത്തിൽ പറയണമല്ലോ, തൽസ്ഥാനങ്ങൾക്കുവേണ്ടി മത്സരിച്ച എതിർകക്ഷിക്കാരും ഇതേ വഞ്ചിയിൽത്തന്നെ).
എന്തു കുറവു ചൂണ്ടിക്കാണിച്ചാലും ഉടനെ മരുന്നു പറഞ്ഞുകൊള്ളണമെന്നു് ഒരു നിയമം സ്ഥാപിതമായിട്ടുണ്ടല്ലോ. ഈ രോഗത്തിനുള്ള ഒറ്റമൂലി എന്റെ കൈവശമില്ല. ഇതിന്റെ ഫലമെന്തായിരിക്കുമെന്നു മാത്രം ചൂണ്ടിക്കാണിക്കാം. അതു് മറ്റു രാജ്യങ്ങളുടെ അനുഭവത്തിൽനിന്നു് ഉള്ള അനുമാനമാണു്. ഫ്രാൻസിനു് മന്ത്രിമാരെക്കൊണ്ടു് വളരെ പ്രയോജനമുണ്ടായിട്ടില്ല. അവർ സമർത്ഥന്മാരായിരിക്കാം. പക്ഷേ, ദീർഘകാലം ഇരിക്കുന്നിടത്തിരിക്കാൻ അവർക്കിട കിട്ടാറില്ല. ഇതിന്റെ ഫലമായി ഒരുവക ഉദ്യോഗസ്ഥഭരണമാണു് ഫ്രാൻസിൽ നിലവിലുള്ളതു്. അതുതന്നെയാണു് ഇൻഡ്യയിലുമുണ്ടാകാൻ പോകുന്നതു്. ഒന്നും തിരിയാത്ത മന്ത്രിമാർ, മടിയന്മാരായ മന്ത്രിമാർ, കള്ളന്മാരായ മന്ത്രിമാർ ഇവരെല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കയും—എന്നുവെച്ചാൽ ദൈനംദിനഭരണം മാത്രമല്ല, നയരുപീകരണംതന്നെ ഉദ്യോഗസ്ഥകൂടത്തിന്റെ കൈയിലെത്തുമെന്നർത്ഥം. ചില കാര്യങ്ങളിൽ അതു നല്ലതായിരുന്നേക്കാം. പക്ഷേ, ജനാധിപത്യത്തിന്റെ ലക്ഷ്യം അതല്ലല്ലോ.
ജനാധിപത്യ സമ്പ്രദായത്തിൽ ഈ നില അനിവാര്യമാണോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ടു്. അല്ലെന്നാണു് ഇംഗ്ലണ്ടിന്റെ അനുഭവം തെളിയിക്കുന്നതു്. അവിടെ മന്ത്രിയാകുന്നവർക്കു് അവരുടെ ചുമതലയിലുള്ള വിഷയങ്ങളെപ്പറ്റി അല്പം പരിജ്ഞാനം കാണുന്നുണ്ടു്. അവിടെ എതിർകക്ഷിയെ വിമർശിക്കാൻ മെനക്കെടുത്തുന്ന സമയത്തിലധികം സ്വന്തകാര്യം പഠിക്കാനും അതിലൊരു നയം രൂപീകരിക്കാനും ചെലവാക്കുന്നുണ്ടെന്നു തോന്നുന്നു. നമ്മുടെ നിർഭാഗ്യം ഇവിടെ യാതൊരു പാർട്ടിക്കും ഈ മനോഭാവം ഇല്ലെന്നതാണു്. അധികാരത്തെ മുറുകെപിടിച്ചു് ഗാന്ധിയുടെ നാമംചൊല്ലി ലാത്തികൊണ്ടടിച്ചാൽ ചികിത്സാദുർഘടങ്ങൾ പരിഹരിക്കപ്പെടുമെന്നാണു് ഒരു മതം. മോസ്കോ എന്നു ജപിച്ചു പിന്തിരിപ്പന്മാരെ ‘പൊളിച്ചുകാട്ടി’യാൽ ഗണിതശാസ്ത്രം പഠിക്കാതെതന്നെ അണക്കെട്ടുകളുയർന്നുകൊള്ളുമെന്നു് മറ്റൊരു മതം. സ്വന്തമായി പഠിക്കേണ്ട ആവശ്യമുണ്ടെന്നു യാതൊരു രാഷ്ട്രീയനേതാവും പറഞ്ഞിട്ടില്ല. വാർദ്ധ, മോസ്കോ, ലോഹിയ ഇങ്ങനെ ചില രാഷ്ട്രീയഗായത്രികൾ ആണു് വിജ്ഞാനത്തിന്റെ ഉറവിടം. എന്തബദ്ധമാണെങ്കിലും അതു നമ്പൂതിരി പറഞ്ഞെന്നോ, നെഹ്റു പറഞ്ഞില്ലെന്നോ പറഞ്ഞേച്ചാൽ മതി. ഇന്നു നമ്മുടെ ഒരൊറ്റപ്പാർട്ടിയിലെങ്കിലും രാഷ്ട്രീയനയരൂപീകരണത്തിൽ കീഴ്ഘടകങ്ങൾ പങ്കെടുക്കുന്നില്ല. ഇടത്തരം രാഷ്ട്രീയനേതാക്കന്മാരെല്ലാം ഒരു വക. ഇൻഷ്വറൻസ് ഏജന്റന്മാരാണു്. ഉപരിഘടകത്തെ നിഷ്കൃഷ്ടരായി അനുസരിക്കുന്നതാണു് സ്വന്തംതാൽപര്യമെന്നവർക്കറിയാം. രാഷ്ട്രീയം ഒരു ബിസിനസ്സല്ലാതായിത്തീർന്നിരുന്നെങ്കിൽ ഇക്കൂട്ടർ സ്വന്തം പാർട്ടിയുടെ വിശ്വാസാചാരങ്ങളെപ്പറ്റി ശ്രദ്ധിക്കുമായിരുന്നു.
കഴിവുള്ളവർ രാഷ്ട്രീയരംഗത്തു വരുന്നില്ല എന്നതാണു് കുഴപ്പം എന്നൊരു പക്ഷമുണ്ടു്. അതു കുറെയൊക്കെ ശരിയുമായിരിക്കാം. അതുമാത്രമല്ല കാര്യം. ഒന്നാമതു്, അങ്ങനെ കഴിവുള്ളവരെ യാതൊരു രാഷ്ട്രീയകക്ഷിക്കും പൊറുപ്പിക്കുവാൻ വയ്യ. വോട്ടുപിടുത്തം, സേവ മുതലായവയ്ക്കൊന്നും അവർ തയ്യാറാവുകയില്ല. രണ്ടാമതായി, ഇന്നത്തെ നേതൃത്വത്തിൽത്തന്നെ കഴിവുള്ളവരില്ലെന്നാരു പറഞ്ഞു? എല്ലാ കക്ഷികളിലും അങ്ങനെയുള്ളവരുണ്ടു്. പക്ഷേ, നേതാക്കന്മാർ പലപ്പോഴും കാര്യമറിയാൻ ശ്രമിക്കാതിരിക്കുന്നുവെന്നും അറിയാൻ പാടില്ലാത്തതിനെപ്പറ്റി ആത്യന്തിക വിധികളെഴുതുന്നുവെന്നും ആണു് ആരോപണം. ലോകചരിത്രത്തിലെ ഏറ്റവും പ്രാമാണികമായ ഒരു സാമ്പത്തികാസൂത്രണപദ്ധതിയെപ്പറ്റിയും, 1955-ലെ ഇന്ത്യൻ വിദേശനയത്തെപ്പറ്റിയും ആചാര്യവിനോബഭാവെ തീർപ്പുകല്പിക്കാൻ തുടങ്ങിയാൽ മറുപടി പറയാൻ വിഷമമാണു്. ഗാന്ധിയുടെകൂടെ നടന്നെന്നോ, പതിനഞ്ചു പോലീസുകാരുടെ ഇടികൊണ്ടെന്നോ ഉള്ളതു് ഒരു മനുഷ്യനെ വിജ്ഞാനിയാക്കുന്നില്ല. അവരുടെ ആത്മാർത്ഥതയ്ക്കു വന്ദനം. പക്ഷേ, ആ ആത്മാർത്ഥത തുടരാനവരുദ്ദേശിക്കുന്നുണ്ടെങ്കിൽ ഇടികൊണ്ടു ധനശാസ്ത്രം പഠിക്കാൻ കഴികയില്ലെന്നു സമ്മതിക്കുമല്ലോ. ഇടി വല്ലാത്ത ഒരു രാഷ്ടീയ ആയുധമായിത്തീർന്നിട്ടുണ്ടു്. ഇടികൊണ്ടവനാണെങ്കിൽ അയാൾ പറയുന്നതെല്ലാം നാം മൂളിക്കേൾക്കണം. അല്ലെങ്കിൽ—പിന്നെപ്പറയണ്ട. ശാന്തമായി അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുമോ? അവർ തലകൊണ്ടല്ല ചിന്തിക്കുന്നതു്. അവരുടെ വ്രണങ്ങൾ കൊണ്ടാണു്. അവർക്കു വെറുപ്പും വിദ്വേഷവും അടികൊണ്ടവന്റെ ഹീനമായ തണ്ടും മാത്രമേയുള്ളു. രക്തസാക്ഷിയുടെ കുപ്പായം അണിഞ്ഞിരിക്കുന്നതു കൊണ്ടു് അവനെ എതിർക്കാനും വയ്യത്രെ!
അങ്ങനെ തൊഴിലില്ലാത്ത വക്കീലും പുനർജ്ജന്മം സിദ്ധിച്ച നാട്ടുപ്രമാണിയും കങ്കാണിമാരും മരിക്കാത്ത രക്തസാക്ഷികളും കൂടി നമ്മെ ഭരിക്കട്ടെ. ജനാധിപത്യമെന്തെന്നു നമ്മുടെ ജനത മനസ്സിലാക്കുന്നതുവരെ ഈ വൈകൃതം തുടരും.
പ്രഭാതം 1955.
ധിക്കാരിയുടെ കാതൽ 1955.
മലയാള നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.
1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.
സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.
പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.
പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.