രാവുണ്ണി ഇപ്പോൾ ‘വീരഘടോൽക്കചൻ’ ബാലെയുടെ ഡ്രസ് റിഹേഴ്സൽ കണ്ടു കൊണ്ടിരിക്കുകയാണു്. പിറ്റേന്നു് ക്ഷേത്രത്തിലെ പൂരത്തിനു് അരങ്ങേറാനുള്ള ബാലെയാണു്. അയ്യപ്പൻ പിള്ളയുടെ തയ്യൽക്കടയ്ക്കു പിന്നിലെ ഓല മേഞ്ഞ, ചുവരുകളില്ലാത്ത വലിയ ചായ്പ്പാണു് വേദി.
റിഹേഴ്സൽ കാണാൻ നാട്ടിൻപുറം ഒന്നടങ്കം ചായ്പ്പിനു മുന്നിൽ ഹാജരുണ്ടു്. രാവുണ്ണിക്കു് കുന്തിച്ചിരിക്കാൻ മുൻ നിരയിൽത്തന്നെ അല്പം ഇടം കിട്ടിയിട്ടുണ്ടു്. ബാലെയുടെ രചനയും സംവിധാനവും അയ്യപ്പൻ പിള്ള വകയാണു്. തയ്യൽ എന്ന തൊഴിൽ അയാൾ പേരിനു കൊണ്ടു നടക്കുന്നുവെന്നേയുള്ളു. വേഷങ്ങളണിഞ്ഞു് കഥാപാത്രങ്ങളായി നിന്ന നടീനടന്മാരെ കുംഭച്ചൂടു് ആവിയിൽ പുഴുങ്ങിയെടുത്തു. ചായ്പിൽ തൂക്കിയ പെട്രോമാക്സിന്റെ പാൽ വെളിച്ചം പുറത്തെ രാത്രിയിരുട്ടിലേക്കു കൂടി പതഞ്ഞൊഴുകി. തബലയിലും ഹാർമോണിയത്തിലും ഉണർന്ന പശ്ചാത്തല സംഗീതത്തിന്റെ ശ്രുതികൾ പെട്രോമാക്സ് വെളിച്ചത്തിനു് അകമ്പടി പോയി.
രാവുണ്ണി ഒരു ബാലെ ആസ്വാദകനൊന്നുമല്ല. അയാൾ പൊതുവെ കലകളുടെയൊന്നും തന്നെ ആസ്വാദകനല്ല. പത്തുമുപ്പതു വർഷം അനുഷ്ഠിച്ച തെങ്ങുകയറ്റം എന്ന തൊഴിലാണു് അയാൾ ജീവിതത്തിൽ ആസ്വദിച്ചിട്ടുള്ള ഒരേയൊരു കാര്യം. കണ്ണിനു നേരെ മുന്നിൽ അരങ്ങേറുന്ന കാഴ്ചകൾ അയാളിൽ ഒരു തരത്തിലുള്ള താല്പര്യവും ഉണർത്തിയിരുന്നില്ല. അത്തരം കാഴ്ചകൾ എത്രമാത്രം അയഥാർത്ഥവും കബളിപ്പിക്കാൻ പോന്നവയുമാണെന്നു് അയാൾ മനസ്സിലാക്കിയിരുന്നു. തെങ്ങിൻ മുകളിലിരുന്നു് കാണുമ്പൊഴാണു് കാഴ്ചകളുടെ യാഥാർത്ഥ്യം വെളിപ്പെടുക എന്നു് അയാൾ തിരിച്ചറിഞ്ഞിട്ടുള്ളതാണു്. അങ്ങനെ ഒരു കാഴ്ച കലയിൽ സാധ്യമാകുമോ എന്നതായിരുന്നു അയാളുടെ സന്ദേഹം.
രാവുണ്ണി ഡ്രസ് റിഹേഴ്സലിന്റെ കാഴ്ചക്കാരനായി എത്താനുള്ള കാരണം അയാളുടെ ഒരേയൊരു മകൾ അംബാലിക ബാലെയിൽ ഹിഡുംബിയുടെ വേഷം അഭിനയിക്കുന്നു എന്നുള്ളതായിരുന്നു.
രാവുണ്ണി അംബാലികയെ അയ്യപ്പൻ പിള്ളയുടെ പക്കൽ വിട്ടതു് തയ്യൽ പഠിക്കാൻ വേണ്ടിയിട്ടായിരുന്നു. അയ്യപ്പൻ പിള്ളയാണെങ്കിൽ അപ്പോൾ ‘വീരഘടോൽക്കചൻ’ എന്ന തന്റെ പുതിയ ബാലെയിൽ ഹിഡുംബിയ്ക്കു പറ്റിയ നടിയെ തേടി നടക്കുകയും. മുമ്പു നിറഞ്ഞു് മുലയും പിമ്പു നിറഞ്ഞു് മുടിയുമുള്ള അംബാലികയെ കണ്ട പാടെ അയ്യപ്പൻ പിള്ള തന്റെ ഹിഡുംബി അവൾ തന്നെ എന്നു് തീരുമാനിക്കുകയായിരുന്നു. അവളുടെ ഉടലിന്റെ ഇരുമ്പുനിറം തന്റെ കഥാപാത്രത്തിനു കിട്ടിയ ബോണസ്സായും അയാൾ കരുതി.
അയ്യപ്പൻ പിള്ള സൃഷ്ടിച്ച വികാരതീവ്രമായ ഒരു രംഗമായിരുന്നു അപ്പോൾ വേദിയിൽ.
അറിയാതെ ചവിട്ടേറ്റരഞ്ഞ ഒരു കാട്ടുപൂവെന്നു കരുതി നീ ഹിഡുംബിയുടെ കാര്യം അങ്ങു മറന്നേക്കൂ എന്നു് കുന്തി ഭീമനോടു പറയുകയാണു്.
അയ്യപ്പൻ പിള്ളയുടെ ബാലെകളിലെ സ്ഥിരം അമ്മവേഷക്കാരിയായ പൂങ്കാവ് രത്നമ്മയാണു് കുന്തി. യുവകോമളനും കഴിവു തെളിയിച്ച പുതുമുഖവുമായ കുന്നുംപുറം സദാശിവൻ ഭീമനും.
വിരിഞ്ഞ മാറും എഴുന്ന പേശികളുമുള്ള കുന്നുംപുറം സദാശിവനിൽ ഭീമൻ തുളുമ്പാതെ നിറഞ്ഞുനിന്നു. സദാശിവനു് അടുത്ത വർഷത്തെ ഉത്സവത്തിനു മുമ്പു് പെട്ടെന്നു് ഒരു ദിവസം, തന്റെ ശരീരസൗന്ദര്യം നിലനിർത്താനുള്ള വ്യായാമത്തിൽ ഏർപ്പെട്ടിരിക്കുന്നതിനിടെ, ഹൃദയസ്തംഭനം വന്നു് മരിച്ചു പോകാനുള്ളതാണു്.
അയാളുടെ ഭീമൻ പക്ഷേ, പിന്നെയും ജീവിക്കാൻ തീരുമാനിച്ചുറച്ച മട്ടായിരുന്നു.
അവകാശവാദങ്ങളൊന്നും ഉന്നയിക്കാൻ അർഹതയില്ല എന്ന ബോധ്യത്തിൽ ഭീമനെ നിസ്സഹായയായി നോക്കിക്കൊണ്ടു് ദൂരെ മാറി നിൽക്കുകയാണു് ഹിഡുംബി. ഹിഡുംബിയിലേയ്ക്കുള്ള വേഷപ്പകർച്ചയിൽ അംബാലിക ഒരു മുതിർന്ന സ്ത്രീയായിരിക്കുന്നുവെന്നു് രാവുണ്ണി കണ്ടു. ഹിഡുംബിയുടെ മുഖത്തെ നിസ്സഹായത, ഏതു നിമിഷവും അഴിഞ്ഞു വീഴാവുന്ന, ഒട്ടിച്ചു വെച്ച ഒരു ആവരണം പോലെ ഉണ്ടായിരുന്നു. പക്ഷേ ആ കണ്ണുകളിൽ നിന്നു പ്രവഹിച്ച കാന്ത രശ്മികൾ ഒരു ആണിനെ നിഷ്പ്രയാസം വശീകരിച്ചു നിർത്താൻ പോന്നവയായിരുന്നു. അതിൽ അഭിനയത്തിന്റെ എന്തെങ്കിലും അംശം കലർന്നിട്ടുള്ളതായി ആർക്കും തന്നെ തോന്നുമായിരുന്നില്ല.
തന്റെ മകൾ എവിടെ നിന്നാണു് ഇത്തരം നോട്ടങ്ങളൊക്കെ പഠിച്ചെടുത്തിട്ടുള്ളതു് എന്നോർത്തു് രാവുണ്ണി അസ്വസ്ഥനായി.
ഭാര്യ നാരായണിയുടെ മുറിച്ച മുറിയാണു് അവൾ എന്ന കാര്യം രാവുണ്ണി ഓർത്തു; വിശേഷിച്ചു് അവളുടെ കണ്ണുകൾ.
പെട്ടെന്നു് ഓടപ്പുല്ലുകൾക്കിടയിൽ നിന്നു് നൂൽബന്ധമില്ലാതെ ഉയർന്നു വരുന്ന രണ്ടു് ഉടലുകളുടെ ദൃശ്യം അയാളുടെ മനസ്സിൽ തെളിഞ്ഞു. അതോടെ കാറ്റുപിടിച്ച ഒരു കൊന്നത്തെങ്ങു പോലെ അയാൾക്കു് നില തെറ്റാൻ തുടങ്ങി.
അയാൾക്കു് തുടർന്നു് അവിടെ ഇരിക്കാനായില്ല.
കണ്ണുകൾ വേദിയിൽ കൊളുത്തി വച്ചു് പ്രതിമകളെപ്പോലെ ഇരുന്ന കാണികളെ വകഞ്ഞു്, അയാൾ പുറത്തേയ്ക്കു നടന്നു.
രാവുണ്ണി ഏതെങ്കിലും പുരയിടത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അക്കാര്യം ആദ്യം തിരിച്ചറിയുക അവിടത്തെ തെങ്ങുകളാണു്. നാട്ടിലെ ഒരേയൊരു തെങ്ങുകയറ്റക്കാരനായ അയാളുടെ സാന്നിധ്യം ക്ഷണനേരം കൊണ്ടു് തിരിച്ചറിയാനുള്ള സിദ്ധി തെങ്ങുകൾ ഇതിനകം നേടിയെടുത്തിട്ടുണ്ടായിരുന്നു. തേങ്ങയിടാൻ എത്തിയ വിവരം വീട്ടുകാരെ വിളിച്ചറിയിക്കുന്ന ഔപചാരികതയൊന്നും അയാൾ പുലർത്തിയിരുന്നില്ല. മുളയേണിയിൽ പുഴ മണൽ തൂവി വെട്ടുകത്തിക്കു് മൂർച്ച കൂട്ടുന്ന ശബ്ദം കേട്ടിട്ടാണു് വീട്ടുകാർ അയാളുടെ വരവു് അറിഞ്ഞിരുന്നതു്. ഇത്ര പെട്ടെന്നു് തേങ്ങകൾ വീണ്ടും വിളഞ്ഞു് പാകമായോ എന്നോർത്തു് അപ്പോൾ അവർ അത്ഭുതപ്പെട്ടു. കാലം എത്ര വേഗത്തിലാണു് തങ്ങളെയും കൊണ്ടു് കുതിക്കുന്നതു് എന്നോർത്തു് അടുത്ത നിമിഷം അവർ മനസ്താപപ്പെടുകയും ചെയ്തു.
തെങ്ങുകയറ്റം ആരംഭിക്കും മുൻപു് രാവുണ്ണി വീട്ടുകാരുടെ മുഖത്തേയ്ക്കു് ഒരു പാതി നോട്ടം അയയ്ക്കും. അതു് ഒരു ചോദ്യമാണു്.
“നാലു പച്ചോല” അല്ലെങ്കിൽ
“ഒരു കുല കരിക്ക്” അതുമല്ലെങ്കിൽ
“പൂക്കുല രണ്ടു ചൊട്ട” ഇങ്ങനെ അവർ ആ നോട്ടത്തിനു് മറുപടി പറയും.
മറ്റൊന്നും അയാളോടു് പറയേണ്ടതില്ലായിരുന്നു.
രാവുണ്ണി കയറിയിറങ്ങിക്കഴിയുമ്പോൾ മുടി വെട്ടി, ക്ഷൗരം ചെയ്ത യുവാവിനെപ്പോലെയുണ്ടാകുമായിരുന്നു ഓരോ തെങ്ങും.
രാവുണ്ണി തെങ്ങിൻമേൽ തന്റെ മുളയേണി ചാരുന്ന നിമിഷവും കാത്തു് അക്ഷമരായി നിന്നിരുന്നതു് കുട്ടികളായിരുന്നു.
ഇനിയാണു് അത്ഭുതം സംഭവിക്കാൻ പോവുക എന്നു് അവർക്കു് അറിയാമായിരുന്നു.
തോളിൽ വെട്ടുകത്തിയും അരയ്ക്കു പുറകിൽ തിരുകിയ കുലഞ്ഞിൽത്തണ്ടിൽ ത്ളാപ്പും ഞാത്തിയിട്ടു് രാവുണ്ണി ഏണിയുടെ കവരങ്ങളിൽ ചവുട്ടി മുകളിലേക്കു കയറും. രാകി മൂർച്ച കൂട്ടിയ വെട്ടുകത്തിയുടെ ഇരുമ്പു വായ്ത്തല അപ്പോൾ പ്രഭാതത്തിലെ വെയിലിനെ ആർത്തിയോടെ വലിച്ചു കുടിക്കും.
ഏണിപ്പൊക്കം കഴിഞ്ഞു് പിന്നെയും ബാക്കി നിന്ന തെങ്ങിന്റെ ഉയരം താണ്ടുവാനാണു് അയാൾ ത്ളാപ്പു് കൂടെ കൊണ്ടു പോയിരുന്നതു്. പക്ഷേ അതു് അയാൾക്കു് ഒരിക്കൽ പോലും ഉപയോഗിക്കേണ്ടതായി വന്നില്ല. രാവുണ്ണി ഏണിപ്പൊക്കം കയറിയെത്തുമ്പൊഴേയ്ക്കും തെങ്ങു് താഴേയ്ക്കു വളഞ്ഞു വന്നു് അയാൾക്കു മുമ്പിൽ തല കുമ്പിട്ടു നിൽക്കുന്നുണ്ടാവും. രാവുണ്ണിക്കു് പിന്നെ തെങ്ങിന്റെ തലപ്പിലേക്കു് കയറി ഇരിക്കുകയേ വേണ്ടൂ. പാപ്പാനെ മസ്തകത്തിലേറ്റിയ ആനയെപ്പോലെ തെങ്ങു് അയാളെയും കൊണ്ടു് ആകാശത്തേയ്ക്കു് ഉയർന്നു പൊങ്ങും. കുട്ടികൾ ശ്വാസമടക്കി ആ കാഴ്ച കണ്ടു നിൽക്കും.
തേങ്ങയിട്ടു കഴിഞ്ഞു് തിരികെ ഇറങ്ങുന്നതു് രാവുണ്ണി സ്വന്തമായിട്ടായിരുന്നു. അപ്പോൾ കുനിഞ്ഞു തരേണ്ടതില്ലെന്നു് അയാൾ തെങ്ങുകളോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. രാവുണ്ണി പറഞ്ഞാൽ അനുസരിക്കാത്ത തെങ്ങുകളൊന്നും അന്നാട്ടിൽ ഇല്ലെന്നു് കുട്ടികൾക്കു് അറിയാമായിരുന്നു.
തെങ്ങിൽ നിന്നു് ഇറങ്ങി വരുമ്പോൾ വിടർന്ന കണ്ണുകളുമായി നിൽക്കുന്ന കുട്ടികളോടു് അയാൾ പറയും, “ഗുരുവായൂരമ്പലത്തിന്റെ കൊടിമരം കണ്ടു”.
മറ്റൊരു തെങ്ങിൽ നിന്നു് ഇറങ്ങുമ്പോൾ പറയും, “കപ്പലിന്റെയാന്നു തോന്നണു, ആലപ്പുഴ കടലിന്റെ നടുക്ക് ഒരു പൊകക്കൊഴൽ”.
ഇനിയൊന്നിൽ നിന്നു് ഇറങ്ങുമ്പോൾ, “ഭരണങ്ങാനം പള്ളീലെ പെരുന്നാളു കഴിഞ്ഞെങ്കിലും അരകല്ലും ആട്ടുകല്ലും വില്പനക്കാർ പോയിട്ടില്ല.” എന്നു പറയും.
കുട്ടികളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു് അപ്പോൾ ഒന്നുകൂടി വിടരും. സ്വതവെ ഗൗരവം കൊണ്ടു് മുറുകിയ അയാളുടെ ചുണ്ടിൽ അപ്പോൾ നേർത്ത ഒരു ചിരി ഊറി നിറയും.
തനിക്കു കാണുവാൻ ഉദ്ദേശിക്കപ്പെട്ടുകൊണ്ടല്ലാതെ അരങ്ങേറുന്ന കാഴ്ചകളിലേക്കു് ഒരുവൻ കണ്ണുനീട്ടുന്നതു് എല്ലാ അർത്ഥത്തിലും ഒളിഞ്ഞുനോട്ടം തന്നെ എന്ന പക്ഷക്കാരനായിരുന്നു രാവുണ്ണി. അതുകൊണ്ടുതന്നെ തെങ്ങിൻ മുകളിലിരുന്നു് താഴെ ഭൂമിയിലെ കാഴ്ചകളിലേക്കു് കണ്ണോടിക്കുമ്പോൾ ഒരു കുറ്റബോധം അയാളെ പിടികൂടിയിരുന്നു.
മുകളിലൊരാൾ എല്ലാം കാണുന്നുണ്ടു്, ഓർമ്മ വേണം എന്നൊക്കെ ദൈവത്തെ പറ്റി പറയാറുള്ള ആളുകൾ ഒരു തെങ്ങുകയറ്റക്കാരനെങ്കിലും എല്ലാം കാണുന്നുണ്ടാവാനുള്ള സാധ്യതയെക്കുറിച്ചു് ഓർക്കാറില്ലെന്നതാണു് വാസ്തവം. തന്റെ കാൽ നൂറ്റാണ്ടു പിന്നിട്ട തെങ്ങുകയറ്റം രാവുണ്ണിയെ പഠിപ്പിച്ചതു് അതായിരുന്നു.
തെങ്ങിൻ മുകളിലിരുന്നു് കാണുന്ന കാഴ്ചകൾ കണ്ടതായി ഭാവിക്കുകയോ അവ മറ്റാരെങ്കിലുമായി പങ്കുവെക്കുകയോ രാവുണ്ണി ചെയ്തില്ല. അതു് തന്റെ തൊഴിൽ മൂല്യങ്ങൾക്കു് നിരക്കുന്നതല്ലെന്നു് അയാൾ വിശ്വസിച്ചു. തറവാട്ടുമനയ്ക്കലെ ഏട്ടൻ തമ്പുരാന്റെ മരണം തന്നെ ഒരു ഉദാഹരണം.
നന്നെ പുലർച്ചെ തറവാട്ടുമനയ്ക്കൽ തേങ്ങയിടാൻ എത്തിയതായിരുന്നു രാവുണ്ണി. മകരമഞ്ഞു് തെങ്ങിൻ തലപ്പുകളെ വിട്ടൊഴിഞ്ഞിരുന്നില്ല. ഉച്ചവെയിൽ കനക്കുന്നതിനു മുമ്പു് പണി തീർക്കാനായിരുന്നു അയാളുടെ പദ്ധതി. രാവുണ്ണി ആദ്യത്തെ തെങ്ങിൽ ഏണി ചാരുമ്പോൾ ഏട്ടൻ തമ്പുരാൻ പറമ്പിന്റെ കിഴക്കേ അറ്റത്തു് സ്ഥിതി ചെയ്യുന്ന കുടുംബക്ഷേത്രത്തിലേയ്ക്കു് പതിവു പൂജയ്ക്കായി പുറപ്പെടുകയായിരുന്നു.
“കയറ്റുകൂലി തരാൻ തെകയ്വോ രാവുണ്യേ?”, ഏട്ടൻ തമ്പുരാൻ ചോദിച്ചു, “കായ്ഫലാണെങ്കിൽ തീരെ ഇല്ലേനും”.
“ദേഹണ്ണത്തിന്റെ കൊറവാണ് തമ്പ്രാ.” രാവുണ്ണി പറഞ്ഞു, “ചോട്ടിലെന്തേലും ചെയ്താലേ മോളിൽ ചൊട്ട പൊട്ടൂ”
രാവുണ്ണി തേങ്ങയിടാൻ വരുന്ന എല്ലാ സന്ദർഭങ്ങളിലും ഈ സംഭാഷണം പതിവാണു്. എന്നിട്ടും തെങ്ങിൻ ചുവടുകൾ കാടുമൂടിത്തന്നെ കിടന്നു. മുടക്കൊന്നുമില്ലാതെ കിട്ടുന്ന തേങ്ങകൾ ലാഭം തന്നെ എന്നു് തമ്പുരാൻ കരുതിപ്പോരുകയും ചെയ്തു.
ശ്രീകോവിലിനു മുന്നിൽ തൂക്കിയ ഓട്ടുമണി ശബ്ദിക്കുന്നതും നട തുറക്കുന്നതിനു മുന്നോടിയായി ‘അമ്മേ, ദേവീ’ എന്നു് ഏട്ടൻ തമ്പുരാൻ നീട്ടിവിളിക്കുന്നതും തെങ്ങു കയറ്റത്തിനിടയിൽ രാവുണ്ണി കേൾക്കുന്നുണ്ടായിരുന്നു.
“ഉം… ”
പെട്ടെന്നു് ശ്രീകോവിലിനുള്ളിൽ നിന്നു് തീക്ഷ്ണസ്വരത്തിൽ ഒരു മൂളൽ.
രാവുണ്ണി താഴേയ്ക്കു നോക്കുമ്പോൾ എട്ടൻ തമ്പുരാൻ ശ്രീകോവിലിനു മുന്നിൽ ഇടിവെട്ടേറ്റതു പോലെ സ്തംഭിച്ചു നിൽക്കുകയാണു്.
“അമ്മേ… ദേവീ… ”
ഏട്ടൻ തമ്പുരാൻ ഒന്നുകൂടി വിളിച്ചു. ഇത്തവണ തമ്പുരാന്റെ ശബ്ദം ജ്വരം മൂർച്ഛിച്ച ഒരു രോഗിയുടേതു പോലെ വിറയ്ക്കുന്നുണ്ടായിരുന്നു.
“ഉം… ”
ശ്രീകോവിലിനുള്ളിൽ നിന്നു് വീണ്ടും അതേ മൂളൽ.
വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവി എന്നാണു് പ്രസിദ്ധിയെങ്കിലും ദേവി വിളി കേൾക്കുന്നതു് ഏട്ടൻ തമ്പുരാനെ സംബന്ധിച്ചിടത്തോളം ആദ്യമായിട്ടായിരുന്നു.
ഏട്ടൻ തമ്പുരാൻ തിരിഞ്ഞു് ഓടാൻ ഭാവിച്ചതായി രാവുണ്ണിക്കു തോന്നി. കഷ്ടിച്ചു് രണ്ടടി വച്ചില്ല, അയാൾ വെട്ടിയിട്ടതു പോലെ അവിടെത്തന്നെ വീണു.
ശ്രീകോവിലിന്റെ വാതിൽ തുറന്നു് കമ്പിളി പുതച്ച, മുടിയും താടിയും നീട്ടിയ, ഒരു രൂപം പുറത്തിറങ്ങി. സാക്ഷാൽ പരമേശ്വരനായിരുന്നു അതു്. നാട്ടിലെ ഒരേയൊരു ഭ്രാന്തൻ. അയാൾ നാട്ടിലുണ്ടാകുന്നതു് അപൂർവമായിട്ടായിരുന്നു. സ്ഥിരമായി ദേശാന്തര യാത്രകളിലായിരിക്കും. ഇടയ്ക്കു് മിന്നായം പോലെ ഒന്നു വന്നു പോകും, അത്ര തന്നെ. ആ തവണത്തെ സന്ദർശനത്തിൽ അയാൾ അന്തിത്താവളമാക്കിയതു് തറവാട്ടു മന ക്ഷേത്രത്തിന്റെ അടച്ചുറപ്പില്ലാത്ത ശ്രീകോവിലായിരുന്നു.
രാവുണ്ണി തെങ്ങിൽ നിന്നു് ഇറങ്ങി വരുമ്പൊഴേയ്ക്കും ഏട്ടൻ തമ്പുരാന്റെ ശ്വാസം നിലച്ചിരുന്നു. ഭ്രാന്തൻ പരമേശ്വരൻ നിന്ന നില്പിൽ അപ്രത്യക്ഷനുമായിരുന്നു.
ദേവിയുടെ തിരുസന്നിധിയിൽ വച്ചു് പരലോകം പൂകാൻ കഴിഞ്ഞതു് മഹാപുണ്യം തന്നെ എന്നു് ഏട്ടൻ തമ്പുരാന്റെ മരണത്തെ എല്ലാവരും വിധിയെഴുതി.
രാവുണ്ണിയെ സംബന്ധിച്ചിടത്തോളം ദൈവത്തെക്കുറിച്ചു് അയാൾക്കുണ്ടായിരുന്ന എല്ലാ സംശയങ്ങളും തീർത്തുകൊടുത്ത നീറുന്ന ഉത്തരമായിരുന്നു ആ മരണം.
ജോലിക്കു പോകേണ്ടതില്ലാത്ത ദിവസങ്ങളിൽ രാവുണ്ണി രാവിലെ തന്നെ ചന്തയ്ക്കു പുറപ്പെടും. മീനും ഇറച്ചിയും മറ്റു വീട്ടു സാമാനങ്ങളും വാങ്ങി വെയിൽ മൂക്കുന്നതിനു മുമ്പു മടങ്ങും. മടക്കയാത്രയിൽ കള്ളുഷാപ്പിൽ ഒന്നു കയറും.
അങ്ങനെ കള്ളുഷാപ്പിൽ നിന്നിറങ്ങി വീട്ടിലെത്തിയതായിരുന്നു അയാൾ. അയാളുടെ ഭാര്യ നാരായണി കുളിക്കാനും തുണിയലക്കാനുമായി ആറ്റുവക്കത്തെ കടവിലേക്കു് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു അപ്പോൾ. മകൾ അംബാലിക തയ്യൽ പഠനത്തിനും തുടർന്നു് ബാലെയുടെ റിഹേഴ്സലിനുമായി അയ്യപ്പൻ പിള്ളയുടെ കടയിലേയ്ക്കു് പൊയ്ക്കഴിഞ്ഞിരുന്നു. നാരായണി ഉണ്ടാക്കിയ മീൻ കറിയുടെ കുടമ്പുളി മണം വീടിനെയാകെ പൊതിഞ്ഞു നിന്നിരുന്നു.
“ഇച്ചിരി കഴിഞ്ഞ് പോകാം, കുളിക്കാൻ.” രാവുണ്ണി ഒരു കളളച്ചിരിയോടെ നാരായണിയെ കടന്നുപിടിച്ചു, “നീ ഇങ്ങോട്ടു വന്നേ”.
“വിട്, മനുഷ്യാ. മേലു മുഴുവൻ വെയർപ്പാ. തുണിയാണെങ്കിൽ ഒരു കുന്നുണ്ട് തിരുമ്മാൻ”.
“അത് സാരമില്ല”.
“സാരമൊണ്ട്. ഒള്ള കള്ളു മുഴുവൻ വലിച്ചു കേറ്റി വന്നിരിക്കുവാ. വിട് എന്നെ”.
നാരായണി യാതൊരു ദാക്ഷിണ്യവുമില്ലാതെ അങ്ങനെ പറഞ്ഞതോടെ രാവുണ്ണിയുടെ അരക്കെട്ടു് തണുത്തു.
നാരായണിക്കു് ഇത്തരം കാര്യങ്ങളിലൊക്കെ ഈയിടെയായി ഉത്സാഹം കുറഞ്ഞു വരികയാണല്ലോ എന്നോർത്തു് അയാൾക്കു് കടുത്ത നിരാശ തോന്നി. ഒരു ബീഡിക്കു് തീ കൊളുത്തിക്കൊണ്ടു് അയാൾ മുറിയുടെ മൂലയ്ക്കിട്ട കയറ്റു കട്ടിലിൽ പോയി കിടന്നു.
അതു കണ്ടതോടെ നാരായണിക്കു് സഹതാപമായി.
“വരണൊണ്ടോ എന്റെ കൂടെ കടവിലേക്ക്?”
നാരായണി കട്ടിലിൽ ചെന്നിരുന്നു് അയാളുടെ കുറ്റിത്താടിയിൽ വിരലോടിച്ചു കൊണ്ടു് ചോദിച്ചു,
“എന്നാത്തിന്?”
“എന്റെ പൊറമൊന്ന് തേച്ചു തരാൻ”
“നീ തന്നത്താൻ അങ്ങ് തേച്ചാ മതി.”
“ചോറും മീനും വെളമ്പി വെച്ചിട്ടൊണ്ട്, തിന്നിട്ടു കെടന്നോ.”
ശൃംഗാരം നിറഞ്ഞ ഒരു നോട്ടം അയാൾക്കു് എറിഞ്ഞു കൊടുത്തിട്ടു് നാരായണി കുളിക്കടവിലേയ്ക്കു പോകാനിറങ്ങി. അവളുടെ സമൃദ്ധമായ പിൻ പുറത്തിന്റെ ദൃശ്യം അവഗണിച്ചു കൊണ്ടു് അയാൾ കട്ടിലിൽ എതിർവശം തിരിഞ്ഞു കിടന്നു.
ഉലഹന്നാൻ മാപ്പിളയുടെ പുഴക്കരെയുള്ള പുരയിടത്തിലായിരുന്നു അന്നു് രാവുണ്ണിക്കു് തെങ്ങുകയറ്റം. വളക്കൂറുള്ള എക്കൽ മണ്ണിൽ തെങ്ങുകൾ സമൃദ്ധമായി കായ്ച്ചു നിന്നു. ഉച്ചയായപ്പൊഴേയ്ക്കും അയാൾ പതിവിലും തളർന്നു.
ജോലി തീർത്തു് അവസാനത്തെ തെങ്ങിൽ നിന്നു് ഇറങ്ങാൻ തുടങ്ങുകയായിരുന്നു അയാൾ. ഉച്ചവെയിൽ പുഴയ്ക്കു മീതെ തിളങ്ങുന്ന ഒരു ലോഹത്തകിടുപോലെ വീണു കിടന്നിരുന്നു. പുഴയുടെ മറുകരയിൽ വിജനമായ കുളിക്കടവു്. അതിനപ്പുറം പുഞ്ചപ്പാടത്തിന്റെ തരിശ്.
കുളിക്കടവിനോടു ചേർന്നു് ആൾപ്പൊക്കത്തിൽ തഴച്ചു നിന്ന ഓടപ്പുല്ലുകൾ ആരോ പിടിച്ചു കുലുക്കിയിട്ടെന്നതു പോലെ അടിമുടി ഉലയുന്നതു് അപ്പോളാണു് അയാളുടെ ശ്രദ്ധയിൽ പെട്ടതു്.
ഒരു കാറ്റു പോലും വീശാത്ത നിശ്ചലമായ ഈ നട്ടുച്ചയിൽ ഇതെന്താണിങ്ങനെ എന്നു് അയാൾ ആശ്ചര്യപ്പെട്ടു.
പെട്ടെന്നു് ഓടപ്പുല്ലുകളുടെ ചലനം നിലച്ചു. രാവുണ്ണി സാകൂതം നോക്കിയിരിക്കെ ഓടപ്പുല്ലുകൾക്കുള്ളിൽ നിന്നു് രണ്ടു് ഉടലുകൾ നൂൽബന്ധമില്ലാതെ ഉയർന്നു വന്നു. അതിൽ ഒരുടൽ കടത്തുകാരൻ പാപ്പൂട്ടിയുടേതായിരുന്നു. രണ്ടാമത്തേതു് അയാൾക്കു് ഏതു് ഇരുട്ടിലും കാണാപാഠമായ നാരായണിയുടേതും.
തെങ്ങുകയറ്റം എന്ന തൊഴിൽ രാവുണ്ണി എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചതും നാരായണിയുടെ ഉടൽ അയാൾക്കു് മനംപിരട്ടലുണ്ടാക്കുന്ന ഒന്നായി മാറുകയും ചെയ്തതു് അന്നു മുതൽക്കാണു്.
തെങ്ങുകയറ്റം ഉപേക്ഷിച്ചതും തന്നോടു് അയിത്തം കാണിക്കുന്നതും എന്തുകൊണ്ടാണെന്നു് നാരായണി ഒരിക്കൽ പോലും രാവുണ്ണിയോടു് ചോദിക്കുകയുണ്ടായില്ല. നാരായണിക്കു് അതു് ചോദിക്കാൻ കഴിയില്ലെന്നു് അയാൾക്കു് അറിയാമായിരുന്നു.
രാവുണ്ണി തിരിച്ചു് നാരായണിയോടും ഒന്നും ചോദിക്കുകയുണ്ടായില്ല. തെങ്ങിൻ മുകളിലിരുന്നു് മറ്റൊരാളുടെ അറിവോ സമ്മതമോ ഇല്ലാതെ കാണുന്ന കാഴ്ചകൾ അയാൾ തന്നെ വിശ്വസിച്ചു് വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ പോലെയാണെന്നു് രാവുണ്ണി വിശ്വസിച്ചു; അതു് സ്വന്തം ഭാര്യയാണെങ്കിൽ കൂടി.
ഒരേ മേൽക്കൂരയ്ക്കു കീഴിൽ പൊടുന്നനെ അപരിചിതരായിത്തീരാൻ വിധിക്കപ്പെട്ട രണ്ടു മനുഷ്യരായി അവർ മാറി.
വെളുത്ത പക്ഷമായിരുന്നു; മഴക്കോളും.
രാത്രിയുടെ ആകാശം ആറിത്തണുത്ത കഞ്ഞിവെള്ളം പോലെ പാട കെട്ടിക്കിടന്നു.
രാവുണ്ണി ഇപ്പോൾ ഒരു വെളിമ്പറമ്പിൽ എത്തിപ്പെട്ടിരുന്നു. ‘വീരഘടോൽക്കചൻ’ ബാലെയുടെ ഡ്രസ് റിഹേഴ്സൽ അരങ്ങേറുന്ന അയ്യപ്പൻ പിള്ളയുടെ തയ്യൽക്കടയ്ക്കു പുറകിലെ വേദി അയാൾ വളരെപ്പിന്നിൽ എവിടെയോ ഉപേക്ഷിച്ചിരുന്നു.
അവിടവിടെയായി ഒറ്റപ്പെട്ടു നിന്ന കൊന്നത്തെങ്ങുകൾ ആകാശത്തിന്റെ മൗനത്തിലേയ്ക്കു് ചെവി കൂർപ്പിച്ചു നിന്നു.
ദീർഘനേരത്തെ നടത്തം അയാളെ ക്ഷീണിതനാക്കിയിരുന്നു. അയാൾ ഒരു തെങ്ങിന്റെ ചുവട്ടിൽ കുന്തിച്ചിരുന്നു.
പരാജിതനും നിസ്സഹായനുമായ ഒരുവൻ അവസാനമായി എന്തോ പ്രതീക്ഷിക്കുന്നതു പോലെ അയാളുടെ നോട്ടം മുകളിലേക്കു് ഉയർന്നു.
പൊടുന്നനെ അയാൾക്കു മുകളിൽ തലയുയർത്തി നിന്ന കൊന്നത്തെങ്ങു് താഴേയ്ക്കു കുനിഞ്ഞു വരികയും ഒരു തുമ്പിക്കൈയിലെന്നതു പോലെ അയാളെ കോരിയെടുത്തു കൊണ്ടു് ആകാശത്തേക്കു് ഉയർന്നു പോവുകയും ചെയ്തു.
ജനനം: 25.05.1971.
സ്വദേശം: കോട്ടയം ജില്ലയിലെ എഴുമാന്തുരുത്ത് എന്ന ഗ്രാമം.
ഇരുപതു വർഷത്തെ സേവനത്തിനു ശേഷം 2012-ൽ വ്യോമസേനയിൽ നിന്നു വിരമിച്ചു. ഇപ്പോൾ ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ ജോലി ചെയ്യുന്നു.
ഒരു ഡസനോളം ചെറുകഥകൾ എഴുതിയിട്ടുണ്ടു്. പുസ്തകങ്ങളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.
ഭാര്യ: രാധ.
മക്കൾ: ആദിത്യൻ, ജാനകി.