images/cvb-uparodham-cover.jpg
Traveling Circus, an oil on canvas painting by Paul Klee (1879–1940).
മൂന്നു്

ആലിമമ്മതിന്റെ അങ്ങാടി അടച്ചുകഴിഞ്ഞിരുന്നു. വഴി വിജനമായിരുന്നു. പൊന്തകളിൽ അനക്കങ്ങൾ. അകലെ നായാട്ടുകാരുടെ ആർപ്പുവിളികൾ.

കാരോന്തൻ ഇടറിക്കൊണ്ടു നടന്നു. കൂവപ്പകുന്നും മേനോൻ കുന്നും ഇരുണ്ടു് കിടക്കുന്നു. കണ്ണമ്പാടിയിലൂടെ തെളിനീരൊഴുകുന്നു. ആനക്കാരൻ ചാത്തുവിന്റെ വീടും പുതിയടത്തു വീടും കണ്ണങ്കാട്ടറയും കടന്നു് കാരോന്തൻ മഠത്തിനുനേർക്കു് വെച്ചടിച്ചു.

കുറുപ്പച്ചന്റെ വാക്കുകൾ മനസ്സിൽ മുഴങ്ങുകയാണു്. ഒരൊഴുക്കിൽപ്പെട്ടിട്ടെന്നപോലെ കാരോന്തൻ ഇടറി നീങ്ങുകയാണു്. കുറുക്കന്മാരുടെ ഇടവിട്ടുള്ള ഓരിയിടൽ കേൾക്കാം. തൊടിയിൽ ആനച്ചങ്ങലയുടെ കിലുക്കങ്ങൾ. തേവാരമാവും കരിഞ്ചാമുണ്ടി കോട്ടയും നടുവിലത്തെ മാളികയും മഠവും ഭയപ്പെടുത്തുന്ന മട്ടിൽ ഉയർന്നു നിൽക്കുന്നു.

“എന്റെ മീനാക്ഷ്യെ നിങ്ങളെന്താ ചെയ്തത്?” കാരോന്തൻ കരയുന്ന സ്വരത്തിൽ വിളിച്ചുചോദിച്ചു.

ഇരുട്ടിൽ നിന്നു് നാലഞ്ചുപേർ കാരോന്തന്റെയടുത്തേയ്ക്കു് പാഞ്ഞടുത്തു. അടിയേറ്റു് കാരോന്തന്റെ എല്ലുകൾ പൊട്ടുകയും വായിൽനിന്നും മൂക്കിൽ നിന്നും ചോരയൊഴിക്കുകയും ചെയ്തു.

നായനാർ പറഞ്ഞു:

“മതി. ഇനി പുകക്കിടു്”

അവർ കാരോന്തനെ തൂക്കിയെടുത്തു് ഇടുങ്ങിയ ഇരുൾമുറിയിലേക്കു് കൊണ്ടുപോയി. എരിവുള്ള പുകയിൽപ്പെട്ടു് അവൻ ശ്വാസംമുട്ടി പിടഞ്ഞു.

പുലർച്ചയ്ക്കു് മുറ്റത്തേക്കിറങ്ങിയ മീനാക്ഷി നിലത്തെന്തോ കിടക്കുന്നതു് കണ്ടു്, വായ്ക്കു് കൈവച്ചു്, ഉൾക്കിടിലത്തോടെ നിലവിളിച്ചു് ബോധമറ്റു് ചാഞ്ഞുവീണു.

☆☆☆

രാവിലെ ചായപ്പൊടി വാങ്ങാൻ വന്ന ചെമ്മരത്തിയാണു പാറക്കടവിലെ കുരാച്ചി അവുള്ളയുടെ പീടികയിൽ വിവരമറിയിച്ചതു്. അവിടെയുണ്ടായിരുന്ന പൂച്ചൻ മമ്മത്, നടുക്കം പ്രകടിപ്പിച്ചുകൊണ്ടു്, ഒന്നിളകിയിരുന്നു.

‘നീ കണ്ടിനോ ചെമ്മരത്തീ’, മമ്മതു് ചോദിച്ചു.

‘കണ്ടു മമ്മതു് മാപ്ലേ. ആ കെടപ്പ് പറഞ്ഞറിയിക്കാനൊന്നാവൂല.’ ചെമ്മരത്തി കണ്ണുതുടച്ചു.

അപ്പോൾ വണ്ണത്താൻ രാമൻ കയറിവന്നു.

‘കുറുപ്പച്ചൻ കേട്ട്വാ.’ അവുള്ള ചോദിച്ചു.

‘എന്ത്ന്ന്?’

കാരോന്തന്റെ പൊരേന്റെ മിറ്റത്തു്…

കാരോന്തന്റെ ജഡത്തിനു ചുറ്റും ഏതാനുംപേർ കൂടിനിന്നു. കോടിലോനും മാളത്തിൽ കണ്ണനും കാനാ കൊറോശ്ശനും രാമൻകുറവനും ചിരുകണ്ടൻമേസ്ത്രിയും ആ മുഖത്തേയ്ക്കു നിർന്നിമേഷരായി നോക്കിനിന്നു. കാരോന്തന്റെ കവിളിലും നെഞ്ചിലും ഉറുമ്പരിച്ചു.അമ്മയും മീനാക്ഷിയും പെങ്ങളുടെ മക്കളും ഇറയത്തിരുന്നു് തളർന്ന ഒച്ചയിൽ കരഞ്ഞു. വൃദ്ധനായ അച്ഛൻ വൈയ്ക്കോൽ കൂനയ്ക്കരുകിൽ മുഖം കുനിച്ചിരുന്നു് ഒരു കുഞ്ഞിനെപ്പോലെ ദീനമായി കരഞ്ഞു.

കണ്ണമ്പാടിയിൽ പുതിയടത്തു വീട്ടിലെ ചിണ്ടൻ അന്തിത്തിരിയൻ ആരോ വിളിക്കുന്നതു് കേട്ടു് പുറത്തിറങ്ങി.

വണ്ണത്താൻ രാമനാണു്.

“എന്തേ രാമാ!”

“അധികാരി ഇല്ലേ?”

“ണ്ട്”

“ഓറ്യത ഇങ്ങ് വിളിച്ചാൻ നിങ്ങ [1] കാരോന്തന്റെ വീട്ടിലേക്കു് പോണുംന്നു് പറയ്.”

അന്തിത്തിരിയൻ അധികാരിയെ വിളിക്കാൻ അകത്തേയ്ക്കു പോയി.

കുപ്പാടക്കാൻ കുഞ്ഞിരാമനായിരുന്നു അധികാരി. കുറ്റൂരിൽ വന്നാൽ താമസിക്കുക ഈ വീട്ടിലാണു്.

അധികാരി മുറിയിൽ നിന്നിറങ്ങിയപ്പോൾ രാമൻ പറഞ്ഞു.

“കാരോന്തന്റെ വീട്ടിലേക്കു് ഇപ്പം തന്നെ പോകണം. ഓനെ ആടകൊന്നു് കെടത്തീറ്റ്ണ്ടു്.”

അധികാരിക്കു് സംഭ്രമമുണ്ടായി.

ചെരുപ്പെടുത്തിട്ടു് കുട തുറന്നു് പിടിച്ചു് അപ്പോൾ തന്നെ യാത്രയായി.

അധികാരി വരുന്നതു് കണ്ടു് ആൾക്കാർ ഒഴിഞ്ഞുനിന്നു. അയാൾ കാരോന്തനെ ഉറ്റു നോക്കി. മുഖത്തു കടിച്ചുനിൽക്കുന്ന ഉറുമ്പുകളെയാണാദ്യം കണ്ടതു്. വായിൽ നിന്നു് ചോര വാർന്നൊഴുകി കട്ട പിടിച്ചിട്ടുണ്ടു്. ദേഹത്തു് പരിക്കുകളുണ്ടു്. കൊല ചെയ്യപ്പെട്ടതാണെന്നു് സ്പഷ്ടം.

അയാൾ ചുറ്റിലും നിൽക്കുന്നവരെ നോക്കിക്കൊണ്ടു് പറഞ്ഞു.

“മറവുചെയ്യാം.”

പിന്നീടയാൾ തിരിച്ചുനടന്നു.

നടന്നു ചെന്നെത്തിയതു് മഠത്തിലാണു്.

ചെമ്മണ്ണിൽ ഒരാൾ നീളത്തിൽ ഒരു കുഴിയുണ്ടാക്കാൻ കൈക്കോട്ടുകൾ ഉയരുകയും താഴുകയും ചെയ്തു. ആകാശത്തേക്കു് മഴക്കാർ മൂടിക്കെട്ടി നിന്നു.

അവറോന്നൻ ചന്തുനമ്പ്യാർ, കോടിലോൻ രാമനെ പ്രതിചേർത്തു് തളിപ്പറമ്പു് മജിസ്ട്രേട്ടുകോടതിയിൽ ഒരന്യായം ഫയൽ ചെയ്തു. പുലയരെ ദേഹോപദ്രവമേല്പിച്ചുവെന്നായിരുന്നു കേസ്. അന്വേഷണത്തിനു് കുറ്റൂരിലേയ്ക്കു് പോലീസു കാർ വന്നു.

പോലീസുകാരോടു് കോടിലോന്റെ വീട്ടിൽവെച്ചു് വണ്ണത്താൻ രാമൻ ചോദിച്ചു.

‘ഒരാളെ കൊന്നിട്ടാല് കേസില്ലേ?’

പോലീസുകാരിലൊരാൾ അയാളുടെ നേർക്കു് കയ്യോങ്ങി. അയാളുടെ മുഖം പൊടുന്നനെ നിറംപകർന്നു. അരയിൽ നിന്നു് കത്തി വലിച്ചൂരിയെടുത്തു് അയാൾ അലറി: ‘നിന്റെ കൈ ഞാൻ അരിഞ്ഞുകളയും.’

കോടിലോൻ കുറുപ്പച്ചനെ പിടിച്ചു.

“ഓൻ വിവരക്കേടു് കാണിച്ചതല്ലേ, നീ ക്ഷമിക്കു്.”

കുറുപ്പച്ചൻ തന്റെ നേർക്കു് കയ്യോങ്ങിയ പോലീസുകാരെനെ രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ കാക്കിയുടുപ്പുകാരൻ ചൂളിപ്പോയി. അത്രയും മൂർച്ചയുള്ള നോട്ടമായിരുന്നു. ഉറുമിപോലെ ചുറ്റിവരിഞ്ഞു് മുറിപ്പെടുത്തുന്ന നോട്ടം.

“നടക്കു്,” മറ്റൊരു പോലീസുകാരൻ കോടിലോനോടു് പറഞ്ഞു.

പാട്ടിയും കുഞ്ഞങ്ങയും ചീലയും ഒരുമിച്ചു കരഞ്ഞു.

“കരയ്വൊന്നും വേണ്ട. ഞാൻ വേഗം വെരും.” കോടിലോൻ അവരോടു് പറഞ്ഞു.

“നിന്നെ ഒറ്റയ്ക്കു് പറഞ്ഞേക്കൂല. ഞാനും വെര്ന്ന്.” വരണ്ണത്താൻ രാമൻ പറഞ്ഞു.

images/uparodham-03.png

പോലീസുകാരുടെ പിന്നാലെ രണ്ടുപേരും നടന്നു. പാടത്തു നിന്നും പറമ്പുകളിൽ നിന്നും ആളുകൾ അവർ പോകുന്നതു് കണ്ടു. ആകാശത്തോളം ഉയരുമുള്ള രണ്ടുപേർ. കാരിരുമ്പിന്റെ കരുത്തുള്ള രണ്ടുപേർ.

“കോടിലോനോടു് നേരിട്ടെതിരിടാൻ ധൈര്യം ഇല്ലാഞ്ഞിറ്റാ കോടതീല് പോയതു്.” ആളുകൾ അടക്കം പറഞ്ഞു.

കോടിലൊനെ പ്രതിക്കൂട്ടിൽ നിർത്തി വയസ്സൻ മജിസ്ട്രേട്ട് ചോദിച്ചു.

“കുറ്റം ചെയ്തതാണോ?”

കോടിലോൻ പറഞ്ഞു:

“കാര്യസ്ഥൻ പറഞ്ഞിട്ടു് അവരെന്നെ തല്ലാൻവന്നു. അപ്പോ അവരെ ഞാൻ തച്ചതു് നേരാ.”

മൂന്നുമാസത്തേക്കു് തടവു്-

വിധി പ്രസ്താവിച്ചു തീർന്നപ്പോൾ വണ്ണത്താൻ രാമൻ വരാന്തയിൽ നിന്നു് കോടതിയിലേക്കു് ചാടിക്കയറി.

“കാരോന്തനെ കൊന്നേയ്നു് നായനാറേം ശിക്ഷിക്കു്. നെയമം എല്ലാരിക്കും ബാധകമല്ലേ.”

അയാൾ ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. അങ്ങനെ കോടതി നടപടികൾ തടസ്സപ്പെട്ടു. നടപടികൾ തടസ്സപ്പെടുത്തിയതിനു് വണ്ണത്താൻ രാമനു് ഒരു മാസം തടവുശിക്ഷ വിധിക്കപ്പെട്ടു. രണ്ടുപേരെയും അന്നുതന്നെ കണ്ണൂര് ജയിലിലേയ്ക്കു് കൊണ്ടുപോയി.

☆☆☆

നെല്ലിടുന്ന കളത്താലയുടെ ഇറയത്തു് ഒരു പായയിൽ അയാളിരുന്നു. അവറോന്നൻ കുപ്പിയിൽ ഗ്ലാസിലേയ്ക്കു് റാക്കു് പകർന്നു. ഗ്ലാസ് തീർത്തും കാലിയാക്കി. ചിറി തുടച്ചു്, വിമ്മിട്ടപ്പെട്ടുകൊണ്ടു നായനാർ പറഞ്ഞു:

“കത്തുന്ന സാധനം തന്നെ.”

അവറോന്നൻ അതംഗീകരിച്ചു ചിരിച്ചു.

“ഒരു ഗ്ലാസിലും കൂടി ഒഴിക്കു്.”

അവറോന്നൻ നായനാർക്കും തനിക്കുംവേണ്ടി റാക്കുനിറച്ചു. നായനാർ കിണ്ണത്തിലൂള്ള വരട്ടിയ മാനിറച്ചിയിൽ കൈവച്ചു.

“ഇതൊര് സുഖംതന്നെ, ങ്ങ്ഹേ, ഏതു്?”

“ചോദിക്കാന്ണ്ടാ.”

“ജീവിതംന്ന്ച്ചാതന്നെ ഒര് ലഹരിയാ.”

“അതെ.”

“ഒഴിക്കു്.”

അവറോന്നൻ വീണ്ടും ഒഴിച്ചു.

“എറച്ചി തീർന്നോ.”

“ഇല്ല. ഇവിടെയുണ്ടു്.”

“എടുക്കു്.”

അവറോന്നൻ ഇറച്ചി നീക്കിവച്ചു.

“നല്ല മയിസ്രേട്ടാ അല്ലേ?”

“സംശയ്ണ്ടാ.”

“ശിക്ഷിച്ചുല്ലോ രണ്ടിനേം നന്നായി.”

“തോന്ന്യാസം എന്തെങ്കിലും പറയ്യ്വാ കാണിക്ക്വാ ചെയ്താല് പിടിച്ചു് ജെയിലിടുന്നതാ നല്ലതു്.”

“കള്ളില്ലേ?”

“ണ്ടു്.”

“ഇങ്ങെടുക്കു്.”

“അധികാവ്വാ, ഇല്ല.”

അവറോന്നൻ കള്ളെടുത്തു. സന്ധ്യയ്ക്കു ചെത്തിയിറക്കിയ മധുരക്കള്ളു്. തേനിന്റെ സ്വാദു്. നായനാർക്കു് തലയ്ക്കുപിടിച്ചുതുടങ്ങി.

‘അവറോന്നാ.’

‘ഓ.’

‘നീ പോയിറ്റു് ഓന്റെ ഓളെ ഇങ്ങ് വിളിച്ചോണ്ട്വാ.’

‘ആരെ?’ [2]

‘കോടിലോന്റെ.’

അവറോന്നൻ എണീറ്റു് ചൂട്ടുകത്തിച്ചു് പുറപ്പെട്ടു.

നായനാർ കുടത്തിൽ നിന്നും കള്ളൊഴിച്ചുകുടിച്ചും, ഇറച്ചിതിന്നും നേരം കഴിച്ചു കൂട്ടി.

ചൂട്ടുവീശി നടക്കുന്ന കാര്യസ്ഥനിൽ നിന്നു് തെല്ലകന്നു്, കൈകൾ കോർത്തു് മാറിടം മറച്ചു് അവൾ നടന്നു. നായനാരുടെ കലങ്ങിച്ചുവന്നു് കണ്ണുകളിലേയ്ക്കു് കയറിച്ചെന്നു്, ഒരരികുപറ്റി നിന്നു.

☆☆☆

ഒരു മാസം കഴിഞ്ഞു്, പ്രത്യേകിച്ചൊന്നും സംഭവിക്കാത്തമട്ടിൽ, വണ്ണത്താൻ രാമൻ സെൻട്രൽ ജയിലിൽ നിന്നു് പുറത്തിറങ്ങി. തോർത്തുമുണ്ടു് മുറുക്കിയുടുത്തു് കുത്തനെ നടന്നു. വളരെ തിടുക്കമൊന്നും കാണിച്ചില്ല. അതിന്റെ കാര്യമില്ല. വഴിക്കുവെച്ചു് പരിചയപ്പെട്ടവരോടൊപ്പം, ഷാപ്പുകളിൽ കയറി വേണ്ടുവോളം കള്ളുകുടിച്ചു. മൂന്നാമത്തെ ദിവസം വൈകുന്നേരം ചെമ്മണ്ണുപുരണ്ട കാലടികളുമായി കുറ്റൂരിലെത്തി. നേരെ പോയതു് കരിമ്പന്റെ ഷാപ്പിലേയ്ക്കാണു്.

‘കുറുപ്പച്ചനെ ജയിലിന്നു് വിട്ട്വോ?’ കരിമ്പൻ ചോദിച്ചു.

രാമൻ തെളിഞ്ഞു് ചിരിച്ചു.

‘നമ്മള് ജെയില്ന്നല്ലാ. കേട്ടതല്ലേള്ളൂ. കുറുപ്പച്ചനല്ലേ പോയി കണ്ടതു്, ചിരുകണ്ടൻ മേസ്ത്രി പറഞ്ഞു: ‘കുറുപ്പച്ചനു് കള്ളു് എന്റെ വക. എത്ര്യാ വേണ്ടെതു് ന്നാച്ചാ കൊടുക്കിൻ.’

ചിരുകണ്ടൻ മേസ്ത്രി ഒരു വീരപുരുഷനെയെന്നപോലെ കുറുപ്പച്ചനെ എതിരേറ്റു. കുറ്റൂരിൽ നിന്നാദ്യമായി ജയിലിൽ പോയി വരുന്നതു് കുറുപ്പച്ചനാണു്.

മുന്നിൽ കള്ളു നിരന്നു.

‘കുറുപ്പച്ചനു് കൂട്ടാനെട്ക്കാൻ ആരെട്ക്ക്യാള്ളതു്.’ മേസ്ത്രി ഷാപ്പിലുള്ളവരോടായി വിളിച്ചു ചോദിച്ചു.

‘മീൻ ചുട്ടത്ണ്ടു്.’ കുഞ്ഞുമ്പു മൂസോറ് കുലുങ്ങിച്ചിരിച്ചുകൊണ്ടു് പറഞ്ഞു

‘ഇങ്ങ് തരിൻ’ മേസ്ത്രി അയാളുടെ അടുത്തേക്കു് നീങ്ങി. ഒരിലക്കീറിൽ മീനെടുത്തു് കുറുപ്പച്ചന്റെ മുന്നിൽ വെച്ചു.

‘ഇതൊന്നും വേണ്ട മേസ്ത്രി.’

‘ഒരു സന്തോഷല്ലേ കുറുപ്പച്ചാ.’

മേസ്ത്രി നിർബന്ധിച്ചു.

രണ്ടുപേരും ഒപ്പമിരുന്നു് കുടിച്ചു. കുടിക്കുന്നതിനിടയിൽ മേസ്ത്രി ജയിലിലെ വിശേഷങ്ങളാരാഞ്ഞു. അവിടെ എങ്ങനെയൊക്കെയാണു്? എത്ര പോലിസുകാരുണ്ടു്? വെള്ളക്കാരുണ്ടോ? തൂക്കുമരമെവിടെയാണു്? ചുറ്റോടുചുറ്റുമുള്ള മതിലിനു് എത്ര ഉയരമുണ്ടു്? ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ മേസ്ത്രിക്കറിയണം.

‘നിനിക്കന്നെ ഒന്നങ്ങോട്ടു് പോയിക്കൂടെ?’ കുഞ്ഞമ്പു മൂസോറ് ചോദിച്ചു.

‘പറയുംപോലെ. എല്ലാ കാര്യും അറിഞ്ഞിറ്റു് വെരാലോ.’ കരിമ്പൻ അതേറ്റുപിടിച്ചു.

‘അയ്നു് നമ്മളെ തലക്കു് വരച്ചിറ്റ്ണ്ടാ.’ മേസ്ത്രി പറഞ്ഞതുകേട്ടു് എല്ലാവരും ചിരിച്ചു.

കുറുപ്പച്ചനും മേസ്ത്രിയും ഷാപ്പിൽ നിന്നിറങ്ങി. ആലി മമ്മതിന്റെ അങ്ങാടിയിലുള്ളവർ കുറുപ്പച്ചനെ വിസ്മയപ്പെട്ടു് നോക്കി. ജയിൽകണ്ടു് മടങ്ങിവരുന്ന ആദ്യത്തെ കുറ്റൂർക്കാരനാണു്. അവർ വിസ്മയപ്പെട്ടതിൽ കാര്യമുണ്ടു്.

മഠത്തിലെ ഒരാന അവരെക്കടന്നുപോയി. ആനപ്പുറത്തു് ചാത്തുവുമുണ്ടായിരുന്നു. കുറുപ്പച്ചൻ ചാത്തുവിനോടു് പറഞ്ഞു: ‘ഞാൻ വന്നൂന്നു് ആടെ പറഞ്ഞേക്കിൻ. കോടിലോനു് സുഖാണെന്നും.’

ചാത്തു ആനപ്പുറത്തിരുന്നു് കീഴോട്ടുനോക്കിയതല്ലാതെ ഒരക്ഷരവും ഉരിയാടിയില്ല.

പാറക്കടവിലെത്തിയപ്പോൾ കുറുപ്പച്ചൻ കാവുതിയൻ രാമനെ [3] കണ്ടുമുട്ടി.

‘കുറുപ്പച്ചന്റെ താടീം മുടീം വളർന്നിറ്റ്ണ്ടല്ലോ.’

‘ന്നാല് ഈടത്തന്നെ ഇര്ന്നു് കളയാ.’

അയാൾ മരുതിന്റെ ചോട്ടിൽ ഇരുന്നു. രാമൻ പെട്ടിതുറന്നു് കത്തിയും കല്ലും കത്രികയും പുറത്തെടുത്തു.

കുറുപ്പച്ചൻ പറഞ്ഞു:

‘ഇനി കുടുമ വേണ്ട.’

ആ തീരുമാനം ഇടിത്തീപോലെ രാമന്റെ കാതുകളിൽ പതിച്ചു. ഇതെന്താണു് കേൾക്കുന്നതു്? കുടുമ വേണ്ടന്നോ? രാമന്റെ കണ്ണു തള്ളിപ്പോയി.

‘എന്താ?’ രാമൻ വിക്കിവിക്കി പറഞ്ഞു.

‘ഒന്നുല്ല.’

‘ഞാൻ പറഞ്ഞതു കേട്ടില്ലേ?’ ‘ഓ.’ ‘പിന്നെന്ത്യാ?’

‘ഞാങ്ങക്കു് പേട്യാവ്ന്നല്ലോ കുറുപ്പച്ചാ.’

‘എന്തിനാ പേടിക്ക്ന്ന്?’ ‘നിങ്ങക്കറീല്ലേ എന്തിന്യാന്ന്.’

കുറുപ്പച്ചൻ പറഞ്ഞിരിക്കുന്നതു് നിസ്സാരസംഗതിയല്ല.എത്രയോ കാലമായി തുടരുന്ന ഒരു പതിവു് തെറ്റിക്കാനാണു് പുറപ്പാടു്. എന്നും താണ ജാതിക്കാർക്കു് കുടുമയുണ്ടായിരുന്നു അവരുടെ ക്ഷുരകനെന്ന നിലയ്ക്കു്, രാമനെന്നും നിരവധി കുടുമകളെ സ്പർശിച്ചിരുന്നു. നാവുതിയൻ അപ്പുവിനു് കുടുമകളെ തൊടേണ്ടതില്ല. കുടുമ ഉച്ചനീചത്വങ്ങളുടെ ഒരു ചിഹ്നമായി നിലനിൽക്കുന്നു. അതു് ലംഘിക്കുകയോ? രാമൻ ഭയന്നു. എന്റെ മുത്തപ്പാ, വരുംവരായ്കകളെക്കുറിച്ചോർത്തപ്പോൾ രാമന്റെ മുഖം വിളറി വികൃതമായി.

‘കുറുപ്പച്ചാ. നിങ്ങ അറിഞ്ഞോണ്ടു് എന്നെ കൊലയ്ക്കു് കൊടുക്കല്ലെ.’ രാമൻ തൊഴുതു്, കരയുന്നതുപോലെ പറഞ്ഞു.

കുറുപ്പച്ചൻ ചൂടായി.

‘ഞാൻ പറഞ്ഞതുപോലെ കേട്ടില്ലെങ്ക്ല് എന്റെ വിധം മാറും. ങ്ങ്ഹാ, എട്ക്കു് കത്തിര്യ.’

രാമൻ ഭയപ്പാടോടെ കത്രികയെടുത്തു. കത്രിക കൈയിൽക്കിടന്നു് വിറച്ചു. കുണ്ടോർ ചാമുണ്ഡി, ഭഗവതി, പിന്നെ അമാന്തിച്ചില്ല.

☆☆☆

അതുവഴി വന്ന കാറ്റു് നാട്ടിടങ്ങളിൽ പറഞ്ഞു നടന്നു.

‘കുറുപ്പച്ചൻ കുടുമ മുറിച്ചു.’

ആ വാർത്ത നായനാരുടെ ചെവിയിലുമെത്തി. അവനത്രയ്ക്കായോ എന്നൊരു ചോദ്യത്തോടെ അയാൾ എണീറ്റുനിന്നു.

നാട്ടുവഴിയിൽ:

‘ഏട്യാ കുറുപ്പച്ചൻ പോന്നു്? ചിണ്ടൻ ചോദിച്ചു. ‘ഏടത്തേക്കായാ നിനിക്കെന്താ?’ ചിണ്ടനു് താൻ അപമാനിക്കപ്പെട്ടുവെന്നു് തോന്നലുണ്ടായി. എങ്കിലുമതു് പുറത്തുകാട്ടിയില്ല. ഉള്ളിലൊതുക്കി.

കുറുപ്പച്ചൻ പുറം തെങ്ങിലുരച്ചു.

‘നിങ്ങള നായനാറ് പൂവാൻ പറഞ്ഞിന്.’

“ആട്യെന്താ അടിയന്തിരംണ്ടാ?’ ‘അതൊന്നും എനിക്കറീല്ല. നിങ്ങള വിളിക്ക്ന്നുണ്ടു് നായനാറ്.

‘നിനിക്കല്ലെ നായനാര്, പോടാ.’

രാമൻ പുറം തെങ്ങിലുരച്ചു്, ചൊറിച്ചിൽ തീർത്തു, കല്ലമ്പിള്ളിയുടെ നേർക്കു് നടന്നു. ചിണ്ടൻ ശരം വിട്ടമാതിരി മഠത്തിലേയ്ക്കു് പാഞ്ഞു.

നായനാർ ചാരുകസേരയിലിരുന്നു് പുസ്തകം വായിക്കുകയായിരുന്നു. വാതില്പടിയിൽ, പിച്ചളത്തകിടിൽ, ദേവനാഗരി ലിപിയിൽ എഴുതിവെച്ചിട്ടുണ്ട്:

‘സർവ്വം പരവശം ദുഃഖം
സർവ്വമാത്മവശം സുഖം’
മനുസ്മൃതി

നടുവിലെ മാളികയിലും കളത്താലയിലും നടപ്പുറയിലും വിശാലമായ പറമ്പിലും കൂലിക്കാർ പണിയെടുത്തു. നാലുപാടുനിന്നും അദ്ധ്വാനത്തിന്റെ താളമുയർന്നു.

ചിണ്ടൻ കിതച്ചുപാഞ്ഞു് തിരുമുന്നിലെത്തി. മറ്റാരും കേൾക്കാതിരിക്കാൻ തൊട്ടുമുന്നിൽ ചെന്നുനിന്നു് ഉണർത്തിച്ചു:

‘ഓൻ വെരാൻ കൂട്ടാക്ക്ന്നില്ല.’

പിന്നെ ചിണ്ടനെ കാണുന്നതു് നിലത്താണു്.

കുറിപ്പുകൾ
[1]

അദ്ദേഹത്തെ നിങ്ങൾ ഇങ്ങോട്ടു് വിളിക്കു്.

[2]

ആരുടെ എന്ന അർത്ഥത്തിലാണു് ഈ ചോദ്യം

[3]

പിന്നോക്ക ജാതിക്കാരുടെ ക്ഷുരകൻ

Colophon

Title: Uparōdham (ml: ഉപരോധം).

Author(s): C V Balakrishnan.

First publication details: Prabhatham Printing and Publishing Co; Trivandrum, Kerala; 1998.

Deafult language: ml, Malayalam.

Keywords: Novel, C V Balakrishnan, Uparodham, സി വി ബാലകൃഷ്ണൻ, ഉപരോധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2022.

Credits: The text of the original item is copyrighted to tha author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Traveling Circus, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Illustration: CN Karunakaran; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.