നെൽവയലുകളിൽ കൊയ്ത്തു്, കൂട്ടമായി പറന്നുപൊങ്ങുന്ന വെള്ളക്കൊക്കുകൾ. കാല പെറുക്കുന്ന കുട്ടികൾ. മേനോൻ കുന്നിന്റെ ചരിവിൽ വേട്ടുവരുടെ തെയ്യങ്ങൾ. നിലാവു് വീണുകിടക്കുന്ന മുറ്റങ്ങൾ, കുടിലിന്റെ ഉമ്മറത്തു് ഉയർത്തിക്കെട്ടിയ കതിർക്കറ്റ. നനുത്ത നാടൻ പാട്ടുകൾ. കറ്റമെതിക്കൽ, നെല്ലുണക്കൽ, വൈക്കോൽക്കൂനകൾ, നെല്ലുനിറഞ്ഞ പറകൾ. കുട്ടയിൽ നിന്നു് നെല്ലും പതിരും വീഴ്ത്തി, കാറ്റോല വീശി പതിരു് വേർതിരിക്കൽ. കാര്യസ്ഥന്മാരുടെ ചുറ്റുനടത്തം.
‘പാട്ടം നാളെ വന്നു് അളന്നേക്കണം.’
‘ഇത്തവണ നെല്ലു് മോശാര്ന്നു. പാട്ടം തെകച്ചും അടക്കാനാവൂല്ല.’
‘അതൊന്നും പറഞ്ഞാൽ പറ്റൂല്ല. പാട്ടം അളന്നു് ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിലു് മതി കുടിലിലേക്കു്.’
കുടിയാന്മാർ പാട്ടമളക്കാൻ മഠത്തിലേയ്ക്കു്.
നെല്ലു് തലയിലേറ്റിയ പെണ്‍കുട്ടികൾ, വാലിയക്കാർ, സ്ത്രീകൾ, അവരെ അനുഗമിക്കുന്ന വൃദ്ധന്മാർ. അവരെല്ലാം മഠത്തിന്റെ തിരുമുറ്റത്തെത്തിച്ചേരുന്നു. ചിലപ്പോൾ പാട്ടമളക്കാൻ അഞ്ചും പത്തും ദിവസം കാത്തുനിൽക്കേണ്ടിവരും. കാര്യസ്ഥന്മാരാണു് നെല്ലളക്കുക. അവരുടെ പറകൾ നാട്ടിലെ സാധാരണ പറകളെക്കാളും വലിയവയാണു്. ഓരോ പറ അളന്നുമാറ്റുമ്പോഴും എണ്ണമോർമ്മിക്കാൻ രണ്ടുകൈകൊണ്ടും കനക്കെ വാരിവെക്കും. പത്തുപറതികയുമ്പോൾ വാരിവെച്ച ഈ ചെറുകൂനകളെല്ലാം ഒരു ഭാഗത്തേക്കു് നീക്കി അതിന്റെ സ്ഥാനത്തു് കുറേക്കൂടി വലിയൊരളവു് നെല്ലു് വാരിവെക്കും. അതു പത്തുപറ മാറ്റിയെന്നതിന്റെ സൂചനയാണു്. അളവിൽ കാണിക്കുന്ന കൃത്രിമങ്ങൾ ഇവയ്ക്കു് പുറമെയാണു്. കൃഷിക്കാർ നിശ്ശബ്ദരായി, ക്ഷോഭമടക്കി കണ്ടുനിൽക്കും.
പണിയെടുക്കുന്നവരുടെ മുറ്റങ്ങളും മുറികളും ശൂന്യമാകുന്നു.
പണിയെടുക്കാത്തവരുടെ മുറ്റങ്ങളും അറകളും നിറയുന്നു.
കുന്നുംപുറങ്ങളിൽ നായാട്ടു്, വെടിയൊച്ചകൾ. പൊന്തയ്ക്കപ്പുറത്തു് ഒരു മുയലിന്റെ പിടച്ചിൽ. ചോര ചീറ്റിക്കൊണ്ടു് ഓടിയോടിത്തളരുന്ന ഒരു മാൻ. കുന്നുകയറിപ്പോകുന്ന ഒരു നരി. അതിന്റെ തിരിഞ്ഞുനോട്ടം. പകയുടെ തിളക്കം.
ദുർബ്ബലമായി പ്രതിഷേധിക്കുന്ന ഒരു പെണ്‍കുട്ടി. അവളുടെ നിലവിളി അമർത്തപ്പെടുന്നു. കണ്ണുകളിൽ ഭയവും ദയനീയതയും നിഴലിക്കുന്നു. അവൾ നൊന്തു് പിടയുന്നു. വിതുമ്പുന്നു.
‘മിണ്ടരുതു്.’ എന്നുള്ള ശാസനകേട്ടു് അവളുടെ കാതുകളടയുന്നു.
പിന്നീടവൾ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മഠത്തിന്റെ മുറ്റത്തു് നിൽക്കുന്നു. അവൾ തലമുടി കെട്ടിയിട്ടില്ല. മാറു മറച്ചില്ല. കഴുത്തിലൊരു കറുത്ത ചരടു് അമർന്നുകിടക്കുന്നു. അവളുടെ അച്ഛനുമമ്മയും കൂടെയുണ്ടു്.
നായനാർ വിചാരണയാരംഭിക്കുന്നു.
‘ആരാണെടീ നിന്നെ പിഴപ്പിച്ചതു്?’
അവൾ പണിപ്പെട്ടു് മുഖമുയർത്തി നായനാരെ നോക്കി.
അവൾക്കു പേടിയായി.
നായനാരുടെ ആൾക്കാർ ഒരു ചെറുപ്പക്കാരനെ പിടികൂടി മുറ്റത്തെത്തിക്കുന്നു. മെലിഞ്ഞു ക്ഷീണിച്ച ദേഹം. മട്ടുമറയാത്ത തോർത്തുമുണ്ടുടുത്തിരിക്കുന്നു. കുടുമ കെട്ടിവെച്ചിരിക്കുന്നു.
‘നീ അവളെ അറിയുമോടാ?’
ചോദ്യം കേട്ടു് അവൻ ആദ്യം നായനാരെയും പിന്നെ പെണ്‍കുട്ടിയെയും നോക്കി.
ഒന്നും പറഞ്ഞില്ല.
‘നിന്റെ കുഞ്ഞുണ്ടു് ഇവളുടെ വയറ്റിലു്.’
അവൻ പകച്ചു.
‘അയ്യോ, ഞാനല്ല.’
മുഖമടച്ചു് ഒരടികിട്ടി.
കണ്ണും കാതും പൊള്ളി.
അവൻ ചുറ്റിലും നോക്കി. ഇറയത്തു് മഠത്തിലെ കെട്ടിലമ്മയും മക്കളും നിൽക്കുന്നു. നടപ്പുരയിൽ പണിക്കാരികൾ. മുറ്റത്തു് കാര്യസ്ഥന്മാരും അനുചരന്മാരും.
നായനാർ അവന്റെ നേർക്കു് ഒരു പുടവ നീട്ടി.
‘കൊടുക്കെടാ ഇതവളുടെ കയ്യിലു്.’
അവൻ സംശയിച്ചു.
‘പറഞ്ഞതു കേട്ടില്ലേ?’ ആരോ അവന്റെ ചുമലിൽ പിടിച്ചു. കൊടുക്കു്.
അവൻ ആജ്ഞ അനുസരിച്ചു.
‘ഉം. പോയ്ക്കോ.’
പുടവയിൽ അവളുടെ കണ്ണുനീരിറ്റുവീണു. അവൾ നേർത്ത ഒച്ചയിൽ ഏങ്ങലടിച്ചു.
അവൾ, മുഖംതാഴ്ത്തി നടന്നുനീങ്ങി.
☆☆☆
വാർഡർ നടന്നടുത്തു.
“പോകാം.”
രാമൻ കോടിലോന്റെ ചുമലിൽ കൈവെച്ചു.
“ഞാൻ പോട്ടെ?”
“ങ്ങ്ഹാ”
“നമ്മളെപ്പോളാ ഇനി കാണുക?”
കോടിലോൻ ചോദിച്ചു.
“വേഗം.”
വീട്ടിലു് എന്തെങ്കിലും പറയണോ?”
“സുഖാന്നു് പറഞ്ഞെ.”
രാമൻ വാർഡറോടൊപ്പം നടന്നു.
തെല്ലുദൂരം നടന്നു് തിരിഞ്ഞുനോക്കി. കോടിലോൻ ജയിൽവളപ്പിൽ, അവിടത്തന്നെ നില്പാണു്. തനിയെ ചിരിച്ചുംകൊണ്ടു്.
കുറ്റൂരിലെത്തി നേരെ ചെന്നതു് കോടിലോന്റെ വീട്ടിലേയ്ക്കാണു്. പാട്ടിയമ്മയും ചീലയും കണ്ണനുമേ വീട്ടിലുള്ളു. കുഞ്ഞങ്ങ ഭർത്താവിന്റെ വീടിലാണു്. കണ്ടോന്താറിൽ. കേലു വെള്ളോറയിലും.
“സുഖാണു്.” രാമൻ പറഞ്ഞു: “ജെയിലു് പൊരുന്നിപ്പോയി.” [1]
“കുറുപ്പച്ചൻ പുറത്തുവരുമ്പോ രാമൻ ജെയിലില്. ഓൻ പൊറത്തു വരുമ്പോ കുറുപ്പച്ചൻ ജെയിലില്. എത്രനാളാ ഇങ്ങനെ? ഈന്യൊര് അവസാനൂല്ലേ” പാട്ടിയമ്മ മനഃക്ലേശത്തോടെ പറഞ്ഞു.
“ഒര് ദെവസം എല്ലാം നേര്യാകും, പാട്ട്യമ്മേ.”
കണ്ണൻ രാമന്റെ മുഖത്തേയ്ക്കു് ദത്തശ്രദ്ധനായി നോക്കിനിന്നു.
അയാൾ പിന്നെ, തന്റെ പ്രിയപ്പെട്ട കള്ളുഷാപ്പിലേയ്ക്കു നടന്നു.
അവിടെയെല്ലാം മാറ്റമില്ലാതെ തുടരുന്നു. മണ്‍കുടങ്ങളിൽ പതഞ്ഞുപൊങ്ങുന്ന കള്ളു്. കള്ളിൽ ചത്തുകിടക്കുന്ന ഉറുമ്പുകൾ, ചെറിയ വാക്കുതർക്കങ്ങൾ.
“എന്നെ കൊന്നൂന്നു് വിചാരിക്കു്. ന്നാലും ഞാൻ മടങ്ങിവെരും.” ഓർക്കു് സ്വൈരം കൊടുക്കൂല്ല.”
ചന്തനും പൊക്കനും കറുത്തമ്പുവുമെല്ലാം അയാളുടെ വാക്കുകൾ കേട്ടു് നിശ്ചേഷ്ടരായി ഇരുന്നു.
“മഞ്ചലും മഞ്ചലിൽ കേറ്ന്ന ആളുകളും ഇല്ലാണ്ടാവണം.”
“തൊട് [2] മുഖത്തോടടുപ്പിച്ചു
നാട്ടുവഴികളിൽ അയാളുടെ മുഴക്കമുള്ള ശബ്ദം ഉയർന്നു കേൾക്കായി. നായനാരോടും കുടുംബത്തോടുമുള്ള ദേഷ്യവും പകയും വാക്കുകൾക്കു് കുന്നുകളുടെ കനം നൽകി. അതേ കേട്ടു് മഠത്തിലുള്ളവർ അസ്വസ്ഥരായി. കോടിലോൻ കൂടെയുണ്ടെങ്കിൽ, രണ്ടുപേരുള്ളതിന്റെ ഊറ്റമാണെന്നു് പറയാമായിരുന്നു. ഇപ്പോഴിവൻ ഒറ്റയ്ക്കാണു്. ഒറ്റത്തടി മരണഭയമില്ല. ആരെക്കൊണ്ടെങ്കിലും കൊല്ലിക്കാമെന്നുവച്ചാൽ അവനോടടുക്കാൻ ആർക്കും ധൈര്യമില്ല. കൃഷ്ണൻനായനാർ പൂമുഖത്തു് അരിശപ്പെട്ടു് നിന്നു. തന്റെ പാട്ടക്കുടിയാനാണു്. ഒരു മണിനെല്ലു് പാട്ടം തന്നിട്ടില്ല. സ്ഥലത്തിന്റെ നികുതി കെട്ടാമെന്ന വിചാരംപോലുമില്ല. പോ… അയാൾ കാര്യസ്ഥന്മാരോടു് കല്പിച്ചു. പോയി അവനോടു് നെല്ലു് വാങ്ങിക്കൊണ്ടുവാ.
അവറോന്നൻ ചന്തുനമ്പ്യാർ പതുക്കെ പിൻവലിഞ്ഞു. വാണിയൻ കുഞ്ഞിക്കോമരവും പനയന്തട്ട രാമൻനായരും പാറക്കടവിലേക്കു് വെച്ചടിച്ചു.
രാമൻ വീട്ടിലു് തന്നെയുണ്ടായിരുന്നു.
മയത്തിൽ ചിരിച്ചു് തന്നെ സമീപിക്കുന്ന കാര്യസ്ഥന്മാരുടെ നേർക്കു് രാമൻ പൊട്ടിത്തെറിച്ചു:
“എന്താ എശമാനന്മാര് എയ്ന്നള്ളുന്നു?”
കുഞ്ഞിക്കോമരം പനയന്തട്ടയുടെ മുഖത്തുനോക്കി. നിങ്ങളു പറയൂ.
പനയന്തട്ട കുഞ്ഞിക്കോമരത്തോടു് നിശ്ശബ്ദമായി പറഞ്ഞു: നിങ്ങളുതന്നെ പറയുന്നതാ നല്ലതു്.
കാര്യം പന്തിയല്ലെന്നു് ഇരുവർക്കും ബോദ്ധ്യമായി. എങ്കിലും ഇത്രവരെ വന്നു് സംഗതി പറയാതെ തിരിച്ചുപോകുന്നതു് ഉചിതമല്ലല്ലോ. നായനാർ ചാടിക്കുകയില്ലേ. പറയുകതന്നെ കുഞ്ഞിക്കോമരം ഒരടി മുന്നോട്ടു നീങ്ങി.
“പാട്ടം തരണമെന്നു് പറയാൻ വന്നതാ.”
“എന്തു് പറയാൻ.”
“പാട്ടം.”
“തു് ഫൂ” രാമൻ മുഖമടച്ചു് ഉഗ്രമായി ആട്ടി.
കുഞ്ഞിക്കോമരം കാൽ പിൻവലിച്ചു.
“ഒരു മണി നെല്ലു് ഞാൻ തെരൂല്ല. ആട പറഞ്ഞേക്കിൻ. ഇനിയോമറ്റോ നെല്ലു് ചോദിച്ചു് ഇങ്ങോട്ടു് വന്നാലു് കാല്ണ്ടാവൂല്ല.”
കുഞ്ഞിക്കോമരവും പനയന്തട്ടയും നല്ലപോലെ വിളറി. ഇനി നിൽക്കുന്നതു് തടിക്കു് കേടായിരിക്കുമെന്നു് കരുതി ഇരുവരും നീട്ടിനടന്നു.
രാമൻ പതിവുപോലെ ഷാപ്പിൽ ചെന്നു്, മുന്നിൽ കള്ളെത്തുന്നതും കാത്തിരുന്നു. കുറെനേരം കഴിഞ്ഞിട്ടും കരിമ്പനെ കാണുന്നില്ല. കരിമ്പൻ ഷാപ്പിനു പിന്നിൽ പരുങ്ങി നിൽക്കുകയായിരുന്നു. രാമൻ ക്ഷമകെട്ടു് വിളിച്ചപ്പോൾ, കരിമ്പൻ അറച്ചറച്ചു് പിൻവാതിക്കൽ വന്നുനിന്നു. പേടി തോന്നിയെങ്കിലും സംഗതി പറഞ്ഞൊപ്പിച്ചു.
“കുറുപ്പച്ചനു് കള്ളു് തെരാൻ പാടില്ലാന്നു് നായനാര് പറഞ്ഞതിനു്.” തലേന്നു് നായനാർ ആളെവിട്ടു് കരിമ്പനെ മഠത്തിലേക്കു് വിളിച്ചിരുന്നു. കരിമ്പന്റെ നേരെ കുറേ തട്ടിക്കയറി. കുറുപ്പച്ചന്റെ ചെയ്തികൾക്കു് തന്നെയെന്തിനാണു് ശകാരിക്കുന്നതെന്നു് കരിമ്പനു് മനസ്സിലായില്ല. നായനാർ പറഞ്ഞു:
“നിന്റെ കള്ളുകുടിച്ചിട്ടാ ഓൻ ഈ തോന്ന്യാസങ്ങള് കാണിക്കുന്നതു്. ഇനിയൊരു തുള്ളിക്കള്ളു് നീ ഓനു് കൊടുത്തേക്കരുതു്.”
കരിമ്പൻ വിഷമത്തിലായി. തിരുവായ്ക്കു് എതിർവായില്ല. ഒരു ഭാഗത്തു് നായനാർ. മറുഭാഗത്തു് കുറുപ്പച്ചൻ. കരിമ്പൻ കുഴങ്ങി.
രണ്ടും കല്പിച്ചു്, ധൃതിയോടും സംഭ്രമത്തോടുംകൂടി, കുറുപ്പച്ചനോടു് വിവരം പറഞ്ഞു.
അയാളതുകേട്ടു് ജ്വലിച്ചുകൊണ്ടു് ചാടിയെണീറ്റു. മുഖത്തു് ഞരമ്പുകൾ പിടച്ചു. അയാളുടെ അന്തർഗതങ്ങൾ മറ്റുള്ളവർക്കു് ഊഹിക്കാവുന്നതേ ഉള്ളു. എന്തിനുള്ള ഭാവമാണെന്നു് അവർ പേടിയോടെ നോക്കിനിന്നു. അയാൾ, ഒരു വലിയ ചൂരയ്ക്കാത്തൊണ്ടു് കടന്നെടുത്തു്, മഠത്തിലേയ്ക്കു് ഒരു കാറ്റുപോലെ പാഞ്ഞു. മഠത്തിന്റെ മുറ്റത്തുചെന്നുനിന്നു് ഇടിനാദംപോലെ പറഞ്ഞു:
‘എനിക്കു് കള്ളു് തെരാമ്പാടില്ലാന്നു കരിമ്പനെ വെലക്കീല്ലേ. കള്ളു് കുടിക്കാണ്ടു് എനിക്കാവൂല്ല. ഈടെ കുടിക്കാൻ ചെത്തിവെച്ചതു് ഇങ്ങെടുക്കു്.’
രാമന്റെ ജ്വലിക്കുന്ന കണ്ണുകളെയൂം മുഴങ്ങുന്ന ശബ്ദത്തെയും നേരിടാൻ കഴിയാതെ നായനാർ ഉള്ളിലേക്കു് വലിഞ്ഞു.
‘കള്ളു് തെരാണ്ടു് ഞാനീട്ന്നു് പോവൂല.’ രാമൻ മുറ്റത്തുകൂടി അമർത്തിച്ചവിട്ടിക്കൊണ്ടു് നടന്നു. ആരും എതിർക്കാൻ തുനിഞ്ഞുചെന്നില്ല.
ഒടുവിൽ കെട്ടിലമ്മ വന്നു് രാമനെ സമാധാനിപ്പിച്ചു. അഞ്ചു രൂപയെടുത്തു കൊടുത്തു് അവർ പറഞ്ഞു: ‘പോയി വേണ്ടത്ര കുടിക്കു്. കരിമ്പനോടു് തെരാൻ പറയ്.’