images/cvb-uparodham-cover.jpg
Traveling Circus, an oil on canvas painting by Paul Klee (1879–1940).
ഏഴു്

കുറുമ്പ കണ്ണമ്പാടിയിലേയ്ക്കിറങ്ങുമ്പോഴാണു് മഞ്ചൽക്കാരുടെ മൂളൽ കേട്ടതു്. അവൾ തിടുക്കത്തിൽ ഒരു പൊന്തയ്ക്കു പിന്നിൽ മറഞ്ഞുനിന്നു. ഇലപ്പടർപ്പിലൂടെ അവൾ കണ്ടു. മഞ്ചൽ പോവുകയാണു്.

മാരാൻകരയിൽ ആലിമമ്മതിന്റെ പീടികയിലുള്ളവരും കരിമ്പന്റെ ഷാപ്പിലുണ്ടായിരുന്നവരും ഓച്ഛാനിച്ചു് എഴുന്നേറ്റുനിന്നു. മഞ്ചൽ പോയിക്കഴിഞ്ഞപ്പോൾ അവർ വീണ്ടും സ്വസ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു.

ഉച്ചാലമ്മയും തമ്പാനും ഉറ്റുനോക്കി. മഞ്ചൽ പോവുകയാണു്.

അവളെന്തോ ഓർത്തു. പടിഞ്ഞാറു്, കുറ്റിക്കാടുകൾക്കിടയിൽ മണ്ണിനടിയിൽ കിടക്കുന്ന കാരോന്തനും ചിലതു് ഓർമ്മിച്ചു. തന്റെ ദേഹത്തുനിന്നു് മാംസം മുഴുവൻ നുള്ളിപ്പറിച്ചെടുത്തു്, തന്നെ നാറുന്ന കുറച്ചു് എല്ലുകളാക്കി മാറ്റിയതു് അതാ, ആ നീങ്ങുന്ന മഞ്ചലിലുള്ളതാണു്. മണ്‍തരികളിൽ വിറങ്ങലിച്ചുവീണ ആത്മാവു് വിതുമ്പകയായി.

മഞ്ചൽ ചുമക്കുന്നവർ വിയർപ്പു തുടയ്ക്കുകയും കിതയ്ക്കുകയും ചെയ്തു. ഇപ്പോൾ മഞ്ചലിലുള്ളതു് കെട്ടിലമ്മയും രണ്ടു പെൺമക്കളുമാണു്. മഞ്ചൽ ചുമക്കുന്നവരുടെ ദേഹങ്ങൾ കുറേക്കൂടി തളർന്നിരിക്കുന്നു. അവരുടെ കണ്ണുകളിൽ വേദനയുണ്ടു്. മഞ്ചലിലിരിക്കുന്നവർ മാറിക്കൊണ്ടിരിക്കുന്നു. പ്രയാണത്തിന്റെ മന്ദഗതി അവരെ അസ്വസ്ഥരാക്കുന്നു.

ഉച്ചാലമ്മ മുറ്റത്തു് കൂനിപ്പിടിച്ചു് ഇരിക്കുകയാണു്. അവരുടെ പേരക്കിടാവു് തമ്പാൻ അടുത്തുതന്നെയുണ്ടു്. കോടിലോനെ ഒരിക്കൽ പോലീസുകാർ പിടിച്ചുകൊണ്ടുപോവുന്നതു് മുത്തശ്ശിയോടൊപ്പം കണ്ടുനിന്ന അതേ കുട്ടി. അന്നവനു് പല്ലു് കിളിർത്തിരുന്നില്ല. ഇന്നവൻ ലക്ഷണമൊത്ത ഒരാണ്‍കുട്ടിയായി മാറിയിരിക്കുന്നു. ചുരുണ്ടമുടി ഒരുവശത്തേക്കു് മാടിയൊതുക്കിയിട്ടുണ്ടു്. നെറ്റിയിൽ ചാന്തുപൊട്ടു്. ഒരു തോർത്തുമുണ്ടുടുത്തിട്ടുണ്ടു്. കുസൃതിയുടെ സ്ഫടികത്തുണ്ടുകൾ, കണ്ണുകളിൽ.

‘മുത്തേശ്ശ്യ, ഇതെങ്ങോട്ടാ മഞ്ചലിങ്ങനെ പോയിക്കൊണ്ടിരിക്ക്ന്ന്?

തമ്പാൻ ചോദിച്ചു.

‘കാനായിക്കു്’, ഉച്ചാലമ്മ പറഞ്ഞു.

‘എന്തിന്യാ?’

‘ആട്ത്തെ ഒന്നാംമൂപ്പു് ചത്തുപോയി. ഈട്ന്നു് പോയ നായനാരാ ഇനിയാട ഒന്നാമൻ.’ ഉച്ചാലമ്മ പറഞ്ഞു കൊടുത്തു.

‘ഈട്യോ?’

‘ഈടത്തേക്കു് തലവിലത്തെ നായനാറ് വെരും.’

തറവാട്ടുനിയമം അതാണു്. കുറ്റൂരിൽ നിന്നു് കാനായിലേയ്ക്കു് പാണപ്പുഴയിൽ നിന്നു് തലവിലേയ്ക്കു്. തലവിൽ നിന്നു് കുറ്റൂരിലേയ്ക്കു്. കാനായിയാണു് ഭരണത്തിന്റെ സിരാകേന്ദ്രം. കാനായിയിലെ ചിറ്റാരിയുടെ മൂപ്പായനായനാരാണു് എല്ലാറ്റിന്റെയും തലവൻ. മറ്റുള്ള മഠങ്ങളിലെയും ചിറ്റാരികളിലെയും മൂപ്പന്മാർക്കു് അധികാരപരിധികൾ നിർണയിച്ചു കൊടുത്തിട്ടുണ്ടു്. ഏഴാനകളുടെ ചെലവും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ചെലവും കാനായി മൂപ്പനാണു് വഹിക്കുക. കുറ്റൂർ മഠത്തിലേയ്ക്കു് ഇരുപത്തയ്യായിരം സേർ നെല്ലു് ചെലവിനു കിട്ടുന്നു. ഇങ്ങനെ ഒരു ചങ്ങല കൊണ്ടെന്നപൊലെ നാലുദേശങ്ങൾ അഭേദ്യമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു-എണ്ണമറ്റ തലമുറകളും. ഋതുക്കളെപ്പോലെ തലമുറകൾ മാറിമാറിവരുന്നു. അധികാരം സ്ഥായിയായി നിലനിൽക്കുന്നു. അതിനുമാത്രം മാറ്റമില്ല.

ഇതൊന്നും പൂർണ്ണമായി ഗ്രഹിക്കാനുള്ള കഴിവു് ഉച്ചലമ്മയുടെ പേരക്കിടാവിനു് ഇപ്പോഴില്ല. പക്ഷേ, അവ്യക്തമായ എന്തെല്ലാമോ അവന്റെ മനസ്സിലുണ്ടു്. കുറേ നിഴലുകൾ, കുറേ രൂപങ്ങൾ, കുറെ സംശയങ്ങൾ. അവൻ മുത്തശ്ശിയോടു് ചേർന്നുനിന്നു് വഴിയിലേയ്ക്കു് ഉറ്റുനോക്കി. മറ്റൊരു മഞ്ചൽ വരികയാണു്.

“അതു് പുതിയ മൂപ്പു് കുഞ്ഞിരാമൻ നായനാരാ. നോക്കിക്കണ്ടാ.” ഉച്ചാലമ്മ പറഞ്ഞു.

കൊമ്പൻ മീശയും ക്രൂരതയുടെ തിളക്കവുമുള്ള ഒരു മുഖം അവൻ കണ്ടു.

മരിച്ചുപോയ കാരോന്തന്റെ പെണ്ണു് മീനാക്ഷി വാതിൽപ്പാളികൾക്കു് പിന്നിൽ പതുങ്ങി നിന്നു: മറ്റൊരു തമ്പുരാൻ വരികയാണു്.

അവളെന്തോ പേടിച്ചു. പടിഞ്ഞാറു്, കുറ്റിക്കാടുകൾക്കിടയിൽ നനഞ്ഞ മണ്ണിന്നടിയിൽ കിടക്കുകയായിരുന്ന കാരോന്തനും ഭയപ്പെട്ടു.

മഞ്ചൽക്കാർ നീട്ടിനീട്ടി മൂളിക്കൊണ്ടിരുന്നു.

മാരാൻ കരയിലുള്ളവർ ഭവ്യത പ്രകടിപ്പിച്ചുകൊണ്ടു് നിന്നു. ഗജവിഗ്രഹനായ കുഞ്ഞിരാമൻ നായർ മീശതിരുമ്മിക്കൊണ്ടു് പുറത്തേയ്ക്കു് നോക്കി. അപ്പോൾ കള്ളുനിറച്ച ഒരു തൊട് കയ്യിൽ പിടിച്ചു് വണ്ണത്താൻ രാമൻ ഷാപ്പിന്റെ മുറ്റത്തേയ്ക്കിറങ്ങി. രാമന്റെ മുഖത്തു് വെറുപ്പം പുച്ഛവും തുടിച്ചു. അയാൾ മഞ്ചലിനുള്ളിലേക്കു് രോഷത്തോടെ നോക്കി. അയാളുടെയും നായനാരുടെയും കണ്ണുകൾ, മൂർച്ഛയുള്ള ഖഡ്ഗങ്ങളെപ്പോലെ ഏറ്റുമുട്ടി.

☆☆☆

“ഈ തറവാടിനെ പലവട്ടം അപമാനിച്ച അവനെ ഞാൻ വെറുതെ വിടില്ല.” കുഞ്ഞിരാമൻ നായനാർ പൂമുഖത്തൂടെ കൈകൾ പിറകിൽ കെട്ടി. കൂട്ടിലകപ്പെട്ട ഒരു വന്യമൃഗത്തെപ്പോലെ തെക്കുവടക്കു നടന്നു.

“ആര്ടെ കാര്യാ നീയിപ്പറയ്ന്നു്?” കുഞ്ഞാക്കമ്മ മകനോടു് ചോദിച്ചു.

“ആ വണ്ണത്താൻ രാമന്റെ.”

“വെറ്തെ വഴക്കിനും വയ്യവേലിക്കും പോകണ്ടാന്നാ ഞാൻ പറയുന്നതു്.”

“അമ്മ അപ്പുറത്തേക്കു് പൊയ്ക്കോളൂ. എന്താണു് ചെയ്യേണ്ടതെന്നു് എനിക്കറിയാം.

കാര്യസ്ഥന്മാർ ചിത്രത്തൂണുകൾക്കരികിലായി നിലയുറപ്പിച്ചിട്ടുണ്ടു്. പുതിയ മൂപ്പു് കൃഷ്ണൻനായനാരേക്കാൾ പ്രതാപിയാണെന്നു് അവർ സന്തോഷപൂർവം മനസ്സിലാക്കി.

‘ഓനെ ഒര് പാഠം പഠിപ്പിക്കണം.’ അവറോന്നൻ ചന്തുനമ്പ്യാർ പറഞ്ഞു.

‘അതെ, ഇനിയൊര് തോന്ന്യോസോം കാണിക്കറ്.’ ബോർഡ് സ്ക്കൂളിലെ കേളുമാസ്റ്റർ പറഞ്ഞു.

മറ്റുള്ളവർ തലകുലുക്കി.

‘പാണപ്പുഴയിൽ നിന്നു് ആളെ കൊണ്ടുവന്നു് തല്ലിച്ചാലോ?’ കോരൻ നമ്പ്യാർ ചോദിച്ചു.

നായനാർ ചൊടിച്ചു:

‘അതെന്തിനാ? ആണ്ങ്ങള് ഇവിടെ ഇല്ല്യേ.’

images/uparodham-07.png

‘ഇല്ലേന്നു് ചോദിച്ചാലു്, ഉണ്ടു്. എന്നാലു്, ഓനോടു് അട്ക്കാൻ ധൈര്യംള്ള എത്ര എണ്ണം ഉണ്ടെന്നു് ചോദിച്ചാലു് ആരും കാണില്ല.” രാമൻ നായർ പറഞ്ഞു. ’ഫ്!’ നായനാർ ശക്തിയായി ഒരാട്ടുവെച്ചുകൊടുത്തു. ’അവനെ നേരിടാൻ എന്റെ ഒരു കൈ മതി.’ കൈകളിലെ പേശികൾ ത്രസിച്ചു.

”പോരഞ്ഞിട്ടാണോന്നു് ചോദിച്ചാലു് അല്ല. പക്ഷേ അതു വേണോന്നു് ചോദിച്ചാലു്…”

“ഏതു്?” നായനാർ രാമൻനായരെ തീക്ഷണമായി നോക്കി.

“നായനാര് നേരിട്ടു് ഓന്റ്ട്ത്തു് പോന്നതു്.” അയാൾ ക്ഷമാപണത്തിന്റെ മട്ടിൽ പറഞ്ഞൊഴിഞ്ഞു.

ഇത്തരുണത്തിൽ അവറോന്നൻ ഇടപെട്ടു.

“ഞാൻ പറയുന്നതു് അങ്ങു് സമ്മതിക്ക്വാ. പാണപ്പൊഴേന്നു് ആള ്വളെ കൊണ്ട്വെർവാ നല്ലതു്. ഒക്കെ. ഞാൻ തന്നെ പോയി ഏർപ്പാടാക്കിക്കൊള്ളാം. എന്താ?”

“എന്നാലങ്ങനെ.” നായനാർ സമ്മതിച്ചു. അന്നുതന്നെ അവറോന്നൻ പാണപ്പുഴയ്ക്കു് പോയി.

☆☆☆

പുത്തിരി ദിവസമായിരുന്നു. രാമൻ എണ്ണ തേച്ചു് പാറക്കടവിലേയ്ക്കു് കുളിക്കാൻ വരികയായിരുന്നു. പുഴയുടെ തീരങ്ങൾ കാടുപിടിച്ചു് കിടക്കുകയായിരുന്നു. പെട്ടന്നു്, പരിചയമില്ലാത്ത ഒരാൾ മുന്നിലെത്തി.

“കുറുപ്പച്ചൻ കുളിക്കാൻ പോവ്വാ? അവൻ തെല്ലു് പരിഹാസസ്വരത്തിൽ ചോദിച്ചു.

“അല്ല നിന്റെമ്മക്കു് പൊടവ കൊട്ക്കാൻ.”

“നെലവിട്ടു് വർത്താനം പറയേണ്ട.”

“നീ പോടാ.” രാമൻ മുന്നോട്ടു് നടന്നു. “അങ്ങനെ അങ്ങ് പൊയാലൊ.” അവൻ വഴിയിലേക്കു് കയറി നിന്നു.

രാമൻ അവനെ അടിമുടി നോക്കി.

“നീ നിന്റെ ചോറ്റിന്റെ പണിയെട്ത്തോള്വോ. എന്റ്ട്ത്തു് കളിക്കണ്ട കളി.”

അത്രയുമായപ്പോൾ, ഓടക്കോടുകളുടെ മറവിൽ പതുങ്ങിനിന്നിരുന്ന അഞ്ചുപത്തുപേർ പാഞ്ഞുവന്നു. രാമനു് കാര്യം മനസ്സിലായി. അവരുടെ നേരെ തിരിഞ്ഞു് പറഞ്ഞു:

“പുത്തിരി ഉണ്ണണംന്നു് മനസ്സില്ണ്ടെങ്കിലു് ഒര്ത്തനും എന്റേട്ത്തു് വരണ്ട.”

അവൻ രാമനെ നാലുപാടുനിന്നു് വളഞ്ഞു.

“നിങ്ങക്കിതു് വേണ്ടാത്തതാ.” രാമൻ ഒരിക്കൽകൂടി അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, അവർ ചെവിക്കൊണ്ടിട്ടു വേണ്ടേ? അവർ രാമനോടടുത്തു. അയാൾ എളിയിൽ തിരുകിയിരുന്ന അരക്കാൽ ഉറുപ്പികയുടെ നാണയമെടുത്തു് വായിലിട്ടു. അരയിൽ നിന്നു് കത്തി വലിച്ചൂരിയെടുത്തു. ഒരുത്തന്റെ നെഞ്ചിലതു് കുത്തിയിറക്കി. അവൻ ചോരചീറ്റിക്കൊണ്ടു് ഒരു നിലവിളിയോടെ മറിഞ്ഞുവീണു. രാമൻ പിന്നെ വട്ടം ചുറ്റു് കൈവീശി അടിച്ചുതുടങ്ങി. രണ്ടുകയ്യും ചേർത്തു് ഒരുത്തന്റെ ചങ്കിൽ ആഞ്ഞടിച്ചു. അവൻ നൊന്തലറി നിലംപതിച്ചു. മറ്റുള്ളവർ വടികൊണ്ടും കൈകൾകൊണ്ടും രാമനെ തല്ലി. അവരിലൊരാളുടെ വടി പിടിച്ചുപറ്റി രാമൻ ഊറ്റമായി വീശിയപ്പോൾ അവർക്കു് അടുക്കാൻ നിവൃത്തിയില്ലാതായി. പലർക്കും നല്ലപോലെ കിട്ടി. ഒരുത്തന്റെ തല മുറിഞ്ഞു് ചോരയൊഴുകി. കുത്തേറ്റവൻ ചോരയിൽക്കിടന്നു് മരണവേദനയൊടെ പുളഞ്ഞു. മറ്റൊരുത്തൻ നടുവിനു് തല്ലുകിട്ടിയ ചേരയെപ്പോലെ പാറപ്പുറത്തു് വീണു് പിടഞ്ഞു. രണ്ടുപേരെ രാമനു പിടികിട്ടി. മറ്റുള്ളവർ ഭയന്നു് മാറിക്കളഞ്ഞു.

രണ്ടുപേരും നാട്ടുനടപ്പനുസരിച്ചു് കുടുമ നീട്ടിവളർത്തിയിരുന്നു. ആ കുടുമകളിലാണു് രാമൻ പിടിച്ചതു്. ‘രണ്ടിനേം ഞാൻ മൂന്നായം കുണ്ടിലു് മുക്കും.’ രാമൻ അലറി. രണ്ടെണ്ണവും കുതറിമാറാൻ ആവതും ശ്രമിച്ചു. രണ്ടെണ്ണത്തിനെയും പിടിച്ചുകൊണ്ടു് രാമൻ മൂന്നായം കുണ്ടിലേക്കു നടക്കുകയായിരുന്നു. പുഴയിലെ ഏറ്റവും ആഴമുള്ള ഭാഗമാണു് ‘മൂന്നായം കുണ്ടു്.’ അവിടേക്കു് നീങ്ങുമ്പോൾ രാമന്റെ കാലുകൾ ചെളിയിലുള്ള ഒരു കുഴിയിൽ താണുപോയി. തക്കംനോക്കി രണ്ടുപേരും കുതറി. ഭയന്നു് മാറിക്കളഞ്ഞിരുന്നവർ ഇതുതന്നെ നേരമെന്നു കരുതി ആഞ്ഞടുത്തു. അവരിലൊരാൾ വഴിയിൽ നിന്നു് ഒരു കയർ നീട്ടിയെറിഞ്ഞു. അതിന്റെ കുരുക്കു് രാമന്റെ കഴുത്തിൽ ചെന്നു വീണു. പിന്നിൽ നിന്നു് പിടിച്ചു വലിച്ചപ്പോൾ രാമനു് നിലയുറച്ചില്ല. കയർ ഊരിക്കളയാൻ കഴിഞ്ഞെങ്കിലും എഴുന്നേൽക്കാൻ സമയം കിട്ടിയില്ല. ഓടിയടുത്തവരുടെ കൈകളിൽ കാരമുള്ളിന്റെ വടികളുണ്ടായിരുന്നു. മുള്ളുകൾ എഴുന്നു നിന്നു. അവർക്കു പിടിക്കേണ്ടടത്തുമാത്രം മുള്ളുചെത്തിക്കളഞ്ഞിരുന്നു. മുൾവടികൊണ്ടു് അവർ രാമനെ ഇടംവലം നോക്കാതെ തല്ലി. രാമന്റെ ദേഹത്തു് മുള്ളുകൾ തറച്ചുകയറി. അയാൾക്കു് ഒന്നും ചെയ്യാൻ പറ്റിയില്ല. അവർ നാലുപാടുനിന്നും തുടരെ തല്ലുകയാണു്. അതിന്നിടയിൽ തന്നോടടുത്ത ഒരുത്തനെ കടന്നുപിടിച്ചു് രാമൻ അവന്റെ ചൂണ്ടുവിരൽ കടിച്ചു തുപ്പി. അവൻ ഒരലർച്ചയോടെ ഇരുന്നു. ഒട്രുവിൽ തല്ലുകൊണ്ടു് രാമൻ തളർന്നപ്പോൾ അവരു് കയറെടുത്തു് വരിഞ്ഞുകെട്ടി. കാരമുള്ളുകൾ പിന്നെയും ദേഹത്തു് തുളച്ചു കയറിക്കൊണ്ടിരിക്കുമ്പോൾ അയാൾ കരയുകയോ നിലവിളിക്കുകയോ ചെയ്തില്ല.

അവറോന്നൻ ആ നേരത്തു് സംഭവസ്ഥലത്തെത്തി. ദേഹംനിറയെ മുള്ളുതറച്ചു്, ചോരയൊഴുക്കിത്തളർന്നു കിടക്കുന്ന രാമനെ പുറം കാൽകൊണ്ടു് തട്ടി.

‘നിന്റെ മദം അടങ്ങ്യോടാ?’ ദഹിപ്പിക്കുന്ന ഒരു നോട്ടം, മറുപടി. അവറോന്നൻ ചുറ്റിലും നോക്കി.

പാണപ്പുഴക്കാരിൽ ഒരുത്തനായ അമ്പു ഇതിനകം പിടഞ്ഞു് നിശ്ചലനായിക്കഴിഞ്ഞിരുന്നു. അവറോന്നൻ കുനിഞ്ഞു് അവന്റെ കൈപിടിച്ചു് നാഡിമിടിപ്പു് ശ്രദ്ധിച്ചു.

‘ചത്തു.’ അങ്ങനെ പറഞ്ഞുകൊണ്ടു് അയാൾ നിവർന്നു.

‘ഇവനേം കൊന്നേക്കാം.’ കൊളമ്പക്കാരൻ ചന്തൻ പറഞ്ഞു.

അവറോന്നൻ ആലോചിച്ചു.

‘വേണ്ട ഇവനെ നമ്മള് കൊല്ലണ്ട. സർക്കാർ തൂക്കിക്കൊന്നോളും. അതാ നല്ലതു്.’

പോലീസിലേയ്ക്കു് അപ്പോൾ തന്നെ ആളെ വിട്ടു.

സന്ധ്യയായപ്പോഴാണു് പോലീസു വന്നതു്.

യാത്ര തുടങ്ങുന്നതിനുമുമ്പു് രാമൻ, അവിടേക്കു വന്ന നായനാരുടെ മുഖത്തു് നോക്കി തുപ്പിയപ്പോൾ വായിൽ നിന്നു് അരക്കാൽ ഉറുപ്പികയുടെ നാണയം തെറിച്ചുവീണു.

രാമന്റെ സഹനശക്തിയുടെ തെളിവായി ആ നാണയം തിളങ്ങി.

രാത്രി പോലീസുകാർ രാമനെയും കൊണ്ടു് നടന്നു. രാമന്റെ കൈകൾ പിറകിൽ ബലമായി കെട്ടിയിരുന്നു. മുന്നിലും പിന്നിലും മഠത്തിലെ നാലഞ്ചു് പണിക്കാർ ചൂട്ടുവീശിക്കൊണ്ടു് നടന്നു. ഇരുട്ടിലൂടെ ആ യാത്ര നീങ്ങി.

☆☆☆

ജയിലിൽവെച്ചു് കോടിലോൻ കാണുമ്പോൾ രാമന്റെ ദേഹമാസകലം നീരുവെച്ചിരുന്നു. പരിക്കുകളുണ്ടായിരുന്നു. മുള്ളുകൾ തറച്ചുകയറിയ മുറിവുകൾ പഴുത്തിരുന്നു. രാമൻ വേദന കടിച്ചമർത്തിക്കൊണ്ടു് കൂട്ടുകാരനോടു് പറഞ്ഞു:

“എന്നെ അവര് ഇങ്ങ്ന്യൊക്കെ ചെയ്തൂടോ. ജെയിലു് വിട്ടാ നീ കര്തിവേണം നടക്കാൻ.”

കോടിലോന്റെ മുഖത്തു് വിയർപ്പു് പൊടിഞ്ഞു.

ജയിൽ ഡോക്ടർ വന്നു് രാമന്റെ ദേഹത്തുനിന്നു് മുപ്പതോളം മുള്ളുകൾ നീക്കം ചെയ്തു. രാമൻ ചോദിച്ചു.

‘എത്രയായി.’

ഡോക്ടർ സ്തബ്ധനായി രാമനെ നോക്കിനിന്നു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ നിലവിളിച്ചു് ബഹളം കൂട്ടുമായിരുന്നു. ഇയാളിതു് എങ്ങനെയാണു് സഹിക്കുന്നതു്. മനുഷ്യൻ എന്തൊരത്ഭുതമാണു്! അവനെ അതിശയിക്കാൻ ഭൂമിയിലെന്തുണ്ടു്! അയാൾ ഒരു നിമിഷത്തേയ്ക്കു് പതറിപ്പോയി. പിന്നീടു്, മനസ്സിനെ നിയന്ത്രിച്ചു നിർത്തി. അന്വേഷണത്തിൽ വീണ്ടും മുഴുകി. മുള്ളു്, മുള്ളു്…

രാമന്റെ പേരിൽ കൊലക്കേസു് ചാർജ് ചെയ്തിരുന്നു. ജഡ്ജിയുടെ പേനത്തുമ്പു് കാത്തുകഴിയുന്നു. ദീർഘകാലത്തേക്കു് ഒരതിഥിയെ പാർപ്പിക്കാൻ ജയിൽമുറി ഒരുങ്ങി നിൽക്കുന്നു.

മുഴുവൻ മുള്ളുകളും ജയിലിനകത്തുവെച്ചു് നീക്കം ചെയ്യാൻ കഴിഞ്ഞില്ല. നായനാർ പ്രേരിപ്പിച്ചു് രാമനെ പുറത്തുള്ള ആശുപത്രിയിലേക്കു് മാറ്റി. ഓപ്പറേഷൻ വേണമെന്നു് അവിടത്തെ ഡോക്ടർ പറഞ്ഞു. നായനാരുടെ പക ശമിച്ചില്ല. അയാൾ ഡോക്ടർക്കു് പണം കൊടുത്തു്, രാമന്റെ വലത്തെ കാലിലെ ഞരമ്പുകൾ മുറിച്ചുമാറ്റിച്ചു. രാമൻ അങ്ങനെ എന്നന്നേയ്ക്കുമായി മുടന്തനായിരുന്നു.

തന്നെ ചതിച്ചുവെന്നു് മനസ്സിലായപ്പോൾ രാമൻ സംഹാരരുദ്രനായി മാറി. ജയിലധികൃതർ അയാളെ ഒറ്റയ്ക്കൊരു സെല്ലിൽ അടച്ചിട്ടു. അതിനകത്തു നിന്നു് രാമൻ അലറി വിളിക്കുന്നതു് കോടിലോൻ നിറകണ്ണുകളോടെ കേട്ടുനിന്നു. രാമനെ കാണാൻ ആരേയും അനുവദിച്ചില്ല. മൂന്നുനാൾ കഴിഞ്ഞപ്പോൾ രാമന്റെ ശബ്ദം ക്ഷീണിച്ചു. കണ്ണുനീര് അണപൊട്ടിയൊഴുകി. പരുപരുത്ത തറയിൽ വീണുകിടന്നു് അയാൾ പൊട്ടിക്കരഞ്ഞു. പുറത്തു കാവൽ നിൽക്കുന്ന വാർഡൻ അതു് കാണാനാവാതെ മുഖം തിരിച്ചുകളഞ്ഞു. അയാൾക്കും കണ്ണുനിറഞ്ഞിരുന്നു.

“അമ്മാമൻ വരുന്നുണ്ടു്.” കണ്ണൻ അമ്മയെ വിളിച്ചു് പറഞ്ഞു.

പാട്ടിയമ്മ ഇറയത്തേയ്ക്കു് വന്നതു് കരഞ്ഞുംകൊണ്ടാണു്.

Colophon

Title: Uparōdham (ml: ഉപരോധം).

Author(s): C V Balakrishnan.

First publication details: Prabhatham Printing and Publishing Co; Trivandrum, Kerala; 1998.

Deafult language: ml, Malayalam.

Keywords: Novel, C V Balakrishnan, Uparodham, സി വി ബാലകൃഷ്ണൻ, ഉപരോധം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2022.

Credits: The text of the original item is copyrighted to tha author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Traveling Circus, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Illustration: CN Karunakaran; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.