കോടിലോൻ പെങ്ങളുടെ നേർക്കു് മുഖമുയർത്തി.
പാട്ടിയമ്മ പുടവയുടെ കോന്തലയെടുത്തു് കണ്ണുതുടച്ചു.
കോടിലോന്റെ മുഖത്തു് താടിയും മീശയും വളർന്നിരുന്നു.
മനസ്സിൽ സങ്കടങ്ങൾ വിങ്ങി.
പാട്ടിയമ്മ ഒന്നും ചോദിച്ചില്ല. അകത്തേയ്ക്കുപോയി കിണ്ണത്തിൽ കഞ്ഞി വിളമ്പി.
കോടിലോൻ കഞ്ഞി കുടിക്കാനിരുന്നു. ഒരു പിടി വാരിയപ്പോൾതന്നെ വേണ്ടെന്നുതോന്നി.
പാട്ടിയമ്മ പറഞ്ഞു:
“കുടിക്ക്, നല്ല ക്ഷീണമുണ്ടു് മുഖത്തു്.”
കോടിലോൻ ഒന്നും പറയാതെ കഞ്ഞികുടിച്ചു.
പിന്നെ ഇറയത്തു് മലർന്നുകിടന്നു് പറഞ്ഞു.
“അവര് ആശ്വത്രീലു് കൊണ്ടുപോയിട്ട് രാമന്റെ ഞരമ്പു് മുറിച്ചുകളഞ്ഞു് മൊടന്തനാക്കി.”
ആ വിവരം പാട്ടിയമ്മയ്ക്കു മാത്രമല്ല, കൂറ്റൂരിലെ മിക്കവർക്കും നടുക്കം പകരുന്നതായിരുന്നു. കൂരകൾക്കുള്ളിൽനിന്നു് ചുഴികൾപോലെ തേങ്ങലുകളുയർന്നു.
ഉച്ചാലമ്മ കരയുന്നതു കണ്ടപ്പോൾ തമ്പാൻ ചോദിച്ചു:
“എന്തിന്യാ മുത്തശ്ശ്യേ, കരയ്ന്നതു്?
അവർ തമ്പാനെ ചേർത്തുപിടിച്ചു.
“നമ്മടെ കുറുപ്പച്ചനെ മൊടന്തനാക്കീലെ അപ്യ.” ഉച്ചാലമ്മ എങ്ങലടിച്ചു. അതുകണ്ടു് അവന്റെയും മനസ്സലിഞ്ഞു.
കൂവപ്പകുന്നിന്റെ ചോട്ടിലിരുന്നു് ചീരൂട്ടി കണ്ണുനീർ വാർത്തു.
കണ്ണമ്പാടിയിലൂടെ കണ്ണുനീരൊഴുകി.
ആകാശച്ചെരുവുകളിൽ ദുഃഖച്ഛവി കലർന്നു. മരങ്ങൾ വിറങ്ങലിച്ചു നിന്നു. കാറ്റുപോലും വീർപ്പടക്കിപ്പിടിച്ചു.
പാറക്കടവിലേയ്ക്കു് നോക്കിനിന്നു് കൊല്ലത്തി ചീയേയി തേങ്ങി. മുന്നായം കുണ്ടിൽ കണ്ണുകൾ ഉടക്കി. അതിന്റെ ആഴത്തിൽനിന്നു് ഒരു കാറ്റു് വീശിപ്പടരുന്നമാതിരി തോന്നി.
☆☆☆
നെല്ല്യാട്ടു് വയലിൽ പുഞ്ചവിതയ്ക്കുകയാണു്. കോടിലോനും മരുമകൻ കണ്ണനും ചേർന്നാണു് വയൽ പൂട്ടുന്നതു്. പോത്തുകൾ ചെളിക്കണ്ടത്തിലൂടെ നടന്നുനീങ്ങി. ചെന്നെല്ലിന്റെ വിത്തുകൾ മണ്ണിൽ പുതഞ്ഞു. കാക്കകൾ താണു പറന്നു. തോട്ടിറമ്പിലെ കാട്ടെരിക്കുകൾ വൃശ്ചികക്കാറ്റിൽ ഉലഞ്ഞു.
തോടുകടന്നു് കാരള കോരൻ വയലിലേയ്ക്കു് നടന്നു. കോടിലോൻ പൂട്ടിക്കൊണ്ടിരുന്ന പാടത്തിന്റെ വരമ്പത്തു കയറിനിന്നു് കോരൻ ചോദിച്ചു:
“നിങ്ങളോടാരാ ഇതു് പൂട്ടാൻ പറഞ്ഞതു്?”
കൊടിലോൻ പോത്തുകളെ പിടിച്ചുനിർത്തി. കണ്ണന്റെ പോത്തുകളും നിന്നു.
“എന്താടാ പറഞ്ഞതു്?” കോടിലോൻ ചോദിച്ചു.
“ഇതു് നായനാര് എന്റെ പേരിലു് എഴുതിത്തന്നതാ. നിങ്ങക്കു് ഇതിലു് അവകാശമില്ല.”
അതിന്നു മറുപടിയായി കോടിലോൻ മുടിങ്കോൽ നീട്ടിപ്പിടിച്ചു കൊണ്ടു് കോരന്റെ നേർക്കോടി. കോരൻ അവിടെ നിന്നില്ല. പറ്റുന്നത്ര വേഗത്തിൽ ചലിച്ചു് മഠത്തിലെത്തി. നായനാരെ വിവരം ധരിപ്പിച്ചു.
നായനാർ പറഞ്ഞു:
“അഞ്ചാറ് വാലിയക്കാരേംകൂട്ടി നീ പോയി മേൽവിത്തിട്.”
നായനാർ പറഞ്ഞ പ്രകാരം കോരൻ ആളുകളെ വിളിച്ചുചേർത്തു. കാനത്തുമ്പൊയിലു് ശങ്കരൻ, തോട്ടത്തിൽ കുഞ്ഞപ്പു. ഉറുവാടന്റെ രാമൻ, കൂവ കൊട്ടൻ-ഇവർക്കു പുറമെ പാടത്തുനിന്നു് കരിമ്പൻ പുലയനേയും വെള്ളിപ്പുലയനേയും ഒപ്പം കൂട്ടി. കാര്യസ്ഥൻമാരായ പുല്ലായിക്കൊടി കോരൻ നമ്പ്യാരും പനയന്തട്ടു് രാമൻ നായരും അവരോടുകൂടേ ചേർന്നു. അഞ്ചേർകാലികളെയും തെളിച്ചുകൊണ്ടായിരുന്നു പോക്കു്.
കാര്യങ്ങൾ നേരിൽ കണ്ടറിയാൻ ഒന്നാം കാര്യസ്ഥനായ അവറോന്നനും നെല്ല്യാട്ടു് വയലിലേയ്ക്കു നടന്നു. നായനാർ പടിപ്പുരയിലിരുന്നു.
☆☆☆
കാലികളും ആൾക്കാരും വരുന്നതു് കണ്ണനാണു് ആദ്യം കാണാനിടയായതു്.
“അതാ, വെര്ന്ന്”, അവർ പകച്ചു് പറഞ്ഞു.
കോടിലോൻ അങ്ങോട്ടു നോക്കി.
“എരുതുകളെ കെട്ട്ടാ”, കോരൻ പുലയരോടു പറഞ്ഞു.
അവർ എരുതുകളെ നേരെ നിർത്തി നുകംവെച്ചു് ഞേങ്ങോലു കെട്ടുകയായി.
കോരൻ വിത്തുകുട്ടയുമായി വയലിൽ മേൽവിത്തു കൂട്ടാനിറങ്ങി.
കോടിലോൻ ഒരു കൊടുങ്കാറ്റുപോലെ ചീറിക്കൊണ്ടു് കോരന്റെ നേർക്കു് കുതിച്ചു. വിത്തുകൂടയോടൊപ്പം കോരൻ കണ്ടത്തിൽ മലർന്നടിച്ചുവീണു.
തോട്ടുവക്കിൽ നിന്നു്, കൈതകളുടേയും, കാട്ടെരുക്കുകളുടേയും മറവിൽ നിന്നു് കാലികൾ വയലുകളിൽ ചാടിയിറങ്ങി. അവയുടെ പിന്നിലെ ഉറുവാടന്റെ രാമനും മറ്റുള്ളവരും ഓടി. കാലികൾ നിയന്ത്രണമില്ലാതെ വയലുകളിലൂടെ പായുന്നതും, കുറേ മനുഷ്യരൂപങ്ങൾ തന്റെ നേർക്കു് ഓടിയടുക്കുന്നതും കോടിലോൻ കണ്ടു.
☆☆☆
അമ്മാമന്റെ നേർക്കു് ആളുകൾ പാഞ്ഞടുക്കുന്നതു കണ്ടു് കണ്ണൻ നിലവിളിക്കാൻ പോലും മറന്നു. അവന്റെ കണ്ണുകളിൽ ഭീതിയുടെ പായൽ നിറഞ്ഞു. അവൻ അറിയാതെ ഞെങ്ങോലിൽ നിന്നു് പിടിവിട്ടു. എന്നിട്ടും പോത്തുകൾ അനങ്ങിയില്ല. വയലുകളിലങ്ങിങ്ങു് ചിറകൊതുക്കിച്ചികഞ്ഞു നടന്ന കൊക്കുകളും കാക്കകളും ഉറക്കെ കരഞ്ഞുകൊണ്ടു് പറന്നു പൊങ്ങി. കാട്ടെരിക്കുകൾ കാറ്റിൽ വിറച്ചുലഞ്ഞു. കോടിലോന്റെ അടിയേറ്റു് രണ്ടുപേർ ചെളിയിൽ വീണു ഞെരങ്ങി. കാലുയർത്തിയും കൈകൾ വീശിയും അയാൾ മറ്റുള്ളവരോടു് എതിരിട്ടു. അവരിൽ ചിലർ അടിതെറ്റി ചെളി വയലിൽ പിടഞ്ഞു വീഴുകയും എഴുന്നേറ്റു് വീണ്ടും ആക്രമണം തുടരുകയും ചെയ്തു. ഒരാൾ പിന്നിൽ നിന്നു് കോടിലോന്റെ ചുമലിൽ കുത്തി.
അവർ അമ്മാവനെ പൊതിഞ്ഞു നിന്നു്, കൈചുരുട്ടിയിടിക്കുന്നതു കണ്ടു് കണ്ണൻ, വിരയ്ക്കുന്ന ഒച്ചയിൽ നിലവിളിച്ചു.
“അയ്യോ, അമ്മാവനെ കൊല്ലുന്നേ.” അവൻ അവരുടെ നേർക്കോടി.
ഒരാൾ അവനെ വയറ്റത്തു് തൊഴിച്ചു് വീഴ്ത്തി. അവൻ ചാടിയെണീറ്റു് പിന്നെയും അവരുടെ ഇടയിലേയ്ക്കു പാഞ്ഞു. ആരോ അവനെ വീണ്ടും പിടിച്ചുതള്ളി. വീണുകിടക്കുമ്പോൾ അവൻ കണ്ടു. അമ്മാവൻ അവരുടെ നടുവിൽ കാലുതളർന്നു് മുഖംകുത്തി വീഴുകയാണു്.
“അമ്മാവനെ കൊല്ലല്ലേ”, എന്നു് കരഞ്ഞുകൊണ്ടു് അവൻ പിടഞ്ഞെണീറ്റു.
ഒരാൾ ഒരു തോർത്തുകൊണ്ടു് കൊടിലോന്റെ കൈകൾ ചേർത്തു കെട്ടുമ്പോൾ മാലത്തിൽ കണ്ണൻ ദൂരെനിന്നു് ഓടിവന്നു. അയാളുടെ കൈയിലൊരു ചെറിയ കത്തിയുണ്ടായിരുന്നു. കോടിലോൻ അയാളെ തിരിച്ചറിഞ്ഞു് ഞെരങ്ങുംപോലെ വിളിച്ചു:
“കണ്ണാ, ഓടിവാ.”
നാലുപേർ കണ്ണന്റെ നേർക്കു് തിരിഞ്ഞുനിന്നു. കോരൻനമ്പ്യാർ പറഞ്ഞു:
“ജീവനും കൊണ്ടു് തിരിച്ചുപോണംന്നുണ്ടെങ്കിലു് ഓടിക്കോ.”
അവിടെ നിന്നു് ഒന്നും ചെയ്യാൻ കഴിയില്ലെന്നു് കണ്ണനു് ക്ഷണത്തിൽ ബോദ്ധ്യമായി. നെഞ്ചിടിപ്പേറി. എന്താണു് ചെയ്യുകയെന്നു് ഒരുനിമിഷം ആലോചിച്ചു. പിന്നെ, പതിനഞ്ചു നാഴിക അകലെയുള്ള പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി. അതിവേഗത്തിൽ ഓടി.
വയലുകളും വടക്കും തെക്കും കരകളിലുള്ള വീടുകളിൽ നിന്നു് ആരെല്ലാമോ നോക്കുന്നുണ്ടായിരുന്നു. ആരും അവിടേക്കു് അടുക്കാൻ ധൈര്യപ്പെട്ടില്ല.
രണ്ടുപേർ ചേർന്നു് കോടിലോനെ വലിച്ചിഴച്ചു.
“പാതാറിന്റെ കല്ലിങ്ങെടുത്തുകൊണ്ടു് വാടാ.” രാമൻനായർ പുലയരോടു് പറഞ്ഞു.
കരിമ്പനും വെള്ളിപ്പുലയനും ഓടിപ്പോയി. പാതാറിന്റെ കല്ലുകൾ ഇളക്കിയെടുത്തുകൊണ്ടുവന്നു.
കൊട്ടൻ കോടിലൊന്റെ തലപിടിച്ചു് സർവേക്കല്ലിൽ വെച്ചു. കോരനും ഉർവാടന്റെ രാമനും ഓരോ കല്ലെടുത്തു് കോടിലോന്റെ മുഖത്തിനുനേരെ ഉയർത്തിപ്പിടിച്ചു.
കലക്കവെള്ളം പരന്ന കണ്ണുകൾകൊണ്ടു് കോടിലോൻ അവ്യക്തമായി കണ്ടു. രണ്ടു കല്ലുകൾ.
കൃഷ്ണമണികൾ സ്ഫടികംപോലെ തിളങ്ങി.
ഒരു കല്ലു് മൂക്കിനുമീതെ ആഞ്ഞമർന്നു. കോരൻ അതുയർത്തിയപ്പോൾ രാമൻ തന്റെ കയ്യിലുണ്ടായിരുന്ന കല്ലുകൊണ്ടു് ഇടത്തേ കണ്ണിനു് കുത്തി. ആ കണ്ണിലാകെ കൽക്കഷ്ണങ്ങളും ചോരയും നിറഞ്ഞു. കോടിലോന്റെ മൂഖം ആ ആഘാതത്തിൽ ഒരുവശത്തേക്കു് ചരിഞ്ഞു.
തോട്ടുവക്കിൽ കണ്ണട ധരിച്ച, ദീർഘകായനായ ഒരാൾ കുട തുറന്നുപിടിച്ചു് ബിംബംപോലെ നിൽക്കുന്നതു കണ്ടു.
അമ്മാവനെ കൊല്ലരുതേ എന്നു് മരുമകൻ നിലവിളിക്കുന്നതു കേട്ടു.
ഇടത്തേ കവിളിൽ ഒരു കല്ലുകൂടി അമർന്നു. കണ്ണുകളിൽ, നെറ്റിയിൽ, കവിളിൽ, വായിൽ അവിടെയെല്ലാം കല്ലുകളമർന്നുകൊണ്ടിരുന്നു. മുഖമാകെ ചതഞ്ഞരഞ്ഞു. കോടിലോൻ തന്റെ മരണം ഈ വിധത്തിലാണല്ലോ എന്നോർത്തുകൊണ്ടു് കിടന്നു പുളഞ്ഞു. വരണ്ടതൊണ്ട നനക്കാൻ ഒരിറ്റു വെള്ളത്തിനുവേണ്ടി നാവുനീട്ടി.
കൂവകൊട്ടാൻ കൈക്കുടന്നയിൽ ചെളിവെള്ളം കോരിയെടുത്തു. അതങ്ങനെതന്നെ അയാളുടെ വായിലൊഴിച്ചു കൊടുത്തു. ചോരയും ചെളിവെള്ളവും ഒരുമിച്ചു കലർന്നു്, തൊണ്ടയിൽ നിറഞ്ഞു.
മരുമകൻ കണ്ണൻ പൊട്ടിക്കരഞ്ഞുകൊണ്ടു് വയലുകളിലൂടെ പാഞ്ഞു-വെള്ളോറയിൽ പോയി കേളുവമ്മാവനെ വിവരമറിയിക്കാൻ. അവൻ വഴിനീളെ കരഞ്ഞു. അവന്റെ ശരീരമാസ്കലം ചെളിയായിരുന്നു. അവന്റെ നെഞ്ചു് ഒരു അരയാലിലപോലെ വിറച്ചു. കരഞ്ഞുകൊണ്ടു്, കിതച്ചുകൊണ്ടു് അവനോടി.
മറ്റൊരു വഴിയിലൂടെ പോലീസ് സ്റ്റേഷനിലേയ്ക്കു മാളത്തിൽ കണ്ണനും ഓടിക്കൊണ്ടിരുന്നു. അയാളും കരയുകയായിരുന്നു. മനസ്സു് പ്രക്ഷുബ്ധമായിരുന്നു. വീഴുമെന്നു തോന്നിയിട്ടും ഒരിടത്തും നിൽക്കാതെ ഓടി.
സർവ്വേക്കല്ലിൽ ചാഞ്ഞുകിടക്കുന്ന മുഖത്തു് പിന്നേയും കല്ലുകളമർന്നു.
☆☆☆
വെയിലേറ്റുകൊണ്ടു്, നടുവയലിൽ ചതക്കപ്പെട്ട മുഖം ഒരു സർവ്വേക്കല്ലിൽ ചേർത്തുവെച്ചു് അയാൾ കിടന്നു.
വയലുകളിൽ വേറെ ആരുമില്ല. എല്ലാവരും പൊയ്ക്കഴിഞ്ഞിരിക്കുന്നു. നാലുപോത്തുകൾ നുകം പേറി ചുരമാന്തിക്കൊണ്ടു് നിന്നു. അവയെ ഊറ്റമായി ചാടിച്ച ശബ്ദം ഇപ്പോഴൊരു തളർന്ന ഞരക്കം പോലുമില്ല. കല്ലുകൾകൊണ്ടു് കരുണയില്ലാതെ കുത്തിച്ചതച്ച മൂഖം സർവ്വേക്കല്ലിൽ ചേർത്തുവെച്ചു്, വയലുകൾക്കു നടുവിൽ, പൊരിവെയിലിൽ അയാൾ കിടന്നു. തെങ്ങുകളുടെയും എരുക്കുകളുടെയും കണ്ണാവണക്കുകളുടെയും മറവിൽ-ആരും അനങ്ങിയില്ല.
കൊത്തിവെച്ച പാവപൊലെ അവർ നിന്നു. അന്യോന്യം നോക്കാൻ പോലും അവർ ഭയപ്പെട്ടു.
മുഖത്തു് കുറ്റബോധവും നിസ്സഹായതയും അനുനിമിഷം പെരുകി. ഓടിയെത്തിയ പാട്ടിയമ്മ അവരുടെ അടുത്തായി മൂർച്ഛിച്ചു വീണു.
വയലുകൾക്കു നടുവിൽ, സർവ്വേക്കല്ലിൽ തല ചേർത്തുവെച്ചു് അയാൾ കിടന്നു. കല്ലിലേയ്ക്കു് ചോര വാർന്നൊഴുകിക്കൊണ്ടിരുന്നു.