images/Night_market_in_Rotterdam.jpg
Night market in Rotterdam, a painting by Petrus van Schendel (1806–1870).
ആമസോൺ —ആരുടെ ആത്മനിർഭരത
ദാമോദർ പ്രസാദ്

ഏറ്റവും പുതിയ പുസ്തകം ഏറ്റവും വില കുറവിൽ ലഭിക്കുന്നു എന്നതുകൊണ്ടു നമ്മുടെ ചിന്തയ്ക്കോ ആസ്വാദനത്തിനോ മൗലികമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. ചിലപ്പോൾ, അതു് നേർവിപരീതമായി ബോധത്തെ മന്ദീഭവിപ്പിക്കുയായിരിക്കും ചെയ്യുക.

‘ആദ്യം അവർ പുസ്തകക്കടകളെ തേടി വന്നു, ഞാൻ ഒന്നും മിണ്ടിയില്ല കാരണം ഞാൻ പുസ്തകടക്കാരനല്ലല്ലോ പിന്നെ അവർ ടാക്സിക്കാരെ തേടി വന്നു, തുടർന്നു് വസ്തുകച്ചവടക്കാരെ, അഭിഭാഷകരെ, ആർട്ടിസ്റ്റുകളെ, മാധ്യമ പ്രവർത്തകരെ, അധ്യാപകരെ, കർഷകരെ… പിന്നെ പിന്നെ കൃത്യമായ വിശേഷണങ്ങളുള്ള പലതരം തൊഴിലുകളെ അതു് തേടിയെത്തും. വരുന്ന ഇരുപതു വർഷത്തെ കാലയളവിനുള്ളിൽ എത്രപേർക്കു് സ്വന്തം നിലയ്ക്കുള്ള ജീവനോപാധികളുണ്ടാകും… നമ്മൾ ഇതൊന്നും തന്നെ ആലോചിക്കുന്നില്ല. തൊണ്ണൂറു ശതമാനം പരാജയ സാധ്യതയുള്ള ഒരു സ്റ്റാർട്ട് ആപ്പ് തുടങ്ങുന്നതാണു് ഏറ്റവും സമർത്ഥമായ ഇപ്പോഴത്തെ കാര്യം…’ ഗാർഡിയൻ പത്രത്തിൽ പ്രസിദ്ധീകരിച്ച കരോൾ കാഡ്വെൽഡറിന്റെ ലേഖനത്തിൽ നിന്നു്.

images/damodar-amazon-01.jpg

മുകളിൽ കാണുന്ന ഈ ചിത്രം ഓണലൈനിൽ പുസ്തകം വാങ്ങുന്ന നമ്മൾ എല്ലാവർക്കുമുള്ള ഒരു സന്ദേശമാണു്. ചെറിയ ചില ലാഭങ്ങൾക്കും ചെറിയ സൗകര്യങ്ങൾക്കും വേണ്ടി നമ്മൾ പലരും ഉപേക്ഷിച്ച പുസ്തകക്കടകളിലേക്കു് തിരിച്ചു പോവാനുള്ള ആഹ്വാനം. അൽഗോരിതമുകളും റോബോട്ടുകളും നമ്മുടെ ഇഷ്ടങ്ങൾ സൂക്ഷ്മ വിശകലനത്തിലൂടെ കണ്ടെത്തി നമ്മളിലേക്കു് തന്നെ വിവരങ്ങളായി തിരിച്ചയച്ചുകൊണ്ടു് ആകർഷിക്കുന്ന ഓൺലൈൻ ചില്ലറ വില്പന സ്രോതസ്സുകളിൽ നിന്നു് പിൻവാങ്ങി നമുക്കു് നിത്യ പരിചയമുള്ള സുഹൃത്തുക്കളും നമ്മുടെ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങളും പരിഗണിക്കുകയും അറിയുകയുമൊക്കെ ചെയ്യുന്ന, ഒരുപക്ഷേ, അതിനെ കുറിച്ചു് വിമർശനങ്ങൾ പോലും പങ്കു വെയ്ക്കുന്ന മനുഷ്യർ നേരിട്ടു നടത്തുന്ന പുസ്തകക്കടകളെ തന്നെ നമുക്കു് ആശ്രയിക്കാം. ഏറ്റവും പുതിയ പുസ്തകം ഏറ്റവും വില കുറവിൽ ലഭിക്കുന്നു എന്നതുകൊണ്ടു നമ്മുടെ ചിന്തയ്ക്കോ ആസ്വാദനത്തിനോ മൗലികമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. ചിലപ്പോൾ, അതു് നേർവിപരീതമായി ബോധത്തെ മന്ദീഭവിപ്പിക്കുയായിരിക്കും ചെയ്യുക. ഓൺലൈൻ വഴി ആരും വായിക്കാത്ത ആരും കാണാത്ത ആരും കേൾക്കാത്ത നിഗൂഡമായി എന്തോ കണ്ടെത്തി എന്ന നിലയിൽ ആത്മരതിക്കു മാത്രം ഉതകുന്ന പുസ്തക പ്രദർശനം വായനയുടെ കാര്യത്തിലോ ചിന്തയുടെ കാര്യത്തിലോ ഒരു മൗലികതയുടെ ലക്ഷണവും പ്രകടിപ്പിക്കുന്നതല്ല. പകരം വേറിട്ടൊന്നും പറയാനില്ലാത്ത ഒരാളുടെ ആത്മവിശ്വാസരാഹിത്യത്തിന്റെ അവതരണമാകാനേ തരമുള്ളൂ. എല്ലാവർക്കും അറിയുന്ന കാര്യത്തെക്കുറിച്ചു പങ്കു വെയ്ക്കുന്ന കാര്യങ്ങളിലാണു് വ്യക്തിഗത മൗലികത മാറ്റുരയ്ക്കുന്നതു്. വിലക്കുറവും പുസ്തക ലഭ്യതയുമൊക്കെ പ്രധാനം തന്നെ. ഓൺലൈനിനെ തിരസ്ക്കരിക്കുക എന്നതുമല്ല കാര്യം. ഓൺലൈൻ അക്കൗണ്ട് അവസാനിപ്പിക്കുക എന്നുമല്ല. ഒരു പക്ഷേ, അവിടെ നിന്നു് ഇനിയും വാങ്ങേണ്ടി വരും. പ്രശ്നം, മനുഷ്യപാരസ്പര്യത്തെ പ്രധാനമായി കാണുന്ന സംസ്കാരത്തെ മുൻനിർത്തി മനുഷ്യ ഇടപാടുകേന്ദ്രങ്ങളായ കടകളെ സമീപിക്കുക എന്നതാണു്. ഓൺലൈൻ ചില്ലറ വ്യാപാരം കുത്തകവല്കരിക്കപ്പെടുകയും അതു് പൂർണ്ണമായും ജീവിതവ്യവസ്ഥകളെ ഗ്രസിക്കുകയും ചെയ്യുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയപ്പെടേണ്ടതുണ്ടു്.

ക്ലാസിക്കൽ മുതലാളിത്ത സങ്കല്പത്തിൽ സർഗ്ഗമാത്മക സംഹാരം നൂതനത്വത്തിന്റെ പ്രമാണമാണു്. നവീനമായൊരു സാങ്കേതിക വിദ്യ അതുവരെ പ്രയോഗത്തിലുണ്ടായിരുന്ന സാങ്കേതിക വിദ്യയെ ഇല്ലാതാക്കിക്കൊണ്ടു മറ്റൊന്നു് പ്രയോഗത്തിൽ കൊണ്ടു് വരുന്നു.

ഇന്നത്തെ നിലയിൽ ആമസോൺ, ഗൂഗ്ൾ, ഫേസ്ബുക്ക്, ആപ്പ്ൾ എന്നിവ ടെക് അധിതിഷ്ഠിത ലോകത്തിൽ ദൈവ സമാനമായ അസ്തിത്വമാണു് സ്ഥാപിച്ചുവെച്ചിട്ടുള്ളതു്. ഇവരുടെ സേവനങ്ങളുടെയും ഉല്പന്നങ്ങളുടെയും ഉപഭോഗ അടിമകൾ എന്ന നിലയിൽ സഹസ്ര കോടി ജനങ്ങൾ ദൈവേച്ഛ എന്ന നിലയിലാണു് ഈ ടെക് ഭീമന്മാരുടെ സ്വജീവിതത്തിലേയ്ക്കുള്ള ഓരോ കടന്നുകയറ്റത്തെ സ്വീകരിക്കുന്നതും സ്വാംശീകരിക്കുന്നതും. ഈ ടെക് വാണിജ്യത്തിന്റെ ഓരോ ഓരോ മനുഷ്യവ്യാവഹാരികമായ പുതുമേഖലയിലേക്കുള്ള അനുദിനമെന്നോണമുള്ള അധിനിവേശം ദൈവത്തിന്റെ കാര്യമെന്നപോലെ യുക്തിക്കതീതമാണു്. യുക്തിക്കതീതമാണു് അതിന്റെ പ്രായോഗിക നീക്കങ്ങൾ എന്നതിനാൽ അവയുടെ പ്രവർത്തനങ്ങളുടെ യഥാർത്ഥ സ്വഭാവം വിശദീകരിക്കുമ്പോൾ അതു് വെറും ഊഹവും സങ്കല്പവുമാണു് എന്നു് (തെറ്റി) ധരിക്കപ്പെട്ടേക്കാം. ഉദാഹരണത്തിനു് നോക്കൂ: ആമസോൺ ഓൺലൈൻ ചില്ലറ വില്പന വളരെ വൈകാതെ ഇന്ത്യൻ കർഷകനു് മേൽ തന്റെ സാമ്രാജ്യം സഥാപിക്കുമെന്ന നിരീക്ഷണം തന്നെ നടത്തിയാൽ ആരു് വിശ്വസിക്കും? കഴിഞ്ഞ ഒരഞ്ചു വർഷത്തിനുള്ളിൽ ആമസോൺ ഓൺലൈൻ ചില്ലറ വില്പന ഏതൊക്കെ വ്യത്യസ്ത മേഖലകളിലേക്കു് കടന്നു എന്നു് നോക്കുക. ഭക്ഷ്യ വിതരണത്തിൽ നിന്നു് ലക്ഷ്വറി ഉൽപനങ്ങളുടെ ഓൺലൈൻ ശൃംഖല മുതൽ ക്ളൗഡ് വെബ് സർവീസ് സേവനം വരെ. ഇന്ത്യൻ കോർപറേറ്റ് അദാനി ഇടനിലക്കാരനായി സംയുക്ത അടിസ്ഥാനത്തിൽ ഒരു ഭക്ഷ്യ ഓൺലൈൻ വിതരണ ശൃംഖല ആമസോൺ സ്ഥാപിക്കുമെന്നതു് അത്ര വിദൂരമോ വിസ്മയകരമോ ആയ കാര്യമല്ല. പുതിയ കാർഷിക നിയമനുസരിച്ചു മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക്, ഹെഡ്ജ് വിപണന രീതി പോലെ, കർഷകനെ ആദ്യം അത്യാവശ്യം ആകർഷകമായ കോൺട്രാക്ട് വ്യവസ്ഥയിലും പയ്യെ പയ്യെ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു ഏതു വിളവിറക്കണം എത്ര വിലയ്ക്കെന്നതുവരെ കർഷകനെ വിധേയപ്പെടുത്തി സ്വന്തം ലാഭേച്ഛകൾ മാത്രം മുൻനിർത്തി ഓൺലൈൻ ചില്ലറ മേഖലയിലെ കുത്തകകൾ വൈകാതെ തന്നെ ഭക്ഷ്യവിതരണ മേഖല കൈയടക്കുമെന്നു് കേവലമൊരു ഊഹമായി മാത്രം തള്ളിക്കളയേണ്ടതാണോ?

സ്വേച്ഛാധിപത്യപരമായ സംഹാരം
images/Joseph_Schumpeter.jpg
ജോസഫ് ഷുംപീറ്റർ

മുതലാളിത്ത നവീകരണത്തിന്റെ കാതലായി ജോസഫ് ഷുംപീറ്റർ വിശേഷിപ്പിച്ച സർഗ്ഗാത്മക സംഹാരം (creative destruction) എന്ന പ്രക്രിയ ആ ഘട്ടം പിന്നിട്ടു് സ്വേച്ഛാധിപത്യപരമായ സംഹാരത്തിലേക്കു് (Authoritarian Destruction) മാറിയിരിക്കുന്നു. ആമസോൺ തുടങ്ങിയ ടെക് ഭീമന്മാരാണു് ഈ പുതിയ സംരംഭകത്വ തത്വം അവതരിപ്പിച്ചിരിക്കുന്നതു്. ക്ലാസിക്കൽ മുതലാളിത്ത സങ്കല്പത്തിൽ സർഗ്ഗമാത്മക സംഹാരം നൂതനത്വത്തിന്റെ പ്രമാണമാണു്. നവീനമായൊരു സാങ്കേതിക വിദ്യ അതുവരെ പ്രയോഗത്തിലുണ്ടായിരുന്ന സാങ്കേതിക വിദ്യയെ ഇല്ലാതാക്കിക്കൊണ്ടു മറ്റൊന്നു് പ്രയോഗത്തിൽ കൊണ്ടു് വരുന്നു. മുതലാളിത്തത്തിന്റെ മാത്രമല്ല നാളിതുവരെയുള്ള ചരിത്ര പുരോഗതിക്കു് നിദാനമായ ഒന്നാണിതെന്നു വിശദീകരിക്കാം. പക്ഷേ, സർഗ്ഗാത്മക സംഹാരം മാനവരാശിയുടെ പൊതുനേട്ടത്തിനു് ഗുണകരമാവുന്ന വിധത്തിൽ പുതിയ സാധ്യതകളെ പ്രധാനം ചെയ്യുന്നു. വാസ്തവത്തിൽ മനുഷ്യ വംശം എക്കാലത്തും കാംക്ഷിക്കുന്നതു് അധ്വാനത്തിന്റെ ലഘൂകരണമാണു്. ഓരോ കണ്ടുപിടുത്തത്തിന്റെയും ഉദ്ദേശ്യമിതാണു്. അധ്വാന ലഘൂകരണത്തിനു് നിദാനമായ ഉപയോഗ ഉപകരണങ്ങളെ പിടിച്ചടക്കികൊണ്ടു ചുരുക്കം ചിലർ അതു് കൈയിലൊതുക്കുന്നു. മുതലാളിത്തം ഈ ലഘൂകരണ യജ്ഞങ്ങളെ പുതിയ തൊഴിൽ വിഭജനത്തിന്റെ രീതിയിലും—സംരംഭകൻ, ഉല്പാദകൻ, ഉപഭോക്താവു് എന്ന പരിശുദ്ധ ത്രയത്തിന്റെ അടിസ്ഥാനത്തിലും, ഈ വ്യവസ്ഥക്കു് പൊതു സ്വീകാര്യത വരുത്തിക്കൊണ്ടു ഇതിനെ വ്യവസ്ഥാപിത ക്രമമാക്കി മാറ്റിയിരിക്കുന്നു. സർഗ്ഗമാത്മക സംഹാരം, മുതലാളിത്ത ചിന്തകരുടെ നീരിക്ഷണത്തിൽ, വ്യസ്ഥയെ ചടുലമാക്കുന്ന ഒന്നാണു്. അതു് സമ്പദ്വ്യവസ്ഥയുടെ അകത്തു നിന്നു് അതിനെ നവീകരിക്കുന്നു. അങ്ങിനെ അതിന്റെ ഗുണഫലം സർവ്വരിലേക്കും അരിച്ചിറങ്ങുന്നു. മനുഷ്യ രാശിയുടെ പൊതു മികവായിരുന്ന ചരിത്രപരമായ പല ചടുല മാറ്റങ്ങളും മുതലാളിത്തത്തിൽ വ്യക്തിയുടെ മാത്രം മികവായാണു് പരിണമിക്കുന്നതു്. എന്തായാലും, മുതലാളിത്ത ദർശനം മുന്നോട്ടു് വെച്ച സർഗ്ഗാത്മക സംഹാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വ്യക്തിപ്രഭാവ സിദ്ധാന്തം ഉപേക്ഷിച്ചു വൻകിട കോർപ്പറേറ്റുകളുടെ ഗവേഷണ വികസന വകുപ്പിന്റെ ഹിതങ്ങളുടെതാക്കി മാറ്റി. പൊതു നന്മയല്ല, കോർപറേറ്റ് ലാഭേച്ഛകൾ അടിസ്ഥാനമാക്കി നടത്തുന്ന പ്രവർത്തനം മാത്രമാണു് ഇതെന്നും ഇന്നു് തിരിച്ചറിവുണ്ടു്. അതുകൊണ്ടു തന്നെ ഒരു സാങ്കേതിക നവീകരണത്തിന്റെ ഗുണഫലം മനുഷ്യരാശി മുഴുവൻ അനുഭവിക്കുന്നതിൽ അസമത്വവും കാലതാമസവുമുണ്ടാകുന്നു. സർഗ്ഗാത്മക സംഹാരമെന്നതു് മുതലാളിത്ത ഗൃഹാതുരത്വമായി അവശേഷിക്കുന്നു. എന്നാൽ പുതിയ അധീശത്വ സംഹാരത്തിൽ വാസ്തവത്തിൽ നടക്കുന്നതു് ഉന്മൂലനപരമായ സംഹാരമാണു് (Annihilative Destruction). ഇതിന്റെ പ്രത്യേകത എന്തെന്നാൽ അതു് പുതുതായി ഒന്നും ഉണ്ടാക്കുന്നില്ല എന്നു് മാത്രമല്ല ഒരുപാടു് ഒരുപാടു് നാശം വിതച്ചുകൊണ്ടാണു് അതു് മുന്നേറുന്നതു് എന്നാണു്. ആമസോൺ ഓൺലൈൻ ചില്ലറ വില്പന സംരംഭം തന്നെ നോക്കുക. അതു് രാഷ്ട്രങ്ങൾക്കു് അതീതമായി ഒരു സാമ്രജ്യം സ്ഥാപിതമാക്കി എന്നതു് മാത്രമല്ല, ഓരോ രാജ്യത്തെയും ചെറുകിട വില്പനക്കാരെയും വൻകിടക്കാരെയും ഒരേ പോലെ നിലംപരിശാക്കി, ഒപ്പം തന്നെ പലതരം തൊഴിലുകളെ നശിപ്പിക്കയും ചെയ്തിരിക്കുന്നു. തൊഴിലുകളെ നശിപ്പിക്കുക എന്നതിനേക്കാൾ മനുഷ്യ വ്യാപാരവുമായി ബന്ധപ്പെട്ട പലയിനം തൊഴിലുകളെ ഉന്മൂലനം ചെയ്തിരിക്കുന്നു. തൊഴിൽ ഇല്ലാതാവുന്നതും തൊഴിൽ ഉന്മൂലനം ചെയ്യുന്നതും തമ്മിൽ വ്യത്യസമുണ്ടു്. തൊഴിൽ ഇല്ലാതെയാവുമ്പോഴും പ്രസ്തുത തൊഴിൽ അപ്രസക്തമാകുന്നില്ല. ഉന്മൂലനത്തിൽ സംഭവിക്കുന്നതു് പ്രസ്തുത തൊഴിൽ, അതിനാവശ്യമായ നൈപുണ്യ, വിനിമയ രീതികൾ—എല്ലാം തന്നെ തൊഴിൽ സംസ്കാരത്തിൽ നിന്നു് അപ്രത്യക്ഷമായി പോവുകയാണു്. ഇവിടെ സമ്പന്നനായ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം സാങ്കേതിക നവീകരണത്തിനു് മുമ്പു് നിലന്നിരുന്ന തൊഴിലുകൾ ഒരു ബാധ്യതയായി അനുഭവപ്പെടുകയാണു്. അത്തരം തൊഴിലുകളെയും അതിനാവശ്യമായ നൈപുണികളെയും ഉന്മൂലനം ചെയ്യുക വഴി ആമസോൺ പോലെ ഓൺലൈൻ വിപണന ശൃംഖല പുതിയൊരു ഉല്പാദനരഹിതമായ ഉപഭോഗമാത്ര ആത്മനിർഭരത പ്രദാനം ചെയ്യുകയാണു് ചെയ്യുന്നതു്.

തൊഴിൽ ഇല്ലാതാവുന്നതും തൊഴിൽ ഉന്മൂലനം ചെയ്യുന്നതും തമ്മിൽ വ്യത്യസമുണ്ടു്. തൊഴിൽ ഇല്ലാതെയാവുമ്പോഴും പ്രസ്തുത തൊഴിൽ അപ്രസക്തമാകുന്നില്ല. ഉന്മൂലനത്തിൽ സംഭവിക്കുന്നതു് പ്രസ്തുത തൊഴിൽ, അതിനാവശ്യമായ നൈപുണ്യ, വിനിമയ രീതികൾ—എല്ലാം തന്നെ തൊഴിൽ സംസ്കാരത്തിൽ നിന്നു് അപ്രത്യക്ഷമായി പോവുകയാണു്.

കോവിഡ് വ്യാപനത്തെ തുടർന്നു് വിപണിയിലുണ്ടായ മാന്ദ്യത്തിൽ നിന്നു് സാമ്പത്തിക വ്യവസ്ഥയെ കരകയറ്റാനായുള്ള ഉത്തേജക പാക്കേജ് രാഷ്ട്രത്തിനു മുമ്പാകെ അവതരിപ്പിച്ചുകൊണ്ടു് പ്രധാനമന്ത്രി നരേന്ദ്ര മോഡി തദ്ദേശീയ ഉൽപന്നങ്ങളുടെ വിപണനം പ്രോൽസാഹിപ്പിക്കപ്പെടണമെന്നും അതിനായി ലോക്കൽ സമ്പദ്വ്യവസ്ഥയെ ഉഷാറാക്കുന്നതിലേക്കു് ആത്മനിർഭർ പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. അതിനു കാരണമായി പ്രധാനമന്ത്രി പറഞ്ഞതു് പ്രതിസന്ധി ഘട്ടത്തിൽ ‘ലോക്കൽ’ മാത്രമേ നമ്മുടെ സഹായത്തിനുണ്ടായിരുന്നുള്ളു എന്നാണു്. വാസ്തവത്തിൽ തദ്ദേശീയ വിപണി സ്തംഭിക്കുകയാണു് ചെയ്തതു്. ലോകമാകെ തന്നെ ഏറ്റവുമധികം ഈ ഘട്ടത്തിൽ വ്യാപാരം നടന്നതു് ഓൺലൈൻ വഴിയാണു്. ഒന്നോ രണ്ടോ ഓൺലൈൻ കുത്തകകളാണു് ഏറ്റവുമധികം ബിസിനസ്സ് നടത്തിയതു്.

നോട്ട് നിരോധനത്തിനു് ശേഷം നിലവിൽ വന്ന ഡിജിറ്റൽ പേയ്മെന്റ് രീതികളും അതിനു ഉത്തേജകമായി.

ഡാറ്റാ കെണി

മനുഷ്യരാശിയുടെ തന്നെ വിവര/വിജ്ഞാന ത്വരകളെ ഏറെകുറേയെന്നല്ല മുഴുവനായും തന്നെ ഗൂഗ്ൾ ക്രമപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. നമുക്കു് സാമാന്യേന അറിയാവുന്ന ഒരു കാര്യം പോലും ഗൂഗ്ൾ ചെയ്തു ഉറപ്പു വരുത്തിയ ശേഷമേ നമ്മൾ പ്രസ്തുത വിവരത്തെ ശരിവെയ്ക്കുകയുള്ളൂ.

മഹാമാരിയെ തുടർന്നു് ലോകം മുഴുവനും അങ്ങേയറ്റം പ്രതിസന്ധി നേരിട്ടപ്പോഴും ജനസംഖ്യയിലെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളും ചെറുകിട കർഷകരും കൈവേലക്കാരും അനൗപചാരിക തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരും സ്വയം തൊഴിൽ രംഗത്തു പ്രവർത്തിക്കുന്ന ഇടത്തരക്കാരും സാമ്പത്തികമായി അസ്ഥിരീകരിക്കപ്പെടുകയും അടിത്തട്ടുജനത പാപ്പരീകരിക്കപ്പെടുകയും ചെയ്ത അതേ ദുരിത കാലത്തിൽ തന്നെ ക്രമാതീതമായി വ്യക്തിഗത സമ്പത്തുയർത്തിയവരിൽ ഏറ്റവും മുമ്പിൽ ഡാറ്റ, ഓൺലൈൻ വിപണന രംഗത്തെ കുത്തക മുതലാളിമാരായിരുന്നു. ഇന്ത്യയിൽ ഡാറ്റയും എണ്ണയും ചെറുകിട വ്യാപാരവും കുത്തകവത്കരിച്ചുകൊണ്ടിരിക്കുന്ന മുകേഷ് അംബാനിയാണു് നേട്ടമുണ്ടാക്കിയതെങ്കിൽ ആഗോള തലത്തിൽ ആമസോണിന്റെ ജെഫ് ബെസോസാണു് സമ്പത്തു സമാഹരണത്തിൽ ഏറ്റവും വർദ്ധനവുണ്ടാക്കിയതു്. മഹാമാരിയുടെ കാലത്തു ബിസിനസ്സ് നടത്തിക്കൊണ്ടു പോകാൻ തന്നെ പ്രയാസമായിരിക്കെ വിപണിയുടെ വലിയൊരു ശതമാനവും കൈയടക്കാൻ ഇവർക്കു് സാധിച്ചുവെന്നതാണു് നഗ്നയാഥാർഥ്യം. ഡാറ്റ/ഇ-കോമേഴ്സ് മേഖലയാണു് ഏറ്റവും വലിയ നേട്ടം കൈവരിച്ച മേഖല. കഴിഞ്ഞ നാലഞ്ചു വർഷമായി ഇ-കോമേഴ്സ് രംഗത്തു വലിയ തോതിൽ മാറ്റങ്ങൾക്കു് വഴി തുറക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. അതിൽ പ്രധാനമായിരുന്നതു് ടാക്സി ഓട്ടോ മേഖലയിൽ യൂബർ, ഓല തുടങ്ങിയവരുടെ കടന്നു വരവായിരുന്നു. ഇന്ത്യൻ നഗരങ്ങളിലെ ഒരു നവ മധ്യവർഗത്തിനു ആശ്വാസകരമാവുന്ന രീതിയിലാണു് ഇതിന്റെ പ്രവർത്തനം സജ്ജീകരിച്ചിരുന്നതു്. ഓൺലൈൻ വഴിയാണു് സകല ഇടപാടുകളും എന്നു മാത്രമല്ല പഴയ മട്ടിൽ നിന്നു് വ്യത്യസ്തമായി ആഡംബരത്തിനു ആഡംബരവും കൃത്യതയ്ക്കു കൃത്യതയും ഓൺലൈൻ ഉപരി മധ്യവർഗത്തിനു അനുഭവസ്ഥമായി. വലിയ സ്വീകാര്യതയാണു് ഈ പുതിയ ഓൺലൈൻ ടാക്സി സംവിധാനത്തിനു് ലഭിച്ചതു്. പക്ഷേ, മഹാമാരി കാലത്തു തൊഴിൽ സുരക്ഷിതത്വം എത്രമാത്രം ദുർബ്ബലമാണു് എന്നു് ഉപരി മദ്ധ്യവർഗ്ഗത്തിനു് ഒരു വേളയെങ്കിലും ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ വർഗ്ഗപരമായ നിലനില്പിനെ വിസ്മരിച്ചുകൊണ്ടു ജനതയുമായി ഒരൈക്യപ്പെടലിനു തയ്യാറാകുമോ എന്നു് സംശയമാണു്. യൂബറിനും ഓലെക്കും ശേഷം ഗിഗ് എക്കോണമി കടന്നു വന്ന മേഖല ഭക്ഷണ വിതരണമാണു്. പ്രത്യക്ഷത്തിൽ അതു് ഭക്ഷണ ശാലകൾക്കു് പൊതുവിൽ അനുകൂലമാണു് എന്നു് തോന്നിപ്പിച്ചവെങ്കിലും സ്വന്തം നിലയ്ക്കുള്ള ക്ളൗഡ് അടുക്കളയെക്കുറിച്ചുള്ള ആലോചനകളിലാണു് ഓൺലൈൻ ഭക്ഷണ സേവന ദാതാക്കൾ.

ആമസോണിന്റെ മത്സര മികവിനുള്ള ഒരു കാരണം അതിന്റെ വിർച്വൽ അസ്തിത്വമാണു്. പുസ്തകം, തുണി, ഇലക്ട്രോണിക് ഉപകരണങ്ങൾ, കളിപ്പാട്ടം (വലിയ വരുമാനമുള്ള ലോക വാണിജ്യങ്ങളിൽ പ്രധാനം!!), കോസ്മെറ്റിക്സ്, എന്നു വേണ്ട ചില്ലറ മേഖലയിലുള്ള ഏതും ആമസോണിന്റെ പരിധിയിൽ വരും.

ആമസോൺ ആദ്യം ഓൺലൈൻ വഴിയുള്ള പുസ്തക വ്യാപാരമായാണു് ആരംഭിക്കുന്നതു്. ഇന്റർനെറ്റ് വാണിജ്യ അടിസ്ഥാനത്തിൽ വികസ്വരമാകുന്ന ഘട്ടത്തിൽ തന്നെ ആമസോൺ പ്രവർത്തനം ആരംഭിച്ചിരുന്നു. പക്ഷേ, അതു് വലിയ തോതിൽ വികസിക്കുകയും ഏതാണ്ടു് അതിനു വിഴുങ്ങാവുന്ന ഏതൊക്കെ മേഖലകളെയാണോ അവയൊക്കെ തന്നെ വിഴുങ്ങി ദേശരാഷ്ട്ര അതീതമായ സംരംഭമായി തീരുന്നതു് രണ്ടായിരം പകുതിയോടെയാണു്. 2017-ൽ ഫോർബ്സ് മാഗസിൻ ജെഫ് ബെസോസിനെ ലോകത്തിലെ ഏറ്റവും സമ്പന്നനായി നാമകരണം ചെയ്തു. അമ്പതിനായിരത്തി ഇരുനൂറ്റി അറുപത്തിയാറു കോടിയായിരുന്നു മൊത്തം മൂല്യം. ആമസോണിന്റെ പ്രവർത്തന മേഖലകൾ ഏതൊക്കെയാണു്? ഓൺലൈൻ ചില്ലറ വ്യാപാരത്തിൽ ലോകത്തിൽ ഏറ്റവും ഒന്നാം സ്ഥാനം. ഇതിനർത്ഥം ലോകത്തിൽ നടക്കുന്ന ഓൺലൈൻ വ്യാപാരത്തിന്റെ സിംഹഭാഗവും ആമസോൺ വഴിയാണെന്നാണു്. ഭക്ഷ്യ സ്റ്റോറുകളും ഷിപ്പിംഗ് സൗകര്യങ്ങളും സ്വന്തം നിലക്കു് നിയന്ത്രിക്കുന്നു. ഇതിനു പുറമെ ക്ളൗഡ് സേവനം നൽകി വരുന്ന വെബ്സെർവിസ്, ആമസോൺ വീഡിയോ പ്രൈം പ്ലാറ്റ്ഫോം, ഇതുപോലെ സാധനങ്ങൾ വിൽക്കാനുള്ള ആമസോൺ മാർക്കറ്റ് പ്ലേസ്. വിപുലമാണു് ആമസോണിന്റെ പ്രവർത്തന മേഖലകൾ. അതു് മാത്രമല്ല ലോകത്തിലെ ഏറ്റവും ബൃഹത്തായ ഡാറ്റ സമാഹൃത്താവാണു ആമസോൺ.

ഗൂഗ്ളിനെയും ആമസോൺ തന്റെ ഡാറ്റ സംഭരണ ശേഷിവെച്ചുകൊണ്ടു വിരട്ടുന്നുണ്ടു് എന്നതാണു് യാഥാർഥ്യം. ഉദാഹരണം നോക്കൂ: ഒരു ഉപഭോക്താവു് എന്തെങ്കിലും ഉല്പന്നത്തെക്കുറിച്ചു സവിശേഷമായി എന്തെങ്കിലും തിരയുകയാണെങ്കിൽ ആദ്യം അയാൾ ആമസോണിനെയായിയിരിക്കും ആശ്രയിക്കുക.

മനുഷ്യരാശിയുടെ തന്നെ വിവര/വിജ്ഞാന ത്വരകളെ ഏറെകുറേയെന്നല്ല മുഴുവനായും തന്നെ ഗൂഗ്ൾ ക്രമപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. നമുക്കു് സാമാന്യേന അറിയാവുന്ന ഒരു കാര്യം പോലും ഗൂഗ്ൾ ചെയ്തു ഉറപ്പു വരുത്തിയ ശേഷമേ നമ്മൾ പ്രസ്തുത വിവരത്തെ ശരിവെയ്ക്കുകയുള്ളൂ. അത്രമാത്രം ബന്ധിതമാണു് നമ്മൾ ഗൂഗ്ൾ കോർപറേഷനോടു്. ഗൂഗ്ളിനു് ആ നിലയിൽ പ്രതിയോഗിയായി വന്നതു് ആമസോൺ പുറത്തിറക്കിയ അലക്സാ ശബ്ദ സേർച്ച് ഉപകരണമാണു്. അതു് തിരച്ചിലിനെ കൂടുതൽ ആയാസരഹിതമാക്കുവാനും അങ്ങനെ ഗൂഗ്ൾ തിരച്ചിൽ യന്ത്രത്തിനു് പകരമാകാനുമായിരുന്നു ലക്ഷ്യം വെച്ചതു്. അതിൽ ആമസോൺ അത്രയൊന്നും ഇതുവരെ മുന്നേറിയില്ല എന്നു് വേണം മനസ്സിലാക്കാൻ. ചില്ലറ വില്പന മേഖലയിൽ തന്നെയാണു് ആമസോണിന്റെ പ്രധാന വരുമാന ഉപാധി. ഏറ്റവും കൂടുതൽ മുതൽമുടക്കുന്നതും കൂടുതൽ വെയർഹൗസുകൾ സ്ഥാപിക്കാനും. ആമസോൺ അതിനെ ഫുൾഫിൽമെന്റ് (fullfilment centres) സെന്ററുകൾ എന്നാണു് നാമകരണം ചെയ്തിരിക്കുന്നതു്. ചില്ലറ വില്പന മേഖലയിൽ മത്സരത്തെ കടുപ്പിക്കാനും എതിരാളികളെ തറപറ്റിക്കാനും കടലിന്റെ അടിയിൽ വരെ വെയർഹൌസ് സ്ഥാപിക്കാനുള്ള പദ്ധതികളിലാണു് ആമസോൺ. ചില്ലറ വില്പന മേഖലയിൽ ഇരുട്ടിന്റെ രാജകുമാരൻ (prince of darkness) ആയി മാറിക്കൊണ്ടിരിക്കുകയാണു് ആമസോൺ എന്നു് സ്കോട്ട് ഗല്ലോവെ പറയുന്നു. സ്കോട്ട് ഗല്ലോവെ ‘The Four: The Hidden DNA of Amazon, Apple, Facebook and Google’ എന്ന പുസ്തകത്തിൽ ഇവരുടെ ഉള്ളുകള്ളികളെ കൃത്യമായി വലിച്ചുകൊണ്ടുവരികയും അതിന്റെ സാമൂഹ്യ ആഘാതം എന്താണെന്നു് വിശദീകരിക്കുകയും ചെയ്തിട്ടുണ്ടു്. ഇവരുടെ ഗൂഢ ബിസിനസ്സ് തന്ത്രങ്ങളെക്കുറിച്ചു അറിയാൻ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണു് ഇതു്. ആമസോണിന്റെ മത്സര മികവിനുള്ള ഒരു കാരണം അതിന്റെ വിർച്വൽ അസ്തിത്വമാണു്. പുസ്തകം, തുണി, ഇലക്ട്രോണിക് ഉപകരണങ്ങൾ, കളിപ്പാട്ടം (വലിയ വരുമാനമുള്ള ലോക വാണിജ്യങ്ങളിൽ പ്രധാനം!!), കോസ്മെറ്റിക്സ്, എന്നു വേണ്ട ചില്ലറ മേഖലയിലുള്ള ഏതും ആമസോണിന്റെ പരിധിയിൽ വരും. ആ മേഖലയിലെ പരമ്പരാഗത കച്ചവടക്കാരെ സമ്പൂർണ്ണമായും തുടച്ചു നീക്കുക എന്നതു് അത്ര വിദൂരത്തല്ലാത്ത കാര്യമായി മാറിയിരിക്കുന്നു. പരമ്പരാഗത വാണിജ്യത്തിനു് ആവശ്യമായ സാമ്പ്രദായിക ഇഷ്ടിക കെട്ടിടങ്ങളോ അതിലേക്കുള്ള ചിലവിനങ്ങളോ ആവശ്യമായിരുന്ന മനുഷ്യവിഭവശേഷിയോ ഒന്നും തന്നെ ആമസോണിനു് ആവശ്യമായി വരുന്നില്ല. അത്രയും ചിലവുകൾ ലാഭിക്കാം. പക്ഷേ, അതിനേക്കാളൊക്കെ ഉപരി ആമസോണിന്റെ വിജയത്തിനു് നിധാനം അവരിലേക്കു് ആകർഷിക്കപ്പെട്ടു നിർത്തിയിരിക്കുന്ന ഉപഭോക്താക്കളാണു്. എത്രയധികം ഉപഭോക്താക്കൾ എന്നതിനു് ഇന്റർനെറ്റിന്റെ മണ്ഡലത്തിൽ അർത്ഥം അത്രയധികം ഡാറ്റ എന്നതാണു്.

ആമസോൺ ശേഖരിച്ചുവെയ്ക്കുന്ന ഡാറ്റ എന്നതു് ഒരാളുടെ വ്യക്തിഗത വിവരം മാത്രമല്ല സാമൂഹിക സാമ്പത്തിക ഘടനയെക്കുറിച്ചുള്ള സൂക്ഷ്മ വിശകലനത്തിനുള്ള വിഭവങ്ങൾകൂടിയാണു്. വാസ്തവത്തിൽ, ആമസോൺ തുടങ്ങിയവയുടെ കോളനീകരണ പ്രക്രിയയുടെ സ്വഭാവം ഇപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു എന്നതാണു് അതിനെ ദൈവ തുല്യമായ അവസ്ഥ നൽകുന്നതു്.

റീറ്റെയ്ൽ ആഗോള ഭീമൻ വാൾമാർട്ടിനെ ആമസോൺ ഓൺലൈൻ ചില്ലറ വില്പനയിൽ കടത്തിവെട്ടിയതു് ആദ്യം രംഗം പ്രവേശം ചെയ്തതിന്റെ നേട്ടം വെച്ചുകൊണ്ടു മാത്രമല്ല ആമസോണിന്റെ കൈയിൽ ‘ഡാറ്റ’ എന്ന ഏറ്റവും വിശിഷ്ടമായ മൂലധനം ഉണ്ടായിരുന്നു എന്നതു കാരണം കൂടിയാണു്. വാൾമാർട് ജെഡി എന്ന ഓൺലൈൻ സംരംഭം സ്വന്തമാക്കിയിട്ടും ചില്ലറ വില്പനയ്ക്കാവശ്യമായ ഓരോ സവിശേഷ മേഖലയെക്കുറിച്ചും വിശേഷ ജ്ഞാനമുണ്ടായിട്ടും മത്സരത്തിൽ ആമസോണിന്റെ പിറകിൽ മാത്രമേ അതിനു് ഓടി ചെന്നെത്താൻ കഴിഞ്ഞുള്ളൂ എന്നതു് കാണിക്കുന്നതു് ആമസോൺ എത്രമാത്രം ഡാറ്റ ഇതിനകം തന്നെ സമാഹരിച്ചുവെന്നും അതു് എത്ര വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയെന്നതുമാണു്. ഗൂഗ്ളിനെയും ആമസോൺ തന്റെ ഡാറ്റ സംഭരണ ശേഷിവെച്ചുകൊണ്ടു വിരട്ടുന്നുണ്ടു് എന്നതാണു് യാഥാർഥ്യം. ഉദാഹരണം നോക്കൂ: ഒരു ഉപഭോക്താവു് എന്തെങ്കിലും ഉല്പന്നത്തെക്കുറിച്ചു സവിശേഷമായി എന്തെങ്കിലും തിരയുകയാണെങ്കിൽ ആദ്യം അയാൾ ആമസോണിനെയായിയിരിക്കും ആശ്രയിക്കുക. ഇന്ത്യയിൽ ഫ്ലിപ്കാർട് പോലുള്ള ഓൺലൈൻ സംരംഭങ്ങൾ ആമസോണിനു് തിരച്ചിലിന്റെ കാര്യത്തിൽ വലിയ മത്സരം നൽകുന്നുവെന്നു് ശരിയാണു്. പക്ഷേ, ആമസോൺ മുന്നേറുന്നതു് ഉപഭോക്താക്കളുടെ ഓൺലൈൻ പെരുമാറ്റത്തെക്കുറിച്ചു അവരുടെ വ്യക്തിഗത താല്പര്യത്തെപ്പറ്റി മുൻകൂറായി അറിയാമെന്നതു കൊണ്ടും അവർ തിരയുന്നതും, എന്തിനു പറയുന്നു, അവർ മനസ്സിൽ തിരയാൻ ആഗ്രഹിച്ചതുമായ വിവരങ്ങൾ ആമസോൺ ഉപഭോക്താക്കൾക്കു് സമയാസമയം എത്തിക്കുന്നു എന്നതാണു്. ഇതിന്റെ അർത്ഥം, ആമസോണിന്റെ അൽഗോരിതം കൃത്യമായി ഓരോ വ്യക്തിയെയും അവരുടെ വ്യക്തിഗതമായ താല്പര്യങ്ങളെയും ഇഷ്ടങ്ങളെയും പിന്തുടരുന്നു എന്നതാണു്. ആമസോണിന്റെ സൂക്ഷ്മ പരിശോധന ഉപഭോഗ പൗരൻ ഒരനുഗ്രഹമായി കാണുന്ന വിധത്തിൽ ആമസോൺ വ്യക്തികളുടെ ആഭ്യന്തര ജീവിതത്തെ വരെ കോളനീകരിച്ചു എന്നതാണു്. ഈസ്റ്റ് ഇൻഡ്യാ കമ്പനി ഒരു ഘട്ടത്തിൽ തിരിച്ചറിഞ്ഞതും പിന്നീടു് ബ്രിട്ടീഷ് സാമ്രാജ്യം വിദഗ്ദ്ധമായി നടപ്പാക്കിയതുമാണു് തദ്ദേശീയ ജനതയുടെയും അവർ അധിവസിക്കുന്ന പ്രദേശങ്ങളുടെയും സൂക്ഷ്മ വിവരങ്ങൾ സമാഹരിക്കുക എന്നതു്. കോളനീകരണ പ്രക്രിയയെ ഏറ്റവും ദൃഢമാക്കുന്നതു് ഈ സൂക്ഷ്മ വിവരങ്ങളുടെ മേലുള്ള അധീശത്വമാണു്. എന്നാൽ ഡിജിറ്റൽ പൂർവ്വ ലോകത്തു ‘ഡാറ്റ’ സംഭരണം എന്നതു് ക്ലേശകരവും ധാരാളം ആളും അർത്ഥവും ആവശ്യം വരുന്ന തൊഴിലായിരുന്നു. അതുകൊണ്ടു തന്നെ വിവരങ്ങളുടെ സ്വരൂപണത്തിനു് സമയമേറെയെടുത്തുവെന്നു മാത്രമല്ല അതു് സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും ശേഖരണം പോലും തന്നെ സാമന്യേന ബുദ്ധിമുട്ടേറിയ തൊഴിലായിരുന്നു. ഇന്നു് ഡിജിറ്റൽവത്കൃത ലോകത്തിൽ ശേഖരണവും സൂക്ഷിപ്പും തീർത്തും ചെലവുകുറഞ്ഞ പ്രവൃത്തിയായി മാറിയിരിക്കുന്നു എന്നതാണു്. ആമസോൺ ശേഖരിച്ചുവെയ്ക്കുന്ന ഡാറ്റ എന്നതു് ഒരാളുടെ വ്യക്തിഗത വിവരം മാത്രമല്ല സാമൂഹിക സാമ്പത്തിക ഘടനയെക്കുറിച്ചുള്ള സൂക്ഷ്മ വിശകലനത്തിനുള്ള വിഭവങ്ങൾകൂടിയാണു്. വാസ്തവത്തിൽ, ആമസോൺ തുടങ്ങിയവയുടെ കോളനീകരണ പ്രക്രിയയുടെ സ്വഭാവം ഇപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു എന്നതാണു് അതിനെ ദൈവ തുല്യമായ അവസ്ഥ നൽകുന്നതു്. ആമസോണിന്റെ കോളനീകരണം എന്നു് പറയുന്നതു് തന്നെ വെറുമൊരു ഇടതുപക്ഷ സിനിസിസമായി കരുതപ്പെടാം. അതുകൊണ്ടാണു് ആമസോണിനെക്കുറിച്ചു പറയുന്നന്തെന്നും അതിശയോക്തിപരമായി വ്യഖ്യാനിക്കപ്പെടുകയും ചെയ്യാം.

കോളനീകരണം

ഓട്ടോമേഷനെ സംബന്ധിച്ചുള്ള അതിശയോക്തിപരവും ഒരു വേള ഭ്രാന്തു് എന്നു് തോന്നിപ്പിക്കും വിധമുള്ള നയങ്ങൾക്കും ബിസിനസ്സ് തന്ത്രങ്ങൾക്കും മൂലധനം ലഭ്യമാകുന്നു. ഉന്മാദസ്വഭാവമുള്ള ആശയങ്ങൾക്കു് അല്ലെങ്കിൽ തന്നെ വെൻച്വർ മൂലധനകാർക്കു് പ്രത്യേക താൽപര്യമാണു്.

ആമസോൺ അതിന്റെ ആഗോള സാമ്പത്തിക സാമ്രാജ്യം സ്ഥാപിക്കുന്നതു് ഈമട്ടിൽ തദ്ദേശീയമായ ചെറുതും വലുതുമായ ചില്ലറ വില്പനയെ തകർത്തുകൊണ്ടും വലിയ തോതിൽ വ്യക്തിഗത ഡാറ്റ സംഭരിച്ചുകൊണ്ടും ഓൺലൈൻ വ്യാപാരത്തിന്റെ വ്യാപ്തി വികസിപ്പിച്ചു കൊണ്ടുമാണു്. ആമസോണുമായുള്ള മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന മെഗാ റീറ്റെയ്ൽ കോർപറേഷനുകൾ തങ്ങളുടെ സമ്പത്തു മുഴുവനും മത്സരത്തിനിറക്കി മുച്ചൂടും മുടിയേണ്ട ഗതിക്കേടും നേരിടേണ്ടി വരുന്നു. മുകേഷ് അംബാനി ഇതു് തിരിച്ചറിഞ്ഞിട്ടുണ്ടു്. ആമസോണുമായുള്ള മത്സരത്തിൽ രണ്ടു വഴികളാണു് അവർ സ്വീകരിച്ചുവരുന്നതു് ഒന്നു് വലിയ തോതിലുള്ള ഒത്തുചേരലുകൾ (merger), ഒപ്പം അതിനു വേണ്ടിയുള്ള ഏറ്റെടുക്കലുകൾ (acquisition). ഈ രണ്ടും ബിസിനസ്സ് അടിസ്ഥാനത്തിൽ നിർവ്വഹിക്കുമ്പോൾ തന്നെ ജിയോ കോർപറേഷൻ രാഷ്ട്രീയമായി ഭരണകൂടത്തിന്റെ സഹായത്തോടെ തങ്ങളെ പിന്തുണയ്ക്കുന്ന ദേശീയ മാധ്യമങ്ങളുടെ പിൻബലത്തോടെ ‘ഡാറ്റ കോളനീകരണം’: തുടങ്ങിയവയെപ്പറ്റി വലിയ വായിൽ സംസാരിക്കുന്നുമുണ്ടു്. കഴുത്തറപ്പൻ കുത്തക ഇടതുപക്ഷ വായ്ത്താരി തന്ത്രപൂർവം കടമെടുത്തുകൊണ്ടു ‘ഡാറ്റ കോളനീകരണം’ എന്നൊക്കെ പറയുന്നതിന്റെ പിറകിൽ വാസ്തവത്തിൽ ആഗോള കുത്തകകൾ തമ്മിലുള്ള മത്സരത്തിൽ തങ്ങൾ പിന്തള്ളപ്പെടുമോ എന്ന ആധി മാത്രമാണു്. ഈ മത്സരം ഇങ്ങനെ തുടരുകയാണെങ്കിൽ അതിന്റെ പരിണതി ചെറുകിട വ്യപാരങ്ങളുടെ വലിയ ശവപ്പറമ്പാകും നഗരങ്ങളും നമ്മുടെ ചെറുപട്ടണ കച്ചവട കമ്പോളങ്ങളും, ഇതിനോടൊപ്പം അങ്ങേയറ്റം പാപ്പരീകരിക്കപ്പെട്ട തൊഴിൽ സേന, നിരപ്പാക്കപ്പെട്ട വേതന വ്യവസ്ഥ, കൂടുതൽ ദൃഢതമരമാകുന്ന അസമത്വവും ആമസോൺ സൃഷ്ടിച്ച പുതിയ ഉപഭോഗ അടിമകളും അവരുടെ താല്പര്യാർത്ഥമുള്ള ഭക്ഷ്യ ഉപഭോഗ ക്രമവും മനുഷ്യാവസ്ഥയെ രണ്ടു നൂറ്റാണ്ടെങ്കിലും പുറകോട്ടടിക്കും. നികുതി വ്യവസ്ഥയെയൊക്കെ മറികടന്നു് പോകുന്ന ആഗോള റീറ്റെയ്ൽ ശൃംഖല സൃഷ്ടിച്ചേക്കാവുന്ന ദുരിത ലോകത്തു ആത്മനിർഭരതയല്ല കോളനീകൃത വ്യവസ്ഥയിലെ പ്രജയുടെ ആശ്രിതനിലനിൽപ്പാവും മൊത്തത്തിലുള്ള ഫലം. അല്ലെങ്കിൽ തന്നെ എന്താണു് ആത്മനിർഭരത? ഇന്ത്യൻ കുത്തകകളായ ജിയോ കോപ്പറേഷനും അദാനി ഗ്രൂപ്പിനും രാഷ്ട്രത്തിന്റെ വാണിജ്യ വ്യവസായിക മേഖലകളിലെ ഓരോരോ സവിശേഷ മണ്ഡലങ്ങളിലും നിർബാധം കടന്നു ചെല്ലാനും അവിടെയൊക്കെ ആഗോള കുത്തകകളുമായി ചേർന്നു് സ്വന്തം സംഭരണ ശേഷി വർധിപ്പിച്ചുക്കൊണ്ടു് സർവ്വതിനേയും തങ്ങളുടെ കമ്പോള ഇച്ഛയിലേക്കു് ആഗിരണം ചെയ്യാനുമുള്ള അവസരമല്ലാതെ! ഇത്തരമൊരു ക്രോണിയിസത്തിന്റെ ഏറ്റവും അടുത്ത നീക്കമാണു് കുത്തകകൾക്കു് സ്വന്തം നിലയ്ക്കു് ബാങ്ക് സ്ഥാപിക്കാമെന്നുള്ള റിസേർവ് ബാങ്ക് തീരുമാനം. ഓൺലൈൻ ഉപഭോഗ രീതികൾ തന്നെ ഈയൊരു സ്വകാര്യ കുത്തക ബാങ്ക് വ്യവസ്ഥയെ വിഭാവനം ചെയ്യുന്നതാണു്. ഓൺലൈൻ ഉപഭോക്താക്കളിൽ വലിയൊരു ശതമാനമെങ്കിലും കടസമ്പദ്വ്യവസ്ഥയിലേക്കു് പിടിച്ചെടുക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വൻതോതിൽ വാങ്ങാൻ പ്രേരിപ്പിക്കുന്നതാണു് ഓൺലൈനിന്റെ രീതികൾ. വില താരതമ്യം ചെയ്യാനുള്ള ഓപ്ഷനുകൾ നൽകിക്കൊണ്ടു് ഉപഭോക്താവിനു് താനാണു് വില നിശ്ചയിക്കുന്നതു് എന്നൊരു പ്രതീതി നൽകുന്നു. അതു് അവരെ കൂടുതൽ വാങ്ങാൻ പ്രേരിപ്പിക്കുന്ന പെരുമാറ്റത്തിനു് പ്രോത്സാഹിപ്പിക്കുന്നതാണു്. തീർച്ചയായിട്ടും താൽക്കാലികമായി പണം ലഭ്യമല്ലാത്തതിനാൽ ഇ എം ഐ വ്യവസ്ഥയിൽ കടം നൽകാൻ സ്വകാര്യ പണമിടപാടു് സ്ഥാപനങ്ങൾ സദാസന്നദ്ധരായികൊണ്ടു ഓൺലൈനിൽ തന്നെയുണ്ടു്. എല്ലാം ചടുല വേഗത്തിൽ സാധ്യമാകുന്ന കാര്യമാണു്. ഓൺലൈൻ വലിയൊരു കടക്കെണി കൂടി അങ്ങിനെ ഒരുക്കിവെച്ചിരിക്കുന്നു. മാത്രവുമല്ല. ഓരോരുത്തരുടെയും ഓൺലൈൻ ഇടപാടുകൾ സൂക്ഷ്മ നീരിക്ഷണത്തിനും വിധേയമാണു് എന്നതിനു് തെളിവാണു് ഏതെങ്കിലും ഉപഭോഗ വസ്തു വാങ്ങാൻ താത്കാലിക സാമ്പത്തിക ബുദ്ധിമുട്ടു് നേരിടുകയാണെങ്കിൽ ആ വ്യക്തിയെ തേടി അപ്പോൾ തന്നെ പണമിടപാടു് സ്ഥാപനത്തിൽ നിന്നു് വിളിയെത്തും. കൃത്യമായി തന്നെ ബാങ്ക് അക്കൗണ്ടും തിരച്ചടവു് ശേഷിയും അതിൽ തന്നെ ഭാവി വർദ്ധനവിനനുസൃതമായുള്ള ശേഷികൂടുതലും പരിഗണിച്ചായിരിക്കും ഒരാൾക്കു് ലഭിക്കുന്ന കടത്തിന്റെ ഓഫറുകൾ. വളരെ സങ്കീർണമായ നീരിക്ഷണ വ്യവസ്ഥയ്ക്കകത്തു നിന്നാണു് ഓൺലൈൻ ഉപഭോഗം നടക്കുന്നതെന്നു് സാരം.

മനുഷ്യരഹിത തൊഴിൽശാലകൾ

ആമസോൺ തൊഴിലാളികൾക്കു് നിയമാനുസൃത വേതനം നൽകുക, സംഘടിക്കാനും സംഘടനയിൽ ചേരാനുമുള്ള അവകാശം ഉറപ്പു വരുത്തുക, കൃത്യമായ നികുതി അടക്കുക, ചെറുകിട ബിസിനസ്സുകൾ തകർക്കാതിരിക്കുക, പാരിസ്ഥിതിക സന്തുലനത്തിനു പ്രാധാന്യം നൽകുക എന്നീ ആവശ്യങ്ങളെ മുൻനിർത്തിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചതു്.

ആമസോൺ തൊഴിലുകളെ നിശ്ശേഷം ഇല്ലാതാക്കുന്നു എന്നു മാത്രമല്ല കാര്യമായ പുതിയ തൊഴിലുകളൊന്നും സൃഷ്ടിക്കുന്നുമില്ല. അതുകൊണ്ടാണു് അതു് സർഗ്ഗാത്മകമായ സംഹാരം എന്നതിനു് പകരമായി സ്വേച്ഛാധിപത്യപരമായ സംഹാരമായി മാറുന്നതു്. ആമസോൺ ഏറ്റവും കൂടുതൽ പണം നിക്ഷേപിക്കുന്നതു് നിർമ്മിത ബുദ്ധിയുടെ മേഖലയിലാണു്. വ്യാപകമായ ഓട്ടോമേഷനാണു് ആമസോൺ ലക്ഷ്യം വെച്ചിരിക്കുന്നതു്. മനുഷ്യരഹിത തൊഴിൽ ശാലയെന്നതിലേക്കാണു് ആമസോണിന്റെ ഫുൾഫിൽമെന്റ് സെന്ററുകൾ എന്ന വെയർഹൗസുകൾ പരിവർത്തനം ചെയ്യാൻ പോകുന്നതു്. അതിനുള്ള തുടക്കം ആയിക്കഴിഞ്ഞു. റോബോട്ടിക്സ് കേന്ദ്രിതമായിരിക്കും വെയർഹൌസ് ഓപ്പറേഷനുകൾ. അൽഗോരിതം അടിസ്ഥാനമാക്കിയാണു് ഓൺലൈൻ വ്യാപാരം ഇപ്പോൾ തന്നെ നടക്കുന്നതു്. മനുഷ്യ വിഭവ ശേഷി തുലോം തുച്ഛമായ രീതിയിൽ മതി ഇപ്പോൾ തന്നെ. സ്റ്റോറേജ്, കയറ്റി അയയ്ക്കൽ, വീടുതോറുമുള്ള വിതരണം—ഇതു് ചില്ലറ വിൽപ്പനയിലെ അടിസ്ഥാന തൊഴിലുകളാണു്. ഈ മേഖല കൂടി റോബോട്ടിക്സ് വഴി പ്രവർത്തന സജ്ജമാക്കിയാൽ മനുഷ്യ വിഭവശേഷി കുറച്ചു കുറച്ചു കൊണ്ടു വന്നു തീർത്തും മനുഷ്യരഹിതമാക്കാൻ സാധിച്ചേക്കും. അസാധാരണ തീരുമാനങ്ങൾ കൈക്കൊള്ളാൻ മടിയില്ലാത്ത നേതൃത്വമാണു് ജെഫ് ബെസോസിന്റേതെന്നു് ബിസിനസ്സ് നീരിക്ഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ടു്. അസാധാരണത്വമെന്നാൽ അടിമുടി മാറ്റിമറിക്കാവുന്ന, അതായതു് അതു് സൃഷ്ടിക്കാവുന്ന ആഘാതത്തെക്കുറിച്ചു തെല്ലു പോലും പരിഗണനൽകാതെ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതി പൊതുവിൽ നവലിബറലിസം പ്രോത്സാഹിപ്പിക്കുന്നതാണു്. അസാധാരണ വിധത്തിൽ റിസ്കെടുക്കാനും ഇങ്ങനെയുള്ള നേതൃത്വത്തിനു് സാധിക്കുന്നു. ഒരുപക്ഷേ, ഈയൊരു മട്ടിൽ റിസ്കു് സ്വീകരിക്കുന്നതുകൊണ്ടുകൂടിയാണു് അധികം ബാധ്യതയില്ലാത്ത (cheap capital) മൂലധനം ലഭ്യമാകുന്നതും. ഓട്ടോമേഷനെ സംബന്ധിച്ചുള്ള അതിശയോക്തിപരവും ഒരു വേള ഭ്രാന്തു് എന്നു് തോന്നിപ്പിക്കും വിധമുള്ള നയങ്ങൾക്കും ബിസിനസ്സ് തന്ത്രങ്ങൾക്കും മൂലധനം ലഭ്യമാകുന്നു. ഉന്മാദസ്വഭാവമുള്ള ആശയങ്ങൾക്കു് അല്ലെങ്കിൽ തന്നെ വെൻച്വർ മൂലധനകാർക്കു് പ്രത്യേക താൽപര്യമാണു്. അതൊരുപക്ഷേ, നല്ലതായിരിക്കും. അസാധാരണ ആശയങ്ങളുള്ള യുവതയ്ക്കു് ടെക് മേഖലയിലേക്കു് കടന്നു വരാനും പല പദ്ധതികളും നടപ്പാക്കാനും പ്രാരംഭ മൂലധന പിന്താങ്ങൽ വലിയ സഹായമാകുന്നു. പ്രശ്നം വൻകിട കോർപറേഷനുകളുടെ പുതിയ ടെക് സംരംഭങ്ങൾ പലതും അതിന്റെ സാമൂഹ്യ ആഘാതം പരിശോധിപ്പിക്കാതെയാണു് നടപ്പാക്കപ്പെടുന്നതു് എന്നതാണു്. നൈതികത എന്നതു് കേവലം തടസ്സവാദമായാണു് ഇവർ കാണുന്നതു്. എന്തായാലും ആമസോൺ പോലുള്ള ടെക് സംരഭങ്ങൾ ഈയൊരു പുതിയ പ്രവണതയുടെ ഏറ്റവും വലിയ ഗുണഭോക്താവാണു്. നിർമ്മിത ബുദ്ധിയും റോബോട്ടിക്സ് അടിമകളും വന്നാൽ മനുഷ്യാധ്വാനം തീരെ ലഘൂകരിച്ചു സർവ്വർക്കും ആമോദത്തോടെ ജീവിക്കാമല്ലോ എന്നു് ‘ശുഭചിന്ത’ ഒരു വിചിത്രവാദമായി അവതരിപ്പിക്കപ്പെടാറുണ്ടു്. തൊഴിൽരാഹിത്യമെന്ന അവസ്ഥ അസമത്വത്തെ പെരുപ്പിക്കുകയും ഒടുവിൽ അനാവശ്യമായി തീർന്ന ‘മനുഷ്യവിഭവത്തെ’ ഉന്മൂലനം ചെയ്യുക എന്ന ഏക പോംവഴിയിലേക്കായിരിക്കും അതു് എത്തിച്ചേരുക. കുടിയേറ്റ വിരുദ്ധതയും ആസൂത്രിത വംശഹത്യകളുമൊക്കെ ഏതാനും കുറച്ചു മനുഷ്യർ മതി ഈ ഭൂലോകത്തിൽ മതിയെന്നതിന്റെ മുന്നൊരുക്കമായിരിക്കാം… പലപ്പോഴും ‘ശുദ്ധഹൃദയരായ’ പരിസ്ഥിതിവാദികൾ മനുഷ്യരഹിത ലോകത്തെ ക്കുറിച്ചു വാചാലരാകുമ്പോൾ അവർ അറിഞ്ഞോ അറിയാതെയോ ‘തിരഞ്ഞെടുക്കപ്പെട്ടവർ മാത്രം ജീവിക്കാൻ’ അർഹതപ്പെട്ട ഭൂമി എന്ന ഫാസിസ്റ്റ് അഭിലാഷത്തെയാണു് പുൽകുന്നതു്.

പ്രതിരോധങ്ങൾ
images/Noam_Chomsky.png
നോം ചോംസ്കി

ആമസോണിന്റെ തൊഴിലുകളോടുള്ള സമീപനം വലിയ വിമർശനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴി വെച്ചിട്ടുണ്ടു്. ഇക്കഴിഞ്ഞ നവംബർ 27 -നു് കറുത്ത വെള്ളിയാഴ്ച എന്ന പേരിൽ ലോകമാകമാനം ആമസോണിന്റെ തൊഴിലാളി നിഷേധാത്മക, യൂണിയൻ വിരുദ്ധതയ്ക്കെതിരെയുള്ള സമരം പ്രമുഖ ചിന്തകരും ആക്ടിവിസ്റ്റുകളുമായ നോം ചോംസ്കി, കോർണൽ വെസ്റ്റ് എന്നിവരുടെ ആഹ്വാനത്തോടെ നടക്കുകയുണ്ടായി. ദൽഹിയിലും ഹൈദരാബാദിലും സമരം നടന്നിരുന്നു. ആമസോൺ തൊഴിലാളികൾക്കു് നിയമാനുസൃത വേതനം നൽകുക, സംഘടിക്കാനും സംഘടനയിൽ ചേരാനുമുള്ള അവകാശം ഉറപ്പു വരുത്തുക, കൃത്യമായ നികുതി അടക്കുക, ചെറുകിട ബിസിനസ്സുകൾ തകർക്കാതിരിക്കുക, പാരിസ്ഥിതിക സന്തുലനത്തിനു പ്രാധാന്യം നൽകുക എന്നീ ആവശ്യങ്ങളെ മുൻനിർത്തിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചതു്. ആഗോള തലത്തിൽ നടക്കുന്ന ഈ പ്രതിഷേധം ആമസോൺ വിതരണ ശൃംഖലയുടെ ഭാഗമായി ഇന്ത്യ, പോളണ്ട്, ജർമനി, ഗ്രീസ്, ബെൽജിയം, ബംഗ്ലാദേശ്, ലക്സംബെർഗ് ഓസ്ട്രേലിയ ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ എല്ലാം നടന്നു. ഇന്ത്യയിൽ വില്പനക്കാരും വിതരണക്കാരുമായി ആമസോണിനു പ്രശ്നങ്ങൾ നില നില്ക്കുന്നുണ്ടു്. ഒപ്പം തന്നെ മറ്റു രാജ്യങ്ങളിൽ എന്ന പോലെ ആമസോൺ വെയർഹൌസ് തൊഴിലാളികളുടെ വിയർപ്പൂറ്റി അധ്വാനചൂഷണം നടത്തുന്ന തൊഴിൽ ശാലകളാണു്. മഹാമാരി കാലത്തു ഓൺലൈൻ ബിസിനസ്സ് അവസരം തിരിച്ചറിഞ്ഞ ആമസോൺ വെയർഹൌസ് പ്രവർത്തിപ്പിച്ചിരുന്നു. സർക്കാർ കോവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചാണു് പ്രവർത്തിപ്പിച്ചതെന്നു അവകാശപ്പെടുമ്പോഴും തൊഴിലാളികൾക്കു് കൂടുതൽ സുരക്ഷ സൗകര്യങ്ങൾ ഒരുക്കുകയുണ്ടായിട്ടില്ല എന്നു് വിമർശിക്കപ്പെടുന്നുണ്ടു്. മാത്രവുമല്ല, അധിക സമയം ജോലി ചെയ്യാൻ നിർബന്ധിപ്പിക്കുന്ന രീതിയിൽ തൊഴിൽ സമയംക്രമപ്പെടുത്തിയിരുന്നതെന്നും ആരോപണം ഉയർന്നു വന്നിട്ടുണ്ടു്. ഇതൊക്കെ കാണിക്കുന്നതു് ആമസോൺ പോലെയുള്ള ലാഭേച്ഛ മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന ഓൺലൈൻ റീറ്റെയ്ൽ ശൃംഖല ഏതൊക്കെ നിലയിലുള്ള നിയമ ലംഘനങ്ങളാണു് നടത്തുന്നതു് എന്നാണു്. ഇതിനൊക്കെ പുറമേയാണു് ബിസിനസ്സിന്റെ അഭിവൃദ്ധിക്കായി വൻ തോതിൽ റോബോട്ടിക് ഓട്ടോമേഷനായി പണം മുടക്കുന്നതു്.

ഫ്രാൻസ് ആന്റി ആമസോൺ നിയമം അതിൽ ശ്രദ്ധേയമാണു്. പ്രധാനമായും പുസ്തക കടകളെ സംരക്ഷിക്കാനാണു് ഈ നിയമം കൊണ്ടുവന്നതു് എന്നാൽ ഇതര മേഖലകളിലും നിയമത്തിന്റെ സാധുത പരിഗണിക്കപ്പെടുന്നുണ്ടു്. മത്സരത്തിൽ മുന്നേറാൻ വേണ്ടി ഒരു പുസ്തകത്തിന്റെയോ വസ്തുവിന്റെയോ വില അങ്ങേയറ്റം ഡിസ്കൗണ്ട് നൽകി താഴ്ത്തി നിശ്ചയിക്കാൻ പാടുള്ളതല്ല.

ആമസോണിനെതിരെ ഇതുപോലുള്ള പ്രതിഷേധ സമരങ്ങൾ ലോക വ്യാപകമായി ഉയർന്നു വരുന്നതോടൊപ്പം തന്നെ ചില രാജ്യങ്ങളിലെങ്കിലും തദ്ദേശീയ കച്ചവടക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആമസോൺ പ്രതിരോധ നിയമങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ടു്. ഫ്രാൻസ് ആന്റി ആമസോൺ നിയമം അതിൽ ശ്രദ്ധേയമാണു്. പ്രധാനമായും പുസ്തക കടകളെ സംരക്ഷിക്കാനാണു് ഈ നിയമം കൊണ്ടുവന്നതു് എന്നാൽ ഇതര മേഖലകളിലും നിയമത്തിന്റെ സാധുത പരിഗണിക്കപ്പെടുന്നുണ്ടു്. മത്സരത്തിൽ മുന്നേറാൻ വേണ്ടി ഒരു പുസ്തകത്തിന്റെയോ വസ്തുവിന്റെയോ വില അങ്ങേയറ്റം ഡിസ്കൗണ്ട് നൽകി താഴ്ത്തി നിശ്ചയിക്കാൻ പാടുള്ളതല്ല. അതായതു് മത്സരത്തിൽ ഓൺലൈൻ വ്യാപാരം മുന്നേറുന്നന്നതു് തന്നെ കണ്ടമാനം സ്റ്റോക്ക് ചെയ്തും വില താഴ്ത്തി നിശ്ചചയിച്ചുമാണു്. ഇതിനോടു് മത്സരിച്ചു ജയിക്കാൻ ചെറുകിടക്കാർക്കു് എന്തായാലും സാധിക്കുകയില്ല. വില കുറച്ചു വിപണി പിടിക്കുക എന്ന നീക്കത്തെ പൊളിക്കുക്ക എന്നതാണു് ഈ നിയമത്തിന്റെ സാരാംശം.

images/Cornel_West.jpg
കോർണൽ വെസ്റ്റ്

ഈ പ്രതിരോധങ്ങളെയൊക്കെ അനായാസത്തോടെയാണു് ആമസോൺ നേരിടുന്നതു്. അതിനു കാരണം വിചിത്രമായ രീതിയിൽ ബിസിനസ്സിനെ പുതിയ പുതിയ മേഖലകളിലേക്കു് ജെഫ് ബെസോസ് നയിക്കുകയാണു്. ഒരുപക്ഷേ, വൈകാതെ തന്നെ ഓൺലൈൻ ചില്ലറ വില്പന രംഗത്തു് നിന്നു് വ്യക്തിപരമായി പിൻവാങ്ങി അപ്രതീക്ഷിതമായ പുതിയ പദ്ധതികൾ ജെഫ് ബെസോസ് അവതരിപ്പിച്ചേക്കും. ഇപ്പോൾ തന്നെ ജെഫ് ബെസോസ് കൂടുതൽ സമയം ശ്രദ്ധ നൽകുന്ന പദ്ധതി സ്പേസ് ടൂറിസമാണു്. അതിനുള്ള ഒരുക്കത്തിലാണു്. സമ്പന്നർ സ്പേസ് ടൂറിസ്റ്റ് സഞ്ചാരത്തിനു് പണം മുടക്കി കഴിഞ്ഞു. ബ്ലൂ ഒറിജിൻ എന്നൊരു കമ്പനി തന്നെ ഈ ആവശ്യത്തിനായി ജെഫ് ബെസോസ് തുടങ്ങിയിട്ടുണ്ടു്. മഹാമാരിയുടെ കാലത്തു ഏറ്റവുമധികം ഓൺലൈൻ സേവന രംഗത്തുള്ളവർ ആശ്രയിച്ചതു് ആമസോൺ വെബ് സർവ്വീസിനെയാണു്. ക്ളോഡ് സേവനത്തിൽ ആമസോണിനെയാണു് സർക്കാരും ആശ്രയിക്കുന്നതു്. ആമസോണിന്റെ വിസ്തൃതമായികൊണ്ടിരിക്കുന്ന സാമ്രാജ്യത്തിലെ കേവലം ഒരു ഉപഭോക്താവായാണു് ‘പരമാധികാര പൗരന്മാർ’ നിലനിൽക്കുന്നതു്. ഉപഭോക്താവു് എന്ന അസ്തിത്വത്തിനപ്പുറം ആമസോൺ നൽകുന്ന സേവനങ്ങൾക്കു് അനുസൃതമായി ജീവിതശൈലി ക്രമപ്പെടുത്തിക്കൊണ്ടിരിക്കുയാണു് എന്നു് പറയുന്നതായിരിക്കും ഉചിതം. സ്കോട്ട് ഗാല്ലോവേ തന്റെ Big Four എന്ന പുസ്തകത്തിൽ വാൾമാർട് ആഗോള ചില്ലറ കുത്തകയുമായുള്ള മത്സരത്തിൽ ആമസോൺ നടത്തിയ കടന്നാക്രമണത്തെക്കുറിച്ചു വിശദീകരിക്കുന്ന വേളയിൽ പറയുന്ന ഒരു കാര്യം ആമസോണിന്റെ ഉന്മൂലന സ്വഭാവത്തിന്റെ പ്രത്യേകതയെ കാണിച്ചു തരുന്നതാണു്:

‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സമ്പന്നൻ അധീനമാക്കിയതു് വളരെ കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന തൊഴിലാളികളെകൊണ്ടു് സാധനങ്ങൾ എങ്ങനെ വിൽക്കാമെന്നാണെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സമ്പന്നൻ അധീനമാക്കാൻ പോകുന്നതു് ഈയൊരു വേതനവും നൽകേണ്ടി വരാത്ത റോബോട്ടുകളെകൊണ്ടു എങ്ങനെ സാധനങ്ങൾ വിൽക്കാമെന്നാണു്.’

ഒരു തൊഴിൽ മാത്രം ഇല്ലാതാവുന്ന അവസ്ഥയായിരിക്കില്ല, എല്ലാത്തരം തൊഴിലും ഉൻമൂലനം ചെയ്യപ്പെടുന്ന അവസ്ഥയായിരിക്കും. ആമസോണിന്റെ ഉപഭോക്താക്കൾ പലതരം തൊഴിൽ ചെയ്യുന്നവരാണു്. അതുകൊണ്ടു പ്രതിരോധത്തിലെ ഏറ്റവും പ്രധാന കണ്ണി ഉപഭോക്താക്കൾ തന്നെയാണു്.

ദാമോദർ പ്രസാദ്
images/damodar.jpg

വിദ്യാഭ്യാസ-മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മലയാളം ഭാഷകളിൽ എഴുതാറുണ്ടു്. പതിവായല്ല, വല്ലപ്പോഴും.

Colophon

Title: Amazon—Arude Athmanirbharatha (ml: ആമസോൺ—ആരുടെ ആത്മനിർഭരത).

Author(s): Damodar Prasad.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-30.

Deafult language: ml, Malayalam.

Keywords: Article, Damodar Prasad, Amazon—Arude Athmanirbharatha, ദാമോദർ പ്രസാദ്, ആമസോൺ—ആരുടെ ആത്മനിർഭരത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Night market in Rotterdam, a painting by Petrus van Schendel (1806–1870). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.