images/Lions_painting.jpg
Lions painted in the Chauvet Cave (Ardèche, France)., a painting by .
വാസ്തവാനന്തരതയെ ആർക്കാണു് പേടി?
ദാമോദർ പ്രസാദ്

“വിശ്വസനീയമായ വാർത്തകൾക്കു് നിലനില്പില്ലാതെ വരുന്ന സാഹചര്യത്തിൽ എങ്ങനെയായിരിക്കും സമൂഹത്തിനു് അതീജീവിക്കാൻ കഴിയുക എന്നതു് ആധുനിക ചരിത്രത്തിൽ ആദ്യമായി മനുഷ്യർ അഭിമുഖീകരിക്കുകയാണു്. അതേ സമയം, ഇത്രയധികം വിവരങ്ങൾ ഒരേ സമയം സമൂഹത്തിൽ ലഭ്യമായിരുന്ന ഒരു ഘട്ടവും ചരിത്രത്തിലുണ്ടായിട്ടില്ല. പണ്ടുള്ളതിനേക്കാൾ എത്രയോ അധികം നമുക്കിന്നു് അറിയാം. ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാനോ അല്ലെങ്കിൽ പൂർണ്ണമായും ഉൾക്കൊള്ളാനോ പറ്റാത്ത വിധത്തിൽ അറിവിന്റെ പുത്തൻ ജനാധിപത്യവൽക്കരണം നമ്മെ സ്തംഭിപ്പിച്ചു സംഭ്രമിപ്പിച്ചു കടന്നു പോയിരിക്കുന്നു. തീർച്ചയായും വിമോചനാത്മകവും പരിവർത്തനാത്മകവുമായ അതു് നമ്മെ ഊർജ്ജവല്ക്കരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ അച്ചടിയുടെ കണ്ടുപിടിത്തത്തേക്കാൾ വിപ്ലവകരമാണു്. എങ്കിലും വിവരങ്ങളിലധികവും വിഷലിപ്തവും അപകടകരവുമാണു്. സ്വീഡിഷ് ഗാഥ പോലെ ഏറെക്കുറെ അർദ്ധ സത്യങ്ങളും. വികാരമിളക്കിവിടുന്ന വാചാടോപകനു് ഉപയോഗിക്കാൻ മാത്രം വിഷാംശം നിറഞ്ഞവയാണു് ചിലതെല്ലാം.”

(Alan Rusbridger, Breaking News, Remaking of Journalism and why it matters.)

തുറന്നതും വികേന്ദ്രീകൃതവുമായ സ്വഭാവത്താലും ജനസാന്ദ്രതയുടെ കാര്യത്തിൽ വിവേചനരാഹിത്യംകൊണ്ടും ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുകയും അരികുകളെ ഉൾച്ചേർത്തുക്കൊണ്ടു പൊതുമണ്ഡലത്തെ വികസ്വരമാക്കുമെന്നു കരുതിയ നവ മാധ്യമ സാങ്കേതിക വിദ്യ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നൽകിയ ഉണർവുകളും പ്രതീക്ഷകളും കെടുത്തിക്കളയുന്ന വിധത്തിൽ ഭരണകൂട കേന്ദ്രീകരണത്തിന്റെയും കോർപറേറ്റ് നിയന്ത്രണത്തിന്റെയും ലിംഗ നീതി വിരുദ്ധതയുടെയും വർണ്ണ ജാതി വെറിയുടെയും അപര ഹിംസ മുറവിളികളുടെയും അധീശത്വ മണ്ഡലമായി പയ്യെ പതിക്കുകയാണോ എന്നതാണു് നമ്മെ ആശങ്കപ്പെടുത്തേണ്ട പ്രധാന ചോദ്യം.

സമീപകാലങ്ങളിൽ, അതായതു്, വാസ്തവാനന്തരത എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സമീപകാല അവസ്ഥകളിൽ നവമാധ്യമ സാങ്കേതിക വിദ്യയെ ആപൽക്കരമാംവിധം ഗ്രസിച്ച കാര്യങ്ങളാണു് വലിയ വ്യാപ്തിയിലേക്കു് വികസിച്ച സർവേലൻസ്, ഡാറ്റ കേന്ദ്രീത വാണിജ്യ സംരംഭങ്ങൾ (ഉദാ: കേംബ്രിഡ്ജ് അനലറ്റിക്ക), സാങ്കേതികവിദ്യയയിലൂടെയുള്ള സമഗ്രാധിപത്യവല്കരണം (ഉദാ: ആധാർ), ഹിംസാത്മക ദേശീയതയുടെ പുനരാഗമനം, പൊതുവ്യവഹാരങ്ങളുടെ പിൻവാങ്ങൽ.

ഈ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണു്. ജനാധിപത്യ പ്രക്രിയയെ തന്നെ അട്ടിമറിക്കാനുതകുന്ന വിധത്തിലുള്ള പുത്തൻ പ്രവണതകളായ വ്യാജ വാർത്തകൾ, ഡാറ്റ അപഹരണം, വെർച്വൽ ഹിംസ (ഉദാ: അധിക്ഷേപകരമായ ട്രോളുകൾ) എന്നിവയെല്ലാം തന്നെ ഈ മുൻപറഞ്ഞ ഘടകങ്ങളുടെ സൃഷ്ടിയാണു്. ഇതെല്ലാം തന്നെ നവമാധ്യമങ്ങളുടെ സവിശേഷ മണ്ഡലത്തിൽ രൂപപ്പെട്ടവയാണു്. ആൾക്കൂട്ട ഹിംസയുടെ വെർച്വൽ രൂപാന്തരങ്ങളായി സംഘടിത സ്വഭാവത്തോടെയുള്ള ട്രോളുകൾ ദൈനംദിനമെന്നോണം സമൂഹമാധ്യമങ്ങളിൽ ഒരു നിയമത്തിനും വിധേയപ്പെടാതെ ആഘോഷിക്കപ്പെടുകയാണു്. മനുഷ്യരിൽ അവശേഷിക്കുന്ന ഹിംസയുടെ ആദിമമായ ഏതോ ചോദനകൾക്കു് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടമായി നവമാധ്യമങ്ങൾ മാറുന്നു എന്നതാണു് ഖേദകരം.

images/BobMcChesney.jpg
റോബെർട് മക്ചെസ്നി

ഇതു് ഖേദകരമാകുന്നതു്, നവമാധ്യമങ്ങളുടെ അരാജകത്വവും പ്രതീക്ഷനൽകുന്ന സംവാദാത്മക ജനാധിപത്യത്തെയാണു് ഈ നവ വലതുപക്ഷ അധീശത്വം നിരുന്മേഷപ്പെടുത്തുന്നതു്. സംഘടിത മാധ്യമങ്ങൾ വിട്ടുകളഞ്ഞതോ തമസ്ക്കരിച്ചതോ ആയ അത്തരം വാർത്തകൾ ലോക ശ്രദ്ധയിലേക്കു് ആകർഷിക്കാൻ കഴിഞ്ഞിരുന്നതു് നവമാധ്യമങ്ങളിലൂടെയാണു്. ബദൽ വാർത്ത സ്രോതസ്സു് എന്ന നിലയിൽ വർത്തിക്കുക എന്നതാണു് നവമാധ്യമത്തിന്റെ പ്രധാന ധർമ്മങ്ങളിലൊന്നു്. അതു് കൂടാതെ, നവ സംഘാടനത്തിന്റെ ഇടമായും, അടിച്ചമർത്തപ്പെട്ട ആദിവാസി, ദളിത്, മത ഭാഷ ന്യൂനപക്ഷങ്ങൾക്കു് തങ്ങളുടെ ശബ്ദം കേൾപ്പിക്കാനുള്ള വേദിയായും—അങ്ങനെ അങ്ങനെ ജനതയുടെ സർഗാത്മക പ്രതികരണങ്ങളും പ്രതിസ്വരങ്ങളും ഇടപെടലുകളും ആഗോളമായ ഒത്തുച്ചേരലും നവമാധ്യമ തുറസ്സുകളിലൂടെ സമഗ്രാധിപത്യങ്ങൾക്കെതിരെ വലിയ വെല്ലുവിളി ഉയർത്തുന്ന അതേ വേളയിൽ തന്നെയാണു് അതിനു തികച്ചും ഘടകവിരുദ്ധമായ സ്വഭാവവും പ്രകടമാകുന്നതു്. മാധ്യമ പണ്ഡിതൻ റോബെർട് മക്ചെസ്നി സൂചിപ്പിക്കുന്നതു് പോലെ, ഇതൊരു സവിഷേശ സന്ധിയാണു് (‘critical juncture’). ഇന്റർനെറ്റിന്റെ ജനാധിപത്യവൽക്കരണം എന്നാൽ അതു് ഒരേ സമയം രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ ജനാധിപത്യവൽക്കരണം കൂടിയാണു്. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശൃംഖല പ്ലാറ്റ്ഫോം ആഗോള തലത്തിലെ ഒന്നോ രണ്ടോ ടെക് ഭീമന്മാരുടെ നിയന്ത്രണത്തിലാണു്. ഇതു് പോലെ നെറ്റ് വാണിജ്യവും കൈവശം വെച്ചിരിക്കുന്നതു് ഒന്നോ രണ്ടോ വൻകിട കോർപറേഷനുകളാണു്. പ്രസ്തുത കോർപറേറ്റുകളൊക്കെ തന്നെ ഭരണകൂട പിൻതുണയോടെ മാത്രമേ അവരുടെ വാണിജ്യ താല്പര്യങ്ങൾ മുന്നോട്ടു് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. സമഗ്രാധിപത്യത്തെ കൂടുതൽ ഉറപ്പിക്കുന്ന വിധത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഘടകങ്ങളേയും ഇതിലേക്കു് ഉൾച്ചേർത്തിരിക്കുന്നു. ഇതൊരു സവിശേഷ സന്ധിയാകുന്നതു് മനുഷ്യരാണു് സർവ്വകാര്യ നിർവാഹകർ എന്ന അവസ്ഥയും അസ്ഥിരപ്പെട്ടിരിക്കുന്നു. അതിവിദഗ്ദ്ധമായ സാങ്കേതിക സംവിധാനങ്ങളിലൂടെയാണു് സർവേലെൻസ് വ്യവസ്ഥ നിലവിൽ വന്നിരിക്കുന്നതു്. വാസ്തവാനന്തരതയുടെ കാലം മാത്രമല്ല ഇതു്, മനുഷ്യാന്തരതയുടെ കൂടിയാണു്. പോസ്റ്റ്-ഹ്യൂമൻ ഘട്ടത്തിലാണു് നവ സാങ്കേതികത എത്തിച്ചേർന്നു നിൽക്കുന്നതു്.

images/Umberto_Eco.jpg
ഉംബെർട്ടോ ഇക്കോ

മനുഷ്യവംശം ദീർഘകാലമായി വിഭാവനം ചെയ്യുന്നതാണു് തങ്ങൾക്കു് അധീനപ്പെട്ടു പ്രവർത്തിക്കുന്ന യന്ത്ര ജീവി വർഗ്ഗങ്ങളെ. റോബോട്ടിക്സ് എല്ലാ കാലത്തും മനുഷ്യർ വിഭാവനം ചെയ്തിരുന്നതു് അടിമത്തത്തിന്റെ വംശാവലി തുടർച്ച എന്ന നിലയ്ക്കാണു്. യജമാനരായ മനുഷ്യരും അടിമകളായ യന്ത്രങ്ങളും എന്നിങ്ങനെയാണു് അടിമത്തത്തിന്റെ യുക്തിയെ റോബോട്ടിക്സ് പുനരുജ്ജീവിപ്പിച്ചതു്. ഇതര ചരാചരങ്ങളുടെമേലിലും പ്രകൃതിയുടെമേലിലും തന്നെ മനുഷ്യർ കൈയടക്കി വെച്ചിരിക്കുന്ന അവകാശം സാങ്കേതിക വിദ്യകളിലേയ്ക്കു കൂടി വ്യാപിപ്പിക്കുക എന്നതാണു് ആധുനികതയുടെ ആവിഷ്കാര യുക്തി. എന്നാൽ ചരിത്രപരമായ ഗതിമാറ്റമെന്തെന്നാൽ സാങ്കേതിക വിദ്യ മനുഷ്യ വംശത്തെ തന്നെ നിയന്ത്രിക്കാൻ പ്രാപ്തമായിരിക്കുന്നു എന്നാണു്. അതിന്റെ അനേകായിരം സൂചനകൾ ഇന്നു് ലഭ്യമാണു്. നവസാങ്കേതിക വിദ്യയെ നിയന്ത്രിക്കുന്നതും പ്രവർത്തനക്ഷമമാക്കുന്നതും റോബോട്ടിക്സ് വിദ്യകളാണു്. നവസാങ്കേതികതയുടെ പരിസരത്തിൽ മനുഷ്യരും, ഉംബെർട്ടോ ഇക്കോ നീരീക്ഷച്ചതു പോലെ, incyborgation-നു വിധേയമായിരിക്കുന്നു. സർവേലൻസ് സാമൂഹിക-സമ്പദ്വ്യവസ്ഥയിൽ മനുഷ്യരുടെ ഉണ്മ തന്നെ സാങ്കേതിക വിദ്യകളാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. “വലിയേട്ടൻ സദാ നോക്കുന്നു” എന്ന സർവേലൻസ് അവസ്ഥ മനുഷ്യരെ സദാ ജാഗ്രതാവസ്ഥയിലാക്കി. ചലനങ്ങളും പെരുമാറ്റങ്ങളും അതനുസരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നു. റോബോട്ടിക്സിന്റെ ഗുരുതരമായ മറ്റൊരു പ്രശ്നം ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നതു് ടെക് കുത്തകകളാണു്. ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ മേൽ റോബോട്ടിക്സ് ജ്ഞാനം ഉപയോഗപ്പെടുത്തി തങ്ങളുടെ അധീശത്വം കൂടുതൽ ബലപ്പെടുത്താൻ അവർക്കു് കഴിഞ്ഞേക്കും. നവമാധ്യമ സാങ്കേതിക വിദ്യയും റോബോട്ടിക്സും തമ്മിൽ സവിശേഷവും ഗാഢവുമായൊരു ബന്ധം നിലനിൽക്കുന്നുണ്ടു്. വ്യാജ സന്ദേശങ്ങളുടെ നിർമ്മിതിയും പ്രചരണവും മുതൽ നേതാക്കളുടെയും താരങ്ങളുടെയും സമൂഹ മാധ്യമ സ്വീകാര്യതയെ നയിക്കുന്നതും നിയന്ത്രിക്കുന്നതും റോബോട്ടുകളാണു്. മനുഷ്യർ മാത്രം ഇടപെടുന്ന ഒരു മണ്ഡലമായി നവ മാധ്യമങ്ങളെ ഇനി കാണേണ്ടതില്ലെന്നു് സാരം. പറഞ്ഞു വരുന്നതു്, ഡിജിറ്റൽ മണ്ഡലമെന്നതു് അതി വിപുലമായ രീതിയിൽ മനുഷ്യരും സൈബോർഗുകളും പ്രതിപ്രവർത്തിക്കുന്ന ഒരിടമായിരിക്കുന്നു എന്നാണു, അതായതു്, മനുഷ്യാനന്തര ഭൂമിക. Post-Human domain.

ഇത്രയും കൂടി പരിഗണിച്ചുകൊണ്ടു മാത്രമേ സർവേലൻസ് ഇക്കോണമിയുടെ ഭാഗമായി അന്യാധീനപ്പെട്ടു പോയ ‘സ്വകാര്യത’ അഭിമുഖീകരിക്കുന്ന വെല്ലുവിളിയെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

സാങ്കേതിക നിർമ്മിതികളാൽ നിർണ്ണയിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക അവസ്ഥയെയാണു് സർവേലൻസ് ഇക്കോണമി എന്നതുകൊണ്ടു അർത്ഥമാക്കുന്നതു്. സർവേലൻസ് ഡെമോക്രസി, സർവേലൻസ് പൊളിറ്റി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ‘സ്വകാര്യത’ വാസ്തവാനന്തരത്തിൽ, ഒരു ഫാന്റസിയാണു്. ശൃംഖല സംവിധാനത്തോടു് ഘടിപ്പിക്കാത്ത ഏതെങ്കിലും ഒരു സാങ്കേതികവിദ്യയിൽ നിന്നു ആര നിമിഷം പോലും സ്വതന്ത്രമായി നിൽക്കുന്ന ഒരവസ്ഥ ഇന്നില്ല. ഡിസ്ഉട്ടോപ്യക്ക് എന്നു് തന്നെ പറയാം. ‘സ്വകാര്യത’ ഏറെക്കുറെ ലീഗൽ-ജുഡിഷ്യൽ പരികല്പന എന്നതിനപ്പുറം ജീവിത മണ്ഡലത്തിൽ എത്രമാത്രം പ്രയോഗികമാണു് എന്നതു് സംശയമാണു്. ‘സ്വകാര്യത’ എന്നുള്ളതു് നവ സാങ്കേതികയുടെ സന്ദർഭത്തിൽ, ചരക്കുവൽക്കരിക്കപ്പെട്ട വൈകാരിക പ്രതീതി മാത്രമാണു്. നമ്മുടെ ഓരോ വിനിമയവും ഡാറ്റയായി കോർപറേറ്റുകളുടെ കൈവശമാണു് ഇന്നു്. ഇപ്പോൾ ഡാറ്റ കൊളോണിയലിസത്തെക്കുറിച്ചു അംബാനിയും അദാനിയും പറയുന്നു. കൊളോണിയലിസം പോലുളള രാഷ്ട്രീയ കല്പന ഉപയോഗിക്കുന്ന അംബാനിയുടെയും അദാനിയുടെയും നിക്ഷിപ്ത താല്പര്യം ഇത്രയും ഡാറ്റയ്ക്കു് ഉടമസ്ഥത നേടുക എന്നതാണു്. വലിയ സെർവർ ഫാമുകൾ സജ്ജമാക്കാനുള്ള ഒരുക്കങ്ങളിലാണു് ഇന്ത്യൻ കോർപറേറ്റുകൾ. ഡാറ്റ സാമ്രാജ്യത്വം മുമ്പേ നിലവിൽ വന്നതാണു്. ആഗോള ടെക് ഭീമന്മാർ നമ്മുടെ ഓരോ ഡിജിറ്റൽ വിനിമയങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുകയും, അതിന്റെ റിസൾട്ടുകളും ഡാറ്റയും ആവശ്യക്കാർക്കു് വിൽക്കുകയും ചെയ്യുന്നു. നമ്മുടെ തന്നെ ചിന്തകളും അഭിലാഷങ്ങളും ഭാവനകളുമാണു്—ഡാറ്റയായി രാജ്യാനന്തര വിപണിയിൽ നമ്മുടെയൊന്നും അനുവാദമില്ലാതെ വിൽക്കാൻ വെച്ചിരിയ്ക്കുന്നതു്. രാജ്യങ്ങളുടെ വിഭവങ്ങളുടെ മേൽ എങ്ങിനെയാണോ സാമ്രജ്യത്വ രാഷ്ട്രങ്ങൾക്കു് അധികാരമുള്ളതു് സമാനമായ സ്ഥിതിയാണു് ഡാറ്റയ്ക്കുമേലുള്ള ആധിപത്യം. നമ്മുടെ ഓൺലൈൻ വിനിമയങ്ങളുടെ പരസഹസ്ര കോടി അഥവാ ബിഗ് ഡാറ്റ ടെക് കോർപറേറ്റുകളുടെ കൈവശമാണു്. കോർപറേറ്റുകൾ തന്നെയാണു് ഇതിന്റെ പ്രധാന ആവശ്യക്കാർ. അവർ ഓരോ ഓൺലൈൻ ഉപയോഗക്താവിനെയും ഉപഭോക്തവായിട്ടാണു് പരിഗണിക്കുന്നതു്. വിപണിയുടെ താല്പര്യാനുസരണം അവർ ഓരോ ഉപഭോക്താവിന്റെയും ഓൺലൈൻ ഇടപെടുലകൾ വിശകലനത്തിനു് വിധേയമാക്കി അവർക്കു് ആവശ്യമുള്ള ഉല്പന്നങ്ങളുടെ പരസ്യത്തിലേക്കു് അവരെ ആകർഷിക്കുന്നു. വ്യക്തികളുടെ സമൂഹത്തിന്റെ വിനിമയ ഡാറ്റ വിശകലനത്തിനു് വിധയേമാക്കുന്നു. ടെക് ഭീമൻമാരും ഭരണകൂടങ്ങളും ചില സ്ഥലങ്ങളിൽ വലതുപക്ഷ രാഷ്ട്രീയ ശക്തികളുമായി രഹസ്യധാരണയുണ്ടെന്നു വേണം അനുമാനിക്കാൻ. കാരണം ഭരണകൂട നിർബന്ധങ്ങൾക്കു് വഴങ്ങി ഡാറ്റ രഹസ്യമായി കൈമാറുന്നു എന്നു് മാത്രമല്ല ഭരണകൂട വിരുദ്ധ ഉള്ളടക്കം പൊതു ശ്രദ്ധയിൽ നിന്നു് മാറ്റി നിർത്താനും റദ്ദാക്കാനും ചിപ്പോൾ ഉള്ളടക്കത്തിന്റെ പേരിൽ വ്യക്തികളെ തന്നെ നിരോധിക്കാനും ടെക് കോർപറേറ്റുകൾ തയാറാവുന്നു. നിർഭാഗ്യവശാൽ ഇവർ സൃഷ്ടിച്ച പ്ലാറ്റുഫോമുകളിലൂടെയാണു് നമ്മുടെ ഓൺലൈൻ ഇടപാടുകൾ അത്രയും നടക്കുന്നതു്. പൊതുവിൽ, ടെക് കോർപറേറ്റുകൾ അവകാശപ്പെടുന്ന തുറസ്സു് (openness) നവമാധ്യമങ്ങൾക്കു് ഇല്ല എന്ന അവസ്ഥയിലേക്കാണു് കാര്യങ്ങൾ എത്തിച്ചേർന്നു നിൽക്കുന്നതു്. ഡാറ്റ എന്ന പ്രയോഗത്തിൽ നമ്മുടെ വിനിമയങ്ങളുടെ മാനുഷികവും ജൈവുമായ സ്വഭാവം നഷ്ടപ്പെടുന്നുണ്ടു്. ഡാറ്റ എന്നതു് നമ്മുടെ ഭാവനകളും, സ്വപ്നങ്ങളും, അഭിലാഷങ്ങളും. പ്രതീക്ഷകളും, രോഷങ്ങളും, അമർഷങ്ങളും, വിഷമതകളും, സന്തോഷങ്ങളുമൊക്കെയാണു് കോർപറേറ്റ്-ഭരണകൂട സമഗ്രാധികാരത്തിന്റെ അധീശത്വത്തോടെ സമാഹരിച്ചു വെയ്ക്കുന്നതു്.

അഭിപ്രായ സ്വാതന്ത്ര്യം മുതൽ പ്രതിനിധാന സഭയിലേക്കുള്ള തിരഞ്ഞെടുപ്പു് വരെയുള്ള ജനാധിപത്യത്തിനു് ആധാരമായ നമ്മൾ ഏറെ വിലമതിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം സാങ്കേതിക വിദ്യകളുടെ വിദഗ്ദ്ധമായ ഉപയോഗത്തിലൂടെ സമഗ്രാധികാരത്തിനു കീഴ്പ്പെടുന്ന അവസ്ഥയാണെന്നാണു് സമകാലിക സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നതു്. വിവാദമായ കേംബ്രിഡ്ജ് അനലറ്റിക്ക സ്ഥാപനം പ്രവർത്തിച്ചിരുന്നതു് ഈ ഭൂമികയിലാണു്. മാർട്ടിൻ മൂർ “Democracy Hacked” എന്ന പുസ്തകത്തിൽ ഇതിനെപ്പറ്റി പറയുന്നതു് ഇതാണു്:

“ഡാറ്റയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളെ എളുപ്പം മറികടക്കാനുള്ള സൗകര്യം ഒരുക്കുന്നു. അവർ ഡാറ്റ ഉപയോഗിച്ചു് തെരഞ്ഞെടുപ്പുകളെ “വാങ്ങുന്നു”. ഡാറ്റയെ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾ നിഗൂഢമായാണു് നടക്കുന്നതു്. വ്യക്തിഗതമായ ഡാറ്റയെ സമാഹരിക്കാം, വിശകലനങ്ങൾക്കു് വിധേയമാക്കാം, വിൽക്കാം. പണം എങ്ങനെയാണോ തിരഞ്ഞെടുപ്പുകളിൽ വിജയമുറപ്പിക്കുന്നതു് അതു് സമാനമായ രീതിയിലാണു് ഡാറ്റയെയും ഉപയോഗപ്പെടുത്തുന്നതു്. അതായതു്, ഡാറ്റ ഉപയോഗിച്ചു് വോട്ടർമാരെ വിലയ്ക്കെടുക്കാൻ സാധിക്കുന്നു.”

ഇതെല്ലം നടക്കുന്നതു് വ്യക്തികളുടെ അറിവോടെയാകണമെന്നില്ല. സമഗ്രാധികാര വ്യവസ്ഥയിൽ മസ്തിഷ്ക പ്രക്ഷാളനം നിയന്ത്രിതമായ ചുറ്റുപാടുകളിൽ വ്യക്തികളുടെ മേൽ നിർബ്ബന്ധപൂർവ്വം നടത്തുന്ന പ്രക്രിയയാണെങ്കിൽ നവസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ സൂക്ഷ്മതലങ്ങളിലേയ്ക്കു് ഇറങ്ങിച്ചെന്നു വ്യക്തികളുടെ അബോധപ്രേരണകളിൽ ഇടപെട്ടു കൊണ്ടാണു് ഇതു് സാധിച്ചെടുക്കുന്നതു്. ദെലെസിനും ഗുത്താരിക്കു ശേഷം ഗഹനപ്പെട്ട മനഃശാസ്ത്ര സമീക്ഷ ഈ വിപണിയുടെ ഈ സൂക്ഷ്മതല പ്രവർത്തനങ്ങളെ ഗൗരവമായി പഠിച്ചിട്ടില്ല എന്നതാണു് യാഥാർത്ഥ്യം. ഉപരിപ്ലവമായ ചില നിരീക്ഷണങ്ങൾ മാത്രം മുന്നോട്ടു് വെയ്ക്കുന്ന ജനപ്രിയ സൈക്കോളജിയുടെ പഠനമേഖലയായി ഇതിപ്പോഴും ഒതുങ്ങി നിൽക്കുകയാണു്.

images/Rohit_Chopra.jpg
രോഹിത് ചോപ്ര

ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സമീപകാല ആവിർഭാവത്തിനു് പിറകിലും വലിയ ഓൺലൈൻ പ്രവർത്തനങ്ങൾ കാണാൻ കഴിയും. 2014-തിരഞ്ഞെടുപ്പിൽ പ്രധാന മന്ത്രിയാകുന്നതിനു മുമ്പേ തന്നെ നരേന്ദ്ര മോഡി ഫേസ്ബുക്ക് വഴി പിന്തുണക്കാരുടെ ബൃഹത്തായൊരു ശൃംഖല സൃഷ്ടിച്ചിരുന്നു. ഈക്കാലയളവിൽ തന്നെ രാജേഷ് ജെയ്ൻ എന്നൊരു സംരംഭകൻ Niti Central എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം വലതുപക്ഷ പ്രത്യയശാസ്ത്ര പ്രചരണാർത്ഥം തുടങ്ങുകയും തിരഞ്ഞെടുപ്പു് വേളയിൽ ബി ജെ പിയ്ക്കു് പിന്തുണ തേടാൻ ഡിജിറ്റൽ മാധ്യമത്തെ വിദഗ്ധമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ കൂടുതൽ അറിയാൻ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ പണ്ഡിതൻ രോഹിത് ചോപ്ര എഴുതിയ ‘വെർച്വൽ ഹിന്ദുരാഷ്ട്രം’ എന്ന പുസ്തകം നോക്കുക.

ഇങ്ങനെ സൂക്ഷ്മ നീരിക്ഷണ വിധയേമായ നവമാധ്യമാധിഷ്ഠിത സാമൂഹിക ഭൂമികയിലാണു് അസംഖ്യം വ്യാജ വാർത്തകൾ നിർമ്മിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ അതു് സത്യമായി സ്വീകരിക്കപ്പെടും എന്ന പഴയ നാസി ഗീബൽസിയൻ പ്രചാര തന്ത്രത്തിൽ നിന്നു് വ്യത്യസ്തമായി സാങ്കേതികവിദ്യയുടെ പ്രഭാവത്തോടെ ഒരു വ്യാജ സന്ദേശം ഒരു തവണ കൈമാറിയാൽ അതു് പലതവണ കൈമാറ്റം ചെയ്യപ്പെടുകയും ഒടുവിൽ അതു് വാസ്തവമായി അംഗീകരിക്കപ്പെടും എന്നതാണു് നവമാധ്യമകാല പ്രചാര യുക്തി.

images/Gandhi-Home-Rule.jpg

ഫേക്ക് ന്യൂസ് എന്നതിന്റെ സാമാന്യാർത്ഥത്തിലുള്ള മൊഴി മാറ്റമാണു് വ്യാജ വാർത്ത എന്നുള്ളതു്. പക്ഷേ, ആ പ്രയോഗത്തിൽ ഉള്ളടങ്ങിയിട്ടുള്ള ചതിയും കപടതയും അധികാര പ്രയോഗവും ഒന്നും തന്നെ വ്യക്തമാക്കുന്നില്ല അതു്. Disinformation എന്നതാണു് ശരിയായ പ്രയോഗം. അതു് Misinformation-ൽ നിന്നു് വ്യതിരിക്തമാണു്. Disinformation ബോധപൂർവ്വം അധികാരം ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവൃത്തിയാണു്. തെറ്റിദ്ധരിപ്പിക്കുന്നതിൽ കൃത്യമായ ലക്ഷ്യങ്ങളുണ്ടു്. Misinformation കുറച്ചുകൂടി പരോക്ഷവും അപ്രവർത്തകവുമായ പണിയാണു്. Disinformation-നു് നൽകാവുന്ന ഏറ്റവും ഉചിതമായ അർത്ഥം വിവര ചതിയെന്നാണു്. ഇതിഹാസത്തിൽ നോക്കിയാൽ “അശ്വത്ഥാമ ഹത കുഞ്ജരാഃ” എന്നതിനു് ഏറെ സമാനമായ ഒന്നു്. ഇന്നു് ഫേക്ക് ന്യൂസ് തന്നെ പുതിയ വിതാനങ്ങളിലേയ്ക്കു് മാറിയിരിക്കുന്നു. വേർതിരിച്ചറിയാൻ പറ്റാത്ത വിധം വിവര ചതിയുടെ പ്രകൃതം രൂപാന്തരപ്പെട്ടിരിക്കുന്നു. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വ്യാജ സന്ദേശങ്ങളെ Deep Fake എന്നാണു് വിളിക്കുന്നതു്. Disinformation-നു കൃത്യമായി ഉറവിടമുണ്ടെന്നിരിക്കെത്തന്നെ അതു് ഏതാണെന്നു് വിവരപ്രളയത്തിൽ വ്യക്തമാവുകയില്ല. വ്യാജ സന്ദേശങ്ങൾ ഒരു വ്യാധി പോലെ വളരെ ത്വരിത ഗതിയിൽ പരന്നിരിക്കും. ദോഷ വാർത്തകൾ പരക്കുന്നതു് അതിവേഗതയിലാണു്. മഹാത്മാ ഗാന്ധി “ഹിന്ദ് സ്വരാജിൽ ”, റെയിൽവേയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന വേളയിൽ സദ്വാർത്തകൾ ഒച്ചിന്റെ വേഗതയിൽ മാത്രമേ പരക്കൂ എന്നും അതേ സമയം ദുഷ്വാർത്തകൾ അതീശീഘ്രം ലോകമാകെ പടരുമെന്നും സൂചിപ്പിക്കുന്നുണ്ടു്. മറ്റൊരു വാർത്തയ്ക്കും ആ വേഗതയുണ്ടാകണമെന്നില്ല. അതിനുള്ള കാരണങ്ങൾ, ഒരു പക്ഷേ, മനുഷ്യവംശത്തിന്റെ തന്നെ നിലനില്പുമായുള്ള നിഗൂഢവും അബോധവുമായ പ്രേരണകളുടെ കാര്യകാരണങ്ങൾ തേടിയുള്ള ഏറെ സങ്കീർണ്ണത ഉൾക്കൊള്ളുന്ന ഒരു മേഖലയാണതു്. നവമാധ്യമത്തിന്റെ സവിശേഷ സ്വഭാവവും കൂടി വൈറൽ പ്രചാരണത്തിനു് കാരണമാകുന്നതാണു് ജനാധിപത്യത്തിനു അത്യന്തം അപായകരമാവുകയാണു്. വെർച്വൽ മാധ്യമത്തെ Spreadable Media എന്നാണു് വിളിക്കുന്നതു്. അതു് തിരശ്ചീനമായി വിസ്തൃതമാവുകയാണു്. ഒരേ സമയം ഒരാളിൽ നിന്നു് അനേകരിലേയ്ക്കു് എന്ന രീതിയിൽ.

Deep Fake വീഡിയോ നിർമ്മിക്കാൻ അതിവിശിഷ്ടമായ സാങ്കേതിക ജ്ഞാനം ആവശ്യമാണു്. വലിയ മുതൽ മുടക്കും വേണ്ടി വന്നേക്കാം. അതുക്കൊണ്ടു്, പോയന്റർ ഇൻസ്റ്റിറ്റ്യൂട്ട് പഠനം വ്യക്തമാക്കുന്നതു് പോലെ, ഭരണകൂടങ്ങൾക്കോ വൻകിട സംരംഭങ്ങൾക്കോ മാത്രമാണു് ഇപ്പോൾ അത്തരം വ്യാജ നിർമ്മിതികൾ പടച്ചുവിടാൻ സാധിക്കൂ. എന്നിരുന്നാലും, അതു് അന്തരാഷ്ട്ര തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള വിവരയുദ്ധത്തിൽ ഈയൊരു സാങ്കേതിക വിദ്യ നിർണ്ണായകമാകാൻ പോവുകയാണു്. പുതുതായി രൂപംകൊണ്ടിരിക്കുന്ന Disinformation വ്യവസ്ഥ സർവേലൻസ് സാമൂഹിക ക്രമത്തിനു് അനുപൂരകമാകും വിധത്തിലാണു് പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നതു്. സർവേലൻസ് ഏതോ നിഗൂഢമായ ഭരണകൂട പ്രവർത്തി എന്ന നിലവിട്ടു നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു സർവ്വ സാധാരണ കാര്യമായിരിക്കുന്നു. സർവേലൻസിനു് പൊതു സമ്മതിയും ലഭിച്ചിട്ടുണ്ടു്. ഉദാഹരണത്തിനു്, അമേരിക്കയിലേയ്ക്കുള്ള വിസ പ്രോസ്സസ്സിങ്ങിനു അപേക്ഷിക്കുന്ന വ്യക്തി തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിന്റെ വിവരങ്ങൾകൂടി പരിശോധനയ്ക്കായി കൈമാറണം. നാളെ സർക്കാർ, കോർപറേറ്റ് സ്ഥാപനങ്ങളിലെ ജോലിക്കും ഇതു് നിർബ്ബന്ധമാക്കിയേക്കും. സോഷ്യൽ മീഡിയ പ്രൊഫൈലിങ് വഴി വിമത ശബ്ദങ്ങളെ നിയന്ത്രിക്കാനും അനന്തരം അതു് ഇല്ലാതാക്കാനുമാണു് ലക്ഷ്യം. നവ മാധ്യമകാലത്തെ മക്കാർത്തിയിസത്തിന്റെ തിരിച്ചുവരവായി പരിണമിച്ചിരിക്കുന്നു പ്രൊഫൈലിങ്.

വ്യാജ വാർത്തകളും സർവേലൻസ് സാങ്കേതിക വിദ്യയും തമ്മിലുള്ള ഗൂഢബന്ധത്തെ വളരെ വ്യക്തമായും മനസ്സിലാക്കേണ്ടതാണു്. വ്യാജ വാർത്തകളുടെ നിർമ്മാണ ‘മികവു്’ എടുത്തുപറയേണ്ടതില്ലല്ലോ. എങ്കിലും മനുഷ്യർ പ്രത്യക്ഷത്തിൽ തന്നെ നുണയെന്നു് അനുമാനിക്കാനാവുന്ന വാർത്തകൾ എങ്ങനെയാണു് സ്വയം വിശ്വസിക്കുന്നതും അത്തരം വാർത്തകളുടെ പ്രചാരണം സ്വയം ഏറ്റെടുക്കുന്നതും ഗൗരവമായി പഠിക്കേണ്ട കാര്യമാണു്. ഭീതി നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലാണു് വ്യാജ വാർത്തകൾ കൂടുതലും പ്രചരിക്കുന്നതു് എന്നു് വേണം മനസ്സിലാക്കാൻ. സെലിബ്രറ്റി എൻഡോഴ്സ്മെന്റ് വിജയ വാർത്തകളെ വാസ്തവമായി ഭവിപ്പിക്കുന്നതിൽ ഒരു പ്രധാന ഘടകമാണു്. ഊരും പേരുമില്ലാത്ത വാർത്തകൾക്കു് ലെജിറ്റിമസി നൽകാൻ വലിയൊരു അളവു് വരെ സഹായം നൽകുന്നതു് സെലിബ്രിറ്റികളാണു്. ഉന്നതർ ഫോളോ ചെയ്യുന്നവരുടെ അക്കൗണ്ടിൽ നിന്നു് വ്യാജ സന്ദേശങ്ങൾ ഉത്ഭവിക്കുന്നുണ്ടെങ്കിൽ അതു് ഗുരുതരമായി ശ്രദ്ധിക്കപ്പെടുന്നതു് അതിനു പ്രധാന കാരണം ഫോളോചെയ്യുന്നവർ തന്നെയാണു്. സ്വാതി ചതുർവേദി, ‘ഐ ആം ഏ ട്രോൾ’ എന്ന പുസ്തകത്തിൽ ഈക്കാര്യങ്ങൾ വിശദമായി ചർച്ചചെയ്യുന്നുണ്ടു്. സംഘടിതമായി തന്നെ വ്യാജ വാർത്തകൾ നിർമ്മിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും എന്നും സ്വാതി ചതുർവേദി ഈ പുസ്തകത്തിൽ തെളിവു് സഹിതം അവതരിപ്പിക്കുന്നുണ്ടു്.

അപരവിദ്വേഷം ലക്ഷ്യംവെച്ചുകൊണ്ടുള്ള ട്രോളുകൾക്കു് പ്രത്യക്ഷമായോ പരോക്ഷമായോ ഭരണകൂട പിന്തുണയുണ്ടെന്നും വേണം അനുമാനിക്കാൻ. അല്ലാത്ത പക്ഷം, തീർച്ചയായും നിയമ നടപടിക്കു് അവ വിധേയമാകുമായിരുന്നു. ഇത്തരം വിദ്വേഷ ഭാഷണങ്ങൾക്കു് ആവശ്യം വേണ്ടുന്ന പ്രചാരം ലഭിച്ചാൽ പിന്നെ അവ പിൻവലിക്കപ്പെടുകയാണു് പതിവു്. എന്നാൽ അതേ സമയം, ഭരണകൂട വിരുദ്ധ എതിർശബ്ദങ്ങളോ വിമത അഭിപ്രായങ്ങളോ ശിക്ഷണത്തിനു് നിർബ്ബന്ധമായും വിധേയപ്പെടാറുമുണ്ടു്. രാജ്യദ്രോഹം, രാജ്യസുരക്ഷ, ക്രിമിനൽ മാനനഷ്ടം തുടങ്ങിയ ജാമ്യം അപ്രാപ്യമായ കുറ്റങ്ങൾ നിരത്തിയാണു് വിമതാഭിപ്രായങ്ങളെ നിർബ്ബന്ധമായും അഴിക്കുള്ളിലാക്കുന്നതു്. കാർട്ടൂണുകൾ, ട്രോളുകൾ, വിമത വീക്ഷണങ്ങൾ കൃത്യമായും പോലീസ് നടപടികളിലേക്കാണു് നേരെ കടക്കുക. പല ഘട്ടങ്ങളിലും നിയമ വിരുദ്ധമായ രീതിയിലാണു് ശിക്ഷണ നടപടികൾ എന്നതിനാൽ കോടതി നേരിട്ടു് ഇടപെടേണ്ട എത്രയോ അവസരങ്ങൾ ഉണ്ടായിട്ടുണ്ടു്. വിമത രാഷ്ട്രീയത്തോടുള്ള വലതുപക്ഷത്തിന്റെ ലോകമെമ്പാടുമുള്ള പൊതുസമീപനം ഇതായിരിക്കെ, ഈയൊരു സ്വഭാവത്തിലുള്ള അസഹിഷ്ണുത പ്രകടനം അവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. തങ്ങൾക്കു് സ്വീകാര്യമല്ലാത്ത മാധ്യമപ്രവർത്തകരെയും പൊതുപ്രവർത്തകരെയും ഇതേമട്ടിൽ ആക്രമിക്കുക എന്നതു് വലതുപക്ഷവൽക്കരിക്കപ്പെട്ട രാഷ്ട്രീയബോധത്തിന്റെ പ്രകടനങ്ങളാണു്. 66 എ പോലുള്ള ഭീകര വകുപ്പുകൾ; സുപ്രീം കോടതി റദ്ദുചെയ്തിട്ടും അതേ വകുപ്പു് മുൻനിർത്തി പലരെയും അറസ്റ്റ് ചെയ്തതിനെ തുടർന്നു് ഉന്നത നീതിപീഠത്തിനു് കർശ്ശനനിർദ്ദേശങ്ങളാണു് ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്കു് നൽകേണ്ടി വന്നതു്. ചുരുക്കത്തിൽ, ഹിംസാത്മകമായ സംഘടിത പ്രവർത്തനം നവമാധ്യമത്തെ കേന്ദ്രീകൃതവും വ്യവസ്ഥാനുകൂലവുമായി പരിവർത്തനപ്പെടുത്തുമ്പോൾ മറുവശത്തു വികേന്ദ്രീകൃതവും വ്യക്തിഗതവുമായ വിമതശബ്ദങ്ങൾ നിയമത്തിന്റെ പഴുതുപയോഗിച്ചു ഭരണകൂടങ്ങൾ റദ്ദാക്കുകയോ അടിച്ചമർത്തുകയോ ചെയ്യുന്നു.

സമീപകാലങ്ങളിൽ, സംഘടിത മാധ്യമങ്ങൾ നേരിട്ട വലിയ വിശ്വാസ തകർച്ച, നവമാധ്യമങ്ങൾക്കു് വാർത്ത സ്രോതസ്സു് എന്ന നിലയിലുള്ള വ്യാപനത്തിനു് കാരണമായിട്ടുണ്ടു്. വിശ്വാസ തകർച്ചയ്ക്കു് ഹേതുവായ ഒട്ടനവധി കാരണങ്ങളിൽ പ്രധാനം ‘പെയ്ഡ് ന്യൂസ്’ എന്ന മാധ്യമ കരകൗശല വിദ്യയാണു്. ഫോർത്ത് എസ്റ്റേറ്റ് സങ്കല്പത്തിനു് ആധാരമായിരിക്കുന്ന എഡിറ്റോറിയൽ ഓട്ടോണോമി വാണിജ്യതാല്പര്യങ്ങൾക്കു് മുമ്പിൽ അടിയറവുവെച്ചതു മുതൽക്കേ മാധ്യമങ്ങളുടെ സ്വാച്ഛന്ദ്യം വെല്ലുവിളിയെ നേരിടാൻ തുടങ്ങി. ഉടമസ്ഥ ഇടപെടലുകളും വിപണി താൽപര്യങ്ങളും അനഭിലഷണീയമായ പ്രവണതകളായി തീരുകയും മാധ്യമ പ്രവർത്തകർക്കു് വ്യക്തിഗതമായുണ്ടായിരുന്ന വിശ്വാസ്യതയ്ക്കു് പോലും ഉലച്ചിൽ തട്ടുന്ന സ്ഥിതിയായി. ഉടമസ്ഥനു് കീഴടങ്ങാത്ത മാധ്യമപ്രവർത്തകനു് തൊഴിൽ തന്നെ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണു് സംജാതമായതു്. സ്വന്തം നിലപാടുകളുടെ പേരിൽ ഒദ്യോഗിക മാധ്യമ പ്രവർത്തനം നിറുത്തേണ്ടി വന്ന പലരും സമൂഹ മാധ്യമം തങ്ങളുടെ പുതിയ പ്രവർത്തന മേഖലയായി വികസിപ്പിച്ചു. മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര സംരംഭങ്ങൾ എന്ന നിലയിൽ നവ മാധ്യമങ്ങളിൽ പുതിയ വാർത്ത വിശകലന സ്രോതസ്സുകൾ ആരംഭിക്കുകയുണ്ടായി. ഒഴിവാക്കപ്പെട്ടതും തമസ്കരിക്കപ്പെട്ടതുമായ വാർത്തകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കപ്പെടാനുള്ള വേദിയായി സമൂഹ മാധ്യമങ്ങൾ. സംഘടിത മാധ്യമങ്ങൾക്കു് സമൂഹ മാധ്യമങ്ങൾ അംഗീകൃത വാർത്ത സ്രോതസ്സായി മാറി. ഈക്കാലയളവിൽ തന്നെ ആക്ടിവിസത്തിനും അതിനു അനുപേക്ഷണീയമായ ശൃംഖല രൂപീകരണത്തിനും നവമാധ്യമങ്ങൾ വലിയൊരു സാധ്യത തുറന്നിടുകയും ചെയ്തു. ജനകീയ ബദൽ രാഷ്ട്രീയ പ്രവർത്തനത്തിനു് നവമാധ്യമങ്ങൾ പുതിയൊരു ഭൂമികയായി. ഇതു് ലോകമെമ്പാടും സംഭവിച്ച കാര്യമാണു്. നവമാധ്യമങ്ങൾ രാഷ്ട്രീയ സംഘടനത്തിനു് ബദൽ സാധ്യതയൊരുക്കി. ബദൽ സാധ്യതകളുടെ വ്യാപനത്തിനു് നവമാധ്യമങ്ങൾ വമ്പിച്ചൊരു സാധ്യതയൊരുക്കേ അതിലേക്കു് കടന്നു വന്നതു് വലതുപക്ഷക്കാരാണു്. ലിബറലുകളെ നവമാധ്യമ ഇടങ്ങളിൽ നിന്നു് തുരത്തും വിധം വലതുപക്ഷം അങ്ങേയറ്റം അക്രമോത്സുകതയോടെ ഏതോ ഒരു പ്രാകൃതമായ ആഭിചാരക്രിയ നിർവ്വഹിക്കുന്ന മട്ടിൽ തീവ്രദേശീയ വാദവും വംശാധിപത്യവാദവും അഴിച്ചുവിട്ടു. വലതുപക്ഷം നവമാധ്യമം ഉപയോഗപ്പെടുത്തി നടത്തിയ ആഗോള ശൃംഖല രൂപീകരണം പ്രത്യേകം പഠിക്കേണ്ടതാണു്. കാരണം, ഉയർത്താൻ സവിശേഷവും നീതിപൂർവ്വകവുമായ ആവശ്യങ്ങളോ വിഷയങ്ങളോ ഇല്ലാഞ്ഞിട്ടും കേവലം വിദ്വേഷത്തിന്റെ പേരിൽ ദൂഷിതവലയങ്ങൾ നവമാധ്യമത്തിന്റെ തുറസ്സുകളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. ലിബറലുകളും ഇടതുപക്ഷവും തീർത്തും ദുർബലമായ ഒരു ലോകമാണു് നവമാധ്യമത്തിന്റേതു്. അതേ സമയം വലതുപക്ഷം നവമാധ്യമ മേഖല കൈയടക്കിയിട്ടുള്ള അണുതലത്തിലെ സ്വയം സംഘടന രീതികളിലൂടെയാണു് (Molecular form of right wing organising). അതിൽ അണിചേർന്നിരിക്കുന്ന വ്യക്തികൾ തമ്മിൽ സാമാന്യമായി ഒരു അടുപ്പവും സാധ്യമല്ല മറിച്ചു അവരെ ചിന്താപരമായും വികാരപരമായും ഐക്യത്തോടെ നിർത്തുന്നതു് അപരവിദ്വേഷത്തിന്റെ ഏകമാത്ര രാഷ്ട്രീയമാണു്.

images/Alan_Rusbridger.jpg
അലൻ റാസ്ബ്രിഡ്ജർ

വ്യാജ വാർത്ത നിർമ്മിതിയുടെ പശ്ചാത്തലത്തിൽ സംഘടിത മാധ്യമങ്ങളുടെ വിശ്വാസ തകർച്ചയും പിൻവാങ്ങലും ഗൗരവതരമായി പരിശോധിക്കേണ്ട കാര്യമാണു്. സംഘടിത മാധ്യമങ്ങളുടെ ഒരു സവിശേഷത എന്തെന്നാൽ അതിനുണ്ടായിരുന്ന അക്കൗണ്ടബിലിറ്റിയാണു്. പൂർണ്ണമായൊരു അക്കൗണ്ടബിലിറ്റി എന്നു് പറയാൻ കഴിയില്ലെങ്കിലും ഉടമസ്ഥനും പത്രാധിപർക്കും മറുപടി പറയാൻ ബാധ്യതപ്പെട്ട പല കാര്യങ്ങളുമുണ്ടു്. ഗാർഡിയൻ മുൻ എഡിറ്റർ അലൻ റാസ്ബ്രിഡ്ജർ ചൂണ്ടിക്കാട്ടിയതു് പോലെ, സംഘടിത മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തുക്കൊണ്ടു അതിനുണ്ടായിരുന്ന ലെജിറ്റിമസിയെ തകർക്കുക എന്നതു് വലതുപക്ഷവല്കരിക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിനു് അത്യന്താപേക്ഷിതമായിരുന്നു. ഒരു വശത്തുകൂടെ, സംഘടിത മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും വിശ്വാസ്യത തകർക്കുക മറുവശത്തുകൂടെ, മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതത വൻ ഓഹരി നിക്ഷേപത്തിലൂടെ കോർപറേറ്റ് കൈപിടിയിലാക്കുക. ഈ രണ്ടു കാര്യങ്ങളും കഴിഞ്ഞൊരു ദശകത്തിനുള്ളിൽ ഇന്ത്യയിൽ വലതുപക്ഷവൽക്കരണത്തിന്റെ മുന്നോടിയായി നടന്ന കാര്യങ്ങളാണു്. ഇതിനൊന്നും അടിപെടാതെ പൊരുതി നിന്ന മാധ്യമങ്ങളെ സാമ്പത്തികമായി വലച്ചും നിയമപ്രശ്നങ്ങൾ സൃഷ്ടിച്ചും നിർവീര്യമാക്കാനുള്ള ശ്രമം തുടരെ തുടരെ നടന്നുകൊണ്ടിരിക്കുന്നു. വിമതശബ്ദമുയർത്തിയിരുന്ന മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളേയും നിരന്തരം വേട്ടയാടിയിരുന്നതു് സമൂഹ മാധ്യമ ശൃംഖല ഉപയോഗപ്പെടുത്തിക്കൊണ്ടാണു്. ഭരണകൂട ഫാസിസത്തോടൊപ്പം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സൂക്ഷ്മതല ഫാസിസത്തിന്റെ പ്രവർത്തനങ്ങളും വ്യാപിക്കപ്പെട്ടു. മൈക്രോ ഫാസിസത്തിൽ ഒരു വ്യക്തിയും ഓരോ പോലീസ് സ്റ്റേറ്റായി രൂപാന്തരപ്പെട്ടു. നിയമ വാഴ്ചയെ അട്ടിമറിച്ചു സ്വയം നിയമമാകുന്ന ആൾക്കൂട്ടങ്ങൾ രൂപപ്പെട്ടതു് ഇങ്ങനെയാണു്. മൈക്രോ ഫാസിസം പ്രവർത്തനക്ഷമമാകുന്നതു് പല ഭാവങ്ങളിലാണു്. സദാചാര പോലീസിങ്ങ് അതിന്റെ കേവല ദൃഷ്ടാന്തമാണു്. തികച്ചും പ്രാദേശികതയിൽ നിന്നു് ഉരുവം കൊള്ളുന്ന അപരവിദ്വേഷമാണു് മൈക്രോഫാസിസത്തിന്റെ പ്രവർത്തന മൂലധനം. അത്തരം പ്രാദേശിക തലത്തിലെ അപര വിദ്വേഷത്തെ തീവ്രദേശീയ വാദത്തിലേക്കു് ബന്ധപ്പെടുത്തുന്നതിൽ സമൂഹ മാധ്യമങ്ങളിലെ അടഞ്ഞകൂട്ടായ്മകൾ വഴിയാണു്. വാട്ട്സ് ആപ്പ് പോലുള്ള അടഞ്ഞ സമൂഹ മാധ്യമങ്ങൾ സൂക്ഷ്മ തലങ്ങളിലേക്കു് വിദ്വേഷ വാർത്തകളെ പടർത്താൻ സഹായകമാകുന്നു.

images/Margaret_Thatcher.jpg
മാർഗരറ്റ് താച്ചർ

വാസ്തവത്തിൽ, സമൂഹ മാധ്യമം എന്ന പരികല്പന തന്നെ അടിസ്ഥാനരഹിതമായിരിക്കുന്നു. കാരണം, സമൂഹം എന്ന നിലയിലുള്ള സംഘാടനമോ അതിലുൾച്ചേർന്നു വരുന്ന വൈവിധ്യമോ അതിന്റെ ഭാഗമായി വരുന്ന സാമൂഹിക വിനിമയങ്ങളോ അപ്രത്യക്ഷമായിരിക്കുന്നു. ബ്രിട്ടനിൽ നവലിബറൽ സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കുന്ന വേളയിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രി മാർഗരറ്റ് താച്ചർ പറഞ്ഞതു്: സമൂഹം എന്നൊന്നില്ല എന്നും വ്യക്തികൾ മാത്രമേയുള്ളൂ എന്നാണു്. നവമാധ്യമങ്ങളുടെ സമകാലികതയിൽ നവലിബറൽ പ്രയോഗങ്ങൾ കാണിച്ചു തരുന്നതു് വ്യക്തിയും മരണപ്പെട്ടിരിക്കുന്നു പകരം ആൾക്കൂട്ടം തത്സ്ഥാനമേറ്റെടുത്തിരിക്കുന്നു എന്നാണു്. സമൂഹം എന്നതു് ഒരു ഒരുമയുടെ രൂപമാണു്. അതിന്റെ ജൈവികമായ ഉണ്മ അധികാരഘടനക്കെതിരെ പ്രതിരോധം സാധ്യമാക്കുന്നു. പക്ഷേ, ജഡമായ ആൾകൂട്ടം അത്തരം ജൈവികതയ്ക്കു് പകരം അക്രമാസക്തതയെ ആഘോഷമാക്കുന്നു.

വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ പലവയും സാമൂഹ്യതയിൽ നിന്നു് പിന്മാറി ഒരാൾക്കൂട്ട സ്വഭാവമാണു് പ്രകടിപ്പിക്കുന്നതു്. ആൾക്കൂട്ട സ്വഭാവം എന്നതുക്കൊണ്ടു ഉദ്ദേശിക്കുന്നതു് വ്യതിരിക്തതകളോടുള്ള അസഹിഷ്ണുതയും, അതിന്റെ നിഷേധവും, ഏകപക്ഷീയമായ പെരുമാറ്റം, ഹിംസാത്മകത, വിമർശനരാഹിത്യം എന്നിവയോടൊപ്പം നിഗ്രഹോത്സുകതയും, വ്യക്തികളെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്ന പ്രവണതയും. കുടുബ ഗ്രൂപ്പുകൾ, സ്കൂൾ-കോളേജ് സൗഹൃദ ഗ്രൂപ്പുകൾ തുടങ്ങി പ്രഫഷണലുകളുടെ ഗ്രൂപ്പുകൾ വരെ ഈ രീതിയിൽ വലതുപക്ഷവൽക്കരിക്കപ്പെട്ടിരിക്കയാണു്. വ്യത്യസ്തമായി ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അവരെ വേർതിരിച്ചു കൈകാര്യം ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുകയാണു് രീതി. മിക്കവാറും അതിനുമുമ്പു് തന്നെ സ്വയം പുറത്തേയ്ക്കു് പോയിരിക്കും. ഒരു സ്വാച്ഛന്ധ്യ സ്വഭാവം നിലനിർത്താനും ചില വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ശ്രമിക്കുന്നതു് കാണാം. അലോസരമുണ്ടാക്കുന്ന ഒരാളെയും ഗ്രൂപ്പിലേക്കു് അടുപ്പിക്കാതെ സ്വയമൊരു അടഞ്ഞവ്യവസ്ഥയായി നിൽക്കുന്ന ഗ്രൂപ്പുകളും കെട്ടിക്കിടക്കുന്ന രാഷ്ട്രീയത്തിന്റെ ചതുപ്പു് നിലങ്ങളാണു്.

എതിർശബ്ദങ്ങളും വിമത നിലപാടുകളും അസ്വീകാര്യമാകുന്നു എന്നു് മാത്രമല്ല ഈ പല ഗ്രൂപ്പുകളും നുണ നിർമ്മാണ പ്രചാരണ കേന്ദ്രങ്ങളായി മാറുകയാണു്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ മൈക്രോ ടാർഗറ്റ് ചെയ്യാൻ പറ്റുന്ന ഏറ്റവും പാകമായ ഇടങ്ങളാണു്. വീടുവീടാന്തരം രാഷ്ട്രീയ കാമ്പയ്ൻ നടത്തുന്നതിനേക്കാൾ ഏറെ ഫലപ്രദമാണു് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളെ ലക്ഷ്യം വെക്കുന്നതെന്നു തിരഞ്ഞെടുപ്പു് തന്ത്രങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതാണു്. ഗ്രൂപ്പുകളിലേയ്ക്കു് പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങളിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ മനസ്സിലാക്കാൻ പറ്റാത്ത വിധം സന്ദേശങ്ങൾ അതിവേഗതയോടെ ഒഴുകിയെത്തിക്കൊണ്ടിരിക്കും. ഇതിനുപുറമേ, സോഷ്യൽ മീഡിയയിലും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും “സ്റ്റാർ” നിലവാരത്തിലുള്ള വ്യക്തികളുണ്ടു്. അവരുടെ അഭിപ്രായ പ്രകടന രീതികൊണ്ടും, അവരുടെ (മിക്കവാറും വ്യാജം!) ബിരുദങ്ങൾ തൊഴിൽ സ്ഥാനങ്ങൾ എന്നിവക്കൊണ്ടു സാധാരണക്കാർക്കിടയിൽ ഒട്ടനവധി വ്യക്തികൾ (ചിലപ്പോൾ സൈബോർഗുകൾ!!) സോഷ്യൽ മീഡിയയിൽ താരമൂല്യമുളള സെലിബ്രിറ്റികളായി തീർന്നിട്ടുണ്ടു്. പച്ചക്കറികൾ പാകംചെയ്യുന്നതിനു മുമ്പു് സോപ്പ് വെള്ളത്തിലിട്ടു് കഴുകണമെന്നുള്ള ഒരു വ്യക്തിയുടെ സന്ദേശം ഒരു ശാസ്ത്ര സത്യമെന്ന നിലയിലാണു് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിപ്പിക്കപ്പെടുന്നതു്. ഈയൊരു കാര്യത്തിൽ ഇതാണു് അവസ്ഥയെങ്കിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളുടെ കാര്യത്തിലെ അവസ്ഥ വിശദീകരിക്കേണ്ടതില്ലല്ലോ. ഇതെല്ലാം വ്യക്തികളെ Cognitive Disability-യിൽ കൊണ്ടുചെന്നെത്തിക്കും. അതായതു് പ്രജ്ഞാപരമായ വികലത ബാധിച്ച വ്യക്തികൾ വളരെ പൊടുന്നനെ ആൾക്കൂട്ടത്തിന്റെ ഭാഗമായി തീരും. അങ്ങനെ ജനാധിപത്യത്തിൽ പ്രാഥമികമായി വേണ്ടതു് വിവരങ്ങളെ വ്യവഛേദിച്ചു തരംതിരിക്കാനും മനസ്സിലാക്കാനുമുള്ള കഴിവാണു്. ഇതാണു് സമൂഹ മാധ്യമങ്ങളിലെ ആൾക്കൂട്ട സംസ്കാരം ഇല്ലാതെയാക്കുന്നതു്. ഇതു് വഴി ബോധമണ്ഡലത്തെ സമഗ്രമായ രീതിയിൽ തന്നെ മാനിപുലേറ്റ് ചെയ്യാൻ സാധിക്കുന്നു. അതിന്റെ ആദ്യത്തെ അത്യാഹിതം അഭിമുഖീകരിക്കുന്നതു് രാഷ്ട്രീയമാണു്. (Political is the first casualty).

images/Hannah_Arendt.jpg
ഹന്നാ ആരെന്റ്

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലെ സമഗ്രാധികാര വ്യവസ്ഥകൾ സമൂഹത്തെയും വ്യക്തികളെയും കീഴ്പ്പെടുത്തി നിർത്താനുള്ള പദ്ധതിയുടെ ഭാഗമായി ആസൂത്രിതമായി തന്നെ നുണ പ്രചാരണങ്ങളും സർവേലൻസിനും തുടക്കമിട്ടിരുന്നു. പക്ഷേ, ഇന്നത്തേതിൽ നിന്നു് അതിനുള്ള പ്രധാന വ്യത്യാസം ഭരണകൂട പദ്ധതികൾക്കു് സാമൂഹ്യ അനുമതിയുണ്ടായിരുന്നില്ല എന്നു് മാത്രമല്ല അതു് വലിയ തോതിൽ അന്നു് തന്നെ വിമർശിക്കപെട്ടിരുന്നു. ഓർവെല്ലിന്റെ 1984 ഒരു ഉദാഹരണം. സമൂഹ ശരീരത്തിലേക്ക് സാമൂഹ്യ അനുമതിയോടെ തന്നെ നവ സാങ്കേതിക ചിപ്പുകൾ നിവേശിപ്പിക്കാൻ സാധിച്ചുവെന്നിടത്താണു് പുതിയ സമഗ്രാധികാരം വിജയം കൈവരിക്കുന്നതു്. ഹന്നാ ആരെന്റി നെ പോലുള്ള രാഷ്ട്രീയ ദാർശനിക ഇരുപതാം നൂറ്റാണ്ടിലെ സമഗ്രാധികാര പ്രവണതകളെ വിശകലനം ചെയ്തു കൊണ്ട് ഭാവിയുടെ പ്രകൃതമെന്തായിരിക്കുമെന്നതിനെക്കുറിച്ചു് പകർന്ന ഉൾക്കാഴ്ചകൾ ഇന്നും കൂടുതൽ പ്രസക്തമാകുന്നു ഈ വാസ്തവാനന്തര ഘട്ടത്തിൽ:

“സത്യത്തിനു പകരം നുണ അവിടെ പ്രതിഷ്ഠിക്കപ്പെടുന്നതിന്റെ പരിണിതി എന്താണെന്നു വെച്ചാൽ, നുണ സത്യമായി അംഗീകരിക്കപ്പെടും എന്നതല്ല അല്ലെങ്കിൽ സത്യം നുണയാൽ അപകീർത്തിപ്പെടും എന്നതുമല്ല, യഥാർത്ഥത്തിൽ പ്രശ്നം അനുഭവൈക ലോകത്തിൽ ഗണനപരമായി സത്യത്തെ നുണയിൽ നിന്നു് വേർതിരിച്ചറിയാനുള്ള മനുഷ്യരുടെ കഴിവുണ്ടല്ലോ, അതൊരു സവിഷേശമായ മാനുഷിക ശേഷിയാണു്. അതാണു് ഇല്ലാതാക്കപ്പെടുന്നതു്.”

ഇതാണു് വാസ്തവാനന്തരതയിലെ വിവര വ്യവസ്ഥ.

(“The result of a consistent and total substitution of lies to factual truth is not that the lie will now be accepted as truth and truth be defamed as lie, but that the sense by which we take our real bearings in the real world—and the category of truth versus falsehood is among the mental means to this end being destroyed.” Hannah Arendt, Origins of Totalitarianism.)

(കടപ്പാടു്: വി. കെ. സുരേഷ്/ചന്ദ്രിക.)

ദാമോദർ പ്രസാദ്
images/damodar.jpg

വിദ്യാഭ്യാസ-മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മലയാളം ഭാഷകളിൽ എഴുതാറുണ്ടു്. പതിവായല്ല, വല്ലപ്പോഴും.

Colophon

Title: Vasthavanantharathaye Arkkanu Pedi? (ml: വാസ്തവാനന്തരതയെ ആർക്കാണു് പേടി?).

Author(s): Damodar Prasad.

First publication details: Sayahna Foundation; Trivandrum, Kerala; 2021-02-20.

Deafult language: ml, Malayalam.

Keywords: Article, Damodar Prasad, Vasthavanantharathaye Arkkanu Pedi?, ദാമോദർ പ്രസാദ്, വാസ്തവാനന്തരതയെ ആർക്കാണു് പേടി?, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lions painted in the Chauvet Cave (Ardèche, France)., a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.