(‘ന്യു ലെഫ്റ്റ് റിവ്യൂ’വിലെ താരിക് അലി, കെ ദാമോദരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ പരിഭാഷ. പരിഭാഷകൻ: കെ സച്ചിദാനന്ദൻ.)
- ചോദ്യം:
- ഇന്ത്യൻ കമ്മ്യൂണിസ്റ്റു് പാൎട്ടിക്കു ചുവടുറപ്പിക്കാൻ വളരെയേറെക്കാലം വേണ്ടിവന്നതു് എന്തുകൊണ്ടാണെന്നാണു് താങ്കൾക്കു് തോന്നുന്നതു്? അതിന്റെ ആദ്യകാല പ്രവർത്തനമെന്തായിരുന്നു? ദേശീയപ്രസ്ഥാനവുമായുള്ള അതിന്റെ ബന്ധങ്ങളോ? ‘കൊമിന്റേണി’ന്റെ കുപ്രസിദ്ധമായ ആ ‘മൂന്നാംഘട്ടം’ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെയും ഒരു നിൎണ്ണായക സന്ധിയിൽ ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ നിന്നു് ഒറ്റപ്പെടുത്തി ഗതിമുട്ടിച്ചു കളഞ്ഞതാണെന്നു് വരുമോ?
- ഉത്തരം:
- ഈ ഘട്ടത്തിലെ എന്റെ വ്യക്തിപരമായ അനുഭവം കേരളത്തിലൊതുങ്ങി നില്ക്കുന്നതായിരുന്നു. ഞാൻ അതിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കാം. എങ്കിലും രാജ്യത്തുടനീളം പാർട്ടിയുടെ പൊതുവായ നീക്കം ഒന്നുതന്നെയായിരുന്നെന്നു് പറയേണ്ടതില്ലല്ലോ. കമ്മ്യൂണിസ്റ്റുപാർട്ടി നിയമവിരുദ്ധമായിരുന്ന കാലത്താണു് ഞാനതിൽ ചേരുന്നതു്. ബോംബേയിൽ തുണിമില്ലുകളുടെ പൊതുപണിമുടക്കുൾപ്പെടെയുള്ള പണിമുടക്കുകളുടെ തരംഗത്തിനു് പിറകേ, 1934 ആണു് പാർട്ടി നിരോധിക്കപ്പെട്ടതു്. ഇതുകാരണം പാർട്ടിസാഹിത്യത്തിന്റെ വിതരണം പലയിടത്തും പലതരത്തിലായിരുന്നു. സംഘടിതമായ ഉൾപ്പാർട്ടി ചർച്ചയുടെ പ്രശ്നമേ ഇല്ലായിരുന്നു. അക്കാലത്തു് സി. പി. ഐ. ദേശീയതലത്തിൽതന്നെ ഒരു കൊച്ചു സംഘടനയായിരുന്നെന്നു് മനസ്സിലാക്കണം. വാസ്തവത്തിൽ സി. പി. ഐ. ദേശീയതലത്തിലുള്ള ഒരു രാഷ്ട്രീയ ശക്തിയായി വികസിക്കാൻ തുടങ്ങിയതു് ‘മൂന്നാംഘട്ട’ത്തിന്റെ അതിക്രമങ്ങൾക്കുശേഷമാണു് 1935–36 കാലത്തു് ഇരുപതുകളിലും മുപ്പതുകളുടെ ആരംഭത്തിലും പ്രാദേശികതലത്തിൽ നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റു് ഗ്രൂപ്പുകളെ ഗതിമുട്ടിക്കുന്നതിൽ കോമിന്റേണിന്റെ രാഷ്ട്രീയം തീർച്ചയായും അപ്രധാനമല്ലാത്ത ഒരു പങ്കു വഹിക്കുകയുണ്ടായി. കോമിന്റേൺ നേതാക്കൾ ഇന്ത്യൻ ബൂർഷ്വാസിയുടെയും അതിന്റെ രാഷ്ട്രീയ സ്ഥാപനമായ ഇന്ത്യൻ കോൺഗ്രസ്സിന്റേയും ആപേക്ഷികമായ സ്വാഛന്ദ്യം തീരെ കുറച്ചുകണ്ടു. അവർ ദേശീയപ്രസ്ഥാനത്തെയും സാമ്രാജ്യത്വത്തെയും ഒന്നുതന്നെയായിക്കാണുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോയി. കൊളോണിയൽ പ്രശ്നങ്ങളിൽ സ്റ്റാലിന്റെ വക്താവായിരുന്ന ക്യുസിനേനും ‘ഇംപ്രെകോറി’ലെ പല എഴുത്തുകാരും സാമ്രാജ്യത്വത്തിനെതിരായ സമരത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഒരു പ്രതിവിപ്ലവശക്തിയാണെന്നുവരെ പറഞ്ഞുകളഞ്ഞു. കോൺഗ്രസ്സ് സോഷ്യലിസ്റ്റുകളെ അവർ ‘സോഷ്യൽ ഫാസിസ്റ്റു’കളായി മുദ്രകുത്തുകയും ചെയ്തു. ഇരുപതുകളുടെ അന്ത്യവർഷങ്ങളിലും മുപ്പതുകളിലും ദേശീയനേതാക്കൾക്കെതിരായ ആക്രമണങ്ങൾ തീവ്ര ഇടതുപക്ഷ വാചാടോപത്തിൽ പൊതിഞ്ഞാണു് വന്നിരുന്നതു്. ഇന്ത്യയിൽ അന്നു നിലനിന്ന വിവിധ കമ്മ്യൂണിസ്റ്റു് ഗ്രൂപ്പുകൾ അതൊക്കെ ‘തത്തമ്മേ—പൂച്ച പൂച്ച’ എന്ന മട്ടിൽ ഏറ്റുപറയുകയും ചെയ്തിരുന്നു. എങ്കിലും കോമിന്റേണിനെ മാത്രം കുറ്റംപറഞ്ഞാൽ പോര. ചൈനീസ് പാർട്ടിയും കോമിന്റേണിന്റെ തെറ്റായ ഉപദേശത്താൽ വഞ്ചിക്കപ്പെട്ടവരാണല്ലോ; എന്നിട്ടും അവരൊടുവിൽ രക്ഷപ്പെടുകയും, അധികാരം പിടിച്ചെടുക്കുകയും ചെയ്തു. അപ്പോൾ, ആത്മനിഷ്ഠമായ പരാജയങ്ങളുടെ പ്രാധാന്യം അവഗണിക്കാതെതന്നെ നമുക്കു് കുറച്ചുകൂടി ആഴത്തിലേക്കു നോക്കണം. അങ്ങനെ നോക്കുമ്പോൾ, ഇന്ത്യൻ കോൺഗ്രസ്സിനെപോലെ സുശക്തവും സുദൃഢവുമായ ഒരു ബൂൎഷ്വാജനാധിപത്യപാർട്ടിയുടെ നിലനില്പിനു് വസ്തുനിഷ്ഠമായ ഒരടിത്തറയുണ്ടായിരുന്നുവെന്നു് കാണാം—കോംപ്രദോറല്ലാത്ത, ബ്രിട്ടീഷ്ഭരണത്തിന്റെ മൂർദ്ധന്യത്തിൽ പോലും ഒരളവോളം സ്വാതന്ത്ര്യമനുഭവിച്ച ഒരു ഇന്ത്യൻ ബൂൎഷ്വാസിയുടെ വികാസമാണു് ഈ അടിത്തറ. അതിന്റെ താല്പര്യങ്ങൾ പല അവസരങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങളുമായി ഇടഞ്ഞു. ബ്രിട്ടൺ സാമ്രാജ്യത്വങ്ങൾ തമ്മിലുള്ള യുദ്ധങ്ങളാൽ തളയ്ക്കപ്പെട്ടിരുന്നകാലത്തു് ഇന്ത്യൻ മുതലാളിമാർ അഭൂതപൂൎവ്വമായ വേഗതയോടെ വളരുകയായിരുന്നു. ധാരാളം ഇന്ത്യാക്കാരുൾപ്പെട്ട ഒരു സിവിൽ സർവ്വീസിനോടും സൈന്യത്തോടുമൊപ്പം ഈ ബൂർഷ്വാസിയുടെ നിലനില്പ്, ഒരു കൊളോണിയൽ ഭരണകൂടോപകരണത്തിന്റെ നിലനില്പിനാവശ്യമായ അടിസ്ഥാനം സൃഷ്ടിച്ചു. കോൺഗ്രസ്സിനെ സ്വന്തം ഘടനയിൽ കെട്ടിയിടുന്നതിലും ഒടുവിൽ സ്വാതന്ത്ര്യത്തിന്റെ സമയം വന്നപ്പോൾ ആ പരിവർത്തനത്തിന്റെ സൗമ്യത ഉറപ്പുവരുത്തുന്നതിലും അതു വിജയിക്കുകയും ചെയ്തു. അങ്ങനെ തങ്ങൾക്കൊരിക്കലും ശരിക്കു് അപഗ്രഥിക്കാൻ കഴിയാതിരുന്ന അപൂർവ്വമായൊരു സാമ്പത്തിക—രാഷ്ട്രീയഘടനയുമായാണു് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഏറ്റുമുട്ടിയതു്. സി. പി. ഐ. 1934–35-ൽ തന്നെ ശരിക്കും സ്ഥാപിതമായെങ്കിലും അതിന്റെ വികാസം എല്ലാഭാഗത്തും തുല്യമായിരുന്നില്ല. ഉദാഹരണത്തിനു് നമ്പൂതിരിപ്പാടും കൃഷ്ണപിള്ളയും ഞാനുമുൾപ്പെടെ അഞ്ചു സഖാക്കൾ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റു് ഗ്രൂപ്പു സംഘടിപ്പിച്ചതു് 1937-ൽ മാത്രമായിരുന്നു. ഈ ഗ്രൂപ്പിനെ പരസ്യമായി “കമ്മ്യൂണിസ്റ്റു പാർട്ടി”യെന്നു് വിളിക്കേണ്ടെന്നും കോൺഗ്രസ്സ് സോഷ്യലിസ്റ്റുകൾക്കിടയിൽതന്നെ ഒരടിത്തറ നേടിയെടുക്കുകയാണു് വേണ്ടതെന്നും ഞങ്ങൾ തീരുമാനിച്ചു. ഇതു ശരിയായിരുന്നുവെന്നാണെന്റെ വിചാരം. എന്നാൽ ദേശവ്യാപകമായി അതു സംഭവിക്കുകയുണ്ടായില്ല. ഞങ്ങൾ അങ്ങനെ കോൺഗ്രസ്സിനുള്ളിൽതന്നെ ഒരു സംഘടിത ഗ്രൂപ്പായി പ്രവർത്തിച്ചിരുന്ന കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കകത്തു് കമ്മ്യൂണിസ്റ്റ് സാഹിത്യം പ്രചരിപ്പിച്ചു. കേരളത്തിലെ കോൺഗ്രസ്സിനകത്തു് ഒരു സംഘടിത ഗ്രൂപ്പെന്നനിലയ്ക്കു് ഞങ്ങളുടെ സ്വാധീനം അഗണ്യമായിരുന്നില്ല. നമ്പൂതിരിപ്പാടു്, എ. കെ. ഗോപാലൻ, കൃഷ്ണപിള്ള, പില്ക്കാലത്തു് ഞാൻ—ഞങ്ങളെല്ലാവരും തന്നെ കേരളത്തിലെ കോൺഗ്രസ്സിന്റെ നേതാക്കളായി അംഗീകാരം നേടിയിരുന്നു. പ്രധാന കമ്മിറ്റികളിലെല്ലാം ഞങ്ങൾക്കു് സ്ഥാനവുമുണ്ടായിരുന്നു. കോൺഗ്രസ്സിലെ ഞങ്ങളുടെ സ്ഥാനമുപയോഗിച്ചു് ഞങ്ങൾ ട്രേഡു് യൂണിയനുകളും കൎഷകസംഘങ്ങളും വിദ്യാൎത്ഥ ി സംഘടനകളും സാമ്രാജ്യത്വവിരുദ്ധരായ പുരോഗമന സാഹിത്യകാരന്മാരുടെ സംഘടനകളും കെട്ടിപ്പടുത്തു. 1939 അവസാനം മാത്രമാണു് ഞങ്ങൾ കേരളത്തിൽ ശരിയായ ഒരു കമ്മ്യൂണിസ്റ്റു് പാർട്ടിക്കു രൂപം നല്കിയതു്. ഞങ്ങളുടെ ജനകീയ പ്രവർത്തനവും ജനങ്ങളുടെ ദേശീയ അഭിലാഷങ്ങളുമായുള്ള ഞങ്ങളുടെ താദാത്മ്യവുമാണു് കേരളത്തെ സ്വാതന്ത്ര്യാനന്തരകമ്മ്യൂണിസത്തിന്റെ ഒരു പ്രധാന ശക്തികേന്ദ്രമാക്കി മാറ്റുന്നതിൽ പ്രമുഖപങ്കുവഹിച്ചതു്; സംശയമില്ല.
- ചോദ്യം:
- ഒരു കമ്മ്യൂണിസ്റ്റെന്ന നിലയിൽ താങ്കൾ ആദ്യം അറസ്റ്റു ചെയ്യപ്പെട്ടതു് എന്നാണു്?
- ഉത്തരം:
- 1938-ൽ. ഞാനന്നു് പാർട്ടിമെമ്പറായിരുന്നു. പക്ഷേ ജനങ്ങളുടെ കണ്ണിൽ ഞാനപ്പോഴും ദേശീയപ്രക്ഷോഭകാരിയായിരുന്നു. തിരുവനന്തപുരത്തെ യൂത്തുലീഗുകാരുടെ ഒരു സമ്മേളനത്തിൽ ഞാൻ നടത്തിയ ഒരു പ്രഭാഷണമാണു് എന്റെ ഈ അറസ്റ്റിനിടയാക്കിയതു്. ഞാൻ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു. ഉപക്രമപ്രസംഗത്തിൽ ഞാൻ സാമ്രാജ്യത്വത്തിനെതിരെ ഘോരവിമർശനം തൊടുത്തുവിട്ടു. ഞാൻ ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തെയും അതിന്റെ മൎദ്ദനനയത്തിന്റെ പ്രതിപുരുഷനായ തിരുവിതാംകൂർ മഹാരാജാവിനേയും കടന്നാക്രമിച്ചു. മഹാരാജാവു് മഹാനാണെന്നും അദ്ദേഹത്തെ തെറ്റായി നയിക്കുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള പ്രാദേശിക നാടുവാഴികളെയാണു് കുറ്റപ്പെടുത്തേണ്ടതെന്നുമായിരുന്നു സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ വലതുപക്ഷ നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നതു്. ഈ അസംബന്ധസങ്കല്പത്തെ ഞാൻ കൂസലില്ലാതെ ആക്രമിച്ചു. ഫ്രഞ്ചു്, റഷ്യൻ വിപ്ലവങ്ങളുടെ അനുഭവം പ്രയോജനപ്പെടുത്തിക്കൊണ്ടു് അവർ രാജാധികാരത്തെ നേരിട്ട വഴിയാണു് കോൺഗ്രസ്സ് നേതാക്കളുടേതിനേക്കാൾ ഫലപ്രദമെന്നു് അഭിപ്രായപ്പെടുകയും ചെയ്തു. കർഷകരേയും തൊഴിലാളികളേയും സമരത്തിലുൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഞാൻ യോഗത്തിനു വിശദീകരിച്ചുകൊടുത്തു. ‘ഇങ്ക്വിലാബ് സിന്ദാബാദ് ’ എന്ന മുദ്രാവാക്യത്തോടെ ഞാൻ പ്രസംഗം നിർത്തിയപ്പോൾ സദസ്സു മുഴുവൻ ആഹ്ലാദത്തോടെ അതേറ്റുവിളിച്ചു. അന്നുതന്നെ തിരുവനന്തപുരത്തു് സമ്രാജ്യത്വവിരുദ്ധപ്രകടനങ്ങളും പോലീസുമായുള്ള ഏറ്റുമുട്ടലുകളും നടന്നു. പിറ്റേന്നു് യൂത്തുലീഗു് നേതാക്കളോടൊപ്പം സ്വാഭാവികമായും ഞാനും അറസ്റ്റു ചെയ്യപ്പെട്ടു. രണ്ടുമൂന്നു മാസത്തെ ജയിൽവാസത്തിനുശേഷം ഞങ്ങൾ വിട്ടയയ്ക്കപ്പെട്ടു. അന്നുമുതൽ ജയിൽ എന്റെ ജീവിതത്തിന്റെ ഒരു ശാശ്വതഭാഗമായിമാറി.
- ചോദ്യം:
- സോവിയറ്റു് യൂണിയനിൽ നടന്നുകൊണ്ടിരുന്ന പരിണാമങ്ങൾക്കു് ഇന്ത്യൻ കമ്മ്യൂണിസത്തിന്മേലുണ്ടായ പ്രത്യാഘാതം ഒന്നുചുരുക്കി വിവരിക്കാമോ? ഏതായാലും നാം ചർച്ച ചെയ്യുന്ന കാലഘട്ടം വളരെ നിൎണ്ണാകമായിരുന്നെന്നു വ്യക്തമാണല്ലോ; സ്റ്റാലിനിസ്റ്റ് ഭീകരത വിപ്ലവകാലത്തെ ബോൾഷെവിക് നേതൃത്വത്തെ ഏതാണ്ടു മുഴുവൻതന്നെ ഭൗതികമായി തുടച്ചുനീക്കി—പൊതുജീവിതത്തിന്റെ സർവ്വമണ്ഡലങ്ങളിലും സമ്പൂർണ്ണമായി കുത്തക സ്ഥാപിച്ച ഒരു ഉദ്യോഗസ്ഥമേധാവിത്ത സ്വേച്ഛാധിപത്യത്തിന്റെ വിഷ്കംഭം. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ ഇതെല്ലാം എങ്ങനെ ബാധിച്ചു?
- ഉത്തരം:
- എന്നെസ്സംബന്ധിച്ചു പറയുകയാണെങ്കിൽ—എനിക്കു കേരളത്തെ മുൻനിർത്തിയേ സംസാരിക്കാവൂ അക്കാലത്തു് ഞാൻ അഖിലേന്ത്യാപാർട്ടിഘടനയുടെ ഭാഗമായിട്ടില്ലായിരുന്നു. പിന്നെ ഞാൻ വിശദീകരിച്ചുകഴിഞ്ഞപോലെ, വസ്തുനിഷ്ഠപരിതസ്ഥിതികൾ—ആത്മനിഷ്ഠഘടകങ്ങൾ വിടുക—രാജ്യത്തെ മറ്റുഭാഗങ്ങളിലെ പാർട്ടിഅംഗങ്ങളുമായി നേരിട്ടുള്ള ബന്ധത്തിനു് തടസ്സംനിന്നു. ജനകീയ മുന്നണിയുടെ തന്ത്രങ്ങളെക്കുറിച്ചു് കോമിന്റേണിന്റെ ഏഴാം കോൺഗ്രസ്സിന്റെ തീസ്സീസ്സുകൾക്കു്—ദിമിത്രോഫ് തിസിസ്സുകൾ—തൊട്ടു മുമ്പാണു് ഞാൻ പാർട്ടിയിൽ ചേൎന്നതു്. ഏഴാം കോൺഗ്രസ്സിന്നു ശേഷമാണു് സ്റ്റാലിൻ ഇന്ത്യയിൽ പ്രസിദ്ധനായിത്തീൎന്നതു്—“മഹാനായനേതാവു് ” എന്ന അംഗീകാരം നേടിയതെന്നൎത്ഥ ം. വാസ്തവത്തിൽ ഈ തീസ്സീസുകൾ പ്രത്യക്ഷപ്പെട്ടതു്—ഒരിക്കലും ഇല്ലാതിരിക്കുന്നതിലും ഭേദമാണല്ലോ വൈകിയെത്തുന്നതു്—ബ്രിട്ടീഷുകാർക്കെതിരെ കോൺഗ്രസ്സുമായി ഒരൈക്യമുന്നണിയുണ്ടാക്കേണ്ടതു് ഞങ്ങൾക്കാവശ്യമായിവന്ന ഘട്ടത്തിൽതന്നെയായിരുന്നു. 1929–34 കാലത്തെ വിഭാഗീയമായ ഇടതുപക്ഷ തീവ്രവാദം ഞങ്ങളെ ഒറ്റപ്പെടുത്തിയിരുന്നു. പുതിയ പരിപാടി തെറ്റുകൾ തിരുത്താനുള്ള ഒരു ശ്രമമായാണു് ഞങ്ങൾ കണ്ടതു്. ഞങ്ങളെസ്സംബന്ധിച്ചിടത്തോളം അതു് ശരിയായ വഴിയിലൂടെയുള്ള ഒരു കാൽവെപ്പായിരുന്നു—കേരളത്തിനെക്കാളേറെ ബോംബേയിലും കൽക്കത്തയിലും. കേരളത്തിൽപിന്നെ, മുപ്പതുകളുടെ ആരംഭത്തിൽ കമ്മ്യൂണിസ്റ്റു് പാർട്ടിയേ ഇല്ലായിരുന്നല്ലോ. ബോംബേയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യവസായവത്കൃതമല്ലാത്ത കേരളത്തിൽ സി. പി. ഐ. ഇത്ര ശക്തിപ്രാപിക്കാൻ കാരണമെന്തെന്നു് ആളുകളെന്നോടു് ചോദിക്കാറുണ്ടു്. ഞാൻ പറയും, 1930–33 കാലത്തു് കേരളത്തിൽ സി. പി. ഐ. ഇല്ലാതിരുന്നതാണു് മുഖ്യകാരണമെന്നു്. അതുകൊണ്ടു് പുതിയൊരു തുടക്കം കുറിക്കാൻ കഴിഞ്ഞു. ഇന്നത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റു് നേതാക്കൾ അധികംപേരും 1930–32 കാലത്തു് കോൺഗ്രസ്സ് ആരംഭിച്ച നിയമലംഘനപ്രസ്ഥാനത്തിൽ തീൎത്തു ം മുഴുകിയിരിക്കുകയായിരുന്നു. അവർക്കെന്തുകൊണ്ടു് ജനങ്ങളുടെ പിന്തുണനേടാനും പിന്നീടൊരു ഘട്ടത്തിൽ കോൺഗ്രസ്സിന്റെ കുത്തകപൊളിക്കാനും കഴിഞ്ഞുവെന്നു് ഇതു വ്യക്തമാക്കുന്നുണ്ടു്. ഇനി നിങ്ങളുടെ പ്രധാനചോദ്യം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർക്കു് മാർക്സിസത്തിൽ ഗൗരവമായ വിദ്യാഭ്യാസമൊന്നും നൽകപ്പെട്ടിരുന്നില്ലെന്നു് മനസ്സിലാക്കുക. ഒരുദാഹരണം തരാം. കൊളോണിയൽ പ്രശ്നത്തെക്കുറിച്ചുള്ള ലെനിന്റെ തീസീസ്സുകളെക്കുറിച്ചു് അമ്പതുകളുടെ അവസാനംവരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കറിയില്ലായിരുന്നു. ഇന്ത്യയിൽ ഒരു സാമ്രാജ്യത്വ വിരുദ്ധഐക്യമുന്നണി രൂപീകരിക്കാനുള്ള ഏഴാംകോൺഗ്രസ്സിന്റെ ലൈൻ ഭൂതകാലത്തിൽ നിന്നുള്ള ഒരു വേർപാടായിട്ടല്ല, ആറാംകോൺഗ്രസ്സ് ലൈനിന്റെതന്നെ ഒരു തുടർച്ചയായിട്ടാണു് പരിഗണിക്കപ്പെട്ടിരുന്നതു്—ദേശീയവും അന്തർദേശീയവുമായ പരിതസ്ഥിതിയിലെ മാറ്റങ്ങൾമൂലവും ആവശ്യമായിവന്ന ഒരു നയവ്യതിയാനമായാണു് ഇതു വ്യാഖ്യാനിക്കപ്പെട്ടതു്. ആറാംകോൺഗ്രസ്സിന്റെ അപകടകരമായ കൊളോണിയൽ തീസ്സീസ്സുകൾ ഇക്കാലത്തുതന്നെയാണു് മലയാളത്തിലും ഇതര ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടതു്—ഇതു നിങ്ങൾക്കു് വിചിത്രമായിതോന്നാം. എന്നാൽ പ്രായോഗികമായി, ഐക്യമുന്നണി ഇടതുപക്ഷ വിഭാഗീയ ലൈനിൽ നിന്നുള്ള ഒരു പൊട്ടിമാറൽതന്നെയായിരുന്നു. പി. സി. ജോഷിയുടെ സമൎത്ഥ മായ നേതൃത്വത്തിൽ നടപ്പാക്കപ്പെട്ട പുതിയ ലൈൻ വളരെ വേഗം മുന്നോട്ടുപോകുവാൻ ഞങ്ങളെ സഹായിച്ചു. സി. പി. ഐ. ആദ്യമായി കോൺഗ്രസ്സിലും കോൺഗ്രസ്സ് സോഷ്യലിസ്റ്റുകൾക്കിടയിലും ജനകീയപ്രസ്ഥാനങ്ങളിലും കാര്യമായ സ്വാധീനമുള്ള ഒരു രാഷ്ട്രീയ ശക്തിയായിത്തീർന്നു. വിരുദ്ധ ട്രേഡുയൂണിയനുകൾ ഒരൊറ്റ അഖിലേന്ത്യാ ട്രേഡുയൂണിയൻ കോൺഗ്രസ്സായി ഒന്നിച്ചുചേർന്നു. സി. പി. ഐ. ആയിരുന്നു അതിന്റെ നേതൃശ്ശക്തി. അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ വിദ്യാൎത്ഥ ിഫെഡറേഷൻ, അഖിലേന്ത്യാ പുരോഗമന സാഹിത്യസംഘം എന്നിവയും നിലവിൽ വന്നു. ഇവയെല്ലാം ഒന്നിപ്പിക്കുന്നതിലും ഇവയുടെ സമരങ്ങൾ നയിക്കുന്നതിലും കമ്മ്യൂണിസ്റ്റുകൾ പ്രധാനമായൊരു പങ്കുവഹിച്ചു. സാമ്രാജ്യത്വത്തിനെതിരെ ദേശീയൈക്യം വലതുപക്ഷത്തിന്റെ സമരവിരുദ്ധവും അനുരഞ്ജപരവുമായ നയങ്ങളെ എതിർക്കുവാൻ ഇടതുപക്ഷൈക്യം, ഈ ഐക്യം ശക്തിപ്പെടുത്താൻ സോഷ്യലിസ്റ്റ് ഐക്യം, സോഷ്യലിസ്റ്റ് ഐക്യത്തിന്റെ അടിത്തറയായി സി. പി. ഐ., ഏകീകൃതമായ സാമ്രാജ്യത്വവിരുദ്ധമുന്നണി കെട്ടിപ്പടുക്കാനും പുഷ്ടിപ്പെടുത്താനും ജനകീയസംഘടനകളും ജനകീയ പ്രക്ഷോഭങ്ങളും—ഇവയെല്ലാമായിരുന്നു പുതിയ ലൈനിന്റെ മുദ്രാവാക്യങ്ങളും ഗുണവശങ്ങളും. ഈ ലൈൻ നിശ്ചയമായും നേട്ടങ്ങളുണ്ടാക്കി. ഒരു അഖിലേന്ത്യാ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഊട്ടിവളർത്തിയുറപ്പിക്കാനും ഇതു സഹായകമായി. പാർട്ടിയുടെ അംഗസംഖ്യ 1934-ൽ 150 ആയിരുന്നെങ്കിൽ 1939-ൽ അതു് 3000 ആയി. സ്വാധീനമാകട്ടെ അതിനേക്കാൾകൂടിയ തോതിൽ പെരുകിപ്പെരുകി വരുന്നു. എന്നാൽ ഇവ സ്റ്റാലിനിസത്തിന്റെയും വർഷങ്ങളായിരുന്നു. സ്റ്റാലിൻ സോവ്യറ്റു യൂണിയനിൽ സോഷ്യലിസം നിൎമ്മിച്ചുകൊണ്ടിരിക്കുന്ന മഹാനായ ‘ആചാര്യ’നും ‘വഴികാട്ടുന്ന നക്ഷത്ര’വും ലോകസോഷ്യലിസത്തിന്റെ നേതാവുമാണെന്നുമാണു് ഞങ്ങളെ പഠിപ്പിച്ചതു്. കമ്മ്യൂണിസത്തിൽ പുതുതായതുകൊണ്ടും മാർക്സിസത്തിലും ലെനിനിസത്തിലും താരതമ്യേന അശിക്ഷിതമായതുകൊണ്ടും പറഞ്ഞുകേട്ടതെല്ലാം ഞാനംഗീകരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഷ്ട്രീയ ‘ഗുരു’ക്കന്മാർ ജനങ്ങളെ പ്രബുദ്ധരാക്കുന്ന ഒരു പാരമ്പര്യം ഉണ്ടു്. സ്റ്റാലിനിസത്തിനു് നന്നായി ചേരുന്നതായിരുന്നു ഈ പാരമ്പര്യം. അതിനാൽ പാർട്ടിയിലെ മുതിൎന്നവർ പറയുന്ന ഓരോവാക്കും ഞങ്ങൾക്കു് വേദവാക്യമായിരുന്നു. അവരുടെ വിവരമാകട്ടേ മോസ്കോയെമാത്രം ആശ്രയിച്ചുള്ളതുമായിരുന്നു. ഈ അന്തരീക്ഷത്തിലാണു് ഞാനൊരു കമ്മ്യൂണിസ്റ്റുകാരനായി വളർത്തപ്പെട്ടതു്. എന്നിരുന്നാലും മോസ്കൊവിൽ നിന്നു വന്നിരുന്ന കൂട്ടക്കൊലകളെക്കുറിച്ചു്കേട്ടു് അങ്ങേയറ്റം അസ്വസ്ഥരായ ചില സഖാക്കളുണ്ടായിരുന്നു. സി. പി. ഐ. കെട്ടിപ്പടുക്കുന്നതിൽ സഹായിക്കാനായി ബ്രിട്ടനിൽ നിന്നയയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരിലൊരാളായ ഫിലിപ് സ്പ്രാറ്റ് സ്റ്റാലിനിസം മൂലം തീർത്തും ഹതാശനും മോഹമുക്തനുമായി കമ്മ്യൂണിസം തന്നെ ഉപേക്ഷിച്ചു് ഒരു ലിബറൽ ഹ്യൂമനിസ്റ്റായി മാറുകയും ജീവിതാവസാനമടുത്തതോടെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻ തന്നെയായിത്തീരുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഞങ്ങളെ സഹായിക്കുന്നതിൽ അമൂല്യമായ പങ്കുവഹിച്ച ഒരൊന്നാന്തരം സഖാവായിരുന്നു അദ്ദേഹം. മോസ്കോവിൽ നടന്ന ശുദ്ധീകരണങ്ങളെക്കുറിച്ചു് കോൺഗ്രസ്സിന്റെ ഇടതുപക്ഷവും അങ്ങേയറ്റം വിമർശനാത്മകങ്ങളായ സമീപനമാണു് കൈക്കൊണ്ടതു്. ട്രോട്സ്കിയെ ഒരു വിഷമൂൎഖനും ഫാസിസത്തിന്റെ ഏജന്റുമായി ചിത്രീകരിച്ചുകൊണ്ടുള്ള സി. പി. ഐ. മുന്നണിയുടെ പത്രമായ “നാഷണൽ ഫ്രണ്ടി’ന്റെ പ്രചാരണങ്ങൾ, അവരുടെ പല നേതാക്കളേയും തികച്ചും മടുപ്പിച്ചു. റഷ്യൻ വിപ്ലവത്തിനും സോവിയറ്റു് നേട്ടങ്ങൾക്കും ജനങ്ങൾക്കിടയിൽ പ്രചാരം നേടിക്കൊടുത്ത ആദ്യത്തെ കോൺഗ്രസ്സുകാരിലൊരാളായ നെഹ്രുപോലും 1938-ലെ ശുദ്ധീകരണത്തെ താനംഗീകരിക്കുന്നില്ലെന്നു് വ്യക്തമാക്കി. എന്നാൽ ഞങ്ങൾ കമ്യൂണിസ്റ്റുകാർക്കു് അന്നു് ട്രോട്സ്കിയിസവും ഫാസിസവും ഒന്നുതന്നെയായിരുന്നു. സ്റ്റാലിനസ്റ്റു് ശുദ്ധീകരണത്തിന്റെ ഇരകളായിരുന്ന ബുഖാറിനും സിനോവിയേവും റാഡെക്കും മറ്റും സോഷ്യലിസത്തിന്റെ ശത്രുക്കളും സാമ്രാജ്യത്വഫാസിസ്റ്റു് താല്പര്യങ്ങൾക്കൊത്തു പ്രവർത്തിക്കുന്ന ചാരന്മാരും അട്ടിമറിക്കാരുമാണെന്നു ഞാനും വിശ്വസിച്ചിരുന്നുവെന്നു് ഞാൻ നിങ്ങളോടു് തുറന്നു സമ്മതിക്കട്ടെ. സ്വതന്ത്രമനസ്കരായ സോഷ്യലിസ്റ്റുകളുമായുള്ള ചർച്ചകളിൽ ഞാൻ സ്റ്റാലിനെ വീറോടെ ന്യായീകരിച്ചു. ഞങ്ങൾ പൂൎണ്ണമായും സോവിയറ്റു് യൂണിയനുമായി തദാത്മ്യം പ്രാപിച്ചിരുന്നതാണു് ഇതിനുള്ള മുഖ്യകാരണമെന്നു് തോന്നുന്നു—സോവ്യറ്റു് യൂണിയനെ അന്നു് ബ്രിട്ടീഷ് സാമ്രാജ്യത്വവും കോൺഗ്രസ്സിന്റെ വലതുപക്ഷവും ചേൎന്നു ് തുടർച്ചയായി ആക്രമിച്ചുകൊണ്ടിരുന്നു. ഓരോ പണിമുടക്കും നടക്കുന്നതു് മോസ്കൊവിന്റെ പ്രചോദനം കൊണ്ടാണെന്നായിരുന്നു ധാരണ. ഓരോ തെരുവു ജാഥയും നയിക്കുന്നതു് മോസ്കൊവിന്റെ കൂലിക്കാരായ പ്രക്ഷോഭകരാണെന്നും ഞങ്ങൾ ഇക്കൂട്ടർക്കെതിരായി സോവിയറ്റു് യൂണിയനെ ന്യായീകരിച്ചു. വിമർശനബുദ്ധി തീൎത്തു ം മാറ്റിവച്ചിട്ടാണെങ്കിലും. അതുകൊണ്ടു് സോവിയറ്റു് യൂണിയൻ ഇടതുപക്ഷത്തുനിന്നു് ആക്രമിക്കപ്പെട്ടപ്പോൾ ഞങ്ങൾ ആ വിമർശകർക്കെതിരേയും ഇതേ വാദങ്ങൾതന്നെ ഉന്നയിച്ചു. ആ ഘട്ടത്തിലേയ്ക്കു് തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങളെ സംബന്ധിച്ചു് മാത്രമല്ല കമ്മ്യൂണിസ്റ്റു് പ്രസ്ഥാനത്തെ സംബന്ധിച്ചു് പൊതുവേതന്നെ ഇതെല്ലാമൊരു മഹാദുരന്തമായിരുന്നുവെന്നെനിക്കു തോന്നുന്നു. നിങ്ങൾക്കു് സങ്കല്പിക്കാൻ കഴിയുമോ—ഫാസിസത്തെ ശക്തിയുക്തം എതിർക്കുകയും ജെർമ്മൻ കമ്മ്യൂണിസ്റ്റുകൾക്കു് അവർ വീണുകൊണ്ടിരുന്ന കെണിയെക്കുറിച്ചു മുന്നറിയിപ്പു് നൽകുകയും ചെയ്ത അതേ ട്രോട്സ്കിയെയാണു് ഞങ്ങളും മറ്റായിരക്കണക്കിനാളുകളും “ഫാസിസ്റ്റ്” എന്നു മുദ്രകുത്തിയതു്! സ്റ്റാലിനിസത്തെ ന്യായീകരിക്കുക വഴി റഷ്യൻ വിപ്ലവത്തെത്തന്നെ സംരക്ഷിക്കുകയാണെന്നാണു് ഞങ്ങൾ ആത്മാൎത്ഥ മായി വിശ്വസിച്ചിരുന്നതു് ഞാനോർക്കുന്നുണ്ടു് ട്രോട്സ്കി വധത്തിനുശേഷം കേരളത്തിലെ പത്രങ്ങളിൽ സ്റ്റാലിനെ ന്യായീകരിച്ചുകൊണ്ടു് ഞാൻ മലയാളത്തിൽ ലേഖനങ്ങളെഴുതി. അതിനു് വസ്തുതകൾ കിട്ടാനായി ‘ദ ഗ്രേറ്റ് കോൺസ്പിറസി’ (‘വലിയ ഗൂഢാലോചന’) എന്ന പുസ്തകമാണു് ഞാനാശ്രയിച്ചതു്. അതു് സത്യമാണെന്നു് ഞാൻ ശരിക്കും വിശ്വസിച്ചിരുന്നു. മുപ്പതുകളുടെ അവസാനത്തിൽ പ്രസിദ്ധീകരിച്ച ഔദ്യോഗികമായ സി. പി. എസ്. യു. ചരിത്രം സ്റ്റാലിനിലുള്ള എന്റെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചു. ഈ പുസ്തകം 1941-ൽ മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തുകയും നിയമവിരുദ്ധമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉടൻതന്നെ അതു് ഞങ്ങളുടെ കേഡർമാർക്കു് മാർക്സിസത്തിന്റെ പാഠപുസ്തകമായിത്തീൎന്നു. ഞാൻ ജയിലിൽവച്ചു് ഞങ്ങളുടെ സഖാക്കൾക്കായി നടത്തിയ സ്റ്റഡീക്ലാസുകൾ നല്ലപോലെ സ്റ്റാലിനിസത്തിന്റെ നിറം കലർന്നവയായിരുന്നു. വാസ്തവത്തിൽ ഞങ്ങൾ സ്റ്റാലിനിസത്തെ മാർക്സിസം—ലെനിനിസം തന്നെ ആയാണു് കണ്ടതു്.
- ചോദ്യം:
- യുദ്ധത്തോടു് സി. പി. ഐ.-യുടെ ആദ്യപ്രതികരണമെന്തായിരുന്നു? ഏതു സാഹചര്യങ്ങളിലാണു അതിനു് മാറ്റം വന്നതു്? യുദ്ധകാലത്താണു് സി. പി. ഐ. ഒരു മാസ് പാർട്ടിയായിത്തീൎന്നതെന്നു് താങ്കളുടെ മുൻസഖാവും സി. പി. എം. നേതാവുമായ എ. കെ. ഗോപാലൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ വാദിക്കുന്നുണ്ടല്ലോ. അതു ശരിയാണോ?
- ഉത്തരം:
- ഞങ്ങളുടെ പാർട്ടിയുടെ അദ്യപ്രതികരണം യുദ്ധത്തെ എതിർക്കുക എന്നതായിരുന്നു. 1939-നു മുമ്പുതന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തിനു് ആക്കം കൂട്ടാൻ ഞങ്ങൾ കോൺഗ്രസ്സിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. യുദ്ധം തുടങ്ങിയ ഉടൻ മടിച്ചു നിന്നതു് കോൺഗ്രസ്സായിരുന്നു. 1940-ലെ അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പൂനാ സമ്മേളനത്തിൽ ഗാന്ധി അവതരിപ്പിച്ച പ്രധാന പ്രമേയത്തിനു് ഞാനൊരു ഭേദഗതി അവതരിപ്പിച്ചതും—സാന്ദർഭികമായി ജവഹർലാൽ നെഹ്രു അതിനെ പിൻതാങ്ങിയതും—ഞാനോർക്കുന്നു. ഗാന്ധിയുടെ ലൈനിനെ എതിർത്തുകൊണ്ടു് ബ്രിട്ടീഷുകാർക്കെതിരെ പുതിയൊരു ജനകീയ പ്രക്ഷോഭം ആരംഭിക്കുവാൻ ഞാൻ ആഹ്വാനം ചെയ്തു. ഇതായിരുന്നു ആ ഘട്ടത്തിൽ സി. പി. ഐ.-യുടെ ലൈൻ—പിന്നെ വൈകാതെ ഞാൻ അറസ്റ്റു ചെയ്യപ്പെട്ടു. യുദ്ധം കഴിയും വരെ ഞാൻ ജയിലിൽ തന്നെയായിരുന്നു. മറ്റു കമ്മ്യൂണിസ്റ്റുകളെയെല്ലാം ‘ജനകീയയുദ്ധ’നയം നടപ്പിലാക്കാനായി വിട്ടയച്ചപ്പോഴും എന്നെ ജയിലിൽ തന്നെ വച്ചുകൊണ്ടിരുന്നതന്തുകൊണ്ടാണെന്നു് വിശദീകരിക്കേണ്ടതുണ്ടു്. യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടനെയും പിറ്റേ വർഷവും കമ്മ്യൂണിസ്റ്റുകാരെ കൂട്ടമായി അറസ്റ്റു ചെയ്തിരുന്നു. ജയിലിൽവച്ചു് ഞങ്ങളുടെ ലൈൻ ശരിയോ തെറ്റോ എന്നതിനെക്കുറിച്ചു് വിവാദങ്ങളാരംഭിച്ചു. അപ്പോഴാണു് സോവിയറ്റു് യൂണിയനെ നാസിപ്പടകൾ ആക്രമിച്ചതു്. ഇതോടെ വിവാദങ്ങൾക്കു് പിന്നെയും ചൂടുപിടിച്ചു. ഞങ്ങളോടൊത്തു് ജയിലിലുണ്ടായിരുന്ന പ്രൊഫസർ കെ. ബി. കൃഷ്ണ “ജനകീയ യുദ്ധ” ലൈനിനെ വികസിപ്പിച്ചുകൊണ്ടും കാര്യങ്ങളുടെ കിടപ്പു മാറിയതുകൊണ്ടു് കമ്മ്യൂണിസ്റ്റുകാർ സാമ്രാജ്യത്വവിരുദ്ധപ്രവർത്തനവും യുദ്ധവിരോധവും ഉപേക്ഷിക്കണമെന്നു് ആഹ്വാനം ചെയ്തുകൊണ്ടും ഒരു കൂട്ടം തീസീസ്സുകളെഴുതി. സോവിയറ്റ് യൂണിയന്റെ നിലനില്പു് ജീവിതപ്രധാനമായിരിക്കെത്തന്നെ സഖാക്കളെ സഹായിക്കാനുള്ള ഏറ്റവും നല്ല വഴി സാമ്രാജ്യത്വവിരുദ്ധപ്രവർത്തനങ്ങൾ നിർത്തിവെയ്കുകയല്ല മറിച്ചു് അവയ്ക്കു് ആക്കംകൂട്ടുകയാണെന്നു് വാദിച്ചുകൊണ്ടു് ഞാൻ ഒരുകൂട്ടം എതിർ തീസിസ്സുകളെഴുതി. ഞങ്ങളുടെ ശത്രു ബ്രിട്ടീഷ് സാമ്രാജ്യത്വം തന്നെയായിരുന്നു. ജയിലിലുള്ള അധികം കമ്മ്യൂണിസ്റ്റുകാരും എന്റെ ലൈനിനെ പിൻതാങ്ങി. നന്നെ ചെറിയൊരു ന്യൂനപക്ഷം മാത്രമേ “ജനകീയയുദ്ധ” തീസിസ്സുകളെ അനുകൂലിച്ചുള്ളൂ. പിന്നെച്ചില മാസം കഴിഞ്ഞു ഞങ്ങൾ കേട്ടു, ബ്രിട്ടീഷ് പാർട്ടി അതിന്റെ പരിപാടി മാറ്റിയെന്നും മോസ്കോ ആ മാറ്റത്തെ അനുകൂലിച്ചെന്നും ജയിലിനു പുറത്തു് മുമ്പൊക്കെ “ജനകീയയുദ്ധ” ലൈനിന്റെ ഏറ്റവും കടുത്ത ശത്രുക്കളിലൊരാളായിരുന്ന പാർട്ടി സെക്രട്ടറി പി. സി. ജോഷിക്കു് ലൈൻ മാറ്റേണ്ടി വന്നു. യുദ്ധയത്നങ്ങളെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം പാർട്ടിയംഗങ്ങളെയും പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ ഇപ്പോൾ അദ്ദേഹത്തിനു് തന്റെ വാഗ്ദ്ധാടി മുഴുവൻ ഉപയോഗിക്കേണ്ടി വന്നു. ലൈൻ മാറ്റത്തിനു ശേഷം യുദ്ധാനുകൂല കമ്മ്യൂണിസ്റ്റുകൾ മിക്കവരും ജയിലിൽ നിന്നു് വിട്ടയയ്ക്കപ്പെട്ടു. എന്നാൽ ഞാനുൾപ്പെടെ ചിലർക്കു മാത്രം ജയിലിൽതന്നെ കിടക്കേണ്ടിവന്നു. ആരെ വിട്ടയയ്ക്കണമെന്നും ആരെ അകത്തു കിടത്തണമെന്നും ബ്രിട്ടീഷ് രഹസ്യപ്പോലീസിനു് നല്ല നിശ്ചയമായിരുന്നു.
- ചോദ്യം:
- കമ്മ്യൂണിസ്റ്റു് പാർട്ടിക്കുള്ളിലെ ചർച്ചയും തർക്കങ്ങളും വെച്ചുനോക്കുമ്പോൾ ജയീലിന്നകത്തെ അന്തരീക്ഷം പുറത്തതിനേക്കാൾ ജനാധിപത്യപരമാണെന്നു് തോന്നുന്നു. എല്ലാ പാർട്ടിയംഗംങ്ങളും ഔദ്യോഗിക പദവികൾ അവഗണിച്ചുകൊണ്ടുതന്നെ ഈ ചർച്ചകളിൽ പങ്കുകൊണ്ടിരുന്നുവെന്നും ചില വിഷയങ്ങളിൽ വോട്ടെടുപ്പു് നടന്നിരുന്നുവെന്നുമാണു് താങ്കൾ ഇപ്പോൾ പറഞ്ഞതിൽ കാണുന്നതു്.
- ഉത്തരം:
- അതെ, ശരിയാണു് എങ്കിലും ജയിലിന്നകത്തെ ചർച്ചകൾക്കു് കടുത്ത പരിമിതികളുണ്ടായിരുന്നു. പാർട്ടി ലൈനിനെ നേരിട്ടെതിർക്കാത്തിടത്തോളം കാലം ചർച്ച അനുവദിക്കപ്പെട്ടു. ഉദാഹരണത്തിനു് യുദ്ധപ്രശ്നത്തിന്മേൽതന്നെ യുദ്ധാനുകൂലലൈൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു് പാർട്ടി നേതൃത്വത്തിൽ നിന്നു് ഞങ്ങളുടെ പാർട്ടി ജയിൽ കമ്മിറ്റിയ്ക് ഒരു സർക്കുലർ കിട്ടിയ ഉടൻ ഞാൻ സ്വയം എന്റെ നിലപാടുകളുപേക്ഷിച്ചു. “നിങ്ങൾ പാർട്ടിയുടെ വലിയ സൈദ്ധാന്തികനാണെന്നാണല്ലോ ഭാവം, എന്നിട്ടിപ്പോൾ തെറ്റുപറ്റിയില്ലേ” എന്നു് മറ്റുള്ളവരെന്നെ കളിയാക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകാരെന്ന നിലയിൽ ഞങ്ങൾക്കു കിട്ടിയ പരിശീലനമെന്തായിരുന്നുവെന്നു് ഈ സംഭവം ഉദാഹരിക്കുന്നുണ്ടു്. ഞാൻ സ്വയംവിമർശനം നടത്തി, എനിക്കു് തെറ്റുപറ്റിയെന്നു് സമ്മതിച്ചു. പാർട്ടി എല്ലായ്പോഴും ശരിയായിരിക്കും എന്ന വിശ്വാസം കൊണ്ടാണു് എനിക്കതുചെയ്യേണ്ടിവന്നതു്. എന്നിട്ടും സംശയങ്ങൾ ബാക്കിനിന്നു. പില്ക്കാലത്തു് ഞാൻ തന്നെയായിരുന്നു ശരിയെന്നെനിക്കുറപ്പായി. ഇന്നു് സി. പി. ഐ.-യുടേയും സി. പി. എമ്മിന്റേയും നേതാക്കൾപോലും “ചില തെറ്റുകൾ പറ്റിയിരുന്നു”വെന്നു് സമ്മതിക്കാൻ നിർബ്ബന്ധിതരായിട്ടുണ്ട്. ആ ശൈലി എല്ലാം വിശദീകരിക്കാനുദ്ദേശപ്പെട്ടിട്ടുള്ളതാണു്. ഏതായാലും സ്വയംവിമർശനം നടത്തിയിട്ടും ബ്രിട്ടീഷുകാർ എന്നെ വിട്ടയച്ചില്ല. എന്റെ സ്വയം വിമർശനം തീൎത്തു ം ഉപരിപ്ലവമായിപ്പോയെന്നു് അവരുടെ ഇന്റലിജൻസുകൾ തീരുമാനിച്ചതാവാം കാരണം! ജയിലിൽ വച്ചു് എനിക്കു തന്ന ഔദ്യോഗിക കുറ്റപത്രത്തിൽ എന്നെ തുടർന്നു് തടവിലിടാൻ കാരണമായിപ്പറഞ്ഞതു് ഞാൻ “ജനകീയയുദ്ധ”ലൈനിനെ എതിർത്തുവെന്നായിരുന്നു. അതെന്റെ കുറ്റപത്രത്തിൽ തെളിച്ചുതന്നെ എഴുതിയിരുന്നു. പാർട്ടിനേതൃത്വം ഞങ്ങളെ വിട്ടയയ്ക്കാനായി ബ്രിട്ടീഷു് ഭരണാധികാരികൾക്കു് ധാരാളം നിവേദനങ്ങൾ നൽകിയെന്നതു് ശരിതന്നെ; പക്ഷേ ഫലമുണ്ടായില്ല. 1945 ഒക്ടോബർ വരെ എന്നെ വിട്ടയച്ചില്ല.
- ചോദ്യം:
- അപ്പോൾ കോൺഗ്രസ്സ് 1942–ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനമാരംഭിച്ചപ്പോഴും താങ്കൾ ജയിലിൽ തന്നെയായിരുന്നു. ആ പ്രസ്ഥാനത്തിന്റെ പ്രാരംഭഘട്ടത്തിൽ ജയലുകളിൽ തിങ്ങി നിറഞ്ഞിരുന്ന കോൺഗ്രസ്സ് വാളന്റിയർമാരുടെയും നേതാക്കാളുടേയും പറ്റങ്ങൾക്കിടയിൽ സി. പി. ഐ.-യ്ക്കെതിരെ വലിയ അമർഷമുണ്ടായിരുന്നോ?
- ഉത്തരം:
- “ജനകീയയുദ്ധ” ലൈനിനുവേണ്ടി വാദിക്കുന്ന ചിലർ വികസിപ്പിച്ചെടുത്ത ഒരു വീക്ഷണമുണ്ടു് “ഒഴുക്കിനെതിരെ നീന്തുക” വഴി സി. പി. ഐ.-യ്ക്കു് ഒട്ടേറെ പിന്തുണ ലഭിച്ചുവെന്നാണവരുടെ വാദം. ഞാനീ വീക്ഷണത്തോടു് യോജിക്കുന്നില്ല. ബ്രിട്ടീഷു് സാമ്രാജ്യത്വം നൽകിയ നിയമ സാധ്യത ഉപയോഗിച്ചു് പാർട്ടി പുതിയ അംഗങ്ങളെ നേടുകയും ട്രേഡു് യൂണിയൻ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തുവന്നതു് ശരിതന്നെ. എന്നാൽ അതു ജനകീയപ്രക്ഷോഭത്തിന്റെ ഒഴുക്കിനെതിരെ നീന്തുകയും എല്ലാ പ്രകാരവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഖ്യശക്തിയായി പരിഗണിക്കപ്പെടുകയും ചെയ്തുവെന്നതാണു് ശ്രദ്ധിക്കേണ്ടതു്. ഒരു കമ്മ്യൂണിസ്റ്റാകുന്നതു് മാന്യതയായിമാറി. പല യുവകമ്മ്യൂണിസ്റ്റുകളും ഇറ്റലിയിലും വടക്കേ ആഫ്രിക്കയിലും ചെന്നു് സോവിയറ്റു് യൂണിയനെ സംരക്ഷിക്കാനായി ബ്രിട്ടീഷ്സൈന്യത്തിൽ ചേർന്നു. അവരിൽ ചിലർ വേഗംതന്നെ അവരുടെ “കമ്മ്യൂണിസം” പൊഴിച്ചുകളയുകയും യുദ്ധമവസാനിച്ചിട്ടും സൈന്യത്തിൽത്തന്നെ തുടരുകയും ചെയ്തു—രഹസ്യദൗത്യങ്ങൾ നടപ്പാക്കാനൊന്നുമല്ലെന്നോർക്കണം. പാർട്ടിയുടെ അംഗസംഖ്യ 1942 ജൂലായിൽ 4500 ആയിരുന്നതു് 1943 മേയിൽ ഒന്നാം പാർട്ടി കോൺഗ്രസ്സിന്റെ സമയമായപ്പോഴേക്കും 15,500-ലും കവിഞ്ഞു. ജനകീയ സംഘടനകളിലെ സംഖ്യയിലും വർദ്ധനവുണ്ടായി. എന്നാൽ ഈ പുതിയ അംഗങ്ങളിലധികം പേർക്കും ജനകീയകലാപങ്ങളെയോ പോലീസ് മർദ്ദനങ്ങളെയോ കുറിച്ചു് ഒനുഭവജ്ഞാനമുണ്ടായിരുന്നില്ല. അവർക്കാകെയുണ്ടായിരുന്ന അനുഭവം കൂടുതൽ ഭക്ഷണമുത്പാദിപ്പിക്കാനും “ഉത്പാദനം വർദ്ധിപ്പിക്കാനും” ദേശീയനേതാക്കളെ മോചിപ്പിക്കാനും ഒരു ദേശീയ ഗവണ്മെന്റ് രൂപീകരിക്കാനും ഒരിക്കലും വരാതിരുന്ന ജാപ്പനിസ് ആക്രമണത്തിൽ നിന്നു് മാതൃഭൂമിയെ സംരക്ഷിക്കാനും പാർട്ടി നടത്തിയ സമാധാനപരമായ പ്രചാരണങ്ങളുടേതായിരുന്നു. പണിമുടക്കുകളെ അട്ടിമറിയെന്ന പേരിൽ തള്ളിപ്പറയുകയായിരുന്നു പതിവു്. 1943-ലെ ബംഗാൾ ക്ഷാമത്തിന്നിടയാക്കിയവരെ രക്ഷിക്കുവാനുള്ള സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും പാർട്ടി മെമ്പർമാർ നടത്തിയിരുന്നു. വസൂരിയും കോളറയും ബാധിച്ചവർക്കു് വൈദ്യസഹായവും അവർ സംഘടിപ്പിച്ചിരുന്നു. തീൎച്ചയായും ഈ സാമൂഹ്യപ്രവർത്തനം, ജീവനഷ്ടത്തോടു് ഭീകരമായ അവഗണന പുലർത്തുന്ന ഇന്ത്യയിൽ ശരിക്കും ഫലവത്തായിരുന്നു. പക്ഷേ, ജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനകാരണങ്ങൾ വിശദീകരിക്കുകയെന്ന മുഖ്യകടമ നിർവ്വഹിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. മറുവശത്തു് 1942 ഓഗസ്റ്റിലെ “ക്വിറ്റിന്ത്യാ” സമരത്തെ തുടർന്നു കോൺഗ്രസ്സിനുണ്ടായ വളർച്ചയും സ്വാധീനവും വിസ്മയകരമായിരുന്നു. പതിനായിരക്കണക്കിനു് സ്ത്രീ-പുരുഷന്മാർ വിശേഷിച്ചും യുവാക്കാൾ സാമ്രാജ്യത്വത്തിനെതിരായ ഒരു വിപ്ലവമായി കരുതപ്പെട്ട ഈ സമരത്തിലേയ്ക് ആകർഷിക്കപ്പെടുകയും ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ട കോൺഗ്രസ്സ് നേതാക്കളെ വിട്ടയയ്ക്കാനും ‘ജനകീയയുദ്ധം’ നടത്താനായി ഒരു താല്ക്കാലിക ദേശീയ ഗവണ്മെന്റുണ്ടാക്കാനുമായി ഞങ്ങൾ പ്രചാരണം നടത്തി എന്നുള്ളതു് ശരിതന്നെ എന്നാൽ ഒപ്പം തന്നെ അറസ്റ്റുകളെയും പോലിസിന്റെ അടിച്ചമർത്തലിനെയും നേരിട്ട കോൺഗ്രസ്സ് സോഷ്യലിസ്റ്റുകളെയും ബോസിന്റെ അനുയായികളെയും ഇതര പ്രക്ഷോഭകാരികളെയും ഞങ്ങൾ ‘അഞ്ചാം പത്തി’കളും അട്ടിമറിക്കാരുമായി മുദ്രകുത്തുകയും ചെയ്തിരുന്നു. ഈ ആളുകളുടെ അക്രമപ്രവർത്തനങ്ങളെ അപലപിക്കുവാൻ ഞങ്ങൾ ഗാന്ധിയോടും മറ്റു കോൺഗ്രസ്സ് നേതാക്കളോടും ആവശ്യപ്പെട്ടു. അവർ വിട്ടയയ്ക്കപ്പെട്ടു കഴിഞ്ഞപ്പോൾ നെഹ്റു മാത്രമല്ല അഹിംസയുടെ അപ്പോസ്തലന്മാരും അവരെ അപലപിക്കുന്നതിനു പകരം അവരെ യഥാൎത്ഥ സാമ്രാജ്യവിരുദ്ധരും ദേശസ്നേഹികളുമായി പുകഴ്ത്തുകയാണു് ചെയ്തതു്. സുഭാഷ് ബോസ്, ജയപ്രകാശ് നായായണൻ, അരുണ അസിഫലി, എന്തിനു് കേപ്റ്റൻ ലക്ഷ്മിയെപ്പോലുള്ള അജ്ഞാതരായ ആളുകൾ പോലും ദേശീയനായകന്മാരും നായികമാരുമായി ഉയർന്നുവന്നു. സത്യത്തിൽ ഒരു പതിറ്റാണ്ടിനുള്ളിൽ രണ്ടാംതവണ സി.പി. ഐ. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യധാരയിൽ നിന്നു് ഒറ്റപ്പെടുകയാണുണ്ടായതു്. എന്റെ നോട്ടത്തിൽ പാർട്ടിയുടെ നയം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തെ മുഴുവൻതന്നെ ഒരു പ്ലേറ്റിലാക്കി കോൺഗ്രസ്സിനും ഇന്ത്യൻ ബൂർഷ്വാസിക്കുമായി ഏല്പിച്ചുകൊടുക്കുകയാണു് ഫലത്തിൽ ചെയ്തതു്. അക്കാലത്തു് സി. പി. ഐ. ശരിയായൊരു നിലപാടെടുത്തിരുന്നെങ്കിൽ കോൺഗ്രസ്സിന്റെ ഒരു വലിയ സ്വാധീനശക്തിയുള്ള വിഭാഗത്തെ കമ്മ്യൂണിസത്തിനു് നേടിയെടുക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. 1936–42 കാലത്തു് ജവർലാൽ നെഹ്റു തന്നെയും അദ്ദേഹത്തിന്റെ എറ്റവും വിപ്ലവകരമായ ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു; കോൺഗ്രസ്സിനകത്തുതന്നെ (കോൺഗ്രസ്സ് സോഷ്യലിസ്റ്റുകളെയും സുഭാഷ് ബോസിന്റെ അനുയായികളെയുംപോലെ) ഇടതുപക്ഷഛായയുള്ള ധാരകൾ നിലനിന്നിരുന്നു. ഞാൻ ജയീലിൽ നിന്നു പുറത്തുവന്നപ്പോൾ, ഞങ്ങളുടെ യോഗങ്ങളിൽ ‘ബ്രിട്ടീഷ് സാമ്രാജ്യത്വദാസന്മാർ തുലയട്ടെ’ എന്നു് ഉരുവിടാറുള്ള ഇടതുപക്ഷദേശീയ വാദികളുടെ രോഷത്തിനു് ഞാനിരയായി. അങ്ങനെ ഒഴുക്കു് ശരിയായ ഗതിയിലായിരുന്നപ്പോൾ ഒഴുക്കിനെതിരെ നീന്തിയതുമൂലം യഥാൎത്ഥ സ്വാതന്ത്ര്യത്തിന്റെയും സോഷ്യലിസ്റ്റ് പരിവർത്തനത്തിന്റെയും സാദ്ധ്യതതന്നെ മുങ്ങിമരിച്ചുപോയി. ഇന്ത്യൻ ബൂർഷ്വാസി ഞങ്ങളെ വളഞ്ഞു. സമരതന്ത്രത്തിൽ ഞങ്ങളെ തോല്പിച്ചു. പർട്ടി കുറച്ചു സ്ഥലം തിരിച്ചുപിടിച്ചെങ്കിൽ അതിനു കാരണം 1946–47-ൽ രണ്ടാം ലോകമഹായുദ്ധത്തിനു് തൊട്ടു പിറകേ നടന്ന പ്രക്ഷോഭകരമായ പണിമുടക്കുകളുടെ പരമ്പരകളിലേക്കു് ഞങ്ങൾ സ്വയം വലിച്ചെറിഞ്ഞതായിരുന്നു. ഞങ്ങളുടെ രാഷ്ട്രീയ ലൈൻ അപ്പോഴും തെറ്റായിരുന്നു. ഉദാഹരണത്തിനു്, ഞങ്ങൾ പാക്കിസ്ഥാനെന്ന “പ്രായശ്ചിത്ത രാഷ്ട്രത്തിന്റെ” സൃഷ്ടിയെ പിന്തുണച്ചു. ബോംബേയിൽ സി. പി. ഐ. ആണു് 1946-ലെ നാവിക ലഹളക്കാർക്കു് പിന്തുണ സംഘടിപ്പിച്ചതു് എന്നാൽ കോൺഗ്രസ്സ്–മുസ്ലീംലീഗു് ഐക്യത്തെ പിന്താങ്ങുന്ന ഞങ്ങളൂടെ രാഷ്ട്രീയനയം യഥാൎത്ഥ മായ ഐക്യദാർഢ്യത്തിനു് വിഘാതമായി—നാവിക ലഹളയ്ക്കു കാരണം ബ്രിട്ടീഷുകാരെക്കാൾ കോൺഗ്രസ്സ്—ലീഗ് നേതാക്കളായിരുന്നു. അവരുടെ ഇടതുപക്ഷത്തുണ്ടായ—റഷ്യൻ വിപ്ലവത്തിലെ ചില സംഭവങ്ങളോടു് അസ്വാസ്ഥ്യജനകമായ സാമ്യം പുലർത്തുന്ന—ഈ പുതിയ ഭീഷണിയെ നേരിടാൻ അവർ തല്ക്കാലം ഒന്നിച്ചു ചേർന്നു. ഞാനുൾപ്പെടെ കുറെപ്പേർ വർഗ്ഗസമരത്തെ പ്രകോപിപ്പിച്ചതിനു് ഒരിക്കൽകൂടി അറസ്റ്റു ചെയ്യപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു് വെറും ഇരുപത്തിനാലു മണിക്കൂർ മുൻപു്—1947 ഓഗസ്റ്റ് 13-നു്—മാത്രമാണു് ഞങ്ങൾ വിട്ടയയ്ക്കപ്പെട്ടതു്.
- ചോദ്യം:
- സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ സി. പി. ഐ-യെ ഇടതുപക്ഷതീവ്രവാദപരമായ ഒരു അപഭ്രംശത്തിൽ കൊണ്ടുചാടിച്ച കുപ്രസിദ്ധമായ രണദിവേ തീസീസുകൾക്കു് പിന്നിലുള്ള യുക്തി എന്തായിരുന്നു?
- ഉത്തരം:
- ഇവിടെ പരസ്പരം ബന്ധപ്പെട്ട ഒട്ടേറെ ഘടകങ്ങളെ നാം ശ്രദ്ധാപൂൎവ്വം വ്യവച്ഛേദിച്ചറിയേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു. രണദിവേ എഴുതിയുണ്ടാക്കുകയും 1948–ലെ രണ്ടാം കോൺഗ്രസ് അംഗീകരിക്കുകയും ചെയ്ത തീസീസ്സുകൾ തീവ്രവാദപരമായിരുന്നുവെന്നതു് ശരിതന്നെ. എന്നാൽ അമ്പതുകളുടെ അവസാനത്തിലും ഇന്നുപോലും കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷ കോൺഗ്രസ്സുകാരും അവയ്ക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾക്കു് ഒരു പൊള്ളത്തരമുണ്ടു്—അവ ഒരു പരിഷ്കരണവാദപരമായ ഒരു പ്രശ്നപരിസരത്തിൽ നിന്നാണുന്നയിക്കപ്പെടുന്നതു്. അധികാരകൈമാറ്റത്തിനുശേഷം രാജ്യത്തിന്റെ പലഭാഗത്തും അകാലികമായ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ആ സമരങ്ങൾക്കു് ഒരു ദ്വന്ദ്വസഭാവമുണ്ടായിരുന്നു. അവ കോൺഗ്രസ്സിലേക്കുള്ള അധികാരകൈമാറ്റത്തെ പ്രകീർത്തിച്ചു. കോൺഗ്രസ്സ് അതിന്റെ വിപ്ലവകരമായ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കുമെന്നു് പ്രതീക്ഷിക്കുകയും ചെയ്തു. ബ്രിട്ടീഷുകാർ ഇന്ത്യവിടുംമുമ്പു്, 1937-ൽ പ്രാദേശിക കോൺഗ്രസ്സ് ഗവണ്മെന്റുകൾ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇത്തരം സമരങ്ങൾ അവയെ സ്വാഗതം ചെയ്തിരുന്നു. ബൂൎഷ്വാരാഷ്ട്രീയ മണ്ഡലത്തിന്റെ സുപ്രധാനവിജയങ്ങളും പാർളമെന്റിതര ജനകീയപ്രക്ഷോഭവും തമ്മിൽ ബന്ധിക്കുന്ന ഒരു കണ്ണിയുമുണ്ടെന്നാണു് ഈ സമരങ്ങൾ കാണിച്ചുതരുന്നതു്. കൂടാതെ സ്വാതന്ത്യ്രലബ്ധിക്കുമുമ്പേ തെലുങ്കാന (ഹൈദ്രാബാദു്) യിൽ തുടങ്ങിയിരുന്ന സമരമുണ്ടായിരുന്നു. ഹൈദ്രാബാദ് നൈസാമിനും അയാളുടെ ഭരണ യന്ത്രത്തിനും ഹൈദ്രാബാദിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽ നൈസാമിനാൽ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്ന ജന്മിമാർക്കുമെതിരായ സമരമായിരുന്നു അതു്. ഇവിടെപ്പോലും ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടൽ സ്ഥിതിഗതികളിൽ മാറ്റം വരുത്തി—അതു് നൈസാമിനെ ഫലപ്രദമായി താഴെയിറക്കുകയും ഒപ്പംതന്നെ ഇടതുപക്ഷത്തിന്റെ വികാസം തടയുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരമുന്നേറ്റത്തിൽ തൊഴിലാളികളും കർഷകരും വിദ്യാൎത്ഥ ികളും ഉൾപ്പെട്ടിരുന്നു. ട്രേഡുയൂണിയൻ അവകാശങ്ങൾ വർദ്ധിപ്പിക്കുവാനും നാടുവാഴിത്തം അവസാനിപ്പിക്കുവാനും കൂടുതൽ സ്വാതന്ത്ര്യങ്ങൾക്കും വേണ്ടിയുള്ള ഈ സമരങ്ങളിൽ ഒട്ടുവളരെ ഇടതുപക്ഷകോൺഗ്രസ്സനുഭാവികളും പങ്കെടുത്തിരുന്നു. ഇടത്തോട്ടു നീങ്ങുവാൻ കോൺഗ്രസ്സിൽ സമ്മർദ്ദം ചെലുത്തുന്നതായിരുന്നു അവരുടെ മുഖ്യസ്വഭാവം. മുൻവർഷങ്ങളിലെ ഇന്ത്യനവസ്ഥയുടെ വിശകലനത്തിലൂന്നിക്കൊണ്ടു് ഒരു ശരിയായ തന്ത്രം വികസിപ്പിക്കുവാൻ സി. പി. ഐ.-ക്കു് കഴിഞ്ഞിരുന്നെങ്കിൽ അതിനു് ഈ സമരങ്ങൾക്കു് നേതൃത്വം നൽകുന്ന സജീവമായ ഒരു പങ്കു് വഹിക്കാൻ കഴിയുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ രണദിവേ തീസീസ്സുകൾ അസ്ഥാനത്താകുമായിരുന്നെങ്കിലും കൂടുതൽ വലിയ പ്രതികരണം സൃഷ്ടിക്കുമായിരുന്നു. അതെന്തായാലും സി. പി. ഐ.-യുടെ വളവും തിരിവുമെല്ലാം കൊണ്ടു് 1948-ലെ കോൺഗ്രസ്സിന്റെ തീവ്രവാദം അപകടകരമായിത്തീൎന്നു. ജനങ്ങൾ നെഹ്റു ഗവണ്മെന്റിനെ മറിച്ചിടാൻ തയ്യാറല്ലായിരുന്നു. മറിച്ചു്, അവരിൽ വൻവിഭാഗങ്ങൾ പലതും അതുമായി താദാത്മ്യം പ്രാപിച്ചു. ഈ സ്വാതന്ത്ര്യം ‘കപടസ്വാതന്ത്ര്യ’ മാണെന്ന സി. പി. ഐ. മുദ്രാവാക്യം പാർട്ടിയെ ഒറ്റപ്പെടുത്താൻ മാത്രമേ സഹായിച്ചുള്ളൂ. ഈ മുദ്രാവാക്യത്തോടൊപ്പം സമാരംഭിച്ച സായുധസമരം ഒട്ടേറെ കാഡർമാരുടെ മരണത്തിനും ഉപഭൂഖണ്ഡമെമ്പാടും അറസ്റ്റുകൾക്കും പീഡനങ്ങൾക്കും ഇടനൽകി. നെഹ്റു ഗവണ്മെന്റിനെ ഒരു കോംപ്രദോർ പാവ ഗവണ്മെന്റായി വിലയിരുത്തിയതു് മറ്റൊരു തെറ്റായിരുന്നു—കൊളോണിയൽ ബ്രിട്ടീഷ് ഭരണകൂടവും സ്വാതന്ത്ര്യാനന്തര നെഹ്റു ഗവണ്മെന്റും തമ്മിൽ യാതൊരു അന്തരവുമില്ലെന്നായിരുന്നല്ലോ അതിന്റെ സൂചന. ഇന്നു് മാർക്സിസ്റ്റുകൾ പൊതുവേ അംഗീകരിക്കുന്നതുപോലെ ഇന്ത്യൻ ഭരണവൎഗ്ഗം ഒരിക്കലും ശരിയായ അർത്ഥത്തിലുള്ള ഒരു കോംപ്രദോർ വർഗ്ഗമായിരുന്നില്ല. കൊളോണിയൽ അധിനിവേശത്തിന്റെ കാലത്തുപോലും അതു് താരതമ്യേന സ്വയംനിൎണ്ണയാവകാശം അനുഭവിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം അതു് കോംപ്രദോർ ആണെന്നു വാദിക്കുന്നതു് തെറ്റായ ഒരു തന്ത്രത്തിനു് ഊന്നൽ നൽകുന്നതുകൊണ്ടു് തീവ്രവാദപരമായിരുന്നു. ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ സൈദ്ധാന്തികമായ അപര്യാപ്തതയും അതു വ്യക്തമാക്കി. ആ ഘട്ടത്തിലെ പലപ്രമേയങ്ങളും അറുപതുകളുടെ ഒടുവിൽ നക്സൽബാരിയിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും മാവോയിസ്റ്റ് കലാപകാരികൾ പുനരാവിഷ്കരിക്കുകയുണ്ടായി. അവയുടെ ഭവിഷ്യത്തുകൾ എത്ര വിപത്ക്കരമായിരുന്നുവെന്നു് നമുക്കറിയാം. നൂറുക്കണക്കിനു് ചെറുപ്പക്കാർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾ മർദ്ദിക്കപ്പെടുകയും പ്രസ്ഥാനം തകൎച്ചയിൽ നിന്നു് തകർച്ചയിലേക്കു് നീങ്ങുകയും ചെയ്തു എന്നു മാത്രമല്ല ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ തുറുങ്കിലടച്ച ആയിരക്കണക്കിനു് രാഷ്ട്രീയത്തടവുകാരുടെ രൂപത്തിൽ അതിന്റെ പൈതൃകം ഇന്നും അവശേഷിക്കുന്നു—ഈ തടവുകാർക്കു് മിക്കവാറും ഒട്ടുംതന്നെ ജനപിന്തുണയില്ലെന്നതാണു് ദുരന്തം. 1948-ലേക്കു് മടങ്ങാം. ഞാനുൾപ്പെടെ ഒട്ടേറെ കമ്മ്യൂണിസ്റ്റുകാർ വീണ്ടും അറസ്റ്റുചെയ്യപ്പെട്ടു. ജയിലിൽ വെച്ചാണു് രണദിവേ തീസീസ്സുകളെക്കുറിച്ചു് ഒരുപാടു് വിവാദങ്ങൾ ആരംഭിച്ചതു്. പുതിയ ലൈനിനോടു് അത്യധികം അതൃപ്തി പ്രകടമായിരുന്നു. ട്രേഡു യൂണിയൻ സഖാക്കാൾ പാർട്ടി നേതൃത്വത്തോടു് കൂടുതൽ കൂടുതൽ ശത്രുത പുലർത്താൻ തുടങ്ങിയിരുന്നു. പാൎട്ടി നേതൃത്വം ദേശവ്യാപകമായ ഒരു റേയിൽവേ പണിമുടക്കിനു് ആഹ്വാനം നൽകിയിരുന്നു. അതു തീൎത്തു ം പൊളിഞ്ഞു പോയി. റെയിൽവേ യൂണിയനിലെ കമ്മ്യൂണിസ്റ്റനുഭാവികളെ തിരിച്ചറിയാൻ മാത്രമേ അതു സഹായിച്ചുള്ളൂ. തന്മൂലം അവരിൽ പലരും അറസ്റ്റു ചെയ്യപ്പെട്ടു. അപ്പോൾ പാർട്ടി നേതാക്കൾ പറഞ്ഞു: യൂണിയൻ നേതാക്കളായിരുന്ന കമ്മ്യൂണിസ്റ്റുകാർ തിരുത്തൽവാദികളും പരിഷ്കകരണ വാദികളുമായതുകൊണ്ടാണു് റെയിൽവേ പണിമുടക്കു നടക്കാതെ പോയതെന്നു്. എന്നാൽ ഈ വിവാദം പോലും ഒരു പ്രത്യേകതരത്തിലാണു് പിന്നെ വേഗം പരിണമിച്ചതു്. ഇന്ത്യയിൽ നിലനില്ക്കുന്ന പരിതസ്ഥിതികളെ അപഗ്രഥിക്കാനുള്ള ഒരു പരിശ്രമവുമുണ്ടായില്ല. കുറേപ്പേർ “സ്റ്റാലിൻ പറഞ്ഞു… ” എന്നു പറഞ്ഞുതുടങ്ങുകയും ചർച്ചയിൽ എതിർഭാഗത്തു നിന്നവർ “പക്ഷേ മാവോ മറിച്ചിങ്ങനെ പറഞ്ഞു…” എന്നു് തിരിച്ചു പറയുകയും ചെയ്ത ഒരു തൎക്കമായി അതു്. ആ വിവാദം തന്നെ മിക്കവാറും വന്ധ്യമായിപ്പോയി. പാർട്ടിയിൽ മുഴുവൻ ഒരു ചർച്ച നടത്തിയ രണദിവെ ലെനിന്റെ ഒരു ബാലൻസ് ഷീറ്റു് തയ്യാറാക്കിയാണു് പാർട്ടി കോൺഗ്രസ്സ് ഈ വിവാദങ്ങളുടെയൊക്കെ ഫലം നിശ്ചയിക്കേണ്ടിയിരുന്നതു്. എന്നാൽ അതുണ്ടായില്ല. സ്റ്റാലിനിസത്തിന്റെ ഉത്തമ പാരമ്പര്യമനുസരിച്ചു് പാർട്ടി നേതൃത്വം സ്റ്റാലിനെക്കാണാൻ മോസ്കോവിലേക്കു് ഒരു പ്രതിനിധിസംഘത്തെ അയയ്ക്കുകയാണുണ്ടായതു്. ഈ അപൂൎവ്വ ബഹുമതിക്കു തെരഞ്ഞെടുക്കപ്പെട്ടതു് നാലു നേതാക്കളായിരുന്നു. അജയഘോഷ്, രാജേശ്വരറാവു, എസ്. എ. ഡാങ്കേ, ബാസവ പുന്നയ്യ, രണദിവെയെ തഴഞ്ഞു കളഞ്ഞു. അവർ ഒരു പുതിയ നയവും പരിപാടിയുമായി മടങ്ങിവന്നു. 1951 ഒക്ടോബറിൽ കൽക്കത്തയിൽ കൂടിയ പാർട്ടിയുടെ ഒരു പ്രത്യേക സമ്മേളനം അവ അംഗീകരിക്കുകയും ചെയ്തു. സ്റ്റാലിൻ, മൊളൊട്ടോവു്, സുസ്സോവു് എന്നിവരുടെ നേരിട്ടുള്ള കാൎമ്മികത്വത്തിൽ രൂപീകരിക്കപ്പെട്ട പുതിയ ലൈൻ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സാമ്രാജ്യവാദികളുടെ സമ്മതത്തോടുകൂടിയാണു്. കോൺഗ്രസ്സ് ഗവണ്മെന്റു് സ്ഥാപിക്കപ്പെട്ടിരിക്കുന്നതു്. ഇന്ത്യയിൽ ഇപ്പോഴും കൊളോണിയൽ വ്യവസ്ഥിതി നിലനില്ക്കുന്നു. സാമ്രാജ്യവാദികൾ അവരുടെ ഭരണത്തെ തീൎത്തു ം സാമ്രാജ്യത്വാഭാസന്മാരായ കോൺഗ്രസ്സ് സർക്കാരെന്ന പൊയ്വസ്ത്രം മറച്ചു വെച്ചിരിക്കുകയാണു്. അതിനാൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അടിയന്തിര ദൗത്യം ഇന്ത്യൻ ഭരണകൂടത്തെ മറിച്ചിട്ടു് പകരം ഒരു ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുകയാണു്. അങ്ങനെ അധികാര കൈമാറ്റത്തിനുശേഷം നാലു വർഷം കഴിഞ്ഞിട്ടും സ്റ്റാലിനും സോവിയറ്റു യൂണിയന്റെ ഇതര നേതാക്കളും ഇന്ത്യയെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴിലുള്ള ഒരു കൊളോണിയൽ രാജ്യമായാണു പരിഗണിച്ചതു്. പാർട്ടി സമ്മേളനം പുതിയ ലൈൻ അംഗീകരിച്ചതിൽ അത്ഭുതമില്ലായിരുന്നു. അതിനു് ഏറ്റവും മഹാനായ മാർക്സിസ്റ്റ് ലെനിനിസ്റ്റിന്റെയും ‘ലോക വിപ്ലവാചാര്യന്റെ’യും അനുഗ്രഹങ്ങളുണ്ടായിരുന്നതുകൊണ്ടു് വിശേഷിച്ചും. ചുരുങ്ങിയതു് 1956 വരെയെങ്കിലും ഞങ്ങളുടെ സഖാക്കളിൽ ഭൂരിപക്ഷത്തിന്റെയും വിചാരഗതി ഇങ്ങനെയായിരുന്നു. ഞാനും കുറച്ചുകാലം ഈ അസംബന്ധ വീക്ഷണത്തിൽ പങ്കുകൊണ്ടിരുന്നു. എന്നാൽ താമസിയാതെ തന്നെ എനിക്കു് സംശയങ്ങളുണ്ടായി. ഇന്ത്യ രാഷ്ട്രീയമായി സ്വതന്ത്രമാണെന്നു് ഞാൻ വാദിക്കാൻ തുടങ്ങി. അനുഷ്ഠാനപരമായി ഏതായാലും ഒരു പുതിയ പരിണാമം സംഭവിച്ചു. 1951-ൽ പുതിയ പരിപാടി അംഗീകരിച്ചതോടൊപ്പം പാർട്ടി അടുത്തുവന്നുകൊണ്ടിരുന്ന പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ നിശ്ചയിച്ചു. ഇതു കേവലം ശരിയായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനുശേഷം പാർട്ടി സ്വീകരിച്ച നയങ്ങൾ ഈ വ്യതിയാനത്തെ കൂടുതൽ അൎത്ഥ വത്തായി വെളിപ്പെടുത്തി. ഇടതുപക്ഷതീവ്രവാദത്തിൽ നിന്നു് ഇപ്പോൾ പാർട്ടി “പാർലമെന്റെറി പിള്ളവാതം” എന്നു മാത്രം വിളിക്കാവുന്ന ഒരു പാതയ്ക്കു തുടക്കമിട്ടു. ഇന്ത്യ ഇപ്പോഴും ഒരു പിന്നോക്ക കൊളോണിയൽ രാജ്യമായതുകൊണ്ടു് സോഷ്യലിസം പാർട്ടിയുടെ അടിയന്തിര ലക്ഷ്യമല്ലെന്നു് 1951-ലെ തിരഞ്ഞെടുപ്പു് മാനിഫെസ്റ്റോയും പുതിയ പരിപാടിയും പ്രസ്താവിച്ചു. ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നെഹ്റു ഗവണ്മെന്റിനു പകരം എല്ലാ സാമ്രാജ്യവിരുദ്ധ, നാടുവാഴിത്ത ശക്തികളുടേയും പാർട്ടികളുടേയും ഒരു മുന്നണിയുടേയും അടിസ്ഥാനത്തിൽ ഒരു ജനകീയ ജനാധിപത്യ ഗവണ്മെന്റു സ്ഥാപിക്കുകയാണു് അടിയന്തിര ധർമ്മമെന്നും പ്രസ്താവിക്കപ്പെട്ടു. “വൎഗ്ഗം” എന്ന വാക്കിനുപകരം “പാൎട്ടി” എന്ന വാക്കും “ഭരണകൂടം” എന്ന വാക്കിനു പകരം “ഗവണ്മെന്റു്” എന്ന വാക്കും ഉപയോഗിക്കപ്പെട്ടു. അവ വെറും ഭാഷാശാസ്ത്രപരമായ മാറ്റങ്ങളായിരുന്നില്ല. 1948–51 മുതൽ തങ്ങളുടെ ലക്ഷ്യം ഒരു ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുകയാണെന്നു് പാർട്ടി പ്രഖ്യാപിച്ചിരുന്നു. അതു് തൊഴിലാളിവർഗ്ഗ സൎവ്വാധിപത്യത്തിന്റെ ആരംഭബിന്ദുവായിരിക്കുമെന്നും ‘ജനകീയ ജനാധിപത്യ’മെന്ന സങ്കല്പത്തിലടങ്ങിയ സന്നിഗ്ദ്ധതകളും അപര്യാപ്തതകളും മാറ്റിവച്ചാൽ ലക്ഷ്യം ഏതാണ്ടു് വ്യക്തം തന്നെയായിരുന്നു. കോൺഗ്രസ്സ് ഗവണ്മെന്റിന്റെ സ്ഥാനത്തു് ജനാധിപത്യ ഐക്യത്തിന്റേതായ ഒരു ജനകീയ ഗവണ്മെന്റ് സ്ഥാപിക്കുവാനുള്ള സമരമാണു് പാർട്ടിയുടെ കേന്ദ്രകർത്തവ്യമെന്നു് മധുരയിൽ കൂടിയ പാൎട്ടിയുടെ മുന്നാം കോൺഗ്രസ്സ് ഊന്നിപ്പറഞ്ഞു. ഇവിടെ വ്യക്തമായും “ജനകീയജനാധിപത്യം” തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്റെ പര്യായമായല്ല ഉപയോഗിച്ചിരുന്നതു്. സി. പി. ഐയ-യും കോൺഗ്രസ്സ് വിരുദ്ധ “ജനാധിപത്യ”പാർട്ടികളും തമ്മിലുള്ള ഒരു സഖ്യമായാണു അതു് വിഭാവനം ചെയ്യപ്പെട്ടിരുന്നതു്. പാർട്ടിയുടെ ലക്ഷ്യം പാർലമെന്ററി ഭൂരിപക്ഷം നേടുകയെന്നതും ഗവണ്മെന്റുകൾ രൂപീകരിക്കാൻ വേണ്ടത്ര സഖ്യകക്ഷികളെ സമ്പാദിക്കുകയെന്നതുമായിത്തീരുന്നു.
- ചോദ്യം:
- ഇത്രയധികം വിഭാഗീയമായ തെറ്റുകൾ വരുത്തിയിട്ടും സി. പി. ഐ. 1951-ലെ പൊതുതെരഞ്ഞെടുപ്പിൽ നല്ല വിജയം നേടിയതെങ്ങനെയെന്നു് ഒന്നു് വിശദീകരിക്കാമോ? അതു് അടിച്ചമർത്തപ്പെട്ടിരുന്നു. സാമ്രാജ്യത്വവിരുദ്ധ ശക്തികളിൽ നിന്നു് അതു് ഒറ്റപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള പ്രത്യക്ഷത്തിൽ ശരിയായ, അതിന്റെ തീരുമാനവും അവസാന നിമിഷത്തിലെടുത്തതായിരുന്നുവല്ലോ?
- ഉത്തരം:
- തെരഞ്ഞെടുപ്പു ഫലം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിയെന്നാണു് ഞാൻ കരുതുന്നതു്. ഞങ്ങൾക്കു് പാർലിമെന്റിൽ 26–27 സീറ്റുകളോളം കിട്ടി. ഞങ്ങൾ കോൺഗ്രസ്സിനു ശേഷമുള്ള ഏറ്റവും വലിയ പാർട്ടിയായിത്തീൎന്നു ഗവണ്മെന്റിനോടുള്ള എതിർപ്പിന്റെ മുഖ്യകേന്ദ്രവുമായിത്തീൎന്നു. ചിലയിടങ്ങളിൽ ഞങ്ങളുടെ സ്ഥാനാൎത്ഥ ികൾക്കു് നെഹ്റുവിനെക്കാൾ കൂടുതൽ വോട്ടു കിട്ടി. ഒരു സുപ്രഭാതത്തിൽ അടുത്തകാലംവരെ ഒളിവിലോ ജയിലിലോ ആയിരുന്ന ഒട്ടേറെ സഖാക്കൾ പാർലമെന്റിലോ പ്രാദേശിക നിയമസഭകളിലോ അംഗങ്ങളായിത്തീർന്നു. ഈ വിജയത്തിനു മുഖ്യകാരണം ഞങ്ങൾക്കു വോട്ടുചെയ്ത ജനങ്ങൾ ഞങ്ങളുടെ വിഭാഗീയ ലൈൻ ശരിയാണെന്നു് കരുതിയതല്ലെന്നാണെന്റെ പക്ഷം. പാർട്ടി കാഡർമാർ ജനകീയപ്രസ്ഥാനത്തിൽ മുഴുകിയിരുന്നുവെന്നാണു് പ്രധാനഘടകം. അവർ ട്രേഡു യൂണിയനുകളിലും കൎഷകസംഘങ്ങളിലും പ്രവർത്തിച്ചിരുന്നു. അവരിൽ പലരും സത്യസന്ധതയും ധീരതയുംകൊണ്ടു് ജനസമ്മതിയാർജ്ജിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ, 1951-ലെ തെരഞ്ഞെടുപ്പിൽ സി. പി. ഐ.-യ്ക്കു കിട്ടിയ വോട്ടുകൾ നേരിട്ടുതന്നെയുള്ള വൎഗ്ഗവോട്ടുകളായിരുന്നു. നിലനിന്നിരുന്ന സാദ്ധ്യതകൾ അതു വെളിപ്പെടുത്തി. ഈ സാദ്ധ്യതകൾ സക്ഷാത്ക്കരിക്കപ്പെട്ടില്ലെന്ന വസ്തുത ഒരു തലത്തിൽ, ഇന്നു് പാർലമെന്റിൽ പാർട്ടിക്കുള്ള പ്രാതിനിധ്യം തന്നെ വെളിപ്പെടുത്തുന്നുണ്ടു്. അതു് മിക്കവാറും 1961-ലേതു തന്നെയാണു്.
- ചോദ്യം:
- പാർലമെന്റേറിയനിസത്തിലേയ്ക്കുള്ള വ്യതിയാനത്തിനുശേഷം പാർലമെന്റേതരമായ ഏതെല്ലാം അടവുകളാണു് സ്വീകരിക്കേണ്ടതെന്നതിനെക്കുറിച്ചു് പാർട്ടിക്കകത്തു് എന്തെങ്കിലും ചർച്ച നടന്നുവോ? ജനകീയ സമരങ്ങളിലുള്ള പാൎട്ടിമെമ്പർമാരുടെ പങ്കാളിത്തം പെട്ടെന്നു് വെറുതേ നിറുത്തിക്കളയുകയെന്നതു് തീൎച്ചയായും പ്രയാസമായിരുന്നിരിക്കുമല്ലോ.
- ഉത്തരം:
- ഉവ്വു്, പാർട്ടിക്കമ്മിറ്റികളിൽ ചർച്ചകളുണ്ടായി. കൊറിയൻ യുദ്ധത്തിനുശേഷം സോവിയറ്റു് യൂണിയൻ ഒരിക്കൽ കൂടി മുതലാളിത്തശക്തികളുമായി സൗഹൃദത്തിന്റേയും സഹപ്രവർത്തനത്തിന്റേയുമായ നയം പിന്തുടരാനാരംഭിച്ചിരുന്നു. ഇതിനെയാണല്ലോ പിൽക്കാലത്തു് ക്രൂഷ്ചെവു് സമാധാനപരമായ സഹവർത്തിത്ത്വമെന്നു് സിദ്ധാന്തവൽക്കരിച്ചതു്. സോവിയറ്റ് യൂണിയനും ചൈനീസ് ജനകീയ റിപ്പബ്ലിക്കും “പുരോഗമനപരമായ” നയങ്ങളുടെ പേരിൽ—വിശേഷിച്ചും ചേരിചേരായ്മയിലടിയുറച്ച അതിന്റെ വിദേശനയത്തിന്റെ, പേരിൽ—ഇന്ത്യാഗവണ്മെന്റിനെ പ്രകീർത്തിക്കാൻ തുടങ്ങി. ഇന്ത്യാ സന്ദർശനവേളകളിൽ ക്രൂഷ്ചെവും—ചു എൻലായിയും വമ്പിച്ച ജനക്കൂട്ടങ്ങളെ ആകർഷിച്ചു. നെഹ്റു, “ബന്ദൂങ് സ്പിരിറ്റി”ന്റെ ശില്പികളിലൊരാളായി. ഈ പശ്ചാത്തലത്തിലാണു്. ഞങ്ങളുടെ പാർട്ടിക്കകത്തെ ചർച്ചകൾ തുടർന്നതു്. ഇന്ത്യ ശരിക്കും സ്വതന്ത്രമാണോ അതോ ഇപ്പോഴും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു് കീഴിലാണോ? രാഷ്ട്രീയ മണ്ഡലത്തിൽ നാം ആരോടാണു് കൂട്ടുകൂടേണ്ടതു്? ഞാൻ കാര്യദർശിയായിരുന്ന സി. പി. ഐ. മലബാർ പ്രാദേശിക കമ്മിറ്റിയിൽ നടന്ന വിവാദങ്ങൾ ഞാനോർക്കുന്നു. പാൎട്ടിയുടെ മലബാർ സമ്മേളനത്തിൽ കോൺഗ്രസ്സിനു മുമ്പായി നടന്ന ചർച്ചയും. ചിലരാഗ്രഹിച്ചതു് ഒരു കോൺഗ്രസ്സ്—കമ്മ്യൂണിസ്റ്റ് കൂട്ടുഗവണ്മെന്റാണു്. മറ്റു ചിലർ ഒരു കോൺഗ്രസ്സ് വിരുദ്ധ മുന്നണിക്കുവേണ്ടി വാദിക്കുകയും ആക്രമണം മുഴുവൻ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഐ. എൻ. ടി. യു. സി.-യുടെ നേരെ തിരിച്ചു വിടുകയും ചെയ്തു. ഇരുവരും പ്രശ്നത്തെ പ്രധാനമായും തെരഞ്ഞെടുപ്പു് വിജയിക്കുന്നതിന്റെ കാര്യമായാണു് കണ്ടതു് സ്വവർഗ്ഗത്തെ അതിന്റെ പീഡകർക്കെതിരായി ഒന്നിപ്പിക്കാൻ ശ്രമിക്കുകവഴി തന്നെ ഞങ്ങൾക്കു് ഒപ്പം കോൺഗ്രസ്സിനെ തെരഞ്ഞെടുപ്പിൽ ദുർബ്ബലപ്പെടുത്താനും കഴിയുമായിരുന്നു എന്നതാണു് ഈ സഖാക്കൾ മനസ്സിലാക്കാതെ പോയതു്. ഞാൻ രണ്ടു ലൈനുകളോടും വിയോജിച്ചു. സി. പി. ഐ.-യ്ക്കു് വരാനിരിക്കുന്ന സമരങ്ങൾക്കുള്ള ഒരു ജനകീയ ലൈൻ ഉണ്ടാവുകയാണു് ആദ്യംതന്നെ വേണ്ടതെന്നായിരുന്നു അന്നത്തെ എന്റെ നിലപാടു്. ഞങ്ങൾ സമരത്തെ അടിസ്ഥാനപരമായും പാർട്ടികൾ തമ്മിലുള്ള ഭിന്നതയല്ല, വർഗ്ഗങ്ങൾ തമ്മിലുള്ളതായാണു് സങ്കല്പിക്കേണ്ടിയിരുന്നതു്. അപ്പോൾ യുദ്ധങ്ങളിൽ പിളർന്നുപോയ തൊഴിലാളി വർഗ്ഗത്തെയും ഇതര ജനകീയ സംഘടനകളേയും ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുതലാളിമാർക്കെതിരെ ഏ. ഐ. ടി. യു. സി.-യുടെയും ഐ. എൻ. ടി. യു. സി.-യുടെയും മറ്റു ട്രേഡുയൂണിയനുകളുടേയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾക്കായി പ്രയത്നിക്കുകയാണു് ഞങ്ങൾ വേണ്ടിയിരുന്നതു്. വർഗ്ഗഐക്യത്തിന്റെ അടിത്തറയിൽ നാം കോൺഗ്രസ്സ് അനുഭാവികളുൾപ്പെടെയുള്ള പുരോഗമന ജനവിഭാഗങ്ങളെയെല്ലാം ഭൂപരിഷ്കരണത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും കൂടുതൽ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾക്കും ഒരുറച്ച സാമ്രാജ്യത്വവിരുദ്ധ വിദേശനയത്തിനും മറ്റുമുള്ള സമരങ്ങളിലൂടെ ഒന്നിപ്പിക്കാൻ ശ്രമിക്കണമെന്നും ഈ സമരങ്ങളിലൂടെ ജനങ്ങളെ ബൂർഷ്വാ സ്വാധീനത്തിൽനിന്നും പറിച്ചകറ്റി തൊഴിലാളി വൎഗ്ഗത്തിന്റെ മേധാവിത്വം കെട്ടിപ്പടുക്കണമെന്നും ഞാൻ വാദിച്ചു. ഈ അടിസ്ഥാനത്തിൽ ഞാൻ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം മലബാർ പാർട്ടി സമ്മേളനത്തിൽ ഭൂരിപക്ഷം നേടി പാസ്സായി. 1956-ലാണു്, പാലക്കാടു്വെച്ചു് പാൎട്ടിയുടെ നാലാം കോൺഗ്രസ്സ് നടന്നതു്, ഭൂരിപക്ഷത്തിന്റെ ഊന്നൽ ഒരു കോൺഗ്രസ്സ് വിരുദ്ധമുന്നണിയിലായിരുന്നു. ഇൻഡ്യൻ ബൂർഷ്വാസി, ബ്രിട്ടീഷ് ഫിനാൻസ് മൂലധനത്തിന്റെ ദാസന്മാരാണെന്ന അവരുടെ സിദ്ധാന്തത്തിനു തികച്ചും അനുയോജ്യമായിരുന്നു ഇതു്. പി. സി. ജോഷിയും ഭവാനിസെന്നും ഞാനും മറ്റു കുറച്ചുപേരും ജോഷി ഞങ്ങൾക്കുവേണ്ടി അവതരിപ്പിച്ചിരുന്ന ഔദ്യോഗിക പ്രമേയത്തിന്നെതിരായ ഒരു മറുപ്രമേയം ശരിക്കും വിതരണം ചെയ്യുകതന്നെയുണ്ടായി. കോൺഗ്രസ്സ് ഗവണ്മെന്റും ചിലപ്പോൾ സന്ധികൾ ചെയ്യാറുണ്ടെങ്കിലും അതു് സാമ്രാജ്യത്വത്തിന്റെ അടിമയല്ലെന്നും, അതു് പ്രാഥമികമായും സാധാരണക്കാരുടെ താല്പര്യങ്ങളെയല്ല, ബൂൎഷ്വാസിയുടെ വിഭാഗീയതാല്പര്യങ്ങളെയാണു് സേവിച്ചിരിരുന്നതെന്നും, രാജ്യത്തിന്റെ ബൂർഷ്വാനേതൃത്വമാണു് ജനങ്ങളെ വേട്ടയാടുന്ന എല്ലാ തീവ്രപ്രശ്നങ്ങളുടെയും മൂലമെന്നും, അതുകൊണ്ടു് ബൂർഷ്വാജനാധിപത്യ വിപ്ലവം പൂർത്തീകരിച്ചുകൊണ്ടു് തൊഴിലാളിവർഗ്ഗ സൎവ്വാധിപത്യം സ്ഥാപിക്കുകയാണു് യഥാൎത്ഥ പ്രശ്നപരിഹാരമെന്നും ഞങ്ങളുടെ പ്രമേയം ചൂണ്ടിക്കാട്ടി. ഏ. ഐ. ടി. യു. സി., ഐ. എൻ. ടി. യു. സി., എച്ചു്. എം. എസ്., യു. ടി. യു. സി. തുടങ്ങിയ എല്ലാ ട്രേഡു് യൂണിയനുകളോടും ഏകീകൃതമായ ഒരൊറ്റ ട്രേഡ് യൂണിയൻ കേന്ദ്രമായി ലയിച്ചു ചേരാൻ അതു് ആഹ്വാനംചെയ്തു. രണ്ടാം പഞ്ചവത്സരപദ്ധതിയെ തങ്ങളുടേയും രാജ്യത്തിന്റെയും യഥാൎത്ഥ താൽപര്യങ്ങൾക്കനുസരിച്ചു് രൂപപ്പെടുത്തുവാനായി ഇടപെടുവാൻ അതു് എല്ലാ ജനകീയസംഘടനകളോടും ആവശ്യപ്പെട്ടു. സാമ്രാജ്യത്വത്തിന്റെയും ഫ്യൂഡലിസത്തിന്റെയും അവശിഷ്ടങ്ങൾക്കും വലതുപക്ഷത്തിന്റെ പിന്തിരിപ്പൻ നയങ്ങൾക്കുമെതിരായുള്ള സമരങ്ങളിലൂടെ കോൺഗ്രസ്സിനകത്തും പുറത്തുമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരതിശക്തമായ ജനകീയപ്രസ്ഥാനമെന്ന നിലയിൽ ഒരു ഏകീകൃത ദേശീയജനാധിപത്യമുന്നണി ഉയർത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യം പ്രമേയം ഊന്നിപ്പറഞ്ഞു. തൊഴിലാളിവൎഗ്ഗത്തിന്റെ മേധാവിത്വം കെട്ടിപ്പടുക്കുന്നതിനുള്ള വഴി അത്തരമൊരു ഐക്യജനാധിപത്യ മുന്നണിയാണെന്നു് ഞങ്ങൾ കരുതി. ഞങ്ങളുടെ പ്രമേയം പരാജയപ്പെട്ടു. എന്നാൽ നാലിലൊരു ഭാഗം പ്രതിനിധികൾ ഞങ്ങളെ പിൻതാങ്ങി. ഞങ്ങൾക്കുവേണ്ടി അവതരിപ്പിച്ച ചില ഭേദഗതികൾ പിന്നീടു് ഔദ്യോഗികപ്രമേയത്തിൽ കൂട്ടിച്ചേർക്കപ്പെട്ടു. പില്ക്കാലത്തു് അതു് പലതരത്തിൽ വ്യാഖ്യാനിക്കപ്പെടാനിടവന്നതായിരുന്നു ഇതിന്റെ ഫലം.
- ചോദ്യം:
- സി. പി. എസ്. യു-വിന്റെ ഇരുപതാം പാർട്ടി കോൺഗ്രസ്സ് സി. പി. ഐ. ദേശീയ കോൺഗ്രസ്സിൽ നേരിട്ടുണ്ടാക്കിയ പ്രത്യാഘാതമെന്തായിരുന്നു. അതു ചർച്ചചെയ്യപ്പെട്ടിട്ടില്ലെന്നുണ്ടോ?
- ഉത്തരം:
- ഓ, തീൎച്ചയായും സോവിയറ്റ് യൂണിയനിലെ മാറ്റങ്ങളെക്കുറിച്ചു് ഒരു പ്രമേയം ഞങ്ങളുടെ കോൺഗ്രസ്സിനു് സമർപ്പിക്കപ്പെട്ടു. അതു് ക്രൂഷ്ചേവിന്റെ പ്രഭാഷണത്തിന്റെ പൊതുവായ പ്രവണതയെ അംഗീകരിച്ചു. അതേ സമയം അദ്ദേഹമുന്നയിച്ചിരുന്ന വിഷയങ്ങൾ കൂടുതൽ ചർച്ചയ്ക്കു വിധേയമാക്കണമെന്നവശ്യപ്പെട്ടു. ഏതായാലും പാർട്ടി കോൺഗ്രസ്സിൽ വച്ചോ പിന്നീടോ ഇതിനെക്കുറിച്ചു് പൂൎണ്ണമായ ചർച്ചയൊന്നും നടന്നില്ല. സ്റ്റാലിനെതിരായ ആക്രമണത്തിലെ ശരികൾ അധികം സഖാക്കൾക്കും ബോദ്ധ്യപ്പെട്ടിരുന്നില്ലെന്നതാണു് കൂടുതൽ ചൎച്ചവേണമെന്നു വാശിപിടിക്കാൻ കാരണമായതു്. 1956-നു ശേഷം ഞാൻ തന്നെ ഒട്ടേറെ പ്രശ്നങ്ങളെക്കുറിച്ചു് മൗലീകമായ പുനർവിചാരത്തിലേർപ്പെട്ടു. അന്നോളം ഞാൻ ഒരുറച്ച സ്റ്റാലിനിസ്റ്റായിരുന്നെങ്കിലും സ്റ്റാലിനെ ആക്രമിച്ച ക്രൂഷ്ചേവിനെ ന്യായീകരിക്കാൻ ഞാനാഗ്രഹിച്ചു. ഇരുപതാം പാർട്ടി കോൺഗ്രസ്സിനു ശേഷം രണ്ടു മൂന്നു രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ഞങ്ങളെ ആരാധിക്കാൻ ശീലിപ്പിച്ചിരുന്ന ഒരു മനുഷ്യനെ, ഞങ്ങളുടെ ആഗോളപ്രസ്ഥാനത്തിന്റെ നേതാവിനെ, മുമ്പു് അദ്ദേഹത്തിന്റെ തന്നെ സഖാക്കളായിരുന്നവർ ആക്രമിച്ചിരിക്കുന്നു. ക്രൂഷ്ചേവിന്റെ രഹസ്യറിപ്പോർട്ടു് വായിച്ചശേഷവും ഞാൻ ശരിക്കും തരിച്ചിരിക്കുകയായിരുന്നു. കുറേസമയം എനിക്കതു വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല. പക്ഷേ, അതു വീണ്ടും വായിക്കുകയും ചിന്തിക്കുയും ചെയ്തശേഷം ക്രൂഷ്ചെവു് ശരിയാണെന്ന നിഗമനത്തിൽ ഞാനെത്തിച്ചേർന്നു. സ്റ്റാലിനെ പിൻതാങ്ങുന്നവർക്കെതിരെ ഞാനദ്ദേഹത്തിനുവേണ്ടി വാദിക്കാൻ തുടങ്ങി. ക്രൂഷ്ചെവു് സ്റ്റാലിനെ ആക്രമിച്ചതിന്റെ പേരിലാണു് ഒരുപാടു് സഖാക്കൾ അദ്ദേഹത്തെ “റിവിഷനിസ്റ്റ് ” എന്നു വിളിച്ചാക്രമിക്കാൻ തുടങ്ങിയതു്. അദ്ദേഹത്തിന്റെ മറ്റു തീസീസ്സുകൾ സ്റ്റാലിന്റെ തന്നെ അനുഷ്ഠാനത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ലല്ലോ. 1956-ലെ പാർട്ടി കോൺഗ്രസ്സിൽ വെച്ചാണു് ഞാൻ പാർട്ടിയുടെ ഉന്നതാധികാര സമിതിയിലേയ്ക്കു്, ദേശീയ കൗൺസിലിലേയ്ക്കു് തിരഞ്ഞെടുക്കപ്പെട്ടതു്. അതിനുമുമ്പു് ഞാൻ തീർത്തും പ്രാദേശികതലത്തിൽ പ്രവർത്തിക്കുകയും കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണു് ചെയ്തിരുന്നതു്.
(ഈ സംഭാഷണത്തിന്റെ രണ്ടാം ഭാഗം നാളെ പ്രസിദ്ധീകരിക്കും.)
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരൻ (ഫെബ്രുവരി 25, 1904–ജൂലൈ 3, 1976). മലപ്പുറം ജില്ലയിലെ തിരൂർ വില്ലേജിൽ പൊറൂർ ദേശത്തു് കീഴേടത്ത് എന്ന സമ്പന്ന നായർ കുടുംബത്തിൽ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണു് ദാമോദരൻ ജനിച്ചതു്. കേരള മാർക്സ് എന്നാണു് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. ‘പാട്ടബാക്കി’ എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോടു് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു.
കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം മാർക്സിസ്റ്റ് ആശയങ്ങളോടു് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായാണു് കേരളത്തിൽ തിരിച്ചെത്തിയതു്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി. പി. ഐ. യിൽ ഉറച്ചുനിന്നെങ്കിലും അവസാനകാലത്തു് പാർട്ടിയിൽ നിന്നും അകന്നു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ-നു് അന്തരിച്ചു. പദ്മം ജീവിതപങ്കാളിയായിരുന്നു.