(‘ന്യു ലെഫ്റ്റ് റിവ്യൂ’വിലെ താരിക് അലി, കെ ദാമോദരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ പരിഭാഷ. പരിഭാഷകൻ: കെ സച്ചിദാനന്ദൻ.)
- ചോദ്യം:
- താങ്കളുടെ നാലാം പാർട്ടി കോൺഗ്രസ്സു കഴിഞ്ഞു ഏറെക്കഴിയും മുമ്പേ തന്നെ സി. പി. ഐ. കേരളത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ഒരു വൻവിജയം നേടുകയും നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി ഉയർന്നു വരികയും ചെയ്തല്ലോ. അതിന്റെ നേതാവായിരുന്ന ഇ. എം. എസ്. നമ്പൂതിരിപ്പാടു് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുണ്ടാക്കുകയും ചെയ്തു. പാർട്ടിക്കു് പ്രാദേശികമായി ജനസമ്മതിയുണ്ടായിരുന്നെന്നു് തിരഞ്ഞെടുപ്പു് തെളിയിച്ചു. അക്കാലത്തു് അധീശത്വം പുലർത്തിയിരുന്ന ശീതസമര പ്രത്യയശാസ്ത്രത്തിനു് തെല്ലൊരഭിമാനമായിരുന്നു അതു്. അതെന്തായാലും താങ്കളുടെ നോട്ടത്തിൽ ജനകീയപ്രസ്ഥാനത്തിലും സി. പി. ഐ.-യുടെ ഭാവിപരിണാമത്തിലും ഈ വിജയത്തിന്റെ ശരിയായ പ്രത്യാഘാതമെന്തായിരുന്നു?
- ഉത്തരം:
- കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് രൂപീകരിച്ചു കഴിഞ്ഞയുടൻ കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിനുള്ളിൽ പുതിയ ഗവണ്മെന്റിന്റെ സ്വഭാവത്തെക്കുറിച്ചു് ചൂടുള്ളൊരു ചർച്ച നടന്നു. നമ്പൂതിരിപ്പാടടക്കമുള്ള കേന്ദ്രനേതാക്കളുന്നയിച്ചതും ഉയർന്നു നിന്നതുമായ വീക്ഷണം ഇതായിരുന്നു: കേരളത്തിൽ തൊഴിലാളികൾ സമാധാനമാർഗ്ഗത്തിലൂടെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതു് ലോകം മുഴുവനുമുള്ള സഖാക്കൾക്കു് ഭാവിയുടെ വഴികാട്ടിയാണിതു്—നേതൃത്വത്തിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. ഞാൻ ഈ വീക്ഷണത്തോടു യോജിച്ചില്ല. കമ്മ്യൂണിസ്റ്റുകാർ വിജയിച്ചാലും ഭരണകൂടം മുതലാളിത്ത ഭരണകൂടമായിത്തന്നെ നിലനില്ക്കുന്നുവെന്നും, മറിച്ചുള്ള വ്യാമോഹങ്ങൾ പരത്തുന്നതു് തെറ്റായിരിക്കുമെന്നും ഞാൻ വാദിച്ചു. അല്പം ചില സഖാക്കൾമാത്രം എന്നെ പിൻതാങ്ങി. തർക്കപരിഹാരത്തിനു ശ്രമിക്കുവാനായി കേരള നേതൃത്വവുമായി ചർച്ച നടത്താൻ പാർട്ടി സെക്രട്ടറിയായിരുന്ന അജയ് ഘോഷ് ഡൽഹിയിൽ നിന്നു വന്നെത്തി. രണ്ടു വീക്ഷണങ്ങളും അദ്ദേഹത്തിനു മുമ്പിൽ അവതരിപ്പിക്കപ്പെട്ടു. ഞാൻ ന്യൂനപക്ഷത്തിനുവേണ്ടി വാദിച്ചു. ഞങ്ങൾ ഒരു പ്രദേശത്തു് ഗവണ്മെന്റ് അധികാരം പ്രയോഗിക്കുകയാണെങ്കിലും പ്രാദേശികമായും ദേശീയമായും ഭരണകൂടം മുതലാളിത്തപരം തന്നെയാണെന്നും പാർട്ടിയേയും ജനകീയ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുവാനായി ഈ അവസരം എങ്ങിനെ ഉപയോഗിക്കാമെന്നതാണു് ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നമെന്നും ഞാൻ വാദിച്ചു. തൊഴിലാളിവർഗ്ഗം അധികാരത്തിൽ വന്നില്ലായിരുന്നുവെന്നർത്ഥം. ഇ. എം. എസ്. ഭൂരിപക്ഷവീക്ഷണം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു തീർന്നപ്പോൾ അജയ് ഘോഷ് വിരൽചൂണ്ടി എന്നോടു ചോദിച്ചു: “ഇ. എം. എസ്. നമ്പൂതിരിപ്പാട് ബൂർഷ്വാ ആണെന്നാണോ താങ്കൾ പറയുന്നതു്? അദ്ദേഹം തൊഴിലാളിവർഗ്ഗത്തിന്റെ ഒരു പ്രതിനിധിയല്ലേ”—ഇങ്ങനെ പലതും. ഞാനതല്ലാ ഉദ്ദേശിച്ചിരുന്നതെന്നു വ്യക്തമാണല്ലോ—ഭരണകൂടം ബൂർഷ്വാ ആണോ അല്ലയോ എന്നതായിരുന്നു പ്രശ്നം. നമ്പൂതിരിപ്പാടു് ഒരു പ്രാദേശിക സർക്കാരിന്റെ മുഖ്യമന്ത്രി മാത്രമായിരുന്നു. ഘോഷ് ഭൂരിപക്ഷത്തെ പിന്താങ്ങി—സംഗതി അവിടെ തീർന്നു. ഞാനെന്റെ അഭിപ്രായത്തിലുറച്ചുനിന്നു. പക്ഷേ എതിർപ്പു് മുഴുവൻ നിലച്ചുപോയി. കേരളാ ഗവണ്മെന്റു് ഡിസ്മിസ് ചെയ്യപ്പെട്ടശേഷം മാത്രമാണു് സി. പി. ഐ. കേരളാ ഘടകത്തിന്റെ സൈദ്ധാന്തിക മുഖപത്രമായ “കമ്മ്യൂണിസ്റ്റി”ൽ, ഭരണകൂടം തൊഴിലാളിവർഗ്ഗ ഭരണകൂടമായിരുന്നില്ലെന്നു വാദിച്ചുകൊണ്ടു് ഇ. എം. എസ്. ഒരു ലേഖനമെഴുതിയതു്. അല്പം മുമ്പ് അദ്ദേഹത്തിനു് ഈ ബോധമുദിച്ചിരുന്നെങ്കിൽ സ്ഥിതി തീർത്തും വ്യത്യസ്തമാകുമായിരുന്നു. കാരണം, പാർട്ടി അതിനെ അധികാരത്തിലെത്തിച്ച പാർലമെന്റേതര ജനകീയ സമരത്തിനു് മുൻഗണന നൽകുമായിരുന്നു. എന്നാൽ സി. പി. ഐ. നേതാക്കളിൽ തിരഞ്ഞെടുപ്പു വഴി അധികാരം നേടാനും മന്ത്രിസഭകളുണ്ടാക്കാനുള്ള അത്യാഗ്രഹം മാത്രമാണു് കേരളം സൃഷ്ടിച്ചതു്. സി. പി. ഐ. പിളർന്നുണ്ടായ രണ്ടു വിഭാഗങ്ങളിലും അതിപ്പോഴും കാണാം. സഖ്യങ്ങളുണ്ടാക്കപ്പെടുന്നതു് തത്വാധിഷ്ഠിതമായല്ല, ഗവണ്മെന്റധികാരം നേടുവാൻ മാത്രമാണു്. വിജയം ജനതയിലുണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു. വിജയം നേടിയ ഉടൻ കർഷകരും തൊഴിലാളികളും വിശേഷിച്ചും ആഹ്ലാദഭരിതരായി. പുതിയ ഗവണ്മെന്റു് അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുമെന്നു് അവർ ഉള്ളിന്റെയുള്ളിൽ പ്രതീക്ഷിച്ചു. തൊഴിലാളിവർഗ്ഗത്തിൽ അഭിമാനത്തിന്റെയും കരുത്തിന്റെയുമായ ഒരു ഗംഭീര വികാരം നിറഞ്ഞുനിന്നു. നിരക്ഷരരും ദരിദ്രരുമായ തൊഴിലാളികൾ തെരുവിലെ പോലീസുകാരോടു് “ഇനി നിങ്ങൾക്കു ഞങ്ങളെ ആക്രമിക്കാൻ ധൈര്യമുണ്ടാവില്ല. ഞങ്ങളുടെ ഗവണ്മെന്റാണു് അധികാരത്തിൽ, നമ്പൂതിരിപ്പാടാണു് ഞങ്ങളുടേ നേതാവു് ഞങ്ങളാണു് ഭരിക്കുന്നതു് ” എന്നു പറയുന്നതു കേട്ടതു് ഞാനോർക്കുന്നു. ഇതു് അസാധാരണമായൊരു വീക്ഷണമായിരുന്നില്ല. ഗവണ്മെന്റിനോടു് ജനങ്ങൾക്കുണ്ടായിരുന്ന അനുഭാവം വളരെ വലുതായിരുന്നു. ദരിദ്രകർഷകരിലും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിഭാഗങ്ങൾക്കിടയിലും ആഹ്ലാദം തിരതല്ലി. ഈ വിജയം ജന്മിമാരേയും മുതലാളിമാരേയും പൊതുവേ പിന്തിരിപ്പന്മാരേയും അസ്വസ്ഥരാക്കുന്നതു കണ്ടതോടെ അതു വർദ്ധിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള ആദ്യവാരങ്ങളിൽ കമ്മ്യൂണിസ്റ്റു മന്ത്രിമാർ തൊഴിലാളി സമരങ്ങൾക്കു് അവരുടെ പിന്തുണ ആണയിട്ടു പറയുന്ന വിപ്ലവപ്രസംഗങ്ങൾ നടത്തി. എന്നാൽ ഈ വാഗ്ദാനങ്ങൾ മുഖ്യമായും പ്രസംഗങ്ങളിലൊതുങ്ങിനിന്നു. സിവിൽ സർവ്വീസ് അതിശക്തമായൊരു സാധനമാണെന്നും സംസ്ഥാനത്തെ സിവിലുദ്യോഗസ്ഥരുടെ മേധാവിയായ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളനുസരിച്ചല്ല കേന്ദ്രത്തിൽ നിന്നുള്ള കല്പനകളനുസരിച്ചാണു് പ്രവർത്തിക്കുന്നതെന്നും നമ്പൂതിരിപ്പാടിനും അദ്ദേഹത്തിന്റെ മന്ത്രിമാർക്കും പെട്ടെന്നുതന്നെ ബോദ്ധ്യമായി. പോലീസിന്റെ കാര്യവും ഇങ്ങനെ തന്നെയായിരുന്നു. കേന്ദ്രത്തിന്റെ അനുമതി കൂടാതെ ഒരു നിയമവും പാസ്സാക്കാൻ സാദ്ധ്യമായിരുന്നില്ല. അങ്ങനെ ചില പരിഷ്ക്കാരങ്ങൾക്കു ഗണപതി കുറിക്കുന്ന കാര്യത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അശക്തമായിത്തീർന്നു. ശരിയായ മറ്റു വീക്ഷണങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ടു് അതു ശരിക്കും വഴിമുട്ടിനിന്നു. അടിസ്ഥാനപരമായും പുതുതായ ഒന്നും തന്നെ സംഭവിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റുണ്ടാകുന്നതിന്റെ പുതുമയൊക്കെ മാഞ്ഞുതുടങ്ങി. ചിലരിൽ ആഹ്ലാദം നിസ്സംഗതയ്ക്കു വഴിമാറി. മറ്റു ചിലരിൽ തുറന്ന, തീക്ഷ്ണമായ മോഹഭംഗത്തിനും. തെരഞ്ഞെടുപ്പു കഴിഞ്ഞു് അല്പം ചില മാസം കഴിഞ്ഞപ്പോൾ പുതിയ ഗവണ്മെന്റിനു് ഒരു പ്രധാനപരീക്ഷണം നേരിടേണ്ടിവന്നു. കൊല്ലത്തിനടുത്തുള്ള ഒരു വ്യവസായശാലയിലെ തൊഴിലാളികൾ പണിമുടക്കി. ആ ഫാക്റ്ററിയിലെ യൂണിയൻ ആർ. എസ്. പി.-യുടെ നേതൃത്വത്തിലായിരുന്നു. പണിമുടക്കു് ഗവണ്മെന്റിനെതിരായിരുന്നില്ല. ആ ഫാക്റ്ററിയുടമയ്ക്കെതിരായിരുന്നു—ഒരു തനി ട്രേഡ്യൂണിയൻ സമരം. സ്ഥിതി മാറിയതെങ്ങിനെയെന്നു ഞാൻ വ്യക്തമായോർക്കുന്നു. ഞങ്ങൾ സി. പി. ഐ.-യുടെ സ്റ്റേറ്റ് കൗൺസിൽ (ഏതാണ്ടു് അറുപതു സഖാക്കൾ അതിലുണ്ടായിരുന്നു) കൂടിയിരിക്കയായിരുന്നു. അപ്പോഴാണു് പണിമുടക്കുന്ന തൊഴിലാളികളെ പോലീസുകാർ വെടിവെച്ചുകൊന്ന വാർത്ത ഞങ്ങൾക്കു ലഭിച്ചതു്—ഞങ്ങൾ തരിച്ചിരുന്നുപോയി. കമ്മ്യൂണിസ്റ്റുകാർ ഭരിക്കുമ്പോൾ പോലീസ് തൊഴിലാളികളെ വെടിവെച്ചുകൊല്ലുകയോ! ഉടൻ തന്നെ സഖാക്കളിലുണ്ടായ പ്രതികരണം ഇതായിരുന്നു—വെടിവെപ്പിനെ അപലപിക്കുക, അടിയന്തിരാന്വേഷണമേർപ്പെടുത്തുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുക, പണിമുടക്കുന്ന തൊഴിലാളികളോടു് പരസ്യമായി മാപ്പുചോദിക്കുക, ഞങ്ങൾ ഭരിക്കുമ്പോൾ അത്തരമൊന്നു ഇനി ഒരിക്കലും സംഭവിക്കുകയില്ലെന്നു് പൊതുവായി ഉറപ്പുനൽകുക. ഇതായിരുന്നു ഞങ്ങളുടെ സഹജമായവർഗ്ഗ പ്രതികരണം. എന്നാൽ രണ്ടുമണിക്കൂർ നീണ്ടുനിന്ന ഒരു ചർച്ചയാരംഭിച്ചു; ഒടുവിലെടുത്ത തീരുമാനങ്ങൾ ഞങ്ങളുടെ ആദ്യ പ്രതികരണത്തിൽനിന്നു തീർത്തും വിഭിന്നമായിരുന്നു. എന്റെ നോട്ടത്തിൽ സംഗതി മുഴുവൻ അന്യായമായിരുന്നു, പക്ഷേ, അതിന്റെ സന്ദർഭം മനസ്സിലാക്കേണ്ടതുണ്ടു്. “കമ്മ്യൂണിസ്റ്റു ഭരണത്തിനെതിരായ വിമോചനസമരത്തിൽ പങ്കുചേരുവിൻ” എന്ന പ്രക്ഷോഭകരമായ മുദ്രാവാക്യവുമായി പിന്തിരിപ്പൻ പാർട്ടികളും ഗ്രൂപ്പുകളും ഞങ്ങൾക്കെതിരെ പ്രചാരണമാരംഭിച്ചിരുന്നു. അവർ ഞങ്ങളുടെ ദൗർബ്ബല്യങ്ങൾ മുതലെടുക്കാൻ തുടങ്ങിയിരുന്നു. നായർ വർഗ്ഗീയവാദികളും റോമൻ കത്തോലിക്കാ പുരോഹിതരുമായിരുന്നു (കേരളത്തിൽ കത്തോലിക്കരുടെ സംഖ്യ ഗണനീയമാണെന്നറിയാമല്ലോ) പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്മാർ. എന്നാൽ വലതും ഇടതും സോഷ്യൽ ഡിമോക്രാറ്റുകളുൾപ്പെടെ (സോഷ്യലിസ്റ്റുപാർട്ടിയും, ആർ. എസ്. പി.-യും) സി. പി. ഐ.-യോടു് എതിർപ്പുള്ള എല്ലാവരും അവരുടെ കൂടെ കൂടിയിരുന്നു. പ്രസ്ഥാനം ജനപിന്തുണയാർജ്ജിച്ചു തുടങ്ങിയിരുന്നു. ഈ സന്ദർഭത്തിലാണു് പോലീസ് വെടിവെപ്പു നടന്നതു്. നിലപാടു് മാറ്റണമെന്നു വാദിച്ച സഖാക്കളുടെ യുക്തി ഏതാണ്ടിങ്ങനെയായിരുന്നു: നാം പോലീസിനെ ആക്രമിച്ചാൽ, അവരുടെ വീര്യം കാര്യമായി കുറയും; അവരുടെ വീര്യം ഗണ്യമായി കുറഞ്ഞാൽ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രസ്ഥാനത്തിനു ശക്തി കൂടും; വിരുദ്ധപ്രസ്ഥാനത്തിനു ശക്തി വർദ്ധിച്ചാൽ, നമ്മുടെ ഗവണ്മെന്റു മറിഞ്ഞുവീഴും; നമ്മുടെ ഗവണ്മെന്റു മറിഞ്ഞു വീണാൽ അതു് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനെതിരായ വലിയൊരടിയായിരിക്കും. പാർട്ടി ഒടുവിൽ പാസ്സാക്കിയ പ്രമേയം പോലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതായിരുന്നു. ആരെങ്കിലുമൊരാൾ ഞങ്ങളുടെ വീക്ഷണം വിശദീകരിക്കാനും ആർ. എസ്. പി.-യെ ആക്രമിക്കാനും പോലീസിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനുമായി സ്ഥലത്തു പോകേണ്ടതാണെന്നും നിശ്ചയിക്കപ്പെട്ടു. ഞാൻ പാർട്ടിയുടെ ശക്തരായ മലയാളം പ്രസംഗക്കാരിൽ ഒരാളാണെന്നായിരുന്നു സങ്കല്പം; അതിനാൽ കേരളാ കമ്മ്യൂണിസ്റ്റു പാർട്ടിയെ പ്രതിനിധാനം ചെയ്തു സംസാരിക്കുവാൻ ഞാൻ നിയോഗിക്കപ്പെട്ടു. പറ്റില്ലെന്നു പറയാനും കൗൺസിലെടുത്ത തീരുമാനം എനിക്കു ദഹിച്ചിട്ടില്ലാത്തതിനാൽ എനിക്കതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നു് അഭിപ്രായപ്പെടാനുമായിരുന്നു എനിക്കു തോന്നിയതു്. അപ്പോൾ പാർട്ടി നേതൃത്വം ഔപചാരികമായിത്തന്നെ എന്നോടു് പോയി പാർട്ടിയെ ന്യായീകരിക്കുവാനാവശ്യപ്പെട്ടു. ഞാൻ പോയി. ഞാൻ ഒന്നര മണിക്കൂർ സംസാരിച്ചു. തനി വായാടിത്തം. മൂന്നു തൊഴിലാളികളുടെ മരണം ആർ. എസ്. പി.-യുടെ നിരുത്തരവാദിത്വത്തിൽ ആരോപിച്ചു; ഈ തൊഴിലാളികളെ കൊലയ്ക്കു കൊടുത്തതെന്തിനാണെന്നു ജനങ്ങളോടു വിശദീകരിക്കാൻ ഞാൻ അവരോടാവശ്യപ്പെട്ടു. പണിമുടക്കിന്റെ നേതാക്കളെ ഞാൻ പരുഷമായി ആക്രമിച്ചു. അന്നു രാത്രി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ എനിക്കു് ഉള്ളിൽ ഓക്കാനം വന്നു. എനിക്കുറങ്ങാനായില്ല. പാർട്ടിയെ ന്യായീകരിക്കുന്ന പണി ഞാൻ നിഷേധിക്കേണ്ടതായിരുന്നു എന്നെനിക്കു തോന്നി. എനിക്കു ഭ്രാന്തു പിടിക്കുമെന്നു തോന്നിപ്പോയി. ഞാൻ ഭാര്യയെ ശകാരിച്ചു. എന്നെ ഇത്തരമൊരവസ്ഥയിൽ കൊണ്ടെത്തിച്ച പാർട്ടി നേതാക്കളോടു് ആക്രോശിക്കുകയും അവരെ ശകാരിക്കുകയും ചെയ്യുന്നതിനു പകരം, ഞാനെന്റെ ഭാര്യയോടു വക്കാണം കൂടി. പിറ്റേന്നു് മൂന്നു സ്ഥലങ്ങളിൽ അതേ പ്രസംഗം നടത്താൻ എന്നോടാവശ്യപ്പെട്ടു. ഇക്കുറി ഞാൻ കണ്ണടച്ചു നിരസിച്ചു. അതവർ സ്വീകരിച്ചു.
- ചോദ്യം:
- വെടിവെപ്പു് താങ്കളെപ്പോലെ പല പാർട്ടി മെമ്പർമാരിലും ശക്തമായൊരു ക്ഷതമേല്പിച്ചുവെന്നതു് വ്യക്തം. തൊഴിലാളിവർഗ്ഗത്തിൽ അതു് എന്തെങ്കിലും ദീർഘകാല പ്രത്യാഘാതമുണ്ടാക്കിയോ?
- ഉത്തരം:
- പ്രത്യക്ഷത്തിൽ തന്നെ അതു് ഗവണ്മെന്റിനെ ദുർബ്ബലപ്പെടുത്തുകയും അതിന്റെ ജനപിന്തുണയ്ക്കു മൂർച്ച കുറയ്ക്കുകയും ചെയ്തു. എന്നാൽ കൊല്ലം സംഭവങ്ങൾക്കുശേഷം ഞങ്ങളുടെ അനുഭാവികളിൽ ഒരു വലിയ ഭാഗം ഉറച്ചുതന്നെ നിന്നു. പിന്തിരിപ്പന്മാർക്കു് പിന്തുണ വർദ്ധിച്ചുവെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ആ ഘട്ടത്തിൽപോലും സി. പി. ഐ. നേതാക്കൾ പാർലിമെന്ററി പ്രവർത്തനവും ജനകീയ പ്രവർത്തനവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധം മനസ്സിലാക്കുകയും, ആദ്യത്തേതു് എപ്പോഴും സമരത്തിന്റെ ആവശ്യങ്ങൾക്കു് കീഴ്പ്പെട്ടിരിക്കണമെന്നു് തിരിച്ചറിയുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്കു സ്വന്തം ശക്തി നിലനിർത്താനും, മിക്കവാറും അതു് പതിന്മടങ്ങു് വർദ്ധിപ്പിക്കാനും കഴിയുമായിരുന്നു. ഈ പ്രക്രിയയിൽ ഞങ്ങൾ അധികാരത്തിൽ നിന്നു പുറന്തള്ളപ്പെടുമായിരുന്നു. അതെന്തായാലും സംഭവിക്കുകയും ചെയ്തു. എന്നാൽ അളവറ്റ ശക്തി നേടുമായിരുന്നു, ബൂർഷ്വാ ജനാധിപത്യത്തിന്റെ പരിമിതികളെക്കുറിച്ചു് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ഞങ്ങൾക്ക് കഴിയുമായിരുന്നു, ശരിയായ വിപ്ലവബോധം വികസിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇതൊന്നും ചെയ്യുകയുണ്ടായില്ല. അതേസമയം നമ്പൂതിരിപ്പാടു് ഒരു ആഭ്യന്തരയുദ്ധം പ്രവചിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ നടത്തി—തൊഴിലാളിവർഗ്ഗം അധികാരമേറ്റെടുത്തിരിക്കയായിരുന്നു എന്ന അദ്ദേഹത്തിന്റെ വീക്ഷണത്തിൽ നിന്നു് യുക്ത്യനുസൃതമായുണ്ടായ ഒരനുമാനം. ഈ പ്രസംഗങ്ങളെ കോൺഗ്രസ്സ് നേതൃത്വം ആക്രമണത്തിനാക്കം കൂട്ടാനുപയോഗിച്ചു, ഗവണ്മെന്റിനെ വീണ്ടും ദുർബ്ബലപ്പെടുത്താനും. കേന്ദ്രം ഗവണ്മെന്റിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം അടിച്ചേല്പിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നു് പത്രവാർത്തകളിലും കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്താവനകളിലും നിന്നു് വളരെ വേഗം വ്യക്തമായി. കേരളത്തിനകത്തു് പ്രതിലോമ നേതൃത്വത്തിലുള്ള ജനകീയ പ്രസ്ഥാനവും മൂർദ്ധന്യത്തിലെത്തുകയായിരുന്നു. സി. പി. ഐ. നേതാക്കൾക്കു കല്ലേറു കൊള്ളാതെ സഞ്ചരിക്കാൻ തന്നെ പ്രയാസമായി, എന്റെ നിലയും വ്യത്യസ്തമല്ലായിരുന്നു. ഇക്കാലത്താണു് നെഹ്രു കേരളം സന്ദർശിക്കാനും സ്ഥിതിഗതികൾ നേരിട്ടു നിരീക്ഷിക്കാനും നിശ്ചയിച്ചതു്. ഗവണ്മെന്റു് ഉടൻതന്നെ പിരിച്ചുവിടണമെന്നാവശ്യപ്പെടുന്ന അഭ്യർത്ഥനയുമായിച്ചെന്നു് അവർ അദ്ദേഹത്തെ വളഞ്ഞു. അദ്ദേഹം ഞങ്ങളെയും കാണാതിരുന്നില്ല. ഗവണ്മെന്റു മന്ത്രിമാരുമായി അദ്ദേഹം പലകുറി വെവ്വേറെ ചർച്ചകൾ നടത്തി. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഒരു പ്രതിനിധി സംഘത്തെയും അദ്ദേഹം കണ്ടു. ഈ പ്രതിനിധിസംഘത്തിൽ ഞാനും അംഗമായിരുന്നു. ഞങ്ങളുമായുള്ള ചർച്ചയിൽ അദ്ദേഹം ഞങ്ങളോടു ചോദിച്ച ആദ്യത്തെ ചോദ്യം ഞാനോർക്കുന്നു. “ഇത്ര ചെറിയ കാലയളവിൽ ജനങ്ങളിൽ നിന്നു് ഇത്ര വിസ്മയകരമായി ഒറ്റപ്പെടാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു?” വോട്ടർമാർക്കു് ഒരു തീരുമാനത്തിന്നവസരം നല്കാൻ പുതിയ തിരഞ്ഞെടുപ്പു നടത്താമെന്ന വ്യവസ്ഥയിൽ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനു് ഭരണം തുടരാം എന്നദ്ദേഹം നിർദ്ദേശിച്ചു. സംസ്ഥാനകമ്മിറ്റി നെഹ്രുവിന്റെ നിർദ്ദേശം ചർച്ചചെയ്യാൻ ഒരു പ്രത്യേക യോഗം വിളിച്ചു. നമ്പൂതിരിപ്പാടിന്റെ നിർബ്ബന്ധം മൂലം ആ നിർദ്ദേശം തള്ളിക്കളയാൻ തീരുമാനിക്കുകയും ചെയ്തു. മറ്റെല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു് നടത്തുകയാണെങ്കിൽ മാത്രമേ പുതിയ തെരഞ്ഞെടുപ്പു് അംഗീകരിക്കാൻ ഞങ്ങൾ ഒരുക്കമായിരുന്നുള്ളൂ. അതൊരു തെറ്റായ തീരുമാനമാണെന്നു് എനിക്കു് അന്നേ തോന്നിയിരുന്നു. ഞങ്ങൾ നെഹ്രുവിന്റെ നിർദ്ദേശം സ്വീകരിച്ചു് ശ്വാസം കഴിക്കാനല്പം സമയം നേടിയശേഷം പ്രതിപക്ഷവുമായി യുദ്ധത്തിനിറങ്ങണമായിരുന്നു—‘പ്രതിപക്ഷം’ കുറെ പിന്തിരിപ്പന്മാരുടെയും ലാഭം നോക്കികളായ അവസരവാദികളുടെയും സോഷ്യൽ ഡിമോക്രാറ്റുകളുടെയും ഒരു വിചിത്ര സങ്കരം മാത്രമായിരുന്നുവല്ലോ. രണ്ടാമതായി, കമ്മ്യൂണിസ്റ്റ്, ഗവണ്മെന്റു് അധികാരത്തിലിരിക്കെ തിരഞ്ഞെടുപ്പു നടക്കുമായിരുന്നു. ഭരണകൂടോപകരണം, സിവിലുദ്യോഗസ്ഥരും പോലീസും, ഞങ്ങൾക്കെതിരായി തിരഞ്ഞെടുപ്പിൽ ഇടപെടുന്നതിനെ ഇതു തീർത്തും തടയുകയോ നിർവീര്യമാക്കുകയെങ്കിലുമോ ചെയ്യുമായിരുന്നു. അതെങ്ങനെയായാലും ഞങ്ങൾ നിരാകരിച്ചു. 1959-ൽ ഗവണ്മെന്റു് പിരിച്ചു വിടപ്പെട്ടു ഒന്നര വർഷം കഴിഞ്ഞു നടന്ന പിന്നത്തെ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്കു സീറ്റുകൾ കുറഞ്ഞെങ്കിലും വോട്ടുകളുടെ അനുപാതം വർദ്ധിച്ചു. അതിനാൽ, ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും, ജനങ്ങളുടെ കണ്ണിൽ അതൊരു ശരിയായ പരാജയമല്ലാതായിത്തീർന്നു—അതും ഞങ്ങളുടെ തെറ്റുകളും അബദ്ധങ്ങളുമെല്ലാമുണ്ടായിട്ടും. കേരളത്തിലെ തിരഞ്ഞെടുപ്പു വിജയം സി. പി. ഐ.-യെ ഒരു ദേശീയ ശക്തിയായി ഉയർത്തി, അതിന്റെ അന്തസ്സു പതിന്മടങ്ങു വർദ്ധിച്ചു; ബൂർഷ്വാ രാഷ്ട്രീയ നിരീക്ഷകരുടെ പുളിച്ച തലക്കെട്ടുകൾക്കു മറുപടിയെന്നോണം കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പറഞ്ഞു; “നെഹ്രുവിനു ശേഷം, നമ്പൂതിരിപ്പാടു് ”. അത്തരത്തിൽ നോക്കുമ്പോൾ, കോൺഗ്രസ്സിനെ തോല്പിക്കേണ്ടതാവശ്യമാണെന്നും; ഒരു ബദൽ ശക്തി; ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി, നിലനില്ക്കുന്നുണ്ടെന്നും ഉള്ള വികാരം സൃഷ്ടിക്കാൻ കഴിഞ്ഞതായിരുന്നു കേരളത്തിന്റെ പ്രാധാന്യം. അന്തർദേശീയ പരിതസ്ഥിതികൾ നോക്കുമ്പോൾ ഇതു് അപ്രധാനമായൊരു ഘടകമായിരുന്നില്ല. സി. പി. ഐ.-യ്ക്കകത്തു്. ഇ. എം. എസ്. മന്ത്രിസഭ തൊഴിലാളി വധങ്ങൾക്കു മാപ്പു കൊടുത്ത രീതിയെക്കുറിച്ചു് വിമർശനങ്ങളുണ്ടായിരുന്നുവെന്നതു ശരിതന്നെ. പശ്ചിമബംഗാൾ കമ്മ്യൂണിസ്റ്റു പാർട്ടി സംസ്ഥാന കമ്മിറ്റി കേരളപ്പാർട്ടിയെ വിമർശിച്ചുകൊണ്ടു ഒരു കത്തെഴുതുകയുണ്ടായി. എല്ലാമുണ്ടായിട്ടും നമ്പൂതിരിപ്പാട് മറ്റേതു സി. പി. ഐ. നേതാവിനെക്കാളുമേറെ ആൾക്കൂട്ടത്തെ ആകർഷിക്കുകയും, വിജയിച്ച കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവെന്ന സ്വന്തം നിലയിൽതന്നെ ഒരു ദേശീയ പുരുഷനായിത്തീരുകയും ചെയ്തു. 1958-ലെ അമൃത്സർ കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ്സും അദ്ദേഹത്തെ ഒരു വീരപുരുഷനായി ഗണിക്കുകയും, അധികാരം തെരഞ്ഞെടുപ്പിലൂടെ നേടാൻ കഴിയുമെന്നു പ്രസ്താവിക്കുകയും ചെയ്തു. സോവിയറ്റ് പാർട്ടിയിൽ വികസിച്ചു കൊണ്ടിരുന്ന നിലപാടുകൾ ഈ വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. പ്രധാന പ്രമേയത്തിനു് ചില ഭേദഗതികളുണ്ടായി, കുറച്ചു സഖാക്കൾ സംശയമുന്നയിച്ചുവെങ്കിലും ആകപ്പാടെ നോക്കുമ്പോൾ പൊതുവായൊരു യോജിപ്പുണ്ടായിരുന്നു.അമൃത്സർ ലൈൻ ദേശീയതലത്തിൽ പ്രയോഗിക്കപ്പെട്ടു.
- ചോദ്യം:
- സോഷ്യലിസ്റ്റ് പരിവർത്തനത്തോടു് പ്രതിജ്ഞാബദ്ധമായ പാർട്ടികൾ നേടുന്ന തിരഞ്ഞെടുപ്പു വിജയത്തിന്റെ ഫലമായി ഉയർന്നുവരുന്ന തന്ത്രപരമായ പ്രശ്നങ്ങളെക്കുറിച്ചു് 1959-നു ശേഷവും നേതൃത്വത്തിനുള്ളിൽ ശരിയായൊരു ചർച്ച നടന്നില്ലെന്നോ?
- ഉത്തരം:
- കേരളത്തിലെ സി. പി. ഐ.-യുടേയും പശ്ചിമ ബംഗാളിലെ സി. പി. എം.-ന്റേയും പില്ക്കാലത്തു് ചിലിയിലെ “പോപ്പുലർ യൂണിറ്റി”യുടെയും ഒരു പ്രമുഖ ദൗർബ്ബല്യം, സോവിയറ്റുകളുടെ മാതൃകയിൽ ബൂർഷ്വാഭരണകൂടത്തിന്നുപുറത്തു ആവശ്യം വരുമ്പോൾ ഭരണകൂടത്തെ വെല്ലുവിളിക്കാൻ ഉപയോഗിക്കാവുന്ന തരത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു് ജനകീയാധികാരകേന്ദ്രങ്ങൾ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അവർ മനസ്സിലാക്കിയില്ല എന്നതായിരുന്നല്ലോ. കുറേ ദശാബ്ദങ്ങളായികമ്മ്യൂണിസ്റ്റ്പാർട്ടികളുടെ തന്ത്രത്തിനു് ഈയൊരു മാനംതന്നെ കാണാനില്ല. താങ്കൾ സൂചിപ്പിക്കുന്ന ഈ പ്രശ്നങ്ങൾ അതീവപ്രാധാന്യമുള്ളവയാണു്. എന്നാൽ, ഖേദത്തോടെ പറയട്ടെ, നടന്ന ചർച്ചകളിലൊന്നും അവ കടന്നുവന്നില്ല. സ്റ്റാലിനിസത്തിന്റെ ഒരു പ്രധാനഭവിഷ്യത്തു് സോവിയറ്റുകളെപ്പോലെ ജനങ്ങളെ അവരുടെ തന്നെ അധികാര കേന്ദ്രങ്ങളിലൂടെ സംഘടിപ്പിക്കുന്നതിന്റെ കേന്ദ്രപ്രാധാന്യം അപ്രത്യക്ഷമായെന്നതാണു്. ജനങ്ങളുടെ ഒരേയൊരു പ്രതിനിധിയായ പാർട്ടിയെയാണു് കണ്ടുപോരുന്നതു്. എന്റെ തന്നെ രാഷ്ട്രീയ വികാസത്തിലേയ്ക്കു വന്നാൽ 1956-നു ശേഷം എനിക്കു സംശയങ്ങൾ വർദ്ധിച്ചു. സ്റ്റാലിൻ പ്രശ്നം ക്രൂഷ്ചെവിന്റെ പ്രസംഗത്തിലൂടെ പരിഹരിക്കപ്പെട്ടതായി ഞാൻ കരുതി. എന്നാൽ അന്തർദേശീയ പ്രശ്നങ്ങളിൽ ഞാൻ തീർത്തും ചിന്താക്കുഴപ്പത്തിലായി. ഉദാഹരണത്തിനു്, ഹങ്കറിയെ സംബന്ധിച്ചു് എന്റെ നിലപാടു് തീർത്തും യാഥാസ്ഥികമായിരുന്നു. ബൂർഷ്വാ പത്രങ്ങളിലെല്ലാം സോവിയറ്റ് യൂണിയനെതിരെ പടർന്നു പിടിച്ച ആക്രമണങ്ങൾക്കൊരു മറുപടിയായി “ഹങ്കറിയിൽ എന്തു സംഭവിച്ചു” എന്ന പേരിൽ ഞാനൊരു ലഘുലേഖ എഴുതുക പോലും ചെയ്തു. അതെ, 1956-ലെ സംഭങ്ങളുണ്ടായിട്ടും, എന്റെ ചിന്താപരിണാമം സാവധാനമാണു സംഭവിച്ചതു്. കൂടുതൽ വായിക്കേണ്ട ആവശ്യം എനിക്കു് എല്ലായ്പോഴും തോന്നിയിരുന്നെങ്കിലും അക്കാലത്തു് ഇന്ത്യയിൽ ലഭിക്കാവുന്ന പുസ്തകങ്ങളും മറ്റും വളരെ പരിമിതമായിരുന്നു. 1956-ൽ ഞാൻ കരുതിയതു് ഞാൻ സ്റ്റാലിനിസത്തോടു വിടപറഞ്ഞെന്നായിരുന്നു. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അതു ശരിയല്ലായിരുന്നുവെന്നു വ്യക്തമാകുന്നുണ്ടു്. അമൃത്സർ ലൈനും കേരള ഗവണ്മെന്റുമെല്ലാം എന്റെ സംശയങ്ങൾക്കു ശക്തി കൂട്ടി. പക്ഷേ കാര്യങ്ങൾ ആ തലത്തിൽ തന്നെ കിടന്നു. ഒരു കമ്മ്യൂണിസ്റ്റു കലാപകാരിയുടെ ഉള്ളിൽ പോലും അക്കാലത്തു് ആവിഷ്ക്കാരം കണ്ടെത്താതിരുന്ന വൈയക്തിക സംശയങ്ങളായിരുന്നു അവയിലേറെയും. എന്നാൽ സി. പി. ഐ. ലൈനിന്നു് വിപ്ലവകരമായ ബദൽ ലൈനുകളൊന്നുമുണ്ടായില്ല. 1958-ൽ എനിക്കു സോവിയറ്റ് യൂണിയൻ സന്ദർശിക്കാനവസരം ലഭിച്ച കാലത്തു്, മറ്റൊരു മാറ്റവും സംഭവിച്ചു. ആഫ്രോ-ഏഷ്യൻ സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ ഇന്ത്യനെഴുത്തുകാരുടെ പ്രതിനിധിസംഘാംഗമായി 1958-ൽ ഞാൻ താഷ്കെന്റിലെത്തി. ചൈനീസ് പ്രതിനിധികളും സന്നിഹിതരായിരുന്നു; സോവിയറ്റ് യൂണിയനുമായി തങ്ങളുടെ വിയോജിപ്പുകൾ അവർ തുറന്നു വിശദീകരിക്കുകയും ചെയ്തു. എന്നാൽ എനിക്കു് സോവിയറ്റ് യൂണിയൻ കാണാൻകൂടി ഒരവസരം ലഭിച്ചു. അവിടത്തെ വമ്പിച്ച പുരോഗതി നിഷേധിക്കാനാവില്ലെങ്കിലും എന്നെ അസ്വസ്ഥനാക്കിയ മറ്റൊരു വശമുണ്ടായിരുന്നു. മോസ്കോവിൽ ഇന്ത്യൻ പ്രതിനിധികൾക്കു് ക്രൂഷ്ചേവു് പങ്കെടുത്ത ഒരു പ്രത്യേക സ്വീകരണമുണ്ടായിരുന്നു. അതിൽ ഒരു സാംസ്കാരിക പ്രകടനമുണ്ടായിരുന്നു. എന്റെ തൊട്ടടുത്ത ഒഴിഞ്ഞ കസേരയിൽ ക്രൂഷ്ചേവാണു് വന്നിരിക്കുന്നതെന്നു് ഞാൻ അത്ഭുതത്തോടെ മനസ്സിലാക്കി. അദ്ദേഹവുമായി ചർച്ച ചെയ്യാനും എന്റെ സംശയങ്ങൾ ദൂരീകരിക്കാനും ഈ അവസരം ഞാനുപയോഗിച്ചു. പാസ്റ്റർനാക്ക് സംഭവം ധാരാളം ശ്രദ്ധയാകർഷിച്ചിരുന്ന കാലമായിരുന്നു അതെന്നോർക്കണം. അതിനാൽ, പാസ്റ്റർനാക്കിനോടുള്ള പെരുമാറ്റത്തെ എങ്ങിനെ ന്യായീകരിക്കുമെന്നു് ഞാൻ ക്രൂഷ്ചെവിനോടു ചോദിച്ചു. വിപ്ലവം കഴിഞ്ഞു് അമ്പതു വർഷം കഴിഞ്ഞിട്ടും പാസ്റ്റർനാക്കെഴുതിയ ഒരു നോവൽ സോവിയറ്റ് ഗവണ്മെന്റിനു ഭീഷണിയായി തോന്നുന്നതു് എങ്ങിനെയാണെന്നു ഞാനന്വേഷിച്ചു. ഒരു മാർക്സിസ്റ്റെന്ന നിലയിൽ എനിക്കു പാസ്റ്റർനാകിന്റെ രാഷ്ട്രീയ ലൈനിനോടു വിയോജിപ്പുണ്ടെങ്കിലും ഒരെഴുത്തുകാരനെന്ന നിലയിൽ അദ്ദേഹത്തിനു നൽകപ്പെട്ട പെരുമാറ്റം എനിക്കു നീതീകരിക്കാനാവുന്നില്ലെന്നു് ഞാൻ വിശദീകരിച്ചു. സാമ്രാജ്യത്വവിരുദ്ധരായ ഒട്ടേറെ എഴുത്തുകാർ കവിതകളും കഥകളുമുൾപ്പെടെയുള്ള അവരുടെ രചനകളുടെ പേരിൽ തടവിലാക്കപ്പെട്ടിരുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്തു്, പാസ്റ്റർനാക്കു് പ്രശ്നത്തിൽ സോവിയറ്റ് പാർട്ടിയെ ശരിക്കും ന്യായീകരിക്കാനും ഉയർത്തിപ്പിടിക്കാനും സാദ്ധ്യമേയല്ലെന്നു് ഞാൻ പറഞ്ഞു. ക്രൂഷ്ചെവ് ഈ സംഭവത്തിൽ തനിക്കു യാതൊരു ഉത്തരവാദിത്വവുമില്ലെന്നു പറഞ്ഞൊഴിഞ്ഞു; അതു് എഴുത്തുകാരുടെ യൂണിയൻ ചെയ്തതാണു്: അവരുമായി ചർച്ച ചെയ്യുകയാണു നല്ലതെന്നു് അദ്ദേഹം നിർദ്ദേശിച്ചു. പ്രശ്നം ചർച്ച ചെയ്യാൻ അദ്ദേഹത്തിനു് ആകാംക്ഷയുണ്ടായിരുന്നില്ലെന്നതു വ്യക്തമായിരുന്നു. പിന്നെ ഞങ്ങൾ സോവിയറ്റ് യൂണിയനിലെ മദ്യപാനത്തിന്റെ പ്രശ്നം ചർച്ച ചെയ്തു. മദ്യനിരോധനമേർപ്പെടുത്തുന്ന കാര്യം അദ്ദേഹം പരിഗണിച്ചിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചു. ഉവ്വെന്നും, എന്നാൽ മദ്യനിരോധനം ഏർപ്പെടുത്തിയാലുടൻ വ്യജവാറ്റു കേന്ദ്രങ്ങളുയർന്നുവന്നു് കൂടുതൽ ഗൗരവമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം മറുപടി പറഞ്ഞു. അതുപോലെ പുസ്തകങ്ങൾ നിരോധിക്കുന്നതു തുടർന്നാൽ പുസ്തകങ്ങളുടെ ‘വ്യാജവാറ്റു കേന്ദ്രങ്ങൾ’ ഉയർന്നു വന്നു പ്രശ്നങ്ങൾ സൃഷ്ടിക്കുമല്ലോ എന്നായിരുന്നു എന്റെ പ്രതികരണം. ഇത്രയെത്തിയപ്പോഴേയ്ക്കും അദ്ദേഹത്തിനു് ആകെ നീരസമായി, ബാലെയിൽ ശ്രദ്ധിക്കാനദ്ദേഹം നിർദ്ദേശിച്ചു. “സ്റ്റാലിൻ നശീകരണ”ത്തിന്റെ പരിമിതികൾ എനിക്കു മനസ്സിലായിത്തുടങ്ങി. യൂഗോസ്ലാവിയൻ പ്രശ്നവും ചൈനയുടെ പ്രശ്നവും ചർച്ച ചെയ്യാനുള്ള ശ്രമങ്ങളും വൃഥാവിലായി. എഴുത്തുകാരുടെ യൂണിയന്റെ ഭാരവാഹികളുമായി നടന്ന ചർച്ചകൾക്കു് കൂടുതൽ ചൂടുണ്ടായിരുന്നു, എങ്കിലും അത്രതന്നെ നിരാശാവഹമായിരുന്നു അവ. ഇതിന്റെ ഫലമായി എന്റെ മോഹഭംഗത്തിനു് ആഴം വർദ്ധിച്ചു തുടങ്ങി.
- ചോദ്യം:
- സോവിയറ്റ് യൂണിയൻ കൂടാതെ താങ്കൾ മറ്റേതെങ്കിലും രാജ്യങ്ങൾ സന്ദർശിച്ചുവോ? ഉദാഹരണത്തിനു്, കൂടുതൽ അടുത്ത കാലത്തു് വിപ്ലവം നടന്നതും ഒരർത്ഥത്തിൽ ഇന്ത്യ അഭിമുഖീകരിച്ചിരിക്കുന്ന പ്രശ്നങ്ങളെസ്സംബന്ധിച്ചു കൂടുതൽ പ്രസക്തവുമായ ചൈനീസ് ജനകീയ റിപ്പബ്ലിക്ക് സന്ദർശിക്കാൻ താങ്കൾക്കവസരമുണ്ടായിട്ടുണ്ടോ?
- ഉത്തരം:
- സോവിയറ്റ് യൂണിയനിലേയ്ക്കുള്ള യാത്രയ്ക്കുശേഷം പുറത്തു സഞ്ചരിക്കാനും വിദേശസഖാക്കളുമായി ചർച്ചചെയ്യാനും എനിക്കു് കൂടുതൽ അവസരങ്ങൾ കിട്ടി. എന്റെ രാഷ്ട്രീയ പരിണാമത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായിരുന്നു ഇതു്. ഉദാഹരണത്തിനു് 1960-ൽ ഹാനോയിൽ വെച്ചു നടന്ന ‘വിയറ്റ്നാമീസ് വർക്കേഴ്സ് പാർട്ടി’യുടെ മൂന്നാം കോൺഗ്രസ്സിൽ ഞാൻ പങ്കെടുത്തു. ഹരേകൃഷ്ണ കോനാരും ഞാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ സഹോദര്യപൂർണ്ണമായ അഭിവാദ്യങ്ങളർപ്പിച്ചു. പിന്നീടു് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ സഖാക്കളുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അതു് ആവേശകരമായൊരു കാലഘട്ടമായിരുന്നു. തെക്കു് എൻ. എൽ. എഫ്. രൂപമെടുക്കാൻ തുടങ്ങുകയായിരുന്നു. ചൈനാ-സോവിയറ്റ് ഭിന്നിപ്പു് കമ്മ്യൂണിസ്റ്റു സമ്മേളനങ്ങളിലെല്ലാം മുൻതൂക്കം നേടി. സോവിയറ്റ് പ്രതിനിധിസംഘം അവരുടെ വീക്ഷണങ്ങൾ വിശദീകരിക്കാൻ ഞങ്ങളെ വിരുന്നിനു ക്ഷണിച്ചു—അവയൊക്കെ ഏതായാലും ഞങ്ങൾക്കു് സുപരിചിതമായിരുന്നു. കോനാരും ഞാനും റഷ്യക്കാരെ അല്പം രൂക്ഷവും വിമർശനാത്മകവുമായി ചോദ്യം ചെയ്തിരുന്നതുകൊണ്ടു് ചർച്ച പിറ്റേന്നും തുടർന്നു. ചൈനാ-സോവിയറ്റ് തർക്കത്തിന്റെ ആദ്യഘട്ടത്തിനു് ഒരു ഗുണാത്മക വശമുണ്ടായിരുന്നു—ഇരുപതുകൾക്കു ശേഷം ആദ്യമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്നകത്തു് അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വിവരങ്ങൾക്കും അതു് സാദ്ധ്യത നൽകി. ചൈനീസ് പ്രതിനിധിസംഘം ഒരു സുദീർഘമായ ചർച്ചയ്ക്കായി പീക്കിങ്ങിലേയ്ക്കു വരാൻ ഞങ്ങളെ ക്ഷണിച്ചു. ഞങ്ങൾ കാന്റണിലേക്കു പറന്നു, അവിടന്നു് ഒരു പ്രത്യേക വിമാനത്തിൽ പീക്കിങ്ങിലേയ്ക്കു വഹിക്കപ്പെട്ടു. ചൗ എൻ-ലായിയും മറ്റു പാർട്ടി നേതാക്കളുമൊത്തു് അഞ്ചര മണിക്കൂർ നീണ്ടുനിന്ന ഒരു യോഗമുൾപ്പെടെ ആകെ നാലു ദിവസം ഞങ്ങൾ ചൈനീസ് തലസ്ഥാനത്തു് ചെലവിട്ടു. പ്രധാന ചർച്ചാവിഷയം ഇൻഡ്യ-ചൈനാ അതിർത്തി തർക്കമായിരുന്നു. അതിർത്തി പ്രദേശങ്ങളിൽ ചൈനയുടെ അവകാശം സ്ഥാപിക്കുവാനായി പഴയ ഭൂപടങ്ങളും, അതിർത്തി ഉടമ്പടികളും മറ്റുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ വിശദാംശങ്ങളിൽ ഒരു മണിക്കൂർ അവർ ചിലവഴിച്ചു. ഞാൻ എന്റെ വീക്ഷണങ്ങൾ ഒട്ടും മറച്ചുവെയ്ക്കാതെ പ്രകടിപ്പിച്ചു. ഞാൻ ചൈനീസ് സഖാക്കളോടു പറഞ്ഞു; നിയമപരമായും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും നിങ്ങൾ ശരിയായിരിക്കാം. എന്റെ പ്രശ്നം പക്ഷേ ഇതാണു്: ആരും താമസിക്കാത്ത ഒരു പ്രദേശത്തെച്ചൊല്ലിയുള്ള ഈ തർക്കത്തിനു് എന്തു രാഷ്ട്രീയ ലക്ഷ്യമാണുള്ളതു്? നിങ്ങൾ പാക്കിസ്ഥാനുമായി സന്ധിയിലെത്തി, നിങ്ങൾ അല്പം ഭൂമി ഉപേക്ഷിക്കുകയും ചെയ്തു. ഇന്ത്യയുമായും അതു തന്നെ ചെയ്തുകൂടേ? പിന്തിരിപ്പന്മാർ ചൈനാവിരുദ്ധമായ സങ്കുചിത ദേശീയവികാരം ഊതിവീർപ്പിക്കുന്നതു് തടയാൻ അതുപകരിക്കും, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ അതു ശക്തിപ്പെടുത്തും. സോഷ്യലിസ്റ്റു രാജ്യങ്ങൾ അതിർത്തിത്തർക്കങ്ങൾ പരിഹരിക്കുന്ന സമ്പ്രദായത്തിന്റെ മേന്മ ചൂണ്ടിക്കാണിക്കാൻ അപ്പോൾ ഞങ്ങൾക്കു കഴിയും. ചൈനീസ് വിപ്ലവവും ഇന്ത്യൻ ജനതയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങൾക്കിതു് ഉപയോഗിക്കാം. ഫിൻലൻഡിനെപ്പോലുള്ള ബൂർഷ്വാ ഗവണ്മെന്റുകളുമായും അഫ്ഗാനിസ്ഥാൻ പോലുള്ള പ്രാങ്ങ്-മുതലാളിത്തരാജ്യ ഭരണങ്ങളുമായും ഇടപെടുമ്പോൾ ലെനിന്റെ സമീപനം ഇതായിരുന്നുവെന്നു് ഞാൻ വിശദീകരിച്ചു. അതുവഴി ലെനിൻ റഷ്യൻ വിപ്ലവത്തെയും വിശാലജനവിഭാവങ്ങളിൽ അതിനുള്ള ആകർഷണത്തെയും ശക്തിപ്പെടുത്തി. ഉടൻതന്നെ ചൗ പറഞ്ഞു. “ലെനിൻ ശരിയായ കാര്യമാണു് ചെയ്തതു് ” എന്നാൽ സോവിയറ്റ് ഭരണകൂടത്തിന്റെ ഒറ്റപ്പെട്ട, ഒരു “സോഷ്യലിസ്റ്റു് ചേരി”യുടെ അസാന്നിദ്ധ്യവുമായി ബന്ധപ്പെടുത്തിയാണു് അദ്ദേഹം അതു് വിശദീകരിച്ചതു്. എന്റെ കയ്യിൽ മൂലകൃതികളില്ലെങ്കിലും, ശരിക്കും ലെനിന്റെ ലക്ഷ്യങ്ങൾ ആ രാജ്യങ്ങളിലെ ജനങ്ങളുമായി സുഹൃദ്ബന്ധം വികസിപ്പിക്കുകയും, ഭരണവർഗ്ഗങ്ങൾ സോവിയറ്റ് യൂണിയനെ അവരുടെ രാജ്യങ്ങളെ വിഴുങ്ങുന്ന ഒരു വൻ ശക്തിയായി ചിത്രീകരിക്കുന്നതു തടയുകയുമായിരുന്നുവെന്നു് ഞാൻ എതിർവാദമുന്നയിച്ചു. തനിക്കു് യോജിക്കാൻ വയ്യെന്നും, ഇക്കാര്യത്തിൽ നമുക്കു് വിയോജിക്കാനായി യോജിക്കാമെന്നുമായിരുന്നു ചൗ ഒടുവിൽ പറഞ്ഞതു്. ചൈനീസ് സഖാക്കളോടും അവരുടെ വിപ്ലവത്തോടും ഞാൻ വളരെയേറെ സഹഭാവം പുലർത്തിയിരുന്നതുകൊണ്ടു് കാര്യങ്ങൾ അങ്ങനെ വിടാൻ ഞാനൊരുക്കമില്ലായിരുന്നു. ഞാൻ ചൗവിനോടു ചോദിച്ചു: “തർക്കവിധേയമായ ഈ അതിർത്തി പ്രദേശങ്ങളിലൂടെ അമേരിക്കൻ സാമ്രാജ്യവാദികൾ നിങ്ങളെ ആക്രമിക്കാനുള്ള വിപത് സാദ്ധ്യതയെന്തെങ്കിലുമുണ്ടോ?” അതില്ലെന്നും ഭീഷണി ഇക്കാര്യത്തിൽ അമേരിക്കക്കാരിൽ നിന്നല്ലാ, നെഹ്രു സർക്കാരിൽ നിന്നാണെന്നും അദ്ദേഹം പ്രതിവചിച്ചു. അടുത്ത ചർച്ചാവിഷയം ചൈനാ-സോവിയറ്റ് തർക്കമായിരുന്നു. രാഷ്ട്രീയമായ വിയോജിപ്പുകൾ മൂലം ഒറ്റരാത്രികൊണ്ടു് റഷ്യ ചൈനയിൽ നിന്നു് തങ്ങളുടെ സാങ്കേതികവിദഗ്ദ്ധരെ തിരിച്ചുവിളിച്ചപ്പോൾ തങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നിയ കാര്യം ഇവിടെ ചൗ ഊന്നിപ്പറഞ്ഞു. ഇതേക്കുറിച്ച് അദ്ദേഹത്തിനു് കലശലായ ഈർഷ്യയുമുണ്ടായിരുന്നു, അവർ ബ്ലൂപ്രിന്റുകൾ പോലും കൊണ്ടുപോയ്ക്കളഞ്ഞുവെന്നു് അദ്ദേഹം പരാതിപ്പെട്ടു. റഷ്യക്കാർ ചെയ്തതു് തീർത്തും തെറ്റായിപ്പോയെന്നു് എനിക്കു തോന്നി; എന്നാൽ രണ്ടു മഹാശക്തികൾക്കിടയിൽ ഭാഗം പിടിക്കാൻ ഇഷ്ടപ്പെടാത്തതിനാൽ ഞാനതു തുറന്നു പറഞ്ഞില്ല. സോവിയറ്റ് യൂണിയന്റെ ചെയ്തിയെക്കുറിച്ചു് ഒരുവിധം നിരാശനായാണു് ഞാൻ ചർച്ച കഴിഞ്ഞു് മടങ്ങിപ്പോന്നതു്, എന്നാൽ അതിർത്തി പ്രശ്നത്തിൽ ചൗവിന്റെ ഉത്തരങ്ങൾ എനിക്കു തൃപ്തികരമായി തോന്നിയില്ല. അദ്ദേഹത്തിന്റെ സമീപനങ്ങളിൽ സങ്കുചിത ദേശീയവാദത്തിന്റെ ഒരു ലാഞ്ഛനയുണ്ടെന്നു വിചാരിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. കോനാർ ചൈനക്കാരോടു് കുറേക്കൂടി അനുഭാവം പുലർത്തി; ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അവരുടെ വീക്ഷണങ്ങൾ വിശദീകരിക്കാൻ കുറേ പഠനവൃത്തങ്ങൾ സംഘടിപ്പിച്ചു.
- ചോദ്യം:
- അക്കാലത്തു് വിയറ്റ്നാമീസ് സഖാക്കളുടെ നിലപാടെന്തായിരുന്നു?
- ഉത്തരം:
- വിയറ്റ്നാംകാരുടെ നിലപാട് അന്നും ഇന്നും ഒന്നുതന്നെ. വളരുന്ന ഒരു കലഹത്തിന്റെ വിത്തുകൾ അവർ ആ തർക്കത്തിൽ ദർശിച്ചു്, അതു് സാമ്രാജ്യത്വത്തെ മാത്രമെ സഹായിക്കൂ എന്നവർ വിചാരിച്ചു. അക്കാര്യത്തിൽ അവർ ഏറെക്കുറെ ശരിയായിരുന്നു. വിയറ്റ്നാമീസ് സമരത്തോടു് ചൈനക്കാരുടേയും സോവിയറ്റ് യൂണിയന്റെയും നിലപാടു് വേണ്ടപോലെയായിരുന്നില്ലല്ലോ. പീക്കിങ്ങിലേയ്ക്കു പോകും മുമ്പു് ഹോചിമിനുമായി ഞങ്ങളൊരു നീണ്ട ചർച്ച നടത്തി—വിയറ്റ്നാം, ഇന്ത്യ, ചൈനാ–സോവിയറ്റ് സംഘർഷം—ഇതേക്കുറിച്ചെല്ലാം. അവസാനത്തെ പ്രശ്നത്തിനു താൻ ചൈനയുമായും സോവിയറ്റ് യൂണിയനുമായും യോജിക്കുന്നില്ലെന്നു് അദ്ദേഹം സമ്മതിച്ചു. അന്തർദ്ദേശീയ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ അപകടപ്പെടുത്താവുന്ന ഒരു ഘട്ടത്തിലേയ്ക്കു അവരുടെ വഴക്കുകൾ നീങ്ങിക്കൊണ്ടിരിക്കയാണെന്നു് അദ്ദേഹം കരുതി. അദ്ദേഹം അതിനെക്കുറിച്ചു വളരെയേറെ ഉത്കണ്ഠയും ഭീതിയും പുലർത്തിയിരുന്നു. സംഘർഷം മൂർച്ഛിപ്പിക്കുന്ന യാതൊന്നും ചെയ്യരുതെന്നു് അദ്ദേഹം നിർദ്ദേശിച്ചു. വിയറ്റ്നാംകാർ എന്തുകൊണ്ടാണു് അവരുടെ നിലപാടുകൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാത്തതെന്നു് ഞാനന്വേഷിച്ചു—പ്രസ്ഥാനത്തെ ഒന്നിച്ചുനിർത്താനുള്ള നല്ലൊരു മാർഗ്ഗമായിരിക്കുമല്ലോ അതു്. എന്നാൽ പ്രശ്നത്തിൽ ഒട്ടും തന്നെ ഇടപെടേണ്ടെന്നാണു് തങ്ങളുടെ തീരുമാനമെന്നു് അദ്ദേഹം പറഞ്ഞു. മൂന്നാം ലോകയുദ്ധ തീസിസ്സുകളെ സംബന്ധിച്ചു് ചില ഫലിതങ്ങൾ പൊട്ടിച്ചു. വിയറ്റ്നാം ഒരു കൊച്ചുരാജ്യമാണെന്നും, ചൈനയിൽ യുദ്ധം കഴിഞ്ഞു് അല്പം ജനങ്ങൾ അവശേഷിച്ചാൽപോലും വിയറ്റ്നാമിൽ ഒരാളും ബാക്കിയുണ്ടാവില്ലെന്നും, അതിനാൽ ശുദ്ധമായ സ്വാർത്ഥ താത്പര്യം കൊണ്ടുതന്നെ അവർക്കു് ആ തീസീസ്സുകളെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പകുതി തമാശയായാണു് അദ്ദേഹമിതു പറഞ്ഞതു്. ഞാൻ കണ്ടിട്ടുള്ള എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളിലും വെച്ചു് ഏറ്റവും സംസ്ക്കാരസമ്പന്നവും ആകർഷണീയവുമായ വ്യക്തിത്വം അദ്ദേഹത്തിനാണു് ഉള്ളതെന്നു് ഞാൻ സമ്മതിക്കട്ടെ. പ്രതിനിധി സംഘങ്ങളെ വിയറ്റ്നാമിലേയ്ക്കു് സ്വാഗതം ചെയ്യുവാൻ അദ്ദേഹം ആറു ഭാഷകളിൽ—ചൈനീസ്, റഷ്യൻ, വിയറ്റ്നാമീസ്, ഫ്രെഞ്ച്, ഇംഗ്ലീഷു്, സ്പാനിഷ്—സംസാരിച്ചതു് എന്നെ വളരെയേറെ ആകർഷിച്ചു. ഇന്ത്യൻ പാർട്ടി പരാജയപ്പെട്ടിടത്തു്, മുപ്പതുകളിൽ അതിനേക്കാൾ ഏറെയൊന്നും വലുതല്ലായിരുന്ന വിയറ്റ്നാമീസ് പാർട്ടി എങ്ങനെ വിജയിച്ചുവെന്നദ്ദേഹത്തോടു ഞാനന്വേഷിച്ചു. മറുപടി ശരിക്കും അദ്ദേഹത്തിന്റെ സ്വഭാവമുൾക്കൊള്ളുന്നതായിരുന്നു. “അവിടെ നിങ്ങൾക്കു് മഹാത്മാ ഗാന്ധി ഉണ്ടായിരുന്നു; ഇവിടെ മഹാത്മാ ഗാന്ധി ഞാനാണു് ” ജനങ്ങളുടെ നേതൃശ്ശക്തിയായി ഉയരുവാൻ അവർ സാമ്രാജ്യത്വവിരുദ്ധസമരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തിയെന്നു് അദ്ദേഹം തുടർന്നു വിശദീകരിച്ചു. സാമ്രാജ്യത്വവിരുദ്ധസമരങ്ങളിൽ അവർ മുഖ്യശക്തിയായി മാറുകയും സോഷ്യലിസത്തിലേയ്ക്കു മുന്നേറുകയും ചെയ്തു. ഇന്ത്യയിൽ ഗാന്ധിയും കോൺഗ്രസ്സുമാണു് കാര്യങ്ങൾ നിയന്ത്രിച്ചതെന്നും. അതു് സി. പി. ഐ.-യുടെ കുറ്റമാണെന്നുമായിരുന്നു ഇപ്പറഞ്ഞതിന്റെ നിസ്സംശയമായ സൂചന. വിയറ്റ്നാമിലെ ബൂർഷ്വാസിയുടെ ആഭ്യന്തര ദൗർബ്ബല്യങ്ങൾ ഇതര വിയറ്റ്നാമീസ് നേതാക്കളെപ്പോലെതന്നെ അദ്ദേഹവും വിശദീകരിച്ചു—ഇന്ത്യൻ ബൂർഷ്വാസിയുടെ ശക്തിയുടെ നേർവിപരീതമായിരുന്നു അതു്. വിദേശയാത്രകളാണു് എന്റെ മനസ്സു തുറന്നതെന്നു വ്യക്തമാണു്—ആദ്യമാദ്യം ഈ യാത്രകൾ മുഖ്യമായും സോവിയറ്റ് യൂണിയനിലേയ്ക്കും മറ്റു മുതലാളിത്തേതര രാജ്യങ്ങളിലേയ്ക്കുമായിരുന്നുവെങ്കിലും. 1962-ൽ ആരോഗ്യപരമായ കാരണങ്ങളാൽ വീണ്ടും സോവിയറ്റ് യൂണിയൻ സന്ദർശിച്ചതു ഞാനോർക്കുന്നു. 1940-45 കാലത്തു ജയിലിൽവെച്ചു് അല്പം റഷ്യൻ ഞാൻ വിഷമിച്ചു പഠിച്ചിരുന്നു—ഒച്ചിന്റെ വേഗതയിലാണെങ്കിലും ‘പ്രവ്ദ’ വായിക്കാൻ മാത്രമുള്ളത്രയും. മോസ്കോ കീഴ്പ്പെടുത്താൻ കഴിയാതെ നെപ്പോളിയൻ തിരിഞ്ഞോടിയതിന്റെ എന്തോ വാർഷികാഘോഷത്തിന്റെ സമയത്തു് ഞാൻ മോസ്കോവിലുണ്ടായിരുന്നു. സാർ ചക്രവർത്തിയുടെ ഒരു വിജയം കൊണ്ടാടപ്പെടുന്നു എന്നതുതന്നെ വിചിത്രമായിരുന്നു; പ്രവ്ദയുടെ പേജുകളിൽ നെപ്പോളിയന്നെതിരെ വന്ന സുദീർഘമായ ആക്രമണമാണു് എന്റെ നോട്ടത്തിൽ ആ അബദ്ധത്തെ കൂടുതൽ വലുതാക്കിയതു്. ആ ലേഖനത്തിന്റെ ദേശഭക്തി എന്നെ ശരിക്കും ഭയപ്പെടുത്തിക്കളഞ്ഞു. ഫ്രെഞ്ചു വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ നെപ്പോളിയൻ ഒരു പ്രതിവിപ്ലവകാരിയായിരുന്നുവെന്നതു ശരിതന്നെ, എന്നാൽ സാറിന്റെ ഏകഛത്രാധിപത്യവുമായുള്ളൊരു യുദ്ധത്തിൽ ഒരാൾക്കു് തിരിഞ്ഞു നോക്കി പക്ഷം പിടിക്കേണ്ടി വന്നാൽ, നെപ്പോളിയന്റെ പക്ഷമായിരിക്കും, സാറിന്റേതല്ല, തെരഞ്ഞെടുക്കപ്പെടുക. എന്തൊക്കെയായാലും നെപ്പോളിയൻ ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തെ വികലവും അവിശുദ്ധവുമായ ഒരു രൂപത്തിലാണെങ്കിലും—കീഴടക്കപ്പെട്ട നാടുകളിലേയ്ക്കും വ്യാപിപ്പിക്കുകയാണല്ലോ ചെയ്തിരുന്നതു്. പിന്തിരിപ്പൻ യൂറോപ്പു മുഴുവൻ അദ്ദേഹത്തിനെതിരെ അണിനിരന്നിരുന്നു. അതിന്നൊരു താരതമ്യമുണ്ടെങ്കിൽ, അതു് രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ ചെമ്പട കിഴക്കൻ യൂറോപ്പിലേയ്ക്കു കടന്നു കയറി മുതലാളിത്ത ഉല്പാദനരീതി നിർത്തലാക്കിയ സംഭവമാണു്. മറ്റധികമൊന്നും ചെയ്യാനില്ലാതെ ഈ ലേഖനവും വായിച്ചു ഞാൻ ആശുപത്രിയിൽ കിടക്കുകയായിരുന്നു. അതുകൊണ്ടു് ലേഖനത്തിന്റെ പിന്തിരിപ്പൻ സ്വഭാവത്തിൽ എനിക്കുള്ള പരിഭ്രാന്തിയും അമ്പരപ്പും പ്രകടിപ്പിച്ചു് പ്രവ്ദയുടെ പത്രാധിപർക്കൊരു കത്തെഴുതാൻ ഞാൻ തീരുമാനിച്ചു. പിന്നീടു് ഓരോ ദിവസവും ഞാൻ പ്രവ്ദയുടെ ഒരു പ്രതി തട്ടിപ്പറിച്ചു വാങ്ങാറുണ്ടു്—ആ കത്തു് അച്ചടിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയോടെ. ഓരോ ദിവസവും ഞാൻ നിരാശനായി. ഒരാഴ്ചയ്ക്കു ശേഷം എന്റെ ആരോഗ്യനില അന്വേഷിക്കാനെന്ന ഭാവേന സി. പി. എസ്. യു. കേന്ദ്രക്കമ്മിറ്റിയിലെ ഒരംഗം എന്നെ സന്ദർശിക്കാനെത്തി. പ്രവ്ദയ്ക്കുള്ള എന്റെ കത്തു് താൻ വായിച്ചുവെന്നു് അയാൾ എന്നെ അറിയിച്ചു. ‘പ്രവ്ദ’യുടെ പത്രാധിപർക്കുള്ള ആ കത്തു് അയാളെങ്ങിനെ വായിച്ചുവെന്നു് ഞാനന്വേഷിച്ചു. അയാൾ എന്റെ ചോദ്യം അവഗണിച്ചുകൊണ്ടു് നെപ്പോളിയനെക്കുറിച്ചുള്ള ‘പ്രവ്ദ’യുടെ വിലയിരുത്തലിനെ ന്യായീകരിക്കാനാണു മുതിർന്നതു്. എന്റെ ആശുപത്രി മുറിയിലെങ്കിലും, എന്നെ പ്രസംഗത്തിൽ നിന്നൊഴിവാക്കണമെന്നും ‘പ്രവ്ദ’യുടെ പേജുകളിൽ അയാളുമായോ മറ്റേതെങ്കിലും സഖാവുമായോ ചർച്ച ചെയ്യാൻ എനിക്കു സന്തോഷമായിരിക്കുമെന്നും പറഞ്ഞു ഞാൻ ചർച്ച പെട്ടെന്നവസാനിപ്പിച്ചു. ഇതെല്ലാം കൂടുതൽ വലിയൊരു രോഗത്തിന്റെ ലക്ഷണങ്ങളാണെന്നു വ്യക്തം; എങ്കിലും ഇങ്ങിനെയൊക്കെയാണു് എന്റെ കണ്ണു തുറന്നതു്. സോവിയറ്റ് യൂണിയനിൽ, വേണമെന്നുള്ളവർക്കു വേണ്ടത്ര പഠിക്കാനുണ്ടു്. പിന്നീടുള്ള വർഷങ്ങളിൽ ഈ പരിണാമം തുടർന്നു. 1967-69 കാലത്തു ഞാൻ രണ്ടുകുറി പശ്ചിമയൂറോപ്പ് സന്ദർശിച്ചു. ഇറ്റലിയിൽ ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിനേതാക്കളുമായി മാത്രമല്ല ‘ഇൽ മാനിഫെസ്റ്റൊ’വിന്റെ സഖാക്കളുമായും ചർച്ചകൾ നടത്തി; ഫ്രാൻസിൽ ഗറോദിയെപ്പോലെ അഭിപ്രായവ്യത്യാസമുള്ള കമ്മ്യൂണിസ്റ്റുകാരുമായും ‘ന്യൂലെഫ്റ്റി’ന്റെ ചില സഖാക്കളുമായും ഞാൻ ചർച്ച നടത്തി. 68 മേയിലെ സംഭവവികാസങ്ങളുടെ അനന്തരഫലങ്ങൾ ഞാൻ നേരിട്ടനുഭവിച്ചു. പിന്നീടു് ഞാൻ ബ്രിട്ടൻ സന്ദർശിച്ചു. പശ്ചിമ യൂറോപ്പിൽ പുതിയ ഉയിർത്തെഴുന്നേല്പുകളും ജനകീയമായൊരു വിപ്ലവവത്ക്കരണവും സംഭവിച്ചുകൊണ്ടിരുന്ന കാലത്താണു് ഞാനവിടം സന്ദർശിച്ചതെന്നതു് യാദൃച്ഛികമായിരുന്നു. ഏതായാലും അവിടം സന്ദർശിച്ച ശേഷവും എന്റെ രാഷ്ടീയ പരിണാമം തുടർന്നു കൊണ്ടിരുന്നു. പുതിയ വികാസങ്ങളെ തുറന്ന മനസ്സോടെ പഠിക്കാൻ ഞാനാഗ്രഹിച്ചു. അതുകൊണ്ടു് നിലനില്ക്കുന്ന എല്ലാ ധാരകളുടെയും പ്രതിനിധികളെ ഞാൻ കാണുകയും അവരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. ഫ്രാൻസിലെ തെരുവുകളിൽ തീവ്ര ഇടതുപക്ഷവും ഫ്രെഞ്ചു കമ്മ്യൂണിസ്റ്റു പാർട്ടിയുമായുള്ള വ്യത്യാസങ്ങൾ ഞാൻ നേരിട്ടു നിരീക്ഷിച്ചു. തീവ്രവാദി പ്രകടനക്കാരുടെ ധീരതയോടും വിശ്വാസദാർഢ്യത്തോടും എനിക്കനുഭാവം തോന്നിയെന്നു് തുറന്നു സമ്മതിക്കട്ടെ—അവരുമായി എനിക്കു പൂർണ്ണമായി യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും.
- ചോദ്യം:
- സി. പി. ഐ., സി. പി. എം. എന്നീ രണ്ടു പ്രധാന പാർട്ടികൾക്കു ജന്മം നൽകിക്കൊണ്ടു് ഇന്ത്യൻ കമ്മ്യൂണിസത്തിലുണ്ടായ പിളർപ്പിന്റെ അടിസ്ഥാനമെന്തായിരുന്നു? അതു് ചൈനാ-സോവിയറ്റ് സംഘർഷത്തിന്റെ ഭാഗീകമായ ഒരു പ്രതിഫലനമായിരുന്നോ? സി. പി. ഐ.-യുടെ രണ്ടു ശക്തി ദുർഗ്ഗങ്ങളായിരുന്ന കേരളവും ബംഗാളും സി. പി. എം.-ന്റെ പിടിയിലായെന്ന കാര്യം കൂടി പരിഗണിക്കുമ്പോൾ, സി. പി. ഐ.-യിലെ പിളർപ്പ് ശരിക്കും എന്തായിരുന്നു?
- ഉത്തരം:
- സി. പി. ഐ.–സി. പി. എം. പിളർപ്പു് ചൈനാ-സോവിയറ്റ് തർക്കത്തിന്റെ ഒരു പ്രതിഫലനം മാത്രമായിരുന്നെന്നു് പലരും എഴുതിക്കണ്ടിട്ടുണ്ട്. ഇതു ശരിയല്ല. കൂടുതൽ പ്രധാനമായൊരു ഘടകം ഇന്ത്യ-ചൈനാ സംഘർഷത്തോടുള്ള സമീപനമായിരുന്നു. ഞാൻ പറഞ്ഞപോലെ, അതിർത്തിത്തർക്കത്തിൽ ചൈനയുടെ നിലപാടിനെക്കുറിച്ചുള്ള ചൗഎൻ-ലായിയുടെ വിശദീകരണം എനിക്കു തീരെ ബോദ്ധ്യമായിരുന്നില്ല. സി. പി. ഐ. ചൈനീസ് ലൈനിനെ എതിർത്തതു ശരിയായിരുന്നുവെന്നു തന്നെയാണിപ്പോഴും ഞാൻ കരുതുന്നതു്. എന്നിരുന്നാലും, ചൈനീസ് നിലപാടിനെ പിന്തുണയ്ക്കാതിരിക്കുന്നതും സ്വന്തം രാജ്യത്തെ ബൂർഷ്വാസിയെ പിന്തുണയ്ക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ടു്. ചില സി. പി. ഐ. നേതാക്കളുടെ പ്രസ്താവനകൾ തീർത്തും സങ്കുചിത ദേശീയവാദപരമായിരുന്നെന്നും അവർ കോൺഗ്രസ്സ് നേതാക്കളുടെ പ്രസംഗങ്ങൾ തത്തയെപ്പോലെ ആവർത്തിക്കുക മാത്രമാണു ചെയ്തതെന്നും ഞാൻ ഭയപ്പെടുന്നു. “മഞ്ഞവിപത്തി”ന്റെ മട്ടിലുള്ള ചില ഗോത്രപരമായ ശകാരങ്ങൾ പോലും ചൈനീസ് നേതാക്കൾക്കു നേരെ ചൊരിയപ്പെട്ടു. ചൈനയെ ആക്രമിച്ചും ഇന്ത്യൻ ബൂർഷ്വാസിയെ പിന്തുണച്ചും ഡാങ്കേ എഴുതിയ ചില ലേഖനങ്ങൾ, സ്റ്റാലിനിസ്റ്റ് പൈതൃകങ്ങളിൽ മുങ്ങിയ ഒരു കമ്മ്യൂണിസ്റ്റു നേതാവിനുപോലും അപമാനകരമായിരുന്നു. സി. പി. എമ്മിലേയ്ക്കു പോയ പല സഖാക്കളെയും ഇതു മടുപ്പിച്ചിരുന്നു. അതു ശരിയുമായിരുന്നു. എന്നാൽ ഇന്ത്യാ-ചൈനാ അതിർത്തി യുദ്ധങ്ങൾക്കു ശേഷം, 1964-ൽ നടന്ന പാർട്ടിയുടെ പിളർപ്പിന്റെ മുഖ്യ കാരണം ഇതു പോലുമായിരുന്നില്ല. എന്റെ നോട്ടത്തിൽ, പിളർപ്പിനുള്ള മുഖ്യകാരണം തിരഞ്ഞെടുപ്പുസഖ്യങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട ആഭ്യന്തര വ്യത്യാസങ്ങളായിരുന്നു. കേരള മന്ത്രിസഭയുടെ പതനം മുതൽതന്നെ ഒരു തരം ചർച്ച നടക്കുന്നുണ്ടായിരുന്നു. അതു് 1964-ൽ ഉച്ചസ്ഥായിയിലെത്തി. 1960 മുതൽ 64 വരെയുള്ള പാർട്ടി രേഖകൾ പഠിച്ചാൽ വിഭജനത്തിന്റെ യഥാർത്ഥ കാരണങ്ങൾ ക്രമത്തിൽ മനസ്സിലാക്കാൻ കഴിയും. ഈ രേഖകളിലെല്ലാം പ്രകടമായ ഒരു സ്ഥിരം പ്രമേയമുണ്ടു്—പാർലമെന്ററി മുരടിപ്പു്. ഇക്കാര്യത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങളില്ല. സംസ്ഥാനങ്ങളിൽ കൂടുതൽ തെരഞ്ഞെടുപ്പുകളിൽ ജയിക്കുകയും ലോക് സഭയിൽ കൂടുതൽ സീറ്റുകൾ നേടുകയും വേണമെന്ന കാര്യത്തിൽ യോജിപ്പുണ്ടു താനും. ഇന്ത്യയിൽ കമ്മ്യൂണിസത്തിലേക്കുള്ള പാത അതാണു്. “കോൺഗ്രസ്സ് കുത്തക പൊളിക്കുക” എന്ന ഫോർമുലയിലടങ്ങിയ ഒരു അനുബന്ധ മുദ്രാവാക്യമുണ്ടു്—ഇതിനെച്ചൊല്ലിയാണു് അഭിപ്രായവ്യത്യാസങ്ങൾ വികസിക്കുന്നതു്. ജനസംഘത്തെയും മുസ്ലീംലീഗിനെയും പങ്കാളിയായി സ്വീകരിക്കേണ്ടി വന്നാൽപോലും, കോൺഗ്രസ്സ് കുത്തക തകർക്കുകയെന്നതാണു് മുഖ്യകാര്യമെന്നു് ചില പാർട്ടി നേതാക്കൾ പ്രസ്താവിക്കുന്നു. കുത്തക തകർക്കാനുള്ള ഏറ്റവും നല്ല വഴി കോൺഗ്രസ്സിന്റെ വലതുപക്ഷത്തിന്നെതിരായി അതിന്റെ പുരോഗമന വിഭാഗങ്ങളുമായി കൂട്ടുചേരുകയാണെന്നു് മറ്റുള്ളവർ പറയുന്നു. അങ്ങിനെ, ഭരണകൂടത്തെയും അതിന്റെ ഘടനകളെയും തകർക്കാനുള്ള ഉത്തമ മാർഗ്ഗമേതെന്നതിനെച്ചൊല്ലിയല്ല, മറിച്ചു് എങ്ങനെ കൂടുതൽ സീറ്റുകൾ നേടാമെന്നതിനെ ചൊല്ലിയാണ് ഇന്ത്യൻ കമ്മ്യൂണിസത്തെ പിളർത്തിയ തർക്കം നടന്നതു്. തന്ത്രപരമായ വ്യത്യാസങ്ങളാണു് പാർട്ടിയെ വിഭജിച്ചതെന്നു ഞാൻ പറയും. മറ്റു വ്യത്യാസങ്ങളും ഇല്ലാതിരുന്നില്ല: ഇന്ത്യാ-ചൈനാ പ്രശ്നത്തിലും സോവിയറ്റ് യൂണിയന്റെ നയങ്ങളെ വിലയിരുത്തുന്നതിലും മറ്റും. എന്നാൽ തിരഞ്ഞെടുപ്പുതന്ത്രങ്ങൾ നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള വ്യത്യാസങ്ങൾ തന്നെയായിരുന്നു പ്രധാന കാരണം. പിന്നീടു് സി. പി. എം.-ന്റെ നേതാക്കളായിവന്ന സഖാക്കളുടെ ഇറങ്ങിപ്പോക്കിനുള്ള ആസന്ന കാരണം ഡാങ്കേയുടെ കത്തായിരുന്നു. 1924-ൽ ബ്രിട്ടീഷ് അധികാരികൾക്കു് തന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടു് ഡാങ്കേ എഴുതിയതായി പറയപ്പെടുന്ന ഒരു കത്തായിരുന്നു ഇതു്; ഇതിന്റെ ഒരു കോപ്പി നാഷണൽ ആർക്കൈവ്സിൽ പ്രത്യക്ഷപ്പെട്ടു. സി. പി. ഐ.-യുടെ ദേശീയ കൗൺസിൽ സംഗതി മുഴുവൻ അന്വേഷിക്കാനായി ഒരു കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷന്റെ ഭൂരിപക്ഷവും അതൊരു കള്ളക്കത്തായിരുന്നെന്നു പറഞ്ഞു് ഡാങ്കേയെ നിരപരാധിയായി പ്രഖ്യാപിച്ചു. എന്നാൽ ഡാങ്കേയല്ല ആ കത്തെഴുതിയതെന്നതിനു തെളിവൊന്നുമില്ലെന്നു് ഒരു ന്യൂനപക്ഷം പ്രസ്താവിച്ചു. കൗൺസിലിലെ മുപ്പത്തിരണ്ടു് അംഗങ്ങളിൽ മൂന്നിലൊരു വിഭാഗം യോഗത്തിൽ നിന്നിറങ്ങിപ്പോയി അവർ പിന്നെ തിരിച്ചുവന്നില്ല. ഡാങ്കേയുടെ കത്തു് വെറുതേ കുത്തിപ്പൊക്കിയ ഒരു കാരണം മാത്രമായിരുന്നെന്നും, അതേസമയം അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും വ്യക്തമായിരുന്നു. അന്നുമുതലുള്ള രണ്ടു പാർട്ടികളുടെയും പരിണാമം ഈ വസ്തുതയ്ക്കു് ഉറച്ച തെളിവാണെന്നെനിക്കു തോന്നുന്നു. ദേശീയ കൗൺസിലിൽ സി. പി. ഐ.-യ്ക്കു് വമ്പിച്ച ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിലും പാർട്ടിയുടെ സംസ്ഥാന കൗൺസിലുകളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. പശ്ചിമ ബംഗാളിൽ സി. പി. എം.-നായിരുന്നു ഭൂരിപക്ഷം. കേരളത്തിൽ സി. പി. ഐ.-യ്ക്കു നന്നേ ചെറിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഇതുപോലും തെറ്റിദ്ധാരണാജനകമായിരുന്നു. ഞാൻ വിശദീകരിക്കാം: സംസ്ഥാന കൗൺസിലിനും താഴെ ജില്ലാകമ്മിറ്റികളിലേയ്ക്കു വന്നാൽ, ചിലതിലൊക്കെ സി. പി. എം.-നു് ഭൂരിപക്ഷമുണ്ടായിരുന്നു. ഇനിയും താഴേയ്ക്കു ശാഖകളിലേയ്ക്കും ‘സെല്ലു’കളിലേയ്ക്കും വന്നാലോ, സി. പി. ഐ. മിക്കവാറും തുടച്ചുനീക്കപ്പെട്ടിരുന്നതായി കാണാം. കേരളത്തിൽ അടിത്തറയുടെ ഒരു വലിയ വിഭാഗം സി. പി. എം.-ന്റെ കൂടെപ്പോയി. ആന്ധ്രാ പ്രദേശിലും സ്ഥിതി ഏതാണ്ടിതു പോലെതന്നെയായിരുന്നു. കമ്മ്യൂണിസ്റ്റു പാർട്ടി ഒരു ജനകീയധാരയെ പ്രതിനിധീകരിച്ചിരുന്ന ഈ പ്രദേശങ്ങളിൽ സി. പി. എം. മുൻകൈ നേടി. കാരണമിതായിരുന്നു: വിഭജനത്തിനു ശേഷം പല സി. പി. എം. നേതാക്കളും പിൽക്കാലത്തു് സി. പി. എമ്മിൽ നിന്നു വിട്ടുപോന്നു് പീക്കിങ്ങുമായി അണി ചേർന്നു. അവരുടെ മദ്ധ്യ അണികളുടെ ഭൂരിപക്ഷവും പിളർപ്പിനെ വിശദീകരിച്ചതു് സി. പി. ഐ. തെരഞ്ഞെടുപ്പു വിജയങ്ങളിലൂടെ പരിഷ്ക്കരണങ്ങൾക്കായി സമരം ചെയ്യുന്ന ‘വലതു കമ്മ്യൂണിസ്റ്റു’കാരും, സി. പി. എം. വിപ്ലവത്തിനു വേണ്ടി സമരം ചെയ്യുന്നവരുമാണെന്ന മട്ടിലായിരുന്നു. സി. പി. എം.-ന്റെ മദ്ധ്യഅണികൾ അധികവും ഇതു വിശ്വസിച്ചിരുന്നുവെന്നതു തീർച്ചയാണു്. എന്നാൽ സി. പി. എം. നേതൃത്വം വിപ്ലവത്തിലല്ലാ തിരഞ്ഞെടുപ്പുവിജയിക്കാനുള്ള ശ്രമങ്ങളിലാണു് മുഴുകിയിരുന്നതു്. പശ്ചിമ ബംഗാളിൽ 1967-ലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷമുള്ള അവരുടെ പെരുമാറ്റം ഇതു വളരെ വ്യക്തമായിതന്നെ കാട്ടിത്തന്നു. എന്നാൽ വിഭജനത്തിനു ശേഷം സി. പി. എം.-ൽ ചേർന്നവരിലധികം പേരും ആ പാർട്ടി അവരെ വിപ്ലവത്തിലേക്കു നയിക്കാൻ പോവുകയാണെന്ന ആ ആത്മാർത്ഥ വിശ്വാസം കൊണ്ടാണങ്ങനെ ചെയ്തതു്. കൂടാതെ സി. പി. ഐ.-യുടേയും സി. പി. എം.-ന്റെയും ലൈനിനോടു് എതിർപ്പുണ്ടായിരുന്നവരും തൽക്കാലം സി. പി. എം.-ന്റെ കൂടെയാണു പോയതു്: അടിത്തറയുടെ ഏറ്റവും വിപ്ലവോന്മുഖമായ വിഭാഗങ്ങൾ ആ പാർട്ടിയിലായിരുന്നതു കൊണ്ടു്, അതിന്നു് കൂടുതൽ ശക്തിയുണ്ടെന്നവർ വിശ്വസിച്ചു. അതിനാൽ കമ്മ്യൂണിസ്റ്റു പാരമ്പര്യമുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം അണികളധികവും സി. പി. എം.-ന്റെ കൂടെചേർന്നു.
- ചോദ്യം:
- താങ്കളെന്തുകൊണ്ടാണു് വ്യക്തിപരമായി സി. പി. ഐ.-യുടെ കൂടെ നിൽക്കാൻ തീരുമാനിച്ചതു്?
- ഉത്തരം:
- കാരണം, ഞാൻ പിളർപ്പിനു തന്നെ എതിരായിരുന്നു രണ്ടുചേരികളും തമ്മിൽ എന്തെങ്കിലും അടിസ്ഥാന വ്യത്യാസങ്ങൾ ഉള്ളതായി ഞാൻ കണ്ടില്ല. പിളർപ്പു് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ ഇനിയും വിഭജിക്കുമല്ലോ എന്നും ഞാൻ ഭയന്നു. അതാണു സംഭവിച്ചതും. സി. പി. എം. പിളർപ്പിന്നു് തൊട്ടുപുറകേ എ. ഐ. ടി. യു. സി. പിളർന്നു. കർഷക സംഘടനകളും വിദ്യാർത്ഥി സംഘടനകളും വിഭക്തമായി. ഇതു് ഇടതുപക്ഷത്തെ ഗണ്യമായി തളർത്തി: കോൺഗ്രസ്സിന്റെയും അതിന്റെ വലതുപക്ഷപ്പാർട്ടികളുടെയും ജനസ്വാധീനം വളർത്താൻ സഹായിച്ചു. തൊഴിലാളി പ്രസ്ഥാനം ഇങ്ങനെ നിരന്തരം വിഭജിച്ചുകൊണ്ടിരിക്കണമെന്നതു് എത്ര അപമാനകരമാണെന്നു് പറയേണ്ടതില്ലല്ലോ. ട്രേഡ് യൂണിയൻ ഐക്യത്തിന്റെ വിശാലപ്രശ്നങ്ങൾ മാറ്റിവെച്ചാലും, രണ്ടു കമ്മ്യൂണിസ്റ്റു പാർട്ടികൾക്കുമെങ്കിലും അവർ സേവിക്കുന്നതായിപ്പറയുന്ന വർഗ്ഗത്തിന്റെ താല്പര്യങ്ങൾ മുൻനിർത്തി പൊതുവായ ഒരു ട്രേഡ് യൂണിയൻ ഘടന നിലനിർത്താമായിരുന്നു. അവരതു ചെയ്തില്ലെന്നതിന്റെ മുഖ്യകാരണം വിഭാഗീയത മാത്രമാണെന്നു പറഞ്ഞുകൂടാ; തിരഞ്ഞെടുപ്പു വാദത്തിനു് അവർ നൽകുന്ന പ്രാധാന്യവും പാർലമെന്റേതര സമരങ്ങളെ അവർ പാർലമെന്റിന്നു കീഴ്പ്പെടുത്തുന്നുവെന്ന വസ്തുതയും പരിഗണിക്കുമ്പോൾ, തെരഞ്ഞെടുപ്പിൽ പിന്തുണനേടാൻ അവർക്കു് സ്വന്തം ട്രേഡ് യൂണിയനുകൾ വേണമായിരുന്നു. എല്ലാ മുന്നണിയിലും വർഗ്ഗശത്രുവിനെതിരെ ഒന്നിക്കുകയെന്ന മൗലിക സങ്കല്പം അവരുടെ രാഷ്ട്രീയത്തിൽ ഇല്ല തന്നെ. ഏതായാലും, സി. പി. ഐ.-യിൽ നിന്നു വിട്ടുപോന്നു് സി. പി. എം.-ൽ ചേരുന്നതിന്നു് ഞാൻ ഒരു കാരണവും കണ്ടില്ല: ഇന്നും ഞാൻ സി. പി. ഐ.-യിൽ അംഗമാണ്; എന്റെ തീരുമാനം ശരിയായിരുന്നുവെന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.
- ചോദ്യം:
- ചെക്കോസ്ലോവാക്യൻ ആക്രമണത്തെച്ചൊല്ലി സി. പി. ഐ. നേതൃത്വത്തിൽ മുറുമുറപ്പുകളുണ്ടായില്ലോ? സി. പി. എം. ഒരു സംശയവുമുന്നയിക്കാതെ അക്രമണത്തെ ന്യായീകരിച്ചുവെന്നു് എനിക്കറിയാം. എന്നാൽ സി. പി. ഐ.-യ്ക്കകത്തു് ഒരെതിർപക്ഷമുണ്ടായിരുന്നെന്നും. ഇന്ത്യയിലെ “ജനാധിപത്യ സഖ്യ കക്ഷികളെ” മുറിപ്പെടുത്താതിരിക്കാനുള്ള ആഗ്രഹത്തിന്റെ ഫലമായിരുന്നില്ല ഇതെന്നും ഞങ്ങൾ കേട്ടിരുന്നു.
- ഉത്തരം:
- 1968-ൽ ദ്യൂബ്ചെക്ക് നടപ്പിലാക്കുന്ന പരിഷ്കാരങ്ങളെ അംഗീകരിച്ചുകൊണ്ടും “മാനുഷിക മുഖമുള്ള ഒരു സോഷ്യലിസ”ത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ദേശീയ കൗൺസിൽ ഐകകണ്ഠ്യേന ഒരു പ്രമേയം പാസ്സാക്കിയിരുന്നു. അപ്പോഴാണു് സോവിയറ്റ് യൂണിയന്റെ സൈനിക ഇടപെടലുണ്ടായതു്. ഉടനെ ഒരു ചർച്ചയാരംഭിച്ചു; ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ എല്ലാ രേഖകളും സമ്പാദിക്കാനായി ഞങ്ങളിൽ കുറേപ്പേർ ന്യൂഡൽഹിയിലെ ചെക് എംബസി സന്ദർശിച്ചു. ദേശീയ കൗൺസിലിൽ തുല്യമായൊരു വിഭജനമുണ്ടായി. സോവിയറ്റ് യൂണിയനെ പിന്താങ്ങിയവർക്കു് മുപ്പത്തിയഞ്ചും ഞങ്ങൾക്കു് മുപ്പത്തിനാലും വോട്ടുണ്ടായിരുന്നെന്നാണെന്റെ ഓർമ്മ (ഏതായാലും അതു് അധികം പേർ പങ്കെടുത്ത ഒരു കൗൺസിൽ യോഗമായിരുന്നില്ല). രണ്ടു പേർ ആദ്യം വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നു. കൂടുതൽ ചർച്ച നടന്നതോടെ ആ രണ്ടു സഖാക്കളും ഞങ്ങളുടെ ഭാഗത്തേയ്ക്കു വന്നു. ഇപ്പോൾ സോവിയറ്റ് ഇടപെടലിനെ എതിർക്കാനുള്ള ഭൂരിപക്ഷം ഞങ്ങൾക്കു കിട്ടി. തങ്ങൾ തോൽക്കാൻ പോവുകയാണെന്നു മനസ്സിലായപ്പോൾ പാർട്ടി നേതാക്കൾ സന്ധിയ്ക്കൊരുങ്ങി. ഉടൻ തന്നെ വോട്ടെടുപ്പു നടത്തെരുതെന്നും, പാർട്ടിയിൽ മുഴുവൻ പ്രസക്തമായ രേഖകൾ വിതരണം ചെയ്തു മൂന്നു മാസത്തെ ഒരു ചർച്ച ആരംഭിക്കണമെന്നും അവർ നിർദ്ദേശിച്ചു. പാർട്ടിയിൽ മുഴുവൻ ഈ പ്രശ്നത്തെക്കുറിച്ചുള്ള രേഖകളെല്ലാം ചർച്ച ചെയ്യപ്പെടുമെന്നതു് നല്ലൊരു കാര്യമായി തോന്നിയതിനാൽ ഞാനതു സമ്മതിച്ചു. ശരിയായൊരു ചർച്ച നടക്കുന്നതു് ഞങ്ങൾക്കു് നന്മ മാത്രമേ ചെയ്യുമായിരുന്നുള്ളുവല്ലോ എന്നു ഞാൻ കരുതി. എന്നാൽ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. അടുത്ത കൗൺസിൽ യോഗം നാലു മാസം കഴിഞ്ഞാണു് നടന്നതു്. അക്കാലത്തു് സോവിയറ്റ് യൂണിയനിൽ നിന്നുള്ള സന്ദർശകരുടെ ഒരു പ്രളയം തന്നെ ഞങ്ങൾ കണ്ടു. അവരിൽ ചിലർ ഞാനുമായും ചർച്ച ചെയ്തു. എന്നാൽ എനിക്കു് അല്പംപോലും ബോദ്ധ്യം വന്നില്ല. സത്യത്തിൽ ഒരു തൂലികാനാമം ഉപയോഗിച്ചു് ഞാൻ “ചെക്കോസ്ലോവാക്യ എങ്ങോട്ടു്?” എന്നൊരു പുസ്തകം എഡിറ്റു ചെയ്യുകയുണ്ടായി; അതിലെ ലേഖകരെല്ലാം സോവിയറ്റ് ലൈനിനോട് എതിർപ്പുള്ള സി. പി. ഐ.-അനുകൂലികളായിരുന്നു. അതിലെ ഒരൊറ്റ ലേഖകൻ പോലും “സി. പി. ഐ.-യുടെ ശത്രു”വെന്ന പേരിൽ ആക്രമിക്കപ്പെട്ടുകൂടെന്നു് ഞാനുറപ്പു വരുത്തിയിരുന്നു. എന്തെല്ലാം സമ്മർദ്ദങ്ങളാണു് ഉണ്ടായതെന്നു് എനിക്കറിഞ്ഞുകൂടാ, ഏതായാലും കൗൺസിൽ മീറ്റിങ്ങിൽ പാർട്ടി യന്ത്രം അതിന്റെ ശക്തികളൊക്കെ സ്വരൂപിക്കുകയും ആ യോഗത്തിൽ വെച്ചു് ഭൂരിപക്ഷം നേടുകയും ചെയ്തു. ഉടൻതന്നെ പുസ്തകത്തെക്കുറിച്ചു് അവരെന്നെ ചോദ്യം ചെയ്തു. അതിന്റെ ഉത്തരവാദിത്വം ഞാനേറ്റെടുത്തു. അവരെന്നെ ശകാരിച്ചു: സി. പി. ഐ. അംഗങ്ങൾ ആ പുസ്തകം വായിക്കുകയോ വിതരണം ചെയ്യുകയോ പാടില്ലെന്നു നിർദ്ദേശവും പുറപ്പെടുവിച്ചു. പാർട്ടി പത്രങ്ങളിൽ എനിക്കു് പരസ്യമായൊരു താക്കീതും നൽകി. താക്കീതു് “ന്യൂ എയ്ജി”-ൽ പ്രസിദ്ധീകരിക്കുംമുമ്പു് എനിക്കു് പുനർവിചാരം നടത്താനും ചെയ്തതു പിൻവലിക്കാനും പതിനഞ്ചു ദിവസത്തെ ഇട നൽകാമെന്നു് ഒരു പാർട്ടി നേതാവു നിർദ്ദേശിച്ചു. അവരാണു് പുനർവിചാരത്തിന്നു സമയം കാണേണ്ടതെന്നു് ഞാൻ പറഞ്ഞു. അവരേതായാലും എനിക്കു് പതിനഞ്ചു ദിവസത്തെ അവധി തന്നു. അതിനിടയിൽ മാപ്പു പറയാൻ എന്നെ നിർബ്ബന്ധിക്കുവാനായി ചിലർ എന്നെ സന്ദർശിച്ചു. ഞാൻ പാർട്ടിയുടെ നേതാവും, ആദരിക്കപ്പെടുന്നയാളുമായതുകൊണ്ടു്, പരസ്യമായി എന്നെ താക്കീതു ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നു് അവർ പറഞ്ഞു. ഞാൻ അതു് തീർത്തും നിരസിച്ചു. അങ്ങനെ ന്യൂ എയ്ജിന്റെ, ഒരു കൊച്ചു കോണിൽ താക്കീതു് പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ പിറ്റേന്നു തന്നെ എല്ലാ ബൂർഷ്വാ പത്രങ്ങളും സംഭവം വിശദമായി റിപ്പോർട്ടുചെയ്തു—സോവിയറ്റ് ആക്രമണത്തെ വിമർശിച്ചു് ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്നാണു് ഞാൻ താക്കീതു ചെയ്യപ്പെട്ടതെന്ന വാർത്ത വന്നതോടെ, പാർട്ടി സംഗതി മുഴുവൻ അവഗണിച്ചിരുന്നെങ്കിൽ ചെലവാകുമായിരുന്നതിനെക്കാൾ കൂടുതൽ കോപ്പി പുസ്തകം വിൽക്കപ്പെട്ടു. ഇതെല്ലാമായിട്ടും, ആക്രമണത്തെ സർവ്വാത്മനാ പിന്തുണച്ച സി. പി. എം.-ൽ നിന്നും വ്യത്യസ്തമായി സി. പി. ഐ.-യ്ക്കകത്തു് ഒരുതരം ചർച്ച നടന്നുവെന്നതു് ചൂണ്ടിക്കാട്ടേണ്ടതു തന്നെയാണു്.
- ചോദ്യം:
- ട്രോട്സ്കിയെയും ട്രോട്സ്കിയിസത്തെയും കുറിച്ചുള്ള താങ്കളുടെ വീക്ഷണങ്ങൾ എന്തെല്ലാമെന്നു പറയാമോ?
- ഉത്തരം:
- ഞാനൊരു ട്രോട്സ്കിയിസ്റ്റല്ല. എന്റെ ആരാധ്യപുരുഷൻ സ്റ്റാലിനായിരുന്നു. ആ വിഗ്രഹം തകർന്നു തരിപ്പണമായി. തകർന്ന ഒരു വിഗ്രഹത്തിന്റെ സ്ഥാനത്തു് പുതിയൊരു വിഗ്രഹം—അതു തകരാത്തതായാലും—പ്രതിഷ്ഠിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. കാരണം, ഞാനിപ്പോൾ വിഗ്രഹാരാധനയിലേ വിശ്വസിക്കുന്നില്ല. ട്രോട്സ്കി, ബുഖാരിൻ, റോസ ലക്സെംബർഗ്, ഗ്രാംചി, ല്യൂക്കാച്ച് തുടങ്ങിയ മാർക്സിസ്റ്റുകളെ എല്ലാ കമ്മ്യൂണിസ്റ്റുകാരും ഗൗരവത്തൊടെ പഠിക്കുകയും വിമർശനാത്മകമായി വിലയിരുത്തുകയും വേണമെന്നു ഞാൻ വിചാരിക്കുന്നു. ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നു് അവരെ നീക്കിക്കളഞ്ഞാൽ മാർക്സിസം അത്രയ്ക്കും ദരിദ്രമാകും. ട്രോട്സ്കിയെ സാമ്രാജ്യത്വ ചാരനും ഫാസിസ്റ്റു ഏജന്റുമായി ചിത്രീകരിച്ച സ്റ്റാലിനിസ്റ്റ് കപട ചരിത്രത്തിൽ എനിക്കു വിശ്വാസമില്ല. സോവിയറ്റ് ചരിത്രകാരന്മാർപോലും ഇപ്പോൾ അത്തരം കാഴ്ചപ്പാടുകൾ ഉപേക്ഷിച്ചതായി കാണുന്നു. അറുപതുകളുടെ അവസാനം പ്രസിദ്ധീകരിച്ച ഒരു പുതിയ സി. പി. എസ്. യു. ചരിത്രത്തിൽ ട്രോട്സ്കി വിമർശിക്കപ്പെട്ടിരിക്കുന്നതു് ഫാസിസ്റ്റു് ചാരനെന്ന നിലയ്ക്കല്ല, അദ്ദേഹത്തിന്റെ തെറ്റായ “വീക്ഷണ”ങ്ങളുടെ പേരിലാണു്. ഈ മാറ്റവും മതിയാവില്ല. ല്യൂക്കാച്ച് പറഞ്ഞതുപോലെ, ട്രോട്സ്കിയുടെ പങ്കു മനസ്സിലാക്കിയില്ലെങ്കിൽ ഒരാൾക്കു റഷ്യൻ വിപ്ലവത്തിന്റെ ചരിത്രം ഗ്രഹിക്കാനാവില്ല. അതുകൊണ്ടു്, റഷ്യൻ വിപ്ലവത്തിന്റെ ഇളകിമറിയുന്ന ദിനങ്ങളെയും അതിൽ ട്രോട്സ്കിയുടെ പങ്കിനെയും ഒന്നാന്തരമായി പ്രതിപാദിക്കുന്ന ജോൺ റീഡിന്റെ “ലോകത്തെ പിടിച്ചുകുലുക്കിയ പത്തു നാളുകൾ” ലെനിന്റെ അവതാരികയോടുകൂടി സോവിയറ്റ് യൂണിയനിൽ തന്നെ ഇയ്യിടെ പ്രസിദ്ധീകരിച്ചു കാണുന്നതിൽ ഞാൻ സന്തുഷ്ടനാണു്. 1923-ലെ ‘ഇംപ്രൊക്കോറി’ൽ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥമേധാവിത്തവത്ക്കരണത്തെക്കുറിച്ചുള്ള പ്രബന്ധവും, ‘മാർക്സിസത്തിനുവേണ്ടി’ ‘സാഹിത്യത്തെയും കലയേയും കുറിച്ചു്’, ‘റഷ്യൻ വിപ്ലവത്തിന്റെ ചരിത്രം’ തുടങ്ങിയ ഇതര കൃതികളുമുൾപ്പെടെ ട്രോട്സ്കിയുടെ സുപ്രധാന സംഭാവനകൾ വിലപ്പെട്ടതാണെന്നും, അദ്ദേഹത്തിന്റെ ചില ആശയങ്ങൾ ഇന്നും പ്രസക്തമാണെന്നും ഞാൻ കരുതുന്നു. ട്രോട്സ്കി പറഞ്ഞതും എഴുതിയതും മുഴുവൻ ഞാൻ അംഗീകരിക്കുന്നു എന്നൊന്നും ഇതിന്നർത്ഥമില്ല. മാർക്സിസത്തിന്റെ വികാസത്തിനു് വിമർശനാത്മകമായൊരു സമീപനം അനിവാര്യമാണു്.
- ചോദ്യം:
- താങ്കൾ നാല്പതു വർഷത്തിലേറെക്കാലം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നിട്ടുണ്ടു്. താങ്കളതിന്റെ നേതൃഘടകങ്ങളിലുണ്ടായിട്ടുണ്ടു്. പാർലമെന്റിലും സഹോദരകക്ഷികളുടെ സമ്മേളനങ്ങളിലും, താങ്കൾ അതിനെ പ്രതിനിധീകരിച്ചിട്ടുണ്ടു്. അതിന്റെ ചർച്ചകളിൽ താങ്കൾ പങ്കെടുത്തിട്ടുണ്ടു്. അതേറ്റവും അധികം വിജയം നേടിയ പ്രദേശങ്ങളിലൊന്നായ കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ താങ്കൾ അഗ്രദൂതന്റെ തന്നെ പങ്കു വഹിച്ചിട്ടുണ്ടെന്നതു പറയുകയേ വേണ്ടാ. പാരമ്പര്യ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു്—ഇതിൽ ഞാൻ സി. പി. ഐ., സി. പി. എം.; പിളർന്ന എം. എൽ. ഗ്രൂപ്പുകൾ, ഇങ്ങിനെ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവായൊരു രാഷ്ട്രീയ-പ്രത്യയശാസ്ത്രാടിസ്ഥാനമുള്ള പാർട്ടികളെയെല്ലാം പെടുത്തുന്നു—ഇന്ത്യയിൽ ഒരു ഭാവിയുണ്ടെന്നു താങ്കൾ കരുതുന്നുണ്ടോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ഗ്രൂപ്പുകളെയും പാർട്ടികളെയും പരിഷ്ക്കരിക്കുക സാദ്ധ്യമാണോ, അതോ പുതിയ തരത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആവശ്യമുണ്ടോ?
- ഉത്തരം:
- ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ഭൂതകാലം മുഴുവൻ നിഷേധിക്കേണ്ടതാണെന്ന വീക്ഷണം ഞാൻ നിരാകരിക്കുന്നു. വൈരൂപ്യങ്ങളും തെറ്റുകളുമെല്ലാമിരിയ്ക്കെത്തന്നെ, സോഷ്യലിസത്തിനും വിപ്ലവത്തിനും വേണ്ടി സമരം ചെയ്യുകയും സഹനമേറ്റെടുക്കുകയും ചെയ്ത നൂറുകണക്കിൽ, ആയിരക്കണക്കിലുള്ള, കമ്മ്യൂണിസ്റ്റുകാർ ഇന്ത്യയിലുണ്ടായിട്ടുണ്ടു്. ഒട്ടനവധി കർഷക സമരങ്ങളും ട്രേഡ് യൂണിയൻ സമരങ്ങളും സാമ്രാജ്യത്വവിരുദ്ധസമരങ്ങളും നടത്തിയ ഒന്നാന്തരം കമ്മ്യൂണിസ്റ്റു കലാപകാരികളിവിടെ ഉണ്ടായിട്ടുണ്ടു്. നാം ചർച്ചചെയ്ത കാരണങ്ങളാൽ നേതൃത്വത്തിനു് അവരുടെ കഴിവുകളെയും ശക്തികളെയും വിപ്ലവപരമായി തിരിച്ചുവിടാൻ കഴിഞ്ഞില്ലെന്നതായിരുന്നു ദുരന്തം. അനുഭവത്തെ ആകെപ്പാടെ എഴുതിത്തള്ളിക്കൂടെന്നു തന്നെ ഞാൻ ഊന്നിപ്പറയും. ഏതു പുതിയ കമ്മ്യൂണിസ്റ്റു പ്രസ്ഥാനവും വീണ്ടും സ്വന്തമാക്കേണ്ട അദ്ധ്യായങ്ങൾ അതിന്നുണ്ടു്. സി. പി. ഐ.-യുടെയും, സി. പി. എം.-ന്റെയും, എം. എൽ. ഗ്രൂപ്പുകളുടെയും അടിത്തറയിൽ ഒരു സോഷ്യലിസ്റ്റു വിപ്ലവമാഗ്രഹിക്കുന്ന, സമർപ്പിത ചേതസ്സുകളായ, ആയിരക്കണക്കിനു പ്രവർത്തകരുണ്ടു്, അവരെ കണ്ടില്ലെന്നു നടിക്കരുതു്. തന്നെയല്ല, അവരിൽ പലർക്കും ബഹുജന സമരങ്ങളുടെ അനുഭവം സ്വന്തമായുണ്ടു്. സാമ്പ്രദായിക പാർട്ടികളിലെ സ്റ്റാലിനിസം അനുഭവിച്ചിട്ടില്ലാത്ത ധാരാളം യുവവിപ്ലവകാരികളും മാർക്സിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളുമായി ഉയർന്നു വരുന്നുണ്ടു്. രാജ്യത്തെ എല്ലാ കമ്മ്യൂണിസ്റ്റു ശക്തികളെയും മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ യോജിപ്പിക്കുന്നതു് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വികാസത്തിനു് അത്യാവശ്യമാണെന്നു ഞാൻ കരുതുന്നു. ഇതു് എങ്ങിനെയാണുണ്ടാവുകയെന്നതു്—ഒരു ലയനം കൊണ്ടാണോ, പുതിയൊരു കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ഉദയം കൊണ്ടാണോ എന്നതു്—ഭാവിയ്ക്കു വിട്ടുകൊടുക്കാം. എന്നാൽ പരസ്പരം തലതല്ലിപ്പൊളിച്ചുകൊണ്ടു് ഐക്യം നേടാനാവില്ല. തത്വാധിഷ്ഠിതമായ ചർച്ചകളും സാഹോദര്യപൂർണ്ണമായ വിവാദങ്ങളും, പൊതുവായി യോജിപ്പുള്ള പരിപാടിയുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത പ്രവർത്തനങ്ങളുംവഴി മാത്രമെ അതു സംഭവിക്കൂ. വിവിധ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ അണികൾ സ്വന്തം സൈദ്ധാന്തിക നിലവാരമുയർത്തുകയും ഈ മഹാസംവാദത്തിനു സഫലമായി സ്വയം ഇടപെടുവാൻ കഴിവു നേടുകയും ചെയ്യുമ്പോൾ മാത്രമേ ഇതു വിജയിക്കുകയുള്ളു. ഞാനൊരു ശുഭാപ്തി വിശ്വാസിയാണു്. വാർദ്ധ്യക്യത്തിലേയ്ക്കു കാലൂന്നിയ പഴയ തലമുറയിലെ നേതാക്കൾ ഈ ശ്രമത്തിൽ പരാജയപ്പെട്ടാലും, പുതിയ യുവതലമുറയിലെ വിപ്ലവകാരികൾ അവസരത്തിനൊത്തുയരുമെന്നു് എനിക്കുറപ്പുണ്ടു്.
(അവസാനിച്ചു)

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിൽ ഒരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ ദാമോദരൻ (ഫെബ്രുവരി 25, 1904–ജൂലൈ 3, 1976). മലപ്പുറം ജില്ലയിലെ തിരൂർ വില്ലേജിൽ പൊറൂർ ദേശത്തു് കീഴേടത്ത് എന്ന സമ്പന്ന നായർ കുടുംബത്തിൽ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണു് ദാമോദരൻ ജനിച്ചതു്. കേരള മാർക്സ് എന്നാണു് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നതു്. ‘പാട്ടബാക്കി’ എന്ന നാടകരചനയിലൂടെയും അദ്ദേഹം പ്രശസ്തനായി. കോഴിക്കോട് സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനങ്ങളോടു് ആകർഷിക്കപ്പെട്ടു. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു.
കാശിവിദ്യാപീഠത്തിലെ പഠനകാലഘട്ടം മാർക്സിസ്റ്റ് ആശയങ്ങളോടു് താൽപര്യം വർദ്ധിപ്പിച്ചു. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായാണു് കേരളത്തിൽ തിരിച്ചെത്തിയതു്. പൊന്നാനി ബീഡിതൊഴിലാളി പണിമുടക്കിൽ പങ്കെടുത്തു് അറസ്റ്റ് വരിച്ചു. നവയുഗം വാരികയുടെ പത്രാധിപരായിരുന്നു. പാർട്ടി പിളർന്നപ്പോൾ സി. പി. ഐ.-യിൽ ഉറച്ചുനിന്നെങ്കിലും അവസാനകാലത്തു് പാർട്ടിയിൽ നിന്നും അകന്നു. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ചരിത്രം തയ്യാറാക്കാനുള്ള പഠനത്തിനിടെ 1976 ജൂലൈ 3-നു് അന്തരിച്ചു. പദ്മം ജീവിതപങ്കാളിയായിരുന്നു.