നഗരം തൂവെളിച്ചത്തിൽ
മിന്നിനിൽക്കുന്ന രാത്രിയിൽ
ആരും കാണാതിറങ്ങുന്നു
റോഡുകൾ സഞ്ചരിക്കുവാൻ
ഉരുളും ചക്രവും, നെഞ്ചിൽ
പതിയും കാലനക്കവും
ഉപേക്ഷിച്ചു മടങ്ങുന്നു
പൂക്കളോടൊത്തുറങ്ങുവാൻ
പാലവും, പലർ വന്നെത്തും
റെയിൽപാതകളും കട-
ന്നൊഴുകുന്നു നിലാവത്തു്
യമുനാനദിപോൽ വഴി.
പുതപ്പു വില്പവർ, നീല-
ഷീറ്റിലന്തിയുറങ്ങുവോർ
ആരും കാണാതൊളിച്ചോടി-
പ്പോകുന്നൂ വിശ്രമിക്കുവാൻ.
മരത്തിൻ വേരുകൾ തൊട്ടു
വന്നു ഞാനെന്നു ചൊല്ലിടും
നിണത്തിൻ കറയെല്ലാമേ
തൃണത്തിൽ തൂത്തു മായ്ച്ചിടും.
ഉതിരും മഞ്ഞതിൻ മുമ്പേ
ഉറക്കം വിട്ടുണർന്നിടും
ആദ്യയാത്രികനെത്തും മു-
മ്പൽപം ധ്യാനിച്ചിരുന്നിടും
പതിവായ് യാത്ര ചെയ്യുന്നൂ
പാതകൾ, നമ്മളേവരും
ഉറങ്ങുമ്പോ, ളിതേപോലെ
സ്വസ്ഥരായി മയങ്ങുവാൻ
പുകയും രക്തവും പൽ-
ച്ചക്രം ചുറ്റും മുരൾച്ചയും
സഹിച്ച പകലും താണ്ടി
രാത്രി സഞ്ചാരമാണവർ.
ചോരുന്ന കാലൻ കുട
കുട്ടിയ്ക്കു പ്രിയം, കൂടെ
പ്പോകുന്നോർക്കെല്ലാം വർണ്ണ-
ക്കുടയുണ്ടെന്നാകിലും
ഒടിഞ്ഞ കമ്പി, ഓരോ
ചുവടുവയ്ക്കുമ്പോഴും
ഉയർന്നു താഴും കിളി-
ച്ചിറകെന്നതു പോലെ.
പറവക്കാലിൽ ഞാന്നു-
പറക്കും പോലെയൊറ്റ-
ച്ചിറകനൊരു പക്ഷി-
യൊപ്പമുള്ളതുപോലെ…
നനയാൻ കുട്ടിക്കിഷ്ടം,
ചാറ്റലിൽ, ക്കുടയ്ക്കുള്ളി-
ലതിയായ്ത്തുള വീണ
ശീല മറ്റൊരാകാശം.
മഴ മേഘങ്ങൾ സർവ്വം
പെയ്തു വീഴ്കിലും, ചെറു-
കുടയിലാകാശത്തിൽ
ചാറ്റലാണെല്ലായ്പ്പോഴും…
അവന്റെയാകാശത്തി-
നിടയിൽ അവന്മാത്ര,-
മവന്റെ സാമ്രാജ്യത്തി-
ലത്യന്തം നിശബ്ദത…
തെരുവുവിളക്കിന്റെ
ചുവട്ടിൽ നടക്കുമ്പോൾ
കുടയിലാകാശത്തിൽ
വിരിയും താരാഗണം…
ചോരുന്ന കുട, കുട്ടി-
യ്ക്കാരുമേയറിയാതെ,
യേകുന്നു… ഏകാന്തമാം,
സ്വന്തമായൊരുലോകം…
നോട്ടം ചെന്നു തട്ടാത്ത-
മണലാഴിപ്പരപ്പിലായ്,
വെയിൽക്കൂടാരത്തിനുളളി-
ലിരിപ്പാണൊരു യാത്രികൻ.
ഒപ്പമുണ്ടൊട്ടകം ഭാണ്ഡ-
ക്കെട്ടുതാങ്ങി നടക്കുവാൻ,
അകലത്തെ മരുപ്പച്ച-
ക്കുളിരേയോർത്തുമങ്ങനെ.
വെയിലയവിറക്കുന്നോ-
രൊട്ടകത്തിന്റെ കൺകളിൽ
വട്ടപ്പൂജ്യമായ് ഭൂമി,
വറ്റിമാഞ്ഞൊരു നീർത്തടം.
നാവു കീറി മുറിഞ്ഞാലും,
ചോരയെത്ര പൊടിക്കിലും,
പ്രിയമെല്ലായ്പ്പൊഴും തിന്നാ-
നൊട്ടകത്തിനു മുൾച്ചെടി.
മരുപ്പച്ചയടുത്തെന്നും
നിനച്ചേ ഭാണ്ഡമേന്തുമീ-
യൊട്ടകത്തിന്നറിയില്ലാ
മായാജാലമരീചിക…
ചങ്ങല പൊട്ടിച്ച പട്ടി, നടവഴി
താണ്ടി വെയിലിൽ മറഞ്ഞു.
ചങ്കുതകർന്നു തളർന്നിരുന്നൂ കുട്ടി,-
യേങ്ങലടിച്ചു കരഞ്ഞു.
അറ്റ തുടൽക്കണ്ണി നോക്കി, മണ്ണിൽ നഖം
കുത്തിയ പാടുകൾ തേടി,
നിത്യമവൻ വരുമെന്നുള്ളൊരാശതൻ
നെറ്റിയിൽ തൊട്ടുതലോടി.
കൊട്ടയിലച്ചാർത്തിലൂടെയെത്തും വെയിൽ
വട്ടമിഴികളായ് തോന്നി.
മുട്ടിയുരുമ്മുമിളവെയിൽ, പട്ടിയെ-
ത്തൊട്ടപോൽ ആശ്വാസമേകി.
ഓടിയലഞ്ഞു വരുമ്പോൾ കുടിയ്ക്കുവാൻ
നീരൊരുപാത്രം കരുതി.
ഉച്ചവെയിൽ ഒരാൾപോലുമറിയാതെ
നക്കിക്കുടിച്ചു മടങ്ങി.
സന്ധ്യയ്ക്കു മുമ്പവൻ വന്നു, വെള്ളംകുടി-
ച്ചെന്നു സന്തോഷിച്ചു കുട്ടി
കെട്ടുപൊട്ടിപ്പുറപ്പെട്ട ചെമ്പൻപട്ടി-
യെന്നപോലന്തിവെയിലെത്തി.
മണ്ണിൽനിന്നാകാശത്തെ
പിളർത്താനുയരുന്ന
മിന്നലാം നിൻ നാദം ഞാൻ
കേട്ടിരിക്കാറുണ്ടെന്നും.
നാം തമ്മിലറിയാത്തോ-
രെങ്കിലും, ദൂരങ്ങളെ
താണ്ടും നിൻ രാഗം കേട്ടു
കണ്ണുകളടയ്ക്കുമ്പോൾ,
വലിയ മിനാരമായ്
മാറുമാകാശം, കാറ്റി-
ലൂദിന്റെ മണം, പച്ച-
ത്തോരണങ്ങളും പേറി
മരങ്ങളത്യുന്നതം
തൊടുവാൻ ധ്യാനിക്കുന്നു.
രാവിനെ, പകലിനെ
നിൻ സ്വരമാമീയഞ്ചു-
നൂലുകളാലേ കോർത്തു
നീയുരുക്കഴിക്കുമ്പോൾ,
വകുളാഭരണത്തിൻ[2]
പരവതാനിപ്പുറ-
ത്തിരുന്നു പറന്നു ഞാൻ
പ്രപഞ്ചമാകെക്കണ്ടൂ.
ഇച്ചെറുമിനാരത്തിൽ
നിന്നു പൊങ്ങും നിൻ ശബ്ദ-
മെത്തുവതെങ്ങാണെന്നു
സംശയിക്കാറുണ്ടു ഞാൻ
ഒരറ്റം നിന്നിൽ, മറ്റേ-
യറ്റമീ ലോകത്തിനു
വെളിയിൽ, അനുദിനം
കുറഞ്ഞീടുന്നൂ ദൂരം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനടുത്തു് ബുധനൂരിൽ 1994-ൽ ജനിച്ചു. അച്ഛൻ ഭാസ്ക്കരക്കുറുപ്പു്, അമ്മ നിർമ്മലാദേവി. ബുധനൂർ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, ഗവൺമെന്റ് ITI ചെങ്ങന്നൂർ, ഗവ. പോളി ടെക്നിക് കോട്ടയം എന്നിവിടങ്ങളിലായി വിദ്യാഭ്യാസത്തിനു ശേഷം ബെംഗലൂരുവിൽ തൊഴിൽ ചെയ്യുന്നു.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ