ആനന്ദിന്റെ ‘ആൾകൂട്ടം’ എന്ന നോവലിൽ മിന്നിമറഞ്ഞു പോവുന്ന നിരവധി കഥാപാത്രങ്ങളിലൊരാളാണു് കാർബാറി. പലകാര്യങ്ങളിലും താൽപര്യമുണ്ടെങ്കിലും ഒന്നിലും ഉറച്ചുനിൽക്കുന്ന ആളല്ല അയാൾ. ഒരിക്കൽ ശബ്ദം ചെവികൊണ്ടു കേൾക്കാൻ ശ്രമിച്ചപ്പോൾ അയാൾക്കു് അറപ്പു് തോന്നി. സ്വന്തം ചിന്തകൾ കേൾക്കാൻ കഴിഞ്ഞാലും ഒരാൾക്കു് ഇതേ അസഹ്യത തന്നെയാണു് തോന്നുക എന്നു് കാർബാറി പറയുന്നു: “മനുഷ്യന്റെ ഓരോ കൃത്യവും ഓരോ ചലനവും തന്നിൽ നിന്നുതന്നെ ഒളിച്ചോടിപോകാനുള്ള യത്നമാണു് ” (384). ജോസഫ്, കാർബാറിയുടെ ചിന്തകളെ ഇങ്ങിനെ സ്വന്തം വാക്കുകളിൽ സംക്ഷേപിക്കുന്നു: “നിങ്ങളുടെ അഭിപ്രായത്തിൽ മനുഷ്യനു് ആത്മസാക്ഷാത്ക്കാരം ലഭിക്കുന്നതു് സ്വന്തം ആത്മാവിനെ അഭിമുഖീകരിക്കുമ്പോഴല്ല, മറിച്ചു്, മറ്റുള്ളവരിൽ ചെന്നു് മുട്ടുമ്പോഴാണു്” (384). ഇതു ജോസഫ് വിചാരിക്കുമ്പോലെ സോഷ്യലിസ്റ്റ് ചിന്താഗതിയിലേക്കു നയിക്കുന്ന പാതയല്ല, കാർബാറി അങ്ങിനെയൊരു വ്യവസ്ഥയെ പിന്തുണക്കുന്നുണ്ടെങ്കിലും. അപരങ്ങളും അന്യങ്ങളുമായി നമുക്കുള്ള ബന്ധമാണു് നോവലെന്ന സാഹിത്യരൂപത്തിന്റെ വലിയൊരു അന്വേഷണമേഖല. അപരങ്ങളുടെ മാദ്ധ്യമത്തിലൂടെയാണു് ഞാൻ എന്നെ അറിയുന്നതു്. മറ്റുള്ളവരെ അറിയാൻ കഴിയുന്നതുപോലെ നമുക്കു നമ്മെ അറിയാൻ കഴിയുന്നില്ല എന്നതാണു് വാസ്തവം. ഇതിനൊരു കാരണം നമ്മുടെ പുറത്താണു് നാമുള്ളതു് എന്നാണു്. നമ്മുടെ ‘അക’മെന്നതു് ഭാഷയിലൂടെ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഭാഷണങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും, നാം ഉണ്ടാക്കിയെടുക്കുന്ന ഒരു പ്രതീതിയാണു്. അതു് ‘ഇളകുന്ന അടിത്തറയിലൂടെ ചലിക്കുന്ന തോണി’ പോലെ ഒന്നിലും ഉറയ്ക്കാത്തതാണു്. പലതരം വ്യവഹാരങ്ങൾ ചേർന്നെഴുതിയ ചിത്രമെന്ന നിലയിൽ വ്യക്തികളെ അവർക്കുള്ളിലല്ല, അവരുടെ പുറത്തുള്ള സാമൂഹ്യസ്ഥലങ്ങളിലും പരസ്പര ബന്ധങ്ങളിലും സാമൂഹ്യ–രാഷ്ട്രീയ സ്ഥാപനങ്ങളിലും ഇവയെല്ലാത്തിനെയും നിർവചിക്കുന്ന അധികാരഘടനകളിലുമാണു് അന്വേഷിക്കേണ്ടതു് എന്ന തിരിച്ചറിവാണു് ‘ആൾക്കൂട്ട’മെന്ന പരികല്പനയെ, കാലസ്ഥലത്തെ സാദ്ധ്യമാക്കുന്നതു്.
ആൾക്കൂട്ട’ത്തിൽ സ്വാതന്ത്ര്യം, വ്യക്തി, അസ്തിത്വം, ലക്ഷ്യം, മാർഗ്ഗം, സമൂഹം, വ്യവസ്ഥിതികൾ, സ്ത്രീപുരുഷ ബന്ധങ്ങൾ മുതലായവയെല്ലാം തന്നെ കറുപ്പിലും വെളുപ്പിലും മാത്രമായി കാണൻ കഴിയാത്തൊരു തലമുറയുടെ ധാർമ്മിക പ്രതിസന്ധിയുണ്ടു്. അടിത്തറയിളകുന്ന സമൂഹത്തിൽ മൂല്യങ്ങളുടെ ശ്രേണി ഓരോവ്യക്തിയും സ്വയം കണ്ടെത്തേണ്ടി വരുന്നു.
സാഹിത്യരൂപങ്ങൾക്കു് കാലവുമായുള്ള ബന്ധം ഒന്നിനൊന്നു് വ്യത്യസ്തമാണു്. കവിത സംഗീതത്തോടെന്നപോലെ കാലത്തോടും ആന്തരികബന്ധം പുലർത്തുന്നു. അരങ്ങിൽ കാലത്തിന്റെ പല അടരുകൾ തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ സ്ഥലകാലബന്ധങ്ങൾ സംഘർഷങ്ങളിലൂടെ സംക്രമണ മുഹൂർത്തങ്ങളിലേക്കു് സഞ്ചരിക്കുന്നു. കാലത്തെ സ്ഥലമായി മാറ്റിയെഴുതുന്ന സാഹിത്യരൂപമാണു് നോവൽ. മിഖയിൽ ബക്തിൻ തന്റെ നോവൽ പഠനങ്ങളിൽ നോവലിന്റെ ചരിത്രത്തിൽ ആവർത്തിച്ചു ‘ക്രോണോടോപ്പു’കളെപ്പറ്റി പറയുന്നുണ്ടു്. ‘ക്രോണോസ്’ എന്നാൽ കാലവും ‘ടോപ്പോസ്’ എന്നാൽ സ്ഥലവും ആണു്. ഈയർത്ഥത്തിൽ ‘ക്രോണോടോപി’നെ മലയാളത്തിൽ ‘കാലസ്ഥല’മെന്നു പറയാം. കാലം ഖരരൂപമാർജിക്കുന്ന, ജൈവരൂപം കൈവരിച്ചു് കലാത്മക ദൃശ്യമായിത്തീരുന്ന ചിഹ്നവ്യവസ്ഥയാണു് ബക്തിനെ സംബന്ധിച്ചേടത്തോളം ‘കാലസ്ഥലം’. കാലവും സ്ഥലവും തമ്മിൽ വൈരുദ്ധ്യാത്മക ബന്ധമുണ്ടു്. സ്ഥലത്തിന്റെ വ്യാപ്തി ആധുനികകാലത്തു് സങ്കോചിക്കുകയാണു് ഉണ്ടായതു്, എന്നാൽ കാലത്തിന്റെ ഗഹനത ഇന്നും പൂർണ്ണമായും മനുഷ്യന്റെ പ്രജ്ഞയ്ക്കും അന്വേഷണങ്ങൾക്കും വഴങ്ങുന്നില്ല. ‘ആൾക്കൂട്ട’മെന്ന കാലസ്ഥലം സാദ്ധ്യമാക്കുന്ന നിരവധി രൂപകങ്ങൾ ആനന്ദിന്റെ നോവലിൽ പുതിയൊരു സാമൂഹികതയെ കണ്ടെടുക്കുന്നു. നാൽക്കവലകൾ, നിരത്തുകൾ, ഫുട്പാത്തുകൾ, ഇടുങ്ങിയ തെരുവുകൾ, ചേരികൾ, ലോഡ്ജ് മുറികൾ, ഭക്ഷണശാലകൾ, ഓഫീസ് മുറികൾ, തെരുവു് വില്പനക്കാർ, വാഹനങ്ങൾ ഇങ്ങിനെ നീളുന്ന നഗരസ്ഥലങ്ങളുടെ പെരുക്കത്തെ കവച്ചു് ചരിത്രത്തിലേക്കും ഭാവിയിലേക്കും വളരുന്ന തച്ചുഘടനയാണു് ആൾക്കൂട്ടത്തിന്റേതു്. ഡിക്കൻസിന്റേയും, ഡോസ്റ്റോവ്സ്ക്കിയുടെയും നോവലുകളിൽ കഥാപാത്രങ്ങൾ ഒറ്റപ്പെടുമ്പോഴും ആൾക്കൂട്ടത്തിന്റെ ഇരമ്പത്തിൽ നിന്നു് ദൂരത്തല്ല. ഡോസ്റ്റോവ്സ്ക്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിൽ റാസ്കോൽനികോവ് തന്റെ കുറ്റം ആദ്യം ഏറ്റുപറയുന്നതു് സോണിയയോടാണു്. താനെന്തു ചെയ്യണമെന്നയാൾ ചോദിക്കുമ്പോൾ സോണിയ പറയുന്നതു് നാൽക്കവലയിൽ ചെന്നു് നിലത്തെ മണ്ണു് ചുംബിച്ച് തന്റെ കുറ്റം പരസ്യമായി ഏറ്റുപറയാനാണു്. പിന്നീടയാൾ പോലീസിൽ കീഴടങ്ങാൻ പോവുന്നതിനു മുമ്പു് നാൽക്കവലയിൽ നിലത്തിരുന്നു് മണ്ണു് മുത്തുന്നു. ചുറ്റുമുള്ള ആൾക്കൂട്ടത്തിന്റെ പരിഹാസം തന്റെ കുറ്റം ഏറ്റുപറയന്നതിൽ നിന്നു് റാസ്കോൽനികോവിനെ വിലക്കുന്നുണ്ടു്. നോവലിന്റെ പ്രാഗ്ചരിത്രത്തിൽ കാർണിവൽ രൂപങ്ങളിലുള്ള അനുഷ്ഠാനങ്ങളുണ്ടു്. നായകനായി വേഷം കെട്ടുന്നവനെ നാൽക്കവലയിൽവെച്ചു് പരസ്യമായി അപമാനിക്കുക ഇത്തരം അനുഷ്ഠാനങ്ങളിലെ പ്രധാനഭാഗമാണു്. ഡോസ്റ്റോവ്സ്ക്കിയുടെ നോവലുകളിൽ വാതിൽപ്പടി (threshold) എങ്ങനെ പ്രതിസന്ധികാലത്തിന്റെ ബിംബമായി ആവർത്തിക്കുന്നുവെന്നു് ബക്തിൻ പറയുന്നുണ്ടു്. തന്റെ നോവലിലെ സുപ്രധാന സംഭവങ്ങൾ റോഡിലേക്കു തൂറക്കുന്ന കോണിപ്പടികളിലോ, ചെറിയ മുറികളിലോ അണു് സംഭവിക്കുക. ഇത്തരം വാതിൽപ്പടി സമയങ്ങളിൽ നിന്നകന്നു് വീടിന്റെ സാന്ത്വനഭരിതമായ അകത്തളങ്ങൾ കുടുംബങ്ങളുടെ, ദാമ്പത്യത്തിന്റെ, ജീവചരിത്രസമയങ്ങളെയാണു് കുറിക്കുക. അത്തരം അകത്തളങ്ങൾ ആനന്ദിലും ഇല്ലെന്നതു് ശ്രദ്ധേയമാണു്. സുനിലും ജോസഫും മറ്റും ജീവിക്കുന്ന ലോഡ്ജ് ആശുപത്രി പോലെയാണെന്നു് തുടക്കത്തിൽതന്നെ നാം വായിക്കുന്നു. രാധയുടെ കുടുംബം ജീവിക്കുന്ന ഗൃഹാന്തർഭാഗം പ്രക്ഷുബ്ധവും സംഘർഷഭരിതവുമാണു്.
നാൽക്കവലയിലും വാതിൽപ്പടിയിലും സാദ്ധ്യമാവുന്ന സമയം സംഘർഷത്തിന്റേതു മാത്രമാണെന്നു് ബക്തിൻ പറയുന്നുണ്ടു്. ‘ആൾക്കൂട്ട’ത്തിലെ കഥാപാത്രങ്ങൾ സ്വകാര്യതയുടെ സാദ്ധ്യതകൾ വിരളമായ സ്ഥലങ്ങളിലാണു് ജീവിക്കുന്നതു്, റാസ്കോൽനികോവിന്റെ ചെറിയമുറിയെ ‘ശവപ്പെട്ടി’ എന്നാണു് ഡോസ്റ്റോവ്സ്ക്കി വിശേഷിപ്പിക്കുന്നതു്. ലോഡ്ജിലും വീട്ടിലും ആനന്ദിന്റെ കഥാപാത്രങ്ങൾ മറ്റുള്ളവരുടെ ദൃഷ്ടിപഥത്തിൽത്തന്നെ തുടരുന്നു. കുടുംബത്തിന്റെ തുടർച്ചകൾ സാദ്ധ്യമാക്കുന്ന സ്വകാര്യതയിൽ ജീവചരിത്ര സമയത്തിലൂടെ നേടാവുന്ന കാലത്തിന്റെ സംഹാരഭാവത്തിന്റെ ഉല്ലംഘനമുണ്ടു്. സുനിൽ എന്നും വ്യക്തിബന്ധങ്ങളിൽ നിന്നു് ഓടിപ്പോകുകയേ ചെയ്തിട്ടുള്ളൂ എന്നു് രാധയ്ക്കു് തോന്നുന്നുണ്ടു്. അവൾ സുനിലിനോടു ചോദിക്കുന്നു. “അടുത്ത് ഒരാളെ സ്നേഹിക്കാൻ കഴിയാത്ത നിങ്ങൾക്കു് എങ്ങിനെയാണു് മനുഷ്യരെ പൊതുവായി സ്നേഹിക്കാൻ കഴിയുക?” ഇതിനുത്തരമായി സുനിൽ പറയുന്നു, “ദസ്തയ്വ്സ്ക്കിയുടെ ഒരു കഥാപത്രം ഒരിക്കൽ നിങ്ങളെപ്പോലെ ഈ ചോദ്യം ചോദിക്കുകയുണ്ടായി. ഞാനും കുറെക്കാലം അങ്ങനെ ചോദിച്ചുകൊണ്ടു് നടന്നു” (1397). തനിക്കു വ്യക്തമായ ഉത്തരമൊന്നും കിട്ടിയില്ലെന്നു് തുറന്നുപറയുന്ന സുനിൽ നഗരമെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നു. അതുമായുള്ള ബന്ധനം തന്റെ സ്വാതന്ത്ര്യമായിക്കാണാനും അയാൾക്കു് വിഷമമില്ല. സുനിൽ അയാളുടെ വഴിക്കു പോവുമെന്നും താൻ വീണ്ടും ഒറ്റയ്ക്കാവുമെന്നും ഓർക്കുമ്പോൾ രാധയ്ക്കു് പെട്ടന്നു് ബോംബെ നഗരം ഒരു മുറിപോലെ ചെറുതായിപ്പോകുന്നതായി തോന്നുന്നു. ആൾക്കൂട്ടമെന്ന കാലസ്ഥലം ഉൽപാദിപ്പിക്കുന്ന സംഘർഷ സമയമാണിതു്. വണ്ടിവന്നിട്ടും പോവാതെ പ്ലാറ്റ്ഫോമിൽ ഒറ്റയ്ക്കിരിക്കുന്ന രാധക്ക് മുന്നിൽ ഒരു ജീവിതം മുഴുവൻ ഉണ്ടെങ്കിലും അതിനെ ചൂഴ്‌ന്നുനിൽക്കുന്ന ഇടുങ്ങിയ ചുമരുകൾ എന്നും ആൾക്കൂട്ടത്തിലേക്കു തുറന്നുകൊണ്ടിരിക്കും ആശ്വാസത്തിനായി.
ആൾക്കൂട്ടത്തിന്റെ ചിഹ്നവ്യവസ്ഥയിൽ അകംപുറം വിഭജനങ്ങൾ പൂർണ്ണമായും സാദ്ധ്യമല്ല. അകം പുറത്തേക്കും പുറം അകത്തേക്കും തുറന്നിരിക്കുന്നു. ജോസഫ് അവസാനമെത്തിപ്പെടുന്ന ഇടുങ്ങിയ മുറിയിലേക്കു് പോവാൻ ആകാശത്തിന്റെ കീറുപോലും കാണാൻ വിഷമമായ, തുരങ്കം പോലെയുള്ള വഴിയിലൂടെ നടക്കണം. തെരുവിനെ അഭിമുഖീകരിച്ചു നിൽക്കുന്ന ഒമ്പതടി വീതിയും പത്തടിനീളവുമുള്ള ചതുരമുറി, റോഡിലേക്കു തുറക്കുന്ന ജനൽ, വസൂരിക്കലകൾ പോലെ ആണി അടയാളങ്ങൾ, കുഷ്ഠരോഗിയുടെ ശരീരം പോലെയുള്ള തറ. എന്നും മറ്റുമുള്ളവരുടെ സാന്നിദ്ധ്യത്തിൽ മാത്രം, ലോഡ്ജിലായാലും ഫുട്പാത്തിലായാലും, ജീവിച്ചവനാണു് ജോസഫ്. രാധയുമായി ജീവിതത്തിൽ തന്നെ അപൂർവ്വമായ സ്വകാര്യനിമിഷങ്ങൾ ഈ മുറിയിൽ പങ്കിടുമ്പോൾ രാത്രിയുടെ ഏകാന്തതയിലൂടെ തിമിർത്തോടുന്ന തീവണ്ടികളുടെ ശബ്ദവും വെളിച്ചവും അയാളറിയുന്നുണ്ടു്. ദലാൽ സ്ട്രീറ്റിലെ ലേലം വിളിയുടെ കോലാഹലം കണ്ടു് പേടിക്കുന്നുണ്ടൂ് ലളിത. നഗരത്തെ താങ്ങിനിർത്തുന്ന സമ്പദ്വ്യവസ്ഥയുടെ ഉയർച്ചതാഴ്ചകൾ അവിടെയാണു് തീരുമാനിക്കപ്പെടുന്നതെന്നു് സുനിലിനറിയാം. ഇവിടത്തെ എടുത്തു് പറയേണ്ടകാര്യം മലയാളി പരിചയിക്കാത്ത ഒരു ദൈനംദിനമാണു്. 1970-ൽ ‘ആൾക്കൂട്ടം’ പ്രത്യക്ഷവൽക്കരിച്ചതു് എന്നാണു്. ‘നാലുകെട്ടി’ലെ അപ്പുണ്ണിക്കും ‘ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു’ എന്ന നോവലിലെ നിസ്സാർ അഹമ്മദിനും സ്ഥലത്തിൽ വേരുകളുണ്ടു്, സ്വയം തിരിച്ചറിയാനുള്ള അടയാളങ്ങളുണ്ടു്. അവരുടെ ലോകവീക്ഷണങ്ങൾ വ്യക്തികേന്ദ്രീകൃതമായ ഉൽക്കർഷേച്ഛയെ പിൻപറ്റുന്നു.അവർ സാക്ഷാത്കരിക്കുന്ന സാമൂഹ്യപരിവർത്തനം ‘മനുഷ്യൻ എന്ന അമൂർത്ത സങ്കല്പത്തെ ന്യായീകരിക്കുന്ന വ്യവസ്ഥതന്നെയാണു് ദലാൽ സ്ട്രീറ്റിലെ ഓഹരിവിപണിയെ കാണാമറയത്തു് നിർത്തുന്നതു്. ‘ആൾക്കൂട്ടം’ എന്ന നോവൽ പാവനവും പരമവുമായതിനെ സാപേക്ഷികമായി പുനർനിർവ്വചിക്കുന്നു. ഈ നോവലിൽ ഉടനീളം നടക്കുന്ന സംഭാഷണങ്ങൾ ആലംബം നഷ്ടപ്പെടുന്ന ഒരു സമൂഹത്തിൽ എല്ലാ തത്വങ്ങളും ആശയങ്ങളും പുനർവിചാരണയ്ക്കു വിധേയമാക്കേണ്ടി വരുമ്പോൾ സംഭവിക്കുന്നതിതാണു്. ‘ഇന്ദുലേഖ’യുടെ പതിനെട്ടാം അദ്ധ്യായത്തിലെ നീണ്ട സംഭാഷണങ്ങൾ, ഇതുപോലൊരു ഘട്ടത്തിലുള്ള രണ്ടിലധികം കാഴ്ചപ്പാടുകളും ആശയലോകങ്ങളും തമ്മിലുള്ള സംവാദമായിരുന്നു. ‘ആൾക്കൂട്ട’ത്തിൽ സ്വാതന്ത്ര്യം, വ്യക്തി, അസ്തിത്വം, ലക്ഷ്യം, മാർഗ്ഗം, സമൂഹം, വ്യവസ്ഥിതികൾ, സ്ത്രീപുരുഷ ബന്ധങ്ങൾ മുതലായവയെല്ലാം തന്നെ കറുപ്പിലും വെളുപ്പിലും മാത്രമായി കാണൻ കഴിയാത്തൊരു തലമുറയുടെ ധാർമ്മിക പ്രതിസന്ധിയുണ്ടു്. അടിത്തറയിളകുന്ന സമൂഹത്തിൽ മൂല്യങ്ങളുടെ ശ്രേണി ഓരോവ്യക്തിയും സ്വയം കണ്ടെത്തേണ്ടി വരുന്നു. മറ്റുള്ളവരെ സംബോധനചെയ്യുന്ന ഭാഷണങ്ങളുടെ അധിക്യം ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. കുടുംബം, വിവാഹം, ദാമ്പത്യം മുതലായ സാമൂഹ്യസ്ഥാപനങ്ങൾ വ്യക്തികളെ മെരുക്കുകയും മിതപ്പെടുത്തുകയും അവരുടെ സ്വത്വങ്ങളെ വരുതിക്കുള്ളിലാക്കുന്ന വ്യവസ്ഥയെ പുനരുല്പാദിപ്പിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. അടിവരയിട്ടു് ശുഭം എന്നെഴുതാൻ കഴിയുന്ന തരത്തിൽ പൂർത്തിയാക്കപ്പെട്ട, ഒതുക്കപ്പെട്ട സ്വത്വങ്ങളിൽ പേടിപ്പെടുത്തുന്ന അപരനിഷേധങ്ങൾ ഉണ്ടെന്ന ബോധം പിൽക്കാലത്തു് സ്ത്രീപക്ഷ–ദലിതു് ബോധങ്ങളായി വികസിച്ചുവെന്നതു് ചരിത്രം.
ഭാഷയുടേയും സംസ്കാരത്തിന്റേയും അതിർത്തികളിൽ നിന്നാണു് പുതിയഭാഷണങ്ങൾ ഒരുത്തിരിയുന്നതു്. ബഹുഭാഷാ സമൂഹങ്ങളിൽ സ്വത്വങ്ങളുടെ അതിരുകൾ പലതരം വ്യവഹാരങ്ങളിൽ കലരുന്നു. കലർപ്പിന്റെ, മിശ്രിതത്തിന്റെ വാങ്ങ്മയം സ്വയം സമ്പൂർണ്ണമായ ഭാഷയെന്ന സങ്കല്പത്തെ നിരസിക്കുന്നു. ‘പഥേർ പാഞ്ചാലി’യിലെ ഗാനശകലങ്ങൾ, ഉറുദു ഗസലിന്റെ ഭാഗങ്ങൾ, വോൾട്ടയർ, ഗാന്ധി, മാർക്സ്, നെഹ്റു എന്നിങ്ങനെയുള്ള ചിന്തകരിൽ നിന്നുള്ള ഉദ്ധരണികൾ, പ്രസംഗഭാഗങ്ങൾ, സ്വകാര്യകത്തുകൾ, മദ്യപാന സദസ്സിലെ സംസാരങ്ങൾ എവിടെയുമെത്താത്ത ദീർഘചർച്ചകൾ—ഇവയെല്ലാം വൈവിദ്ധ്യമാർന്ന ഭാഷണരൂപങ്ങളാണു്. ആനന്ദ് എന്ന നോവലിസ്റ്റിന്റെ ആഖ്യാന സ്വരത്തിൽ കാർണിവൽ മനോഭാവമുണ്ടു്. ചരിത്രവും ജീവിതവും രാഷ്ട്രീയവും തത്ത്വചിന്തയും കൂടിക്കുഴയുന്ന ആഖ്യാനത്തിലെ പദസഞ്ചയം ലോകത്തെ ‘നാനാവിധ’മായികാണുന്നു. ആൾക്കൂട്ടം ഉത്സവത്തിന്റെയും ആഘോഷത്തിന്റെയും വേദിയാണു്. അതൊരു ജൈവരൂപമായി ചലിച്ചുകൊണ്ടിരിക്കുന്നു. ഫ്രഞ്ചു വിപ്ലവത്തിനുശേഷം ആൾക്കൂട്ടങ്ങളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഭരണകൂടങ്ങൾ നിയമനിർമ്മാണങ്ങൾ നടത്തി. അധിനിവേശഭരണകൂടങ്ങൾ എന്നും ഭയന്നതു് ആൾക്കൂട്ടങ്ങളെയാണു്. ഏലിയാസ് കാനെറ്റി വിശദീകരിക്കുന്നതു പോലെ പ്രാകൃതസമൂഹങ്ങളിലെ നായാട്ടു് സംഘങ്ങളും മതാനുഷ്ഠാനങ്ങളിൽ ഉന്മത്തരായി സ്വയം മറക്കുന്ന മനുഷ്യരും ആൾക്കൂട്ടത്തിന്റെ അധോലോകത്തിലുണ്ടു്. ആൾക്കൂട്ടമെന്നതു് വ്യവച്ഛേദിച്ചറിയാൻ വിഷമമായ പരസ്പരവൈരുദ്ധ്യങ്ങളുടെ വിരുദ്ധധ്രുവങ്ങളിലേക്കു് നോക്കുന്ന വികാര വിക്ഷോഭങ്ങളുടെ അന്തർസ്ഥലവും കൂടിയാണു്. അതിന്റെ ആകർഷണത്തെപ്പറ്റി സുനിൽ പറയുന്നുണ്ടു്, അതു വലുതാവുന്നതിനനുസരിച്ചു് കൂടുതൽ പേരെ ആകർഷിക്കുന്നു. ‘നാം’ എന്ന പദത്തിൽ പതിഞ്ഞു് കിടക്കുന്ന അന്യങ്ങളെ പിരിച്ചെഴുതുന്ന ബഹുസ്വരതയാണു് ‘ആൾക്കൂട്ട’ത്തിന്റെ കാതൽ. ദേശവും, പൗരസമൂഹവും, റിപ്പബ്ലിക്കും, ഉദ്യോഗസ്ഥവൃന്ദവും, നഗരവാസികളും പലയിനങ്ങളിൽപെടുന്ന ആൾക്കൂട്ടങ്ങളാണു്. ‘ഒന്നുമില്ലായ്മയിൽ നിന്നു വലുതായ ഒന്നുണ്ടാക്കുന്ന പൊള്ളത്തര’മെന്നു് സുനിൽ ഇതിനെ വിലയിരുത്തുന്നു. ഈ നോവലിലെ ഭാഷണങ്ങൾ നിർമ്മിക്കുന്ന സംവാദഘടന ധാർമ്മികമായ വിലയിരുത്തലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വെള്ളപ്പൊക്കസമയത്തു് മരക്കൊമ്പിൽ കയറിയിരിക്കുന്നവനെപ്പോലെ സുനിൽ ഒറ്റപ്പെടുന്നു. ‘നാം’ എന്നതിന്റെ വിവക്ഷകളിൽ ഉൾച്ചേർന്ന ഒരു തത്വചിന്തയുമായും പ്രേമിനു് സന്ധിചെയ്യാൻ കഴിയുന്നുല്ല. “ശബ്ദത്തേയും ജീവനേയും അയാൾ വ്യക്തികളിലാണു് തേടിയതു്. ഓരോ വ്യക്തിയുടേയും ശബ്ദം. ഓരോമുഖത്തും പ്രകടമായ ജീവിതം” (1136). ഓരോ ദിവസവും പാലം കത്തിച്ചുകളഞ്ഞുകൊണ്ടു്, ഇന്നലെകളിൽ നിന്നു് വിടുതൽ നേടി, പ്രേം മുന്നോട്ടു ജീവിക്കുന്നു. സ്വത്വമെന്നാൽ തവണകളായി സ്വയം വിൽക്കുകയാണെന്നു് അയാൾ മനസ്സിലാക്കിയിരുന്നു. സ്വന്തം പേരുപോലും ഒരു ധാരാളിത്തമാവുന്ന സ്ഥലത്തയാൾ എത്തുന്നു. ഈയർത്ഥത്തിൽ ആൾക്കൂട്ടത്തിൽ നിന്നേറ്റവും ദൂരം പോകുന്ന കഥാപാത്രം പ്രേം ആണു്. മീനയോടൊപ്പം അയാൾ താമസിക്കുന്ന രണ്ടുമുറിയുള്ള വീടു് റോഡിലേക്കു് തുറക്കുന്നു. വാതിൽപ്പടി സമയത്തിൽത്തന്നെ അയാൾ സ്ഥിരവാസിയാവുകയാണു്. വ്യത്യസ്തമായ രീതികളിൽ സുനിലും ജോസഫും ചെയ്യുന്നതും അതുതന്നെയാണു്. സാർത്രി ന്റെ ‘ഈച്ചകൾ’ എന്ന നാടകത്തെപ്പറ്റി ഒരു പരാമർശം നോവലിലുണ്ടു്. ഈസ് ഖിലസിന്റെ ‘ഓസ്റ്റിയ’ എന്ന നാടകത്രയത്തിന്റെ പുനരെഴുത്താണതു്. സാർത്രിന്റെ നാടകത്തിലെ ഒറസ്റ്റസ് ആർഗോസ് നഗരത്തെ വിമോചിപ്പിക്കാൻ സ്വന്തം അമ്മയേയും അമ്മായിയായ ക്ലിസ്റ്റംനസ്ട്ര വരിച്ച രണ്ടാനച്ഛനേയും കൊല്ലുന്നു. ദൈവങ്ങളെ തള്ളിപ്പറഞ്ഞു് മുഴുവൻ നഗരത്തിന്റെയും പാപഭാരം തന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നു. എങ്ങിനെ തന്നോടുതന്നെ സത്യസന്ധനാവാം എന്ന ചോദ്യം അറുപതുകളിൽ പ്രധാനമായിരുന്നു. കമ്മ്യു വും സാർത്രും ഇന്ത്യയിൽ വായിക്കപ്പെട്ടതു് മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ വ്യക്തികൾക്കു് ഏതുതരം കർതൃത്വമാണു്, പ്രവർത്തനശേഷിയാണു് സാദ്ധ്യമാവുക എന്ന ചോദ്യത്തിന്റെ സന്ദർഭത്തിലാണു്. സ്വയം അപായപ്പെടുത്തിക്കൊണ്ടും ദൈവങ്ങളെ നിഷേധിച്ചുകൊണ്ടും മാത്രമേ പൊതുബോധത്തിലടങ്ങിയ ഹിംസാക്രമത്തെ ചെറുക്കാനാവുകയുള്ളൂവെന്നു് സുനിലും ജോസഫും പ്രേമും തിരിച്ചറിയുന്നു, ഓസ്റ്റിസിന്റെ ദുരന്തപരിവേഷം അവർക്കു് പ്രാപ്യമല്ലെങ്കിലും.
ഏലിയാസ് കാനെറ്റി വിശദീകരിക്കുന്നതു പോലെ പ്രാകൃതസമൂഹങ്ങളിലെ നായാട്ടു് സംഘങ്ങളും മതാനുഷ്ഠാനങ്ങളിൽ ഉന്മത്തരായി സ്വയം മറക്കുന്ന മനുഷ്യരും ആൾക്കൂട്ടത്തിന്റെ അധോലോകത്തിലുണ്ടു്. ആൾക്കൂട്ടമെന്നതു് വ്യവച്ഛേദിച്ചറിയാൻ വിഷമമായ പരസ്പരവൈരുദ്ധ്യങ്ങളുടെ വിരുദ്ധധ്രുവങ്ങളിലേക്കു് നോക്കുന്ന വികാര വിക്ഷോഭങ്ങളുടെ അന്തർസ്ഥലവും കൂടിയാണു്.
‘അപരിചിതൻ’ എന്ന സംവർഗം തന്നെ ഇവിടെ പുനരാലോചന ആവശ്യപ്പെടുന്നുണ്ടു്. ജോസഫ് സുനിൽ മുതലായവർ ജീവിതത്തിൽ നിന്നു് ഓടിപ്പോകുന്നവരാണെന്നു് പലരും നിരീക്ഷിച്ചിട്ടുണ്ടു്. ഇതു ശരിയല്ല. ജോർജ്ജ് സിമ്മൽ എന്ന സാമൂഹ്യശാസ്ത്രജ്ഞൻ സമൂഹത്തെ ‘ബൈനറി’കളിലൂടെ കാണുന്ന രീതിയെ വിമർശിച്ചുകൊണ്ടു് ‘അപരിചിതനെ’ വ്യത്യസ്തമായ സാമൂഹ്യ രൂപമായി നിർവചിക്കുന്നുണ്ടു്. ‘ആൾക്കൂട്ട’മെന്ന ക്രോണോടോപ്പിൽ നാം കാണുക ‘ലിമിനൽ’ എന്നു വിളിക്കാവുന്ന സംക്രമണ സ്ഥലങ്ങളാണു് അവയ്ക്കു് സ്വായത്തമായുള്ളതു്. സമൂഹത്തിന്റെ പാർശ്വങ്ങളിൽ നിന്നു് വരുന്ന ഭാഷണങ്ങളാണു് ഘോർപഡെ പറയുന്ന ധ്വജാരോഹണ സമയത്തു് ദേശീയ ഗാനത്തിനുപകരം സിനിമാ ഗാനം വരുന്നതു് ആ സന്ദർഭത്തെ കവിഞ്ഞു് വളരുന്ന ഭാഷണമാണു്. അതിൽ അപരിചിതന്റെ ദൃഷ്ടിയുണ്ടു്. സ്ഥലമെന്നതു് മനുഷ്യാസ്തിത്വത്തിന്റെ ഭൗതിക സാഹചര്യമാണു്. പക്ഷേ, അതുമായുള്ള ബന്ധത്തിൽ പ്രതീകവൽക്കരിക്കപ്പെടുന്ന വേറെ പലതുമുണ്ടു്. സ്വത്വഭാവങ്ങളെ അതു് പ്രകാശിപ്പിക്കുന്നു. സ്ഥിരവാസികൾക്കും അലഞ്ഞുതിരിയുന്നവനും സ്ഥലത്തോടുള്ള ബന്ധം ഒരു പോലെയല്ല. അവർക്കിടയിലെവിടെയോ ആണു് അപരിചിതൻ. അലയുന്നവൻ ഇന്നു വന്നു് നാളെ പോകുന്നവനാണു്. എപ്പോൾ വേണമെങ്കിലും പുറത്തുപോകാനുള്ള സാദ്ധ്യത നിലനിൽക്കുമ്പോൾ തന്നെ അപരിചിതൻ സമൂഹത്തിന്റെ ഭാഗമാണു്. അവന്റെ അടുപ്പത്തിൽ അകൽച്ചയുണ്ടു്, അകൽച്ചയിൽ അടുപ്പവുമുണ്ടു്. അവൻ സമൂഹത്തിൽ ഇടപെടുന്നുണ്ടു്. അവനു സമൂഹവുമായുള്ള ബന്ധം നിഷേധാത്മകമല്ല. അപരിചിതനാവുകയെന്നാൽ അന്യനാവുക (Out sider) എന്നല്ല അർത്ഥം. ജോസഫ്, സുനിൽ, പ്രേം, രാധ എന്നിവർ അനുഭവിക്കുന്ന അപരിചിതത്വത്തിൽ അധികാരവ്യവഹരങ്ങൾ നിർമ്മിക്കുന്ന ‘സാമാന്യബുദ്ധി’യുടെ തിരസ്കാരമുണ്ടു്. ഈ നഗരത്തിൽ താനെപ്പോഴും അപരിചിതനായിത്തന്നെ വർത്തിച്ചേയ്ക്കുമെന്നു് ജോസഫ് പറയുമ്പോൾ സുനിൽ ഇങ്ങനെ പ്രതികരിക്കുന്നു:“ഈ അപരിചിതത്വമാണു് നമ്മുടെ പുറകിലുള്ള ശക്തി. ഈ നഗരത്തെ സംബന്ധിച്ചേടത്തോളം പരിചിതനാവുക എന്നു പറഞ്ഞാൽ അടിമയാവുക എന്നാണർത്ഥം” (229). ‘ഭഗവത്ഗീത’യെപ്പറ്റി ജോസഫ് പറയുന്നു, “അടിമകളോടു് പറയാൻ ഇതിലും നല്ല ഉപദേശമുണ്ടോ?” ഗാന്ധി ആൾക്കൂട്ടത്തിന്റെ നേതാവാണു്. യുക്തിയേയോ ചിന്തയേയോ ഗാന്ധി ഉണർത്തിയില്ല. നമ്മുടെ പൂജ ഹോമമാണു്. നാം ഹിംസയുടെ, തീയുടെ അടിമകളാണു്. ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള സ്നേഹം മറ്റു പ്രദേശത്തെ ഒഴിവാക്കുകയാണെങ്കിൽ അതു സ്നേഹമേയല്ല. താത്വികമായി പലരും വേശ്യകളാണു്. ദേശമെന്ന ബൃഹദ്വ്യവഹാരത്തിന്റെ നിർമ്മിതിയിൽ പങ്കെടുക്കുന്ന വ്യത്യസ്തമായ ആശയധാരകളാണു് ഈ പറഞ്ഞ വാചകങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നതു്. അപരിചിതനു് മുഖ്യധാരയോടുള്ള വിമർശനാത്മക ബന്ധമാണു് ഇത്തരമൊരു സംവാദമണ്ഡലം സാദ്ധ്യമാക്കുന്നതു്. ലളിതയ്ക്കു തോന്നുന്നുണ്ടു് അപരിചിതത്വം മാത്രമാണു് താൻ ലോകത്തു് ആകെ നേടിയിട്ടുള്ള സമ്പത്തു്. ‘ലോകം മറ്റാരുടേയോ വീടാണു്’ (574). വിവാഹത്തിലൂടെ ഭദ്രമാണെന്നു തോന്നുന്ന ദാമ്പത്യത്തിലേക്കു് കടക്കുമ്പോഴും ലളിത പൂർണ്ണമായും പുതിയലോകത്തോടു് പൊരുത്തപ്പെടുന്നില്ല. അപരിചിതർ ഉന്നയിക്കുന്ന വിയോജിപ്പുകൾ ചിന്തയുടെ എതിർദിശകൾ അടയാളപ്പെടുത്തുമ്പോൾ ആൾക്കൂട്ടങ്ങളെ പ്രതിനിധീകരിക്കുന്ന വ്യവഹാരങ്ങൾക്കു് പുറത്തൊരു അതിജീവന സാദ്ധ്യത തെളിയുന്നു. അവർ ദാർശനികരോ പ്രവാചകരോ രക്തസാക്ഷികളോ അല്ല. തങ്ങളെ വിചാരണ ചെയ്യുന്ന നിലപാടുകളിലൂടെ ആത്മവിമർശനത്തിന്റെ പുതിയൊരു നിഘണ്ടു അവർ നിർമ്മിക്കുന്നു.
യു. ആർ. അനന്തമൂർത്തി യുടെ ‘സംസ്കാര’യിലും ഫാലചന്ദ്ര നിമാഡേയുടെ ‘കോസ്ല’ (കീടകോശം) എന്ന നോവലിലും—രണ്ടും അറുപതുകളുടെ ഉത്തരാർദ്ധത്തിൽ വന്നവ—ഇന്ത്യൻ സ്വത്വത്തിൽ ദൃശ്യമാവുന്ന പിളർപ്പിന്റെ ചിത്രീകരണങ്ങളുണ്ടു്. ‘സംസ്കാരയിലെ പ്രാണേഷാചാര്യ ബ്രാഹ്മണ്യത്തിന്റെ കഠോര ദിനചര്യകളുമായി ഇടഞ്ഞു് ഭ്രഷ്ടനായി അഗ്രഹാരത്തിൽ നിന്നു് പുറത്തുകടക്കുമ്പോൾ ആൾക്കൂട്ടങ്ങളുടെ ആഘോഷങ്ങളിലൂടെ അപരിചിതനായി സഞ്ചരിക്കുന്നു. അഗ്രഹാരമെന്നതു് കാലത്തിൽ തറഞ്ഞുപോയൊരു സ്ഥലമാണു്. എ. കെ. രാമാനുജൻ പ്രാണേഷാചാര്യയുടെ ആലംബഹീനമായ അലച്ചിലിനെ സ്വത്വത്തെ പുനർനിർമ്മിക്കാനുള്ള അനുഷ്ഠാനപർവ്വമായി കാണുന്നുണ്ടു്. പക്ഷേ പ്രാണേഷാചാര്യ അപരിചിതനായി തന്റെ ‘ലിമിനൽ’ സ്ഥലത്തിൽ ഉൽക്കണ്ഠാകുലനായി, പ്രതീക്ഷാപൂർവ്വം നിൽക്കുന്നേടത്താണു് നോവൽ അവസാനിക്കുന്നതു്. നിമാഡേയുടെ മുഖ്യകഥാപാത്രം കുടുംബത്തിലും പുറത്തും ഒരുപോലെ ഇടഞ്ഞു നിൽക്കുന്നവനാണു്. എല്ലാറ്റിനേയും തള്ളിപ്പറയുന്ന തീക്ഷ്ണമായ വിമർശനസ്വരം ഇന്നും ആ നോവലിനെ മറാത്തിയിലെ യുവതലമുറയ്ക്കു് പ്രിയങ്കരമാക്കുന്നു. നോവലിന്റെ അവസാനഭാഗത്തു് മഹാനുഭാവു് സമ്പ്രദായത്തിന്റെ സ്ഥാപകനായ ചക്രധർ (1220–1274) എന്ന മദ്ധ്യകാല ചിന്തകന്റെ വാക്കുകളെ പാണ്ഡുരംഗ് സംഗവികർ ഉദ്ധരിക്കുന്നു: കുടുംബത്തേയും ഗ്രാമത്തേയും, നാടിനെത്തന്നെയും തിരസ്കരിക്കേണ്ടതുണ്ടു്. സ്വയം കണ്ടെത്താൻ.
അറുപതുകളിലെ സംക്രമണ ദശയിൽ ‘ആൾക്കൂട്ട’വും ‘സാംസ്കാര’യും പോലുള്ള നോവലുകൾ പ്രതിവ്യവഹാരമെന്ന നിലയിലുള്ള നോവലിന്റെ ധർമ്മത്തെ പുനർനിർവ്വചിച്ചു. സമൂഹത്തിന്റെ അരികുകളിൽ നിന്നും അതിരുകളിൽ നിന്നുമാണു് അവർ പുതിയ ഭാഷകൾ കണ്ടെടുത്തതു്. പ്രതിഷ്ഠാപിതവും പ്രാമാണികവുമായ പരികല്പനകളെക്കുറിച്ചു് അവർ അടിസ്ഥാനപരമായ സംശയങ്ങൾ ഉന്നയിച്ചു. ഈ നോവലുകളിലെ മനുഷ്യർ നടന്നതു് പ്രതീക്ഷകളും പ്രതിമകളും തകർന്നു വീണ മണ്ണിലൂടെയാണു്. അക്കാലത്തെ അവർ അനുഭവിച്ചതു് സ്വത്വബോധത്തിലെ പിളർപ്പായാണു്. അതിലടങ്ങിയ പീഡയും ക്ഷോഭവും ഇന്ദ്രിയാനുഭവങ്ങളായി പരാവർത്തനം ചെയ്യുന്ന പ്രതീകവ്യവസ്ഥ നോവലിന്റെ ആഖ്യാനഘടനയിൽ രൂപപ്പെടുത്താൻ കഴിഞ്ഞതിനാലാണു് ഈ നോവലുകൾ ഇന്നും പ്രസക്തമായി തുടരുന്നതു്.
കുറിപ്പു്: ആനന്ദിന്റെ ‘ആൾക്കൂട്ട’ത്തിൽ നിന്നുള്ള ഉദ്ധരണികൾ ഡി. സി. ബുക്കു് പ്രസിദ്ധപ്പെടുത്തിയ ഇ-ബുക്കിൽ നിന്നാണു്, ബക്തിന്റെ നിരീക്ഷണങ്ങൾക്ക് Problems of Dostoevesky’s Poetics (pp. 166–170) കാണുക.
വിമർശകൻ എന്ന നിലയിൽ ശ്രദ്ധേയനാണു് ഇ. വി. രാമകൃഷ്ണൻ. ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു് അദ്ദേഹം. റഷ്യൻ ഉത്തരഘടനാവാദിയായ മിഖായിൽ ബക്തിന്റെ ‘ഉൽസവാത്മകത’, ‘പാഠാന്തരത്വം’ എന്നീ സങ്കൽപ്പനങ്ങളെ മുൻനിർത്തി അദ്ദേഹം കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകൃതികളെ അപഗ്രഥിച്ചതു് ശ്രദ്ധേയമായിരുന്നു. കേരളീയ ആധുനികതയിൽ അച്ചടി നടത്തിയ ചരിത്രപരവും സാംസ്കാരികവുമായ ഇടപെടലുകൾ വിലയിരുത്തിയ ‘അച്ചടിയും ആധുനികതയും’ എന്ന ലേഖനം കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ‘നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം’ സീരീസിൽ ഉൾപ്പെടുത്തിയിരുന്നു.
(വിവരങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)