‘ഹൃദയത്തെയും മസ്തിഷ്കത്തെയും ഒരു പാലമിട്ടു് അതിവിദഗ്ദ്ധമായി ബന്ധിപ്പിക്കുന്നവർക്കു് മാത്രമേ ഒരു ആംബുലൻസ് ഡ്രൈവറാവാൻ കഴിയൂ’
ഇതിത്ര വിശദമായി പറയുന്നതു് എന്തിനാണെന്നു് തോന്നും. പക്ഷേ, അനുഭവങ്ങൾ പറഞ്ഞു തീർക്കാതിരുന്നാൽ അതങ്ങനെ വെന്തുനീറും. ഒടുവിൽ ജ്വലനത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യും. അതിനാൽ ആരു് കേട്ടാലുമില്ലെങ്കിലും പറയാനുള്ളതു് പറഞ്ഞിട്ടു് പോവുക തന്നെ. ചിലപ്പോൾ ഇതു് നിങ്ങളെ ഭയപ്പെടുത്താനാണെന്നു് കരുതിയേക്കാം. അല്ല, ഇതെന്റെ ഭയത്തിൽ നിന്നുണ്ടാവുന്നതാണെന്നും ചിലർ പറഞ്ഞേക്കാം. അതൊന്നും എനിക്കു് പ്രശ്നമല്ല.
ഞാനാ ആംബുലൻസ് ഡ്രൈവറെ കാത്തു നിന്നതു് ഒരു രാത്രിയിലായിരുന്നു. ഇടത്തരം നഗരത്തിലെ അവസാനത്തെ യാത്രക്കാരനും എത്തേണ്ടിടത്തു് പോയ്മറഞ്ഞ സമയത്തു് ഞങ്ങൾ കണ്ടുമുട്ടി. ആശുപത്രിയിൽനിന്നു് പറഞ്ഞുവിട്ട ഒന്നോ രണ്ടോ ചെറു ഓട്ടങ്ങൾ മാത്രമേ അന്നയാൾക്കു് ഉണ്ടായിരുന്നുള്ളൂ. അതിനാൽ അയാളുടെ മുഖത്തു് തികഞ്ഞ പ്രസന്നതയായിരുന്നു. അർദ്ധരാത്രി പിന്നിട്ടിട്ടും ഒരു ആംബുലൻസ് ഡ്രൈവർ സൂക്ഷിക്കുന്ന പ്രകാശം എന്നെ അത്ഭുതപ്പെടുത്തി. എന്നാൽ അതൊന്നും ചോദിക്കാനുള്ള സമയമായിരുന്നില്ല. അയാൾ ആംബുലൻസ് ഡ്രൈവറായിരുന്നു എന്നുപോലും എനിക്കു് അറിയില്ലായിരുന്നു. ‘വണ്ടി എടുക്കാമോ’ എന്നു് മാത്രമേ ഞാൻ ചോദിച്ചുള്ളൂ. ‘ഓ’ എന്നു പറഞ്ഞു് അയാൾ ഒറ്റ ഓട്ടം. ശേഷം ഒന്നും പറയാൻ അനുവദിച്ചില്ല.
ഞാനപ്പോൾ ജാമായ ലിഫ്റ്റിനടുത്തേക്കു് നടന്നു. ഇതിനകം അവിടെ കുറഞ്ഞ ഒരു ആൾക്കൂട്ടം രൂപപ്പെട്ടിരുന്നു. അടുത്തുള്ള ലോഡ്ജിലെ താമസക്കാരായ കുറച്ചാളുകൾ ശബ്ദം കേട്ടു് ഒത്തുകൂടിയതായിരുന്നു.
ലിഫ്റ്റിന്റെ തുറന്ന ചതുരദ്വാരത്തിനു് കീഴെ തലയിടിച്ച രീതിയിൽ ഒരു പയ്യൻ കിടന്നിരുന്നു. തല ചിതറി ചോര വാർന്നിരുന്നു. കാലുകൾ ഒടിഞ്ഞ രീതിയിൽ ഏങ്കോണിച്ചു് കിടന്നു. ഞാൻ ആളുകളെ മാറ്റി. അപ്പോൾ, സെക്യൂരിറ്റിക്കാരൻ എവിടുന്നോ കൊണ്ടു വന്ന കോണി വച്ചു് താഴേക്കു് ഇറങ്ങുകയായിരുന്നു. ഇറങ്ങുന്നയാളുടെ കാലുകൾ വിറക്കുന്നതു് കണ്ടു് ഞാൻ പറഞ്ഞു. ‘മാറു്… ചങ്ങാതീ, ഞാൻ ഇറങ്ങാം’ അയാൾ എന്നെ ഒന്നു് നോക്കി, പതുക്കെ മുകളിലേക്കു് കയറി വന്നു.
ഞാൻ കോണിയിലൂടെ പതുക്കെ കാൽ ചവിട്ടി ഇറങ്ങി. താഴെ തലയിടിച്ചു കിടക്കുന്നവന്റെ രൂപം ഇറങ്ങുന്നതിനിടയിൽ കൂടുതൽ തെളിഞ്ഞു. അവനെ തൊട്ടപ്പോൾ പൊങ്ങിക്കിടക്കുന്ന മരത്തടിയിൽ തൊടുന്നപോലുണ്ടായിരുന്നു. എടുത്തു തോളത്തിട്ടു് കോണി കയറുമ്പോൾ അവന്റെ കാലുകൾ എന്റെ പുറകുവശത്തു് തട്ടിക്കൊണ്ടിരുന്നു. കിടത്തുമ്പോൾ ആളുകൾ അവന്റെ മുഖം കാണാൻ തിരക്കു് കൂട്ടുകയായിരുന്നു. മുഖമടച്ചു് വീണതിനാൽ പ്രത്യേകിച്ചു് ഒന്നും കാണാനുണ്ടായിരുന്നില്ല. മണലിൽ ചോര കൊണ്ടു് മെടഞ്ഞിട്ട പോലെ വികൃതമായ മുഖം.
ആളുകൾ കൂടുതൽ അടുത്തു വന്നു. അവൻ ആരായിരിക്കുമെന്നതിനെക്കുറിച്ചു് അവർ ചർച്ച ചെയ്തു. വസ്ത്രത്തിന്റെ സ്വഭാവം കൊണ്ടു് മലയാളിയല്ലെന്നു് തിരിച്ചറിഞ്ഞപ്പോൾ അവർ ചെറുതായി ആശ്വസിച്ചു. അപ്പോഴേക്കും ഡ്രൈവർ വന്നെത്തി. അയാൾ പിന്നെയൊന്നും ആലോചിച്ചില്ല. അവനെയും തൂക്കി നേരെ ആംബുലൻസിനടുത്തേക്കു് പോയി. പിറകുവാതിൽ തുറന്നു് തയ്യാറാക്കി നിർത്തിയ ചക്രവണ്ടിയിലേക്കു് അവനെ ഇറക്കിവച്ചു് ഒരു തള്ളൽ കൊണ്ടു് ആംബുലൻസിനു് അകത്താക്കി.
അവൻ ചെറുതായൊന്നുണർന്നുവോ?
കൃത്യം ആറു് മിനിറ്റു കൊണ്ടു് ആളെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചു. അവിടെ നഴ്സും ഡോക്ടറും വിദഗ്ധ സർജനും തയ്യാറായിരുന്നു. എനിക്കു് അവിടെ നിൽക്കേണ്ട കാര്യമൊന്നുമില്ല. എന്നിട്ടും ഞാൻ പ്രാഥമിക രക്ഷാ ശുശ്രൂഷയുമായി നിന്നു.
അത്യാഹിത വിഭാഗത്തിനു് മുമ്പിലെ ഒരു തൂണിനു് ചുവട്ടിൽ കിടന്നാണു് അന്നു് ഉറങ്ങിയതു്. പിറ്റേന്നു് രാവിലെ എനിക്കു് കാണേണ്ടിയിരുന്നതു് ആ ഡ്രൈവറെയായിരുന്നു. അതിനാണു് അവിടത്തന്നെ കിടന്നതു്. ഓപ്പറേഷനുകൾ ആവശ്യമുണ്ടെങ്കെിലും അപകടകനില തരണം ചെയ്തുവെന്നും കൃത്യസമയത്തു് എത്തിച്ചതു് നന്നായെന്നും ഡോക്ടർ പറഞ്ഞപ്പോൾ തീർച്ചയായും അയാളെ കണ്ട ശേഷം മാത്രമേ പോകുകയുള്ളൂ എന്നു് ഞാൻ ഉറപ്പിച്ചു.
എന്നാൽ പിറ്റേന്നു് വൈകുവോളം നിന്നിട്ടും എനിക്കയാളെ കാണുവാൻ കഴിഞ്ഞില്ല. റിസപ്ഷനിൽ ചെന്നു് ചോദിച്ചപ്പോൾ ഒരു കേസ് എടുക്കാൻ പോയിരിക്കുകയാണെന്നും മറ്റൊരിക്കൽ, ‘ആൾ ഉച്ചയ്ക്കു് ശേഷം ഓഫ് ആയതിനാൽ നേരത്തെ പോയെ’ന്നും പറഞ്ഞു. അയാൾ അവിടുത്തെ സ്ഥിരം ജീവനക്കാരനല്ലെന്ന അറിവും എന്നെ അമ്പരപ്പിച്ചു. ഞാൻ കൈഫോൺ ഉപയോഗിച്ചു് തുടങ്ങിയിരുന്നില്ല. എന്നിട്ടും ആശുപത്രി കാർഡിൽ ഡ്രൈവറുടെ നമ്പർ എഴുതി വാങ്ങിച്ചു. അന്നുതന്നെ ഒരുതവണ നമ്പറിൽ വിളിക്കാൻ ശ്രമിച്ചു. സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ മൂന്നാലു് ദിവസം കഴിഞ്ഞു് ഒന്നുകൂടെ നോക്കി. അപ്പോഴും കിട്ടിയില്ല. അങ്ങനെ ആംബുലൻസ് ഡ്രൈവർക്കും അജ്ഞാതനായ ചെറുപ്പക്കാരനും എനിക്കുമിടയിൽ പ്രകടിപ്പിക്കാൻ കഴിയാതെ പോയ നന്ദി കടമായി നിന്നു.
രണ്ടു് മാസം കഴിഞ്ഞു് പൊടുന്നനെ ഒരുനാൾ ഞാൻ ആ നമ്പറിൽ വിളിക്കുകയും കൃത്യമായി അയാൾ എടുക്കുകയും ചെയ്തു. നന്ദി പറയാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല. വാക്കുകളെയും ശബ്ദത്തെയും തടസ്സപ്പെടുത്തുന്നതിനിടയിൽ ഒരു വിധത്തിലാണു് പറഞ്ഞൊപ്പിച്ചതു് ‘ആംബുലൻസുമായി ഒന്നു് പോരാമോ? വളരെ അത്യാവശ്യമായിട്ടു്…’ വീടു് നിൽക്കുന്ന റോഡിന്റെ പേരും എത്താനുള്ള എളുപ്പവഴിയും പറഞ്ഞുകൊടുത്തു. ഞാൻ മുക്കിയും മൂളിയും പറഞ്ഞ സംഗതി കേട്ടയുടൻ ‘അടുത്തു് വാഴ വല്ലതും കാണുമോ? നീളൻ വാഴയില നാലഞ്ചെണ്ണം കരുതിക്കോ… ഞാനിതാ എത്തി…’ ഡ്രൈവർ പറഞ്ഞു.

അയൽവീട്ടിലെ അല്ലറചില്ലറ ബഹളങ്ങൾ തെരുവിൽ ആർക്കും പുതുമയുള്ളതായിരുന്നില്ല. കുടിയനായ ഭർത്താവു് രാത്രി എത്തിയാൽ ഉടൻ വഴക്കിടും. കുട്ടികളുടെ പാഠപുസ്തകങ്ങൾ വലിച്ചുകീറും. കെട്ടിയവളെ വിറകുകൊള്ളി കൊണ്ടുവരെ തല്ലും. ഭാര്യയും മക്കളും ഒരു കക്ഷിയായി ആളെ ഒറ്റപ്പെടുത്തുന്നു എന്നാണു് ഭർത്താവിന്റെ പ്രധാന പരാതി. സങ്കടങ്ങൾ മറക്കാൻ ഇനിയും കുടിക്കണമെന്നു പറഞ്ഞു്, പണം ചോദിച്ചാണു് വഴക്കു് ആരംഭിക്കുക. ശർക്കരപ്പാത്രത്തിനുള്ളിൽ ഭാര്യ ഒളിപ്പിച്ചുവെച്ച നോട്ടുകൾക്കായി അയാൾ അടികൂടും. അതിക്രമിച്ചു് അതെടുക്കാൻ തുനിയും.
അങ്ങനെ ഒരു വൈകുന്നേരമായിരുന്നു. സാധാരണപോലെ ശർക്കരപ്പാത്രത്തിൽ നോക്കിയപ്പോൾ അവിടം കാലി. കുപിതനായ പുരുഷൻ അടുക്കളയിലെ പാത്രങ്ങളൊക്കെ തിരഞ്ഞു. തിരഞ്ഞു എന്നല്ല മറിച്ചിട്ടു എന്നാണു് പറയേണ്ടതു്.
ഒടുവിൽ അയാൾ മണ്ണെണ്ണയെടുത്തു് അവളിലേക്കു് ഒഴിച്ചതും ലൈറ്റർ തെളിച്ചതും ഒരുമിച്ചു കഴിഞ്ഞു. അവൾ നിന്നു് കത്തി. കത്തിപ്പടർന്ന ശരീരവുമായി ആ രൂപം അയാളിലേക്കു് ഓടി വന്നപ്പോൾ അയാൾ ആട്ടിയകറ്റി. ശരീരത്തിൽ ആളുന്ന തീയുമായി അവൾ കിണറ്റിൻകരയിലേക്കു് ഓടി. നാട്ടുകാർ ആരൊക്കെയോ വെള്ളമൊഴിച്ചു. അടുക്കളയ്ക്കും കിണറ്റിൻകരയ്ക്കും ഇടയിൽ പാതി മുക്കാലും കത്തി തീർന്ന അവൾ വീണു പോയി.
അതു കണ്ടപ്പോൾ പെട്ടെന്നു് തെളിഞ്ഞതു് ഡ്രൈവറുടെ മുഖമാണു്. നമ്പറിൽ വിളിച്ചപ്പോൾ അയാൾ എടുക്കുകയും ചെയ്തു ആംബുലൻസ് കുതിച്ചുചാടി വരുന്നതിനിടയിൽ ചേച്ചിയുടെ പറമ്പിൽ നിന്നു് തന്നെ നെടുങ്കൻ വാഴയിലകൾ അഞ്ചാറെണ്ണം വെട്ടി മാറ്റി, തയ്യാറാക്കി വച്ചു. അവർ തന്നെ വെള്ളമൊഴിച്ചു വളർത്തിയ വാഴകളായിരുന്നു അവയെല്ലാം.
മുടി അപ്പാടെ കത്തി പോയിരുന്നു. സാരി കത്തിയും കത്താതെയും ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്നു. ശരീരം ആംബുലൻസിലേക്കു് കിടത്തുമ്പോൾ കരിപിടിച്ച ബിസ്ക്കറ്റ് പോലെയുണ്ടായിരുന്നു. വെന്തുകരിയുന്ന മനുഷ്യമണം അവിടെയെങ്ങും വ്യാപിച്ചു.
വാഴയിലകൾ നേരത്തെ നിരത്തി വച്ചിരുന്നതിനാൽ അതിലേക്കാണു് കിടത്തിയതു്. കത്തിക്കരിയാറായ ശരീരികൾക്കു് കൂടുതൽ ഡാമേജ് വരാതിരിക്കാൻ അതാണു് മാർഗം. ആംബുലൻസ് ഡ്രൈവർ കൊണ്ടുവന്ന കാലിയായ അരിച്ചാക്കുകൾ കൂട്ടിപ്പിടിച്ചു്, അതിൽ കിടത്തി, ചാക്കുകളിൽ പിടിച്ചു് ഉയർത്തി. ചെറിയ കുട്ടികൾ ബോധംകെട്ടുവീണു. അമ്മമാരിൽ രണ്ടുപേർ ഛർദ്ദിച്ചു. അന്നു് രാത്രി തെരുവിലെ ആരും ആഹാരം കഴിച്ചില്ല.
തിരക്കിനും വെപ്രാളത്തിനുമിടയിൽ ആംബുലൻസ് ഡ്രൈവറോടു് യാതൊന്നും പറയാൻ കഴിഞ്ഞില്ല. കത്തിക്കരിഞ്ഞ ദേഹം കണ്ടപ്പോൾ ആദ്യം അയാളും അസ്വസ്ഥനായെന്നു് തോന്നി. അയാളുടെ കണ്ണുകൾ അവിടം അടിമുടി നോക്കുകയായിരുന്നു. എത്രയും പെട്ടെന്നു് ആശുപത്രിയിൽ എത്തിക്കുവാൻ പരിഭ്രമിക്കുകയായിരുന്നു.
ഈ സമയത്തെല്ലാം അവളുടെ ഭർത്താവു് പാതിബോധത്തിൽ പുലഭ്യം പറഞ്ഞുകൊണ്ടു് വീടിനു പുറകിലെ വിറകുചാളയിൽ കിടക്കുകയായിരുന്നു. അയാൾക്കു് കെട്ടിറങ്ങിയിരുന്നില്ല.
ആശുപത്രിയിലേക്കു് ഓടിയെത്തുന്ന നേരമത്രയും ആംബുലൻസ് ഡ്രൈവറുടെ മുഖമായിരുന്നു. വണ്ടി സമർത്ഥമായി കിണറ്റിൻകരയോടു് ചേർത്തുനിർത്തി എഴുന്നേറ്റു് രക്തബന്ധമുള്ള ഒരാളെ എന്നപോലെ അയാൾ സഹായത്തിനായി കേണു. അറച്ചു് നിൽക്കുന്നവരെ ധൈര്യം കൊടുത്തു് കൂടെകൂട്ടി. ചെറുപ്പംപിള്ളേരെ സ്നേഹപൂർവ്വം ക്ഷണിച്ചു. കത്തിക്കരിഞ്ഞ ശരീരത്തെ വണ്ടിക്കകത്താക്കിയ ശേഷം ഏറ്റവും അടുത്ത ഒരാളെ മാത്രം പിന്നിൽ കയറാൻ അനുവദിച്ചു. ശരീരം കൂടുതൽ അനക്കാതെ എങ്ങനെ പിടിച്ചിരിക്കണം എന്നു് നിർദ്ദേശം കൊടുത്തു. ആൾക്കൂട്ടത്തെ ആശ്വസിപ്പിച്ച ശേഷം എത്ര പെട്ടെന്നാണു് അയാൾ വാഹനം മുന്നോട്ടെടുത്തതു്. ഗേറ്റ് കടന്നതും അത്യാഹിതമെന്നറിയിക്കുന്ന സൈറൺലൈറ്റ് ഓൺ ചെയ്തപ്പോൾ ആളുകളുടെ നെഞ്ചിൽ അപകടശബ്ദമായി.
അന്നു് അത്യാഹിത വിഭാഗത്തിലെ സെക്യൂരിറ്റിയോടും റിസപ്ഷനിലെ പെൺകുട്ടികളോടും അന്വേഷിച്ചപ്പോൾ അവർ കൈമലർത്തി. ‘അതെ… നിങ്ങൾ പറയുമ്പോ ആളെ ഞങ്ങൾക്കു് മനസ്സിലാകുന്നുണ്ടു്… പക്ഷേ, ഇതു് ആശുപത്രിയാണു്… സ്ഥിരമായി വണ്ടികളും രോഗികളും വന്നു പോകുന്ന ഇടം. വാഹനങ്ങളുടെ ഇരട്ടി ഡ്രൈവർമാരും. അവർക്കു് ഇവിടെ നിൽക്കാൻ സമയമില്ല… അന്നു് സാറ് ചോദിച്ചപ്പോ ഞങ്ങള് നമ്പർ തന്നു. ആളെടുക്കാത്തതിനു് ഞങ്ങളെന്തു പിഴച്ചു’?
ഞാൻ നിരാശനാവേണ്ടതാണു്. എന്നാൽ നിരാശനാവാൻ എനിക്കു് കഴിയുമായിരുന്നില്ല. രണ്ടു് മാസത്തെ കിടപ്പിനുശേഷം കത്തിക്കരിഞ്ഞ രൂപത്തിനു് ജീവൻ വെച്ചു. കുടിയനായ കെട്ടിയവൻ ഡി അഡിക്ഷൻസെന്ററിലും ധ്യാനകേന്ദ്രത്തിലും പോയി മറ്റൊരു മനുഷ്യനായി തിരിച്ചെത്തി. ഇപ്പോൾ അവളെ ശുശ്രൂഷിക്കാൻ അയാളാണുള്ളതു് ചെയ്ത തെറ്റിനു് കണ്ണീർ വാർത്തു്, ഭർത്താവു് ഡോക്ടർമാരുടെ വാക്കുകൾക്കു് കാതോർത്തു നിൽക്കുന്നു.
ഒരിക്കൽ അപ്രതീക്ഷിതമായി അയാളെ ആശുപത്രി വരാന്തയിൽ വച്ചു് കണ്ടപ്പോൾ അയാൾ കരഞ്ഞു പറഞ്ഞു. ‘ഞാൻ കടപ്പെട്ടിരിക്കുന്നു… എന്റെ ജീവനേക്കാൾ, എന്റെ മക്കളെക്കാൾ… ഡോക്ടറും നഴ്സുമാരും എത്ര തവണ പറഞ്ഞുവെന്നോ? കൃത്യസമയത്തു് മിടുക്കനായ ആംബുലൻസ് ഡ്രൈവർ ആക്സിഡന്റ് വാർഡിൽ എത്തിച്ച കാര്യം… സാറേ, എനിക്കയാളെ ഒന്നു് കാണാൻ സാധിക്കുമോ?’
ഒന്നുകൂടി അന്വേഷിക്കാമെന്നുവച്ചു് ഞാൻ അയാളെയും കൂട്ടി റിസപ്ഷനടുത്തേക്കു് നടന്നു. വളർന്നുതുടങ്ങിയ മുഖപേശികൾ കൊണ്ടു് അയാളുടെ ഭാര്യ നൽകിയ പുഞ്ചിരി എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
റിസപ്ഷനിസ്റ്റ് ചൂടായി. ‘എന്തു് കഷ്ടമാണു് സാർ… രണ്ടു് മാസം മുമ്പത്തെ ഡ്രൈവറെ അന്വേഷിച്ചു് വരിക എന്നു പറഞ്ഞാൽ… അയാൾ എവിടെയോ ഓട്ടത്തിലാണു്… ഇപ്പോൾ ഡ്യൂട്ടിയിലാണോ അല്ലയോ എന്നു് മാത്രമേ ഞങ്ങൾക്കു് പറയാൻ പറ്റൂ. നമ്പർ തന്നുവല്ലോ? വിളിച്ചു നോക്കൂ വല്ലയിടത്തും അപകടം നടന്നിട്ടാണെങ്കിൽ ഉടൻ മറ്റൊരാളെ ഞങ്ങൾക്കു് വിടാൻ കഴിയും. ഇതു് വെറുതെ…’ തിരക്കു് പിടിച്ച ആശുപത്രി റിസപ്ഷനിൽ നിന്നു് ഇതല്ലാതെ മറ്റൊന്നു് പ്രതീക്ഷിക്കാൻ വയ്യ.
റിസപ്ഷനിസ്റ്റ് മറ്റു രണ്ടുപേരുടെ ചോദ്യങ്ങൾക്കു് ഒന്നിൽ ഫോണിലും പിന്നെ നേരിട്ടും മറുപടി പറഞ്ഞു. എന്നിട്ടും തിരികെ പോകാതിരുന്ന ഞങ്ങളെ നോക്കി അവൾ പറഞ്ഞു, ‘ഉദയൻ എന്നാണു് പേരെന്നു് തോന്നുന്നു’.
‘ഉം… ശരി’ ഞങ്ങൾ റിസപ്ഷനിൽ നിന്നും മടങ്ങി. അയാളുടെ കയ്യിൽ ആശുപത്രിയിലെ കഞ്ഞിപ്പാത്രവും ചെറിയ സോപ്പും ഉണ്ടായിരുന്നു.
‘സാരമില്ല ഞാൻ പോട്ടെ… അവളുടെ കിടക്കയിലെ വെള്ളം മാറ്റാൻ സമയമായി’
‘കിടക്കയിലെ വെള്ളമോ’?
‘അതെ, വാട്ടർബെഡിലാണു് കിടത്തിയിരിക്കുന്നതു്. തണുപ്പു് ശരീരത്തിൽ കിട്ടിക്കൊണ്ടിരിക്കണം. ചൂടു് ഒട്ടും സഹിക്കാൻ പറ്റില്ല തിരിയാനോ മറിയാനോ നോക്കുമ്പോൾ ഭയങ്കര എരിച്ചിലാണു് പാവം, കണ്ടു് നിക്കുമ്പൊ വെഷമം തോന്നും’
ഞരക്ക വേദന എനിക്കും തോന്നി.
കോറിഡോറിൽ നിന്നും ഭാര്യയുടെ മുറിയിലേക്കു് പ്രവേശിക്കുമ്പോൾ അയാൾ ഒന്നുകൂടെ ചോദിച്ചു. ‘എന്താണയാളുടെ പേരെന്നാ പറഞ്ഞേ?’
‘ഉദയൻ’
‘ഉം’
‘ഞാനിവിടെത്തന്നെ ഉണ്ടല്ലോ ഇടയ്ക്കു് അന്വേഷിക്കാം’. ഞങ്ങൾ പിരിഞ്ഞതു് അങ്ങനെയാണു്. ശരിക്കും അത്ഭുതമാണു് തോന്നിയതെങ്കിലും അതു് നാട്ടിൽ നടക്കുന്ന അപകടങ്ങളെക്കുറിച്ചും ആംബുലൻസ് ഡ്രൈവർമാരുടെ സാഹസികവും ദാരുണവുമായ ജീവിതത്തെക്കുറിച്ചും എനിക്കു് ചില വിവരങ്ങൾ നൽകി. ജീവൻരക്ഷാപേടകത്തിന്റെ സാരഥി എന്നൊക്കെ ആലങ്കാരികമായി പറയും. ഇവരുടെ ഓരോ ചലനവും നമ്മുടെ ജീവന്റെ മൂല്യമാണു്. എന്നിട്ടും ഇവരുടെ മുഖമോ പേരോ ആരും ഓർക്കുകയില്ല. ആശുപത്രിയെപ്പറ്റിയും ഡോക്ടറെക്കുറിച്ചും നഴ്സിനെക്കുറിച്ചും ഒക്കെ നാലാൾ അറിയും. എന്നാൽ…
അത്യപൂർവമായ ചലനവേഗത്തിനു് ഒരു നന്ദി വാക്കു് പോലുമേറ്റുവാങ്ങാൻ സമയമില്ലാത്തവർ. ഉദയനെ കാണാൻ ചെന്നിട്ടു് പരാജയപ്പെടുകയല്ലാതെ മറ്റൊന്നുമില്ല. ഇടത്തരം ആശുപത്രിയായിട്ടു് കൂടി ഇതാണു് സ്ഥിതിയെങ്കിൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റികളിൽ എന്തായിരിക്കും?
എനിക്കു് ഉദയനെ കണ്ടേ തീരൂ. ഇരുട്ടിൽ നിന്നുകൊണ്ടു് വെളിച്ചം വീശുന്ന അയാളെ കാണാൻ ഇനിയെന്തു വഴി?
വർഷം ഒന്നു കഴിഞ്ഞതിനാൽ കത്തിക്കരിഞ്ഞ സ്ത്രീയുടെ വീട്ടിൽ പോയപ്പോൾ അവിടമാകെ വല്ലാതെ മാറിയിരിക്കുന്നതായി തോന്നി. മക്കൾ ഇരുന്നു പാഠപുസ്തകം വായിക്കുന്നു. ഭർത്താവു് അടുക്കള ജോലിയിലാണു്. സ്ത്രീ ഒരു വീൽചെയറിൽ പതുക്കെ ഉമ്മറത്തേക്കു് വന്നു. അവരുടെ ചുണ്ടിൽ ചെറിയ ചിരി.
വർത്തമാനത്തിനിടയിൽ ദുരന്തദിവസത്തെപ്പറ്റി ഓർമിച്ചുകൊണ്ടു് അവൾ പറഞ്ഞതു് ‘ഓ… അതെല്ലാം ഞാൻ മറന്നു, ഇപ്പോൾ അതേ കൈകൾകൊണ്ടു് ചേട്ടൻ എന്നെ ശുശ്രൂഷിക്കുമ്പോൾ എല്ലാ തെറ്റും ഞാൻ മറക്കുന്നു’. മക്കളെ ചേർത്തുപിടിച്ചുകൊണ്ടു് അവൾ പറഞ്ഞു, ‘ഞാൻ ഭാഗ്യവതിയാണെന്നു് തോന്നുന്നു… ചത്തതു് കണക്കു് കിടന്നില്ലല്ലോ.’
വലിയ കുളിർമയോടെ അവിടെ നിന്നിറങ്ങുമ്പോൾ ഭർത്താവിനോടു് ആംബുലൻസ് ഡ്രൈവറുടെ കാര്യം തിരക്കാൻ മറന്നില്ല. ‘എന്റെ സാറേ വലിയ അത്ഭുതമായിരിക്കുന്നു. ഏതാണ്ടു് ആറുമാസക്കാലത്തോളം ആളെ ഒന്നു് കണ്ടു കിട്ടുവാനായി ഞാൻ പെട്ട പാടു്… കഴിഞ്ഞില്ല. ആള് അദൃശ്യനാണെന്നു് വരെ തോന്നിപ്പോയി’.
പേടി കലർന്ന മട്ടിൽ അയാളുടെ ശബ്ദം ചിലമ്പിച്ചു. പിന്നെ പറഞ്ഞു.
‘ദയവായി എന്നെ ഒഴിവാക്കണേ, ഒരുമാതിരി മന്ത്രവാദ പണി പോലെ’.
അന്നു് വൈകിട്ടു് വീട്ടിലെത്തി മേൽകഴുകുന്നതിനിടയിൽ വലുതെന്തോ വീഴുന്ന ശബ്ദം. കൂടെ നിലവിളിയും. ഓടിച്ചെന്നപ്പോൾ അത്താഴമുണ്ടാക്കുകയായിരുന്ന അമ്മ കുഴഞ്ഞു വീണിരിക്കുന്നു. വെള്ളം കോരി ഒഴിച്ച വിധത്തിൽ വിയർത്തുകുളിച്ച അമ്മയെ ഒരു വിധത്തിൽ പൊക്കിയെടുത്തു. ഒരു നിമിഷം ആംബുലൻസ് ഡ്രൈവറുടെ മുഖം തെളിഞ്ഞെങ്കിലും വിളിക്കാനോ നമ്പർ എടുക്കാനോ കഴിഞ്ഞില്ല.
എനിക്കു് ബോധം വന്നപ്പോൾ മകൻ പറയുന്നതു് കേട്ടു. ‘അച്ഛന്റെ ധൈര്യമൊക്കെ പോയല്ലേ… സ്വന്തം അമ്മയുടെ കാര്യം വന്നപ്പോൾ തളർന്നുപോയി. ഹും’.

അവന്റെ മുതിർച്ചയിൽ സന്തോഷമാണു് തോന്നിയതു്. അവൻ തുടർന്നു, ‘അച്ഛാ നിങ്ങളുടെ ഡയറിയിൽ നിന്നു് ആദ്യ പേജിലെ നമ്പറിലാ ഞാൻ വിളിച്ചതു്. അച്ഛൻ ചുവന്ന മഷി കൊണ്ടു് വട്ടംവരച്ചു് എഴുതിയ നമ്പർ. പാവം ഒരു മെലിഞ്ഞ മനുഷ്യൻ പത്ത്മിനിറ്റു് കൊണ്ടു് ലൊക്കേഷൻ കണ്ടെത്തി വന്നു. 12 മിനിറ്റിനകം വിഭാഗത്തിൽ എത്തിച്ചു’.
‘ങേ… നീ അയാളെ കണ്ടുവോ?’
‘കണ്ടോ എന്നു് ചോദിച്ചാൽ ഒരു നോട്ടം കണ്ടു.’
‘എന്നിട്ടു്’?
‘നല്ല ചോദ്യം! കുഴഞ്ഞു കിടക്കുന്ന അമ്മയെ എടുത്തുകൊണ്ടു പോണം പിന്നെ ബോധം പോയ നിങ്ങളെയും… ഇതിനിടയിൽ അയാളും വീൽകിടക്കയിലേക്കു് കിടത്താൻ സഹായിച്ചിട്ടാ പോയതു്’.
‘ശ്ശോ… അയാൾ നിനക്കു് പിടിതരാതെ പോയിക്കാണും, അല്ലേ?’
‘മുമ്പിവിടെ അടുത്തൊരു വീട്ടിൽ വന്നിട്ടുണ്ടു് എന്നു് പറഞ്ഞു’
‘എന്നിട്ടു്’
‘അച്ഛാ വെറുതെ ഇമോഷനലാവുകയൊന്നും വേണ്ട കേട്ടോ. ഈ മരുന്നു കഴിക്കു്.’
കൃത്യം ഏഴാം നാളാണു് ആശുപത്രിവാസം കഴിഞ്ഞു് എത്തിയതു്. ഹൃദയത്തിൽ നിന്നും പാലമിട്ടു് അപായരേഖ മുറിച്ചു കടക്കാൻ സഹായിക്കുന്നവനെ നേരിട്ടു് കാണണമെങ്കിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ചു് ഇതിനകം ഞാനൊരു തീർപ്പിലെത്തിയിരുന്നു. ആശ്വാസവും ഭയവും നൽകുന്ന ഒന്നായി അവൻ മാറിക്കഴിഞ്ഞു. ഇനിയും കാത്തിരിക്കാൻ വയ്യ.
പ്രശസ്തനായ നടനെ അനുകരിച്ചുകൊണ്ടു് ഹൃദയധമനിയിലെ പ്രതിബന്ധത്തിൽ നിന്നുണ്ടാകുന്ന വലിയ വേദന അഭിനയിക്കാൻ തയ്യാറായി ഉമ്മറപ്പടിയിൽ ഞാൻ ഇരിക്കുന്നു.
ഒരു കൈ നെഞ്ചോടു് ചേർത്തു്, പുരികം വിറപ്പിച്ചു്, തല ചെരിച്ചു. കുഞ്ഞുനാളിലെ ഏറ്റവും ഇളപ്പമുള്ള ഓർമ്മയിൽ തുടങ്ങുന്ന ഒരു ജീവരേഖ പാലം പോലെ വളഞ്ഞു നിന്നു. അകത്തുനിന്നു് ഏതോ വാഞ്ഛയിൽ സ്വേദഗ്രന്ഥികൾ ചുരന്നു.
തീരെ പ്രതീക്ഷിക്കാതെ എന്റെ വിയർപ്പും വേദനയും സത്യമായി. പടിക്കെട്ടിൽ കാലിടറി വീഴുന്നതു് കണ്ടു് മകൻ വെപ്രാളപ്പെട്ടു് വന്നു. അവൻ അങ്ങുമിങ്ങും അലറി വിളിച്ചോടി. തിടുക്കപ്പെട്ടു് അകത്തു ചെന്നു് ഡയറി തപ്പി ഒന്നാം പേജിലെ നമ്പറിൽ വിളിക്കുന്നതു് കേട്ടു.
മിന്നിത്തെളിയുന്ന വെളിച്ചവും ചീറുന്ന വേഗവും നിരത്തിൽ മറ്റു വാഹനങ്ങളെ തള്ളിമാറ്റുന്ന ശബ്ദവുമായി ആ ഡ്രൈവർ വന്നെത്തുന്നതുവരെ ബോധം മറയാതിരിക്കാൻ പടിക്കെട്ടിൽ കിടന്നുകൊണ്ടു് ഞാൻ കിണഞ്ഞു ശ്രമിച്ചു.

സി ഗണേഷ്, അസി പ്രഫസർ, സാഹിത്യരചന വിഭാഗം, മലയാള സർവകലാശാല തിരൂർ മലപ്പുറം.
പാലക്കാടു് സ്വദേശി. കഥാകൃത്തു്, നോവലിസ്റ്റ്, പ്രഭാഷകൻ. വിവിധ മേഖലകളിലായി 24 കൃതികൾ. നെഹ്റു യുവകേന്ദ്ര പുരസ്കാരം, അങ്കണം അവാർഡ്, സൂര്യകാന്തി നോവൽ പുരസ്കാരം, സംസ്കൃതി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ടു്. ദേശീയ-അന്തർദേശീയ സെമിനാറുകളിൽ അമ്പതിലധികം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ടു്. ശാന്തം മാസികയുടെ ഓണററി എഡിറ്ററാണു്. ഒ വി വിജയൻ സ്മാരക സമിതി അംഗമായിരുന്നു. ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിങ് വിഭാഗത്തിൽ അസി പ്രഫസർ. ജീവിതപങ്കാളി: ഗവ വിക്ടോറിയ കോളേജിലെ ഭൗതികശാസ്ത്ര അധ്യാപികയായ സുനിത എ. പി. മകൾ: തംബുരു.