images/Unkraut_verbrennend.jpg
Peasant, burning weed, a painting by Vincent van Gogh (1853–1890).
രാമക്ഷേത്രവും പുരോഹിതവാഴ്ചയും
വി. വി. ഗോവിന്ദന്‍നായർ

എമ്പാടും അമ്പലങ്ങളുള്ള നമ്മുടെ രാജ്യത്തു് അയോധ്യ എന്നൊരു പ്രദേശത്തു് ഈയിടെ നിർമ്മിച്ച ഒരു രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാകർമ്മത്തിൽ യജമാനസ്ഥാനം ഏറ്റെടുത്തു് നമ്മുടെ പ്രധാനമന്ത്രി, ഔദ്യോഗികകൃത്യങ്ങൾ മാറ്റിവെച്ചു്, അവിടെചെന്നു് ദേവവിഗ്രഹത്തിന്നുമുന്നിലും പുരോഹിതന്മാർക്കും പ്രണാമമര്‍പ്പിച്ചു് കൃതകൃത്യനായി. അന്നു് ഒരുമണിവരെ കേന്ദ്രസർക്കാർ ഓഫീസുകൾക്കും ആസ്പത്രികൾക്കും മറ്റും ഒഴിവുനൽകുകയും ചെയ്തു. (ആസ്പത്രികളുടെ കാര്യത്തിൽ പിന്നീടു് തീരുമാനം മാറ്റിയത്രേ.)

ഇതൊരു കീഴ്‌വഴക്കമാക്കുകയാണെങ്കിൽ, രാജ്യത്തു് എവിടെയെങ്കിലും എന്നെങ്കിലും അമ്പലത്തിൽ പ്രതിഷ്ഠാകർമ്മം നടക്കുകയാണെങ്കിൽ പ്രധാനമന്ത്രിക്കു് അന്നു് അവിടെയാവും ഡ്യൂട്ടി, മറ്റു കേന്ദ്രസർക്കാർ ജീവനക്കാർ ഡ്യൂട്ടി ചെയ്യുകയും വേണ്ട എന്നുവരികിൽ, എന്താവും നമ്മുടെ രാജ്യത്തിന്റെ ഗതി? അഥവാ ‘എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണു് തമ്പ്രാക്കൾ’ എന്നു് പാക്കനാർ പറഞ്ഞപോലെ ‘എല്ലാ ദേവന്മാരും ദേവന്മാരല്ല രാമദേവനാണു് ദേവൻ’ എന്നാവുമോ പ്രധാനമന്ത്രിയുടെ കാഴ്ച? എങ്കിൽ രാമക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമ്മം നടക്കുമ്പോഴേ പ്രധാനമന്ത്രി ഹാജരാകേണ്ടു, സർക്കാർ ജീവനക്കാർ ഓഫീസുകളിൽ ഹാജരാകാതിരിക്കുകയും വേണ്ടു. പ്രധാനമന്ത്രി പലപ്പോഴും വിദേശത്താവും, സർക്കാർ ഓഫീസുകളിൽ ചിലപ്പോൾ പണിമുടക്കവും പതിവു്. അക്കൂട്ടത്തിൽ ഇങ്ങനെയും ഒന്നു് എന്നു് സമാധാനിക്കാം.

അപ്പോഴും ഒരു സംശയം ബാക്കി. സർക്കാർ ജീവനക്കാർക്കു് വേതനം നൽകുന്നതു് ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണു്. അവരിൽ നിന്നു തങ്ങൾക്കു് ലഭിക്കുന്ന, ലഭിക്കേണ്ടുന്ന സേവനങ്ങൾക്കു് ജനങ്ങൾ നൽകുന്ന പ്രതിഫലമാണതു്. രാജ്യത്തിലുടനീളമുള്ള കേന്ദ്രസർക്കാർ ഓഫീസുകളിലെ ജീവനക്കാർ തങ്ങളുടെ ജോലി ചെയ്യുന്നതുകൊണ്ടു്, അങ്ങു് അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠാകർമ്മത്തിനു് മുടക്കമോ അസൗകര്യമോ ഒന്നും വരാനില്ലല്ലോ. അഥവാ, സാമാന്യബുദ്ധിക്കു് അനൂഹ്യമായി അങ്ങനെ വല്ലതും ഉണ്ടെങ്കിൽത്തന്നെ ആ പ്രതിഷ്ഠാകർമ്മം ഞായറാഴ്ചത്തേയ്ക്കു് വെച്ചാൽ പോരേ? ജനങ്ങൾക്കു് സേവനം നിഷേധിയ്ക്കണമെന്നുണ്ടോ?

അതിരിക്കട്ടെ. എന്താണു് രാമന്റെ ആരാധ്യത? ക്ഷേത്രം വഴിയേ ആ ആരാധന നിറവേറ്റാൻ ആവൂ എന്നുണ്ടോ? ആ ക്ഷേത്രം അയോധ്യയിൽത്തന്നെ ആയാലേ ശരിയായ ആരാധനയാവൂ എന്നുണ്ടോ?

രാമൻ: വാല്മീകി രാമായണത്തിലും അധ്യാത്മരാമായണത്തിലും

ആദികവി എന്നു വിളികൊണ്ട വാല്മീകി മഹർഷിയാണു് രാമചരിതം ആദ്യമായി ആലേഖനം ചെയ്തതു്. അതുകൊണ്ടു് രാമചരിതത്തിനു പരമപ്രമാണം വാല്മീകിരാമായണംതന്നെ. പക്ഷേ, അതിൽ പ്രക്ഷിപ്തകഥകൾ പലതും ഉള്ളതുകൊണ്ടു് വിവേചനബുദ്ധിയോടെ വേണം അതു് പഠിക്കുക.

വാല്മീകിയുടെ രാമൻ ലോകാഭിരാമനാണു്. രാമകുമാരനെപ്പറ്റി വാല്മീകി പറയുന്നു. ‘ശാന്തചിത്തനായ അവൻ മൃദുവായേ സംസാരിക്കൂ. ഇങ്ങോട്ടു പരുഷം പറഞ്ഞാലും ഒന്നും എതിർത്തു പറയുകയില്ല ഒരിക്കൽ ഒരു ഉപകാരം ചെയ്താൽ അതുകൊണ്ടു സന്തോഷിക്കും. ഒരു നൂറു് ഉപദ്രവം ചെയ്താലും സ്വമഹിമകൊണ്ടു് അതൊന്നും സ്മരിക്കാറില്ല.’ (സിദ്ധിനാഥാനന്ദ സ്വാമികളുടെ പരിഭാഷ)

രാമരാജാവിനെപ്പറ്റി ഇങ്ങനെയും: “രാമൻ രാജ്യം വാഴ്കെ വിധവകൾ വിലപിച്ചില്ല, ആർക്കും പ്രാണഭയം ഏര്‍പ്പെട്ടില്ല, വ്യാധികൊണ്ടു് ആരും ക്ലേശിച്ചില്ല, ലോകത്തിൽ കള്ളന്മാർ ഇല്ലാതായി, ആർക്കും ഒരു അനർത്ഥവും ഏര്‍പ്പെട്ടില്ല, വൃദ്ധന്മാർക്കു് ബാലന്മാരുടെ പ്രേതകാര്യങ്ങൾ ചെയ്യേണ്ടതായിവന്നില്ല, എങ്ങും എവിടെയും സന്തോഷം, സകലരും ധർമ്മപരന്മാർ. രാമനെതന്നെയോർത്തു് ആരും പരസ്പരം യാതൊരു ദ്രോഹവും ചെയ്തില്ല… അന്നു് മരങ്ങൾ എന്നും പൂക്കളും പഴങ്ങളും നിറഞ്ഞു നിലകൊണ്ടു. വേണ്ടപ്പോൾ മഴ പൊഴിഞ്ഞു. തെന്നൽ മന്ദമായി വീശി.”

രാമന്റെ അസാധാരണമായ വ്യക്തിവൈഭവത്തിന്റെ മികച്ച ദൃഷ്ടാന്തമാണു് അഭിഷേക വിഘ്നത്തിൽ അദ്ദേഹം പാലിച്ച ആത്മസംയമനവും വനവാസ പ്രതിജ്ഞയിലെ ത്യാഗബുദ്ധിയും. സ്വന്തം ഇച്ഛാഭംഗം, മൂത്തമകൻ രാജാവാകുക എന്ന കുലധർമ്മം, ലക്ഷ്മണന്റെയും കൗസല്യയുടെയും എതിര്‍പ്പു്, എന്നെ പിടിച്ചു കെട്ടി നീതന്നെ രാജാവാകുക എന്ന പിതൃവാക്യം, ഭരതന്റെ നിര്‍ബന്ധം, കുലഗുരുവായ വസിഷ്ഠന്റെ ഉപദേശം—ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടുള്ള ആ ത്യാഗത്തെ വിസ്മയാവഹം എന്നേ വിശേഷിപ്പിക്കാനാവൂ.

പക്ഷേ, ഈ ത്യാഗബുദ്ധി തീർത്തും ധർമ്മബോധപ്രേരിതമാണെന്നു പറഞ്ഞു കൂടാ. അതു് ക്ഷത്രിയധർമ്മ വ്യതിയാനമാണെന്നു് ചിലർ രാമനോടു് നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ടു്. “കാടെവിടെ? ക്ഷത്രധർമ്മമെവിടെ? ജടയെവിടെ? പ്രജാപാലനമെവിടെ? ഇത്തരം പൊരുത്തമില്ലാത്ത കാര്യങ്ങൾ അങ്ങു് ചെയ്യരുതു്. ക്ഷത്രിയന്റെ ഒന്നാമത്തെ കർത്തവ്യം അഭിഷേകമാകുന്നു. അതുവഴിയല്ലേ പ്രജാപാലനം സാധിക്കുക. കണ്മുന്നിലുള്ളതു കൈവിട്ടു സംശയസ്ഥവും അനിശ്ചിതവും പിന്നീടെന്നോ ഫലം തരുന്നതുമായ ധർമ്മത്തെ ക്ഷത്രിയരായി പിറന്നവർ ആരെങ്കിലും ചെയ്യുമോ.” എന്നു് ഭരതൻ. “രാജ്യം വെടിഞ്ഞപ്പോൾ അങ്ങു് ധർമ്മത്തിന്റെ വേരറുത്തു” എന്നു് ലക്ഷ്മണൻ, “രാഘവന്മാരുടെ സനാതനമായ സ്വകുലധർമ്മം നീ ഇപ്പോൾ തകർക്കരുതു്” എന്നു് കുലഗുരുവായ വസിഷ്ഠനും. തന്റെ രണ്ടു് അനുജന്മാർക്കും സംശയലേശമേ ഇല്ലാത്ത ആ രാജധർമ്മം രാമന്നു് അറിവില്ലാതെ പോവില്ലല്ലോ. “അച്ഛന്റെ അതിക്രമത്തെ തിരുത്തുന്നവനെയാണു് ലോകത്തിൽ അപത്യം— മകൻ—എന്നു പറയുന്നതു്” എന്ന ഭരതന്റെ വാദത്തെയോ, “ഗുരുവിന്റെയോ അമ്മയുടെയോ, വാക്കനുസരിക്കുന്നതുകൊണ്ടു് സന്മാര്‍ഗലംഘനമാവില്ല” എന്ന വസിഷ്ഠന്റെ വാദത്തെയോ അദ്ദേഹം നിഷേധിക്കുന്നുമില്ല. ഇതിന്നർത്ഥം അവർ പറയുന്നതിൽ കഴമ്പുണ്ടെന്നു് അദ്ദേഹത്തിനു് അറിയായ്കയല്ല എന്നല്ലേ? എന്നിട്ടും അദ്ദേഹം വനവാസപ്രതിജ്ഞയിൽ ഉറച്ചുനിന്നതു് കേവലം പുത്രധർമ്മപാലനത്തിനു് വേണ്ടിയാവില്ല. മറിച്ചു് ചെയ്യുന്നതു് തന്റെ പിതാവിനും തനിക്കും അകീർത്തികരമാവുമെന്നു ഭയപ്പെട്ടതുകൊണ്ടാവണം.

ഇതു് വെറുമൊരു അഭ്യൂഹമല്ല. അകീർത്തിയെ അദ്ദേഹം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിനു് പ്രത്യക്ഷമായ തെളിവാണു് സീതാപരിത്യാഗം. അതു് പ്രജാ ഹിതാർത്ഥമാണെന്നു്, രാജധർമ്മപരിപാലനത്തിനാണെന്നു്, വാല്മീകിരാമായണവുമായി പരിചയമില്ലാത്ത ഈ നാട്ടിലെ ജനങ്ങളെ വിശ്വസിപ്പിക്കാൻ രാമഭക്തന്മാരായ ചില പണ്ഡിതന്മാർക്കു് കഴിഞ്ഞിട്ടുണ്ടു്. എന്നാൽ അങ്ങനെ ഒരു സൂചന പോലും വാല്മീകി രാമായണത്തിൽ ഇല്ല.

പരിത്യാഗ നിശ്ചയം ഭ്രാതാക്കന്‍മാരെ അറിയിക്കുന്നിടത്തു് രാമൻ പറയുന്നതു തന്നെ കേൾക്കാം: “അപവാദഭയംകൊണ്ടു് ഭീതനായ ഞാൻ, അല്ലയോ പുരുഷവീരരേ, എന്റെ ജീവിതം വെടിയും, നിങ്ങളെയും വെടിയും, അപ്പോള്‍പ്പിന്നെ സീതയുടെ കഥ എന്തു പറയാൻ?”

പരിത്യാഗസമയത്തു് ലക്ഷ്മണൻ സീതയോടു്: “ബുദ്ധിമാനായ ജ്യേഷ്ഠൻ, ഹേ സീതേ, ഇതുവഴി എന്നെ ലോകത്തിനു് നിന്ദാപാത്രമാക്കിയല്ലോ… ലോകനിന്ദിതമായ ഇത്തരം കാര്യത്തിൽ എന്നെ നിയോഗിക്കരുതായിരുന്നു… രാജാവു് അമര്‍ഷമെല്ലാമടക്കി എന്റെ മുമ്പിൽ വെച്ചു് നിര്‍ദോഷയായ ഭവതിയെ വെടിഞ്ഞിരിക്കുന്നു. പൗരാപവാദ ഭീതനായിട്ടാണു് അങ്ങനെ ചെയ്തതു്.” സീതയുടെ പ്രതിസന്ദേശത്തിൽ നിന്നു്, “ജനങ്ങൾ ചൊല്ലുന്ന ദുഷ്കീർത്തിയെ ഭയന്നാണല്ലോ അങ്ങു് എന്നെ വെടിഞ്ഞതു്.”

അശ്വമേധാവസരത്തിൽ വാല്മീകി രാമനോടു്: “ലോകാപവാദഭയംകൊണ്ടു് കലുഷചിത്തനായി അങ്ങു് പ്രിയതമയായ ഇവളെ ശുദ്ധ എന്നറിഞ്ഞിട്ടും പരിത്യജിക്കുകയല്ലേ ചെയ്തതു്.”

രാമന്റെ മറുപടി: “ആ ലോകഭയംകൊണ്ടാണു് ഇവൾ പവിത്രയാണെന്നു് അറിഞ്ഞിരുന്നിട്ടും എന്നാൽ ഉപേക്ഷിക്കപ്പെട്ടതു്. അതു് അവിടുന്നു് ക്ഷമിക്കേണമേ…” പൗരാപവവാദത്തെക്കുറിച്ചു കേട്ടപ്പോൾ, ‘ഞാൻ സീതയെ സ്വീകരിച്ചതു് എന്റെ പ്രജകൾക്കു് ഒരു മനശ്ശല്യമായല്ലോ, അതെങ്ങനെ നീക്കാം?’ എന്നല്ല രാമൻ ചിന്തിച്ചതു്, ഈ അപവാദം എനിക്കൊരു ചീത്തപ്പേരായല്ലോ. അതിൽ നിന്നു് എനിക്കെങ്ങനെ രക്ഷപ്പെടാം എന്നാണു്. പ്രജാഹിതമല്ല. സ്വഹിതമാണു്, ധർമ്മസംരക്ഷണയല്ല യശസ്സംരക്ഷണമാണു് സീതാപരിത്യാഗത്തിനു പ്രേരകം. മറിച്ചു് പ്രജാഹിതമാണു് അദ്ദേഹം ആഗ്രഹിച്ചതു് എന്നതിനു് രാമായണത്തിൽ ഒരു തെളിവുമില്ല.

എന്തായിരുന്നു ആ പൗരാപവാദം? “ലങ്കയിൽ കൊണ്ടുപോയി അശോക വനികയിൽ പാർപ്പിക്കപ്പെട്ടവളെ, രാക്ഷസികളുടെ അധീനത്തിൽ പാർത്തവളെ, രാമൻ വെറുക്കാതിരിക്കുന്നതെങ്ങനെ? നമുക്കും ഇത്തരം ഭാര്യമാരെ സഹിക്കേണ്ടിവരും. രാജാവു് ചെയ്യുന്നതിനെയല്ലോ പ്രജകൾ പിന്തുടരുക” എന്നു്. (വെറുക്കാതിരിക്കുന്നതു് എങ്ങനെ എന്ന പരിഭാഷയിൽ ഒരു ദുരർത്ഥപ്രതീതി ഉണ്ടു്. വെറുക്കാതിരിക്കുന്നതു് എന്തുകൊണ്ടു് എന്നാണു് ആശയം). ‘നമ്മുടെ ഭാര്യമാർ പിഴച്ചുപോയാൽ നമുക്കും അവരെ വെച്ചുപൊറുപ്പിക്കേണ്ടിവരുമല്ലോ’ എന്ന ഈ ആവലാതി രാമന്റെ പുരുഷപ്രജകളിൽ നിന്നു്, അതും സ്വന്തം ഭാര്യമാരെ അവിശ്വസിച്ചുപോന്ന ചിലരിൽ നിന്നുമാത്രം, പൊട്ടിപ്പുറപ്പെട്ടതാണെന്നു വ്യക്തം. ഇങ്ങനെ ചിലരുടെ ഹിതത്തിനുവേണ്ടി സീതയെ വെടിയാൻ തീരുമാനിക്കുംമുമ്പു് പ്രജാഹിതാർത്ഥിയായ രാജാവു് എന്ന നിലയ്ക്കു് ‘ഞാനിന്നു് സീതയെ വെടിഞ്ഞാൽ നാളെ എന്റെ പ്രജകളിൽപ്പെട്ട ഏതു് സാധ്വിക്കും സീതയ്ക്കു് പിണഞ്ഞ പോലുള്ള ഒരു ദൗർഭാഗ്യം വന്നുപെട്ടാൽ ഇതേ ഗതികേടല്ലേ വരിക’ എന്നുകൂടി രാമൻ ഓർമ്മിക്കേണ്ടതല്ലേ? അപ്പോൾ, പുരുഷഹിതത്തിനല്ലാതെ സ്ത്രീഹിതത്തിനു് ഒരു വിലയും കൽപ്പിക്കേണ്ട എന്നാണു് ഈ പ്രജാഹിതവാദികളുടെ നിലപാടു്. മാത്രമല്ല, രാമനും അതേ നിലപാടുകാരനാണെന്നു് അവർ ആളുകളെ വിശ്വസിപ്പിക്കാനും ശ്രമിക്കുന്നു.

ഈ അപവാദഭീതിയാകട്ടെ, രാജ്യഭരണം ഏറ്റെടുക്കുന്നതിനു മുന്‍പുതന്നെ രാമൻ വെളിവാക്കിയതുമാണു്. ലങ്കയിൽ വെച്ചു് രാവണവധാനന്തരം തന്റെ മുന്നിൽ ആനീതയായ സീതയോടു് താൻ പറഞ്ഞ പരുഷവാക്കുകൾ കേട്ടു് ആത്മഹത്യ ചെയ്യാൻ തീയ്യിൽ ചാടിയ അവളെ തിരിച്ചെടുക്കാൻ ആജ്ഞാപിച്ച അഗ്നിഭഗവാനോടു് അദ്ദേഹം പറയുന്നതു നോക്കുക: “ജാനകിയെ പരീക്ഷിക്കാതെ സ്വീകരിച്ചാൽ ദശരഥപുത്രനായ രാമൻ കാമാത്മാവും ബാലിശനുമാണെന്നു് ആളുകൾ പറയും”. ഇതു പറയുമ്പോൾ അദ്ദേഹം രാജാവായിരുന്നില്ല. രാജാവാകുമെന്നു് തീര്‍ച്ചയുമായിരുന്നില്ല. “ചിരകാല പരിചയം കൊണ്ടു് ശ്രീമാനായ ഭരതൻ സ്വയം രാജ്യാർത്ഥിയെങ്കിൽ പാരാകെ ആ രഘുകുലരാജാവു് അടക്കി വാണുകൊള്ളട്ടെ” എന്നാണല്ലോ ഭരതന്നടുത്തേക്കു് പറഞ്ഞയക്കുന്ന ഹനുമാനോടു് അദ്ദേഹം പറയുന്നതു്. അർത്ഥാൽ, ഒരു പുരുഷൻ എന്ന നിലക്കു് തനിക്കു വരാവുന്ന ചീത്തപ്പേരിനെയാണു് അദ്ദേഹം പേടിച്ചതു്. അതു് അദ്ദേഹംതന്നെ തുറന്നു പറഞ്ഞതുമാണു്. എന്നിരിക്കെ അന്നു് താൻ ഭയപ്പെട്ട ആ അപവാദം നാടെങ്ങും പരന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹം സീതയെ വെടിഞ്ഞതിനു വേറെ കാരണം കാണേണ്ടതുണ്ടോ? മാത്രമല്ല ആ ചെയ്തതു് അധർമ്മമായിപ്പോയി എന്നുതന്നെയാണു് ധർമ്മജ്ഞതയും ആർജവവും ഒത്തു ചേർന്നവർ അന്നേ പറഞ്ഞതും. രാമാജ്ഞ സീതയെ അറിയിക്കുന്നിടത്തു് ലക്ഷ്മണൻ പറയുന്നതു നോക്കുക “ബുദ്ധിമാനായ ജ്യേഷ്ഠൻ, ഹേ സീതേ, ഇതുവഴി എന്നെ ലോകത്തിനു നിന്ദാപാത്രമാക്കിയല്ലോ… ലോകനിന്ദിതമായ ഇത്തരം കാര്യത്തിൽ എന്നെ നിയോഗിക്കരുതായിരുന്നു.” രാജധർമ്മമാണു് രാമൻ അനുഷ്ഠിച്ചതെങ്കിൽ, രാമാജ്ഞ അനുസരിക്കുകമാത്രം ചെയ്യുന്ന ലക്ഷ്മണൻ എങ്ങനെ ലോകനിന്ദ്യനാവും. ലോകനിന്ദ്യമായ ഒരു കർമ്മമാണല്ലോ ജ്യേഷ്ഠൻ തന്നെക്കൊണ്ടു ചെയ്യിക്കുന്നതു് എന്ന ചിന്തയാണു് ലക്ഷ്മണനെക്കൊണ്ടു് ഇതുപറയിച്ചതു്. സുമന്ത്രനോടു് അതു് അദ്ദേഹം തുറന്നു പറയുകയും ചെയ്തു “യശോഹരമായ ഈ കർമ്മംകൊണ്ടു് ഹേ സുത, എന്തു ധർമ്മമാണു് സാധിച്ചിട്ടുള്ളതു്.”

വാല്മീകിയുടെ മതവും മറ്റൊന്നല്ല. സീതാത്യാഗം രാജധർമ്മമാണെങ്കിൽ സീതയെ പുനഃസ്വീകരിക്കാൻ, രാജധർമ്മം ലംഘിക്കാൻ, അദ്ദേഹം രാമനോടു് ആവശ്യപ്പെടില്ലല്ലോ. ചെയ്ത തെറ്റു് തിരുത്തു എന്നുതന്നെയാണു് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ലോകാപവാദഭയം കൊണ്ടു് കലുഷചിത്തനായിട്ടാണു് രാമൻ സീതയെ വെടിഞ്ഞതെന്നു് അദ്ദേഹം രാമനോടുതന്നെ പറയുന്നതു് ഓർക്കുക. ചിത്തം കലുഷമായാൽ അവിടെ ധർമ്മബോധം തെളിഞ്ഞുവരില്ലല്ലോ.

ഇവിടെ ഒരു എതിര്‍വാദം വരാം. വാല്മീകിയുടെയും ലക്ഷ്മണന്റെയും കണ്ണിൽ സീതാപരിത്യാഗം അധർമ്മമായിരിക്കാമെങ്കിലും രാമന്നു് മറിച്ചു തോന്നാമല്ലോ? വനവാസം ക്ഷത്രിയധർമ്മവിരുദ്ധമാണെന്നതുകൊണ്ടു് ഭരതനും വസിഷ്ഠനും മറ്റും രാജ്യം സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അച്ഛന്റെ വാക്കു് സത്യമാക്കുകയാണു് തന്റെ ധർമ്മമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണല്ലോ അദ്ദേഹം ചെയ്തതു്. അതുപോലെ, സീതാത്യാഗം തന്റെ യശസ്സു് രക്ഷിക്കാൻ വേണ്ടി ചെയ്യുന്നതാണെങ്കിലും തല്ക്കാലം അതാണു തന്റെ ധർമ്മം എന്നു് അദ്ദേഹം നിശ്ചയിച്ചതായിക്കൂടെ?

ഇതിനു് ഉത്തരം പറയും മുമ്പു് മറ്റൊരു ചോദ്യത്തിനു് ഉത്തരം കണ്ടെത്തേണ്ടതുണ്ടു്. വൈയക്തിക ധർമ്മവും സാമൂഹിക ധർമ്മവും തമ്മിലിടയുമ്പോൾ എന്താണു് കൈക്കൊള്ളേണ്ടതു് ? സാമൂഹിക ധർമ്മം എന്നാണു് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതു്. വ്യക്തിയെക്കാൾ വലുതാണു് സമൂഹം എന്നതാണു് അതിന്റെ അടിസ്ഥാനതത്വം. അതനുസരിച്ചാണു് സീതാപരിത്യാഗം സാധുവാണെന്നു പണ്ഡിതന്മാർ സിദ്ധാന്തിക്കുന്നതും. ഇതേ ന്യായമനുസരിച്ചു് രാമൻ പുത്രധർമ്മത്തിന്റെ പേരിൽ ക്ഷത്രധർമ്മം വെടിഞ്ഞതു് അധർമ്മമല്ലേ? അല്ലെങ്കിൽ ഭരതന്റെ രാജ്യനിരാസം, അഭിഷേകവിസമ്മതി, അധർമ്മമാവില്ലേ? രാമപക്ഷത്തു് പുത്രധർമ്മം വലുതു്, ഭരതപക്ഷത്തു് ക്ഷത്രധർമ്മം വലുതു് എന്നൊരു നിലപാടെടുക്കാതെ ഇരുവരുടെയും ധർമ്മനിഷ്ഠയെ എങ്ങനെ മാനിക്കും? അങ്ങനെ വ്യക്തികൾക്കൊത്തു മാറിമറിയുന്ന ഒന്നാണോ ധർമ്മത്തിന്റെ ഗുരു ലഘുത്വം? ക്ഷത്രധർമ്മവും പുത്രധർമ്മവും തമ്മിലിടയുമ്പോൾ പുത്രധർമ്മം കരണീയം, ക്ഷത്രധർമ്മവും ഭര്‍തൃധർമ്മവും തമ്മിലിടയുമ്പോൾ ക്ഷത്രധർമ്മം കരണീയം എന്നായിരുന്നുവോ രാമന്റെ നിലപാടു്. അതിനെന്ത് സാധൂകരണം?

വാസ്തവത്തിൽ, സീതാപരിത്യാഗം അധർമ്മമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണു് രാമൻ അതു ചെയ്തതു്, അത്രയും പ്രബലമായിരുന്നു അദ്ദേഹത്തിന്റെ അപവാദഭീതി എന്നതിനു് രാമായണത്തിൽ വേണ്ടുവോളം സൂചനകൾ ഉണ്ടു്. പരിത്യാഗനിശ്ചയം അനുജന്മാരെ അറിയിക്കുന്നതോടൊപ്പം അദ്ദേഹം പറയുന്നതു കേൾക്കുക: “സീതയെ സംബന്ധിച്ചു് ആരും ഒന്നും മറുത്തു പറഞ്ഞുപോകരുതു്. അതിനാൽ ലക്ഷ്മണാ നീ പോവുക. ഇതിൽ യാതൊന്നും ചിന്തിക്കേണ്ടതില്ല. നീ ഇതു തടുത്താൽ എനിക്കു കടുത്ത അപ്രീതിയുണ്ടാകും. എന്റെ പാദങ്ങൾകൊണ്ടും പ്രാണങ്ങൾകൊണ്ടും ഞാൻ നിങ്ങളെ സത്യം ചെയ്യിക്കുന്നു. എന്നെ എങ്ങനെയെങ്കിലും അനുനയിപ്പിക്കാൻ വേണ്ടി മറുത്തെന്തെങ്കിലും പറയുന്നവർ, എന്റെ ഇഷ്ടത്തിനു മുടക്കം വരുത്തുക കാരണം എന്നെന്നേക്കും എന്റെ അഹിതരായിത്തീരും.”

താൻ ചെയ്യുന്നതു് രാജധർമ്മമാണെന്നു് ഉറപ്പുണ്ടെങ്കിൽ രാജധർമ്മജ്ഞരായ ആ അനുജന്മാരെ എന്തിനു താക്കീതു ചെയ്യണം? അഥവാ അവർ എതിരായി വല്ലതും പറഞ്ഞാൽത്തന്നെ സീതയെ വെടിഞ്ഞാലേ തനിക്കു് രാജധർമ്മം പാലിക്കാനാവൂ എന്നു് പറഞ്ഞു മനസ്സിലാക്കികൂടെ? അതു സാധ്യമല്ലെന്നു സ്വയം ബോധ്യപ്പെട്ടതുകൊണ്ടല്ലേ അവരെ ഭീഷണിപ്പെടുത്തേണ്ടിവന്നതു്.

ഇതേ കാരണംകൊണ്ടുതന്നെയാവണം സീതയെ കാര്യം പറഞ്ഞു മനസ്സിലാക്കാതെ അസത്യവചനം കൊണ്ടു് കബളിപ്പിച്ചതും—ഇതിലെന്തു ധർമ്മം എന്നു് സീത ചോദിച്ചാൽ മറുപടിയില്ല എന്നതുകൊണ്ടു്.

ഇതുപോലെ, സീതയെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട വാല്മീകിയോടു്, “പ്രജാഹിതാർത്ഥമാണു് രാജധർമ്മ പരതന്ത്രകൊണ്ടാണു്, ഞാൻ ഇവളെ വെടിഞ്ഞതു്. ഇവളെ പുനസ്വീകരിച്ചു് രാജധർമ്മവീചുതനാവാൻ അങ്ങെന്നെ നിര്‍ബന്ധിക്കരുതു്” എന്നു് മറുപടി പറയാൻ അദ്ദേഹത്തിനു് എന്താണു് തടസ്സം? രാജ്യം കൈക്കൊണ്ടു് കുലധർമ്മം കാക്കാനുള്ള വസിഷ്ഠോപദേശംപോലും തള്ളിക്കളയുകയുണ്ടായല്ലോ അദ്ദേഹം. രാജധർമത്തിന്റെ പേരിൽ സാധൂകരിക്കാവുന്നതല്ല ആ കർമ്മം എന്ന ബോധമാണു് വാല്മീകിയോടുള്ള ക്ഷമാപണത്തിനു കാരണമെന്നേ പറയാനാകൂ.

അപ്പോൾ, നാനാഗുണസമ്പന്നനെങ്കിലും യശോഹാനിയിലുള്ള ഭീതി കാരണം ചിലപ്പോൾ ധർമ്മപഥത്തിൽ നിന്നു വ്യതിചലിച്ചുപോയ ഒരു മഹാപുരുഷനാണു് വാല്മീകിയുടെ രാമൻ. ഗുണാധിക്യം കാരണം തീര്‍ച്ചയായും അദ്ദേഹം ആരാധ്യൻ തന്നെ. എന്നുവെച്ചു് അദ്ദേഹത്തിന്റെ വീഴ്ചകളുടെ നേർക്കു് കണ്ണടക്കുകയോ അവയെ സാധൂകരിക്കാൻ മെനക്കെടുകയോ വേണ്ടെന്നത്രേ ഭരതലക്ഷ്മണന്മാരിലൂടെ കവി നമുക്കു കാട്ടിത്തരുന്നതും. ഇതാണു് വിവേകികളായ ഗുണാരാധകരുടെ വഴി. ഉപനിഷത്ക്കാലം തൊട്ടേ ഋഷിമാർ പറഞ്ഞുതന്ന വഴിയാണിതു്: “ആചാര്യ ദേവോ ഭവ” എന്നു് അനുശാസിക്കുന്നതോടൊപ്പംതന്നെ “യാന്യസ്മാകം സുചരിതാനി താനി ത്വയോപാസാനി ന ഇതരാണി” (ഞങ്ങളുടെ നല്ല നടപടികൾ മാത്രം കൈക്കൊള്ളുക മറ്റുള്ളവ അരുതു്) എന്നു് നിഷ്കര്‍ഷിക്കുന്ന ഒരാചാര്യനെ തൈത്തീരീയോപനിഷത്തിൽ കാണാം.

അതിനാൽ, രാമന്റെ ഗുണങ്ങൾ, മൃദുഭാഷണവും ഉപകാരസ്മരണവും അപകാരവിസ്മരണവും മറ്റും, കണ്ടറിഞ്ഞു സ്വജീവിതത്തിൽ പകർത്തുക എന്നതാണു് രാമോപാസന. ആ വിധം ഉപാസ്യരായ കഥാപാത്രങ്ങൾ രാമായണത്തിൽ വേറെയും പലരുണ്ടുതാനും—സുമിത്ര, ഭരതൻ, ജടായു മുതലായവർ. അല്ലാതെ രാമവിഗ്രഹത്തിനുമുന്നിൽ നമസ്കാരം ചെയ്തതുകൊണ്ടോ ‘ജയ് ശ്രീറാം’ എന്നു് ഉച്ചത്തിൽ വിളിച്ചുപറഞ്ഞതുകൊണ്ടോ ഒരു കാര്യവുമില്ല. താൻ ഒരു രാമഭക്തനാണെന്നു് ആളുകളെ ബോധിപ്പിക്കാൻ മാത്രം കൊള്ളാം.

ദൗർഭാഗ്യവശാൽ, വാല്മീകിരാമായണത്തിനു് നമ്മുടെ നാട്ടിൽ പ്രചാരം വളരെ കുറവാണു്. അതു പ്രചരിച്ചുകാണാൻ ആഗ്രഹിക്കുന്നവർ അതിലും കുറവും. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ നാടെങ്ങും ദീപം കൊളുത്തണമെന്നും മറ്റുമല്ലാതെ രാമായണം ഒരു കാണ്ഡമെങ്കിലും വായിച്ചുനോക്കാൻ നമ്മുടെ നേതാക്കന്മാരോ സാംസ്കാരികപ്രമുഖരോ ആഹ്വാനം ചെയ്തില്ലല്ലോ. സിനിമാ നടന്മാരുടെയും ക്രിക്കറ്റ് കളിക്കാരുടെയും സന്ദര്‍ശനം കഴിഞ്ഞിട്ടു മതി മറ്റുള്ളവർ ക്ഷേത്രത്തിൽ കടക്കുക എന്നാണല്ലോ യജമാനൻ തന്നെ കല്പിച്ചതും. ആവിധം മാറ്റിനിർത്തപ്പെട്ടവരിൽ പ്രാദേശികഭാഷകളിൽ രാമായണം വിവർത്തനം ചെയ്യുകയോ അതിനെപ്പറ്റി പഠനം നടത്തുകയോ ചെയ്തവരും ഉൾപ്പെടും. വാല്മീകി രാമായണം മൂലത്തോടൊപ്പം ഗദ്യപരിഭാഷയും നല്കി അതിനെ മലയാളികൾക്കു് നേരിട്ടു പരിചയപ്പെടുത്തുകയും അതിനെപ്പറ്റി ഒരു പഠനഗ്രന്ഥം രചിക്കുകയും ചെയ്ത ഡോ. എം. ലീലാവതിയല്ലല്ലോ കേരളത്തിൽ നിന്നു ക്ഷണിക്കപ്പെട്ടതു്.

അതിരിക്കട്ടെ, പ്രാദേശികഭാഷകളിൽ ചില കവികൾ രചിച്ച രാമചരിതങ്ങളുമായിട്ടാണു് ആളുകൾക്കു് പരിചയമേറെ. അവയാകട്ടെ സംക്ഷിപ്തങ്ങളും. അതതു് കവികളുടെ മനോധർമ്മങ്ങൾ കലർന്നതും. അതുകൊണ്ടു് അവ വാല്മീകി രാമായണത്തെ യഥാതഥം പരിചയപ്പെടുത്തുന്നവയല്ല. ഇതുകൂടാതെ വാല്മീകി രാമകഥ രചിച്ചതു് നല്ല വെടിപ്പായില്ല എന്നു് തോന്നിയ ചിലർ അതിനെ പരിഷ്കരിച്ചുകൊണ്ടു് സംസ്കൃതത്തിൽത്തന്നെ ചില പൗണ്ഡ്രക രാമായണങ്ങൾ എഴുതിയിട്ടുണ്ടു്. അവയിൽ ഏറെ പ്രചാരം നേടിയ ഒന്നാണു് അദ്ധ്യാത്മരാമായണം. അതിലെ രാവണൻ രാമന്റെ അറിവോടെ തന്നെ കട്ടുകൊണ്ടു പോയതു് ഒരു മായാ സീതയെയാണു്. ആ മായാസീതയെ വീണ്ടെടുക്കാനാണു് രാമൻ തന്റെ ഭാര്യ കളവു പോയി എന്ന കളവു പറഞ്ഞു വാനരന്മാരെ ലോകം ചുറ്റിച്ചതും പടക്കളത്തിലിറക്കി കൊല്ലിച്ചതും. രാവണനെ ബന്ധുമിത്രാദികളോടൊപ്പം കൊന്നു കളഞ്ഞതും. വൃദ്ധനും നിരായുധനും നിസ്സഹായനുമായ ജടായുപോലും പൊരുതിനിന്ന രാവണനെ, വേണ്ടിവന്നാൽ ലക്ഷ്മണന്റെ സഹായത്തോടെ, രാമനു് ചെറുക്കാനാവതെയില്ലല്ലോ. മായാപ്രയോഗം വഴി സീതയെ അപഹരിക്കാൻ ഒരുങ്ങിപ്പുറപ്പെട്ട രാവണനെ മായാപ്രയോഗംകൊണ്ടുതന്നെ വ്യർത്ഥോദ്യമനാക്കിയതു് രാജനീതിപ്രകാരം സാധുവായിരിക്കാം എന്നാൽ, തനിക്കു് ഒരാവശ്യവുമില്ലാത്ത ആ മായാസീതയെ രാവണൻ വെച്ചുകൊണ്ടിരിക്കുകയോ കൊന്നുതിന്നുകയോ. എന്തുവേണമെങ്കിലും ചെയ്തോട്ടെ എന്നുവെച്ചു് അടങ്ങാതെ, അസത്യം പറഞ്ഞു് സുഗ്രീവനുമായി സഖ്യം ചെയ്തു് ബാലിയെ കൊന്നു് വാനരന്മാരെ ലോകം ചുറ്റിച്ചു് പടക്കളത്തിലിറക്കിയതിനു് എന്തു സാധൂകരണം? വാല്മീകിയുടെ രാമന്നാണു് രാവണൻ സീതയെ അപഹരിക്കാൻ പോകുന്ന വിവരം നേരത്തെ കിട്ടിയിരുന്നതെങ്കിൽ ദണ്ഡകാരണ്യത്തിൽ വെച്ചുതന്നെ അയാളുടെ കഥ കഴിഞ്ഞേനെ.

അപ്പോൾ, ഇവിടെയുള്ളതു് രാമനല്ല രാമന്‍മാരാണു്. അതിൽ ഏതു് രാമനെയാണു് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു് ആരാധിക്കുന്നതു്, ആരാധിക്കേണ്ടതു് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ വേണ്ടതാണു്. ആരാധ്യൻ ആരെന്നറിയാതെ എന്തു് ആരാധന?

ബാബറിമസ്ജിദ് അടിച്ചുതകർത്തു രാമക്ഷേത്രം കെട്ടിപ്പൊക്കിയവരുടെ നിലപാടു് വേറെയാണു്. അവരുടെ പക്ഷത്തിൽ വാല്മീകിയുടെ ഭാവനയിൽ വിളഞ്ഞ ഒന്നല്ല രാമകഥ. രാമൻ എന്നൊരു അവതാരപുരുഷൻ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്രം ഛന്ദോബദ്ധമാക്കുകയേ വാല്മീകി ചെയ്തുള്ളൂ. ആ അവതാരപുരുഷന്നു് അവിടുത്തെ ജന്മ സ്ഥാനമായ അയോധ്യയിൽത്തന്നെ അമ്പലം പണിതാലേ ശരിയായ പൂജയാവൂ, അതു് ചെയ്യാതിരിക്കുന്നതു് പൂജ്യപൂജാവ്യതിക്രമമാവും.

ഈ വാദം അംഗീകരിച്ചാൽത്തന്നെ ആ അവതാരപുരുഷന്റെ ജീവചരിത്രത്തിനു് നമുക്കുള്ള മൂലപ്രമാണം വാല്മീകി രാമായണംതന്നെയാണല്ലോ. ആ മൂലഗ്രന്ഥവും അതിനെ സംസ്കൃതഭാഷാനഭിജ്ഞരായ ജനങ്ങൾക്കു പരിചയപ്പെടുത്തിക്കൊടുക്കാൻ പ്രയത്നിച്ചവരും ഇവിടെ തീർത്തും അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നു് നാം കണ്ടു, ഇതും വലിയൊരു പൂജ്യപൂജാവ്യതിക്രമമല്ലേ?

ചരിത്രമോ കവികല്പനയോ?

രാമക്ഷേത്രനിർമ്മാണം വൈകിപ്പോയതിൽ രാംലല്ലയോടു് (രാമനുണ്ണിയോടു്) ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി പ്രകടിപ്പിച്ചതു് മേല്പറഞ്ഞ ആശയമാണു്. ‘ഇപ്പോൾ എന്റെ പേരിലുള്ള ക്ഷേത്രങ്ങൾകൊണ്ടൊന്നും എനിക്കു് ഒരു പ്രയോജനവും ഇല്ല; എന്റെ ജന്മസ്ഥലത്തുതന്നെ എനിക്കു് ഒരമ്പലം പണിതുതരണം’ എന്നു രാമൻ അദ്ദേഹത്തോടു് ആവശ്യപ്പെട്ടതു നേരിട്ടു് പ്രത്യക്ഷപ്പെട്ടിട്ടോ സ്വപ്നദര്‍ശനത്തിലോ എന്നു് അറിവില്ല. എന്തായാലും, ഏറ്റെടുത്ത കാര്യം പറഞ്ഞ സമയത്തു് ചെയ്തുതീർക്കാത്തതിനു് ക്ഷമാപണം ചെയ്തതു് ജനങ്ങൾക്കു് നല്ലൊരു മാതൃകയായി. ത്രേതായുഗം ഭാഗികമായും ദ്വാപരയുഗം പൂർണമായും കലിയുഗം ഇന്നേവരെയും ഒരു ഷെഡ്ഡിൽ കഴിഞ്ഞുകൂടേണ്ടിവന്ന ഭഗവാൻ ശ്രീരാമനു്, തനിക്കു രാജോചിതമായ ഒരു മണിമന്ദിരം പണിതുതന്ന പ്രധാനമന്ത്രിയോടു്, ശാപമോക്ഷം കിട്ടിയ അഹല്യയ്ക്കു് ശ്രീരാമനോടെന്നപോലെ തികഞ്ഞ കടപ്പാടും ഭക്തിയും മാത്രമേ തോന്നാൻ ഇടയുള്ളൂ. അതുകൊണ്ടു്, ഇതിലെ കാലതാമസം അവിടുന്നു പൊറുത്തരുളുമെന്നു മാത്രമല്ല, ഒരു പ്രത്യുപകാരമായി ഷെഡ്ഡിൽ കഴിയുന്ന മനുഷ്യരുടെ കാര്യം സ്വയം ഏറ്റെടുത്തു് പ്രധാനമന്ത്രിയുടെ കർത്തവ്യഭാരം കുറച്ചുകൊടുക്കുകയും ചെയ്യുമെന്നുകൂടി പ്രതീക്ഷിക്കാം. (കൂട്ടത്തിൽ ചെറിയൊരു സംശയം: രാമൻ ഇത്രനാളും ഷെഡ്ഡിലായിരുന്നു എന്നു് പ്രധാനമന്ത്രി പറഞ്ഞതിന്റെ പൊരുൾ, ഇവിടുത്തെ മറ്റു രാമക്ഷേത്രങ്ങളിലൊന്നും വാസ്തവത്തിൽ രാമൻ ഇല്ലായിരുന്നു എന്നല്ലേ? എങ്കിൽ അവയൊക്കെ അടച്ചു പൂട്ടേണ്ടതല്ലേ?)

പക്ഷേ, ഒട്ടും ക്ഷന്തവ്യല്ലാത്ത മറ്റൊരു പൂജ്യപൂജാവ്യതിക്രമം ഇവിടെ സംഭവിച്ചിട്ടുണ്ടു്. ക്ഷേത്രപ്രതിഷ്ഠാവേളയിൽ ശ്രീ ഹനുമാനെ എന്തുകൊണ്ടു് ക്ഷണിച്ചില്ല? അദ്ദേഹം എവിടെയാണുള്ളതു് എന്നു് അറിവില്ലെങ്കിൽ ശിലാന്യാസം കഴിഞ്ഞന്നുതൊട്ടെങ്കിലും അന്വേഷിക്കേണ്ടതായിരുന്നില്ലേ? നൂറുതീർത്ഥങ്ങളിൽ മുങ്ങി കുളിച്ചാൽ തീരുമോ ഈ പൂജ്യപൂജാവ്യതിക്രമം? വിഭീഷണനെയും പരശുരാമനെയും കൂടി ക്ഷണിക്കേണ്ടതുതന്നെ. പക്ഷേ, അവർ പങ്കെടുത്താൽക്കൂടി ആരെയോ വേഷം കെട്ടിച്ചു കൊണ്ടുവന്നതാണെന്നേ അവിശ്വാസികൾ പറയൂ. ഹനുമാനാവുമ്പോൾ അദ്ദേഹം പണ്ടു് കടൽ ചാടിക്കടന്നപ്പോളെടുത്ത രൂപം കാട്ടിത്തരാൻ പറഞ്ഞു് അവരുടെ വായ മൂടിക്കെട്ടാം. ശ്രീരാമചന്ദ്രനു് ഷെഡ്ഡിൽ നിന്നു് മോചനം നല്കിയ പ്രധാനമന്ത്രി അപേക്ഷിച്ചാൽ ഹനുമാൻ നിരസിക്കില്ലെന്നു ഉറപ്പുമാണു്. ഭീമസേനന്നു പോലും ദുഷ്പ്രേക്ഷ്യമായ ആ രൂപം അതേപടി കാണിക്കണമെന്നില്ല. പട്ടേൽ പ്രതിമയുടെ പത്തിരട്ടി മതി.

കഴിഞ്ഞതിനെപ്പറ്റി ഖേദിച്ചിട്ടു് കാര്യമില്ലല്ലോ? ഇനിയെങ്കിലും പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽത്തന്നെ ഒരു അന്വേഷണസംഘം, ആർ. എസ്. എസുകാരും സിനിമാനടന്മാരും ക്രിക്കറ്റ്കളിക്കാരും പിന്നെ ചീട്ടുകളിക്കാരും സർക്കസുകാരും മാജിക്കുകാരും അടങ്ങുന്ന ഒരു സംഘം, ഹനുമാനെ തേടിപ്പിടിച്ചുകൊണ്ടുവന്നു് അയോധ്യാക്ഷേത്രത്തിനു സമീപംതന്നെ പാര്‍പ്പിക്കേതാണു്. ഇത്ര ഗംഭീരമായ ഒരു രാം മന്ദിർ ഉള്ളപ്പോൾ വല്ല വാഴത്തോപ്പിലും കഴിഞ്ഞുകൂടുന്നതിലെ നാണക്കേടു് വാക്യവിശാരദനായ പ്രധാനമന്ത്രിതന്നെ വിവരിച്ചുകൊടുത്താൽ മാരുതിക്കു് ബോധ്യപ്പെടാതിരിക്കില്ല. ഇത്രനാളും അയോധ്യയ്ക്കു് വെളിയിൽ നിന്നു് രാമനെ ഭജിച്ചുപോന്നതിൽ പശ്ചാത്തപിച്ചു എന്നും വരാം.

രാമചരിതം കവികല്പനയല്ല ചരിത്ര വസ്തുതതന്നെ എന്നു് തെളിയിക്കാൻ ഇത്രയും നല്ലൊരു വഴി തുറന്നു കിടക്കെ അതിനെപ്പറ്റി ഒരു ചര്‍ച്ചയും ആവശ്യമില്ലല്ലോ.

അതേതായാലും മറ്റു രാമക്ഷേത്രങ്ങളൊന്നും പോരാ. അയോധ്യയിൽത്തന്നെ വേണം രാമക്ഷേത്രം എന്ന ആശയം രാമഭക്തിയിൽ നിന്നു് ഉളവായതാവില്ല. ശ്രീരാമപട്ടാഭിഷേകാനന്തരം സുഗ്രീവാദിവാനരന്മാർ കിഷ്ക്കിന്ധയ്ക്കു് തിരിച്ചുപോവുകയാണുണ്ടായതു്. ആ കൂട്ടത്തിൽ സുഗ്രീവന്റെ മന്ത്രിമുഖ്യനായ ഹനുമാനും ഉണ്ടാവുമല്ലോ. അദ്ദേഹത്തെ നാം പിന്നീടു് കണ്ടുമുട്ടുന്നതു് മഹാഭാരതത്തിലാണു്—ഗന്ധമാദനപര്‍വ്വതത്തിൽ. ത്രേതായുഗാവസാനംവരെ അദ്ദേഹം എവിടെയായിരുന്നുവെന്നു് അറിഞ്ഞുകൂടെങ്കിലും, ദ്വാപരയുഗത്തിൽ അദ്ദേഹം തെരഞ്ഞെടുത്തതു് അയോധ്യയല്ല. ഈ കലിയുഗത്തിലും അദ്ദേഹത്തെ അയോധ്യയിലെങ്ങാനും കണ്ടുമുട്ടിയവർ ആരുമില്ല. രാമൻ പിറന്നേടത്തു് ഒരു മുസ്ലിംപള്ളി നിന്നുകൂടാ. എന്ന വല്ലവിചാരവും അദ്ദേഹത്തിനു് ഉണ്ടായിരുന്നുവെങ്കിൽ, തന്റെ വാലൊന്നു് വീശിയാൽ മതിയായിരുന്നു അതു് കാറ്റിൽ പറത്താൻ. അവിടെ ഒരു രാമക്ഷേത്രം വേണമെന്നു്, അദ്ദേഹത്തിനു് നിര്‍ബന്ധമുണ്ടായിരുന്നുവെങ്കിൽ നിലവിലുള്ള ക്ഷേത്രങ്ങളിൽ ഒന്നു് അടിയോടെ അടർത്തിയെടുത്തു് അവിടെ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിനു് ഒരു നിമിഷം മതി. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലാത്തതിനു് രണ്ടേരണ്ടു കാരണമേ പറയാനുള്ളൂ. ഒന്നുകിൽ ഹനുമാൻ ഒരു കല്പിത കഥാപാത്രം മാത്രമാണു്, രാമായണം കല്പിത കഥയാണു്. അല്ലെങ്കിൽ അയോധ്യയിൽ അമ്പലം കെട്ടിയാലേ രാമനെ ഭജിക്കാനാവൂ എന്നു് അദ്ദേഹത്തിനു് തോന്നിയില്ല. അല്ലെങ്കിലും, ഹൃദയത്തിൽ ദേവനെ കുടിയിരുത്തിയ ഭക്തനു് അമ്പലം എന്തിനു്?

പോകട്ടെ, അത്ര ഉയർന്ന നിലയിൽ എത്തിയിട്ടില്ലാത്ത ഭക്തന്മാർക്കു് കാലക്രമേണയെങ്കിലും ഈശ്വര പ്രാപ്തിക്കു് ക്ഷേത്രാരാധന സഹായകമാവില്ലേ?

ക്ഷേത്രാരാധനയും ഈശ്വരാരാധനയും

ഉപാസകന്മാരുടെ സൗകര്യാർത്ഥമാണു് നിരാകാരനായ ഈശ്വരനു് ആകാരം കൽപിക്കുന്നതെന്നും ക്ഷേത്രപ്രതിഷ്ഠിതമായ ഈശ്വരവിഗ്രഹം കേവലം പ്രതീകമാണെന്നും പ്രതീകം വഴി ഈശ്വരനെത്തന്നെയാണു് ആരാധിക്കുന്നതു് എന്നും പണ്ഡിതന്മാർ വിവരിക്കാറുണ്ടു്. പക്ഷേ, ഇതൊന്നും ക്ഷേത്രത്തിന്റെ ആവശ്യകത തെളിയിക്കുന്നില്ല. ഹിന്ദുക്കൾ പ്രായേണ വീടുകളിൽ ദേവീദേവന്മാരുടെ പടങ്ങൾ വെച്ചു് പൂജിക്കുന്നവരാണു്. അവയും പ്രതീകങ്ങൾ തന്നെയല്ലേ? പിന്നെ ക്ഷേത്രത്തിൽ പോകുന്നതു് എന്തിനു്?

ഭഗവദ്ദര്‍ശനത്തിനു്. നിത്യവും കാലത്തുമന്തിയ്ക്കും ഗുരുവായൂരപ്പന്റെ പടത്തിനു മുന്നിൽ വിളക്കു കൊളുത്തി പൂജിക്കുന്നവരും ഗുരുവായൂർക്കു് പോകുന്നതു് ഗുരുവായൂരപ്പനെ ദര്‍ശിക്കാനാണല്ലോ. ക്ഷേത്രങ്ങളിൽ ദര്‍ശിക്കുന്നതു് ഏതെങ്കിലും ദേവന്റെയോ ദേവിയുടെയോ ബിംബമാണു്. എന്നാൽ അതിനെ ബിംബം ആയിട്ടല്ല, ദേവനോ ദേവിയോ ആയിട്ടാണു് ഭക്തന്മാർ കാണുന്നതു്. ആസ്തികന്മാർക്കു് പ്രപഞ്ചം ഈശ്വരസൃഷ്ടമാണു്. സൃഷ്ടി സ്രഷ്ടാവിൽ നിന്നു് വേറിട്ടൊന്നല്ലതാനും. (നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും എന്നു് നാരായണഗുരു). എന്നാൽ ഈശ്വര സൃഷ്ടമായ ഒരു ശിലാഖണ്ഡത്തെയോ ലോഹപിണ്ഡത്തെയോ ഒരു ക്ഷേത്രാരാധകൻ ഈശ്വരനായി കാണുന്നില്ല. അതിനെ രൂപാന്തരപ്പെടുത്തി ശില്പി സൃഷ്ടിച്ച വിഗ്രഹത്തെയും ഈശ്വരനായി കാണുന്നില്ല. പുരോഹിതൻ തന്റെ മാന്ത്രിക വിദ്യകൊണ്ടു് അതിനെ ചൈതന്യവത്താക്കുമ്പോഴാണു്, പ്രാണപ്രതിഷ്ഠ നടത്തുമ്പോഴാണു്, അതിനെ ഈശ്വരനായി കാണുന്നതു്. അർത്ഥാൽ, പ്രപഞ്ചസ്രഷ്ടാവായ ഏകേശ്വരനല്ല പുരോഹിതസൃഷ്ടരായ നാനാദേവീദേവന്മാരാണു് ക്ഷേത്രങ്ങളിൽ പൂജിക്കപ്പെടുന്നതു്.

ഭഗവദ്ദര്‍ശനം കഴിഞ്ഞു ഭഗവത്പ്രസാദംകൂടി സ്വീകരിച്ചു കഴിയുമ്പോഴാണു് ക്ഷേത്രസന്ദര്‍ശനം പൂര്‍ണ്ണമാകുന്നതു്. ഭഗവാൻ പ്രസാദിക്കുന്നതു് പൂജകൊണ്ടാണു്, അതു് ചെയ്യുന്നതു് പുരോഹിതനും, ആ പുരോഹിതന്റെ കയ്യിൽ നിന്നാണു് ഭക്തനു് അതു് ലഭിക്കുന്നതും.

മൂന്നാമതൊരു പ്രയോജനം കൂടി ക്ഷേത്രങ്ങൾ കൊണ്ടുണ്ടു്. സാമാന്യം വലിയ ഏതു് അമ്പലത്തിലും ശ്രീകോവിൽ കഴിഞ്ഞാൽ മുഖ്യാംഗം വഴിപാടു് കൗണ്ടർ ആണല്ലോ. (കൊടിമരമില്ലാത്ത അമ്പലങ്ങളിലും കാണാം വഴിപാടു് കൗണ്ടറുകൾ). ഭഗവത്പ്രാപ്തിക്കല്ല ഭഗവാനിൽ നിന്നു നേടിയെടുക്കാവുന്ന മറ്റാവശ്യങ്ങൾക്കാണു് വഴിപാടു്. അതിനുള്ള വിശേഷാൽ പൂജകൾ ചെയ്യുന്നതും പുരോഹിതൻ തന്നെ. ഇതിനുള്ള ഒരു സവിശേഷത ഇതിന്നു് ക്ഷേത്രദര്‍ശനം ആവശ്യമില്ല എന്നതാണു്. പല ക്ഷേത്രങ്ങളിലും ഇന്നു് ഓണ്‍ലൈനായി വഴിപാടു് ബുക്ക് ചെയ്യാം. തപാൽ വഴി പ്രസാദവും ലഭിക്കും. കാലക്രമേണ മറ്റു ക്ഷേത്രങ്ങളിലും ഈ ഏര്‍പ്പാടു് വരും എന്നു് പ്രതീക്ഷിക്കാം. അഹിന്ദുക്കളുടെ പാദസ്പർശം കൊണ്ടു് അശുദ്ധമായിപ്പോകുന്ന ക്ഷേത്രങ്ങളിലെ പ്രസാദം അഹിന്ദുക്കളുടെ കരസ്പർശം കൊണ്ടു് അശുദ്ധമാകുന്നില്ല എന്നതും ഒരു ആശ്വാസമാണു്. തപാൽ വഴി പ്രസാദം വന്നെത്തുന്നതു് പല കൈകളിലൂടെയാണല്ലോ. അവയെല്ലാം ഹിന്ദുക്കളുടേതാവണമെന്നില്ലല്ലോ.

അങ്ങനെ ഭഗവദ്ദര്‍ശനം, ഭഗവത്പ്രസാദലബ്ധി, അഭീഷ്ടസിദ്ധി എന്നീ മൂന്നു് മുഖ്യപ്രയോജനങ്ങൾക്കും പുരോഹിതൻ അനിവാര്യനാണെന്നു് വരുന്നു. കൂടാതെ വിദ്യാരംഭം, നാമകരണം, അന്നപ്രാശം, വിവാഹം മുതലായ അവാന്തരപ്രയോജനങ്ങൾക്കും വേണം പുരോഹിതസാന്നിധ്യം. ചുരുക്കത്തിൽ ഭക്തനും ഭഗവാനും തമ്മിൽ നേരിട്ടു ബന്ധം സാധ്യമല്ല. ഒരിടനിലക്കാരൻ കൂടിയേ കഴിയൂ എന്നതാണു് ക്ഷേത്രാരാധനയുടെ അടിസ്ഥാനതത്വം.

ഭക്തരെ സംബന്ധിച്ചിടത്തോളം ഈശ്വരാരാധനയെന്നാൽ പുരോഹിത നിര്‍ദിഷ്ടമായ ചില ചടങ്ങുകൾ എന്നാണു് അർത്ഥം. അയ്യപ്പനെ ആരാധിക്കാൻ കറുത്ത വസ്ത്രം ചുറ്റി താടിയും മുടിയും വളർത്തി തലയിൽ ഇരുമുടിക്കെട്ടുമായി ‘സ്വാമിയേ ശരണമയ്യപ്പാ…’ എന്നു് ഉച്ചത്തിൽ ശരണം വിളിച്ചുകൊണ്ടു് പതിനെട്ടാംപടിചവിട്ടണം. അതാണു് അയ്യപ്പഭക്തന്റെ ലക്ഷണം. സുബ്രഹ്മണ്യസ്വാമിയെ ആരാധിക്കാൻ, മഞ്ഞ വസ്ത്രം ചുറ്റി തല മൊട്ടയടിച്ചു കാവടി ചുമലിലേന്തി ‘ഹര ഹരോ സുബ്രഹ്മണ്യാ’… എന്ന നാമജപം മുഴക്കിക്കൊണ്ടു മല ചവിട്ടണം—അതാണു് സുബ്രഹ്മണ്യഭക്തന്റെ ലക്ഷണം. ചന്ദനക്കുറി തൊട്ടവൻ ശിവഭക്തനാവില്ല, ഭസ്മക്കുറി തൊട്ടവൻ വിഷ്ണു ഭക്തനാവില്ല. ക്ഷേത്രങ്ങളിൽ ഈശ്വരനല്ല ഈശ്വരന്മാരാണു് ഉള്ളതു്. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ പലതാണു്, അതു തീരുമാനിക്കുന്നതു് പുരോഹിതനും.

ഇത്രയും സാമാന്യഭക്തരുടെ ലക്ഷണങ്ങൾ. തീവ്രഭക്തന്മാരുടെ, ഭഗവാന്നു് ഏറെ പ്രിയപ്പെട്ടവരുടെ, ലക്ഷണങ്ങൾ വേറെ ചിലതാണു്. നടക്കാൻ ഭഗവാൻ കനിഞ്ഞു നല്കിയ കാലുകൾ ഉപയോഗപ്പെടുത്തുകയില്ലെന്ന വ്രതത്തോടെ മാറും വയറും ഉപയോഗിച്ചു് ക്ഷേത്രപ്രദക്ഷിണം ചെയ്യുക, നാവിൽ ശൂലം തറച്ചുകയറ്റുക. അങ്ങനെ പലതും. അപ്പനായാലും അമ്മയായാലും മക്കൾ വേദനിക്കുന്നതു് കാണാൻ പെരുത്തിഷ്ടം. വിശ്വസിച്ചേ പറ്റൂ. പറയുന്നതു് പുരോഹിതനാണല്ലോ.

ഇതു് ഈശ്വരാരാധനയാണോ? ഇതാണോ ഈശ്വരാരാധന?

ഈശ്വരൻ പ്രസാദിക്കുന്നതു് എന്തിനെക്കൊണ്ടു് എന്നു് ശ്രീമദ് ഭാഗവതത്തിൽ ബ്രഹ്മാവു് പറയുന്നു:

നാതി പ്രസീദതി തഥോപചിതോപചാരൈ-

രാരാധിതഃ സുരഗണൈർ ഹൃദി ബദ്ധകാമൈഃ

യഃ സര്‍വ്വഭൂതദയയാഽസദ ലഭ്യയൈകോ

നാനാജനേഷ്വവഹിതഃ സുഹൃദന്തരാത്മാ

പ്രകാശാനന്ദസ്വാമികളുടെ ശതരുദ്രീയ വ്യാഖ്യാനത്തിൽ ഈ ശ്ലോകം ഉദ്ധരിച്ചു് ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു: “വിഷയാഭിലാഷം നിറഞ്ഞ ഹൃദയത്തോടുകൂടി ദേവന്മാർ തന്നെ ചെയ്യുന്ന അനേകം ഉപചാരപൂജ കൊണ്ടു് ഭഗവാൻ അത്രയധികം പ്രസന്നനാകുന്നില്ല. എത്രമാത്രം എന്ന ചോദ്യത്തിനു് ഉത്തരം ഉത്തരാര്‍ദ്ധം കൊണ്ടു് പറയുന്നു—പരന്മാരിൽ കാണുന്ന ദുഃഖത്തെ നിവർത്തിപ്പാനുള്ള മനോഭാവത്തെയാണു് ദയ എന്നു് പറയുന്നതു്. എല്ലാ പ്രാണികളിലും കാണിക്കുന്ന ആ ദയകൊണ്ടു് പ്രസന്നനാകുന്നത്ര എന്നർത്ഥം. ഹൃദയങ്ങൾ അനേകങ്ങളാകയാൽ അവൻ വളരേയില്ല. അവയിലിരിക്കുന്ന അവൻ ഒരുവൻ മാത്രമാണു്. അതുകൊണ്ടു് കുറേപേരിൽ ദയ കാണിച്ചു് ഒരു പ്രാണിയിൽ കാഠിന്യം കാണിച്ചാൽ പ്രയോജനമില്ലെന്നു് അറിയിച്ചിരിക്കുന്നു… അന്തരാത്മപദംകൊണ്ടു് ഭഗവാനുണ്ടോ എന്ന സംശയം തീർത്തുതന്നിരിക്കുന്നു. ദേഹാദികളിൽ നിന്നു് വിലക്ഷണവും സ്വസംവേദ്യവും ഇന്ദ്രിയാവേദ്യവുമായ ആത്മാവാണു് ഭഗവാൻ എന്നു് സാരം… സര്‍വ്വഭൂതദയക്കുപകരിക്കാത്ത വിഗ്രഹാരാധന എത്ര വലിയ ഉപചാരങ്ങളെക്കൊണ്ടു്, എത്ര കെങ്കേമനായാലും സ്വാർത്ഥബുദ്ധ്യാ ചെയ്താൽ യഥാർത്ഥഫലം ലഭിക്കുകയില്ല. ക്ഷുദ്രങ്ങളായ സുഖം മാത്രമേ അതുകൊണ്ടുണ്ടാവുകയുള്ളൂ എന്നാണു് ആ ശ്ലോകം കൊണ്ടു് ഉപദേശിച്ചിട്ടുള്ളതു്”.

ചുരുക്കത്തിൽ ഈശ്വരപ്രീതിക്കു് സർവ്വഭൂതദയയല്ലാതെ മറ്റൊന്നും ആവശ്യമില്ല. അതൊഴികെ മറ്റൊന്നുകൊണ്ടും ഈശ്വരപ്രീതി ലഭിക്കുകയുമില്ല. മാത്രമല്ല ഹൃദയം ബദ്ധകാമമായിരിക്കുന്നിടത്തോളം കാലം സര്‍വ്വഭൂതദയ സംഭവ്യമല്ലെന്നും സൂചിപ്പിച്ചിരിക്കുന്നു.

ഇതിന്നു് തീർത്തും വിരുദ്ധമാണു് ക്ഷേത്രാരാധന എന്നു സ്പഷ്ടം. വഴിപാടു് ബോർഡുകൾ വിളിച്ചോതുന്നതു്, ‘നിങ്ങളുടെ വിഷയാഭിലാഷങ്ങൾ ഭഗവാൻ നിറവേറ്റിത്തരും. ഇതാ ഇവിടെ കാണിക്കുന്ന തുക അടച്ചു് രശീതി വാങ്ങിയാൽ മതി. ബാക്കിയൊക്കെ ഞങ്ങൾ ഏറ്റു എന്നാണല്ലോ’. ഉത്തരകേരളത്തിലെ ഒരമ്പലത്തിൽ സന്യാസിമാർക്കു് പ്രവേശമില്ല. അതിനു കാരണമായി പറഞ്ഞുകേട്ടിട്ടുള്ളതു്, ‘ഭഗവാൻ സര്‍വ്വാഭീഷ്ടദായകനാണു്. സന്യാസിമാർക്കു് അഭീഷ്ടങ്ങൾ ഒന്നുമില്ലല്ലോ. പിന്നെ, അവർക്കു് ഇവിടെ എന്തു കാര്യം?’ എന്നാണു്. എത്ര യുക്തിയുക്തമായ തീരുമാനം!

സര്‍വ്വഭൂതദയയുടെ കാര്യം പറയുകയേ വേണ്ട, ക്ഷേത്രത്തിൽ ഭജനം ഇരുന്നതുകൊണ്ടു് മാറാരോഗം മാറിക്കിട്ടി, ഏറെക്കാലം സന്തതി ഇല്ലാതിരുന്നവർക്കു് സന്താനം ലഭിച്ചു, എന്നൊക്കെയല്ലാതെ സര്‍വ്വഭൂതദയ വര്‍ധിച്ചു എന്നു് ഏതെങ്കിലും ക്ഷേത്രമാഹാത്മ്യത്തിൽ കാണുമോ? വഴിപാടു ബോർഡുകളിൽ എവിടെയെങ്കിലും സര്‍വ്വഭൂതദയാ പുഷ്പാഞ്ജലി അഥവാ ഹോമം എന്നൊന്നു് കാണുമോ? കഴിഞ്ഞ പതിനെട്ടുകൊല്ലമായി ഞാൻ പതിനെട്ടാംപടി ചവിട്ടുന്നു എന്നോ എല്ലാ മാസവും ഒന്നാം തീയതി ഞാൻ ഗുരുവായൂരിൽ എത്തിയിരിക്കും എന്നോ സാഭിമാനം പറയുന്നവരോടു ചോദിച്ചുനോക്കൂ, വീണ്ടുംവീണ്ടും പോകാൻ പ്രേരണ എന്തെന്നു്. ‘അതോ, ഓരോ തവണ തൊഴുതുമടങ്ങുമ്പോഴും എനിക്കു് സര്‍വ്വഭൂതദയ പെരുകിപ്പെരുകി വരുന്നു’ എന്നു് ആരെങ്കിലും മറുപടി പറഞ്ഞാൽ അയാൾ ഒരു അപൂര്‍വജീവിയായിരിക്കും.

സര്‍വ്വഭൂതദയ ഒരു ചടങ്ങല്ല, സംസ്കാരമാണു്. അതുണ്ടാവാൻ ഒരു പുരോഹിതന്റെയും ആവശ്യമില്ല ഒരു പുരോഹിതനും അതു് ഉണ്ടാക്കിയെടുക്കാൻ ആവുകയുമില്ല. അപ്പോള്‍പ്പിന്നെ ഈശ്വരാരാധനയിൽ പുരോഹിതന്നു് എന്തു പ്രസക്തി, ക്ഷേത്രംകൊണ്ടു് എന്താവശ്യം?

ആവശ്യമില്ലെങ്കിൽ വേണ്ട. ക്ഷേത്രാരാധനകൊണ്ടു് ദോഷമൊന്നും വരാനില്ലല്ലോ. മറിച്ചു് പലർക്കും മനസ്സമാധാനം ലഭിക്കുമെന്ന ഗുണമില്ലേ? ദോഷമുണ്ടു്, ഗുണത്തേക്കാൾ വലിയ ദോഷം. പ്രാണിപീഡനം, ഹിംസ, ഭഗവാനു് പ്രീതികരമാണെന്ന ധാരണ ജനങ്ങളിൽ പരത്തുന്നു എന്നതാണു് ആ ദോഷം.

നമ്മുടെ നാട്ടിൽ ഭക്തിയുടെ പേരിൽ, ഉപാസനയുടെ പേരിൽ നടന്നുപോന്ന നരബലി ഇന്നില്ലായിരിക്കാം. എന്നാൽ ആടു്-കോഴികളുടെ കഴുത്തറക്കുന്ന പതിവു് ഇന്നും പല ക്ഷേത്രങ്ങളിലും തുടരുന്നു. പ്രാണീഹത്യ ഉള്ളിടത്തു് മറ്റെന്തു ഗുണം ഉണ്ടായിട്ടും കാര്യമില്ല എന്നു് പറയുന്നു ശ്രീനാരായണഗുരു.

“കൊല്ലുന്നവനില്ല ശരണ്യത

മറ്റെല്ലാവക നന്മയുമാര്‍ന്നിടിലും.”

കൊല്ലുന്നതിലും വലിയ പാപമാണു് കൊല്ലിക്കുന്നതു് എന്നും അദ്ദേഹം പറയുന്നുണ്ടു്. കശാപ്പുശാലകളിൽ ജീവികളെ കൊല്ലുന്നതു് മാംസാഹാരം ശീലിച്ചുപോയവർക്കു് (ആവശ്യമുള്ളവർക്കും) അതു് എത്തിച്ചുകൊടുക്കാനാണു്, ക്ഷേത്രങ്ങളിലാകട്ടെ പ്രാണിഹിംസ ഭഗവാനു് പ്രീതികരമാണു്, അതു് ചെയ്യിക്കുന്നവർക്കു് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും എന്ന ധാരണ ഊട്ടിയുറപ്പിക്കുകയാണു് ചെയ്യുന്നതു്. അറവുശാലകളിൽ ഹിംസാദോഷമേ ഉള്ളൂ. ദേവാലയങ്ങളിൽ ഹിംസാദോഷത്തിനു പുറമേ അസത്യദോഷവും.

ജന്തുബലിയില്ലാത്ത ക്ഷേത്രങ്ങളിലും ആനപ്പുറത്തു് എഴുന്നള്ളിപ്പു് എന്ന പ്രാണിപീഡനം നടപ്പുണ്ടു്. അതിൽ എന്തു ഹിംസ, അഥവാ അതത്ര വലിയ ഹിംസയാണോ എന്നു് ചോദ്യം വരാം. ഒരു ബാലനെയോ ബാലികയെയോ തട്ടിക്കൊണ്ടുപോയി തൊഴിൽ ശാലകളിൽ വേല ചെയ്യിക്കുകയോ പിച്ചതെണ്ടിക്കുകയോ ചെയ്യുന്നതു് അതിക്രൂരമായ, മനുഷ്യോചിതമല്ലാത്ത, ഒരു കർമ്മമാണെന്നതിൽ സംശയം ഇല്ലല്ലോ. കാടിന്റെ സന്തതികളായ ആനകളെ ചതിക്കുഴിയിൽ വീഴ്ത്തി ചങ്ങലക്കിടുന്നതിലും മനുഷ്യന്റെ ദാസ്യപ്പണി എടുപ്പിക്കുന്നതിലും അതേ ക്രൂരത തന്നെയല്ലേ ഉള്ളതു്? കഴിഞ്ഞ കോവിഡ് കാലത്തു് തൃശ്ശൂര്‍പൂരം ഒരു ചടങ്ങു് മാത്രമായി അനുഷ്ഠിച്ചാൽ മതി (എങ്ങനെയായാലും ഒരു ചടങ്ങു തന്നെയല്ലേ അതു്) എന്നു് കളക്ടർ ഉത്തരവിട്ടപ്പോൾ ഒരാനയെയെങ്കിലും പങ്കെടുപ്പിക്കാൻ ക്ഷേത്രാധികാരികൾ അനുമതി ചോദിച്ചതായി കേട്ടിട്ടുണ്ടു്. കുറെ പേരിൽ ദയ കാണിച്ചു് ഒരു പ്രാണിയിൽ കാഠിന്യം കാണിച്ചാൽ പ്രയോജനം ഇല്ലെന്നാണു് വേദജ്ഞനായ പ്രകാശാനന്ദസ്വാമികൾ പറയുന്നതെങ്കിൽ, ഒരു പ്രാണിയെയെങ്കിലും ദ്രോഹിക്കാതെ എങ്ങനെ ഭഗവാനെ പ്രസാദിപ്പിക്കും എന്നാണു് അമ്പലക്കാരുടെ ആധി!

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ മഹാമഹത്തിനു പിന്നിലുള്ളതു് രാമ ഭക്തിയൊന്നുമല്ല. ഒരു രാഷ്ട്രീയകക്ഷിക്കു് അധികാരം ഉറപ്പിക്കാനുള്ള തന്ത്രം മാത്രമാണതു് എന്നു് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. ആയിരിക്കാം. എന്നാൽ കാര്യങ്ങൾ ഇത്രത്തോളം കൊണ്ടെത്തിച്ചതു് ഇവിടത്തെ ജനങ്ങൾ തന്നെയാണെന്നു് ഓർക്കണം അതിനു കാരണം. അവരുടെ പൗരോഹിത്യദാസ്യവുമാണു്. എത്ര വേരുറച്ചുപോയി ഈ മാനസികപരാധീനത എന്നതിനു് ഒന്നുരണ്ടുദാഹരണങ്ങൾ നൽകാം.

ശ്രദ്ധിച്ചുനോക്കിയാൽ, ഇന്നും ജന്തുബലി നടക്കുന്നതു് ഏറെയും ദേവീക്ഷേത്രങ്ങളിൽ ആണെന്നു കാണാം. സ്ത്രീക്കു് ക്രൗര്യം കൂടും എന്ന ഈ നിഗൂഢാശയത്തിനെതിരെ സ്ത്രീകളെങ്കിലും ഇന്നേവരെ പ്രതിഷേധിച്ചിട്ടുണ്ടോ? ഒരു ജാഥയും സംഘടിപ്പിക്കാതെ, മുദ്രാവാക്യം വിളിക്കാതെ, ആർക്കും ഒരു ഒരസൗകര്യമോ, അലോസരമോ ഉണ്ടാക്കാതെ, പ്രതിഷേധിച്ചു് നിർത്തിക്കാവുന്നതേയുള്ളൂ ഈ കിരാതവൃത്തി. ജന്തുബലി നടത്തുന്ന ക്ഷേത്രങ്ങളിൽ പോകില്ലെന്നു്, അവിടങ്ങളിലെ ഭണ്ഡാരങ്ങളിൽ ഒരു ചില്ലിക്കാശു പോലും നിക്ഷേപിക്കില്ലെന്നു് തീരുമാനിച്ചാൽ മതി. പക്ഷേ, അതൊന്നും നടക്കാൻ പോകുന്നില്ല. അത്രയും വെടിപ്പായാണു് പുരോഹിതന്മാർ ജനങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്തുവെച്ചിരിക്കുന്നതു്.

എന്തിനേറെ, നാം സാഭിമാനം അനുസ്മരിക്കുന്ന നവോത്ഥാനത്തിനു നേതൃത്വം നൽകിയ മഹാമതികൾക്കുപോലും പൗരോഹിത്യത്തിന്റെ മതിൽകെട്ടിനപ്പുറം കടക്കാനായോയെന്നു് സംശയിക്കണം. വഴി നടക്കാന്‍പോലും സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഒരു ജനസമൂഹത്തിനു് അതൊക്കെ നേടിക്കൊടുക്കുന്ന കൂട്ടത്തിൽ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനു വേണ്ടിയും അവർ സമരം ചെയ്യുകയുണ്ടായല്ലോ. ഒരു മഹാസംഭവം എന്ന നിലക്കു് നാം ഇന്നും അനുസ്മരിക്കുന്ന ഈ സംരംഭത്തിന്റെ ഔചിത്യം ചിന്തനീയമാണു്.

ഇവിടെ രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഒരു കവിത അനുസ്മരിക്കട്ടെ, ശ്രീകോവിലിനകത്തു് കണ്ണുമടച്ചു് നാമജപത്തിൽ മുഴുകിയിരിക്കുന്ന ഒരു പൂജാരിയോടു് കവി പറയുന്നു, താൻ ധ്യാനിക്കുന്ന ഭഗവാനെ കാണണമെങ്കിൽ, പുറത്തുപോന്നു് കൃഷിക്കാരൻ നിലമുഴുതുമറിക്കുന്നിടത്തേക്കോ, പാതവെട്ടാൻ തൊഴിലാളികൾ പാറപൊട്ടിക്കുന്നിടത്തേക്കോ ചെല്ലൂ, വസ്ത്രത്തിൽ മണ്ണോ, പൊടിയോ പുരണ്ടാലും വേണ്ടില്ല എന്നു്. Meet him and stand by him in toil and sweat of thy brow എന്നാണു് ആംഗലപാഠത്തിൽ അതിന്റെ അന്തിമപാദം. ബംഗാളിയിൽ കർമ്മയോഗം എന്ന പദംതന്നെ പ്രയോഗിച്ചിരിക്കുന്നു. ഇതേ കാലത്താണു് നമ്മുടെ നവോത്ഥാനനായകന്മാർ ആ കര്‍ഷകരോടും തൊഴിലാളികളോടും പറഞ്ഞതു്, നിങ്ങൾ ഈ പണിയൊക്കെ തല്ക്കാലം മതിയാക്കി കുളിച്ചു് ശുഭ്രവസ്ത്രം ധരിച്ചു് അമ്പലത്തിൽ ചെന്നു് ഭഗവാനെ ദര്‍ശിച്ചു് പൂജാരി തരുന്ന ഭസ്മമോ ചന്ദനമോ പൂശി ധന്യത അടയൂ. അതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾ നിങ്ങൾക്കു് നേടിത്തന്നിരിക്കുന്നു എന്നു്. അവർണർക്കു് പൗരോഹിത്യം കല്പിച്ച വിലക്കിനെ ധിക്കരിക്കുമ്പോഴും പൗരോഹിത്യ പ്രാമാണ്യത്തെ നവോത്ഥായികളും മാനിച്ചിരുന്നു എന്നതാണു് യാഥാർത്ഥ്യം. വിശ്വവ്യാപിയായ ജഗദീശ്വരനെ ഒരു ശിലാഖണ്ഡത്തിലോ ലോഹപിണ്ഡത്തിലോ ഒതുക്കാനുള്ള മാന്ത്രികവിദ്യ പുരോഹിതനു വശമാണു്, അവ്വണ്ണം പരിമിതനായ ഭഗവാനെ പൂജിച്ചു് പ്രസാദിപ്പിച്ചു് ഇഷ്ടകാര്യങ്ങൾ നിറവേറ്റിത്തരാനും പോന്നവരാണു് പുരോഹിതർ. അവരുടെ ആ മഹത്തായ സേവനം ഒരു വിഭാഗം ആളുകൾക്കു നിഷേധിക്കുന്നതു് അനീതിയാണു് എന്നതാണല്ലോ ക്ഷേത്രപ്രവേശനസമരങ്ങൾക്കു് പ്രേരകമായ ധാരണ. അർത്ഥാൽ ക്ഷേത്രപ്രവേശന വിളംബരം, അടിയിലോളം ചെന്നാൽ, പൗരോഹിത്യത്തിന്റെ വിജയഗാഥയാണു്. അന്നത്തെ പുരോഹിതന്മാർ അതിനെ സ്വാഗതം ചെയ്തിട്ടുണ്ടാവില്ലെങ്കിലും, അതിൽ ഏറ്റവും അധികം സന്തോഷിച്ചതു് അവരുടെ പിൻ തലമുറക്കാർ തന്നെയാവണം.

ഇവിടെയിതാ ഭഗവദ്ദര്‍ശനത്തെപ്പറ്റി ധ്രുവാന്തരമുള്ള രണ്ടു കാഴ്ചപ്പാടുകൾ. ഇതിൽ ഭഗവദ്ഗീതയിലെ ഈശ്വരദര്‍ശനത്തോടു ചേര്‍ന്നു നില്ക്കുന്നതു് രവീന്ദ്രനാഥൻ തന്നെയാണു്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന മറ്റൊരാൾ നമ്മുടെ കുമാരനാശാനുമാണു്. ദുരവസ്ഥയിലെ സാവിത്രി പറയുന്നു:

കില്ലില്ല ഞാനെന്റെ കാലം നയിക്കുമി-

പ്പുല്ലുമാടത്തിൽ പുലയിയായ്ത്താൻ

അല്ലൽ മറന്നു ചെറുമികളോടു ഞാൻ

എല്ലാ പണികളും ശീലിച്ചിടും.

അന്തർജനത്തിന്റെ ക്ഷേത്രപ്രവേശനമാണു് ആശാൻ ഈ വരികളിലൂടെ സാധിച്ചിരിക്കുന്നതു്. ക്ഷേത്രം പുലയർ പണിയെടുക്കുന്ന പാടം, കാര്‍മികത്വം ചെറുമികൾക്കു്, ആരാധന എല്ലാ പണികളും, ഭഗവത്പ്രസാദം അല്ലൽ മറക്കൽ.

ഈ തത്വമോരാതെ, പുരോഹിതനിര്‍ദിഷ്ടമായ യാഗാദിചടങ്ങുകളിൽ ഭ്രമിച്ചു വശായ ആളുകളെപ്പറ്റി ഗീതയിൽ പറയുന്നതു് നമ്മുടെ കാലത്തെ ക്ഷേത്രാരാധകർക്കു നന്നായി ഇണങ്ങും:

യാമിമാം പുഷ്പിതാം വാചം

പ്രവദന്ത്യവിപശ്ചിതഃ

വേദ വാദാരതാഃ പാർത്ഥ

നാന്യദസ്തീതി വാദിനഃ

കാമാത്മാനഃ സ്വര്‍ഗപരാ

ജന്മകർമഫലപ്രദാം

ക്രിയാവിശേഷബഹുലാം

ഭോശൈശ്വര്യഗതിം പ്രതി-

ഭോശൈശ്വര്യപ്രസക്താനാം

തയാപഹൃതചേതസാം

വ്യവസായാത്മികാബുദ്ധി

സമാധൗ നവിധീയതേ.

സാരം:

സുഖഭോഗങ്ങൾ ലക്ഷ്യമാക്കി നാനാവിധ കർമ്മപരിപാടികളെ (ചടങ്ങുകളെ), പ്രതിപാദിക്കുന്ന വേദഭാഗങ്ങളിൽ രസിക്കുന്നവരും ഇതിലപ്പുറം ഒന്നുമില്ലെന്നു് പറഞ്ഞുപിടിപ്പിക്കുന്നവരുമായ അവിവേകികളുടെ പൂമൊഴികളാൽ ബുദ്ധി അപഹരിക്കപ്പെട്ടു് ഭോഗൈശ്വര്യങ്ങളിൽ മനസ്സൊട്ടിപ്പോയവർക്കു് ആത്മാവിൽ (ഈശ്വരനിൽ) അടിയുറച്ച ബോധം ഉണ്ടാവില്ല.

അപഹൃതചേതസ്സു്! പുരോഹിതന്മാരുടെ പുഷ്പിതവചസ്സുകൾ കേട്ടു മയങ്ങി വിവേചനശീലം നശിച്ചുപോയ ഭാരതീയജനതയെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വേറൊരു വാക്കില്ല. ജനങ്ങൾ അപഹൃതചേതസ്സുകൾ ആയിരിക്കുന്നിടത്തോളം കാലം അവരെ പറഞ്ഞുപറ്റിച്ചു് തന്‍കാര്യം നേടാൻ രാഷ്ട്രീയക്കാർക്കുണ്ടോ വല്ല പ്രയാസവും.

ഉപസംഹാരം:

ജ്ഞാനയോഗമെന്നും കർമ്മയോഗമെന്നും രണ്ടുതരം നിഷ്ഠകളാണു് താൻ പണ്ടേ പറഞ്ഞുവെച്ചിട്ടുള്ളതെന്നു് ഭഗവാൻ ഗീതയിൽ പറയുന്നു. ഏകാത്മ ബോധവും തജ്ജന്യമായ സര്‍വ്വഭൂതഹിതേച്ഛയുമാണു് ജ്ഞാനയോഗം. കർമ്മയോഗം എന്നതു് ലോകാസംഗ്രഹാർത്ഥമുള്ള സ്വധർമ്മാനുഷ്ഠാനവും. ഈ രണ്ടും ഇവിടെ നഷ്ടമായിപ്പോയതിനു മുഖ്യകാരണം ഇവിടുത്തെ ഭക്തിപ്രസ്ഥാനമാണു്. നാനാത്മ ബോധവും ബഹുദൈവവിശ്വാസവും സ്വാർത്ഥചിന്തയും വളർത്തുന്നതും, ദൈനംദിന ജീവിതകർമ്മങ്ങളിൽ നിന്നു വേറിട്ടുനില്ക്കുന്നതും നിശ്ചിതദിനങ്ങളിലോ സമയങ്ങളിലോ അനുഷ്ഠിച്ചുതീർക്കാവുന്നതും സാമുദായികമായി നിഷ്പ്രയോജനവും പലപ്പോഴും ഹിംസാദുഷ്ടവുമായ ചടങ്ങുകളിൽ ഒതുങ്ങുന്നതുമായ ഭക്തിപ്രസ്ഥാനം. ഗീതയിലെ ഭക്തിയോഗവുമായി ഇതിനു് ഒരു ബന്ധവുമില്ല. അവിടെ ഭഗവാനു് പ്രിയപ്പെട്ട ഭക്തന്മാരുടെ മുഖ്യലക്ഷണം സര്‍വ്വജീവികളിലും അദ്വേഷവും മൈത്രിയും കരുണയുമാണു്. ഭക്തിയുടെ പ്രകടീഭാവം ഒരു ചടങ്ങുമല്ല, ലോകസേവനമാണു്. കർമ്മയോഗം തന്നെ. പുരോഹിതൻ ഇല്ലാതെ ഭക്തിപ്രസ്ഥാനത്തിനു് നിലനില്പില്ല. ഭക്തിയോഗത്തിൽ പുരോഹിതനും നിലനില്പില്ല.

കർമ്മയോഗമാണു് നമുക്കിന്നാവശ്യം. കർമ്മക്ഷേത്രമല്ലാതെ മറ്റൊരു ക്ഷേത്രവും അതിന്നാവശ്യവുമില്ല.

“കർമ്മണൈവഹി സംസിദ്ധിം

ആസ്ഥിതാഃ ജനകാദയഃ

ലോകസംഗ്രഹമേവാപി

സംപശ്യൻ കർതുമര്‍ഹസി”

(കർമ്മം കൊണ്ടുമാത്രമാണു് ജനകനെ പോലുള്ളവർ പരമസിദ്ധി പ്രാപിച്ചതു്; ലോകസംഗ്രഹം മാത്രം കണ്ടു കൊണ്ടുവേണം കർമ്മം ചെയ്യാൻ) എന്നരുളിയ ഗീതാകാരനും കർമ്മയോഗേ താർ സാഥേ ഏക് ഹോയേ ഘർമ്മ പഡുക് ഝൊരേ (കർമ്മയോഗത്തിൽ അവിടത്തോടു് ചേര്‍ന്നു് ഒന്നായി വിയര്‍പ്പു് ഒഴുകട്ടെ) എന്നോതിയ ഗീതാഞ്ജലീകാരനുമാകട്ടെ നമുക്കു് മാര്‍ഗദര്‍ശകർ. പൂണൂലിനു മുന്നിൽ നട്ടെല്ലു വളയുന്ന ഒരു പ്രധാനമന്ത്രിയും നമുക്കു് ഉണ്ടാകാതിരിക്കട്ടെ.

വി. വി. ഗോവിന്ദന്‍നായർ
images/vvgovindannair.jpg

ജനനം: 1942, അച്ഛൻ: വി. ഗോവിന്ദൻ നായർ, അമ്മ: വി. വി. നാരായണി, കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ നിന്നു് സംസ്കൃതത്തിലും ബംഗാളിയിലും ഡിപ്ലോമ.

കൃതികൾ: ഗുരുദക്ഷിണ, സീതാകാവ്യചർച്ച, മാരാരുടെ കൂടെ, സാഹിതീ സപര്യ, ധർമജിജ്ഞാസ (പഠനങ്ങൾ), ഗീതാധ്യാനം (വ്യാഖ്യാനം), ഒരമ്മ പെറ്റ മക്കൾ (ബാലസാഹിത്യം).

പരിഭാഷ: പൂർണകുംഭം, അപരാജിതൻ, പഥേർ പാഞ്ചാലി (ബംഗാളിയിൽനിന്നു്).

പത്നി: ഉമാ നായർ, മക്കൾ: കൃഷ്ണപ്രസാദ്, അഭിജിത്ത്.

Colophon

Title: Ramakshethravum Purohithavazhchayum (ml: രാമക്ഷേത്രവും പുരോഹിതവാഴ്ചയും).

Author(s): V. V. Govindannair.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. V. Govindannair, Ramakshethravum Purohithavazhchayum, വി. വി. ഗോവിന്ദന്‍നായർ, രാമക്ഷേത്രവും പുരോഹിതവാഴ്ചയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 13, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Peasant, burning weed, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.