മിലാൻ
ഫിബ്രവരി 19, 1927
പ്രിയപ്പെട്ട താനിയ[1],
ഒരുമാസവും പത്തു ദിവസവും ആയി നിന്റെ വിവരങ്ങൾ അറിഞ്ഞിട്ടു്. എന്താണെന്നു് എനിക്കു മനസ്സിലാവുന്നില്ല. ഒരാഴ്ചമുമ്പു് എഴുതിയതു പോലെ, ഞാന്‍ ഉസ്റ്റിക വിടുമ്പോൾ ഏതാണ്ടു് പത്തു നാളുകളോളമായി കടത്തുബോട്ട് എത്തിയിട്ടുണ്ടായിരുന്നില്ല. എന്നെ പലേര്‍മയിലേക്ക് കൊണ്ടുപോവുകയും വീണ്ടും മിലാനിലേയ്ക്കു് അയക്കുകയും ചെയ്ത ബോട്ടില്‍, ചുരുങ്ങിയതു് നിന്റെ രണ്ടെഴുത്തുകളെങ്കിലും ഉസ്റ്റികയില്‍ എത്തിയിരുന്നിരിക്കണം. എന്നാല്‍ ദ്വീപില്‍ നിന്നു് ഞാന്‍ തിരിച്ചെത്തിയതിൽ പിന്നീടു്, ഇവിടെ തപാലില്‍ നിന്റേതായി യാതൊന്നും ഉണ്ടായിരുന്നില്ല. പ്രിയപ്പെട്ടവളെ, തെറ്റ് നിന്റെ ഭാഗത്താണെങ്കില്‍—അങ്ങിനെ ആവാനിടയില്ല, ഭരണപരമായതടസ്സങ്ങളാവാം—ദയവുചെയ്തു് ഇങ്ങനെ ഉത്കണ്ഠാകുലനായി കാത്തിരിക്കുവാന്‍ ഇടയുണ്ടാക്കരുതു്. എന്റെ ഈ ഏകാന്തതയില്‍ പതിവുമാറിയ എല്ലാ സംഭവങ്ങളും വിഘ്നങ്ങളും എന്നെ വല്ലാതെ വ്യാകുലനാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ഉസ്റ്റികയിലേക്കുള്ള നിന്റെ തന്നെ അവസാന എഴുത്തുകൾ നിറയെ ക്ലേശങ്ങളെക്കുറിച്ചായിരുന്നു. നിനക്കു സ്വയം ശാരീരികവ്യഥയുണ്ടാക്കുംവിധം എന്റെ ആരോഗ്യത്തെക്കുറിച്ചു് ഇങ്ങിനെ വേവലാതിപ്പെടുവാനെന്തുണ്ടു്? ഞാന്‍ നിനക്കു് ഉറപ്പുതരുന്നു, ഇന്നേവരെയും എനിക്കു് സുഖമായിരുന്നു. കാഴ്ചയ്ക്കു് ദുർബലനെങ്കിലും അക്ഷീണമായ ശാരീരികശേഷിയുണ്ടു് എനിക്കു്. എന്റേതുപോലൊരു കര്‍ക്കശവും നിയന്ത്രിതവും ആയ ജീവിതം ജീവിച്ചതുകൊണ്ടു് ഫലമൊന്നുമില്ലെന്നാണോ നീ നിനയ്ക്കുന്നതു്? ഒരിക്കലും ഗൗരവമായ രോഗമോ പരിക്കുകളോ ഉണ്ടായിരുന്നിട്ടില്ലാത്തതിന്റെ ഗുണം ഇപ്പോൾ എനിക്കു് ബോധ്യമാവുന്നു. ഞാന്‍ വല്ലാതെ പരിക്ഷീണനായിക്കൊണ്ടിരിക്കും എന്നതു് വാസ്തവം തന്നെ. പക്ഷെ, ഒരല്പം ഉറക്കവും പോഷകവും എന്നെ വീണ്ടും പെട്ടെന്നുതന്നെ ഉന്മേഷവാനാക്കും. നിന്നെ സ്വസ്ഥയും സന്തുഷ്ടയും ആക്കുവാന്‍ എന്താണു് എഴുതേണ്ടതെന്നു് സത്യമായും എനിക്കറിയില്ല. ഞാന്‍ നിന്നെ ഭീഷണിപ്പെടുത്തേണ്ടതുണ്ടോ? എനിക്കു വേണമെങ്കില്‍, നിനക്കെഴുതുന്നതു നിർത്താം. ഒരു വിവരവും ഇല്ലാതിരിക്കുമ്പോൾ എങ്ങനെ തോന്നുമെന്നു് അപ്പോൾ നിനക്കറിയാറാവും.
ക്ഷണികമായ ഒരു മന്ദഹാസംപോലും ഇല്ലാതെ, ചൊടിച്ചും ഗൗരവം പൂണ്ടും നിന്നെ ഞാന്‍ സങ്കല്പിക്കുന്നു. ഏതെങ്കിലും തരത്തില്‍ നിന്നെ പ്രസന്നവതിയാക്കുവാന്‍ കഴിഞ്ഞെങ്കില്‍ എന്നെനിക്കു് ആഗ്രഹമുണ്ടു്. ഞാന്‍ ചില കഥകൾ പറഞ്ഞാല്‍ നിനക്കെന്തു തോന്നും? ഉദാഹരണത്തിന്ന്, വിപുലവും ഭയാനകവുമായ ഈ ലോകത്തിലൂടെയുള്ള എന്റെ യാത്രാചരിത്രത്തിലെ ഒരു ഉപകഥയെന്നപോലെ എന്നെയും എന്റെ കീര്‍ത്തിയേയും കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ നിന്നോടു പറയണമെന്നുണ്ടു്. വളരെ കുറച്ചുപേര്‍ക്കു മാത്രമെ എന്റെ പേര്‍ തിരിച്ചറിയുകയുള്ളു. ഗ്രാമാഷി, ഗ്രാന്തഷി, ഗ്രാമീഫി, ഗ്രാനീഫി, ഗ്രമാഫി, ഗ്രമാഫോണ്‍ എന്നുപോലുമുള്ള നാനാതരം വിലക്ഷണ വൈവിധ്യങ്ങളോടെ അതു് വളച്ചൊടിക്കപ്പെടുന്നു. പലേര്‍മോയില്‍വെച്ചു്, സൂട്ട്കെയ്സുകൾ പരിശോധിച്ചുകിട്ടുവാനായി ബാഗ്ഗേജു് മുറിയില്‍ കാത്തിരിക്കുമ്പോൾ, ഞാന്‍ ടൂറിനില്‍ നിന്നുള്ള ഒരുകൂട്ടം തൊഴിലാളികളെ കണ്ടുമുട്ടി. അവര്‍ തങ്ങളെ നാടുകടത്തപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രയിലായിരുന്നു. അവര്‍ക്കൊപ്പം ‘ഒരേ ഒരുവന്‍’ എന്നു് അറിയപ്പെടുന്ന കടുത്ത വ്യക്തിസ്ഥൈരമുള്ള ഉഗ്രനായ ഒരു അരാജകവാദിയുണ്ടായിരുന്നു. തന്നെക്കുറിച്ചു് എന്തെങ്കിലും വിവരം ആര്‍ക്കെങ്കിലും, പ്രത്യേകിച്ചു പോലീസുകാര്‍ക്കും അധികൃതര്‍ക്കും നല്‍കുവാൻ അയാൾ വിസമ്മതിച്ചു. “ഞാന്‍, ഒരേ ഒരുവന്‍,… അത്രമാത്രം” അങ്ങനെയാണയാൾ അവരോടു മറുപടി പറയുക. അയാൾക്കു ചുറ്റും കൂടിയവര്‍ക്കിടയില്‍ മാഫിയ ഇനത്തിൽപെടുന്ന സാധാരണ കുറ്റവാളികളെയും കുറ്റകൃത്യങ്ങളുടേയും രാഷ്ട്രീയകാരണങ്ങളുടേയും കൂട്ടായ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട ഒരു സിസിലിക്കാരനെയും ഞാൻ തിരിച്ചറിഞ്ഞു. (ഒരേ ഒരുവന്‍ നേപ്പ്ൾസ്കാരനോ നേപ്പ്ൾസിന്നു് തെക്കുനിന്നു വരുന്നവനോ ആവണം) ഞങ്ങൾ സ്വയം പരിചയപ്പെട്ടു. സിസിലിക്കാരന്‍ ഒരല്പനേരം എന്നെ തുറിച്ചു നോക്കിയശേഷം ചോദിച്ചു: “ഗ്രാംഷി… അന്റോണിയോ ആണോ?” “അതെ, അന്റോണിയോ” ഞാന്‍ പറഞ്ഞു. “അങ്ങിനെയാവാനിടയില്ല” അയാൾ തുടര്‍ന്നു “അന്റോണിയോ ഗ്രാംഷി ഒരു ഭീമാകാരനായിരിക്കും, നിങ്ങളെപ്പോലൊരു പീച്ചാംകുഴലാവില്ല”. അയാൾ പിന്നീടൊന്നും പറഞ്ഞില്ല. വെറുതെ ഒരു മൂലയിലേക്കു പിന്‍വാങ്ങി, എന്തെന്നില്ലാത്ത ഒരു സാധനത്തിനു മേല്‍, കാര്‍തേജിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ മാരിയൂസ് എന്നപോലെ, തന്റെ നഷ്ടവ്യാമോഹങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടു് ഇരുപ്പായി. പിന്നീടു് ഒരേ മുറിയില്‍ ഒന്നിച്ചു കഴിയേണ്ടി വന്ന സമയമത്രയും എന്നോടു സംസാരിക്കുന്നതില്‍നിന്നു് അയാൾ ഒഴിഞ്ഞുമാറി. അവസാനം യാത്രപോലും പറഞ്ഞതുമില്ല.
ഇതേപോലുള്ള മറെറാരു സംഭവവും പിന്നീടുണ്ടായി. അതു പക്ഷെ കൂടുതല്‍ സങ്കീർണ്ണവും കൗതുകകരവുമാണ്. ഞങ്ങള്‍ ഏതാണ്ടു് പുറപ്പെടാറായിരുന്നു. കാരാബ് നാരി ഗാര്‍ഡുകൾ ഞങ്ങളെ വിലങ്ങിലും ചങ്ങലയിലും ബന്ധിച്ചുകഴിഞ്ഞിരുന്നു. വിലങ്ങു് എന്റെ കണംകൈയില്‍ മുറുകെ ഇറുകിപ്പിടിച്ചു നിന്നിരുന്നതിനാല്‍ ഇത്തവണ തീരെ അസുഖകരമായ മട്ടില്‍ ബന്ധിതനായിരുന്നു ഞാന്‍. വിലങ്ങിനു പുറത്തുള്ള മണികണ്ഠത്തിലെ എല്ലു് വിലങ്ങുമായി വേദനാജനകമായി കൂട്ടിയിടിച്ചുകൊണ്ടിരുന്നു. ഗാർഡുകളടെ മേധാവി അകത്തു വന്നു. സ്ഥൂലഗാത്രനായ ഒരു നോണ്‍കമ്മീഷൻഡ് ഉദ്യോഗസ്ഥനായിരുന്നു അയാൾ. പേരുകൾ വായിച്ചുകൊണ്ടിരിക്കെ, എന്റെ പേരിന്നരികെ നിര്‍ത്തി, പ്രശസ്തനും പാര്‍ലമെന്റംഗവും ആയ ഗ്രാംഷിയുടെ ബന്ധുവാണോ ഞാന്‍ എന്നു് അയാൾ അന്വേഷിച്ചു. ഞാന്‍ അയാൾ തന്നെയാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അനുകമ്പ നിറഞ്ഞ മിഴികളുമായി അയാൾ തെല്ലുനേരം എന്നെ നിരീക്ഷിച്ചു. പിന്നീട് മനസ്സിലാക്കാന്‍വയ്യാത്ത എന്തോ പിറുപിറുത്തുകൊണ്ടിരുന്നു. എല്ലാ സ്റ്റേഷനുകളില്‍വെച്ചും, ജയിലിന്നു പുറത്തു് ആളുകള്‍ കൂട്ടംകൂടുമ്പോൾ, പ്രശസ്തനായ ഡെപ്യൂട്ടി എന്നു പരാമര്‍ശിച്ചുകൊണ്ട് അയാൾ എന്നെക്കുറിച്ചു് സംസാരിച്ചുകൊണ്ടിരുന്നതു് ഞാന്‍ കേട്ടു (കൂടുതല്‍ സുഖപ്രദമായ രീതീയില്‍ എന്റെ കൈകളിലെ വിലങ്ങു ശരിപ്പെടുത്തുവാന്‍ അയാൾ ഏര്‍പ്പാടുചെയ്തുവെന്നതും ഓര്‍മ്മിക്കുന്നു). ഈ ദിവസങ്ങളില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റിന്റെ പ്രകൃതം കാണുമ്പോൾ, അമിതോത്തേജിതരായ ആരില്‍നിന്നെങ്കിലും എനിക്കു് അടികിട്ടാന്‍ ഇടയുണ്ടെന്നു് ഞാന്‍ വിചാരിക്കുന്നു. ഒരിടയ്ക്കു്, രണ്ടാമത്തെ ജയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ആ നോണ്‍ കമ്മീഷന്‍ഡ് ഉദ്യോഗസ്ഥന്‍ ഞാനിരുന്നിരുന്ന ബോഗിയില്‍ വന്നു് എന്നോടു് സംസാരിക്കാന്‍ തുടങ്ങി. അയാളുടെ സാന്നിദ്ധ്യം അസാധാരണവും വിചിത്രവും ആയിരുന്നു. ഷോപ്പനോവര്‍ പറയുമായിരുന്നതുപോലെ അയാൾക്കു് നിറയെ ‘അതിഭൗതികമായ വെമ്പലുകൾ’ ഉണ്ടായിരുന്നു. അവ സങ്കല്പിക്കാനാവാത്ത വിധം വിചിത്രവും വികലവും ആയ രീതികളില്‍ അയാൾ സഫലീകരിക്കുന്നു. രാക്ഷസാകാരത്തിലാണ് എപ്പോഴും എന്നെ സങ്കല്പിച്ചുകൊണ്ടിരുന്നതെന്നും അതിനാല്‍ എന്നെ ജീവനോടെ കണ്ടപ്പോൾ തീര്‍ത്തും നിരാശനായിരിക്കുന്നുവെന്നും അയാൾ പറഞ്ഞു. അയിടക്ക് അയാൾ ‘ദ ഇക്യുലിബ്രിയം ഓഫ് ഈഗോയിസം’ എന്ന എം. മാരിയാനിയുടെ ഒരു പുസ്തകവും മാർക്സിസത്തെ ഖണ്ഡിക്കുന്ന പാവ്ലോ ഗില്ലസിന്റെ ഒരു പഠനവും വായിച്ചുകൊണ്ടിരിക്കയാണു്. സ്വശിക്ഷിതനും ബുദ്ധിമാനുമായ ഏതൊരാളെയും പോലെ, പരസ്പരബന്ധമില്ലാത്തതും ശിഥിലവുമായ അത്രയേറെ ആശയങ്ങളെക്കുറിച്ച് ആവേശപൂർവ്വം അയാൾ സംസാരിക്കുന്നതു് കേൾക്കുക വളരെ ആഹ്ലാദപ്രദമായിരുന്നു. അതുകൊണ്ട് ഗില്ലസ്, യാതൊരു ശാസ്ത്രീയാവലംബങ്ങളുമില്ലാത്ത ഒരു ഫ്രഞ്ചു് അരാജകവാദിയാണെന്നു് അയാളോടു് പറയാതിരിക്കുവാന്‍ ഞാന്‍ സൂക്ഷിച്ചു. ഒരു പ്രത്യേക ഘട്ടം മുതല്‍ അയാളെന്നെ ‘ആചാര്യൻ’ എന്നു് വിളിക്കാന്‍ തുടങ്ങി. ഇതെല്ലാം എന്നെ വളരെയേറെ രസിപ്പിച്ചുവെന്നു് നിനക്കൂഹിക്കാമല്ലോ. എന്നുമല്ല, ഈ മട്ടില്‍ എന്റെ വ്യക്തിപരമായ പ്രശസ്തിയെക്കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുകയും ചെയ്തു.
ഇവിടത്തെ എന്റെ ജീവിതത്തെക്കുറിച്ചു് സൂക്ഷ്മമായ ഒരു വിവരണം നല്കണമെന്നുണ്ടായിരുന്നു. പക്ഷെ ഈ കടലാസ് മുഴുവനും ഏതാണ്ടെഴുതിക്കഴിഞ്ഞു. ഒരു ഏകദേശരൂപം ഇതാ: രാവിലെ അലാം മുഴങ്ങുന്നതിന്നു് അരമണിക്കൂര്‍ മുമ്പ്, 6:30-ന്നു് ഞാന്‍ എഴുന്നേല്‍ക്കുന്നു. തനിയെ ചൂടുള്ള കാപ്പി ഉണ്ടാക്കും. പിന്നീട് എന്റെ ജയിലറയും ടോയ്ലറ്റും വൃത്തിയാക്കും. 7:30-ന്നു എനിക്കു് അരലിറ്റര്‍ പാല്‍ കിട്ടും, അതു് ഉടനെ കുടിക്കുന്നു. എട്ടുമണിക്കു് നിത്യേനയുള്ള രണ്ടുമണിക്കൂര്‍ ദീര്‍ഘിച്ച നടത്തത്തിനു് ഞാന്‍ പുറത്തേക്കുപോവുന്നു. ഒരു പുസ്തകവുമെടുത്തു് യഥേഷ്ടം അലയും. വായിക്കുകയോ ഒരു സിഗരറ്റ് വലിക്കുകയോ ചെയ്യും. ഒരു റെസ്റ്റോറന്റില്‍ നിന്നു് ഉച്ചഭക്ഷണം എത്തും. രാത്രി അത്താഴവും. അതത്രയും കഴിക്കുവാന്‍ എനിക്കു് വയ്യ. എന്നാല്‍ റോമില്‍ ആയിരുന്നപ്പോൾ കഴിച്ചിരുന്നതിലേറെ ആഹാരം ഞാനിപ്പോൾ കഴിക്കുന്നുണ്ട്. വൈകുന്നേരം ഏഴുമണിയോടെ ഞാന്‍ കിടക്കയെ പ്രാപിക്കുന്നു. പിന്നീട് പതിനൊന്നുമണിവരെ വായനയാണു്. പകല്‍വേള അഞ്ചുദിനപത്രങ്ങൾ എനിക്കു കിട്ടുന്നുണ്ട് —ക്വോരിയര്‍, സ്റ്റാമ്പ്, പീപ്പിൾസ് ഡി ഇറ്റാലിയ, ജ്യോര്‍ണല്‍ ഡി ഇറ്റാലിയ, സീകോൾ. ഞാന്‍ ലൈബ്രറിയില്‍ അംഗമായിരുന്നു. യഥാര്‍ത്ഥത്തില്‍ എനിക്കു് ഇരട്ട അംഗത്വമുണ്ട്. അതിനാല്‍ പ്രതിവാരം എട്ടുപുസ്തകങ്ങൾ എടുക്കാനവകാശമുണ്ട്. ഏതാനും മാസികകളും. മിലാനില്‍ നിന്നു വരുന്ന ‘ഇല്‍ സോൾ’ എന്ന വാണിജ്യ-സാമ്പത്തിക പത്രവും ഞാന്‍ വാങ്ങുന്നുണ്ട്. എല്ലായ്പോഴും എനിക്കു വായിക്കുവാന്‍ എന്തെങ്കിലുമുണ്ട്, അടുത്തതവണ നാന്‍സെന്റെ ‘ഫാര്‍ദസ്റ്റ് ദൂനാർത്തി’നെക്കുറിച്ചും മറ്റു് പുസ്തകങ്ങളെക്കുറിച്ചും ഞാന്‍ നിനക്കെഴുതുന്നുണ്ട്. ആദ്യദിവസങ്ങളിലുണ്ടായ ജലദോഷമൊഴിച്ചു് എനിക്കു് അസുഖങ്ങൾ ഒന്നുമുണ്ടായിട്ടില്ല. പ്രിയപ്പെട്ടവളെ, എനിക്കെഴുതൂ; ജൂലിയാ, ഡീലിയോ, ജെനിയ[2] എന്നിവരെയും മറ്റെല്ലാവരെയും നിന്നെയും കുറിച്ചുള്ള വാര്‍ത്തകൾ ദയവായി അയച്ചുതരൂ.
സ്നേഹപൂര്‍വ്വമായ ഒരു ആശ്ലേഷം,
അന്റോണിയോ
മിലാൻ
മെയ് 10, 1928
പ്രിയപ്പെട്ട അമ്മേ,
ഞാന്‍ റോമിലേക്കു് പുറപ്പെടുകയാണ്. അത് തീര്‍ച്ചയായി. മാറ്റത്തെക്കുറിച്ചു് നിങ്ങൾക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടിയാണു് ഇപ്പോൾ എഴുതുവാന്‍ അവരെന്നെ അനുവദിച്ചിരിക്കുന്നതു്. മറ്റെവിടേക്കെങ്കിലും നീങ്ങിയിട്ടുള്ളതായ വിവരം ഞാന്‍ തരാത്തിടത്തോളം ഇപ്പോൾ മുതല്‍ നിങ്ങളുടെ എഴുത്തുകൾ റോമിലേക്ക് അയക്കുക.
മെയ് അഞ്ചിനു് അയച്ച കാര്‍ലോ[3] യുടെ ഒരു രജിസ്റ്റര്‍ കത്ത് ഇന്നലെ എനിക്കു കിട്ടി. അമ്മയുടെ ഒരു ഫോട്ടോ അവന്‍ എനിക്കു് അയക്കുവാന്‍ പോവുന്നതായി പറയുന്നു, അതു് കിട്ടുന്നതു് എനിക്ക് വളരെ ആഹ്ലാദകരമായിരിക്കും. ഡീലിയോയുടെ ഫോട്ടോ ഇപ്പോൾ നിങ്ങൾക്കു കിട്ടിക്കാണും. പത്തു ദിവസത്തിലധികമായി റജിസ്റ്റര്‍ തപാലില്‍ ഞാന്‍ അതയച്ചു കഴിഞ്ഞിട്ട്.
പ്രിയപ്പെട്ട അമ്മേ, എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഓര്‍ത്തു് വ്യാകുലപ്പെടരുതെന്നു് പറയാനായി അത്രയേറെ തവണ ഞാനെഴുതിയ കാര്യങ്ങൾ ഇനിയും ആവര്‍ത്തിക്കുവാന്‍ എനിക്കു് മടിയുണ്ട്. അവരെനിക്കു് എന്തു് തന്നെ ശിക്ഷാവിധി നല്‍കിയാലും അത് അമ്മയെ തകര്‍ക്കുകയില്ലെന്നും അമ്മ പ്രക്ഷുബ്ധയാവില്ലെന്നും, എന്റെ സ്വന്തം മനഃശാന്തിക്കു വേണ്ടി, എനിക്കു വിശ്വാസം വരേണ്ടതുണ്ട്. അതേപോലെ ഞാന്‍ ഇപ്പോൾ രാഷ്ട്രീയമായ കാരണങ്ങളാലാണു് തടവിലായതെന്നും ഇനിയും രാഷ്ട്രീയ തടവുകാരനായിരിക്കുമെന്നും അമ്മ ഹൃദയപൂര്‍വ്വം മനസ്സിലാക്കുന്നുവെന്നും എനിക്കു് വിശ്വാസം വരേണ്ടതുണ്ടു്. ഇതെന്നെ ലജ്ജിപ്പിക്കുന്നില്ല. ഒരിക്കലും ലജ്ജിപ്പിക്കയുമില്ല. അടിസ്ഥാനപരമായി, ഞാന്‍ സ്വയം ഇച്ഛിച്ചതാണ് ഈ തടവും ദണ്ഡനവും. എന്റെ വിശ്വാസങ്ങളുടെ കാര്യത്തില്‍ സന്ധിയാവുന്നത് ഞാനെന്നും നിരാകരിച്ചിട്ടുണ്ട്. ജയിലിലാകുവാന്‍ മാത്രമല്ല, അവയ്ക്കു വേണ്ടി മരിക്കാന്‍ തന്നെയും ഞാന്‍ സന്നദ്ധനാണ്. ഇക്കാരണത്താല്‍ എന്റെ മനസ്സു് പ്രശാന്തവും ഞാന്‍ സ്വയം സംതൃപ്തനുമാണ്. പ്രിയപ്പെട്ട അമ്മേ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്നും ഞാന്‍ കാരണം അമ്മ അനുഭവിക്കുന്ന വ്യഥയെക്കുറിച്ചു് എത്രമാത്രം പശ്ചാത്തപിക്കുന്നുവെന്നും ബോധ്യപ്പെടുത്താനാവുംവിധം അമ്മയെ ദൃഢമായി വളരെ ദൃഢമായി എന്നോടു് ചേര്‍ത്ത് പുണരുവാന്‍ ഞാന്‍ എന്തുമാത്രം ആഗ്രഹിക്കുന്നു. എനിക്കു് മറ്റു യതൊരു വഴികളുമുണ്ടായിരുന്നില്ല. അതെ, ജീവിതം കഠിനമാണു്. ചിലപ്പോൾ തങ്ങളുടെ അഭിമാനത്തിന്നും അന്തസ്സിന്നും വേണ്ടി മക്കൾക്കു് അവരുടെ അമ്മമാരെ വേദനിപ്പിക്കേണ്ടി വരുന്നു.
സ്നേഹാര്‍ദ്രമായ ഒരു ആശ്ലേഷം,
നീനോ
മിലാൻ
ഫെബ്രവരി 27, 1928
പ്രിയപ്പെട്ട ജൂലിയ[4],
നിന്റെ ഡിസമ്പര്‍ 27 (1927)-ന്റെ എഴുത്തു്, ജനുവരി 24-ന്നു് കൂട്ടിച്ചേര്‍ത്ത ഭാഗവും അടക്കം ചെയ്ത കുറിപ്പും ഉൾപ്പെടെ എനിക്കു് കിട്ടി. ഇപ്പോൾ കുറച്ചു കാലമായി ഞാന്‍ വളരെ ശാന്തനാണെങ്കിലും എഴുത്തുകൾ കിട്ടിയതു് യഥാര്‍ത്ഥ ആശ്വാസമായി. ഇക്കാലത്തിന്നകം ഞാന്‍ വളരെ മാറിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഞാന്‍ ഉദാസീനനും നിഷ്ക്രിയനുമായി മാറിയിരിക്കുന്നുവെന്നു ഞാന്‍ നിനച്ചു. എന്നാല്‍ അതൊരു തെറ്റായ അപഗ്രഥനമായിരുന്നുവെന്നു് ഇപ്പോൾ എനിക്കറിയാം. പതിവു ചര്യകൾ, അസൌകര്യങ്ങൾ, അത്യാവശ്യങ്ങൾ, നാഴികമണിയിലെ മണല്‍ത്തരികളുടേതു പോലെ യാന്ത്രികമായ താളത്തില്‍ നാൾക്കുനാൾ, മാസത്തോടു മാസം, വര്‍ഷത്തോടു വര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന അസംഖ്യം സൂക്ഷ്മസംഭവങ്ങൾ എന്നിങ്ങനെയുള്ള ജയിലിലെ ചുറ്റുപാടുകൾ നിര്‍ബ്ബന്ധമായും അടിച്ചേല്പിക്കുന്ന പുതിയ ജീവിതരീതിയെ ചെറുത്തു നില്‍ക്കുവാനുള്ള ശ്രമത്തില്‍ ഒരു കൂട്ടം പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. എന്റെ ഓരോ അണുവും—എന്റെ മൊത്തം ശരീരവും മനസ്സും—ബാഹ്യാവസ്ഥകളെ സ്വാംശീകരിക്കുന്നതിനെ വാശിയോടെ എതിര്‍ത്തുകൊണ്ടിരുന്നു. എന്നാല്‍, ഇതെല്ലാമായിട്ടും ഒരളവു സമ്മർദ്ദത്തിന്നു് എന്റെ ചെറുത്തു നില്പിനെ അതിജീവിക്കുവാനും എന്റെ അസ്തിത്വത്തിന്റെ ചില തലങ്ങളെ വഴക്കിയെടുക്കുവാനും കഴിഞ്ഞു. ഓരോ തവണ ഇതു സംഭവിച്ചപ്പോഴും, ആ അതിക്രമത്തെ എതിര്‍ത്തകറ്റുവാനുള്ള ശ്രമത്തില്‍ എന്റെ മൊത്തം നിലനില്പിനെത്തന്നെ മഥിക്കുന്ന ക്ഷോഭാവേഗങ്ങൾക്കു ഞാന്‍ വിധേയനായി. മാറ്റങ്ങളുടെ ഒരു മുഴുവന്‍ വൃത്തം ഇപ്പോൾ എനിക്കുനുഭവപ്പെട്ടു കഴിഞ്ഞു. ഇനിയങ്ങോട്ടു്, അപരിഹാര്യങ്ങളായ പ്രശ്നങ്ങൾക്കെതിരെ അത്രയും നിഷ്ഫലവും അർത്ഥരഹിതവും ആയ രീതികളില്‍ പൊരുതുന്നതിന്നു പകരം, തുടങ്ങിക്കഴിഞ്ഞ ഈ പ്രക്രിയ തെല്ലൊരു വിപര്യയബോധം ഉപയോഗിച്ചുകൊണ്ടു നിയന്ത്രിക്കുവാന്‍ ശ്രമിക്കാമെന്ന ശാന്തമായ ഒരു തീരുമാനത്തില്‍ ഞാനിപ്പോൾ എത്തിച്ചേർന്നിരിക്കുന്നു. പൂര്‍ണ്ണമായും ഒരു കേവലലൗകികനായി ഒരിക്കലും ഞാന്‍ മാറില്ലെന്നു് പക്ഷെ, എനിക്കു തീര്‍ച്ചയുണ്ട്. എന്തെന്നാല്‍, സ്വന്തം ചർമ്മത്തിന്നു മീതെ പരിതഃസ്ഥിതികൾ വളര്‍ത്തുന്ന മൃഗീയമായ ആ രണ്ടാം ചർമ്മം (പാതി കഴുതയുടേതും പാതി ആടിന്റേതും) ഉരിഞ്ഞെറിയുവാന്‍ ഞാന്‍ ഏതു നേരവും തയ്യാറാണ്. എന്നാല്‍, എന്തുതന്നെയായാലും, എന്റെ സ്വതസ്സിദ്ധമായ തൊലിക്കു മുന്‍പുണ്ടായിരുന്ന ധൂമിലവണ്ണം തിരികെ കൊടുക്കുവാന്‍ എനിക്കിനി കഴിയില്ല. വാലിഷയ്ക്കു്[5] ഇനി ഒരിക്കലും എന്നെ അവളുടെ ‘പുകഞ്ഞ ചങ്ങാതി’ എന്നു വിളിക്കാന്‍ പറ്റുകയില്ല. നിന്റെ സംഭാവന ഉണ്ടായിരുന്നിട്ടുകൂടി ഡീലിയോ ഇപ്പോഴേക്കും, ഒരിക്കലും ഞാന്‍ ആയിരുന്നിട്ടില്ലാത്തവിധം കൂടുതല്‍ കാഞ്ഞനിറമുള്ളവനായിക്കഴിഞ്ഞിരിക്കുമെന്നു് എനിക്കു് ആശങ്കയുണ്ട്. നീ വിശ്വസിക്കുമോ, ഈ ശൈത്യകാലത്ത് സൂര്യന്റെ ഏതാനും വിദൂരമായ പ്രതിഫലനങ്ങൾ ഒഴികെ, മറ്റൊന്നും തന്നെ കാണാതെ ഞാന്‍ മൂന്നുമാസം ജീവിച്ചു. ഇവിടെ എന്റെ ഈ അറയില്‍ അരിച്ചെത്തുന്ന വെളിച്ചത്തിന്റെ പ്രകൃതം ഒരു നിലവറയിലോ കണ്ണാടിപ്പൊയ്കയിലോ വീഴുന്ന പ്രകാശത്തിന്റെ ഇടയ്ക്കെുങ്ങോ ആണ്.
എന്റെ ജീവിതം പക്ഷെ ധരിക്കപ്പെടും വിധം ഏകതാനവും വിരസവുമാണെന്നു് നീ കരുതരുതു്. ഒരിക്കല്‍, ഒരു അക്വേറിയത്തിന്നകത്ത് ജീവിക്കുവാന്‍ ശീലിച്ചുകഴിഞ്ഞാല്‍, ഇന്ദ്രിയോപകരണങ്ങളെ ക്ലാന്തമായ വെളിച്ചത്തിന്നു് ചേരുന്നപോലെ ഇണക്കിയെടുക്കാന്‍ കഴിഞ്ഞാല്‍, (നിങ്ങളുടെ വിപര്യയബോധം സംരക്ഷിച്ചുകൊണ്ടു്) പതിഞ്ഞ രൂപപ്രതീതികൾ നിങ്ങൾക്കു നേരെ ഒഴുകി എത്തുന്നു; നിങ്ങൾക്കു ചുറ്റും ഒരു മുഴുവന്‍ പ്രപഞ്ചം ഇരച്ചു മറിയുവാന്‍ തുടങ്ങുന്നു. സ്വന്തം ചിട്ടകൾക്കും സ്വന്തം ഗതികൾക്കും അനുസരിച്ചു ചരിക്കുന്ന ഒരു സജീവപ്രപഞ്ചം. ഋതുഭേദങ്ങൾ സാവധാനം കരണ്ടു തീര്‍ക്കുന്ന പുരാതനമായ ഒരു വൃക്ഷത്തടിയില്‍ ഊന്നിനോക്കുന്നതു് പോലെയാണ് ഏതാണ്ടിതു്. അടുപ്പിച്ചു നോക്കുമ്പോൾ കൂടുതല്‍ കാണാറാവുന്നു. ആദ്യം, ഈർപ്പംമുറ്റിയ, കൂണിന്റെ രൂപത്തില്‍ ഒരു കൊച്ചു വളര്‍ച്ച. അല്ലെങ്കില്‍ മെല്ലെ വലിഞ്ഞുനീങ്ങുന്ന ഒരു ഒച്ചു് സ്രവിച്ചുവിട്ട ചെറിയ ചാല്‍. പിന്നെ, ഓരോ തവണയും തെല്ലുതെല്ലായി നിങ്ങൾ തിരിച്ചറിയുന്നു, ഒരേവഴിയിലൂടെ വീണ്ടും വീണ്ടും ഒരേ ചേഷ്ടകൾ തന്നെ ആവര്‍ത്തിച്ചുകൊണ്ട് ഉത്സാഹപൂര്‍വ്വം ഓടി നടക്കുന്ന സൂക്ഷ്മജീവികളടെ ആവാസകേന്ദ്രങ്ങൾ. നിങ്ങളുടെ മൗലികമായ അവസ്ഥ കൈവിടാതിരിക്കുവാന്‍ കഴിയുമെങ്കില്‍, ഒച്ചും ഉറുമ്പുമായി മാറുന്നതിൽ അപകടമില്ല. എന്നുമല്ല, ഇതെല്ലാം സമയം കൊല്ലാവുന്ന രസകരമായ ഒരു മാര്‍ഗ്ഗമാവുകയും ചെയ്യും.
നിന്റെയും കുട്ടികളുടെയും ജീവിതത്തെക്കുറിച്ച് എഴുത്തുകളില്‍ നിന്നു് ഞാന്‍ ശേഖരിക്കുന്ന സൂക്ഷ്മവിവരങ്ങളും ഒരു സാമാന്യധാരണയുണ്ടാക്കുവാന്‍ എന്നെ സഹായിക്കുന്നു. പക്ഷെ, എന്റെ വളരെ അല്പമായ വിവരങ്ങൾ എങ്ങും എത്തിക്കുന്നില്ല. സ്വന്തം അനുഭവങ്ങളാവട്ടെ പരിമിതവുമാണ്. മാത്രവുമല്ല, കുട്ടികൾ, എനിക്കു് അവര്‍ക്കൊപ്പം എത്തുവാനും അവരുടെ വളര്‍ച്ചയെക്കുറിച്ചു സങ്കല്പിക്കുവാനും ആവാത്ത വേഗത്തിൽ വളര്‍ന്നുകൊണ്ടിരിക്കുകയാവും എന്നതില്‍ സംശയമില്ല. ഒരുപക്ഷേ, ഈ വിഷയത്തില്‍ ഞാന്‍ വളരെ പുറകിലാവും. അതു് ഒഴിവാക്കാനാവാത്തതു തന്നെ. മൃദുവായ ഒരു ആശ്ലേഷം.
അന്റോണിയോ
ടൂറിൻ
15 ഫെബ്രവരി, 1932
പ്രിയപ്പെട്ട താനിയ,
നിന്റെ പന്ത്രണ്ടാം തീയ്യതിയിലെ എഴുത്തു കിട്ടി. എന്നാല്‍ നീ സൂചിപ്പിച്ച വേറൊരു എഴുത്തു കിട്ടിയിട്ടില്ല. പലകാരണങ്ങൾകൊണ്ടും ഈ ആഴ്ച, ഞാന്‍ ജൂലിയക്കു് എഴുതുകയില്ല. ഒന്നാമതായി, എനിക്കു് നല്ല സുഖം തോന്നുന്നില്ല. ഞാനിച്ഛിക്കുന്നതുപോലെ എന്റെ വിചാരങ്ങൾ സ്വരൂപിക്കുക പ്രയാസമാവും. രണ്ടാമതായി, അവളുടെ അവസ്ഥയേയും മാനസികനിലയേയും സംബന്ധിച്ചു് ശരിയായ ഒരു കാഴ്ചപ്പാടു് കൈക്കൊള്ളുവാന്‍ എനിക്കു് കഴിയുമെന്നു് തോന്നുന്നില്ല. അതെല്ലാം കരാളമായ രീതിയില്‍ ജടിലവും വിഷമതരവും ആണെന്നു തോന്നുന്നു. ഇതിന്റെയെല്ലാം കുരുക്കുകൾ അഴിക്കാവുന്ന ചരടു കണ്ടെത്തുവാന്‍ ഞാന്‍ ശ്രമിക്കയാണ്. പക്ഷെ അത് സാധിക്കുമെന്നു് എനിക്കു് ഉറപ്പില്ല. ചില കാര്യങ്ങൾ നീയുമായി സംസാരിക്കുന്നതു് ഒരുപക്ഷേ സഹായകമാവും. എന്റെ തോന്നലുകളില്‍നിന്നും ഭാഗികമായ അനുഭവങ്ങളില്‍നിന്നും മാത്രമായി ഞാന്‍ ശേഖരിച്ച പ്രധാനപ്പെട്ട വസ്തുതകൾതന്നെ നിനക്കു് കൈമാറണമെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഒരു മുഴുവന്‍ പുസ്തകം എഴുതേണ്ടിവരും. എന്തായാലും നമുക്കു കഴിയും പോലെ ശ്രമിക്കാം.
പ്രധാനമായും എന്റെ തോന്നലുകള്‍ ഇവയാണു്. ജൂലിയയുടെ മാനസികമായ അസന്തുലിതാവസ്ഥയുടെ ഗൗരവമായ ലക്ഷണം, മനോവിശ്ലേഷണത്തിലേക്ക് തിരിയുന്നതിനെ ന്യായീകരിക്കുവാന്‍ ശ്രമിച്ചുകൊണ്ടു് അവൾ പരാമര്‍ശിക്കുന്ന അസ്പഷ്ടമായകാര്യങ്ങളല്ല. മറിച്ച് ഇത്തരമൊരു ചികിത്സാപദ്ധതിയിലേക്ക്, അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചു് പൂര്‍ണവിശ്വാസത്തോടെ അവൾ തിരിഞ്ഞിരിക്കുന്നു എന്ന വസ്തുത തന്നെയാണ്. മാനസികാപഗ്രഥനത്തെ സംബന്ധിച്ചു് എന്റെ വിജ്ഞാനം വിശേഷിച്ചു് സൂക്ഷ്മമോ വിശാലമോ അല്ല. എന്നാല്‍ ആദ്യമായി എല്ലാവിധ ഭ്രമകല്പനകളില്‍നിന്നും മന്ത്രവാദസദൃശമായ അടിസ്ഥാനങ്ങളില്‍ നിന്നും മുക്തമാക്കികൊണ്ടാണെങ്കില്‍ മാനസികാപഗ്രഥന സിദ്ധാന്തത്തെക്കുറിച്ചു് ചില നിഗമനങ്ങളിലെത്താന്‍ എനിക്കു് കഴിയും. കാല്പനിക സാഹിത്യം ‘നിന്ദിതരും പീഡിതരും’ എന്നു വിളിക്കുന്നതും സാധാരണ കരുതപ്പെടുന്നപോലല്ലാതെ കൂടുതല്‍ പെരുത്തതും വിവിധ പരിച്ഛേദങ്ങൾ ഉൾക്കൊള്ളുന്നതുമായ സമൂഹത്തിന്റെ ആ പ്രത്യേക വിഭാഗത്തെ സംബന്ധിച്ചു മാത്രമേ മനോവിശ്ലേഷണം ഫലപ്രദമാവുന്നുള്ളു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആധുനിക ജീവിതത്തിന്റെ (എല്ലാ കാലത്തിന്നും കഴിഞ്ഞകാലത്തെ അപേക്ഷിച്ചു് അതിന്റെ ആധുനികതയുണ്ടു്) ഇരുമ്പു മുറുക്കമുള്ള സംഘര്‍ഷങ്ങളില്‍പെടുന്ന അത്തരക്കാർക്കു് സ്വന്തം ഉപായങ്ങൾ വഴി ആത്മസംഘട്ടനങ്ങളുടെ കാരണങ്ങൾ കണ്ടെത്തുവാനും അങ്ങിനെ, ഇച്ഛാശക്തിയുടെ വെമ്പലുകളെ ജീവിതലക്ഷ്യങ്ങളുമായി ഇണക്കിക്കൊണ്ട് സംഘര്‍ഷങ്ങളെ പിന്‍തള്ളി ഒരു പുതിയ സ്വച്ഛതയും ആത്മീയമായ പ്രശാന്തതയും സ്വായത്തമാക്കുവാനും ഉള്ള കഴിവില്ല. പ്രത്യേക ചരിത്രഘട്ടങ്ങളിൽ, പ്രത്യേക സാമൂഹ്യാവസ്ഥകളില്‍ ചുറ്റുപാടുകൾ തപിച്ചു് അതിസാന്ദ്രമായ ഒരു പിരിമുറുക്കത്തിലെത്തുകയും, അഴിച്ചുവിടപ്പെട്ട ബൃഹത്തായ സംഘടിത ശക്തികൾ ഒറ്റയായ വ്യക്തികൾക്കുമേല്‍, അവരുടെ ഇച്ഛാശക്തിയില്‍നിന്നു് ഏറ്റവും ഉയര്‍ന്ന ക്രിയാപരമായ പ്രതികരണങ്ങൾ നേടിയെടുക്കാനായി, സമ്മർദ്ദം ചെലുത്തുകയും ചെയ്യുമ്പോൾ അവസ്ഥ നാടകീയമായിമാറുന്നു.
ഇത്തരം അവസ്ഥകൾ അതീവലോലവും സംശുദ്ധവും ആയ പ്രകൃതങ്ങൾക്കു വിപത്കരമായിത്തീരാം. അതേസമയം സമൂഹത്തിലെ പിന്നോക്ക ഘടകങ്ങൾക്കു് അവ ഒഴിച്ചുകൂടാനാവാത്തതാണ്. ഉദാഹരണത്തിന്നു്, പരിക്ഷീണരാവാതെ തങ്ങളുടെ കരുത്തുറ്റ നാഡികൾ ഒരു വലിയ അളവോളം വിതര്‍ത്തുവാനും ത്രസിപ്പിക്കുവാനും കഴിയുന്ന കര്‍ഷകര്‍. ജെനിയയേയും ജൂലിയയേയും ഞാന്‍ കണ്ടുമുട്ടിയ സെറിബ്രാന്‍യിബോര്‍ സാനിറ്റോറിയത്തില്‍, അക്ഷരാത്ഥത്തില്‍ തകര്‍ന്നുതീര്‍ന്ന രോഗികൾ മൂന്നുനാലുമാസത്തെ ഉറക്കത്തിന്നും, തങ്ങൾ ശീലിച്ചുപോന്നതിലും ഭേദപ്പെട്ടതെങ്കിലും, ഇടത്തരം പോഷകാഹാരത്തിന്നും ശേഷം മുപ്പത്തഞ്ചുമുതൽ നാല്പതുവരെ റാത്തല്‍ തൂക്കവും പൂര്‍ണ്ണരോഗശാന്തിയും നേടി വീണ്ടുമൊരു ഓജസ്സുറ്റ മാനസികാവസ്ഥക്ക് പ്രാപ്തരായിത്തീരുന്നതു കാണുക എത്രമാത്രം അതിശയകരമായിരുന്നുവെന്നു് ഞാൻ ഒരുപക്ഷെ, നിന്നോടു പറഞ്ഞുകാണും. ഏതെങ്കിലും തരത്തിലുള്ള കാല്പനികമായ ആശയഭ്രമങ്ങൾക്കു് ഈ മനുഷ്യര്‍ സര്‍വ്വഥാ അസ്പർശ്യരായിരുന്നു. മാനസികമായ ആരോഗ്യവും സമനിലയും കൈവിടാതിരുന്ന അവര്‍ ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവ പരിഹരിക്കാനാവാത്തതിനെക്കുറിച്ച് ഹതാശരായതുമില്ല. ഇച്ഛാശക്തിയും വ്യക്തിത്വവും ഇല്ലാത്തവരെന്നോ അസമർത്ഥരെന്നോ അവര്‍ തങ്ങളെക്കുറിച്ച് സ്വയം കരുതിയിരുന്നുമില്ല. ഇറ്റലിയില്‍ ഞങ്ങൾ പറയാറുള്ളതുപോലെ അവര്‍ ‘തങ്ങളെത്തന്നെ തുപ്പി’ക്കൊണ്ടിരുന്നില്ല. ഇത്തരം തീര്‍ത്തും അയഥാർത്ഥങ്ങളായ ‘പരിഹരിക്കാനാവാത്ത പ്രശ്നങ്ങളും’ അവളുടെതന്നെ ജ്വരതപ്തവും ശിഥിലവുമായ മതിഭ്രമങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ചപല സ്വപ്നങ്ങളുമായുള്ള സംഘട്ടനവും ആണു് ജൂലിയയുടെ വ്യാധി എന്നെനിക്കു തോന്നുന്നു. മറ്റാരാലും പരിഹരിക്കാനാവാത്തതു് തീര്‍ച്ചയായും അവൾക്കു് സ്വയം പരിഹരിക്കാനാവില്ലെന്നതുകൊണ്ട് മന്ത്രവാദിയേയോ മനോവിശ്ലേഷകനേയോ പോലൊരു ബാഹ്യശക്തിയെ അവൾക്കു സമീപിക്കേണ്ടിവരുന്നു. ജൂലിയയെപ്പോലെ സംസ്കാരസമ്പന്നയും (ആ പദത്തിന്റെ ജർമ്മന്‍ വിവക്ഷയില്‍) ഔദ്യോഗികമായി മാത്രമല്ലാതെതന്നെ (സഞ്ചിയില്‍ ഒരു കാര്‍ഡുണ്ടെന്നതു മാത്രമാണല്ലോ അവളുടെ ഔദ്യോഗികത) സമൂഹത്തില്‍ കര്‍മ്മനിരതയുമായ ഒരു വ്യക്തിക്കുചേര്‍ന്ന ഏറ്റവും നല്ല ഒരേയൊരു മനോവിശ്ലേഷണ ചികിത്സകന്‍ അവൾ തന്നെയാവും, ആവുകയും വേണം എന്നാണു് എന്റെ വിശ്വാസം. പഠനത്തിന്റെ ആവശ്യകതയെക്കുറിച്ചും മറ്റുമുള്ള അവളുടെ പ്രസ്താവങ്ങളുടെ അർത്ഥമെന്താണ്? സ്വന്തം ഉത്പാദനപ്രവര്‍ത്തനങ്ങൾക്കുവേണ്ടി സൈദ്ധാന്തികമായും തൊഴിൽപരമായും സ്വയം മെച്ചപ്പെടുവാന്‍ നമ്മൾ ഓരോരുത്തരും തന്നെ പഠനം തുടർന്നുകൊണ്ടിരിക്കേണ്ടതുണ്ടു്. ഇതൊരു വൈയക്തികപ്രശ്നമാണെന്നും സ്വന്തം അധമത്വത്തിന്റെ അടയാളമാണെന്നും കരുതുന്നതെന്തിനാണ്? കൂട്ടായ ജീവിതത്തിന്റെ എക്കാലത്തേക്കും ഉയർന്ന ഒരു മാനം സ്വായത്തമാക്കുവാനായി, ജന്മവാസനകളെയും അന്തഃപ്രേരണകളെയും വര്‍ധിതമാവുന്ന സാമൂഹ്യവിരുദ്ധപ്രവണതകളെയും ചെറുത്തുകൊണ്ടു് നമ്മൾ ഓരോരുത്തരും അവരവരുടെ വ്യക്തിത്വവും സ്വഭാവവും നാൾക്കുനാൾ വിസ്തരിക്കുകയും വിപുലവുമാക്കുകയും ചെയ്യുന്നു. യാതൊരു അപൂര്‍വ്വതയും വ്യക്തിനിഷ്ഠമായ ദുരന്തവും ഇതേ സംബന്ധിച്ചില്ല. നമ്മൾ ഓരോരുത്തരും അവരവരുടെ അയല്‍ക്കാരില്‍നിന്നു് പഠിക്കുന്നു. ധാരണകളും വൈശിഷ്ട്യങ്ങളും ശീലങ്ങളും കൊള്ളുകയും കൊടുക്കുകയും നഷ്ടപ്പെടുകയും നേടുകയും വിസ്മരിക്കുയും സമാഹരിക്കുയും ചെയ്യുന്നു.
എന്റെ ഭാഗത്തുനിന്നു് ഉണ്ടാവാനിടയുള്ള ബുദ്ധിപരവും ധാർമ്മികവും ആയ സ്വാധീനങ്ങളെ ഇനിമുതൽ ഒരിക്കലും സ്വയം പ്രതിരോധിക്കുകയില്ലെന്നും അക്കാരണത്താല്‍ എന്നോടു കൂടുതല്‍ അടുത്തതായി അവർക്കു തോന്നുന്നുവെന്നും ജൂലിയ എനിക്കെഴുതി. പക്ഷേ, അവൾ വിചാരിക്കുന്ന അളവോളമോ അത്രയും നാടകീയമായ രീതിയിലോ എപ്പോളെങ്കിലും അവൾ സ്വയം പ്രതിരോധിച്ചിരുന്നതായി എനിക്കു തോന്നുന്നില്ല. അതിന്നു പുറമെ, അവളുടെ വ്യക്തിത്വവുമായുള്ള കൂട്ടുകെട്ടില്‍നിന്നു് ഞാൻ സ്വയം നേടുകയും സ്വയം രൂപാന്തരപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ അവളുടെ സ്വാധീനങ്ങൾക്കെതിരെ എനിക്കു തെല്ലും പ്രതിരോധിക്കേണ്ടിവന്നിട്ടില്ലെന്നാണോ അവൾ സങ്കല്പിക്കുന്നതു്? എന്നില്‍ നടന്ന ഈ പ്രക്രിയയെക്കുറിച്ചു് ഞാനൊരിക്കലും സിദ്ധാന്തവിചാരം ചെയ്യുകയോ വേവലാതിപ്പെടുകയോ ചെയ്തിട്ടില്ല. പക്ഷെ, അതുകൊണ്ടു് ഈ പ്രക്രിയ നടന്നിരുന്നുവെന്നും അതെനിക്കു ഗുണപ്രദമായിരുന്നുവെന്നും ഉള്ള വസ്തുത ഇല്ലാതാവുന്നില്ല. എന്തുമാവട്ടെ, എഴുതുവാനും, ഒരു ചരടു കണ്ടെത്തുന്നതില്‍ എന്നെ സഹായിക്കുവാനും വേണ്ട ചില മൂലകങ്ങൾ നിനക്കു നല്‍കിക്കഴിഞ്ഞുവെന്നു ഞാന്‍ വിശ്വസിക്കുന്നു. കൊള്ളാവുന്ന ഒരു ആശയമായി നിനക്കു തോന്നുന്നുവെങ്കില്‍ ഇത്, അല്പം പരോക്ഷമായ രൂപത്തില്‍ ജൂലിയയ്ക്കു് അയച്ചു കൊടുക്കൂ. അവളുടെ പ്രശ്നങ്ങൾക്കു് ഒരു പ്രാഥമികമായ ഉത്തരമായി ഇതു ഭവിച്ചേക്കാം. കുറച്ചുമുന്‍പു് നിന്റെ പന്ത്രണ്ടാം തീയ്യതിയിലെ എഴുത്തു് ഡീലിയോയുടെ എഴുത്തിന്റെ പരിഭാഷയോടൊപ്പം എനിക്കു് കിട്ടി. അടുത്ത തിങ്കളാഴ്ച ഞാന്‍ മറുപടി എഴുതാം. എഴുത്തു് എനിക്കിഷ്ടമായി.
ആശ്ലേഷം
അന്റോണിയോ.
ക്യൂസിസാനാ ക്ലിനിൿ,
റോം
24 നവമ്പർ, 1936
പ്രിയപ്പെട്ട ലുല്‍കാ,
നിന്നെ ചിരിപ്പിക്കുവാന്‍ ആദ്യന്തം പണ്ഡിതപദങ്ങൾ നിറച്ചുകൊണ്ടു് ഒരു പ്രൊഫസറെപ്പോലെ ഒരു എഴുത്തു് എഴുതണമെന്നു ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, എനിക്കതു കഴിയുമോ എന്നു സംശയമാണു്. സാധാരണഗതിയില്‍ ഉദ്ദേശിക്കാതിരിക്കുമ്പോൾ എനിക്ക് പണ്ഡിതഭാവമുണ്ടു്. ഇക്കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ സംഭവങ്ങൾക്കിടക്കു് അസംഖ്യം തവണ സെന്‍സര്‍ഷിപ്പിന്നു് വിധേയനായിട്ടുണ്ടെന്നതിനാല്‍ സാഹചര്യങ്ങൾക്കിണങ്ങുന്ന ഒരു ശൈലി എനിക്കു് പോഷിപ്പിച്ചെടുക്കേണ്ടതായി വന്നിട്ടുണ്ടു്. നിന്നെ ചിരിപ്പിക്കുകയും അതോടൊപ്പം എന്റെ മാനസികാവസ്ഥ ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു കൊച്ചുകഥ ഞാന്‍ നിന്നോടു് പറയട്ടെ. ഒരിക്കല്‍ ഡീലിയോ വളരെ ചെറുതായിരിക്കുമ്പോൾ അവന്‍ എങ്ങിനെ ദിഗ്ബോധമുൾക്കൊള്ളുവാനും ഭൂമിശാസ്ത്രം പഠിക്കുവാനും തുടങ്ങിയിരിക്കുന്നവെന്നു കാണിക്കുവാനായി നീ എനിക്കു് ഹൃദ്യമായ ഒരു എഴുത്തെഴുതി. അവന്റെ ശിരസ്സിന്റെ ദിശയില്‍ ശ്വാനവണ്ടികൾ ഉപയോഗിക്കുന്ന ജനവർഗ്ഗങ്ങൾ വസിക്കുന്നുവെന്നും ഇടത്തു ചൈനയും വലത്തു് ആസ്ത്രിയയുമാണെന്നും അവന്റെ പാദങ്ങൾ ക്രിമിയക്കു നേരെ ചൂണ്ടിയിരിക്കുന്നുവെന്നും മറ്റും വിശദീകരിച്ചുകൊണ്ടു് അവന്‍ കിടക്കയില്‍ തെക്കുവടക്കായി കിടക്കുന്നകാര്യം നീ വിവരിച്ചു. ആ എഴുത്തു് കൈവശമാക്കുവാന്‍, അതിന്നകത്തെ ഇത്രവലിയ പ്രശ്നങ്ങൾ എന്താണെന്നറിയുവാന്‍ പോലുമായി, അതുവായിച്ചിരുന്നില്ലാത്ത ഞാന്‍ അതിനുവേണ്ടി തീവ്രമായി വാദിക്കേണ്ടിവന്നു. എന്തെല്ലാം രഹസ്യസന്ദേശങ്ങൾ അതു് ഉൾക്കൊള്ളുന്നുവെന്നു് ആരാഞ്ഞുകൊണ്ടു് ജയില്‍ ഡയറക്ടര്‍ ഒരു മണിക്കൂറോളം എന്നെ നിര്‍ത്തി. എന്താണ് കിത്വായ്? ആസ്ത്രിയയെക്കുറിച്ചു് എന്താണു് ഈ എഴുതിയിരിക്കുന്നതു്? തങ്ങളുടെ വണ്ടികൾ നായകളെകൊണ്ട് വലിപ്പിക്കുന്ന ഈ മനുഷ്യർ ആരാണ്? എഴുത്തിലൂടെ ഒന്നു് കണ്ണോടിക്കുകപോലും ചെയ്യാതെ ഇതിനെല്ലാം യുക്തിസഹമായ വിശദീകരണങ്ങൾ നല്‍കുവാന്‍ തെല്ലൊന്നുമല്ല ഞാന്‍ വിഷമിച്ചതു്. ഒടുവില്‍ കുറച്ചൊന്നു ചൊടിച്ചുകൊണ്ട് ഞാന്‍ അയാളോടു ചോദിച്ചു. “നിങ്ങൾ വിവാഹിതനല്ലേ? ഒരമ്മ ദൂരെയുള്ള തന്റെ ഭർത്താവിനു് തങ്ങളുടെ കൊച്ചുകുട്ടിയെക്കുറിച്ചു് എങ്ങിനെയെല്ലാമാവും എഴുതുന്നതെന്നു് തീർച്ചയായും നിങ്ങൾക്കു മനസ്സിലാവുമല്ലോ?” ഉടന്‍ തന്നെ അയാൾ എഴുത്തു തന്നു. (അയാൾ വിവാഹിതനായിരുന്നു. പക്ഷേ, കുട്ടികളുണ്ടായിരുന്നില്ല). ബാലിശമാണെങ്കിലും ഈ ഉപകഥ പ്രസക്തമാണ്. ഇക്കാര്യത്തില്‍ കാണിച്ച അതേ നിര്‍മമതയോടും സംശയാകുലമായ പണ്ഡിതഭാവത്തോടും കൂടി പിന്നീടുളള എന്റെ എല്ലാ എഴുത്തുകളും ഡയറക്ടര്‍ വായിച്ചുകൊണ്ടിരിക്കുമെന്നു് അറിയാവുന്നതുകൊണ്ടു് എഴുത്തിന്റെ ഒരു കാരാഗൃഹശൈലി വളർത്തിയെടുക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. പറയാനുളള കാര്യങ്ങൾ അത്രയേറെ വര്‍ഷങ്ങളായി ശാസിച്ചു നിയന്ത്രണ വിധേയമാക്കി ശീലിച്ചു കഴിഞ്ഞതിനാല്‍ ഒരുപക്ഷേ, ഇനി ആ ശൈലി ഒരിക്കലും ഉരിഞ്ഞുകളയാനാവില്ല. ഇത്തരം സംഭവങ്ങളെയും മറ്റുകാര്യങ്ങളേയും കുറിച്ചു് എനിക്കിനിയും നിന്നോടു് പറയാന്‍ കഴിയും. എന്നാല്‍ അതു നിന്നെ ചിരിപ്പിക്കാന്‍വേണ്ടി മാത്രമാവും. പോയവര്‍ഷങ്ങളിലെ അസംഖ്യമായ ദുരനുഭവങ്ങൾ മുന്നില്‍ നിവര്‍ത്തിയിട്ടുകാണുന്നതു് ഏറെ ദുഃഖകരമായിരിക്കും. മറിച്ചു് നിന്റെ എഴുത്താവട്ടെ എന്നെ ഉന്മേഷവാനാക്കുകയാണു ചെയ്തതു്. ഇത്രയും ഉല്ലാസപൂര്‍വ്വം ഇത്രയും കുറഞ്ഞ തെറ്റുകളോടെ നീ അവസാനം എഴുതിയതെപ്പോഴാണെന്നു് ഓര്‍മ്മിക്കാനാവുന്നില്ല.
എന്റെ പ്രിയപ്പെട്ടവളേ, തെല്ലു് ആലോചിച്ചു് വളരെയൊന്നും വസ്തുനിഷ്ഠമാവാതെ കുട്ടികളെക്കുറിച്ചു് എനിക്കു് ദീര്‍ഘമായ ഒരു കത്തെഴുതു. ഇടക്കുപറയട്ടെ ‘കുട്ടികളുടെ ജീവിതത്തെക്കുറിച്ചു് ഒരു റിപ്പോര്‍ട്ട്’ (?!) എഴുതുക എന്നതു് അതിന്റെ സത്തയെ നശിപ്പിക്കലാവും എന്ന നിന്റെ മഹത്തായ സൂക്തം ഞാന്‍ ഇതേവരെ കേട്ടിട്ടുള്ള ഏറ്റവും അപഹാസ്യമായ കാര്യങ്ങളിലൊന്നാണ്. ഹിമാലയത്തേക്കാളും പോന്ന ഒരു കഥ. എനിക്കു് ഒരു റിപ്പോര്‍ട്ട് ആവശ്യമില്ല—ഞാന്‍ ഒരു പോലീസുകാരനല്ല—നിന്റെ ആത്മനിഷ്ഠമായ പ്രതീതികളാണു് എനിക്കു് വേണ്ടതു്. പ്രിയപ്പെട്ടവളേ, ഞാന്‍ എത്രയേറെ ഏകനാണു്. നിന്റെ എഴുത്തുകൾ എനിക്കു് അപ്പം പോലെ പോഷകമാവുന്നു. പണ്ഡിതശൈലികൾക്കു് ഒരിക്കലും അതു് സാധ്യമല്ല. എനിയ്ക്കയക്കുന്ന, റേഷന്‍ അളന്നെടുക്കുന്ന സമ്പ്രദായം എന്തിനു് നീ തുടരുന്നു? എല്ലാം പറഞ്ഞുവരുമ്പോൾ നീയാണു് എന്നെക്കാൾ ഏറെ പണ്ഡിതമ്മന്യയും പ്രായോഗികവാദിയും എന്നുതോന്നുന്നു. അതു് സമ്മതിക്കുവാന്‍ നീ ഇഷ്ടപ്പെടുന്നില്ലെന്നു മാത്രം. സ്വന്തം കുട്ടികളുടെ ജീവിതത്തെക്കുറിച്ച് ഒരു വിവരണം ആവശ്യപ്പെട്ടുകൊണ്ടു് എന്നെപ്പോലൊരു ഭാഗ്യഹീനന്‍ എഴുതുന്നു. നീയാവട്ടെ നിന്റെ സുരക്ഷിതമായ ഒളിവുമറക്കകത്തുനിന്നു് “അയ്യോ, പറ്റില്ല. കുട്ടികളുടെ ജീവിതത്തെക്കുറിച്ചെഴുതുന്നതു് അതിന്റെ സത്ത നശിപ്പിക്കലാവും” എന്നു് മറുപടി പറയുന്നു. ഇതു് ഔദ്ധത്യമല്ലേ? ഏറ്റവും മോശമായതരം ഔദ്ധത്യമാണിതു്. ഒരല്പം ആലോചിച്ചു നോക്കൂ. ഞാന്‍ പറയുന്നതു് ശരിയാണെന്നു് നിനക്കു ബോധ്യമാവും, എന്റെ ലൂല്‍ക, സ്നേഹോഷ്മളമായ ഒരു ആശ്ലേഷം ഇതോടൊപ്പമയക്കുന്നു.
അന്റോണിയോ.
ക്യൂസിസാനാ കിനിൿ,
റോം
തീയ്യതിയില്ല.
പ്രിയപ്പെട ലുലിക് [6],
നിന്റെ ചിത്രങ്ങൾ എനിക്കു് വളരെയേറെ ഇഷ്ടമായി. അതു നീ വരച്ചതാണെന്നതുതന്നെ കാരണം. അവ തീര്‍ത്തും മാലികവുമാണ്. പ്രകൃതി ഒരിക്കലും ഇത്തരം വിസ്മയാവഹങ്ങളായ വസ്തുക്കൾ കണ്ടുപിടിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. നാലാമത്തെ ചിത്രത്തിലുള്ളതു് ഒരു അസാധാരണ മൃഗം തന്നെ. ഏറെ വലിപ്പമുള്ളതിനാല്‍ അതൊരു കൂറയാവാനിടയില്ല. വലിയ നാല്‍ക്കാലികളുടേതുപോലെ നീങ്ങുന്ന നാലുകാല്‍കൾമാത്രമേ അതിനുള്ളുതാനും. എന്നാല്‍ അതൊരു കുതിരയുമല്ല. കാഴ്ചയിൽപെടുന്ന ചെവികൾ അതിന്നു് ഇല്ലല്ലോ. (നീ വരച്ച ആദ്യത്തെ മൃഗത്തിനും ചെവിയുള്ളതായി കാണുന്നില്ല. വേറൊരു മനുഷ്യന്റെ ചിത്രത്തിലും അങ്ങിനെ തന്നെ അതൊരു സിംഹമായിരിക്കാം… ഇണങ്ങിയതും… സുതാര്യവും ആയ ഒരു സിംഹം. അതിന്റെ പുറത്തുള്ള സവാരിക്കാരന്റെ രണ്ട് കാലുകളും കാണുന്നുവെന്നതാണ് സുതാര്യമാണെന്നു് കരുതാന്‍ കാരണം. മരച്ചില്ലകളുടെ തുമ്പുകളെയും മൃഗങ്ങളുടെ ശിരസ്സുകളെയും പോലുള്ള അതിവിചിത്രമായ സ്ഥലങ്ങളിൽപോലും നിന്റെ ആളുകൾക്കു് നിസ്സങ്കോചം നടക്കുവാന്‍ കഴിയുന്നുവെന്ന കാര്യവും എനിക്കിഷ്ടമായി (ഒരുപക്ഷെ, മൃഗങ്ങൾക്കു് ചെവികൾ നഷ്ടമാവുന്നതു് അതുകൊണ്ടാവണം) പ്രിയപ്പെട്ട ലുലിക്, നിന്റെ ചിത്രങ്ങളെ ഞാന്‍ കളിയാക്കിച്ചിരിച്ചാൽ നിനക്കു് സങ്കടമാവുമോ? സത്യമായും അവ, അവയുടെ ഇതേരൂപത്തില്‍ത്തന്നെ, ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ, തോന്നുമ്പോൾ തോന്നിയപോലെ വരയ്ക്കുന്ന ചിത്രങ്ങൾക്കു പകരം നീ സ്ക്കൂളില്‍ വരച്ച ചിത്രങ്ങൾ എനിക്കു് അയച്ചു തരണം. ഒരു ചുംബനം.
പപ്പാ.
സ്കൂൾ എങ്ങനെയിരിക്കുന്നു? ക്ഷീണവും പരിഭ്രമവും തോന്നാതെ നന്നായി പഠിക്കുവാന്‍ നിനക്കു കഴിയുന്നുണ്ടോ? പഠിക്കുന്നതു് നിനക്കിഷ്ടമാണോ?
ക്യൂസിസാനാക്ലിനിൿ
റോം
തീയ്യതിയില്ല.
പ്രിയപ്പെട്ട ഡീലിയോ[7],
എന്താണ് നീ നിന്റെ കൊച്ചു തത്തയെക്കുറിച്ച് എഴുതാത്തതു്? അതിപ്പോഴും ജീവിച്ചിരിപ്പുണ്ടോ? നീ എല്ലായ്പോഴും അതിനെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു എന്നു് ഞാനൊരിക്കല്‍ അഭിപ്രായപ്പെട്ടതു കാരണമാവാം നീ ഇപ്പോൾ അതിനെപ്പറ്റി ഒന്നും എഴുതാത്തതു്? ഉഷാര്‍, ഡീലിയോ! നിന്റെ പ്രായത്തില്‍ എനിക്കൊരു നായക്കുട്ടി ഉണ്ടായിരുന്നതിനെക്കുറിച്ചും അതെന്റെ സ്വന്തമാണെന്ന സന്തോഷത്താല്‍ എനിക്കു് പാതിവട്ടായിത്തീര്‍ന്നതിനെക്കുറിച്ചും നിനക്കെഴുതണമെന്നു് താതാനിക്ക ആവശ്യപ്പെടുന്നു. അതുകൊണ്ടു്, നോക്കൂ, ഒരു നായ, (അതെത്ര ചെറുതാണെങ്കിലും) ഒരു തത്തയേക്കാൾ ഏറെ സന്തുഷ്ടി നല്‍കുന്നുവെന്നതു് സത്യമാണ്. എന്തെന്നാല്‍ അതു് അതിന്റെ യജമാനനോടൊപ്പം കളിക്കുകയും അയാളോടു് സ്നേഹാശ്രിതത്വത്തിലാവുകയും ചെയ്യുന്നു. എന്റെ നായക്കുട്ടി ഒരിക്കലും പൂര്‍ണ്ണമായി വളര്‍ന്നിരുന്നില്ലെന്നു് സ്പഷ്ടമാണ്. അമിതമായ ആവേശത്തിമര്‍പ്പാവുമ്പോൾ മലര്‍ന്നുകിടന്നു് സ്വന്തം ദേഹത്താകെ അവന്‍ മൂത്രം ഒഴിക്കുമായിരുന്നു. എന്തൊരു നീണ്ട നീരാട്ടായിരുന്നുവെന്നോ! അവന്‍ തീരെ കൊച്ചായിരുന്നു. കോണിപ്പടികൾ കയറുവാന്‍പോലും അവനു കഴിയുമായിരുന്നില്ല. നീണ്ടു കറുത്ത രോമങ്ങൾ ഉണ്ടായിരുന്നതിനാല്‍ കാഴ്ചയ്ക്കു്, അവന്‍ ഒരു വളരെ ചെറിയ ഓമനപ്പട്ടിയാണെന്നുതോന്നും. ഞാന്‍ അവന്റെ രോമങ്ങൾ ഒരു സിംഹത്തിന്റെ ആകൃതിയില്‍ വെട്ടിനിര്‍ത്തി. എന്നാലും സത്യസന്ധമായി പറഞ്ഞാല്‍ അവനെ സുന്ദരനെന്നു് വിളിക്കാന്‍ കൊള്ളില്ലായിരുന്നു. വാസ്തവത്തില്‍ അവന്‍ ഏതാണ്ടു് വിരൂപന്‍തന്നെയായിരുന്നു. ഇപ്പോൾ ഓര്‍ത്തുനോക്കുമ്പോൾ വളരെ വളരെ വിരൂപം. എങ്കിലും അവന്‍ എന്നെ എന്തുമാത്രം രസിപ്പിച്ചിരുന്നു! ഞാന്‍ അവനെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു! എന്റെ ഇഷ്ടപ്പെട്ട കളി ഇതായിരുന്നു: നാട്ടിന്‍പുറത്തുകൂടി ഞങ്ങൾ നടക്കാനിറങ്ങുമ്പോൾ ഞാന്‍ അവനെ ഉയരംകൂടിയ ഒരു പാറയ്ക്കു മുകളില്‍ കയറ്റിവെക്കും. എന്നിട്ട് മെല്ലെ അവിടെനിന്നു മാറിക്കളയും. താഴേയ്ക്കു് ചാടി ഇറങ്ങുവാന്‍ ധൈര്യമില്ലാതെ എന്റെ നേരേനോക്കി കിണുങ്ങിക്കൊണ്ട് അവന്‍ അവിടെത്തന്നെ നില്‍ക്കും. ഞാന്‍ വളഞ്ഞുതിരിഞ്ഞ് ഒട്ടുദൂരംപോയി വല്ല മടയിലോ കുഴിയിലോ ഒളിക്കും. നായക്കുട്ടി ആദ്യം ഓരിയിടും. പിന്നെ താഴെ ഇറങ്ങാന്‍ വല്ല ഉപായവും കണ്ടാല്‍ എന്നെത്തേടിക്കൊണ്ട് കുതിച്ചെത്തും. ഇതെന്നെ വല്ലാതെ രസിപ്പിക്കുമായിരുന്നു. വളരെ ചെറുതായിരുന്ന ആ പാവം ജന്തു അതിന്റെ തല തെറിച്ചു പോവുന്ന മട്ടില്‍ കുരച്ചുകൊണ്ടു് എല്ലാ പാറക്കുല്ലിനു് പിന്നിലും പരതും. എല്ലാ ചെറിയ കുഴികളുടേയും (അതിനെ സംബന്ധിച്ചിടത്തോളം വലിയ ഗര്‍ത്തങ്ങൾ) വക്കോളം ഓടിച്ചെല്ലും. അവനെ വിളിച്ചുകൊണ്ടു് പെട്ടെന്നു ഞാന്‍ സ്ഥലംമാറി ഒളിക്കുമ്പോൾ അവനാകെ സമനില തെറ്റിയതു പോലാവും. അവസാനം, എന്നെ കണ്ടുപിടിക്കുവാന്‍ അനുവദിക്കുമ്പോൾ എന്തൊരു ആഹ്ലാദമാണ്, എന്തൊരു നിലക്കാത്ത മൂത്രവര്‍ഷമാണ്. പ്രിയപ്പെട്ട ഡീലിയോ, ഇനി നീ തത്തയെക്കുറിച്ച് എനിക്കെഴുതില്ലേ?
പപ്പാ.
ക്യൂസിസാനാ ക്ലിനിൿ
റോം
തീയ്യതി ഇല്ല.
പ്രിയപ്പെട്ട ഡീലിയോ, ഇത്തവണ നിന്റെ കുറിപ്പുകളൊന്നുമില്ല. തത്തക്കൂടു് ഉൾപ്പെടെ നിന്റെ മുറിയുടെ ഒരു മൂല ജൂലിയാനോയുടെ ഫോട്ടോഗ്രാഫില്‍ എനിക്കു് കാണാന്‍ കഴിഞ്ഞു.പക്ഷിയെ കാണുന്നില്ലെന്നതു് കഷ്ടമായി. പുതിയ ഇലക്കറിയും (അതു് നന്നായും ചെറുതായും അരിഞ്ഞിരിക്കണം) തിനയരിയും തീറ്റിയാല്‍ അതു പൂർണ്ണമായും സുഖപ്പെടുമെന്നും അതിനു് വീണ്ടും നീണ്ടതും തിളക്കമുള്ളതുമായ തൂവലുകൾ മുളക്കുമെന്നും ഞാന്‍ കരുതുന്നു. നിനക്കു ചുംബനങ്ങൾ.
പപ്പാ.
അന്ത്യദിവസങ്ങളില്‍ ഗ്രാംഷിയുടെ എഴുത്തുകൾ അദ്ദേഹത്തിന്റെ കുട്ടികൾക്കു മാത്രമായി എഴുതിയ കൊച്ചുകുറിപ്പുകൾ ആയിരുന്നു. അവയിലൊന്നിനും വ്യക്തമായ തിയ്യതികളില്ല,
1924 ആഗസ്റ്റിലാണ് ഡീലിയോ ജനിച്ചതു്.
1926 സെപ്തമ്പര്‍ ആദ്യത്തില്‍ ജൂലിയാനോ (ലുലിക്) ജനിച്ചു; മോസ്കോയില്‍.
1926 നവമ്പറില്‍ ഗ്രാംഷി അറസ്റ്റ് ചെയ്യപ്പെട്ടു.
[1] ഭാര്യാസോദരി.
[2] ഭാര്യ, മകന്‍, ഭാര്യാസോദരി.
[3] അനിയന്‍
[4] ഭാര്യ
[5] ജൂലിയയുടെ അനന്തിരവൾ
[6] ജൂലിയാനോ എന്ന ഗ്രാംഷിയുടെ രണ്ടാമത്തെ മകന്‍, ഗ്രാംഷി അറസ്റ്റുചെയ്യപ്പെടുന്നതിന്നു രണ്ടുമാസം മുമ്പു ജനിച്ച ഈ മകനെ ഗ്രാംഷി ഒരിക്കലും കണ്ടിട്ടില്ല.
[7] ഗ്രാംഷിയുടെ മൂത്തമകന്‍
പെയിന്റിംഗുകൾ/സ്കെച്ചുകൾ: പോൾ ക്ളീ