സ്മരണകൾ അയവിറക്കുക സന്തോഷമുള്ള ഒരു കാര്യമാണു്; വാർദ്ധക്യത്തിൽ വിശേഷിച്ചും. കഴിഞ്ഞകാലത്തിലേയ്ക്കു് തിരിഞ്ഞുനോക്കുമ്പോൾ, ആലുവാ അദ്വൈതാശ്രമ സംസ്കൃതപാഠശാലയിലെ എന്റെ അധ്യാപക ജീവിതമാണു് മനസ്സിൽ മുന്നിട്ടുനിൽക്കുന്നതു്. ശ്രീനാരായണഗുരു സ്ഥാപിച്ച ഈ പാഠശാല ഇപ്പോൾ ഒരു ഹൈസ്കൂളായി രൂപാന്തരപ്പെട്ടിരിക്കുകയാണു്. സംസ്കൃതത്തിനു് ഇന്നു് അവിടെ ഒരു സ്ഥാനവുമില്ല. വിദ്യാഭ്യാസ നവീകരണത്തിൽ, പഴയരീതിയിലുള്ള സംസ്കൃതപാഠശാലകളെല്ലാംതന്നെ പമ്പ കടന്നു. ഇൻഡ്യക്കു സ്വാതന്ത്രം കിട്ടിയതോടെ സംസ്കൃതഭാഷയ്ക്കു കഷ്ടകാലമായി. ഇപ്പോൾ എഴുത്തിലും പ്രസംഗത്തിലും മാത്രം ഗീർവ്വാണവാണീ മാഹാത്മ്യം ഘോഷിച്ചു് ആളുകൾ തൃപ്തിയടയുകയാണു്. അതെന്തെങ്കിലുമാകട്ടെ 1921-ൽ ആലുവാ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽനിന്നു സ്ക്കൂൾ ഫൈനൽ പരീക്ഷ (ഇപ്പോഴത്തെ എസ്. എസ്. എൽ. സി.) പാസ്സായതിനു ശേഷം അടുത്തകൊല്ലം ഞാൻ പ്രസ്തുത സംസ്കൃതപാഠശാലയിലെ അധ്യാപകനായി. പ്രൈമറി സ്ക്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികളെയാണു് ഇവിടെ ചേർത്തിരുന്നതു്. പ്രഥമ, ദ്വിതീയ, തൃതീയ ഇത്യാദി സംസ്കൃതപേരുകളിലായിരുന്നു ക്ലാസ്സുകളുടെ വിഭജനം. അങ്ങനെ ആറുക്ലാസ്സുണ്ടു്. ആറാമത്തെ ക്ലാസ്സുകഴിയുമ്പോൾ കുട്ടികളെ അന്നത്തെ ഗവൺമെന്റ് നടത്തിയിരുന്ന ശാസ്ത്രിപരീക്ഷയ്ക്കു് അയയ്ക്കും. പാവപ്പെട്ടവരും താണജാതിക്കാരുമായ എത്രയോ വിദ്യാർത്ഥികൾ—അത്തരക്കാരായിരുന്നു അന്നു് അധികവും—അവിടെ പഠിച്ചു ശാസ്ത്രിമാരായിട്ടുണ്ടു്. സംസ്കൃതമയമായിരുന്നു പാഠശാലയിലെ അന്തരീക്ഷം. അധ്യാപകർ ഹാജർ വിളിക്കുമ്പോൾ, അസ്മി അല്ലെങ്കിൽ ആഗതോസ്മി എന്നാണു് കൂട്ടികൾ മറുപടി പറയുക. വിദ്യാർത്ഥിസമ്മേളനങ്ങളിൽ ഉപന്യാസവായനയും പ്രസംഗവുമെല്ലാം സംസ്കൃതത്തിൽതന്നെ. ഇങ്ങനെ സകലതും ദേവഭാഷയിലായിരുന്നെങ്കിലും മലയാളവും ഇംഗ്ലീഷും ഉപഭാഷകളായി കുട്ടികൾക്കു പഠിക്കാനുണ്ടായിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കലായിരുന്നു എന്റെ ജോലി.
പാഠശാലയിൽച്ചേർന്നു് അധികദിവസം കഴിയുന്നതിനു മുമ്പുതന്നെ, ശ്രീനാരായണഗുരുവിനെ ദർശിക്കുവാനും അദ്ദേഹവുമായി അല്പനേരം സംഭാഷണംനടത്താനും എനിക്കു് അവസരം ലഭിച്ചു. അതുവരെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിക്കു് അന്നത്തെ എന്റെ ജോലി തീർന്നു അഞ്ചുമൈൽ ദൂരെയുള്ള വീട്ടിലേയ്ക്കു് അപ്പോൾതന്നെ ഞാൻ തിരിച്ചുപോകാൻ തുടങ്ങുകയായിരുന്നു. ഗേറ്റിൽ ചെന്നപ്പോൾ അവിടെ സാലപ്രാംശുവും മഹാഭുജനും കാഷായാംബരധാരിയുമായ ഒരാൾ ദീർഘദണ്ഡുമേന്തി നില്ക്കുന്നു. അസാധാരണമായ മുഖ തേജസ്സുകൊണ്ടുതന്നെ ആളാരാണെന്നു് ഊഹിക്കാമായിരുന്നു. ദിവസവും നാലു മണിയ്ക്കു സ്ക്കൂൾ വിട്ടാൽ ക്ഷണനേരംപോലും അവിടെ തങ്ങിനിൽക്കാതെ വീട്ടിലേയ്ക്കോടിയിരുന്ന ഞാൻ, ശ്രീനാരായണഗുരു അന്നു വിശ്രമാർത്ഥം ആലുവായിലെത്തിയിരുന്ന വിവരം ഗ്രഹിച്ചിരുന്നില്ല. അദ്ദേഹം പാഠശാലയിലെ വിശ്രമമന്ദിരത്തിൽനിന്നു് ആറ്റിൻകരയിലുള്ള ആശ്രമത്തിലേയ്ക്കു പുറപ്പെട്ടുനിൽക്കുകയായിരുന്നു. എന്നെക്കണ്ടപ്പോൾ ‘ആരു്’ എന്ന ഘനഗംഭീര സ്വരത്തിലൊരു ചോദ്യം. “ഇവിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന…” എന്നു ഞാൻ പതുക്കെ പറഞ്ഞുതുടങ്ങിയപ്പോഴേയ്ക്കും “ഓ! പുതുതായി വന്ന ഇംഗ്ലീഷു വാദ്ധ്യാരോ?” എന്നു വീണ്ടും ചോദിച്ചുകൊണ്ടു സ്വാമി പിന്നൊന്നും മിണ്ടാതെ ഗേറ്റുകടന്നു നടക്കാൻതുടങ്ങി. ഞാനും പിന്നാലെ ചെന്നു. എനിക്കു പോകേണ്ട വഴിയും അതായിരുന്നു. റോഡിൽവച്ചു് അദ്ദേഹം തിരിഞ്ഞു നോക്കുകയോ എന്തെങ്കിലും ചോദിക്കുകയോ ഒന്നും ചെയ്തില്ല. ഇങ്ങനെ ഒരുവൻ തന്നെ പിന്തുടരുന്നുണ്ടെന്നുപോലും അദ്ദേഹം ഭാവിച്ചില്ല. ആ മൗനവലയം ഭേദിച്ചു് അങ്ങോട്ടു് കേറി എന്തെങ്കിലും ചോദിക്കാനോ പറയാനോ എനിക്കൊരുപേടി. ‘അധൃഷ്യശ്ചാഭിഗമൃശ്ച’ എന്ന കാളിദാസോക്തിയിലെ രണ്ടു ഭാവങ്ങളും സ്വാമിയിലുണ്ടായിരുന്നുവെങ്കിലും ആദ്യം കാണുന്നവർക്കു് ഒന്നാമത്തേതാണു് പെട്ടെന്നനുഭവപ്പെടുക. റോഡിൽനിന്നു് ആശ്രമ സ്ഥലത്തേയ്ക്കു തിരിഞ്ഞപ്പോഴും അദ്ദേഹമെന്നെ നോക്കിയില്ല; കൂടെച്ചെല്ലാൻ പറഞ്ഞുമില്ല. ആ സ്ഥിതിക്കു വേണമെങ്കിൽ എനിക്കു നേരേ പോകാമായിരുന്നു; പക്ഷേ, എന്തുകൊണ്ടോ, സ്വാമിയുടെ കൂടെ ആശ്രമത്തിലേയ്ക്കു കടക്കണമെന്നു തോന്നി. അദ്ദേഹം ചെന്നിരുന്നതു പുഴവക്കിലുള്ള ഒരു മാവിന്റെ ചുവട്ടിലായിരുന്നു. ഞാനും അവിടെ ചെന്നുനിന്നു. അനുവാദം കൂടാതെ അങ്ങോട്ടുചെന്നതു ധിക്കാരമായോ എന്നുപോലും ഞാൻ ശങ്കിച്ചു. അല്പനേരത്തെ മൗനത്തിനുശേഷം; അദ്ദേഹമെന്റെ ഊരും പേരും മറ്റും ചോദിച്ചു തുടങ്ങിയപ്പോൾ തെല്ലൊരാശ്വാസം തോന്നി. ഞാൻ ദിവസവും പത്തുനാഴിക നടന്നാണു് അധ്യാപകജോലി നിർവ്വഹിച്ചു പോരുന്നതെന്നും മറ്റുമുള്ള വിവരം അപ്പോഴാണു് സ്വാമി മനസ്സിലാക്കിയതു്. ഉടനെ പരിചാരകനെ വിളിച്ചു കുറേ പഴം കൊണ്ടുവരുവാൻ പറഞ്ഞു. അയാളിൽ നിന്നു് അതുവാങ്ങി സ്വാമിതന്നെ എനിക്കുതന്നു. അന്നത്തെ സന്ദർശനം അങ്ങനെ മധുരഫലാസ്വാദനത്തിൽ കലാശിച്ചു. തുടർന്നു് അഞ്ചാറുകൊല്ലം, ശ്രീനാരായണഗുരു ആലുവായിൽ വിശ്രമിക്കാൻ വരുമ്പോഴൊക്കെ, അദ്ദേഹവുമായി അടുത്തു സമ്പർക്കം പുലർത്താനും ആ ഗുരുമുഖത്തുനിന്നു പല വിശിഷ്ടോപദേശങ്ങൾ കേൾക്കാനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടു്. നാൽപ്പതു കൊല്ലം മുമ്പുള്ള ആ കാലഘട്ടം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്നുപറയാം.
പാഠശാലാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കു ചിലപ്പോൾ സ്വാമിയുടെ വകയായി ഒരു സദ്യകൊടുക്കാറുണ്ടു്. വിവിധ ജാതിമതസ്ഥരായ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നാണു് ഭക്ഷണം കഴിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ഒരു തവണ സദ്യയ്ക്കു എന്നെയും ആശ്രമാധികാരികൾ ക്ഷണിച്ചു. അക്കാലത്തെ സ്ഥിതിക്കു്, ഞാൻ ക്ഷണം സ്വീകരിക്കുമോ എന്നു് അവർക്കു് സംശയമുണ്ടായിരുന്നു. അന്നു മിശ്രഭോജനം അക്ഷന്തവ്യമായ ആചാര ലംഘനമായിട്ടാണു് സവർണ്ണഹിന്ദുക്കൾ കരുതിയിരുന്നതു്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്നു് അതുവരെ ലോകം കാണാത്തമട്ടിൽ കഴിഞ്ഞുകൂടിയ എനിക്കും അല്പം ശങ്കതോന്നാതിരുന്നില്ല. എങ്കിലും ഒട്ടും മടിക്കാതെ ഞാൻ ഉണ്ണാൻ ചെന്നു. പറയൻ, പുലയൻ, നായർ, ഈഴവൻ, ക്രിസ്ത്യാനി ഇങ്ങനെ ബ്രാഹ്മണരൊഴിച്ചെല്ലാവരും നിരന്നിരുന്ന പന്തിയിൽ സ്വാമി അഗ്രാസനസ്ഥനായി. തൊട്ടടുത്തുതന്നെ എനിക്കും ഇലയിട്ടിരുന്നു. വിളമ്പുതുടങ്ങിയപ്പോൾ അദ്ദേഹം എന്നെ നോക്കി തികഞ്ഞ ഗൗരവത്തോടെ “പോയോ” എന്നു മാത്രം ചോദിച്ചു. എനിക്കൊരു പിടിയും കിട്ടിയില്ല. ഒന്നും മിണ്ടാതെ ഞാൻ അല്പമൊന്നമ്പരന്നു മിഴിച്ചിരുന്നുപോയി. അതുകണ്ടു് ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം “എല്ലാം പോയോ” എന്നു വീണ്ടും ചോദിച്ചു. അപ്പോഴേയ്ക്കും എന്നിലെങ്ങിനേയോ ചോദ്യത്തിന്റെ പൊരുൾ തെളിഞ്ഞു. “എല്ലാം പോയി സ്വാമി” എന്നു പതിഞ്ഞ സ്വരത്തിൽ ഞാൻ വിനീതനായി അറിയിച്ചു. ജാതിസംബന്ധമായ ശങ്കയും വൈമനസ്യവുമെല്ലാം പോയോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. പാരമ്പര്യത്തിൽ കട്ടപിടിച്ചു കിടക്കുന്ന ജാതിക്കറ തീരെ മാഞ്ഞുപോകുക അന്നു് എളുപ്പമല്ലല്ലോ. എന്റെ ആദ്യത്തെ മിശ്രഭോജനമായിരുന്നു അതു്. ശ്രീനാരായണഗുരുവിന്റെ മഹനീയ സന്നിധാനത്തിൽ അന്നു ഞാൻ ആദ്യമായി മനുഷ്യജാതിയെ കണ്ടെത്തി.
വേദാന്തത്തിൽ, വിശേഷിച്ചു് അദ്വൈതചിന്തയിൽ അക്കാലത്തു് എനിക്കു് അമിതമായ ആഭിമുഖ്യമുണ്ടായിരുന്നു. പ്രഭാതസ്നാനം, ഗീതാപാരായണം, ധ്യാനം ഇതൊക്കെ മുറതെറ്റാതെ ദിനചര്യയിൽ ഉൾപ്പെട്ടിരുന്നു. ഒരു ദിവസം രാവിലെ ഒമ്പതു മണിയ്ക്കു മുമ്പായി ഞാൻ സ്ക്കൂളിലെത്തി. അപ്പോൾ സ്വാമി അവിടത്തെ മഠത്തിലെ വരാന്തയിൽ ഒരു ചാരുകസേരയിൽ കിടക്കുകയായിരുന്നു. ഞാൻ അടുത്തുചെന്നു വന്ദിച്ചു് അല്പം മാറി നിലകൊണ്ടു. പ്രശാന്തനിശ്ശബ്ദമായൊരു സന്ദർഭം. മുകളിലോട്ടു നോട്ടമുറപ്പിച്ചുകൊണ്ടു സ്വാമി മൗനത്തിലാണ്ടിരിക്കയാണു്. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ ധൈര്യമവലംബിച്ചു് അദ്വൈതസിദ്ധാന്തത്തെപ്പറ്റി എന്തോ ഒരു സംശയം ചോദിച്ചു. അതു ഗുരുശിഷ്യസംവാദരൂപത്തിലുള്ള ദീർഘമായൊരു വേദാന്ത വിചാരത്തിനു വഴിതുറന്നു. ജഗന്മിഥ്യാവാദമായിരുന്നു പ്രധാനവിഷയം. ലളിതമതികൾക്കുപോലും മനസ്സിലാകത്തക്കവിധം ഓരോ ചോദ്യം ചോദിച്ചും എന്നെക്കൊണ്ടു് മറുപടി പറയിച്ചുമാണു് സ്വാമി വാദം വിശദീകരിച്ചതു്. മുമ്പിൽ കണ്ട ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചുകൊണ്ടു് ഇപ്പോൾ അതിന്റെ പേരെന്തു്? കെട്ടിടം എന്നല്ലേ?—അതേ. അതുപൊളിച്ചു കല്ലും മരവുമായി പിരിച്ചു താഴെയിട്ടാലോ പിന്നെ കെട്ടിടമുണ്ടോ?—ഇല്ല. പിരിച്ചതിനുശേഷം ഇപ്പോൾ കെട്ടിടമെന്നൊന്നില്ലെങ്കിൽ അതു് മുമ്പുണ്ടായിരുന്നുവെന്നു് എങ്ങനെ പറയാം, ഇല്ലാത്തതു് ഉണ്ടാകുമോ? ഇല്ല. അപ്പോൾ കെട്ടിടമെന്നതു് ഒരു വ്യവഹാരം മാത്രമായിരുന്നു. നാമരൂപങ്ങളുടെ ഒരു വ്യവഹാരം. അതിനു വാസ്തവികമായ സത്തയില്ല. ഇതുപോലെ കെട്ടിടത്തിന്റെ ഘടകങ്ങളായ കല്ലും മരവും പിരിച്ചുനോക്കുമ്പോൾ അവയും നാമരൂപങ്ങൾമാത്രമായിരുന്നുവെന്നു കാണാം. ഇങ്ങനെ നാമരൂപാത്മകമായ ജഗത്തിനു് ആത്യന്തികസത്തയില്ലെന്നും അതു മിഥ്യയാണെന്നും ബ്രഹ്മം മാത്രമേ സത്യമായിട്ടുള്ളുവെന്നും സ്വാമി ഉദാഹരണസഹിതം സമർത്ഥിച്ചു. ഒരുമണിക്കൂറിലധികനേരം നീണ്ടുനിന്ന അന്നത്തെ സംഭാഷണം ശിലാരേഖപോലെ എന്നിൽ ഇപ്പോഴും മായാതെ കിടപ്പുണ്ടു്. ഇത്രയും ദീർഘമായി സ്വാമി സാധാരണ സംസാരിക്കാറില്ല. ആയിടയ്ക്കു ‘കവനകൗമുദി’ വിശേഷാൽപ്രതിയിൽ അദ്വൈതത്തെപ്പറ്റി ഞാൻ എഴുതിയ ലേഖനത്തിൽ, അന്നു കേട്ടു പഠിച്ച വാദത്തിന്റെ ചുരുക്കവും ചേർത്തിരുന്നു. അതു് ഇവിടെ പകർത്തുന്നതു് അപ്രസക്തമാകയില്ലല്ലോ. കാരണരൂപേണ നോക്കുമ്പോൾ കാര്യരൂപങ്ങളെല്ലാം അസത്യമായിത്തീരുന്നുവെന്ന ന്യായമനുസരിച്ചു പ്രഞ്ചത്തെപ്പറ്റി പരിചിന്തനംചെയ്തുനോക്കിയാൽ അതു് അസത്തായി ഭവിക്കുന്നതാണു്. പദാർത്ഥം (Matter) കാര്യകാരണാത്മകമായാലും കാര്യം കാരണത്തിൽനിന്നു് സ്വതേ വ്യതിരിക്തമല്ലാത്തതുകൊണ്ടും അതിനെ പിരിച്ചുപിരിച്ചുനോക്കുമ്പോൾ ഓരോ രൂപവും ക്രമപ്രകാരം കാരണത്തിൽ ലയിച്ചുപോകുന്നതായിക്കാണാം. ഒരു ഗൃഹം ഉദാഹരണമായിട്ടെടുക്കാം. ഗൃഹാകൃതിയിൽ സംഘടിപ്പിച്ചിരുന്ന വസ്തുക്കളെയെല്ലാം പിരിച്ചു നീക്കിനോക്കുമ്പോൾ ഗൃഹം എന്ന വ്യവഹാരം നശിച്ചു പോകുന്നു. കല്ലു്, മരം മുതലായ കുറെ അവയവങ്ങളാണു് പിന്നെ ശേഷിക്കുന്നതു്. ഗൃഹഘടകങ്ങളായ വസ്തുക്കളെല്ലാം അവിടെത്തന്നെയുണ്ടായിരുന്നിട്ടും ഇപ്പോൾ നാം അവയെ ഗൃഹം എന്നു വിളിക്കുന്നില്ല. അതുകൊണ്ടു് ഗൃഹം എന്നൊന്നു് ഉണ്ടായിരുന്നില്ലെന്നും അതു് ഒരു വ്യവഹാരം മാത്രമായിരുന്നുവെന്നും സ്പഷ്ടമാകുന്നു. ഇതുപോലെ കല്ലിനെ പിരിക്കുമ്പോൾ കല്ലു് എന്ന വ്യവഹാരം നശിക്കുന്നു. ഇപ്രകാരം പിരിച്ചുപിരിച്ചു വരുന്തോറും ആദ്യമാദ്യം ഉണ്ടായിരുന്ന നാമരൂപങ്ങൾ നശിച്ചു പോകുന്നതാണു്. പക്ഷേ, ഇങ്ങനെ പദാർത്ഥത്തെ വിഘടിപ്പിക്കുമ്പോൾ ഒടുവിൽ അതു് അവിഭാജ്യമായ പരമാണുരൂപത്തിലെത്തുമെന്നും തദവസ്ഥയിൽ അതിനു നാശമില്ലെന്നും ഒരു സിദ്ധാന്തമുണ്ടു് എന്നാൽ യുക്തി വിചാരത്തിൽ ഇതും തെറ്റാണെന്നു ബോധപ്പെടും. പദാർത്ഥം ഒരിക്കലും നിരവയവമായി അവശേഷിക്കുന്നതല്ല. സ്ഥൂലാകൃതിയിലുള്ള ഗൃഹം മുതൽ സൂക്ഷ്മാകൃതിയിലുള്ള പരമാണുവരെ പദാർത്ഥം പിരിഞ്ഞുപോകുന്നതായി അനുഭവപ്പെട്ട മുറയ്ക്കു പിന്നീടവശേഷിക്കുന്ന സൂക്ഷ്മാംശവും അതുപോലെ പിരിയുന്നതാണെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു. പരമാണു വിഭാജ്യമാണെന്നു് ഇന്നത്തെ സയൻസും തെളിയിക്കുന്നുണ്ടല്ലോ.
“അസ്തി,ഭാതി,പ്രിയം രൂപം
നാമചേത്യംശ പഞ്ചകം
ആദ്യത്രയം ബ്രഹ്മരൂപം
ജഗദ്രൂപം തതോദ്വയം”
എന്ന ശ്ലോകത്തിന്റെ സാരാംശം വിശദീകരിക്കുകയായിരുന്നു അന്നു് സ്വാമി ചെയ്തതു്. എന്റെ ലേഖനം ഒരധ്യാപകസുഹൃത്തു വായിച്ചു കേൾപ്പിച്ചപ്പോൾ “ഓ, കുറെയൊക്കെ പഠിച്ചിട്ടുണ്ടല്ലോ. ഒന്നും അറിഞ്ഞുകൂടാ എന്നുകരുതി അന്നു നാം ചിലതെല്ലാം പറഞ്ഞുകൊടുത്തു” എന്നു് അദ്ദേഹം പറയുകയുണ്ടായി. അതിനുശേഷം സ്വാമിക്കു എന്നോടു് ഒരു പ്രത്യേക വാത്സല്യം തോന്നിയിരുന്നുവെന്നറിവാൻ പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടു്.
പാഠശാലയിൽ ചേർന്നു് രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ എന്റെ ദിവസേനയുള്ള പത്തു മൈൽ നടപ്പിനു് ഒരാശ്വാസം കിട്ടി. ആശ്രമാധികാരികളുടെ സന്മനസ്സുകൊണ്ടു്, സ്ക്കൂൾ കെട്ടിടത്തിലെ ഒരു മുറിയിൽ താമസിക്കുവാൻ സൗകര്യം ലഭിച്ചു. അങ്ങനെ ഞാനും ഒരാശ്രമവാസിയായി. കൊല്ലംതോറും വേനൽക്കാലത്തു ചില മാസങ്ങളെങ്കിലും ശ്രീനാരായണഗുരു ആലുവാ ആശ്രമത്തിൽ വിശ്രമിക്കുക പതിവാണു്. അദ്ദേഹം വരുന്നുവെന്നു കേട്ടാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും എന്തെന്നില്ലാത്തൊരു സന്തോഷത്തിൽ മുഴുകും. ഈ സന്തോഷത്തിന്റെ അടിയിൽ സ്വാർത്ഥപരമായൊരു കാരണവുമുണ്ടു്. സ്വാമി അവിടെയുള്ളപ്പോഴാണു്, അദ്ധ്യാപകർക്കു് പ്രതിമാസശമ്പളം മുഴുവൻ ഒന്നിച്ചുകിട്ടുക. ഇല്ലാത്തപ്പോഴത്തെ കഥ പ്രായേണ ഖണ്ഡശഃ എന്നു വേണം പറയാൻ. സർക്കാരിൽ നിന്നു് മൊത്തത്തിൽ 80 രൂപമാത്രമാണു് ഗ്രാന്റായി അന്നു കിട്ടിയിരുന്നതു്. ശമ്പളം തികച്ചുകൊടുക്കാൻ വേണ്ടിവരുന്ന ബാക്കി സംഖ്യ ആശ്രമാധികാരികൾ അപ്പോഴപ്പോഴായി അവിടന്നുമിവിടന്നും പിരിച്ചുണ്ടാക്കണം. എന്നാൽ സ്വാമി സ്ഥലത്തുള്ളപ്പോൾ പാദകാണിക്കയായും മറ്റും നല്ലൊരു സംഖ്യ വരവുണ്ടാകുന്നതുകൊണ്ടു് ശമ്പളക്കുടിശ്ശിക തീർക്കാൻ അതാണൊരവസരം. ഇരുപതുരൂപയായിരുന്നു ഇംഗ്ലീഷ് ടീച്ചറുടെ ശമ്പളം. അന്നു് നൂറുരൂപപോലും ഒന്നിച്ചു കണ്ടിട്ടില്ലാത്ത എനിയ്ക്കു് ഇരുപതു വെള്ളി രൂപ തികച്ചു കിട്ടുമ്പോൾ എന്തൊരു സന്തോഷമായിരുന്നെന്നോ! വിദ്യാർത്ഥികൾക്കും ആഹ്ലാദത്തിനു വകയുണ്ടാകും. മുൻ ലേഖനത്തിൽ പറഞ്ഞതുപോലെ അവർക്കു ചിലപ്പോഴൊക്കെ സദ്യകിട്ടും. ജാത്യഭിമാനം മൂലം മിശ്രഭോജനത്തിൽ നിന്നു് ഒഴിഞ്ഞുമാറിനിൽക്കുന്ന കുട്ടികൾക്കു സദ്യ സമയത്തു് അവലുംപഴവും വാങ്ങിക്കൊടുക്കാൻ സ്വാമി ആജ്ഞാപിക്കാറുണ്ടു്. പട്ടിണി കിടന്നും ആഭിജാത്യം നടിക്കുന്ന ഈ സവർണ്ണസന്തതികളോടു് എന്തിനിങ്ങനെ സ്വാമി കാരുണ്യംകാണിക്കുന്നുവെന്നു ചില അന്തേവാസികൾ മുറുമുറുത്തിരുന്നു. ആകാശവിശാലമായ ആ ഹൃദയത്തിലുണ്ടോ അത്തരം സങ്കുചിതവിചാരത്തിനു സ്ഥാനം! അയിത്തം കണിശമായി ആചരിച്ചിരുന്ന ചില സവർണ്ണകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കു് ഇംഗ്ലീഷ്പഠിക്കാൻ സ്വാമി ഫീസ് കൊടുത്തു സഹായിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ടു്. ശതാബ്ദങ്ങളുടെ പാരമ്പര്യമുള്ള കീഴ്‌നടപ്പുകളുടെ സന്തതികളിൽനിന്നു് ജാതിഭേദഭാവന തീരെ വിട്ടുപോകണമെങ്കിൽ കാലം കുറെയധികം മുന്നോട്ടുപോകണമെന്നും ഇക്കാര്യത്തിൽ ആരോടും വിദ്വേഷം തോന്നരുതെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.
ഒരു ദിവസം ഉച്ചയ്ക്കു് സ്കൂൾവിട്ട സമയം. സ്വാമി അവിടത്തെ മഠത്തിലെ വരാന്തയിൽ നാലുപാടും നോക്കിക്കൊണ്ടുനിൽക്കുകയാണു്. ഉച്ചപ്പട്ടിണിക്കാർ മാവിൻചുവട്ടിലും പ്ലാവിൻ ചുവട്ടിലും കൂട്ടം കൂടി നിൽക്കുന്നു. അവരെ നോക്കിയിട്ടു് “എന്തെങ്കിലും ഉണ്ടോ ഇവർക്കു കൊടുക്കാൻ” എന്നു സ്വാമി അടുത്തു നിന്നവരോടു് ചോദിച്ചു. ഒരു സന്ന്യാസിശിഷ്യൻ ഉടനെ ഓടിപ്പോയി കലവറമുറി പരിശോധിച്ചു തിരിച്ചുവന്നു് ഒന്നും ഇല്ലല്ലോ എന്നു് അല്പം സങ്കടത്തോടെ അറിയിച്ചു. “ഒന്നും ഇല്ലേ?” എന്നു വീണ്ടും ചോദ്യം. അപ്പോൾ ശിഷ്യൻ പേടിച്ചിടറിയ സ്വരത്തിൽ, ‘ഒരു കുപ്പി തേൻ ഇരുപ്പുണ്ടു്’ എന്നു സമ്മതിച്ചു. ‘തേൻ കൊള്ളാമല്ലോ’ എന്നായി സ്വാമി. ഉടനെ ഒരു വലിയ കുപ്പി തേൻ അവിടെ ഹാജരാക്കപ്പെട്ടു. കുട്ടികളോടു് ഓരോ പ്ലാവിലക്കുമ്പിളുമായി അടുത്തുവരാൻ പറഞ്ഞിട്ടു സ്വാമിതന്നെ കുപ്പി കയ്യിലെടുത്തു് ഓരോ കുമ്പിളിലും തേനൊഴിച്ചുകൊടുത്തു. അൽപ്പാൽപ്പമേ ഓരോരുത്തനും കിട്ടിയുള്ളുവെങ്കിലും കൂട്ടികൾ ഭക്ത്യുന്മേഷഭരിതരായി അതു വാങ്ങിക്കഴിച്ച കാഴ്ച്ച മനംകവരുന്ന ഒന്നായിരുന്നു. ഇതുപോലെ മറ്റൊരുദിവസം ഉച്ചയ്ക്കു് കുട്ടികളെ നോക്കിക്കൊണ്ടു സ്വാമി അടുത്തുനിന്നിരുന്ന ഒരു ഗൃഹസ്ഥ ഭക്തനോടു ‘പഴമുണ്ടോ’ എന്നു ചോദിച്ചു. ‘ഉണ്ടേ’ എന്നു പറഞ്ഞുകൊണ്ടു് അയാളൊരോട്ടം. ഏതോ പീടികയിൽ നിന്നെടുത്ത ഒരു കൂറ്റൻ പഴക്കുലയുമായി ഭക്തൻ ഉടൻ തിരിച്ചെത്തി. സ്വാമിതന്നെ ഈരണ്ടു പഴം ഉരിഞ്ഞെടുത്തു കുട്ടികൾക്കു് കൊടുത്തുതുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ പഴം തീർന്നു. കിട്ടാത്ത കുട്ടികൾ ബാക്കിയായി. ഭക്തൻ തൊഴുകൈയുമായി അടുത്തുനിൽക്കയാണു്. “ഇനിയും, ഉണ്ടോ” എന്നു വീണ്ടും ചോദ്യം. ‘ഉണ്ടേ’ എന്നു പറഞ്ഞു് അയാൾ പിന്നെയും ഓടിപ്പോയി ഒരു കൂറ്റൻ കുലകൂടി കൊണ്ടുവന്നു. അങ്ങനെ അന്നൊരു പഴസ്സദ്യ നടന്നു. ഈ ഭക്തൻ പിന്നീടു സ്ഥിരപരിശ്രമംകൊണ്ടു് ഒരു പണക്കാരനായിത്തീർന്നു. മേസ്തിരി എന്ന പേരിലാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതു് ശ്രീനാരായണഗുരു പ്രത്യക്ഷ ദൈവംതന്നെയായിരുന്നു മേസ്തിരിക്കു്. തനിക്കു വന്നുചേർന്ന സകല ശ്രേയസ്സും ഗുരുകാരുണ്യം കൊണ്ടുണ്ടായതാണെന്നായിരുന്നു ഈ ഭക്തന്റെ ദൃഢവിശ്വാസം. അദ്ദേഹം അന്തരിച്ചിട്ടു് അധികം കാലമായിട്ടില്ല.
ഒരു ദിവസം വിശ്രമ വേളയിൽ വിദ്യാർത്ഥികൾ കൂട്ടമായി സ്വാമിയുടെ അടുത്തേയ്ക്കു വരുന്നതുകണ്ടു. അവരുടെ വക്താവായ ഒരുവൻ ഒരു കടലാസുചുരുള് കയ്യിൽപ്പിടിച്ചിരുന്നു. കുട്ടികൾക്കു തന്നോടു് എന്തോ പറയാനുണ്ടെന്നു് അവരുടെ വരവുകണ്ടപ്പോൾ സ്വാമിക്കു മനസ്സിലായി. ‘ഒ എന്താണതു്’ എന്നൊരു ചോദ്യം പുറപ്പെട്ടപ്പോഴേയ്ക്കും, മുമ്പിൽ കടലാസ്സുമായി വന്നവൻ അതു നിവർത്തി വായിച്ചു തുടങ്ങി. അതൊരു അഭ്യർത്ഥനയായിരുന്നു. സ്വാമിയുടെ ആലുവായിലെ വിശ്രമകാലം ചുരുങ്ങിപ്പോകുന്നതുകൊണ്ടു വളരെ സങ്കടം ഉണ്ടെന്നും നിവൃത്തിയുണ്ടെങ്കിൽ ഇവിടെത്തന്നെ സ്ഥിരതാമസമാക്കി അനുഗ്രഹിക്കണമെന്നും മറ്റുമായിരുന്നു അതിന്റെ ചുരുക്കം. ചെറിയ ഒരു പുഞ്ചിരിയോടും വാത്സല്യം തുളുമ്പുന്ന മുഖഭാവത്തോടും അതു കേട്ടു കഴിഞ്ഞപ്പോൾ “കൊള്ളാമല്ലോ, ഇനിപോകാം” എന്നുമാത്രം പറഞ്ഞു് അദ്ദേഹം കുട്ടികൾക്കു പിരിഞ്ഞുപോകാൻ അനുമതി നൽകി. ഈ അഭ്യർത്ഥനയുടെ പിന്നിൽ ചില അദ്ധ്യാപകരുടെ പ്രേരണയുണ്ടെന്നു സ്വാമി എങ്ങനെയോ ഊഹിച്ചു. അതു വാസ്തവമായിരുന്നു താനും. അഭ്യർത്ഥന എഴുതി ക്കൊടുത്തതു ഞാനാണു്. “തൃപ്പാദങ്ങളുടെ നിരന്തരസാന്നിദ്ധ്യം കൊണ്ടു് ഇവിടം പവിത്രീകൃതമാക്കിച്ചെയ്യണം” എന്നോ മറ്റോ ഒരു വാചകം അതിലുണ്ടായിരുന്നു. അന്നു വൈകുന്നേരം ആശ്രമത്തിൽച്ചെന്നപ്പോൾ സ്വാമി എന്നോടു് ആദ്യം ചോദിച്ച ചോദ്യം ഇതാണു്. “പവിത്രീകൃതമാക്കിച്ചെയ്യണമെന്നുവേണോ? പവിത്രീകൃതമാക്കിയാൽപ്പോരേ, പിന്നെ ചെയ്യലെന്തിനു് ?” ഞാൻ ആകപ്പാടെ ഒന്നമ്പരന്നു. അഭ്യർത്ഥന എഴുതിക്കൊടുത്തതു ഞാനാണെന്നു സ്വാമി എങ്ങനെ അറിഞ്ഞുവെന്നതിലത്ഭുതം, (സാധാരണ ഇത്തരം വർത്തമാനങ്ങൾ അദ്ദേഹത്തിന്റെ അടുത്തുചെന്നറിയിക്കാൻ ആരും ധൈര്യ പ്പെടാറില്ല.) തെറ്റുപറ്റിയതിൽ സങ്കോചം, ഇങ്ങനെ വിവിധവികാരങ്ങളോടെ ഞാൻ, “കൃതമാക്കുന്നിടത്തു ചെയ്യണമെന്നുവേണ്ട, സ്വാമി, തെറ്റുപറ്റിപ്പോയി” എന്നു കൈകൂപ്പി അറിയിച്ചു. എന്നിൽ വല്ല അഹംഭാവവുമുണ്ടായിരുന്നെങ്കിൽ അതിന്റെ തലയ്ക്കൊരു കിഴുക്കുകിട്ടിയെന്നു് അപ്പോൾ അനുഭവപ്പെട്ടു.
വേദാന്തചിന്താവിരക്തനായിരുന്നെങ്കിലും ശ്രീനാരായണഗുരു നല്ല നർമ്മബോധമുള്ള സഹൃദയനായിരുന്നു. ഗൗരവസംവലിതമായ സ്വരത്തിലും ഭാഷയിലും ദുർല്ലഭം ചില സന്ദർഭങ്ങളിൽ മാത്രമേ അതു പ്രകടമാകുകയുള്ളൂ. ഒരു ദിവസം ഞാൻ സ്വാമിയുടെ അടുത്തു നിൽക്കുമ്പോൾ സായിപിനെപ്പോലെ തൊപ്പികുപ്പായധാരിയായ ഒരാൾ അദ്ദേഹത്തെ കാണാൻവന്നു. അല്പം അകലെവച്ചുതന്നെ തലയിലെ ഹാറ്റെടുത്തു കക്ഷത്തിലാക്കിക്കൊണ്ടു് അയാൾ അടുത്തുവന്നു താണുതൊഴുതു. വടക്കേ മലബാറിൽ നിന്നാണു് ഈ നാടൻസായ്പിന്റെ വരവു്. ഏതോ ചില കാര്യങ്ങളെപ്പറ്റി കുറേനേരം സംസാരിച്ചതിനുശേഷം ആഗതൻ യാത്രാനുമതിവാങ്ങിപ്പിരിഞ്ഞു. അപ്പോൾ എന്നെനോക്കി സ്വാമി പറയുകയാണു്. “പാവം ആ വേഷത്തിൽ കാലുരണ്ടും ശരിക്കുണ്ടെന്നറിയാം. ഇല്ലയോ?”—പൊട്ടിപ്പുറപ്പെട്ട ചിരി വിഷമിച്ചടക്കിപ്പിടിച്ചു കൊണ്ടു് ഞാൻ മിണ്ടാതെ നിന്നു “മുണ്ടുടുത്താൽ കാലുരണ്ടും കവരപോലെ വേർതിരിച്ചു കാണാൻപറ്റില്ലല്ലോ” എന്നൊരു വിശദീകരണവും അതേത്തുടർന്നുണ്ടായി. ‘പാവം’ എന്ന ആ രണ്ടക്ഷരത്തിൽ എന്തുമാത്രം ധ്വനിയുണ്ടെന്നു നോക്കു. ഈ വാക്കു സംഭാഷണത്തിൽ സ്വാമി പലപ്പോഴും ഉപയോഗിക്കാറുണ്ടു്. ഈഴവസമുദായം മതംമാറാൻ പോകുന്നു എന്നൊരുവാർത്ത ഒരു കാലത്തു കേരളം മുഴുവൻ മാറ്റൊലിക്കൊണ്ടിരുന്നല്ലോ. അന്നൊരിക്കൽ ഒരു മിഷനറിസായ്പ് മദാമ്മയും കുട്ടികളുമൊത്തു് ഒരു കാറിൽ വന്നിറങ്ങി. സ്വാമി ദർശനത്തിനുവന്നിരിക്കയാണവർ. കൂട്ടത്തിൽ തന്റെ കൈവശമുള്ള മതവലയൊന്നു വീശിനോക്കണമെന്നും സായ്പിനുദ്ദേശമുണ്ടായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ ക്രിസ്തുമതമാഹാത്മ്യത്തെപ്പറ്റി കുറെയൊക്കെ പറഞ്ഞു കേൾപ്പിച്ചതിന്നുശേഷം സായ്പ് ബൈബിളിന്റെ ഏതാനും പ്രതികളും സ്വാമിക്കു കാഴ്ചവച്ചു. എല്ലാം കഴിഞ്ഞു് അവർ പോയപ്പോൾ, ആ സന്ദർശനത്തെപ്പറ്റി സ്വാമി എന്തു പറയുന്നുവെന്നു കേൾപ്പാൻ ഞങ്ങൾ ചെവി വട്ടംപിടിച്ചു നിൽക്കുകയായിരുന്നു. എന്താണു് പറഞ്ഞതെന്നോ? അനുകമ്പാർദ്രമായ സ്വരത്തിൽ “പാവങ്ങൾ” എന്നുമാത്രം! അരച്ചുകലക്കി നോക്കിയാൽ ഈ വാഗ് ഗുളികയിലും കാണാം രസവത്തായ അർത്ഥവിശേഷങ്ങൾ.
കേരളത്തിലെ പല സ്ഥലങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്ന സ്വാമിക്കു യാത്രാസൗകര്യത്തിനായി ഒരു കാർ വാങ്ങണമെന്നു ശിഷ്യസംഘം തീരുമാനിച്ചു. കാറിൽ യാത്രചെയ്യുക അദ്ദേഹത്തിനു് അത്ര ഇഷ്ടമല്ലായിരുന്നു. ഒരു പുതിയ കാർ വാങ്ങിയെങ്കിലും വളരെ ചുരുക്കമായിട്ടേ സ്വാമി അതിൽ സഞ്ചരിച്ചുള്ളൂ. ഒരു ദിവസം അദ്ദേഹം എങ്ങോട്ടോ യാത്രയായി നിൽക്കയായിരുന്നു. ഉടനെ ഡ്രൈവർ കാർ കൊണ്ടുവന്നു. അതിൽനിന്നു പുറപ്പെട്ട പുകയും ശബ്ദവും സ്വാമിക്കൊരു ശല്യമായിത്തോന്നി. അടുത്തുണ്ടായിരുന്ന എന്നെ നോക്കി അദ്ദേഹം പറഞ്ഞു. “ഇതൊരു ജന്തുവിനെപ്പോലെയിരിക്കുന്നു; ഇല്ലയോ? ചീറ്റലും നാറ്റവുമെല്ലാം ഉണ്ടു്. ഇതു നമുക്കു പറ്റുകയില്ല. അവനു കൊള്ളാം—ആർക്കു്?” ആ ഉപമയിലെ സാഹിത്യം ആസ്വദിച്ചുകൊണ്ടിരുന്ന ഞാൻ ഒടുവിലത്തെ ചോദ്യത്തിലെ ‘അവൻ’ ആരാണെന്നറിയാതെ വിഷമിച്ചുപോയി. അതുകണ്ടു്, ‘ആ തൊപ്പിക്കാരൻ സായ്പിനു്’ എന്നു സ്വാമി വാക്യം പൂരിപ്പിച്ചപ്പോഴേ ‘അവനെ’ പിടികിട്ടിയുള്ളൂ. ഇതുപോലെ എത്രയോ തവണ ആ ഗുരുവര്യന്റെ നർമ്മരസംകലർന്ന മധുര ഭാഷണം കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടു് എല്ലാം ഇപ്പോൾ ഓർമ്മിക്കുന്നില്ല.
അൽപഭാഷണം, അധികമൗനം എന്നതായിരുന്നു സ്വാമിയുടെ സമ്പ്രദായം. അത്യാവശ്യത്തിന്നുമാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. അധഃകൃതോദ്ധാരണത്തിനായി ലോകരംഗത്തിറങ്ങി പ്രവർത്തിച്ചിരുന്നപ്പോഴും സ്വാമി മഹാമുനിതന്നേയായിരുന്നു. ഉച്ചത്തിലൊരുശബ്ദം അദ്ദേഹത്തിൽ നിന്നു് ആരും കേട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. സംഭാഷണവേളയിൽ ശ്രോതാവിന്റെ ബുദ്ധിയൊന്നു പരീക്ഷിക്കാനുള്ള ഒരു കൗതുകം കൂടി സ്വാമിക്കുണ്ടായിരുന്നു. ‘അല്പാക്ഷരമനേകാർത്ഥം’ എന്ന സൂത്രവാക്യലക്ഷണം, അദ്ദേഹത്തിൽ നിന്നു പുറപ്പെടുന്ന കൊച്ചുകൊച്ചുവാചകങ്ങളിലും കണ്ടിരുന്നു. ‘വാച്യാധികം വ്യംഗ്യം’ പലപ്പോഴും ആ വാക്യങ്ങൾക്കു ചമൽക്കാരമുണ്ടാക്കും. അതൊക്കെ ശ്രോതാക്കൾ സ്വയം ഗ്രഹിച്ചുകൊള്ളണം. ആശയം മനസ്സിലാവാതെ ആരെങ്കിലും വിഷമിക്കുന്നതു കണ്ടാൽ, സ്വാമി അൽപമായിട്ടൊരു വിശദീകരണംകൂടി നൽകിയേയ്ക്കാം. ഇതാണു് സാധാരണരീതി.
ആലുവായിൽ സംസ്കൃതപാഠശാല തുടങ്ങിയപ്പോൾ, സ്വാമിയുടെ അഭിലാഷമനുസരിച്ചു് അവിടെ പ്രഥമാദ്ധ്യാപകനായി വന്നതു രാമപ്പണിക്കർ എന്നൊരു മഹാപണ്ഡിതനായിരുന്നു. തലശ്ശേരിയാണു് അദ്ദേഹത്തിന്റെ സ്വദേശം. വലിയഗുരുക്കൾ എന്നായിരുന്നു എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നതു്. സർക്കാർ പരീക്ഷകളൊന്നും പാസ്സായിരുന്നില്ലെങ്കിലും പഴയസമ്പ്രദായത്തിൽ ദീർഘകാലം ഗുരുമുഖത്തുനിന്നു സംസ്കൃതം പഠിച്ചു സാഹിത്യശാഖകളിൽ ദൃഢവ്യുത്പത്തി നേടിയിരുന്നു അദ്ദേഹം. ഞാൻ അദ്ധ്യാപകനായിച്ചെന്ന കാലത്തു ഗുരുക്കൾക്കു് വയസ്സു് ഏതാണ്ടു നാൽപ്പത്തിയഞ്ച് കഴിഞ്ഞുകാണും. വിദ്യാർത്ഥികളും അദ്ധ്യാപകരും ഭയഭക്തിസ്നേഹാദരങ്ങളോടെയാണു് അദ്ദേഹത്തോടു പെരുമാറിയിരുന്നതു്. നാട്ടുകാർക്കും വലിയഗുരുക്കളോടു വലിയ ബഹുമതിതോന്നിയിരുന്നു. സ്വാമിപോലും അദ്ദേഹത്തെ ഗുരുക്കൾ എന്നാണു് വിളിച്ചിരുന്നതു്. ഗുരുക്കളുടെ പാണ്ഡിത്യത്തിലും അദ്ധ്യാപനപാടവത്തിലും സ്വാമിക്കു വലിയ മതിപ്പും തൃപ്തിയും തോന്നിയിരുന്നു. ആലുവായിൽ വരുമ്പോൾ ഗുരുക്കൾ ഗൃഹസ്ഥാശ്രമിയായിരുന്നെങ്കിലും പിന്നീടു കുടുംബബന്ധമെല്ലാം ഉപേക്ഷിച്ചു് ഒരു വാനപ്രസ്ഥനായിട്ടാണു് ഇവിടെ കഴിഞ്ഞുവന്നതു്. സ്വന്തമായ ഒരു താത്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വാമിയെ അദ്ദേഹം മനസാ ഗുരുവായി വരിച്ചിരുന്നു. നിസ്വാർത്ഥസേവനമെന്ന നിലയിൽ ഗുരുപാദങ്ങളുടെ അഭീഷ്ടാനുസരണം പാഠഠശാലാഭരണം നടത്തുക എന്നതായിരുന്നു ഗുരുക്കളുടെ അന്നത്തെ ജീവിതലക്ഷ്യം. സ്വാമിയെപ്പറ്റി അദ്ദേഹം സംസ്കൃതത്തിൽ അനേകം പദ്യങ്ങൾ രചിച്ചിട്ടുണ്ടു്. ദർശനീയമാണു് ഗുരുക്കളുടെ ആകാരം. നീണ്ടുനിവർന്ന വടിവൊത്തശരീരം; അറ്റംകെട്ടി പുറകോട്ടിട്ടതലമുടി; വിഭൂതിഭൂഷിതവും വിശാലവുമായ ഫാലസ്ഥലം; ഗൗരവം തുളുമ്പുന്ന മുഖഭാവം; ശാന്തിയും സ്നേഹവും നിറഞ്ഞനോട്ടം. പുതിയ പരിഷ്ക്കാരമൊന്നും അദ്ദേഹത്തിന്റെ വേഷത്തെ ബാധിച്ചിരുന്നില്ല. ഒരു ഷർട്ടുപോലും ധരിക്കുന്നതു ഗുരുക്കൾക്കിഷ്ടമില്ലായിരുന്നു. നേർമ്മയുള്ള രണ്ടുവെള്ളവസ്ത്രംമാത്രം—ഒന്നുടുക്കാനും മറ്റേതു മേൽഭാഗം മറയ്ക്കാനും. തലേദിവസം തന്നെത്താൻ അടിച്ചു നനച്ചുണക്കിയ ശുഭ്രവസ്ത്രങ്ങൾമാത്രമേ അദ്ദേഹം രാവിലെ കുളികഴിഞ്ഞുപയോഗിച്ചിരുന്നുള്ളു. ബ്രഹ്മമുഹൂർത്തത്തിൽത്തന്നെ ഉണരും. അപ്പോൾത്തന്നെ ഹോസ്റ്റലിലെ വിദ്യാർത്ഥികളെ മണിയടിച്ചുണർത്തും; സ്നാനാദികർമ്മങ്ങൾ കഴിഞ്ഞു് ആറുമണിയാകുമ്പോഴേയ്ക്കും ഓദ്യോഗിക ജോലികളിലേർപ്പെടും—ഇതായിരുന്നു ഗുരുക്കളുടെ ദിനചര്യ. തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽനിന്നു മിച്ചംവെച്ചു് അദ്ദേഹം ചില ദരിദ്രവിദ്യാർത്ഥികളെ സഹായിച്ചിരുന്നു. ഇവിടെനിന്നു ശാസ്ത്രിപരീക്ഷ പാസ്സായതിനുശേഷം തിരുവനന്തപുരത്തു സംസ്കൃതകോളേജിൽച്ചേർന്നു് അഞ്ചുകൊല്ലം പഠിച്ചു മഹോപാദ്ധ്യായപരീക്ഷ പാസ്സാകുന്നതുവരേയും അന്നവസ്ത്രാദിതൊട്ടു സകലചെലവും കൊടുത്തു് അദ്ദേഹം ഒരു വിദ്യാർത്ഥിയെ സഹായിക്കുകയുണ്ടായി.
അധ്യാപകരുടെ കൂട്ടത്തിൽ എന്തുകൊണ്ടോ, എന്നോടു ഗുരുക്കൾക്കു് പ്രത്യേകിച്ചൊരു മമത തോന്നിയിരുന്നു. ഞാനാകട്ടെ അദ്ദേഹത്തെ ഗുരുവായിട്ടാണു് സങ്കൽപിച്ചിരുന്നതു്. കുറെനാൾ കഴിഞ്ഞപ്പോൾ ഈ സങ്കൽപം യാഥാർത്ഥ്യമായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുക്കൽ നിന്നു സംസ്കൃതവ്യാകരണം പഠിക്കാൻ എനിക്കു സൗകര്യം ലഭിച്ചു. പക്ഷേ, കഷ്ടകാലത്തിനു്, ആ പഠനം ഒരു മാസത്തിലധികം നീണ്ടുനിന്നില്ല. എന്തോ ചില അസൗകര്യങ്ങൾ അതിനിടയ്ക്കു നേരിട്ടു. ഈ മുടക്കം തീർക്കാൻ പിന്നീടൊരിക്കലും എനിക്കു് അവസരം ലഭിച്ചതുമില്ല. അങ്ങനെ മറ്റു പല വിഷയങ്ങളിലുമെന്ന പോലെ വ്യാകരണത്തിലും ഞാൻ ഇപ്പോഴും ഒരു തീർത്ഥകാരൻ മാത്രമാണു്. പഠിത്തം തുടങ്ങിയ ദിവസം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ലഘുസിദ്ധാന്തകൗമുദിയും ഒരു നോട്ടുബുക്കുമായി മുമ്പിൽച്ചെന്നിരുന്നപ്പോൾ ഗുരുനാഥൻ ആദ്യം ചൊല്ലിത്തന്നതു് ഒരു മംഗളശ്ലോകമാണു്.
“രാസവിലാസവിലോലം
ഭജത മുരാരേർമനോരമം രൂപം
പ്രകൃതിഷു യതു് പ്രത്യയവത്
പ്രത്യേകം ഗോപികാസു സമ്മിളിതം”
നാരായണഭട്ടതിരിയുടെ പ്രകിയാസർവ്വസ്വം എന്ന വ്യാകരണഗ്രന്ഥത്തിലെ ഈ ശ്ലോകം അതിലെ കാവ്യരസംകൊണ്ടായിരിക്കാം സഹൃദയനായ ഗുരുക്കളെ കൂടുതൽ ആകർഷിച്ചതു്. ശ്ലോകം ഞാൻ ആദ്യമായിട്ടു കേൾക്കുകയാണു്. അതു് എഴുതിയെടുക്കാൻ അദ്ദേഹം എന്നോടാവശ്യപ്പെട്ടു. ഒരു കുട്ടിക്കു പറഞ്ഞുകൊടുക്കുന്നതുപോലെ ഓരോവരിയും സാവധാനം അദ്ദേഹം ചൊല്ലിത്തന്നു. ഞാൻ എഴുതി. മൂന്നുതവണ അതു ചൊല്ലാൻ പറഞ്ഞു. ഞാൻ ചൊല്ലി. ഇത്രയും കഴിഞ്ഞാണു് വ്യാകരണപാഠമാരംഭിച്ചതു്. ആ വിദ്യാരംഭത്തിനുശേഷം ഏകദേശം നാൽപത്തിയഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു. ഇന്നും ആ ശ്ലോകം എന്റെ മനസ്സിൽനിന്നു മാഞ്ഞുപോയിട്ടില്ല.
1925-ൽ ഗുരുക്കൾ അദ്ധ്യാപകവൃത്തിയിൽനിന്നു വിരമിച്ചു സ്വാമിയുടെ അനുഗ്രഹത്തോടെ സന്ന്യാസം സ്വീകരിച്ചു. സന്ന്യാസിയായതോടെ ഗുരുക്കളുടെ പേരുമാറി. ആത്മാനന്ദസ്വാമി എന്നായി. തന്റെ ശിഷ്യന്മാരിൽ ചുരുക്കം ചിലർക്കു മാത്രമേ ശ്രീനാരായണഗുരു നേരിട്ടു കാഷായവസ്ത്രം കൊടുത്തു സന്ന്യസിക്കാൻ അനുമതി നൽകിയിട്ടുള്ളൂ. അവരിലൊരാളാണു് ആത്മാനന്ദസ്വാമി. ഒരു ജോലിയും ചെയ്യാതെ ഉദരംഭരണാർത്ഥം കാഷായാംബരധാരികളായി നടക്കുന്നവരെപ്പറ്റി വലിയ പുച്ഛമായിരുന്നു ശ്രീനാരായണഗുരുവിനു്. അദ്ദേഹം തന്നെ വളരെക്കാലത്തേയ്ക്കു വെള്ളവസ്ത്രമാണു് ധരിച്ചിരുന്നതു്. ഗുരുക്കൾ സ്ക്കൂളിനോടു യാത്രപറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. എന്നെ പ്രത്യേകം വിളിച്ചു തലയിൽ തലോടിക്കൊണ്ടു് അദ്ദേഹം കുറെ ആശ്വാസവാക്കുകൾ പറയുകയുണ്ടായി. യാത്രപറയൽ ഒരു ചെറിയ മരണമാണെന്നു് ഓസ്കാർവൈൽഡ് പറഞ്ഞിട്ടുണ്ടു്. അതിന്റെ പൊരുൾ അന്നാണു് എനിക്കു അനുഭവപ്പെട്ടതു് ആത്മാനന്ദസ്വാമിയായതിനുശേഷം അദ്ദേഹം ഗുരുനിർദ്ദേശമനുസരിച്ചു നേരേപ്പോയതു കാഞ്ചീപുരത്തുള്ള ശ്രീനാരായണ സേവാശ്രമത്തിലേയ്ക്കാണു്. അവിടത്തെ മഠാധിപതിയെന്ന നിലയിൽ അദ്ദേഹം ഇന്നും ജനസേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. വയസ്സിപ്പോൾ തൊണ്ണൂറ്റിയഞ്ചോളം ആയിട്ടുണ്ടാകും. നല്ല ആരോഗ്യം; പല്ലിനു യാതൊരുകേടും പറ്റിയിട്ടില്ല. നല്ലൊരു വൈദ്യനുമാണു് ആത്മാനന്ദസ്വാമി. ആശ്രമത്തോടനുബന്ധിച്ചു് ഒന്നാംതരമൊരു ഔഷധശാലയും ചികിത്സാ കേന്ദ്രവും സ്ഥാപിതമായിട്ടുണ്ടു്. ധാരാളം രോഗികൾ അവിടെ ചികിത്സയ്ക്കു ചെല്ലുന്നു. തമിഴ്‌നാട്ടിലാണു് സ്വാമിക്കിപ്പോൾ കൂടുതൽ പ്രസിദ്ധിയും പ്രശസ്തിയും. ഇവിടെനിന്നു പോയതിനുശേഷം രണ്ടോ മൂന്നോ തവണയേ അദ്ദേഹം കേരളം സന്ദർശിച്ചിട്ടുള്ളൂ. മലയാളഭാഷ മറന്നിട്ടില്ലെങ്കിലും തമിഴിലാണു് ഇപ്പോൾ സാധാരണ സംസാരിക്കുക. അഞ്ചു വർഷംമുമ്പു ഞാൻ കാഞ്ചീപുരത്തുചെന്നു് സ്വാമിയെക്കണ്ടു വന്ദിക്കുകയുണ്ടായി. പഴയ ശിഷ്യ വാത്സല്യം അന്നും അദ്ദേഹം എന്റെമേൽ ചൊരിഞ്ഞു. കൊല്ലംതോറും കുറെ ദിവസം അവിടെച്ചെന്നു താമസിക്കാൻ അദ്ദേഹം ക്ഷണിക്കാറുണ്ടു്. ദീർഘ യാത്രയ്ക്കുള്ള മടികൊണ്ടു് ഞാൻ ഒഴിഞ്ഞുമാറുകയാണു് പതിവു്. ശ്രീനാരായണഗുരുവിന്റെ സന്ന്യാസ ശിഷ്യന്മാരിൽ എല്ലാംകൊണ്ടും പ്രഥമ ഗണനീയൻ ആത്മാനന്ദസ്വാമിയാണെന്നു പറയാം. ദീനജനസേവനംകൊണ്ടു സ്വജീവിതം ധന്യമാക്കിയിട്ടുള്ള ഒരു മഹാത്മാവാണു് അദ്ദേഹം.
ആത്മാനന്ദസ്വാമിയെ വിട്ടു് ഇനി നമുക്കു പരമഗുരുസന്നിധാനത്തിലേയ്ക്കുതന്നെ തിരിച്ചുവരാം. ജനങ്ങളെ സ്വൈരമായി ജീവിക്കാൻ സമ്മതിക്കാത്ത ഒരേർപ്പാടാണു് തിരഞ്ഞെടുപ്പു് എന്നായിരുന്നു ശ്രീനാരായണഗുരുവിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പുകാലത്തെ വോട്ടുപിടുത്തവും ബഹളവും അദ്ദേഹത്തിനു വലിയ ശല്യമായിത്തോന്നിയിരുന്നു. ഒരിക്കൽ ചേർത്തല നിന്നു് ഒരേ നിയോജകമണ്ഡലത്തിലെ രണ്ടു സ്ഥാനാർത്ഥികൾ ആലുവായ്ക്കോടി വന്നു. രണ്ടുപേർക്കും സ്വാമിയുടെ അനുഗ്രഹവും ആനുകൂല്യവും വേണം! വാക്കാൽമാത്രം പോരാ; രേഖപ്പെടുത്തിക്കിട്ടണം! അതിലുള്ള പരസ്പര വൈരുദ്ധ്യവും അർത്ഥമില്ലായ്മയും ഔചിത്യബോധമില്ലാത്ത സ്ഥാനാർത്ഥികൾ മനസ്സിലാക്കുന്നേ ഇല്ല. ഒരാൾ വന്നുപോയതിനുശേഷമാണു് എതിരാളിയുടെ വരവു്. ഇക്കൂട്ടരോടു സ്വാമി എന്തു് പറഞ്ഞുവെന്നറിഞ്ഞുകൂടാ. രണ്ടാമൻ വന്നുപോയപ്പോൾ, അടുത്തുനിന്നവരോടു് അദ്ദേഹം പറയുകയാണു്. “കഷ്ടമായിപ്പോയല്ലോ, ഇതു് ആരേർപ്പെടുത്തി” എന്നു്. മനുഷ്യരെ വലപ്പിക്കുന്ന വോട്ടെടുപ്പുസമ്പ്രദായത്തോടു സ്വാമിക്കുണ്ടായിരുന്ന മനോഭാവം വെളിപ്പെടുത്താനാണു് ഇത്രയും ഇവിടെ കുറിച്ചതു്. തിരഞ്ഞെടുപ്പിന്റെ കഥ മറ്റൊന്നാണു്. ആലുവായിലെ ഒരു മുനിസിപ്പൽ തിരഞ്ഞെടുപ്പിലാണു് അതു നടന്നതു്. അന്നേയ്ക്കു വലിയഗുരുക്കൾ ആത്മാനന്ദസ്വാമിയായി ആലുവാ വിട്ടിരുന്നു. പകരം വന്ന പുതിയ ഹെഡ്മാസ്റ്ററുടെ ഭരണകാലം—മുനിസിപ്പൽചെയർമാൻ സ്ഥാനത്തേയ്ക്കു വളരെ വാശിപിടിച്ച മത്സരം നടക്കുകയാണു്. സ്വാമിക്കു പണ്ടേ പ്രത്യേകതാൽപര്യം തോന്നിയിട്ടുള്ള ഖാൻ സാഹേബ് കാദർപിള്ളയാണു്. ഒരു സ്ഥാനാർത്ഥി. അദ്ദേഹം ആലുവായിലെ പൊതുജനപ്രിയനായ പൗരപ്രമാണിയും ധനാഢ്യനുമാണു്. അന്യസ്ഥലത്തു നിന്നു് ഇവിടെ വന്നു താമസിച്ചിരുന്ന ഒരു തോട്ടമുടമസ്ഥനായ കൊച്ചുമ്മൻ മുതലാളി എതിരാളിയും. രണ്ടുപേരും അവനവന്റെ കക്ഷിയിൽപ്പെട്ടവരെ കൗൺസിലർമാരാക്കാൻ വമ്പിച്ച ശ്രമം നടത്തിയിരുന്നു. മുതലാളിയുടെ ഏജന്റുമാർ നോട്ടുകെട്ടുമായിട്ടാണു് വോട്ടർമാരെ തേടിനടക്കുന്നതെന്നൊരു ശ്രുതിയും പരക്കാതിരുന്നില്ല. സംസ്കൃതപാഠശാലയിലെ അധ്യാപകർക്കു്, ഏഴോ എട്ടോ വോട്ടുണ്ടു്. അവരെല്ലാവരും നേരത്തേ കാദർപിള്ളയ്ക്കു വാഗ്ദാനം ചെയ്തുകഴിഞ്ഞിരുന്നു. ഈ വോട്ടെല്ലാം പിടിച്ചെടുക്കാൻ കൊച്ചുമ്മൻ മുതലാളി ഒരു പണിചെയ്തു. ബോധാനന്ദസ്വാമി, കുമാരൻവക്കീൽ (ഇദ്ദേഹം പിന്നീടു് ജഡ്ജിയായി) തുടങ്ങിയ ചില ഈഴവസമുദായ നേതാക്കളെ വോട്ടു നടക്കുന്നതിന്റെ തലേദിവസം തന്നെ ആലുവായിൽ കൊണ്ടുവന്നു പാർപ്പിച്ചു. സ്വാമി അന്നു് ഇവിടെ വിശ്രമിക്കുകയാണു്. അദ്ദേഹം ഈ വക ഗൂഢശ്രമങ്ങളൊന്നും അറിയുന്നേ ഇല്ല. അന്നു രാത്രി നേതാക്കളെല്ലാവരും അധ്യാപകരെ രഹസ്യമായി വിളിച്ചുവരുത്തി മുതലാളിക്കുവേണ്ടി സമ്മർദ്ദം ചെലുത്താൻ തുടങ്ങി. വാഗ്ദാനലംഘനത്തിനാവശ്യപ്പെടുന്നതു് ഒരിക്കലും ശരിയല്ലെന്നു് ഞാൻ തുറന്നു പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ശ്രമം ഫലിക്കുകയില്ലെന്നു നേതാക്കൾക്കു നേരത്തെ അറിയാമായിരുന്നു. എങ്കിലും ഒന്നു പറഞ്ഞുനോക്കിയെന്നേയുള്ളൂ. എന്നാൽ, സമുദായാംഗങ്ങളായ മറ്റധ്യാപകർ ധർമ്മസങ്കടത്തിലായി. എല്ലാവരും കൂടിയാലോചിച്ചു് ഇതിനൊരു പോംവഴി കണ്ടുപിടിച്ചു. ആ രാത്രിതന്നെ ഞാൻ കാദർപിള്ളയുടെ വസതിയിൽച്ചെന്നു. സംസ്കൃതസ്ക്കൂളിലെ വോട്ടെല്ലാം മറിഞ്ഞുപോയി എന്നു് ആരോ പറഞ്ഞുകേട്ടു മൂപ്പർ പരിഭ്രാന്തനായി ഉറക്കമിളച്ചിരിക്കയാണു്. എന്നെ കണ്ടയുടനെ “എന്റെ പിള്ളേ, ഇനി എന്താണൊരു വഴി?” എന്നൊരു ചോദ്യം. “അതിരാവിലെ ആശ്രമത്തിൽച്ചെന്നു സ്വാമിയെക്കണ്ടു സങ്കടം പറയൂ. എല്ലാം നേരെയാകും” എന്നു ഞാൻ ഉപദേശിച്ചു. ഉള്ളിൽത്തട്ടിയ സങ്കടമുണ്ടെന്നു സ്വാമിക്കു ബോദ്ധ്യമാകണമെന്നുകൂടി പറഞ്ഞു. പിറ്റേദിവസം പ്രഭാതത്തിൽ ഞങ്ങളെല്ലാവരും കാദർപിള്ളയുടെ വരവുംകാത്തു് ആശ്രമവളപ്പിൽ കൂട്ടംകൂടി നിൽക്കുകയാണു്. സ്വാമി പുഴവക്കിലുള്ള മാവിന്റെ ചുവട്ടിലിരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പിള്ളയുടെ വരവായി. സ്വാമിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും ഭാവി മുനിസിപ്പൽ ചെയർമാൻ, തോളിൽക്കിടന്ന രണ്ടാംമുണ്ടെടുത്തു് അരയിൽച്ചുറ്റി ഭക്തിപൂർവ്വം താണുതൊഴുതു. അതുമാത്രമോ, തൊഴുതു നിവർന്നതോടെ ഒറ്റക്കരച്ചിൽ! കണ്ണീരങ്ങനെ ഒഴുകുന്നു. “ഓ, എന്തുപറ്റി” സ്വാമി ചോദ്യം തുടർന്നപ്പോൾ “എന്നെ ഈ പുഴയിലേയ്ക്കു തള്ളിയിട്ടേരെ, സ്വാമി; എനിക്കിനി ജീവിച്ചിരിക്കണമെന്നില്ല” എന്നു തൊണ്ടയിടറിക്കൊണ്ടുള്ള മറുപടി. ഇതെന്തുകഥ എന്ന മട്ടിൽ സ്വാമി വീണ്ടും ചോദിച്ചപ്പോൾ കാദർപിള്ള ഒട്ടാശ്വാസംപൂണ്ടു കാര്യങ്ങൾ വിവരിച്ചുപറഞ്ഞു. നല്ലൊരു നാടകരംഗമായിരുന്നു അതു്. ചേർത്തലക്കാർ വോട്ടുപിടുത്തവുമായി വന്നപ്പോളുണ്ടായ ചിന്ത ഈ സന്ദർഭത്തിലും സ്വാമിയുടെ മനസ്സിൽ പൊന്തിവന്നിരിക്കണം. “അധ്യാപകർ വാക്കുതന്നിട്ടുണ്ടോ?” എന്നു് അദ്ദേഹം എടുത്തുചോദിച്ചു. “ഉണ്ടു് സ്വാമി, അവരെ വിളിച്ചു ചോദിച്ചാലറിയാം,” എന്നായി പിള്ള. ഉടനെ “അവരെ വിളിക്കട്ടെ” എന്നാജ്ഞ പുറപ്പെട്ടു. ഈ വിളിയും പ്രതീക്ഷിച്ചു അവർ കുറച്ചകലെ മാറിനിൽക്കുന്നുണ്ടായിരുന്നു. എല്ലാവരും അടുത്തുചെന്നു തങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ള വിവരം അറിയിച്ചു. “അങ്ങനെയാണെങ്കിൽ കാദർപിള്ളയ്ക്കുതന്നെ വോട്ടു ചെയ്യണം; വാക്കുമാറ്റാമോ?” എന്നു വിധിയുമുണ്ടായി. ഇങ്ങനെ ആ രംഗം അവസാനിച്ചു. കാദർപിള്ള സന്തോഷഭരിതനായി തൊഴുതു യാത്രപറഞ്ഞു. ഈ വാർത്ത പരന്നതോടെ നേതാക്കളെല്ലാം സ്വാമിയെ കാണാതെതന്നെ സ്ഥലംവിട്ടു. അത്തവണ കാദർപിള്ളയുടെ കക്ഷിക്കു നിഷ്പ്രയാസം ഭൂരിപക്ഷം ലഭിക്കുകയും അദ്ദേഹം ചെയർമാനാവുകയും ചെയ്തു.
ഒരു ദിവസം പലതും സംസാരിച്ച കൂട്ടത്തിൽ സ്വാമി എന്നോടു ചോദിച്ചു, എവിടെനിന്നാണു് ഊണുകഴിക്കുന്നതെന്നു്. ഹോട്ടലിൽനിന്നാണെന്നു ഞാൻ പറഞ്ഞു. “എത്രയോ പേർക്കു് ഒന്നിച്ചു തയ്യാറാക്കുന്ന ചോറിൽ വല്ല പുഴുവോ പ്രാണിയോ ചത്തുകിടക്കുന്നതു കണ്ടാൽ ഹോട്ടൽക്കാർ എന്തുചെയ്യും? അവർ അതെടുത്തുകളഞ്ഞ് ആ ചോറുതന്നെ വിളമ്പുകയില്ലേ? അശുദ്ധമായതു മുഴുവൻ ഉപേക്ഷിച്ചു വേറെ ചോറുണ്ടാക്കിത്തരുമോ” സ്വാമിയുടെ ഈ ചോദ്യങ്ങൾക്കു ഞാൻ ഒന്നുംമിണ്ടാതെ നിന്നു. എന്നെക്കൊണ്ടു് ഉത്തരംപറയിപ്പിക്കണമെന്നു കരുതിയാണെന്നു തോന്നുന്നു, അദ്ദേഹം അതിന്മേൽപ്പിടിച്ചുതന്നെ ചോദ്യം തുടർന്നു; “ലാഭത്തിനുവേണ്ടിയുള്ള ചോറ്റുകച്ചവടമല്ലേ? അവർ അറിഞ്ഞുകൊണ്ടു നഷ്ടം സഹിക്കുമോ?” എന്നു വീണ്ടും എടുത്തുചോദിച്ചപ്പോൾ, ‘ഇല്ല’ എന്നെനിക്കു സമ്മതിക്കേണ്ടിവന്നു. അപ്പോൾ ഹോട്ടലിൽ നിന്നു വിശ്വസിച്ചൊന്നും കഴിക്കാൻ വയ്യാ എന്നു പറഞ്ഞുകൊണ്ടു സ്വാമി “ശത്രുസത്രഗണാകീർണ്ണ ഗണികാപണികാശനം” എന്ന അഷടാംഗഹൃദയവാക്യം ചൊല്ലി ആപണികാശനം (ഹോട്ടലൂണു്) നിഷിദ്ധമാണെന്നു സമർത്ഥിച്ചു. പിന്നീടു ഹോട്ടലിൽ ഉണ്ണാനിരിക്കുമ്പോഴൊക്കെ ഈ ഗുരൂപദേശം ഞാൻ ഓർമ്മിക്കാറുണ്ടു്. പക്ഷേ, എന്തു ചെയ്യാം. ഇക്കാലത്തു് ആപണികാശനം തീരെ വർജ്ജിക്കാൻ ആർക്കെങ്കിലും കഴിയുമോ?
കൊല്ലംതോറും ശിവരാത്ര്യുത്സവകാലത്തു് ആലുവായിൽ വിശ്രമിക്കുക ശ്രീനാരായണഗുരു ഒരു പതിവാക്കിയിരുന്നു. ശിവക്ഷേത്രസാന്നിധ്യംകൊണ്ടു പ്രസിദ്ധിനേടിയ ആലുവാമണൽപ്പുറത്തിനു നേരെ എതിർവശത്താണു് അദ്വൈതാശ്രമം. ശിവരാത്രിനാളിൽ ആശ്രമാങ്കണത്തിലെ മാവിൻചുവട്ടിലിരുന്നുകൊണ്ടു സ്വാമി മറുകരയിലെ മണൽപ്പുറത്തു തടിച്ചുകൂടുന്ന വമ്പിച്ച ജനസമൂഹത്തെ നോക്കി രസിക്കാറുണ്ടു്. ഉറുമ്പു നിരയിട്ടുപോകുന്നതുപോലെ, നാലുഭാഗത്തുനിന്നും അവിടെച്ചെന്നു ചേരുന്ന ജനാവലി, മനോഹരമായ ഒരു ദൃശ്യമാണു്. സന്ധ്യയാകുമ്പോഴേയ്ക്കും ക്ഷേത്രപരിസരം കവിഞ്ഞൊഴുകുന്ന ജനപ്രവാഹം ശിവരാത്രികഴിഞ്ഞു പ്രഭാതം മുതൽ പിരിഞ്ഞുപോകാൻ തുടങ്ങും. “മലവെള്ളം പോലെയാണു് പുരുഷാരം; കേറി വരും അതുപോലെത്തന്നെ ഇറങ്ങിപ്പോകയും ചെയ്യും; അല്ലയോ?” എന്നു് ആ കാഴ്ചകണ്ടു സ്വാമി ഒരിക്കൽ പറയുകയുണ്ടായി. ശിവരാത്രിക്കുവരുന്ന ജനങ്ങളിൽ ഒരു വലിയ വിഭാഗം സ്വാമിദർശനത്തിനായി ആശ്രമത്തിലും വന്നു തിരക്കുകൂട്ടാറുണ്ടു്. ഇത്ര വളരെ ജനങ്ങൾ ഒന്നിച്ചുകൂടുന്ന സന്ദർഭം പാഴാക്കാതെ അന്നു് ഒരു സർവമതസമ്മേളനം നടത്തിയാലെന്താണെന്നൊരു ചിന്ത സ്വാമിയുടെ മനസ്സിലുദിച്ചു. അതിന്റെ ഫലമായിട്ടാണു്, ഏതാണ്ടു നാൽപ്പത്തഞ്ചുവർഷംമുമ്പു്, സ്വാമിയുടെ മഹനീയസാന്നിദ്ധ്യത്തിൽത്തന്നെ ആശ്രമത്തിൽവച്ചു്, ആദ്യത്തെ സർവ്വമതസമ്മേളനം നടന്നതു്. സത്യവ്രതസ്വാമി, സഹോദരനയ്യപ്പൻ, സി. വി. കുഞ്ഞിരാമൻ തുടങ്ങിയ നേതാക്കളായിരുന്നു അതിന്റെ ഭാരവാഹികൾ. അത്രയും ഗംഭീരമായൊരു സദസ്സു് അതിനുമുമ്പും പിമ്പും ആലുവാനഗരം കണ്ടിട്ടുണ്ടോ എന്നു സംശയമാണു്. “വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമാണു്” എന്നൊരു മഹാവാക്യം സമ്മേളനപ്പന്തലിന്റെ പ്രവേശനകവാടത്തിൽ എഴുതിവച്ചിരുന്നു. സ്വാമിയുടെ അഭിലാഷമനുസരിച്ചു് സഹോദരനയ്യപ്പൻ എഴുതിയതായിരുന്നു ആ വാക്യം. അർത്ഥഗർഭവും അത്യന്തം സന്ദർഭോചിതവും മതപ്രസംഗകർക്കു മാർഗ്ഗദർശകവുമായ ആ സുഭാഷിതം അന്നു സകലരുടേയും പ്രശംസയ്ക്കു പാത്രമായി. ഒരാപ്തവാക്യമെന്നനിലയിൽ അതിനു് അനന്തരകാലത്തു കുറെയേറെ പ്രചാരം സിദ്ധിച്ചിട്ടുണ്ടു്. പലരും പ്രസംഗവേദികളിൽ അതു് ഉദ്ധരിക്കാറുണ്ടു്. വലിയൊരു വിജയമായിരുന്നു അന്നത്തെ സമ്മേളനം.
“പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തിപറഞ്ഞു പാമരന്മാ-
രലയുവതോർത്തലയാതിരുന്നിടേണം.”
എന്ന ശ്രീനാരായണസൂക്തി പ്രായോഗികമാക്കാൻ ഇത്തരം സമ്മേളനം നല്ലൊരു ഏർപ്പാടാണെന്നു് എല്ലാവർക്കും ബോധ്യമായി. മദിരാശി ഹൈക്കോർട്ടിലെ ന്യായാധിപനായിരുന്ന ജസ്റ്റീസ് സദാശിവയ്യരാ യിരുന്നു അദ്ധ്യക്ഷൻ. അദ്ദേഹത്തോടൊപ്പം സ്വാമിയും പ്ലാറ്റ്ഫോറത്തിൽ ഉപവിഷ്ടനായിരുന്നു. വിവിധ മതസ്ഥരായ വിഖ്യാതപണ്ഡിതന്മാർ, അതതു മതത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ടു്, പരമതാക്ഷേപം ലേശം പോലും പ്രതിഫലിപ്പിക്കാതെ പ്രഗൽഭമായി പ്രസംഗിച്ചു. പ്രസംഗകരിൽ മഞ്ചേരി രാമയ്യരേയും എ. ബി. സേലത്തേയും മാത്രമേ ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നുള്ളൂ. ഫലിതരസികനായ മഞ്ചേരിയുടെ പ്രസംഗപാടവത്തെപ്പറ്റി പറയേണ്ടതില്ലല്ലോ. ഇടയ്ക്കു്, സന്ദർഭവശാൽ അദ്ദേഹം മലബാറിലെ ചില മാപ്പിളപ്പാട്ടുകൾ താളം പിടിച്ചു പാടി സദസ്യരെ ചിരിപ്പിച്ചതു് ഇപ്പോഴും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു. ഫലിതം പ്രയോഗിക്കുന്നതിൽ സേലവും ഒട്ടും പിന്നിലായിരുന്നില്ല. അദ്ദേഹത്തിന്റെ യഹൂദമതപ്രഭാഷണം ശ്രോതാക്കളെ സവിശേഷം ആകർഷിച്ചു. ഇംഗ്ലീഷിൽ പ്രസംഗിച്ചു ശീലിച്ചിട്ടുള്ള സേലത്തിന്റെ മലയാളം കേൾക്കാൻ അവർക്കു പ്രത്യേകിച്ചും കൗതുകംതോന്നി. ഇത്ര ദീർഘനേരം ഭിന്നമതങ്ങളുടെ ഭേരീനാദം മുഴങ്ങിക്കേട്ടുകൊണ്ടിരുന്നിട്ടും യാതൊരു ഭാവഭേദവും കാണിക്കാതെ സ്വാമി നിർവികാരനായി മൗനത്തിലാണ്ടിരിക്കുകയായിരുന്നു.
“വാദങ്ങൾ ചെവിക്കൊണ്ടും
മതപ്പോരുകൾ കണ്ടും
മോദസ്ഥിതനായങ്ങു വസിപ്പു
മലപോലെ”
എന്നു് ആശാൻ സ്വാമിയെപ്പറ്റി എഴുതിയിട്ടുള്ളതു് ആ സന്ദർഭത്തിനു വളരെ യോജിച്ചിരുന്നു. അന്നു തുടങ്ങിവച്ച ഈ സർവ്വമതസമ്മേളനം പിന്നീടു കൊല്ലം തോറും ശിവരാത്രിയോടനുബന്ധിച്ചു നടത്തുവാൻ ആശ്രമാധികാരികൾ ശ്രദ്ധിച്ചുപോരുന്നുണ്ടു്. പക്ഷേ, ശ്രീനാരായണഗുരുവിന്റെ മഹനീയ സന്നിധാനംകൊണ്ടു ചൈതന്യവത്തായിരുന്ന ആ പ്രഥമ സമ്മേളനത്തെ അതിശയിക്കുവാൻ ഇതുവരെ ഒന്നിനും കഴിഞ്ഞിട്ടില്ല. പഴയ നേതാക്കന്മാരിൽ സഹോദരൻ മാത്രം അടുത്തകാലംവരെ ആശ്രമത്തിൽ വന്നു സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു.
ഒരു കഥാപാത്രമാകാൻ തക്ക സ്വഭാവവിശേഷങ്ങളുള്ള ‘വേലു’ നാമധാരിയായ ഒരു ക്ഷുരകപ്രമാണി പണ്ടു് ആലുവായിലുണ്ടായിരുന്നു. അയാൾ എങ്ങനെയോ ഒരു കൊലക്കേസ്സിൽ കുടുങ്ങി ഏറെക്കാലം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിച്ചുകൂട്ടി. ഒരിക്കൽ രാജാവിന്റെ തിരുനാൾപ്രമാണിച്ചു കുറെ പുള്ളികളെ വിലങ്ങുവെട്ടിയിട്ട കൂട്ടത്തിൽ ഈ ഭാഗ്യവാനും പുറത്തു പോന്നു. നാട്ടിൽ തിരിച്ചെത്തിയതോടെ അയാളുടെ ജീവിതത്തിനൊട്ടാകെ ഒരു പരിവർത്തനമുണ്ടായി. അദ്വൈതാശ്രമത്തിൽ വന്നു ശ്രീനാരായണഗുരുവിനെ ദർശിച്ചു് അയാൾ തന്റെ ജീവിതകഥകളെല്ലാം തുറന്നുപറഞ്ഞു. അതെല്ലാം കേട്ടപ്പോൾ സ്വാമി അയാൾക്കു കൊടുത്ത പേരാണു് വാല്മീകി. രണ്ടു വാല്മീകിമാരിലും ഉണ്ടായ ജീവിതപരിവർത്തനത്തിൽ ചില സാദൃശ്യങ്ങൾ സ്വാമി കണ്ടിരിക്കാം. ഏതായാലും വാല്മീകി എന്ന പേരിലാണു് അയാൾ അറിയപ്പെട്ടിരുന്നതു്. വേലുനാമധേയം ക്രമേണ വിസ്മൃതമായി. സ്വാമി ഭക്തന്മാരിൽ എണ്ണപ്പെട്ട ഒരാളായിത്തീർന്നു ഈ നവീന വാല്മീകി. നിരന്തരം നടന്ന സ്വാമി ദർശനം അയാളുടെ ജീവിതക്ഷേത്രത്തിനൊരു ശുദ്ധികലശം തന്നെയായി. നല്ല ബുദ്ധിശക്തിയും കാര്യശേഷിയും അയാൾക്കു പണ്ടേ ഉണ്ടായിരുന്നു. ഞാൻ ആശ്രമം സ്ക്കൂളിൽ ചേർന്ന കാലത്തു വാല്മീകിക്കൊരറുപതുവയസ്സു കഴിഞ്ഞുകാണും. പത്രവായനയിൽ മറ്റാരേക്കാളും മുമ്പനാണയാൾ. പൊക്കം കുറഞ്ഞ തടിച്ച ശരീരം, അൽപ്പം കൂടവയറു്, കഷണ്ടിത്തല, വട്ടമുഖം, വലിയൊരു മടിക്കുത്തു്, ഇതാണാകാരം. മടിക്കുത്തിലാണു് എല്ലാം കൊണ്ടുനടക്കുക. മടക്കിച്ചുരുട്ടിയ ഒന്നുരണ്ടു പത്രങ്ങൾ, കണ്ണട, പേനാക്കത്തി ഇങ്ങനെ ബഹുവിധസാധനങ്ങൾ അതിനകത്തു കാണാം. ഒരുവടിയും കുത്തിപ്പിടിച്ചാണു് മൂപ്പരുടെ വരവു്. ആശ്രമകാര്യങ്ങൾ, സ്ഥലവിശേഷങ്ങൾ, പത്രവാർത്തകൾ ഇവയെപ്പറ്റിയെല്ലാം മറ്റുള്ളവരുമായി ചർച്ചചെയ്യുക വാല്മീകിക്കൊരു രസമാണു്. എന്തെങ്കിലും തർക്കം വന്നാൽ, താൻ പറയുന്നതാണു് ശരിയെന്നു തെളിയിക്കാൻ മടിയിൽ നിന്നു് പത്രച്ചുരുളെടുത്തു നിവർത്തി അയാൾ വായനതുടങ്ങും. സ്വാമിക്കും എന്തോ ഒരു കൗതുകം തോന്നിയിരുന്നു, വാല്മീകിയുടെ വർത്തമാനം കേൾക്കുന്നതിൽ. മറ്റുള്ളവർ സ്വാമിയുടെ അടുത്തുചെന്നു പറയാൻ ധൈര്യപ്പെടാത്ത പല കാര്യങ്ങളും അദ്ദേഹത്തെ അറിയിക്കാൻ അയാൾക്കൊരു കൂസലുമുണ്ടായിരുന്നില്ല. നിഷ്ക്കളങ്കനായ ഈ ഭക്തനു കുറെ സ്വാതന്ത്ര്യം സ്വാമി വകവെച്ചു കൊടുത്തിരുന്നുവെന്നു് തോന്നുന്നു.
വേലുവിനെ ശുദ്ധിചെയ്തു് വാല്മീകിയാക്കിയതിനു സ്വാമിക്കു വിലയേറിയ ഒരു ഗുരുദക്ഷിണ ലഭിച്ചു. ആലുവായിൽ നിന്നു രണ്ടുമൈലകലെ, പെരുമ്പാവൂർ റോഡിന്റെ വലതുഭാഗത്തു, തോട്ടം മുഖത്തിനു സമീപം പരപ്പേറിയ നെൽപ്പാടത്തിന്റെ കരയിൽ, വാനംമുട്ടി നിൽക്കുന്ന ഒരു വലിയ കുന്നുണ്ടു്. പണ്ടു് അവിടെയെങ്ങും ആൾപ്പാർപ്പുപോലും ഇല്ലായിരുന്നുവത്രേ; നമ്മുടെ വാല്മീകി ആ കുന്നു് സ്വന്തംപേരിൽ പതിപ്പിച്ചെടുത്തിരുന്നു. പ്രകൃതിഭംഗിയുടെ കേളീരംഗമായ ആ സ്ഥലം മുഴുവൻ, അയാൾ യാതൊരു പ്രതിഫലവും പറ്റാതെ സ്വാമിയുടെ പേർക്കു് തീറെഴുതിക്കൊടുത്തു. അദ്ദേഹം അതിനു് വാല്മീകിക്കുന്നു് എന്നു് പേരിടുകയും ചെയ്തു. വേലുവാല്മീകിക്കുണ്ടായ പരിവർത്തനം അന്നുമുതൽ ആ കുന്നിനും വന്നുചേർന്നു. എത്രയോ ദിവസം സായാഹ്നവേളകളിൽ സ്വാമി ആശ്രമത്തിൽനിന്നു കാൽനടയായി നടന്നു് ആ കുന്നിന്റെ കൊടുമുടികയറി അവിടെ ഒരു വലിയ ശിലാഖണ്ഡത്തിന്മേൽച്ചെന്നിരുന്നിട്ടുണ്ടു്. ആകാശവും ഭൂമിയും തമ്മിൽ കൂട്ടിമുട്ടുന്ന ആ സ്ഥലത്തിരുന്നു്, അവിടത്തെ നിതാന്ത നിശ്ശബ്ദതയിൽ അദ്ദേഹം എത്രയോ നേരം ധ്യാനിച്ചിരിക്കാം. ആ കുന്നിന്റെ ഭാവിയെപ്പറ്റി ദീർഘദർശനം ചെയ്തിരിക്കാം. അങ്ങനെ ശ്രീനാരായണഗുരുവിന്റെ ചിരകാലസമ്പർക്കംകൊണ്ടു പരിപാവനമായ ‘ഒരേകാന്താദ്വയശാന്തിഭൂവാ’യിത്തീർന്നു വാല്മീകിക്കുന്നു്. സ്വാമി വിശ്രമിച്ചിരുന്ന ആ ശിലാഖണ്ഡം അതേനിലയിൽ ഇപ്പോഴും അവിടെ കിടപ്പുണ്ടു്. പല നല്ല സ്ഥാപനങ്ങളും അവിടെ ഉയർന്നുവരണമെന്നൊരു സങ്കല്പം അദ്ദേഹത്തിനുണ്ടായിരുന്നു. അതിപ്പോൾ യഥാർത്ഥമാകാൻ പോകയാണു്.
വാല്മീകിക്കുന്നു് ഇപ്പോൾ ശ്രീനാരായണഗിരിയെന്ന പേരിലാണു് പ്രസിദ്ധിയാർജ്ജിച്ചുകൊണ്ടിരിക്കുന്നതു്. സ്വാമിയുടെ സമാധിക്കുശേഷം ഇടക്കാലത്തു് ഈ കുന്നു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്നു. ഇക്കാലത്തു വെറുതെ അങ്ങനെയൊരു സ്ഥലംകിടന്നാൽ പാർപ്പിടമില്ലാത്ത ആളുകൾ അതു കയ്യേറാതിരിക്കില്ലല്ലോ. കുറേപേർ കുന്നിനുചുറ്റും കുടിവച്ചു പാർപ്പുതുടങ്ങി. ആ കയ്യേറ്റം തുടർന്നുപോയിരുന്നെങ്കിൽ കുറെനാളുകൊണ്ടു സ്ഥലം മുഴുവൻ അന്യാധീനപ്പെട്ടുപോകുമായിരുന്നു. ഭാഗ്യത്തിനു്, ആശ്രമ ഭരണക്കമ്മിറ്റി അന്നത്തെ അദ്ധ്യക്ഷനായിരുന്ന വൈദ്യൻ കെ. ജി. പണിക്കരുടെ (കേരള ഫാർമ്മസി ഉടമസ്ഥൻ) നേതൃത്വത്തിൽ സത്വരനടപടികളെടുത്തു ചിലരെ ഒഴിപ്പിക്കുകയും കുന്നിനുചുറ്റും വേലികെട്ടി അതിർത്തി തിരിച്ചു് അവകാശമുറപ്പിക്കുകയും ചെയ്തു. അതോടുകൂടി ഈ ഗിരിപ്രദേശത്തിന്റെ ശനിദശ തീർന്നുവെന്നു പറയാം.
ശ്രീമതി പാർവ്വതിഅയ്യപ്പന്റെ സ്തുത്യർഹമായ നേതൃത്വത്തിൽ സംഘടിതമായ ശ്രീനാരായണസേവികാസമാജത്തിന്റെ പ്രവർത്തനകേന്ദ്രമായിത്തീർന്നിരിക്കയാണു് ഇപ്പോൾ അവിടം. ദീർഘകാലം അധ്യാപനവൃത്തിയിൽ പ്രശസ്തസേവനമനുഷ്ഠിച്ചശേഷം സർക്കാർസർവ്വീസിൽ നിന്നു റിട്ടർചെയ്ത ശ്രീമതി പാർവ്വതിഅയ്യപ്പൻ, തനിക്കു ന്യായമായി അർഹിക്കാവുന്ന വിശ്രമ സൗഖ്യം ഉപേക്ഷിച്ചു ശ്രീനാരായണഗിരിയിലെ സാമൂഹ്യപ്രവർത്തനങ്ങൾക്കായി ആയുശ്ശേഷം ഉഴിഞ്ഞുവച്ചിരിക്കയാണു്. അനേകലക്ഷം രൂപ ചെലവഴിക്കേണ്ടിവരുന്ന നാനാമുഖമായ ഒരു കർമ്മപദ്ധതിയാണു് അവരുടെ ഭാവനയിൽ രൂപംപൂണ്ടിരിക്കുന്നതു്. മഹത്തായ ആ സ്വപ്നം ഫലിച്ചാൽ ശ്രീനാരായണഗിരി ഭാരതത്തിലെ ദർശനീയഭൂഭാഗങ്ങളിലൊന്നായി പ്രശോഭിക്കും. ഒന്നാംതരമൊരു കെട്ടിടം ഇപ്പോൾ അവിടെ പൊന്തിവന്നിരിക്കുന്നു. അതുതന്നെ ഒരത്ഭുതമാണു്. ഒരു നല്ല നടപ്പാതപോലും ഇല്ലാതിരുന്ന ആ സ്ഥലത്തേയ്ക്കു്, കെട്ടിടത്തിനുവേണ്ട സാമഗ്രികളെല്ലാം തലച്ചുമടായി കൊണ്ടുപോകേണ്ടിവന്നു. ഈ കെട്ടിടത്തിൽ സേവികാസമാജം നടത്തുന്ന ലോവർപ്രൈമറിസ്കൂൾ ചുറ്റുപാടുമുള്ള പലജാതിക്കാരായ പാവപ്പെട്ട കുട്ടികൾക്കു് വലിയൊരനുഗ്രഹമായിട്ടുണ്ടു്. ഇത്രനാളും പള്ളിക്കൂടം കാണാതെ കാടുകേറി നടന്നിരുന്നവരാണവർ. ഈ സ്ക്കൂളാണു് അവിടെ ആദ്യമായി വിദ്യയുടെ വെളിച്ചം കൊളുത്തിയതു്. വിശപ്പിന്റെ സന്താനങ്ങളായ ഈ കുട്ടികൾക്കു് ഉച്ചഭക്ഷണവും അവിടെനിന്നുകിട്ടുന്നുണ്ടു്. ശ്രീമതി പാർവ്വതി അയ്യപ്പൻ അവർക്കു പ്രിയപ്പെട്ട അമ്മൂമ്മയായിരിക്കയാണു്. കുട്ടികളുടെ മാതാപിതാക്കളും അവരെ ഒരാശ്വാസകേന്ദ്രമായിക്കരുതുന്നു. അമ്മൂമ്മ ദൂരേനിന്നുവരുന്നതു കാണുമ്പോൾ ആഹ്ലാദഭരിതരായി അവരെ സ്വാഗതം ചെയ്വാൻ കുട്ടികൾ കൂട്ടംകൂടി ഓടിവരുന്നതു കൗതുകമുള്ള ഒരു കാഴ്ചയാണു്. ഈ സ്ക്കൂളിലെ അധ്യാപികമാരും അകൃത്രിമമായ മാതൃവാത്സല്യത്തോടെയാണു് കുട്ടികളോടു പെരുമാറുക.
ശ്രീനാരായണഗിരിയിൽ ഇനിയും അനേകം വമ്പിച്ച കെട്ടിടങ്ങൾ ഉയർന്നുവരേണ്ടതുണ്ടു് പക്ഷേ, അതെങ്ങനെ സാധിക്കുമെന്നുള്ളതാണു് പ്രവർത്തകരെ അലട്ടിക്കൊണ്ടിരിക്കുന്ന ദുർഘടപ്രശ്നം. കേരളത്തിനകത്തും പുറത്തുമുള്ള ശ്രീനാരായണ ഭക്തന്മാരുടെ ഒരു സംഘടിത യത്നംതന്നെ ഇതിന്നു വേണ്ടിയിരിക്കുന്നു. എന്തോ ഒരു വശീകരണശക്തി ഈ പ്രദേശത്തിനുണ്ടു്. ഇവിടെ വന്നൊന്നുനോക്കിയാൽ, ഹൃദയമുള്ള ഏതൊരു ധനികനും സ്വന്തം പണപ്പെട്ടി തുറക്കാൻ മടിക്കുകയില്ലെന്നാണു് എന്റെ വിശ്വാസം. എത്രയോ തവണ ഞാൻ ഈസ്ഥലത്തു പോയിട്ടുണ്ടെങ്കിലും രണ്ടുതവണ മാത്രമേ ആ ഗിരിമസ്തകത്തിലെത്തിച്ചേരാൻ ക്ഷീണകായനായ എനിക്കു കഴിഞ്ഞിട്ടുള്ളൂ. അവിടെനിന്നുകൊണ്ടു നാലുപാടും നോക്കിയാൽ കാണുന്ന കാഴ്ച ‘കണ്ണിന്നു പുണ്യോത്സവ’മെന്നേ പറയാൻ പറ്റു. അതു വർണ്ണിക്കാനുള്ള വാഗ്വൈഭവം എന്റെ തുലികയ്ക്കില്ല. ‘പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെക്കാണാം’ എന്നൊരു കീർത്തനം കേട്ടിട്ടുണ്ടു്. ഇവിടെ പടി ആറല്ല, പത്തറുപതെങ്കിലും കടക്കണം. അവിടെച്ചെന്നാലോ, ശിവനെക്കണ്ടില്ലെങ്കിലും പ്രകൃതീശ്വരിയുടെ നയനമോഹനമായ ലീലാ വിലാസം കണ്ടു നിർവൃതിയടയാം. അനന്തമായ ആകാശവും വിശാലമായ ചക്രവാളവും പരിസരസൗന്ദര്യവും സ്വർഗ്ഗീയമായൊരനുഭൂതി നമ്മളിലുളവാക്കും. വള്ളത്തോൾ ഈ ഗിരി കണ്ടിരുന്നുവെങ്കിൽ, “പ്രകൃതിരമണീയം, ശാന്തഗംഭീരം, ഹാ ഹാ സുകൃതി നിഷേവ്യമേ” എന്നുറക്കെപ്പാടുമായിരു ന്നു. ഏകാന്തചിന്ത, മൗനം, ധ്യാനം (അവനവനെപറ്റി ധ്യാനിക്കാമല്ലോ) ഇതിനൊക്കെ ഏറ്റവും പറ്റിയ സ്ഥലം! അവിടെ കുറെനേരം ഇരുന്നാൽ മതി, ഏതു ജീവിതക്ലേശവും വിസ്മരിക്കപ്പെടും. മനസ്സു തനിയേ സ്വസ്ഥമാകും, ശാന്തമാകും, ബുദ്ധിപ്രബുദ്ധമാകും; ജാതിമതാതീതമായ മനുഷ്യത്വം താനേ വികസിച്ചുവരും. ഡൽഹിയിൽ ഷാജഹാൻ ചക്രവർത്തി പണിയിച്ച മഹാ സൗധങ്ങളിലൊന്നിൽ “സ്വർഗ്ഗം എന്നൊന്നുണ്ടെങ്കിൽ അതു് ഇവിടെയാണു്, ഇവിടെയാണു്” എന്നെഴുതിവച്ചിട്ടുണ്ടുപോൽ. ശ്രീനാരായണഗിരിയെസ്സംബന്ധിച്ചും ഇതു പറയാവുന്നതാണു്. വിശ്വാസം തോന്നാത്തവർ ഇവിടെ വന്നൊന്നു നോക്കട്ടെ.
അദ്വൈതാശ്രമത്തിലെ അങ്കണത്തിൽ നദീതീരത്തായി സ്ഥിതി ചെയ്തിരുന്ന ഒരു മാവിനെപ്പറ്റി മുൻലേഖനങ്ങളിൽ യഥാസന്ദർഭം പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ മാവു് ഇപ്പോൾ അവിടെ കാണുന്നില്ലെന്നു് അൽപം സങ്കടത്തോടെ പറയേണ്ടിയിരിക്കുന്നു. ഭാഗ്യംചെയ്ത ഒരു മാവായിരുന്നു അതു്. പലതുകൊണ്ടും അതു പ്രാധാന്യം അർഹിച്ചിരുന്നു. അതോർക്കാതെയാണെന്നു തോന്നുന്നു ആശ്രമാധികാരികൾ അനന്തരകാലത്തു് അവിടം മതിൽകെട്ടിയുറപ്പിച്ചപ്പോൾ, അതു വെട്ടിമുറിച്ചു കളഞ്ഞതു്. വേനൽക്കാലത്തു ശ്രീനാരായണഗുരുവിനു വിശ്രമിക്കാൻ തണൽ വിരിച്ചുകൊടുത്തിരുന്നതു് ഈ മാവാണു്. ഒരു കവിയുടെ ദൃഷ്ടിയിൽപ്പെട്ടിരുന്നുവെങ്കിൽ, കണ്വാശ്രമത്തിലെ സഹകാരത്തെപ്പോലെ, ഇതും ഒരു വർണ്ണ്യവസ്തുവായിത്തീരുമായിരുന്നു. ശകുന്തള വെള്ളമൊഴിച്ചുകൊടുത്തിരുന്ന തേന്മാവിനു് ‘സ്വയംവരവധു’വായിട്ടൊരു നവമാലികയുണ്ടായിരുന്നു. അക്കാര്യത്തിൽ നമ്മുടെ വൃക്ഷരാജൻ വ്യത്യസ്തനാണു്. അതിനാരും ശുശ്രൂഷിക്കാനുണ്ടായിരുന്നില്ല. ഒരു മുല്ല വള്ളിയും അതിൽ പടർന്നുകയറിയിരുന്നില്ല. ആശ്രമനാഥനെപ്പോലെ ഈ മാവും നിത്യബ്രഹ്മചര്യമനുഷ്ഠിക്കയായിരുന്നുവെന്നു തോന്നുന്നു. എന്റെ മനസ്സിൽ ഈ കൊച്ചുമാവു് ഇപ്പോഴും പച്ചവിരിച്ചു പൊന്തിനിൽക്കുന്നു. എത്രയോ തവണ അതിന്റ ചുവട്ടിൽനിന്നുകൊണ്ടു ഞാൻ സ്വാമിയുടെ സ്നിഗ്ദ്ധഗംഭീരസ്വരത്തിലുള്ള മധുരഭാഷണം കേട്ടു രസിച്ചിട്ടുണ്ടു് അമരകോശം, അഷ്ടാംഗഹൃദയം, ഭഗവത്ഗീത, ബ്രഹ്മസൂത്രഭാഷ്യം ഇത്യാദി ഗ്രന്ഥങ്ങളിലെ ചില ഭാഗങ്ങളായിരിക്കും ചിലപ്പോൾ സംഭാഷണവിഷയം. ഒരിക്കൽ ക്ഷുരകപര്യായമായ നാപിതൻ എന്ന പദത്തെപ്പറ്റി “നാപിതൻ—അതെങ്ങനെവന്നു?” എന്നു സ്വാമി ചോദിച്ചു, ഞാൻ മിണ്ടാതെ നിന്നതേയുള്ളൂ “ആപിതനല്ലാത്തവൻ—ആളയയ്ക്കാതെ മുറപ്രകാരം തനിയേ വരുന്നവനെന്നോ” എന്നിങ്ങനെ സംശയരൂപത്തിൽ സ്വാമിതന്നെ തുടർന്നു പറഞ്ഞതായിട്ടോർക്കുന്നു. ഒരു മങ്ങിയ ഓർമ്മമാത്രമാണിതു്. മറ്റൊരിക്കൽ ഗീതയിലെ
“വിഷയാ വിനിവർത്തന്തേ
നിരാഹാരസ്യ ദേഹിനഃ
രസവർജ്ജ്യം രസോ പ്യസ്യ
പരം ദൃഷ്ട്വാ നിവർത്തതേ”
എന്ന ശ്ലോകം ചൊല്ലി സ്വാമി വ്യാഖ്യാനിച്ചു. ഇന്ദ്രിയനിഗ്രഹം ചെയ്താലും ആദ്യഘട്ടത്തിൽ രസമൊഴിച്ചേ വിഷയങ്ങൾ ക്രമേണ നിവർത്തിക്കുന്നുള്ളൂ. രസം-ഇച്ഛ—പിന്നെയും ബാക്കിനിൽക്കും. പിന്നെ പരത്തെ ദർശിക്കുന്ന ഘട്ടം വരുമ്പോൾ ഇച്ഛയും നശിക്കുന്നു എന്നു് അദ്ദേഹം എടുത്തുപറഞ്ഞു. രസവർജ്ജ്യം എന്നതു വേണ്ടസ്ഥാനത്തു് അന്വയിക്കാതെ ചിലർ തെറ്റിച്ചർത്ഥം പറയാറുണ്ടു്. അതുകൊണ്ടായിരിക്കാം സ്വാമി ആ ശ്ലോകം പ്രത്യേകം ഓർമ്മിച്ചതു്. ബ്രഹ്മസൂത്രങ്ങളിലെ അപശൂദ്രാധികരണത്തെപ്പറ്റിയുള്ള ശങ്കരഭാഷ്യം പിന്നൊരിക്കൽ ചിന്താവിഷയമായി. “അവിടെ ശങ്കരനു തെറ്റിപ്പോയി” എന്നു സ്വാമി ഒരു കൂസൽ കൂടാതെ പറഞ്ഞു. ശൂദ്രജാതിയിൽ ജനിച്ചുപോയി എന്നതുകൊണ്ടു് ഒരുവനു വേദം പഠിച്ചുകൂടാ എന്നു് ഏതു ഭഗവാൻ പറഞ്ഞാലും അതു് ഇന്നാരും വകവെച്ചുകൊടുക്കുകയില്ലല്ലോ. ഒരുവിധത്തിലും നീതികരിക്കാൻ വയ്യാത്ത ഒരു വ്യവസ്ഥയാണതു്. സമാരാധ്യനായ പൂർവ്വാചാര്യന്റെ വിധിയേയും തെറ്റാണെന്നു കണ്ടാൽ എതിർക്കാനുള്ള ധീരമായ സന്നദ്ധത ശ്രീനാരായണഗുരുവിനെപ്പോലെ മറ്റൊരിന്ത്യൻ സന്ന്യാസിയും ഇങ്ങനെ നിശ്ശങ്കം പ്രകടിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ഏകജാതിയുടെ വക്താവായ അദ്ദേഹത്തിനു് ഈദൃശവിഷയങ്ങളുടെ സ്വതന്ത്രമായ നിരൂപണം ഒരാവശ്യവുമായിരുന്നു. ഇപ്രകാരം എനിക്കെന്നപോലെ മറ്റുപലർക്കും സ്വാമിയുടെ സാന്നിദ്ധ്യത്തിൽ ആ മാവിൻചുവടു് ഒരു വിദ്യാലയമായിത്തീർന്നിട്ടുണ്ടു്. മുന്നിൽക്കൂടി മന്ദം മന്ദം ഒഴുകിക്കൊണ്ടിരുന്ന പെരിയാർ. ആശ്രമത്തിലെ ഏകാന്തശാന്തമായ അന്തരീക്ഷത്തിൽ സ്വാമി സംഭാഷണം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു ‘മനശ്ശാന്തിപ്പാൽപ്പുഴ’യുടെ പ്രതീതി എന്നിലുളവാക്കിയിരുന്നു. ആ സുമുഹൂർത്തങ്ങൾ ഇങ്ങിനിവരാത്തവണ്ണം കാലത്തിരയ്ക്കുള്ളിൽ മറഞ്ഞു.
ആശ്രമത്തിലെ ഈ മാവു് മറ്റൊരു വിധത്തിലും കേളി കേട്ടതാണു്. വൈക്കം സത്യാഗ്രഹകാലത്തു മഹാത്മാഗാന്ധി യെ സ്വാഗതംചെയ്യാനും ആ മാവിനു ഭാഗ്യമുണ്ടായി. സത്യാഗ്രഹത്തെ സംബന്ധിച്ചു മഹാത്മജിയും അന്നത്തെ തിരുവിതാംകൂർ പോലീസ് കമ്മീഷണർ പിറ്റുസായ്പും തമ്മിൽ ഒരു ഉടമ്പടി നടന്നതും അതിന്റെ ചുവട്ടിൽവച്ചായിരുന്നു. ഗാന്ധി-പിറ്റ് പാക്റ്റ് എന്ന പേരിൽ ‘സുപ്രസിദ്ധ’മായ ആ ഉടമ്പടിക്കു മൂകസാക്ഷിയായി നിന്ന ആ മാവിനു് അങ്ങനെയൊരു ചരിത്രവിഖ്യാതിതന്നെ ലഭിച്ചു. അന്നു സ്വാമി സ്ഥലത്തില്ലായിരുന്നു. അദ്ദേഹം വർക്കല ശിവഗിരിയിൽ വിശ്രമിക്കുകയായിരുന്നു. അവിടെവച്ചാണു് മഹാത്മജിയും സ്വാമിയും തമ്മിൽ കൂടിക്കാഴ്ചനടന്നതു്.
ടാഗൂറും ഒരിക്കൽ ശിവഗിരിയിൽച്ചെന്നു സ്വാമിയെ ദർശിച്ചതും പ്രസിദ്ധമാണല്ലോ. സന്ദർശനംകഴിഞ്ഞു മഹാകവി കൈകൂപ്പി യാത്രപറഞ്ഞപ്പോൾ സ്വാമി പ്രത്യഭിവാദനംചെയ്തില്ല എന്നൊരു പരാതി അന്നു ചില പത്രങ്ങളിൽ കണ്ടിരുന്നു. വെറും ഒരു തെറ്റിദ്ധാരണയായിരുന്നു അതു്. അതു മനസ്സിലാക്കാതെ, സ്വാമി അങ്ങനെ മഹാകവിയെ അവഗണിച്ചോ എന്നോർത്തു ഞാനും അത്ഭുതപ്പെട്ടിരുന്നു. കുറെനാൾ കഴിഞ്ഞു് അദ്ദേഹം ആലുവായിൽ വന്നപ്പോൾ സംഭാഷണമദ്ധ്യേ ആരും ചോദിക്കാതെത്തന്നെ ഈ സംഭവത്തെപ്പറ്റി “നാം കൈകൂപ്പിയതു പുതച്ചിരുന്ന മുണ്ടിനടിയിലായിപ്പോയി; അതാരും കണ്ടില്ല” എന്നൊരു വിശദീകരണം നൽകി. ആളുകൾ എത്രപെട്ടെന്നു് എങ്ങനെയെല്ലാം തെറ്റിദ്ധരിക്കുന്നുവെന്നൊരു ഭാവവും ആ മുഖത്തു സ്ഫുരിച്ചു.
ശബരിമല അയ്യപ്പനെപ്പറ്റി രസകരമായ ചില അഭിപ്രായങ്ങൾ സ്വാമി ഒരിക്കൽ പറയുകയുണ്ടായി. അയ്യപ്പൻ ഒരീഴവ പ്രമാണിയായിരുന്നുവത്രേ. വാവരു മുസ്ലീമാണല്ലോ. രണ്ടുപേരും വലിയ കൂട്ടുകാരും മലവാസികളുമായിരുന്നു. മലയിൽനിന്നു വിറകുവെട്ടി നാട്ടിൽ കൊണ്ടുചെന്നു കച്ചവടം ചെയ്യുകയായിരുന്നു രണ്ടുപേരുടേയും തൊഴിൽ. അങ്ങനെ അവർ പണക്കാരും പ്രമാണികളും ആയിത്തീർന്നു. ആയുധവിദ്യയിലും അവർ നേതൃത്വം നേടി. ബഹുജനാരാധ്യരായിത്തീർന്ന ഈ പ്രമാണികൾ മരിച്ചപ്പോൾ അന്നത്തെ സമ്പ്രദായമനുസരിച്ചു നാട്ടുകാർ ഇവരുടെ ആത്മാക്കളെ കുടിയിരുത്തി പൂജിക്കാൻ തുടങ്ങി. ഇപ്പോഴത്തെ അയ്യപ്പപ്പൂജയുടെ ആഗമം ഇങ്ങനെയായിരിക്കാം. കൂട്ടുകാരനായിരുന്ന വാവരെ ഹിന്ദുക്കളും മുസ്ലീങ്ങളും ഇപ്പോൾ പൂജിക്കുന്നുണ്ടല്ലോ ഇതായിരുന്നു സ്വാമി പറഞ്ഞതിന്റെ ചുരുക്കം. ചേർത്തലയിലെ ചീരപ്പൻകുടുംബക്കാർക്കു് ഇന്നും ശബരിമല ക്ഷേത്രത്തിൽ ചില അവകാശങ്ങൾ ഉള്ളതു് അയ്യപ്പനും ഈഴവ സമുദായവും തമ്മിൽ എന്തോ ബന്ധമുണ്ടായിരുന്നുവെന്നതിനു് ഒരു തെളിവാണല്ലോ. അയ്യപ്പനും വാവരും പക്ഷേ, പടവെട്ടി മരിച്ചുപോയതാണെന്നുവരാമെന്നും സ്വാമി സൂചിപ്പിച്ചു. ജീവിച്ചിരിക്കുമ്പോൾ ഏതെങ്കിലും വിധത്തിൽ അസാധാരണ ശക്തി പ്രകടിപ്പിച്ചുകൊണ്ടിരുന്ന മനുഷ്യർ മരണാനന്തരം ക്രമേണ ദേവന്മാരായിത്തീരാറുണ്ടു്. ജനങ്ങളുടെ മതപരമായ മൂഢവിശ്വാസമാണു് ഇതിനു പ്രേരകമായിത്തീരുന്നതു്. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും ഇപ്പോൾത്തന്നെ ദേവന്മാരുടെ പദവിയിലേയ്ക്കു് ഉയർന്നു തുടങ്ങിയിട്ടുണ്ടല്ലോ. കാലക്രമേണ ഇവരേയും ക്ഷേത്രങ്ങളിൽ പ്രതിഷഠിച്ചു പൂജാദികർമ്മങ്ങൾ നടത്തിതുടങ്ങിയേയ്ക്കാം. ഇസ്കന്ദർ എന്ന യവനപ്പേരുള്ള അലക്സാണ്ടർ ചക്രവർത്തിയാണു് നമ്മുടെ സ്കന്ദൻ-സുബ്രഹ്മണ്യൻ-ആയി പരിണമിച്ചതെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ശാസ്ത്രബോധത്തിന്റെ വെളിച്ചംതട്ടാതിരുന്ന പ്രാചീന യുഗങ്ങളിൽ മനുഷ്യന്റെ വിശ്വാസങ്ങളും ആചാരങ്ങളും എങ്ങനെയെല്ലാം കാടുകയറിയിരുന്നുവെന്നു് ആരുകണ്ടു!
ശ്രീനാരായണഗുരു പല അത്ഭുതവിദ്യകളും പ്രയോഗിച്ചിട്ടുണ്ടെന്നു ചിലർ പറഞ്ഞുകേട്ടിട്ടുണ്ടു്. എന്റെ അറിവിൽപ്പെട്ടിടത്തോളം അങ്ങനെ വിശ്വസിക്കാൻ വഴികാണുന്നില്ല. ഒരിക്കൽ ചാത്തന്റെ ഉപദ്രവം സഹിക്കവയ്യാതെ ഒരു മുസ്ലീം, സ്വാമിയുടെ അടുത്തുവന്നു സങ്കടം പറയുന്നതു കണ്ടു. സ്വാമിയുടെ ഒരു കത്തു കിട്ടിയാൽ ചാത്തന്റെ ശല്യം മാറുമെന്നായിരുന്നു അയാളുടെ ദൃഢവിശ്വാസം, പിന്നെ കത്തുകൊടുക്കാതെന്തുചെയ്യും! അയാളെ ഉപദ്രവിക്കരുതെന്നു പറഞ്ഞുകൊണ്ടു സ്വാമി ചാത്തനു ഒരു കത്തുകൊടുത്തു. പുരയ്ക്കു ചുറ്റും നടന്നു് അതു് ഉറക്കെ വായിക്കാനും പറഞ്ഞുവെന്നു തോന്നുന്നു. ഈ സമയമെല്ലാം ഞാൻ അത്ഭുതാധീനനായി അടുത്തു നിൽക്കുന്നുണ്ടായിരുന്നു. അയാൾ പോയ്ക്കഴിഞ്ഞപ്പോൾ, ചാത്തൻ എന്നൊന്നുണ്ടോ എന്നൊരു ചോദ്യം എന്നിൽ നിന്നു പുറപ്പെടാതിരുന്നില്ല. സ്വാമി അതിനു പറഞ്ഞ മറുപടി എന്താണെന്നോ! “പാവം, അവന്റെ വിശ്വാസം” എന്നുമാത്രം. ഈവക കാര്യങ്ങളെപ്പറ്റി സ്വാമിയോടു തുറന്നുചോദിക്കാൻ ആരും ധൈര്യപ്പെടാതിരുന്നതുകൊണ്ടാകാം, വെറും കേട്ടുകേൾവിയെ അവലംബിച്ചു പല വിശ്വാസങ്ങളും പ്രചരിച്ചുപോന്നതു്.
എന്റെ ഗുരു സ്മരണകൾക്കു പഞ്ചവത്സരകാലത്തെ ദൈർഘ്യമേ ഉള്ളൂ. ‘സംയോഗാഃ വിപ്രയോഗാന്താഃ’ എന്നതു് ഒരു ജീവിതസത്യമാണല്ലോ. എല്ലാത്തരം കൂടിച്ചേരലും വേർപാടിൽ അവസാനിക്കുന്നു. ആർക്കും തടുക്കാൻ വയ്യാത്ത ഒരവസ്ഥയാണിതു് പരസ്പരം വിളക്കിച്ചേർത്തിട്ടുള്ള എത്രയോ വേർപാടുകളുടെ ആകത്തുകയാണു് ജീവിതമെന്നു ഡിക്കൻസ് ഒരു കഥാപാത്രത്തെക്കൊണ്ടു പറയിക്കുന്നുണ്ടു്. 1928-ൽ ഞാൻ അദ്വൈതാശ്രമ സംസ്കൃത പാഠശാലയിലെ ജോലി രാജികൊടുത്തു് ആലുവാ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിച്ചേർന്നു. ഹൃദയത്തിൽ പലമുദ്രകളും പതിച്ച ആ വിദ്യാലയബന്ധം അങ്ങനെ അവസാനിച്ചു. അതിനു കുറെ മാസങ്ങൾക്കു മുമ്പുതന്നെ ശ്രീനാരായണഗുരു രോഗഗ്രസ്തനായിക്കഴിഞ്ഞിരുന്നു. രോഗാരംഭത്തിൽ ചികിത്സയ്ക്കായി അദ്ദേഹം ആലുവായിൽ നിന്നു് യാത്ര പുറപ്പെട്ട രംഗം ഒരിക്കലും മറക്കാൻ വയ്യ. അതു് ഒരന്ത്യയാത്രയായിത്തീരുമെന്നു് അന്നാരും വിചാരിച്ചില്ല. വണ്ടി കയറാൻ അടുത്തുള്ള റെയിൽവേസ്റ്റേഷനിലേക്കു് പുറപ്പെട്ടു് അല്പദൂരം നടന്നപ്പോൾ സ്വാമി പെട്ടെന്നു് തിരിഞ്ഞു നിന്നു്, പാഠശാലാകെട്ടിടത്തിലേയ്ക്കു നോക്കിക്കൊണ്ടു്, “ഇതെല്ലാം നടക്കുമോ? നടക്കും, നടക്കും” എന്നു പറയുകയുണ്ടായി. അപ്രതീക്ഷിതമായി അദ്ദേഹം അങ്ങനെ പറഞ്ഞതെന്തുകൊണ്ടാണെന്നോർത്തു ഞങ്ങളെല്ലാവരും അദ്ഭുതപ്പെട്ടു. ആ സ്ഥാപനത്തോടുള്ള അവസാനത്തെ വിട വാങ്ങലായിരുന്നു അതെന്നു് ഊഹിക്കാൻ ആർക്കും കഴിഞ്ഞില്ല. വണ്ടി സ്റ്റേഷൻ വിടുന്നതുവരെ ഞങ്ങൾ സ്വാമിയെത്തന്നെ നോക്കിക്കൊണ്ടുനിന്നു. അകാരണമായിട്ടെന്തോ ഒരു സങ്കടം എല്ലാവർക്കും തോന്നി. ആ യാത്രയോടുകൂടി ആലുവായ്ക്കു ഗുരുവിന്റെ സാന്നിദ്ധ്യം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. അദ്ദേഹം പിന്നെ തിരിച്ചുവരാനിടയായില്ല. പാലക്കാട്ടും മദ്രാസ്സിലും വച്ചു് നടത്തിയ ഏറെനാളത്തെ ചികിത്സകൊണ്ടും പ്രയോജനമില്ലെന്നു കണ്ടു ശിഷ്യന്മാർ അദ്ദേഹത്തെ വർക്കലയ്ക്കു തിരിച്ചുകൊണ്ടുപോകാൻ നിശ്ചയിച്ചു. വരുന്നവഴി എറണാകുളത്തു വിശ്രമിക്കാൻ ഒരു വലിയ ബംഗ്ലാവ് അവർ ഏർപ്പാടു ചെയ്തിരുന്നു. അവിടെ വച്ചാണു് ഞാൻ സ്വാമിയെ അവസാനമായി കണ്ടതു്. രോഗശയ്യയ്ക്കടുത്തുചെന്നുനിന്നു കൈകൂപ്പിയ എന്നെ ഒരു നോട്ടം കൊണ്ടനുഗ്രഹിക്കുവാനേ അദ്ദേഹത്തിനു കഴിവുണ്ടായിരുന്നുള്ളു. സംസാരിക്കാനുള്ള ശേഷിപോലും ഉണ്ടായിരുന്നില്ലെന്നു തോന്നി. വേദനസഹിക്കാതെ ഇടയ്ക്കിടയ്ക്കു ദീനസ്വരം പുറപ്പെടുവിച്ചും തല അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടിയുംകൊണ്ടാണു് അദ്ദേഹം കിടന്നിരുന്നതു്. അധികനേരം ആ കാഴ്ച കണ്ടു സഹിച്ചു നിൽക്കാൻ എനിക്കു കഴിഞ്ഞില്ല. അതുവരെ എന്നിലുണ്ടായിരുന്ന ആധ്യാത്മികമായ സകലവിശ്വാസങ്ങളും എന്തുകൊണ്ടോ തകർന്നു തരിപ്പണമാകുന്നതുപോലെ തോന്നി. ത്യാഗമൂർത്തികളായ മഹാത്മാക്കളുടെ വിശുദ്ധജീവിതം ഇങ്ങനെ രോഗത്തിലും വേദനയിലും കലാശിക്കുകയാണെങ്കിൽ, ഈ ലോകത്തിൽ ശാശ്വതമൂല്യമുള്ള എന്തെങ്കിലും ഉണ്ടോ എന്ന സംശയവും എന്നിലുദിച്ചു. ഏതായാലും ഏറ്റവും അസ്വസ്ഥമായ മനസ്സോടെയാണു് അന്നു ഞാൻ മടങ്ങിപ്പോന്നതു്. മനുഷ്യന്റെ പല സങ്കൽപങ്ങളും വിശ്വാസങ്ങളും തീരെ നിരർത്ഥകങ്ങളാകാം. എങ്കിലും അനുഭവം അവയ്ക്കെതിരായിത്തീരുമ്പോൾ മനസ്സു യുക്തിവിചാരത്തിനു വശംവദമാകാതെ അസ്വസ്ഥമാകുക സ്വാഭാവികമാണല്ലോ.
ശ്രീനാരായണഗുരുവിന്റെ സമാധിക്കുശേഷം കൊല്ലംതോറും ചതയ ദിനത്തിലോ സമാധിദിനത്തിലോ അദ്ദേഹത്തെപ്പറ്റി പ്രസംഗിക്കാൻ എനിക്കു് അവസരം ലഭിക്കാറുണ്ടു്. എന്നാൽ അധികമൊന്നും എഴുതുവാൻ ഇതുവരെ ഇടയായിട്ടില്ല. ‘വിവേകോദയം’ പത്രാധിപരുടെ സ്നേഹപൂർവമായ നിർബ്ബന്ധം ഇല്ലായിരുന്നെങ്കിൽ സ്വതേ ഉദാസീനനായ ഞാൻ ഈ സ്മരണകൾ പോലും എഴുതാതെപോകുമായിരുന്നു. ഒരു കടമ നിർവ്വഹിക്കാൻ ഇങ്ങനെ എന്നെ പ്രേരിപ്പിച്ചതിനു് ആ സുഹൃത്തിനോടു് കൃതജ്ഞത പറയേണ്ടതുണ്ടു്. ഇക്കഴിഞ്ഞ ചതയദിനത്തിൽ അഖിലേന്ത്യാറേഡിയോ പ്രക്ഷേപണം ചെയ്ത എന്റെ പ്രഭാഷണം സാനുവാദം ഇവിടെ ചേർത്തു കൊണ്ടു് ഈ ലേഖന പരമ്പര അവസാനിപ്പിക്കാം.
മതഗ്രന്ഥങ്ങൾക്കെന്നപോലെ, മഹാത്മാക്കളുടെ ജീവിത സന്ദേശങ്ങൾക്കും നിരീക്ഷണ സ്ഥാനഭേദംകൊണ്ടു ഭിന്നഭിന്ന വ്യാഖ്യാനങ്ങളുണ്ടാകുക സാധാരണമാണു്. ശ്രീനാരായണ സന്ദേശങ്ങളെ ദേശ കാലോചിതമായി വ്യാഖ്യാനിക്കയും വിലയിരുത്തുകയും ചെയ്യുക എന്നതു് ഇന്നത്തെ ഒരാവശ്യമാകുന്നു.
ഭാരതത്തിന്റെ നവോത്ഥാനത്തിനു് അപരിത്യാജ്യമായിത്തീർന്ന ഒരു കർമ്മ പരിപാടിയാണു് അധഃകൃതവർഗ്ഗോദ്ധാരണം. ആധുനികകാലത്തെ ധർമ്മ സ്ഥാപനത്തിനുള്ള മുഖ്യമാർഗ്ഗവും അതാകുന്നു. രാമമോഹൻറായ്, ദയാനന്ദസരസ്വതി, രാമകൃഷ്ണപരമഹംസൻ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ കർമ്മയോഗികൾ ജീവിച്ചതും പ്രവർത്തിച്ചതും ഈ ധർമ്മം പുനഃസ്ഥാപിക്കാൻ വേണ്ടിയാണു്. ശ്രീനാരായണഗുരുവും ഈ മാർഗ്ഗംതന്നെയാണു് പ്രധാനമായി അവലംബിച്ചതു്. യോഗിയും അദ്വൈതിയും ആയിരുന്ന ഈ മഹാപുരുഷൻ പല യതിവര്യരും ചെയ്യാറുള്ളതുപോലെ സ്വമോക്ഷത്തെ ലക്ഷ്യമാക്കി പ്രവൃത്തിരംഗത്തുനിന്നു നിവൃത്തനായില്ല എന്നതു് ഇവിടെ എടുത്തുപറയേണ്ടതുണ്ടു്. ഭാരതീയവേദാന്തത്തിന്റെ പരമലക്ഷ്യമായ മോക്ഷം വ്യക്തിയെ മാത്രം സംബന്ധിക്കുന്ന ഉദാത്തീകൃതമായ ഒരുതരം സ്വാർത്ഥതതന്നെയാകുന്നു. തപശ്ശക്തി സംഭരിച്ച എത്രയോ സന്ന്യാസിമാരുടെ കർമ്മശക്തി ഈ സ്വാർത്ഥത മൂലം സമൂഹത്തിനു പ്രയോജനപ്പെടാതെ പോയിട്ടുണ്ടു്. എന്നാൽ ശ്രീനാരായണഗുരുവാകട്ടെ, തപശ്ചര്യകൊണ്ടു വികസിച്ച സ്വകീയമായ വ്യക്തിമഹത്വത്തെ സമൂഹോന്നമനത്തിനായി വിനിയോഗിച്ചു. തന്റെ യോഗശക്തിയേയും ജ്ഞാനശക്തിയേയും അദ്ദേഹം ആദ്ധ്യാത്മിക മണ്ഡലത്തിൽ അടച്ചുപൂട്ടി സൂക്ഷിക്കാതെ ലൗകികതലത്തിലേയ്ക്കും പ്രസരിപ്പിച്ചു ബഹുലക്ഷം ജനങ്ങളുടെ അന്ധകാരജീവിതത്തിൽ പ്രകാശം പരത്തി അവരെ സ്വാതന്ത്ര്യബോധമുള്ള മനുഷ്യരാക്കി. നൂറ്റാണ്ടുകളായി ചവുട്ടിമെതിക്കപ്പെട്ടു കിടന്ന മനുഷ്യത്വത്തെ അദ്ദേഹം സമുദ്ധരിച്ചു. ജാതി പിശാചിനെ ഉച്ചാടനം ചെയ്തു കേരളീയരെ മനുഷ്യത്വം പഠിപ്പിച്ച ഏക ഗുരുനാഥനെന്നും ഈ ഋഷിവര്യനെ വിശേഷിപ്പിക്കാം. ജ്ഞാനസിദ്ധനും അതേസമയം കർമ്മസിദ്ധനുമായിരുന്നു അദ്ദേഹം. കർമ്മജ്ഞാനങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രായോഗികവേദാന്തത്തിനാണു് ഗുരു പ്രാധാന്യം കൽപ്പിച്ചതു്.
ഒരു സന്ന്യാസി രണ്ടു പ്രതിജ്ഞയെടുക്കുന്നു—ഒന്നു് സത്യം സാക്ഷാത്ക്കരിക്കാൻ, രണ്ടു്, ലോകത്തെ സഹായിക്കാൻ, എന്നു സ്വാമി വിവേകാനന്ദൻ ഒരിടത്തു പറഞ്ഞിട്ടുണ്ടു്. ശ്രീനാരായണഗുരുവും ഇതു തന്നെയാണു് ചെയ്തതു് അദ്ദേഹം സത്യം സാക്ഷാൽക്കരിച്ചു. അതിന്റെ വെളിച്ചത്തിൽ ലോകസേവനം നിർവ്വഹിച്ചു.
“അസക്തൊഹ്യാചരൻ കർമ്മ
പരമാപ്നോതി പൂരുഷഃ”
ഫലാപേക്ഷകൂടാതെ കർമ്മം ചെയ്യുന്നവൻ മോക്ഷത്തെ പ്രാപിക്കുന്നു—എന്ന ഗീതാതത്ത്വമായിരിക്കാം അദ്ദേഹം പ്രമാണമാക്കിയതു്.
“കൂർവ്വന്നേവേഹ കർമ്മാണി
ജിജീവിഷേച്ഛതം സമാഃ”
എന്ന ഉപനിഷദ്വാക്യത്തേയും ഉദാഹരിക്കുന്നുണ്ടു് അലോകസാമാന്യമായ ആ മഹജ്ജീവിതം. പ്രപഞ്ചത്തിന്റെ മിഥ്യത്വത്തിൽ ഭ്രമിച്ചു കർമ്മവിമുഖരായി അലസജീവിതം നയിക്കുന്ന ഇന്ത്യൻ സന്ന്യാസിമാർക്കു ശ്രീനാരായണന്റെ സേവനസമർപ്പിതമായ ജീവിതം മഹത്തായൊരു മാതൃകയാകേണ്ടതാണു്. എന്നാൽ അധഃകൃതവർഗ്ഗോദ്ധാരകൻ എന്നനിലയിൽ മാത്രമല്ല നാം അദ്ദേഹത്തെ കാണേണ്ടതു്. മനുഷ്യജാതിയെന്ന വിശ്വവിശാലമായ ആശയത്തിന്റെ പ്രഥമാവതാരകൻ, മതത്തേയും ദൈവത്തേയും അദ്വൈതദൃഷ്ട്യാ ഏകത്വത്തിൽ വിലയിപ്പിച്ച തത്ത്വദർശി, സഹസ്രാബ്ദങ്ങളായി നിലനിന്നു പോന്ന മൂഢാചാരപാരമ്പര്യത്തേയും അന്ധവിശ്വാസങ്ങളേയും ധീരതയോടെ ധ്വംസിച്ചു് സാമൂഹിക ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ച ഉത്പതിഷ്ണു, യുക്ത്യാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഏതു മതപ്രമാണത്തേയും തത്ത്വ സംഹിതയേയും നിശ്ശങ്കം നിരൂപണം ചെയ്ത സ്വതന്ത്രചിന്തകൻ എന്നീ വിവിധനിലകളിൽ ശ്രീനാരായണൻ ഒരപൂർവ്വാചാര്യനായി പ്രശോഭിച്ചിട്ടുണ്ടു്. ഇതര മതാചാര്യന്മാരെപ്പോലെ ആദ്ധ്യാത്മികതയേയും ഭാതികത്വത്തേയും വേർതിരിച്ചു നിർത്തി രണ്ടാമത്തേതിനെ തുച്ഛീകരിച്ചുകാണിപ്പാൻ അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല. രണ്ടും ജീവിതത്തിന്റെ അവിഭക്തഘടകങ്ങളും സമപ്രധാനങ്ങളുമാണെന്ന തത്ത്വമാണു് ഗുരു ദർശിച്ചിരുന്നതു്. മാത്രമല്ല, “മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി” എന്ന സുപ്രസിദ്ധമായ ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണല്ലോ പ്രാധാന്യം. ആ നന്മയ്ക്കു മതം അത്യാവശ്യമല്ലെന്ന ധ്വനികൂടി അതിലുണ്ടു്. മറ്റു മതപ്രചാരകന്മാർ അവനവന്റെ മതമാകുന്ന പുഴയുടെ ആഴവും നീളവും അളന്നുകാണിച്ചു പ്രചാരണപ്പെരുമ്പറ മുഴക്കിയപ്പോൾ, ശ്രീനാരായണഗുരു ഹിന്ദുമതത്തെപ്പറ്റി ഒരക്ഷരവും പറയാതെ എല്ലാ മതനദികളും ചെന്നുചേരുന്ന മഹാസമുദ്രത്തെപ്പറ്റിയാണു് സംസാരിച്ചതെന്ന സംഗതി ഏറ്റവും അർത്ഥവത്താകുന്നു. വാസ്തവത്തിൽ മതാതീതനായ ഒരു തത്ത്വജ്ഞാനിയായിരുന്നു അദ്ദേഹം.
“പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തിപറഞ്ഞു പാമരന്മാ-
രലയുവതോർത്തലയാതിരുന്നിടേണം.”
എന്ന ഉപദേശത്തിലെ അന്ധഗജന്യായംകൊണ്ടു് അദ്ദേഹം മതഭേദങ്ങളെ കളിയാക്കുകകൂടി ചെയ്യുന്നുണ്ടു്. “ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യനു്” എന്ന ശ്രീനാരായണസന്ദേശം എക്കാലത്തും ഏതു രാജ്യത്തും വിലപ്പോകുന്നതും ഏതു സമുദായത്തിന്റേയും സാംസ്കാരികവികസനത്തിനു് അത്യന്തം ഉപകരിക്കുന്നതുമായ ഒരു വിശിഷ്ടാശയമാണു്. ഭൂമുഖത്തെ വികൃതമാക്കുന്ന സമസ്തജാതിമതവർഗ്ഗഭേദങ്ങളും അസ്തമിച്ചു കേവലമായ മനുഷ്യത്വത്തിന്റെ സർവ്വാശ്ലേഷിയായ മനോഹരരൂപം ആ സന്ദേശത്തിൽ പൊന്തിവരുന്നു. ഭേദങ്ങളസ്തമിച്ചാൽ, സാധാരണാർത്ഥത്തിൽ നിലവിലുള്ള മതങ്ങളെല്ലാം ഇല്ലാതാകുമല്ലോ. അപ്പോൾ പിന്നെ ജാതികൾക്കും ബഹുവിധദൈവങ്ങൾക്കും നിൽക്കക്കള്ളിയുണ്ടാകില്ല. അന്താരാഷ്ട്രീയമേഖലയിൽ ഇന്നു രൂപംപൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകമെന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുതസന്ദേശത്തെ പരിഗണിക്കാം. ഒരു പ്രത്യേക മതത്തെ ആസ്പദമാക്കി ശ്രീനാരായണഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അതു പാമരഭൂരിപക്ഷമുള്ള അധഃസ്ഥിത സമുദായങ്ങളെ പടിപടിയായി ഉയർത്തിക്കൊണ്ടുവരുന്നതിനാവശ്യമായ ഒരു തൽക്കാലോപാധിമാത്രമായിരുന്നു. ക്ഷേത്രങ്ങൾ ഇനി ആവശ്യമില്ലെന്നും തത്സ്ഥാനത്തു വിദ്യാഭ്യാസസ്ഥാപനങ്ങളോ തൊഴിൽശാലകളോ ആണു് വേണ്ടതെന്നും അദ്ദേഹം അനന്തരകാലത്തു തുറന്നുപറഞ്ഞിട്ടുണ്ടു്. ഗുരു ഒടുവിൽ നടത്തിയ കണ്ണാടിപ്രതിഷ്ഠയോ? മനുഷ്യന്റെ ധ്യാനലക്ഷ്യം മനുഷ്യൻതന്നെയാണെന്നും അവന്റെ അന്തഃശക്തിയുടെ വികാസമാണാവശ്യമെന്നും ഉള്ള വസ്തുതയല്ലേ അതു വെളിപ്പെടുത്തുന്നതു്?
ശ്രീനാരായണന്റെ ക്ഷേത്രപ്രതിഷ്ഠയ്ക്കു കാലത്തിനൊത്ത വേറൊരർത്ഥം കൂടിയുണ്ടെന്നോർക്കണം. എത്ര വെട്ടിയാലും മുറിഞ്ഞുപോകാതെ ഭാരതത്തിൽ വേരുറച്ചുപോയ ബ്രാഹ്മണപൗരോഹിത്യത്തിന്റെ നേരെ ഉഗ്രംപശ്യനായി അദ്ദേഹം നടത്തിയ ഒരു വെല്ലുവിളിയാണതു്. വൈദികസ്ഥാനങ്ങളിൽ നിന്നു ചോദ്യം പുറപ്പെട്ടപ്പോൾ, താൻ ഈഴവശിവനേയാണു് പ്രതിഷ്ഠിച്ചതെന്ന പ്രത്യുത്തരം ദൂരവ്യാപകമായ ഒരാശയവിപ്ലവത്തിന്റെ ഗംഭീരശംഖധ്വനിയായിരുന്നു. അതിലെ നിശിതമായ ഹാസ്യം യാഥാസ്ഥിതികരെ നിശ്ശബ്ദരാക്കാൻ പര്യാപ്തമാവുകയും ചെയ്തു.
സാർവ്വലൗകികത്വം (universality) ശ്രീനാരായണോപദേശങ്ങളുടെ ഒരു പ്രത്യേകതയാണു്. ചക്രവാളംപോലെ, അടുക്കുന്തോറും അവ കൂടുതൽ അർത്ഥവിസ്തൃതമാകും. യാതൊരു സംശയവും കൂടാതെ ആർക്കും മനസ്സിലാകത്തക്കവിധം ഏറ്റവും ലളിതമായ ഭാഷയിലാണു് അവ രചിതമായിരിക്കുന്നതു്. അതേസമയം, സൂത്രവാക്യ സദൃശമായ അർത്ഥഗാംഭീര്യവും അവയിൽ കാണാം. താൻ പറയുന്നതു പാമരജനങ്ങളുടെ ഉള്ളിലും കുറിക്കുകൊള്ളണമെന്നു ഗുരു കരുതിയിരുന്നു. സ്വതേ മൗനിയായിരുന്നെങ്കിലും അൽപ്പഭാഷണംകൊണ്ടു ശ്രോതാക്കൾക്കു സംശയനിവൃത്തിവരുത്താൻ അദ്ദേഹം അതിവിദഗ്ദ്ധനുമായിരുന്നു. ചിലപ്പോൾ ലളിതോദാഹരണങ്ങളിൽ കൂടിയായിരിക്കും ആശയാവിഷ്ക്കരണം. “ജാതി ഒന്നാണെന്നതിനു തെളിവൊന്നും വേണ്ടല്ലോ. ഒരു പട്ടി വേറൊരു പട്ടിയെ കണ്ടാൽ അതിന്റെ സ്വന്തം ജാതിയാണെന്നു മനസ്സിലാക്കുന്നു. എല്ലാ മൃഗങ്ങൾക്കും ഈ വകതിരിവുണ്ടു്. അതനുസരിച്ചു ജീവിക്കുന്നുമുണ്ടു്. മനുഷ്യർക്കു മാത്രം സംശയം, സ്വന്തം ജാതി തിരിച്ചറിയാനുള്ള ശക്തിയില്ല. മൃഗങ്ങളേക്കാളും മോശം” ഈ സംഭാഷണത്തിൽ ഉദ്ദിഷ്ടമായ ആശയം എത്ത ഊക്കോടെ നമ്മുടെ മനസ്സിൽ തറച്ചുകയറുന്നുണ്ടെന്നു നോക്കുക.
തീർത്ഥാടകർ രുദ്രാക്ഷം ധരിക്കണോ എന്ന ചോദ്യത്തിനു് “വേണ്ടാ; രുദ്രാക്ഷം അരച്ചു പച്ചവെള്ളത്തിൽ കുടിക്കുന്നതു നന്നായിരിക്കും; ഗുണമുണ്ടാകാതിരിക്കില്ല” എന്ന നർമ്മരസം കലർന്ന മറുപടി അത്തരം വേഷവിധാനങ്ങളുടെ നിരർത്ഥകതയെ വെളിപ്പെടുത്തുന്നു.
ശവം സംസ്കരിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനു കൊടുത്ത ഉത്തരം ഇവയേക്കാളേറെ രസാവഹമായിട്ടുണ്ടു് ശവം “ചക്കിലിട്ടാട്ടിയെടുത്താൽ വളമായിട്ടുപയോഗിക്കാമല്ലോ” എന്നാണു് അദ്ദേഹം പറഞ്ഞതു്. ഇന്നും നമ്മുടെയിടയിൽ നടമാടുന്ന ശവസംബന്ധിയായ അന്ധചാര വിശ്വാസങ്ങളുടേയെല്ലാം തലയ്ക്കടിച്ച കനത്തൊരടിയാണതെന്നു പറയേണ്ടതില്ലല്ലോ. ഗുരുവിന്റെ അന്യാദൃശമായ ഉത്പതിഷ്ണുത്വമാണു് ഈ ദൃശ വചനങ്ങളിൽ പ്രതിഫലിക്കുന്നതു്.
അദ്വൈതസിദ്ധാന്തത്തിലെ പൂർവ്വാചാര്യന്മാരെപ്പോലും സ്വതന്ത്രമായി വിമർശിക്കുവാൻ ശ്രീനാരായണൻ ശങ്കിച്ചിരുന്നില്ല. ബ്രഹ്മസൂത്രത്തിലെ അപശുദ്രാധികരണത്തിന്റെ ശാങ്കരഭാഷ്യം യുക്തിക്കും നീതിക്കും വിരുദ്ധമാകയാൽ സ്വീകാര്യമല്ലെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടു്
അദ്വൈതതത്ത്വം വിശദീകരിക്കുന്ന ചില ലഘുകൃതികൾ ഗുരുവിന്റെ വകയായിട്ടുണ്ടെങ്കിലും വേദാന്തം പഠിപ്പിക്കുവാൻ പ്രത്യേകിച്ചൊരു സ്ഥാപനവും അദ്ദേഹം ഏർപ്പെടുത്തിയില്ല. വേദാന്തം ഇന്ത്യയ്ക്കു് ആവശ്യത്തിലധികം ഉണ്ടെന്നും അതറിയാത്തതുകൊണ്ടുള്ള കുഴപ്പമല്ല ഈ രാജ്യത്തെ ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം കണ്ടറിഞ്ഞിരുന്നു. സംസ്കൃതം മുഖ്യ വിഷയമാക്കിക്കൊണ്ടു നവീനരീതിയിലുള്ള ചില പാഠശാലകളാണു് അദ്ദേഹം സ്ഥാപിച്ചതു്. വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിതശുദ്ധി ഇതൊക്കെയാണു് അധഃസ്ഥിതസമുദായങ്ങൾക്കു വേണ്ടതെന്നു ഗുരു കൂടെക്കൂടെ പറഞ്ഞിരുന്നു. ഇങ്ങനെ നാനാപ്രകാരേണ ആദർശശാലിതയും പ്രായോഗികബുദ്ധിയും ഇണങ്ങിച്ചേർന്നിരുന്ന ഒരു യുഗാചാര്യനായിരുന്നു ശ്രീനാരായണൻ. കേരളത്തെ ജാതിപ്പാതാളത്തിൽ നിന്നു് ഉയർത്തി അതിന്റെ ഭ്രാന്താലയത്വം നിശ്ശേഷം നീക്കംചെയ്തുവെന്നതുകൊണ്ടുതന്നെ അദ്ദേഹം നമുക്കെല്ലാവർക്കും പ്രാതഃസ്മരണീയനാകുന്നു. ആ മഹച്ചരിതവും മഹാസൂക്തങ്ങളും ഭാവിതലമുറകൾക്കും പ്രചോദനം നൽകുമാറാകട്ടെ.
—സ്മരണമഞ്ജരി.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, ക്രേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971