കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാം കേട്ടു വരുന്ന രണ്ടുപേരുകളാണു് ബൊമ്മനും ബെല്ലിയും. ഇവരുടെ പേരിനോടൊപ്പം രഘുവും അമ്മുക്കുട്ടിയും കൂടി ചേരുമ്പോൾ പൂർത്തിയാകുന്നു. 95-ാം അക്കാദമി അവാർഡിന്റെ നിറവിൽ സമ്മാനാർഹമായി നിൽക്കുന്ന ഇന്ത്യൻ ചലച്ചിത്ര പരിസരത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഹ്രസ്വ ഡോക്യുമെന്ററിയാണു് ദി എലിഫന്റ് വിസ്പറേഴ്സ്.

2022-ലെ തമിഴ് ഭാഷാ ഹ്രസ്വ ഡോക്യുമെന്ററി ചിത്രമായി ഇതെത്തുമ്പോൾ ഡോക്യുമെന്ററി ഫിലിം മേക്കർ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഹ്രസ്വ ഡോക്യുമെന്ററി എന്ന പ്രത്യേകതകൂടി ഇതിനുണ്ടു്. “കാട്ടുനായകർ എന്നാൽ കാടിന്റെ അധിപതികൾ അഥവാ രാജാക്കൾ എന്നതാണു്.” ഇപ്രകാരം പറഞ്ഞു തുടങ്ങുന്ന ഡോക്യുമെന്ററി മുക്കാൽ മണിക്കൂറോളം കാടിന്റെ വശ്യമായ സൗന്ദര്യത്തെ നമ്മുടെ മുന്നിലേക്കു് എത്തിക്കുന്നു. ഓരോ ഫ്രെയിമിലും കാനനഭംഗി വരച്ചുകാട്ടുകയും കാടിനോടു് ഇഴുകിച്ചേർന്ന ചില ജീവിതങ്ങളിലൂടെ കഥ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടു്.

സിഖ്യ എന്റർടൈമന്റിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ രഘുവെന്ന ആനയെയും അവനെ പരിചരിക്കുന്ന വൃദ്ധ ദമ്പതികളെയും, അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെയും നേർസാക്ഷ്യങ്ങൾ വരച്ചുകാട്ടുന്നു. ഇവരോടൊപ്പം അമ്മുക്കുട്ടി എന്ന കുട്ടിപിടിയാന കൂടി ചേരുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത തീവ്രമായ ഒരു വികാരം അനുവാചകരിൽ ഉണ്ടാവുന്നുണ്ടു്. മോയാർ നദിയും തെപ്പക്കാടു്, മുതുമല നാഷണൽ പാർക്കും ‘ദി എലിഫന്റ് വിസ്പറേഴ്സിന്റെ’ കഥാപശ്ചാത്തലമായി എത്തുന്നതോടെ ഡോക്യുമെന്ററി മറ്റൊരു അനുഭൂതിയായി മാറുന്നു. അവശനും അനാഥനുമായി 2017 മേയ് 6-നു് 11 മാസം മാത്രം പ്രായമുള്ളപ്പോൾ കൃഷ്ണഗിരി ഹൊസൂർ കാട്ടിൽ നിന്നു് അമ്മയെ പിരിഞ്ഞ നിലയിൽ കണ്ടെത്തിയ രഘു എന്ന ആനക്കുട്ടിയെ ബൊമ്മനും ബെല്ലിയും പരിപാലിക്കുന്നതാണു് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. മരിച്ചുപോകും എന്നു് എല്ലാവരും പറഞ്ഞ ഈ ആനക്കുട്ടിയെ ദമ്പതികൾ അവരുടെ സ്നേഹത്തിൽ ചാലിച്ച പരിശ്രമത്തിലൂടെ, പരിപാലനത്തിലൂടെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിനെ മികച്ച ദൃശ്യാവിഷ്കാരത്തിലൂടെ ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നു. ‘ആനയുടെ അമ്മയായി’ ബെല്ലിയും അച്ഛനായി ബൊമ്മനും മാറുന്നു. ഡോക്യുമെന്ററിയിൽ ഒരിടത്തു തന്നെ ആനയുടെ അമ്മയായി വിളിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു ബെല്ലി പറയുന്നുണ്ടു്. ജീവിതത്തിൽ പലതും നഷ്ടപ്പെട്ട രണ്ടു ജീവിതങ്ങൾ ഗജപരിപാലനത്തിലൂടെ മറ്റൊരു ജീവിതപാത തുറക്കുകയാണിവിടെ. ആനയെ ദൈവതുല്യമായി കണക്കാക്കുന്ന ഒരു ഗോത്രവർഗ്ഗവും അവരുടെ കുടുംബ പരിസരങ്ങളും ഈ ചിത്രത്തിൽ സ്പർശിക്കുന്നുണ്ടു്.
ആന പുനരധിവാസകേന്ദ്രത്തിന്റെ സ്ഥിരം ശൈലികളിൽ നിന്നുമാറി സ്നേഹത്തിന്റെ ചങ്ങല കൊണ്ടു് ബന്ധിച്ചു് ‘ചട്ടം’ പഠിപ്പിക്കുന്നതു് നമുക്കിവിടെ കാണാം. ഒരുപക്ഷേ, മേൽപ്പറഞ്ഞ ചട്ടം എന്ന വാക്കു് നമ്മെ ഓർമ്മിപ്പിക്കുന്നതു് ക്യാമ്പുകളിലെ അതിഭയങ്കരമായ മെരുക്കൽ രീതികളെയായിരിക്കാം. എന്നാൽ ചിത്രത്തിൽ എവിടെയും ഈ പറഞ്ഞ ചട്ടം കെട്ടൽ പ്രകടമല്ല. പ്രാദേശിക തമിഴിന്റെ തനിമയോടെ ചിത്രം സഞ്ചരിക്കുമ്പോൾ, അതിലേക്കു് ഗ്രാമവാസികളും ബെല്ലിയുടെ കൊച്ചുമകളും ആനകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം കുട്ടികളും കടന്നുവരുന്നുണ്ടു്.
വർത്തമാനകാലത്തു് ഉത്സവപ്പറമ്പുകളിലും മറ്റു് ആഘോഷങ്ങളിലും ചങ്ങലയിൽ ബന്ധിതമായ ദൈവ സങ്കൽപ്പത്തെ ഈ ചിത്രം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. പാപ്പാന്മാരുടെ ക്രൂരതയിൽ അന്ധരാക്കപ്പെടുന്ന കരിവീരന്മാരെ സ്മരിക്കാതെ ഈ കഥ കണ്ടു തീർക്കാൻ നമ്മെക്കൊണ്ടാവില്ല.

ദേഹമാസകലം മുറിവുകളുമായി വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്ന കുട്ടിയാനയെ രഘു എന്ന പേരിട്ടു ബൊമ്മൻ വളർത്താൻ ഒരുങ്ങുന്നു. ജീവിതത്തിൽ ദുഃഖങ്ങൾ മാത്രം പേറുന്ന ഈ ദമ്പതികൾക്കു് ആശ്വാസമായി രഘു മാറുന്നു. അവരുടെ ആ കുടുംബത്തിലേക്കു് അമ്മുക്കുട്ടി എന്ന മറ്റൊരു കുട്ടിയാന കൂടി എത്തുമ്പോൾ ഇവർക്കു് ആരൊക്കെയോ തങ്ങളുടെ കൂടെയുണ്ടെന്നബോധ്യവും ഇവർക്കുണ്ടാകുന്നു. ബൊമ്മൻ തന്നെ പറയുന്നുണ്ടു് ‘രഘുവും അമ്മുക്കുട്ടിയും തന്റെ മക്കളാണെന്നു്’. ‘അവരൊരു കുടുംബമാണെന്നു്’. നിഷ്കളങ്കമായ സ്നേഹത്തിന്റെ പ്രതീകമായി ഈ ചെറു കുടുംബം മാറുന്നതായി കാണാം.
ഈ ഡോക്യുമെന്ററിയിൽ സംഭാഷണങ്ങൾ തീരെ കുറവാണു്. എന്നാൽ മനുഷ്യരെ കൂടാതെ മറ്റു ജീവികളും സംസാരിക്കുന്നതായി നമുക്കിൽ കാണാം. കുട്ടിത്തം വിടാത്ത ആനകളുടെ ചിന്നം വിളികളും, അവരുടെ കുസൃതികളും സിനിമാറ്റിക് വിഷ്വൽസായി നമുക്കിവിടെ അനുഭവപ്പെടുന്നു. ആനകളെ കൂടാതെ ഇടയ്ക്കിടയ്ക്കു് അതിഥി കഥാപാത്രങ്ങളായിയെത്തുന്ന കുരങ്ങനും, കാട്ടുപന്നിയും പുള്ളിപ്പുലിയും കരടിയും മാനുകളും വിവിധതരം പക്ഷികളും ഉല്ലാസത്തിന്റെ ഒരു ദൃശ്യാവിഷ്കാരം നമ്മുടെ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്നുണ്ടു്.
ഏകദേശം അഞ്ചുവർഷം മുമ്പാണു് കാർത്തികി ഇവരുടെ ഈ ജീവിതം പകർത്താൻ മുതുമലയിലെത്തുന്നതു്. റാഗിയും ശർക്കരയും പാലും കൊണ്ടു് ആനക്കുട്ടികളെ ഊട്ടുമ്പോൾ സ്നേഹത്തിന്റെ നറുതരി കൂടി അവർ അതിൽ ചേർക്കുന്നുണ്ടെന്നു നമുക്കു മനസ്സിലാക്കാം. ഡോക്യുമെന്ററി അവസാനിക്കാറാകുമ്പോൾ രഘുവിനെ വേർപിരിയുന്ന ഈ ദമ്പതികളുടെ മനസ്സിൽ ഉണ്ടാകുന്ന ആഘാതം പ്രേക്ഷകരിലേക്കും ഒരു ചെറുനോവായി പടരുന്നതായി കാണാം. സഹോദരൻ നഷ്ടപ്പെട്ട അമ്മുക്കുട്ടിയെയും നമുക്കു മറക്കാൻ കഴിയില്ല. മുറിവുപറ്റിയും ആനക്കൂട്ടത്താൽ ഉപേക്ഷിക്കപ്പെട്ടും മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടുമെല്ലാം നാട്ടിലെത്തുന്ന കാട്ടാനക്കുട്ടികളെ പരിപാലിക്കുന്ന ബൊമ്മനും ബെല്ലിയും മറ്റു കൂട്ടുകാരും ഡോക്യുമെന്ററി ചിത്രത്തിലൂടെ നമ്മളിലേക്കു് എത്തപ്പെടുന്നു.
ദി എലിഫന്റ് വിസ്പറേഴ്സ് എന്ന പേരിൽതന്നെ ലോകപ്രശസ്തമായ ലോറൻസ് ആന്റണിയുടെ ഒരു രചനയുണ്ടു്. അവിടെയും ആനകളുടെ ഈ മന്ത്രണങ്ങൾ പ്രകടമാണു്. “നമ്മളും നമ്മുടെ ഈ പ്രകൃതിലോകവും തമ്മിലുള്ള പവിത്രമായ ബന്ധത്തിനും, തദ്ദേശീയ സമൂഹങ്ങളോടുള്ള ബഹുമാനത്തിനും, മറ്റു ജീവജാലങ്ങളോടുള്ള സഹാനുഭൂതിയ്ക്കും ഇടം പങ്കിടുന്നതിനും ഒടുവിൽ സഹവർത്തിത്വത്തിനും വേണ്ടി സംസാരിക്കാനാണു് ഞാൻ ഇന്നു് ഇവിടെ നിൽക്കുന്നതു്,” കാർത്തികി ഗോൺസാൽവസ് തന്റെ അവാർഡ് സ്വീകരണ പ്രസംഗത്തിൽ ഇപ്രകാരം പറയുകയുണ്ടായി. എലിഫന്റ് വിസ്പറേഴ്സ്’ എന്നതു് ആനകളുമായി തലമുറകളായി ഇടപെട്ടു് ജോലി ചെയ്യുന്ന ആളുകളുടെ കഥകൂടിയാണു്. അവർ കാടിന്റെ ആവശ്യങ്ങളെക്കുറിച്ചു് തികച്ചും ബോധവാന്മാരാണു്.

ഡോക്യുമെന്ററിയിൽ കാട്ടിൽ നിന്നു വിഭവങ്ങൾ എടുക്കുന്നതിനെക്കുറിച്ചു് പറയുന്ന മനോഹരമായ ഒരു രംഗമുണ്ടു്. “ആവശ്യമുള്ളത്ര മാത്രമേ ഞങ്ങൾ കാടുകളിൽ നിന്നെടുക്കാറുള്ളു. അതുകൊണ്ടു് എല്ലാവർക്കും മതിയാകും”. ഈ പ്രസ്താവന വർത്തമാനകാല ലോകത്തോടുള്ള ആഹ്വാനമായി മാറുന്നു. നാം നമുക്കു് ആവശ്യമുള്ളതു മാത്രമാണോ കാടുകളിൽ നിന്നു് എടുക്കാറുള്ളതു്? നമ്മുടെ ആവശ്യങ്ങൾക്കു പരിധികളില്ല. രേഖ വരയ്ക്കേണ്ടതും മൃഗങ്ങൾക്കു് അർഹമായ ബഹുമാനം നൽകേണ്ടതും നമ്മുടെ ബാധ്യതയാണു് എന്നാൽ നാമതൊക്കെ മറക്കുന്നു.
മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണെന്നുള്ള തിരിച്ചറിവിലേക്കു് ഈ ഡോക്യുമെന്ററി നമ്മെ കൊണ്ടെത്തിക്കുന്നുണ്ടു്. വേർപിരിയാൻ കഴിയാത്ത ആത്മബന്ധത്തിന്റെ, സ്നേഹത്തിന്റെ പ്രതീകങ്ങളായി ബൊമ്മനും ബെല്ലിയും രഘുവും അമ്മുക്കുട്ടിയും ഇവിടെ മാറുന്നതോടൊപ്പം ചൂഷണത്തിനു വിധേയമായി നശിച്ചുകൊണ്ടിരിക്കുന്ന കാടുകൾക്കും സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി കത്തി വയ്ക്കപ്പെടുന്ന വന്യജീവികൾക്കും വേണ്ടി ഈ കഥ ശബ്ദിക്കുന്നു.
ആനയുടെ മന്ത്രണങ്ങൾ പ്രതിധ്വനിക്കുന്ന ഈ ഡോക്യുമെന്ററി തോട്ടികളും ചങ്ങലകളുമില്ലാത്ത, നെറ്റിപ്പട്ടത്തിന്റെ അമിതഭാരം പേറാത്ത, സ്നേഹത്തിന്റെ മാത്രം കഥ പറയുന്ന ഒരേടായി ആവശേഷിക്കുന്നു. അതോടൊപ്പം ബൊമ്മനും ബെല്ലിയും പിന്നെ കുറേ ജീവിതങ്ങളും പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്നു.

- https://indianexpress.com/article/ entertainment/entertainment-others/the-elephant-whisperer-wins-oscars-2023-best-documentary-short8485555/lite/
- https://www.indiatoday.in/trending-news/ story/the-elephant-whisperer-star-becomes-tourist-attraction-in-theppakadu-elephant-camp-after-oscarwin-2346350-2023-03-14
- https://www.goodreads.com/book/show/ 6375561-the-elephant-whisperer

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കടമാൻകോടു് എന്ന ഗ്രാമത്തിൽ ജനനം. സർക്കാർ കലാലയം നെടുമങ്ങാടു് നിന്നും മലയാളത്തിൽ ബിരുദം നേടി. നിലവിൽ കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ രണ്ടാംവർഷ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണു്.