കോവിഡിനെതിരെ വാക്സിനുകളുടെ വരവോടെ പാൻഡമിക്കിനെ “ഹേർഡ് ഇമ്യൂണിറ്റി യിലൂടെ” വേഗത്തിൽ തന്നെ മറികടക്കാമെന്നു് ലോകം പ്രതീക്ഷിക്കുകയാണു്. നിലവിൽ തന്നെ വിവിധ രാജ്യങ്ങളിലായി അടിയന്തിര ഉപയോഗത്തിനുള്ള (Emergerncy Use) അംഗീകാരം കിട്ടിയ എട്ടോളം തരത്തിലുള്ള വാക്സിനുകൾ പ്രയോഗത്തിൽ ഉപയോഗിച്ചു് കഴിഞ്ഞിട്ടുമുണ്ടു്. ഫൈസർ, മോഡേണ (അമേരിക്ക), ഓക്സ്ഫോർഡ്/കോവീഷീൽഡ് (ബ്രിട്ടൻ), സ്പൂട്ട് നിക്ക് (റഷ്യ), സിനോ വാക്ക്, സിനോ ഫാർമ (ചൈന), കോവാക്സിൻ (ഇന്ത്യ) എന്നിവയാണിവ.
ഈ നിരയിലേക്കു് ഈയാഴ്ച തന്നെ അമേരിക്കയിൽ എഫ് ഡി എയുടെ അംഗീകാരം കിട്ടി രണ്ടു് വാക്സിനുകളും കൂടി എത്തുമെന്നു് പ്രതീക്ഷിക്കുന്നു. നോവോ വാക്സ്, ജോൺസൺ ആന്റ് ജോൺസൺ എന്നി ഔഷധ കമ്പനികളുടേതാണിവ.
മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണത്തിലെ “എഫിക്കസി ” വിലയിരുത്തിയാണു് വാക്സിനുകൾക്കു് അംഗീകാരം നൽക്കുന്നതു്. ഇപ്പോഴുള്ളവയ്ക്കൊക്കെ 60 ശതമാനം തൊട്ടു് 95 ശതമാനം എഫിക്കസി ഉണ്ടു്. അതിനർത്ഥം പരീക്ഷണത്തിൽ പങ്കെടുത്ത ആളുകളിൽ നീരീക്ഷണ സമയ പരിധിക്കുള്ളിൽ വാക്സിൻ കിട്ടിയവരിൽ വാക്സിൻ ലഭിക്കാത്തവരെ അപേക്ഷിച്ചു് 60 തൊട്ടു് 95 ശതമാനം വരെ കോവിഡ് രോഗബാധ കുറവായിരുന്നു എന്നാണു്.
ഇതേ ഫലം തന്നെ പരീക്ഷണത്തിനു് പുറത്തു് സാധാരണ ജനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുമ്പോൾ ലഭിക്കണമെന്നില്ല. അതു് പോലെ വിവിധ രാജ്യങ്ങളിലും വിവിധ ജനവിഭാഗങ്ങളിലും എഫിക്കസിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരിക്കും. റിയൽ ലൈഫ് സാഹചര്യത്തിൽ രോഗം കുറക്കാനുള്ള വാക്സിന്റെ എഫക്ടീവ്നസ്സ് കുറേ പേർ ഉപയോഗിച്ച ശേഷമേ വിലയിരുത്താൻ പറ്റുകയുള്ളൂ. എന്നാലും ഇതിന്റെ ചില പ്രാഥമിക വിവരങ്ങൾ കോവിഡ് വാക്സിനുകൾ നേരത്തേ തന്നെ ജനങ്ങളിൽ വ്യാപകമായി നൽകപ്പെട്ട ഇസ്രായേലിൽ നിന്നു് ലഭിച്ചിട്ടുണ്ടു്. ഇവിടെയുള്ള വൈസ് മെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി ലെ ഇറാൻ സെഗലി ന്റെ (Eran Segel) നേതൃത്വത്തിൽ നടത്തപ്പെട്ട പഠനങ്ങളുടെ പ്രാഥമിക റിപ്പോർട്ടുകൾ പുറത്തു് വന്നിട്ടുണ്ടു്. ഇവിടെ രണ്ടു് ഡോസ് വാക്സിൻ നൽകിയതിനു് ശേഷം ആറു് ആഴ്ച കഴിഞ്ഞിട്ടുള്ള നിരീക്ഷണ ഫലങ്ങളാണു് ലഭ്യമായതു്.
ഇതു പ്രകാരം ഒരു താരതമ്യ പഠനത്തിൽ വാക്സിൻ ലഭിച്ചിട്ടുള്ള പതിമൂന്നായിരം ആരോഗ്യ പ്രവർത്തകരെ അപേക്ഷിച്ചു് വാക്സിൻ ലഭിക്കാത്ത മുപ്പത്തി മൂവായിരം ആരോഗ്യ പ്രവർത്തകരിൽ കോവിഡ് രോഗബാധ നിരക്കു് 53% കൂടുതലായിരുന്നു. അതിനർത്ഥം വാക്സിൻ ഉപയോഗം മൂലം പകുതിയിലധികം രോഗബാധ കുറക്കാൻ പറ്റി എന്നാണു്.
വാക്സിൻ പ്രയോഗത്തിൽ വന്നതിനു് ശേഷം ഇവിടെയുള്ള സാധാരണ ജനങ്ങളിൽ അറുപതിനു് മേൽ പ്രായമുള്ളവരിൽ കോവിഡ് രോഗബാധ നിരക്കു് മുൻമാസ ശരാശരിയേക്കാളും തൊണ്ണൂറു് ശതമാനവും ആശുപത്രി അഡ്മിഷൻ നിരക്കു് മുപ്പതു ശതമാനവും കുറഞ്ഞിട്ടുണ്ടു്.
മുപ്പതു് ശതമാനത്തിനും വാക്സിൻ ലഭിക്കപ്പെട്ട അറുപതു് വയസ്സിനു് താഴെയുള്ളവരിൽ രോഗബാധ 12%-വും ആശുപത്രി അഡ്മിഷൻ നിരക്കു് 5% കുറഞ്ഞിട്ടുണ്ടു്.
ഗ്രാമവാസികളെ അപേക്ഷിച്ചു് കൂടുതൽ വാക്സിനുകൾ ലഭിച്ച നഗരവാസികളിലാണു് രോഗബാധയും കൂടുതൽ കുറഞ്ഞിട്ടുള്ളതു് എന്നും കണ്ടിട്ടുണ്ടു്. നിഗമനങ്ങളിലെത്തുന്നതിനു് മുമ്പു് ജനുവരി തൊട്ടു് ഇവിടങ്ങളിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയതും പരിഗണിക്കണമെന്നു് ഗവേഷകർ ചൂണ്ടികാട്ടുന്നുണ്ടു്.
കോറോണ വൈറസുകളിലെ പ്രോട്ടിൻ സബ് യൂണിറ്റു കളെ വേർതിരിച്ചെടുത്തു് നാനോ പാർട്ടിക്കിളുകളുമായി ചേർത്തു്: protien subunit പ്ലാറ്റ്ഫോമിൽ നിർമ്മിച്ച വാക്സിൻ ആണിതു്. NVX-CoV 2373. നിർമ്മാണത്തിനു് വൈറസുകളെ നേരിട്ടു് കൈകാര്യം ചെയ്യാത്തതിനാൽ അധികം ബയോ സേഫ്റ്റി സുരക്ഷയില്ലാതെ തന്നെ കൈകാര്യം ചെയ്യാവുന്നതിനാലും എളുപ്പത്തിൽ കൂടുതൽ അളവു് നിർമ്മിക്കാൻ സാധ്യമാകുന്നതും ഇതിന്റെ മറ്റു് ഗുണങ്ങളാണു്. കുത്തിവെയ്പ്പായി രണ്ടു് ഡോസുകൾ നൽകേണ്ട ഈ വാക്സിനും 2 തൊട്ടു് 8 ഡിഗ്രി വരെ താപനിലയിൽ സൂക്ഷിക്കാവുന്നതുമാണു്.
പ്രതിരോധശേഷി കൂട്ടാനായി വാക്സിനിൽ അഡ്ജു വന്റ് ആയി മാട്രിക്സ്—എം എന്നൊരു വസ്തുവും ചേർത്തിട്ടുണ്ടു്. ഇതു് വാക്സിൻ ഘടകങ്ങളെ ശരീരകോശങ്ങളിലേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്താനും ആന്റി ബോഡി ഉത്പാദനം വർധിപ്പിക്കാനും സഹായിക്കും.
ബ്രിട്ടനിൽ പതിനെട്ടിനും എൺപത്തിനാലിനും ഇടക്കു് വയസ്സുള്ള പതിനഞ്ചായിരം പേരിൽ രണ്ടു് ഡോസ് വാക്സിൻ നൽകി നടത്തപ്പെട്ട പരീക്ഷണത്തിൽ 89.30% എഫിക്കസി കണ്ടെത്തിയിട്ടുണ്ടു്.
ഇവരിൽ മൂന്നിലൊന്നുപേരും 65 വയസ്സു് കഴിഞ്ഞവരായിരുന്നു.
പരീക്ഷണത്തിൽ പങ്കെടുത്തവരിൽ ഒരാഴ്ചക്കു് ശേഷം തൊട്ടു് നടത്തിയ തുടർ നിരീക്ഷണത്തിൽ 62 പേർക്കു് കോവിഡ് രോഗബാധയുണ്ടായി. ഇവരിൽ 56 പേർ പ്ലാസിബോ ഗ്രൂപ്പിലും 6 പേർ വാക്സിൻ ഗ്രൂപ്പിലുമായിരുന്നു. എഫിക്കസി 89.3% (75% തൊട്ടു് 95% വരെ). ഒരു ഗുരുതരമായ രോഗമുണ്ടായതും പ്ലാസിബോ ഗ്രൂപ്പിലുണ്ടായിരുന്ന ആൾക്കായിരുന്നു. കൂടാതെ യു കെ വേരിയന്റ് മ്യൂട്ടേഷൻ നടന്ന രോഗികളിലും ഇതു് 86% സുരക്ഷ നൽകുന്നതായി കണ്ടിട്ടുണ്ടു്.
ദക്ഷിണാഫ്രിക്കയിൽ നാലായിരത്തിനാനൂറു് പേരിൽ നടത്തപ്പെട്ട നോവാ വാക്സിന്റെ പരീക്ഷണത്തിൽ ഇതിന്റെ എഫിക്കസി 60% മാണു്. (20 തൊട്ടു് 80% വരെ) നിരീക്ഷണ ഘട്ടത്തിൽ ആകെയുണ്ടായ 44 കോവിഡ് രോഗികളിൽ പതിനഞ്ചു് പേർ വാക്സിൻ ഗ്രൂപ്പിലും 29 പേർ പ്ലാസിബോ ഗ്രൂപ്പിലുമായിരുന്നു.
ആകെയുണ്ടായ കോവിഡ് രോഗികളിൽ 27 എണ്ണവും (90%) മ്യൂട്ടേഷൻ സംഭവിച്ച South African variant 501.V2 ആയിരുന്നു. ഇത്തരം വൈറസ് രോഗബാധയിൽ വാക്സിന്റെ ഫലപ്രാപ്തി 50–60% വരെ ഉണ്ടായിരുന്നു.
പ്രോട്ടിൻ സബ് യൂനിറ്റ് വാക്സിൻ ആയതിനാൽ മനുഷ്യരിലെ വൈറസ് പ്രവേശിക്കുന്ന മൂക്കിലെ സ്തരങ്ങളിൽ വെച്ചു് തന്നെ വൈറസിന്റെ പെരുകൽ തടയുന്നതിനാൽ ഈ വാക്സിൻ ഒരാളിലെ വൈറസ് ബാധയും, മറ്റൊരാളിലേക്കുള്ള പകർച്ചയും തടയുന്നതിനാൽ രോഗബാധയോടൊപ്പം വ്യാപനവും കുറയ്ക്കുന്നതാണു്.
പാർശ്വഫലങ്ങളായി കുത്തിവെച്ച സ്ഥലത്തു് വേദനയും ചുവപ്പു് നിറവും തലവേദനയും ശരീരവേദനയും മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഇന്ത്യയിലെ സിറം ഇൻസ്റ്റിസ്റ്റ്യൂട്ടിനു് നോവാ വാക്സിന്റെ നിർമ്മാണ അനുമതി ലഭിച്ചിട്ടുള്ളതാണു്…
അമേരിക്കയിലും മെക്സിക്കോയിലുമായി പതിനാറായിരം പേരിൽ ഇതിന്റെ മറ്റൊരു പരീക്ഷണം നടന്നു വരുന്നുണ്ടു്. ബ്രിട്ടനിലേക്കു് ഇതിന്റെ 6 കോടി ഡോസിനു് ഓർഡർ നൽകിക്കഴിഞ്ഞിട്ടുണ്ടു്.
ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ സബ്സിഡിയായ Janssen Biotech എന്ന ഔഷധ ഗവേഷണ സ്ഥാപനമാണു് ഇതു് വികസിപ്പിച്ചതു്.
സ്പൂട്ട് നിക്ക് വാക്സിനെ പോലെത്തന്നെ മനുഷ്യരെ ബാധിക്കുന്ന ഹ്യൂമൻ അഡിനോവൈറസ് 26-നെ (Human adeno virus-Ad26) വാഹകരായി നിർമ്മിക്കപ്പെട്ട ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്സിൻ ആണിതു്. അമേരിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പതിനെട്ടു് വയസ്സിനു് മുകളിലുള്ള നാൽപ്പത്തിനാലായിരത്തോളം (44,000) പേരിൽ ഒരു ഡോസ് വീതം വാക്സിൻ നൽകി നിരീക്ഷിച്ചിട്ടാണു് പഠനം നടത്തിയതു്. ഇവരിൽ 45% സ്ത്രീകളും 41% ത്തോളം പേർ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ കോ മോർബിഡിറ്റി ഉള്ളവരും ആയിരുന്നു. പങ്കെടുക്കുന്നവരിൽ 30% പേരും 60 കഴിഞ്ഞവരുമായിരുന്നു. വാക്സിൻ നൽകിയതിനു് ശേഷം 28 ദിവസം തൊട്ടു് നടത്തിയ തുടർ നിരീക്ഷണത്തിൽ ഇവരിൽ ആകെ 468 പേർക്കു് രോഗബാധ ഉണ്ടായി. ഈ വാക്സിന്റെ എഫിക്കസി (Efficacy) അമേരിക്കയിൽ 72% വും ലാറ്റിൻ അമേരിക്കയിൽ 66% വും ആഫ്രിക്കയിൽ 57% വുമാണെന്നു് കണ്ടെത്തിയിട്ടുണ്ടു്. (വിവിധ രാജ്യങ്ങളിലെ ജനങ്ങളിൽ ഒരേ വാക്സിന്റെ ഫലം വ്യത്യസ്തമായിരിക്കുന്നതിനാലാണു് ഉപയോഗിക്കുന്നതിനു് മുമ്പേ ഒരോയിടത്തും അവിടത്തെ ജനങ്ങളിൽ പ്രത്യേകമായി പരീക്ഷണം നടത്തുന്നതു്) ഗുരുതരമായ കോവിഡ് ബാധ കുറക്കാൻ ഈ വാക്സിൻ 85% ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ടു്.
അനാഫൈലാക്സിസ് പോലുള്ള ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇല്ലാത്ത ഈ വാക്സിനും പനി പോലുള്ള ലഘുവായ പാർശ്വഫലങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
2 തൊട്ടു് 8 ഡിഗ്രി വരെ താപനിലയിൽ സാധാരണ റഫ്രിജറേറ്ററുകളിൽ ഈ വാക്സിൻ മൂന്നു് മാസത്തോളം സൂക്ഷിക്കാവുന്നതാണു്.
ഒറ്റ ഡോസ് കുത്തിവെപ്പു് മാത്രം ആവശ്യമായിട്ടുള്ള വാക്സിൻ വേണ്ട അളവു് കുറഞ്ഞതിനാലും കൂടുതൽ പേർക്കു് കുറച്ചു് സമയം കൊണ്ടു് നൽകാമെന്നതു് കൊണ്ടും രോഗനിയന്ത്രണത്തിനു് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ടു്.
ഇതിന്റെ തന്നെ 2 ഡോസ് നൽകിയിട്ടുള്ള പഠനങ്ങളും നടന്നു വരുന്നുണ്ടു്. ഇന്നത്തെ പാൻഡമിക് സാഹചര്യത്തിൽ സമ്പന്നമല്ലാത്ത രാജ്യങ്ങൾക്കു് ലാഭേച്ഛകൂടാതെ നിർമ്മാണ വിലയിൽ വാക്സിൻ നൽകാമെന്നു് ജെ & ജെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടു്.
ഈ വാക്സിനും ഫെബ്രുവരിയിൽ തന്നെ അടിയന്തിര അനുമതി കിട്ടുമെന്നു് പ്രതീക്ഷിക്കുന്നു.
കൂടുതൽ വാക്സിനുകൾ ലഭ്യമാകുമ്പോൾ രാജ്യങ്ങൾക്കു് ഫലപ്രദമായതു് തിരഞ്ഞെടുക്കാനും ആവശ്യമുള്ളവർക്കു് ലഭ്യമാക്കാനും പറ്റുന്നതാണു്.
പ്രൊഫെസ്സർ, കമ്മ്യൂണിറ്റി മെഡിസിൻ ആന്റ് എപിഡിമിയോളജി വിദഗ്ദ്ധൻ. ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോടു്.