പതിനേഴു വയസ്സുകാരനായ ഒരു പ്രീഡിഗ്രി വിദ്യാർത്ഥിയുടെ കണ്ണുകളായിരുന്നു എനിക്കപ്പോൾ.
എന്തിനേയും ഏതിനേയും നോക്കിക്കാണാനും ആഴത്തിൽ അറിയാനുമുള്ള പതിനേഴുകാരന്റെ കണ്ണുകൾ.
പള്ളിയും പട്ടക്കാരുമുള്ള ക്രിസ്ത്യൻ അന്തരീക്ഷത്തിൽ വളർന്നു വരുമ്പോഴും “ഇതാണോ ശരി? ഇതാണോ സത്യം?” എന്നൊക്കെയുള്ള ഒരു അന്തമില്ലായ്മ ഇളംമനസ്സിൽതന്നെ ഉരുവം കൊണ്ടിരുന്നു. അതിനു കാരണക്കാരൻ എയർഫോഴ്സ് ഓഫീസറായിരിക്കെ അപകടത്തിൽ രണ്ടു കണ്ണുകളും നഷ്ടപ്പെട്ട കുര്യൻ എന്ന എന്റെ അമ്മാവനായിരുന്നു.
ഇരുപത്തിയാറാം വയസ്സിൽ ഒരു ബോംബ് സ്ഫോടനത്തിൽ ഇരുകണ്ണുകളും നഷ്ടപ്പെടുകയും പിന്നീടുള്ള മുപ്പത്തിരണ്ടു് വർഷം തമസ്സിൻ തടവിലായിരുന്നിട്ടും ക്രിസ്തുവിന്റെ കാരുണ്യവും സഹനവും സ്വന്തം ജീവിതത്തിൽ പകർത്തിയ ആ സന്ന്യാസിവര്യൻ ആയിരുന്നു ഞങ്ങൾ കുട്ടികളുടെ ജീവിതവളർച്ചയിൽ പ്രകാശം പരത്തിയിരുന്ന അത്ഭുത വൃക്ഷം.
കാരുണ്യത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും ഈ വഴി എന്നിലെ പതിനേഴുകാരനെ കൊണ്ടെത്തിച്ചതു് സ്വാഭാവികമായും കമ്യൂണിസത്തിൽതന്നെ. ക്രിസ്തുവിന്റെ വഴിയും അതായിരുന്നല്ലോ എന്നാണു് ചിന്തിച്ചതു്. അങ്ങനെയാകാം ലോകം നന്നാക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ചേരാനും ലോകത്തെ മാറ്റിമറിക്കാനും തീരുമാനിക്കുന്നതു്(!) കാരണം മാനവികമായ ഒരു തത്ത്വശാസ്ത്രമായി കമ്യൂണിസം മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവിലാണു് കണ്ണുകൾ അങ്ങോട്ടു തിരിഞ്ഞതു്. പക്ഷേ, കമ്യൂണിസത്തിന്റെ ലേബലിലുള്ള പാർട്ടികളും മറ്റു രാഷ്ട്രീയപാർട്ടികളും തമ്മിൽ വലിയ വ്യത്യാസമൊന്നും പതിനേഴുകാരനു് കാണാൻ കഴിഞ്ഞില്ല. അപ്പോൾ ശരിയായ കമ്യൂണിസം ഏതാണു് എന്നതായി ചിന്ത. കാരുണ്യത്തിലേക്കുള്ള പാത സാഹസികത കൂടി ഉൾക്കൊള്ളുന്നതാണെന്നു് തിരിച്ചറിഞ്ഞപ്പോൾ നക്സലൈറ്റ് ആകാതെ തരമില്ലാതായി. അടിയന്തരാവസ്ഥയ്ക്കുശേഷം അതിനേക്കാൾ നല്ലൊരു തെരഞ്ഞെടുക്കൽ വേറെ ഇല്ലായിരുന്നല്ലോ.
പതിനാറു മുതൽ ഇരുപതു് വയസ്സുവരെയുള്ള കാലം ഏതൊരാൾക്കും ഒരു പരീക്ഷണകാലമാണു്… എങ്ങോട്ടു തിരിയണം, എന്താവണം, എങ്ങനെ വഴിതെറ്റണം, എങ്ങനെ വഴി തെറ്റാതെ പോകണം? അല്ലെങ്കിൽ ഏതു വഴി തെരഞ്ഞെടുക്കണം എന്ന ഈ സംത്രാസവേളയിൽ ഒരു ഗുരുനാഥനെ കിട്ടി, മധു മാസ്റ്റർ! അടിയന്തരാവസ്ഥയുടെ പീഡനക്കഥകളിലൂടെ ഹീറോ ആയിരുന്നു മാഷ്. പോരാത്തതിനു് അദ്ദേഹം നാടകക്കാരനുമാണു്. ആദ്യത്തെ കൂടിക്കാഴ്ചയിൽതന്നെ പതിനേഴുവയസ്സുകാരന്റെ കണ്ണിലെ അതുവരെയുണ്ടായിരുന്ന നാടകത്തിലെ കരടു് അദ്ദേഹം എടുത്തുകളഞ്ഞു. എന്നിലെ നടനെ, നാടകക്കാരനെ വാർത്തെടുക്കുന്നതിൽ അദ്ദേഹം ഗുരുവായി. ദിക്കറിയാതെ അലഞ്ഞിരുന്ന പതിനേഴുകാരന്റെ കണ്ണുകളെ അദ്ദേഹം വായനയുടെ പുതിയ ലോകത്തേക്കു് പറിച്ചു് നട്ടു. മാക്സിം ഗോർക്കിയും ഷോളോക്കോവും ടർജെനീവും ടോൾസ്റ്റോയിയും ചെക്കോവും ദസ്തെയ്വ്സ്കിയും നെരുദയും ബ്രെഹ്ത്തും ടാഗോറും സി. ജെ. തോമസും സി. എൻ. ശ്രീകണ്ഠൻ നായരും… ഇവരുടെയൊക്കെ വാക്കുകളുടെ ജ്വാലയിലൂടെ കടന്നുപോയപ്പോൾ കോളേജ് നാടകമത്സരത്തിലേക്കു് തട്ടിക്കൂട്ടു് നാടകങ്ങൾ എഴുതിയുണ്ടാക്കുന്ന, അതിലെ മികച്ച നടൻ എന്ന പേരുകേൾപ്പിക്കുന്ന എന്റെ അജ്ഞതയുടെ ചിറകുകൾ കരിഞ്ഞുപോയി.
മധു മാഷുടെ ‘പടയണി’ നാടകം കണ്ടതോടെ ഇനി മറ്റൊരു ഗുരു വേണ്ട എന്നു് തീരുമാനിക്കുകയും ചെയ്തു.
പവിത്രൻ എന്ന ചങ്ങാതി അപ്പോൾ വഴികാട്ടിയായി. അങ്ങനെ മധു മാസ്റ്ററുടെ ‘ചുടലക്കളം’ നാടകത്തിൽ ശ്രീബുദ്ധന്റെ വേഷം ധരിച്ചു പതിനേഴുകാരൻ അരങ്ങിലെത്തി.
പിന്നെയാണു് മാക്സിംഗോർക്കിയുടെ ‘അമ്മ’യിലെ പാവേലാകുന്നതു്. കൂടെ അഭിനയിക്കുന്നവരൊക്കെ പ്രഗത്ഭന്മാർ. ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാൻ. കോളേജ് ക്ലാസ്സ് കട്ട് ചെയ്തു കേരളത്തിലങ്ങോളമിങ്ങോളം ജനകീയ സാംസ്ക്കാരിക വേദി രൂപീകരണത്തിനു കാരണമായ ‘അമ്മ’ നാടകവുമായി അലച്ചിലായി പിന്നീടു്.
പതിനേഴുകാരന്റെ കണ്ണിൽ വസന്തത്തിന്റെ ഇടിമുഴങ്ങിയതിനു ശേഷമുള്ള ലോകമാണുണ്ടായിരുന്നതു്.
വിപ്ലവം അടുത്തെത്തി, അതിനാൽ എല്ലാവരും എസ്റ്റാബ്ലിഷ്മെന്റുകളോടു് എതിരായിരിക്കണം, എല്ലാവർക്കും കത്തുന്ന ചിന്തകൾ ഉള്ളിലുണ്ടെന്ന ഭാവം കൊണ്ടുനടക്കണം. രണ്ടാൾ കണ്ടുമുട്ടിയാൽ വിപ്ലവത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങൾ ചർച്ചചെയ്യാൻ തുടങ്ങണം. അഞ്ചു മിനിറ്റ് വെറുതെയിരിക്കാനോ തമാശപറയാനോ പൊട്ടിച്ചിരിക്കാനോ പ്രണയിക്കാനോ ആരെയും കിട്ടില്ല. അതൊന്നും പാടില്ലതാനും. തമാശ പറയുന്നെങ്കിൽ അതു് വർഗ്ഗപരമായതും പ്രത്യയശാസ്ത്രപരമായ നിലപാടിൽ നിന്നുകൊണ്ടുള്ള തമാശകൾ ആയിരിക്കുകയും വേണം (അങ്ങനെയും തമാശകളുണ്ടോ എന്നതു് തമാശയായി ഇപ്പോൾ ആരും ചോദിക്കരുതു്, ഞാൻ ചിരിച്ചുപോകും.) ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന വിപ്ലവത്തിനു കാതോർത്തു്, കുളിക്കാതെയും പല്ലു തേക്കാതെയും വസ്ത്രം മാറാതെയും മദ്യപിക്കാതെയും നേരംവണ്ണം ഭക്ഷണം കഴിക്കാതെയും എന്നാൽ പുസ്തകങ്ങളും മാസികകളും വായിച്ചും എല്ലാവരും ഒരുങ്ങിയിരുന്നു. ചാർമിനാർ അല്ലെങ്കിൽ ദിനേശ് ബീഡിയെങ്കിലും വലിച്ചില്ലെങ്കിൽ ചിന്തകൾ പുകഞ്ഞു പുറത്തു് വരാത്ത അവസ്ഥയുമായി പൊരുത്തപ്പെടാൻ പതിനേഴുകാരനും ശീലിച്ചു.
അങ്ങനെയുള്ള ഒരു സംഘത്തോടൊപ്പം ഒരു വാനിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നാടകവുമായി സഞ്ചരിച്ചു് ജനങ്ങളെ വിപ്ലവസജ്ജരാക്കുകയായിരുന്നു ലക്ഷ്യം. ദാരിദ്ര്യവും തൊഴിലില്ലായ്മയും വർഗ്ഗപരമായ വേർതിരിവും പ്രകടമായിരുന്നു അക്കാലത്തു്. ദരിദ്രരായിരുന്നു നാടകത്തിന്റെ സംഘാടകരും, ഞങ്ങൾ നാടകക്കാരും, എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ, പോരാത്തതിനു് രഹസ്യപ്പൊലീസിന്റെ നിരീക്ഷണങ്ങളും.
വിപ്ലവത്തിനുവേണ്ടിയുള്ള ചില്ലറ സഹനങ്ങളായി മാത്രമേ ഇതിനെയൊക്കെ കാണാവൂ എന്നു് മുതിർന്ന സഖാക്കൾ പറയും. പക്ഷേ, പതിനേഴുകാരനു് നല്ല വിശപ്പായിരുന്നു. താമസം, ഭക്ഷണം എന്നിവകൾ അതാതു് സ്ഥലത്തെ സംഘാടകരുടെ വീടുകളിലോ സ്കൂൾ കെട്ടിടങ്ങളിലോ ഏർപ്പാടു ചെയ്യുകയാണു് പതിവു്. അങ്ങനെയുള്ള ഒരു യാത്രയിൽ അന്നത്തെ മുഴുവൻ വിപ്ലവകാരികളുടേയും ഹീറോ ആയ, പൊലീസിനെ വെട്ടിച്ചു് നിരന്തരം യാത്ര ചെയ്തു പാർട്ടിപ്രവർത്തനം നടത്തുന്ന ‘പ്രപഞ്ചവും മനുഷ്യനും’ എന്ന ദാർശനിക കൃതി എഴുതിയ സാക്ഷാൽ കെ. വേണുവിന്റെ പുല്ലറ്റ് എന്ന സ്ഥലത്തു് ഞങ്ങൾ ‘അമ്മ’ നാടകം കളിക്കാനെത്തി. അദ്ദേഹം ഒളിവിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഞങ്ങൾക്കു് ഉച്ചഭക്ഷണവും വിശ്രമവും ഒരുക്കിയിരുന്നതു്. ഭക്ഷണം കഴിഞ്ഞാൽ ചർച്ചകളോ വാദപ്രതിവാദങ്ങളോ ആണു് കഴിച്ച ഭക്ഷണം ദഹിപ്പിക്കാനുള്ള മാർഗ്ഗമായി എല്ലാവരും കണ്ടിരുന്നതു്. ആർക്കാണു് ചർച്ചകളിൽ കൂടുതൽ ബുദ്ധി എന്നു് തെളിയിക്കാനായി ചിലരെങ്കിലും പരസ്പരം മത്സരിച്ച കാര്യം ഇപ്പോഴോർക്കുമ്പോൾ ചിരിവരും.
ഇതൊക്കെയാണെങ്കിലും എല്ലാത്തിലും—മണ്ടത്തരം പറയുന്നതിലടക്കം—നൂറു ശതമാനം ആത്മാർത്ഥത എല്ലാവരിലുമുണ്ടായിരുന്നു എന്നതു് നന്നായി ബോധിച്ചു. അങ്ങനെ ചർച്ചകളുടേയും വാദപ്രതിവാദങ്ങളുടേയും ബീഡിപ്പുകയുടേയും സമ്മിശ്രതയിൽ പതിനേഴുകാരൻ അന്തംവിട്ടു. സിനിമാപാട്ടു് വന്നുവീഴുന്നു. “താമസമെന്തേ വരുവാൻ…” പതിനേഴുകാരൻ അന്തംവിട്ടു. സിനിമാപാട്ടു് വിപ്ലവകാരികൾക്കു് അലർജിയോ പുച്ഛമോ ആയിരിക്കണം എന്നാണു് പഠിച്ചുവെച്ചിരിക്കുന്നതു്. ആർക്കാണു് ഇത്ര ധൈര്യം? അപ്പോൾ എല്ലാവരും അടക്കിപ്പിടിച്ച സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. “ജോയ് വന്നിട്ടുണ്ടു്…” ജോയിയോ? ഞാനല്ലാതെ ഇനിയും ഒരു ജോയിയോ? കണ്ണുകൾ പുറത്തെ വരാന്തയിലിട്ടിരിക്കുന്ന കസേരയിലേക്കു് നീണ്ടു ചെന്നു. നല്ല വീതിയുള്ള കരയുള്ള വെള്ള മുണ്ടെടുത്തു്, കള്ളികളുള്ള ഡിസൈനോടുകൂടിയ തേച്ചു വൃത്തിയാക്കിയ ഷർട്ടിന്റെ കൈകൾ പാതി തെറുത്തു വെച്ചു്, വൃത്തിയായി ക്ഷൗരം ചെയ്തു കട്ടിമീശ വെച്ചു്, ചുരുളൻമുടി മുന്നിലേക്കു് വീണുകിടക്കുന്ന നെറ്റിയും ഉന്മാദവും കനിവും ഒളിച്ചുകളി നടത്തുന്ന വലിയ കണ്ണുകളോടുകൂടിയ ഒരു സുന്ദരരൂപം. അതാണു് പതിനേഴുകാരന്റെ കണ്ണിൽപ്പതിഞ്ഞ നക്സലൈറ്റ് പ്രസ്ഥാനത്തിലെ ആദ്യത്തെ വൃത്തിയും വെടിപ്പുമുള്ള മനുഷ്യരൂപം—ടീയെൻ ജോയ്.
പിന്നീടു കേട്ടറിയുകയായിരുന്നു ടീയെൻ ജോയ് എന്ന വ്യക്തിയെപ്പറ്റി. അടിയന്തരാവസ്ഥക്കാലത്തു് പാർട്ടിയുടെ ജനറൽ സെക്രട്ടറി കെ. വേണുവടക്കമുള്ള നേതാക്കൾ ജയിലിൽ അടക്കപ്പെട്ടപ്പോൾ പാർട്ടിയുടെ പുനഃസംഘടനാ പ്രവർത്തനം നിർവഹിച്ചതു് ജോയിയായിരുന്നു. പൊലീസ് പീഡനം പിടിച്ചു് നിൽക്കാനാവില്ലെന്നു തുറന്നു പറഞ്ഞു സംഘടന വിട്ടുപോവുകയായിരുന്നുവത്രേ അദ്ദേഹം. ജനകീയ സാംസ്ക്കാരിക വേദി എന്ന സംഘടന പിറന്നപ്പോഴും സജീവമായിരുന്നപ്പോഴും ജോയിയെ ആ വഴിക്കൊന്നും കണ്ടിരുന്നില്ല എന്നു് ഞാനോർക്കട്ടെ. എന്നിരുന്നാലും പാർട്ടിപ്രവർത്തകരും അല്ലാത്തവരുമൊക്കെയായി തന്റെ അന്വേഷണാത്മകമായ ജീവിതവുമായി അദ്ദേഹം കൊടുങ്ങല്ലൂരിൽ തങ്ങി. അവിടെ അദേഹം ഒരു പൂച്ചെടി നട്ടു, സൂര്യകാന്തി.
സൂര്യകാന്തി ഒരു പുസ്തകശാലയാണു്. അക്കാലങ്ങളിൽ റെഡ്സ്റ്റാർ, റെഡ്ഗാർഡ്സ്, കൊമ്രേഡ് തുടങ്ങിയ പേരുകളിലാണല്ലോ കമ്യൂണിസ്റ്റ് പാർട്ടിക്കാർ ബുക്കു് സ്റ്റാളും മറ്റും തുടങ്ങുക, അല്ലെങ്കിൽ ഏതെങ്കിലും രക്തസാക്ഷിയുടെ പേരിനോടു ചേർത്തു്. അവിടെയാണു് തീർത്തും റൊമാന്റിക്കായ ഒരു നാമത്തോടെ ജോയി ബുക്കു് സ്റ്റാൾ തുടങ്ങുന്നതു്. കൊടുങ്ങല്ലൂർ ഒ. കെ. ബിൽഡിങ്ങിലെ മുകളിലെ മുറിയിൽ വാരിക്കോരിയിട്ട പുസ്തകങ്ങൾക്കിടയ്ക്കു ഒരു കാൻവാസ് കസേരയിൽ ജോയിയുണ്ടാകും. പുസ്തകങ്ങളെക്കാൾ കൂടുതൽ സന്ദർശകരെക്കൊണ്ടാണു് അവിടം നിറഞ്ഞിരിക്കുക, എന്നാൽ, ഒറ്റയ്ക്കു ഇരിക്കണമെന്നു് തോന്നിയാൽ സന്ദർശകരെ ഓടിച്ചു വിടാനും ജോയിക്കു മടിയുണ്ടായിരുന്നില്ല. ന്യൂ ലെഫ്റ്റ് മാഗസിൻ, മന്ത്ലി റിവ്യൂ പ്രസ് തുടങ്ങിയവ വരുത്തി വായിക്കുന്ന കേരളത്തിലെ ചുരുക്കം ചിലരിൽ ഒരാൾ ജോയിയായിരുന്നു. അൽത്തൂസറും ഗ്രംഷിയും ലൂക്കാച്ചും അഡോർണോയും തുടങ്ങി പലരും സൂര്യകാന്തിയിലൂടെ കയറിയിറങ്ങി.
ലോകത്തിലെവിടെയും നടക്കുന്ന മാർക്സിസ്റ്റ് പഠനങ്ങൾ, പരീക്ഷണങ്ങൾ അതേ വേഗതയിൽ കേരളത്തിൽ എത്തിയതു് ജോയിയുടെ കൈകളിലൂടെ ആയിരിക്കും. ജനകീയ സാംസ്കാരികവേദി പ്രവർത്തനങ്ങൾ കേരളത്തിൽ ചെറുപ്പകാർക്കിടയിൽ ഒരു ഉണർവായി ഉയർന്നുവന്ന കാലത്തും ജോയി പുസ്തകങ്ങൾ വായിച്ചും പഠിക്കാൻ ശ്രമിച്ചും സൂര്യകാന്തിയിൽതന്നെയിരുന്നു: എല്ലാം നിരീക്ഷിച്ചുകൊണ്ടു്.
ഒരു രാഷ്ട്രീയ അനിവാര്യതയായി ജനകീയ സംസ്കാരിക വേദി നിലംപരിശാകുകയും ചെറുപ്പക്കാർ ഛിന്നഭിന്നമായിപ്പോവുകയും ചെയ്ത വർഷങ്ങളായിരുന്നു പിന്നീടു്. എന്നാൽ, അപ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്തവരുടെ ഒരു സംഘം തങ്ങളുടെ സൈദ്ധാന്തിക അജ്ഞതയുടെ കാരണങ്ങൾ അന്വേഷിക്കാനുള്ള ആത്മാർത്ഥ പരിശ്രമത്തിൽതന്നെയായിരുന്നു. വിശ്വാസികൾ ഗുരുവായൂരും മലയാറ്റൂരും പോകുന്നതുപോലെ വിപ്ലവപ്രവർത്തകർ തങ്ങളുടെ സൈദ്ധാന്തിക സംശയങ്ങൾ തീർക്കാൻ കൊടുങ്ങലൂരിലേക്കാണു് വന്നുപൊയ്ക്കൊണ്ടിരുന്നതു്. അപ്പോഴേക്കും പാർട്ടി വിട്ടുവന്ന ഭാസുരേന്ദ്ര ബാബു പാർട്ടി നൽകിയ ജോണി എന്ന പേർ ഉപേക്ഷിച്ചു് ഭാസുരേന്ദ്ര ബാബു എന്ന സ്വന്തം പേരിൽത്തന്നെ പ്രത്യക്ഷനായി, കൂടെ നിത്യ ചൈതന്യയതിയെ വിട്ടുവന്ന മൈത്രേയനും. ആലപ്പുഴയിലെ ചീങ്ങോലിയിൽ മൈത്രേയന്റെ വീടു് ആസ്ഥാനമാക്കി സൈദ്ധാന്തിക പഠനങ്ങൾക്കായി ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയായി പിന്നീടു്. സച്ചിദാനന്ദൻ എഡിറ്ററായി ‘ഉത്തരം’ എന്ന ത്രൈമാസികയും അതിന്റെ ഭാഗമായി ഇറങ്ങിത്തുടങ്ങി.
അപ്പോഴേക്കും പതിനേഴുകാരന്റെ കണ്ണുകൾ ഇരുപത്തിരണ്ടുകാരന്റെ വളർച്ചയിലേക്കെത്തിയിരുന്നു. ജോയ് പഴയപോലെ വൃത്തിയിലും വെടിപ്പിലും അവിടെ പ്രത്യക്ഷനായി. അതിഭീകരന്മാരായ സൈദ്ധാന്തികർ സിദ്ധാന്തം വെച്ചു് രാഷ്ട്രീയം പാകം ചെയ്യുമ്പോൾ ഞാനും എന്നെപ്പോലെ കൗമാര കുതൂഹലരായ മറ്റു ചിലരും മുറ്റത്തെ ഊഞ്ഞാലിൽ ആടുകയോ സൈദ്ധാന്തിക ചർച്ചകൾക്കിടയ്ക്കിരുന്നു തലവേദന മാറുവാനായി നെറ്റിയിൽ ടൈഗർ ബാം പുരട്ടുകയോ ചെയ്തുകൊണ്ടിരുന്നു.
നിരവധി ഗൾഫ് സുഹൃത്തുക്കൾ ഉണ്ടായിരുന്ന ജോയിയാണു് ടൈഗർ ബാം കൊണ്ടുവരാറുണ്ടായിരുന്നതു്.
ദിനേശ് ബീഡിയുടെമേൽ ടൈഗർ ബാം പുരട്ടി വലിച്ചാൽ കിട്ടുന്ന ആനന്ദം അവിടന്നാണു് കണ്ടു പിടിക്കപ്പെട്ടതു്. പ്രസന്നവദനനായ മൈത്രേയന്റെ ആതിഥേയത്വം നൽകിയ വെളിവിൽ വിപ്ലവകാരികൾ പലരും തങ്ങളുടെ പ്രണയികളെക്കൂടി ചീങ്ങോലിയിലേക്കു് കൂട്ടി. അതോടെ സൈദ്ധാന്തികമരവിപ്പുകൾക്കുമേൽ മഴപെയ്യുകയായി. ജോയിയെ അടുത്തു് പരിചയപ്പെടുന്നതു് ഈ ചീങ്ങോലി യാത്രകളിലാണു്. ജോയിയുടെ മാനറിസങ്ങളും മറ്റും നേരിട്ടു കണ്ടപ്പോഴാണു് കോഴിക്കോട്ടെ മറ്റൊരു സഖാവിനെ ഓർമ്മവന്നതു്. അത്രമാത്രം ജോയ് ബാധ അയാൾക്കു് കിട്ടിയിരുന്നു, എനിക്കും ചില സമയങ്ങളിൽ ജോയി ബാധ ഉള്ളതായി ജോയിയെ അറിയുന്നവർ പറയാറുണ്ടു്. ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിലെ സൈദ്ധാന്തിക ചർച്ചകളിൽ സജീവമായി ഇടപെടുമ്പോൾ ടീയെൻ ജോയ് വേറൊരു ആളാണു്; ഒരവസാന വാക്കാണു്.
പതിനേഴു വയസ്സുകാരൻ ഇരുപത്തിമൂന്നിലേക്കു പ്രവേശിക്കുമ്പോൾ തൊഴിലപേക്ഷകൾ അയക്കുകയായിരുന്നു പ്രധാന പണി. അപ്പോഴാണു് അമ്മ പെൻഷനാവുന്നതു്. പള്ളിയിൽപ്പോകാനും മറ്റുമായി എല്ലാവരും കാർ വാങ്ങിക്കുമ്പോൾ അമ്മ ഒരു ഓട്ടോറിക്ഷയാണു് വാങ്ങിയതു്. അമ്മയുടെ ശിഷ്യനായ ദിനേശനു് ഒരു തൊഴിലുമാകുമല്ലോ എന്നാണു് അമ്മ കരുതിയതു്. പക്ഷേ, ശരിക്കും തൊഴിലായതു് എനിക്കാണു്. തൊഴിലാളിവർഗ്ഗ സ്പിരിറ്റ് നിലനിർത്തേണ്ടതുകൊണ്ടും വട്ടച്ചെലവിനു വീട്ടുകാരെ ആശ്രയിക്കേണ്ടിവരുന്നതു് ഒഴിവാക്കാനും രാത്രികാലങ്ങളിൽ ഞാനാണു് ഓട്ടോ ഓടിക്കുക. ചിലപ്പോൾ സൊഹൈബ് എന്ന സഖാവും ഓടിക്കും. മറ്റു ചിലപ്പോൾ എന്റെ സഹോദരങ്ങളും ഓടിക്കും. വിപ്ലവം കയ്യൊഴിഞ്ഞെങ്കിലും വിപ്ലവത്തെ കയ്യൊഴിയാൻ കൂട്ടാക്കാത്ത ഒരു സംഘം അപ്പോഴും നിരന്തരം യാത്രകളും സമാഗമങ്ങളും ചർച്ചകളും വിപ്ലവ സാധ്യതകളും നടത്തിപ്പോരുന്നുണ്ടായിരുന്നു. കോഴിക്കോടെത്തിയാൽ ഇവർക്കൊക്കെ സഞ്ചരിക്കാൻ എന്റെ ഓട്ടോറിക്ഷ റെഡിയായിരുന്നു. സച്ചിദാനന്ദനും ബി. രാജീവനും തുടങ്ങി നിരവധി പേർക്കു് ഞാൻ സാരഥിയായി. ഇടയ്ക്കു് ജോയിയും വരും. അങ്ങനെയുള്ള ഏതോ ഒരു ദിവസം രാത്രി മുഴുവൻ ഞാൻ വേറെ ഓട്ടം ഒന്നും പോയില്ല. ഞങ്ങൾ കോഴിക്കോടു നഗരം മുഴുവൻ ചുറ്റി, ഒടുവിൽ കടപ്പുറത്തെ മണലിൽ മലർന്നു കിടന്നു. അടുത്തകാലത്തൊന്നും ഉദിക്കാൻ സാദ്ധ്യതയില്ലാത്ത വിപ്ലവ നക്ഷത്രത്തെ കടലിനു മുകളിൽ തിരഞ്ഞു നേരം വെളുപ്പിച്ചു. കൂട്ടിനു ജോയിക്കു് ഇഷ്ടമുള്ള സിനിമാപ്പാട്ടുകളും പാടി.
എന്റെ ഓർമ്മകളിലെ തിളങ്ങുന്ന ഒരു ജോയിസ്മരണ അതാണു്.
സൈദ്ധാന്തിക പഠനമാണു് വിപ്ലവത്തിനു മുന്നേ വേണ്ടതെന്ന തിരിച്ചറിവിൽ ജോലിയുണ്ടായിരുന്നവരെല്ലാം ജോലിയിൽ തിരിച്ചു കയറി. തൊഴിൽരഹിതനായ ഞാൻ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ മാവോ സേതൂങ് ചിന്ത അജയ്യമാണെന്നു് അപ്പോഴും വിശ്വസിക്കുന്ന യാക്കൂബിനേയും കൂട്ടി കോഴിക്കോട് ബോധി ബുക്സ് എന്നൊരു ബുക്ക് സ്റ്റാളും ലെൻഡിങ് ലൈബ്രറിയും ആരംഭിച്ചു. ആകെയുണ്ടായിരുന്ന മുതൽമുടക്കു് മന്ദാകിനി എന്ന മാ തന്ന പതിനായിരവും എന്റെ അമ്മ തന്ന മറ്റൊരു പതിനയ്യായിരവും. അപ്പോഴാണു് കൊടുങ്ങല്ലൂരിലെ ‘സൂര്യകാന്തി’ നിർത്തുന്ന കാര്യവും അവിടെച്ചെന്നു് ജോയിയെ കണ്ടാൽ അവിടത്തെ പുസ്തകങ്ങൾ തരുമെന്നും സഖാവ് സേതു പറയുന്നതു്. അതു് വലിയ പ്രതീക്ഷയായി. സൂര്യകാന്തിയിൽ നിറയെ മികച്ച പുസ്തകങ്ങൾ ഉള്ളതാണല്ലോ. എന്റെ സുഹൃത്തു് മുരളി (നടൻ മുരളീമേനോൻ) അന്നു് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടു്. അവനേയും കൂട്ടി കൊടുങ്ങല്ലൂർ എത്തി. ജോയി സൂര്യകാന്തിയൊക്കെ നിർത്തി തറവാടു് വീട്ടിൽ ആണെന്നു് അറിഞ്ഞു ഞങ്ങൾ ഓട്ടോ പിടിച്ചു് അവിടെയെത്തി. ജോയി സന്തോഷപൂർവ്വം നാലു വലിയ കാർഡ് ബോർഡ് പെട്ടികൾ ഞങ്ങളെ ഏല്പിച്ചു. മുരളിക്കു ജോയിയെപ്പറ്റി ഞാൻ കൊടുത്ത ചിത്രം ആൾ വിപ്ലവകാരിയും അതിഭയങ്കരസൈദ്ധാന്തികനും ആയിരുന്നു എന്നാണല്ലോ. അതിനാൽ മുരളി വളരെ ബലം പിടിച്ചും മര്യാദരാമനായും നിന്നു. എന്നാൽ ബസ് വരുവോളം കൊടുങ്ങല്ലൂർ മൈതാനത്തിലിരുന്നു ജോയി പഴയ മലയാളം പാട്ടുകൾ മൂളുവാൻ തുടങ്ങിയതോടെ മുരളിക്കു് ആദ്യം അമ്പരപ്പും പിന്നെ ആവേശവുമായി. അവൻ മിമിക്രിയും മോണോ ആക്ടുമായി ജോയിയെ രസിപ്പിച്ചു. ആയിടക്കിറങ്ങിയ മലയാള സിനിമകളെക്കുറിച്ചായി പിന്നീടു് ഞങ്ങളുടെ വർത്തമാനം.
കെ. ജി. ജോർജിന്റെ ‘യവനിക’ സിനിമയിലെ ഒരു നടനുണ്ടു്, അയാളായിരിക്കും (മമ്മൂട്ടി) ഇനി നായകനായി വരാൻ പോകുന്നതു് തുടങ്ങിയ പ്രവചനങ്ങൾവരെ ജോയി നടത്തിക്കളഞ്ഞു. തിരിച്ചുവരുമ്പോൾ മുരളി എന്നോടു് പറഞ്ഞു: “നീ വെറുതെ അയാളെപ്പറ്റി ഇല്ലാത്തതു് പറഞ്ഞുണ്ടാക്കിയതാ അല്ലെ, അയാൾ നക്സലൈറ്റ് ഒന്നുമല്ല, സിനിമയൊക്കെ കാണുന്ന, പാട്ടൊക്കെ പാടുന്ന നല്ല രസികൻ കക്ഷിയാണു്”. ശരിയാണു് അക്കാലത്തെ ‘വിപ്ലവകാരികളെ’ പരിചയപ്പെട്ടാലേ അറിയൂ മുരളിയൊക്കെ കണ്ടിരുന്ന മുരടന്മാരിൽനിന്നും എത്ര വ്യത്യസ്തനായിരുന്നു ടീയെൻ ജോയിയെന്നു്.
ഇതിന്റെ ക്ലൈമാക്സ് ഇതൊന്നുമല്ല. കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്നും തലച്ചുമടായും അല്ലാതേയും നാലു പെട്ടി പുസ്തകം ഞാൻ തനിയെ ബോധിയിൽ എത്തിച്ചു (മുരളി നേരെ തൃശൂർക്കു് പോയിരുന്നു.) പെട്ടി പൊട്ടിച്ചപ്പോൾ ഇതാകിടക്കുന്നു ഒരേ പുസ്തകത്തിന്റെതന്നെ രണ്ടായിരത്തോളം കോപ്പികൾ. പുസ്തകത്തിന്റെ പേർ ‘മാവോസേതൂങ്ങിന്റെ സാമ്പത്തിക ചിന്തകൾ.’ പുസ്തകം അച്ചടിച്ചു കഴിഞ്ഞപ്പോഴേക്കു് കേരളത്തിൽ വിപ്ലവം പിരിച്ചുവിട്ടിരുന്നല്ലോ. അതോടെ പുസ്തകം ആർക്കും വേണ്ടാതായി! ഇനിയും മാവോ ചിന്ത കൈവിടാത്ത യാക്കൂബും വിപ്ലവത്തിനു സാധ്യതയുണ്ടെന്നു വിശ്വസിക്കുന്ന നിങ്ങളും എടുത്തുകൊള്ളുവിൻ ഇതെല്ലാം എന്നായിരിക്കാം ജോയി മനസ്സിൽ കരുതിയിരുന്നതു്. ബോധി ബുൿസ് എന്ന സ്ഥാപനം പതിനെട്ടു് വർഷം കഴിഞ്ഞു് അടച്ചുപൂട്ടുന്നതുവരെ ഈ പുസ്തകങ്ങൾ ഒരു ഒഴിയാബാധയായി ബോധിയിൽ പൊടിപിടിച്ചു കിടന്നു.
ബോധിക്കാലങ്ങളിൽ വല്ലപ്പോഴും കോഴിക്കോട് വന്നുപോകുന്ന ഒരാളായി ജോയി. വിപ്ലവം പിരിച്ചുവിട്ടു് വിപ്ലവകാരികൾ ജോലിയിലേക്കും കൂലിയിലേക്കും മടങ്ങി, വിവാഹം കഴിക്കാനും വീടു് വെക്കാനും തിരക്കുപിടിച്ചു് ഓടിത്തുടങ്ങി. ജോയി അപ്പോഴേക്കും പുരുഷന്മാർ സുന്ദരന്മാർ ആകാത്തതാണു് പ്രശ്നം എന്നു് മനസ്സിലാക്കി ആൺ ബ്യൂട്ടീഷ്യൻ ആയി കുറച്ചുകാലം.
സ്വാഭാവികമായും ജോയിക്കു് വട്ടാണെന്നു പറയാൻ ആർക്കും ധൈര്യം ഉണ്ടാവില്ല എന്നു് ജോയിക്കും അറിയാം. പിന്നെ സംഗീതമായി ഭ്രമം, പുല്ലാങ്കുഴൽ വായിക്കുന്ന യാദവനായും ഗസൽ ഉപാസകനായും ജോയി മാറി. അതോടൊപ്പം സാന്ത്വന ചികിത്സാ പ്രചാരകനായി, ഇതിന്റെയൊക്കെ ഇടയിൽ അടിയന്തരാവസ്ഥയിലെ തടവുകാർക്കു് പെൻഷൻ നൽകണമെന്നു് ആവശ്യപ്പെട്ടു് കേരളമൊട്ടുക്കു് ജയിൽമോചിതരായ കുറേ ആളുകളേയുംകൊണ്ടു് പ്രചാരണ യാത്ര ചെയ്തു. അങ്ങനെ കൂടുംകൂടിയുമില്ലാതെയും തന്റെ സ്വാതന്ത്ര്യം ആവോളം ആഘോഷിച്ചു ജീവിച്ചുകൊണ്ടിരുന്നു.
അതിനിടയിൽ മതമോ പേരോ എന്തോ ഒന്നു ജോയി മാറ്റി. അതെന്താണെന്നുള്ളതു് ഇപ്പോഴും തീരുമാനമായിട്ടില്ല. അതിന്റെ അസംബന്ധാത്മക ഭംഗി അനുഭവിക്കാനായതു് ജോയിയുടെ ശവമടക്കിനാണു്.
നാട്ടിൽ ഗതിപിടിക്കാതെ ഗൾഫിലേക്കു നാടുവിട്ട എന്നെത്തേടി ജോയിയുടെ മെസ്സേജ് വരും. ബാങ്ക് അക്കൗണ്ട് ഡീറ്റൈയിൽസ് മാത്രമേ അതിൽ കാണൂ. അതിൽനിന്നും നമ്മൾ മനസ്സിലാക്കണം ജോയിക്കു് പണം ആവശ്യമുണ്ടെന്നു്.
പണം ആവശ്യമുള്ളപ്പോഴൊക്കെ ബാങ്ക് അക്കൗണ്ട് അയച്ചുതന്നു് പണം ആവശ്യപ്പെടുന്നതിനു ജോയിക്കു് മടിയൊന്നുമുണ്ടായിരുന്നില്ല, കൊടുക്കാൻ പക്ഷേ, എനിക്കു് മടിയുണ്ടായിരുന്നു. കാരണം, ഞാൻ ജോലിയെടുത്താണല്ലോ ജീവിക്കുന്നതു് എന്ന ചിന്തയാവാം. അതു് ഇപ്പോഴും അങ്ങനെതന്നെ.
എന്നാൽ, ജോയി അതിനും സൈദ്ധാന്തികമായ ഒരു ന്യായീകരണം കണ്ടെത്തിയിരുന്നു. താനൊരു അഭിമാനിയായ യാചകൻ (me a proud Beggar) ആണെന്നും ഈ സമൂഹത്തിൽ യാചകർക്കും ഇടമുണ്ടെന്നും ജോയി സ്ഥാപിച്ചുകളയും.
ഇടക്കൊക്കെ ഞാൻ പിണങ്ങുകയും ചൂടാവുകയുമൊക്കെ ചെയ്യുമെങ്കിലും എന്നോടുള്ള ജോയിയുടെ സ്നേഹത്തിനും കരുതലിനും ഒരു കുറവുമുണ്ടായിരുന്നില്ല. ഈയടുത്ത കാലത്തു് നടന്ന കന്യാസ്ത്രീസമരത്തെ അനുകൂലിച്ചു് ഞാനും സുഹൃത്തുക്കളും കോഴിക്കോട് നടത്തിയ പ്രതിഷേധത്തിനു് പൊലീസ് കേസെടുത്തപ്പോൾ സാംസ്ക്കാരികപ്രവർത്തകരെക്കൊണ്ടു് പ്രസ്താവന ഇറക്കുന്നതിനു് ജോയിയായിരുന്നു മുൻകയ്യെടുത്തതു്. ഏതെല്ലാം വഴിയിലൂടെ സഞ്ചരിച്ചാലും കൊടുങ്ങല്ലൂരിന്റെ മണ്ണിലേക്കു തന്നെയായിരുന്നു ജോയിയെന്ന സൂര്യകാന്തിച്ചെടിയുടെ വേരോട്ടം.
അതുകൊണ്ടാണു് കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ ഏതു പ്രശ്നങ്ങളിലും ജോയി ഇടപെട്ടുകൊണ്ടിരുന്നതു്.
അവസാനമായി ഞങ്ങൾ തമ്മിൽ കണ്ടതു് കൊടുങ്ങലൂരിൽ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു. സദസ്സിൽ മുൻവരിയിൽത്തന്നെ ജോയിയുണ്ടായിരുന്നതു് എനിക്കു് ഒരേ സമയം വിറയലും ആത്മവിശ്വാസവും നൽകി.
കൊടുങ്ങല്ലൂരിന്റെ കഥാകൃത്തും സുഹൃത്തുമായ റഫീക്കിന്റെ മാതൃഭൂമിയിൽ വന്ന കഥയിൽ ജോയിയുണ്ടായിരുന്നു. കഥ വായിച്ചു തീരുമ്പോഴേക്കും ജോയി മരിച്ച വാർത്തയാണു് വന്നതു്. കൊടുങ്ങല്ലൂരിലെ സാന്ത്വന കേന്ദ്രത്തിൽ കിടത്തിയ ചലനമറ്റ ജോയിയെ കാണാനാവാതെ മാറിനിന്നപ്പോൾ പല വഴിക്കു പിരിഞ്ഞുപോയവരെങ്കിലും പഴയ പതിനേഴുകാരന്റെ വിപ്ലവകാലത്തെ സഖാക്കൾ അടുത്തെത്തി. പ്രേം പ്രസാദും യാക്കൂബും കവി സെബാസ്റ്റ്യനും പി. സി. ജോസ്സിയും കെ. പി. രമേശനും… പി. സി. ജോസി ചോദിച്ചു, ടീയെൻ ജോയി സഖാവിനു ലാൽ സലാം പറയേണ്ടേ?
സംശയമെന്തു്? ഞങ്ങളറിയാതെ ഞങ്ങളുടെ മുഷ്ടികൾ മുകളിലേക്കുയർന്നു, എന്നോ മറന്ന മുദ്രാവാക്യങ്ങൾ കണ്ഠനാളത്തിലൂടെ പുറത്തേക്കിരമ്പി. ‘ലാൽ സലാം സഖാവേ’ എന്തുകൊണ്ടാണു് അങ്ങനെ സംഭവിച്ചതെന്നു് ഞങ്ങൾക്കാർക്കും മനസ്സിലായില്ല. ചില സൂര്യകാന്തിപ്പൂക്കൾ അങ്ങനെയാണു്. കെട്ടിയിടപ്പെട്ട കാരുണ്യമായും കെട്ടഴിഞ്ഞ ഉന്മാദമായും നമുക്കു ചുറ്റും അതിന്റെ പ്രഭ പ്രസരിപ്പിച്ചുകൊണ്ടിരിക്കും.
സമകാലികമലയാളം 2019 സെപ്തമ്പർ 30

നടൻ, സംവിധായകൻ, നാടകകൃത്ത്, നാടകസംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണു് ജോയ് മാത്യു. 2012 ഡിസംബറിൽ തിരുവനന്തപുരത്തു് നടന്ന പതിനേഴാമതു് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഇദ്ദേഹം സംവിധാനം ചെയ്ത ഷട്ടർ എന്ന ചലച്ചിത്രത്തിനാണു് ലഭിച്ചതു്. കോഴിക്കോട് നഗരത്തിലെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളുടെ ആവിഷ്കരണമാണു് ഷട്ടർ എന്ന സിനിമ. ഇരുപതിലേറെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയുമുണ്ടായി. ഇതിൽ അതിർത്തികൾ, സങ്കടൽ എന്നിവ പ്രസിദ്ധമാണു്. നാടക രചനക്ക് കേരള സംഗീത നാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകൾ ലഭിച്ചു. ജോൺ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന സിനിമയിൽ നായക വേഷം അവതരിപ്പിച്ചതു് ജോയ് മാത്യുവാണു്.
- ഷട്ടർ
- ഷട്ടർ
- അങ്കിൾ
- നാടുകടത്തപ്പെട്ടവന്റെ കവിതകൾ
(വിവരങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.
ഫോട്ടോഗ്രാഫ്: ജോയ് മാത്യൂ)